സ്വാതന്ത്രദിനം, ഓർമ്മപ്പെടുത്തലിന്റെ ആവശ്യകത



| അലി കരിപ്പൂർ |

        ഭാരതം അതിൻ്റെ  എഴുപത്തിനാലാം  സ്വാതന്ത്ര്യദിനത്തിലേക്ക്  പ്രവേശിക്കുകയാണ്. അധിനിവേശ, കോളനിവൽക്കരണ ശക്തികളുടെ കറുത്ത  കരങ്ങളിൽ നിന്നും രാജ്യം മോചനം പ്രാപിച്ചിട്ട് 73 സംവത്സരങ്ങൾ പിന്നിടുമ്പോൾ ചിലകാര്യങ്ങൾ നാം ഓർക്കേണ്ടതുണ്ട്. ഒപ്പം ഇന്ന് രാജ്യത്തിൻ്റെ സഞ്ചാരം എങ്ങോട്ടെന്ന് സവിസ്തരം ശ്രദ്ധിക്കേണ്ടതുമുണ്ട്.
വൈവിധ്യങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് ഈ നാട്. അത് മണ്ണിലും മതത്തിലും എന്നല്ല  സകലതിലും പ്രകടമാണ്. സുഗന്ധദ്രവ്യങ്ങൾ കൊണ്ട് സുന്ദരമായ നമ്മുടെ നാടിനെ നൂറ്റാണ്ടുകളോളം  ഭരിച്ച മുഗൾ ചക്രവർത്തിമാരുടെ അനുഗ്രഹീത നേതൃത്വത്തിന്റെ ഫലമായി അതിൻ്റെ യശസ്സ് വർദ്ധിച്ചുകൊണ്ടിരുന്നു. എന്നാൽ നാട്ടുരാജാക്കന്മാർ എന്ന ഒരർത്ഥത്തിലെ ശാപഭരണം വൈദേശികരുടെ ചിരിക്കുന്ന മുഖത്തിനപ്പുറത്തെ വഞ്ചനയെ പ്രകടമാക്കാൻ നന്നായി സഹായിച്ചുവെന്നത് ചരിത്രം. ഇവിടെയുള്ള സമ്പത്ത് കട്ടുമുടിച്ചും കൊള്ളയടിച്ചും ഒടുവിൽ അധികാരം തന്നെ തട്ടിയെടുത്ത് നമ്മെ അടിമകളെപ്പോലെയാക്കി ചോര ചിന്തുന്ന ഭരണത്തിന് വെള്ളക്കാരൻ ഒരുമ്പെട്ടപ്പോൾ ശക്തമായ സ്വാതന്ത്ര്യസമരങ്ങ ളിലേക്കാണ് അത് ചെന്നെത്തിയത്. ഫ്രഞ്ചും ബ്രിട്ടനും വരുന്നതിനു മുമ്പ് തന്നെ അറബികൾ ഇവിടെ കച്ചവടത്തിനായി  എത്തിയിരുന്നു. അതിമനോഹരമായിരുന്നു അതെങ്കിൽ, അക്രമത്തിന് കിരീടം ചൂടിവന്ന വെള്ളക്കാരന്റെ പ്രവർത്തി നോക്കിനിൽക്കാൻ രാജ്യസ്നേഹികളായ ഇവിടുത്തെ നല്ല മനുഷ്യർക്ക് ആയില്ല. അവരെ സ്മരിക്കലാണ് ഓരോ സ്വാതന്ത്ര്യദിനവും.

        ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് ചരിത്രത്തിൽ എഴുതപ്പെട്ട 1857 ലെ സമരത്തിനും നൂറ്റാണ്ടുകൾക്കു മുമ്പേ അധിനിവേശത്തിനെതിരെ ചോരചിന്തിയിട്ടുണ്ട് നമ്മുടെ പൂർവസൂരികൾ. പറങ്കിപ്പടയുടെ മുരടറുത്ത് അറബിക്കടലിൽ വലിച്ചെറിയാൻ ജീവൻ ത്യജിച്ചവരാണ് സാമൂതിരിയുടെ നാവിക പടയാളികളായ കുഞ്ഞാലിമരക്കാറുമാർ. നീചരായ വെള്ളക്കാരന്റെ കയ്യിൽ നിന്നും പണംപറ്റി, പാവപ്പെട്ടവനെ കൊലക്കു നൽകുന്ന ചില നാട്ടുരാജാക്കന്മാരോട് ശക്തമായി പോരാടിയും അന്ധവിശ്വാസത്തെയും ജാതിവ്യവസ്ഥയെയും കരിമ്പടത്തിൽ മൂടിക്കെട്ടി, 
മനുഷ്യനെ മൃഗമായി കണ്ടിരുന്ന വൃത്തികേടുകൾ  തുടച്ചുനീക്കിയും ഒരേസമയം  നവോത്ഥാനത്തിൻ്റെയും സ്വരാജ്യ സ്നേഹത്തിന്റെയും സ്വർണ്ണ കിരീടം ചൂടിയവരായിരുന്നു മഹാനായ ടിപ്പു സുൽത്താൻ. പാവപ്പെട്ടവൻ പശിയടക്കാൻ പെടാപ്പാട് പെടുമ്പോൾ വയറു വീർപ്പിച്ചു നടന്നിരുന്ന ഇവിടുത്തെ ജന്മി പിശാചുക്കളെ അടിച്ചമർത്താൻ സധൈര്യം മുന്നോട്ടു വന്ന ആ സിംഹക്കുട്ടിയുടെയും  ചോരയുടെ നിറമുണ്ട് ഈ സ്വാതന്ത്ര്യത്തിന്. അത് പക്ഷേ ഹിറ്റ്ലറിസം പഠിച്ചവർക്ക് ദഹിക്കണമെന്നില്ല. കാരണം, അവർ വെള്ളക്കാരന്റെ സേവകരായിരുന്നു. വർഗീയതയുടെ തേറ്റ പല്ലുകൾ ഇന്ന് സ്വതന്ത്ര ഇന്ത്യയെ കടിച്ചു കീറുമ്പോൾ , രാജ്യം മതാന്ധത യിലേക്ക് കൂപ്പുകുത്തുമ്പോൾ ന്യൂനപക്ഷം അവരുടെ ദേശസ്നേഹം തെളിയിക്കാൻ തങ്ങളുടെ ധീരരായ ഉപ്പാപ്പ മാരുടെ കഥകൾ പറഞ്ഞു കൊണ്ടിരിക്കണം എന്ന് മാധ്യമങ്ങൾ പറയാതെ പറയുമ്പോൾ ഒരു കാര്യം ചോദിക്കട്ടെ...? ഞങ്ങൾക്ക് ഓർക്കുവാൻ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബും പുലിക്കുട്ടികളായ മഹമ്മദലിജൗഹറും ഷൗക്കത്തലിയും പിന്നെ മലബാറിലെ വീരപുത്രൻ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദാജിയും മഖ്ദൂമുമാരും മമ്പുറം തങ്ങളും വില്ലാളിവീരൻ ഉമർ ഖാളിയും തുടങ്ങി പതിനായിരങ്ങളായ ധീരദേശാഭിമാനികൾ ഉണ്ട്. അവർക്കൊപ്പം മസ്ജിദുകളിൽ മഅമൂമായി നിന്നും,  പാടത്ത് പണിയെടുത്തും ജീവിച്ച വെള്ളക്കാരുടെ തീതുപ്പുന്ന തോക്കിനു മുമ്പിൽ പതറാത്ത പാദത്തോടെ നെഞ്ചുവിരിച്ചു നിന്ന കള്ളിമുണ്ടും ബനിയനും കഥ പറയുന്ന ഞങ്ങളുടെ വല്ല്യുപ്പമാരുണ്ട്. അങ്ങനെ ഒരാളുടെ കഥ പറയാൻ നിങ്ങൾക്ക് കഴിയുമോ?

        ജാലിയൻവാലാബാഗിനൊപ്പം വാഗൺ ട്രാജഡിയും പൂക്കോട്ടൂരിലെ മണ്ണും മലബാറും  ഇന്നും ബ്രിട്ടന്റെ പഴയക്കാല പട്ടാളത്തിന്റെ ശവക്കല്ലറകൾ വരെ വിറപ്പിക്കുന്നുണ്ടാകും. പണത്തിന്റെയും യന്ത്രത്തിന്റെയും ഹുങ്കിൽ പാവപ്പെട്ടവരെ പിഴിയാൻ വന്നവരെ ഈമാനിന്റെ ഉരുക് ശക്തികൊണ്ട് നിലംപരിശാക്കിയ നമ്മുടെ വല്യൂപ്പമാർ പലരും ഇന്ന് ബംഗ്ലാദേശിലും ശ്രീലങ്കയിലും  ദ്വീപിലും അന്തിയുറങ്ങുന്നുണ്ട് . പലരും ജന്മദേശത്തിൽ നിന്നും ആയിരക്കണക്കിന് മൈലുകൾ അപ്പുറവും. ഇന്ന് മാനവികതയുട മായാത്ത മുദ്രയായി ശോഭിക്കുന്ന പാണക്കാട് കുടുംബത്തിൻ്റെ കാരണവർ ഹുസൈൻ ആറ്റക്കോയ തങ്ങൾ വരെ മറുനാട്ടിൽ എത്തിയത് സ്വാതന്ത്ര്യത്തിനു വേണ്ടി മാത്രമാണ്.

        ദേശസ്നേഹം വിശ്വാസത്തിൻ്റെ ഭാഗമായി പുലർത്തിയവരാണ് മുസ്ലിമീങ്ങൾ.  നിസ്കാരശേഷം ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ മഖ്ദൂം തങ്ങൾ ലഘുലേഖകൾ വിതരണം ചെയ്തതും തുഹ്ഫത്തുൽ മുജാഹിദീൻ പിറന്നതും സൈഫുൽ ബത്താർ വളർന്നതും അതുകൊണ്ടാണ്. കണക്കറ്റ വൃദ്ധ, യുവജനങ്ങളെ കൊന്നൊടുക്കിയും സ്ത്രീകളെ വിധവകളാക്കിയും മസ്ജിദുകൾ ചുട്ടെരിച്ചും നരനായാട്ടു നടത്തിയ ബ്രിട്ടീഷ് പട്ടാളത്തിന്റെ അക്രമത്തെ ചെറുത്തുനിൽക്കാൻ അവരെ വീണ്ടും വീണ്ടും പ്രേരിപ്പിച്ചത് ആ വിശ്വാസപരമായ രാജ്യസ്നേഹം തന്നെ ആയിരുന്നു. നിഷ്കളങ്കരായ ഹൈന്ദവരും മനുഷ്യസ്നേഹികളും അവരെ കെട്ടുകെട്ടിക്കാൻ ഒരുമിച്ച് നിന്നതിന്റെ അനന്തരഫലമാണ് 1947 ആഗസ്റ്റ് 15-ന്റെ പുലരിയിൽ  ചെങ്കോട്ടയിൽ ത്രിവർണ്ണപതാക പാറിയത്.
        ഗുജറാത്തിലെ സോമനാഥ് ക്ഷേത്രം പുതുക്കിപ്പണിത ശേഷം ഉദ്ഘാടനത്തിന് ക്ഷണിക്കപ്പെട്ടപ്പോൾ മതേതര ഇന്ത്യയുടെ രാഷ്ട്രപതി എന്ന നിലക്ക് അങ്ങേക്ക് അത് യോജിച്ചതല്ല എന്ന് രാഷ്ട്രപതിയോട് പറഞ്ഞ നെഹ്റുവും രാജ്യം സ്വാതന്ത്ര്യത്തിന് മധുരം പങ്കുവെക്കുമ്പോൾ വർഗീയതയുടെ അഗ്നി ആളിപ്പടർന്ന ഡൽഹിയിലെ ഗ്രാമത്തിൽ അത് അവസാനിക്കാതെ ഒരിറ്റു വെള്ളം കുടിക്കില്ല  എന്ന ശപഥം ചെയ്ത ഗാന്ധിജിയും സ്വപ്നംകണ്ട  മതേതര ഇന്ത്യക്ക് മരണമണി മുഴങ്ങുന്നത് കൂടി നാം ഓർക്കേണ്ടതുണ്ട്.

        ലോകം കണ്ട കൊലയാളി ഹിറ്റ്ലറിൽ നിന്നും വംശീയതയുടെ അധ്യായം പഠിച്ച്,ഗുജറാത്ത് വംശഹത്യ പോലെ നികൃഷ്ടവും നീചവുമായ മുദ്ര മാത്രമുള്ളവർ ഇന്ന് ഇന്ദ്രപ്രസ്ഥത്തിൽ ഇരിപ്പുറപ്പിക്കാൻ ധീരദേശാഭിമാനികളുടെ പേര മക്കളോട് പുറത്തുപോകാൻ ആവശ്യപ്പെടുമ്പോൾ ഈ മണ്ണിന് അവരുടെ രക്തത്തിന്റെ വർണ്ണവും മണവും ഉണ്ടെന്ന് ഓർമ്മപ്പെടുത്തുകയാണ്. ഒപ്പം ഒരു കാര്യം കൂടി ,സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തോട് സന്ധിയില്ലാസമരപോരാട്ടങ്ങൾ നടത്തി കരാളഹസ്തങ്ങളിൽ നിന്നും സ്വാതന്ത്ര്യം നേടിയെടുത്തെങ്കിൽ അവരുടെ ദീപ്ത സ്മരണകൾ അയവിറക്കുന്ന ഈ മണ്ണിൽ നിന്നും ഫാസിസത്തിന്റെ അടി വേരറുക്കാൻ മതേതര ഇന്ത്യ ഇനിയും ഒരുക്കമാണ്. അത്തരം ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ സ്വാതന്ത്ര്യ ദിനം..........

Post a Comment

Note: only a member of this blog may post a comment.

[blogger][facebook][disqus]

ivythemes

{facebook#https://fb.com/alathoorpadidars} {twitter#https://twitter.com/alathurpadidars} {google-plus#https://plus.google.com/+ALATHURPADIDARS} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://youtube.com/alathoorpadidars} {instagram#YOUR_SOCIAL_PROFILE_URL}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget