വിശ്വാസികളുടെ ഉമ്മമാര്‍| Usthad Abdurahman Faizy Aripra |

 'സത്യ വിശ്വാസികള്‍ക്ക് സ്വന്തത്തെക്കാള്‍ ഏറ്റവും സമീപസ്ഥരാണ് നബി(സ), പ്രവാചകപത്‌നിമാര്‍ അവരുടെ ഉമ്മമാരുമെത്ര' (ഖു:33:6). അന്ത്യനാള്‍ വരെയുള്ള മുഴുവന്‍ ജനതയുടെയും മാര്‍ഗ്ഗദര്‍ശിയായ അന്ത്യപ്രവാചകര്‍ മുഹമ്മദ് നബി(സ)യുടെ വൈവാഹിക ജീവിതത്തിലെ മാതൃക മനസ്സിലാക്കാന്‍ വിവാഹ പശ്ചാത്തലവും ഭാര്യമാരോടൊന്നിച്ചുള്ള കുടുംബ ജീവിതവും അറിയല്‍ അനിവാര്യമാണ്. സ്രഷ്ടാവില്‍ നിന്നുള്ള സന്ദേശങ്ങള്‍ സ്വന്തം ജീവിതത്തില്‍ പകര്‍ത്തിയാണ് നബി(സ) വഴികാട്ടിയത്. അല്ലാഹു പറഞ്ഞു: 'നിശ്ചയം നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതരില്‍ ഉത്തമ മാതൃകയുണ്ട്' (ഖു:33:21). നബി(സ)യുടെ ജീവിതം ഖുര്‍ആനായിരുന്നുവെന്ന് പത്‌നി ആയിശ(റ) പറഞ്ഞിട്ടുണ്ട്.

നബി(സ)യുടെ കാലത്ത് അറേബ്യയില്‍ മാത്രമല്ല ലോകത്താകെ അനിയന്ത്രിത ബഹുഭാര്യത്വവും ചില നാടുകളില്‍ ബഹുഭര്‍തൃത്വവും നിലനിന്നിരുന്നു. ഇസ്്‌ലാമിക  ശരീഅത്ത് ബഹുഭാര്യത്വത്തിന് പരിധി നിശ്ചയിക്കുകയും ബഹുഭര്‍തൃത്വം നിരോധിക്കുകയും ചെയ്തു. നബി(സ)ക്ക് നാലിലധികം ഭാര്യമാരെ വിവിധ കാരണങ്ങളാല്‍ അല്ലാഹു അനുവദിച്ചു. ഇത് നബി(സ)യുടെ പ്രത്യേകതകളില്‍ പെട്ടതാണ്. തന്റെ സമുദായത്തിലെ ഒരാള്‍ക്കും ഒരേ സമയം നാലു ഭാര്യമാരേക്കാള്‍ കൂടുതല്‍ അനുവദനീയമല്ല.

 ഇസ്‌ലാമിന്റെ ശത്രുക്കള്‍ നബി(സ)യുടെ വിവാഹത്തെ കുറിച്ച് വസ്തുതകള്‍ മറച്ചു വെച്ച് വിമര്‍ശിക്കാറുണ്ട്. ബഹുഭാര്യത്വം മുന്‍ പ്രവാചകരിലുമുണ്ടായിരുന്നു. ദാവൂദ് നബി(അ)ന്് നൂറും സുലൈമാന്‍ നബി(അ)ന് എഴുനൂറും  ഭാര്യമാരുമുണ്ടായിരുന്നു. ഇതെല്ലാം അംഗീകരിക്കുന്നവരാണ് നബി(സ)ക്ക് അനുവദിക്കപ്പെട്ട ബഹു ഭാര്യത്വത്തെ വിമര്‍ശിക്കുന്നത്! സത്യത്തില്‍ നബി(സ)യുടെ വിവാഹം ഇരുപത്തഞ്ചാം വയസ്സില്‍ വിധവയായ നാല്‍പതുകാരി ഖദീജബീവി(റ)യുമായിട്ടായിരുന്നു. അവരുടെ ഇരുപത്തഞ്ച് വര്‍ഷത്തെ മാതൃകാപരമായ കുടുംബ ജീവിതത്തില്‍ മറ്റൊരു സ്ത്രീയെ നബി(സ) വിവാഹം ചെയ്തിട്ടില്ല. മാരിയത്തുല്‍ ഖിബ്ത്വിയ എന്ന അടിമസ്ത്രീയിലുണ്ടായ ഇബ്‌റാഹീം ഒഴികെ മറ്റെല്ലാ സന്താനങ്ങളും ഖദീജാബീവി(റ)യില്‍ നിന്നാണല്ലൊ.

നബി(സ) വിവാഹം ചെയ്ത പതിനൊന്നില്‍ ആയിശ(റ) ഒഴികെ എല്ലാവരും വിധവകളായിരുന്നു. ഖദീജ ബീവി(റ)യുടെ വേര്‍പാടിനു ശേഷം മക്കയില്‍ വെച്ച് സൗദാബീവി(റ)യെ വിവാഹം ചെയ്തു. ആയിശ(റ)യെ വിവാഹം ചെയ്‌തെങ്കിലും മധുവിധു ആഘോഷിച്ചത് മദീനയില്‍ നിന്നാണ്. ബാക്കി എല്ലാവരെയും 54 ാം വയസ്സില്‍ മദീനയിലേക്ക് പാലായനം ചെയ്ത ശേഷമാണ് നബി(സ) വിവാഹം ചെയ്തത്. ഖദീജ, സൈനബ(റ) എന്നിവര്‍ അവിടുത്തെ ജീവിത കാലത്തു തന്നെ പരലോകം പ്രാപിച്ചു. ബാക്കിയുള്ള 9 പേരെ വിവാഹ മോചനം നടത്താനോ വേറെ വിവാഹം ചെയ്യാനോ പിന്നീട് അനുവദിക്കപ്പെട്ടിട്ടില്ല. അല്ലാഹു പറഞ്ഞു: 'ശേഷം വേറെ വിവാഹം ചെയ്യാനോ ഇവര്‍ക്ക് പകരം വേറെ പത്‌നിമാരെ  അവരുടെ സൗന്ദര്യം ആകര്‍ഷിച്ചാലും സ്വീകരിക്കാനോ താങ്കള്‍ക്ക് അനുവാദമില്ല' (ഖു:33:52).

        മുസ്‌ലിം സ്ത്രീകള്‍ക്ക് ഇസ്‌ലാമിക നിയമങ്ങള്‍ പഠിപ്പിച്ചുകൊടുക്കാന്‍ മാതൃകാ വനിതകളെ വാര്‍ത്തെടുക്കല്‍, വിവിധ ഗോത്രങ്ങളുമായി ബന്ധം ദൃഡമാക്കി പ്രബോധന മേഖല വിപുലമാക്കല്‍, പുതിയ നിയമം പ്രാവര്‍ത്തികമാക്കല്‍, അഗതി സംരക്ഷണം, വിധവാ സംരക്ഷണം, അടുത്ത അനുയായികളുമായി ബന്ധം ശക്തിപ്പെടുത്തല്‍ എന്നീ കാര്യങ്ങള്‍ നബി(സ)യുടെ വിവാഹങ്ങളില്‍ കണ്ടെത്താന്‍ കഴിയും.

ഖദീജ ബിന്‍തു ഖുവൈലിദ്(റ), സൗദ ബിന്‍തു സംഅ(റ), ആഇശ ബിന്‍തു അബീബക്ര്‍(റ), ഹഫ്‌സ ബിന്‍തു ഉമര്‍(റ), സൈനബ് ബിന്‍തു ഖുസൈമ(റ), ഉമ്മുസലമ ബിന്‍തു അബീഉമയ്യ (ഹിന്ദ്)(റ), സൈനബ് ബിന്‍തു ജഹ്ശ്(റ), ജുവൈരിയ്യ ബിന്‍തുല്‍ ഹാരിസ്(റ), സ്വഫിയ്യ ബിന്‍ത് ഹുയയ്യ്(റ), ഉമ്മു ഹബീബ ബിന്‍തു അബീസുഫ്‌യാന്‍(റംല)(റ), മൈമൂന ബിന്‍ത് ഹാരിസ്(റ) എന്നിവരാണ് വിശ്വാസികളുടെ ഉമ്മമാര്‍. ഇവര്‍ക്കെല്ലാം അല്ലാഹു ഉന്നത സ്ഥാനം നല്‍കിയിട്ടുണ്ട്. സ്ത്രീകളെ സംബന്ധിച്ച അധിക നിയമങ്ങളും പ്രവാചക പത്‌നിമാര്‍ മുഖേനയാണ് ലോകത്ത് പ്രചരിച്ചത്.

            സ്വന്തം ജീവിതത്തില്‍ ശരീഅത്ത് നടപ്പാക്കി മറ്റുള്ളവര്‍ക്ക് മാതൃക കാണിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. അല്ലാഹു പറഞ്ഞു:  '(നബിയേ) താങ്കള്‍ ഭാര്യമാരോട് പറയുക: നിങ്ങള്‍ ഐഹിക ജീവിതത്തെയും അതിന്റെ അലങ്കാരത്തെയും ഉദ്ദേശിക്കുകയാണെങ്കില്‍ വരിക. ഞാന്‍ നിങ്ങള്‍ക്ക് മുത്അത്ത്(മോചനവിഭവം) നല്‍കുകയും മാന്യമായ നിലയില്‍ ബന്ധം വിടര്‍ത്തിത്തരികയും ചെയ്യാം. നിങ്ങള്‍ അല്ലാഹുവിനെയും അവന്റെ റസൂലിനെയും പരലോകത്തെയുമാണുദ്ദേശിക്കുന്നതെങ്കില്‍ നിശ്ചയമായും നിങ്ങളില്‍ പുണ്യവതികള്‍ക്ക് അല്ലാഹു മഹത്തായ പ്രതിഫലം ഒരുക്കിവെച്ചിട്ടുï്. നബിയുടെ ഭാര്യമാരേ, നിങ്ങളില്‍ ആരെങ്കിലും ഒരു വ്യക്തമായ ദുര്‍വൃത്തി ചെയ്യുന്നതായാല്‍ അവര്‍ക്ക് ഇരട്ടിശിക്ഷ നല്‍കപ്പെടുന്നതാണ്. അത് അല്ലാഹുവിന് വളരെ ലഘുവായ ഒരു കാര്യമാകുന്നു. ആരെങ്കിലും അല്ലാഹുവിനും അവന്റെ റസൂലിനും വഴിപ്പെടുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്താല്‍ അവളുടെ പ്രതിഫലം ഇരട്ടിയായി നാം നല്‍കുന്നതാണ്. വളരെ മാന്യമായ ഉപജീവനം അവള്‍ക്ക് നാം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.  നബിയുടെ ഭാര്യമാരേ, നിങ്ങള്‍ മറ്റുസ്ത്രീകളില്‍പെട്ട ആരെപോലെയുമല്ല, നിങ്ങള്‍ ഭയഭക്തി(സൂക്ഷ്മത) കാണിക്കുന്ന പക്ഷം. അതുകൊï് നിങ്ങള്‍ (അന്യപുരുഷന്മാരുമായി സംസാരിക്കുമ്പോള്‍) സംസാരത്തില്‍ താഴ്മ(സൗമ്യത) കാണിക്കരുത്. കാരണം അപ്പോള്‍ ഹൃദയത്തില്‍ രോഗമുള്ളവന് മോഹം തോന്നിയേക്കും. നിങ്ങള്‍ (അവരോട്) മര്യാദയുള്ള വാക്ക് പറഞ്ഞേക്കുക. സ്വഗൃഹങ്ങളില്‍ നിങ്ങള്‍ അടങ്ങിയിരിക്കുക. പഴയ അജ്ഞാനകാലത്തെ സൗന്ദര്യപ്രദര്‍ശനം പോലെ നിങ്ങള്‍ സൗന്ദര്യം പ്രദര്‍ശിപ്പിക്കരുത്. നിങ്ങള്‍ നമസ്‌കാരം മുറപ്രകാരം അനുഷ്ഠിക്കുകയും സക്കാത്ത് കൊടുക്കുകയും അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കുകയും ചെയ്യുക. നബിയുടെ വീട്ടുകാരേ, നിങ്ങളില്‍ നിന്ന് മാലിന്യം നീക്കിക്കളയുവാനും നിങ്ങളെ നല്ലവണ്ണം ശുദ്ധീകരിക്കുവാനും മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങളുടെ വീടുകളില്‍ ഓതപ്പെടുന്ന അല്ലാഹുവിന്റെ വാക്യങ്ങളെയും വിജ്ഞാനങ്ങളെയും നിങ്ങള്‍ ഓര്‍ക്കുക. നിശ്ചയമായും അല്ലാഹു നിഗൂഢ ജ്ഞാനമുള്ളവനും സൂക്ഷ്മമായ അറിവുള്ളവനുമാകുന്നു'. (അഹ്‌സാബ് 2834 )

1. ഹസ്രത്ത് ഖദീജ (റ)


പിതാവ് : ഖുവൈലിദു ബ്‌നു അസദ്

മാതാവ് :ഫാത്വിമ ബിന്‍തു സായിദ

കുടുംബം : ഖുറൈശ് ഗോത്രത്തിലെ അസദ് വംശം

സ്ഥാനപ്പേര്  :ത്വാഹിറ

പ്രായം : നബി(സ്വ) യെക്കാള്‍ 15 വയസ്സ് കൂടുതല്‍

ആദ്യ ഭര്‍ത്താക്കന്മാര്‍ : അബൂ ഹാലാ, അതീഖുബ്‌നു ആബിദ്

മഹര്‍        : 500 ദിര്‍ഹം (ഇരുപത് ഒട്ടകങ്ങളാണെന്നും അഭിപ്രായമുണ്ട്)

വഫാത് : ഹിജ്‌റയുടെ മൂന്ന് വര്‍ഷം മുമ്പ് 65 ാം വയസ്സില്‍

മക്കള്‍ : ഖാസിം, സൈനബ്, റുഖിയ്യ, ഫാത്വിമ, ഉമ്മുകുല്‍സും, അബ്ദുള്ള (നബി (സ)യില്‍  നിന്ന്)     

അന്ത്യ വിശ്രമം : അല്‍മുഅല്ലാ, മക്ക

ഒരു ഹദീസ് നിവേദനം ചെയ്തു.

 പശ്ചാത്തലം 

   അന്ത്യ പ്രവാചകര്‍(സ)യുടെ പ്രഥമ പത്‌നിയാകാന്‍ ഭാഗ്യം ലഭിച്ച ഹസ്രത്ത് ഖദീജ(റ) മക്കയിലെ കുലീനയും ധനികയുമായിരുന്നു. അക്കാലത്തെ പ്രധാന ജീവിതോപാധി കച്ചവടമായിരുന്നു. ശാം, യമന്‍ തുടങ്ങിയ വിദൂര നാടുകളില്‍ നിന്ന് കച്ചവടച്ചരക്കുകള്‍ വാങ്ങി വില്‍പ്പന നടത്തുന്ന കച്ചവട സംഘങ്ങള്‍ മഹതിക്കുണ്ടായിരുന്നു.

           മക്കക്കാര്‍ക്കിടയില്‍ അല്‍ അമീന്‍(വിശ്വസ്ഥന്‍) എന്നറിയപ്പെട്ട സര്‍വ്വ നന്മകളുടെയും വിളനിലമായ മുഹമ്മദ്(സ) എന്ന യുവാവിനോട് തന്റെ കച്ചവടച്ചരക്കുമായി ശാമിലേക്ക് പോകാന്‍ മഹതി ആവശ്യപ്പെട്ടു. സാധാരണ നല്‍കുന്ന ലാഭത്തേക്കാള്‍ കൂടതല്‍ നല്‍കാമെന്ന വ്യവസ്ഥയില്‍ നബി(സ) കച്ചവടം ഏറ്റെടുത്തു. കൂടെ മൈസറത് എന്ന അടിമയെയും അയച്ചു കൊടുത്തു.

  ആ യാത്ര അത്ഭുതങ്ങല്‍ നിറഞ്ഞതായിരുന്നു. ചുട്ടുപഴുത്ത മണലാരണ്യത്തിലൂടെ കത്തി ജ്വലിക്കുന്ന സൂര്യന് താഴെ സഞ്ചരിക്കുമ്പോള്‍ നബി(സ)ക്ക് മേഘം തണല്‍ നല്‍കിക്കൊണ്ട് കൂടെ സഞ്ചരിക്കുന്നത് മൈസറത് കണ്ടു. ശാമിനെ ലക്ഷ്യം വെച്ച് നീങ്ങുമ്പോള്‍ നെസ്‌തോറ എന്ന ക്രൈസ്തവ പുരോഹിതന്‍ മൈസറതിനോട് കൂടെയുള്ള യുവാവിനെകുറിച്ച് ചോദിച്ചു. മക്കയിലെ ഖുറൈശികളില്‍പെട്ട ഒരാളാണെന്ന് മറുപടി പറഞ്ഞപ്പോള്‍ 'നിശ്ചയം അദ്ദേഹം വരാനിരിക്കുന്ന പ്രവാചകനാണ്'  എന്നുപറഞ്ഞു. ഈ സംഭവം മഹതിയെ അത്ഭുതപ്പെടുത്തി. മാത്രമല്ല കച്ചവടത്തില്‍ ലഭിച്ച വമ്പിച്ച ലാഭം മഹതിയെ ആശ്ചര്യപ്പെടുത്തുകയും ചെയ്തു.

   അനേകം ഉന്നതരായ ധനാഢ്യര്‍ വിവാഹാഭ്യാര്‍ത്ഥന നടത്തിയിട്ടും സ്വീകരിക്കാതിരുന്ന ഖദീജ ബീവിക്ക് ലോകത്തിന്റെ വിമോചകനായിമാറുന്ന അത്ഭുത വ്യക്തിത്വത്തിന്റെ ഉടമയെ ജീവിത പങ്കാളിയായി ലഭിക്കാന്‍ അത്യധികം ആഗ്രഹിച്ചു. ഇക്കാര്യം തന്റെ ദാസി നഫീസ ബിന്‍ത് ഉമയ്യയെ ധരിപ്പിച്ചു. നബി(സ)ക്ക് തങ്ങളുടെ ദൗത്യനിര്‍വഹണത്തിന് മനസ്സാ വാചാ കര്‍മണാ സഹായിക്കുന്ന ഒരു ഇണയെ അല്ലാഹു എത്തിക്കുകയായിരുന്നു. അങ്ങിനെ നഫീസ തന്റെ ആഗമനോദ്ദേശം നബി(സ)യെ അറിയിച്ചുകൊണ്ട് പറഞ്ഞു സാമ്പത്തിക പ്രശ്‌നം പരിഹരിച്ചു തരുന്ന, സമ്പത്തും സൗന്ദര്യവും താങ്കള്‍ക്ക് യോജിപ്പുമുള്ള ഒരു വിവാഹ ബന്ധത്തിന് താങ്കള്‍ തയ്യാറാണോ? ആരാണെന്ന് ആരാഞ്ഞ നബി(സ) ഖദീജയെന്ന് കേട്ടപ്പോള്‍ സമ്മതമറിയിച്ചു.

          നബി(സ) തന്റെ പിതൃവ്യരുമൊത്ത് ഖദീജ ബീവി(റ)യുടെ പിതാമഹനായ അംറുബ്‌നു അസദിന്റെ വീട്ടിലെത്തി. അബൂത്വാലിബിന്റെ നേതൃത്വത്തില്‍ വിവാഹ കര്‍മ്മം നടന്നു. അബൂത്വാലിബ് നടത്തിയ പ്രസംഗത്തില്‍ മഹാനായ ഇബ്‌റാഹീം നബി(അ)ന്റെ ശ്രേഷ്ടമായ സന്താനപരമ്പരയില്‍ പെടുത്തിയതിന്ന് അല്ലാഹുവിനെ സ്തുതിച്ചുകൊണ്ട് ഇങ്ങനെപറഞ്ഞു: 'എന്റെ ഈ സഹോദര പുത്രന്‍ മുഹമ്മദു ബ്‌നു അബ്ദുല്ല സാമ്പത്തികം കുറവാണെങ്കിലും മഹത്വം, ബുദ്ധി, ശ്രേഷ്ടത എന്നിവയില്‍ അതുല്യനാണ്. സമ്പത്ത് നീങ്ങിപ്പോകുന്ന നിഴല്‍ മാത്രമാണ്. നിശ്ചയം ഇദ്ദേഹത്തിന് ഉജ്ജ്വലമായ അവസ്ഥയും ഭാസുരമായ ഭാവിയുമുണ്ട്'.

കുടുംബ ജീവിതം 


  മാനവരാശിക്ക് മുഴുവന്‍ മാതൃകയായ അവരുടെ കുടുംബ ജീവിതം 25 വര്‍ഷത്തിനു ശേഷം ഖദീജ(റ) ഇഹലോകവാസം വെടിയുന്നതുവരെ നീണ്ടു നിന്നു. പരസ്പര സ്‌നേഹത്തിന്റെയും അര്‍പ്പണത്തിന്റെയും പ്രതീകമായിരുന്നു ആ ബന്ധം. ഒരിക്കലും തന്റെ സഹധര്‍മ്മണിക്ക് പ്രയാസമാകാതെ സഹകരണത്തോടെ ജീവിക്കാന്‍ പുണ്യ നബിയും തങ്ങളുടെ താല്‍പര്യങ്ങളറിഞ്ഞ് അവിടുത്തെ തൃപ്തനാക്കാന്‍ ഖദീജ(റ)വും ശ്രമിച്ചു. നബി(സ)ക്ക് വേണ്ടി തന്റെ സമ്പത്തും സമയവും ചെലവഴിച്ചു.

  നബി(സ)യുടെ ഇബ്‌റാഹീം(റ) അല്ലാത്ത മറ്റെല്ലാ സന്താനങ്ങളും ഖദീജ(റ)യില്‍ നിന്നായിരുന്നല്ലോ. അവരുടെ ദാമ്പത്യ ജീവിതം തുടങ്ങി ഒന്നര ദശാബ്ദം പൂര്‍ത്തിയായപ്പോള്‍ നബി(സ)യുടെ 40 ാം വയസ്സില്‍ മക്കയുടെ സമീപത്തുള്ള ഹിറാ ഗുഹയുടെ ഏകാന്തതയില്‍ സ്രഷ്ടാവിനെ ആരാധിച്ചിരിക്കുക പതിവായിരുന്നു. അതിനു വേണ്ട ഭക്ഷണവും മറ്റു സൗകര്യങ്ങളും ഖദീജ(റ) ചെയ്തു കൊടുത്തു. ഭക്ഷണം കഴിഞ്ഞാല്‍ സഹധര്‍മ്മിണിയെ സമീപിച്ച് ആവശ്യമായവ ശേഖരിച്ച് വീണ്ടും ഹിറായിലെത്തി.

  ഒരു റമളാനില്‍ ഹിറാഗുഹയില്‍ സ്രഷ്ടാവിന്റെ ദിവ്യ സന്ദേശവുമായി മലക്ക് ജിബ്‌രീല്‍(അ) പ്രത്യക്ഷപ്പെട്ടു 'ഇഖ്‌റഅ്' (വായിക്കുക) എന്നാജ്ഞാപിച്ചു. 'ഞാന്‍ വായനക്കാരനല്ല' എന്ന് പരിഭ്രമത്തോടെ നബി(സ) പ്രതികരിച്ചു. മൂന്നാം പ്രാവശ്യം നബി(സ) യെ കൂട്ടിപ്പിടിച്ച് വിട്ടശേഷം 'വായിക്കുക, സ്രഷ്ടാവായ രക്ഷിതാവിന്റെ നാമത്തില്‍, അവന്‍ മനുഷ്യനെ രക്ത പിണ്ഡത്തില്‍ നിന്ന് സൃഷ്ടിച്ചു. വായിക്കുക പേനകൊണ്ട് പഠിപ്പിച്ച നിന്റെ രക്ഷിതാവ് അത്യുതാരനത്രെ' എന്നര്‍ത്ഥം വരുന്ന അഞ്ച് സൂക്തങ്ങള്‍ ഓതിക്കേള്‍പ്പിച്ചു.

അപ്രതീക്ഷിതമായി ദിവ്യസന്ദേശം ലഭിച്ച നബി(സ) പരിഭ്രമിച്ച് തന്റെ സഹധര്‍മണി ഖദീജ(റ) യുടെ അടുത്തെത്തി 'എന്നെ പുതപ്പിട്ടുമൂടൂ' എന്ന ആവശ്യവുമായി ഭയന്നു വിറച്ചെത്തിയ പ്രിയധമനെ ആശ്വസിപ്പിച്ചുകൊണ്ട് ഹിറാ ഗുഹയിലെ സംഭവങ്ങള്‍ ആദ്യന്തം കേട്ടുമനസ്സിലാക്കി. അസാധാരാണ ധൈര്യവും സാമര്‍ത്ഥ്യവും പ്രകടിപ്പിച്ചുകൊണ്ട് ഖദീജ(റ) ഇങ്ങനെ പ്രതികരിച്ചു 'താങ്കളെ അല്ലാഹു ഒരിക്കലും നിന്ദിക്കില്ല. താങ്കള്‍ കുടുംബ ബന്ധം ചേര്‍ക്കുന്നു; സത്യം മാത്രം പറയുന്നു; ദരിദ്രരെ സഹായിക്കുന്നു; അതിഥികളെ സല്‍കരിക്കുന്നു;  സഹധര്‍മണിയുടെ ഈ വാക്കുകള്‍ നബി(സ) ക്ക് ശാന്തിയും സമാധാനവും നല്‍കുന്നതായിരുന്നു.

എന്നാല്‍ ഖദീജ(റ) സംഭവത്തിന്റെ രഹസ്യമറിയാന്‍ അക്കാലത്തെ പ്രഗത്ഭ പണ്ഡിതനും തന്റെ പിതൃവ്യപുത്രനുമായ വറഖത് ബ്‌നു നൗഫലിന്റെ അടുത്തേക്ക് നബി(സ) യെ കൊണ്ടു പോയി. വേദ ഗ്രന്ഥങ്ങളില്‍ അവഗാഹമുള്ള വറഖയോട് നബി(സ) തന്റെ അനുഭവങ്ങള്‍ വിശദീകരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: 'അത് മൂസാ നബിയുടെ അടുത്ത് വരാറുണ്ടായിരുന്ന നാമൂസ് (ജിബ്‌രീല്‍) ആണ്. അന്ന് ഞാന്‍ ആരോഗ്യ ദൃഢഗാത്രനായ യുവാവായിരുന്നെങ്കില്‍! നിങ്ങളുടെ ജനത നിങ്ങളെ നാട്ടില്‍ നിന്ന് പുറത്താക്കുന്ന സന്ദര്‍ഭം!' തന്നെ സ്‌നേഹാദരവോടെ അല്‍ അമീന്‍ എന്ന് വിൡിരുന്നവര്‍ പുറത്താക്കുമെന്ന് കേട്ടപ്പോള്‍ നബി(സ)ക്ക് അവിശ്വസനീയമായി തോന്നി . നബി(സ) ചോദിച്ചു 'അവരെന്നെ പുറത്താക്കുമോ? വറഖ പറഞ്ഞു: അതെ, താങ്കള്‍ കൊണ്ടു വന്നതുപോലുള്ള കാര്യം ആരു കൊïുവന്നാലും ശത്രുത വെക്കപ്പെടാതിരിക്കില്ല'. (ബുഖാരി)

  അങ്ങനെ അന്ധകാരത്തില്‍ നിന്ന് ദിവ്യ സന്ദേശത്തിന്റെ വെളിച്ചത്തിലേക്ക് ലോക ജനതയെ നയിക്കാന്‍ നിയുക്തരായ ഭര്‍ത്താവിന് താങ്ങും തണലുമായി ശിഷ്ടജീവിതം നയിക്കാന്‍ ആ മഹതിക്ക് മഹാഭാഗ്യം ലഭിച്ചു. ഒരു ഭര്‍ത്താവ് എന്നതിലുപരി പ്രവാചകത്വ പദവിയിലെത്തിയ വിശ്വവിമോചകന് തന്റെ ദൗത്യനിര്‍വ്വഹണത്തിന് സംരക്ഷണവും പിന്തുണയും നല്‍കി ഖദീജ(റ) ത്യാഗ പൂര്‍ണമായ പുതിയ ജീവിതം ആരംഭിച്ചു. ആദ്യം രഹസ്യമായും പിന്നീട് പരസ്യപ്രബോധനവുമാരംഭിച്ചു.

നബി(സ)യെ ഇസ്‌ലാമില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ഖുറൈശികള്‍ ആദ്യം പ്രലോഭനവും പിന്നീട് പ്രകോപനവുമായി രംഗത്തെത്തി. ഇസ്‌ലാമില്‍ വിശ്വസിച്ചവരെ ക്രൂരമര്‍ദ്ദനത്തിന് വിധേയമാക്കി പിന്തിരിപ്പിക്കാനുള്ള എല്ലാ കുതന്ത്രങ്ങളും വിഫലമായപ്പോള്‍ നബി(സ)യെയും കുടുംബത്തെയും സഹായികളായ ബനൂ ഹാശിം, ബനൂ മുത്ത്വലിബ് എന്നീ ഗോത്രങ്ങളെയും ബഹിഷ്‌കരിക്കാന്‍ അവര്‍ തീരുമാനിച്ചു. ഈതീരുമാനം കഅ്ബയില്‍ കെട്ടിത്തൂക്കി.

ശിഅ്ബു അബീത്വാലിബില്‍ നബിയും കുടുംബവും അനുയായികളും ഒറ്റപ്പെട്ടു. അവരെ സഹായിക്കാന്‍ ആരുമുïായിരുന്നില്ല. സമൃദ്ധിയില്‍ ജീവച്ചിരുന്ന തന്റെ പ്രിയതമ ആദര്‍ശ സംരക്ഷണത്തിനു വേïി എല്ലാം സഹിച്ചു. ഭക്ഷ്യ വസ്തുക്കള്‍ ലഭിക്കാതെ വൃക്ഷത്തിന്റെ ഇല വരെ തിന്ന് വിശപ്പ് മാറ്റാന്‍ അവര്‍ നിര്‍ബന്ധിതരായി. മൂന്ന് വര്‍ഷം പീഡനം നീïുനിന്നു. ഈ കാലയളവില്‍ നബി(സ)ക്ക് സമ്പൂര്‍ണ്ണ പിന്തുണനല്‍കി  സംരക്ഷിക്കാന്‍ മഹതി ഒരുപാട് ത്യാഗം സഹിച്ചു.

 ദുഃഖ വര്‍ഷം 

ബഹിഷ്‌കരണത്തിന്റെ ദുരിത പൂര്‍ണ്ണമായ നാളുകള്‍ അവസാനിച്ചു അധികം കഴിയുന്നതിനുമുമ്പ്, ഹിജ്‌റയുടെ മൂന്ന് വര്‍ഷം മുമ്പ് ഖദീജ(റ) ഇഹലോകവാസം വെടിഞ്ഞു. നബി(സ)ക്ക് ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ തണല്‍ അതോടെ നഷ്ടപ്പെട്ടു. മഹതിയുടെ വിയോഗം കഴിഞ്ഞ് ഒരു മാസത്തിനു ശേഷം താങ്ങും തണലുമായിരുന്ന പിതൃവ്യന്‍ അബൂത്വാലിബും മരിച്ചു. ഖദീജ ബീവി(റ)യുടെയും അബൂത്വാലിബിന്റെയും വിയോഗത്തിന് ശേഷമാണ് നബി(സ)യെ ദേഹോപദ്രവങ്ങളേല്‍പ്പിക്കാന്‍ ശത്രുക്കള്‍ക്ക് ധൈര്യം വന്നത്. ഈ വര്‍ഷം ദുഃഖ വര്‍ഷമായി നബി(സ) വിശേഷിപ്പിച്ചു.

മരിക്കാത്ത ഓര്‍മ്മകള്‍


           പരസ്പര സ്‌നേഹവും ആത്മാര്‍ത്ഥതയും ത്യാഗസമ്പന്നതയും സഹകരണവും നിറഞ്ഞുനിന്നിരുന്ന ജീവിതം നബി(സ) അനുസ്മരിക്കാറുïായിരുന്നു. മൃഗങ്ങളെ അറുത്ത് ഖദീജ(റ)യുടെ കൂട്ടുകാരികള്‍ക്ക് കൊടുത്തയക്കാറുïായിരുന്നു. പലപ്പോഴും അവരുടെ മഹത്വങ്ങള്‍ എടുത്തു പറയാറുïായിരുന്നു. മരിച്ചു പോയ ഭാര്യമാരെയും മറ്റും അനുസ്മരിക്കുന്നതും അവരുടെ മഹത്വം വാഴ്ത്തുകയും അവര്‍ക്ക് വേïി മാംസവും മറ്റും ധര്‍മ്മം ചെയ്യുന്നതും പുണ്യകരമാണെന്ന് നബി(സ) തങ്ങളുടെ ഈ പ്രവര്‍ത്തിയില്‍നിന്ന് വ്യക്തമാണ്.

   നിരന്തരമായ അനുസ്മരണങ്ങളും പ്രകീര്‍ത്തനങ്ങളും കേട്ട് ഒരിക്കല്‍ ആയിശ(റ) നബി(സ)യോട് ചോദിച്ചു; അതൊരു വൃദ്ധയായിരുന്നില്ലേ ? അവര്‍ക്ക് പകരം നിങ്ങള്‍ക്ക്  അല്ലാഹു ഉന്നതരായ ഭാര്യമാരെ നല്‍കിയില്ലേ? ഇതു കേട്ട് നബി(സ) ദേഷ്യപ്പെട്ട് വിവര്‍ണ്ണമായ മുഖത്തോടെ ഇപ്രകാരം പ്രതികരിച്ചു. 'അല്ലാഹുവാണ് സത്യം അവരെക്കാള്‍ ഉത്തമരായ ഭാര്യമാരെ അല്ലാഹു എനിക്ക് പകരം തന്നിട്ടില്ല. ജനങ്ങള്‍ ഒന്നടങ്കം എന്നെ അവിശ്വസിച്ചപ്പോള്‍ മഹതി എന്നില്‍ വിശ്വസിച്ചു അവര്‍ ഒന്നടങ്കം എന്നെ കളവാക്കിയപ്പോള്‍ മഹതിയെന്നെ സത്യമാക്കി. അവര്‍ എന്നെ തടഞ്ഞപ്പോള്‍ അവര്‍ സമ്പത്ത് കൊïെന്നെ സഹായിച്ചു. ഇതര പത്‌നിമാരില്‍ നിന്ന് ഭിന്നമായി അവരില്‍നിന്ന് എനിക്ക് സന്താന സൗഭാഗ്യം നല്‍കി'. ഇതു  കേട്ട് ആയിശ(റ) ഇനി ഒരിക്കലും മഹതിയെ മോശമായിക്കി സംസാരിക്കുകയില്ലെന്ന് മനസ്സിലുറപ്പിച്ചു.

 മഹത്വം 

    നബി(സ) പറഞ്ഞു: പുരുഷന്‍മാരില്‍നിന്ന് പലരും പൂര്‍ണ്ണത നേടിയിട്ടുï്. എന്നാല്‍ സ്ത്രീകളില്‍ നിന്ന് മൂന്ന് പേരല്ലാതെ പൂര്‍ണ്ണത നേടിയിട്ടില്ല. ഇംറാന്റെ പുത്രി മറിയം, ഫിര്‍ഔന്റെ ഭാര്യ ആസ്യ, ഖുവൈലിദിന്റെ മകള്‍ ഖദീജ(റ) എന്നിവരാണവര്‍. ആദ്യമായി നബി(സ)യെ പ്രവാചകനായി അംഗീകരിച്ചത് മഹതിയാണ്. ഒരിക്കല്‍ ജിബ്‌രീല്‍(അ) വന്ന് ഖദീജ(റ)യോട് റബ്ബിന്റെ സലാം പറയാന്‍ ആവശ്യപ്പെട്ടു. നബി(സ) പറഞ്ഞു: ഖദീജാ! ഇതാ ജിബ്‌രീല്‍ നിന്റെ റബ്ബില്‍ നിന്ന് സലാം പറയുന്നു. അപ്പോള്‍ ഖദീജ(റ) പറഞ്ഞു: 'അല്ലാഹു സലാമാണ് അവനില്‍ നിന്നാണ് സലാം ജിബ്‌രീലിന്റെ മേല്‍ സലാമുïാകട്ടെ'. സ്വര്‍ഗ്ഗത്തില്‍ സമുന്നതമായ ഒരു ഭവനം മഹതിക്ക് അല്ലാഹു ഒരുക്കി വെച്ചതായി നബി(സ) സന്തോഷവാര്‍ത്ത അറിയിച്ചിരുന്നു.

2. ഹസ്രത്ത് സൗദ (റ)


പിതാവ് : ഖൈസിന്റെ മകന്‍ സംഅ

മാതാവ് : ശമൂസ്

ഗോത്രം : ഖുറൈശി ഗോത്രത്തിലെ ബനൂ ആമിര്‍ വംശം

ആദ്യ ഭര്‍ത്താവ് : സക്‌റാനു ബിന്‍ അംറ്(റ)

മഹര്‍ : 400 ദിര്‍ഹം

വിവാഹം : നുബുവ്വത്തിന്റെ പത്താം വര്‍ഷം

അന്ത്യ വിശ്രമം : ബഖീഅ്

പശ്ചാത്തലം 

   ഖദീജ(റ)ന്റെ വിയോഗാനന്തരം നബി(സ) സൗദ ബിന്‍ത് സംഅയെ വിവാഹം ചെയ്തു. അബൂഹുറൈറ(റ), യഹ്‌യ(റ) എന്നിവരില്‍ നിന്ന് ഇമാം അഹ്്മദ്(റ) നിവേദനം ചെയ്യുന്നു. ഖദീജ(റ) വഫാത്തായപ്പോള്‍ ഖൗല ബിന്‍ത് ഹകീം നബിയുടെ അടുത്ത് വന്നു, അല്ലാഹുവിന്റെ പ്രവാചകരെ, നിങ്ങള്‍ വിവാഹം കഴിക്കുന്നില്ലെ എന്ന് ചോദിച്ചു. നബി(സ) ആരെ എന്ന് അന്വേഷിച്ചപ്പോള്‍ 'താങ്കള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ കന്യകയെ അല്ലെങ്കില്‍ വിധവയെ.' ഖൗല മറുപടി പറഞ്ഞു. അല്ലാഹുവിന്റെ സൃഷ്ടികളില്‍ അങ്ങേക്ക് ഏറ്റവും ഇഷ്ടപ്പെട്ട അബൂബക്കര്‍(റ)ന്റെ മകള്‍ ആഇശ(റ) അങ്ങയില്‍ വിശ്വസിക്കുകയും അങ്ങയില്‍ പിന്‍പറ്റുകയും ചെയ്ത സൗദ ബിന്‍ത് സംഅ, ഖൗല വിശദീകരിച്ചു. നബി(സ) അന്വേഷിച്ചു വരാന്‍ സമ്മതം നല്‍കി. ഖൗല(റ) സൗദ(റ) വിന്റെ അടുത്ത് ചെന്ന് നബി(സ) യുമായി വിവാഹ ബന്ധത്തിലേര്‍പ്പെടുന്നതിനെക്കുറിച്ച് സംസാരിച്ചു. സൗദ(റ)യുടെ ആവശ്യപ്രകാരം ഇക്കാര്യം കുടുംബത്തിലെ കാരണവരായ അബൂബക്കറിനെ അറിയിച്ചു. മാന്യവും ഉചിതവുമായ ബന്ധമെന്ന് പറഞ്ഞ് വിവാഹം നടത്തിക്കൊടുത്തു. ആദ്യം ആഇശ(റ)യെ അല്ല സൗദ(റ)യെ ആണ് നബി(സ)വിവാഹം ചെയ്തതെന്നാണ് പ്രബലാഭിപ്രായം. ഖദീജ(റ) വഫാത്തായ അതേ മാസത്തില്‍ തന്നെയാണ് സൗദ(റ)യെ നബി(സ) വിവാഹം ചെയ്തത്.

  ആദ്യ ഘട്ടത്തില്‍ തന്നെ ഇസ്്‌ലാമിലേക്ക് കടന്നു വന്ന ഹസ്രത്ത് സൗദ(റ) ആദര്‍ശ സംരക്ഷണത്തിന് ഏറെ പീഢനങ്ങള്‍ സഹിച്ചു. ഭര്‍ത്താവ് സക്‌റാനു ബ്‌നു അംറും(റ) ആദ്യ കാലത്ത് ഇസ്്‌ലാം ആശ്ലേഷിച്ചിരുന്നു. ശത്രുക്കളുടെ ഉപരോധത്തെ തുടര്‍ന്ന് നബി(സ)യും സഹായികളും ശിഅ്ബു അബീഥാലിബില്‍ പ്രവേശിച്ചപ്പോള്‍ നബി(സ)യുടെ നിര്‍ദേശമനുസരിച്ച് 101 പേര്‍ എത്യോപ്യയിലേക്ക് പാലായനം ചെയ്തു. അക്കൂട്ടത്തില്‍ സൗദ(റ), ഭര്‍ത്താവ് സക്‌റാന്‍(റ)വും ഉണ്ടായിരുന്നു.

എത്യോപ്യയിലെ പ്രതികൂല കാലാവസ്ഥ തരണം ചെയ്യാന്‍ കഴിയാതെ മഹതിയും ഭര്‍ത്താവും അധികം താമസിക്കാതെ മക്കയിലേക്ക് തന്നെ മടങ്ങി. രോഗശയ്യയിലായ സക്‌റാന്‍(റ)  തന്റെ സഹധര്‍മ്മിണിയെ വിധവയാക്കിക്കൊണ്ട് വഫാത്തായി. വിധവയും അബലയുമായ സൗദ(റ)യെ ഇസ്്‌ലാമിന്റെ കഠിന ശത്രുക്കളായ ആമിര്‍ ഗോത്രത്തിന് ഏല്‍പിച്ചു കൊടുത്താല്‍ ആദര്‍ശം സംരക്ഷിക്കപ്പെടുകയില്ല. കുലീനയായ സൗദ(റ)യെ ഏതെങ്കിലും താഴ്ന്ന ഗോത്രക്കാര്‍ക്ക് വിവാഹം ചെയ്തു കൊടുക്കലും ശരിയല്ല. അബലയായ വിധവയെ അനുയോജ്യമായ രീതിയില്‍ സംരക്ഷിക്കാന്‍ ഉദ്ദേശിച്ചായിരുന്നു നബി(സ) വിവാഹം ചെയ്തത്.

നബി(സ) മദീനയിലെത്തിയപ്പോള്‍ അവിടെ നിര്‍മിച്ച പള്ളിയോടനുബന്ധിച്ച് കുടുംബത്തിന് താമസിക്കാന്‍ വീടു പണിതിരുന്നു. മദീനയിലെത്തിയ സൗദ(റ)യെ അവര്‍ക്ക് വേണ്ടി പണിത വീട്ടില്‍ താമസിപ്പിച്ചു. മഹതിയെ സംബന്ധിച്ചിടത്തോളം ഇത് രണ്ടാമത്തെ ഹിജ്‌റയാണ്. ഖദീജ ബീവി(റ)ക്ക് ശേഷം കൂടുതല്‍ കാലം പ്രവാചക പത്‌നി പദവിയിലിരിക്കാന്‍ സൗഭാഗ്യം ലഭിച്ചത് സൗദ(റ), ആഇശ(റ) എന്നിവര്‍ക്കാണ്.

നബി(സ)യുടെ ഭാര്യമാരുമായി മഹതി മാതൃകായോഗ്യമായ നല്ല ബന്ധം പുലര്‍ത്തി ആഇശ(റ) പറയുന്നു: സൗദ(റ) പ്രായമായപ്പോള്‍ അവര്‍ക്ക് വേണ്ടി നബി(സ) നിശ്ചയിച്ച ദിവസങ്ങള്‍ എനിക്ക് വിട്ടുതരാറുണ്ടായിരുന്നു. അവ എനിക്കും മറ്റു ഭാര്യമാര്‍ക്കുമായി റസൂല്‍ വീതിച്ചു തരുമായിരുന്നു.

നബി(സ)ക്ക് ഭാര്യമാര്‍ക്കിടയില്‍ വിഹിതം നല്‍കല്‍ നിര്‍ബന്ധമില്ലെങ്കിലും ഉത്കൃഷ്ട ധാമ്മിക മൂല്യങ്ങളെ പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി നിയുക്തരായ നബി(സ) ഭാര്യമാര്‍ക്കിടയില്‍ വിഹിതം നല്‍കുന്നതില്‍ ശ്രദ്ധിച്ചിരുന്നു. പ്രായം കുറഞ്ഞവര്‍ക്കിടയില്‍ സൗദ(റ)ക്ക് മാനസിക വിഷമമുണ്ടാകുമെന്ന് സംശയിച്ച് ആവശ്യമെങ്കില്‍ വിവാഹമോചനം നല്‍കാമെന്ന് അറിയിച്ചു. അപ്പോള്‍ മഹതി പറഞ്ഞു: ഞാനത് ആഗ്രഹിക്കുന്നില്ല. ഞാന്‍ അവിടുത്തെ കീഴില്‍ കഴിയട്ടെ. അല്ലാഹുവാണെ സത്യം ഇത് ഭര്‍ത്താക്കന്‍മാരുടെ കാര്യത്തില്‍ ആവശ്യം ഉണ്ടായത് കൊണ്ട് പറയുകയല്ല. മറിച്ച് അല്ലാഹു എന്നെ  അങ്ങയുടെ ഭാര്യയായി പുനര്‍ ജീവിപ്പിക്കട്ടെ എന്ന് ആഗ്രഹിച്ചുകൊണ്ടാണ്. അസൂയ തീരെയില്ലാത്ത സ്ത്രീയെന്നാണ് ആയിശ(റ) മഹതിയെ വിശേഷിപ്പിച്ചത്.

 തന്റെ പിതാവിന്റെ അടിമസ്ത്രീയില്‍ ജനിച്ചതിനാല്‍ എന്റെ സഹോദരനാണെന്ന് സംഅയുടെ മകനും മറ്റൊരാളും തമ്മില്‍ തര്‍ക്കിച്ചപ്പോള്‍ നബി(സ) സംഅയുടെ മകനോട് അവനെ ചേര്‍ക്കാന്‍ പറഞ്ഞുകൊണ്ട് പ്രസിദ്ധമായ നിയമം പ്രഖ്യാപിച്ചു.

 'കുട്ടി ഉടമസ്ഥനും വ്യഭിചാരിക്ക് കല്ലുമാണ്.' ഒരാള്‍ ലൈംഗിക ബന്ധം പുലര്‍ത്തുന്ന അടിമസ്ത്രീയെ മറ്റൊരാള്‍ വ്യഭിചരിച്ചാലും ആ അടിമസ്ത്രീയില്‍ ജനിക്കുന്ന കുട്ടി ഉടമസ്ഥനിലേക്കാണ് ചേര്‍ക്കപ്പെടുക. എന്നാല്‍ സാദൃശ്യം കാരണത്താല്‍ സഹോദരനാണെന്ന് പ്രഖ്യാപിക്കപ്പെട്ട ശേഷവും സൗദ(റ)യോട് അവനില്‍ നിന്ന് അന്യ പുരുഷനെപ്പോലെ മറയണമെന്ന് നബി(സ) കല്‍പിച്ചു. ഇഹലോകവാസം വെടിയും വരെ സൂക്ഷ്മത പാലിച്ചു കൊണ്ട് ആ സഹോദരനെ കാണാതെ മഹതി ജീവിച്ചു. വിശ്വാസികളുടെ ഉമ്മമാര്‍ ജീവിതത്തില്‍ പുലര്‍ത്തിയ സൂക്ഷ്മതയിലേക്ക് ഈ സംഭവം വിരല്‍ ചൂണ്ടുന്നു.

ഖലീഫ ഉമര്‍(റ)ന്റെ ഭരണത്തിന്റെ അവസാന കാലത്ത് മഹതി വഫാത്തായി ജന്നതുല്‍ ബഖീഇല്‍ മറവു ചെയ്യപ്പെട്ടു.

3. ഹസ്രത്ത് ആഇശ (റ)


പിതാവ് : അബൂബക്കര്‍ സിദ്ദീഖ്(റ)

മാതാവ് : ഉമ്മു റുമാന്‍

കുടുംബം : ഖുറൈശി ഗോത്രത്തിലെ തൈം

ജനനം : നുബുവ്വത്തിന്റെ നാലാം വര്‍ഷം

വിളിപ്പേര് : ഉമ്മു അബ്ദില്ല

വിവാഹം : നുബുവ്വത്തിന്റെ പത്താം വര്‍ഷം

മഹര്‍        : 500 ദിര്‍ഹം )400 എന്നും അഭിപ്രായമുണ്ട്(

വഫാത്ത് : ഹിജ്‌റ 58 റമളാന്‍ 17 തിങ്കളാഴ്ച്ച

അന്ത്യവിശ്രമം : ബഖീഅ്

2210 ഹദീസ് നിവേദനം ചെയ്തു

 പശ്ചാത്തലം 

  നബി(സ) യുടെ ഭാര്യമാരില്‍ ഏക കന്യക ആയിശ(റ) ആയിരുന്നു. മറ്റുള്ളവരെല്ലാം വിധവകളായിരുന്നു. ഖദീജ(റ)യുടെ വിയോഗ ശേഷം ഏകാന്തത അനുഭവിക്കുന്ന നബി(സ)യോട് ഖൗല(റ) ആയിശ(റ)യെയും സൗദ(റ)യെയും വിവാഹം ചെയ്യുന്നതിനെക്കുറിച്ച് അന്വേഷിച്ച സംഭവം മുമ്പ് വിവരിച്ചിട്ടുണ്ട്.

ഒരിക്കല്‍ നബി(സ) ഒരു സ്വപ്‌നം കണ്ടു. മലക്ക് തന്റെ സമീപത്ത് ഒരു പട്ടുവസ്ത്രത്തില്‍ പൊതിഞ്ഞ് ഒരു വസ്തു കൊണ്ട് വന്നു എന്താണെന്നന്വേഷിച്ചപ്പോള്‍ നിങ്ങളുടെ പത്‌നിയാണെന്ന് പറഞ്ഞു. നബി(സ) ആ പൊതി തുറന്നു നോക്കിയപ്പോള്‍ അതിനുള്ളില്‍ ആയിശ(റ)യായിരുന്നു. ഈ സ്വപ്‌നം നുബുവ്വത്തിന്റെ പത്താം വര്‍ഷം പുലര്‍ന്നു.

 6ാം വയസ്സില്‍ വിവാഹവും 9ാം വയസ്സില്‍ മധുവിധു ആഘോഷവും നടന്നു. രണ്ടും ശവ്വാല്‍ മാസത്തിലായിരുന്നു. ശവ്വാലിലെ വിവാഹം ബന്ധത്തെ ദുര്‍ബലമാക്കുമെന്ന അന്ധവിശ്വാസത്തെ ദൂരീകരിച്ച് കൊണ്ട് ആയിശാ(റ)പറഞ്ഞു; 'റസൂല്‍(സ) എന്നെ വിവാഹം ചെയ്തതും വീട്ടില്‍കൂടിയതും ശവ്വാലിലായിരുന്നു. നബിയുടെ പത്‌നിമാരില്‍ എന്നേക്കാള്‍ ഭാഗ്യവതി ആരാണ്്.?'

  നബി(സ) യുടെ ഏറ്റവും അടുത്ത അനുയായി അബൂബക്കര്‍ സിദ്ദീഖി(റ)ന്റെ മകളുമായുള്ള വിവാഹം ആത്മമിത്രവുമായുള്ള ബന്ധം ദൃഢമാക്കുന്നതായിരുന്നു. മാത്രമല്ല അസാധാരണമായ സാമര്‍ത്ഥ്യവും ബുദ്ധിവൈഭവവുമുള്ള ചെറുപ്പക്കാരിയായ ആയിശ(റ)യില്‍ നിന്നാണ് നബി(സ)യുടെ സ്വകാര്യജീവിതവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ സമൂഹത്തിന് ലഭിച്ചത്.

 നബി(സ) ആയിശ(റ)യെ വിവാഹം ചെയ്തതിന്റെ ഏറ്റവും വലിയ ഗുണഫലം വൈജ്ഞാനികമായിരുന്നു. 2210 ഹദീസുകള്‍ നിവേദനം ചെയ്ത ആയിശ(റ) സര്‍വ്വവിഷയങ്ങളിലും വലിയ അവലംബമായിരുന്നു.

        വിവാഹം മക്കയില്‍ വെച്ചായിരുന്നുവെങ്കിലും വീടുകൂടിയത് മദീനയിലേക്ക് ഹിജ്‌റ പോയ ശേഷമായിരുന്നു. മസ്ജിദുന്നബവിയുടെ തൊട്ടടുത്തുള്ള തന്റെ റൂമിലിരുന്ന് ആയിശ(റ) എല്ലാം നിരീക്ഷിച്ച് മനസ്സിലാക്കി. തികച്ചും നബി(സ)യുടെ ശിക്ഷണത്തില്‍ വളര്‍ന്നതിനാലും പിതാവ് നബി(സ)യുടെ ഏറ്റവും അടുത്ത അനുയായി ആയിരുന്നതിനാലും വിശുദ്ധ ഖുര്‍ആന്‍ കൃത്യമായി വ്യാഖ്യാനിക്കാനും പ്രവാചക ചര്യ, വിശിഷ്യ സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പ്രചരിപ്പിക്കാനും മഹതിക്ക് കഴിഞ്ഞു.

        നബി(സ) പള്ളിയില്‍ ഇഅ്തികാഫ് ഇരിക്കുമ്പോള്‍ ആയിശ(റ)ന്റെ റൂമിലേക്ക് ശിരസ്സ്് നീട്ടിക്കൊടുക്കുകയും ആയിശ(റ) അവിടുത്തെ തലമുടി ചീകിക്കൊടുക്കുകയും ചെയ്യാറുണ്ടായിരുന്നു എന്ന് ഇമാം ബുഖാരി നിവേദനം ചെയ്തിട്ടുണ്ട്. നബി(സ)വഫാത്തായത് ആയിശാ(റ)യുടെ റൂമില്‍ വെച്ചായിരുന്നു. അതേ സ്ഥലത്താണ് നബി(സ)യെ മറവ്‌ചെയ്തത്. തന്റെ വീട്ടില്‍ മൂന്ന് ചന്ദ്രന്‍ പൊട്ടി വീണതായി മഹതി സ്വപ്‌നം കണ്ടു. അതിന്റെ സാക്ഷാത്കാരമായി നബി(സ), അബൂബക്കര്‍(റ), ഉമര്‍(റ) എന്നിവര്‍ അവിടെ മറവ് ചെയ്യപ്പെട്ടു.

       ഹിജ്‌റ 11 ാം വര്‍ഷം റബീഉല്‍അവ്വല്‍ 12ന് തിങ്കളാഴ്ച ആഇശ(റ)യുടെ മാറിടത്തോട് ചാരിയിരുന്ന്  തന്റെ സഹോദരന്‍ അബ്ദുറഹ്്മാന്റെ കയ്യില്‍ നിന്ന് മിസ്‌വാക് വാങ്ങി കടിച്ച് പാകപ്പെടുത്തി നബി(സ)ക്ക് നല്‍കി. നബി(സ) അത്‌കൊണ്ട് മിസ്‌വാക് ചെയ്തു. പിന്നെ താമസിച്ചില്ല. നബി(സ) ഈ ലോകത്തോട് വിടപറഞ്ഞു. അപ്പോള്‍ ആയിശ(റ)യുടെ വയസ്സ് 18 ആയിരുന്നു.

 അപവാദം, തയമ്മും


വ്യഭിചാരാരോപണത്തിന്ന് 80 അടി നല്‍കണമെന്ന നിയമം ആയിശ(റ)യുമായി ബന്ധപ്പെട്ടാണ് ഇറങ്ങിയത്, അത് പോലെ ആയിശ(റ) കാരണമായി യാത്രയില്‍ വെള്ളമില്ലാതെ ബുദ്ധിമുട്ടിയപ്പോഴാണ് തയമ്മും നിയമമാക്കപ്പെട്ടത്.

ഔദാര്യം


         ഏറ്റവും ലളിതമായ ജീവിതമാണ് മഹതി നയിച്ചിരുന്നത്. സ്വയം പട്ടിണി കിടന്നു. അന്യര്‍ക്ക് ദാനം ചെയ്യാന്‍ ശ്രദ്ധിച്ചിരുന്നു. ഒരിക്കല്‍ മുആവിയ(റ) ഒരു ലക്ഷം ദിര്‍ഹം മഹതിക്ക് അയച്ചു കൊടുത്തു. അന്നുതന്നെ അത് മുഴുവന്‍ ദാനം ചെയ്തു. അന്ന് നോമ്പ് തുറക്കാന്‍ പോലും അതില്‍ നിന്ന് ഒന്നും ബാക്കിവെച്ചില്ല. അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ) കൊടുത്തയച്ച ഒരു ലക്ഷം ദിര്‍ഹമും ആളുകള്‍ക്ക് വീതിച്ചുകൊടുത്തു.

വിമര്‍ശനം 

നബി(സ) ചെറുപ്പക്കാരിയായ  ആയിശ(റ) വിനെ വിവാഹം ചെയ്തതിനെ ഇസ്്‌ലാമിന്റെ ശത്രുക്കള്‍ വിമര്‍ശിക്കുന്നുണ്ട്. നബി(സ)യെ കുറിച്ച്  പഠിക്കാത്തതുകൊണ്ടാണ് എല്ലാ വിമര്‍ശനവും. ആറാം വയസ്സില്‍ ആയിശ(റ)യെ നബി(സ)ക്ക് വേണ്ടി വിവാഹാലോചന നടത്തിയ ഖൗല(റ)യോട് ആയിശ(റ)യുടെ മാതാവ് പറഞ്ഞത്: മുത്ഇമ് ബ്‌നു അദിയ്യ് തന്റെ പുത്രന് വേണ്ടി ആയിശ(റ)യെ അന്വേഷിച്ചിരുന്നു എന്നാണ്. അവര്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറിയെന്ന് ഉറപ്പ് നല്‍കിയ ശേഷമാണ് അബൂബക്കര്‍(റ) നബി(സ)തങ്ങള്‍ക്ക് തന്റെ മകള്‍ ആയിശ(റ)യെ വിവാഹം ചെയ്തുകൊടുത്തത്. ആ കാലത്തെ പതിവനുസരിച്ച് ശൈശവ വിവാഹം സാര്‍വത്രികമായിരുന്നു.

നബി(സ) തങ്ങള്‍ക്ക് ഒറ്റ രാത്രികൊണ്ട് എല്ലാ ഭാര്യമാരേയും തൃപ്തിപ്പെടുത്താനുള്ള ആരോഗ്യം അല്ലാഹു നല്‍കിയിരുന്നു. അനസ്(റ)ല്‍ നിന്ന് നിവേദനം, നിശ്ചയം നബി(സ)ക്ക് മുപ്പതാളുകളുടെ ശക്തി നല്‍കപ്പെട്ടതായി ഞങ്ങള്‍ സംസാരിക്കാറുണ്ടായിരുന്നു (ബുഖാരി).

 പ്രസ്തുത വിവാഹത്തില്‍ എല്ലാവര്‍ക്കും പരിപൂര്‍ണ്ണ സംതൃപ്തിയുണ്ടായിരുന്നു. നബിയുടെ ഭാര്യമാരില്‍ ഏറ്റവും ഭാഗ്യവതി താനാണെന്ന് ആയിശ(റ) തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പതിനെട്ട് വയസ്സിന് മുമ്പ് സ്ത്രീകള്‍ക്ക് വിവാഹം തടയുന്നത് മതപരമായും ബുദ്ധിപരമായും അനുയോജ്യമല്ല.

നബി(സ) ഭാര്യമാരോട് എങ്ങിനെ പെരുമാറിയെന്ന് ആയിശ(റ)യുടെ ജീവചരിത്രം നമ്മെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ആയിശ(റ)ല്‍ നിന്ന് തുര്‍മുദി(റ) നിവേദനം ചെയ്യുന്നു: നബി(സ) പറഞ്ഞു: നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ തന്റെ ഭാര്യയോട് ഉത്തമമായി പെരുമാറുന്നവരാണ്. ഞാന്‍ എന്റെ ഭാര്യമാരോട് ഏറ്റവും നന്മ ചെയ്യുന്നവരാണ്. ആയിശ(റ) പറഞ്ഞു: ഭാര്യമാരെ മുഴുവന്‍ നബി(സ) സന്ദര്‍ശിക്കാത്ത ദിവസങ്ങള്‍ കുറവാണ്. എല്ലാവരോടും ക്ഷേമാന്വേഷണങ്ങള്‍ നടത്തി അന്ന് താമസിക്കാന്‍ നിശ്ചയിക്കപ്പെട്ട ഭാര്യയുടെ സമീപത്ത് രാത്രി താമസിക്കുമായിരുന്നു. (അബൂ ദാവൂദ്)

സ്‌നേഹപ്രകടനം

  ഉര്‍വ്വ(റ) നിവേദനം ചെയ്യുന്നു, ആയിശ(റ) പറഞ്ഞു: നബി(സ) തന്റെ ചില ഭാര്യമാരെ ചുംബിച്ച ശേഷം വുളൂഅ് ചെയ്യാതെ നിസ്‌ക്കാരത്തിന് പുറപ്പെട്ടു. ഞാന്‍ ചോദിച്ചു അത് നിങ്ങളായിരുന്നില്ലെ. അപ്പോള്‍ മഹതി ചിരിച്ചു (തുര്‍മുദി). ആയിശ(റ) പറഞ്ഞു: നബി(സ) നോമ്പുകാരനായിരിക്കെ ചുംബിക്കാറുണ്ട്. തന്റെ ആവശ്യം ഏറ്റവും അടക്കിനിര്‍ത്തുന്നവരായിരുന്നു (ബുഖാരി). മറ്റൊരിക്കല്‍ മഹതി പറഞ്ഞു: ഞാന്‍ ആര്‍ത്തവകാരിയായിരിക്കെ വെള്ളം കുടിച്ച ശേഷം നബി(സ)ക്ക് നല്‍കിയപ്പോള്‍ ഞാന്‍ വായ വെച്ച അതെ സ്ഥലത്ത് വായ ചേര്‍ത്ത് വെച്ച് കുടിക്കുമായിരുന്നു (മുസ്്‌ലിം). മഹതി പറഞ്ഞു: എനിക്ക് നബി(സ) വഫാത്ത് സമയത്ത് എന്റെയും നബി(സ)യുടെയും ഉമിനീര്‍ അല്ലാഹു ഒരുമിച്ചു കൂട്ടിയത് അല്ലാഹു നല്‍കിയ വലിയ അനുഗ്രഹത്തില്‍ പെട്ടതാണ്.

വിളിയും കളിയും

          ആയിശ(റ)പറഞ്ഞു: ഒരു ദിവസം നബി(സ): 'ആയിശ! ഇതാ ജിബ്‌രീല്‍ നിന്നോട് സലാം പറയുന്നുണ്ട്' എന്ന് പറഞ്ഞു. ആയിശത് എന്നതിലെ അവസാന അക്ഷരം ഒഴിവാക്കിയാണ് അപ്പോള്‍ വിളിച്ചത്. ഇത് സ്‌നേഹപ്രകടനമാണ്. മറ്റൊരിക്കല്‍ എത്യോപ്യയില്‍ നിന്നുള്ള സംഘം പള്ളിയില്‍ ആയുധ പരിശീലനത്തിന്റെ ഭാഗമായി അഭ്യാസപ്രകടനം നടത്തിയപ്പോള്‍ നബി(സ) മഹതിയെ വിളിച്ചു. യാ ഹുമൈറാ! നിനക്ക് കാണണോ? (ചുവപ്പ് കലര്‍ന്ന വെളുപ്പു നിറമുള്ള ചെറിയവള്‍ എന്നര്‍ത്ഥം) ഭാര്യമാരെ എങ്ങനെ വിളിക്കണമെന്നുപോലും അവിടുത്തെ ജീവിതത്തിലൂടെ ലോകത്തിന് കാണിച്ചുതന്നു മുത്ത് നബി(സ).

സദ്യകളിലേക്ക് കൊണ്ടുപോകല്‍ 

         അയല്‍വാസിയായ നല്ല വിഭവങ്ങളുണ്ടാക്കാനറിയുന്ന പേര്‍ഷ്യക്കാരന്‍ നബി(സ)യെ മാത്രം ക്ഷണിച്ചപ്പോള്‍ നബി(സ) ക്ഷണം സ്വീകരിച്ചില്ല. ആയിശ(റ)യെ കൂടി ക്ഷണിച്ചപ്പോള്‍ മാത്രമാണ് ക്ഷണം സ്വീകരിച്ചത്(മുസ്‌ലിം). ഇമാം നവവി(റ) പറഞ്ഞു: ഇത് നബി(സ) യുടെ നല്ല സഹവാസത്തിന്റെ ഭാഗമാണ്. ഭക്ഷണം കൊണ്ട് പ്രത്യേകമാക്കപ്പെടാന്‍ അവിടുന്ന് ഇഷ്ടപ്പെട്ടില്ല (ശറഹു മുസ്‌ലിം).

വികാരം മാനിക്കല്‍

          ഭാര്യമാരുടെ വികാരങ്ങളെ മാനിച്ചുകൊണ്ടാണ് നബി(സ) ഇടപഴകിയിരുന്നത്. അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ വായിച്ചെടുക്കാന്‍ നബി(സ) സമയം കണ്ടെത്തി. ഒരിക്കല്‍ നബി(സ) ആയിശ(റ)യോട് പറഞ്ഞു: നീ കോപിച്ചാലും ഇഷ്ടപ്പെട്ടാലും ഞാന്‍ അറിയും. നീ ഇഷ്ടപ്പെട്ടാല്‍ 'വറബ്ബി മുഹമ്മദ്' എന്നും കോപിച്ചാല്‍ 'വറബ്ബി ഇബ്‌റാഹീം' എന്നുമാണ് പറയുക. അതെ, ഞാന്‍ അങ്ങയുടെ നാമത്തെ മാത്രമെ വെടിയുന്നുള്ളൂ(ബുഖാരി).

ഒന്നിച്ചുള്ള കുളി

         ആയിശ(റ) പറഞ്ഞു: ഞാനും അല്ലാഹുവിന്റെ റസൂലും ഒരേ പാത്രത്തില്‍ നിന്ന് കുളിക്കുമായിരുന്നു. ഞങ്ങള്‍ മത്സരിച്ചുകൊണ്ട് വേഗത്തില്‍ വെള്ളം മുക്കിയെടുക്കുമ്പോള്‍ എനിക്കും വേണമെന്ന് പരസ്പരം പറയുമായിരുന്നു(ബുഖാരി).

സാന്ത്വനം

          ഹജ്ജ് വേളയില്‍ ആയിശബീവി(റ)ക്ക് ആര്‍ത്തവമുണ്ടായി. നബി(സ) പ്രവേശിച്ചപ്പോള്‍ കരഞ്ഞിരിക്കുന്നത് കണ്ടു. എന്തേ ആര്‍ത്തവമുണ്ടായോ? നബി(സ) ചോദിച്ചു. അതെ എന്നു പറഞ്ഞപ്പോള്‍ ഇത് നിശ്ചയം അല്ലാഹു മനുഷ്യസ്ത്രീകള്‍ക്ക് നിശ്ചയിച്ചതാണ്. കഅ്ബ പ്രദിക്ഷണമല്ലാത്തതെല്ലാം നീ ചെയ്യുക, എന്ന് പറഞ്ഞ് മഹതിയെ സാന്ത്വനപ്പെടുത്തി. രോഗം വന്നാലും നബി(സ) ശരീരത്തില്‍ തടവിയും മന്ത്രിച്ചും ആശ്വാസമേകിയിരുന്നതായി ആയിശ(റ) നിവേദനം ചെയ്തിട്ടുണ്ട്.

 സഹനം 

        ഒരിക്കല്‍ അബൂബകര്‍(റ) നബി(സ)യെ വീട്ടിലേക്ക് സമ്മതം ചോദിച്ചപ്പോള്‍ ആയിശ(റ)യുടെ ശബ്ദം ഉയര്‍ന്നതായി കേട്ടു. ഉടനെ അതിന്റെ പേരില്‍ മകളെ ശകാരിച്ചു. അപ്പോള്‍ നബി(സ) ആയിശ(റ)ക്ക് അനുകൂലമായി സംസാരിച്ചു. അബൂബക്ര്‍(റ) പുറത്ത് പോയപ്പോള്‍ നബി(സ) പറഞ്ഞു: 'നിന്നെ ഞാന്‍ അയാളില്‍ നിന്ന് രക്ഷപ്പെടുത്തിയത് നീ കണ്ടില്ലെ' ശേഷം അവര്‍ സന്തോഷത്തോടെ ചിരിക്കുമ്പോള്‍ കയറിവന്ന അബൂബകര്‍(റ) പറഞ്ഞു: നിങ്ങളുടെ യുദ്ധത്തില്‍ എന്നെ പങ്കെടുപ്പിച്ചപോലെ  സമാധാനത്തിലും പങ്കാളിയാക്കൂ(അഹ്മദ്)

വീട്ടുജോലികളില്‍ സഹായം 


        നബി(സ) വീട്ടിലെത്തിയാല്‍ തന്റെ  ഭാര്യമാരെ സഹായിക്കുന്നവരായിരുന്നു എന്ന് ആയിശ(റ) പറഞ്ഞിട്ടുണ്ട.് അസ്‌വദ്(റ)ല്‍ നിന്ന് നിവേദനം: ആയിശ(റ)യോട് ചോദിച്ചു. നബി(സ) വീട്ടില്‍ എന്താണ് ചെയ്യാറുള്ളത്? മഹതി പറഞ്ഞു: തന്റെ വീട്ടുകാര്‍ക്ക് വേണ്ടി ജോലിചെയ്യുമായിരുന്നു. നിസ്‌കാരസമയമായാല്‍ അതിലേക്ക് പുറപ്പെടും(ബുഖാരി).

വൃത്തി, സുഗന്ധം, ഭംഗിയാവല്‍


ഭാര്യ ഭര്‍ത്താവിനു വേണ്ടി അണിഞ്ഞൊരുങ്ങുന്നത് പോലെ ഭര്‍ത്താവ് ഭാര്യക്കുവേണ്ടി വൃത്തിയായി, സുഗന്ധമുപയോഗിച്ച് ഒരുങ്ങല്‍ സുന്നത്താണ്. നബി(സ) വീട്ടിലെത്തിയാല്‍ ആദ്യം മിസ്‌വാക് കൊണ്ടാണ് ആരംഭിക്കുകയെന്ന് ആയിശ(റ) പറയുന്നു. സുഗന്ധം നബി(സ)ക്ക് ഏറെ ഇഷ്ടമായിരുന്നു. ദുര്‍ഗന്ധമുള്ളതൊന്നും നബി(സ) ഭക്ഷിക്കുമായിരുന്നില്ല. പള്ളിയില്‍ ഇ്തികാഫിലായിരിക്കുമ്പോള്‍ ആയിശ(റ)ന്റെ മുറിയിലേക്ക് തല അടുപ്പിച്ച് കൊടുത്ത് മുടി ചീകാന്‍ ആവശ്യപ്പെടുമായിരുന്നു(ബുഖാരി).

ആഘോഷനാളിലെ വിനോദം

       പെരുന്നാളിനോടനുബന്ധിച്ച് പാട്ടു പാടി ആഘോഷിക്കാനും അത് ആസ്വദിക്കാനും നബി(സ) അനുവദിച്ചിരുന്നു. ദഫ് മുട്ടാനും പാട്ടുപാടാനും അവര്‍ ആയിശ(റ)യുടെ വീട്ടില്‍ ഒരുമിച്ചു കൂടിയിരുന്നു. ആയിശ(റ) പറയുന്നു: എന്റെ സമീപം രണ്ടു പെണ്‍കുട്ടികള്‍ പാട്ടുപാടികൊണ്ടിരിക്കെ നബി(സ) വന്നു. നബി(സ) വിരിപ്പില്‍ മുഖംതിരിച്ച് കിടന്നു. ഉടനെ അബൂബകറ്(റ) കടന്നുവന്ന് അവരെ പാട്ടില്‍ നിന്ന് വിലക്കി. അപ്പോള്‍ നബി(സ)പറഞ്ഞു'അവരെ വിടൂ'. ഇബ്‌നുഹജറുല്‍ അസ്ഖലാനി(റ) പറയുന്നു: കുടുംബത്തിന് ആഘോഷവേളകളില്‍ മാനസികോല്ലാസമുണ്ടാകുന്ന കാര്യങ്ങള്‍കൊണ്ട് വിശാലത ചെയ്യണമെന്ന് ഈ ഹദീസില്‍ നിന്ന് മനസ്സിലാക്കാം.(ഫത്ഹുല്‍ ബാരി)

ഓട്ട മത്സരം

         മാനസികോല്ലാസമുണ്ടാകുന്ന പ്രവര്‍ത്തികള്‍ ഭാര്യമാരെ സന്തോഷിപ്പിക്കുമെന്നതില്‍ തര്‍ക്കമില്ല. തിരക്കുപിടിച്ച ജോലിക്കിടയിലും നബി(സ) ഓട്ട മത്സരത്തിനുവരെ സമയം കണ്ടെത്തിയതായി ആയിശ(റ) നിവേദനം ചെയ്തിട്ടുണ്ട്. ഒരു യാത്രയില്‍ അനുയായികളോട് മുമ്പില്‍ പോകാന്‍ ആവശ്യപ്പെട്ട് നബി(സ) ആയിശ(റ)യുമായി ഓട്ടമത്സരം നടത്തി. മെലിഞ്ഞ ശരീര പ്രകൃതിയുള്ള ആരോഗ്യവതിയായ ആയിശ(റ) വിജയിച്ചു. പിന്നീട് തടിച്ച ശേഷം മറ്റൊരു യാത്രയില്‍ ഇതുപോലെ മത്സരം നടത്തിയപ്പോള്‍ നബി(സ) വിജയിച്ചു. ചിരിച്ചുകൊണ്ട് ഇത് അതിനുള്ള പകരമാണെന്ന് നബി(സ) എന്നോട് പറഞ്ഞു.(അഹ്മദ്)

ആരാധനകള്‍ക്ക് പ്രചോദനം

        ആയിശ(റ) പറയുന്നു: നബി(സ) രാത്രി നിസ്‌കരിക്കാറുണ്ടായിരുന്നു. വിത്ര്‍ കഴിഞ്ഞാല്‍' 'എഴുന്നേല്‍ക്കൂ വിത്ര്‍ നിസ്‌കരിക്കൂ ആയിശ' എന്ന് പറയുമായിരുന്നു(ബുഖാരി). ആയിശ(റ)പറഞ്ഞു: ഞാന്‍ കഅ്ബയില്‍ കടന്ന് നിസ്‌കരിക്കാന്‍ ആഗ്രഹിച്ചു. അപ്പോള്‍ നബി(സ) തന്റെ കൈപിടിച്ച് ഹിജറില്‍ പ്രവേശിപ്പിച്ചു.  നീ കഅ്ബയില്‍ നിസ്‌കരിക്കാനുദ്ദേശിച്ചാല്‍ ഹിജ്‌റില്‍ നിസ്‌കരിക്കുക. കാരണം, അത് കഅ്ബാലയത്തിന്റെ ഭാഗമാണ്(തുര്‍മുദി). ഒരിക്കല്‍ അവിടുന്ന് പറഞ്ഞു: 'ആയിശ നീ ഒരു കാരക്കയുടെ ചീള്‌കൊണ്ടാണെങ്കിലും നരകത്തില്‍ നിന്ന് മറതേടുക.(അഹ്്മദ്)

വിയോഗം

       ഹിജ്‌റ:58 റമളാന്‍17 തിങ്കളാഴ്ച്ച വിത്ര്‍ നിസ്‌കാരാനന്തരം 67 ാമത്തെ വയസ്സില്‍ ഈലോകത്തോട് വിടപറഞ്ഞു. മദീനയിലെ അന്നത്തെ ഗവര്‍ണര്‍ അബൂഹുറൈറ(റ) ജനാസ നിസ്‌കാരത്തിന് നേതൃത്വം നല്‍കി. ജന്നതുല്‍ ബഖീഇല്‍ മറവു ചെയ്യപ്പെട്ടു.

4. ഹസ്രത്ത് ഹഫ്‌സ (റ)


പിതാവ് : ഉമര്‍ ബ്‌നുല്‍ ഖത്വാബ്(റ)

മാതാവ് : ൈസന ബിന്‍ത് മളുഗൂന്‍

ജനനം : നുബുവത്തിന്റെ 5 വര്‍ഷം മുമ്പ്

കുടുബം : ഖുറൈശി ഗോത്രത്തിലെ അദിയ് വംശം

മുന്‍ ഭര്‍ത്താവ് : ഖുൈനസു ബ്‌നു ഹുദാഫ(റ)

വിവാഹം : ഹിജ്‌റ കഴിഞ്ഞ് 2 വര്‍ഷവും ആറ് മാസവുമായപ്പേള്‍

മഹര്‍        : 400 ദിര്‍ഹം

60 ഹദീസ് നിവേദനം ചെയ്തു

വഫാത്ത് : ഹിജ്‌റ 45 ശഅബാന്‍

അന്ത്യവിശ്രമം : ജന്നത്തുല്‍ ബഖീഅ്


        വിശ്വാസികളുടെ മാതാവാകാന്‍ അല്ലാഹു തെരഞ്ഞെടുത്തവരില്‍ പ്രമുഖ വനിതയാണ് ഉമര്‍(റ)വിന്റെ പുത്രി ഹഫ്‌സ(റ). ആദ്യ ഭര്‍ത്താവ് ഖുൈനസ്(റ) എത്യോപ്യയിലേക്ക് പാലായനം ചെയ്ത ആദ്യകാല അനുയായികളില്‍ ഒരാളായിരുന്നു. ഉഹ്ദു യുദ്ധത്തില്‍ മുറിവേറ്റ അദ്ദേഹം താമസിയാതെ പരലോകം പ്രാപിച്ചു. അന്ന് ഹഫ്‌സ(റ) വിന് 18 വയസ്സ് പ്രായം.

       തന്റെ മകള്‍ക്ക് ജീവിതം നല്‍കാന്‍ അനിയോജ്യനായ വരനെ കണ്ടുപിടിക്കാന്‍ ഉമര്‍(റ) അന്വേഷണമാരംഭിച്ചു. ഉസ്മാന്‍ ബ്‌നു അഫ്ഫാന്‍(റ), അബൂബക്കര്‍(റ) എന്നിവരെ സമീപിച്ചു. അവരില്‍ നിന്നും അനുകൂലമായ മറുപടി ലഭിക്കാത്തത് അദ്ദേഹത്തിന് കൂടുതല്‍ അസ്വസ്ഥതയുണ്ടാക്കി. നബി(സ) അദ്ദേഹത്തെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു: ഹഫ്‌സയെ ഉസ്മാനെക്കാള്‍ ശ്രേഷ്ഠനായ ഒരാള്‍ വിവാഹം ചെയ്യും. ഉസ്മാന്‍ ഹഫ്‌സയെക്കാള്‍ ശ്രേഷ്ഠയായ ഒരാളേയും വിവാഹം ചെയ്യും.

        നബി(സ)യുടെ പ്രവചനം പുലര്‍ന്നു. ഹഫ്‌സ(റ)നെ നബി(സ) വിവാഹം ചെയ്തു. ഉസ്മാന്‍(റ) പ്രവാചക പുത്രി ഉമ്മുകുല്‍സൂം(റ)നെയും. അബൂബക്കര്‍(റ)ന് ശേഷം ഏറ്റവും അടുത്ത അനുയായി ഉമര്‍(റ)ന്റെ പുത്രിയെ വിവാഹംചെയ്തതിലൂടെ വിധവ സംരക്ഷണം മാത്രമല്ല കൂട്ടുകാരനുമായുള്ള ബന്ധം ദൃഢമാക്കാനും ഖുറൈശികളിലെ അദ്യ്യ് വംശവുമായി കൂടുതല്‍ അടുക്കാനും കഴിഞ്ഞു.

         ഹഫ്‌സ(റ), ആയിശ(റ) എന്നിവരുമായി ബന്ധപ്പെട്ടാണ് സൂറത്തുത്തഹ്‌രീമിലെ പ്രഥമ സൂക്തങ്ങള്‍ അവതരിച്ചത്. ബുഖാരി ഇമാം(റ) ആയിശ(റ) യില്‍ നിന്ന് നവേദനം ചെയ്യുന്നു: നബി(സ) സൈനബ് ബിന്‍തു ജഹ്ശിന്റെയടുത്ത് വരികയും അവിടെ നിന്ന് തേന്‍ കുടിക്കുകയും ചെയ്യുമായിരുന്നു. അപ്പോള്‍ ഞാനും ഹഫ്‌സയും കൂടി ഒരു തീരുമാനമെടുത്തു. അവിടുന്ന് ഞങ്ങളില്‍ ആരുടെയടുത്ത് കടന്നുവന്നാലും അങ്ങ് എന്തോ വാസനയുള്ള വസ്തു ഭക്ഷിച്ചുവെന്ന് പറയുക. അങ്ങനെ നബി(സ) കടന്നുവന്നപാടെ അപ്രകാരം പറഞ്ഞു. അവിടുന്ന് പറഞ്ഞു: ഇല്ല, പക്ഷേ ഞാന്‍ സൈനബ് ബിന്‍ത് ജഹ്ശിന്റെ അടുത്ത് നിന്ന് തേന്‍ കുടിച്ചിരിക്കുന്നു. ഇനി ഞാന്‍ അപ്രകാരം ചെയ്യില്ല. തദവസരത്തില്‍ 'നബിയേ തങ്ങള്‍ക്ക് അനുവദിക്കപ്പെട്ടത് എന്തിന് നിഷിദ്ധമാക്കുന്നു' വെന്ന് തുടങ്ങിയ ഖുര്‍ആന്‍ സൂക്തം അവതരിച്ചു.(ബുഖാരി)

പ്രവാചക പത്‌നിമാരില്‍ ആയിശ(റ), ഹഫ്‌സ(റ) എന്നിവര്‍ക്കിടയില്‍ ശക്തമായ ബന്ധമുണ്ടായിരുന്നുവെന്ന് മേല്‍ സംഭവം വ്യക്തമാക്കുന്നു. എന്നാല്‍ വിശ്വാസികള്‍ക്ക് മാതൃകയാകുംവിധം അവരെ നബി(സ) സംസ്‌കരിച്ചെടുക്കുകയായിരുന്നു. പണ്ഡിതയും ഭക്തയുമായിരുന്ന ഹഫ്‌സ(റ) ഹിജ്‌റ 45 ശഅബാനില്‍ 63-ാം വയസ്സില്‍ വഫാത്തായി. ജന്നതുല്‍ ബഖീഇലാണ് ആന്ത്യവിശ്രമം.

5. ഹസ്രത്ത് സൈനബ (റ)


പിതാവ് : ഖുസൈമത്ത് ബ്‌നു ഹാരിസ്

മാതാവ് : ഔഫിന്റെ പുത്രി ഹിന്ദ്

കുടുംബം : ഹിലാല്‍ ഗോത്രം

ജനനം : നുബുവ്വത്തിന്റെ 14 വര്‍ഷം മുമ്പ്

സ്ഥാനപ്പേര്  : ഉമ്മുല്‍ മസാക്കിന്‍(ദരിദ്രരുടെ മാതാവ്)

മുന്‍ഭര്‍ത്താക്കന്മാര്‍ : ത്വുഫൈലു ബ്‌നു ഹാരിസ്, ഉബൈദ് ബ്‌നു ഹാരിസ്(റ), അബ്ദുല്ലാഹ ബ്‌നു ജഹ്ശ്(റ)

വിവാഹം : ഹിജ്‌റ മൂന്നാം വര്‍ഷം റമളാനില്‍

മഹ്ര്‍  : 500 ദിര്‍ഹം

വിയോഗം : ഹിജ്‌റ 3

           ദാരിദ്ര്യമനുഭവിക്കുന്ന വിഭാഗങ്ങളോട് നന്മയും കാരുണ്യവും വര്‍ദ്ധിപ്പിച്ചതിനാല്‍ ഉമ്മുല്‍ മസാകീന്‍ (ദിരദ്രരുടെ മാതാവ്) എന്ന അപര നാമത്തില്‍ അറിയപ്പെട്ട സൈനബ്(റ)ന് തന്റെ ജീവിതസായാഹ്‌നത്തില്‍ വിശ്വാസികളുടെ മാതാവാകാന്‍ അല്ലാഹു അനുഗ്രഹിച്ചു.

           ആദ്യ ഭര്‍ത്താവ് ത്വുഫൈല്‍ വിവാഹമോചനം നടത്തി. ശേഷം ഉബൈദുബ്‌നു ഹാരിസ്(റ) വിവാഹം ചെയ്തു. അവര്‍ ബദ്‌റില്‍ രക്തസാക്ഷിയായി. ശേഷം അബ്ദുല്ലാഹിബ്‌നു ജഹ്ശ്(റ) വിവാഹം ചെയ്തു. അദ്ദേഹം ഉഹ്ദ് യുദ്ധത്തില്‍ ശഹീദായി. ശേഷം മഹതിക്ക് അവലംബമായത് നബി(സ)യാണ്. ഹിജ്‌റയുടെ മൂന്നാം വര്‍ഷം റമളാനില്‍ ആയിരുന്നു വിവാഹം. മൂന്ന് മാസങ്ങള്‍ക്ക് ശേഷം മുപ്പതാം വയസ്സില്‍ മഹതി വഫാത്തായി. നബി(സ) ജനാസ നിസ്‌കരിച്ച ഏക പത്‌നി സൈനബ് (റ) ആണ്. നബി(സ)യുടെ ഭാര്യമാരില്‍ നിന്ന് ജന്നതുല്‍ ബഖീഇല്‍ ആദ്യമായി മറവ് ചെയ്യപ്പെട്ടത് മഹതിയെയാണ്. നബി(സ)യുടെ മാതൃക പിന്തുടര്‍ന്ന് യുദ്ധത്തില്‍ ഭര്‍ത്താക്കന്മാര്‍ നഷ്ടപ്പെട്ട് വിധവകളായ സ്ത്രീകളെ വിവാഹം ചെയ്യാന്‍ സ്വഹാബികള്‍ രംഗത്തു വന്നു എന്നത് ഈ വിവാഹത്തിന്റെ വലിയ ഗുണഫലമാണ്.

6. ഹസ്രത്ത് ഉമ്മുസല്‍മ(ഹിന്ദ്) (റ)

പിതാവ് : മുഗീറയുടെ പുത്രന്‍ അബൂ ഉമയ്യ

മാതാവ് : ആമിന്റെ പുത്രി ആതിഖ

കുടുംബം : ഖുറൈശി ഗോത്രത്തിലെ ബനൂ മഖ്‌സൂം വംശം

ജനനം : ഹിജ്‌റയുടെ 23 വര്‍ഷം മുമ്പ്

മുന്‍ഭര്‍ത്താക്കന്മാര്‍ : അബ്ദുല്ലാഹിബ്‌നു അബ്ദില്‍ അസദ്(റ) (അബൂ സലമ)

മക്കള്‍ : സലമ, ഉമര്‍, ദുര്‍റ, സൈനബ്.

328 ഹദീസുകള്‍ നിവേദനം ചെയ്തു.

വഫാത്ത് : ഹിജ്‌റ 61-ല്‍ (84 വയസ്സ്)

അന്ത്യവിശ്രമം : ജന്നത്തുല്‍ ബഖീഅ്

   ആദ്യ കാലത്ത് ഭര്‍ത്താവ് അബൂസലമ(റ)യുടെ കൂടെ എത്യോപ്യയിലേക്ക് ഹിജ്‌റ പോയ ഉമ്മുസലമ(റ), പിന്നീട് ഭര്‍ത്താവിന്റെ കൂടെ മദീനയിലേക്ക് ഹിജ്‌റ പോകുമ്പോള്‍ ശത്രുക്കള്‍ പിടിച്ച് വെച്ചു. എന്നാല്‍ തന്റെ പിഞ്ചു മകനെയുമെടുത്ത് ആത്മധൈര്യത്തോടെ മഹതി തനിച്ച് ഹിജ്‌റ പോയി. മദീനയിലേക്ക് ഹിജ്‌റ പോയ പ്രഥമ വനിതയാണ് മഹതി. അല്ലാഹുവിന്റെ വഴിയില്‍ എന്തു ത്യാഗം സഹിക്കാനും മഹതി തയ്യാറായിരുന്നു.

         അബൂസലമ(റ)യോടൊന്നിച്ചുള്ള ദാമ്പത്യ ജീവിതം അധികം നീണ്ടുനിന്നില്ല. ഒരിക്കല്‍ അബൂസലമ(റ) പറഞ്ഞു. ഞാന്‍ ആദ്യം മരിക്കുകയായിരുന്നുവെങ്കില്‍ നീ പുതിയ വിവാഹം ചെയ്യണം. അദ്ദേഹം പ്രാര്‍ത്ഥിച്ചു: 'അല്ലാഹുവേ എനിക്ക് ശേഷം ഉമ്മുസലമക്ക് എന്നേക്കാള്‍ ശ്രേഷ്ടനായ, അവളെ ഉപദ്രവിക്കുകയോ ദു:ഖിപ്പിക്കുകയോ ചെയ്യാത്ത ഒരു ഭര്‍ത്താവിനെ നല്‍കേണമേ'.

          ഉഹ്ദ് യുദ്ധത്തില്‍ സാരമായ പരുക്ക് പറ്റിയ അബൂസലമ(റ) ഏതാനും മാസങ്ങള്‍ക്കകം ഈ ലോകത്തോട് വിടപറഞ്ഞു. അല്ലാഹു തആലാ അബൂസലമ(റ)യുടെ പ്രാര്‍ത്ഥനക്ക് ഉത്തരം നല്‍കി. അബൂസലമയേക്കാള്‍ ശ്രേഷ്ടനായ ഒരാളെ എനിക്കെവിടെ നിന്ന് കിട്ടുമെന്ന വ്യാകുലത അതോടെ അവസാനിച്ചു.

           മഹതിയുടെ ഇദ്ദ കഴിഞ്ഞ ശേഷം ഒരുദിവസം നബി(സ) കടന്നുവന്നു.  എന്നോട് വിവാഹാഭ്യര്‍ത്ഥന നടത്തി. ഉമ്മുസലമ(റ) പറഞ്ഞു: അല്ലാഹുവിന്റെ റസൂലെ ഞാന്‍ എങ്ങനെയാണ് അങ്ങയെ ആഗ്രഹിക്കാതിരിക്കുക? പക്ഷേ ഞാന്‍ ഈര്‍ഷ്യതയുള്ള സ്ത്രീയാണ്. അങ്ങയ്ക്ക് ഇഷ്ടമില്ലാത്ത വല്ലതും എന്നില്‍ നിന്ന് സംഭവിക്കുമോയെന്ന് ഞാന്‍ ഭയപ്പെടുന്നു. മാത്രമല്ല ഞാന്‍ പ്രായമായ സ്ത്രീയാണ്, എനിക്ക് സന്താനങ്ങളുമുണ്ട്.

          അപ്പോള്‍ നബി(സ)പറഞ്ഞു: നീ പറഞ്ഞ ഈര്‍ഷ്യത അല്ലാഹു നീക്കിക്കളയുന്നതാണ്. പ്രായത്തിന്റെ കാര്യമാണെങ്കില്‍ എനിക്കും പ്രായമായിട്ടുണ്ട്. നിന്റെ സന്താനങ്ങള്‍ എന്റെയും സന്താനങ്ങളാണ്. ഉമ്മുസലമ(റ) പറഞ്ഞു: ഞാന്‍ അല്ലാഹുവിന്റെ റസൂലിന് സമ്മതം നല്‍കിയിരിക്കുന്നു. അതോടെ എനിക്ക് അല്ലാഹു അബൂസലമയെക്കാള്‍ ശ്രേഷ്ടനായ റസൂലിനെ പകരം തന്നു. മഹതിയുടെ മകനാണ് നബി(സ) യുടെ നിര്‍ദേശപ്രകാരം നബി(സ)ക്ക് വിവാഹം ചെയ്തുകൊടുത്തത്.

          അനാഥ സംരക്ഷണം, വിധവാ സംരക്ഷണം, ബനൂ മഖ്‌സൂം ഗോത്രവുമായുള്ള ബന്ധം ദൃഢമാക്കല്‍, ബുദ്ധിയും കാര്യശേഷിയുമുള്ള ഉത്തമ വനിതയെ വിശ്വാസികള്‍ക്ക് മാതൃകയാക്കി സംസ്‌കരിച്ചെടുക്കല്‍ എന്നിവയെല്ലാം മഹതിയുമായുള്ള വിവാഹത്തിന്റെ സവിശേഷഗുണങ്ങളാണ്. പല നിര്‍ണായക ഘട്ടങ്ങളിലും ഉമ്മുസലമ(റ) യുടെ അഭിപ്രായം നബി(സ) സ്വീകരിച്ചിരുന്നു. ഹുദൈബിയ്യ സന്ധിയെ തുടര്‍ന്ന് ബലിയറുക്കാനും മുടി കളയാനും നബി(സ) നിര്‍ദ്ദേശിച്ചപ്പോള്‍ സ്വഹാബികള്‍ നിശബ്ദരായി സ്തംഭിച്ചുനിന്നു. വളരെ ആവേശത്തോടെ ത്വവാഫും മറ്റു കര്‍മങ്ങളും ചെയ്യാന്‍ മക്കയില്‍ പ്രവേശിക്കാനുള്ള ആഗ്രഹം ഹുദൈബിയ്യാ സന്ധിയോടെ വിഫലമായി. നബി(സ) ഉമ്മുസലമ(റ)യുടെ അടുത്തെത്തിയപ്പോള്‍ മുഖത്ത് പ്രകടമായ മനഃപ്രയാസം കണ്ട് കാര്യമന്വേഷിച്ചു. സംഭവം ഉള്‍കൊണ്ട ഉമ്മുസലമ(റ) പറഞ്ഞു: നബിയേ, അങ്ങ് പുറത്തിറങ്ങി സ്വന്തം ബലിമൃഗത്തെ അറുക്കുകയും ആളെ വിളിച്ച് സ്വന്തം മുടി കളയുകയും ചെയ്യുക. ആരോടും ഒന്നും പറയേണ്ടതില്ല. നബി(സ)യുടെ പ്രവര്‍ത്തി കണ്ട സ്വഹാബികള്‍ ഉടനെ നബി(സ)യെ പിന്തുടര്‍ന്ന് ബലിയറുക്കാനും മുടി കളയാനും മത്സരിച്ചു. സംശയ നിവാരണത്തിന് സ്വഹാബാക്കളും മറ്റും മഹതിയെ സമീപിക്കാറുണ്ടായിരുന്നു.

           പ്രവാചക പത്‌നിമാരില്‍ ഏറ്റവും അവസാനം വിടപറഞ്ഞത് ഉമ്മുസലമ(റ)യാണ്. 84 വയസ്സായപ്പോള്‍ ഹിജ്‌റ 61 ല്‍ ജന്നതുല്‍ ബഖീഇല്‍ മറവു ചെയ്യപ്പെട്ടു.

7. ഹസ്രത്ത് സൈനബ് ബിന്‍തു ജഹശ് (റ)


പിതാവ് : റിആബിന്റെ പുത്രന്‍ ജഹ്ശ്

മാതാവ് : ഉമൈമ ബിന്‍തു അബ്ദില്‍ മുത്വലിബ്

കുടുംബം : ബനൂ അസദ് ഗോത്രം

മുന്‍ ഭര്‍ത്താവ് : സൈദു ബ്‌നു ഹാരിസ്

മഹ്ര്‍        : 400 ദിര്‍ഹം

വഫാത്ത്  : ഹിജ്‌റ 20-ാം വര്‍ഷം, 53-ാം വയസ്സില്‍

10 ഹദീസ് നിവേദനം ചെയ്തു.

അന്ത്യവിശ്രമം : ജന്നതുല്‍ ബഖീഅ്


  വിശുദ്ധ ഖുര്‍ആന്‍ നേരില്‍ നടത്തിയ വിവാഹത്തിന് ഭാഗ്യം ലഭിച്ച മഹതിയാണ് സൈനബ് ബിന്‍തു ജഹ്ശ്(റ). പ്രവാചക പത്‌നിമാരോട് അഭിമാനം പ്രകടിപ്പിച്ചുകൊണ്ട് മഹതി ഇപ്രകാരം പറയാറുണ്ടായിരുന്നു; 'നിങ്ങളെയെല്ലാം വിവാഹം ചെയ്തുകൊടുത്തത് നിങ്ങളുടെ കുടുംബക്കാരാണ് എന്നെ വിവാഹം ചെയ്തുകൊടുത്താതാകട്ടെ ഏഴ് ആകാശങ്ങളുടെ ഉപരിഭാഗത്ത് നിന്ന് അല്ലാഹുവാണ്(ബുഖാരി).

          ഖുര്‍ആനില്‍ പേര് പറയപ്പെട്ട ഏക സ്വഹാബി സൈദ്(റ) ആണ്. സൈദ്(റ)ന് സൈനബ്(റ)യെ വിവാഹം ചെയ്തു കൊടുക്കുന്നതില്‍ സഹോദരന്‍ അബ്ദുല്ലാഹി ബ്‌നു ജഹ്ശ്(റ) അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തന്റെ വളര്‍ത്തു പുത്രനായ സൈദ്(റ)വിന് മഹതിയെ വിവാഹം ചെയ്തുകൊടുത്തുവെങ്കിലും വൈയക്തികമായ കാരണത്താല്‍ ആ ദാമ്പത്യജീവിതം വിജയിച്ചില്ല. അങ്ങനെ സൈദ്(റ) സൈനബ്(റ)യെ വിവാഹ മോചനം ചെയ്തു.

          ദത്തുപുത്രന്മാരെ സ്വന്തം മക്കളായി കണക്കാക്കിയിരുന്ന ആറാം നൂറ്റാണ്ടിലെ അറബികള്‍ ദത്തുപുത്രന്‍ വിവാഹ മോചനം നടത്തിയ സ്ത്രീയെ വിവാഹം ചെയ്തിരുന്നില്ല. വിവാഹ ബന്ധം നിഷിദ്ധമായവരുടെ പട്ടികയിലാണവളെ അവര്‍ ഉള്‍പ്പെടുത്തിയത്. ഈ അനാചാരത്തിന് അറുതി വരുത്തിക്കൊണ്ട് ഖുര്‍ആന്‍ പ്രഖ്യാപിച്ച പോലെ നബി(സ) ദത്തുപുത്രനായ സൈദ്(റ) വിവാഹമോചനം നടത്തിയ സൈനബ്(റ)യെ വിവാഹം ചെയ്തു.

          ഖുര്‍ആന്‍ പറഞ്ഞു: 'അല്ലാഹുവും അങ്ങയും അനുഗ്രഹം ചെയ്ത്‌കൊടുത്ത വ്യക്തിയോട് അങ്ങ് നിന്റെ ഭാര്യയെ നീ നിലനിര്‍ത്തുകയും അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുകയെന്ന് പറഞ്ഞ സന്ദര്‍ഭം! അല്ലാഹു പരസ്യപ്പെടുത്താന്‍ പോകുന്ന കാര്യം നിങ്ങള്‍ ഹൃദയത്തില്‍ മറച്ചുവെക്കുന്നു. നിങ്ങള്‍ ജനങ്ങളെ ഭയപ്പെടുന്നു. ഭയപ്പെടേണ്ടത് അല്ലാഹുവിനെയാണ്. സൈദ് അവളില്‍ നിന്ന് ആവശ്യം നിര്‍വഹിച്ചുകഴിഞ്ഞപ്പോള്‍ നാം തന്നെ അവളെ വിവാഹം ചെയ്തുതന്നു. സ്വന്തം ദത്ത്പുത്രന്മാര്‍ അവരെ ഭാര്യമാരില്‍  നിന്ന് ആവശ്യം നിര്‍വഹിച്ച ശേഷം സത്യവിശ്വാസികള്‍ക്ക് അവരില്‍ തടസ്സം ഉണ്ടാകാതിരിക്കാന്‍ വേണ്ടി.'

   'മുഹമ്മദ് നബി(സ) നിങ്ങളുടെ പുരുഷന്മാരില്‍ ആരുടെയും പിതാവല്ല. പ്രത്യുത അല്ലാഹുവിന്റെ ദൂതരും പ്രവാചകരുടെ പരിസമാപ്തിയുമാണ്. അല്ലാഹു എല്ലാ കാര്യങ്ങളെ കുറിച്ചും അറിയുന്നവനാണ്' (അഹ്‌സാബ് 37-40).
       
           നബി (സ) ഏറ്റവും വിപുലമായ വിവാഹ സദ്യ നടത്തിയത് സൈനബ(റ)ക്ക് വേണ്ടിയായിരുന്നു. ഉല്‍കൃഷ്ട സ്വഭാവ ഗുണങ്ങളുടെ ഉടമയായിരുന്നു സൈനബ(റ). ദരിദ്രരുടെ അവലംബമായിരുന്നു. ' നിങ്ങളുടെ കൂട്ടത്തില്‍ കൈ കൂടുതല്‍ നീളമുള്ളവള്‍ ആദ്യം എന്നോട് ചേരുമെന്ന് നബി (സ)  പറഞ്ഞപ്പോള്‍ അവര്‍ പരസ്പ്പരം കൈ ഒപ്പിച്ചു നോക്കാറുണ്ടായിരുന്നു. എന്നാല്‍ സൈനബ് (റ)ആണ് ആ കൈ നീളമുള്ളവള്‍. കാരണം അവര്‍ സ്വന്തം കൈകൊണ്ട് ആധ്വാനിക്കുകയും ഉദാരമായി ദാനം ചെയ്യുകയും ചെയ്യുമായിരുന്നു' (മുസ്്‌ലിം). പ്രവാചക പത്‌നിമാരില്‍ സൈനബ(റ) ആണ് അവിടുത്തെ വിയോഗത്തിന് ശേഷം ആദ്യം വഫാത്തായത്. ഹിജ്‌റ 20-ാം വര്‍ഷം 53ാം വയസ്സില്‍. ജന്നതുല്‍ ബഖീഇല്‍ അന്ത്യവിശ്രമം കൊള്ളുന്നു.

8. ഹസ്രത്ത് ജുവൈരിയ്യ ബിന്‍തുല്‍ ഹാരിസ് (റ)

പിതാവ്        : ഹാരിസ് ബ്‌നു ളിറാര്‍

കുടുംബം      : ഖുസാഅത്ത് ഗോത്രത്തിലെ മുസ്ഥലഖ് വംശം

മുന്‍ ഭര്‍ത്താവ്  : സ്വഫ്‌വാന്‍

വിവാഹം        : ഹിജ്്‌റ 5 ാം വര്‍ഷം

മഹ്ര്‍              :  400 ദിര്‍ഹം

വഫാത്ത്          : ഹിജ്‌റ 56 , 70 ാം വയസ്സില്‍

7 ഹദീസുകള്‍ നിവേദനം ചെയ്തു.


          ബനുല്‍ മുസ്ഥലഖ് ഗോത്രത്തില്‍ യുദ്ധതടവുകാരായി പിടിക്കപ്പെട്ട ജുവൈരിയ്യ(റ) ഗോത്ര തലവന്‍ ഹാരിസിന്റെ മകളാണ്. നബി(സ) മഹതിയെ മോചിപ്പിച്ച് വിവാഹം ചെയ്തപ്പോള്‍ നബി(സ) യുടെ ബന്ധുക്കള്‍ എന്ന നിലയില്‍ മറ്റുള്ളവരെ സ്വഹാബത്ത് മോചിപ്പിച്ചു. അങ്ങനെ ആ ഗോത്രത്തിന്റെ ശാരീരികവും ആത്മീയവുമായ മോചനത്തിന് ജുവൈരിയ്യ(റ) കാരണമായി. മകളെ ആവശ്യപ്പെട്ട് മദീനയിലെത്തിയ പിതാവ് ഹാരിസ്(റ)ന്റെ കൂടെ പോകാനും തന്റെ കൂടെ ജീവിക്കാനും നബി(സ) ജുവൈരിയ്യ(റ)ക്ക് സ്വാതന്ത്ര്യം നല്‍കി. മഹതി നബി(സ)യോട് കൂടെ ജീവിക്കാനാണ് തീരുമാനിച്ചത്. ഇതറിഞ്ഞ പിതാവും മുസ്്‌ലിമായി. സത്യത്തില്‍ ഈ പദവി ജുവൈരിയ്യ(റ) മുമ്പ് കണ്ട സ്വപ്‌നത്തിന്റെ സാക്ഷാല്‍ക്കാരമായിരുന്നു. യസ്‌രിബിന്റെ ഭാഗത്ത് നിന്ന് ചന്ദ്രന്‍ സഞ്ചരിച്ച് വന്ന് എന്റെ മടിയില്‍ വന്ന് വീണതായിട്ട് ബനുല്‍ മുസ്ഥലഖ് യുദ്ധത്തിന്റെ മൂന്ന്  ദിവസം മുമ്പ് മഹതി സ്വപ്‌നം കണ്ടിരുന്നു. ഹിജ്‌റ 56 ാം വര്‍ഷം 70 ാം വയസ്സില്‍ വഫാത്തായി. ജന്നതുല്‍ ബഖീഇല്‍ മറവ്‌ചെയ്യപ്പെട്ടു.

9. ഹസ്രത്ത് സ്വഫിയ്യ ബിന്‍തു ഹുയയ്യ് (റ)


പിതാവ് : ഹുയയ്യ് ബ്‌നു അഖ്തബ്

മാതാവ് : ബര്‍റ

കുടുംബം : ബനൂ നളീര്‍

വിവാഹം : ഹിജ്‌റ 7 ാം വര്‍ഷം 17 ാം വയസ്സില്‍

മുന്‍ ഭര്‍ത്താക്കന്മാര്‍ : സലാം, കിനാന

വഫാത്ത് : ഹിജ്‌റ 50 ല്‍ 60 ാം വയസ്സില്‍

10 ഹദീസുകള്‍ നിവേദനം ചെയ്തു  ഖൈബര്‍ യുദ്ധത്തില്‍ ബന്ധിയാക്കപ്പെട്ട  സ്വഫിയ്യ(റ) പ്രസിദ്ധ ജൂത കുടുംബമായ ബനൂനളീര്‍ ഗോത്രത്തലവന്‍ ഹുയയ്യിന്റെ മകളാണ്. നബി(സ) അവരെ സ്വതന്ത്രരാക്കി വിവാഹം ചെയ്തു. അറബികളുടേതല്ലാത്ത ഗോത്രത്തില്‍ നിന്നുള്ള ആദ്യ വിവാഹമാണിത്. ഉന്നത തറവാടുകാരിയും ഗോത്രത്തലവന്റെ മകളുമായ സ്വഫിയ്യ(റ)യെ അടിമ സ്ത്രീയാക്കി വെക്കുന്നത് ഉചിതമല്ലെന്ന് മനസ്സിലാക്കയ നബി(സ)  മഹതിക്ക് അര്‍ഹിക്കുന്ന പദവി നല്‍കി അവരെ സ്വതന്ത്രയാക്കി.

         സ്വഫിയ്യ(റ)യുടെ സമ്മത പ്രകാരം നബി(സ) മഹതിയെ വിവാഹം ചെയ്തു. പൂര്‍ണ്ണ ചന്ദ്രന്‍ തന്റെ മടിയില്‍ വീണതായി മഹതി സ്വപ്‌നം കണ്ട സംഭവം ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍ വ്യാഖ്യാനം മനസ്സിലാക്കിയ ഭര്‍ത്താവ് മുഖത്തടിച്ച കാര്യം മഹതി അനുസ്മരിക്കാറുണ്ടായിരുന്നു. സ്വപ്‌ന സാക്ഷാല്‍കാരം കൂടിയായിരുന്നു വിശ്വാസികളുടെ മാതാവെന്ന പദവി.

  ഒരിക്കല്‍ മറ്റു ഭാര്യമാര്‍ താമാശക്ക് നബി(സ) യുമായുള്ള അവരുടെ കുടുംബ ബന്ധം പറഞ്ഞു മഹതിയെ കളിയാക്കി. നബി(സ) കടന്നുവന്നപ്പോള്‍ സ്വഫിയ്യ(റ) കരയുകയായിരുന്നു. മഹതി സംഭവം വിശദീകരിച്ചു. അപ്പോള്‍ നബി(സ) പറഞ്ഞു: 'ഇതിന് നീ കരയണോ എന്റെ പിതാവ് ഹാറൂനും പിതൃവ്യന്‍ മൂസയും ഭര്‍ത്താവ് മുഹമ്മദ്(സ)യും ആണെന്ന് നിനക്ക് പറഞ്ഞുകൂടായിരുന്നോ?'   ഹിജ്‌റ 50 ല്‍ 60 ാം വയസ്സില്‍ വഫാത്തായി. ജന്നതുല്‍ ബഖീഇല്‍ അന്ത്യവിശ്രമം കൊള്ളുന്നു.

10. ഉമ്മു ഹബീബ(റംല) ബിന്‍തു അബീ സുഫിയാന്‍ (റ)


പിതാവ് : അബൂ സുഫ്‌യാന്‍(റ)

മാതാവ് : സ്വഫിയ്യ

കുടുംബം : ഖുറൈശി ഗോത്രത്തിലെ ഉമയ്യ

ജനനം :  നുബുവ്വത്തിന്റെ 17 വര്‍ഷം മുമ്പ്

ആദ്യ ഭര്‍ത്താവ്: ഉബൈദുല്ലാഹി ബ്‌നു ജഹ്ശ്

മകള്‍  : ഹബീബ

മഹര്‍  : 400 ദീനാര്‍

വഫാത്ത് : ഹിജ്‌റ 44 ല്‍ 73 ാം വയസ്സില്‍

 ഇസ്്‌ലാമിന്റെ കഠിന ശത്രുവായിരുന്ന, ഖുറൈശികളുടെ നേതാവ് അബൂ സുഫ്‌യാന്റെ പുത്രി ഉമ്മുഹബീബ ആദ്യകാലത്ത് ഇസ്്‌ലാമിലേക്ക് കടന്നുവന്ന മഹതിയാണ്. ആദര്‍ശ സംരക്ഷണത്തിന് ഭര്‍ത്താവ് ഉബൈദുല്ലായുടെ കൂടെ എത്യോപ്യയിലേക്ക് ഹിജ്‌റ പോയി. പക്ഷെ ഭര്‍ത്താവ് അവിടെ നിന്ന് ക്രിസ്തു മതം സ്വീകരിച്ചു. അവിടെ പിറന്ന ഹബീബയെന്ന പെണ്‍കുട്ടിയും മഹതിയും ഭര്‍ത്താവില്‍ നിന്നും ഒറ്റപ്പെട്ട വിവരം നബി(സ)യെ വേദനിപ്പിച്ചു. ഉമ്മു ഹബീബ(റ)  തുടക്കം മുതല്‍ പ്രകടിപ്പിച്ച ആത്മ ധൈര്യത്തിനും ത്യാഗ സന്നദ്ധതക്കും അനുയോജ്യമായ രീതിയില്‍ നബി(സ) മഹതിയെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചു. ഇക്കാര്യം അംറുബ്‌നു ഉമയ്യ മുഖേന നജാശിയെ അറിയിച്ചു.

          400 ദീനാര്‍ മഹര്‍ നല്‍കിയതും വിവാഹ സദ്യ ഒരുക്കിയതും നാജാശി രാജാവ് തന്നെയായിരുന്നു. മാത്രമല്ല മദീനയിലേക്ക് പോകുന്നതിന്് ആവശ്യമായ യാത്ര സജ്ജീകരണങ്ങളും നജാശി ചെയ്തു കൊടുത്തു. ഈ സംഭവം കഠിന ശത്രുവായ അബൂ സുഫ്‌യാന് മാനസാന്തരമുണ്ടാക്കി. താമസിയാതെ മക്കാവിജയത്തോടെ തന്റെ മകള്‍ തിരഞ്ഞെടുത്ത സത്യസരണി അബൂസുഫ്‌യാന്‍(റ)വും തെരഞ്ഞെടുത്തു.

11. ഹസ്രത്ത് മൈമൂന ബിന്‍ത്തു ഹാരിസ് (റ)


പിതാവ് : ഹാരിസ്

മാതാവ് : ഹിന്ദ്

കുടുംബം : ഹിലാല്‍ ഗോത്രം

മുന്‍ ഭര്‍ത്താവ് : മസ്ഊദ് ബ്‌നു അംറ്, അസൂറഹ്്മ്

മഹ്ര്‍ : 400 ദിര്‍ഹം

വഫാത്ത് : ഹിജ്‌റ 50, 80ാം വയസ്സില്‍

അന്ത്യവിശ്രമം : സരിഫ്

76 ഹദീസുകള്‍ നിവേദനം ചെയ്തു.

   പ്രവാചക പത്‌നിമാരില്‍ ഏറ്റവും അവസാനം ആ പദവി ലഭിച്ചത് മൈമൂന(റ)ക്കായിരുന്നു. ഹിജ്‌റ 7 ാം വര്‍ഷം ഉംറ നിര്‍വ്വഹിക്കാന്‍ നബിയും സ്വഹാബികളും മക്കയിലേക്ക് പുറപ്പെട്ടു.  മക്കയില്‍ നിന്നുള്ള മടക്കയാത്രയില്‍ സരിഫ് എന്ന സ്ഥലത്തു നിന്നാണ് മധുവിധു ആഘോഷിച്ചത്. ഖുറൈശികളെ ഇസ്്‌ലാമിലേക്കാകര്‍ഷിക്കാന്‍ ഈ വിവാഹം കാരണമായി. ഇതിന് ശേഷമാണ് മഹാനായ ഖാലിദുബ്‌നുല്‍ വലീദ്(റ) മുസ്്‌ലിമായി മദീനയിലെത്തിയത്. ഹിജ്‌റ അമ്പതാം വര്‍ഷം സരിഫില്‍ വെച്ച് വഫാതായി സരിഫില്‍ അന്ത്യവിശ്രമം കൊള്ളുന്നു.

അവലംബം

 സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്്‌ലിം
 സീറതു ഇബ്‌നി ഹിശാം
 അല്‍ഹിദായതു വന്നിഹായ
 നൂറുല്‍ യഖീന്‍
 നൂറുല്‍ അബ്‌സ്വാര്‍
Post a Comment

Note: only a member of this blog may post a comment.

[blogger][facebook][disqus]

ivythemes

{facebook#https://fb.com/alathoorpadidars} {twitter#https://twitter.com/alathurpadidars} {google-plus#https://plus.google.com/+ALATHURPADIDARS} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://youtube.com/alathoorpadidars} {instagram#YOUR_SOCIAL_PROFILE_URL}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget