ആദ്യാക്ഷരം കുറിക്കുമ്പോള്‍✍🏻| അബ്ദുല്‍ ബാസിത്ത് ഏലംകുളം |

ഇന്ന് ജൂണ്‍ ഒന്ന്. വിദ്യയുടെ തിരുമുറ്റത്ത് നാം ഓരോരുത്തരും ആദ്യമായി കടന്നു ചെന്നതിന്റെ ഓര്‍മ്മദിനം. വര്‍ഷങ്ങളെത്രെ പിന്നിട്ടാലും കാര്‍മേഘങ്ങളെ സാക്ഷിയാക്കി നൃത്തം ചെയ്യുന്ന മയില്‍ പീലി വര്‍ണ്ണങ്ങള്‍. ആദ്യമായി ആ തിരുമുറ്റത്ത് ചെന്നു നിന്ന ദിവസം, ഇന്നലെ കഴിഞ്ഞ പോല്‍ ഇന്നും തികട്ടികൊണ്ടിരിക്കുന്നു. കളി ചിരി തമാശക്കിടയില്‍ നിലവിളികളും മുഴങ്ങി കേട്ട ഒരായിരം ഓര്‍മ്മകള്‍. പിടിവാശികള്‍ക്കും സങ്കടങ്ങള്‍ക്കുമെല്ലാം മരുന്നെന്ന രീതിയില്‍ വര്‍ണ്ണക്കടലാസുകളില്‍ പൊതിഞ്ഞ മധുര മിഠായികളും ബലൂണുകളും.ഇടവപ്പാതി തിമിര്‍ത്താടിയ നിമിഷങ്ങള്‍ തികച്ചും സന്തോഷ പൂരിതമായിരുന്നു. പുത്തന്‍ കുട നനയാതെ സൂക്ഷിച്ച് സ്വയം നനഞ്ഞ് കുതിര്‍ന്ന മുഹൂര്‍ത്തങ്ങള്‍. ഇടിമുഴക്കത്തില്‍ നിലവിളിക്കൂട്ടി ക്ലാസ് മുറിയുടെ മൂലയില്‍ ഒളിച്ചതുള്‍പ്പെടെ എല്ലാം ഇന്ന് അന്യമായിരിക്കുന്നു.


ഇടവപ്പാതി തിമിര്‍ത്തു തുടങ്ങി. വിദ്യയുടെ ആ മതില്‍ കെട്ടിന്‍ കവാടം തുറന്നു കണ്ടില്ല. അവിടം മൗനമാണ്. ആളനക്കമില്ലാത്ത ഭാര്‍ഗവീനിലയം. ആര്‍ക്കോ വേണ്ടി പൂത്ത് സ്വയം പൊഴിഞ്ഞ പൂമരം അവിടെയും ബാക്കി. ചുമരില്‍ കോരിയിട്ട ചിത്രങ്ങളുടെ മിക്ക ഭാഗങ്ങളും അടര്‍ന്നു വീണിരിക്കുന്നു. ബ്ലൈഡ് കൊണ്ട് ചുരണ്ടി ഡസ്‌കില്‍ വരച്ചതിനെല്ലാം കാവലെന്നോണം പൂപ്പല്‍ കൂട്ടിരിക്കുന്നുണ്ട്. ലോക്കിട്ട ഓര്‍മ്മകളിലേക്ക് തുന്നിച്ചേര്‍ക്കാന്‍ ഒന്ന് കൂടി .വേനലവധി താഴിട്ടു പൂട്ടിയപ്പോഴും കാത്തിരുന്നത് ഈ നിമിഷങ്ങള്‍ക്കായിരുന്നു.എന്നാല്‍, അറ്റമില്ലാത്ത ഈ കാത്തിരുപ്പിന് ഇനി എന്ന് വിരാമമിടും?. ഉത്തരമില്ലാത്ത ഒരായിരം ചോദ്യങ്ങള്‍.


ദിനംപ്രതി ഐ.ടി. മേഖല കുതിച്ചുയരുന്നതുകൊണ്ട് തന്നെ വിദ്യാഭ്യാസവും ഇന്ന് അതിലേക്ക് ചുരുങ്ങുകയാണ്. സാഹചര്യങ്ങള്‍ അതിലേക്ക് ചുരുക്കുകയാണെന്നാണ് വാസ്തവം. എങ്കിലും ആശങ്കയിലാണ്.ഇന്നിന്റെ യുഗത്തില്‍ കൊടുക്കല്‍ വാങ്ങലുകളും കമ്പോളങ്ങളുമെല്ലാം കേവലം സ്മാര്‍ട്ട് ഫോണില്‍ ഒതുങ്ങിക്കൂടിയിരിക്കുകയല്ലേ... ഈ സാഹചര്യത്തില്‍ ഒരു സ്മാര്‍ട്ട് ഫോണ്‍ വിദ്യാഭ്യാസം പൊതു സമക്ഷം പരിചയപ്പെടുത്തുന്നതിലൂടെ പൈതൃകവും പാരമ്പര്യവും അന്യമായി മാറുമോ..?


നമ്മുടെ ഭാരതത്തിന് നൂറ്റാണ്ടുകള്‍ക്കപ്പുറത്തെ വരമൊഴി കാലഘട്ടം മുതല്‍ തുടക്കമിട്ട വിദ്യാഭ്യാസ പാരമ്പര്യമുണ്ട്.ഗുരുകുല സമ്പ്രദായങ്ങളുടെ മഹത്തായ പൈതൃകം. വരമൊഴി കടന്ന് വന്നതോടുകൂടി ആ പാരമ്പര്യത്തിന് പത്തരമാറ്റിന്‍ തിളക്കം കൂടുകയായിരുന്നു. പരമ്പരകളായി നാം കൈമാറിപ്പോരുന്ന എഴുത്തോലകള്‍ അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. വിദ്യ അഭ്യസിച്ച് തന്റെ ഗുരുവിന് സേവനം ചെയ്ത് ഗുരുശിഷ്യബന്ധത്തിന്റെ അര്‍ത്ഥ തലങ്ങള്‍ മനസ്സിലാക്കിയുള്ള ജീവിതം. അവിടെ, ഗുരു എന്ന പദം കേവലം രണ്ടക്ഷരങ്ങള്‍ക്കപ്പുറം സര്‍വ്വ ശിഷ്യഗണങ്ങള്‍ക്കും  ആത്മീയ പിതാവായിരുന്നു. അഭിനയ പ്രകടനപരതകള്‍ക്കോ സ്വാര്‍ത്ഥ മുഖങ്ങള്‍ക്കോ അന്യം നിന്ന തികച്ചും ആത്മീയ ശിക്ഷണം.


കാലത്തിന്റെ കുത്തൊഴുക്കില്‍ കാലാനുസൃതമായി സമൂഹവും ഒഴുകി.പള്ളിക്കൂട സമ്പ്രദായത്തിലേക്കും പില്‍ക്കാലത്ത് ഈ കാണുന്ന വിദ്യാലയ സമ്പ്രദായങ്ങളിലേക്കും സമൂഹം കുതിച്ചു.ഓരോ നിമിഷവും പുതിയ പുതിയ മാറ്റങ്ങള്‍ കൈ കൊണ്ടു. നാടോടുമ്പോള്‍ നടുവിലൂടെ എന്ന പഴമൊഴി യാതാര്‍ത്ഥ്യമാക്കും വിധം വിദ്യാഭ്യാസ സമ്പ്രദായം കുതിച്ചു കൊണ്ടേയിരുന്നു.ഇതിനിടെ, എവിടെയൊക്കെയോ കമ്പോള സംസ്‌കാരം വിദ്യാഭ്യാസ മേഖലയില്‍ കടന്നു കൂടുകയായിരുന്നു. ഒടുവില്‍, വിദ്യയും കച്ചവടവത്കരിക്കപ്പെട്ടു.ഗുരു-ശിഷ്യബന്ധത്തിനും മുറിവേല്‍ക്കപ്പെട്ടിരിക്കുന്നു. മൂല്യച്യുതിയാല്‍ ലക്ഷ്യം തെറ്റിയ ആട്ടിന്‍ പറ്റങ്ങളെ പോലെയാണ് വര്‍ത്തമാന ഗുരുക്കന്മാരും ശിഷ്യരും. കണ്ടാല്‍ ധ്യാനിച്ച് മാറി നില്‍ക്കേണ്ടതിനു പകരം അധ്യാപകര്‍ക്കു നേരെ ഗരോവോ വിളിക്കാനുള്ള പോര്‍ക്കളമായിരിക്കുന്നു കലാലയ അങ്കണം. കാമക്കണ്ണുള്ള, സ്വാര്‍ത്ഥതയുള്ള, ലാഭക്കൊതിയന്മാരായ അധ്യാപക വേഷധാരികള്‍ക്ക് മണ്‍മറഞ്ഞ മഹാമനീഷികളുടെ നിഷ്‌കളങ്കത മധുരിക്കുമോ എന്നറിയില്ല.


വിദ്യയും തന്ത്രവും ഒന്നിച്ച് പങ്കിട്ട് ഗുരു പ്രീതിക്കായ് മാത്രം മത്സരങ്ങള്‍ നടത്തിയിരുന്ന ഇന്നലെകള്‍ക്ക് വിഭിന്നമായി കലാലയ രാഷ്ട്രീയം അരങ്ങുവാഴുകയാണ്. വിദ്യതന്‍ പ്രാധാന്യം കേവലം വാചാലതയിലൊതുക്കി കലാലയങ്ങളെ രാഷ്ട്രീയ കളരിയാക്കി മാറ്റിയിരിക്കുന്നു.രാഷ്ട്രീയ നേതാക്കന്മാരുടെ കിങ്കരന്മാരായി വേഷമിട്ട് കൊലപാതകങ്ങളും അക്രമങ്ങളും  നാടുനീളെയുള്ള ക്യാമ്പസുകളില്‍ നാടകീയമായി അഴിച്ചുവിടുന്നത് സുലഭമാണ്. വിദ്യാഭ്യാസ സമുച്ചയങ്ങള്‍ ദിനംപ്രതി കെട്ടിപ്പടുക്കുമ്പോഴും വിദ്യകളുടേയും സര്‍ഗ്ഗവാസനകളുടേയും വളര്‍ച്ച നാമാവശേഷമാവുന്നു. ജാതി-മത-വര്‍ണ്ണ-വര്‍ഗ്ഗവിവേചനം ഖേദകരം തന്നെ. ആദ്യകാലങ്ങളില്‍ പുസ്തക താളുകളില്‍ നിറഞ്ഞിരുന്ന അയിത്ത നിര്‍മ്മാര്‍ജ്ജനങ്ങളുടെ സുഗന്ധമാസ്വദിച്ച കുഞ്ഞിളം മനസ്സുകളിലേക്ക് കാലങ്ങള്‍ക്കിപ്പുറം അതേ താളുകളിലൂടെ വെറികളുടെ ഭാഷ്യം കോരിയിടുന്നതിന് ഭാവികാലം വലിയ വില നല്‍കേണ്ടി വരും.


നാടിനെ സേവിക്കുന്ന വീടിനെ സ്‌നേഹിക്കുന്ന മുതിര്‍ന്നവരെ പരിപാലിക്കുന്ന ഇളയവരെ ലാളിക്കുന്ന ധര്‍മ്മ പോരാളിയും ഹിംസ വിരോധിയും മൂല്യബോധമുള്ളവനും നിഖില മേഖകളില്‍ സാന്ത്വന തലോടലുകള്‍ ദാനം ചെയ്യുന്നവനുമായിട്ട് എന്റെ കുഞ്ഞ് ലോക ജനതയ്ക്ക് മുമ്പില്‍ വെളിച്ചം വിതറുന്നവനാവണമെന്നാശിക്കുന്ന മാതാപിതാക്കള്‍,  വിദ്യാസമ്പാദനത്തിന്റെ ഉന്നത ലക്ഷ്യവും ഔന്നിത്യവും പൊതുവെയും മനസ്സിലാക്കി നല്‍കുകയും വെറികളെ അപഗ്രഥിച്ച് നെല്ലും പതിരും വേര്‍തിരിച്ച് ബോധ്യപ്പെടുത്തുകയുമാണ് സ്‌ക്രീനിന് മുമ്പില്‍ കണ്‍മണികളെ പ്രതിഷ്ഠിക്കുന്നതിന് മുമ്പ് ആദ്യമായി ചെയ്യേണ്ടത്.

Post a Comment

Note: only a member of this blog may post a comment.

[blogger][facebook][disqus]

ivythemes

{facebook#https://fb.com/alathoorpadidars} {twitter#https://twitter.com/alathurpadidars} {google-plus#https://plus.google.com/+ALATHURPADIDARS} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://youtube.com/alathoorpadidars} {instagram#YOUR_SOCIAL_PROFILE_URL}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget