| അലി പി കരിപ്പൂര്‍ |
അല്ലാഹുവിന്റെ പക്കല്‍ സ്വീകാര്യമായ മതമാണ് ഇസ്‌ലാം. പരിശുദ്ധ മതത്തെ ചെറുക്കാന്‍ ആള്‍ബലം കൊണ്ട് കഴിയുമെന്ന് മന:കോട്ട കെട്ടിയ കുഫ്‌റിന്റെ കോട്ടയെ അത്മീയതയുടെ ഉരുക്കുകോട്ട കെട്ടി തടുത്തുനിര്‍ത്തിയ മഹിതമായ ചരിത്രമാണ് ബദ്‌റില്‍ നടന്ന പോരാട്ടം. ഹിജ്‌റ രണ്ടാം വര്‍ഷം റമളാന്‍ 17 വെള്ളിയാഴ്ചയായിരുന്നു അത്. വാള്‍മുനകൊണ്ട് പ്രചരിച്ച മതമല്ല ഇസ്‌ലാം പക്ഷെ, അക്രമിക്കാനായി ഇറങ്ങി പുറപ്പെട്ടവര്‍ക്കു മുമ്പില്‍ മുട്ട് മടക്കാന്‍ തങ്ങള്‍ ഒരുക്കമല്ലെന്ന് തെളിയിച്ചിട്ടുണ്ട്. അതായിരുന്നു ബദ്ര്‍. യുദ്ധത്തിന്റെ കഥയല്ല, അതിജീവനത്തിന്റെയും ഈമാനിക ശക്തിയുടെയും ഒപ്പം അതിരറ്റ പ്രവാചക സ്‌നേഹത്തിന്റെയും സംഘശക്തിയുടേയും പാഠങ്ങളാണ് ബദ്ര്‍ നല്‍കുന്നത്.
പുണ്യനബി(സ്വ)യുടെ പ്രവാചകത്വം മുതല്‍ ഉഗ്രശത്രുക്കളായി മാറിയ ഖുറൈശികളുടെ മര്‍ദ്ദനങ്ങള്‍ സഹിക്കവയ്യാതെയാണ് മദീനയിലേക്ക് ഹിജ്‌റ പോയത്. അബ്ദുറഹ്മാന്‍ ബിന്‍ ഔഫ്(റ)നെ പോലോത്ത പ്രമുഖര്‍ പോലും പ്രതികാരത്തിന് അനുമതി തേടിയപ്പോഴും ക്ഷമകൊണ്ട് കല്‍പിക്കുകയായിരുന്നു പുണ്യ നബി(സ്വ).
ഒടുവില്‍ മദീനയിലേക്ക് ഹിജ്‌റ പോയി. അവിടെ ഇസ്‌ലാം അതിവേഗം വളരുന്നുവെന്നറിഞ്ഞ മക്കാ മുശ്‌രിക്കുകള്‍ അക്രമിക്കാനായി അങ്ങോട്ട് പുറപ്പെട്ടു. ഇനിയും മൗനമായാല്‍ നിലനില്‍പ്പിനെ ബാധിക്കും എന്ന ഘട്ടമെത്തി. തദവസരത്തിലാണ് യുദ്ധത്തിന് അനുമതി നല്‍കപ്പെടുന്നത്.
പോരാട്ടത്തിന്റെ പശ്ചാത്തലവും മുസ്‌ലിമീങ്ങളുടെ അവസ്ഥയും പരിശോധിക്കുമ്പോള്‍ ബദ്‌റിന്റെ മഹാത്മ്യം വര്‍ദ്ധിക്കുകയും ഇസ്‌ലാം യുദ്ധം കൊണ്ട് പ്രചരിച്ചതോ അതിനെ പ്രത്സാഹിപ്പിക്കുന്ന മതമോ അല്ലെന്ന് വ്യക്തമാവും.
യുദ്ധത്തിന്റെ പശ്ചാത്തലം
മദീനയിലേക്ക് ഹിജ്‌റ പോയ നബി(സ്വ)യും സ്വഹാബത്തും മക്കയില്‍ ബാക്കിവച്ച സമ്പത്ത് കൊള്ളയടിച്ച് ശാമിലേക്ക് കച്ചവടത്തിന് പുറപ്പെട്ടിരിക്കുകയാണ് അബൂസുഫ്‌യാനും കൂട്ടരും. ഇതു തടയാനാണ് നബി(സ്വ)യും സ്വഹാബത്തും പുറപ്പെട്ടത്. തങ്ങളുടെ സമ്പത്ത് കൊള്ളയടിച്ചുവെന്നതിനാലും കച്ചവടം മുഖേന ലഭിക്കുന്ന വന്‍ലാഭം ഉപയോഗിച്ച് ശത്രുക്കള്‍ മര്‍ദ്ധന മുറകള്‍ മദീനയിലേക്ക് അഴിച്ചുവിടുമെന്നതിനാലും ഈ സംഘത്തെ തടയല്‍ ന്യായമായ ആവശ്യമായിരുന്നു. അല്ലാതെ ഒരു വിഭാഗത്തെ ദ്രോഹിക്കുക എന്ന ലക്ഷ്യമേ ഈ വരവിനില്ല. എന്നാല്‍ നബി(സ്വ)യുടെ വരവ് അറിഞ്ഞ സുഫ്‌യാനും കൂട്ടരും റൂട്ട് മാറ്റി കടല്‍ തീരം വഴി പോവുകയും മക്കക്കാരെ അറിയിക്കാനായി ളംളം എന്നയാളെ അയക്കുകയും ചെയ്തു. കച്ചവട സംഘത്തെ അക്രമിക്കാന്‍ നബി(സ്വ)യും സ്വഹാബത്തും വരുന്നുവെന്നാണ് അറിയിച്ചത്. ഇതറിഞ്ഞപ്പോള്‍ അബൂജഹലിന്റെ നേതൃത്വത്തില്‍ വന്‍ യദ്ധസന്നാഹമായി. പക്ഷെ യുദ്ധ സാഹചര്യം ഇല്ലാത്ത പക്ഷം പോവണ്ട എന്നതായിരുന്നു ചിലരുടെ നിലപാട്. അഹങ്കാരിയും യുദ്ധക്കൊതിയനുമായ അബൂജഹലിന്റെ നിര്‍ബന്ധമാണ് യുദ്ധത്തിലേക്ക് എത്തിച്ചത്. ഇന്നേരം നബി(സ്വ)യും സ്വഹാബത്തും ചര്‍ച്ചയിലായി. കച്ചവട സംഘത്തെ തടയാന്‍ പുറപ്പെട്ടത് യുദ്ധത്തെ അഭിമുഖീകരിക്കേണ്ട അവസ്ഥ വന്നിരിക്കുന്നു. ഇതില്‍ നിന്നും നമുക്ക് മനസ്സിലാക്കാം യുദ്ധത്തെ എത്രമാത്രം നബി(സ്വ) വെറുത്തിരുന്നുവെന്ന്. വേഗത്തില്‍ സിദ്ധീഖ്(റ) ഉമര്‍(റ) തുടങ്ങിയവര്‍ ഒരുക്കമാണെന്നറിയിച്ചു. വീണ്ടും നബി(സ്വ)യുടെ ചോദ്യം വന്നപ്പോള്‍ തങ്ങളെ ഉദ്ദേശിച്ചാണെന്ന് മനസ്സിലാക്കിയ സഅദ്ബ്‌നു മുആദ്(റ)(അന്‍സ്വാരികളുടെ നേതാവ്)'അല്ലാഹുവാണേ സത്യം അവിടുന്ന് ഒരു സമുദ്രം താണ്ടാന്‍ പറഞ്ഞാല്‍ അതിനും ഒരുക്കമാണ് ഞങ്ങള്‍' എന്ന തികഞ്ഞ സ്‌നേഹത്തിന്റെ മറുപടി നല്‍കുകയായിരുന്നു.
ഏറെ ക്ലേശകരമായിരുന്ന യാത്ര. രണ്ടും മൂന്നും പേര്‍ ഒരേ ഒട്ടകത്തിനു മുകളില്‍; അകെയുള്ളത് രണ്ട് കുതിര ഏറെ പേരും നഗ്നപാദരാണ്. ചിലര്‍ അര്‍ദ്ധനഗ്നര്‍ എഴുപത് ഒട്ടകങ്ങള്‍ മതിയായ വാളും പരിചയും ഇല്ല. മുന്നൂറ്റിപതിമൂന്ന് പേരാണുള്ളത് (മുന്നൂറ്റി അമ്പത് ആണെന്നും മൂന്നൂറ്റി പതിനാറാണെന്നും മറ്റും അഭിപ്രായമുണ്ട്). ഏറെ പേരും ഭക്ഷണം കിട്ടാതെ ക്ഷീണിതരാണ്. ശത്രപക്ഷം ആയിരത്തോളം വരുന്ന സംഘം അറുന്നൂറ് പടയങ്കി, നൂറ് കുതിര, കണക്കറ്റ ഒട്ടകങ്ങള്‍ തിളങ്ങുന്ന വാളുകളും നുരയുന്ന മദ്യങ്ങളും പാട്ടുപാടുന്ന നര്‍ത്തകികളുമടക്കം ആര്‍ഭാടത്തോടെയാണ് വരവ്. ഈ രണ്ടു കണക്കുകള്‍ മതി ആരാണ് യുദ്ധത്തിനൊരുമ്പട്ടതെന്ന് പഠിക്കാന്‍.
പുണ്യ നബി(സ്വ)യുടെ പ്രാര്‍ത്ഥനയും വമ്പിച്ച വിജയവും
'എത്ര എത്ര ചെറിയ സംഘങ്ങളാണ് വലിയ സംഘങ്ങളെ പരാജയപ്പെടുത്തിയതെന്ന' ഖുര്‍ആനിക വചനം പോലെ ബദ്‌റ് ചരിത്രത്തില്‍ പുതിയ മുദ്ര പതിപ്പിച്ചു. ആള്‍ബലം കൊണ്ട് അഹങ്കരിച്ച മുശിരിക്കുകള്‍ക്ക് കനത്ത പരാജയം സമ്മാനിക്കുകയായിരുന്നു ബദ്ര്‍. ആദ്യം നടന്നത് ദ്വന്ദയുദ്ധവാണ്.
അന്‍സാറുകളില്‍പ്പെട്ട മൂന്ന് സ്വഹാബികള്‍ വീറോടെ എഴുന്നേള്‍ക്കവെ ഞങ്ങള്‍ മുഹാജിറുകളോടാണ് പോരാടുന്നത് എന്ന് പറഞ്ഞപ്പോള്‍ അലി(റ), ഹംസ(റ), അബൂ ഉബൈദ(റ) എന്നീ വില്ലാളി വീരന്മാരെ നബി(സ്വ) തന്നെ വിളിക്കുകയായിരുന്നു. ഇത്ബ, ശൈബാ, വലീദ് എന്നിവര്‍ ശത്രുക്കളില്‍ നിന്നും അവരാണ് ആദ്യം ഇറങ്ങിയത്.
ശത്രുക്കളോട് മുഖാമുഖം നില്‍ക്കുമ്പോള്‍ പോലും നബിയുടെ നിര്‍ദ്ദേശം ' നിങ്ങള്‍ നിങ്ങളുടെ ശത്രുക്കളെ കാണാന്‍ കൊതിക്കരുത്'എന്നായിരുന്നു.
ഞൊടിയിടയില്‍ തന്നെ അലി(റ) വലീദിനെയും ഹംസ(റ) ശൈബയെയും വകവരുത്തി. ചതിയിലൂടെ ഉബൈദ(റ)വിന്റെ കാലിന് വെട്ടിയ ഉത്ബയെ രണ്ടു പേരും കൂടി വകവരുത്തുകയും അബൂഉബൈദ(റ)വിനെ തിരുസന്നിധിയില്‍ എത്തിക്കുകയും ചെയ്തു.
പിന്നീട് പരസ്പരം കാണാന്‍ കഴിയാത്ത വിധം പൊടിപാറുന്ന, വാളുകള്‍ കൂട്ടി മുട്ടി, തീപാറുന്ന ചിത്രവും ശബ്ദവുമായിരുന്നു അന്തരീക്ഷത്തില്‍. ഈമാനിന്റെ വജ്ര തിളക്കമുള്ള ആയുധമണിഞ്ഞ മുഅ്മിനുകള്‍ തങ്ങളേക്കാള്‍ മൂന്നിരട്ടിയുള്ള എതിരാളികളെ ശക്തമായി നേരിട്ടു കൊണ്ടിരുന്നു. ആയുധം പോയിട്ട് ശരിയായി വസ്ത്രം പോലുമില്ലാത്ത സ്വഹാബത്തിന്റെ ഖല്‍ബില്‍ തിളച്ച് പൊന്തിയ ഈമാനികാവേഷം കുഫ്‌റിന്റെ കറുപ്പുകളെ തകര്‍ത്തെറിഞ്ഞു. ശത്രുക്കള്‍ ചിതറിയോടി. പ്രമുഖര്‍ നിലം പൊത്തി.
ഇന്നേരത്തൊക്കെയും മുത്ത്‌നബി(സ്വ) പ്രാര്‍ത്ഥനയില്‍ മുഴുകി സമീപത്തെ ടെന്റില്‍ നില്‍ക്കുകയാണ്. കാവലായി അവിടുത്തെ നിഴല്‍ സിദ്ധീഖ്(റ)വും. സുജൂദില്‍ വീണ് കരഞ്ഞ് കരഞ്ഞ് മണല്‍ തരികള്‍ പോലും കുതിര്‍ന്നുപോയി. കൈകളുയര്‍ത്തി നബി(സ്വ) ദുആ ചെയ്തു.
اللهم إن تهلك هذه العصابة من أهل الإسلام لا تعبد في الأرض
നാഥാ ഈ സംഘമെങ്ങാനും പരാജയപ്പെട്ടാല്‍ പിന്നെ ഭൂമിയില്‍ നീ ആരാധിക്കപ്പെടുകയില്ല.
കണ്ണുനീര്‍ തടം കെട്ടി നിന്ന പ്രാര്‍ത്ഥനക്ക് അല്ലാഹു ഉത്തരം നല്‍കി. സിദ്ധീഖ്(റ)വാണ് അവിടത്തെ പ്രാര്‍ത്ഥന അവസാനിപ്പിക്കാന്‍ പറഞ്ഞത്. കാരണം ആ കരച്ചില്‍ കാണാവുന്നതിലുമപ്പുറമായിരുന്നു. കയ്യിലുണ്ടായിരുന്ന കാരക്ക കഴിച്ചുതീര്‍ക്കുന്നത് എന്നെ സ്വര്‍ഗ്ഗത്തിലെത്താന്‍ വൈകിപ്പിക്കുമെന്ന് പറഞ്ഞ് അത്യാവേശത്തോടെ പോര്‍ക്കളത്തിലേക്ക് എടുത്തുചാടാന്‍ ഉമൈറു ബ്ന്‍ ഹമ്മാം(റ)നെ പോലെ യുള്ളവരെ പ്രേരിപ്പിച്ചത് തിരുദൂതരുടെ പ്രോത്സാഹനമാണ്.
മലക്കുകളെ ഇറക്കി അല്ലാഹുവന്റെ സഹായം
( ولقد نصركم لله ببدر وأنتم أذلّة فاتّقوا لله لعلّكم تشكرون (آل عمران 123
നിങ്ങള്‍ തീരെ ദുര്‍ബലരായിരുന്നിട്ടും ബദ്‌റില്‍ അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിനെ ഭയപ്പെടുക. നിങ്ങള്‍ നന്ദിയുള്ളവരായേക്കാം.
പല തവണകളിലായി 5000 ല്‍ പരം മലക്കുകള്‍ ഇറങ്ങിയിട്ടുണ്ട്. ജിബരീല്‍(അ) തന്നെയായിരുന്നു ഹെഡ്. സുറാഖയെന്ന മുശ്‌രിക്കുകളുടെ നേതാവിന്റെ കോലം സ്വീകരിച്ചെത്തിയ ഇബ്‌ലീസ് മലക്കുകളുടെ വരവ് കണ്ട് അബൂജഹലിന്റെ കയ്യില്‍ നിന്ന് കുതറി ഓടുകയായിരുന്നു. യുദ്ധത്തിന് മുമ്പ് പോര്‍ക്കളത്തില്‍ ആഭരണങ്ങളണിഞ്ഞ് അഹങ്കാരത്തോടെ ഒട്ടകപ്പുറത്ത് വട്ടംചുറ്റിയിരുന്ന അബൂജഹലിനെ നിലം പരിശാക്കിയത് ചെറിയ പ്രായമുള്ള രണ്ടു കുട്ടികളാണെന്ന് അബ്ദുറഹ്മാനു ബ്‌നു ഔഫ്(റ) സാക്ഷ്യപ്പെടുത്തുന്നു. സഅദ് ബിന്‍ അബീ വഖാസ് അവന്റെ തലയറുത്തു. ശാരീരികമായും സാമ്പത്തികമായും നിസ്സാരരായിരുന്ന മനുഷ്യരുടെ കൈകൊണ്ടാണ് ഈ അഹങ്കാരികള്‍ കൊല്ലപ്പെടുന്നത്. 70 ശത്രുക്കള്‍ കൊല്ലപ്പെട്ടു. മുസ്‌ലിംകളില്‍ നിന്ന് പതിനാല് പേരാണ് ശഹീദായത്.
ബദ്‌റിലെ പാഠങ്ങള്‍
ബദ്ര്‍ അനവധി പാഠങ്ങള്‍ നല്‍കുന്നുണ്ട്. മുത്ത് നബി(സ്വ)യോടുള്ള അനുസരണയും അടങ്ങാത്ത പ്രേമവുമാണ് അതില്‍ പ്രഥമം. കച്ചവട സംഘത്തെ തടയാന്‍ ഇറങ്ങിയവര്‍ യുദ്ധത്തെ അഭിമുഖീകരിക്കേണ്ടി വന്നപ്പോഴും അവിടുത്തെ അങ്ങേയറ്റം അനുസരിക്കുകയായിരുന്നു.ജ്വലിക്കുന്ന ഈമാനികാവേശമാണ് രണ്ടാമത്തേത്.
وأنتم الأعلون إن كنتم مؤمنين
നിങ്ങള്‍ തന്നെ ഉന്നതര്‍ നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ എന്ന ഖുര്‍ആന്‍ വചനത്തെ അര്‍ത്ഥ പൂര്‍ണ്ണമാക്കിയവരാണ് ബദ്‌രീങ്ങള്‍. വിശക്കുന്ന വയറും നഗ്ന പാദവുമായി നിരായുധരായി തങ്ങളേക്കാള്‍ മൂന്നിരട്ടിയുള്ള, സര്‍വ്വായുധ സജ്ജരായ ശത്രു നിരയെ നേരിടാനും പരാജയപ്പെടുത്താനും അവരുടെ പക്കലുണ്ടായിരുന്നത് തിളങ്ങുന്ന വാളിനേക്കാള്‍ വെട്ടിത്തിളങ്ങുന്ന ഈമാനായിരുന്നു. ശത്രു പക്ഷത്തെ ചാരന്‍ തലേന്ന് മുസ്‌ലിം സേനയെ നിരീക്ഷിച്ച നേരം പറഞ്ഞത്, 'അവര്‍ ദുര്‍ബലരും ക്ഷീണിതരുമാണ്. പക്ഷെ അവരുടെ കണ്ണിലേക്ക് നോക്കുമ്പോള്‍ കാണുന്ന തിളക്കം എന്നെ വല്ലാതെ ഭയപ്പെടുത്തി' എന്നായിരുന്നു. അഥവാ ഈമാനിന്റെ പ്രകാശമായിരുന്നു അത്. 21-ാം നൂറ്റാണ്ടിലെ മുസ്‌ലിം ഉമ്മത്തിനും ഇതില്‍ പാഠമുണ്ട്.
എതിരാളികള്‍ എത്ര ശക്തരാണെങ്കിലും ഒരുമിച്ചുനിന്നാല്‍ കീഴിപ്പെടുത്താമെന്നും അതിന് എന്തും ത്യജിക്കാന്‍ തയ്യാറാവണമെന്നും ബദ്‌രീങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. വിശ്വാസത്തിന് കുടുംബ ബന്ധത്തേക്കാള്‍ വിലയുണ്ടെന്ന് ബദ്ര്‍ വിളിച്ചോതുന്നുണ്ട്.
ബദ്‌രീങ്ങളുടെ മഹത്വം
അതുല്യമായ ആത്മ സമര്‍പ്പണത്തിലൂടെ വിശുദ്ധ ദീനിന്റെ വിജയക്കൊടി മിന്നിച്ച ബദ്‌രീങ്ങള്‍ മുസ്‌ലിംകളിലെ ഏറ്റവും ശ്രേഷ്ഠരാണ്. ഒരിക്കല്‍ ജിബ്‌രീല്‍(അ) നബി(സ്വ)യുടെ അടുക്കല്‍ വന്നുകൊണ്ട് ഇങ്ങനെ ചോദിച്ചു.
'എന്താണ് നിങ്ങളില്‍ നിന്ന് ബദ്‌റില്‍ പങ്കെടുത്തവരെ കുറിച്ചുള്ള അഭിപ്രായം?' നബി(സ്വ) പറഞ്ഞു: മുസ്‌ലിംകളിലെ ഏറ്റവും ശ്രേഷ്ഠര്‍(ഇതു പോലോത്ത മറ്റേതെങ്കിലും വാക്ക്) ഉടന്‍ ജിബ്‌രീല്‍(അ) പറഞ്ഞു. ഇപ്രകാരം ബദ്‌റില്‍ പങ്കെടുത്ത മലക്കുകള്‍ അവരിലെ ഉന്നതരാകുന്നു. (സ്വഹീഹുല്‍ ബുഖാരി-3692)
മറ്റൊരു ഹദീസില്‍ നബി(സ്വ)പറയുന്നു. 'തീര്‍ച്ചയായും ബദ്‌റില്‍ പങ്കെടുത്ത ഒരാളും നരകത്തില്‍ പ്രവേശിക്കുകയില്ല. സ്വഹീഹുല്‍ ബുഖാരി ഉദ്ദരിക്കുന്ന ഹദീസ് നോക്കൂ. റബീഅ ബിന്‍ത് മുഅവിദ്(റ) എന്നവര്‍ പറയുന്നു: നബി(സ്വ) ഞങ്ങളിലേക്ക് കടന്നു വന്ന നേരം ഒരുപറ്റം(പെണ്‍കുട്ടികള്‍)ദഫ് മുട്ടി ബദ്‌റില്‍ ശഹീദായ അവരുടെ പിതാക്കളെ സ്മരിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് അവര്‍ വിഷയം മാറ്റി. ഭാവിയറിയുന്ന പ്രവാചകര്‍ ഞങ്ങള്‍ക്കുണ്ടെന്നര്‍ത്ഥം വരുന്ന വരി പാടി. ഉടനെ നബി(സ്വ) നിങ്ങള്‍ നേരത്തെ പറഞ്ഞിരുന്നത് തന്നെ പറയുവീന്‍ എന്ന് നിര്‍ദ്ദേശിച്ചു.
ബദ്‌രീങ്ങളെ സ്മരിക്കല്‍ പുണ്യകരമല്ലെന്ന ബാലിശമായ വാദത്തെ വമ്പിച്ച വിഢിത്തമായി കണക്കാക്കാമെന്ന് ഈ ഹദീസ് പഠിപ്പിക്കുന്നു. അഥവാ നാം ആചരിക്കുന്നത് അഹ്‌ലുസ്സുന്നയുടെ വഴി തന്നെയാണെന്ന് ചുരുക്കം. അല്‍ഹംദുലില്ലാഹ്.
ഹാത്വിബ്‌നു അബീ ബല്‍തഅ(റ) എന്നവരില്‍ നിന്നും ഉണ്ടായ സംഭവം ഉമര്‍(റ) അടക്കമുള്ള ഉന്നതരെ വരെ അങ്ങേയറ്റം വേദനിപ്പിച്ചപ്പോള്‍ പോലും ' അവര്‍ ബദ്‌റില്‍ പങ്കെടുത്തവരെന്നായിരുന്നു അവിടുത്തെ മറുപടി. അത്രയും പവിത്രരാണ് അസ്വഹാബു ബദ്ര്‍. തൗഹീദിന്റെ അമരധ്വനികളുയര്‍ത്താന്‍ രക്തം നല്‍കിയ അവരുടെ നാമം പ്രപഞ്ചത്തിലാകെ പതിനാല് സംവത്സരങ്ങള്‍ക്കിപ്പുറവും മുഴങ്ങി കൊണ്ടിരിക്കുകയാണ്. ഇനിയും മുഴങ്ങും.
വര്‍ഗ്ഗീയതയുടെ വൈറസും കൊറോണ വൈറസും പ്രതിസന്ധിയുടെ മുള്‍കിരീടം വെച്ചുനീട്ടുമ്പോള്‍ അസ്വ്ഹാബു ബദ്‌റിനെ കാവലിരുത്തി നമുക്ക് ദുആ ചെയ്യാം. ബദ്‌രിയ്യത്തുല്‍ മന്‍ഖൂസിയ്യ എന്ന മജലിസുന്നൂര്‍ ആത്മീയ സദസ്സ് പാണക്കാട്ടെ ആറ്റപ്പൂ തങ്ങളിലൂടെ മലയാളക്കര വെളിച്ചം വിതറിക്കൊണ്ടിരിക്കുകയാണ്. അല്ലാഹു അസ്വ്ഹാബു ബദ്‌റിനെ ആദരിച്ച് നാളെ സ്വര്‍ഗ്ഗം കരസ്ഥമാക്കുന്നവരില്‍ നമ്മെ ഉള്‍പ്പെടുത്തട്ടെ...ആമീന്‍.
Post a Comment
Note: only a member of this blog may post a comment.