ജ്ഞാന ഭൂമികയിൽ ഓർമ്മകളുടെ മേളനം..


| ബശീർ ഫൈസി ദേശമംഗലം |

എനിക്കൊരു കഥ പറയാനുണ്ട്...
എന്റെ മണ്ണിൽ ശുഭ്ര സാഗരം പോലെ 
എന്റെ മക്കൾ വിരുന്നെത്തുകയാണ്...
ഓർമയുടെ കൂടിച്ചേരൽ..

സമ്മേളനമെന്നു പേരിട്ടു വിളിച്ചാലും,ഇതൊരു ആണ്ടറുതിയാണ്..
ഓർമകളുടെ ആണ്ടറുതി !!
എനിക്കങ്ങനെ പറയാനാണിഷ്ടം!
വിളിക്കാതെയും ഓടിയെത്താവുന്ന ഒരിടം!
അപ്പോൾ ഞാൻ ആരാണെന്നല്ലേ!?
പറയാം..,

ഞാൻ ചീനി..!!
ഏവരുടെയും പ്രിയപ്പെട്ട ചീനിമരം.
പിതൃത്വവും മേൽവിലാസവുമില്ലാതെ 
ഞാൻ തുടങ്ങട്ടെ.
പാതയോരത്തും വഴിവക്കിലും ചില്ല പടർത്തി നില്ക്കുന്ന മേത്തരം കുടുംബത്തിൽ തന്നെയാണെന്റെ ജന്മം.
ബാല്യത്തിലാണത് സംഭവിച്ചത്.
ഏതോ തൃക്കരങ്ങൾ എന്റെ അടിവേര് മാന്തി എന്നെ പറിച്ചുനട്ടു.
ചെന്നെത്തിയതോ..
അക്ഷരപ്പൂവാടിയായ ജാമിഅയുടെ 
മൂന്നുകെട്ടിനുള്ളിലും.

വല്ലാത്തൊരു നിയോഗമായിരുന്നത്.
ഓർക്കുമ്പോൾ എന്തെന്നില്ലാത്ത ആനന്ദം.
അസ്ഹാബുൽ കഹ്ഫിന്റെ 'ഖിത്തുമീർ' 
നായയുടെ സേവനസന്നദ്ധത പോലെ നിലത്ത് കാലുറപ്പിച്ച് കൈകൾ വിരിച്ചുള്ള ഈ നിർത്തം തുടങ്ങിയിട്ട് ഇപ്പോൾ 56 ആണ്ടായത്രെ.

എന്റെ മാതാവ് വീണ്ടും വാർഷിക 
മേളന നാളിലേക്കുണരുകയാണ്..
കാലം എത്ര വേഗമാണ് കഥ പറഞ്ഞ് 
കടന്നു പോകുന്നത്!?
എനിക്ക് വയസ്സായിത്തുടങ്ങി..
പക്ഷെ എന്റെ ഓർമ്മകൾക്ക് ഇന്നും 
നിറ യവ്വനമാണ്..

പാണ്ഡിത്യത്തിന്റെ രാജ പ്രതാപികളായ ജ്ഞാനസാഗരങ്ങളേ കണ്ടാണ് ഞാൻ വളർന്നത്..
പി.യം.എസ്.എ.പൂക്കോയ തങ്ങൾ,
ബാഫഖി തങ്ങൾ,
മുസ്തഫ പൂക്കോയ തങ്ങൾ,
മുത്തു തങ്ങൾ 
എന്നിവരുടെ കരതല സ്പർശ സൗഭാഗ്യം കിട്ടി എനിക്ക്.

സത്യത്തിൽ വാർധക്യദശയിലെത്തി നില്ക്കുയാണ് ഞാൻ.
കണ്ണൊക്കെ മങ്ങിത്തുടങ്ങി.
പഴയ മാതിരിയൊന്നും കാതു കേൾക്കുന്നില്ല.
ദേഹത്തിലവിടെയുമിവിടെയും മാറാത്ത മുറിപ്പാടുകൾ.
ഇലയും കായും കൊല്ലം തോറും 
മാറി മാറി വന്നു.

അരനൂറ്റാണ്ട് നീണ്ട ആയുസ്സിനിടക്ക് ആയിരമാണ്ടിന്റെ അനുഭവമുണ്ടാക്കി ഞാൻ. 
എന്തെല്ലാം കണ്ടു.
എന്തെലാം കേട്ടു.
എല്ലാം ഇന്നലെ കണ്ട സ്വപ്നം പോലെ.

കണ്ണീരണിയിച്ച,കുളിരണിയിച്ച 
എത്രയെത്ര അനർഘനിമിഷങ്ങൾ.!കാലത്തിനു പോലും കിട്ടാക്കനിയായ എത്രയോ കാര്യങ്ങൾ 
കാലഹരണപ്പെട്ട അമൂല്യ ജ്ഞാനമായി എന്റെ മടിത്തട്ടിൽ ഞാൻ കൊണ്ടുനടക്കുന്നുണ്ട്.
എന്നെത്തലോടുന്ന കുഞ്ഞിളം കാറ്റിനും എനിക്കും മാത്രം ജ്ഞാതമായവ..!!

പാണക്കാട്ടെ പൊന്നുമോൻ സയ്യിദ് ശിഹാബിന്റെ  കരുണയുടെ നോട്ടം
കണ്ടു എത്രയാണ് ഞാൻ ആത്മ ഹർഷം കൊണ്ടത്..!!

ഇക്കാലയളവിൽ പണ്ഡിത സൂര്യൻമാരെ
കണ്ടു ഞാൻ.
കോട്ടുമല ഉസ്താദിന്റെ  അമര ഓർമകൾ മാഞ്ഞിട്ടില്ല.
ജ്ഞാന സാഗരമായ
കണ്ണിയത്തുസ്താദ്,
ഇല്മിന്റെ രാജ പ്രതാപിയായ
ശംസുൽ ഉലമ,
വ്യാകരണ ശാസ്ത്രത്തിന്റെ ആഴം കണ്ട
കെ.കെ ഉസ്താദ്,
വറഇന്റെ പര്യായമായ കിടങ്ങഴി ഉസ്താദ്,
നിഷ്കളങ്കനായ എരമംഗലം ഉസ്താദ്,
തഖ് വയുടെ മാരിവില്ലഴക്
കാളമ്പാടി ഉസ്താദ്,
കർമ്മശാത്രം കലക്കിക്കുടിച്ച 
മുഹഖിഖുൽ ഉലമ,
മരിക്കാത്ത ഓർമ്മയായി എന്റെ നെഞ്ചകം വിങ്ങിത്തുടിച്ചു നിൽക്കുന്നുണ്ട്..

എനിക്ക്  പിരിയാത്ത കൂട്ടായിരുന്നു.
കറാച്ചി ബാപ്പു ഹാജിയാവട്ടെ എന്നെ ഇപ്പോഴും വാരിപ്പുണർന്നിരിക്കയാണ്.
ആ മനുഷ്യന്റെ മണ്ണടരുകളിലേക്ക് 
എന്റെ സ്നേഹത്തിന്റെ നാരായ വേരുകൾ ആഴ്ത്തി നിൽക്കുന്നു ഞാൻ..

തൃപ്പനച്ചി ഉസ്താദും മൗലയുമാണെനിക്ക് معرفةന്റെ വാതിൽ തുറന്നുതന്നത്.
സാക്ഷാൽ ഖിളറി(അ)നെ പോലും കണ്ടത് ഈ ഫൈളാബാദിൽ നിന്നല്ലേ.
ആരും കാണാത്ത ആരാലും ഗൗനിക്കപ്പെടാത്ത ആരെല്ലാം വന്നുപോയിവിടം.

അനന്തമാണെൻ ഓർമത്താളുകൾ..
മണ്ണോളം താഴ്ന്ന് വിണ്ണോളം പൊന്തിയ റഈസുൽ ഉലമയെന്ന അദ്ഭുതമനുഷ്യൻ എന്റെ തണലു പറ്റി നടന്നില്ലേ.
സങ്കടക്കണ്ണീരിൻ  എത്ര നിമിഷങ്ങൾ സമ്മാനിച്ചു അവി ടുന്ന്.
ഉസ്താദിന്റെ വിയോഗമറിഞ്ഞ് വാവിട്ടുകരഞ്ഞില്ലേ ഞാനും.
ആ മഹമനീഷിയായിരുന്നെന്നെ 
ജീവിതം പഠിപ്പിച്ചത്.

'അടിയങ്ങളോട് കൃഫ ചെയ്യണേ തമ്പുരാനേ..'
എന്ന കല്ല് പോലും അലിയുന്ന കോയകുട്ടി ഉസ്താദിന്റെ പ്രാർത്ഥന..
എല്ലാം എനിക്കിന്ന് നോവുന്ന ഓർമ്മയാണ്  
ജാമിഅയിലെ വരാന്തയിലെ ചാരുകസേരയിലിരുന്ന് എന്നെ കൺതലോടൽ നടത്തുന്ന 
പണ്ഡിതകേസരിമാരെല്ലാം ഒടുവിൽകണ്ണീരോർമ്മയായി..

മറുനാടുകളിൽ ചെന്നു ഉമ്മുൽ മദാരിസീനെ മഹത്വപ്പെടുത്തുന്ന പുഞ്ചിരിപ്പൂമുഖം ശൈഖുൽ ജാമിഅ ഇപ്പോഴും കൂടെയുണ്ട് എന്നതാണ് ആശ്വസം 
നാഥാ..
ദീർഘായുസ് നല്കണേ..

തീർന്നിട്ടില്ല,
ജാമിഅ വിശേഷങ്ങൾ.
എന്റെ തണലിൽ പിച്ച വെച്ച മക്കൾ ഫൈസികളായി ലോകമെംബാടും പ്രകാശം പരത്തുമ്പോൾ എനിക്കഭിമാനം തോന്നുന്നു.
അവർ ഓടി നടന്നത് എന്റെ വേരുകളിൽ ചവിട്ടിയാണ്.

അവർ എന്ന് എന്നെ എന്ന് മറക്കുന്നുവോ അന്ന് അവർ അനുഭവിച്ച എന്റെ തണൽ ചില്ലകൾ അവർക്ക് മഹ്ശറിൽ കടം ബാക്കിയാകും... 
സമയം ഏറെയായല്ലേ.
ഞാൻ നിർത്തിയാലോ..
ഏതായാലും ജാമിഅ നൂരിയ്യയുടെ 
അമ്പത്തി ഏഴാം വാർഷികം നടക്കല്ലേ 2020
ജനുവരി 16 മുതൽ 19 വരെ,

വരണം..
ഞാൻ ഇപ്പോഴും ഇവിടെയുണ്ട്
വഴിക്കണ്ണുമായി എന്റെ മക്കളെ കാണാൻ
എല്ലാവരും നേരത്തെ എത്തിച്ചേരണം.
മറക്കരുതേ..
സ്നേഹപൂർവം 
നിങ്ങളുടെ സ്വന്തം  ചീനി.

Post a Comment

Note: only a member of this blog may post a comment.

[blogger][facebook][disqus]

ivythemes

{facebook#https://fb.com/alathoorpadidars} {twitter#https://twitter.com/alathurpadidars} {google-plus#https://plus.google.com/+ALATHURPADIDARS} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://youtube.com/alathoorpadidars} {instagram#YOUR_SOCIAL_PROFILE_URL}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget