ഉലമാ ആക്ടിവിസവും കേരള മുസ്‌ലിം നവോത്ഥാനവും


സല്‍മാന്‍ വി ടി |  വേങ്ങര | 9895093574

പുണ്യ നബി(സ്വ)യുടെ കാലത്ത് തന്നെ ഇസ്‌ലാമികാവിര്‍ഭാവം കൊണ്ട് അനുഗ്രഹീതമായ കേരളമണ്ണില്‍ മാലിക്ബ്‌നു ദീനാറും സംഘവും ജ്ഞാന സപര്യയുടെ വിശാലാര്‍ത്ഥങ്ങളിലേക്ക് ചൂണ്ടുവിരല്‍ പാകിയെങ്കിലും നാലാം നൂറ്റാണ്ടില്‍ ഇന്ത്യ കീഴടക്കാനായി കടന്ന് വന്ന മുഹമ്മദ് ഗസ്‌നിയിലൂടെയാണ് വൈജ്ഞാനിക മേഖല കേരളത്തില്‍ വേരൂന്നിത്തുടങ്ങുന്നത്. ആ ജ്ഞാന പരമ്പര ശക്തിയാര്‍ജിക്കുന്നത് ആറാം നൂറ്റാണ്ടില്‍ കടന്നു വന്ന ഗോറിയിലൂടെയാണ്. ദിശതെറ്റി ഒഴുകിയ ജ്ഞാന ലോകത്തെ വ്യക്തമായൊരു പാളയത്തില്‍ പ്രതിഷ്ഠിക്കാന്‍ അന്ന് ജീവിച്ചിരിക്കുന്ന പണ്ഡിതന്മാര്‍ ഉത്സസാഹിച്ചതോടെ മക്തബുകള്‍ കൊണ്ടും വൈജ്ഞാനിക കേന്ദ്രങ്ങള്‍ കൊണ്ടും സമ്പൂര്‍ണ്ണമായൊരു സ്ഥിതിവിശേഷമാണ് കേരളത്തില്‍ പ്രഥമ കാലയളവില്‍ തന്നെ ഉയിര്‍കൊണ്ടത്.

വിളക്കത്തിരുത്തി തമസ്സകറ്റിയവര്‍
ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായ മതകീയ ചുറ്റുപാടും സാംസ്‌കാരിക വളര്‍ച്ചയും കേരളത്തില്‍ ശക്തി പ്രാപിച്ചതിന്റെ അണിയറ ശില്‍പ്പികളായി വര്‍ത്തിച്ചത് നിസ്വാര്‍ത്ഥരും നിശ്കളങ്കരുമായ പണ്ഡിതരുടെ ശക്തമായ ഇടപെടലുകളായിരുന്നുവെന്നത് പക്ഷാന്തരമില്ലാതെ സര്‍വ്വരും സമ്മതിക്കുന്നതാണ്. കേരള മുസ്‌ലിം സംസ്‌കാരം എന്നൊന്ന് അവകാശ വാദമുന്നയിക്കുകയാണെങ്കില്‍ അതിന് ബീജാവാപം നടന്നത് പൊന്നാനി മഖ്ദൂമുമാരുടെ വിളക്കിന്റെ പൊന്‍ വെളിച്ചത്തിലാണ്. കേരളീയ ഇസ്‌ലാമിന് മറ്റു പ്രദേശങ്ങളേക്കാള്‍ ധര്‍മ്മബോധവും സൗഹൃദ ഭാവമുണ്ടാകുന്നത് അങ്ങനെയാണ്. ക്രിയാത്മകമായ നിരവധി പരിഷ്‌കരണങ്ങളുടെ യവനികയില്‍ ചാലക ശക്തിയായിവര്‍ത്തിച്ചവരായിരുന്നു കേരളത്തിന്റെ മക്കയില്‍ ജീവിച്ച മഖ്ദൂമുമാര്‍. മരുഭൂമിയെ പോലും മലര്‍വാടിയാക്കാന്‍ വരുന്നവരാണ് പുണ്യാത്മാക്കള്‍ എന്ന് ജീവിതത്തിലൂടെ അടയാളപ്പെടുത്തിയവരാണവര്‍.
മഖ്ദൂമുമാരില്‍ നവോത്ഥാനം സൃഷ്ടിച്ചവരില്‍ പ്രധാനി സൈനുദ്ധീന്‍ മഖ്ദൂം രണ്ടാമനായിരുന്നു. അദ്ദേഹം ആദ്യം ഏഴുകൊല്ലം കോഴിക്കോട് പഠനം നടത്തി. അനന്തരം മക്കത്തേക്കാണ് പോയത്. കുറച്ച് കാലം മക്കയില്‍ തങ്ങിയ ശേഷം ഈജിപ്തിലെ വിഖ്യാതമായ അസ്ഹര്‍ സര്‍വകലാശാലയിലെത്തി. അല്‍ അസ്ഹറില്‍ നിന്ന് മഖ്ദൂം നാട്ടിലേക്ക് പുതിയ ലക്ഷ്യത്തോടെയാണ് തിരിച്ചത്. നാട്ടില്‍ നവോത്ഥാനം സൃഷ്ടിക്കാനുളള വ്യഗ്രത അദ്ദേഹത്തിന്റെ മനസ്സില്‍ നാമ്പിട്ടിരുന്നു.
ഈജിപ്തില്‍ പോയി പഠനം നടത്തി വന്ന ഈ മഹാ പ്രതിഭയെ നാട്ടുകാരും ആദരവോടെ നോക്കിക്കണ്ടു. പൊന്നാനിയില്‍ അല്‍ അസ്ഹര്‍ മാതൃകയില്‍ ഉന്നത വിദ്യാകേന്ദ്രം സ്ഥാപിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അതാകട്ടെ,തികഞ്ഞ കേരള ശൈലിയില്‍ തന്നെ വേണം. തന്റെ താമസസ്ഥലത്തുളള കൊച്ചു പളളിയിലിരുന്ന് കൊണ്ട് വലിയ പള്ളിയുടെ നിര്‍മാണത്തിന് നേതൃത്വം നല്‍കി. പള്ളി നിര്‍മാണം പൂര്‍ത്തിയായതോടെ വലിയ ദര്‍സിന് വിളക്ക് കൊളുത്തി.
വിളക്കത്തിരിക്കുക എന്ന സമ്പ്രദായം മഖ്ദൂമിന് അവകാശപ്പെട്ടതാണ്. കേരളീയ ഇസ്‌ലാമിക പ്രഭാവത്തിന് രൂപ ഭാവങ്ങളുണ്ടാകുന്നതും മഖ്ദൂമിന്റെ വരവോടെ തന്നെയാണ്. കേരളീയ മത പണ്ഡിതരുടെ വേഷവും മഖ്ദൂമുമാരില്‍ നിന്നാണ്. ചാലിയം കോട്ട സാമൂതിരിയുടെ നേതൃത്വത്തില്‍ ഉപരോധിച്ച് കീഴടക്കിയ അസുലഭ മുഹൂര്‍ത്തത്തില്‍ പങ്കാളികൂടിയായിരുന്നു മഹാനവറുകള്‍. മാത്രമല്ല സാമൂതിരിയ്ക്ക് വേണ്ടി ഇന്ത്യയിലേയും വിദേശത്തേയും മുസ്ലിം ഭരണാധികാരികളുമായി നയതന്ത്ര ബന്ധങ്ങള്‍ പുലര്‍ത്തിയിരുന്നതും അദ്ദേഹമായിരുന്നു. അദ്ദേഹത്തിന്റെ വിശ്വപ്രസിദ്ധമായ തുഹ്ഫത്തുല്‍ മുജാഹിദീന്‍ എന്ന ചരിത്ര ഗ്രന്ഥം ബിജാപൂര്‍ സുല്‍ത്താനുളളതായിരുന്നു. മഹാനവറുകളുടെ കാലഘട്ടത്തിലും പില്‍ക്കാലത്തും ഈ ഗ്രന്ഥം പോരാട്ട പ്രവര്‍ത്തനങ്ങളെ നിരന്തരമായി പ്രചോദിപ്പിച്ചു കൊണ്ടിരിന്നിട്ടുണ്ട്. പറങ്കികള്‍ക്ക് മാത്രമല്ല യൂറോപ്യന്‍ അധിനിവേശ ശക്തികള്‍ക്ക് ആകമാനം ഈ ഗ്രന്ഥമുണ്ടാക്കിയ ഉപദ്രവങ്ങള്‍ ചില്ലറയല്ല. ഈ ഗ്രന്ഥത്തിന്റെ പ്രചാരണം തടയാന്‍ പറങ്കികളും ബ്രിട്ടീഷുകാരും ഒരേപോലെ പ്രയത്‌നിച്ചിരുന്നുവെങ്കില്‍ അതുളവാക്കിയ അനുരണനങ്ങള്‍ ഊഹിക്കാവുന്നതേയുള്ളൂ.
കേരളീയ സാഹചര്യത്തില്‍ നിന്നു കൊണ്ട് ഇസ്‌ലാമിനെ ഉന്നമനത്തിലെത്തിക്കുകയായിരുന്നു മഖ്ദൂമുമാരുടെയും പിന്‍ഗാമികളുടെയും ഉദ്ദേശ്യം. ഇസ്ലാമിന്റെ വെളിച്ചം ധ്യാനത്തിലും ജ്ഞാനത്തിലുമാണ് കുടികൊളളുന്നതെന്ന് ആ ജ്ഞാന ഗുരുക്കള്‍ ശരിക്കും മനസിലാക്കിയിരുന്നു. അങ്ങനെ നീളുന്ന വിശേഷണങ്ങളും ഗുണമഹിമകളും ചേര്‍ന്ന് കേരള മുസ്ലിം നവോത്ഥാനത്തിന്‍ മഖ്ദൂം കുടുംബം ചുക്കാന്‍ പിടിച്ചത് വളരെ ഫലപ്രദമായി എന്ന് തന്നെ വേണം പറയാന്‍.

പടവാളേന്തി പ്രതിരോധിച്ചവര്‍
മരയ്ക്കാര്‍മാരുടെ പ്രത്യാക്രമണങ്ങള്‍ ശക്തിപ്പെട്ട വിവിധ ഘട്ടങ്ങളില്‍ പോരാട്ടങ്ങള്‍ക്ക് ആവേശവും ധാര്‍മിക പിന്തുണയും പകര്‍ന്ന് വിവിധ പണ്ഡിതന്മാര്‍ രംഗത്തുണ്ടായിരുന്നു. അതിലെ പ്രധാന വ്യക്തിയാണ് ശൈഖ് അബുല്‍ വഫാ ശംസുദ്ധീന്‍ മുഹമ്മദ് എന്നവര്‍ സമര രംഗത്ത് ശക്തമായ സാന്നിദ്ധ്യമായിരുന്നു. പോര്‍ത്തുഗ്രീസുകാര്‍ക്കെതിരെ ചാലിയത്തുവെച്ച് സാമൂതിരിപ്പാട് നടത്തിയ നിര്‍ണായക സമരത്തില്‍ ആ വീര ദേശാഭിമാനി മുസ്ലിം സേനയ്ക്ക് നേതൃത്വം നല്‍കി.
പറങ്കികള്‍ക്കെതിരെയുളള യുദ്ധത്തിന് ജിഹാദിന്റെ ആത്മവീര്യവും ഈമാനിന്റെ കരുത്തും പ്രദാനം ചെയ്തവരില്‍ പ്രമുഖരായിരുന്നു ഈ പണ്ഡിതന്മാര്‍. ഇവര്‍ നയിച്ച പ്രതിരോധ നീക്കങ്ങളില്‍ പലതിലും പറങ്കികള്‍ പരാജയപ്പെട്ട് പിന്മാറുന്ന കാഴ്ച്ച ചരിത്രത്തിന് സുവിദിതമാണ്. ലോകത്തെ നാവിക ശക്തി കൊണ്ട് വിറപ്പിച്ച പോര്‍ച്ചുഗ്രീസ് ശക്തിയെയാണ് അവര്‍ പ്രതിരോധിക്കുകയും അതിജീവിക്കുകയും ചെയ്തതെന്ന് തിരിച്ചറിയുമ്പോള്‍ അവര്‍ പ്രകടിപ്പിച്ച ധീരതയും ആത്മവീര്യവും നിസ്തുലമാണെന്ന് വ്യക്തമാകും.
കോഴിക്കോട് ഖാളി പദവിയിലിരുന്ന പല പ്രമുഖ പണ്ഡിതരും തുടക്കം മുതലേ പറങ്കികള്‍ക്കെതിരെയുളള നാവിക, സൈനിക നീക്കങ്ങളില്‍ ഭാഗമാക്കായിട്ടുണ്ട്. ചാലിയം വിജയത്തിന്റെ ഘട്ടത്തില്‍ യുദ്ധ രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്ന ഖാളി ശൈഖ് അബ്ദുല്‍ അസീസ് സവിശേഷ പരാമര്‍ശമര്‍ഹിക്കുന്നുണ്ട്. സാമൂതിരിയുമായി അടുത്ത സൗഹൃദം ബന്ധം പുലര്‍ത്തുകയും മുസ്‌ലിംകള്‍ ആദരിക്കുകയും ചെയ്തിരുന്ന അദ്ദേഹം യുദ്ധത്തിന്റെ നിര്‍ണായക സന്ധികളിലെല്ലാം ഔചിത്യപൂര്‍ണമായ തീരുമാനങ്ങളെടുക്കുന്ന
തില്‍ സാമൂതിരിയെ സഹായിച്ചിരുന്നു. ചാലിയം കോട്ടയ്‌ക്കെതിരെയുളള ഉപരോധം മൂര്‍ദ്ധന്യത പ്രാപിച്ച സന്ദര്‍ഭത്തില്‍ പറങ്കികള്‍ മുന്നോട്ടു വെച്ച കീഴടങ്ങല്‍ ഉപാധികളിലെ കുതന്ത്രം സാമൂതിരിയെ ബോധ്യപ്പെടുത്തിയിരുന്നത് ഖാളി ശൈഖ് അബ്ദുല്‍ അസീസ് ആയിരുന്നു. മുസ്‌ലിംകളുടെ സാമൂഹ്യ രാഷ്ട്രീയ ജീവിതത്തെ നിര്‍ണയിച്ചിരുന്ന ഖാളി പദവിയിലിരുന്ന് അദ്ദേഹം നിര്‍വഹിച്ച സേവനങ്ങള്‍ സ്തുത്യര്‍ഹങ്ങളാണ്.
അറിയപ്പെട്ടവരും അറിയപ്പെടാത്തവരുമായ നിരവധി പണ്ഡിതന്മാര്‍ പറങ്കികള്‍ക്കെതിരെയുളള പ്രതിരോധ നീക്കങ്ങളില്‍ പലവിധേന ഭാഗഭാക്കുകളായിരുന്നിട്ടുണ്ട്. പറങ്കികളുടെ കാരാഗ്രഹങ്ങളില്‍ അതിനീചമായ ക്രൂരതകള്‍ക്ക് വിധേയരായി അവരില്‍ പലരും രക്തസാക്ഷികളായത് ചരിത്രത്തില്‍ തങ്കലിപികളാല്‍ ഉല്ലേഖനം ചെയ്തിട്ടുണ്ട്. 

ജീവിത നൗക
1924-ല്‍ കേരള ജംഇയ്യത്തുല്‍ ഉലമ എന്ന പേരില്‍ വക്രമായ ആശയങ്ങള്‍ പ്രചരിപ്പിക്കാനായി ഒരു പണ്ഡിത സംഘടനക്ക് രൂപം നല്‍കി. കേരളത്തില്‍ ഇസ്‌ലാം പ്രചരിച്ച ആ സന്ദര്‍ഭത്തിലൊന്നും കാണാത്ത ഒരു സംഘമാണിവര്‍ എന്ന് പണ്ഡിതര്‍ക്ക് മനസ്സിലാക്കാന്‍ ഏറെ സമയം വേണ്ടി വന്നില്ല. മാത്രവുമല്ല, അവര്‍ അന്നേ വരെ പ്രചരിപ്പിക്കാത്ത ചില ആശയങ്ങളും വാദഗതികളുമാണ് പ്രചരിപ്പിച്ചത്. അത്ര കാലം മുസ്‌ലിംകള്‍ വിശ്വസിച്ചും ആചരിച്ചും വന്നിരുന്ന കാര്യങ്ങളെയെല്ലാം ശിര്‍ക്കും ബിദ്അത്തുമാണെന്ന് അവര്‍ പ്രചരിപ്പിച്ചു. ലോക മുസ്‌ലിംകള്‍ അംഗീകരിച്ച നാല് മദ്ഹബുകളെ തളളിപ്പറയാനും ഖുര്‍ആനും സുന്നത്തും തന്നിഷ്ടം പ്രകാരം വ്യാഖ്യാനിക്കാനും അതാണ് യഥാര്‍ത്ഥ ഇസ്‌ലാമെന്ന് പ്രചരിപ്പിക്കാനും അവര്‍ മടിച്ചില്ല. അങ്ങനെ അവരുടെ ചൂഷണം കലിമത്തു തൗഹീദിന്റെ അര്‍ത്ഥം പോലും വികലമാക്കുന്ന അവസ്ഥയിലേക്ക് അധപതിച്ചു. പ്രാരംഭത്തില്‍ ചെറിയ ചെറിയ വൈകല്യങ്ങളാണ് ദൃശ്യമായതെങ്കിലും പരിണാമം മുന്‍കൂട്ടി കണ്ട ദീര്‍ഘദൃക്കുകളായ നമ്മുടെ സാത്വികരായ പണ്ഡിതര്‍ പ്രതിരോധ നിര സൃഷ്ടിക്കാന്‍ തീരുമാനിച്ചതിന്റെ ഫലമായിരുന്നു 'സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ' എന്ന സംഘടനക്ക് ബീജാവാപം നല്‍കിയത്. പിന്നീടങ്ങോട്ട് അന്ധകാരത്തിന്റെ നിബിഢവനങ്ങളില്‍ നിന്ന് പ്രവിശാലമായ വിഹായസ്സിന്റെ വെളിച്ചത്തിലേക്കെന്ന പോലെയായിരുന്നു കേരളത്തിന്റെ സഞ്ചാരം.
മുസ്‌ലിംകളിലെ ഐക്യം തകര്‍ക്കുവാനും അവര്‍ക്കിടയില്‍ പരസ്പര കലഹത്തിന്റെ അവസരം സൃഷ്ടിക്കാനും ഇസ്‌ലാമിന്റെ ശത്രുക്കള്‍ എന്നും എവിടെയും ശക്തിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യാ രാജ്യത്ത് ബ്രിട്ടീഷുകാര്‍ അതിനുവേണ്ടി ഒരു കളളനബിയെ തന്നെ പടച്ചു വിട്ടു. മീര്‍സ്സാഗുലാം അഹ്മദ് ഖാദിയാനിയെയാണ് ആ വേഷം അണിയിച്ചത്. കേരളത്തിലും ആ കാറ്റ് വീശാതിരുന്നില്ല. പക്ഷെ കേരള മുസ്‌ലിംകള്‍ക്കിടയില്‍ അതിന്‍ വലിയ ചലനമൊന്നും സൃഷ്ടിക്കാന്‍ സാധിച്ചില്ല. അതിന്റെ യവനിക ശക്തികള്‍ പ്രവാചക അനന്തര ഗാമികളായ പണ്ഡിതന്മാര്‍ തന്നെയാണ് തീര്‍ച്ച. മുഹമ്മദ് നബി(സ) അന്ത്യപ്രവാചകനാണെന്ന് കേരള സമൂഹത്തിലെ സാധാരണക്കാരെ വിശ്വസിക്കാന്‍ പഠിപ്പിച്ചു. പണ്ഡിതന്മാരുടെ ഉപദേശ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ജീവിതം മുന്നോട്ട് നയിച്ചപ്പോള്‍ അവരുടെ ഇടയില്‍ അനൈക്യമോ ഛിദ്രതയോ ദര്‍ശിക്കാന്‍ സാധിച്ചിരുന്നില്ല. 
തൂവെളള വസ്ത്രവും തലപ്പാവും ധരിച്ച് പളളിയുടെ മൂലയിലിരുന്ന് കിതാബിന്റെ ഇബാറത്തുകള്‍ ഹല്ല് ചെയ്യുന്നതില്‍ മാത്രം വ്യാഭൃതലാവലല്ല പണ്ഡിത ധര്‍മം എന്ന് മനസിലാക്കിയവരായിരുന്നു സമസ്തയുടെ നേതാക്കള്‍. അതുകൊണ്ടാണല്ലോ രാജ്യത്ത് ഇസ്‌ലാമിനെതിരെ ശത്രുക്കള്‍ നിരന്തരം അസ്ത്രം എറിയാന്‍ അവസരം മെനഞ്ഞ് കൊണ്ടിരിക്കുമ്പോള്‍ കണ്ണടച്ച് ഇരുട്ടാക്കലല്ല പണ്ഡിത ധര്‍മം എന്ന് തിരിച്ചറിഞ്ഞ് സത്യത്തിന് വേണ്ടി ശബ്ദിക്കാന്‍, ശരീഅത്ത് വെല്ലുവിളി നേരിടുമ്പോള്‍ ഭരണകര്‍ത്താക്കള്‍ക്കെതിരെ പോരാടുന്നത് ജിഹാദിന് സമാനമാണ് എന്ന് ഗ്രഹിച്ച് അതിന്‍ സ്‌റ്റേജുകളൊരുക്കാനും തക്കതായ മറുപടിയിലൂടെ കാര്യം ബോധിപ്പിച്ച് മൗലികമായ അവകാശങ്ങള്‍ നേടിയെടുക്കല്‍ തങ്ങളുടെ ബാധ്യതയാണെന്ന് സ്വബോധ്യത്തോടെ ഇറങ്ങി തിരിക്കുന്നതില്‍ ഉലമാഅ് തന്റെ കൃത്യ നിര്‍വഹണത്തില്‍ ബദ്ധശ്രദ്ധ പുലര്‍ത്തിയവരായിരുന്നു. 
        
അക്ഷര ലോകം പണിതവര്‍
കേരളീയ മുസ്‌ലിം ജനതയുടെ വിദ്യഭ്യാസ പ്രക്രിയയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഇടപെടലുകള്‍ വിവരണാതീതമാണ്. പിന്നാക്കത്തിന്റെ കരിമ്പടം മൂടിപുതക്കാന്‍ വിധേയരായ ഒരു സമൂഹമായിരുന്നു കേരളത്തിലെ പ്രത്രേകിച്ച് മലബാറിലെ മുസ്‌ലിംകളില്‍ വിദ്യഭ്യാസ രംഗത്ത് സ്വാതന്ത്ര ലബ്ധിക്ക് മുമ്പ് ഘനാന്ധകാരത്തിന്റെ ആഴിയില്‍ മുങ്ങിപ്പോയിരുന്നുവെന്ന് ചരിത്ര രേഖകള്‍ അടിവരയിടുന്നു. സമസ്തയുടെ ക്രാന്തദര്‍ശികളായ നേതാക്കള്‍ മതപഠന വികാസത്തിന് 1949 ഒക്ടോബര്‍ 16ന് ചേര്‍ന്ന സമസ്തയുടെ യോഗത്തില്‍ ഓരോ മഹല്ലുകള്‍ കേന്ദ്രീകരിച്ച് മദ്‌റസകളും ദര്‍സ് വിദ്യാഭ്യാസവും തുടക്കം കുറിക്കണമെന്ന് തീരുമാനിച്ചു. തുടര്‍ന്ന് 1951 മാര്‍ച്ച് 23,24,25 ന് വടകരയില്‍ നടന്ന പത്തൊമ്പതാം സമ്മേളനത്തില്‍ സമസ്തയ്ക്ക് കീഴില്‍ കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡെന്ന പുതിയ ഉദ്യമത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് സമസ്തയെന്ന മഹിത പ്രസ്ഥാനത്തിന്റെ വളര്‍ച്ചയും ഉയര്‍ച്ചയും ലക്ഷീകരിച്ച് രാപ്പകലുകള്‍ ചെലവഴിച്ച അബ്ദുല്‍ ബാരി മുസ്ലിയാരുടെ നാട്ടില്‍ ബയാനുല്‍ ഇസ്‌ലാം എന്ന പേരില്‍ പ്രഥമ മദ്‌റസ സ്ഥാപിക്കുകയുണ്ടായി. മദ്രസകളെക്കുറിച്ച് പറയുമ്പോള്‍ മറക്കാത്ത ഒരു നാമമുണ്ട് മര്‍ഹൂം സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങള്‍. 1945 ലെ ബാഫഖി തങ്ങളുടെ കാര്യവട്ടം പ്രസംഗമാണ് സമസ്തയുടെ കീഴില്‍ മതവിദ്യാഭ്യാസ രംഗത്ത് മഹത്തായൊരു വിപ്ലവം സൃഷ്ടിച്ചതും സമസ്ത കേരള ഇസ്‌ലാമത വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരണത്തിന് മുഖ്യ പ്രചോദനം നല്‍കിയതും.
പ്രാഥമിക മതപഠന രംഗത്ത് മതപണ്ഡിതന്മാര്‍ ശ്രദ്ധപതിപ്പിക്കണമെന്നും ആവിശ്യമായ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും തയ്യാര്‍ ചെയ്ത് ഒരു ഏകീകൃത രൂപവും ശാസ്ത്രീയഭാവവും നല്‍കണമെന്നും ബാഫഖി തങ്ങളെപ്പോലെയുളള ദീര്‍ഘദൃക്കുകള്‍ മുമ്പു തന്നെ ആവിശ്യപ്പെട്ടിരുന്നു. മദ്രസകള്‍ക്ക് സ്വന്തം സ്ഥലങ്ങളില്‍ കെട്ടിടങ്ങള്‍ സമുദായം തന്നെ നിര്‍മ്മിക്കുക എന്നതായിരുന്നു അവിടുന്ന് നിര്‍ദേശിച്ച പരിഹാര മാര്‍ഗം. അതിന് പണ്ഡിതന്മാര്‍ രംഗത്തിറങ്ങുകയും സമുദായത്തെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്തു. പിന്നീടങ്ങോട്ട് കൂണ്‍ ഇടി വെട്ടിയത് പോലെ കെട്ടിടങ്ങള്‍ ഉയരുന്ന കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച്ചയാണ് കേരളത്തിന് കാണാന്‍ സാധിച്ചത്.
സമസ്ത തന്നെയാണ് മതവിദ്യാഭ്യാസ രംഗത്ത് സമുദായത്തിന് നേതൃത്വം നല്‍കേണ്ടതെന്ന ആവിശ്യം പലരുമുന്നയിച്ചു. ലക്ഷ്യസാക്ഷാല്‍ക്കാരത്തിനായി വിദ്യാഭ്യാസ ബോര്‍ഡിന്റെ ശില്‍പികളും അനുസരണയുളള പ്രവര്‍ത്തകരും നിരന്തരം പരിശ്രമിച്ചു. അഹോരാത്രം അദ്ധ്വാനിച്ചു. കാടും മേടും താണ്ടി നഗരങ്ങളും ഗ്രാമങ്ങളും സന്ദര്‍ശിച്ചു. മദ്‌റസ സ്ഥാപിക്കേണ്ടതിന്റെ അനിവാര്യത, പാഠ്യപദ്ധതിയുടെ ആവിശ്യകത,വിദ്യാഭ്യാസ ബോര്‍ഡ് ആസൂത്രണം ചെയ്തിട്ടുളള ശാസ്ത്രീയ സംവിധാനം തുടങ്ങിയ കാര്യങ്ങള്‍ സാധാരണക്കാരെ തെര്യപ്പെടുത്തി. സുന്നീ കേരളം അക്ഷരംപ്രതി അതെല്ലാം സ്വീകരിച്ചു. മദ്‌റസകള്‍ അംഗീകരിച്ചു തുടങ്ങി. ബോര്‍ഡ് തയ്യാര്‍ ചെയ്ത പാഠ്യപദ്ധതികള്‍ നടപ്പില്‍ വരുത്തി. പാഠപുസ്തകങ്ങള്‍ പഠിപ്പിച്ച് തുടങ്ങി, മദ്‌റസാ ഭാരവാഹികളോടൊപ്പം മുഅല്ലിമുകളും ബാധ്യതകള്‍ നിറവേറ്റാന്‍ തുടങ്ങിയതോടെ നിരക്ഷര കേരളത്തെ അല്‍ഭുതപ്പെടുത്തുന്ന കാഴ്ച്ചയായിരുന്നു കാണാന്‍ സാധിച്ചത്. അങ്ങനെ ആ വ്യക്ഷം കൈരളിക്ക് ഒരു തണലായി. കാലങ്ങള്‍ കഴിയും തോറും ആ വൃക്ഷത്തിന്‍ ശിഖിരങ്ങള്‍ വളര്‍ന്നു പന്തലിച്ചു. പുഷ്പത്തിലേക്ക് മധു നുകരാന്‍ പാറി വരുന്ന ശലഭത്തെ പോലെ വിദ്യാര്‍ത്ഥി കുരുന്നുകള്‍ പ്രഭാതങ്ങളില്‍ മദ്‌റസയിലേക്ക് പോകുന്ന കാഴ്ച കണ്ട് ആ സാത്വികരായ പണ്ഡിതരുടെ നയനങ്ങള്‍ നിര്‍വൃതിയണിഞ്ഞിട്ടുണ്ടാകും തീര്‍ച്ച. ആ വൃക്ഷം പന്തലിച്ച് വളര്‍ന്ന് ഇന്ന് കേരളത്തിന്റെ അന്തര്‍ ഭാഗത്തേക്ക് വരെ വ്യാപിച്ചുവെന്ന് പറയുമ്പോള്‍ പണ്ഡിതരുടെ കര്‍മഫലം അനുപമവേദ്യയായിരുന്നു.
പിന്നീട് ഓത്തു പളളികളും ദര്‍സുകളും സജീവമായി. എന്നാല്‍ ഓത്തു പളളികളും ദര്‍സ് സമ്പ്രദായവും ക്രമബദ്ധമല്ലാത്ത പാഠ്യപദ്ധതിയില്‍ ബോധ്യപ്പെട്ടതോടെ നവേത്ഥാന നായകന്‍ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയും പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാരും ജ്ഞാന മേഖലയില്‍ നവീന പരിഷ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാരംഭം കുറിക്കുന്നത്. ര്‍ഷങ്ങള്‍ക്ക് മുമ്പ് 1909  വാഴക്കാട് ദാറുല്‍ ഉലൂം സ്ഥാപിക്കുമ്പോള്‍ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി പാരമ്പര്യ ദര്‍സ് സംവിധാനം വിട്ട് ആധുനിക സംവിധാനങ്ങള്‍ ഉള്‍കൊളളുന്ന പാഠ്യപദ്ധതിയുമായി രംഗത്ത് വന്നിട്ടുണ്ട്. 
തുടക്കത്തില്‍ വിമര്‍ശനങ്ങളുയര്‍ന്നെങ്കിലും പിന്നീട് എല്ലാവരാലും അംഗീകരിക്കപ്പെടുകയായിരുന്നു. അതിന്റെ തുടര്‍ച്ചയായിരുന്നു 1915 കണ്ണൂര്‍ തളിപറമ്പില്‍ സ്ഥാപിതമായ ഖുവ്വത്തുല്‍ ഇസ്‌ലാമും മലപ്പുറം ജില്ലയിലെ താനൂരില്‍ 1924  പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ സ്ഥാപിച്ച ഇസ്‌ലാഹുല്‍ ഉലൂമും. ദീര്‍ഘ ദൃക്കുകളായ പണ്ഡിതരായ എം.എം ബഷീര്‍ മുസ്‌ലയാര്‍, ഡാ.യു ബാപ്പുട്ടി ഹാജി തുടങ്ങിയവരൊക്കെ ഇത്തരം സമന്വയ വിദ്യാഭ്യാസത്തിന് കതക് തുറക്കുന്നതിന് അശ്രാന്ത പരിശ്രമം നടത്തിയിട്ടുണ്ട്. തുടര്‍ന്നാണ് ഇന്നീ നിലനില്‍ക്കുന്ന മത-ഭൗതിക സമന്വയ സ്ഥാപനങ്ങളായ വാഫി, ഹുദവി പോലോത്ത കാംമ്പസുകള്‍ക്ക് ജീവന്‍ വെച്ച് തുടങ്ങുന്നത്. ഇവിടെയെല്ലാം പിന്നണി പ്രവര്‍ത്തകരായ നിസ്വാര്‍ത്ഥരായ ഉലമാഇന്റെ ഉദ്ദേശ്യം വൈജ്ഞാനിക നവോത്ഥാനമായിരുന്നു.

നവോത്ഥാന നൗകയിലെ കപ്പിത്താന്മാര്‍
ഇസ്‌ലാമിക ആശയങ്ങള്‍ സ്റ്റേജുകളിലും പേജുകളിലും വിടുവായിത്തം കണക്കെ വാതോരാതെ സംസാരിച്ച് ജീവിതഘടനയില്‍ അതിന്റെ ഒരു ലാജനയുമില്ലാത്തവ തീര്‍ത്തും വ്യര്‍ത്ഥമാണ് എന്നതില്‍ സന്ദേഹമില്ല. ഇവിടെയാണ് മമ്പുറം തങ്ങളുടെ ജീവിതം അര്‍ത്ഥ പുര്‍ണമാകുന്നത്. എന്താണോ വായിലൂടെ പറയുന്നത് അത് ജീവിതത്തില്‍ പ്രാക്ടിക്കലായി കാണിക്കുന്ന രീതിയില്‍ ഉലമാഇന്റെ ബാധ്യത നിറവേറ്റുകയായിരുന്നു. സമൂഹം എന്തിന്റെ ഊരാക്കുടുക്കിലാണോ പെട്ട് ഉഴലുന്നത് അവിടെ ഊരാക്കുടുക്കില്‍ നിന്ന് ഊഷ്മളതയിലേക്ക് എന്ന ഖുര്‍ആനികാധ്യാപനം സാര്‍ത്ഥകമാക്കുന്ന രീതി സമീപിക്കുകയാണ് പണ്ഡിതരുടെ ആവിശ്യം എന്ന മനസിലാക്കി പ്രവര്‍ത്തിക്കുന്നതിലൂടെ മാത്രമാണ് കേരളത്തിന്റെ നവോത്ഥാനം ഉത്ഭൂതമായത് എന്നതില്‍ ശങ്കയില്ല. ഒരു കാലത്ത് മുസ്‌ലിം സമുദായത്തിന്റെ നിലനില്‍പ്പ് ചോദ്യം ചെയ്യുന്ന ക്രിസ്ത്യന്‍ പാതിരിമാരുടെ ചോദ്യങ്ങള്‍ക്ക് പണ്ഡിതനായ ശംസുല്‍ ഉലമയുടെ അതേ നാണയത്തില്‍ തന്നെയുളള മറുപടി കേട്ട് ആ ക്രിസ്ത്യന്‍ പാതിരിമാരെ ഇസ്‌ലാമിന്റെ ശാദ്വല തീരത്തേക്ക്  അണയാന്‍ പ്രേരിപ്പിച്ചിട്ടുണ്ടെങ്കില്‍ പണ്ഡിതരുടെ ഇടപെടല്‍ വാചാമഗോചരമായിരുന്നു.
മഹാനായ കെ.ടി മാനു മുസ്‌ലിയാരുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ എടുത്തു പറയേണ്ടതാണ്. അദ്ദേഹം സമകാലികമായി ജ്വലിച്ചു നില്‍ക്കുന്ന വിശയങ്ങളില്‍ സമസ്തയുടെ തന്നെ നിലപാടുകള്‍  വ്യക്തമാക്കാന്‍ പര്യാപ്തമായിരുന്നു അദ്ദേഹത്തിന്റെ രചനാ പാടവം. സ്വതസിദ്ധമായ ശൈലിയില്‍ മലയാളത്തില്‍ സാഹിത്യസമ്പുഷ്ടമായി ലോകത്തിന് ആശയ കൈമാറ്റം ചെയ്യുന്നതില്‍ അനുപമ വ്യക്തിത്വമാണ്. ഇങ്ങനെയൊക്കെയാണെങ്കിലും അദ്ദേഹത്തിന്റെ ഗ്രന്ഥ രൂപത്തിലുളള ഒരു പുസ്തകവും കാണാന്‍ സാധിക്കില്ല. കാരണം അദ്ദേഹം പേരും പ്രശസ്തിയുമല്ല ആഗ്രഹിച്ചത് മറിച്ച് ലോകത്തെ സന്മാര്‍ഗത്തിന്റെ പാന്ഥാവിലേക്ക് നയിക്കലായിരുന്നു. 
മാത്രവുമല്ല, അദ്ദേഹം കാലോചിതമായ സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശില പാകിയതും ഇന്നും അത് പ്രോജ്ജ്വലിച്ച് നില്‍ക്കുന്നതും അക്ഷര കേരളത്തിന് കണ്ണ് കുളിര്‍ക്കെ കാണാവുന്നതാണ്. ഇന്നും അക്ഷര പറുദീസയായി കരുവാരക്കുണ്ടില്‍ ഉയര്‍ന്ന് നില്‍ക്കുന്ന നജാത്ത്, മത-ഭൗതിക വിദ്യകളുടെ പ്രസരണ കേന്ദ്രമാണ്.
എന്നാല്‍ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ചിത്രം കാണാത്ത ഉല്‍കൃഷ്ടരായ പണ്ഡിതരെ വിസ്മരിക്കാന്‍ സാധ്യമല്ല. പാനൂര്‍ തങ്ങളെപ്പോലെയുളള നാമങ്ങള്‍ അവിസ്മരണീയം തന്നെ. അസ്ഹരി തങ്ങളുടെ സാന്നിധ്യം കേരളത്തെ അറബി ലോകവുമായുളള ബന്ധം ശതഗുണീഭവിക്കാന്‍ കാരണമായി. സമസ്തയുടെ പ്രസിഡന്റ് കസേരയെ ധന്യമാക്കിയപ്പോഴും അറബി ഭാഷയ്ക്ക് പ്രാധാന്യം നല്‍കാന്‍ ഭഗീരഥ പ്രയത്‌നം നടത്തിയത് ചരിത്രത്തില്‍ സുപരിചിതമാണ്. ഇങ്ങനെ തുടങ്ങുന്ന നിശ്കളങ്കരും സ്വാതികരുമായ പണ്ഡിത നാമങ്ങള്‍ കണക്കു കൂട്ടലുകള്‍ക്കതീതമാണ്.

അമൃതരായി അമരത്ത്
പ്രവാചകരുടെ പിന്‍മുറക്കാരാണ് പണ്ഡിതന്മാര്‍ എന്ന പ്രവാചക വചസ് വെളിച്ചം വീശുന്നതും ബനൂ ഇസ്രാഈലിലെ പ്രവാചക സമാനമാണ് എന്റെ ഉമ്മത്തിലെ പണ്ഡിതര്‍ എന്ന വചനവും ഇവ്വിഷയകമായി ഏറെ പ്രസ്താവ്യ യോജ്യമാണ്. പ്രവാചക പരമ്പര അവസാനിക്കുന്നിടത്താണ് പണ്ഡിതരുടെ ദൗത്യം ആവിശ്യമാകുന്നത്. ഉമ്മത്തിലെ രണ്ട് സംഘം ആളുകള്‍ ഉല്‍കൃഷ്ടരായാല്‍ ആ സമൂഹം പരിശുദ്ധമായി, അവര്‍ വഴികേടിലായാല്‍ സമൂഹം നശിച്ചു; ഉലമാഉം ഉമറാഉമാണവര്‍ എന്ന പ്രവാചകാധ്യാപനവും വലിയ അര്‍ത്ഥഗര്‍ഭത്തിലേക്കാണ് വെളിച്ചം വീശുന്നത്.
ചുരുക്കത്തില്‍, ജീവിത കാമനകള്‍ താഴെവെച്ച് ഊണിലും ഉറക്കിലും ചിന്തയിലും തൊട്ടും തലോടിയും സംഘടനക്ക് പഥേയമൊരുക്കിയ പണ്ഡിത പൂര്‍വ്വികര്‍ നവോത്ഥാനത്തിന്റെ കപ്പിത്താന്‍മാരായിരുന്നു. സ്ഥാന-മാനത്തിനും പ്രശസ്തിക്കും പ്രവര്‍ത്തിക്കുന്നത് ജീവിത നിഘണ്ടുവില്‍ തന്നെയില്ലാത്ത നിര്‍ലോഭരായ പണ്ഡിത സൂരികളായവരാണ് ഇത്തരം നവോത്ഥാനത്തിന്റെ താക്കോലുകളായി വര്‍ത്തിച്ചത്. ഉഖ്‌റവിയായ പണ്ഡിതന്‍ വലിയ്യല്ലെങ്കില്‍ അള്ളാഹുവിന് വലിയ്യ് ഉണ്ടാവുകയില്ല എന്ന ഇമാം ഗസ്സാലി(റ) വിന്റെ ഉദ്ധരണിയെ ചേര്‍ത്ത് വായിക്കേണ്ടതാണ്. അതുകൊണ്ടാണ് അല്ലാഹുവിന്റെ പ്രകാശമായ വിജ്ഞാനത്തിന്റെ പ്രഭ പരത്താന്‍ നിയുക്തരായ വിളക്കുമാടങ്ങള്‍ ഈ സമുദായത്തിന് എക്കാലവുമുണ്ടായിട്ടുണ്ട്. ലോകത്തിന്റെ നിലനില്‍പ്പിന് അത് ആധാരവുമാണ്. മുമ്പേ നടന്നവരുടെ കുതിപ്പും കിതപ്പും വിയര്‍പ്പുമറിയാതെ ചരിത്രത്തിന്റെ വിധതാക്കളാകാന്‍ വെമ്പല്‍ കൊളളുകയാണ് നാം ഓരോരുത്തരും. കാലം ദുശിച്ച് കൊണ്ടിരിക്കെ വഴിയെ നടത്തേണ്ട പണ്ഡിത തേജസ്സുകള്‍ പൊലിഞ്ഞ് പോകുമ്പോള്‍ ലോകത്തിന്റെ നാശമാണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്. മൗത്തുല്‍ ആലിമി മൗത്തുല്‍ ആലം ശ്രേഷ്ഠ വചസ് എത്ര സാര്‍ത്ഥകം. 

അവലംബം
1. തെരഞ്ഞെടുത്ത ലേഖനങ്ങള്‍- കെ.ടി മാനു മുസ്ലിയാര്‍.
2. മാപ്പിള സമരങ്ങളുടെ മതവും രാഷ്ട്രീയവും-സൈനുദ്ധീന്‍ മന്ദലാംകുന്ന്.
3. തെളിച്ചം പതിനഞ്ചാം വര്‍ഷ പതിപ്പ്.
4. ഹിദായ വിദ്യാഭ്യാസത്തിന്റെ വര്‍ത്തമാനം-ദാറുല്‍ ഹിദായ 30-ാം വാര്‍ഷിക പതിപ്പ്.
5. സനാഥത്വം അറിവിലൂടെ-വളവന്നൂര്‍ സയതീംഖാന 40-ാം വാര്‍ഷിക വാഫി സനദ് ദാനോപഹാരം.  


Post a Comment

Note: only a member of this blog may post a comment.

[blogger][facebook][disqus]

ivythemes

{facebook#https://fb.com/alathoorpadidars} {twitter#https://twitter.com/alathurpadidars} {google-plus#https://plus.google.com/+ALATHURPADIDARS} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://youtube.com/alathoorpadidars} {instagram#YOUR_SOCIAL_PROFILE_URL}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget