September 2020

 





റംസാൻ ഇളയോടത്ത്

 (യുവ എഴുത്തുകാരൻ)

       ചരിത്രങ്ങളിൽ നാമങ്ങൾക്ക് വളരെയധികം പ്രാധാന്യമാണുള്ളത് .നാമങ്ങൾ ചരിത്രത്തിന്റെ അടയാളങ്ങളായി നില നിൽക്കുന്നു .ആ നാമങ്ങളിലൂടെ അതിന് പിന്നിലുള്ള ചരിത്രത്തെ പുതു തലമുറ ഓർത്തു കൊണ്ടിരിക്കുന്നു .നാമങ്ങൾ സ്ഥലനാമങ്ങളോ സംഭവ നാമങ്ങളോ ആകാം .അവ രണ്ടും ഒരുപോലെ ചരിത്രത്തെയും ഭാവി തലമുറയെയും പിടിച്ചു കുലുക്കാൻ ശേഷിയുള്ളതാണ് . ചരിത്രത്തെ മായ്ച്ചു കളഞ്ഞ് അവിടെ തങ്ങളുടെ വംശീയ ശുദ്ധിയുടെ ചരിത്രത്തെ പ്രതിഷ്ഠിക്കാൻ സ്വേച്ഛാധിപതികൾ ചെയ്തിരുന്ന പ്രക്രിയ ചരിത്രത്തിൽ തങ്ങൾക്ക് മായ്ച്ച് കളയേണ്ട സംഭവങ്ങളുടെയോ സ്ഥലങ്ങളുടെയോ നാമങ്ങൾ മായ്ച്ച് അവിടെ പുതിയത് ചേർക്കുക എന്നതായിരുന്നു .അതായിരുന്നു ജർമ്മനയിൽ ഹിറ്റ്ലർ ചെയ്തതും ഹിന്ദുത്വ ഭരണകൂടത്തിനടിയിൽ പെട്ട നമ്മുടെ രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നതും .നമ്മുടെ രാജ്യത്ത് പ്രത്യേകിച്ച് ഉത്തർപ്രദേശിൽ ഹിന്ദുത്വ ശക്തികൾ അധികാരം പിടിച്ചടക്കിയതിന് ശേഷം മുഗൾഭരണകാലത്തിന്റെ ചരിത്രങ്ങൾ പേറിയിരുന്ന ഒരുപാട് സ്ഥലങ്ങളുടെയും നിർമ്മിതികളുടെയും പേരുകൾ അവർ തിരുത്തിയിരിക്കുന്നു.അലഹാബാദിനെ പ്രയാഗ് രാജ് എന്ന് പുനർ നാമകരണം ചെയ്തത് അതിനൊരുദാഹരണമാണ് .പ്രാചീന ഇന്ത്യ ഭരിച്ചിരുന്ന രാജവംശത്തിലെ ശക്തരായ മുഗൾ ഭരണകൂടത്തിന്റെ ഓർമ്മകൾ രാജ്യത്ത് നിന്ന് തുടച്ചു നീക്കുക  വഴി അവർ ലക്ഷ്യമിടുന്നത് രാജ്യത്തെ മുസ്ലിം പൈതൃകങ്ങളെ മായ്ച്ച് കളഞ്ഞു അവരെ സാംസ്കാരിക ഷണ്ഡരാക്കുക എന്നതാണ് . ഒരു ജനതയോട് ചെയ്യാൻ കഴിയാവുന്ന ഏറ്റവും വലിയ ക്രൂരത ഒരു കൂട്ടക്കൊലയല്ല ,മറിച്ച് അവരുടെ പൈതൃകങ്ങളും ചരിത്രങ്ങളും അവരുൾക്കൊള്ളുന്ന സമൂഹത്തിൽ നിന്ന് തുടച്ചു മാറ്റുക എന്നതാണ് .ഒരു വംശീയ കൂട്ടക്കൊല കൊണ്ട് ഒരു തലമുറയെ മാത്രമേ നശിപ്പിക്കാനാവൂ .അടുത്ത തലമുറ വീണ്ടും ഉയർത്തെഴുന്നേൽക്കും .എന്നാൽ അവരുടെ ചരിത്രം ഇല്ലാതാക്കുക വഴി അവരുടെ അവകാശങ്ങളെ മേൽ വിലാസങ്ങളെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത് .അത് ഒരു തലമുറയെയല്ല ഈ ലോകം നില നിൽക്കുന്ന കാലത്തോളം ഇവിടെ എത്ര തലമുറകൾ കടന്ന് പോകുന്നുവോ അവരെയെല്ലാം പ്രതികൂലമായി ബാധിക്കും . മേൽ വിലാസമില്ലാത്തവൻ അനാഥനാണ് .ഒരു കുഞ്ഞ് അനാഥനാണെന്ന് പറയുന്നത് അവന് മേൽവിലാസമില്ലാതെയാകുമ്പോഴാണ് .നിങ്ങളിൽ ഗോത്രവും വർഗ്ഗവും നൽകിയിരിക്കുന്നത് നിങ്ങളെ പരസ്പരം തിരിച്ചറിയാൻ വേണ്ടിയാണെന്ന ഇലാഹി വചനവും മേൽ പറഞ്ഞതിന്റെ പ്രാധാന്യം വെളിവാക്കുന്നുണ്ട് . 

      ചരിത്ര വായനകളിൽ അല്ലെങ്കിൽ ചരിത്ര ക്ലാസുകളിൽ നമ്മുടെ സമുദായം തെറ്റിദ്ധരിക്കപ്പെട്ട ചില വാക്കുകളെ ഉദ്ധരിച്ചു അതിനെ തിരുത്തി എഴുതിക്കുക എന്നതാണ് ഈ ലേഖനത്തിന്റെ ആകെത്തുകയായി ഉദ്ദേശിക്കുന്നത് . ചരിത്ര വായനയുടെ അല്ലെങ്കിൽ വിശദമായി പറഞ്ഞാൽ ഇന്ത്യ ചരിത്ര വായനയിൽ നമ്മുടെ സമുദായം ആവർത്തിക്കുന്ന എതാനും ചില തെറ്റുകളുണ്ട് .അതിലൊന്നാണ് നമ്മുടെ രാജ്യത്തെ 'ഭാരതം' എന്ന് വിളിക്കുന്നത് .ഭാരതം എന്നത് ഐതിഹ്യത്തിലെ നമ്മുടെ രാജ്യത്തെ സൂചിപ്പിക്കുന്ന ഒരു വാക്ക് മാത്രമാണ് .അല്ലാതെ അതൊരു ചരിത്ര നാമമല്ല .ഭാരതത്തെ കുറിച്ച് ഐതിഹ്യത്തിൽ പറയുന്നത് നോക്കാം .അതിപുരാതന കാലത്ത് ഈ ഉപഭൂഖണ്ഡം മുഴുവൻ ഭരതൻ എന്നു പേരുള്ള ഒരു ചക്രവർത്തി ഭരിച്ചിരുന്നു എന്ന് പുരാണങ്ങൾ പറയുന്നു. മഹാഭാരതത്തിന്റെ ആദ്യപർവത്തിൽ ഭരതചക്രവർത്തിയെക്കുരിച്ചുള്ള പരാമർശമുണ്ട്. ഭരതരാജാവിന്റെ പേരിൽ നിന്നാണ് ഭാരതം എന്ന പേര് ഉടലെടുത്തത്.

ശകുന്തളയുടെ പുത്രനായിരുന്നു ഈ ഭരതൻ എന്നും പുരാണങ്ങൾ പറയുന്നു.

വിഷ്ണുപുരാണം ഭാരതവർഷത്തെ ഇപ്രകാരം വർണ്ണിക്കുന്നു:

ഉത്തരം യത് സമുദ്രസ്യ

ഹിമാദ്രൈശ്ചൈവ ദക്ഷിണം

വർഷം തദ് ഭാരതം നാമ

ഭാരതീ യത്ര സംതതിഃ

അതായത് ,സമുദ്രത്തിന്റെ ഉത്തരഭാഗത്തായും ഹിമാലയ പർവതത്തിന്റെ  ദക്ഷിണ ഭാഗത്തായുമുള്ള ഈ ഭൂവിഭാഗത്തിന്റെ നാമം ഭാരതം.

ചുരുക്കത്തിൽ ഹിന്ദു മിത്തോളജി അടിസ്ഥാനമാക്കിയുള്ള ഒരു ഐതിഹ്യ കഥാപാത്രമായ ഭരതൻ ഭരിച്ചിരുന്ന നാട് എന്നർത്ഥത്തിലാണ് 'ഭാരതം'എന്ന് വിളിച്ചു പോരുന്നതെന്നല്ലാതെ ഇതിന് പിന്നിൽ ചരിത്ര സത്യങ്ങളില്ല .ഇതൊന്നുമറിയാതെ നമ്മുടെ എഴുത്തുകാരും വാഗ്മികളും പണ്ഡിതന്മാരും  ഇന്ത്യയെ ഭാരതം എന്ന് അവരുടെ എഴുത്തുകളിലൂടെയും പ്രസംഗംങ്ങളിലൂടെയും ആവർത്തിച്ചു പോരുന്നു .സിന്ധു നദീ തീരത്ത് താമസിക്കുന്നവർ എന്നർത്ഥമാക്കി 'സിന്ധി 'എന്നും അത് പിന്നീട് പരിണമിച്ച് 'ഹിന്ദി ' എന്നും സിന്ധൂ നദീ തീരത്തെ  പ്രദേശത്തെ  'സിന്ധ് ','ഹിന്ദ് 'എന്നും അറബികൾ വിളിച്ചു പോന്നിരുന്നു എന്നത് മാത്രമേ ചരിത്രത്തിൽ കാണാനാകൂ .ഗൾഫ് രാജ്യങ്ങളിലെ ചില അറബികൾ ഇപ്പോഴും ഇന്ത്യക്കാരെ ഹിന്ദികൾ എന്നു വിളിക്കാറുണ്ട് .എന്ത് കൊണ്ട്  'ഹിന്ദ്‌ '  എന്നും 'സിന്ധി ' എന്നുമുള്ള ചരിത്ര വാക്കുകളെ മായ്ച്ച് കളഞ്ഞു 'ഭാരതം' ,'ഭാരതീയർ 'എന്ന വാക്കുകൾക്ക് ഇടം നൽകപ്പെട്ടു എന്നത് കൂടി നമ്മൾ അന്വേഷിക്കേണ്ടതുണ്ട് .ഭാരതം എന്നത് സംഘ് പരിവാർ ഐഡിയോളജി പാലും, പഴവും കൊടുത്ത് വളർത്തുന്ന ആശയമാണ് .ചരിത്ര സത്യങ്ങളെ മായ്ച്ച് പകരം ഭരതന്റെ നാട് എന്നർത്ഥമുൾക്കൊള്ളുന്ന ഭാരതം എന്ന വാക്കിനെ പ്രതിഷ്ഠിക്കുക വഴി അവർ ചെയ്യുന്നത് വൈവിധ്യമായ സംസ്കാരങ്ങളും,  മതങ്ങളും നില നിൽക്കുന്ന ഈ രാജ്യത്തെ ഒരു ഏക ശിലാത്മക സംസ്കാരത്തിലേക്കും മതത്തിലേക്കും ചേർത്തു വെക്കുകയും അത് വഴി തങ്ങളുടെ വംശീയ അജണ്ടകൾ നടപ്പിലാക്കുകയും ചെയ്യുക എന്നതുമാണ് .സംഘപരിവാറിന്റെ ലക്ഷ്യങ്ങളിലൊന്ന് 'അഖണ്ഡ ഭാരതമാ'ണ് .ആ അഖണ്ഡ ഭാരത ഭൂപടത്തിൽ ഇന്ത്യ മാത്രമല്ല ,അയൽ രാജ്യങ്ങളായ പാകിസ്ഥാനും ബംഗ്ലാദേശിനും,   നേപ്പാളിനും,  ഭൂട്ടാനുമൊക്കെ ഉൾക്കൊള്ളാവുന്ന വിശാലതയുണ്ട് .അഖണ്ഡ ഭാരതത്തിലൂടെ അവർ ലക്ഷ്യമിടുന്നത് ഇന്ത്യൻ  ഉപഭൂദണ്ഡത്തിന്റെ വംശീയപരമായ ശുദ്ധി ബ്രാഹ്മണിക്കൽ ഹിന്ദൂയിസത്തിനാണെന്ന് സ്ഥാപിച്ച് ഈ ഉപഭൂഖണ്ഡത്തിന്റെ അധികാരം തങ്ങളുടെ കാൽ കീഴിൽ കൊണ്ടു വരിക എന്നതാണ് . സംഘപരിവാറിന്റെ ഈ അഖണ്ഡ ഭാരതം എന്ന ഐഡിയോളജി നടപ്പിലാക്കാൻ അവർക്ക്  വേണ്ടിയിരുന്നത് രാജ്യത്തെ ജനങ്ങളുടെ മനസ്സിൽ ഭാരതം എന്ന ആശയത്തെ കുടിയിരുത്തുകയും അവരുടെ മനസ്സിനെ ഭാരതം എന്ന ഐഡിയോളജിയിലേക്ക് കൊണ്ടു വരികയും ചെയ്യുക എന്നതായിരുന്നു .അതിനവർ ഉപയോഗപ്പെടുത്തിയത് ചരിത്രത്തേയും സാംസ്കാരിക മേഖലെയുമാണ് .രാജ്യത്തിന്റെ ചരിത്രത്തിലും സാംസ്കാരിക രംഗങ്ങളിലും അവർ അവരുമായി ബന്ധമുള്ളവരുടെ സഹായത്തോടെ ഭാരതം എന്ന വാക്ക് കൂട്ടി ചേർത്തു.പതിയെ അത് തിരിച്ചറിയാൻ പറ്റാത്ത ഒന്നായി നമ്മുടെ സമസ്ത മേഖലകളിലും അലിഞ്ഞു ചേർന്നു .ഭാരതം എന്ന വാക്കിനു പിന്നിൽ ഇത്തരമൊരു ലക്ഷ്യമുള്ളത് തിരിച്ചറിയാതെ നമ്മുടെ നേതാക്കന്മാർ ഇപ്പോഴും ഈ രാജ്യത്തെ ആ പേരിൽ അഭിസംബോധന ചെയ്യുകയാണ് .സംഘ്പരിവാർ ആശയങ്ങളെ എതിർക്കാൻ വിളിച്ചു കൂട്ടിയ സമ്മേളനങ്ങളിലും സെമിനാറുകളിൽ പോലും ഇതാവർത്തിക്കുന്നു എന്നതാണ് വലിയ വിരോധാഭാസം . ഈയൊരു വാക്കിനു പിന്നിലെ കെട്ടുകഥകളെ അറിയാത്തത് കൊണ്ടാണ് അവർക്കിങ്ങനെ തെറ്റ് പറ്റുന്നതെങ്കിൽ ഇനിയെങ്കിലും തിരുത്താൻ അവർ തയ്യാറാകണം .അറിഞ്ഞിട്ടും അൾട്രാ സെക്യൂലറിസത്തിന്റെ പുതപ്പിട്ടു മൂടാനാണ് ലക്ഷ്യമെങ്കിൽ ആ പുതപ്പിനുള്ളിൽ കൂടുതൽ കാലം സുരക്ഷിതരല്ല എന്നേ പറയാനൊക്കൂ .  

      ഇതേ പോലെ തന്നെ നമുക്ക് തെറ്റു പറ്റിയ ഒരു മേഖലയാണ് മലബാർ സമരവും(മലബാർ കലാപം ) വാഗൺ കൂട്ടക്കൊലയും(വാഗൺ ട്രാജഡി).മാസങ്ങൾക്ക് മുൻപ്  മലയാള സിനിമയിലെ പ്രമുഖർ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിത കഥയെ ആസ്പദമാക്കി ഒരു സിനിമയുടെ പ്രഖ്യാപനം നടത്തിയത് മുതൽ നമ്മുടെ ചർച്ചാ മണ്ഡലത്തിലേക്ക് വീണ്ടും മലബാർ സമരം കടന്നു വന്നിരിക്കുകയാണ് .അത് പോലെ തന്നെ മലബാർ സമരത്തിന് അടുത്ത വർഷം ഒരു നൂറ്റാണ്ട് തികയുകയുമാണ് .മലബാർ സമരത്തിന്റെ യുദ്ധഭൂമിയായ ഏറനാടും,  പൂക്കോട്ടൂരും ജീവിക്കുന്ന നമ്മൾ ഈ വിഷയത്തിൽ ആവർത്തിച്ചു പോരുന്ന മറ്റൊരു തെറ്റാണ് ഈ പോരാട്ടത്തെ കലാപം എന്ന് വിളിച്ചു എന്നത് .മലബാർ സമരത്തെ കുറിച്ച് പ്രബലമായ രണ്ട് ചരിത്രവസ്തുതകളാണുള്ളത് .മലബാറിലെ മാപ്പിളമാർ കർഷക കുടിയാന്മാരായിരുന്നുവെന്നും ഇവർ ജന്മിമാരുടെ പീഡനങ്ങളിൽ പൊറുതിമുട്ടി ആരംഭിച്ച സമരമാണിതെന്നും  ആ സമരത്തെ അടിച്ചമർത്താൻ ജന്മിമാരെ ബ്രീട്ടീഷ് സേന സഹായിച്ചെന്നും സ്വാഭാവികമായി മാപ്പിളമാരുടെ പോരാട്ടം അവർക്കെതിരെയായി എന്നുമാണ് ഒരു വസ്തുത . മറ്റൊന്ന് , മുസ്ലിംകളുടെ ഖിലാഫത്ത് നേതാവായിരുന്ന ഓട്ടോമൻ സുൽത്താനെ ബ്രിട്ടീഷുകാർ പരാജയപ്പെടുത്തിയതിലുള്ള പ്രതിഷേധം മൂലമാണ് മാപ്പിളമാർ ബ്രിട്ടീഷുകാരോട് യുദ്ധം ചെയ്തത് എന്നുമാണ് .ഈ രണ്ട് വസ്തുതകളിൽ ഏത് സ്വീകരിച്ചാലും അതിന്റെയെല്ലാം അവസാന ലക്ഷ്യം മാപ്പിളമാർക്കുണ്ടായിരുന്നത് ബ്രിട്ടീഷുകാരുടെ നീചമായ ഭരണത്തിൽ നിന്ന് ഈ നാടിനെ രക്ഷിച്ച് ഇവിടെ ഒരു സമാധാന ജീവിതം കൊണ്ട് വരിക എന്നതായിരുന്നു . അത്തരമൊരു ലക്ഷ്യത്തോടെ മലബാറുകാർ നടത്തിയ ഈ പോരാട്ടത്തെ ചരിത്രം രേഖപ്പെടുത്തിയത്  'കലാപം' എന്ന വാക്കുപയോഗിച്ചായിരുന്നു . 'യുദ്ധം ' എന്ന വാക്കിന്റെ യഥാർത്ഥ ധ്വനിയല്ല 'കലാപം ' എന്ന വാക്കിനുള്ളത് .യുദ്ധം എന്ന വാക്ക് നന്മക്ക് വേണ്ടിയുള്ള പോരാട്ടമാണെങ്കിൽ  കലാപം എന്ന വാക്ക് തിന്മയിലധിഷ്ഠിതമായ  അക്രമത്തെയാണ് സൂചിപ്പിക്കുന്നത് .മലബാർ യുദ്ധത്തെ കലാപം എന്ന വാക്കിൽ കൂട്ടിച്ചേർത്തെഴുതിയത് പിന്നീട് വരുന്ന തലമുറയിൽ ഇതിനെ ഒരു മുസ്‌ലിം വർഗ്ഗീയ കലാപമാക്കി ചിത്രീകരിക്കാനും രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിലെ മുസ്ലിം സാന്നിധ്യത്തെ മായ്ച്ചു കളയാനുമാണ് .അത് മനഃപൂർവ്വം ചെയ്തതുമാണ് .അന്നത്തെ ചരിത്രകാരന്മാർ മുഴുവനും സവർണ ഹിന്ദുക്കളായിരുന്നു .സവർണ ഹിന്ദുക്കൾ തന്നെയായിരുന്നു കുടിയാന്മാരെ പീഡിപ്പിച്ചിരുന്ന ജന്മിമാരും .അത് കൊണ്ട് തന്നെ അവരൊരിക്കലും അവരുടെ ക്രൂരതകളുടെ കഥ വരുന്ന തലമുറയെ അറിയിക്കാൻ താല്പര്യപ്പെടില്ല .മറിച്ച് അത് തങ്ങളുടെ നേരേ നടന്ന മുസ്ലിംകളുടെ വർഗ്ഗീയ കലാപമാക്കി ചിത്രീകരിച്ച് അതിൽ നിന്നും സിംപതി നേടാനേ ശ്രമിക്കുകയുള്ളൂ .അത് പോലെത്തന്നെയാണ്  വാഗൺ ട്രാജഡി എന്ന് ചരിത്രത്തിൽ രേഖപ്പെടുത്തി വെച്ചിട്ടുള്ള വാഗൺ കൂട്ടക്കൊലയുടെ കാര്യവും . ട്രാജഡി (ദുരന്തം) എന്ന വാക്ക് അർത്ഥമാക്കുന്നത് മനഃപൂർവ്വമല്ലാതെ സംഭവിക്കുന്ന അപകടങ്ങളെയാണ് .ഇവിടെ വാഗൻ കൂട്ടക്കൊല നടന്നത് ഒരു അസ്വാഭാവിക പ്രവർത്തിയല്ല .കോയമ്പത്തൂരിലേക്ക് ഒരു ചരക്ക് തീവണ്ടിയിൽ മനുഷ്യരെ കുത്തിനിറച്ച് കൊണ്ടുപോയാൽ അവർ മരണപ്പെടും എന്ന സത്യം മനസ്സിലാക്കാൻ ബുദ്ധിയില്ലാത്തവരാവില്ല  ബ്രിട്ടീഷുകാർ .എന്നിട്ടും അവരിങ്ങനെ ചെയ്തത് മാപ്പിളമാർ കൊല്ലപ്പെടണമെന്ന ആസൂത്രിത ലക്ഷ്യത്തോടെ തന്നെയാണ് . എന്നിട്ടും ഇതിനെ ചരിത്രം രേഖപ്പെടുത്തിയത് കേവലമൊരു ദുരന്തമായിട്ടാണ് .പഞ്ചാബിൽ നടന്ന ജാലിയൻ വാലാബാഗ് വെടിവെപ്പിനെ കൂട്ടക്കൊലയായി വിളിക്കപ്പെടുമ്പോഴും നമ്മുടെ പൂർവികരെ കൂട്ടക്കൊല ചെയ്ത സംഭവത്തിനെ നാമിപ്പോഴും വിളിക്കുന്നത് ദുരന്തം എന്ന് വിശേഷിപ്പിച്ചാണ് . 

        ചരിത്രത്തിൽ നമ്മൾ ഒരുപാട് ഇടങ്ങളിൽ കെണികളിൽ വീണു പോയിട്ടുണ്ട് .ഇനിയും നമുക്ക് മുൻപിൽ ഒരുപാട് കെണികൾ ഒരുക്കിവെച്ചിട്ടുമുണ്ട് .നിരന്തരമായ ചരിത്രവായനകളിലൂടെ ഇത്തരം കെണികളെ തിരിച്ചറിഞ്ഞ് അതിനെയൊക്കെ തകർത്തെറിഞ്ഞു മുന്നോട്ട് പോവുക എന്നതാണ് ഈ സ്വത്വ പ്രതിസന്ധി കാലത്ത് നമ്മൾ ചെയ്യേണ്ടത് .




മുഹമ്മദ്‌ ഫാരിസ്  പഴയന്നൂർ

(STATE MEMBER , SKSSF IBAD COMMITTEE)

           പിറന്നതും കാതുകളിൽ ബാങ്കും,  ഇഖാമത്തും ഉപ്പ മാറിമാറി വിളിച്ചു, ചോറ് കഴിക്കാൻ മടിച്ചപ്പോൾ അല്ലാഹു ശിക്ഷിക്കുമെന്ന് ഉമ്മ പറഞ്ഞു, നബിദിന പരിപാടികളിൽ അവതരിപ്പിക്കാനായി നബി (സ) യെ കുറിച്ച് കുറച്ചൊക്കെ പഠിച്ചു. ഇതിലപ്പുറവും പതിനാലു നൂറ്റാണ്ടിന്റെ പാരമ്പര്യം പറയുന്ന ശരാശരി മലയാളി മുസ്‌ലിമിന്റെ വിശ്വാസധാരക്ക് കാര്യമായ വൈജ്ഞാനിക  അടിത്തറയില്ല. 

         കഴിഞ്ഞ കാലമത്രയും അതു വേണ്ടിയിരുന്നുമില്ല. കാരണം അവർ അല്ലാഹുവിനെ ഓർമപ്പെടുത്തുന്ന ധാരാളം മനുഷ്യരെ കണ്ടിരുന്നു.  മാല, മൗലിദ് റാതീബുകളിലൂടെ അല്ലാഹുവിനോടും,  അവന്റെ ദൂതരോടും ആ വഴി നടന്നവരോടും ഉള്ള സ്നേഹത്തെ പാടിപ്പുകഴ്ത്തുക വഴി അവരുടെ ആത്മാവുകൾ സ്ഫുടം ചെയ്യപ്പെട്ടിരുന്നു.  ഇന്ന് നമുക്ക് ആ അനുഭൂതി നഷ്ടപ്പെട്ടിരിക്കുന്നു. സദസ്സുകളിൽ നല്ല  ഭക്ഷണവും സൗഹൃദവുമല്ലാതെ ലഭ്യമാവുന്നുമില്ല. ഒപ്പം എല്ലാവരും അറിയാനും ആരായാനും തുടങ്ങിയിരിക്കുന്നു. ആത്മീയമായ ഇസ്‌ലാമിനെ നഷ്ടപ്പെട്ടതിനാൽ ബൗദ്ധികമായ ഇസ്‌ലാമിനെ  പ്രതിഷ്ഠിക്കേണ്ടിയിരിക്കുന്നു. 

        ഉമ്മയും ഉപ്പയും പറഞ്ഞു, ഉസ്താദുമാർ പഠിപ്പിച്ചു എന്നതിലപ്പുറം അല്ലാഹു ഉണ്ടെന്നും അവൻ ദൂതരെ അയച്ചെന്നും മുഹമ്മദ്‌ നബി (സ) അവരിലെ പ്രധാനിയാണെന്നും ഖുർആൻ അല്ലാഹുവിന്റെ സംസാരമാണെന്നും  വിശ്വസിക്കുന്നതിന് തെളിവുകൾ വേണം. അതു നൽകാൻ നമുക്ക് കഴിയുന്നില്ലെങ്കിൽ അടുത്ത തലമുറ തള്ളിപ്പറയുമെന്നതിൽ സംശയമില്ല (അല്ലാഹു കാക്കട്ടെ). വിശ്വാസത്തിന് തെളിവന്വേഷിച്ചു നാമധികം വിയർക്കേണ്ടതേയില്ല. മുൻഗാമികളുടെ എഴുത്തുകൾക്ക് കണ്ണ് നൽകുക മാത്രം മതി. ഇമാം ഗസാലി (റ)യെ പോലെ,  ഫഖ്‌റുദീനു റാസി(റ )യെ പോലെ മുന്നേ നടന്നവരുടെ പിന്നാലെ നടക്കാൻ ഒരുങ്ങുക.അത്തരമൊരു പുനർവായനക്ക് പ്രചോദനമാകാൻ അൽപം പറയാം. 

         കണ്ണു തുറന്ന് ചുറ്റിലേക്കും നോക്കിയാൽ അല്ലാഹുവിന്റെ ഏകത്വത്തെ അനുഭവിക്കാതിരിക്കാനാവില്ല. ഇബ്രാഹിം നബി (അ) അങ്ങനെയാണ് തന്റെ നാഥനെ കണ്ടെത്തിയത്. ഒരു കാരണത്തെ തുടർന്നാണ് പ്രപഞ്ചത്തിലെ സകല കാര്യങ്ങളും സംഭവിക്കുന്നത്. സകല സൃഷ്ടികൾക്കും കരണമുണ്ടാകും. പ്രപഞ്ചം ഒരു സൃഷ്ടിയാണെന്ന് തെളിഞ്ഞ സ്ഥിതിക്ക് ഇതിനൊരു പടച്ചവൻ ഉണ്ടാവണം. അവൻ അപരനാൽ പടക്കപ്പെടാത്തവനുമാവണം. അല്ലെങ്കിൽ ആ ചങ്ങല അങ്ങു നീണ്ടു പോകും. അത് അയുക്തികമാണ്. യുക്തിപരമല്ലാത്തതിനാൽ മാത്രമല്ല  അത് സംഭവ്യമല്ലെന്ന് വിധിക്കുന്നത്. മറിച്ച് അത് അസംഭവ്യമായതു കൊണ്ടു തന്നെയാണ്.  

        പുതിയ ഒരു സിദ്ധാന്തം തെളിയിക്കാനുള്ള ശ്രമമാണ്. വിഷയാവതരണം കഴിഞ്ഞപ്പോൾ വിധികർത്താക്കൾ ചോദിച്ചു. തെളിവെന്താണ്?. അത് മറ്റൊരു സിദ്ധാന്തമാണ്. അത് തെളിയിക്കപ്പെട്ടതാണോ? അല്ല, മറ്റൊരു തെളിയിക്കപ്പെടാത്ത സിദ്ധാന്തമാണ് അതിന്റെയും തെളിവ്. ഇങ്ങനെ പോയാൽ ഒരിക്കലും അയാളുടെ തിയറിയെ അവർ അംഗീകരിക്കാൻ പോവുന്നില്ല.അപ്പോൾ ഒരു കാര്യം വ്യക്തം. തുടക്കമുണ്ടായതിനാൽ തുടക്കക്കാരനുമുണ്ട്. എങ്കിലും അത് അല്ലാഹു ആകണമെന്നില്ലല്ലോ? നല്ല ചോദ്യം....

        ഉത്തരത്തിനായി ഒന്നുടെ ചുറ്റിലും നോക്കാം. നിന്റെ കണ്ണ് പ്രകാശം കടത്തിവിടുന്നു. ആ തരംഗങ്ങളെ മസ്തിഷ്‌കം തിരിച്ചറിയുന്നു. അപ്പോൾ മാത്രമാണ് കാഴ്ച നടക്കുന്നത്. ആരാണ് പ്രകാശം കടത്തിവിടുന്ന രീതിയിൽ ആ അവയവത്തെ പരുവപ്പെടുത്തിയത്?  ശരീരശാസ്ത്രത്തെ അധികം ആവർത്തിക്കേണ്ടതുമില്ല. കൂടുതൽ ഉദാഹരണങ്ങൾ  നമുക്കറിയാവുന്നതാണല്ലോ. ഇനി ചുറ്റിലേക്കും നോക്കാം. വസിക്കുന്ന ഭൂമി അൽപം ഭാരം കൂടിയതാണെങ്കിൽ ഗ്രാവിറ്റി കാരണം  നടക്കുക നമുക്ക് അസാധ്യമായേനെ. അങ്ങനെ നോക്കുകിൽ പ്രത്യേക ആവശ്യം നിറവേറ്റാൻ കഴിയുന്ന രീതിയിൽ സകലതിനെയും സംവിധാനിച്ചവന് ഒരു ഉദ്ദേശമുണ്ടാകുമെന്നും മനസിലാക്കാം. ആ ഉദ്ദേശം സൃഷ്ടികളെ അറിയിക്കേണ്ടതും അനിവാര്യമെന്ന് ബോധ്യപ്പെടുമ്പോഴാണ് പടച്ചവനിൽ നിന്നുള്ള ദൂതരെന്ന് പരിചയപ്പെടുത്തിയവർ ശ്രദ്ധേയമാവുന്നത്. ചരിത്രത്തിൽ ചിലരങ്ങിനെ വാദിച്ചിട്ടുണ്ട്. മുഹമ്മദ്‌ നബിയുടേത് മാത്രം സത്യമാവുന്നതെന്തുകൊണ്ട് എന്ന് ചിന്തിച്ചാൽ മാത്രമേ അതിന്റെ ഉത്തരം ലഭിക്കൂ. ചിലതു മാത്രം ചേർക്കാം. 

           നാൽപതു വർഷം സത്യസന്ധനും വിശ്വസ്തനുമായി ജീവിച്ച (പൂർണാർത്ഥത്തിൽ) ഒരാൾ പെട്ടന്ന് അത് ഉപേക്ഷിക്കുമോ? സമ്പത്ത്, സുന്ദരിമാരൊത്ത ദാമ്പത്യം, അധികാരം ഇതെല്ലാം ഓഫർ ചെയ്യപ്പെട്ടിട്ടും ഉപരോധവും പലായനവും പട്ടിണിയും സഹിച്ച് ഒരാൾ കള്ളപ്രവാചകത്വം വാദിക്കുമോ? (മറ്റു തെളിവുകൾ നിരത്തി നിങ്ങളുടെ അന്വേഷണത്വരയെ ഇല്ലാതാക്കുന്നില്ല. മുഹമ്മദ്‌ നബി(സ )യെ നമ്മൾ കണ്ടിട്ടില്ലല്ലോ. പിന്നെങ്ങനെ ഇതൊക്കെ സത്യമെന്ന് ബോധ്യപ്പെടും. അങ്ങനെയെങ്കിൽ  ചരിത്രമെന്ന പഠന മേഖല തന്നെ ഉണ്ടാവില്ലല്ലോ. മറ്റേതു ചരിത്രത്തെക്കാളും വിശ്വസ്തമായ രീതിയാണ് ഇസ്‌ലാമിക ലോകത്തിന്റേത്. നബിയുടെ കാലത്ത് നടന്ന ഒരു സംഭവം ചരിത്രമായി രേഖപ്പെടുത്തണമെങ്കിൽ, ഒരു വചനം ഹദീസായി ക്രോഡീകരിക്കണമെങ്കിൽ പാലിക്കേണ്ട ഒരു രീതിയുണ്ട്. ഖബർ മുതവാഥ്വിർ ആണോ അതെന്ന് നോക്കുക. 

         അതായത് വിശ്വസ്തരും ഓർമ്മപ്പിശകില്ലാത്തവരുമായ ആളുകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട വൃത്താന്തമാണോ അതെന്ന്.  അത് മൂന്നിലധികം വ്യത്യസ്ത പരമ്പരയിലൂടെ രേഖിതമാകണം. അതായത് പ്രവാചകൻ പറഞ്ഞതും ആ ജീവിതത്തിൽ നടന്നതും  പിഴവ് വരാൻ അൽപം പോലും സാധ്യത ഇല്ലാത്ത രീതിയിലാണ് നമ്മുടെ മുന്പിലുള്ളത്.

            അപ്പോൾ ഇങ്ങനെയും സംശയിക്കണം. മുസ്‌ലിങ്ങൾ എഴുതിയ ഗ്രന്ഥങ്ങൾ മാത്രമല്ലെ തെളിവായുള്ളൂ. ആരെഴുതിയാലും അവരുടെ പഠന രീതിയും അവലംബവും തന്നെയാണ് നോക്കേണ്ടത്. മാത്രവുമല്ല ഇസ്‌ലാമിക വിമർശന ഗ്രന്ഥങ്ങൾ ആദ്യകാലം മുതൽക്കേ എഴുതപ്പെട്ടിട്ടുണ്ട്. അമവികളുടെ കാലത്ത് തന്നെ കടലാസ് നിർമാണ സാങ്കേതിക വിദ്യ ചൈനക്കാരിൽ നിന്നും പഠിച്ചെടുത്തു എന്നതിനാൽ മുസ്‌ലിങ്ങൾ എഴുത്ത് സംസ്കാരത്തിലേക്ക് പെട്ടന്ന് തന്നെ കടന്നു വന്നു എന്നത് ഒരു കുറവായി കാണരുതല്ലോ. മാത്രവുമല്ല ഖവാരിജ്, മുഅതസലി, ശിയാ, ഖദ്‌രിയ്യ, ജബരിയ്യ തുടങ്ങിയവരുടെ ശത്രുതാ പൂർവ്വവും സുന്നി പണ്ഡിതരുടെ ഗുണകാംഷാപൂർവവുമുള്ള വിമർശനങ്ങളെ അതിജീവിച്ചു എന്നത് ഇസ്‌ലാമിക ഗ്രന്ഥങ്ങളുടെ സത്യസന്ധയുടെ ഏറ്റവും വലിയ തെളിവാണ്.  

          അപ്പോൾ ചുരുക്കട്ടെ.ഏകനായ ഒരു പടച്ചവൻ ഉണ്ടെന്നും തന്റെ സൃഷ്ടിക്കു പിന്നിൽ അവനൊരു ഉദ്ദേശമുണ്ടെന്നും നമുക്ക് ബോധ്യമായി. ദൈവ ദൂതരാണെന്ന് അവകാശപ്പെട്ട മുഹമ്മദ്‌ നബി (സ) പറഞ്ഞത് സത്യമാണെന്ന് നിഷേധിക്കാനാവാത്ത തെളിവിന്റെ അടിസ്ഥാനത്തിലും (ഖബർ മുതവാഥ്വിർ) ബോധ്യമായി. അങ്ങനെ ആ പ്രവാചകൻ എത്തിച്ചു തന്നതായി തെളിഞ്ഞ ഖുർആനിൽ നിന്നും  അതിന്റെ വിശദീകരണമായ ഹദീസിൽ നിന്നും അല്ലാഹുവിനെ കുറിച്ചും അവന്റെ ഉദ്ദേശങ്ങളെ കുറിച്ചും നമുക്ക് കൂടുതൽ മനസിലാക്കാം. 

           മരണാനന്തര ജീവിതവും ലോകാവസാനവും  വിചാരണയും സ്വർഗ്ഗ നരകവും അടങ്ങുന്ന അദൃശ്യ കാര്യങ്ങളിൽ വിശ്വസിക്കാൻ രണ്ട് അടിസ്ഥാനങ്ങൾ മാത്രമാണ് വേണ്ടത്.  ഇത്‌ പറയാൻ യോഗ്യനാണ് അല്ലാഹു എന്നതാണ് ഒന്നാമത്തേത്. അല്ലാഹു പറഞ്ഞതു തന്നെയാണിതെന്ന് ഖബർ മുതവാത്വറിലൂടെ  ബോധ്യപ്പെടലാണ്  രണ്ടാമത്തേത്. 

          അടുത്ത ആഴ്ച്ച ഗ്രഹണം ഉണ്ടാകുമെന്ന് isro പറഞ്ഞാൽ എല്ലാവരും വിശ്വസിക്കുന്നത് പോലെ. ഇവിടെയും രണ്ടു കാര്യമല്ലേ നോക്കൂ. Isro ഇത്‌ പറയാൻ അർഹരാണെന്നും അവർ പറഞ്ഞു എന്നത് സത്യമാണെന്നും. ചെറുപ്പത്തിൽ തന്നെ ഇങ്ങനൊരു അടിസ്ഥാനം നമ്മുടെ മക്കൾക്ക് ലഭിക്കണം. ബുദ്ധിയിലൂടെ കണ്ടെത്തിയ ഒന്നിനെ പിന്നീടവർ തള്ളിക്കളയില്ല. പ്രബോധന വഴിയിലേക്ക് ഇറങ്ങാൻ പോകുന്നവർ എന്ന നിലക്ക് നിങ്ങൾക്ക് കൂടുതൽ കാര്യങ്ങൾ ഈ വിഷയത്തിൽ ചെയ്യാനാവും എന്ന വലിയ പ്രതീക്ഷയുണ്ട്.













|✍️മുഹമ്മദ്‌ ബഷീർ താഴെക്കോട്|


പ്രവാചക പ്രകീർത്തനങ്ങളുടെ കാവ്യശകലങ്ങൾ സംക്ഷിപ്തമായ രീതിയിൽ കോർത്തിണക്കിയതാണ് മൻഖൂസ് മൗലിദ്.സൈനുന്ദീൻ മഖ്ദൂം ഒന്നാമന്റെ തിരു കൈകളാൽ രൂപാന്തരപെട്ടതാണ് ഈ കാവ്യ രചന.
പതിനഞ്ച്, പതിനാറ് നൂറ്റാണ്ടുകളിൽ കേരളീയ മലബാറിൽ താണ്ഡവമാടിയ പ്ലേഗ്,  വസൂരി പോലുള്ള മാരകമായ പകർച്ചവ്യാധികളിൽ നിന്നും രക്ഷ നേടാനായി  മലബാറിന്റെ രക്ഷാ കേന്ദ്രവും ആത്മീയ നേതൃനിരയുടെ പുണ്യഭൂമിയുമായ പൊന്നാനിയിലെ വലിയ മഖ്ദൂമിന്റെ അടുക്കൽ വന്ന് ജനങ്ങൾ സങ്കടം പറഞപ്പോൾ അവിടുന്ന് പ്രശ്ന പരിഹാരമായി പറഞ് കൊടുത്ത ഒരു പരിഹാരമാർഗ്ഗം കൂടിയായിരുന്നു.
ഇദ്ദേഹം ആത്മീയ ധാരയിൽ ഖാദിരി ത്വരീഖത്തിന്റെ ശൈഖുമാണ്.
കേരളത്തിൽ വളരെ ഏറെ പ്രചാരമുള്ള ഈ കാവ്യരചന ആഗോളതലത്തിലും ശ്രദ്ധിക്കപ്പെടുന്ന
ഒരു പ്രവാചക പ്രകീർത്തനം കൂടിയാണ്.
വിഘടിതവാദികൾ വളരെ ആക്ഷേപിക്കുന്ന ഒരു മൗലിദ് കൂടിയാണ് മൻഖൂസ് മൗലിദ്
ഇശ്ഖിന്റെ കുത്തൊഴുക്കിൽ മുത്ത് റസൂലിനോട് പാപമോചനത്തിനായി ആവശ്യപ്പെടുന്ന ഈരടികൾ ഈ കാവ്യരചനയിൽ കാണുന്നു എന്നത് തന്നെയാണ് ഇതിന് കാരണം.
ഈ കാവ്യരചനയുടെ അവസാനമുള്ള ദുആയിൽ പതിനഞ്ച്, പതിനാറ് നൂറ്റാണ്ട് കാലഘട്ടത്തിൽ കേരളത്തെ പിടിച്ചുലച്ചിട്ടുള്ള സാക്രമിക രോഗങ്ങളിൽ നിന്നും കാവലിനെ തേടുന്നവരികൾകാണാം.
കേരളീയ പണ്ഡിതൻ മഖ്ദൂം (റ )ന്റെ  രചനയിലായത് കൊണ്ടാവാം മലബാറിൽ ഇത് ഇത്ര ഏറെ പ്രസിദ്ധിയാർജ്ജിക്കാൻ കാരണം.


മഹത്തുക്കളും,മൻഖൂസും


പ്രവാചക പുംഗവരുടെ കവികളായി അവിടുത്തെ അനുചരരിൽ നിന്ന് മുന്നൂറിൽ പരം ആളുകളെ പ്രതിപാതിക്കുന്നുണ്ട്. ഹസ്സാനുബ്നു സാബിതും, കഅബ് ബ്നു സുഹൈറുമെല്ലാം ഇവരിൽ പ്രധാനികളെന്ന് മാത്രം.
മൻഖൂസ് മൗലിദിന്റെ രചനക്ക് ശേഷം ഇത് വരെയുള്ള പണ്ഡിത മഹത്തുക്കളെല്ലാം അതിനെ വളരെയധികം
ആദരിക്കുകയും, അംഗീകാരം നൽകുകയും പല പ്രയാസ, പ്രതിസന്ധി ഘട്ടങ്ങളിലും ഇത് ചെല്ലാൻ നിദ്ദേശിക്കുകയും ചെയ്തതായി ചരിത്രത്തിൽ കാണാം.ഇവരിൽ പ്രധാനികളാണ് ഇൽമിലും, ഹിക്മതിലും പ്രോഞ്ജലിച്ച് നിന്ന പൊന്നാനി മഖ്ദൂമുമാർ, പിന്നീട് മമ്പുറം സയ്യിദ് അലവി മൗലദ്ധവീലയിലുടെയും ,അവിടുത്തെ മുരീദായ
വെളിയംകോട് ഉമർ ഖാസിയിലൂടെയുമെല്ലാം
ഇതിന് പ്രോത്സാഹനം നൽകപ്പെട്ടു.

ഒരു പ്രദേശത്ത് പകർച്ചവ്യാദി പിടിപെടുകയും ആളുകൾ പ്രയാസപ്പെടുകയും ചെയ്തപ്പോൾ മമ്പുറം തങ്ങളോട് ആവലാതി ബോധിപ്പിക്കുകയും
ചെയ്തപ്പോൾ അവർക്ക് ഒരു കൊടി നൽകുകയും കൊടിയുമായി സ്വലാത്ത് ഉരുവിട്ട് ഗ്രാമ ഗ്രാമാന്തരം സഞ്ചരിക്കാനും അവസാനം ഒരു കുന്നിന് മുകളിൽ കയറി മൻഖൂസ് മൗലിദ് പാരായണം ചെയ്ത് പിരിയാനുമായിരുന്നു കൽപ്പിച്ചത്. താനൂര് പ്രദേശത്ത് വർഷത്തിലൊരു പ്രാവശ്യം, ഇന്നും നടന്ന് വരുന്ന മൻഖൂസ് മൗലിദ് സ്ഥാപിച്ചതിൽ വെളിയംകോട് ഉമർഖാസി(റ)ന്റെ നിർദേശപ്രകാരമാണെന്ന് പറയപ്പെടുന്നുണ്ട്.അത് പോലെ തന്നെ അല്ലാഹുവിന്റെ ആരിഫീങ്ങളിൽ പ്രധാനിയായ ബഹുമാനപ്പെട്ട  അമ്പംകുന്ന് ബീരാൻ ഔലിയ ഉപ്പാപ്പയുടെ ചരിത്രങ്ങളിലും അദ്ദേഹം പല പ്രദേശങ്ങളിലും ഇതിന് നേതൃത്വം നൽകിയതായി കാണാൻ കഴിയും. ബഹുമാനപ്പെട്ട സമസ്തക്ക് ഒരു പാട് കാലം നേതൃത്വം നൽകിയ ഖുത്ബി മുഹമ്മദ് മുസ്ലിയാർ പാനൂരിൽ നാൽപ്പത് വർഷം മൻഖൂസ് മൗലിദ് ദർസ് നടത്തിയതായി കാണാം.
വിശുദ്ധ ഖുർആൻ കഴിഞ്ഞാൽ പിന്നീട് ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന ഖസീദത്തുൽ  ബുർദയടക്കമുള്ള അറിയപ്പെട്ട പ്രവാചക പ്രകീർത്തന കാവ്യങ്ങളിലധികവും രചിക്കപ്പെടാനുണ്ടായ പശ്ചാതലം പലവിധ മാറാവ്യാദി രോഗങ്ങളിൽ നിന്നും മോചനം ലഭിക്കാൻ വേണ്ടി ആയിരുന്നുവെന്ന് ചരിത്രത്താളുകൾ സാക്ഷ്യപ്പെടുത്തുന്നു.

മലബാറും മൻഖൂസും


ആഗോളതലത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന പ്രവാചക കാവ്യമായ ബുർദതുശ്ശരീഫയെക്കാൾ ഏറെ കേരളത്തിൽ പ്രചുര പ്രചാരം നേടിയ പ്രവാചക കാവ്യമാണ് മൻഖൂസ് മൗലിദ്‌. കേരളീയ മലബാറിലെ പല വീടുകളിലെയും മുഖ്യമായ പല പരിപാടികളെല്ലാം നടക്കുന്നതും ഈ കാവ്യ വായനക്ക് ശേഷമായിരിക്കുമെന്നത് കേരള മലബാറിന്റെ ഒരു വ്യത്യസ്ത സവിശേഷതയാണ്.
പ്രവാകർ (സ)യുടെ അനുയായി വൃന്ദങ്ങളിൽ നിന്നും നേരിട്ട് ദീൻ പഠിച്ച പാരമ്പര്യമാണ് കേരളത്തിനുള്ളത്.പ്രശസ്ത സ്വഹാബി മുഗീറത്ബ് ശുഅബ(റ)കേരളം സന്ദർശിച്ചത് ചരിത്രത്തിൽ കാണാം. അത് കൊണ്ട് തന്നെ എല്ലാ കാര്യങ്ങളും അവരിൽ നിന്ന് പകർത്തിയവരാണ് കേരള ജനത.
പിന്നീട് കേരളീയ മുസ്‌ലിംകൾക്ക് നേതൃത്വം നൽകിയത് പൊന്നാനി മഖ്ദൂമുമാരും, യമനീ സാദാത്തുക്കളുമാണ്.

 കോവിഡ് സാഹചര്യത്തിൽ മാല മൗലിദുകളുടെ പ്രാധാന്യം 


 വളരെ വലിയ ഒരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് ലോകം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. കോവിഡ് മഹാമാരി എല്ലാം താളം തെറ്റിച്ചിരിക്കുന്നു. ആരാധനാലയങ്ങൾ അടച്ചിട്ടിരിക്കുന്നു, ഇത്തരം ഒരു സാഹചര്യത്തിലും വിശ്വാസികളായ നമുക്ക് ആത്മീയമായ പരിഹാരമാർഗ്ഗങ്ങൾ തന്നെയാണ് ഏറ്റവും മുഖ്യം. മുൻഗാമികളായ നമ്മുടെ മഹത്തുക്കളും പണ്ഡിതന്മാരും, ഇത്തരം ആത്മീയ പരിഹാര മാർഗ്ഗങ്ങളെ കുറിച്ച് കൃത്യമായി പഠിപ്പിച്ചു തരികയും അത് എങ്ങനെയാണ് നിർവ്വഹിക്കേണ്ടത് എന്ന് കാണിച്ചു തരികയും ചെയ്തിട്ടുണ്ട്. ഇവിടെ മൻഖൂസ്  മൗലിദിന്റെ പ്രാധാന്യം പ്രത്യേകം പറയേണ്ടതില്ലല്ലോ ചരിത്രം നമ്മുടെ മുമ്പിൽ വളരെ വ്യക്തമാണ്. പ്രസ്തുത ആത്മീയ പരിഹാര മാർഗങ്ങളിൽ നാം ഒന്നുകൂടെ ശ്രദ്ധ പതിപ്പിക്കേണ്ടിരിക്കുന്നു 

മദീനയും പകർച്ച വ്യാധികളും


തിരുദൂതർ അന്ത്യവിശ്രമം കൊള്ളുന്നതും, അവിടത്തേക്ക് അഭയം നൽകുകയും ചെയ്ത പുണ്യ ഭൂമിയുമാണ് മദീന. അത് കൊണ്ട് തന്നെ തിരുനബി മദീനയെ വല്ലാതെ പ്രിയം വെക്കുകയും മദീനക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യുകയും ചെയ്തതായി ഹദീസുകളിൽ കാണാം .
മദീനയുടെ എല്ലാ പ്രവേശന കവാടങ്ങളിലും മലക്കുകൾ പാറാവ് നിൽക്കുന്നു, മദീനയിൽ പ്ലേഗും,  ദജ്ജാലും പ്രവേശിക്കില്ല. (ഹദീസ്)
കോവിഡ് ബാധിച്ച് മദീനയിൽ മരണം സംഭവിച്ചതിനെത്തുടർന്ന് തിരുവചനത്തെയും മദീനയേയും ആക്ഷേപിക്കുന്ന നിരീശ്വര, വിഘടിതവാദികൾ യാഥാർത്ഥ്യം മനസ്സിലാക്കത്തതാണ് ഇതിന് കാരണം.തിരുവചനത്തിലൂടെ നബി(സ) പറഞ്ഞത് പ്ലേഗിനെ സംബന്ധിച്ച് മാത്രമാണ്. പ്ലേഗ്എന്നത് മഹാമാരികളിൽ വളരെ ഏറെ അപകടകാരികൂടിയാണ്‌.ഇത് ഒരു സ്ഥലത്ത് പടർന്ന് പിടിച്ചാൽ നൂറ്റാണ്ടുകൾ നിലനിൽക്കുകയുംചെയ്യും.

ivythemes

{facebook#https://fb.com/alathoorpadidars} {twitter#https://twitter.com/alathurpadidars} {google-plus#https://plus.google.com/+ALATHURPADIDARS} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://youtube.com/alathoorpadidars} {instagram#YOUR_SOCIAL_PROFILE_URL}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget