എല്ലാം നിസ്സാരമാക്കി സ്വയം നിസ്സാരനാവരുത്.....

|Sayyid Ameerudeen PMS|


 സദാസമയവും ഇബാദത്തുകളില്‍ മുഴുകി അല്ലാഹുവിനെ സ്മരിച്ചുകൊണ്ട് ദുനിയാവ് കഴിച്ചുകൂട്ടുന്ന ഒരു വിഭാഗം ഉണ്ടായിത്തീരണം എന്ന ലക്ഷ്യവുമായിട്ടാണ് അല്ലാഹു മനുഷ്യവിഭാഗത്തെ സൃഷ്ടിച്ചിട്ടുള്ളത്. സ്രഷ്ടാവിന്റെ ലക്ഷ്യം ഇതാണെങ്കില്‍ സൃഷ്ടിയുടെ ലക്ഷ്യം ദുനിയാവിനെ ആഖിറത്തേക്കുള്ള കൃഷിയിടമായി സങ്കല്‍പ്പിച്ച് നന്മകള്‍ കൃഷിചെയ്ത് പരലോകത്തെ ലക്ഷ്യമാക്കി ജീവിക്കലാണ്. പ്രസ്തുത ലക്ഷ്യം മറന്ന് സൃഷ്ടി ജീവിക്കുമ്പോഴാണ് തെറ്റുകള്‍ സംഭവിക്കുന്നത്. ഈ മഹത്തായ ലക്ഷ്യം മുറുകെപ്പിടിച്ച് ജീവിക്കുന്ന സൃഷ്ടിയുടെ ജീവിതത്തില്‍ തെറ്റുകള്‍ക്കോ, മോശം സ്വഭാവങ്ങള്‍ക്കോ സ്ഥാനമില്ല. ആയതിനാല്‍ തെറ്റുകളിലും മോശം സ്വഭാവങ്ങളിലും ജീവിതം അരങ്ങ് തകര്‍ക്കുന്നവനെ വഴിതെറ്റിയ സൃഷ്ടികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താം. ഓരോ സൃഷ്ടിയും ലക്ഷ്യബോധത്തോടെ വൃത്തിഹീനമായ മോശംസ്വഭാവങ്ങളെ വര്‍ജ്ജിച്ച് ജീവിക്കണം. യഥാര്‍ത്ഥ ലക്ഷ്യബോധത്തോടുകൂടി ജീവിക്കുന്ന ഒരു വ്യക്തി നന്മകള്‍ക്കും, നല്ല ചിന്തകള്‍ക്കും, സുകൃതങ്ങള്‍ക്കുമാണ് മനസ്സില്‍ സ്ഥാനം നല്‍കേണ്ടത് ഇസ് ലാം നിര്‍ദേശിച്ച, പ്രവാചകന്‍ (സ്വ) തങ്ങള്‍ പഠിപ്പിച്ച എല്ലാ നന്മകള്‍ക്കും സ്ഥാനം കൊടുക്കണം. എല്ലാം പ്രവര്‍ത്തിക്കണം. ഒന്നിനെയും നിസ്സാരമായി കാണരുത്. നാം മനസ്സിലാക്കിയതിനപ്പുറമാണ് അതിന്റെയൊക്കെ പ്രതിഫലങ്ങള്‍. നബി(സ്വ)തങ്ങള്‍ പറയുന്നു : നല്ലതില്‍ നിന്ന് ഒന്നിനേയും നിങ്ങള്‍ നിസ്സാരമായി കാണരുത്. കാണുന്നതിനെയെല്ലാം നിസ്സാരമാക്കി സ്വയം ഭംഗിയാവുന്ന സ്വഭാവം യഥാര്‍ത്ഥ വിശ്വാസിക്ക് യോജിച്ചതല്ല. തന്നെക്കാള്‍ സൗന്ദര്യം കുറവായവനെയോ, അറിവ് കുറവായവനെയോ, സമ്പത്ത് കുറവായവനെയോ, സ്ഥാനം കുറവായവനെയോ അതിന്റെ പേരില്‍ ഒരു നോട്ടം കൊണ്ടുപോലും നിസ്സാരമാക്കരുത്. കാരണം അല്ലാഹുവിന്റെ അടുക്കല്‍ അവര്‍ക്ക് വലിയ സ്ഥാനമുണ്ടായിരിക്കും മാത്രമല്ല തല്‍ഫലമായി അല്ലാഹുവിന്റെ അടുക്കല്‍ നാം നിസ്സാരനായിത്തീരും. നബി(സ്വ) തങ്ങള്‍ പറയുന്നു: ഒരു മുസ് ലിമായ സഹോദരനെ നിസ്സാരനായിക്കാണുക എന്നത് മുസ് ലിമിന് നാശത്താല്‍ മതിയായിരിക്കുന്നു. ഈ നീച സ്വഭാവവും തഖ് വയും ഈമാനും ഒരിടത്ത് ഒരുമിച്ചുകൂടുകയില്ല. കാരണം ഇസ് ലാമിന്റെ കാഴ്ചപ്പാടില്‍ ഒരു മനുഷ്യന്റെ ശ്രേഷ്ടത, മാന്യത എന്നിവയുടെ മാനദണ്ഡം തഖ് വയിലധിഷ്ടിതമാണ്. ദുനിയാവില്‍ വെച്ച് തന്റെ മുസ് ലിം സഹോദരനെ നിസ്സാരനായി കാണുന്നവന്‍ സത്യവിശ്വാസത്തിന്റെ യഥാര്‍ത്ഥ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളാത്തവനും മനസ്സിലാക്കാത്തവനുമാണ്. പരിശുദ്ധ ഇസ് ലാമിന് ആദ്യകാലം മുതല്‍ തന്നെ നിസ്സാരമാക്കി പുണ്യനബി(സ്വ)തങ്ങളെ അവഹേളിച്ച് പരിഹസിച്ച് ഇസ് ലാമിനെതിരെ വിഷബീജങ്ങള്‍ തൊടുത്തുവിട്ട് തകര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന മക്കയിലെ ഉന്നത കുലജാതനായ വ്യക്തിയായിരുന്നു അബൂജഹല്‍. അവസാനം ബദ്ര്‍ യുദ്ധത്തില്‍ നിസ്സാരമായ ഒരു വാളിനുമുന്നില്‍ മൃതിയടഞ്ഞുവീണത് നമുക്ക് പാഠമാണ്. താന്‍ വലിയ സ്ഥാനത്തിനും മഹത്വത്തിനും ഉടമയാണെന്നും തനിക്ക് മറ്റുള്ളവരെക്കാള്‍ എന്തോഒന്ന് ഉണ്ടെന്നും സ്വയം അഹങ്കരിച്ചുകൊണ്ട് നടക്കുന്നത്‌കൊണ്ടാണ് മറ്റുള്ളവയെ നിസ്സാരമാക്കാന്‍ മനസ്സ് നമ്മെപ്രേരിപ്പിക്കുന്നത്. ആദരിക്കേണ്ടതിനെ ആദരിക്കുകതന്നെവേണം. ചരിത്രത്തില്‍ കാണാം ശൈഖുല്‍ ഇസ് ലാം എന്ന പേരില്‍ അറിയപ്പെടുന്ന വിജ്ഞാന സമുദ്രമായിരുന്ന മഹാനായ ഇമാം നവവി (റ) അംറദിനെ നോക്കല്‍ ഹറാമാണെന്ന മസ്അല വിശദീകരിച്ച സമയത്ത് ഇമാമവര്‍കളെയും മസ്അലയെയും നിസ്സാരമാക്കിക്കൊണ്ട് 'എന്നാല്‍ അയാള്‍ എന്നെ നോക്കട്ട' എന്ന് പറഞ്ഞ് ശൈഖുല്‍ ഇസ് ലാമിന്റെ മുന്നില്‍ വന്നുനിന്ന ഒരു അംറദ് തല്‍ക്ഷണം കരിഞ്ഞുപോയി മസ്അലയെ നിഷേധിച്ച മറ്റൊരു പണ്ഡിതന്‍ കാഫിറായി ചത്തുപോയി. മറ്റൊരു ചരിത്രത്തില്‍ കാണാം വന്ദ്യരായ ശൈഖ് ജീലാനി തങ്ങളും രണ്ട് സുഹൃത്തുക്കളും ആ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഒരു വലിയ്യിന്റെയടുക്കല്‍ പോയി ദുആ ചെയ്യാന്‍ പറഞ്ഞു. എന്നാല്‍ ജീലാനി തങ്ങളുടെ കൂടെയുണ്ടായിരുന്ന ഒരാള്‍ അദ്ദേഹത്തെ പരീക്ഷിക്കണം എന്ന ഭാവത്തില്‍ നിസ്സാരമാക്കുന്നതിന്റെ ഭാഗമായി ചോദ്യങ്ങള്‍ ചോദിച്ച് മര്യാദക്കേട് കാണിച്ചു. തല്‍ഫലമായി അദ്ദേഹം പിന്നീട് കകാഫിറായി മരണപ്പെട്ടു. ആദരിക്കേണ്ടതിനെ നിസ്സാരമാക്കിയത് മൂലം അല്ലാഹു അവരെ നിസ്സാരമാക്കിയതിനുള്ള ഉദാഹരണങ്ങളാണ് പ്രസ്തുത ചരിത്ര സംഭവങ്ങള്‍. ആദരിക്കേണ്ടതിനെ ആദരിച്ചും ബഹുമാനിക്കേണ്ടതിനെ ബഹുമാനിച്ചും മനസ്സിനെ ശുദ്ധമാക്കാന്‍ ചെറുപ്പം മുതലേ നാം ശ്രമിക്കണം. ഒരു ചെറിയ വസ്തുവിനെപ്പോലും മനസ്സുകൊണ്ട് പോലും ചെറുതാക്കരുത്. മനസ്സുകൊണ്ടുപോലും ഒരാളെ വേദനിപ്പിക്കുകയും അരുത്.
ഇവയും നിസ്സാരമാക്കുന്നതില്‍ പെടുന്നു.
 നിത്യ ജീവിതത്തില്‍ നാം വളരെ നിസ്സാരമായി കാണുന്ന ചില കാര്യങ്ങള്‍ എന്നാല്‍ അവ വലിയ ശിക്ഷലഭിക്കാന്‍ കാരണമായിത്തീരുന്നു. മറ്റൊരാളെ അവനിഷ്ടമില്ലാത്ത വാക്കുകളോ പേരുകളോ വിളിക്കരുത്. കുത്തുവാക്കുകള്‍ പറയരുത്. കാരണം അവയൊക്കെ ഒരാളെ നിസ്സാരമാക്കുന്നതില്‍ പെടുന്നതാണ്. നാം പ്രത്യേകം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് മറ്റുള്ളവരെ ഗീബത്ത് പറയല്‍. അതും ഒരു നിസ്സാരമാക്കലാണ്. ഇനി അത് നിസ്സാരതയുടെ ഭാഗത്തിലൂടെ പോകുന്നില്ല എങ്കിലും അതിന് വലിയ ശിക്ഷയുണ്ട്. മരണപ്പെട്ട തന്റെ സഹോദരന്റെ പച്ച മാംസം ഭക്ഷിക്കുന്നതിന് തുല്ല്യമാണത്. മറ്റുള്ള തെറ്റുകളെ പോലെയല്ല ഗീബത്തുപറയല്‍ തൗബചെയ്തത് കൊണ്ടോ പൊറുക്കലിനെ ചോദിച്ചത് കൊണ്ടോ പാപം തീരുകയില്ല. ആരെയാണോ നാം ഈബത്ത് പറഞ്ഞത് അവനെക്കൊണ്ട് തന്നെ പൊരുത്തപ്പെടീക്കണം. എന്താണോ നാം അവനെക്കുറിച്ച് പറഞ്ഞത് അതെല്ലാം ഏറ്റുപറഞ്ഞതിനുശേഷം. മഹാന്മാര്‍ പഠിപ്പിക്കുന്നു : ഒരാള്‍ നടന്ന് പോകുമ്പോള്‍ അയാളുടെ വസ്ത്രത്തിനെ കുറിച്ച് അഭിപ്രായം പറയുന്നതിലൂടെവരെ ഗീബത്ത് കരസ്ഥമാകും. ഈ രൂപത്തില്‍ വന്നുചേരാന്‍ എളുപ്പമുള്ളതും ഒഴിഞ്ഞുപോവാന്‍ പ്രയസമുള്ളതുമാണ് ഗീബത്ത്. അതിനാല്‍ ഇത്തരം ദൂശ്യസ്വഭാവങ്ങള്‍ക്ക് നാം സ്ഥാനം നല്‍കരുത്. അല്ലാഹുവിന്റെ അടുക്കല്‍ നിസ്സാരനായി മുദ്രകുത്തപ്പെടും. ഒരു മുസ് ലിം സഹോദരന്‍ തന്റെ സഹോദരനെ നേരിട്ടോ മറ്റുള്ളവരുടെ മുന്നില്‍ വെച്ചോ അയാളുടെ കുറ്റങ്ങളും കുറവുകളും പറഞ്ഞ് വഷളാക്കലും നിസ്സാരമാക്കുന്നതില്‍ പെടുന്നതാണ്. മാത്രമല്ല അത് ദുശിച്ച സ്വഭാവമാണ്. ഖുര്‍ആന്‍ ഈ വിഷയം കഠിനമായി നിരോധിച്ചിരിക്കുന്നു. നാല്‍പത്തിയൊമ്പതാം അദ്യായത്തില്‍ പതിനൊന്നാം വചനത്തിലൂടെ അല്ലാഹു പറയുന്നു : 'നിങ്ങള്‍ നിങ്ങളെത്തന്നെ കുത്തിപ്പറയരുത്'. മറ്റൊരുത്തനെ വഷളാക്കുന്നതിലൂടെ സ്വയം വഷളാകാനുള്ള അവസരങ്ങള്‍ ഉണ്ടാക്കലാണ് ചെയ്യുന്നത്. കാരണം മനസ്സുകള്‍ തമ്മില്‍ അകലാന്‍ ഇത് കാരണമാകുന്നു. തുടര്‍ന്ന് ഭിന്നിപ്പുണ്ടാകാന്‍ വഴിവെക്കും. സാമൂഹ്യബന്ധത്തിന് കോട്ടം തട്ടുന്ന പ്രവര്‍ത്തിയാണെന്ന് പറയേണ്ടതില്ല. അതുപോലെത്തന്നെ തന്റെ സഹോദരന്റെ രഹസ്യങ്ങളും കുറ്റങ്ങളും ദൂശ്യപോരായ്മകളും ചുഴിഞ്ഞന്യേഷിക്കല്‍ ഇതും വലിയ തെറ്റാണ്. പരിശുദ്ധ ഖര്‍ആന്‍ ഇത് നിരോധിച്ചിരിക്കുന്നു. ഒരു വിശ്വാസിയുടെ അഭിമാനത്തിന് വലിയ വിലയാണ് ഇസ് ലാം നല്‍കിയിരിക്കുന്നത്. അത് കളങ്കപ്പടുത്താന്‍ ആര്‍ക്കും അധികാരമില്ല. അതിനാല്‍ ബന്ധങ്ങളുടെ മൂല്ല്യങ്ങള്‍ മനസ്സിലാക്കി ദൃഢപ്പെടുത്താന്‍ ശ്രമിക്കുക. പരസ്പരം സ്‌നേഹക്കുടിക്കാഴ്ച്ച നടത്തലും, പ്രാര്‍ത്ഥിക്കലും, സലാം പറയലും ബന്ധങ്ങള്‍ ദൃഢപ്പെടുത്താന്‍ സഹായകമാകും.
നിസ്സാരമാക്കാന്‍ പ്രേരിപ്പിക്കുന്ന കാരണം
 മുമ്പ് സൂചിപ്പിച്ചതുപോലെ  ഹൃദയം അഹങ്കാരം,അഹന്ത എന്നിവയില്‍ മലീമസമാവുമ്പോഴാണ് ഈ സ്വഭാവം കൂടുതല്‍ കാണുക. അതിനാല്‍ അഹങ്കാരം വന്നുഭവിക്കാതിരിക്കാന്‍ വിശ്വാസി ശ്രദ്ധിക്കണം. പുണ്യ നബി(സ്വ)തങ്ങള്‍ പറയുന്നു : ഒരു അണുവിന്റെ തൂക്കത്തോളം അഹങ്കാരം ഹൃദയത്തില്‍ ഉള്ളവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. അഹന്ത ബാധിച്ചാല്‍ ഒരു കാര്യത്തിലും ഒരാളെയും വിശ്വാസിക്കാന്‍ കഴിയില്ല. സത്യത്തെ ഉള്‍ക്കൊള്ളാന്‍ പ്രയാസപ്പെടും മഹത്വവല്‍ക്കരിക്കേണ്ട കാര്യങ്ങളോട് പുഛഭാവമായിരിക്കും അഹങ്കാരത്തിന്റെ വിശദീകരണമെന്നോണം നബി(സ്വ)തങ്ങളോട് ചോദിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞത് 'സത്യം മൂടിവെക്കലും ജനങ്ങളെ നിസ്സാരമാക്കലുമെന്നാണ്.' മുഴുവന്‍ ജനങ്ങളെയും നിസ്സാരമായി കാണുക, ഞാന്‍ ഉന്നതന്‍, മഹാന്‍, ഞാന്‍ ചെയ്യുന്നത് മുഴുവന്‍ ശരി, എന്റെ കാഴ്ചപ്പാടുകള്‍ മാത്രം നല്ലത് എന്നിങ്ങനെയുള്ള ചിന്തകള്‍ അഹങ്കാരത്തിനാല്‍ ഉണ്ടാകുന്നതാണ്. അഹങ്കാരം ഹൃദയത്തില്‍ രൂഢമൂലമാവുമ്പോഴാണ് മറ്റുള്ളവരോട് നിസ്സാരഭാവം ഉണ്ടാവുക. തനിക്ക് അഹങ്കാരം ഉണ്ടെന്ന് സമ്മതിക്കുന്നവര്‍ കുറവായിരിക്കും. എന്നാല്‍ ഒരാള്‍ക്ക് അഹങ്കാരമുണ്ടോയെന്ന് അറിയാന്‍ മാര്‍ഗ്ഗമെന്ത്? ഗസ്സാലി ഇമാം പറയുന്ന കാരണങ്ങള്‍ നോക്കുക.
1. രണ്ടാളുകള്‍ തര്‍ക്കിച്ചു. സത്യം മനസ്സിലാക്കിയിട്ടും അംഗീകരിക്കാന്‍ കഴിയുന്നില്ല.
2. കൂട്ടുകരനോടൊപ്പം ഒരു വേദിയിലെത്തി. അയാള്‍ക്ക് കിട്ടിയതിനേക്കാള്‍ താഴ്ന്ന സീറ്റ് കിട്ടിയതില്‍ പ്രയാസപ്പെടുക.
3. ആവശ്യമുള്ള വസ്തു അങ്ങാടിയിലൂടെ ചുമന്ന് കൊണ്ടുവരാന്‍ പ്രയാസമുണ്ടാവുക.
4. ദരിദ്രന്റെ ക്ഷണം സ്വീകരിക്കാതിരിക്കുക.
സ്രഷ്ടാവിന് നമ്മെ കൊണ്ടുള്ള ലക്ഷ്യവും സൃഷ്ടിക്ക് ജീവിതം കൊണ്ടുള്ള ലക്ഷ്യവും വളരെ വ്യക്തമാണ്. ലക്ഷ്യബോധത്തോടെ മുന്നേറാന്‍ നാഥന്‍ തൗഫീഖ് നല്‍കട്ടെ...

Post a Comment

Note: only a member of this blog may post a comment.

[blogger][facebook][disqus]

ivythemes

{facebook#https://fb.com/alathoorpadidars} {twitter#https://twitter.com/alathurpadidars} {google-plus#https://plus.google.com/+ALATHURPADIDARS} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://youtube.com/alathoorpadidars} {instagram#YOUR_SOCIAL_PROFILE_URL}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget