കേരളത്തിലെ ഫിഖ്ഹീ പാരമ്പര്യം


| Ibrahim manjeri |



               മനുഷ്യ ജീവിതത്തിന്റെ സകലമാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരവും ജീവിത സമ്പൂര്‍ണതക്ക് സഹായകവുമാകുന്ന ദൈവിക വിധി വിലക്കുകള്‍ ഉള്‍കൊള്ളുന്ന നിയമ സംഹിതയാണ് ഫിഖ്ഹ്. ശറഇന്റെ അനുഷാസനങ്ങള്‍ക്കര്‍ഹരായവരുടെ കര്‍മ്മങ്ങളെ നിശ്ഫലമാക്കുന്ന പ്രവര്‍ത്തനങ്ങളെ നിര്‍വീര്യമാക്കി പരലോക വിജയം നേടാന്‍ ഏതൊരു വ്യക്തിക്കും ഫിഖ്ഹ് നിര്‍ബന്ധമാണ്. ദീനീ ചൈതന്യം കൊണ്ട് തിളങ്ങി നില്‍ക്കുന്ന കേരള മുസ്ലിം ഉമ്മത്തിനെ നാനാ ദേശക്കാര്‍ ആകാംശ പൂര്‍വ്വം നോക്കി കാണാന്‍ ഉണ്ടായത് അവരില്‍ ഫിഖ്ഹ് ചെലുത്തിയ സ്വാധീനമാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. കേരളക്കരയില്‍ ഇസ്ലാം എത്തിയത് മുതല്‍ ഇന്നോളം വരെ കേരള മുസ്ലിം ഉമ്മത്തിന്റെ സംശുദ്ധ ജീവിതത്തിന് ഒരു പിഴവ് സംഭവിക്കാതിരിക്കാനുള്ള കാരണം കേരളീയ മുസല്‍മാന്റെ തുടക്കം മുതല്‍ ഇന്നോളം വരെ ഫിഖ്ഹീ പൈതൃകം നില നിന്നതിനാലാണ്.  അറിവിന്‍ ലോകത്തെ അഗാത തഹ്ഖീക്കിനുടമകളായ പണ്ഡിത കുലമാണ് എക്കാലത്തും കര്‍മ ശാസ്ത്രത്തിനു നേതൃത്വം വഹിച്ചത്.
              പ്രവാചകന്റെ സംഭവ ബഹുലമായ ജീവിതത്തിലൂടെ മാന സമൂഹത്തിന്റെ സകല മേഖലകള്‍ സ്പര്‍ശിച്ചും ആവശ്യമായ എല്ലാ നിയമ തത്വ സംഹിതകളും സ്വഹാബത്തിന് പ്രവര്‍ത്തി പഥത്തിലൂടെ പഠിപ്പിച്ച് ലോക ഗുരു ഈ ലോകത്തോട് വിട പറഞ്ഞു. പ്രവാചകന്റെ അടക്കവും അനക്കവും മൗന സമ്മതവുമെല്ലാം കൃത്യമായി വീക്ഷിക്കുകയും തദനുസൃതം ജീവിതം ക്രമപ്പെടുത്തുകയും ഫിഖ്ഹിന്റെ രീതി ശാസ്ത്രത്തെ കറിച്ച് ബോധവാന്മാരാകുകയും ചെയ്ത സ്വഹാബാക്കള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇസ്ലാമിക പ്രബോധനാനന്തരം പലായനം ചെയ്യുകയും അതില്‍ നിന്നുള്ള ചില സ്വഹാബാക്കള്‍ കേരളീയരുടെ മണ്ണിലേക്ക് കടന്നു വരികയും ദീനീ വെളിച്ചമേകുകയും ചെയ്തു. നബി (സ) യില്‍ നിന്നും നേരിട്ട്  ദീന്‍ പകര്‍ത്തിയ സ്വഹാബാക്കളിലൂടെ കേരളത്തില്‍ ഇസ്ലാം എത്തിയതിനാല്‍ അണമുറയാത്ത ഇസ്ലാമിക പാരമ്പര്യം കേരളത്തിനുണ്ടാവുകയും കേരള മുസ്ലിം സമൂഹത്തിന്റെ മുന്നേറ്റത്തെ വളരെയേറെ സ്വാധീനിക്കുകയും ചെയ്തു.
             ഖുര്‍ആന്‍, ഹദീസ്, ഖിയാസ്, ഇജ്മാഅ് എന്നീ നാലു ഇസ്ലാമിക പ്രമാണങ്ങളായ അടിസ്ഥാനത്തില്‍  മുജ്തഹിദുകളായ ഇമാമുമാര്‍ ഇജ്തിഹാദ്  ചെയ്ത് കണ്ടെത്തിയ വിധികളാണ്  കര്‍മ്മ ശാസ്ത്ര വിധികള്‍. പ്രമാണങ്ങളാല്‍ ക്രോഡീകരിക്കപ്പെട്ട ശാഫിഈ, ഹനഫീ, ഹമ്പലീ, മാലികീ എന്നീ നാല് മദ്ഹബുകളാണ് ഇന്ന്  പ്രാബല്യത്തിലുള്ളത്. ഇതില്‍ കേരള മുസ്ലിംകളില്‍ ഭൂരിഭാഗം ജനങ്ങളും ശാഫീ മദ്ഹബനുസരിച്ച് ജീവിക്കുന്നവരാണ്. ശാഫിഈ മദ്ഹബ് കേരളത്തില്‍ വളരെ മുമ്പ്  തന്നെ ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന രേഖകള്‍ കാണാന്‍ സാധിക്കുന്നതാണ്. പ്രശസ്ത ലോക സഞ്ചാരിയായ ഇബ്‌നു ബത്തൂത്ത 1342 നും 1347 നും ഇടയില്‍ കേരളം സന്ദര്‍ശിച്ച യാത്രാനുഭവ ചരിത്രത്തില്‍ മംഗലാപുരത്ത് കുട്ടികളെ പഠിപ്പിച്ച് കൊണ്ടിരിക്കുന്ന ശാഫിഈ മദ്ഹബുകാരനായ ബദ്‌റുദ്ദീന്‍ മഅ്ബരി എന്ന ഖാസിയെ കണ്ട വിവരം രേഖപ്പെടുത്തിയിട്ടുണ്ട്. അത് പോലെ ചരിത്ര ലോകത്ത് പ്രശസ്തമായ കമാലുദ്ദീന്‍ അബ്ദുറസാഖ് ഇറാനിലെ സമര്‍ബന്ദില്‍ നിന്ന് 1442 ല്‍ ഇന്ത്യയിലെത്തിയ സഞ്ചാരിയാണ്. അദ്ദേഹം തന്റെ യാത്രാവിവരണങ്ങളില്‍ കോഴിക്കോടിനെ കുറിച്ചും അവിടുത്തെ മുസ്ലിംകളെ കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. എല്ലാ വെള്ളിയാഴ്ചകളിലും പ്രാര്‍ത്ഥന നടത്താനുതകുന്ന 2 ജുമുഅ മസ്ജിദുകള്‍ നിര്‍മിച്ചിട്ടുണ്ടെന്നും അധികമാളുകളും ശാഫിഈ മദ്ഹബനുസരിച്ച് ജീവിക്കുന്നവരാണെന്നും കോഴിക്കോടിനെ കുറിച്ചെഴുതിയ വിവരണങ്ങളുടെ ആദ്യ താളുകളില്‍ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.

മഖ്ദൂം കുടുംബം

                കേരളത്തിലെ ഫിഖ്ഹീ പാരമ്പര്യത്തിന്റെ തുടക്കം ഇസ്ലാമിക ഉല്‍പത്തി മുതലേ ഉണ്ടെങ്കിലും ചരിത്ര രേഖകള്‍ പരതുകയാണെങ്കില്‍ മഖ്ദൂമികളിലേക്കാണ് നാം എത്തിച്ചേരുക. അവര്‍ തന്നെയാണ്  കേരള മുസ്ലിം ഉമ്മത്തിന്റെ  അണമുറയാത്ത ഉല്‍കൃഷ്ട ജീവിതത്തിന് വളരെ സ്വാധീനിച്ച കര്‍മ ശാസ്ത്ര ഗ്രന്ഥങ്ങള്‍ക്ക് ആദ്യമായി പ്രചാരണം നല്‍കുന്നതും. പതിനഞ്ചാം നൂറ്റാണ്ടിന്റെ ആദ്യ കാലങ്ങളില്‍ ഏതാനും മഖ്ദൂമുമാര്‍ പൊന്നാനിയിലെത്തുകയും ഇസ്ലാമിക പ്രബോധനത്തിന് നേതൃത്വം നല്‍കുകയും ചെയ്തു. മഖ്ദൂമീ കുടുംബത്തില്‍ നിന്ന് ശൈഖ് സൈനുദ്ദീന്‍ ഇബ്‌റാഹീമുബ്‌നു അഹ്മദ്  ആയിരുന്നു ആദ്യമായി പൊന്നാനിയില്‍ സ്ഥിരതാമസമാക്കിയത്. മഖ്ദൂമുമാരുടെ മതകീയ വൈജ്ഞാനിക വ്യവഹാരങ്ങള്‍ പൊന്നാനിക്ക് പുതിയ മുഖം നല്‍കുകയും മലബാറിന്റെ മക്ക എന്ന സ്ഥാനപ്പേരിലേക്ക്  ഉയര്‍ത്തപ്പെടുകയും ചെയ്തു. മഖ്ദൂമി കുടുംബങ്ങളില്‍ നിന്ന് ശൈഖ് സൈനുദ്ദീന്‍ ഒന്നാമന്‍ (1467ബ1556) ആദ്യമായി കര്‍മ ശാസ്ത്രത്തിന് നേതൃത്വം നല്‍കുകയും കേരളീയ മുസ്ലിം ഉമ്മത്തിന് നേര്‍പാതയുടെ സത്യ സരണിയില്‍ ഉറപ്പിച്ചു നിറുത്താനുതകുന്ന കര്‍മ ശാസ്ത്ര ഗ്രന്ഥ രചനകള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. അദ്ദേഹം രചിച്ച 'കിഫായതുല്‍ ഫറാഇള് ഫീ ഇഖ്തിസ്വാറുല്‍ കാഫി' മുര്‍ശിദുത്തുല്ലാബ്  ഇലാ കരീമില്‍ വഹാബ്, ഹാശിയ അലല്‍ ഇര്‍ഷാദ് എന്നിവകളെല്ലാം കര്‍മ ശാസ്ത്ര രചനകളില്‍ നിന്നും ആദ്യ ഗ്രന്ഥങ്ങളാണ്. പൊന്നാനിയിലെ ജുമുഅത്ത് പള്ളി സ്ഥാപിക്കുന്നതും വൈജ്ഞാനികമായ അധ്യാപനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതും അദ്ദേഹമാണ്. അദ്ദേഹത്തിന്റെ പുത്രനായ ശൈഖ് അബ്ദുല്‍ അസീസ് മഖ്ദൂമി (1509ബ1538) കര്‍മ ശാസ്ത്രത്തില്‍ വലിയ പാണ്ഡിത്യമുള്ള മഹാനും ദര്‍സീ സിലബസില്‍ ഇടം നേടിയ മുതഫരദ്, അര്‍കാനു സ്വലാത്ത് എന്നീ 2 കിതാബുകളുടെ രചയിതാവുമാണ്. കേരള മുസ്ലിം ഉമ്മത്തിന് കര്‍മ ശാസ്ത്രത്തില്‍ അതുല്യമായ സംഭാവന സമര്‍പ്പിച്ച മഹാനാണ് ശൈഖ് അല്ലാമാ സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍. മലബാറിലെ പ്രാഥമിക പഠനങ്ങള്‍ക്ക് ശേഷം മക്കയില്‍ ഒരു ദശാബ്ദത്തോളം പഠനവും അധ്യാപനവും നടത്തുകയും ശേഷം നാട്ടിലേക്ക് തിരിക്കുകയും പൊന്നാനിയിലെ ദര്‍സില്‍ ദീര്‍ഘ കാലം മുദരിസായി സേവനം അനുഷ്ടിക്കുകയും ചെയ്ത മഹാനാണ്. കര്‍മ ശാസ്ത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗ്രന്ഥങ്ങള്‍ രചിച്ച മഹാനും കേരള മുസ്ലിം ജീവിതത്തെ ശാഫിഈ മദ്ഹബിന്റെ അടിസ്ഥാനത്തില്‍ കോര്‍ത്തിണക്കുന്നതില്‍ അപര്യമായ പങ്കു വഹിച്ചതും ജീവിതത്തന്റെ സര്‍വ്വ മേഖലകളിലും മാനവികതക്കാവശ്യമായ വിധി വിലക്കുകള്‍ അടങ്ങിയതുമായ കര്‍മ ശാസ്ത്ര ഗ്രന്ഥമായ ഫത്ഹുല്‍ മുഈന്റെ രചയിതാവുമാണദ്ദേഹം. ശാഫിഈ മദ്ഹബിന്റെ അടിസ്ഥാനത്തില്‍ രൂപീകൃതമായ ഫത്ഹുല്‍ മുഈന്‍ കേരളത്തില്‍ മാത്രമല്ല ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയിലും മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ ഒട്ടേറെ രാജ്യങ്ങളിലെ മത പഠന ശാലകളില്‍ പാഠ വിഷയവുമാണ്. കേരളീയര്‍ക്ക് കര്‍മ്മ ശാസ്ത്രത്തിലെ ബാല പാഠവും അവസാന തീര്‍പ്പുമാണ് ഫത്ഹുല്‍ മുഈന്‍. കേരളീയ മുസല്‍മാന്റെ ജീവിത പരിസരങ്ങളില്‍ ഫത്ഹുല്‍ മുഈന്‍ ചെലുത്തിയ സ്വാധീനം ആഴമേറിയതാണ്. കര്‍മ ശാസ്ത്ര ഗ്രന്ഥങ്ങളായ അഹ്കാമുനികാഹ്, അല്‍ ഫതാവ അല്‍ ഹിന്ദിയ്യ, മിന്‍ഹാജുല്‍ വാളിഹീന്‍, ഇര്‍ശാദുല്‍ ഇബാദ് തുടങ്ങിയ പല കിതാബുകളും സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്റെ സംഭാവനകളാണ്. മതം പ്രസരണം ചെയ്യപ്പെട്ട് തുടങ്ങിയ മുതലേ വളര്‍ന്ന് വരുന്ന തലമുറയെ മതാന്തരീക്ഷത്തില്‍ വളര്‍ത്തി കൊണ്ടു വരുന്നതില്‍ അന്നത്തെ പണ്ഡിത കുലം ബദ്ധ ശ്രദ്ധരായിരുന്നു. മുസ്ലിം ഉമ്മത്തിന്റെ ഉല്‍കൃഷ്ട ജീവിതത്തിന് ഈ കര്‍മ ശാസ്ത്ര ഗ്രന്ഥങ്ങള്‍ വളരെ സ്വാധീനിച്ചിട്ടുണ്ട്. ശൈഖ് സൈനുദ്ദീന്‍ രണ്ടാമന് ശേഷം പല കാലയളവുകളിലായി മുപ്പത്തിയഞ്ചോളം മഖ്ദൂം ഖാസിമാര്‍ ഈ ഉമ്മത്തിന് നേതൃത്വം നല്‍കിയിട്ടുണ്ട്. അവയെല്ലാം കര്‍മ ശാസ്ത്രത്തില്‍ അതാത് കാലത്തുള്ള ജനങ്ങള്‍ക്ക് വലിയ സംഭാവനകള്‍ ചെയ്തിട്ടുണ്ടെങ്കിലും അവരുടെ ഗ്രന്ഥങ്ങള്‍ ഒന്നും പ്രസിദ്ധമല്ല. ഇവരില്‍ അവസാനത്തെ സൈനുദ്ദീന്‍ മഖ്ദൂം (1810ബ1888) പ്രസിദ്ധനായി അറിയപ്പെട്ട വ്യക്തിയാണെങ്കിലും അദ്ദേഹത്തിന്റെ കര്‍മ ശാസ്ത്ര ഗ്രന്ഥങ്ങള്‍ സമുദായത്തിന് ലഭ്യമായില്ല.

              കേരളത്തില്‍ കര്‍മ ശാസ്ത്ര ശാഖയില്‍ നേതൃത്വം നല്‍കിയ മറ്റു മഹത്വുക്കളുടെ  പൈതൃകവും നമുക്ക് കാണാവുന്നതാണ്. മഖ്ദൂമുമാരുടെ പ്രഭാവ കാലത്തിന് സമാന്തരമായും അതിനു ശേഷവും കേരളീയ ഇസ്ലാമില്‍ കര്‍മ ശാസ്ത്രത്തിന് നേത്രപരമായ പങ്കു വഹിച്ചവരാണ് കോഴിക്കോട് ഖാസി കുടുംബം. അവര്‍ കര്‍മ ശാസ്ത്ര ശാഖയില്‍ അതുല്യ പാണ്ഡിത്യമുള്ളവരും കേരളീയ മുസ്ലിം ഉമ്മത്തിന് വലിയ മുതല്‍ക്കൂട്ടായവരുമാണ്.മഖാസിദുന്നികാഹ്, മുല്‍തഖാതുല്‍ ഫറാഇള്, മന്‍ലൂമാതുല്‍ അളാഹി എന്നീ കര്‍മ ശാസ്ത്ര ഗ്രന്ഥങ്ങള്‍ ഖാസി മുഹമ്മദിന്റെ സംഭാവനകളാണ്. അദ്ദേഹത്തിന്റെ പുത്രന്‍ ഖാസി മുഹയദ്ദീന്‍ (15971657) കര്‍മ ശാസ്ത്ര പണ്ഡിതനായിരുന്നു. അദ്ദേഹം കര്‍മ ശാസ്ത്രത്തില്‍ പദ്യ രൂപത്തില്‍ രചിച്ച കിതാബാണ് ഖസ്വീദ ഫീ നഹ്‌സില്‍ അയ്യാം. പൊന്നാനി പള്ളിയില്‍ ദര്‍സ് നടത്തിയ മഹാനാണ് ഇസ്മാഈല്‍ മുസ്ലിയാര്‍. തന്റെ ജീവിതം ഇല്‍മിന് വേണ്ടി മാറ്റി വെച്ച മഹാനും കര്‍മ ശാസ്ത്ര ശാഖയിലേക്ക് പ്രത്യേക താല്‍പര്യമുള്ള വ്യക്തിത്വവുമായിരുന്നു. കര്‍മ ശാസ്ത്രത്തില്‍ ഗദ്യ രൂപത്തിലും പദ്യ രൂപത്തിലും അദ്ദേഹം രചനകള്‍ സമര്‍പ്പച്ചിട്ടുണ്ട്. തുഹ്ഫതുല്‍ മുരീദ് ഫീ അഹ്കാമിദ്ദിബഹ് വല്‍ മസീദ് എന്ന ഗ്രന്ഥവും നള്മു മത്‌നുല്‍ ഹികം എന്ന പദ്യവും കര്‍മ ശാസ്ത്രത്തിലുള്ള അദ്ദേഹത്തിന്റെ രചനകളാണ്.

ഫള്ഫരി കുടുംബം

                കര്‍മ ശാസ്ത്രത്തില്‍ അനല്‍പ്പമായ പങ്ക് വഹിച്ച പണ്ഡിത കുടുംബമാണ് ഇന്നും പ്രോജ്ജ്വലിച്ച് നില്‍ക്കുന്ന ഫള്ഫരി കുടുംബം. യമനിലെ അറബ് ഗോത്രങ്ങളാണ് ഫള്ഫരികളുടെ ഉറവിടം. കൃഷിയിടത്തില്‍ കന്ന് പൂട്ടാന്‍ പോലും ദിക്‌റകള്‍കെണ്ട് മൃഗങ്ങളെ നിയന്ത്രിച്ചിരുന്ന സൂഫി ഹാജിയുടെ മൂന്ന് മക്കളില്‍ നിന്ന് മുഹ് യുദ്ദീന്‍,യൂസുഫ് എന്നിവരിലൂടെയാണ് ഈ പണ്ഡിത പരമ്പര നിലനല്‍ക്കുന്നത്.ഇവരില്‍ നിന്ന് കര്‍മ ശാസാത്രത്തില്‍ അഗാധ പണ്ഡിതനും കര്‍മ ശാസ്ത്ര രംഗത്ത് ഏറ്റവും അധികം സംഭാവനകളര്‍പ്പിച്ച് കെണ്ട് രിക്കുന്ന മഹാ പ്രതിഭാണ് അബൂ സുഹൈല്‍ അന്‍വര്‍ അബ്ദുല്ല ഫള്ഫരി.നിദാന ശാസ്ത്രത്തിലെ പ്രധാന വിശയങ്ങള്‍ ഗദ്യ രൂപത്തില്‍ സരളമായി 777 വരികളിലായി വിവരിക്കുന്ന അദ്ധേഹത്തിന്റെ കൃതിയാണ് അല്‍ ഖലാഇദുല്‍ ജലിയ്യ ഫില്‍ ഖവാഇദുല്‍ ഉസൂലിയ്യ. കര്‍മ ശാസ്ത്രങ്ങളിലെ പ്രധാന അധ്യായങ്ങള്‍ ഹമ്പലീ മദ്ഹബനുസരിച്ച് വിവരിക്കുന്ന 888 വരി കവിതയില്‍ അദേഹം രചിച്ച ഗ്രന്ഥമാണ്   അന്നള്മുല്‍ ജലി ഫില്‍ ഫിഖ്ഹില്‍ ഹമ്പലി.അനന്തരാവകാശം,ഹജ്ജ്,ഉംറ എന്നിവയെകുറിച്ചെല്ലാം അദേഹം ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിടുണ്ട്.യൂസുഫുല്‍ ഫള്ഫരി,അബ്ദുല്‍ ഖാദിര്‍ ഫള്ഫരി,അബ്ദു റഹ്മാന്‍ ഫള്ഫരി എന്നിവരെല്ലാം കര്‍മ ശാസ്ത്ര പരിജ്ഞാനം സാര്‍വത്രകമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ സാധിച്ച ഫള്ഫരി കുടുംബത്തിലുള്ളവരാണ്.
            കേരള മുസ്ലിം ഉമ്മത്തിന് ആത്മീയ നേതൃത്വം നല്‍കിയിരുന്ന മമ്പുറം തങ്ങള്‍ കര്‍മ ശാസ്ത്രത്തിലും നേതൃത്വം നല്‍കിയിരുന്നതായി രേഖപ്പെടുത്തുന്നു.ഫത് വ സമഹാരമായ സൈഫുല്‍ ബത്താര്‍ എന്ന കര്‍മ ശസ്ത്ര ഗ്രന്ഖം മമ്പുറം തങ്ങളുടേതാണ്.അദേഹത്തിന്റെ സതീര്‍ത്ഥനും മുരീദുമായിരുന്ന ഉമര്‍ ഖാസി (1757-1853)കര്‍മ ശാസാത്രത്തിന്റെ പാരമ്പര്യ ഇതളുകളില്‍ ഇടം നേടിയ വ്യക്തിയാണ്. അഹ്കാമുദ്ദബഹ്,മഖാസിദുന്നികാഹ്,ശര്‍ഹു അഹ്കാമുദ്ദബഹ്   എന്നീ ഗ്രന്ഥങ്ങള്‍ അദേഹം സമര്‍പ്പിച്ചതില്‍ പെട്ടതാണ്.കര്‍മ ശാസ്ത്രത്തില്‍ വിവിധ തരം തര്‍ക്കങ്ങള്‍ കേരളത്തില്‍ തല പെക്കിയിട്ടുണ്ട്.അതെല്ലാം അക്കാലത്തെ ഫിഖ്ഹീ പണ്ഡിതന്മാര്‍ നിയമാനുസ്രതം പരിഹാരം കണ്ടെത്തി വിധി കല്‍പ്പിച്ചരുന്നു. ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കാലത്താണ് കേരളത്തിലാകെ ഖിബ് ല തര്‍ക്കം തല പൊക്കിയപ്പോള്‍ അതിന്റെ യഥാര്‍ത്ഥ കര്‍മ ശാസ്ത്ര വിധികളെക്കുറിച്ച് ജനങ്ങളെ ബോധരാക്കുകയും അതിനെ കുറിച്ച് ഒരു ഗ്രന്ഥം പുറത്തിറക്കുകയും ചെയ്തു. ഖാസി സംവാദം മാസപ്പിറവി എന്നങ്ങനെ പല വിശയങ്ങളില്‍ കേരളത്തില്‍ പ്രശ്‌നങ്ങള്‍ പൊട്ടി മുളച്ചിട്ടിണ്ട്. അതെല്ലാം അതാത് കാലത്തെ പണ്ഡിത മഹത്തുക്കള്‍ കര്‍മ ശാസ്ത്ര വിധികള്‍ പുറപ്പെടുവിച്ച് പരിഹാരം കണ്ടു.

സമസ്ത വഹിച്ച പങ്ക്

               1926-കളില്‍ കേരളത്തില്‍ പുത്തനാശയക്കാര്‍ ഉടലെത്തപ്പോള്‍ ഇസ്ലാമിന്റെ തനതായ ശൈലിയെ നില നിര്‍ത്താനും സത്യം ജനങ്ങളിലേക്കെത്തിക്കാനും രൂപീകൃതമായ പണ്ഡിത സംഘടനയായ സമസ്ത കേരള  ജംഇയത്തുല്‍ ഉലമയിലാണ് കേരളത്തിലെ ഫിഖ്ഹീ പാരമ്പര്യം എത്തിനില്‍ക്കുന്നത്.സമസ്തക്ക് നേതൃത്വം നല്‍കിയ പണ്ഡിത മഹത്തുക്കള്‍ കര്‍മശസ്ത്ര രംഗത്ത് തീര്‍ത്ത വിപ്ലവം അവിസ്മരണീയമാണ്.സമസ്ത പ്രസിഡന്റായിരുന്ന വാളക്കുളം അബ്ദുല്‍ ബാരി മുസ് ലിയാര്‍ കര്‍മശാസ്ത്ര രംഗത്ത് തിളങ്ങി നിന്നിരുന്ന മഹത് വ്യക്തിത്വമായിരുന്നു.മുതഫരിദുല്‍ ഫില്‍ ഫിഖ്ഹ് എന്ന ഗ്രന്ഥം അദേഹം സമൂഹത്തിന് സമര്‍പ്പിച്ച കര്‍മശാസ്ത്ര രചനയാണ്.സമസ്തയുടെ ഒന്നാമത്തെ ജനറല്‍ സെക്രട്ടിയായിരുന്ന പാങ്ങില്‍ അഹമദ് മുസ് ലിയാരും കര്‍മശസ്ത്ര പണ്ഡിതാനായിരുന്നു.ധാരാളം കര്‍മശസ്ത്ര ഗ്രന്ഥങ്ങള്‍ അദേഹം രചിച്ചിരുന്നു.തളിപറമ്പ് ഭാഗത്തെ ജുമുഅഃ നിസ്‌ക്കാര സംബന്ധമായുണ്ടയ തര്‍ക്കത്തില്‍ അതിന്റെ മസ്അലകള്‍ വ്യക്തമാക്കി അദ്ധേഹം രചിച്ച കൃതിയാണ് തുഹ്ഫതുല്‍ അഹ്ബാബ്   കര്‍മ ശാസ്ത്ര മസ്അലകള്‍ കേരള മുസ്ലിം ഉമത്തിന് ഗ്രഹിക്കനും പഠിക്കാനും ഉപയോഗിക്കാവുന്ന വിധത്തില്‍ കര്‍മശാസ്ത്ര പണ്ഡിന്‍ അബുല്‍ കമാല്‍ ക?ടേരി മുഹമ്മദ് മുസ്‌ലിയാര്‍ രചിച്ച കിതാബാണ് മുഖ്തസറുല്‍ ഇര്‍ഷാദ്. ചെണ്ടമുട്ടും മറ്റു ഉപകരണങ്ങളും ഉപയോഗിക്കുന്നതിന്റെ കര്‍മ ശാസ്ത്ര വിധികള്‍ തുറന്നു പറയുന്ന വജല്ലതു ഫതാവല്‍ ഫുഹലി ഫീ ഇസ്തിഅ്മാലില്‍ അല്ലാത്തി വത്തുബൂല്‍ എന്ന ഗ്രന്ഥവും സ്ത്രീകളുടെ ഹിജാബ് സംബന്ധമായി ഫസ് ലുല്‍ ഖിതാബി ഫി ഹിജാബിന്നസാഇ എന്നിങ്ങനെ വിവിധ കര്‍മ ശാസ്ത്ര വിശയങ്ങളില്‍ അദ്ധേഹം ധാരാളം ഗ്രന്ഥങ്ങള്‍ സമുദായത്തിന് സമര്‍പ്പിചിട്ടുണ്ട് .സമസ്തയുടെ കീഴില്‍ കര്‍മ ശാസ്ത്ര വിധികള്‍ ചര്‍ച്ച ചെയാന്‍ വേണ്ടി പണ്ഡിത മഹത്തുക്കള്‍ നേതൃത്വം നല്‍കുന്ന ഫത്‌വ കമ്മിറ്റിക്ക് രൂപ കല്‍പ്പന ചെയ്തിട്ടുണ്ട്.ഇന്ന് പൊട്ടിമുളക്കുന്ന നൂതന കര്‍മ ശസ്ത്ര പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം ഈ ഫത്‌വ കമ്മിറ്റി ചര്‍ച്ച ചെയ്ത് വിധി പുറപ്പെടുവിക്കുകയും ജനങ്ങളെ ഉദ്‌ബോധരാക്കുകയും ചെയ്യുന്നു. കേരളത്തില്‍ കര്‍മ ശാസ്ത്ര വിശയങ്ങളില്‍ ആഴത്തിലുള്ള ചര്‍ച്ചകളും പഠനങ്ങളും ഇന്നും നടന്ന്‌കൊണ്ടിരിക്കുമ്പോഴും കേരള മുസ്ലിംകള്‍ ഉറ്റു നോക്കുന്നത് സമസ്തയെന്ന പണ്ഡിത സഭയിലേക്കാണ്.



Post a Comment

Note: only a member of this blog may post a comment.

[blogger][facebook][disqus]

ivythemes

{facebook#https://fb.com/alathoorpadidars} {twitter#https://twitter.com/alathurpadidars} {google-plus#https://plus.google.com/+ALATHURPADIDARS} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://youtube.com/alathoorpadidars} {instagram#YOUR_SOCIAL_PROFILE_URL}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget