| Usthad C.K Abdurahman Faisy Aripra |

വാനലോക വാസികളുടെ കാവല്‍ക്കാരാണ് നക്ഷത്രങ്ങള്‍. അവര്‍ നശിച്ചാല്‍ വാനലോകം നശിച്ചു. അതു പോലെ ഭൂവാസികളുടെ കാവലാളുകളാണ് എന്റെ കുടുംബം. അവര്‍ പോയാല്‍ ഈ ഭൂമിയും പോയി. (അഹ്മദ്) അഹ്‌ലുബൈത്തിന്റെ പരമ്പര അന്ത്യനാള്‍ വരെ അവശേഷിക്കുമെന്ന് തന്നെയാണ് നബി വചനങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്. നബി (സ) തങ്ങള്‍ തന്നെ പറയുന്നതായി സൈദ്ബ്‌നു അര്‍ഖം വഴി ഇമാം മുസ്‌ലിം (റ)ഉദ്ധരിക്കുന്നു: ഞാന്‍ നിങ്ങള്‍ക്ക് മഹത്തരമായ രണ്ടെണ്ണം നല്‍കി പോകുന്നു. ഒന്ന് അല്ലാഹുവിന്റെ ഗ്രന്ഥമായ ഖുര്‍ആന്‍, രണ്ട് എന്റെ സന്താനപരമ്പരയും. ജാബിര്‍ (റ) വഴി ഇമാം തുര്‍മുദി (റ) ഉദ്ധരിക്കുന്നു : അവസാനത്തെ ഹജ്ജില്‍ അറഫയില്‍ നബി (സ) തങ്ങള്‍ ഇങ്ങനെ പ്രസംഗിച്ചു :  രണ്ടു കാര്യം ഞാന്‍ നിങ്ങള്‍ക്ക് നല്‍കി പോകുന്നു. അതു രണ്ടും നിങ്ങള്‍ അടിസ്ഥാനമാക്കിയാല്‍ മതത്തില്‍ വഴി പിഴക്കില്ല. ഒന്ന് അല്ലാഹുവിന്റെ ഗ്രന്ഥം, മറ്റൊന്ന് എന്റെ പരമ്പര.
    അന്ത്യനാള്‍ വരെ മുസ്‌ലിം ലോകത്തിന് മാര്‍ഗദര്‍ശനമായി ഖുര്‍ആനും പ്രവാചക പരമ്പരയും രണ്ടും ആവശ്യമാണെന്ന് ഇവിടെ വ്യക്തമായി. എങ്കില്‍ ഖുര്‍ആന്‍ പോലെ അന്ത്യനാള്‍ വരെ ഈ പരമ്പരയും നിലനില്‍ക്കണം. അല്ലെങ്കില്‍ മതത്തില്‍ വഴി പിഴക്കാതിരിക്കാന്‍ നബി (സ) നല്‍കിയ രണ്ടു വഴികളില്‍ ഒന്ന് നഷ്ടമായെന്ന് പറയേണ്ടി വരും. ഇസ്‌ലാമിനെ അന്ത്യനാള്‍ വരെ അല്ലാഹു സംരക്ഷിക്കുമെങ്കില്‍ മതത്തില്‍ പിഴക്കാതിരിക്കാന്‍ നബി (സ) തങ്ങള്‍ നിര്‍ദേശിച്ച ഈ രണ്ട് കാര്യങ്ങളെയും അല്ലാഹു സംരക്ഷിക്കാതിരിക്കുമോ ? ഇല്ല. പക്ഷെ നബി (സ) തങ്ങളുടെ ആണ്‍ മക്കളെല്ലാം ചെറുപ്പത്തിലെ വഫാത്തായതിനാല്‍ അവരിലൂടെ പരമ്പരയില്ലെന്നുറപ്പാണ്. പെണ്‍ മക്കളുടെ സന്താനങ്ങള്‍ അവരുടെ പിതാക്കളിലേക്കാണ് സാധാരണ ചേര്‍ക്കപ്പെടാറുള്ളത്. ഇമാം ത്വബ്‌റാനി (റ) ഉദ്ദരിക്കുന്ന ഹദീസില്‍ നബി (സ) തങ്ങള്‍ ഇപ്രകാരം പറഞ്ഞതായി കാണാം. അല്ലാഹു പ്രവാചകന്മാരുടെ പരമ്പര സംരക്ഷിച്ചത് പ്രവാചകന്മാരിലൂടെ തന്നെയാണ്. എന്നാല്‍ എന്റെ പരമ്പര അലിയിലൂടെയാണ് അല്ലാഹു സംരക്ഷിക്കുന്നത്.
    ബുഖാരി മുസ്‌ലിം ഏകോപിച്ചുദ്ധരിക്കുന്ന ഒരു ഹദീസില്‍ നബി തങ്ങള്‍ അലി (റ)യോട് പറയുന്നു: ഞാനും നീയും തമ്മില്‍ മൂസാ നബി (അ) യും ഹാറൂന്‍ നബി (അ) യും തമ്മിലുള്ള ബന്ധമാണ്. പക്ഷേ എനിക്ക് ശേഷം പ്രവാചകരില്ല. തന്റെ ദൗത്യനിര്‍വഹണത്തിന് സഹായകമായി സഹോദരന്‍ ഹാറൂന്‍(അ)നെ കൂടെ അയക്കണമെന്ന് മൂസാ നബി (അ) അല്ലാഹുവിനോട് ആവശ്യപ്പെട്ടത് ഖുര്‍ആനിലുണ്ട്. ഇത് തന്നെയാണ് ഈ ഹദീസ് സൂചിപ്പിക്കുന്നതും. നബി (സ) യുടെ സ്ഥാനത്താണ് അഹ്‌ലുബൈത്ത് പ്രവര്‍ത്തിക്കുന്നതെന്ന് ഇപ്പോള്‍ നമുക്ക് വ്യക്തമായി. മുഹമ്മദ് നബി (സ)യെ തന്റെ പരമ്പരയില്‍ നിങ്ങള്‍ സൂക്ഷിക്കുക എന്ന ബുഖാരിയുടെ ഹദീസും മേല്‍പറഞ്ഞ കാര്യങ്ങളെ ബലപ്പെടുത്തുന്നു. ചുരുക്കത്തില്‍ ഇന്ന് ലോകത്ത് അഹ്‌ലുബൈത്ത് ഇല്ല, അവര്‍ കര്‍ബലയില്‍ നാമാവശേഷമായി എന്ന പുത്തന്‍വാദികളുടെ ജല്‍പനത്തില്‍ യാതൊരു കഴമ്പുമില്ലെന്ന് ഈ ഹദീസുകള്‍ മനസ്സിലാക്കിത്തരുന്നു. ചരിത്രപരമായ വിവരണത്തിലേക്ക് കടക്കുന്നതിന് മുമ്പ് അഹ്‌ലുബൈത്ത് ആരാണെന്ന് പരിശോധിക്കാം.
    അഹ്‌ലുബൈത്ത് ആരെന്ന വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. സൈദ്ബ്‌നു അര്‍ഖം (റ) വില്‍ നിന്ന് ഇമാം മുസ്‌ലിം (റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ ഇപ്രകാരം കാണാം. നബി (സ) തങ്ങളുടെ ഭാര്യമാരും സന്താനങ്ങളും അഹ്‌ലുബൈത്തില്‍ പെട്ടവരാണ്. മാത്രമല്ല, സകാത്ത് സ്വീകരിക്കല്‍ നിശിദ്ധമാക്കപ്പെട്ടവരും അഹ്‌ലുബൈത്തില്‍ പെട്ടവര്‍ തന്നെ. അലി (റ)യുടേയും ജഅ്ഫര്‍ (റ)ന്റെയും അഖീല്‍ (റ)ന്റെയും അബ്ബാസ് (റ) ന്റെയും പരമ്പരയാണവര്‍. ചുരുക്കത്തില്‍ ഹാശിം സന്തതികളില്‍ നിന്ന് ഇസ്‌ലാം സ്വീകരിച്ചവരെല്ലാം അഹ്‌ലുബൈത്താണെന്നാണ് ഹനഫീ മദ്ഹബ്. എന്നാല്‍ മുത്വലിബ് സന്തതികളും അഹ്‌ലുബൈത്താണെന്നാണ് ശാഫീ പക്ഷം. ഹാശിം, മുത്വലിബ് സന്തതികളെ അഹ്‌ലുബൈത്തില്‍ എണ്ണുന്ന പക്ഷം അഹ്‌ലുബൈത്തിന്റെ പരമ്പര അറ്റുപോയെന്ന ആരോപണം അര്‍ത്ഥശൂന്യമാണ്. ഈ വാദത്തിനാധാരമായി യാതൊരു ചരിത്ര പശ്ചാത്തലവുമില്ലാത്തതിനാല്‍ തന്നെ ആരോപണത്തില്‍ കഴമ്പില്ലെന്നും, എന്തെങ്കിലുമൊക്കെ ആരോപിക്കുക എന്ന ദുരുദ്ദേശത്തില്‍ നിന്നുത്ഭവിച്ചതാണീ അരോപണമെന്നും നമുക്ക് മനസ്സിലാക്കാം. അത്‌കൊണ്ട് തന്നെ ഇതിന് നാം മറുപടി പറയേണ്ടതില്ല. എന്നാല്‍ നബി (സ) തങ്ങളുടെ ഭാര്യമാരും സന്താനങ്ങളും, ഹസന്‍ (റ), ഹുസൈന്‍(റ), അലി (റ) എന്നിവര്‍ മാത്രമാണ് അഹ്‌ലുബൈത്തെന്നതാണ് ഇമാം റാസി (റ) യുടെ അഭിപ്രായം. ഇതുപ്രകാരം മാത്രമേ പരമ്പര ഇന്ന് നിലനില്‍ക്കുന്നുണ്ടോ അതോ, ഇല്ലേ എന്ന ചര്‍ച്ചക്ക് ചെറിയൊരു പഴുതുള്ളൂ. കാരണം കര്‍ബലയില്‍ ഇബ്‌നു സിയാദിന്റെ ആയിരക്കണക്കിന് വരുന്ന സൈന്യത്തിന് കീഴടങ്ങാതെ ഏറ്റു മുട്ടി ധീരരക്തസാക്ഷിത്വം വരിച്ചവരില്‍ നബി കുടുംബത്തില്‍ പെട്ട ധാരാളം പേരുണ്ടായിരുന്നുവെന്നത് ചരിത്രയാഥാര്‍ത്യമാണ്. അത് കൊണ്ടായിരിക്കാം കര്‍ബല യുദ്ധത്തോടെ നബി കുടുംബം അവസാനിച്ചുവെന്ന് ചില അല്‍പജ്ഞാനികള്‍ വിലയിരുത്തുന്നത്. ചരിത്രപരമായ അറിവില്ലായ്മയില്‍ നിന്നോ അഹ്‌ലുബൈത്തിനോടുള്ള അന്ധമായ വിരോധത്തില്‍ നിന്നോ ഉത്ഭവിച്ചതാണീ ആരോപണമെന്ന് അല്‍പമെങ്കിലും ചരിത്രജ്ഞാനമുള്ളവര്‍ക്ക് മനസ്സിലാകും. നബി (സ) തങ്ങളുടെ സന്താനങ്ങളില്‍ ആരുടെയൊക്കെ പരമ്പര ഇന്ന് നിലനില്‍ക്കുന്നുണ്ട് എന്നതിന് ചരിത്രപരമായ വിവരണം ആവശ്യമാണ്. നബി (സ)തങ്ങളുടെ മക്കളില്‍ ആരൊക്കെ വിവാഹിതരായി, ആര്‍ക്കൊക്കെ സന്താനങ്ങളുണ്ടായി എന്ന് നോക്കാം.
    ഖാസിം,അബ്ദുള്ള,ഇബ്‌റാഹീം എന്നിവരാണ് നബി (സ) തങ്ങളുടെ ആണ്‍ മക്കള്‍. ഇവരില്‍ ഖാസിം(റ) നുബുവ്വത്തിന് മുമ്പ് ജനിക്കുകയും മുലകുടി പ്രായത്തില്‍ തന്നെ വഫാത്താവുകയും ചെയ്തു. ഈ പുത്രനിലേക്ക് ചേര്‍ത്തിയാണ് നബി (സ) തങ്ങള്‍ അബുല്‍ ഖാസിം എന്ന് വിളിക്കപ്പെട്ടിരുന്നത്. അബ്ദുള്ള(റ) നുബുവ്വത്തിന് ശേഷമാണ് ജനിച്ചത്. അവരും മുലകുടി പ്രായത്തില്‍ വഫാത്തായി ഇവര്‍ രണ്ട് പേരും ഖദീജ ബീവി (റ) യിലുള്ള പുത്രന്‍മാരാണ്. മാരിയതുല്‍ ഖിബ്തിയ്യ(റ) എന്ന അടിമ സ്ത്രീയില്‍ നബി (സ) തങ്ങള്‍ക്ക് ജനിച്ച പുത്രനാണ് ഇബ്‌റാഹീം(റ). ഒന്നര വയസ്സ് പ്രായമുള്ളപ്പോള്‍ ഈ കുട്ടിയും മരണമടഞ്ഞു. ചുരുക്കത്തില്‍ ആണ്‍ മക്കളിലൂടെ നബി (സ) തങ്ങള്‍ക്ക് സന്താന പരമ്പരയില്ല.
    സൈനബ്(റ), റുഖിയ്യ, ഉമ്മുകുല്‍സൂം, ഫാത്തിമ എന്നിവരാണ് നബി (സ) തങ്ങളുടെ പുത്രിമാര്‍. സൈനബയെ അബുല്‍ ആസ്വ്ബ്‌നു റബീഅ് വിവാഹം ചെയ്തു. ഇവര്‍ക്ക് അലി എന്ന പുത്രനും ഉമാമ എന്ന പുത്രിയും ജനിച്ചു. അലി പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പേ മരണപ്പെട്ടു. ഉമാമയെ ഫാത്തിമ ബീവി (റ) യുടെ വഫാത്തിന് ശേഷം അലി (റ) വിവാഹം കഴിച്ചു. ഈ ദാമ്പത്യത്തില്‍ മുഹമ്മദ് ഔസത് എന്ന പുത്രന്‍ പിറന്നു. പക്ഷേ പരമ്പരയില്ല. അലി (റ)വിന്റെ വസ്വിയ്യത്ത് പ്രകാരം അദ്ദേഹത്തിന്റെ വഫാത്തിന് ശേഷം മഹതി മുഗൈറ ബിന്‍ നൗഫല്‍ ബ്‌നു ഹാരിഫ് ബിന്‍ അബ്ദുല്‍ മുത്വലിബിനെ ഭര്‍ത്താവായി സ്വീകരിച്ചു.  ഈ ദാമ്പത്യബന്ധത്തില്‍ സന്താനങ്ങളുണ്ടായിട്ടില്ല. അത്‌കൊണ്ട്തന്നെ പുത്രി സൈനബി(റ)ലൂടെയുള്ള നബി പരമ്പര നിലനില്‍ക്കുന്നില്ല.
    റുഖിയ ബീവിയെ ഉസ്മാന്‍ (റ) വിവാഹം കഴിച്ചു. അവര്‍ക്ക് അബ്ദുള്ളാ എന്ന പുത്രന്‍ പിറന്നെങ്കിലും ചെറുപ്പത്തിലേ വഫാത്തായി. ഹിജ്‌റ രണ്ടാം വര്‍ഷം റുഖിയ്യാ ബീവിയും വഫാത്തായി. ശേഷം ഉമ്മു കുല്‍സൂമിനെ ഉസ്മാന്‍(റ) വിവാഹം കഴിച്ചു. രണ്ടു നബി പുത്രിമാരെ വിവാഹം കഴിച്ചതുകൊണ്ടാണ്, രണ്ടു പ്രകാശത്തിനുടമ എന്നര്‍ത്ഥം വരുന്ന ദുന്നൂറൈന്‍ എന്ന സ്ഥാനപ്പേര് അദ്ദേഹത്തിന് ലഭിച്ചത്. പക്ഷേ ഈ ദാമ്പത്യബന്ധത്തില്‍ സന്താന സൗഭാഗ്യമുണ്ടായില്ല. ചുരുക്കത്തില്‍ സൈനബ്(റ), റുഖിയ്യ(റ), ഉമ്മുകുല്‍സൂം(റ) എന്നീ മൂന്ന് പുത്രിമാരിലൂടെയും ഒരു കുടുംബ ശൃംഖല രൂപപ്പെടുന്നില്ല.
    ഇനി ഫാത്തിമ ബീവിയുടെ പരമ്പരയിലേക്ക് കടക്കാം. ബീവിയെ അലി (റ) വിവാഹം ചെയ്തു. അലി (റ), ഫാത്തിമ (റ) ദമ്പതികളുടെ സന്താനങ്ങളിലൂടെയാണ് ഇന്ന് ലോകത്ത് നിലനില്‍ക്കുന്ന അഹ്‌ലുബൈത്ത് മുഴുവനും നബി(സ)തങ്ങളിലേക്ക് എത്തിച്ചേരുന്നത്. പുത്രന്മാരിലൂടെയാണ് പരമ്പര നിലനില്‍ക്കേണ്ടത്. എന്നാല്‍ പുത്രിയിലൂടെ പരമ്പര സംരക്ഷിക്കപ്പെടുന്നത് നബി (സ) തങ്ങളുടെ പ്രത്യേകതയാണ്.
    നബി (സ) തങ്ങളുടെ പ്രിയപ്പെട്ട പിതൃവ്യന്റെ മകനാണല്ലോ അലി (റ). നബി (സ) തങ്ങളും അലി (റ) തമ്മിലുള്ള ആത്മ ബന്ധം പ്രസിദ്ധമാണല്ലോ. അദ്ദേഹം വളര്‍ന്നത് നബി (സ) തങ്ങളുടെ വീട്ടിലാണ്. ചെറുപ്പത്തിലേ ഇസ്‌ലാം സ്വീകരിച്ചു. ഞാന്‍ ജ്ഞാനപട്ടണമാണെന്നും അതിലേക്കുള്ള കവാടം അലിയാണെന്നും നബി(സ) തങ്ങള്‍ പറഞ്ഞിട്ടുണ്ട്. മൂസാ നബിയും ഹാറൂന്‍ നബിയും തമ്മിലുള്ള ബന്ധമാണ് ഞാനും അലിയും തമ്മിലെന്ന് നബി (സ) തങ്ങള്‍ പറഞ്ഞത് മുമ്പ് വിവരിച്ചല്ലോ. മദീനയില്‍ മുഹാജിറുകള്‍ക്കിടയിലും അന്‍സാറുകള്‍ക്കിടയിലും സാഹോദര്യ ബന്ധം സ്ഥാപിച്ചപ്പോള്‍ നബി(സ) തങ്ങള്‍ അലി(റ)യെ മാറ്റി നിര്‍ത്തി. കാരണമന്വേഷിച്ചപ്പോള്‍ അലി(റ)  ഇരുലോകത്തും എന്റെ സഹോദരനാണെന്നായിരുന്നു നബി(സ) തങ്ങളുടെ മറുപടി. അലി എന്നില്‍ നിന്നും ഞാന്‍ അലിയില്‍ നിന്നുമാണെന്ന ഹദീസും ഫാത്തിമ എന്റെ ശരീരത്തിന്റെ ഭാഗമാണെന്ന ഹദീസും ഇവിടെ നാം ഓര്‍ക്കേണ്ടതാണ്. നബി (സ) തങ്ങളോടും ഫാത്തിമ ബീവിയോടുമുള്ള അഭേദ്യ ബന്ധത്താല്‍ അലി (റ) യും അഹ്‌ലുബൈത്തില്‍ പെട്ടുവെന്നാണ് ഇമാം റാസി തന്റെ തഫ്‌സീറുല്‍ കബീറില്‍ രേഖപ്പെടുത്തിയത്.
    ഒരിക്കല്‍ നബി (സ) തങ്ങള്‍ അലി (റ), ഫാത്തിമ (റ), ഹസന്‍(റ), ഹുസൈന്‍(റ) എന്നിവരെ അരികില്‍ വിളിച്ച് വരുത്തി ' പടച്ചവനെ ഇവരാണ് എന്റെ അഹ്‌ലുബൈത്ത് എന്ന് പ്രഖ്യാപിക്കുകയുണ്ടായി. ഈ സംഭവം സഅ്ദുബ്‌നു അബീ വഖാസ് (റ),ആഇശാ (റ) എന്നിവരില്‍ നിന്ന് ഇമാം മുസ്‌ലിം(റ) സ്വഹീഹില്‍ ഉദ്ധരിച്ചിട്ടുണ്ട്. ഇവര്‍ നാലുപേരുമാണ് അഹ്‌ലുബൈത്തെന്നതിന് ധാരാളം ഹദീസുകളുടെ പിന്‍ബലമുണ്ട്.
    ഇനി ഇവരുടെ സന്താനപരമ്പര നിലനില്‍ക്കുന്നുണ്ടോ അതോ കര്‍ബല യുദ്ധത്തോടെ പരമ്പര മുറിഞ്ഞ് പോയോ എന്ന് പരിശോധിക്കാം.
അലി (റ) ഫാത്തിമ (റ) ദമ്പതികള്‍ക്ക് ഹസന്‍(റ), ഹുസൈന്‍(റ), മുഹ്‌സിന്‍(റ) എന്നീ പുത്രന്മാരും സൈനബ്(റ), ഉമ്മുകുല്‍സൂം(റ), റുഖിയ്യ(റ) എന്നീ പുത്രിമാരും പിറന്നു. ഇവരില്‍ മുഹ്‌സിനും റുഖിയ്യയും ചെറുപ്പത്തില്‍ വഫാത്തായി. ഉമ്മുകുല്‍സൂമിനെ ഉമര്‍(റ) വിവാഹം ചെയ്തു. ഇവര്‍ക്ക് സൈദ് അക്ബര്‍ എന്ന പുത്രന്‍ പിറന്നു. പക്ഷേ ഇദ്ദേഹത്തിന് സന്താനപരമ്പരയില്ല. സൈനബിനെ പിതൃ സഹോദരന്‍ ജഅ്ഫര്‍ (റ) വിന്റെ പുത്രന്‍ അബ്ദുള്ളാ വിവാഹം കഴിക്കുകയും സന്താനങ്ങളുണ്ടാകുകയും ചെയ്തു. ഈ പരമ്പര ഇന്നും നിലനില്‍ക്കുന്നു. പക്ഷേ ഇത് നബി പുത്രിയുടെ പരമ്പരയല്ല. പൗത്രിയുടെതാണ്. ഹസന്‍ ഹുസൈന്‍ പരമ്പരയുടെ ശ്രേഷ്ടത ഈ പരമ്പരക്കില്ല. ഫാത്തിമ ബീവിയുടെ ആണ്‍മക്കളിലൂടെയുള്ള പരമ്പരയാണ് നബി പരമ്പരയായി എണ്ണപ്പെടുക. കാരണം പുത്രിയിലൂടെ പരമ്പര നില്‍ക്കല്‍ നബി(സ)യുടെ മാത്രം പ്രത്യേകതയാണ്. ഈ പ്രത്യേകത മഹതി ഫാത്തിമ(റ)ക്കില്ല. അതു കൊണ്ട് തന്നെ ഫാത്തിമ (റ)യുടെ മകളായ സൈനബി(റ)ന്റെ പരമ്പരക്ക് മഹതിയുടെ ആണ്‍മക്കളായ ഹസന്‍, ഹുസൈന്‍ എന്നിവര്‍ വഴിയുള്ള പരമ്പരയുടെ മഹത്വം ഉണ്ടാകില്ലെന്നുറപ്പാണ്.
    അഹ്‌ലുബൈത്തിന്റെ സുപ്രധാന പരമ്പരകള്‍ മുഴുവനും ഹസന്‍(റ) ഹുസൈന്‍(റ) വഴി നബിയിലേക്കെത്തിച്ചേരുന്നവയാണ്. ഹിജ്‌റ മൂന്നാം വര്‍ഷം റമളാന്‍ പതിനഞ്ചിനാണ് ഹസന്‍ (റ) ജനിക്കുന്നത്. ഹിജ്‌റ അമ്പതില്‍ വഫാത്താകുകയും ചെയ്തു.
    സൈദ്, ഉമ്മുല്‍ഹംസ, ഉമ്മുല്‍ ഹുസൈന്‍, ഹസന്‍ രണ്ടാമന്‍, ഉമര്‍, ഖാസിം, അബ്ദുള്ള, അബ്ദുറഹ്മാന്‍, ത്വല്‍ഹത്, ഹുസൈന്‍, ഫാത്തിമ, ഉമ്മുസലമ, റുഖിയ്യ എന്നിവരാണ് ഹസന്‍ (റ)വിന്റെ സന്താനങ്ങള്‍. ഉമര്‍, ഖാസിം, അബ്ദുല്ല എന്നിവര്‍ ഹുസൈന്‍(റ) വിന്റെ കൂടെ കര്‍ബലയില്‍ രക്തസാക്ഷികളായി. ഇവരില്‍ സൈദ്, ഹസന്‍ രണ്ടാമന്‍ എന്നിവര്‍ക്ക് മാത്രമേ പരമ്പരയുള്ളൂ. സൈദ് ഹിജ്‌റ നൂറ്റി ഇരുപതിലും ഹസന്‍ തൊണ്ണൂറ്റി ഏഴിലും വഫാത്തായി. ഹസന്‍ രണ്ടാമന് അബ്ദുള്ളാഹില്‍ മഹ്ദ്, ഹസന്‍ മൂന്നാമന്‍ എന്നീ സന്തതികള്‍ പിറന്നു. ഇതില്‍ അബ്ദുള്ളാഹില്‍ മഹ്ദിന് മുഹമ്മദു ഹഫ്‌സുസ്സമിയ്യ, ഇബ്‌റാഹീം, ഇദ്‌രീസ്, മൂസാ, സുലൈമാന്‍, എന്നീ സന്തതികള്‍ പിറന്നു. ഹസന്‍ (റ)ന്റെ മകന്‍ സൈദിന് ധാരാളം സന്താനങ്ങളുണ്ടായി. നഫീസത്ത് ബീവിയുടെ പിതാവായ ഹസന്‍ അന്‍വര്‍ അവരില്‍ പ്രധാനിയാണ്. ഇവരുടെ സന്താന പരമ്പരയാണ് ഹസനികള്‍.
    ഹിജ്‌റ നാലാം വര്‍ഷം ശഅ്ബാന്‍ അഞ്ചിനാണ്  ഹുസൈന്‍ (റ) ജനിക്കുന്നത്. ഹിജ്‌റ അറുപത്തൊന്ന് മുഹറം പത്തില്‍ കര്‍ബലയില്‍ വെച്ച് ധീര രക്തസാക്ഷിത്വം വരിച്ചു. അലി അക്ബര്‍, അലി അസ്ഹര്‍ (സൈനുല്‍ ആബിദീന്‍) അബ്ദുള്ള, സകീന, ഫാത്വിമ എന്നിവരാണ് ഹുസൈന്‍ (റ)ന്റെ സന്താനങ്ങള്‍. ഇതില്‍ അലി അക്ബറും അബ്ദുളളയും പിതാവിനോട് കൂടെ കര്‍ബലയില്‍ ശഹീദായി. സൈനുല്‍ ആബിദീന്‍ രോഗബാധിതനായതിനാല്‍ യുദ്ധത്തില്‍ പങ്കെടുത്തിരുന്നില്ല. ഇദ്ദേഹം മരണപ്പെടുന്നത് ഹിജ്‌റ തൊണ്ണൂറിന് ശേഷമാണ്. കര്‍ബല യുദ്ധം ഹിജ്‌റ അറുപത്തിഒന്നിലായിരുന്നല്ലോ. ചരിത്രത്തില്‍ നേരിയ അഭിപ്രായ ഭിന്നതകള്‍ ഉണ്ടെങ്കിലും സൈനുല്‍ ആബിദീന്‍(റ) കര്‍ബലക്ക് ശേഷവും ജീവിച്ചിട്ടുണ്ടെന്നതില്‍ അഭിപ്രായ ഭിന്നതയില്ല. ഇദ്ദേഹത്തിന് ധാരാളം സന്തതികളുണ്ട്. മുഹമ്മദുല്‍ ബാഖിര്‍ അവരില്‍ പ്രധാനിയാണ്. ഇവരുടെ പരമ്പരയാണ് ഹുസൈനികള്‍ എന്നറിയപ്പെടുന്നത്.
    ചുരുക്കത്തില്‍ അഹ്‌ലുബൈത്തിന്റെ പരമ്പര ഹസന്‍ രണ്ടാമന്‍ സൈദ് എന്നിവര്‍ വഴി ഹസ്‌റത്ത് ഹസനിലും സൈനുല്‍ ആബിദീന്‍ വഴി ഹസ്‌റത്ത് ഹുസൈനിലും എത്തിച്ചേരുന്നു. ഉദാഹരണത്തിന് മുഹ്‌യുദ്ദീന്‍ ശൈഖിന്റെ പരമ്പര എടുക്കാം. ശൈഖിന്റെ പരമ്പര പിതാവ് വഴി ഹസന്‍ (റ)വിലും മാതാവ് വഴി ഹുസൈന്‍ (റ)വിലും എത്തിച്ചേരുന്നു. പരമ്പര പിതാവ് വഴി: 1- മുഹമ്മദ് (സ), 2- സയ്യിദ ഫാത്വിമ, 3- സയ്യിദ് ഹസന്‍, 4- സയ്യിദ് ഹസന്‍ രണ്ടാമന്‍, 5- സയ്യിദ് അബ്ദുള്ളാ മഹ്‌സ്, 6- സയ്യിദ് മൂസല്‍ ജൗന്‍, 7-സയ്യിദ് അബ്ദുള്ള രണ്ടാമന്‍, 8-സയ്യിദ് മൂസാ രണ്ടാമന്‍, 9-സയ്യിദ് ദാവൂദ്, 10-സയ്യിദ് മുഹമ്മദ്, 11-സയ്യിദ് യഹ്‌യ സാഹിദ്, 12-സയ്യിദ് അബ്ദുള്ള, 13-സയ്യിദ് അബൂസ്വാലിഹ് മൂസ, 14-ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി. പരമ്പര മാതാവ് വഴി: 1- മുഹമ്മദ് (സ), 2-സയ്യിദ ഫാത്വിമ 3-സയ്യിദ് ഹുസൈന്‍ 4-സയ്യിദ് സൈനുല്‍ ആബിദീന്‍ 5-സയ്യിദ് മുഹമ്മദ് ബാഖിര്‍ 6-സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് 7-സയ്യിദ് മൂസല്‍ കാളിം 8-സയ്യിദ് അലി രിളാ 9-സയ്യിദ് മുഹമ്മദുല്‍ ജവാദ് 10-സയ്യിദ് കമാലുദ്ദീന്‍ ഈസ 11-സയ്യിദ് അബ്ദുല്‍ അതാ അബ്ദുല്ല 12-സയ്യിദ്  മഹ്മൂദ് 13- സയ്യിദ് മുഹമ്മദ് 14-സയ്യിദ് അബ്ദുല്ല സാഹിദ് 15-സയ്യിദ ഉമ്മുല്‍ ഖൈര്‍ ഫാത്വിമ 16-ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി(റ). നമ്മുടെ കേരളത്തിലും ഇപ്രകാരം കൃത്യമായ പരമ്പരയുള്ള അഹ്‌ലുബൈത്തുണ്ട്. ഉദാഹരണത്തിന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പരമ്പര ഹുസൈന്‍ (റ)വിലേക്കെത്തിച്ചേരുന്നു. പരമ്പര:  1-മുഹമ്മദ് (സ),2-സയ്യിദ ഫാത്വിമ,3- സയ്യിദ് ഹുസൈന്‍,4-സയ്യിദ് സൈനുല്‍ ആബിദീന്‍,5-സയ്യിദ് മുഹമ്മദുല്‍ ബാഖിര്‍,6-സയ്യിദ് ജഅ്ഫറുസ്വാദിഖ്,7-സയ്യിദ് അലിയ്യുല്‍ ഉറൈളി,8-സയ്യിദ് മുഹമ്മദ് (റ),9-സയ്യിദ് ഈസന്നഖീബ്,10-സയ്യിദ് അഹ്മദുല്‍ മുഹാജിര്‍,11-സയ്യിദ് ഉബൈദുല്ലാ,12-സയ്യിദ് അലവിയ്യുല്‍ മുഖ്തസിര്‍,13-സയ്യിദ് മുഹമ്മദ് സാഹിബുസ്സൗമഅ,14-സയ്യിദ് അലവി, 15-സയ്യിദ് അലിയ്യുല്‍ ഖാലിഉല്‍ ഖസം,16-സയ്യിദ് മുഹമ്മദ് സ്വാഹിബ് മിര്‍ബാത്വ്,17-സയ്യിദ് അലിയ്യ്,18-സയ്യിദ് മുഹമ്മദുല്‍ ഫഖീഹുല്‍ മുഖദ്ദം,19-സയ്യിദ് അലവി,20-സയ്യിദ് അലി,21-സയ്യിദ് മുഹമ്മദ് മൗലദ്ദവീല,22-സയ്യിദ് അബ്ദുറഹ്മാന്‍ സഖാഫ്,23-സയ്യിദ് അബൂബക്കര്‍ സക്‌റാന്‍,24-സയ്യിദ് ശൈഖ് അലി,25-സയ്യിദ് അബ്ദുറഹ്മാന്‍,26-സയ്യിദ് അഹ്മദ് ശിഹാബുദ്ധീന്‍,27-സയ്യിദ് ഉമര്‍,28- സയ്യിദ് ശിഹാബുദ്ധീന്‍,29- സയ്യിദ് മുഹമ്മദ്,30-സയ്യിദ് അലവി,31-സയ്യിദ് മുഹമ്മദ്,32-സയ്യിദ് അലി,33-സയ്യിദ് അഹ്മദ്,34- സയ്യിദ് അലി,35-സയ്യിദ് ഹുസൈന്‍ മുല്ലക്കോയ തങ്ങള്‍,36-സയ്യിദ് മുഹ്‌ളാര്‍ തങ്ങള്‍,37-സയ്യിദ് ഹുസൈന്‍ ആറ്റക്കോയ തങ്ങള്‍,38-സയ്യിദ് മുഹമ്മദ് കോയഞ്ഞിക്കോയ തങ്ങള്‍,39-സയ്യിദ് പി.എം.എസ്.എ പൂക്കോയ തങ്ങള്‍,40-സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. പിതാമഹന്മാരുടെ പേരിലേക്കോ അവര്‍ താമസിച്ചിരുന്ന സ്ഥലത്തേക്കോ ചേര്‍ത്തി പേര് വിളിക്കപ്പെടുന്ന നിരവധി ഖബീലകള്‍ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരന്ന് കിടക്കുകയാണ്. ആ പരമ്പര അന്ത്യനാള്‍ വരെ നിലനില്‍ക്കുകയും ചെയ്യും. നബി (സ) തങ്ങളുടെ പരമ്പര കര്‍ബലയില്‍ അറ്റ് പോയെന്ന് ആരോപിക്കുന്നവര്‍ക്കും അവരുടെ ഈ പൊള്ളവാദത്തിനും പരമ്പരയില്ലെന്നതാണ് യാഥാര്‍ത്ഥ്യം.