കോട്ടുമല ബാപ്പു ഉസ്താദ് ; ജീവിതവും സന്ദേശവും| Ibrahim Thadaparamba | 
 ജീവിത ലക്ഷ്യം മനസ്സിലാക്കി ജീവിച്ച എല്ലാ വ്യക്തികള്‍ക്കും ദിശ തെറ്റാതെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടുണ്ട്. ജ്വലിച്ചുകത്തുന്നതിനിടയില്‍ കെട്ട് പോകുന്ന വിളക്കുകള്‍ അതിന്റെ പ്രകാശം ഭൂമിയില്‍ ആകമാനം ബാക്കിയാക്കുമ്പോള്‍ അതിന്റെ ചുവട്ടിലിരുന്ന് സന്തുഷ്ട ജീവിതം നയിക്കാന്‍ സൗഭാഗ്യം ലഭിച്ച മഹത്വുക്കളേറെ. അത്യുന്നത പതവികളിലൂടെ സഞ്ചാരം നടത്തിയപ്പോഴും ലാളിത്യത്തിന്റെയും വിനയത്തിന്റെയും ജീവിത സ്പര്‍ശമായി നമുക്കിടയിലൂടെ കടന്നുപോയ പകരം വെക്കാനില്ലാത്ത പണ്ഡിത പ്രതിഭയാണ് ശൈഖുനാ കോട്ടുമല ബാപ്പു മുസ്്‌ലിയാര്‍. മരണം ചിലരെ കൂടുതല്‍ പരിശുദ്ധരായി തെളിയിക്കാനുള്ള അവസരമാണ്. നിയ്യത്തിന്റെ നന്മ, ഉറച്ച നിലപാട്, ആദര്‍ശ നിഷ്ട പ്രശ്‌ന പരിഹാര ശേഷി തുടങ്ങി പലരിലായി ഒരുമിച്ചുകൂടുന്ന ഗുണങ്ങള്‍ ഒരാളില്‍ സമ്മേളിച്ച് മഹാനവറുകള്‍ സമുദായത്തിനിക്ക് വിവധ മേഘലകളില്‍ നേതൃത്വം നല്‍കിയപ്പോയും, അസൂയ, അഹങ്കാരം, ലോകമാന്യം തുടങ്ങിയ ഹൃദയത്തിലടിഞ്ഞുകൂടുന്ന ദുശിച്ച സ്വഭാവങ്ങളില്‍ നിന്നും മുക്തിനേടി സംശുദ്ധ ഹൃദയത്തിന്റെ ഉടമയാകന്‍ പ്രയത്‌നിച്ച വ്യക്തിത്വമായിരുന്നു മഹാനവറുകള്‍. നന്മയുടെ വിശേഷണങ്ങള്‍ കൊണ്ട് തിന്മകളെ നേരിട്ട് ഉമ്മത്തിന്റെ  നന്മകള്‍ക്ക് വേണ്ടി ജീവിതം മുഴുവന്‍ ഒരു സംഘാടകനായി ജീവിച്ച മഹാനവറുകളു
ടെ തഖ്‌വയും ഇഖ്‌ലാസും നിറഞ്ഞ ജീവിതവിശുദ്ധി ജനമനസ്സുകളെ അത്ഭുതപ്പെടുത്തിയിരുന്നു. ചെറുപ്പം മുതല്‍ അവസാന നിമിഷം വരേയുള്ള ഉസ്താദിന്റെ ജീവിതം മനുഷ്യകുലത്തിന് മാതൃകയാക്കാനുതകുന്നതാണ്. ഓരോ മഹതുക്കളും ഈ ലോകത്തോട് വിടപറയുമ്പോള്‍ അവരുടെ ജീവിതം സമൂഹത്തിന് അതുല്ല്യമായ സന്ദേശങ്ങളാണ് കൈമാറുന്നത്.

ജീവിതം സംശുദ്ധമാണ്

   അരനൂറ്റാണ്ട് കാലം മതവിദ്യാഭ്യാസ മേഘലയില്‍ അദ്വിതിനായി സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളില്‍ അഗ്രേസരനായി സമുദായ സേവന പാതയിലൂടെ ജീവിതം തീര്‍ത്ത് അഹ്്‌ലുസ്സുനത്തി വല്‍ ജമാഅത്തിന്റെ വഴിയില്‍ ജ്വലിച്ചു നിന്ന വിളക്കുമാടമായിരുന്ന ശൈഖുനാ കോട്ടുലമ അബൂബക്കര്‍ മുസ്്‌ലിയാരുടെ മക്കളില്‍ രണ്ടാമത്തെ മകനായി കൊണ്ടാണ് 1952 ഫെബ്രുവരി 10ന് ബാപ്പു ഉസ്താദ് ജനിക്കുന്നത്. ചെറുപ്പത്തിലെ വലിയ ബുദ്ധിശാലിയായിരുന്ന ബാപ്പു ഉസ്താദ് തന്റെ വീടിന്റെ അടുത്തുള്ള ഓത്തു പള്ളിയില്‍ വെച്ച് പ്രാഥമിക പഠനത്തിന് തുടക്കംകുറിച്ചു. ഈ കാലത്തു തന്നെ മലപ്പുറം ടൗണ്‍ ജുമാമസ്ജിദിന്റെ മനേജ്‌മെന്റിന് കീഴില്‍ നടത്തപ്പെടുന്ന എല്‍പി സ്‌കൂളില്‍ നാലാം ക്ലാസ് വരെ ഉസ്താദ് പഠനം നടത്തി. പ്രാഥമിക പഠനത്തിന് ശേഷം ദര്‍സ് പഠനത്തിനായി ഉപ്പ മുദരിസായി നിലകൊള്ളുന്ന അക്കാലത്ത് വലിയ പേരുകേട്ട പരപ്പനങ്ങാടിയിലെ പനയത്തില്‍ പള്ളിയില്‍ ദര്‍സ് പഠനം ആരംഭച്ചു. പണ്ഡിതനായ ഉപ്പയുടെ അരുമ ശിഷ്യനായി ബാപ്പു ഉസ്താദ് പഠനം നടത്തുകയും ഉപ്പയുടെ ശിക്ഷണം ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു. പരപ്പനങ്ങാടിയില്‍ നിന്നും ബാഫഖി തങ്ങളുടെ നിര്‍ബന്ധപ്രകാരം ജാമിഅക്ക് തുടക്കം കുറിച്ചപ്പോള്‍ അവിടേക്ക് പോേവണ്ടിവന്നു. ഉപ്പയോടപ്പം ബാപ്പു ഉസ്താദും ജാമിഅയില്‍ വന്നെങ്കിലും വലിയ കിതാബുകള്‍ ഓതാത്തതിനാല്‍ അവിടുത്തെ ക്ലാസുകളില്‍ ഇരിക്കാന്‍ പ്രയാസമനുഭവപ്പെട്ടപ്പോള്‍ ഉപ്പ റൂമിലിരിന്ന് കിതാബുകള്‍ ബാപ്പു ഉസ്താദിന് ഓതികൊടുത്തു. ഈ കാലഘട്ടത്തിലാണ് സമസ്ത്തക്ക് കീഴില്‍ ക്രസന്റ് ബോര്‍ഡിങ്ങ് മദ്‌റസ ജാമിഅയില്‍ സ്ഥാപിക്കുന്നത്. ബാപ്പു ഉസ്താദ് അതിലെ ഒരു വിദ്യാര്‍ത്ഥിയായി പഠനം നടത്തുകയും ആറാം ക്ലാസ് വരെ പട്ടിക്കാട് സ്‌കൂളിലും പഠിച്ചു. പട്ടിക്കാട് രണ്ട് വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം പ്രമുഖ പണ്ഡിതനായ കെ.കെ ഹസ്രത്ത് നടത്തിയിരുന്ന ആലത്തൂര്‍പടി ദര്‍സിലേക്ക് പഠനം മാറ്റി. അവിടെ നിന്നും തഫ്‌സീര്‍, മിശ്ഖാത്ത്, മഹല്ലി, ശറഹുതഹ്ദീബ് തുടങ്ങിയ വലിയ കിതാബുല്‍ ഓതി. ആലത്തൂര്‍പടി ദര്‍സില്‍ നിന്നും അബൂബക്കര്‍ ഹസ്രത്ത് അന്‍വരിയ്യയിലേക്ക് പോയപ്പോള്‍ ഉസ്താദിനൊപ്പം ബുപ്പു ഉസ്താദും അവിടേക്ക് പോയി. അവിടെ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയതിന് ശേഷം വീണ്ടും ജാമിഅയിലേക്ക് പോയി നാല് വര്‍ഷത്തെ പഠനത്തിന് ശേഷം 1975 ല്‍ ഫൈസി ബിരുദം നേടി. പാണക്കാട് ഹൈദറലി ശിഹാബ് തങ്ങള്‍ ജാമിഅയില്‍ ബാപ്പു ഉസ്താദിന്റെ പ്രമുഖ സഹപാഠിയായിരുന്നു.

സേവന വീഥിയില്‍

  പഠനം കഴിഞ്ഞതിനുശേഷം മലപ്പുറം ജില്ലയിലെ അരിപ്ര വേളൂര്‍ ജുമുഅത്ത് പള്ളിയിലാണ് ബാപ്പു ഉസ്താദ് ദര്‍സ് ആരംഭിച്ചത് 75-ഓളം പുറം നാട്ടുകാരായ വിഥ്യാര്‍ത്ഥികളും 200-ഓളം നാട്ടുകാരായ വിദ്യാര്‍ത്ഥികളും ബാപ്പു ഉസ്താദിന്റെ അടുക്കല്‍ പഠനം നടത്തിയിരുന്നു. അവിടുത്തെ ഖത്തീബും ഖാസിയും ബാപ്പു ഉസ്താദ് തന്നെയായിരുന്നു. അവിടെ രണ്ട് വര്‍ഷം സേവനം നടത്തിയതിന്നുശേഷം ഉപ്പയുടെ നിര്‍ദേശ പ്രകാരം നന്തി ദാറുസ്സലാം അറബിക് കോളേജിലേക്ക് പോയി. ചീക്കിലോട്ട് എന്ന പേരില്‍ അറിയപ്പെടുന്ന റഹ്മാനിയ്യാ സ്ഥാപകന്‍ ചീക്കിലോട് കുഞ്ഞഹമ്മദ് മുസ്‌ലിയാരും അവിടുത്തെ പ്രിന്‍സിപ്പാളായിരുന്ന ശൈഖുനാ എം എം ബഷീര്‍ മുസ്‌ലിയാരും കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരോട് ബാപ്പു ഉസ്താദിനെ റഹ്മാനിയയിലേക്ക് കൊണ്ടുപോകാന്‍ വേണ്ടി ആവശ്യം ഉന്നയിച്ചപ്പോള്‍ പിതാവിന്റെ ആവശ്യാനുസരണം ബാപ്പു ഉസ്താദ് നന്തി ദാറുസ്സലാമിലെ ഒരു വര്‍ഷ സേവനത്തിന് ശേഷം 1979-ല്‍ കടമേരി റഹ്മാനിയ്യാ അറബിക് കോളേജില്‍ മുദരിസായി പ്രവേശിച്ചു. പിന്നീട് നാലു പതിറ്റാണ്ട് കാലം മരണം വരെ കടമേരി റഹ്മാനിയ്യയുടെ അമരക്കാരനായി ബാപ്പു ഉസ്താദ് മുന്നില്‍ ഉണ്ടായിരുന്നു.
പിതാവിന്റെ വഴിയേ സഞ്ചരിച്ച ബാപ്പു ഉസ്താദിന് എല്ലാവരുടെയും സനേഹവും ആദരവും പരിഗണനയും ചെറുപ്പത്തില്‍ തന്നെ ലഭിച്ചിരുന്നു. പിതാവിന്റെ കൂടെ സമസ്തയുടെ സമ്മേളനങ്ങള്‍ക്കും കീഴ്ഘടകങ്ങളുടെ പരിപാടികളിലേക്കും പോകുന്നതിനാല്‍ എല്ലാവരും 'കോട്ടുമലയുടെ മോന്‍' എന്നു വിളിച്ച് ബാപ്പു ഉസ്താദിനെ പരിചയപ്പെടുമായിരുന്നു. ചെറിയവരും വലിയവരും പിതാവ് വിളിച്ചിരുന്ന 'ബാപ്പു' എന്ന പേര് ഏറ്റ് വിളിക്കുകയും സ്വന്തം പേരായ മുഹമ്മദ് എന്നതിനേക്കാള്‍ ബാപ്പു എന്ന പേര് അറിയപ്പെടുകയും അതിനോടൊപ്പം വലിപ്പത്തില്‍ കോട്ടുമല എന്ന് എല്ലാവരും ചേര്‍ത്ത് വിളി തുടങ്ങിയപ്പോള്‍ പുതിയ തലമുറയില്‍ രണ്ടാം കോട്ടുമലയായി ബാപ്പു മുസ്‌ലിയാര്‍ അറിയപ്പെട്ടു.

സമസ്തയിലേക്ക്

  മുസ്‌ലിംകള്‍ ജീവിച്ചു പോന്നിരുന്ന ആശയാദര്‍ശങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ട് മുസ്‌ലിംകളുടെ ബോധമുണ്ഡലത്തില്‍ ബിദ്അത്തിന്റെ ആശയങ്ങള്‍ കുത്തിവെക്കാന്‍ തുടങ്ങിയപ്പോള്‍ ഇസ്‌ലാമിന്റെ തനതായ ശൈലിയെ നലനിര്‍ത്താനും സത്യം ജനങ്ങളിലേക്ക് എത്തിക്കാനും പണ്ഡിതസൂരികള്‍ രൂപം നല്‍കിയ മത സംഘടനയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. കേരള ഇസ്‌ലാമിക പ്രബോധന രംഗത്ത് സമസ്ത വഹിച്ച പങ്ക് നിസ്തുല്യമാണ്. സമസ്തയുടെ സംഘടനാ രംഗത്ത് ആശങ്ക പരത്തിയ ധാരാളം വിശയങ്ങള്‍ കടന്നുപോയിട്ടുണ്ട്. 1999-ല്‍ നടന്ന ഒരു പ്രധാന വിഷയമായിരുന്നു ആലുവാ ത്വരീഖത്ത.് സമസ്ത മുശാവറയിലേക്ക് അതിനെക്കുറിച്ച് സത്യാവസ്ത വെളിപ്പെടുത്താന്‍ വേണ്ടി പരാതി ലഭിച്ചപ്പോള്‍ അതിനെക്കുറിച്ച് പഠിക്കാന്‍ വേണ്ടി സമസ്ത നിയോഗിച്ച സമിതിയില്‍ അന്ന് മുശാവറയില്‍ ഇല്ലാത്ത ബാപ്പു മുസ്‌ലിയാരെ അതിന് വേണ്ടി ഉസ്താദുമാര്‍ തിരെഞ്ഞെടുത്തിരുന്നു. ഇത് ഉസ്താദുമാര്‍ക്കിടയില്‍ ബാപ്പു ഉസ്താദിന് ലഭിച്ച അംഗീകാരമായിരുന്നു. ത്വരീഖത്തുകളെക്കുറിച്ചും വിവാദ വിഷയങ്ങളെക്കുറിച്ചും ബാപ്പു മുസ്‌ലിയാര്‍ക്കുണ്ടായിരുന്ന ജ്ഞാനവും പാണ്ഡിത്യവും തെളിയിക്കുന്നതായിരുന്നു അതേക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുശാവറാ അംഗമല്ലാതിരുന്നിട്ടും അദ്ദേഹത്തെ തിരെഞ്ഞെടുത്തത്.
  2004 സെപ്റ്റബര്‍ എട്ടിന് പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറയിലാണ് ബാപ്പു മുസ്‌ലിയാരെ സമസ്ത മുശാവറാ മെമ്പറായി തെരെഞ്ഞെടുക്കപ്പെട്ടത്. ആ യോഗത്തില്‍ തന്നെയാണ് സമസ്തയുടെ പ്രസിഡണ്ടായി കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരെ തിരെഞ്ഞെടുത്തത്. ജീവിതം മുഴുവന്‍ സമസ്തക്ക് വേണ്ടി നീക്കിവെച്ച മഹാ വ്യക്തിത്വമായിരുന്നു ബാപ്പു മുസ്‌ലിയാര്‍. ഏതൊരു കാര്യത്തിനും മറ്റാരെയും കാത്തുനില്‍ക്കാതെ എത്രയും പെട്ടെന്ന് എല്ലാ കാര്യങ്ങളും ചെയ്തു തീര്‍ക്കലായിരുന്നു ഉസ്താദിന്റെ പതിവ്. പ്രവര്‍ത്തിക്കുന്ന ഇടങ്ങളിലെല്ലാം വന്‍ വിജയമാക്കിയെടുക്കാനുള്ള ഉസ്താദിന്റെ കഴിവും സിദ്ധിയും സമസ്തക്ക് കൂടുതല്‍ കരുത്തേകി. സമസ്തയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും നിറസാനിധ്യമായി ഉസ്താദ് തിളങ്ങി നിന്നു. പല ചര്‍ച്ചകളിലും നേതൃത്വം വഹിച്ചിരുന്നതും ആശങ്കാപരമായി കിടക്കുന്ന പ്രശ്‌നങ്ങളെ നിസാരമായി നേരിട്ട് പരിഹാരം കാണുന്നതിലും ചുരുങ്ങിയ കാലം കൊണ്ട് സംഘടനയെ ഏറെ ജനകീയമാക്കാനും അതിന്റെ യശസ്സ് വാനോളമുയര്‍ത്താനും ബാപ്പു മുസ്‌ലിയാര്‍ക്ക് സാധിച്ചു. 'മുശാവറാ യോഗങ്ങള്‍ക്ക് നേരത്തെ എത്തുകയും ഇടയില്‍ എഴുന്നേറ്റ് പോകാതെ യോഗം പരിപൂര്‍ണ്ണമായി കഴിഞ്ഞതിന് ശേഷമേ ബാപ്പു മുസ്‌ലിയാര്‍ പോകാറുള്ളു'വെന്ന് സയ്യിദ് ജിഫ്രി തങ്ങളുടെ വാക്കുകള്‍ ഏറെ ശ്രദ്ധേയമാണ്. സമസ്തക്ക് വേണ്ടി ഓടി നടക്കുന്നതിന്നിടയില്‍ സ്വന്തം ആരോഗ്യ പ്രശ്‌നങ്ങള്‍ വരെ വകവെച്ചില്ലായിരുന്നു. 2006-ല്‍ ആലുവാ ത്വരീഖത്ത് എന്തുകൊണ്ട് എതിര്‍ക്കപ്പെടുന്നു എന്ന വിഷയത്തില്‍ സമസ്ത മുശാവറയുടെ മേല്‍നോട്ടത്തില്‍ മലപ്പുറം സുന്നി മഹല്‍ പിരസരത്ത് പരിപാടി സംഘടിപ്പിച്ച സാഹചര്യത്തിലാണ് ഹൃദയ സംബന്ധമായ രോഗം വന്ന് ബാപ്പു മുസ്‌ലിയാര്‍ ആശുപത്രിയിലാവുകയും ഡോക്ടര്‍മാര്‍ പരിപൂര്‍ണ്ണ വിശ്രമം കല്‍പ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍ എല്ലാവരെയും അത്ഭുതപ്പെടുത്തികൊണ്ട് ആദര്‍ശനിശയുടെ പ്രതീകമായ ബാപ്പു മുസ്‌ലിയാര്‍ സ്റ്റേജിലേക്ക് കയറി വന്നത് സമസ്തയോട് ഉസ്താദിനുണ്ടായിരുന്ന ആത്മാര്‍ത്ഥത വെളിവാക്കുന്നതായിരുന്നു.
സമസ്തയുടെ ഏത് കാര്യത്തിലും തീരുമാനമെടുക്കുമ്പോള്‍ ബാപ്പു മുസ് ലിയാരുടെ അഭിപ്രായത്തിനായി എല്ലാവരും കാതോര്‍ക്കുമായിരുന്നു. മതപരം, സാമൂഹികം, രാഷ്ട്രീയം തുടങ്ങിയ ഏത് വിഷയത്തിലാണെങ്കിലും എല്ലാം നിസാരമായി കൈകാര്യം ചെയ്യാന്‍ ഉസ്താദിന് സാധിച്ചിരുന്നു. ഒരു മഹാ പണ്ഡിത പ്രസ്താനത്തിന്റെ നയ രൂപീകരണങ്ങള്‍ ഒരു വ്യക്തിയില്‍ കേന്ദ്രീകരിക്കുകയും ഏതൊരു പ്രശ്‌ന പരിഹാരങ്ങള്‍ക്കും ബാപ്പുമുസ്‌ലിയാരെ സമീപിക്കുന്നതിലൂടെ ഉസ്താദിന്റെ വില വ്യക്തമാക്കുന്നു. ബാപ്പു ഉസ്താദ് വിട പറഞ്ഞ ദിവസം കേരള ഹജ്ജ് വകുപ്പ് മന്ത്രി കെ.ടി ജലീല്‍ എസ്. വൈ. എസ് സംസ്ഥാന സെക്രട്ടറിക്ക് വിളിച്ച് ഉസ്താദിന്റെ ഖബറടക്കം ഔദ്യോഗിക ബഹുമതികളോടുകൂടി നിര്‍വഹിക്കാന്‍ തീരുമാനിച്ചിട്ടുണ്ട് എന്ന് പറഞ്ഞ സാഹചര്യത്തില്‍ ഞാന്‍ ബാപ്പു മുസ്‌ലിയാരോട് ചോദിച്ചിട്ട് പറയാം എന്ന് അറിയാതെ പറഞ്ഞ് പോയത് ഏതൊരു കാര്യത്തിനും ആവശ്യമുന്നയിച്ച് എല്ലാവരും ചെന്നിരുന്നത് ബാപ്പു ഉസ്താദിന്റെ അടുക്കലേക്കായത് കൊണ്ടാണ്.

സമ്മേളനങ്ങളുടെ കടിഞ്ഞാണ്‍

  സമസ്തയുടെ ആദ്യ കാലങ്ങളില്‍ ധാരാളം സമ്മേളനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും സമസ്തയുടെ ചരിത്രത്തില്‍ ജനസാനിധ്യം കൊണ്ടും ആസൂത്രണ മികവ് കൊണ്ടും ശ്രദ്ധേയമായ രണ്ട് സമ്മേളനങ്ങളായിരുന്നു 85-ാം വാര്‍ഷികവും 90-ാം വാര്‍ഷികവും. ആ രണ്ട് സമ്മേളനങ്ങളുടെയും യഥാര്‍ത്ഥ കടിഞ്ഞാണ്‍ ബാപ്പു ഉസ്താദിന്റെ കരങ്ങളിലായിരുന്നു. കേരളത്തിന്റെ പുറത്തുനിന്നും കേരളത്തിന്റെ നാനാദിക്ക് മൂലകളില്‍ നിന്നും സമസ്ത സമ്മേളനമെന്ന ഒറ്റ ബിന്ധുവിലേക്ക് ശ്രദ്ധതിരിക്കാനും അലകടലായി ഒഴുകിയെത്തിയ സഞ്ചയത്തെ തന്റെ വാക്കുകളാല്‍ നിയന്ത്രിക്കാനും ബാപ്പു ഉസ്താദിന് സാധിച്ചു. സമസ്തയുടെ പൊതുസ്വീകാര്യതയെ ജനങ്ങള്‍ക്ക് മുമ്പില്‍ ബോധ്യപ്പെടുത്താന്‍ 85-ാം വാര്‍ഷികത്തോടനുബന്ധിച്ച് ബാപ്പു ഉസ്താദ് നടത്തിയ സന്ദേശറാലി കൊണ്ട് സാധിച്ചുവെന്നത് നഗ്നസത്യമാണ്. ഏതൊരു സമ്മേളനം നടക്കുകയാണെങ്കിലും അത് പ്രഖ്യാപിക്കലോടുകൂടി പിന്നെ ഉസ്താദിന് വിശ്രമമുണ്ടാവാറില്ല. സമ്മേളനത്തിന് വേണ്ട പന്തല്‍, ഭക്ഷണം, ക്യാമ്പ്, തുടങ്ങിയ എല്ലാവിധ കാര്യങ്ങളും പ്രമുഖ വ്യക്തിത്വങ്ങളെ നേരില്‍ചെന്ന് കണ്ട് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി സമ്മേളനത്തിന്റെ അടിമുടി കാര്യങ്ങള്‍ സമ്മേളനങ്ങള്‍ക്ക് മുമ്പേ തയ്യാറാക്കുമായിരുന്നു. എല്ലാത്തിലും ഉസ്താദിന്റെ നേരിട്ടുള്ള ശ്രദ്ധയും നിയന്ത്രണവും എല്ലാവര്‍ക്കും ആത്മധൈര്യം പകര്‍ന്നു. ആശങ്കാജനകമായി നിലകൊള്ളുന്ന അവസരത്തില്‍ ബാപ്പു ഉസ്താദിന്റെ വാക്കുകള്‍ എല്ലാവര്‍ക്കും ആശ്വാസമേകുന്നതായിരുന്നു. 90-ാം വാര്‍ഷികം തെക്കന്‍ ജില്ലയില്‍ നടത്തണം എന്ന ആഗ്രഹം പല ദിശകളില്‍ നിന്നും അഭിപ്രായപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴയില്‍ സമ്മേളനം പ്രഖ്യാപിച്ചപ്പോള്‍ അത് എത്രത്തോളം സാധ്യമാകുമെന്ന് നേതാക്കള്‍ ആശങ്കപ്പെട്ടപ്പോള്‍ 'അതിനെക്കുറിച്ച് ആരും ആശങ്കപ്പെടണ്ട ആലപ്പുഴയില്‍ വെച്ചുതന്നെ നമുക്ക് സമ്മേളനം നടത്താം അതെല്ലാം ബാപ്പു ഉസ്താദ് നോക്കിക്കോളും' എന്ന് പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍ പറഞ്ഞപ്പോഴാണ് എല്ലാവരുടെയും മനസ്സില്‍ ആശ്വാസത്തണല്‍ വിടരുന്നത്. ഉടനെ സ്വാഗതസംഘം കണ്‍വീനറായി ബാപ്പു ഉസ്താദിനെ തിരെഞ്ഞെടുത്ത് കമ്മിറ്റി രൂപീകരിക്കുകയും പിന്നീട് അവിടന്നങ്ങോട്ട് ആഴമറിഞ്ഞ് തുഴയെറിയുന്ന നല്ലൊരു നാവികനായി മാറുകയാണ് ബാപ്പു ഉസ്താദ് ചെയ്തത്.
  സമസ്തയെ നയിച്ച മുന്‍ഗാമികളായ ഉസ്താദുമാര്‍ കാണിച്ചുതന്ന സുന്നത്ത് ജമാഅത്തിന്റെ ആശയവും ആദര്‍ശവും എല്ലാ രംഗത്തും ഉറപ്പിച്ചുനിര്‍ത്തുന്നതില്‍ കര്‍ക്കഷ നിലപാടായിരുന്നു ഉസ്താദിന്റേത്. ചെറിയൊരു വിട്ടുവീഴ്ചക്ക് പോലും ആദര്‍ശകാര്യത്തില്‍ ഉസ്താദ് തയ്യാറായിരുന്നില്ല. എതിര്‍കക്ഷികള്‍ക്ക് പോലും വെറുപ്പുതോന്നിക്കാത്ത വിധമായിരുന്നു ഉസ്താദിന്റെ നിലപാടുകളും എല്ലാപ്രശ്‌നങ്ങള്‍ക്കും പരിഹാരം നിര്‍ദേശിച്ചിരുന്നതും. സമസ്തയുടെ സമ്മേളനങ്ങളാല്‍ സമസ്തയുടെ മുതിര്‍ന്ന നേതാക്കള്‍ക്ക് ഒരു ബുദ്ധിമുട്ടും ഇല്ലാതിരിക്കാന്‍ എല്ലാകാര്യവും സ്വയം ഏറ്റെടുത്ത് നിര്‍വ്വഹിക്കുകയും അവയെല്ലാം വിജയകരമായി പൂര്‍ത്തികരിക്കുകയും ചെയ്യുമായിരുന്നു. ഉത്തരാവിദിത്വം ഏറ്റെടുത്താല്‍ അത് ഭംഗിയായി നിര്‍വഹിക്കണമെന്നും അതിനെക്കുറിച്ച് അല്ലാഹുവിനോട് മറുപടി പറയേണ്ടിവരുമെന്നുമുള്ള ഉത്തമബോധം ബാപ്പു ഉസ്താദിന് ഉണ്ടായതിനാല്‍ തന്നെ ജീവിതത്തിലുടനീളം സൂക്ഷമത പുലര്‍ത്തിയിരുന്നു. സമസ്തയുടെ നന്മക്കും ഗുണത്തിനും വേണ്ടി ആരോടും കാര്യം പറയാന്‍ ഒരു മടിയും പിന്‍മാറ്റവും കാണിക്കുമായിരുന്നില്ല. ആരെയും പരിഗണിക്കുന്ന വലിയ സ്വഭാവഗുണമുള്ള വ്യക്തിയായിരുന്നു ഉസ്താദ്. ഏതു ചെറിയ ആള്‍ പറയുന്നതാണെങ്കിലും അവയെല്ലാം ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുകയും ലളിതമായി മറുപടി കൊടുക്കുകയും ചെയ്യുമായിരുന്നു.

റഹ്മാനിയയുടെ അമരത്തില്‍ 

  ചീക്കിലോട് കുഞ്ഞഹമ്മദ് മുസ്‌ലിയാരുടെ നാമധേയത്തില്‍ പിറവികൊണ്ട കേരളത്തിലെ ഇസ് ലാമിക വൈജ്ഞാനിക തലത്തില്‍ ശോഭയോടെ തിളങ്ങിനില്‍ക്കുന്ന സ്ഥാപനമാണ് കടമേരി റഹ്മാനിയ്യാ അറബിക് കോളേജ്. 1972-ല്‍ സ്ഥാപിതമായി റഹ്മാനിയ്യാ കോളേജിന്റെ സഞ്ചാരത്തിനിടയില്‍ സംഭവിച്ച ശോഷണത്തിനും പ്രതിസന്ധിക്കും പരിഹാരമായിക്കൊണ്ടാണ് 1979-ല്‍ ബാപ്പു മുസ്‌ലിയാര്‍ കോളേജില്‍ നിയമിതനാവുന്നത്. ആധുനിക രീതികളെ അവലംബമാക്കിക്കൊണ്ടാണ് കോളേജ് നിര്‍മ്മിച്ചതെങ്കിലും പാരമ്പര്യ ദിശയില്‍ നടന്നിരുന്ന മതവിദ്യാഭ്യാസത്തിന് അല്‍പം പോലും കോട്ടംതട്ടുന്നതില്‍ കണിഷത പുലര്‍ത്തിയിരുന്നു. എം.എം ബഷീര്‍ മുസ്‌ലിയാരുടെ ശാസ്ത്രീയവും അതിനൂതനവുമായ സിലബസും കൂടുതല്‍ മതവിദ്യാര്‍ത്ഥികളെ റഹ്മാനിയയിലേക്ക് ആകര്‍ഷിക്കാന്‍ കാരണമായി. പരിതാപകരമായി കിടന്നിരുന്ന റഹ്മാനിയ്യാ കോളേജിലേക്ക് ബാപ്പു ഉസ്താദ് കാലുകുത്തുന്നതോടുകൂടെ കോളേജിന്റെ വളര്‍ച്ച വാനോളം ഉയര്‍ത്തുന്നതിലും വിദ്യാര്‍ത്ഥികളുടെ നാനോത്മുക വളര്‍ച്ചക്ക് കളമൊരുക്കുന്നതിലും നിസ്തുല്യമായ പങ്കാണ് ബാപ്പു മുസ്‌ലിയാര്‍ നിര്‍വഹിച്ചത്. സംഘടനാപരമായി എത്രതിരക്കുകള്‍ ഉണ്ടായിരുന്നെങ്കിലും കോളേജിലെ ആദ്യകാലങ്ങളില്‍ മുഴുസമയം സ്ഥിരോത്സാഹിയായി സ്ഥാപനത്തില്‍ നിറഞ്ഞുനിന്നിരുന്നു. മനഃശ്ശാസ്ത്രപരമായ രീതിയില്‍ കുട്ടികളെ സമീപിച്ചതിനാല്‍ കുട്ടികളുടെ സ്വഭാവത്തിലും അച്ചടക്കത്തിലും വലിയ മാറ്റങ്ങളുണ്ടാക്കിയെടുക്കാന്‍ ഉസ്താദിന് സാധിച്ചു. വിദ്യാര്‍ത്ഥികളുടെ പഠന-പാഠ്യേതര വിഷയങ്ങളില്‍ കൃത്യമായ ശ്രദ്ധ ഉസ്താദിനുണ്ടായിരുന്നു. എല്ലാ വിദ്യാര്‍ത്ഥികളും സമസ്തയുടെ അനുയായികളായി വളരണം എന്ന കാരണത്താല്‍ തന്നെ അവയെപറ്റി വിദ്യാര്‍ത്ഥികള്‍ക്ക് വിശദമായി പറഞ്ഞുകൊടുക്കുമായിരുന്നു. സമസ്തയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്ത കാലത്ത് വിദ്യാര്‍ത്ഥികളെയെല്ലാം കോളേജില്‍ ഒരുമിച്ചുകൂട്ടി സമസ്തയിലെ പ്രശ്‌നങ്ങളുടെ യാഥാര്‍ത്ഥ്യങ്ങള്‍ വിവരിച്ചുകൊടുത്ത് സത്യം ബോധ്യപ്പെടുത്തിക്കൊടുക്കുകയും സമസ്തക്ക് കീഴില്‍ അണിനിരത്തുകയുമാണ് ചെയ്തത്. ബാപ്പു ഉസ്താദിന്റെ ത്യാഗപൂര്‍ണ്ണവും ധീരവുമായ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെയാണ് പ്രിന്‍സിപ്പാള്‍ സ്ഥാനം എം.എം ബഷീര്‍ മുസ്‌ലിയാര്‍ ബാപ്പു ഉസ്താദിനെ ഏല്‍പ്പിച്ചത്. വിദ്യാര്‍ത്ഥികളുടെ പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ പുരോഗമനങ്ങള്‍ക്ക് വേണ്ടിയുള്ള കാര്യങ്ങള്‍ പറഞ്ഞാല്‍ ഉടനടി പൂര്‍ത്തീകരിച്ചുകൊടുക്കുകയും സര്‍ഗാത്മക പ്രവര്‍ത്തനങ്ങളെയെല്ലാം പിന്തുണക്കാനും പ്രോത്സാഹിപ്പിക്കാനും ഉസ്താദ് ഒപ്പമുണ്ടായിരുന്നു.

ഹജ്ജ്കമ്മിറ്റിയുടെ തലപ്പത്ത്

   2012-ല്‍ യു.ഡി.എഫ് ഭരണകാലത്ത് ഹജ്ജ്കമ്മിറ്റിയുടെ പുതിയ കമ്മിറ്റിക്കായി സര്‍ക്കാര്‍ ആലോചന തുടങ്ങിയപ്പോള്‍ ചെയര്‍മാന്‍ പതവിക്കായി പല പേരുകളും ഉന്നയിക്കപ്പെട്ടുവെങ്കിലും സമസ്തക്കു തന്നെ ചെയര്‍മാന്‍ പതവി നല്‍കണമെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ടായിരുന്നു. 2012-ല്‍ അത്തരം ഒരു നാമനിര്‍ദേശം സമസ്തയുടെ മുമ്പില്‍ വന്നപ്പോള്‍ സമസ്തയുടെ നേതൃത്വം ഒറ്റക്കെട്ടായി നിര്‍ദേശിച്ച പേര് കോട്ടുമല ഉസ്താദിന്റെതായിരുന്നു. ഉസ്താദിനെ ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി തെരെഞ്ഞെടുക്കലോടുകൂടി എല്ലാ മുസ്‌ലിം സംഘടനാ നേതാക്കളും ഹൃദ്യമായാണ് ഉസ്താദിനെ വരവേറ്റത്. ചുമതലകള്‍ കൃത്യമായി ചെയ്തുതീര്‍ക്കുന്നിടത്താണ് ഉത്തരവാദിത്വനിര്‍വഹണത്തിന്റെ ജയപരാജയങ്ങള്‍ വിലയിരുത്തപ്പെടുന്നതെന്ന് മനസ്സിലാക്കിയ ബാപ്പു ഉസ്താദ് തന്റെ ദൗത്യനിര്‍വ്വഹണത്തില്‍ ഒരു വീഴ്ചയും വരുത്തിയിട്ടില്ലെന്ന് തന്റെ എല്ലാ പൊതു പ്രവര്‍ത്തകരാലും സഹപ്രവര്‍ത്തകരായ ഹജ്ജ്കമ്മിറ്റി പ്രവര്‍ത്തകരാലും സമുദായത്തെ തെളിയിച്ചു. 'ഏറ്റെടുക്കുന്ന ദൗത്യങ്ങള്‍ കൃത്യമായി നിര്‍വ്വഹിക്കുന്നതില്‍ എന്നും മുന്‍പന്തിയിലുണ്ടാവുകയും ആ കാലഘട്ടത്തില്‍ യാത്രയെക്കുറിച്ചോ താമസ സൗകര്യങ്ങളെക്കുറിച്ചോ ഒരു പരാതിയും ഉയര്‍ന്ന് വന്നില്ലെന്നും ഹജ്ജ് ക്യാമ്പ് കൊച്ചിയിലേക്ക് മാറ്റിയപ്പോള്‍ എല്ലാവരും ആശങ്കപ്പെട്ടിരുന്നുവെങ്കിലും കരിപ്പൂരിനേക്കാള്‍ മികച്ചതായി മാറ്റിയെടുക്കാന്‍ ഉസ്താദിന്റെ പ്രവര്‍ത്തന മികവ്‌കൊണ്ട് സാധിക്കുകയും ചെയ്തുവെന്നും' ഉസ്താദ് ചെയര്‍മാനായ കാലത്ത് കൂടുതല്‍ കാലം ഹജ്ജ് വകുപ്പ് കൈകാര്യം ചെയ്ത മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി  ഉസ്താദിനെക്കുറിച്ച് വലയിരുത്തിയ ഈ കാര്യങ്ങള്‍ ജനമനസ്സുകളെ അത്ഭുതപ്പെടുത്തുന്നതും ഉസ്താദിന്റെ പ്രവര്‍ത്തന മകവിനുള്ള അംഗീകാരവുമായിരുന്നു.

  2012 മുതല്‍ 2015 വരെയായിരുന്നു ഉസ്താദ് ചെയര്‍മാനായ ഹജ്ജ് കമ്മിറ്റിയുടെ കാലാവധി. 2015-ല്‍ പുതിയ കമ്മിറ്റി രൂപീകരിച്ചപ്പോഴും ബാപ്പു ഉസ്താദിന് വീണ്ടും ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി തെരെഞ്ഞെടക്കപ്പെട്ടു. തുടര്‍ച്ചയായി രണ്ടുതവണ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ചെയര്‍മാനാവുകയെന്ന വലിയ അംഗീകാരം ബാപ്പു ഉസ്താദിനല്ലാതെ ഇതുവരെ മറ്റാര്‍ക്കും ലഭിച്ചിട്ടില്ല. യു.ഡി.എഫ് സര്‍ക്കാര്‍ മാറി പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍.ഡി.എഫ് അധികാരത്തിലെത്തിയപ്പോള്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഉസ്താദ് തന്നെയായിരുന്നു. അന്നത്തെ ഹജ്ജ് വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രിയായ കെ.ടി ജലീലിന് ഉസ്താദിനെക്കുറിച്ച് പറയാന്‍ നൂറു നാവുകളായിരുന്നു. ഹജ്ജ് ക്യാമ്പ് നടക്കുമ്പോള്‍ ക്യാമ്പില്‍ മുഴുസമയവും സജീവമായി ഉണ്ടാവുകയും അവസാനത്തെ ഹാജിയും യാത്രയായ ശേഷമാണ് ഉസ്താദ് തിരിച്ചുപോവുകയെന്ന് കെ.ടി ജലീല്‍ അനുസ്മരിക്കുന്നുണ്ട്. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ എന്നതിലപ്പുറം മുഴുസമയ വളണ്ടിയറായി പ്രവര്‍ത്തിക്കുന്ന രീതിയായിരുന്നു ബാപ്പു ഉസ്താദന്റെത്. 2016-ല്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി കൊണ്ടുവന്ന ഓണ്‍ലൈന്‍ അപേക്ഷാ സംവിധാനം നടപ്പാക്കിയ ഇന്ത്യയിലെ ഏക ഹജ്ജ് കമ്മിറ്റി ബാപ്പു ഉസ്താദ് ചെയര്‍മാനായ കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റിയായിരുന്നു.

യാഥാര്‍ത്ഥ്യമാക്കി സുപ്രഭാതം

    പതിറ്റാണ്ടുകളായി ആവശ്യമുന്നയിക്കുന്ന കാര്യമായിരുന്നു സമസ്തക്ക് ഒരു പത്രം എന്നത്. 1990 കളുടെ തുടക്കത്തില്‍ കെ.ടി മാനു മുസ്‌ലിയാര്‍ ആലിക്കുട്ടി മുസ്‌ലിയാര്‍ തുടങ്ങിയ പ്രമുഖര്‍ പത്രം തുടങ്ങുന്നതിന്റെ ചര്‍ച്ച സജീവമായികൊണ്ടുവരാന്‍ മുന്‍കൈ എടുത്തെങ്കിലും ഒരു വലിയ മാധ്യമ സംവിധനം വളര്‍ത്തിക്കൊണ്ടുവരാന്‍ സാങ്കേതികമായ നിരവധി തടസ്സങ്ങള്‍ മുന്നില്‍ വന്നതിനാല്‍ സമസ്തയുടെ പത്രം എന്ന സ്വപ്‌നം മനസ്സിലേറ്റി നേതാക്കള്‍ നടന്നു. 2012-ന് ശേഷം സംജാതമായ പ്രത്യേകസാഹചര്യങ്ങള്‍ സംഘടനാ രംഗത്ത് പത്രചര്‍ച്ച വീണ്ടും സജീവമായിത്തുടങ്ങി. സമസ്തക്ക് സ്വന്തമായി ഒരു മാധ്യമ സംവിധാനം തുടങ്ങുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും മര്‍ഹൂം പി.പി മുഹമ്മദ് ഫൈസിയെ അതിന്റെ സാധ്യതകളെക്കുറിച്ച് പഠിക്കാന്‍ മുശാവറ ചുമതലപ്പെടുത്തി. അദ്ദേഹം കണ്‍വീനറായ സമിതിയാണ് പത്രം തുടങ്ങുന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പിന്നീട് കാര്യങ്ങള്‍ ഘട്ടംഘട്ടമായി പുരോഗമിക്കുകയും രജിസ്‌ട്രേഷന്‍ നടക്കുകയും ചെയ്തു. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമായി നടക്കുമ്പോഴാണ് പി.പി മുഹമ്മദ് ഫൈസി ഈ ലോകത്തോട് വിടമാങ്ങിയത്. ഇതിന്റെ തലപ്പത്തുണ്ടായിരുന്ന മുഹമ്മദ് ഫൈസിക്ക് ശേഷം ഇനി ഇതിന്ന് ആര് നേതൃത്വം നല്‍കുമെന്ന വെല്ലുവിളി ബാപ്പു ഉസ്താദ് ഏറ്റെടുക്കുകയും ആ ചരിത്രദൗത്യം നടപ്പിലാക്കാനുള്ള സമിതിയുടെ തലവനായി ബാപ്പു ഉസ്താദ് അവരോധിക്കപ്പെട്ടു. ഏറ്റെടുത്ത കാര്യം പൂര്‍ത്തിയാക്കുകയെന്ന ഉസ്താദിന്റെ രീതിക്കനുസരിച്ച് പിന്നീട് സുപ്രഭാതം യാഥാര്‍ത്ഥ്യമാക്കാനുള്ള കടുത്ത പോരാട്ടത്തിലായിരുന്നു. സുപ്രഭാതം യാഥാര്‍ത്ഥ്യമായതോടെ അതിന്റെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മറ്റൊരു പേര് ആരും ഉന്നയിച്ചില്ല. സംഘടനാ സംബന്ധമായും അല്ലാതെയും വരുന്ന വാര്‍ത്തകളുടെ തെറ്റുകളും ഘടനാ സംബന്ധിയായ കുറവുകളുമൊക്കെ പരിചയസമ്പന്നനായ ഒരു പത്രാതിപരെപ്പോലെ ഇടപെട്ട് ഉസ്താദ് പരിഹരിക്കുമായിരുന്നു. സുപ്രഭാതത്തിന്റെ വിജയത്തിന് പിന്നില്‍ ബാപ്പു ഉസ്താദാണെന്നത് നഗ്നസത്യമാണ്. സുപ്രഭാതത്തിന്റെ കെട്ടുംമട്ടും എങ്ങനെയായിരിക്കണമെന്ന കാര്യത്തില്‍ ഉസ്താദിന് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. സുപ്രഭാതത്തില്‍ എല്ലാവരും ഒരൊറ്റമനസ്സില്‍ പ്രവര്‍ത്തിക്കണമെന്നും ഒരുതരത്തിലുള്ള വിഭാഗീയതയും ജീവനക്കാര്‍ക്കിടയില്‍ ഉണ്ടാവരുതെന്നും ഉസ്താദ് നിര്‍ദേശിക്കുമായിരുന്നു. പത്രത്തിന്റെ ദൈനംദിന കാര്യങ്ങളില്‍ തികഞ്ഞ ജാഗ്രത കാണിക്കുകയും ഓരോ ദിനത്തിലെയും പത്രവും സ്‌പെഷ്യല്‍ പേജുകളും സൂക്ഷമമായി വിലയിരുത്തുകയും തെറ്റുകള്‍ കണ്ടാല്‍ അത് ചൂണ്ടിക്കാണിക്കുകയും ആവര്‍ത്തിക്കുകയാണെങ്കില്‍ താക്കീദ് നല്‍കിയും ഒരു പത്രത്തിന്റെ പ്രയാണം നിയന്ത്രിക്കുകയായിരുന്നു ചെയര്‍മാനും എഡിറ്ററുമെന്ന നിലയില്‍ ബാപ്പു ഉസ്താദ്.

പിന്തുടരാം ആ കാല്‍പദങ്ങള്‍ 

  ഏവര്‍ക്കും മാതൃകയാക്കാന്‍ പറ്റിയ ജീവിത രീതിയായിരുന്നു ബാപ്പു ഉസ്താദിന്റെത്. ഉന്നത പതവികളിലൂടെ സഞ്ചരിച്ചപ്പോഴും അഹങ്കാരമോ ലോകമാന്യതയോ തൊട്ടുതീണ്ടാതെ വിനയത്തിന്റെയും ലാളിത്യത്തിന്റെയും പ്രതീകമായികൊണ്ടാണ് ഉസ്താദ് തന്റെ ജീവിതം നയിച്ചത്. അല്ലാഹുവിന്റെ യഥാര്‍ത്ഥ അടിമയായി ജീവിക്കാന്‍ ഏതൊരുത്തനിക്കും ഉസ്താദിന്റെ ജീവിതം വളരെ പാഠമാണ്. ഏത് രാഷ്ട്രീയ-സാമുദായിക നേതാക്കന്മാരുടെ മുമ്പിലും തിരു സുന്നത്തുകള്‍ മുറുകെപ്പിടിച്ച് ആദര്‍ശം കൈവിടാതെ നന്മകള്‍ക്കായി പോരാടിയിരുന്ന ഉസ്താദ് തന്റെ തലപ്പാവോ വെള്ള വസ്ത്രധാരണയോ മത പണ്ഡിതന്റെ ചിഹ്നമായ ഏതൊരു കാര്യവും ആരുടെ മുന്നിലും പണയം വെച്ചിട്ടില്ല. ഉസ്താദിന്റെ ചെറുപ്പക്കാലം മുതല്‍ മരണനിമിഷം വരെയുള്ള ജീവിതം പഠിക്കുന്നവര്‍ക്ക് ഉസ്താദിന്റെ ജീവിതത്തില്‍ നിന്നും ധാരാളം നന്മയുടെ പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതാണ്. ഉസ്താദ് ലോകത്തോട് വിടപറഞ്ഞിട്ടും ജനമനസ്സുകളില്‍നിന്നും മായാതെ ഇന്നും നിലനില്‍ക്കാനുള്ള കാരണം ഉസ്താദിന് അല്ലാഹുവുന്റെ അടുക്കല്‍ ലഭിച്ച സ്വീകാര്യതെയാണ് വ്യക്തമാക്കുന്നത്. ഈമാനിന്റെ പ്രാകാശം തുളുമ്പി നില്‍ക്കുന്ന ഉസ്താദിന്റെ മുഖം എക്കാലത്തും മായാതെ മാനവന്റെ മനസ്സുകളില്‍ മിന്നിമറിയുന്നതാണ്. 2017 ജനുവരി 10 ചൊവ്വാഴ്ച്ച (1438-റബീഉല്‍ ആഖിര്‍ 11)ഹൃദയാഘാതത്തെത്തുടര്‍ന്ന് ഉസ്താദ് ലോകത്തോട് വിടപറഞ്ഞപ്പോള്‍ മലവെള്ളം പോലെ ഒഴുകിയെത്തിയ ഓരോ മനിതന്റെയും ഹൃദയത്തില്‍ ഉസ്താദിന് ലഭിച്ച അംഗീകാരമായിരുന്നു വെളിവാക്കിയിരുന്നത്. ഓരോ മഹത്തുക്കളും ലോകത്തോട് വിടപറയുമ്പോള്‍ അവരുടെ ജീവിതം സമുദായത്തിന് വലിയ സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്. ഉസ്താദിന്റെ ജീവിതവും അപ്രകാരമായിരുന്നു. നമുക്കും പിന്തുടരാം ആ വഴിത്താരയെ..

Post a Comment

Note: only a member of this blog may post a comment.

[blogger][facebook][disqus]

ivythemes

{facebook#https://fb.com/alathoorpadidars} {twitter#https://twitter.com/alathurpadidars} {google-plus#https://plus.google.com/+ALATHURPADIDARS} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://youtube.com/alathoorpadidars} {instagram#YOUR_SOCIAL_PROFILE_URL}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget