മമ്പുറത്ത് വീശിയ യമനിന്റെ സുഗന്ധം




അല്ലാഹുവിന്റെ ഇഷ്ടദാസരായ ഒട്ടനേകം മഹാമനീഷികളുടെ മഹനീയ പാദസ്പര്‍ശനം കൊണ്ട് അനുഗ്രഹീതമായ മണ്ണാണ് മലയാളക്കര. പ്രത്യേകിച്ച് മലബാര്‍ മേഖലയില്‍ പുണ്യപ്രവാചകരുടെ അനുചരരില്‍ പ്രബോധന ദൗത്യവുമായി കടല്‍ കടന്നെത്തിയ സ്വഹാബികള്‍ മുതല്‍ അഹ്‌ലുബൈത്തിലെ സുകൃത സാനിധ്യങ്ങളും ആത്മീയതയുടെ അത്യുന്നതയില്‍ വിരാചിക്കുന്ന ഔലിയാക്കളും ഉണ്ടതില്‍. ഇതില്‍ യമനിലെ ഹളറമൗത്തില്‍ നിന്നും ഹിദായത്തിന്റെ കൊടിയേന്തി കൊച്ചുകേരളത്തില്‍ സത്യമതത്തിന്റെ വെളിച്ചമെത്തിക്കാന്‍ ഇവിടെ താമസമാക്കുകയും ദൗത്യനിര്‍വഹണാനന്തരം ഇലാഹിലേക്ക് മടങ്ങിയവരുമായ പുണ്യാളന്‍മാരുടെ മഖ്ബറകള്‍ ധാരാളമാണ്. അതൊക്കെയും വിരല്‍ ചൂണ്ടുന്നത് ഇസ് ലാമിന്റെ പ്രബോധനത്തിലേക്കുള്ള നേരടയാളങ്ങളായിട്ടാണ്.

നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഈ മണ്ണിനെ യമനിന്റെ വൈജ്ഞാനിക ഗന്ധംകൊണ്ട് പ്രഭവിരിച്ച അവര്‍ ഇന്നും ഈ മണ്ണില്‍ ആത്മീയ ലോകത്ത് നിന്നും നമ്മെ നയിക്കുന്നു. ചരിത്രപ്രാധാനികളായ ഈ പണ്ഡിതപ്രതിഭകളില്‍ ഏറെ സ്ഥാനീയരാണ് ഖുത്വ്ബുസ്സമാന്‍ അസ്സയ്യിദ് മമ്പുറം ബാഅലവി തങ്ങള്‍(ഖ.സി). യമനിലെ ഹളറമൗത്തിലെ തരീം എന്ന കൊച്ചു ഗ്രാമത്തില്‍ സയ്യിദ് മുഹമ്മദുബ്‌നു സഹ്ല്‍ മൗലദ്ദവീല(റ)ന്റെയും ജിഫ്രി കുടുംബത്തിലെ പ്രധാന പണ്ഡിതനായിരുന്ന ശൈഖ് ഹസ്സന്‍ ജിഫ്രി(റ)ന്റെ സഹോദരിയുമായ സയ്യിദ ഫാത്വിമ(റ)യുടെയും മകനായി ഹിജ്‌റ 1166 ദുല്‍ഹിജ്ജ 23 ശനിയാഴ്ച രാത്രിയാണ് മമ്പുറം തങ്ങള്‍ ഭൂജാതനാവുന്നത്. ആദരവും ബഹുമാനവും ഏറെയുള്ള ആ കുടുംബത്തില്‍ തങ്ങളുടെ മാതാപിതാക്കള്‍ ചെറുപ്പത്തില്‍ വഫാത്തായി. ശേഷം മാതൃസഹോദരിയായ സയ്യിദ ഹാമിദ(റ)യാണ് പരിപാലിച്ചത്. മാതാവില്‍ നിന്ന് തന്നെയായിരുന്നു സ്‌നേഹവും സത്യസന്തതയുടെയും ആദ്യപഠനം. എട്ടാം വയസ്സില്‍ തന്നെ തങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കി നാട്ടുകാര്‍ക്കിടയില്‍ ഹാഫിള് എന്ന പേരിന്ന് അര്‍ഹരായി. തന്റെ മാതുലന്‍ മലബാറിലേക്ക് പ്രബോധന ദൗത്യവുമായി ചെന്ന വിവരം കേട്ടറിഞ്ഞ തങ്ങള്‍ അങ്ങനെയാവാന്‍ ആഗ്രഹമുണ്ടെന്ന് മാതൃസഹോദരിയെ അറിയിച്ചു. അവരുടെ സമ്മതപ്രകാരം പതിനേഴാം വയസ്സില്‍ ശഹ്‌റു മുഖല്ലയില്‍ നിന്നും കപ്പല്‍ മാര്‍ഗ്ഗം ഹിജ്‌റ 1183 ല്‍ റമളാന്‍ 19-ന് കേരളതീരത്തേക്ക് ആ വസന്തം വന്നണഞ്ഞു. കോഴിക്കോടുനിന്നും ഉടനെ തിരൂരങ്ങാടിക്കടുത്ത് മമ്പുറത്ത് തങ്ങള്‍ താമസമാക്കി. തിരൂരങ്ങാടി ഖാളിയായിരുന്ന ജലാലുദ്ധീന്‍ മഖ്ദൂം(റ)ന്റെ വസ്വിയ്യത്ത് പ്രകാരം പുത്രി ഫാത്വിമ(റ)നെ വിവാഹം കഴിച്ചു. ചാക്കീരി കുടുംബത്തിലെ അവറാന്‍ എന്നറിയപ്പെടുന്ന അബ്ദുറഹ്മാന്‍ എന്നവരോട് എന്റെ കുടുംബത്തിന്റെ ചിലവ് ഏറ്റെടുക്കാന്‍ ആവശ്യപ്പെടുകയും അയാള്‍ അനുസരിക്കുകയും ചെയ്തു. ഇന്നും തങ്ങളുടെ ആ ഓല മേഞ്ഞ വീട് ചാക്കീരി കുടുംബമാണ് പരിപാലിക്കുന്നത്. സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ ധവള നക്ഷത്രമായിരുന്ന സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ മമ്പുറം തങ്ങളുടെ പുത്രനാണ്. മതപരമായ കാര്യങ്ങളില്‍ മഖ്ദൂമിയ്യാ ശൈലി സ്വീകരിച്ച് വിശുദ്ധ ദീനിന്റെ പ്രഭപരത്താനിറങ്ങിയ മമ്പുറം തങ്ങളെ ജനം അതിരറ്റ ആദരവോടെയും ബഹുമാനത്തോടെയുമാണ് നോക്കിക്കണ്ടത്.
മത പരമായ കാര്യങ്ങളില്‍ മഖ്ദൂമിയന്‍ നിലപാട് സ്വീകരിച്ച അദ്ദേഹം കര്‍ക്കശ നിലപാടുകാരനായിരുന്നു. മതമൈത്രിയില്‍ നിന്നു കൊണ്ടുള്ള  സാമൂഹിക നവോത്ഥാനമായിരുന്നു തങ്ങള്‍ നിര്‍വഹിച്ചിരുന്നത്. 19 ാം നൂറ്റാണ്ട് മലബാര്‍ മുസ് ലിമിന്ന് ദുരിതങ്ങളുടെ കാലമായിരുന്നു. മുസ് ലിമിന്റെയും ഹിന്ദുക്കളുടെയും പൊതു ശത്രുവായ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. നേതൃത്വം നല്‍കുകയും ചെയ്തു. 
ധര്‍മ്മിഷ്ടനും മതഭക്തനുമായിരുന്നു തങ്ങള്‍ ജാതിമത ഭേതമന്യേ ജനം അവിടത്തെ ബഹുമാനിച്ചു. 

മുക്കാല്‍ നൂറ്റാണ്ട് ജീവിച്ച് പ്രോജ്വലിച്ച് നിന്ന മമ്പുറം തങ്ങള്‍ക്ക് ഹി: 1259 ഓടെ വാര്‍ദ്ധക്യ അസുഖങ്ങളുണ്ടായി. ചേറൂര്‍ പടയില്‍ പങ്കെടുത്ത് കാലിന്ന് കൊണ്ട വെടിവെപ്പിലുള്ള മുറിവാണ് മരണത്തിലേക്ക് നയിച്ചത്. ഹിജ്‌റ 1260(1845) മുഹറം ഏഴിന് ഞായറാഴ്ച രാത്രി തങ്ങള്‍ വിടപറഞ്ഞു. 94 വയസ്സായിരുന്നു.77 വര്‍ഷം കേരളത്തില്‍ ചിലവഴിച്ച ശേഷമാണിത്. 'സന്മാര്‍ഗ ചന്ദ്രന്‍ അസ്തമിച്ചേ' എന്ന് വേദനയോടെ അവിടത്തെ ചാരത്തു നിന്ന് ശിഷ്യനായിരുന്ന സൂഫി ഉമര്‍ ഖാളി (റ) പറയുകയുണ്ടായി. ഇന്നും മമ്പുറം മഖാം ആയിരങ്ങളുടെ അഭയ കേന്ദ്രമാണ്. ജാതി മത ഭേത മന്യേ നാടിന്റെ അഷ്ടദിക്കുകളില്‍ നിന്നും ജനം അവിടേക്ക് സിയാറത്തിനെത്തുന്നു. എല്ലാവര്‍ഷവും മുഹറം 1 മുതല്‍ 7 വരെ നേര്‍ച്ച നടക്കുന്നുണ്ട്. ലക്ഷങ്ങള്‍ പങ്കെടുക്കുന്ന അന്നദാനത്തിനും നേര്‍ച്ചക്കും മഖാം പരിപാലനത്തിനും ദാറുല്‍ ഹുദാ കമ്മിറ്റിയാണ് നേതൃത്വം നല്‍കുന്നത്.


                                                                                                                 |Ali Krippur|

Post a Comment

Note: only a member of this blog may post a comment.

[blogger][facebook][disqus]

ivythemes

{facebook#https://fb.com/alathoorpadidars} {twitter#https://twitter.com/alathurpadidars} {google-plus#https://plus.google.com/+ALATHURPADIDARS} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://youtube.com/alathoorpadidars} {instagram#YOUR_SOCIAL_PROFILE_URL}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget