ശൈഖുനാ വാക്കോട് മൊയ്തീന്‍കുട്ടി ഉസ്താദ് | സംഘടനാ രംഗത്തെ നിറ സാന്നിധ്യം


| മുഹമ്മദ് ശഫീഖ് ഫൈസി വാക്കോട് |

 ചെറുപ്പത്തിലേ വായന ശീലമാക്കി.സഹപാഠിയുടെ വീട്ടിൽ നിരവധി പുസ്തകങ്ങൾ ഉണ്ടായിരുന്നു. ആ വീട്ടിലെ നിത്യസന്ദർശകനായിരുന്നു.മാമ്പുഴ ദർസിലായിരുന്നു പ്രഥമ ദർസ് പഠനം.ചെലവ്  വീട് ഈ പറയപ്പെട്ട വീട് തന്നെയായതിനാൽ നിരവധി പുസ്തകങ്ങൾ വായിക്കാൻ സൗകര്യമായി.പുന്നക്കാടിലേയും,  തരിശിലേയും ലൈബ്രറിയിൽ അംഗത്വം എടുത്തതിനാൽ ചെറുപ്പത്തിലേ നിരവധി പുസ്തകങ്ങൾ വായിക്കാൻ സാധിച്ചു.ഇന്നും ഒഴിവു സമയം വായനക്കു വേണ്ടി ചിലവഴിക്കുന്നു. പത്രം മുഴുവനായിട്ട് വായിക്കാതെ ഉറങ്ങൽ പതിവില്ല. യാത്രകളിലെല്ലാം പത്രമോ പുസ്തകമോ വായിക്കൽ പതിവാണ്.വീട്ടിലുള്ള ലൈബ്രററി കണ്ടാൽ അറിയാം പുസ്തകങ്ങൾക്കും കിതാബിനും വേണ്ടി എത്രമാത്രം തുക ചിലവഴിച്ചിട്ടുണ്ടെന്ന്. എഴുത്തിൻ്റെ മേഖലയിൽ തൻ്റേതായ വ്യക്തി മുദ്ര പതിപ്പിച്ച മാനു മുസ്ലിയാരുടെ ദർസിൽ പഠിച്ചതോടെ വാക്കോട് ഉസ്താദ് എന്ന പണ്ഡിത എഴുത്തുകാരന് പുതിയ വാതിലുകൾ തുറക്കപ്പെട്ടു.


വാക്കോട് മദ്രസയിലെ പ്രഥമ വിദ്യാർത്ഥി.ശേഷം മാമ്പുഴ അമാനത്ത് ഉസ്താദിൻ്റെ ദർസിൽ ചേർന്നു.ഇരിങ്ങാട്ടിരിയും കരുവാരക്കുണ്ടും പണത്തുമേലുമൊക്കെ വലിയ ദർസുകൾ അക്കാലത്തുണ്ടായിരുന്നു.പുന്നക്കാട് ചന്ത നടക്കുന്ന സമയത്ത് ഇവിടെ നിന്നൊക്കെ വിദ്യാർത്ഥികൾ പുന്നക്കാടിലേക്ക് വരും.ഇരിങ്ങാട്ടിരിയിലെ കെ.ടി ഉസ്താദിൻ്റെ ദർസിലെ വിദ്യാർത്ഥികൾക്ക് മറ്റുള്ളവരിൽ നിന്ന് ഒരു വ്യത്യസ്തത ശ്രദ്ധയിൽപെട്ടപ്പോൾ കെ.ടി ഉസ്താദിൻ്റെ ദർസിലേക്ക് മാറാൻ ആഗ്രഹിച്ചു.തൻ്റെ ആഗ്രഹം അമാനത്ത് ഉസ്താദിനെ അറിയിച്ചു.തൻ്റെ ദർസിൽ നിന്ന് മറ്റൊരു ദർസിലേക്ക് പോവുന്നത് ഉസ്താദിനിഷ്ടമില്ലാത്തതിനാൽ അത് ഉസ്താദ് പ്രകടിപ്പിച്ചു.എങ്കിലും "നീ ഇരിങ്ങാട്ടിരിയിൽ പോയാലും വേണ്ടിയില്ല കോഴിക്കോട് പോയാലും വേണ്ടിയില്ല നീ നല്ലവെണ്ണം പഠിക്കണം" എന്ന ഉപദേശത്തോടുകൂടെ കെ.ടി ഉസ്താദിൻ്റെ ദർസിലേക്ക് പോവാൻ സമ്മതം നൽകി.


കെ.ടി ഉസ്താദിൻ്റെ ദർസ് ഒരു മാതൃകാ ദർസായിരുന്നു.എഴുത്ത് പരീക്ഷയും,  സമാജവും കയ്യെഴുത്ത് മാസികകളും തുടങ്ങീ ആധുനിക ശൈലിയിലുള്ള ഒരു ദർസായിരുന്നു.വായനാശീലമാക്കിയതിനാൽ എഴുത്തിൻ്റെ മേഖല വികസിപ്പിക്കാൻ ആ ദർസ് ധാരാളമായിരുന്നു.സുന്നി യുവജന സംഘത്തിൻ്റെ മുഖപത്രമായിരുന്ന സുന്നീ ടൈംസിലാണ് ആദ്യ ലേഖനം പ്രസിദ്ധീകരിച്ചത്.ഒരു ലേഖനം എഴുതി കെ.ടി ഉസ്താദിനെ കാണിച്ചു കൊടുത്തു.അതിനു വേണ്ട മാറ്റതിരുത്തുകൾ വരുത്തി മറ്റൊരു പേപ്പറിൽ വൃത്തിയായി എഴുതാൻ ആവശ്യപ്പെടുകയും ആ ലേഖനം സുന്നീ ടൈംസിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.


കെ.ടി ഉസ്താദിൻ്റെ ദർസിൽ ചേർന്ന് കുറച്ച് കാലങ്ങൾക്ക് ശേഷം അമാനത്ത് ഉസ്താദിനെ തൻ്റെ ലേഖനം കാണിക്കാൻ പോയി.ലേഖനം വായിച്ചതിന് ശേഷം നിനക്ക് നല്ലവെണ്ണം എഴുതാൻ കഴിയും എന്ന്  പറഞ്ഞു അടുത്ത കടയിൽ നിന്നും അവിൽ കുഴച്ചത് ഒരാളോട് വാങ്ങി കൊണ്ട് വരാൻ പറയുകയും പ്രോത്സാഹനമായി അത് നൽകുകയും ചെയ്തു.ഇതൊക്കെയാണ് എഴുത്തിൻ്റെ വഴിയിൽ പുതിയ അധ്യായങ്ങൾ സൃഷ്ടിക്കാൻ ഉസ്താദിന്  സാധിച്ചത്.


കെ.ടി ഉസ്താദ് ഹജ്ജിന് പോയ വർഷം ഉസ്താദിൻ്റെ നിർദ്ദേശ പ്രകാരം കെ.സി ഉസ്താദിൻ്റെ പൊടിയാട് ദർസിൽ ചേർന്നു.മാനു മുസ്ലിയാരുടെ ദർസിൽ നിന്ന് വന്നതിനാൽ അവിടെയുള്ളവർ "മാനു" എന്നായിരുന്നു വിളിച്ചിരുന്നത്. ഒരു വർഷം അവിടെ പഠിച്ചു.മാനു ഉസ്താദ് തിരിച്ചു വന്നപ്പോൾ തിരിച്ച് ഇരിങ്ങാട്ടിരി ദർസിലേക്കു തന്നെ തിരിച്ചുപോയി.


ഉപരി പഠനത്തിനായി 1971-ൽ ജാമിഅഃയിൽ എത്തി.ജാമിഅ:യിൽ ശംസുൽ ഉലമയും കോട്ടുമല ഉസ്താദും മുദരിസുമാരായി ഉണ്ടായിരുന്ന കാലഘട്ടമായിരുന്നു അത്.ജാമിഅ:യുടെ ഒരു സുവർണ കാലഘട്ടമായിരുന്നത്.അന്നത്തെ വിദ്യാർത്ഥികൾ ഇന്നത്തെ സമസ്തയുടെ തലപ്പത്തുള്ള നേതാക്കളാണ്.മുതവ്വലിലും മുഖ്തസ്വറിലും അതിൻ്റെ താഴെയുള്ള ക്ലാസുകളിലായി ഇന്നത്തെ നിരവധി നേതാക്കളുണ്ടായിരുന്നു.ഹൈദറലി ശിഹാബ് തങ്ങൾ, എം.ടി ഉസ്താദ്,ഉസ്താദ് ബഹാഉദ്ദീൻ നദ് വി, പി.പി മുസ്തഫൽ ഫൈളി, ചെറുവാളൂർ ഹൈദ്രോസ് മുസ്ലിയാർ,മുക്കം ഉമർ ഫൈസി, കെ.എം റഹ്മാൻ ഫൈസി,ഏലംകുളം ബാപ്പു മുസ്ലിയാർ തുടങ്ങിയ നേതാക്കൾ ജാമിഅ:യിലെ സഹപാഠികളാ.പിൽകാലത്ത് സമസ്തക്ക് വേണ്ടി അഹോരാത്രം പരിശ്രമിച്ചവരാണിവർ.1973 അവസാനത്തിൽ  ഫൈസി ബിരുദം കരസ്ഥമാക്കി.


ജാമിഅ:യിൽ നിന്നും ഫൈസി ബിരുദമെടുത്ത് ദർസീ മേഖലയിൽ രംഗപ്രവേശനം ചെയ്തു.നാൽപത്തിയാറു വർഷമായിട്ട് ഇത് തുടർന്നു കൊണ്ടിരിക്കുകയാണ്.കെ.കെ ഉസ്താദിൻ്റെ രണ്ടാം മുദരിസായി നാലു വർഷം സേവനമനുഷ്ടിച്ചിട്ടുണ്ട്.ഭാവി അധ്യാപന രംഗത്ത്  അത് വലിയ മുതൽ കൂട്ടായി. എഴുത്ത് മേഖലയിലെ തൻ്റെ കയ്യൊപ്പ് തൻ്റെ ശിഷ്യന്മാർക്കും ചാർത്തിക്കൊടുത്തു.നല്ല നിലവാരമുള്ള എഴുത്തുക്കാരെ തൻ്റെ ദർസിലൂടെ സമർപ്പിച്ചു. നമ്മുടെ അറിവ് ജനങ്ങൾക്ക് എത്തിച്ചു കൊടുക്കാനുള്ള നല്ലൊരു മാർഗമാണ് എഴുത്ത്.അതിൽ മടി കാണിക്കരുതെന്ന് ശിഷ്യന്മാർക്ക് ഉപദേശം നൽകാറുണ്ട് .മികച്ച മുദരിസിനുള്ള അവാർഡിന് ഉസ്താദ്  അർഹനായിട്ടുണ്ട്.


അൽമുനീർ രണ്ടു വർഷത്തെ ചീഫ് എഡിറ്ററിൽ തുടങ്ങി സമസ്ത തൊണ്ണൂറാം വാർഷിക സമ്മേളന സുവനീറിൻ്റേയും എസ്.വൈ.എസ് അമ്പതാം വാർഷികത്തിൻ്റേയും ചീഫ് എഡിറ്ററായും ജംഇയ്യത്തുൽ മുഅല്ലിമിൻ്റെ അറുപതാം വാർഷിക സുവനീറിൻ്റെ പത്രാധിപ സമിതി ചെയർമാനായും സ്ഥാനമേറ്റിട്ടുണ്ട്.നിലവിൽ അൽ മുഅല്ലിം മാസിക എഡിറ്ററാണ്.അൽ സനാഉൽ അലി ഫീ മനാഖിബിൽ ശൈഖ് അലി ഹസനിൽ വലി(അറബി),കെ ടി മാനു മുസ്ലിയാർ- നിയോഗം പോലെ ഒരു ജീവിതം,ബലിപെരുന്നാൾ,അമ്മായി അമ്മയും മരുമകളും,ഉമ്മയും മക്കളും,മാതൃക ദമ്പതികൾ,സമസ്തയിലെ പ്രശ്നങ്ങൾ(ഉസ്താദും ഹമീദ് ഫൈസിയും സംയുക്തമായി എഴുതിയത്),സുന്നിവിദ്യാര്ത്ഥികള്ക്ക് ഒരു സംഘടന(SKSSF)(ഉസ്താദും ഹമീദ് ഫൈസി യും സംയുക്തമായി എഴുതിയത്),വീടും പരിസരവും,സ്നേഹത്തിന്റെ മുഖങ്ങൾ,ജിന്നുകളുടെ ലോകം,കണ്ണിയത്തിന്റെ  പ്രാർത്ഥന,പ്രകാശധാര,വിസ്മയ കാഴ്ചകൾ,വെളിച്ചം വിതറിയ വിസ്മയങ്ങൾ,ചരിത്രത്തിന്റെ ചിറകുകളിൽ,ഇസ്ലാമിക് ഫാമിലി,തൗഹീദ് ഒരു താത്വിക പഠനം( ഇ. ടി. എം ബാഖവിയും സംയുക്തമായി എഴുതിയത്),സമസ്തയും നൂരിഷ ത്വരീഖത്തും തുടങ്ങീ ഇരുപതോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.


സംഘടനാ രംഗത്തെ സജീവ സാന്നിധ്യമാണ്.കെ.ടി ഉസ്താദിൻ്റെ സംഘടനാ പാഠവങ്ങൾ ജീവിതത്തിൽ പകർത്തി. എസ്.എസ്.എഫ് രൂപികരിച്ചപ്പോൾ അതിൻ്റെ സമിതിയംഗമായിരുന്നു. സുന്നീ യുവജന സംഘത്തിലും എസ്.എം.എഫിലും പഞ്ചായത്ത് തലം തൊട്ട് സംസ്ഥാന തലത്തക്ക് വരേ തിരഞ്ഞെടുക്കപ്പെട്ടു. ജംഇയ്യത്തുൽ മുഅല്ലിമിലേക്കും വിദ്യാഭ്യാസ ബോർഡിലേക്കും തിരഞ്ഞെടുത്തു.ജംഇയ്യത്തുൽ മുദരിസിൻ്റേ സംസ്ഥാന സമിതിയിൽ വർക്കിംങ് സെക്രട്ടറിയായി. സമസ്ത കേന്ദ്ര മുശാവറയംഗമായി. അടുത്ത കാലത്ത് സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമിൻ്റെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.കെ.ടി ഉസ്താദിൻ്റെ പിൻഗാമിയായി മലയോര മേഖലയിലെ സമസ്തയുടെ സജീവ സാന്നിധ്യമാണ്. ആരോഗ്യം വകവെക്കാതെയുള്ള യാത്രകളും ഉറക്കമൊഴിച്ചുള്ള എഴുത്തുമെല്ലാം നാഥനിൽ നിന്നുള്ള പ്രതിഫലത്തിന് കാരണമാവുമെന്ന് ഉറച്ച് വിശ്വസിച്ചു.സമസ്ത കേന്ദ്ര മുശാവറ അംഗം,സമസ്ത കേരള വിദ്യാഭ്യാസ ബോർഡ്  പ്രവർത്തക  സമിതി അംഗം,ജംഇയ്യത്തുൽ മുദരിസീൻ സംസ്ഥാന വർക്കിംഗ് സെക്രട്ടറി,എസ്സ്.എം.ഏഫ് മലപ്പുറം ജില്ലാ പ്രവർത്ത സമിതി അംഗം, എസ്.വൈ.എസ് സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി,സുന്നി അഫ്കാർ പത്രാധിപ സമിതി അംഗം,വിദ്യാഭ്യാസ ബോർഡ് അക്കാദമിക് കൗൺസിൽ അംഗം,വിദ്യാഭ്യാസ ബോർഡ് ബുക്ക് ഡിപ്പോ കമ്മിറ്റി മെമ്പർ,അൽ മുഅല്ലിം മാസിക എഡിറ്റർ,ഇപ്പോൾ ലക്ഷക്കണക്കിന് വരുന്ന മുഅല്ലിംകളുടെ അമരക്കാരനായി നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.


കെ.ടി ഉസ്താദാണ് സംഘടനാ പ്രവർത്തനങ്ങൾക്ക് പ്രചോധിതനാക്കിയത്.ഒരു പിതാവ് തൻ്റെ കുട്ടിയെ കൈ പിടിച്ച് നടത്തം പഠിപ്പിക്കുന്നത് പോലെ തൻ്റെ ശിഷ്യനെ കൂടെ നിറുത്തി സംഘടനാ പാഠവം പഠിപ്പിച്ച് കൊടുത്തിട്ടുണ്ട് കെ.ടി ഉസ്താദ് .സത്യ സന്ധതയും ആത്മാർത്തതയും സംഘടനക്ക് വേണ്ടിയുള്ള ജീവൻ ത്യജിക്കലുമൊക്കെ കെ.ടി ഉസ്താദിൽ നിർഗളിച്ച് കണ്ട കാരണത്താൽ ശിഷ്യനും ആ പാഥ പിന്തുടർന്നിട്ടുണ്ട്..ഇന്ന് എന്ത് കാര്യം തീരുമാനിക്കുമ്പോഴും ഉസ്താദ് ഇങ്ങനെയായിരുന്നു ഈ സന്ദർഭത്തിൽ ചെയ്തിരുന്നത് എന്ന് പറയും.എന്തിനും ഒരു തീരുമാനം എടുക്കുന്നതിൻ്റെ മുമ്പേ ഉസ്താദിൻ്റെ ഖബർ ഒന്ന് സിയാറത്ത് ചെയ്യും.ഉസ്താദിൻ്റെ പിൻഗാമിയായി നമ്മുടെ സംഘടനാ തലപ്പത്തിലേക്ക് ഇന്ന് എത്തിയിരിക്കുന്നു. എല്ലാവരേയും തൃപ്തിപ്പെടുത്തും വിധം പ്രത്യേകിച്ച് ബഹു: സമസ്തയുടെ ഉന്നമനത്തിനായി പ്രവർത്തിക്കാൻ ദീർഘായുസും ആഫിയത്തും അള്ളാഹു നൽകട്ടെ .....ആമീൻ

Post a Comment

Note: only a member of this blog may post a comment.

[blogger][facebook][disqus]

ivythemes

{facebook#https://fb.com/alathoorpadidars} {twitter#https://twitter.com/alathurpadidars} {google-plus#https://plus.google.com/+ALATHURPADIDARS} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://youtube.com/alathoorpadidars} {instagram#YOUR_SOCIAL_PROFILE_URL}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget