ശൈഖുനാ സ്വാദിഖ് ഉസ്താദ്: സ്വാദിഖീങ്ങളിലെ വസന്തം|അല്‍സ്വഫ് ചിറ്റൂര്‍|
 
   വിനയം മുഖമുദ്രയാക്കിയ മഹാവ്യക്തിത്വം ഇന്ന് സ്മരണയാണ്. ജ്ഞാനം കൊണ്ട് ജ്വലിക്കുമ്പോഴും അളന്നുതിട്ടപ്പെടുത്തിയ വാക്കുകള്‍ കൊണ്ട് അഭിസംബോധനം ചെയ്യുന്നത് വര്‍ണ്ണാഭമാണ്. സ്‌നേഹവും വിനയവും ഒത്തിണങ്ങിയ സമസ്തയുടെ കര്‍മ്മഭടന്‍. പാലക്കാടിന്റെ ഓരോ വീഥികളും അദ്ധേഹത്തെ ഓര്‍ത്ത് ഇന്ന് മിഴിനീര്‍ വാര്‍ക്കുകയാണ്. ഉസ്താദിന്റെ വിയോഗം, വാക്കുകള്‍ തോറ്റുപോകുന്നു. ആ ജീവിതത്തെ എങ്ങനെയാണ് പറഞ്ഞുതരിക?
   ഓരോ വിയോഗങ്ങളും നമുക്കൊരുപാട് പാഠങ്ങള്‍ നല്‍കുന്നുണ്ട്. ഒരു പണ്ഡിതന്‍ എങ്ങനെയാവണമെന്ന് ഉസ്താദ് ജീവിതം കൊണ്ട് നമുക്ക് പഠിപ്പിച്ച് തന്നു. ചെറുപ്പം തൊട്ടേ ദീനീ പ്രബോധനത്തില്‍ മികച്ചു നിന്നവരാണ് ഉസ്താദവര്‍കള്‍. പാലക്കാടിന്റെ കിഴക്കന്‍ മേഖലകളില്‍ ഇന്നും ആ നാമം മായാതെ മറയാതെ കിടക്കുന്നു. അവിടുത്തെ കാരണവന്മാര്‍ക്ക് എന്നും ഉസ്താദ് ഒരു ആവേശമാണ്, മാതൃകയാണ്. പഠനരംഗത്തും കര്‍മ്മരംഗത്തും ഒരുപോലെ തിളങ്ങാന്‍ ഉസ്താദവര്‍കള്‍ക്ക് സാധിച്ചു. സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി അഹോരാത്രം അദ്ധേഹം അധ്വാനിച്ചിരുന്നു. ഓരോ കാര്യങ്ങളേയും കൃത്യമായി പഠനവിധേയമാക്കുകയും വ്യക്തമായ രീതിയില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു.
   1941-ല്‍ പാലക്കാട് ജില്ലയിലെ കുമരംപുത്തൂരില്‍ സൂപ്പി-ആമിന ദമ്പതികളുടെ മകനായി ജനിച്ചു. ഖാളി കുഞ്ഞഹമ്മദ് മുസ്‌ലിയാരുടെ കീഴില്‍ മണ്ണാര്‍ക്കാട് വെച്ചാണ് മതപഠനം ആരംഭിച്ചത്. പത്തുവര്‍ഷം മണ്ണാര്‍ക്കാട് മതപഠനം നടത്തിയ ശേഷം കുമരംപുത്തൂരില്‍ താഴേക്കോട് കുഞ്ഞലവി മുസ്‌ലിയാരുടെ കീഴില്‍ രണ്ടുവര്‍ഷം മതവിദ്യ അഭ്യസിച്ചു. പിന്നീട് പരപ്പനങ്ങാടി പനയത്തില്‍ ദര്‍സില്‍ കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരുടെ ശിഷ്യത്വം സ്വീകരിച്ചു. 1968-ല്‍ പട്ടിക്കാട് ജാമിഅഃ നൂരിയ്യയിലെ നാലാം ബാച്ചില്‍ നിന്ന് ഫൈസി ബിരുദമെടുത്തു. ജാമിഅഃയില്‍ വെച്ച് ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ അടക്കമുള്ള പ്രമുഖ പണ്ഡിതരില്‍ നിന്ന് മതവിദ്യ നേടി.
   1976 ലാണ് സമസ്തയുടെ കേന്ദ്ര മുശാവറ അംഗമായി തെരഞ്ഞെടുക്കപ്പെടുന്നത്. പാലക്കാട് റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റായിട്ടാണ് അദ്ദേഹം സംഘടനാ രംഗത്തെത്തുന്നത്. മദ്‌റസ മുഅല്ലിം ആയിരുന്നില്ലെങ്കിലും അദ്ദേഹത്തെ പ്രസിഡന്റാക്കുകയായിരുന്നു. പിന്നെ ജില്ലയുടെ പ്രതിനിധിയായി സംസ്ഥാന കമ്മിറ്റിയിലെത്തി. പിന്നീട് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രതിനിധിയായി വിദ്യഭ്യാസ ബോര്‍ഡിലും എത്തി. പാലക്കാട് ജില്ലയില്‍ എസ്.വൈ.എസ് കെട്ടിപ്പടുക്കാന്‍  ഇ.കെ. ഹസന്‍ മുസ്‌ലിയാരോടൊപ്പം ഓടിനടന്നത് പാലക്കാട് ജില്ലക്കാര്‍ക്ക് ഇന്നും മധുരമുളള ഓര്‍മ്മകളാണ്.
   സമസ്ത കേന്ദ്ര മുശാവറ അംഗം, സമസ്ത പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡന്റ്, സമസ്ത കേരള ഇസ്‌ലാം മത വിദ്യഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി അംഗം, സുന്നി മഹല്ല് ഫെഡറേഷന്‍ നിര്‍വാഹക സമിതി അംഗം, പട്ടിക്കാട് ജാമിഅഃ നൂരിയ്യ, നന്തി ദാറുസ്സലാം അറബിക് കോളേജുകളുടെ ഭരണ സമിതി അംഗം തുടങ്ങി നിരവധി പദവികള്‍ വഹിച്ചു. സമസ്ത പ്രസിദ്ധീകരണങ്ങളായ അല്‍ മുഅല്ലിം, സന്തുഷ്ട കുടുംബം, കുരുന്നുകള്‍ എന്നിവയുടെ പബ്ലിഷറുമായിരുന്നു.
   ഭൗതികതയേക്കാള്‍ അദ്ധേഹം പ്രാധാന്യം കല്‍പ്പിച്ചത് ദീനിനാണ്. ആലത്തൂര്‍പടി ദര്‍സിന്റെ സില്‍വര്‍ ജൂബിലി സമ്മേളനത്തില്‍ അദ്ധേഹം നിര്‍വ്വഹിച്ച അദ്ധ്യക്ഷഭാഷണം പ്രസ്താവ്യ വിശേഷണത്തെ പ്രകടമാക്കുന്നതായിരുന്നു. അതുപോലെ പ്രവാചകരെക്കുറിച്ച് വാചാലരാവുമ്പോള്‍, മഹാന്മാരെ സ്മരിക്കുമ്പോള്‍ അവിടുത്തെ അധരങ്ങള്‍ വിതുമ്പുമായിരുന്നു, നയനങ്ങള്‍ ബാഷ്പങ്ങള്‍ കൊണ്ട് അലങ്കൃതമാകുമായിരുന്നു. ആ വാക്കുകള്‍ കേള്‍ക്കുന്നവര്‍ ചിന്തിക്കാതെ പോവുക വിരളം.
   വാക്കുകള്‍ പരിമിതം, വിശേഷണം അപരിമിതം. പടച്ചോനെ പേടിയുള്ള പണ്ഡിതനിരയിലെ കണ്ണി ഇന്ന് ആറടിമണ്ണില്‍ നാഥന്റെ വിളിക്കുത്തരം നല്‍കി അന്ത്യവിശ്രമം കൊള്ളുന്നു. പക്ഷെ, ആ മഹാനുഭാവന്‍ കേരളത്തിലെ വിശ്വാസി ഹൃദയത്തില്‍ അസ്തമിക്കാത്ത സൂര്യനായി പ്രശോഭിക്കുകയാണ്. അല്ലാഹു ഉസാതാദവര്‍കള്‍ക്ക് മഗ്ഫിറതും മര്‍ഹമതും നല്‍കട്ടെ. മഹാനോടൊപ്പം നമ്മെയും നാഥന്‍ സ്വര്‍ഗീയ ആരാമത്തില്‍ ഒരുമിച്ചു കൂട്ടട്ടെ. ആമീന്‍.

Post a Comment

Note: only a member of this blog may post a comment.

[blogger][facebook][disqus]

ivythemes

{facebook#https://fb.com/alathoorpadidars} {twitter#https://twitter.com/alathurpadidars} {google-plus#https://plus.google.com/+ALATHURPADIDARS} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://youtube.com/alathoorpadidars} {instagram#YOUR_SOCIAL_PROFILE_URL}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget