കേരളീയ മുസ്‌ലിം നവോത്ഥാനം അവകാശികളാര് ?


| Ismaeel Kilirani |
പ്രവാചക കാലത്ത് തന്നെ ഇസ്‌ലാമികാഗമനം കൊണ്ടനുഗ്രഹീതമായ കേരളം ഇതര ഇന്ത്യ ന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് മതപരമായ ഉയര്‍ച്ചയില്‍ അനുസ്യൂതമായ വളര്‍ച്ച നേടിയവരാണ്. ''യഥാ രാജ തഥാ പ്രജ '' എന്ന ചൊല്ലിനെ അന്വര്‍ഥമാക്കും വിധം ചേരമാന്‍ പെരുമാളിന്റെ ഇസ്‌ലാമാശ്ലേഷണത്തോടെ ഇസ്‌ലാമിന്റെ വളര്‍ച്ചയും ആരംഭിക്കുകയായിരുന്നു. ആധുനീകതയുമായി ബന്ധപ്പെട്ട പദപ്രയോഗമായ നവോത്ഥാനം അതിന്റെ ആധുനീയ ആശയ മണ്ഡലം ഇസ്‌ലാമുമായി ബന്ധപ്പെടുത്തുക തികച്ചും അസാധ്യമാണ്. ഇസ്‌ലാമേതര മതങ്ങളുടെ സാമൂഹീക മാറ്റത്തെ ഉള്‍ക്കൊള്ളാനാവാത്ത അപര്യാപ്തതയാണ് നവോത്ഥാന പ്രക്രിയ നിര്‍ബന്ധമാക്കിയതെങ്കില്‍ ആശയ ഭദ്രതകൊണ്ടും ആദര്‍ശ സ്ഥിരത കൊണ്ടും സഹസ്രാബ്ദങ്ങള്‍ പിന്നിട്ട് ഇസ്‌ലാമിന് നവോത്ഥാന പ്രക്രിയ ആവശ്യമില്ലെന്ന് മാത്രമല്ല ആദര്‍ശത്തെ മാറ്റിയെഴുതുന്ന തരത്തിലുള്ള നവീകരണങ്ങള്‍ ഇസ്‌ലാമിക വിരുദ്ധവും എതിര്‍ക്കപ്പെടേണ്ടതുമാണ്.
                  ഇത്തരുണത്തില്‍ ഊര്‍ജ്ജം പകരല്‍, വിദ്യാഭ്യാസ സാംസ്‌കാരിക പുരോഗതി, സ്വത്വബോധ നിര്‍മിതി, ഭരണപങ്കാളിത്തം, ഭാഷാ പുരോഗതി തുടങ്ങിയവയാണ് മുസ്‌ലിം നവോത്ഥാനത്തിന്റെ പെുതു മാനദണ്ഡങ്ങളായി കണക്കാക്കപ്പെടാറുള്ളത്. 9ാം നൂറ്റാണ്ടിലെ ഇസ്‌ലാമികാഗമനശേഷം ഈ പ്രക്രിയക്ക് ഊര്‍ജ്ജം പകര്‍ന്നവര്‍ നിരവധിയാണ്. സയ്യിദ് കുടുംബങ്ങള്‍, മഖ്ദൂമുമാര്‍, പള്ളിദര്‍സുകള്‍, തുടങ്ങി ഇരുപതാം നൂറ്റാണ്ടില്‍ സമസ്തയിലെത്തി നില്‍ക്കുന്നു ഈ പട്ടിക. എന്നാല്‍ തങ്ങളാണ് നവോത്ഥാനത്തിന്റെ അവകാശികളെന്നവകാശപ്പെട്ടും 1922 ശേഷമാണ് ഇത്തരം പ്രക്രിയകള്‍ തുടങ്ങിയതെന്നും അവകാശപ്പെടുന്നവര്‍ യഥാര്‍ത്ഥ ചരിത്രത്തെ പരസ്യമായി വ്യദിചരിക്കുകയാണ്.

മഹത്തായ മാപ്പിളപാരമ്പര്യം

ഇസ്‌ലാമികാഗമനാനന്തര കാലത്തെ ഒരു നൂറ്റാണ്ടിന്റെ ചരിത്രം അജ്ഞാതമെങ്കിലും അതിലേക്ക് വെളച്ചം വീശുന്ന തെളിവുകളില്‍ നിന്ന് വ്യക്തമാകുന്നത് ശോഭനമായ പാരമ്പര്യത്തിന്റെ ദിശാസൂചികളെത്തന്നെയാണ.്  500 പേജുകളുള്ള 12 വാല്യങ്ങളിലായി പ്രസിദ്ധീകരിച്ച കേരളത്തിലെ മതങ്ങളെക്കുറിച്ച് രചിച്ച പുസ്തകം ഗവേഷണത്തിന്റെ ഭാഗമായി ഞങ്ങള്‍ക്ക് ലഭിച്ചുവെന്നും മഹത്തായ മാപ്പിള പാരമ്പര്യമെന്ന കൃതിയില്‍ ഉല്‍പതിഷ്ണുവായതില്‍ അഹമ്മദ് മൗലവി തന്നെ സമ്മതിക്കുന്നുണ്ട്.

അറബി മലയാളം തീര്‍ത്ത അക്ഷര വിപ്ലവം

മലയാളത്തിന് സ്വന്തമായി ലിപിയില്ലാത്ത കാലത്ത് തങ്ങള്‍ക്കറിയാവുന്ന അറബി ഉപയോഗിച്ച് അറബി മലയാള ലിപികളുണ്ടാക്കുകയും നിരവധി ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്തത് കേരള നവോത്ഥാനത്തിന് മാപ്പിള മുസ്‌ലിം നല്‍കിയ വിലമതിക്കാനാകാത്ത സംഭാവനയാണ്. പില്‍കാല മാപ്പിള സമരങ്ങള്‍ക്കും അധിനിവേശ വിരുദ്ധ പോരാട്ടങ്ങള്‍ക്കും ശക്തി പകരുന്ന തുഹ്ഫത്തുല്‍ മുജാഹിദീനും സൈഫുല്‍ ബത്താറും മുഹിമ്മാത്തുല്‍ മുഅ്മിനീനും മാപ്പിള നവോത്ഥാനത്തിന്റെ അക്ഷര വിപ്ലവം തന്നെയാണ്.

മഖ്ദൂമുകളും പൊന്നാനിയും

കേരള മുസ്‌ലിം നവോത്ഥാനത്തിലെ സുവര്‍ണ്ണ കാലമായിരുന്നു മഖ്ദൂമുമാരുടെ പ്രവര്‍ത്തന കാലഘട്ടം. വിവിധ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പോലും വിജ്ഞാന സമ്പാദന സൗകര്യമൊരുക്കിയിരുന്നു പൊന്നാനി പള്ളിയിലെ ദര്‍സ് സമ്പ്രദായം. ഇസ് ലാമിക വിജ്ഞാന പ്രസരണ രീതിയുടെ പ്രവാചക പതിപ്പായ അഹ് ലുസ്സുഫയുടെ പുനരാവിഷ്‌കാരമായിരുന്നു ലോകോത്തര പണ്ഡിതരില്‍ നിന്നും അസ്ഹറില്‍ നിന്നും വിജ്ഞാനം നേടിയ മഖ്ദൂമുമാര്‍ സമുദായത്തിന് നല്‍കിയ ധൈഷണിക ദിശാബോധം വര്‍ണ്ണാതീതമാണ്.
          അധിനിവേശ സമര പോരാട്ടങ്ങള്‍ക്ക് വേണ്ടി ജന മനസ്സുകളെ പാകപ്പെടുത്തിയ സാഹിത്യരചനകളും ഇതര സമുദായങ്ങള്‍ക്ക് കൂടി ദേശിയ ബോധം നല്‍കാനുതകുന്ന സാഹിത്യ ചരിത്ര രചനകള്‍ നടത്തിയും മുന്നോട്ട് വന്ന ഉമര്‍ ഖാസി (റ), മമ്പുറം തങ്ങളും (റ), ആലി മുസ്ലിയാരും (റ) തീര്‍ത്ത പ്രധിരോധത്തിന് മുമ്പില്‍ അധിനി വേശ ശക്തികള്‍  പലപ്പോഴും മുട്ടുമടക്കി.

മുസ്‌ലിം സമൂഹം മലബാര്‍ കലാപാനന്തരം

മാപ്പിള പാരമ്പര്യത്തിന്റെ സര്‍ഗാത്മകവും സമരോത്സുകവുമായ പ്രതിരോധ പോരാട്ടത്തിന് മുമ്പില്‍ പകച്ച് നിന്ന ബ്രിട്ടീഷുകാരുടെ അവസാന അടവായിരുന്നു കലാപം. 1921 ല്‍ നടന്ന ഈ കലാപം മുസ്‌ലിം സമൂഹത്തിന് വരുത്തി വെച്ച വിനാശം ചെറുതൊന്നുമല്ല. ഈ ഒരു വിഷമാവസ്ഥയിലാണ് വിനാശകരമായ ഇബ്‌നു വഹാബിന്റെ മത നവീകരണം അല്‍ മനാറിലൂടെ വക്കം മൗലവിയിലെത്തിക്കുന്നത്. ഐക്യസംഘമെന്ന പേരില്‍ തുടങ്ങി സമൂഹത്തില്‍ അനൈക്യം വിതറിയ ഇക്കൂട്ടര്‍ അറബി മലയാളവും സംസ്‌കാര സമ്പന്നമായ മാപ്പിള ആചാരങ്ങളെയും നിരാകരിച്ച് നവോത്ഥാന മുന്നേറ്റങ്ങളെ തടസ്സപ്പെടുത്തുകയായിരുന്നു.
        ബ്രിട്ടീഷ് ഒത്താശയോടെ ഉദ്യോഗങ്ങള്‍ നേടിയെടുത്ത ഇക്കൂട്ടര്‍ പാരമ്പര്യ വിശ്വാസികളെ അക്ഷരവിരോധത്തിന്റെയും അപരിഷ്‌കൃതത്തിന്റെയും മേലങ്കി ചാര്‍ത്തി അപരിവല്‍ക്കരിക്കുകയായിരുന്നു. എന്നാല്‍ പില്‍കാലത്തെ  'സമസ്ത' നടത്തിയ  വൈജ്ഞാനിക വിപ്ലവത്തിന്റെ ഉപരിപ്ലവമായി സമുദായം നേടിയ പുരോഗമനത്തിന്റെയും സംഘബോധത്തിന്റെയും പുരോയാനങ്ങളില്‍ അന്ധാളിച്ച് നില്‍ക്കുകയാണ് ഇക്കൂട്ടര്‍.

സമസ്ത നടത്തിയ വൈജ്ഞാനിക വിപ്ലവം

മുസ്‌ലിം  നവോത്ഥാന ചരിത്രത്തിലെ നാഴിക കല്ലായിരുന്നു ചാലിലകത്തിന്റെ മദ്രസാ പ്രസ്ഥാനം. സമസ്തയുടെ വിദ്യാഭ്യാസ നവോത്ഥാനത്തിന് ആധാരശില പാകിയ ഈ സംരംഭം വളര്‍ന്ന് വിശാലമായി. ലോകോത്തര ഇസ് ലാമിക്  യൂണിവേഴ്‌സിറ്റികളിലൊന്നായ ദാറുല്‍ ഹുദയും സമന്വയ വിദ്യാഭ്യാസ രംഗത്തെ വിപ്ലവാത്മക മുന്നേറ്റങ്ങളായ വാഫി - ജാമിഅ ജൂനിയര്‍ കോളേജുകള്‍ക്കും മതേതര ജനാധിപത്യ മേഖലകളില്‍ നിന്നുള്ള വെല്ലുവിളികളെ തടഞ്ഞ് നിര്‍ത്താനും മുഖ്യധാരയോട് സംവദിക്കാനുതകുന്ന ഒരു സമൂഹ സൃഷ്ടിപ്പിന് തന്നെ കാരണമായി.
             അന്താരാഷ്ട്ര യൂണിവേഴ്‌സിറ്റികളില്‍ ഗവേഷണം നടത്തുന്ന ആധുനിക സുന്നി സമൂഹത്തിനിടയിലിന്ന് അക്കാദമിക് ഡോക്ടറേറ്റും അന്താരാഷ്ട്ര വേദികളിലെ പ്രബന്ധങ്ങളും ഇന്ന് ആവര്‍ത്തന വിരസതയുള്ള കാര്യമാണ്. ഓക്‌സ്‌ഫോഡിനെ പോലും തിരുത്താന്‍ പ്രാഗല്‍ഭ്യമുള്ള ഇംഗ്ലീഷ് വിദ്യാഭ്യാസവും മലയാള സാഹിത്യത്തിലെ അപൂര്‍വ്വ രചനകളെ പോലും ഭാഷാന്തരം ചെയ്യാനുള്ള സാഹിത്യ ശേഷിയും നേടിയ സമൂഹത്തെ അളക്കാന്‍ ഇന്ന് സാമുദായിക'നവോത്ഥാന'ത്തിന്റെ മാപിനികളില്ല.
             ചുരുക്കത്തില്‍ അഹ്‌ലുസുന്നയുടെ വക്താക്കളായിരുന്ന സര്‍വ്വാംഗീകൃത ധൈഷണിക ചക്രവര്‍ത്തിമാരായ ഇബ്‌നു ഖല്‍ദൂനും ഇബ്‌നു സീനയും ഇബ്‌നു ഹജറും തുടങ്ങി വെച്ച വൈജ്ഞാനിക മുന്നേറ്റത്തിന്റെ തുടര്‍ച്ചയാണ് മഖ്ദൂമികളും സയ്യിദന്മാരും പില്‍ക്കാല പണ്ഡിതന്മാരും നിര്‍വഹിച്ചത്. ആ പാരമ്പര്യത്തിന്റെ യഥാര്‍ത്ഥ പിന്‍ഗാമികള്‍ക്കാണ് നവോത്ഥാനത്തിന്റെ യഥാര്‍ത്ഥ അവകാശം. കേരളീയ മുസ് ലിം വ്യവഹാര പദങ്ങളില്‍ ഏറ്റവും തെറ്റായ പദപ്രയോഗമാണ് സലഫികളെ പുരോഗമന വാദികളെന്ന് വിളിക്കുന്നത്. ഇന്ന് തെറ്റായ നവോത്ഥാനത്തിന്റെ പട്ടം ചുമത്തിയവര്‍ തീവ്രത മൂത്ത് സലഫി തീവ്രവാദത്തിന്റെ കാരാഗൃഹത്തില്‍ അടിഞ്ഞ് കൊണ്ടിരിക്കുകയാണ്. മലയാണ്‍ മക്കള്‍ക്ക് മഹിത പ്രയാണത്തിന്റെ മത മുദ്ര ചാര്‍ത്തി സംഘ ബോധത്തിന്റെയും സ്വത്വബോധത്തിന്റെയും ദിശാ ബോധം നല്‍കി സാമൂഹ്യ നവോത്ഥാനത്തിന്റെ ചാലക ശക്തിയാവാന്‍ സമസ്‌തേതര സംഘടനകള്‍ക്കായിട്ടില്ലെന്നുള്ളത് തികച്ചും യാഥാര്‍ത്ഥ്യമാണ്.           

Post a Comment

Note: only a member of this blog may post a comment.

[blogger][facebook][disqus]

ivythemes

{facebook#https://fb.com/alathoorpadidars} {twitter#https://twitter.com/alathurpadidars} {google-plus#https://plus.google.com/+ALATHURPADIDARS} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://youtube.com/alathoorpadidars} {instagram#YOUR_SOCIAL_PROFILE_URL}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget