|Fawas Akambadam|
മണ്ണും മനുഷ്യനും എത്രത്തോളം ബന്ധപ്പെട്ട് കിടക്കുന്നുണ്ടെന്ന് പറയാതെ തന്നെ നമുക്ക് അറിയുന്ന കാര്യമാണ്. 'പെണ്ണ് ചതിച്ചാലും മണ്ണ് ചതിക്കൂല ' എന്ന പഴമക്കാരുടെ ഉറച്ച വിശ്വാസങ്ങള്‍ക്കുമേല്‍ നാം പടുത്തുയര്‍ത്തിയ പലതും ഇന്നും ആസ്വധിക്കുന്നുണ്ടെങ്കിലും പലതും വഴിയെ പടിയിറങ്ങികൊണ്ടിരിക്കുന്ന സാഹചര്യമാണിന്നുള്ളത്.
മണ്ണിന്റെ മണവും സ്പര്‍ശനവും ഏറ്റ് വളരേണ്ട ബാല്യത്തിന്റെ കാല്‍പാദങ്ങള്‍ ഇന്ന് പാശ്ചാത്യന്റെ സാംസ്‌കാരങ്ങള്‍ കടമെടുത്ത് കൊണ്ടിരിക്കുകയാണ്. തീര്‍ത്തും സങ്കടകരമായ രീതിയില്‍ ഇന്ന് മണ്ണിന് മീതെ റെഡിമെയ്ഡ് പുല്‍മൈതാനങ്ങള്‍ സ്ഥാനം കണ്ടെത്തിയിരിക്കുകയാണ്. എപ്പോഴും ട്രെന്റുകളുടെ ഒഴുക്കിനനുസരിച്ച് നീന്തി കൊണ്ടിരിക്കുന്ന സമൂഹം ഈ വിഷയത്തില്‍ തിരിച്ചറിയാതെ പോയ അനവധി യഥാര്‍ത്ഥ്യങ്ങളുണ്ട്.
മണ്ണിനെ അറിഞ്ഞ് നഗ്നപാദങ്ങള്‍ കൊണ്ട് മണ്ണില്‍ കളിച്ചും അധ്വാനിച്ചും വളര്‍ന്ന ജനസമൂഹം ഇന്നത്തെ സാഹചര്യങ്ങളില്‍ തീര്‍ത്തും മനം നീറുന്നവരാണ്. മണ്ണറിഞ്ഞ് മണ്ണിനെ അറിഞ്ഞ് നേടിയെടുത്ത ചേറും ചളിയും പുരണ്ട കഠിനാധ്വാനങ്ങള്‍ക്കും, കായിക ക്ഷമതയുമെല്ലാം പറഞ്ഞറിയിക്കാനാവാത്ത വിധം ആവേശം നിലനിന്നിരുന്നു. എന്നാല്‍ കാലം ഇങ്ങത്തിനില്‍ക്കുമ്പോള്‍ അതെല്ലാം വിസ്മരിക്കപ്പെട്ട് കൊണ്ടിരിക്കുകയാണ്.
ഇതിന്റെയെല്ലാം ഭാഗമായ 'ടര്‍ഫ് ' സംസ്‌കാരം അത്രമേല്‍ സമൂഹത്തില്‍ സ്വാധീനം ചെലുത്തി കൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ് നമുക്കിന്ന് കാണാന്‍ സാധിക്കുന്നത്. നാട് നീളെ ടര്‍ഫുകള്‍ ഉയര്‍ന്ന് വന്ന് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് സമാനമായ രീതിയില്‍ ഈ കൊച്ചു നാടും അതിന്റെ ഭാഗമാകാനിരിക്കുകയാണ്.
ഇത്തരത്തില്‍ മണ്ണില്‍ നിന്നും സംസ്‌കാരങ്ങള്‍ പുല്‍മൈതാനങ്ങളിലേക്ക് പറിച്ച് നടുന്നവര്‍ എന്ത് ലാഭത്തിനാണ് ഇത്തരം അര്‍ത്ഥ ശൂന്യമായ ചിന്തകള്‍ തേടി അലയുന്നത് ? എന്തൊക്കെ തന്നെ ആയാലും മലയാള മണ്ണിന്റെ സൗന്ദര്യവും ആകര്‍ശണീയതവുമെല്ലാം എന്നും മണ്ണും, മലകളും, പുഴകളും ഒക്കെ ഉള്‍കൊള്ളുന്ന വിശാലമായ കൊച്ചു ലോകം തന്നെയായിരിക്കും. ടര്‍ഫ് സംസ്‌കാരങ്ങള്‍ മുന്നേ പിന്തുടര്‍ന്ന് വരുന്ന ഇതര രാഷ്ട്രങ്ങളില്‍ അവരുടെ സംസ്‌കാരവും ശൈലികളും അതിനു യോജിക്കുന്ന തരത്തിലായിരിക്കും. അതിനെയെല്ലാം അനുകരിച്ച് നാമെന്തിനാണ് നമ്മുടെ മൂല്യങ്ങള്‍ മണ്ണിട്ട് മൂടുന്നത്. അത്തരം പ്രവര്‍ത്തനങ്ങളിലൂടെ നാം നഷ്ടപ്പെടുത്തുന്നത്. സുന്ദരവും, ആസ്വാധനവും ആക്കേണ്ടബാല്യക്കാലങ്ങള്‍ ആണെന്ന് നാം മനസ്സിലാക്കണം.
മലപ്പുറത്തിന്റെ ഫുട്‌ബോള്‍ഭ്രാന്ത് ഏതൊരാള്‍ക്കും സുഭരിചിതമാണ്. പാടത്തും പറമ്പിലുമെല്ലാം കളിച്ചും കഠിനാധ്വാനം ചെയ്തും വളര്‍ന്ന് വന്നിരുന്ന സമൂഹത്തില്‍ ഉടനടി വന്ന മാറ്റം പഴമകളെ പതിയെ തട്ടി മാറ്റുകയാണ്. അതോടൊപ്പം കായിക ക്ഷമതയുടെ ആരംഭഘട്ടം മുതല്‍ തന്നെ സൗകര്യങ്ങള്‍ ഏറിയ പുല്‍മൈതാനങ്ങള്‍ വഴിയാവുമ്പോള്‍ കാലം ഏറെ കഴിയുമ്പോള്‍ മണ്ണിനോട് കഥപറഞ്ഞ് സന്ധ്യനേരങ്ങളെയും ഒഴിവ് ദിനങ്ങളെയും അതില്‍ ചിലവഴിച്ച് വളര്‍ന്ന കാല്‍പാദങ്ങള്‍ നമുക്ക് അത്ഭുതമായി തോന്നിയേക്കാം. സൗകര്യങ്ങള്‍ എത്രവളര്‍ന്ന് വന്നാലും അന്തരീക്ഷത്തിന്റെയും മണ്ണിന്റെയും സൗകര്യം സ്പര്‍ശനവും ഏറ്റ് കളിച്ച് വളര്‍ന്നിരുന്ന പാടത്തേയും, പറമ്പിലേയും ഒഴിഞ്ഞ സ്ഥലങ്ങള്‍ സമ്മാനിച്ച ഫീലിംഗ് നല്‍കാന്‍ ഏത് ആധുനിക സംവിധാനങ്ങള്‍ക്കാണ് സാധിക്കുക. ഇന്ന് രാപകലുകള്‍ ടര്‍ഫില്‍ ചിലവഴിക്കുന്ന സമൂഹം ഇത്തരം കാഴ്ചപ്പാടുകള്‍ കുറച്ചെങ്കിലും മാറ്റി നിര്‍ത്തി ആ പഴയ കാലഘട്ടം തിരെഞ്ഞെടുക്കാനും മണ്ണിനെയും പ്രകൃതിയെയും അറിഞ്ഞ് മാനുഷിക മൂല്യങ്ങള്‍ സ്വീകരിച്ച് യഥാര്‍ത്ഥ മനുഷ്യനായ് മാറാന്‍ തയ്യാറാവണമെന്ന ഒരു വലിയ സന്ദേശം നാം ഇതില്‍ നിന്നും ഉള്‍ക്കൊള്ളണം.
Post a Comment
Note: only a member of this blog may post a comment.