|Hafiz Muhammed Basheer|
പരസ്പര സ്‌നേഹവും സൗഹൃദങ്ങളുമെല്ലാം കേവലം അഭിനയത്തിലേക്ക് വഴിമാറുന്ന ഖേദകരമായ കാഴ്ച ഇന്ന് സമൂഹത്തില്‍ സംജാതമായിരിക്കുന്നു. സാമൂഹ്യ ജീവിയായ മനുഷ്യരിലെ ഭൂരിപക്ഷവും സ്വന്തത്തിലേക്ക് ചുരുങ്ങിയ ചിന്തകളും പ്രവര്‍ത്തികളുമായി ജീവിക്കുന്നവരാണ്. തന്റെ പ്രശ്‌നങ്ങളിലും ബുദ്ധിമുട്ടുകളിലും ഇടപ്പെട്ട് തന്നാല്‍ സഹായങ്ങള്‍ നല്‍കാനോ.... സന്തോഷഘട്ടത്തില്‍ ആഹ്ലാദം പങ്കുവെക്കാനോ പ്രോത്സാഹിപ്പിക്കാനോ മനപ്പൂര്‍വ്വമോ ആധുനിക തലമുറ മറക്കുന്നു.
ലോകം വിരല്‍ തുമ്പില്‍ നില്‍ക്കുന്ന കാലമെന്നാണ് ആധുനിക ഇന്റര്‍നെറ്റ് യുഗത്തെ പലപ്പോഴും നാം വിശേഷിപ്പിക്കാറുള്ളത്. എന്നാല്‍ മിനിസ്‌ക്രീനില്‍ വിരല്‍ തുമ്പ് കൊണ്ട് ടച്ച് ചെയ്യുമ്പോള്‍ നാം കാണുന്ന വാര്‍ത്തകളും വീഡിയോകളുമല്ല യഥാര്‍ത്ഥ ലോകമെന്ന വാസ്തവം എന്നാണിനി പുതുതലമുറ മനസ്സിലാക്കുക. പുത്തന്‍ സൗഹാര്‍ദ്ദങ്ങള്‍ക്കുമുണ്ട് വിശേഷങ്ങളേറെ .
ഇരുപത്തഞ്ചും മുപ്പത്തഞ്ചും ഗ്രൂപ്പുകളില്‍ അംഗത്തമുള്ള നാലായിരവും അയ്യായിരവും ഫേസ്ബുക്ക് ഫ്രന്‍സ് ഉള്ള ഒരു വ്യക്തിക്ക് ഒരപകടം വന്നിരിക്കട്ടെ എന്നാല്‍ കൂടെ നിന്ന് എല്ലാവിധ സഹായ സഹകരണങ്ങള്‍ ചെയ്ത് തരാന്‍ ന്യൂജന്‍ ഭാഷയില്‍ പറഞ്ഞാല്‍ കട്ട സപ്പോട്ട് ചെയ്യാന്‍ അയല്‍ പക്കത്തെ മമ്മദാക്കയോ നാസറാക്കയോ മറ്റു കുടുംബക്കാരോ ഒക്കെയായിരിക്കും അങ്ങോട്ട് വരിക ഇവരാകട്ടെ ഫേസ്ബുക്കും മറ്റും കണ്ടിട്ട് പോലും ഉണ്ടാവില്ല!
എന്നാല്‍ ഈ വിവരം ഫേസ്ബുക്കില്‍ പോസ്റ്റിയാലോ ആശംസപെരുമഴ കൊണ്ട് കമന്റബോക്‌സ് നിറഞ്ഞ് കവിയും ചങ്ക് ബ്രോ..... പൊളിക്ക് ബ്രോ.... സാരമില്ല നുമ്മ കൂടെയുണ്ട്.... കട്ട സപ്പോട്ട്.... ഒരു കമെന്റെിടാന്‍ പ്രതേകിച്ച് ചിലവൊന്നും ഇല്ലല്ലോ.... ഇതെല്ലാം വായിച്ച് അവന്‍ ആത്മനിര്‍വൃതി അടയും ഹൊ... എനിക്ക് പിന്തുണയായി ഇത്രയും പേര്‍ ഉണ്ടല്ലോ....
| പിന്നെ ഓരോരുത്തര്‍ക്കായി സപ്രൈറ്റ് ഓരോ താങ്ക്‌സും. പോര.... താങ്ക്‌സ് ഓള്‍... തീര്‍ന്നില്ല വീണ്ടും താങ്ക്‌സ് എവിരിബഡി... ഇങ്ങനെ ആയിരക്കണക്കിന് ലൈക്കും കമന്റും പിന്തുണയും..... ഹൊ എന്തൊരു സംതൃപ്തി!?|
ദുഃഖത്തില്‍ പങ്ക് ചേര്‍ന്ന് സമാശ്വസിപ്പിക്കലും സന്തോഷത്തില്‍ പങ്ക് ചേര്‍ന്ന് പ്രോത്സാഹിപ്പിക്കലുമെല്ലാം ഇത്തരം മീഡിയകളിലൂടെ തന്നെ. എന്നാല്‍ ഈ വരുന്ന ഓരോ കമന്റുകള്‍ക്കും പ്രത്യേക നന്ദി പറഞ്ഞ് അവന്‍ തനിക്ക് വേണ്ടി ആശുപത്രി വരാന്തയിലൂടെ ഓടി നടന്ന മമ്മദാകാക്കും നാസറാകാക്കും മറ്റു കുടുംബക്കാര്‍ക്കും ഒരു നന്ദി പോലും പറഞ്ഞിട്ടുണ്ടാവില്ല എന്നതാണ് അതിശയകരമായ വാസ്തവം .വാട്‌സപ്പ് ഗ്രൂപ്പുകളില്‍ ഏറെ നേരം സംസാരിക്കുകയും സൗഹൃദം പങ്കിടുകയും നേരിട്ട് കാണുമ്പോള്‍ കണ്ടഭാവം പോലും നടിക്കാതെ വിരല്‍ തുമ്പിലുള്ള ലോകത്തേക്ക് കയറുകയും ചെയ്യുന്ന ഖേദകരമായ അവസ്ഥയും ആധുനികതയുടെ സംഭാവനയാണ്.
ആത്മാര്‍ത്ഥ സ്‌നേഹ ബന്ധങ്ങളും മതവിശ്വാസം ഊട്ടിയുറപ്പിക്കുന്ന സൗഹാര്‍ദ്ദങ്ങളും ഇന്നത്തെ തലമുറയില്‍ കണ്ടെത്താന്‍ ഒരു സൂക്ഷ്മ പരിശോധന തന്നെ വേണ്ടിവരും. ഉള്ള കൂട്ടുകെട്ടുകളുടെ അവസ്തയെന്താണ് ? ഒന്നുങ്കില്‍ അനുകരണം. അതായത് സിനിമകളിലും മറ്റ് ഷോര്‍ട്ട് ഫിലിമുകളിലും ഉള്ള നായകന്മാരും അവരുടെ ഗ്യാങ്ങുകളും കാട്ടികൂട്ടുന്ന പേ കൂത്തുകളും ഉല്ലാസങ്ങളും എങ്ങനെയെങ്കിലും തന്റെ ജീവിതത്തിലും കൊണ്ട് വരണം. അതിന് പറ്റിയ കൂട്ടുകാര്‍ വേണം പൂരിഭാഗം ആളുകളുടെ ഉള്ളിലിരിപ്പ് ഇങ്ങനെ തന്നെ ആയതിനാല്‍ അധികം ബുദ്ധിമുട്ടാതെ തന്നെ അവന്‍ വിചാരിച്ച രീതിയിലുള്ള കൂട്ടുകാരെ ലഭിച്ചിരിക്കും പിന്നെ അഭിനയമാണ്. സനേഹസംഭാഷണങ്ങളും സൗഹൃദങ്ങളും പൊളിച്ച അഭിനയം തന്നെ.
|ഞങ്ങള്‍ തമ്മില്‍ ഭയങ്കര ഫ്രന്‍ഷിപ്പ് ആണെന്ന് എല്ലാവരും മനസ്സിലാക്കണമെന്ന നിര്‍ബന്ധ ബുദ്ധിയോടെയായിരിക്കും എല്ലാവരുടെയും അഭിനയം. കൂട്ടത്തിലെ സിനിമയിലെ നായകന്മാര്‍ ഉപയോഗിച്ച ഡയലോഗുകളും ആശയങ്ങളും സംസാരത്തില്‍ പരമാവധി ഫിറ്റ് ചെയ്യാന്‍ നോക്കും. അപ്പോഴേ ഒരു റിലാക്‌സേഷന്‍ ഉണ്ടാകൂ....|
സിനമയില്‍ കാണുന്നത്മു ഴുവന്‍ജീവിതത്തിലേക്ക് കൊണ്ട് വരല്‍ ട്രന്റായ നവയുഗത്തില്‍ അഭിനയിച്ചു തീര്‍ക്കുന്ന ഇത്തരത്തിലുള്ള സൗഹാര്‍ദ്ദങ്ങള്‍ മാത്രമാണ് ഒട്ടുമിക്ക മനുഷ്യരിലും അവശേഷിക്കുന്നത്.
ചില ജീവിതങ്ങളും കഥകളും സിനിമയാക്കാന്‍ പ്രൊഡ്യൂസര്‍മാര്‍ മത്സരിക്കുമ്പോള്‍, സിനിമ ജീവിതമാക്കാനും ,ജീവിതം തന്നെ അഭിനയമാക്കാനുമുള്ള ന്യൂ ജനറേഷന്‍ ആ അനുകരണത്തിനും ഫാഷന്‍ ഭ്രമത്തിനും മുന്നില്‍ പണമോ, മതമോ ഒന്നും തന്നെ അവര്‍ക്ക് പ്രശ്‌നമല്ല. പണം എങ്ങനെയെങ്കിലും സമ്പാദിക്കും.... മത നിയമങ്ങളെ ഇഷ്ടാനുസരണം കാറ്റില്‍ പറത്തും.... ഇങ്ങനെ പലത്യാഗങ്ങള്‍ സഹിച്ചാണ് ചിലര്‍ ഫാഷന്‍ സ്റ്റൈലുകള്‍ നിലനിര്‍ത്തുന്നത്. അധ്വാനിച്ച് തന്റെ വീട്ടിലേക്ക് അഞ്ച് പൈസ ചിലവിന് കൊടുക്കണമെന്ന ചിന്ത ന്യൂ ജനറേഷന് ഇല്ലെന്ന് പ്രത്യേകം എടുത്ത് പറയേണ്ടതില്ലല്ലോ....
|മനുഷ്യ ജീവിതത്തിന് ഗതി നിര്‍ണയിക്കുന്നത് സഹവാസങ്ങളും കൂട്ടുകെട്ടുകളുമാണ്. ഔലിയാക്കളോട് സഹവസിച്ച് അവരെ പിന്തുടര്‍ന്നവര്‍ പിന്നീട് ഔലിയാക്കളായിത്തീരുന്നു. പണ്ഡിതന്മാരോട് സഹവാസം പുലര്‍ത്തി അറിവ് സമ്പാദിച്ചവര്‍ പണ്ഡിതന്മാരായിത്തീരുന്നു. അധര്‍മത്തോടും അജ്ഞതയോടും കൂട്ട് കൂടിയാലും ഫലം തഥൈവ |
ഭൗതിക കലാലയങ്ങളില്‍ നിലനില്‍ക്കുന്ന ഒരു ട്രന്റാണ് ബോയ് ഫ്രണ്ടും ഗേള്‍ ഫ്രണ്ടും. മതത്തിന്റെ മതില്‍ കെട്ടുകള്‍ തകര്‍ത്തായിരിക്കും ഈ മഹാസൗഹൃദവലയം. മതേതരത്ത്വം പൂത്തുലയുന്നത് കണ്ട് അധ്യാപകരും കുടുംബക്കാരും അഭിമാനം കൊള്ളുന്നു. എന്നാല്‍ സൗഹൃദം മാസങ്ങള്‍ കൊണ്ട് ചങ്കും ഖല്‍ബുമൊക്കെയായി പിന്നീട് എട്ടിന്റെ പണി തരുന്നു.
|ചാണകം ചാരിയാല്‍ ചാണകം മണക്കും ചന്ദനം ചാരിയാല്‍ ചന്ദനം മണക്കുമെന്നത് പ്രശസ്തമായ പഴമൊഴിയാണല്ലോ...... ചിലര്‍ക്ക് പ്രിയം ചന്ദനം തന്നെയാണ്. പക്ഷെ അവരും ചാരുന്നത് ചാണകത്തെ തന്നെ! പിന്നെ ചാണകം മണക്കാതിരിക്കുമോ ? ഞാന്‍ ചന്ദന ഗന്ധം ഇഷ്ടപ്പെടുന്ന പക്ഷക്കാരനെന്ന് പറഞ്ഞിട്ടെന്തു കാര്യം....?|
ഇങ്ങനെ തീര്‍ത്താല്‍ തീരാത്ത വിശേഷങ്ങള്‍ ഇന്നിന്റെ സൗഹൃദത്തെ പറ്റി പറയാനുണ്ട്. ചില കൂട്ടുകെട്ടുകളെയോര്‍ത്ത് നാളെ വിചാരണ വേളയില്‍ വിലപിക്കേണ്ടിവരുമന്ന് ഖുര്‍ആന്‍ മുന്നറിയിപ്പ് നല്‍കിയുട്ടുണ്ട്. അത്തരം കൂട്ടുകെട്ടുകളില്‍ പെടാതിരുന്നാല്‍ ഇരു വീട്ടിലും മാന്യമായി ജീവിക്കാം. മറിച്ചായാല്‍ ഇരു വീട്ടിലും നാണക്കേടു തന്നെ! ബുദ്ധിയുള്ളവര്‍ക്ക് കാര്യം ഗ്രഹിക്കാന്‍ സമയമായിട്ടുണ്ട്.
നാം നന്നാകണം. ഒപ്പം കൂടെയുള്ളവരം നന്നാക്കുകതയും വേണം കൂട്ടുകെട്ടുകള്‍ കേവലം അഭിനയങ്ങളും വാചകമടികളും മാത്രമാക്കരുത്. ആത്മാര്‍ത്ഥമായിരിക്കണം. നന്മയില്‍ തുടങ്ങി നന്മയില്‍ പര്യാവസാനം കുറിക്കുന്നതായിരിക്കണം. തിന്മ കണ്ടാല്‍ ചങ്കാണെങ്കിലും ഖല്‍ബാണെങ്കിലും തടഞ്ഞേ മതിയാകൂ.... മത വിരുദ്ധകാര്യങ്ങള്‍ കൂട്ടുകാരന്റെ പക്കല്‍ നിന്നുണ്ടായാല്‍സ്‌നേഹ ബുദ്ധ്യാ തിരുത്താനുള്ള ചങ്കൂറ്റം നാം കാണിക്കണം.
Post a Comment
Note: only a member of this blog may post a comment.