March 2020




ഹാഫിള് അമീന്‍ നിഷാല്‍

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ഗുരുതരമായ ആരോഗ്യ പ്രതിസന്ധിയിലൂടെയാണ് ലോകം കടന്നു പോകുന്നത് ചൈനയില്‍ നിന്ന് ഉത്ഭവിച്ച് ലോകത്താകമാനം അതിഭീകരമായി വളര്‍ന്നുകൊണ്ടിരിക്കുന്ന
കൊറോണ (കോവിഡ് 19) എന്ന മാരക വൈറസ് ജനജീവിതത്തിന്റെ ഗതി മാറ്റിമറിച്ചുകൊണ്ട് ലോകത്തിന്റെ സഞ്ചാരത്തെ സ്തംഭനാവസ്ഥയിലാക്കിയിരിക്കുകയാണ്. കഴിഞ്ഞയാഴ്ച  WHO മേധാവി ടെഡ്റോസ് അഥനോം കോവിഡ് 19 നെ ആഗോള മഹാമാരിയായി പ്രഖ്യാപിക്കുന്നിടം വരെയെത്തി കാര്യങ്ങള്‍. ലോകത്തിന്റെ ഏതെങ്കിലുമൊരു കുഗ്രാമത്തില്‍ നാലാള്‍ കൂടുന്നിടം മുതല്‍ വൈറ്റ്ഹൗസിന്റെയും ഐക്യരാഷ്ട്രസഭയുടെയും അകത്തളങ്ങളില്‍ വരെ ചര്‍ച്ച ചെയ്യുന്നത് ഈ വൈറസിന്റെ നശീകരണ ശേഷിയെയും അവയെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളെ കുറിച്ചുമാണ്.

വൈറസുകള്‍ ചരിത്രങ്ങളിലൂടെ 
ലോകത്താദ്യമല്ല വൈറസുകള്‍ ഈ വിധം പടര്‍ന്നുപിടിക്കുന്നത്. കൊറോണയേക്കാള്‍ നാശവും ജീവഹാനിയും വരെ വരുത്തിവെച്ച വൈറസുകള്‍ ചരിത്രത്തിലുടനീളം നമുക്ക് കാണാനാവും. വളരെ കാലങ്ങള്‍ മുമ്പ് തന്നെ വൈറസുകളും പകര്‍ച്ചവ്യാധികളും നിലനിന്നിരുന്നെങ്കിലും ലഭ്യമായ വിവരങ്ങളില്‍ ഏറ്റവും കുപ്രസിദ്ധിയാര്‍ജ്ജിച്ചത് ഫ്യൂഡല്‍ കാലഘട്ടത്തില്‍ യൂറോപ്പിനെയാകെ പിടിച്ചുകുലുക്കിയ 'ബ്ലൂസോണിക് പ്ലേഗ്' ആണ്. 'കറുത്ത മരണം' എന്ന ചരിത്രത്തില്‍ അറിയപ്പെടുന്ന ഈ സംഭവം 1347
മുതലുള്ള അഞ്ചുവര്‍ഷം കൊണ്ട് യൂറോപ്യന്‍ ജനസംഖ്യയുടെ ഏകദേശം 20 ശതമാനത്തിന്റെയും ജീവന്‍ അപഹരിച്ചു. ചില പ്രത്യേക പ്രദേശങ്ങളില്‍ മരണനിരക്ക് ജനസംഖ്യയുടെ 40 ശതമാനമായിരുന്നു. ഇതിനു സമാനമായ ഒരു ദുരന്തമായിരുന്നു ഒന്നാം ലോകമഹായുദ്ധം കത്തിനിന്ന സമയത്ത് യൂറോപ്പില്‍ തന്നെ പടര്‍ന്നുപിടിച്ച 'സ്പാനിഷ്ഇന്‍ഫ്‌ലുന്‍സ' ആറുമാസംകൊണ്ട് രണ്ടരകോടി ജനങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു എന്നാണ് അനൗദ്യോഗിക കണക്ക്. യുദ്ധവീര്യം കുറഞ്ഞു പോകുമോ എന്ന് കരുതി ഭരണാധികാരികള്‍ കൃത്യമായ കണക്കുകള്‍ ശേഖരിക്കുകയോ ജനങ്ങളെ അറിയിക്കുകയും ചെയ്തില്ല. എന്നാല്‍ പ്രതിരോധ സംവിധാനങ്ങളുടെ അഭാവമാണ് ഈ രണ്ടു വൈറസുകളും ഇത്രയേറെ നാശം വിതയ്ക്കാന്‍ കാരണമായത്. തുടര്‍ന്നിങ്ങോട്ടുള്ള വൈറസുകളില്‍ മരണനിരക്ക് താരതമ്യേന വളരെ കുറവായിരുന്നു. ലോകം പുരോഗതി പ്രാപിച്ചതോടെ ആധുനിക ചികിത്സാ ഉപകരണങ്ങളും രീതികളും കണ്ടുപിടിക്കപ്പെട്ടതും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ക്രിയാത്മകമായി നടപ്പിലാക്കിയതുമാണ് ഇതിനു കാരണം. കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ എബോള, സാര്‍സ്, മെര്‍സ്, സിക തുടങ്ങിയ വിനാശകമായ വൈറസുകള്‍ ലോകത്തെ വേട്ടയാടിയിട്ടുണ്ട്.
1976 മുതല്‍ 2014 വരെ വിവിധ കാലങ്ങളില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ച മാരക വൈറസാണ് എബോള. അവസാനമായി 2014 ല്‍ ഉണ്ടായപ്പോള്‍ 28,616 പേര്‍ക്ക് രോഗം സ്ഥിരീകരിക്കപ്പെടുകയും പതിനായിരത്തോളം പേര്‍ രോഗം ബാധിച്ച് മരണപ്പെടുകയും ചെയ്തു. തുടര്‍ന്ന് 2016 ഫെബ്രുവരി രണ്ടിന് ഐക്യരാഷ്ട്രസഭ എബോളക്കെതിരെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. എബോളയോളം തീവ്രമല്ലെങ്കിലും വളരെയേറെ ഭീതിപരത്തിയ മറ്റൊരു വൈറസായിരുന്നു 2015 മെയ് മാസത്തില്‍ ബ്രസീലിലുണ്ടായ സിക വൈറസ്. തുടര്‍ന്ന് അമേരിക്കന്‍ ഭൂഖണ്ഡത്തെയാകെ പിടിച്ചു കുലുക്കുകയും അവിടെ നിന്ന് യൂറോപ്പിലേക്കും ഓസ്ട്രേലിയയിലേക്കുമെല്ലാം വ്യാപിക്കുകയും ചെയ്ത ഈ വൈറസ് 25 രാജ്യങ്ങളിലായി 40 ലക്ഷം പേരെ പിടികൂടി. എന്നിരുന്നാലും സിക വൈറസ് ബാധിച്ച് ഇന്നേവരെ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

കൊറോണ എന്ന മഹാമാരി
ചൈനയിലെ വൂബെ പ്രവിശ്യയിലെ വുഹാനില്‍ നിന്നാണ് കൊറോണ വൈറസിന്റെ ഉത്ഭവം. 2019 നവംബറിലാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. അന്നുമുതല്‍ നാല് മാസത്തോളമായി
ലോക നേതാക്കളുടെയും ആരോഗ്യ വിദഗ്ധരുടെയും എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് ലോകവ്യാപകമായി അനിയന്ത്രിതമായി പടരുകയാണ് വൈറസ്. ഇതിനോടകം (March 27)180ലേറെ രാജ്യങ്ങളിലായി 5, 40, 832 പേരെയാണ് വൈറസ് ബാധിച്ചത്. 24293പേര്‍ക്ക് ജീവഹാനി സംഭവിച്ചു. രോഗം സ്ഥിരീകരിക്കുന്നവരുടെയും മരണപ്പെടുന്നവരുടെയും എണ്ണം അനുദിനം കുതി ച്ചുയരുകയാണ്.എന്നാല്‍ ഈ കണക്കുകളേക്കാള്‍ ഭീകരമായ കാര്യം ഈ വൈ റസിന് ഇന്നേ വരെ മരുന്ന് കണ്ടുപിടിക്കാനായിട്ടിട്ടില്ല എന്നതാണ്. വൈറസിന് രണ്ടുവര്ഷംകൊണ്ട് മരുന്ന് കണ്ടുപിടിക്കുമെന്നുള്ള ലോകാരോഗ്യസംഘടനയുടെ പ്രഖ്യാപനം അവരുടെ നിസ്സഹായാവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. അതുപോലെ വൈറസിന്റെ ഉത്ഭവകേന്ദ്രം, കാരണം എന്നിവയും ഇതുവരെ കണ്ടെത്താനായിട്ടില്ല.
തുടക്കത്തില്‍ പ്രഭവകേന്ദ്രമായ വുഹാനെയും ചൈനയേയുമാണ് കൊറോണ കൂടുതല്‍ ദോഷകരമായി ബാധിച്ചത്. ചൈനയില്‍ മരണം മുവ്വായിരം കടന്നപ്പോള്‍ ചൈനക്ക് പുറത്ത് വെറും 500 ല്‍ ാഴെ മാത്രമായിരുന്നു മരണനിരക്ക്. എന്നാല്‍ മാര്‍ച്ച് ആരംഭത്തോടു കൂടി ചൈനയില്‍ വൈറസ് വ്യാപനം ക്രമേണ കുറയുന്നതും ചൈനക്ക് പുറത്ത് ദിനംപ്രതി കാര്യങ്ങള്‍ കൂടുതല്‍ വഷളാകുന്നതമാണ് നാം കണ്ടത്; പ്രത്യേകിച്ചും യൂറോപ്പില്‍. ഇപ്പോള്‍ യൂറോപ്പിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായ ഇറ്റലിയിലാണ് വൈറസ് വ്യാപനം ഏറ്റവും രൂക്ഷത പ്രഖ്യാപിച്ചിരിക്കുന്നത്. 8,215 പേരെയാണ് ഇറ്റലിയില്‍ കൊറോണ കൊന്നൊടുക്കിയത്. 75,000 ത്തോളം പേര്‍ക്ക് വൈറസ് സ്ഥിരീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. മരണനിരക്കും സ്ഥികരീക്കുന്നവരുടെ എണ്ണവും അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇറ്റലി ഇപ്പോള്‍ നിശ്ചലാവസ്ഥയിലാണ്. നിരന്തരം ചീറിപ്പായുന്ന ആംബുലന്‍സുകളുടെ സൈറണുകള്‍ മാത്രമാണ് നിശബ്ദതയെ ഭേദിക്കുന്നത്. ഇറ്റലി കഴിഞ്ഞാല്‍ സ്പയിലാണ് പിന്നീട് വൈറസുകള്‍ ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. 4365 പേരാണ് വൈറസ് മൂലം അവിടെ മരണമടഞ്ഞത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മാത്രം 1500 പേരാണ് വൈറസിന് കീഴടങ്ങിയത്. 57,786 പേരെ വൈറസ് ബാധിക്കുകയും ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ ഭാര്യയും ഇതില്‍പ്പെടും. പ്രഭവകേന്ദ്രമായ ചൈനയിലാണ് ഇറ്റലിയിലും സ്പെയിനിലും കഴിഞ്ഞാല്‍ കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. 3,292 പേരാണ് അവിടെ വൈറസ് മൂലം മരണമടഞ്ഞത്. 81,340 പേര്‍ക്ക് വൈറസ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുള്ള അവിടെയാണ് ഇപ്പോഴും ലോകത്ത് ഏറ്റവും കൂടുതല്‍ പേരില്‍ വൈറസ് ബാധയുള്ളത്. എന്നാല്‍ ചൈനയില്‍ വൈറസ് വ്യാപനം ഇപ്പോള്‍ ഏതാണ്ട് നിയന്ത്രിതമാവുകയും കാര്യങ്ങള്‍ മെച്ചപ്പെട്ട് വരികയും ചെയ്തിട്ടുണ്ട്. ഇറ്റലിക്കും സ്പയിനും പുറമെ യൂറോപ്പില്‍ ജര്‍മനിയിലും ഫ്രാന്‍സിലും സ്വിറ്റ്സര്‍ലന്‍ഡിലും ഇംഗ്ലണ്ടിലുമായി പതിനായിരക്കണക്കിന് ജനങ്ങളാണ് വൈറസ് ബാധിച്ചിരിക്കുന്നത്. ദിനംപ്രതി നൂറുകണക്കിന് ജനങ്ങള്‍ മരിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. യൂറോപ്പിലെ ഏതാണ്ട് എല്ലാ രാജ്യങ്ങളും ലോക്ഡൗണിലാണ്.
യൂറോപ്പിനും ചൈനക്കും പുറത്ത് ഇറാനിലാണ് വൈറസ് കൂടുതല്‍ രൂക്ഷഭാവം പൂണ്ടത്. അവിടെ 32,332 പേരില്‍ ബാധിച്ച വൈറസ് 2,378 പേരുടെ ജീവന്‍ അപഹരിക്കുകയും ചെയ്തു. ഇറ്റലിക്കും സ്പെയിനും ചൈനക്കും പുറത്ത് കൂടുതല്‍ ആള്‍നാശം സംഭവിച്ചതും അവിടെ തന്നെ. കൊറിയയിലും ജപ്പാനിലും ഗള്‍ഫ് രാജ്യങ്ങളിലുമെല്ലാം വൈറസ് അതിവേഗം പടര്‍ന്നു പിടിക്കുകയാണ്. രോഗം വളരെ വൈകി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അമേരിക്കയില്‍ വരെ ഇപ്പോള്‍ കാര്യങ്ങള്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം മാത്രം 9,721 പേരാണ് അമേരിക്കയില്‍ രോഗബാധിതരായത്. ഇതോടെ അമേരിക്കയില്‍ രോഗം ബാധിച്ചവരുടെ എണ്ണം അരലക്ഷം പിന്നിട്ടിരിക്കുകയാണ്. 145 മരണവും കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണം 698 ആയി ഉയര്‍ന്നു. അതിനിടെ ആഫ്രിക്കന്‍ രാജ്യങ്ങളിലും വൈറസ് പടരാന്‍ തുടങ്ങിയത് ലോകത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. ഇതോടെ ദക്ഷിണാഫ്രിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. വികസിതരാജ്യങ്ങള്‍ക്കു വരെ പിടിച്ചു കെട്ടാനാവാത്ത വൈറസ് നന്നേ ദരിദ്രമായ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വ്യാപിച്ചാലുള്ള ഭവിഷ്യത്ത് ഊഹങ്ങള്‍ക്ക് അപ്പുറമായിരിക്കും.
വൈറസ് ലോക വ്യാപകമായതോടെ അന്താരാഷ്ട്ര സമൂഹം വലിയ വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നത്. ജനങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെയും ഉപജീവനമാര്‍ഗ്ഗങ്ങളെയും വരെ വൈറസ് ബാധിച്ചിരിക്കിന്നു. Lockdown പ്രഖ്യാപിച്ചതോടെ മിക്ക രാജ്യങ്ങളിലും യുദ്ധസമാന ദുരിതത്തിലാണ് ജനങ്ങള്‍. രാജ്യങ്ങളുടെ സമ്പദ്ഘടനയെല്ലാം തകര്‍ന്നു തരിപ്പണ മായി. ഗവണ്‍മെന്റിന്റെ പദ്ധതികളും മറ്റു നടപടികളുമെല്ലാം അവതാളത്തിലായി. കോടിക്കണക്കിന് ജനങ്ങള്‍ മാസങ്ങളോളമായി വീടിന് പുറത്തിറങ്ങാനാവാതെ കഷ്ടത്തിലാണ്. ആശുപത്രികളിലും മറ്റുമായി ലക്ഷക്കണക്കിന് ജനങ്ങള്‍ വേറെയും. വിദ്യാഭ്യാസ സ്ഥാപനങ്ങളും ഫാക്ടറികളും അടഞ്ഞുകിടക്കുകയാണ്. ഉല്‍പ്പാദനം കുറഞ്ഞതോടെ പലയിടങ്ങളിലും മാര്‍ക്കറ്റുകളും കമ്പോളങ്ങളും അടക്കുകകൂടി ചെയ്തതോടെ ആവശ്യസാധനങ്ങള്‍ പോലും ലഭ്യമാകാതെ ജനങ്ങള്‍ വലയുകയാണ്.
ഇങ്ങനെ ജനജീവിതത്തിന്റെ എല്ലാ മേഖലകളെയും തകിടംമറിച്ച് കൊണ്ട് അപകടകരമാംവിധം പടര്‍ന്നുപിടിക്കുകയാണ് വൈറസ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പിടിയും കൊടുക്കാതെ വൈറസ് അനിയന്ത്രിതമായി പടരുന്നതും ആരോഗ്യ വിദഗ്ധരുടെ നിസ്സഹായാവസ്ഥയും വൈറസിന്റെ തീവ്രതയിലേക്കും അതേസമയംതന്നെ ലോകമകപ്പെട്ട ഗുരുതര പ്രതിസന്ധിയിലേക്കുമാണ് വിരല്‍ ചൂണ്ടുന്നത്.

ചൈനയുടെ പിഴവ്
വൈറസിനെ പ്രതിരോധിക്കുന്നതില്‍ ചൈന തുടക്കത്തില്‍ കാണിച്ച നിസ്സംഗത മനോഭാവമാണ് കാര്യങ്ങള്‍ ഇത്ര വഷളാക്കിയത്. വൈറസ് തുടക്കത്തില്‍ പ്രഭവകേന്ദ്രമായ ഹൂബെ പ്രവിശ്യയിലെ വുഹാനില്‍ മാത്രം സ്ഥിരീകരിക്കപ്പെട്ടതും വ്യാപനം വളരെ തീവ്രത കുറഞ്ഞതും ആയിരുന്നു. ആ സമയം തന്നെ ചൈന ഉത്തരവാദിത്വബോധത്തോടെ വൈറസിനെ പ്രതിരോധിക്കാന്‍ സമയബന്ധിതമായി ഊര്‍ജിത നടപടികള്‍ സ്വീകരിച്ചിരുന്നെങ്കില്‍ വൈറസ് ഇത്രയേറെ രാജ്യങ്ങളെ ബാധിക്കുകയോ അന്താരാഷ്ട്ര സമൂഹത്തെ ദുരിതത്തിലാക്കുകയോ ചെയ്യില്ലായിരുന്നു. ഒരുപക്ഷേ, ചൈനയില്‍ മാത്രമായി ചുരുങ്ങുമായിരുന്നു. വൈറസ് വ്യാപനം തുടങ്ങിയപ്പോള്‍ തന്നെ അമേരിക്ക ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ സഹായ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ചൈന ആദ്യം ഇത് നിരസിക്കുകയാണുണ്ടായത്. തങ്ങളുടെ കയ്യിലുള്ള നൂതന ചികിത്സ സംവിധാനങ്ങളില്‍ അമിത ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ലോകരാജ്യങ്ങളുടെ സഹായഹസ്തങ്ങളോട് മുഖം തിരിക്കുകയും ചെയ്യുന്ന ദൗര്‍ഭാഗ്യകരവും ദുരഭിമാനകരവുമായ സമീപനമാണ് ചൈനീസ് അധികാരികളുടെ ഭാഗത്തുനിന്നുണ്ടായത്. എന്നാല്‍ ചൈനയുടെ ഈ അഹങ്കാരവും 'വല്യേട്ടന്‍ ' മനോഭാവവും ചൈനയെ മാത്രമല്ല, ലോക സമൂഹത്തെ തന്നെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിയിട്ടത്. അവസാനം ഫെബ്രുവരി രണ്ടാം വാരത്തോടെ വൈറസ് വ്യാപനം അനിയന്ത്രിതമാവുകയും, കൂടുതല്‍ രാജ്യങ്ങളില്‍ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെടാനും തുടങ്ങിയതോടെ, യാത്രാ വിലക്കുകളും മറ്റുമായി ലോകരാജ്യങ്ങള്‍ക്കിടയില്‍ ഒറ്റപ്പെടാന്‍ തുടങ്ങിയതോടെ മാത്രമാണ് അന്താരാഷ്ട്ര സഹായം തേടാന്‍ ചൈന തയ്യാറായത്; അല്ല നിര്‍ബന്ധിതമായത് എന്ന് പറയുന്നതാവും ശരി. 
ചൈനയെ പോലെ ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ജനസംഖ്യയും വിസ്തീര്‍ണ്ണവുമുള്ള രാജ്യങ്ങളില്‍ വൈറസ് പടര്‍ന്നാലുള്ള പ്രത്യാഘാതങ്ങള്‍ മുന്‍കൂട്ടി കാണുന്നതില്‍ ചൈന ഗുരുതര വീഴ്ച വരുത്തി അല്ലെങ്കില്‍ അവര്‍ അതിനെ അവജ്ഞാപൂര്‍വ്വം അവഗണിച്ചു. വൈറസ് പ്രതിരോധിക്കുന്നതില്‍ തുടക്കത്തില്‍ ഞങ്ങള്‍ക്ക് വീഴ്ച പറ്റിയെന്ന് ചൈനീസ് അധികാരികള്‍ തന്നെ പിന്നീട് തുറന്നു പറയുകയുണ്ടായി. അങ്ങനെ ചൈനയിലെ കമ്മ്യൂണിസ്റ്റ് അധികാരികളില്‍ നിന്നും വളരെ അപൂര്‍വമായി മാത്രം ഉണ്ടാകാറുള്ള ഇത്തരം 'കുമ്പസാരങ്ങള്‍ക്കും' വൈറസ് നിമിത്തമായി.

പ്രതിരോധ നടപടികളും വെല്ലുവിളികളും 
ഭൂഖണ്ഡാതിര്‍ത്തികള്‍ ലംഘിച്ച് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുമ്പോള്‍ ലോകരാജ്യങ്ങള്‍ ആശങ്കയിലാണ്; അതിലേറെ ജാഗ്രതയിലാണ്. വൈറസിനെ മരുന്ന് കണ്ടുപിടിക്കാന്‍ കഴിയാത്തിടത്തോളം കാലം വൈറസിനെ പൂര്‍ണ്ണമായും ഉന്മൂലനം ചെയ്യുക എന്നുള്ളത് അസാധ്യമായതിനാല്‍ വൈറസിനെ പരമാവധി നിയന്ത്രിക്കുക എന്നതില്‍ കവിഞ്ഞ് ഈ വിഷയവുമായി ഗവണ്‍മെന്റുകള്‍ക്കും ഒന്നും ചെയ്യാനില്ല. അതിനാല്‍ തന്നെ വൈറസിന്റെ വ്യാപനം തടയുന്നതിന് വേണ്ടി പതിനെട്ടടവും പയറ്റി ഭഗീരഥ പ്രവര്‍ത്തനങ്ങളാണ് ഓരോ രാജ്യവും ചെയ്തുകൊണ്ടിരിക്കുന്നത്.
മിക്ക രാജ്യങ്ങളും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കൊണ്ടാണ് വൈറസിനെതിരായ പോരാട്ടത്തിനിറങ്ങിയിരിക്കുന്നത്. സഞ്ചാരത്തിനും കൂട്ടം കൂടുതലും ശക്തമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സമ്മേളനം, വിവാഹം, പാര്‍ട്ടികള്‍, യോഗങ്ങള്‍ തുടങ്ങി ആളുകള്‍ ഒരുമിച്ചു കൂടുന്ന സാഹചര്യങ്ങള്‍ക്കെല്ലാം ശക്തമായ നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നു പലരാജ്യങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വരെ അവധി പ്രഖ്യാപിച്ചു. 
 മിക്ക വ്യവസായശാലകളും റസ്റ്റോറന്റുകളും ബാറുകളും തിയേറ്ററുകളും എല്ലാം അടച്ചിട്ടിരിക്കുകയാണ്. കായികമത്സരങ്ങള്‍ മാറ്റിവെക്കുകയും ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
വൈറസ് ബാധ സംശയിക്കുന്നവരെയെല്ലാം നിര്‍ബന്ധിത നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഒഴിഞ്ഞുകിടക്കുന്ന ഹോട്ടലുകളും മറ്റു ബില്‍ഡിങ്ങുകളും താല്‍ക്കാലിക ആശുപത്രികളായി മാറ്റിയിരിക്കുന്നു. ബ്രിട്ടണില്‍ വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കാന്‍ വ്യവസായശാലകള്‍ക്ക് ഗവണ്‍മെന്റ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നു. വിമാനക്കമ്പനികള്‍ വൈറസ് ബാധിച്ച രാജ്യങ്ങളിലേക്കും അവിടെനിന്നുള്ള അന്താരാഷ്ട്ര സര്‍വീസുകളും നിര്‍ത്തിവെച്ചിരിക്കുകയാണ്. വിദേശ രാജ്യങ്ങളില്‍ നിന്നു വരുന്നവരെ വിമാനത്താവളങ്ങളില്‍ തന്നെ നിരീക്ഷണത്തിലാക്കി പരിശോധിക്കുകയാണ്.
അതുപോലെ തന്നെ ആളുകള്‍ കൂടുന്നത് ഒഴിവാക്കാന്‍ ആരാധനാ കര്‍മങ്ങള്‍ക്ക് വരെ കടുത്ത നിയന്ത്രണങ്ങളാണ്. ഗള്‍ഫ് രാജ്യങ്ങളിലും മലേഷ്യ, ഇന്തോനേഷ്യ ഉള്‍പ്പെടെയുള്ള മറ്റു പല മുസ്ലിം രാഷ്ട്രങ്ങളിലും വെള്ളിയാഴ്ച ജുമുഅകള്‍ പോലും  നിര്‍ത്തിവെച്ച് മസ്ജിദുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഇരുഹറമുകള്‍ മാത്രമാണ് തുറന്നു പ്രവര്‍ത്തിക്കുന്നത്. അതുപോലെ വത്തിക്കാനില്‍ ഏപ്രില്‍ 12 വരെയുള്ള മാര്‍പാപ്പയുടെ പ്രാര്‍ത്ഥനകളിലും ചടങ്ങുകളിലും വിശ്വാസികളെ മാറ്റിനിര്‍ത്തി ഓണ്‍ലൈനായി സംപ്രേഷണം ചെയ്യാനാണ് തീരുമാനം. ഈസ്റ്റര്‍ ദിനത്തിലെ പ്രത്യേക ചടങ്ങുകളും വത്തിക്കാന്‍ റദ്ദാക്കിയിരിക്കുന്നു. ഇങ്ങനെ അന്താരാഷ്ട്രതലത്തിലും നമ്മുടെ ഇന്ത്യയിലും കേരളത്തിലുമെല്ലാം ശക്തമായ പ്രതിരോധ നടപടിക്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ തുടക്കത്തില്‍ March 31 വരെ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ  തുടര്‍ന്നുണ്ടായ അതീവ ഗുരുതര സാഹചര്യം പരിഗണിച്ചുകൊണ്ട് April1 14 വരെ സമ്പൂര്‍ണ Lockdown പ്രഖ്യാപിച്ചിരിക്കയാണ്. എന്നാല്‍ ഒരു ചെറിയ പിഴവ് മതി എല്ലാ ശ്രമങ്ങളും വൃഥാവിലാകാന്‍; പ്രത്യേകിച്ച് വൈറസ് ഒരാളില്‍ നിന്ന് നാലാളിലേക്ക് വരെ പകരുമെന്ന പഠന വിവരത്തിന്റെ അടിസ്ഥാനത്തില്‍. നമ്മുടെ കേരളത്തില്‍ നിന്ന് അത് നമുക്ക് വ്യക്തമായതാണ്. ലോകത്ത് വൈറസ് പടരാന്‍ തുടങ്ങിയത് മുതല്‍ അന്താരാഷ്ട്രതലത്തില്‍ വരെ പ്രശംസ പിടിച്ചു പറ്റുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നമ്മള്‍ കൈക്കൊണ്ടത്. 'നിപ'യെ പ്രതിരോധിച്ച ആത്മവിശ്വാസത്തില്‍ നിന്ന് ലഭിച്ച ഊര്‍ജ്ജത്തിലൂടെയും പഴുതുകളടച്ച പ്രതിരോധ പ്രവര്‍ത്തനത്തിലൂടെയും വൈറസിനെ തുരത്താന്‍ നമുക്ക് സാധിച്ചുവെന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ് ഇറ്റലിയില്‍ നിന്നും വന്ന കുടുംബം വിമാനത്താവള അധികൃതരുടെ കണ്ണുവെട്ടിച്ച് പുറത്തുകടന്ന് ദിവസങ്ങളോളം പലയിടങ്ങളിലും സഞ്ചരിച്ച് അഞ്ചാറുപേരെ രോഗികളാക്കിയും. ഇവിടെ ആ കുടുംബത്തിന്റെ നിരുത്തരവാദിത്വത്തോടെയുള്ള പെരുമാറ്റത്തെ കുറിച്ച് ആശങ്കപ്പെടുമ്പോള്‍ തന്നെ വിമാനത്താവള അധികൃതരുടെയും ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നുമുണ്ടായ വലിയ പിഴവിനെ കുറിച്ചും സര്‍ക്കാര്‍ ബോധവാന്മാരാകേണ്ടതാണ്. അതുപോലെതന്നെ വൈറസ് സ്ഥിരീകരിച്ച വിദേശി മൂന്നാറിലെ റിസോര്‍ട്ടില്‍ നിന്ന് മുങ്ങി നാട്ടിലേക്ക് പുറപ്പെടാനായി വിമാനത്തില്‍ കയറിയതും ഗുരുതര വീഴ്ചയാണ് ഇയാളെ ടേക്ക് ഓഫിന് 15 മിനിറ്റ് മുമ്പ് തിരിച്ചിറക്കാനായത് വന്‍നാണക്കേടൊഴിവാക്കി. അതുപോലെതന്നെ ലോകത്താകമാനം വൈറസ് പടര്‍ന്ന് പിടിക്കുമ്പോള്‍ ജനങ്ങളുടെ ആശങ്കകള്‍ക്കും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും പുല്ലുവില പോലും കല്‍പ്പിക്കാതെ മനുഷ്യത്വത്തെ നാണിപ്പിക്കും വിധം സാമൂഹിക മാധ്യമങ്ങളില്‍ കൂടി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന 'മനുഷ്യകോലങ്ങള്‍'ക്കെതിരെയും ശക്തമായ ശിക്ഷാനടപടികള്‍ കൈക്കൊള്ളണം. കേരളത്തില്‍ ഇതുവരെ ഇരുപതോളം കേസുകളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. അതുപോലെതന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കുന്നത് അത്യാവശ്യമായി കാണുകയും ബാറുകള്‍ അടക്കുന്നത് അനാവശ്യമായി കാണുകയും ചെയ്യുന്ന നടപടികളില്‍ സര്‍ക്കാറും സര്‍ക്കാരിനെ അനാവശ്യമായി വിമര്‍ശിക്കുന്നതില്‍ നിന്ന് പ്രതിപക്ഷവും പിന്‍മാറണം. ഇത് ജനങ്ങളുടെ ആരോഗ്യ, സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ മേഖലകളെ മൊത്തത്തില്‍ ബാധിക്കുന്ന അതി ഗുരുതര വിഷയമാണ്. സ്വാര്‍ത്ഥ, രാഷ്ട്രീയ ലാഭത്തിന് ആരും ദയവായി മെനക്കെടരുത്. നല്ല ആരോഗ്യമുള്ള ഭാവിയുള്ള കേരളത്തിനായി ഇന്ത്യക്കായി ലോകത്തിനായി തികഞ്ഞ ദിശാബോധത്തോടെ സാമൂഹിക പ്രതിബദ്ധതമാനിച്ച് എല്ലാവരും ഒത്തൊരുമയോടെ ഐക്യത്തോടെ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണിത്. അതില്‍  വിട്ടുവീഴ്ച അരുത്. ജാഗ്രതയാണ് വേണ്ടത്.



|Muhammed Jasim N Athershery|

മുന്നേറണം ഇനിയും ഏറെ കടമ്പകൾ
മങ്ങാതെ സ്നേഹം പകർന്നീടാം
തകരാത്ത മനസ്സുമായൊന്നിച്ച് നീങ്ങണം
സർവ്വരും സഹകരിച്ചൊന്നായി നിൽക്കണം

ലോകം വിറങ്ങലിച്ചീടുന്നുവെങ്കിലും
വർദ്ധിത വീര്യത്തിൽ പൊരുതീടണം
വൈറസിൻ ശക്തിയെ തുരത്തീടണം
പുതിയൊരു ചേതന സൃഷ്ടിക്കണം..!

അനുസരിച്ചീടണം അംഗീകരിക്കണം ആതുരശുശ്രൂഷ സേവകരെ...
ആരും അന്യരെല്ലെന്നതോർക്കണം
ആശങ്കയില്ലാതെ കർമ്മോത്സു കരാവണം

ഉണർവ്വോടെ ഉശിരോടെ പ്രയത്നിക്കണം
ഉണ്മയാൽ കാര്യങ്ങൾ വീക്ഷിക്കണം
നേരും നെറിയും നെഞ്ചിലേറ്റീടണം
നല്ലൊരു നാളയ്ക്കായി പ്രാർത്ഥിക്കണം

അറിയണം പ്രതിരോധ മാർഗ്ഗങ്ങളെല്ലാം
കൃത്യമായി കൃത്യത പാലിക്കണം
വെടിയുക ഭീതികൾ വേവലാതികൾ
വളരട്ടെ ഉണർവ്വുള്ള പുതുനാമ്പുകൾ!!! 



|സലീം ഫൈസി  പൊന്ന്യാകുര്‍ശി|


     സമ്പൂര്‍ണ്ണവും സമഗ്രവുമായ മതമാണ് ഇസ്‌ലാം. ഇതര മതങ്ങളില്‍ നിന്ന് അത് വ്യതിരക്തമാകുന്നത് മനുഷ്യ ജീവിതത്തിന്റെ നിഖില മേഖലകളേയും സ്പര്‍ശിക്കുന്ന കുറ്റമറ്റ നിയമ സംഹിത ഉള്‍കൊള്ളുന്നതിനാലാണ്.ലോകത്ത് അറിവിന്റെയും പ്രശ്‌നങ്ങളുടെയും വാതായനങ്ങള്‍ ദിനം പ്രതി മലര്‍ക്കെ തുറന്നിടുമ്പോഴും അന്ത്യ നാള്‍ വരെയുള്ള മുസ്ലിം സമൂഹത്തിന് അവലംബിക്കാനും ആശ്രയിക്കാനുമുള്ളത് ഖുര്‍ആനും പ്രവാചക ചര്യയുമാണ്.
     
      ആറായിരത്തില്‍പ്പരം വരുന്ന ഖുര്‍ആന്‍ വചനങ്ങളിലും ലഭ്യമായ ഹദീസുകളില്‍ നിന്നും വിധി വിലക്കുകളുമായി ബന്ധപ്പെട്ടവ വളരെ പരിമിതമാണെന്നത് അവിതര്‍ക്കിതമാണ്.അള്ളാഹുവോ പ്രവാചകരോ ലോകത്ത് സംഭവിക്കുന്ന സകല വിഷയങ്ങള്‍ക്കുമുള്ള മത വിധി ഖണ്ഡിതമായി വ്യക്തമാക്കിയിട്ടില്ല.എന്നാല്‍ അള്ളാഹു ഖുര്‍ആനില്‍ പറയുന്നത്, ഈ ഗ്രന്ഥം താങ്കള്‍ക്കു നാം അവതരിപ്പിച്ചത് സര്‍വ്വ കാര്യങ്ങള്‍ക്കുമുള്ള പ്രതിപാദനമായിട്ടാണ് എന്നാണ് ( നഹ്‌ല് 89). ഇതില്‍ നിന്ന് മനസ്സിലാകുന്നത് പരിശുദ്ധ ഖുര്‍ആന്‍ വേണ്ട വിധം മനസിലാക്കാനായാല്‍ ലോകത്ത് സംഭവിക്കുന്ന സകല വിഷയങ്ങള്‍ക്കുമുള്ള പ്രതിവിധി കണ്ടെത്താന്‍ സാധിക്കും.ഇവിടെയാണ് ഇജ്തിഹാദിന് അര്‍ഹരായ ഇമാമുമാരുടെ ഗവേഷണത്തിന്റെ ആവശ്യകത വിളിച്ചോതുന്നത്.

      മുആദ്ബ്‌നു ജബല്‍(റ) നെ യമനിലെ ഗവര്‍ണ്ണറായി നിയമിച്ചപ്പോള്‍ പ്രവാചകര്‍ ചോദിച്ചു: നിങ്ങളുടെ മുമ്പില്‍ ഒരു പ്രശ്‌നം വന്നാല്‍ എങ്ങനെയാണ് വിധി കല്‍പ്പിക്കുക.മുആദ്(റ) പറഞ്ഞു: ഞാന്‍ അള്ളാഹുവിന്റെ ഗ്രന്ഥമനുസരിച്ച് വിധി കല്‍പ്പിക്കും.പ്രവാചകര്‍ തിരിച്ച് ചോദിച്ചു; അതില്‍ കണ്ടെത്തിയില്ലെങ്കിലോ? മുആദ്(റ) മറുപടി നല്കി; ഞാന്‍ അങ്ങയുടെ ചര്യയനുസരിച്ച് വിധി കല്‍പ്പിക്കും.പ്രവാചകര്‍ ചോദിച്ചു; അതിലും കണ്ടെത്തിയില്ലെങ്കിലോ? മുആദ്(റ) മറുപടി പറഞ്ഞു; ഞാനെന്റെ ബുദ്ധിയുപയോഗിച്ച് ഗവേഷണം നടത്തി വിധി പറയും.ഈ അനുമതിയിലൂടെ പ്രവാചകര്‍(സ) യുടെ അസാനിധ്യത്തില്‍ ഉടലെടുക്കുന്ന വിഷയങ്ങള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കേണ്ടത് എങ്ങനെയാണെന്ന് അനുയായികളെ തര്യപ്പെടുത്തുകയായിരുന്നു.

      മതത്തില്‍ അഭിപ്രായം പറയുക എന്നത് പ്രയാസകരവും അതിസങ്കീര്‍ണവുമായത് കൊണ്ട് തന്നെ സകല വിജ്ഞാനങ്ങളിലും അവഗാഹവും അസാമാന്യ പ്രാവീണ്യവും നേടിയവര്‍ക്കേ അതിന് മുതിരാനാവൂ. മദ്ഹബിന്റെ ഇമാമുമാരുടെ കാലശേഷം മഹാ വിജ്ഞാനങ്ങള്‍ക്കുടമകളായിരുന്ന ആയിരക്കണക്കിന് പണ്ഡിതന്മാര്‍ ജീവിച്ച് പോയിട്ടും അവരെല്ലാം നാല്മദ്ഹബുകളെ തന്നെ അനുധാവനം ചെയ്തത് ഇതിന്റെ സങ്കീര്‍ണതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. 

       വിഷയത്തിലൂന്നിയ വ്യക്തമായ ആയത്തോ നബി ചര്യയോ കണ്ടെത്താതിരുന്നാല്‍ തത്തുല്ല്യമായതിനോട് തുലനം ചെയ്യുകയോ ഖുര്‍ആനെ ഖുര്‍ആന്‍ കൊണ്ടോ നബിചര്യ കൊണ്ടോ വ്യാഖ്യാനിക്കുകയോ ആയിരുന്നു മദ്ഹബിന്റെ ഇമാമുമാര്‍ ചെയ്തിരുന്നത്. 

      പോകുന്ന ഇടം എന്ന ഭാഷാര്‍ത്ഥത്തില്‍ നിന്നാണ് ‹മദ്ഹബ്› രൂപപ്പെട്ടത് ഒരാളുടെ ചിന്താ നിഗമനങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞ് വരുന്നതാവും അവന്റെ അഭിപ്രായം ഒരു ഇമാമിന്റെ പേരില്‍ അറിയപ്പെടുന്ന മദ്ഹബില്‍ ആ ഇമാമിന്റെ ചിന്താ മണ്ഡലത്തിലെ സൂക്ഷ്മ നിരീക്ഷണങ്ങളായിരിക്കും പ്രതിഫലിക്കുക.

       ഖണ്ഡിതപ്രമാണങ്ങളായ നസ്വായ ആയത്തുകള്‍,സുന്നത്ത്, ഖിയാസ്, ഇജ്മാഅ് ഇവകൊണ്ട് സ്ഥിരപ്പെട്ട കാര്യങ്ങള്‍ അനിഷേധ്യ പ്രമാണങ്ങളായത് കൊണ്ട് ഇവയില്‍ ഒരു ഗവേഷകന്റെ ചിന്തക്കോ മനനത്തിനോ പഴുതോ പ്രസക്തിയോ ഇല്ല. മൗലിക പ്രമാണങ്ങളായ ഇവയെ നിരാകരിക്കല്‍ വിശ്വാസ നിരാസത്തിലേക്കാണെത്തിക്കുക.                                       എന്നാല്‍ വിവിധോദ്ദേശ്യങ്ങള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും സാധ്യത കല്‍പ്പിക്കുന്ന ആയത്തുകളില്‍ നിന്നും ഹദീസുകളില്‍ നിന്നും മനനം ചെയ്‌തെടുക്കുന്നവയില്‍ ദീക്ഷണ-വീക്ഷണ വ്യത്യാസങ്ങള്‍ക്കനുസൃതമായി വിധികളിലും ഭിന്നതയുണ്ടാകും. ഖണ്ഡിത പ്രമാണങ്ങളില്‍ വ്യക്തമാക്കപ്പെടാത്തതും ഗവേഷണത്തിനു പഴുതുള്ളതുമായ ഇത്തരം ഘട്ടങ്ങളിലാണ് മദ്ഹബുകള്‍ വഴി തുറക്കുന്നത്.  

       അനിതര സാധാരണമായ ബുദ്ധി വൈഭവവും അന്യൂനമായചിന്തയും വെച്ച് കൃത്ത്യവും സൂക്ഷ്മവുമായ വിലയിരുത്തലിലൂടെ ഇമാമുമാര്‍ വിധി വിലക്കുകളെ പ്രമാണങ്ങളില്‍ നിന്ന് കണ്ടെത്തുകയും പ്രമാണങ്ങളുപയോഗിച്ച് അവയെ തെളിയിക്കുകയും ചെയ്യുന്നു. ഇപ്രകാരം കടഞ്ഞെടുക്കുന്ന നിരവധി മത വിധികളുടെ സമാഹാരമായിരിക്കും ഓരോ മദ്ഹബും.

       അംഗീകൃത നാല് മദ്ഹബുകള്‍ക്ക് പുറമെ സുഫ്‌യാനുസ്സൗരി(റ), സുഫ ്‌യാനുബ്‌നു ഉയൈന(റ),ദാവൂദുള്ള്വാഹിരി(റ),ലൈസുബ്‌നു സഅദ്(റ),അബ്ദുറഹ്മാനില്‍ ഔസാഈ(റ),ഇബ്‌റാഹീമുബ്‌നു റാഹവൈഹി(റ),ഇബ്‌നു ജരീര്‍ ത്വബ്രി(റ),ഇവരുടെ മദ്ഹബുകളും മുമ്പ് നിലവിലുണ്ടായിരുന്നു.പക്ഷേ ഇവര്‍ വാര്‍ത്തെടുത്ത അടിസ്ഥാന തത്വങ്ങളോ ഗവേഷണത്തിനുപയോഗിക്കുന്ന മാനദണ്ഡങ്ങളോ രേഖപ്പെടുത്താത്തതിനാല്‍ ഭാവി തലമുറക്ക് അവ കൈമോശം വന്നു.നിലവിലുള്ള മദ്ഹബുകളുടെ ഇമാമുമാരില്‍ ശാഫിഈ(റ) മാത്രമാണ് അടിസ്ഥാന തത്വങ്ങളെ ക്രോഡീകരിച്ചത്.മറ്റു മൂന്ന് ഇമാമുമാരുടെ വിശ്വസ്തരായ ശിഷ്യര്‍ തങ്ങളുടെ ഇമാമുമാരുടെ അടിസ്ഥാന തത്വങ്ങള്‍ ഗവേഷണ ഫലമായി കണ്ടെത്തുകയും ക്രോഡീകരിക്കുകയുമായിരുന്നു.

       തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് ഇച്ഛാനുസരണം മതത്തില്‍ കേവലം ജല്‍പ്പനങ്ങളോ അഭിപ്രായങ്ങളോ പുറപ്പെടീക്കുകയായിരുന്നില്ല ഇമാമുമാര്‍.പ്രത്യുത ഈമാന്‍ പ്രസരിക്കുന്ന സൂക്ഷ്മാലുക്കളായ മഹാ വിജ്ഞാനത്തിനുടമകളായിരുന്ന അവര്‍ സൂക്ഷ്്മ നിരീക്ഷണങ്ങളിലൂടെ കണ്ടെത്തിയ മൂല തത്വങ്ങള്‍ ഉപയോഗിച്ചാണ് ഓരോ വിഷയത്തെയും സമീപ്പിച്ചതും മനനം ചെയ്തതും.കര്‍മ്മ നിരതരായ നാല് ഇമാമുമാരും തങ്ങളുടെ ദൗത്യവും ധര്‍മ്മവും ശരിക്കും കര്‍മ്മ ശാസ്ത്രത്തിനര്‍പ്പിച്ചുവെന്നതിന് രണ്ടഭിപ്രായമുണ്ടാവില്ല.തങ്ങളുടെ മദ്ഹബുകള്‍ക്കന്യമായ ചിന്താ ധാരകള്‍ക്കോ,വീക്ഷണ നിഗമനങ്ങള്‍ക്കോ ഇനിയൊരു പഴുതും ഉപേക്ഷിക്കാത്ത വിധം കര്‍മ്മ ശാസ്ത്ര വിഷയങ്ങളെ സമൂലം സമര്‍ത്ഥിക്കുകയോ സമര്‍ത്ഥിക്കാനുതകുന്നതോ ആയ കര്‍മ്മ ശാസ്ത്ര സരണിയാണവര്‍ വെട്ടിത്തുറന്നത്.
    അന്ത്യനാള്‍ വരെയുണ്ടാകുന്നതും വൈയക്തിക തലം മുതല്‍ സാമൂഹ്യ നിര്‍മ്മാണ തലം വരെയുള്ള സകലമാന നിയമങ്ങള്‍ ആവിഷ്‌കരിക്കപ്പെടാനും അവ വെളിച്ചത്തു കൊണ്ടുവരാനും പ്രാമാണികമായ മൗലിക തത്വങ്ങളിലൂടെ വിധികളെ നിര്‍ധാരണം ചെയ്‌തെടുക്കാനുതകുന്നതുമായ ഒരു നിയമ സംഹിത ഇമാമുമാര്‍ യഥോചിതം തയ്യാറാക്കി ക്രോഡീകരിക്കുകയും അവ നിത്യ നിദാനവുമായി നില നില്‍ക്കുന്നതിനാല്‍ മറ്റൊന്നിന്റെ ആവശ്യകതയിലേക്ക് മുതിരുന്നത് അര്‍ത്ഥ ശൂന്യമാണ്.

ഇതര മത ദര്‍ശനങ്ങള്‍ക്കൊന്നും കാലത്തോട് സംവദിക്കാനോ കര്‍മ്മപരമോ വിശ്വാസപരമോ ആയ കൃത്യത പുലര്‍ത്താനോ ആയിട്ടില്ല. എന്നാല്‍ നൂറ്റാണ്ടുകള്‍ക്കിപ്പുറവും ഇസ്്‌ലാം അതിന്റെ അനുയായികളെ നിയന്ത്രിക്കുന്നത് പതിനാല് നൂറ്റാണ്ട് പഴക്കമുള്ള ഒരു പാരമ്പര്യത്തിന്റെ പ്രതലത്തില്‍ നിന്ന് കൊണ്ടാണ് എന്നതിന് മാനവ സംസ്‌കൃതിയില്‍ മറ്റു സമാനതകളുണ്ടാവാനിടയില്ല.

പാരമ്പര്യവും പൈതൃകവും പ്രമാണം പോലെ തന്നെ പരിഗണിച്ച് പോരുകയും പകര്‍ന്നു നല്‍കിയും പകര്‍ത്തിയെഴുതിയും തല മുറകളിലേക്ക് കൈമാറിപ്പോരുകയും ചെയ്യുന്ന ചലനാത്മകമായൊരു സമൂഹമെന്നായിരിക്കും ആ അര്‍ത്ഥില്‍ മുസ്‌ലിംകള്‍ക്ക് കിട്ടുന്ന മേല്‍ വിലാസം.

23 വര്‍ഷത്തെ പ്രബോധന ജീവിതത്തിനൊടുവില്‍ അന്ത്യ നാള്‍ വരെ നിലനില്‍ക്കേണ്ട സത്യ മതത്തിന്റെ സമഗ്ര സംഹിതകള്‍ സ്വാംശീകരിച്ചെടുത്ത ഒരു ജനതയെ രൂപപ്പെടുത്തി തിരു നബി വിടവാങ്ങുമ്പോള്‍ ചൂണ്ടിക്കാണിച്ചു കൊടുക്കാന്‍ ചുറ്റിലും ആ ജീവിതം ഒപ്പിയെടുത്ത അനുചര വൃന്ദമുണ്ടായിരുന്നു.അവരിലൂടെയായിരുന്നു ലോകത്തിന്റെ അഷ്ട ദിക്കുകളിലേക്ക് ഇസ്്‌ലാമിന്റെ വെളിച്ചം പരന്നത്.

പ്രമാണങ്ങളുടെ പ്രധാന സ്രോതസുകളെല്ലാം രേഖകളായി കൈമാറ്റം ചെയ്യപ്പെടാനാരംഭിക്കുന്നത് അക്കാലത്താണ്.ഖുര്‍ആന്‍ ക്രോഡീകരണവും ഹദീസ് സമാഹരണവുമായിരുന്നു അതിന്റെ ആദ്യ ഘട്ടങ്ങള്‍.ഖുലഫാഉ റാശിദുകളുടെയും അമവീ ഖിലാഫത്തിന്റെയും നാളുകള്‍ മത പ്രമാണ കൈമാറ്റങ്ങളുടെ ശൈശവ നാളുകളായിരുന്നു.
അതേ സമയം പ്രമുഖരായ സ്വഹാബത്തും പ്രഥമ നൂറ്റാണ്ടുകാരായ താബിഉകളും ജീവിച്ച് പോയ കാലയളവില്‍ തന്നെ ഇസ്്‌ലാമിന്റെ ലേബലില്‍ തല പൊക്കിയ ഖവാരിജ്,ശീഅഃ,മുഅ്തസില തുടങ്ങിയ രാഷ്ട്രീയ ചിന്താ വൈകല്യങ്ങളും പ്രസ്ഥാനങ്ങളും ശക്തി പ്രാപിച്ചിട്ടുണ്ട്.
പിന്നീട് (ഹിജ്‌റ 132›656) വരെയുള്ള അബ്ബാസി കാലഘട്ടങ്ങളില്‍ വികല ചിന്താ ഗതികളും വിശ്വാസ വൈകല്യങ്ങളും രൂപപ്പെടുകയും അവ രൂക്ഷമാവുകയും ചെയ്ത ഈ കാലയളവിലാണ് മദ്ഹബുകളുടെ ഇമാമുമാരുടെ രംഗ പ്രവേശനമെന്നും അറിയുമ്പോഴാണ് അവരുടെ നിയോഗ ലക്ഷ്യത്തിന്റെ പ്രാധാന്യം മനസ്സിലാവുക

വികല ചിന്താഗതികള്‍ ഭരണകൂടത്തെ സ്വാധീനിക്കുകയും അത് നടപ്പാക്കാന്‍ മുന്നിട്ടിറങ്ങുകയും ചെയ്ത കാലങ്ങളിലും മതത്തിന്റെ മൗലികതയും പ്രതാപ പൂര്‍ണ്ണമായ അതിന്റെ പൈതൃകവും കൈമോശം വരാതെയും കേടു പറ്റാതെയും കൈമാറിത്തരുന്നതില്‍ വളരെ നിര്‍ണ്ണായകമായ പങ്കായിരുന്നു മദ്ഹബിന്റെ ഇമാമുമാര്‍ നിര്‍വ്വഹിച്ചത്.

നില നില്‍ക്കുന്ന ചിന്താ വൈകല്യങ്ങളോട് ചെറുത്ത് നിന്ന് കൊണ്ട് മതത്തിന്റെ പൈതൃക വഴി സംരക്ഷിച്ച് നിലനിര്‍ത്താനും സാര്‍വ്വ ലൗകീകവും സാര്‍വ്വ ജനീനവുമായ അതിന്റെ സാധ്യകളെ ലോകത്തിന് പകര്‍ന്ന് കൊടുക്കാനും ആയുഷ്‌കാലം ഉഴിഞ്ഞ് വെച്ച മഹാ മനീഷികളായിരുന്നു അവര്‍.

കാലാന്തരങ്ങളെ അതിജീവിച്ച ആ സേവന സപര്യയാണ് നൂറ്റാണ്ടുകള്‍ക്കിപ്പുറവും മുസ്്‌ലിം ലോകത്തിന്റെ മത ജീവിതത്തിന്റെ മൂല പ്രമാണമായി നില കൊള്ളുന്നത്.ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും മുസ്ലിം ലോകത്തെ വഴി നടത്തുന്ന ആ വൈജ്ഞാനിക ഇടപെടലുകളിലൂടെ ഒരോട്ട പ്രദക്ഷിണം നടത്തിയാല്‍ മാത്രം മതി ഇസ്്‌ലാമിക പൈതൃകത്തിന്റെ സംരക്ഷണത്തിലും കൈമാറ്റത്തിലും അവര്‍ വഹിച്ച ഭാഗദേയം അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം ബോധ്യപ്പെടാന്‍.


ഇമാമുമാര്‍


       ഇമാം അബൂ ഹനീഫത്തുല്‍ കൂഫീ(റ), ഇമാം മാലിക്ബ്‌നു അനസ്(റ), ഇമാം മുഹമ്മദ്ബ്‌നു ഇദ്‌രീസുശ്ശാഫിഈ(റ), ഇമാം അഹ്മദ്ബ്‌നു ഹമ്പല്‍(റ) എന്നിവരാണ് യഥാക്രമം ഹനഫീ, മാലികീ, ശാഫിഈ, ഹമ്പലീ മദ്ഹബുകളുടെ ഇമാമുമാര്‍.

ഇമാം അബൂ ഹനീഫ(റ)


       ഹിജ്‌റ 80 ല്‍ കൂഫയിലായിരുന്നു ഇമാം അബൂ ഹനീഫ(റ)ന്റെ ജനനം.യഥാര്‍ത്ഥ പേര് നുഅ്മാനുബ്‌നു സാബിത്.ധനികനായ ഒരു വ്യാപാരിയായിരുന്നു പിതാവായ സാബിത്.കച്ചവടകാര്യങ്ങളില്‍ പിതാവിനെ സഹായിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ശഅ്ബി(റ) വിന്റെ സ്‌നേഹോപദേശ സ്വാധീനത്തില്‍ മത വിജ്ഞാന രംഗത്തേക്ക് ശ്രദ്ധ തിരിക്കുന്നത്.ഏറെ താമസിയാതെ തന്നെ കൂഫയിലെയും ബസ്വറയിലെയും അക്കാലത്തെ തല മുതിര്‍ന്ന പണ്ഡിതന്മാരെ സമീപിച്ചു മത വിഷയങ്ങളില്‍ പ്രാവീണ്യം നേടി.അറുപതിനായിരത്തോളം മസ്അലകള്‍ പ്രതിപാദിക്കുന്ന അല്‍ ഫിഖ്ഹുല്‍ അക്ബര്‍, മുസ്‌നദു അബീ ഹനീഫ പോലുള്ള ഗ്രന്ഥങ്ങള്‍ അവരില്‍ നിന്ന് വിരചിതമായിട്ടുണ്ട്.

       52 വര്‍ഷം അമവീ ഭരണത്തിലും 18 വര്‍ഷം അബ്ബാസീ ഭരണത്തിലും ജീവിച്ച അബൂ ഹനീഫ(റ) വിന്റെ മത വിഷയങ്ങളിലെ ധീരമായ നിലപാടുകളും വിട്ടു വീഴ്ച്ചയില്ലാത്ത സമീപനങ്ങളും മഹാനവറുകളെ ഭരണാധികാരികളുടെ കണ്ണിലെ കരടാക്കി മാറ്റി.ഭരണകൂടത്തിനെതിരായി ഫത്‌വ നല്‍കിയതിന്റെ പേരില്‍ താമസിയാതെ ജയിലിലുമടച്ചു.അധികാരികളുടെ പ്രീണനപീഢന ശ്രമങ്ങളെ ഈമാനിന്റെയും ആത്മ വിശ്വാസത്തിന്റെയും പ്രതിരോധ മുറകള്‍ കൊണ്ടദ്ദേഹം പ്രതിരോധം തീര്‍ത്തു.അതി കഠിനമായ മര്‍ദനങ്ങള്‍ക്കൊടുവില്‍ ഹി:150 ല്‍ മഹാന്‍ ഈ ലോകത്ത് നിന്നും യാത്രയായി.
 

ഇമാം മാലിക്(റ)


ഹിജ്‌റ 93 ല്‍ മദീനയിലാണ് ഇമാം മാലിക്ബ്‌നു അനസ്(റ) വിന്റെ ജനനം.പത്ത് വയസ് പൂര്‍ത്തിയാകും മുമ്പ് ഖുര്‍ആന്‍ മനഃപ്പാഠമാക്കുകയും വളരെ ചെറിയ പ്രായത്തില്‍ തന്നെ ഗുരുവായ റബീഅ(റ) ഉള്‍പ്പെടെയുള്ള ധാരാളം പണ്ഡിതന്മാരില്‍ നിന്ന് ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു.     മദീനയിലെ പണ്ഡിതനെക്കാള്‍ വിവരമുള്ള ഒരാളെ ലോകത്തെങ്ങും കണ്ടെത്തുകയില്ലെന്ന പ്രവാചക വചനം പുലര്‍ന്നത് ഇമാം മാലിക്(റ) വിലൂടെയായിരുന്നു.ഇമാം മാലിക്(റ) മുസ്ലിം ലോകത്തിന് നല്‍കിയ ഏറ്റവും വലിയ സംഭാവനകളിലൊന്ന് ഹി:159 ല്‍ രചന പൂര്‍ത്തീകരിക്കപ്പെട്ട മുവത്വയെന്ന വിശ്വ പ്രസിദ്ധ ഹദീസ് ഗ്രന്ഥമാണ്.
സവിശേഷമായ ഒട്ടേറെ സ്വഭാവ ഗുണങ്ങളുടെ ഉടമയായിരുന്നു മഹാന്‍.മദീനയും തിരുനബിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളെയും സമാനതകളില്ലാത്ത വിധം സ്‌നേഹിച്ചിരുന്നു.ഭരണാധികാരികളോട് ആശയപരമായി ഏറ്റുമുട്ടുന്ന സമീപനം സ്വീകരിക്കാതെ അനുനയത്തിലൂടെ കാര്യം ബോധ്യപ്പെടുത്തുകയും തെറ്റുകള്‍ ഉപദേശിച്ച് നേരെയാക്കുകയും ചെയ്യുന്ന രീതിയാണ് മഹാന്‍ അവലംബിച്ചിരുന്നത്. ഹി179ല്‍ തന്റെ 86ാം 
വയസ്സ ിലായിരുന്നു മാലികീ ഇമാമിന്റെ വഫാത്ത്. 

ഇമാം ശാഫിഈ(റ)


    നാലു മദ്ഹബുകളുടെ ഇമാമുകളില്‍ ഏറ്റവും കൂടുതല്‍ അംഗീകാരം നേടിയ അതുല്യ പണ്ഡിത പ്രതിഭയാണ് ഇമാം മുഹമ്മദുബ്‌നു ഇദ്‌രീസു ശാഫിഈ(റ). ഇമാം അബൂ ഹനീഫ(റ) വഫാത്തായ വര്‍ഷം അഥവാ ഹി 150 ല്‍ ഗസ്സയില്‍ ആയിരുന്നു മഹാന്റെ ജനനം.

    ഖുറൈശി വംശജനായ ഒരു പണ്ഡിതന്‍ ഭൂമിയുടെ സകല അടുക്കുകളും വിജ്ഞാനം കൊണ്ട് നിറക്കുമെന്ന പ്രവാചക വചനം ഇമാം ശാഫിഈ (റ) നെ സംബന്ധിച്ചാണെന്നത് പരക്കെ അറിയപ്പെട്ട വസ്തുതയാണ്.പ്രഗത്ഭമതികളായ പലരെയും പോലെ അനാഥനായാണ് ഇമാം ജീവിതം ആരംഭിച്ചത്.ഉമ്മയുടെ സംരക്ഷണത്തില്‍ 7 വയസ്സിനുള്ളില്‍ തന്നെ ഖുര്‍ആന്‍ ഹൃദ്യസ്ഥമാക്കുകയും തുടര്‍ പഠനത്തിനായി മസ്ജിദുല്‍ ഹറമിലേക്ക് അയച്ച മഹാന്‍ കൗമാര പ്രായത്തില്‍ തന്നെ തന്റെ ഗുരുവില്‍ നിന്ന് ഇജാസത്തിലൂടെ ഫത്‌വ നല്കാന്‍ മാത്രം യോഗ്യനായ പണ്ഡിതനായി വളര്‍ന്നു വിജ്ഞാന ദാഹിയായ ആ പണ്ഡിത പ്രതിഭ ഇമാം മാലിക് (റ) ഉള്‍പ്പെടെയുളള പണ്ഡിതരുടെ തണലില്‍ തന്റെ ജ്ഞാനാന്വേഷണം തുടര്‍ന്നു. 

   ഖുര്‍ആന്‍,ഹദീസ്,ഫിഖ്ഹ്,കവിത തുടങ്ങിയ സകല വിജ്ഞാന ശാഖ കളിലും അവഗാഹവും നൈപുണ്യവും നേടി. ഇമാം മാലിക്(റ) നോട് കൂടെ ഉളള മദീന കാലയളവില്‍ താന്‍ സ്വായത്തമാക്കിയ മദീന ഫിഖ്ഹിലും മാലിക്(റ) ന്റെ വഫാത്തിനു ശേഷം ഇറാഖിലത്തി അവിടെ നിന്ന് ആര്‍ജിച്ചെടുത്ത ഇറാഖി ഫിഖ്ഹിലും നിരൂപണം നടത്തി ഒരു പുതിയ കര്‍മശാസ്ത്ര സരണി ഇമാം കെട്ടിപ്പടുത്തു.

    അല്‍ രിസാലയും അല്‍ ഉമ്മും ഉള്‍പ്പെടെയുളള ഗ്രന്ഥങ്ങള്‍ മുസ്ലിം ലോകത്തിനു സമ്മാനിച്ച ഇമാം ശാഫിഈ(റ) ആദര്‍ശ വൈരികളായ ഒരു വിഭാഗത്തിന്റെ ഉപദ്രവം ശരീരത്തിലേല്പ്പിച്ച ക്ഷതം മൂലം വിജ്ഞാന മാര്‍ഗത്തില്‍ രക്ത സാക്ഷിത്വം വരിക്കുകയായിരുന്നു.തന്റെ 54 വയസിനിടയിലെ ജീവിത കാലയളവിനുളളില്‍ ബുദ്ധിയും വിജ്ഞാനവും കൊണ്ട് ലോകത്തെ അത്ഭുതപ്പെടുത്തിയ ആ പണ്ഡിത പ്രതിഭ. ഹി :204 റജബ് 28 ന് വെള്ളിയാഴ്ച ലോകത്തോട് വിടപറഞ്ഞു.

ഇമാം അഹ്മദ് ബ്‌നു ഹമ്പല്‍(റ)  


      ഹിജ്‌റ 164 റബീഉല്‍ അവ്വല്‍ മാസത്തില്‍ ബഗ്ദാദിലായിരുന്നു അഹ്മദ് ബ്‌നു ഹമ്പല്‍(റ) വിന്റെ ജനനം. യതീമായിരുന്നെ ങ്കിലും അതിന്റെ കുറവുകളൊന്നും മകന്റെ വിജ്ഞാന വഴിയില്‍ പ്രതിസന്ധി തീര്‍ക്കരുതെന്ന് നിശ്ചയിച്ചുറപ്പിച്ചു കൊണ്ടാണ് ഇമാമിനെ മാതാവ് വളര്‍ത്തിയത്. ചെറു പ്രായത്തില്‍ തന്നെ ഖുര്‍ആന്‍ ഹൃദ്യസ്ഥമാക്കിയ മഹാന്‍ ആദ്യം അബൂ യൂസുഫ്(റ) വിന് കീഴിലും പിന്നീട് ഇമാം ശാഫി(റ)വിന് കീഴിലും തന്റെ ജ്ഞാന തൃഷ്ണ തുറന്നു വെച്ചു.

      അബ്ബാസീ ഖലീഫമാരെ മുഅ്തസിലീ ആശയങ്ങള്‍ ശക്തമായി സ്വാധീനിച്ചുകൊണ്ടിരുന്ന ഒരു കാലത്തായിരുന്നു അഹ്മദ് ബ്‌നു ഹമ്പല്‍(റ)വിന്റെ നിയോഗം. ഖുര്‍ആന്‍ സൃഷ്ടിവാദത്തെ രാഷ്ട്രത്തിന്റെ ഔദ്യോഗിക വിശ്വാസമായി പ്രഖ്യാപിക്കപ്പെട്ട ആകാലത്ത് അതിനെതിരെ ശക്തി യുക്തം നില കൊണ്ട ധീര പണ്ഡിതനായിരുന്നു മഹാന്‍.

      അതിന്റെ പേരില്‍ ഏല്‍ക്കേണ്ടി വന്ന പീഡന മുറകള്‍ക്കു മുമ്പില്‍ മുട്ടുമടക്കാനോ ഭരണാധികാരികളുടെ അഭീഷ്ടങ്ങള്‍ക്കനുസരിച്ച് തുള്ളാനോ മഹാന്‍ ഒരുക്കമായിരുന്നില്ല. ക്രൂരമായ ചോദ്യം ചെയ്യലുകള്‍ക്കൊടുവില്‍ രോഗബാധിതനായി മാറിയ ആ പണ്ഡിത പ്രതിഭ ഹിജ്‌റ 241 റബീഉല്‍ അവ്വല്‍ മാസത്തില്‍ ഇഹലോക വാസം വെടിഞ്ഞു. 40000 ഹദീസുകള്‍ ഉള്‍കൊള്ളുന്ന മുസ്‌നദ് അഹ്മദ് വിജ്ഞാന ലോകത്തിന് ഇമാം അഹ്മദ് ബ്‌നു ഹമ്പല്‍ (റ) നല്‍കിയ സംഭാവനയാണ്.

     ചുരുക്കത്തില്‍ മദ്ഹബിന്റെ ഇമാമുമാരെല്ലാം ചുരുങ്ങിയ ജീവിത കാലയളവിനുള്ളില്‍ പ്രതിസന്ധികളെ മുഴുവന്‍ തരണം ചെയ്ത് ശരീഅത്തിനു വേണ്ടി നില കൊള്ളുകയും ചിന്തകളും നിരീക്ഷണങ്ങളും നിലപാടുകളും പില്‍ കാലത്ത് മുഴുവന്‍ കര്‍മ്മ ശാസ്ത്ര നിയമങ്ങളുടെയും നിര്‍ധാരണത്തിന് നിമിത്തമായി ചേരുകയും സ്വതന്ത്രമായി നിലനില്‍ക്കാന്‍ മാത്രമുള്ള സമഗ്രത അവയോരോന്നും ആര്‍ജിച്ചെടുക്കുകയും ചെയ്തു. ഇതു മാത്രം മതി മുസ്ലിം ലോകത്ത് അഇമ്മത്തിന്റെ ഇടപെടലുകളുടെ ആഴവും സ്വാധീനവും മനസ്സിലാക്കാന്‍.

ivythemes

{facebook#https://fb.com/alathoorpadidars} {twitter#https://twitter.com/alathurpadidars} {google-plus#https://plus.google.com/+ALATHURPADIDARS} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://youtube.com/alathoorpadidars} {instagram#YOUR_SOCIAL_PROFILE_URL}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget