കൊറോണയില്‍ കുരുങ്ങി ലോകം




ഹാഫിള് അമീന്‍ നിഷാല്‍

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ഗുരുതരമായ ആരോഗ്യ പ്രതിസന്ധിയിലൂടെയാണ് ലോകം കടന്നു പോകുന്നത് ചൈനയില്‍ നിന്ന് ഉത്ഭവിച്ച് ലോകത്താകമാനം അതിഭീകരമായി വളര്‍ന്നുകൊണ്ടിരിക്കുന്ന
കൊറോണ (കോവിഡ് 19) എന്ന മാരക വൈറസ് ജനജീവിതത്തിന്റെ ഗതി മാറ്റിമറിച്ചുകൊണ്ട് ലോകത്തിന്റെ സഞ്ചാരത്തെ സ്തംഭനാവസ്ഥയിലാക്കിയിരിക്കുകയാണ്. കഴിഞ്ഞയാഴ്ച  WHO മേധാവി ടെഡ്റോസ് അഥനോം കോവിഡ് 19 നെ ആഗോള മഹാമാരിയായി പ്രഖ്യാപിക്കുന്നിടം വരെയെത്തി കാര്യങ്ങള്‍. ലോകത്തിന്റെ ഏതെങ്കിലുമൊരു കുഗ്രാമത്തില്‍ നാലാള്‍ കൂടുന്നിടം മുതല്‍ വൈറ്റ്ഹൗസിന്റെയും ഐക്യരാഷ്ട്രസഭയുടെയും അകത്തളങ്ങളില്‍ വരെ ചര്‍ച്ച ചെയ്യുന്നത് ഈ വൈറസിന്റെ നശീകരണ ശേഷിയെയും അവയെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളെ കുറിച്ചുമാണ്.

വൈറസുകള്‍ ചരിത്രങ്ങളിലൂടെ 
ലോകത്താദ്യമല്ല വൈറസുകള്‍ ഈ വിധം പടര്‍ന്നുപിടിക്കുന്നത്. കൊറോണയേക്കാള്‍ നാശവും ജീവഹാനിയും വരെ വരുത്തിവെച്ച വൈറസുകള്‍ ചരിത്രത്തിലുടനീളം നമുക്ക് കാണാനാവും. വളരെ കാലങ്ങള്‍ മുമ്പ് തന്നെ വൈറസുകളും പകര്‍ച്ചവ്യാധികളും നിലനിന്നിരുന്നെങ്കിലും ലഭ്യമായ വിവരങ്ങളില്‍ ഏറ്റവും കുപ്രസിദ്ധിയാര്‍ജ്ജിച്ചത് ഫ്യൂഡല്‍ കാലഘട്ടത്തില്‍ യൂറോപ്പിനെയാകെ പിടിച്ചുകുലുക്കിയ 'ബ്ലൂസോണിക് പ്ലേഗ്' ആണ്. 'കറുത്ത മരണം' എന്ന ചരിത്രത്തില്‍ അറിയപ്പെടുന്ന ഈ സംഭവം 1347
മുതലുള്ള അഞ്ചുവര്‍ഷം കൊണ്ട് യൂറോപ്യന്‍ ജനസംഖ്യയുടെ ഏകദേശം 20 ശതമാനത്തിന്റെയും ജീവന്‍ അപഹരിച്ചു. ചില പ്രത്യേക പ്രദേശങ്ങളില്‍ മരണനിരക്ക് ജനസംഖ്യയുടെ 40 ശതമാനമായിരുന്നു. ഇതിനു സമാനമായ ഒരു ദുരന്തമായിരുന്നു ഒന്നാം ലോകമഹായുദ്ധം കത്തിനിന്ന സമയത്ത് യൂറോപ്പില്‍ തന്നെ പടര്‍ന്നുപിടിച്ച 'സ്പാനിഷ്ഇന്‍ഫ്‌ലുന്‍സ' ആറുമാസംകൊണ്ട് രണ്ടരകോടി ജനങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു എന്നാണ് അനൗദ്യോഗിക കണക്ക്. യുദ്ധവീര്യം കുറഞ്ഞു പോകുമോ എന്ന് കരുതി ഭരണാധികാരികള്‍ കൃത്യമായ കണക്കുകള്‍ ശേഖരിക്കുകയോ ജനങ്ങളെ അറിയിക്കുകയും ചെയ്തില്ല. എന്നാല്‍ പ്രതിരോധ സംവിധാനങ്ങളുടെ അഭാവമാണ് ഈ രണ്ടു വൈറസുകളും ഇത്രയേറെ നാശം വിതയ്ക്കാന്‍ കാരണമായത്. തുടര്‍ന്നിങ്ങോട്ടുള്ള വൈറസുകളില്‍ മരണനിരക്ക് താരതമ്യേന വളരെ കുറവായിരുന്നു. ലോകം പുരോഗതി പ്രാപിച്ചതോടെ ആധുനിക ചികിത്സാ ഉപകരണങ്ങളും രീതികളും കണ്ടുപിടിക്കപ്പെട്ടതും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ക്രിയാത്മകമായി നടപ്പിലാക്കിയതുമാണ് ഇതിനു കാരണം. കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ എബോള, സാര്‍സ്, മെര്‍സ്, സിക തുടങ്ങിയ വിനാശകമായ വൈറസുകള്‍ ലോകത്തെ വേട്ടയാടിയിട്ടുണ്ട്.
1976 മുതല്‍ 2014 വരെ വിവിധ കാലങ്ങളില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ച മാരക വൈറസാണ് എബോള. അവസാനമായി 2014 ല്‍ ഉണ്ടായപ്പോള്‍ 28,616 പേര്‍ക്ക് രോഗം സ്ഥിരീകരിക്കപ്പെടുകയും പതിനായിരത്തോളം പേര്‍ രോഗം ബാധിച്ച് മരണപ്പെടുകയും ചെയ്തു. തുടര്‍ന്ന് 2016 ഫെബ്രുവരി രണ്ടിന് ഐക്യരാഷ്ട്രസഭ എബോളക്കെതിരെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. എബോളയോളം തീവ്രമല്ലെങ്കിലും വളരെയേറെ ഭീതിപരത്തിയ മറ്റൊരു വൈറസായിരുന്നു 2015 മെയ് മാസത്തില്‍ ബ്രസീലിലുണ്ടായ സിക വൈറസ്. തുടര്‍ന്ന് അമേരിക്കന്‍ ഭൂഖണ്ഡത്തെയാകെ പിടിച്ചു കുലുക്കുകയും അവിടെ നിന്ന് യൂറോപ്പിലേക്കും ഓസ്ട്രേലിയയിലേക്കുമെല്ലാം വ്യാപിക്കുകയും ചെയ്ത ഈ വൈറസ് 25 രാജ്യങ്ങളിലായി 40 ലക്ഷം പേരെ പിടികൂടി. എന്നിരുന്നാലും സിക വൈറസ് ബാധിച്ച് ഇന്നേവരെ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

കൊറോണ എന്ന മഹാമാരി
ചൈനയിലെ വൂബെ പ്രവിശ്യയിലെ വുഹാനില്‍ നിന്നാണ് കൊറോണ വൈറസിന്റെ ഉത്ഭവം. 2019 നവംബറിലാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. അന്നുമുതല്‍ നാല് മാസത്തോളമായി
ലോക നേതാക്കളുടെയും ആരോഗ്യ വിദഗ്ധരുടെയും എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് ലോകവ്യാപകമായി അനിയന്ത്രിതമായി പടരുകയാണ് വൈറസ്. ഇതിനോടകം (March 27)180ലേറെ രാജ്യങ്ങളിലായി 5, 40, 832 പേരെയാണ് വൈറസ് ബാധിച്ചത്. 24293പേര്‍ക്ക് ജീവഹാനി സംഭവിച്ചു. രോഗം സ്ഥിരീകരിക്കുന്നവരുടെയും മരണപ്പെടുന്നവരുടെയും എണ്ണം അനുദിനം കുതി ച്ചുയരുകയാണ്.എന്നാല്‍ ഈ കണക്കുകളേക്കാള്‍ ഭീകരമായ കാര്യം ഈ വൈ റസിന് ഇന്നേ വരെ മരുന്ന് കണ്ടുപിടിക്കാനായിട്ടിട്ടില്ല എന്നതാണ്. വൈറസിന് രണ്ടുവര്ഷംകൊണ്ട് മരുന്ന് കണ്ടുപിടിക്കുമെന്നുള്ള ലോകാരോഗ്യസംഘടനയുടെ പ്രഖ്യാപനം അവരുടെ നിസ്സഹായാവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. അതുപോലെ വൈറസിന്റെ ഉത്ഭവകേന്ദ്രം, കാരണം എന്നിവയും ഇതുവരെ കണ്ടെത്താനായിട്ടില്ല.
തുടക്കത്തില്‍ പ്രഭവകേന്ദ്രമായ വുഹാനെയും ചൈനയേയുമാണ് കൊറോണ കൂടുതല്‍ ദോഷകരമായി ബാധിച്ചത്. ചൈനയില്‍ മരണം മുവ്വായിരം കടന്നപ്പോള്‍ ചൈനക്ക് പുറത്ത് വെറും 500 ല്‍ ാഴെ മാത്രമായിരുന്നു മരണനിരക്ക്. എന്നാല്‍ മാര്‍ച്ച് ആരംഭത്തോടു കൂടി ചൈനയില്‍ വൈറസ് വ്യാപനം ക്രമേണ കുറയുന്നതും ചൈനക്ക് പുറത്ത് ദിനംപ്രതി കാര്യങ്ങള്‍ കൂടുതല്‍ വഷളാകുന്നതമാണ് നാം കണ്ടത്; പ്രത്യേകിച്ചും യൂറോപ്പില്‍. ഇപ്പോള്‍ യൂറോപ്പിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായ ഇറ്റലിയിലാണ് വൈറസ് വ്യാപനം ഏറ്റവും രൂക്ഷത പ്രഖ്യാപിച്ചിരിക്കുന്നത്. 8,215 പേരെയാണ് ഇറ്റലിയില്‍ കൊറോണ കൊന്നൊടുക്കിയത്. 75,000 ത്തോളം പേര്‍ക്ക് വൈറസ് സ്ഥിരീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. മരണനിരക്കും സ്ഥികരീക്കുന്നവരുടെ എണ്ണവും അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇറ്റലി ഇപ്പോള്‍ നിശ്ചലാവസ്ഥയിലാണ്. നിരന്തരം ചീറിപ്പായുന്ന ആംബുലന്‍സുകളുടെ സൈറണുകള്‍ മാത്രമാണ് നിശബ്ദതയെ ഭേദിക്കുന്നത്. ഇറ്റലി കഴിഞ്ഞാല്‍ സ്പയിലാണ് പിന്നീട് വൈറസുകള്‍ ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. 4365 പേരാണ് വൈറസ് മൂലം അവിടെ മരണമടഞ്ഞത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മാത്രം 1500 പേരാണ് വൈറസിന് കീഴടങ്ങിയത്. 57,786 പേരെ വൈറസ് ബാധിക്കുകയും ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ ഭാര്യയും ഇതില്‍പ്പെടും. പ്രഭവകേന്ദ്രമായ ചൈനയിലാണ് ഇറ്റലിയിലും സ്പെയിനിലും കഴിഞ്ഞാല്‍ കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. 3,292 പേരാണ് അവിടെ വൈറസ് മൂലം മരണമടഞ്ഞത്. 81,340 പേര്‍ക്ക് വൈറസ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുള്ള അവിടെയാണ് ഇപ്പോഴും ലോകത്ത് ഏറ്റവും കൂടുതല്‍ പേരില്‍ വൈറസ് ബാധയുള്ളത്. എന്നാല്‍ ചൈനയില്‍ വൈറസ് വ്യാപനം ഇപ്പോള്‍ ഏതാണ്ട് നിയന്ത്രിതമാവുകയും കാര്യങ്ങള്‍ മെച്ചപ്പെട്ട് വരികയും ചെയ്തിട്ടുണ്ട്. ഇറ്റലിക്കും സ്പയിനും പുറമെ യൂറോപ്പില്‍ ജര്‍മനിയിലും ഫ്രാന്‍സിലും സ്വിറ്റ്സര്‍ലന്‍ഡിലും ഇംഗ്ലണ്ടിലുമായി പതിനായിരക്കണക്കിന് ജനങ്ങളാണ് വൈറസ് ബാധിച്ചിരിക്കുന്നത്. ദിനംപ്രതി നൂറുകണക്കിന് ജനങ്ങള്‍ മരിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. യൂറോപ്പിലെ ഏതാണ്ട് എല്ലാ രാജ്യങ്ങളും ലോക്ഡൗണിലാണ്.
യൂറോപ്പിനും ചൈനക്കും പുറത്ത് ഇറാനിലാണ് വൈറസ് കൂടുതല്‍ രൂക്ഷഭാവം പൂണ്ടത്. അവിടെ 32,332 പേരില്‍ ബാധിച്ച വൈറസ് 2,378 പേരുടെ ജീവന്‍ അപഹരിക്കുകയും ചെയ്തു. ഇറ്റലിക്കും സ്പെയിനും ചൈനക്കും പുറത്ത് കൂടുതല്‍ ആള്‍നാശം സംഭവിച്ചതും അവിടെ തന്നെ. കൊറിയയിലും ജപ്പാനിലും ഗള്‍ഫ് രാജ്യങ്ങളിലുമെല്ലാം വൈറസ് അതിവേഗം പടര്‍ന്നു പിടിക്കുകയാണ്. രോഗം വളരെ വൈകി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അമേരിക്കയില്‍ വരെ ഇപ്പോള്‍ കാര്യങ്ങള്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം മാത്രം 9,721 പേരാണ് അമേരിക്കയില്‍ രോഗബാധിതരായത്. ഇതോടെ അമേരിക്കയില്‍ രോഗം ബാധിച്ചവരുടെ എണ്ണം അരലക്ഷം പിന്നിട്ടിരിക്കുകയാണ്. 145 മരണവും കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണം 698 ആയി ഉയര്‍ന്നു. അതിനിടെ ആഫ്രിക്കന്‍ രാജ്യങ്ങളിലും വൈറസ് പടരാന്‍ തുടങ്ങിയത് ലോകത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. ഇതോടെ ദക്ഷിണാഫ്രിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. വികസിതരാജ്യങ്ങള്‍ക്കു വരെ പിടിച്ചു കെട്ടാനാവാത്ത വൈറസ് നന്നേ ദരിദ്രമായ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വ്യാപിച്ചാലുള്ള ഭവിഷ്യത്ത് ഊഹങ്ങള്‍ക്ക് അപ്പുറമായിരിക്കും.
വൈറസ് ലോക വ്യാപകമായതോടെ അന്താരാഷ്ട്ര സമൂഹം വലിയ വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നത്. ജനങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെയും ഉപജീവനമാര്‍ഗ്ഗങ്ങളെയും വരെ വൈറസ് ബാധിച്ചിരിക്കിന്നു. Lockdown പ്രഖ്യാപിച്ചതോടെ മിക്ക രാജ്യങ്ങളിലും യുദ്ധസമാന ദുരിതത്തിലാണ് ജനങ്ങള്‍. രാജ്യങ്ങളുടെ സമ്പദ്ഘടനയെല്ലാം തകര്‍ന്നു തരിപ്പണ മായി. ഗവണ്‍മെന്റിന്റെ പദ്ധതികളും മറ്റു നടപടികളുമെല്ലാം അവതാളത്തിലായി. കോടിക്കണക്കിന് ജനങ്ങള്‍ മാസങ്ങളോളമായി വീടിന് പുറത്തിറങ്ങാനാവാതെ കഷ്ടത്തിലാണ്. ആശുപത്രികളിലും മറ്റുമായി ലക്ഷക്കണക്കിന് ജനങ്ങള്‍ വേറെയും. വിദ്യാഭ്യാസ സ്ഥാപനങ്ങളും ഫാക്ടറികളും അടഞ്ഞുകിടക്കുകയാണ്. ഉല്‍പ്പാദനം കുറഞ്ഞതോടെ പലയിടങ്ങളിലും മാര്‍ക്കറ്റുകളും കമ്പോളങ്ങളും അടക്കുകകൂടി ചെയ്തതോടെ ആവശ്യസാധനങ്ങള്‍ പോലും ലഭ്യമാകാതെ ജനങ്ങള്‍ വലയുകയാണ്.
ഇങ്ങനെ ജനജീവിതത്തിന്റെ എല്ലാ മേഖലകളെയും തകിടംമറിച്ച് കൊണ്ട് അപകടകരമാംവിധം പടര്‍ന്നുപിടിക്കുകയാണ് വൈറസ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പിടിയും കൊടുക്കാതെ വൈറസ് അനിയന്ത്രിതമായി പടരുന്നതും ആരോഗ്യ വിദഗ്ധരുടെ നിസ്സഹായാവസ്ഥയും വൈറസിന്റെ തീവ്രതയിലേക്കും അതേസമയംതന്നെ ലോകമകപ്പെട്ട ഗുരുതര പ്രതിസന്ധിയിലേക്കുമാണ് വിരല്‍ ചൂണ്ടുന്നത്.

ചൈനയുടെ പിഴവ്
വൈറസിനെ പ്രതിരോധിക്കുന്നതില്‍ ചൈന തുടക്കത്തില്‍ കാണിച്ച നിസ്സംഗത മനോഭാവമാണ് കാര്യങ്ങള്‍ ഇത്ര വഷളാക്കിയത്. വൈറസ് തുടക്കത്തില്‍ പ്രഭവകേന്ദ്രമായ ഹൂബെ പ്രവിശ്യയിലെ വുഹാനില്‍ മാത്രം സ്ഥിരീകരിക്കപ്പെട്ടതും വ്യാപനം വളരെ തീവ്രത കുറഞ്ഞതും ആയിരുന്നു. ആ സമയം തന്നെ ചൈന ഉത്തരവാദിത്വബോധത്തോടെ വൈറസിനെ പ്രതിരോധിക്കാന്‍ സമയബന്ധിതമായി ഊര്‍ജിത നടപടികള്‍ സ്വീകരിച്ചിരുന്നെങ്കില്‍ വൈറസ് ഇത്രയേറെ രാജ്യങ്ങളെ ബാധിക്കുകയോ അന്താരാഷ്ട്ര സമൂഹത്തെ ദുരിതത്തിലാക്കുകയോ ചെയ്യില്ലായിരുന്നു. ഒരുപക്ഷേ, ചൈനയില്‍ മാത്രമായി ചുരുങ്ങുമായിരുന്നു. വൈറസ് വ്യാപനം തുടങ്ങിയപ്പോള്‍ തന്നെ അമേരിക്ക ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ സഹായ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ചൈന ആദ്യം ഇത് നിരസിക്കുകയാണുണ്ടായത്. തങ്ങളുടെ കയ്യിലുള്ള നൂതന ചികിത്സ സംവിധാനങ്ങളില്‍ അമിത ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ലോകരാജ്യങ്ങളുടെ സഹായഹസ്തങ്ങളോട് മുഖം തിരിക്കുകയും ചെയ്യുന്ന ദൗര്‍ഭാഗ്യകരവും ദുരഭിമാനകരവുമായ സമീപനമാണ് ചൈനീസ് അധികാരികളുടെ ഭാഗത്തുനിന്നുണ്ടായത്. എന്നാല്‍ ചൈനയുടെ ഈ അഹങ്കാരവും 'വല്യേട്ടന്‍ ' മനോഭാവവും ചൈനയെ മാത്രമല്ല, ലോക സമൂഹത്തെ തന്നെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിയിട്ടത്. അവസാനം ഫെബ്രുവരി രണ്ടാം വാരത്തോടെ വൈറസ് വ്യാപനം അനിയന്ത്രിതമാവുകയും, കൂടുതല്‍ രാജ്യങ്ങളില്‍ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെടാനും തുടങ്ങിയതോടെ, യാത്രാ വിലക്കുകളും മറ്റുമായി ലോകരാജ്യങ്ങള്‍ക്കിടയില്‍ ഒറ്റപ്പെടാന്‍ തുടങ്ങിയതോടെ മാത്രമാണ് അന്താരാഷ്ട്ര സഹായം തേടാന്‍ ചൈന തയ്യാറായത്; അല്ല നിര്‍ബന്ധിതമായത് എന്ന് പറയുന്നതാവും ശരി. 
ചൈനയെ പോലെ ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ജനസംഖ്യയും വിസ്തീര്‍ണ്ണവുമുള്ള രാജ്യങ്ങളില്‍ വൈറസ് പടര്‍ന്നാലുള്ള പ്രത്യാഘാതങ്ങള്‍ മുന്‍കൂട്ടി കാണുന്നതില്‍ ചൈന ഗുരുതര വീഴ്ച വരുത്തി അല്ലെങ്കില്‍ അവര്‍ അതിനെ അവജ്ഞാപൂര്‍വ്വം അവഗണിച്ചു. വൈറസ് പ്രതിരോധിക്കുന്നതില്‍ തുടക്കത്തില്‍ ഞങ്ങള്‍ക്ക് വീഴ്ച പറ്റിയെന്ന് ചൈനീസ് അധികാരികള്‍ തന്നെ പിന്നീട് തുറന്നു പറയുകയുണ്ടായി. അങ്ങനെ ചൈനയിലെ കമ്മ്യൂണിസ്റ്റ് അധികാരികളില്‍ നിന്നും വളരെ അപൂര്‍വമായി മാത്രം ഉണ്ടാകാറുള്ള ഇത്തരം 'കുമ്പസാരങ്ങള്‍ക്കും' വൈറസ് നിമിത്തമായി.

പ്രതിരോധ നടപടികളും വെല്ലുവിളികളും 
ഭൂഖണ്ഡാതിര്‍ത്തികള്‍ ലംഘിച്ച് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുമ്പോള്‍ ലോകരാജ്യങ്ങള്‍ ആശങ്കയിലാണ്; അതിലേറെ ജാഗ്രതയിലാണ്. വൈറസിനെ മരുന്ന് കണ്ടുപിടിക്കാന്‍ കഴിയാത്തിടത്തോളം കാലം വൈറസിനെ പൂര്‍ണ്ണമായും ഉന്മൂലനം ചെയ്യുക എന്നുള്ളത് അസാധ്യമായതിനാല്‍ വൈറസിനെ പരമാവധി നിയന്ത്രിക്കുക എന്നതില്‍ കവിഞ്ഞ് ഈ വിഷയവുമായി ഗവണ്‍മെന്റുകള്‍ക്കും ഒന്നും ചെയ്യാനില്ല. അതിനാല്‍ തന്നെ വൈറസിന്റെ വ്യാപനം തടയുന്നതിന് വേണ്ടി പതിനെട്ടടവും പയറ്റി ഭഗീരഥ പ്രവര്‍ത്തനങ്ങളാണ് ഓരോ രാജ്യവും ചെയ്തുകൊണ്ടിരിക്കുന്നത്.
മിക്ക രാജ്യങ്ങളും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കൊണ്ടാണ് വൈറസിനെതിരായ പോരാട്ടത്തിനിറങ്ങിയിരിക്കുന്നത്. സഞ്ചാരത്തിനും കൂട്ടം കൂടുതലും ശക്തമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സമ്മേളനം, വിവാഹം, പാര്‍ട്ടികള്‍, യോഗങ്ങള്‍ തുടങ്ങി ആളുകള്‍ ഒരുമിച്ചു കൂടുന്ന സാഹചര്യങ്ങള്‍ക്കെല്ലാം ശക്തമായ നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നു പലരാജ്യങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വരെ അവധി പ്രഖ്യാപിച്ചു. 
 മിക്ക വ്യവസായശാലകളും റസ്റ്റോറന്റുകളും ബാറുകളും തിയേറ്ററുകളും എല്ലാം അടച്ചിട്ടിരിക്കുകയാണ്. കായികമത്സരങ്ങള്‍ മാറ്റിവെക്കുകയും ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
വൈറസ് ബാധ സംശയിക്കുന്നവരെയെല്ലാം നിര്‍ബന്ധിത നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഒഴിഞ്ഞുകിടക്കുന്ന ഹോട്ടലുകളും മറ്റു ബില്‍ഡിങ്ങുകളും താല്‍ക്കാലിക ആശുപത്രികളായി മാറ്റിയിരിക്കുന്നു. ബ്രിട്ടണില്‍ വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കാന്‍ വ്യവസായശാലകള്‍ക്ക് ഗവണ്‍മെന്റ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നു. വിമാനക്കമ്പനികള്‍ വൈറസ് ബാധിച്ച രാജ്യങ്ങളിലേക്കും അവിടെനിന്നുള്ള അന്താരാഷ്ട്ര സര്‍വീസുകളും നിര്‍ത്തിവെച്ചിരിക്കുകയാണ്. വിദേശ രാജ്യങ്ങളില്‍ നിന്നു വരുന്നവരെ വിമാനത്താവളങ്ങളില്‍ തന്നെ നിരീക്ഷണത്തിലാക്കി പരിശോധിക്കുകയാണ്.
അതുപോലെ തന്നെ ആളുകള്‍ കൂടുന്നത് ഒഴിവാക്കാന്‍ ആരാധനാ കര്‍മങ്ങള്‍ക്ക് വരെ കടുത്ത നിയന്ത്രണങ്ങളാണ്. ഗള്‍ഫ് രാജ്യങ്ങളിലും മലേഷ്യ, ഇന്തോനേഷ്യ ഉള്‍പ്പെടെയുള്ള മറ്റു പല മുസ്ലിം രാഷ്ട്രങ്ങളിലും വെള്ളിയാഴ്ച ജുമുഅകള്‍ പോലും  നിര്‍ത്തിവെച്ച് മസ്ജിദുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഇരുഹറമുകള്‍ മാത്രമാണ് തുറന്നു പ്രവര്‍ത്തിക്കുന്നത്. അതുപോലെ വത്തിക്കാനില്‍ ഏപ്രില്‍ 12 വരെയുള്ള മാര്‍പാപ്പയുടെ പ്രാര്‍ത്ഥനകളിലും ചടങ്ങുകളിലും വിശ്വാസികളെ മാറ്റിനിര്‍ത്തി ഓണ്‍ലൈനായി സംപ്രേഷണം ചെയ്യാനാണ് തീരുമാനം. ഈസ്റ്റര്‍ ദിനത്തിലെ പ്രത്യേക ചടങ്ങുകളും വത്തിക്കാന്‍ റദ്ദാക്കിയിരിക്കുന്നു. ഇങ്ങനെ അന്താരാഷ്ട്രതലത്തിലും നമ്മുടെ ഇന്ത്യയിലും കേരളത്തിലുമെല്ലാം ശക്തമായ പ്രതിരോധ നടപടിക്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ തുടക്കത്തില്‍ March 31 വരെ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ  തുടര്‍ന്നുണ്ടായ അതീവ ഗുരുതര സാഹചര്യം പരിഗണിച്ചുകൊണ്ട് April1 14 വരെ സമ്പൂര്‍ണ Lockdown പ്രഖ്യാപിച്ചിരിക്കയാണ്. എന്നാല്‍ ഒരു ചെറിയ പിഴവ് മതി എല്ലാ ശ്രമങ്ങളും വൃഥാവിലാകാന്‍; പ്രത്യേകിച്ച് വൈറസ് ഒരാളില്‍ നിന്ന് നാലാളിലേക്ക് വരെ പകരുമെന്ന പഠന വിവരത്തിന്റെ അടിസ്ഥാനത്തില്‍. നമ്മുടെ കേരളത്തില്‍ നിന്ന് അത് നമുക്ക് വ്യക്തമായതാണ്. ലോകത്ത് വൈറസ് പടരാന്‍ തുടങ്ങിയത് മുതല്‍ അന്താരാഷ്ട്രതലത്തില്‍ വരെ പ്രശംസ പിടിച്ചു പറ്റുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നമ്മള്‍ കൈക്കൊണ്ടത്. 'നിപ'യെ പ്രതിരോധിച്ച ആത്മവിശ്വാസത്തില്‍ നിന്ന് ലഭിച്ച ഊര്‍ജ്ജത്തിലൂടെയും പഴുതുകളടച്ച പ്രതിരോധ പ്രവര്‍ത്തനത്തിലൂടെയും വൈറസിനെ തുരത്താന്‍ നമുക്ക് സാധിച്ചുവെന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ് ഇറ്റലിയില്‍ നിന്നും വന്ന കുടുംബം വിമാനത്താവള അധികൃതരുടെ കണ്ണുവെട്ടിച്ച് പുറത്തുകടന്ന് ദിവസങ്ങളോളം പലയിടങ്ങളിലും സഞ്ചരിച്ച് അഞ്ചാറുപേരെ രോഗികളാക്കിയും. ഇവിടെ ആ കുടുംബത്തിന്റെ നിരുത്തരവാദിത്വത്തോടെയുള്ള പെരുമാറ്റത്തെ കുറിച്ച് ആശങ്കപ്പെടുമ്പോള്‍ തന്നെ വിമാനത്താവള അധികൃതരുടെയും ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നുമുണ്ടായ വലിയ പിഴവിനെ കുറിച്ചും സര്‍ക്കാര്‍ ബോധവാന്മാരാകേണ്ടതാണ്. അതുപോലെതന്നെ വൈറസ് സ്ഥിരീകരിച്ച വിദേശി മൂന്നാറിലെ റിസോര്‍ട്ടില്‍ നിന്ന് മുങ്ങി നാട്ടിലേക്ക് പുറപ്പെടാനായി വിമാനത്തില്‍ കയറിയതും ഗുരുതര വീഴ്ചയാണ് ഇയാളെ ടേക്ക് ഓഫിന് 15 മിനിറ്റ് മുമ്പ് തിരിച്ചിറക്കാനായത് വന്‍നാണക്കേടൊഴിവാക്കി. അതുപോലെതന്നെ ലോകത്താകമാനം വൈറസ് പടര്‍ന്ന് പിടിക്കുമ്പോള്‍ ജനങ്ങളുടെ ആശങ്കകള്‍ക്കും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും പുല്ലുവില പോലും കല്‍പ്പിക്കാതെ മനുഷ്യത്വത്തെ നാണിപ്പിക്കും വിധം സാമൂഹിക മാധ്യമങ്ങളില്‍ കൂടി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന 'മനുഷ്യകോലങ്ങള്‍'ക്കെതിരെയും ശക്തമായ ശിക്ഷാനടപടികള്‍ കൈക്കൊള്ളണം. കേരളത്തില്‍ ഇതുവരെ ഇരുപതോളം കേസുകളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. അതുപോലെതന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കുന്നത് അത്യാവശ്യമായി കാണുകയും ബാറുകള്‍ അടക്കുന്നത് അനാവശ്യമായി കാണുകയും ചെയ്യുന്ന നടപടികളില്‍ സര്‍ക്കാറും സര്‍ക്കാരിനെ അനാവശ്യമായി വിമര്‍ശിക്കുന്നതില്‍ നിന്ന് പ്രതിപക്ഷവും പിന്‍മാറണം. ഇത് ജനങ്ങളുടെ ആരോഗ്യ, സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ മേഖലകളെ മൊത്തത്തില്‍ ബാധിക്കുന്ന അതി ഗുരുതര വിഷയമാണ്. സ്വാര്‍ത്ഥ, രാഷ്ട്രീയ ലാഭത്തിന് ആരും ദയവായി മെനക്കെടരുത്. നല്ല ആരോഗ്യമുള്ള ഭാവിയുള്ള കേരളത്തിനായി ഇന്ത്യക്കായി ലോകത്തിനായി തികഞ്ഞ ദിശാബോധത്തോടെ സാമൂഹിക പ്രതിബദ്ധതമാനിച്ച് എല്ലാവരും ഒത്തൊരുമയോടെ ഐക്യത്തോടെ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണിത്. അതില്‍  വിട്ടുവീഴ്ച അരുത്. ജാഗ്രതയാണ് വേണ്ടത്.

Post a Comment

Note: only a member of this blog may post a comment.

[blogger][facebook][disqus]

ivythemes

{facebook#https://fb.com/alathoorpadidars} {twitter#https://twitter.com/alathurpadidars} {google-plus#https://plus.google.com/+ALATHURPADIDARS} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://youtube.com/alathoorpadidars} {instagram#YOUR_SOCIAL_PROFILE_URL}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget