October 2020
✍️മുഹമ്മദ് ശാക്കിര്‍ മണിയറ


അന്തരീക്ഷത്തില്‍ പ്രവാചക പ്രകീര്‍ത്തനത്തിന്റെ ആനന്ദ ലഹരി തീര്‍ക്കുന്ന സ്വരരാഗസുധയുടെ നാളുകളാണിനി... ആദ്യവസന്തം കടന്നു വന്നതിന്റെ ചാരിതാര്‍ഥ്യത്തിലാണ് മണ്ണും വിണ്ണും സര്‍വതും. മാനുഷത്തിന്റെ സര്‍വവിധ സൗഭാഗ്യങ്ങളുടെയും വഴിയായ പുണ്യപൂങ്കവരുടെ തിരുപ്പിറവി കൊണ്ട് ധന്യമായ ഈ വസന്തത്തില്‍ സന്തോഷിച്ചില്ലെങ്കില്‍ സന്തോഷം എന്ന പദത്തിന് എന്തര്‍ത്ഥമാണുള്ളത് എന്ന് എല്ലാവരും തിരിച്ചറിഞ്ഞ നിമിഷങ്ങള്‍... പക്ഷെ, അവയ്ക്കിടയിലും പിന്തിരിപ്പന്മാരായി പുറം തിരിഞ്ഞു നില്‍ക്കുന്നവരെയോര്‍ത്ത് പരിതപിക്കാനേ കഴിയൂ...  മൗലിദ് ആഘോഷത്തിനും അനുബന്ധ പരിപാടികള്‍ക്കും പ്രമാണികമായോ മറ്റോ യാതൊരു തെളിവുമില്ല എന്നും മറ്റും ജനങ്ങള്‍ക്കിടയില്‍ പറഞ്ഞ് പരത്തി പാവങ്ങളായ ജനങ്ങളെ അവഹേളിക്കുകയും വഴികേടിലാക്കുകയും ചെയ്യുന്ന ഇവരുടെ ഗൂഢനീക്കങ്ങള്‍ ഇനിയും നാം കണ്ടില്ല എന്ന് നടിച്ചു കൂടാ....


മൗലിദ് എന്നാല്‍ എന്ത്?

മൗലിദ് എന്ന അറബി പദത്തിന് ജനിച്ച സ്ഥലം ജനിച്ച സമയം എന്നതൊക്കെയാണ് ഭാഷാര്‍ത്ഥം. ജനങ്ങള്‍ ഒരു സ്ഥലത്ത് ഒരുമിച്ചു കൂടി പദ്യരൂപത്തിലോ ഗദ്യരൂപത്തിലോ നബി(സ)യുടെ മദ്ഹുകള്‍ പറയുക, അന്നപാനീയങ്ങള്‍ വിതരണം ചെയ്യുക, നബി(സ)യുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന തരത്തിലുള്ള പ്രഭാഷണങ്ങളോ മറ്റോ നടത്തുക എന്നിങ്ങനെ സാങ്കേതികാര്‍ത്ഥത്തില്‍ മൗലിദിനെ നമുക്ക് വ്യാഖ്യാനിക്കാം. അല്ലാമാ ജലാലുദ്ദീന്‍ സുയൂത്വീ(റ) തന്റെ ഫത്താവയില്‍ ഇപ്രകാരം വ്യാഖ്യാനം നല്‍കിയതായി കാണാം. ഈ വ്യാഖ്യാനം വെച്ച് നോക്കുമ്പോള്‍ നബി(സ)യുടെ മൗലിദ് ചൊല്ലുന്ന സമ്പ്രദായം നബിയുടെ കാലം മുതല്‍ക്കേയുണ്ടെന്നും പില്‍ക്കാലത്ത് സ്വഹാബികളും താബിഈങ്ങളും ഈയൊരു സംസ്‌കൃതിയെ നെഞ്ചേറ്റിയെന്നും അങ്ങനെ നമ്മിലേക്ക് എത്തിച്ചേര്‍ന്നു എന്നുമുള്ള യാഥാര്‍ത്ഥ്യം നമുക്ക് ബോധ്യമാവുന്നതാണ്. പക്ഷെ ഇന്ന് കാണുന്ന പോലെ വിപുലമായ രീതിയില്‍ അന്ന് നടന്നിരുന്നില്ല എന്ന് മാത്രം. കാരണം കാലക്രമേണ ഓരോ കാലത്തിന്റെ ഗതിയനുസരിച്ച് ആ കാലത്തെ ആഘോഷങ്ങള്‍ക്കും, മറ്റും മാറ്റങ്ങള്‍ ഉണ്ടാവുമെന്നത് സ്വാഭാവികം മാത്രമാണല്ലോ... എങ്കിലും ഈ ആഘോഷങ്ങള്‍ക്കിടയിലും അനിസ്ലാമികമോ, ഒരു മുസ്ലിമിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്ന തരത്തിലോ ഉള്ളതായ അനാചാരങ്ങള്‍ കടന്നുകൂടുന്നത് നാം ഏറെ ശ്രദ്ദിക്കേണ്ടതുണ്ട്. കാരണം നാമൊക്കെ മുസ്ലിമീങ്ങളാണല്ലോ...സമാധാനമുണ്ടാക്കുന്നവന്‍ എന്നാണ് ആ പദത്തിന്റെ അര്‍ത്ഥം. അപ്പോള്‍ പട്ടാളവേഷം ധരിച്ചും മറ്റും വിവാദനായകന്മാരായി ഈ പരിശുദ്ധ ദിനത്തിന്റെ വിശുദ്ധിയെ ചൂഷണം ചെയ്യുന്നവരെ ഒരിക്കലും ഇസ്ലാമിന്റെ പേരില്‍ ന്യായീകരിക്കാന്‍ പറ്റുന്നതല്ല.


മൗലിദാഘോഷം പ്രമാണങ്ങളില്‍


മൗലിദാഘാഷത്തിന്റെ പ്രമാണികതയെപ്പറ്റി തെളിവുകളന്വേഷിച്ചു നടക്കുന്നവര്‍ക്ക് ഇവ്വിഷയകരമായ ഒരുപാട്  ആയത്തുകളും, ഹദീസുകളും കാണാവുന്നതാണ്. അന്ധകാര നബിഢമായ ആ ഇരുണ്ട യുഗത്തില്‍ ജീവിതം നയിച്ചിരുന്ന  കാട്ടാള ജനതയിലേക്ക് നിയുക്തനായി അവരെ ലോകജനതക്കാകമാനം മാതൃകയാകും വിധം പരിവര്‍ത്തിപ്പിച്ചെടുക്കലിലൂടെ, ഓരോ മനുഷ്യനും വിശുദ്ധ റസൂലിന്റെ അപദാനങ്ങള്‍ വാഴ്ത്തല്‍ ഒരു കടമയായിത്തീര്‍ന്നു എന്നത് ഒരു വസ്തുതയാണ്. അല്ലാഹു തആലാ പറയുന്നു: നബിയെ പറയുക, അല്ലാഹുവിന്റെ അനുഗ്രഹവും മഹത്വവും ലഭിച്ചതിന്റെ പേരില്‍ വിശ്വാസികള്‍ സന്തോഷിച്ചു കൊള്ളട്ടെ (സൂറത്തു യൂനുസ്). താങ്കളെ നാം ലോകര്‍ക്കാകമാനം അനുഗ്രഹമായിട്ടല്ലാതെ അയച്ചിട്ടില്ല എന്ന വചനത്തില്‍ നബിയെ വിശേഷിപ്പിക്കാന്‍ റഹ്മത്ത് എന്ന പദം ഉപയോഗിച്ചതില്‍ നിന്ന് മുന്‍ ആയത്തിലും അനുഗ്രഹം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് നബിയെയാണെന്ന് തഫ്സീറുത്തസത്ത്വുരിയല്‍ കാണാം.  നബി(സ) തങ്ങള്‍ തന്നെ തന്റെ മൗലിദ് ചൊല്ലുന്നതിനെ ഇഷ്ടപ്പെട്ടിരുന്നു എന്ന് ഏത് സാമാന്യ ബുദ്ധിയുള്ള ഒരാള്‍ക്കും മനസ്സിലാവുന്ന തരത്തിലുള്ള മൗലിദ് സംബന്ധമായുള്ള ഹദീസുകളിലെ പരാമര്‍ശങ്ങളും ഒട്ടനവധിയാണ്. ഇസ്ലാമിക ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളിലൊന്നായ മദീനാ ഹിജ്റാ വേളയില്‍ നബി(സ)യെ മദീനാ നിവാസികള്‍ ദഫ് കൊട്ടിയും നബിയുടെ അപദാനങ്ങള്‍ വാഴ്ത്തിയും സ്വീകരിച്ച അവസരത്തില്‍ യാതൊരു വൈമനസ്യവും കൂടാതെ അതിനെ പ്രോത്സാഹിപ്പിച്ചും അഭിനന്ദിച്ചും സജീവമായ ആഘോഷങ്ങള്‍ക്ക് അടിത്തറ പാകുകയായിരുന്നു നബി തങ്ങള്‍. 

തിങ്കളാഴ്ച്ച ദിവസം നോമ്പ് സുന്നത്താക്കപ്പെടാനുള്ള കാരണത്തെപ്പറ്റി അനുചരരിലൊരാള്‍ ചോദിച്ചപ്പോള്‍ അത് ഞാന്‍ ജനിച്ച ദിവസമായതിനാലാണ് എന്നായിരുന്നു നബിയുടെ മറുപടി. മറ്റൊരവസരത്തില്‍, നബി(സ)യുടെ വരവും കാത്ത് ഏറെ നേരം പള്ളിയിലിരുന്ന സ്വഹാബാക്കള്‍ നേരം പോക്കെന്നോണം മുന്‍കാല പ്രവാചകന്മാരുടെ അപദാനങ്ങള്‍ ഒന്നൊന്നായ് വാഴ്ത്താന്‍ തുടങ്ങി. ഇബ്റാഹിം(അ), മൂസാ(അ), ഈസാ(അ), ആദം(അ) തുടങ്ങിയ പ്രവാകന്മാരുടെ മദ്ഹുകള്‍ പാടിക്കൊണ്ടിരിക്കെയാണ് ഇത് കേട്ട് റസൂല്‍(സ) അവിടേക്ക് കടന്ന് വന്നത്. വന്ന ഉടനെ നബി(സ) പറഞ്ഞു: മുന്‍കഴിഞ്ഞ പ്രവാചകന്മാരുടെ ചരിത്രം നിങ്ങളെ അത്ഭുതപ്പെടുത്തിയത് ശരി തന്നെ, എന്നാല്‍ ഞാന്‍ അല്ലാഹുവിന്റെ ഹബീബും അന്ത്യനാളിലെ പതാകവാഹകനും ആദ്യമായി ശുപാര്‍ശ ചെയ്യുന്നവനും സ്വീകരിക്കപ്പെടുന്നവനും ആദ്യമായ് സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നവനും മനുഷ്യകുലത്തിന്റെ നേതാവുമാണ്, ഇതില്‍ അല്‍പ്പം പോലും അഹങ്കാരമില്ല. ഇമാം തുര്‍മുദി(റ) റിപ്പോര്‍ട്ട് ചെയ്ത ഈ ഹദീസിലൂടെ തന്റെ അപദാനങ്ങള്‍ വാഴ്ത്തുന്നതിനോട് റസൂല്‍ (സ) എത്രമാത്രം താത്പര്യം വെച്ചുപുലര്‍ത്തിയിരുന്നു എന്ന് വ്യക്തമാണ്. ഇതിനൊക്കെയുപരി, നബി(സ)യുടെ അപദാനങ്ങള്‍ വാഴ്ത്താനായി അന്ന് അബ്ദുല്ലാഹിബ്നു റബാഹ(റ), ഹസ്സാന് ബ്നു ഥാബിത്(റ), കഅ്ബ്ബ്നു സുഹൈര്‍(റ)വിനെപ്പോലോത്ത പ്രത്യേക സ്വഹാബാക്കള്‍ അന്നുണ്ടായിരുന്നുവെന്നത് പ്രത്യേകം പ്രസ്തവ്യമാണ്. നബിക്കെതിരെ ശത്രുക്കളില്‍ നിന്ന് കവിതാ രൂപത്തില്‍ വരുന്ന ആക്ഷേപ ശരങ്ങള്‍ക്ക്  അതേ നാണയത്തില്‍ മറുപടി കൊടുക്കാനായി ഹസ്സാന്‍(റ)വിന് മദീനാ പള്ളിയില്‍ ഒരു മിമ്പര്‍ സ്ഥാപിച്ചതും നബി തങ്ങള്‍ അദ്ദേഹത്തെ പ്രാര്‍ത്ഥിച്ചനുഗ്രഹിച്ചതും, തന്റെ അപദാനങ്ങള്‍ വാഴ്ത്തിയ കഅ്ബ്ബ്നു സുഹൈര്‍(റ)വിന് നബി(സ) തന്റെ പുതപ്പ് അണിയിച്ചു കൊടുത്തതുമൊക്കെ ചരിത്ര സത്യങ്ങളാണെന്നിരിക്കെ ഇതൊക്കെ അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിച്ച്  പുറം തിരിഞ്ഞ് നടക്കുന്നവരെ നോക്കി സഹതപിക്കാനല്ലാതെ നമുക്കെന്താണ് സാധിക്കുക.


മൗലിദ് പണ്ഡിത വചനങ്ങളില്‍

 മൗലിദാഘോഷത്തിന്റെ ആവശ്യകതയെയും അനിവാര്യതയെയും പറ്റി മുന്‍കാല പണ്ഡിതന്മാരെല്ലാം വാചാരലായിട്ടുണ്ട്. നവവി ഇമാമിന്റെ ശൈഖായ അബൂശാമ(റ) പറയുന്നു: നമ്മുടെ കാലത്തുണ്ടായ ബിദ്അത്തുകളില്‍ ഏറ്റവും നല്ല ഒന്നാണ് റബീഉല്‍ അവ്വലിലെ മൗലിദാഘോഷം. അതിനോടനുബന്ധിച്ച് ദാനധര്‍മ്മങ്ങളും നന്മകളും വര്‍ദ്ധിപ്പിക്കലും സന്തോഷം പ്രകടിപ്പിക്കലുമെല്ലാം പ്രവാചക സ്നേഹത്തില്‍ പെട്ടതാണ്. ഹസനുല്‍ ബസ്വരി(റ) പറയുന്നു: എനിക്ക് ഉഹ്ദ് പര്‍വ്വതത്തിന്റെയത്ര സ്വര്‍ണ്ണമുണ്ടെങ്കില്‍ ഞാനത് മൗലിദ് പാരായണത്തിന് വേണ്ടി ചെലവഴിക്കും. പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായ മഅ്റൂഫുല്‍ കര്‍ഖി(റ) പറഞ്ഞു: ഒരാള്‍ നബി(സ)യുടെ മൗലിദിന് വേണ്ടി ഭക്ഷണം തയ്യാറാക്കി, അല്‍പ്പം ജനങ്ങളെ ഒരുമിച്ചു കൂട്ടി വിളക്കുകള്‍ തെളിച്ച് പുതുവസ്ത്രം ധരിച്ച് സുഗന്ധം പൂശി ഭംഗിയായി മൗലിദ് സദസ്സില്‍ പെങ്കെടുത്താല്‍ ഖിയാമത്ത് നാളില്‍ അല്ലാഹു അവനെ നബിമാരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തുകയും സ്വര്‍ഗത്തില്‍ ഉന്നതസ്ഥാനീയനാക്കുകയും ചെയ്യും. ഇമാം സുയൂത്വി(റ) തന്റെ അല്‍ വസാഇല്‍ ഫീ ശര്‍ഇശ്ശമാഇല്‍ എന്ന ഗ്രന്ഥത്തില്‍ വിവരിക്കുന്നു: ഏതെങ്കിലും ഒരു പള്ളിയിലോ വീട്ടിലോ വെച്ച് മൗലിദ് പാരായണം ചെയ്യപ്പെടുകയാണെങ്കില്‍ റഹ്മത്തിന്റെ മാലാഖമാര്‍ അവരെ വലയം ചെയ്യുകയും അവരെത്തൊട്ട് വരള്‍ച്ചയെയും പരീക്ഷണങ്ങളെയും കള്ളന്മാരെയും കണ്ണേറുകളെയും അല്ലാഹു തടയുകയും ഖബ്റില്‍ മുന്‍കര്‍ നകീറിന്റെ ചോദ്യത്തിന് ഉത്തരം എളുപ്പമാക്കിത്തരുകയും ചെയ്യുന്നതാണ്. മൗലിദ് പാരായണത്തിന്റെ മഹത്വം വിളിച്ചോതുന്ന ഒട്ടനവധി ചരിത്രങ്ങള്‍ ഗ്രന്ഥങ്ങളില്‍ കാണാവുന്നതാണ്. അതിലൊന്നിനെ നമുക്കിങ്ങനെ വായിക്കാം : ഹാറൂണ്‍ റഷീദിന്റെ കാലത്ത് ബസ്വറയില്‍ ധൂര്‍ത്തനും തെമ്മാടിയുമായിരുന്ന ഒരു യുവാവുണ്ടായിരുന്നു. നിസ്‌ക്കാരം പോലും കൃത്യമായി നിസ്‌കരിക്കാത്ത അദ്ദേഹത്തെ എല്ലാവരും വെറുപ്പോടെയായിരുന്നു നോക്കിക്കണ്ടത്. പക്ഷെ, റബീഉല്‍ അവ്വല്‍ മാസം വന്നെത്തിയാല്‍ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ മട്ടാകെ മാറും. പുതുവസ്ത്രങ്ങള്‍ ധരിച്ച് സുഗന്ധം പൂശി ഭംഗിയായി മൗലിദ് പാരയണം നടത്തി വിരുന്നുകള്‍ സംഘടിപ്പിക്കുമായിരുന്നു അദ്ദേഹം ആ മാസത്തില്‍. റബീഉല്‍ അവ്വല്‍ കഴിഞ്ഞാല്‍ വീണ്ടും പഴയ പടിയാവും. കാലങ്ങളായി ഇതായിരുന്നു അദ്ദേഹത്തിന്റെ ജീവിതരീതി. അങ്ങനെ ആ മനുഷ്യന്‍ മരിച്ചപ്പോള്‍ ജനങ്ങളെല്ലാം ഒരശരീരി കേള്‍ക്കാനിടയായി : ഓ ബസ്വറക്കരേ....ഔലിയാക്കളുടെ നേതാവായ ഈ മനുഷ്യന്റെ ജനാസയിലേക്ക് കടന്നു വരൂ.... ഇത് കേട്ട ജനങ്ങളെല്ലാം അദ്ദേഹത്തിന്റെ ജനാസ സന്ദര്‍ശിക്കുകയും ശേഷം ഖബറടക്കുകയും ചെയ്തു. അന്നേ ദിവസം ആ നാട്ടിലെ ജനങ്ങളെല്ലാം ആ മനുഷ്യനെ സ്വപ്നത്തില്‍ ദര്‍ശിക്കുകയുണ്ടായി. സ്വര്‍ഗത്തിലെ ഉന്നസ്ഥാനങ്ങളില്‍ വിരാചിച്ചവനായായിരുന്നു അദ്ദേഹത്തെ അവര്‍ കണ്ടത്. ഇതിന്റെ കാരണത്തെപ്പറ്റി തിരക്കിയപ്പോള്‍ നബി(സ)യുടെ മൗലിദിനെ ബഹുമാനിച്ചതിനാലാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി (ഇആനതുത്ത്വാലിബീന്‍).


മൗലിദ്; ഉത്തമ നൂറ്റാണ്ടുകളില്‍

നബി(സ)യുടെ മൗലിദ് പാരായണം ജനകീയമാക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചവരായിരുന്നു പില്‍ക്കാലത്തെ പണ്ഡിതസൂരികള്‍. ഇന്ന് കാണുന്നത് പോലെ അല്ലെങ്കില്‍ അതിലുപരി വ്യവസ്ഥാപിതമായ രീതിയിലുള്ള മൗലിദ് സദസ്സുകള്‍ ആരംഭിച്ചത് ഹിജ്റ 630ല്‍ വാഫാത്തായ മുളഫ്ഫര്‍ രാജാവിന്റെ കാലത്തായിരുന്നു. സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹത്തിന്റെ മൗലിദ് സദസ്സകുളില്‍ പങ്കെടുക്കാന്‍ വിദൂര ദിക്കുകളില്‍ നിന്ന് പോലും ആള്‍ക്കാര്‍ എത്താറുണ്ടായിരുന്നു. ഏകദേശം മൂന്ന് ലക്ഷത്തോളം ദീനാര്‍ ചെലവഴിച്ച് കൊണ്ട് അദ്ദേഹം നടത്തിയിരുന്ന മൗലിദ് സദസ്സില്‍ അക്കാലത്തെ പ്രമുഖ പണ്ഢിതരും സൂഫി വര്യരുമെല്ലാം പങ്കെടുക്കാറുണ്ടായിരുന്നുവെന്നും അവരൊന്നും അതിനെ അനിസ്ലാമികമെന്നോ ധൂര്‍ത്തെന്നോ പറഞ്ഞ് എതിര്‍ക്കാറില്ലെന്നുമുള്ളത് ഒരു ചരിത്ര സത്യമാണ്. ഈ വലിയ ആഘോഷങ്ങളുടെ ഭാഗമായി നബി(സ)യുടെ മദ്ഹാലപിക്കാന്‍ വേണ്ടി അക്കാലത്തെ വലിയ മുഹദ്ദിസും പണ്ഡിതനുമായിരുന്ന അബ്ദുല്‍ഖത്താബ് ബ്നു ദിഹ്യ(റ) ഒരു  മൗലിദ് ഗ്രന്ഥം രചിക്കുകയുണ്ടായി. നബി(സ)യുടെ ബാല്യം, വളര്‍ച്ച തുടങ്ങിയ ചരിത്ര വികാസങ്ങളെ പദ്യമായും ഗദ്യമായും കോര്‍ത്തിണക്കി അദ്ദേഹം രചിച്ച് അത്തന്‍വീര്‍ ഫീ മൗലിദില്‍ ബശീറിന്നദീര്‍ എന്ന ഗ്രന്ഥം മൗലിദ് ഗ്രന്ഥങ്ങളുടെ കൂട്ടത്തില്‍ സുപ്രധാനമാണ്. അല്‍ഹാഫിള് അസ്സഖാവി(റ) രചിച്ച അല്‍ഫഖ്റുല്‍ അലവിയ്യ് ഫീ മൗലിദിന്നബവിയ്യ് എന്ന ഗ്രന്ഥവും, ഇബ്നു ഹജറുല്‍ ഹൈത്തമി(റ) രചിച്ച ഇത്മാമുന്നിഅ്മതി അലല്‍ ആലം എന്ന ഗ്രന്ഥവും ഇക്കൂട്ടത്തില്‍ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നതാണ്. ഇക്കൂട്ടത്തില്‍ കേരളത്തില്‍ പ്രചുര പ്രചാരം നേടിയ മൗലിദ് ഗ്രന്ഥം സൈനുദ്ദീന്‍ മഖ്ദൂം(റ) ഒന്നാമന്‍ രചിച്ച മങ്കൂസ് മൗലിദാണ്. 

പ്രമുഖ സഞ്ചാരിയായ ഇബ്നു ജുബൈര്‍ തന്റെ യാത്രാവിവരണത്തില്‍ മക്കയെക്കുറിച്ച് പറയുന്നിടത്ത് അവിടെ നടത്തി വന്നിരുന്ന മൗലിദാഘോഷത്തെപ്പറ്റി വ്യക്തമാക്കുന്നുണ്ട്. അദ്ദേഹം പറയുന്നു: നബി(സ)യുടെ തിരുപ്പിറവി കൊണ്ടനുഗ്രഹീതമായ മക്കയിലെ നബിയുടെ ഭവനത്തിലെ ഒരു സ്ഥലം വെള്ളി കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ഇവിടെ റബീഉല്‍ അവ്വലിലെ ഓരോ തിങ്കളാഴ്ച്ചയും തുറക്കുകയും സര്‍വ്വജനങ്ങളും വന്ന് ബറകത്തെടുക്കുകയും ചെയ്യല്‍ പതിവാണ്. ഇബ്നു ബത്വൂത്തയും തന്റെ ഗ്രന്ഥത്തില്‍ സമാനമായ ആഘോഷങ്ങളെപ്പറ്റി വ്യക്തമാക്കുന്നുണ്ട്.


അനാവശ്യ വിവാദങ്ങള്‍ 

മൗലിദാഘോഷങ്ങള്‍ക്കെതിരെ ഉയരാന്‍ തുടങ്ങിയ അപശബ്ദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വലിയ കാലപ്പഴക്കമൊന്നുമില്ല. എന്നോ ഒരു പ്രഭാതത്തില്‍ ചില കുബുദ്ധികളുടെ ചിന്തയില്‍ മുളപൊട്ടിയ ഒരു തോന്നല്‍ മാത്രമായിരുന്നു മൗലിദാഘോഷം അനിസ്ലാമികമാണെന്നത്. എങ്കിലും മുസ്ലിം ഉമ്മത്തിലെ അഹ്ലുസ്സുന്നത്തി വല്‍ജമാഅയുടെ  ഉത്തരവാദിത്തപ്പെട്ട പണ്ഡിതര്‍ ഇതിനെതിരെ ശബ്ദിച്ചുവെങ്കിലും പലരെയും അവരുടെ കെണിവലയിലാക്കുന്നതില്‍ അവര്‍ ഒരു പരിധിവരെ വിജയം കണ്ടിരുന്നു. ഈ വിഘടിത വാദികളുടെ പൊള്ളത്തരം ജനങ്ങളുടെ മുന്നില്‍ തുറന്ന് കാട്ടിക്കൊണ്ട് ജനങ്ങളെ ഉല്‍ബുദ്ധരാക്കല്‍ നാം  ഓരോരുത്തരടെയും കടമയാണ്. തങ്ങളുടെ പൊള്ളയായ വാദങ്ങള്‍ സ്ഥിരപ്പെടുത്താന്‍ തെളിവുകളൊന്നുമില്ല എന്നതിനാല്‍ തന്നെ അവര്‍ എല്ലാ വാദങ്ങള്‍ക്കും ആശ്രയമായിക്കണ്ടിരുന്ന ഫതാവാ ഇബ്നു തൈമിയ്യയില്‍ പോലും മൗലിദ് സംബന്ധമായി അവരുടേതിന് വിരുദ്ധമായ അഭിപ്രായമാണ് രേഖപ്പെടുത്തിയതായി കാണുന്നത്. പ്രവാചകരോടുള്ള സ്നേഹപ്രകടനമെന്ന നിലയില്‍ തിരുപ്പിറവി ദിനത്തെ ആദരിക്കലം ആഘോഷിക്കലുമെല്ലാം വലിയ കാര്യമാണ് എന്നാണ് അദ്ദേഹം തന്റെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയത്. അതേപ്രകാരം പ്രമുഖ പണ്ഡിതനായ ഡോ.യൂസുഫുല്‍ ഖറദാവിയും ഇതേ നിലപാട് വെച്ചുപുലര്‍ത്തുന്നതായി കാണാം. നബി(സ)യുടെ കാലം മുതല്‍ക്കേ തുടങ്ങിയ ഈ മൗലിദാഘോഷങ്ങളെ അനാവശ്യ വിവാദങ്ങള്‍ക്ക് വിധേയമാക്കിയ ചില അല്‍പ്പത്തരക്കാരുടെ ദയനീയാവസ്ഥ വ്യസ്ഥമാക്കുന്ന നബി(സ)യുടെ ഒരു ഹദീസ് ഇവിടെ പ്രസ്താവ്യര്‍ഹമാണ്. നബി(സ) പറയുന്നു: എന്റെ സമൂഹത്തെ അല്ലാഹു ഒരിക്കലും തിന്മയുടെ മേല്‍ ഒന്നിപ്പിക്കുകയില്ല, അല്ലാഹുവിന്റെ സഹായം സംഘത്തോടൊപ്പമാണ്, അത് കൊണ്ട് നിങ്ങള്‍ ഭൂരിപക്ഷത്തോടൊപ്പം നില്‍ക്കുക, വ്യതിചലിച്ചവര്‍ നരകത്തിലാണ്. ഈ ഹദീസ് വെച്ചു നോക്കുമ്പോള്‍ നബി(സ)യുടെ കാലം മുതല്‍ക്ക് ഇന്ന് വരെയുള്ള ഉത്തമ നൂറ്റാണ്ടുകളിലെ സച്ചരിതരായ പണ്ഡിതസമൂഹവും പൊതുസമൂഹവുമടങ്ങിയ ഭൂരിപക്ഷം പേരാണ് ഈ സംസ്‌കൃതിയെ വാരിപ്പുണര്‍ന്നത്. എതിര്‍ത്തും വിമര്‍ശിച്ചും കഴിഞ്ഞു കൂടിയത് വെറും തുച്ഛം പേരും. മൗലിദിന്റെ ആധികാരികതയും വിഘടിതരുടെ ദയനീയതയും ബോധ്യമാവാന്‍ ഈ ഹദീസ് തന്നെ ധാരാളംഫൈസല്‍ വാഫി കാടാമ്പുഴ

(Principal, Grace Valley Arts & Science College)


മഞ്ഞണിഞ്ഞ താഴ് വാരങ്ങളും, പച്ചപ്പണിഞ്ഞ വയലേലകളും, കുന്ന് മാമലകളും, കളകളാരവം പൊഴിക്കുന്ന കാട്ട് ചോലകളും, കളകൂജനം മുഴക്കുന്ന കിളികോകിലങ്ങളും, ആയിരം വസന്തം പൂത്ത് നിൽക്കുന്ന ഉദ്യാനങ്ങളും, കുളിര് വിതറുന്ന പുലർകാലങ്ങളും,ചിത്രകാരന്റെ ഛായാചിത്രം പോലും നിഷ്പ്രഭമാക്കുന്ന സായാഹ്നങ്ങളും, നൂറ്റാണ്ടുകളായി ഒരിറ്റ് വെളിച്ചത്തിന് വേണ്ടി തപസ്സ് ചെയ്യുന്ന കൊടിയ വനാന്തരങ്ങളും, അനു ഭൂതിയും വിസ്മയവും ഇഴചേർക്കുന്ന ഈ മോഹനമായ ലോകത്ത് എല്ലാ പൂർണ്ണ തകളോടെയും ഒരു ജന്മം പിന്നെ സുകൃതങ്ങളാൽ സുരഭിലമായ ഇസ്‌ലാമിന്റെ ധന്യത യുടെ നിറവഴിയിലൊരു ജീവിതം ഒരധ്വാനവും കൂടാതെ വന്നണഞ്ഞ നിയതിയുടെ ഈ വിജയാഘോഷത്തെ കുറിച്ച് ഓർക്കുമ്പോൾ നന്മ കളറിയാതെ കോരിത്തരിക്കുകയും കടപ്പാടുകളാൽ കണ്ണീരണിഞ്ഞ് പോവുകയും ചെയ്യുന്നു.


അല്ലാഹുവെ

പനനീർ പുലരികളുടെയും കുങ്കുമച്ചോപ്പണിഞ്ഞ സായംസന്ധ്യകളും

പ്രകൃതിയുടെ ശതകാലരാവുകൾ ചൊരിഞ്ഞ വിഷാദം നിദ്രയിലാണ്ടുകിടക്കും

സാന്ദ്ര വനങ്ങളുടെയും

ഈ ലോകത്ത്

എനിക്ക് ജന്മം നൽകിയതിന്

നിനക്ക് നന്ദി

                                                        (അല്ലാമാ ഇഖ്ബാൽ)


കാഴ്ച്ച, കേൾവി, രുചി,സംസാരശേഷി,ബുദ്ധി ശക്തി ആരോഗ്യം എന്നിങ്ങനെ നീണ്ട് പോകുന്ന വിശേഷങ്ങളെ കാശ് കൊടുത്ത് വാങ്ങുന്ന അവസ്ഥ ഒഴിഞ്ഞ മനസ്സോടെ ഒന്ന് ചിന്തിച്ച് നോക്കു. അനുഗ്രഹത്തിന്റെ സുഗന്ധപൂക്കളാൽ നമ്മുടെ ജന്മ ജന്മാനന്തര വഴികളെ പരിമളമുഖരിതമാക്കിയവനോടുള്ള അവാച്യമായ സ്നേഹോൽകർഷത്തിന്റെ ഇഷ്ടം പറച്ചിലുകളിലേക്ക് നമ്മൾ അിറയാതെ എത്തിപ്പെടുന്നത് കാണാം. ഹൃദയ ധമനികൾ ശ്രുതിമീട്ടുന്ന അനവദ്യമായ ആ അനുരാഗമഴയിൽ നനഞ്ഞ് കുതിർന്നവന് അതോടെ ആരാധനകൾ ആവേശത്തിന്റെ വർണ്ണ രാജികളാൽ അലങ്കാരം തുന്നിയവയാവും തഖ് വയും, ഇഖ് ലാസും ഒരു നിരൂഹനിലാവ് കണക്കെ കർമ്മങ്ങളിലും വിചാരങ്ങളിലും ചാലിക്കപ്പെടും


ഇമാം ഖുശൈരി പറയുന്നു

“അല്ലാഹുവിനെ അറിഞ്ഞവൻ അവന്റെ അപാരമായ സൗന്ദര്യത്തേയും അളവറ്റ ദയയേയും അറിഞ്ഞവനായിരിക്കും. ഇതറിഞ്ഞവൻ അവനെ സ്നേഹിക്കും സ്നേഹിക്കുന്നവൻ അനുസരിക്കും. എത്ര സ്നേഹിക്കുന്നുവോ അതിനനുസരിച്ച് അനുസരണത്തിന്റെ തീവ്രത കൂടും''


ധ്യാപകനെ പേടിച്ച് ഹോം വർക്ക് ചെയ്ത് വരുന്ന കുട്ടിയും അധ്യപകനെ ഇഷ്ടപ്പെട്ട് ഹോം വർക്ക് ചെയ്ത് വരുന്ന കുട്ടിയും തമ്മിലുള്ള മാനസികാന്തരം തന്നെയാണ് ദൈവത്തെ പേടിച്ച് ആരാധനകളിൽ മുഴുകുന്നവനും ഇന്നോളം ലഭിച്ച അനുഗ്രഹങ്ങളെ ഹൃദയത്തിൽ ധ്യാനിച്ച് ആ അനാദി വെളിച്ചത്തെ വല്ലാതെ ഇഷ്ടം വെച്ച് ഇബാദത്തുകളിൽ നിരതനാവുകയും ചെയ്യുന്നവർക്കിടയിലുള്ളത്. അതായത് യഥാർത്ഥ ഇഖ് ലാസും, തഖ് വയും സ്രഷ്ടാവിനോടുള്ള അടിമയുടെ ഇഷ്ടത്തിന്റെ തീവ്രതക്കനുസരിച്ചാണ് ഇബാദത്തുകളെ അലങ്കരിക്കുന്നതെന്ന് ചുരുക്കം. ഈ രസനീയത ജീവിത താളത്തെ സംക്രമിച്ചാൽ ഇബദത്തുകളിൽ നിന്ന് വഴിമാറി നടക്കാൻ വെമ്പൽ കൊണ്ടിരിക്കുന്ന മനസ്സുകൾ അതേവരെയില്ലാത്ത ആവേശത്തോടെ ചുറ്റുപാടുകളുടെ കെട്ടുപാടുകളിൽ നിന്ന് വഴിപ്പെടലുകളുടെ വികാരാനുഭൂതിയിലേക്ക് ഒളിച്ചോടുന്നത് അനുഭവിക്കാനാവും.


ജലാലുദ്ധീൻ റൂമി തന്റെ മസ്തവിയിൽ പറയുന്നു

“പ്രണയികൾക്കിടയിൽ ഒരു ഉടമ്പടിയുണ്ട്

പരസ്പരം അന്വേഷിക്കലാണത്

- എന്നാൽ

പ്രണയവുമായി അവൻ നമ്മുടെ വീട്ടുപടിക്കലെത്തിയപ്പോൾ

അവനെ തിരഞ്ഞ് നമ്മൾ വീടാന്തരം നടക്കുന്നു

സത്യം

പ്രണയമില്ലെങ്കിൽ

ആരാധനകളെല്ലാം ബാധ്യതയാവും''


ജീവിതത്തിന്റെ ഇങ്കാരങ്ങൾക്കും ആരവങ്ങൾക്കും ഇടയിൽ അല്ലാഹുവിന്റെ ഓശാരങ്ങളെ കുറിച്ച് ചിന്തിക്കാൻ അശേഷം സമയം കാണാത്തതിനാലാണ് നമുക്ക് പലപ്പോഴും ഇബാദത്തുകൾ വലിയ അസ്വസ്ഥതയും അസഹനീയതയും സൃഷ്ടിക്കുന്നത്. അത് കൊണ്ട് അധ്യപകനെ പേടിച്ച് ഹോം വർക്ക് ചെയ്യുന്ന കുട്ടിയുടേതിന് തുല്യമായി പലപ്പോഴും നമ്മുടെ കർമ്മങ്ങൾ മാറുന്നു. എന്നാൽ അറിയുക അല്ലാഹു നോക്കുന്നത് ശരീരത്തിലേക്കല്ല മറിച്ച് ഹൃദയത്തിലേക്കാണ്.


ഇമാം അഹ്മദ്(റ ) റിപ്പോർട്ട് ചെയ്ത ഒരു ഖുദ്സിയായ ഹദീസിൽ നബി (സ) ഇപ്രകാരം പറയുന്നു:

“ഹേ ആദമിന്റെ മക്കളെ നിങ്ങളുടെ സ്ഥിതി ആശ്ചര്യകരം തന്നെ ഞാനാണു നിങ്ങളെ സൃഷ്ടിച്ചത് . എന്നിട്ട് നിങ്ങൾ ഞാനല്ലാത്തവരെ ആരാധിക്കുന്നു ഞാനാണ് നിങ്ങൾക്ക് ഉപജീവനം നൽകിയത്. എന്നിട്ട് നിങ്ങൾ ഞാനല്ലാത്തവർക്ക് നന്ദി പ്രകാശിപ്പിക്കുന്നു. ഞാൻ നിങ്ങൾക്ക് നല്ലത് നൽകി ഞാൻ നിങ്ങളോടുള്ള സ്നേഹം കാണിച്ചു പാപങ്ങളിലൂടെ നിങ്ങളെന്നോട് ശത്രുത കാണിക്കുന്നു”


എന്നാൽ ഇഷ്ടങ്ങളുടെ പാരവശ്യങ്ങളിൽ ആവിഷ്കരിക്കപ്പെടുന്ന ഇബദത്തുകൾ വല്ലാത്ത അനുഭൂതിയുടെ ശില്പ ചാരുതയാണ് പകരുന്നത് . “നമസ്കാരം മുഅ്മിനിന്റെ ആകാശാരോഹണമാണ്' എന്ന നബി വചനം അനുരാഗപ്പൊയ്കയിൽ നിന്ന് ചിറക് കുടഞ്ഞ് ആകാശ നീലിമയിലേക്ക് പറന്നുയരുന്ന പക്ഷിയുടെ മനോതലത്തേയാണ് സൂചിപ്പിക്കുന്നത്. "നമസ്കാരം എനിക്ക് കൺകുളിർമയാണ്'. എന്ന പ്രവാചക ആത്മഗതവും ഇഷ്ട ഭാജനത്തിന് മുന്നിൽ മോഹങ്ങളുടെ വർണ്ണപ്പൂക്കളുമായി അണയുന്ന പ്രണയാതുരമായ ഒരു മനസ്സിന്റെ ഏറ്റ് പറച്ചിലല്ലാതെ മറ്റെന്താണ് . ഈ പാരമ്പര്യം അതിന്റെ മൂർച്ച പ്രാപിക്കുമ്പോഴാണ് "നീ നിസ്കരിക്കൂ ഇത് നിന്റെ അവസാന നമസ്കാരമെന്നപോൽ' എന്ന പ്രവാചകോപദേശം അതിന്റെ അർത്ഥ തലങ്ങളെ കണ്ടെത്തുന്നത്.


ഇഷ്ടവിചാരങ്ങളുടെ ഈ രാസക്കുളിരനുഭവിക്കാൻ അവസരം വിരുന്ന് വരുന്നതോടെയാണ് ഒരോ വിശ്വാസിയും ആത്മരാഗങ്ങളുടെ ഉറവിടം തേടിപ്പറക്കുന്ന വിശുദ്ധ പക്ഷിയായി മാറുന്നത്. അതിൽ ചിലർക്കെങ്കിലും അവതരണക്ഷമമല്ലാത്ത വിധം ഈ തീർത്ഥാടനം വിചിത്രങ്ങളായ അനുഭൂതികളുടെ അനുഭവതലങ്ങൽ സമ്മാനിക്കാറുണ്ട്.


ദുന്നൂറുൽ മിസ് രി (റ) ഒരിക്കൽ ജറൂസലമിൽ നിന്ന് ഈജിപ്തിലേക്ക് പോവുകയായിരുന്നു. അകലെ നിന്ന് ആരോ വരുന്നത് അദ്ധേഹം കണ്ടു. കമ്പിളി വസ്ത്രം ധരിച്ച ഒരു വൃദ്ധനായിരുന്നു അത്. കയ്യിൽ കേവലമൊരു ദണ്ഡ് മാത്രം പിടിച്ച് മരുസ്ഥലികൾ താണ്ടി വരുന്ന ആ മനുഷ്യനോട് ദുന്നൂർ ചോദിച്ചു: എവിടെ നിന്ന് വരുന്നു?. വൃദ്ധൻ: അല്ലാഹുവിൽ നിന്ന്. ദുന്നൂർ: എവിടേക്ക് ? വൃദ്ധൻ: അല്ലാഹുവിലേക്ക്. . തീർത്തും അപരിചിതമായ ഈ മറുപടി ദുന്നൂറിനെ ഇലാഹി പ്രേമവുമായി അലഞ്ഞ ഒരു സൂഫിയാക്കി മാറ്റി. എന്നാൽ ജീവിത കാലത്ത് ദുന്നൂറുൽ മിസ് രി വേണ്ട വിധം മനസ്സിലാക്കാൻ കഴിയാത്ത ഈജിപ്തുകാർ അദ്ധേഹത്തിന്റെ മയ്യിത്ത് ശ്മശാനത്തിലേക്ക് കൊണ്ടു പോകുമ്പോൾ പക്ഷികൾ കൂട്ടം കൂടി പറന്ന് പുണ്യദേഹത്തിന് തണലിടുന്നത് കണ്ട് തങ്ങളുടെ നഷ്ടമോർത്ത് നെടുവീർപ്പിട്ടുപോൽ.


അല്ലാഹുവിൽ നിന്ന് അല്ലാഹുവിലക്കുള്ള ഒരു യാത്രതന്നെയാണ് അടിസ്ഥാന പരമായി ഒരു വിശ്വാസിയുടെ ജീവിതം . അവനിൽ നിന്ന് വേർപ്പെട്ട് പോന്നതിന്റെ പിടച്ചിലുകളും നീറ്റലും തിരിച്ച് ആ രാജധാനിയിൽ എത്തുന്നത് വരെ വിശ്വാസിക്ക് ശമിച്ച് കിട്ടുകയില്ല. ഈ തീർത്ഥാടക ജീവിതത്തെ കുറിച്ചാണ് “നീ ദുനിയാവിൽ ഒരു പരദേശിയെ

പോലെയാവുക ,അല്ലെങ്കിൽ ഒരു വഴിയാത്രക്കാരനെ പോലെയാവുക', “വിശ്രമിക്കുകയും യാത്ര തുടരുകയും ചെയ്യുന്ന ഒരു യാത്രികന് ഒരു മരത്തിനോടുള്ളത്തിന് സമാനമാണ് ദുനിയാവുമായുള്ള എന്റെ ബന്ധം'' എന്നിങ്ങനെയുള്ള പ്രവാചക മൊഴികൾ ഓർമപ്പെടുത്തുന്നത്.


അനുരാഗത്തിന്റെ മുഗ്ദാരഗങ്ങളുമായുള്ള ഈ യാനത്തിൽ മുന്നിൽ കാണുന്നതിലെല്ലാം വിശ്വാസി അല്ലാഹുവിന്റെ മാഹാത്മ്യത്തെ വിസ്മയത്തോടെ ദർശിക്കുന്നു.മഞ് പെയ്യുന്ന നനുത്ത വെളുപ്പാൻ കാലത്ത് പാടുന്ന പക്ഷികൾ ക്കൊപ്പം നൃത്തം ചെയ്ത് വിരിയുന്ന പൂക്കളുടെ കാഴ്ച അവനെ ഇലാഹീ വിചാരങ്ങളാൽ ഉന്മത്തനാക്കുന്നു. തപിക്കുന്ന ഗ്രീഷ്മവും കുളിരുന്ന വർഷപാതവും പൂക്കൾ നറുമണം വിതറുന്ന വസന്തവും ഇലപൊഴിയും ശിശിരവും അല്ലാഹുവിനെ കുറിച്ചുള്ള സ്തുതി കീർത്തനങ്ങളാൽ അവനെ പ്രലോഭിതനാക്കുന്നു. അല്ലാഹുവിനെ കുറിച്ചുള്ള അവന്റെ അന്വേഷണങ്ങൾക്ക് മുമ്പിൽ മരങ്ങൾ പോലും പൂത്തുലഞ്ഞുപോവുന്നു.


സ്നേഹ മഴയിൽ നനഞ്ഞും, ഈറനണിഞ്ഞും തുടരുന്ന ഒരു ആശിഖിന്റെ ഈയാത്രയുടെ ഏറ്റവും ഉന്നതമായ അവസ്ഥാവിശേഷത്തെകുറിച്ച് പേർഷ്യൻ സൂഫി ബിൻ സിയാദ് പറഞ്ഞതും ജലാലുദ്ധീൻ റൂമി മസ്നവിയിൽ ഉദ്ധരിച്ചതുമായ ഒരു പ്രശസ്ത കഥയുണ്ട്.


കാലങ്ങളോളം തന്റെ കാമുകിയെ തിരഞ്ഞ് നടന്ന കാമുകൻ അവസാനം അവളുടെ കുടിലിന് മുന്നിലെത്തി വാതിലിൽ മുട്ടി കാമുകി ആരാണ് കാമുകൻ ഞാനാണ് തുടർന്ന് യാതൊരു പ്രതികരണവും കേൾക്കതെ വന്നപ്പോൾ കാമുകൻ വീണ്ടും യാത തുടർന്നു .കാലങ്ങൾക്ക് ശേഷം ആയാത്ര ഇതേ കുടിലിന് മുന്നിൽ അവസാനിച്ചു വാതിലിൽ മുട്ടുന്നത് കേട്ട കാമുകി ആരാണ് കാമുകൻ ഞാനാണ് മുമ്പത്തെ പോലെ വീണ്ടും പ്രതികരണങ്ങളൊന്നും തുടർന്ന് കേൾക്കാതെ വന്നപ്പോൾ കാമുകൻ വീണ്ടും യാത്ര തുടർന്നു. കാലങ്ങൾക്ക് ശേഷം ഒരിക്കൽ ക്കൂടി കാമുകൻ ഈ കുടിലിന് മുന്നിലെത്തി വാതിലിൽ മുട്ടി. കാമുകി ആരാണ് കാമുകൻ നീയാണ് ഈ മറുപടി കേട്ടപ്പോൾ പ്രിയനേ... ഇവിടെ രണ്ട് പേർക്ക് സ്ഥലമില്ലായിരുന്നു എന്ന പ്രതികരണവുമായി കാമുകി വാതിൽ തുറന്ന് കൊടുത്തു.


ഒരു ഖുദ്സിയ്യായ ഹദീസിൽ അല്ലാഹു പറയുന്നു എന്റെ അടിമ എന്നിലേക്ക് ഒരു ചാൺ അടുത്താൽ ഞാവനിലേക്ക് ഒരു മുഴമടുക്കും അവനെന്നിലേക്ക് നടന്ന് വന്നാൽ ഞാവനിലേക്ക് ഓടിയടുക്കും ഒരു പൂവുമായി വരുന്ന അനുരാഗിയെ സ്വീകരിക്കാൻ ഒരു പൂക്കാലവുമായി കാത്തിരിക്കുന്നു വെന്ന അല്ലാഹുവിന്റെ വാഗ്ദാനം ഇലാഹീ പ്രണയികളെ ഭ്രമാത്മകമായ വികാരാവേശത്തോടെയാണ് ആവേശിക്കുന്നത് . ഈ വാഗ്ദത്തിന്റെ മൂർത്ത, രൂപമതെ ആകാശ ഭൂമികളുടെ ആശ്ലേഷം പോലെ സംഗതമായ തിരു നബിയുടെ മിഅ്റാജ്.


അബൂയസീദിൽ ബിസ്ത്വാമി(റ) പറയുന്നു അല്ലാഹുവിൽ അനു രക്തനായവന് സ്വർഗം പോലും വലിയ കാര്യമല്ല. കാരണം സ്വർഗത്തെയല്ല അവൻ ലക്ഷ്യമാക്കുന്നത് മറിച്ച് സ്വർഗത്തിന്റെ സ്രഷ്ടാവിനെയാണ്. ആ തിരുമുൽ കാഴ്ചക്ക് വേണ്ടി ചിറക് കെട്ടി കാത്തിരിക്കുന്നവർക്ക് മരണ ശയ്യയിലെ കാത്ത് കെട്ടി കിടപ്പ് മണിയറയിൽ പ്രിയതമയെ കാത്തിരിക്കുന്ന കാമുകനെ പോലെ വികാര പാരവശ്യങ്ങളുടെ വേലിയേറ്റത്തിന്റെ തായിരിക്കും ജലാലുദ്ധീൻ റൂമി പറയുന്നു അവനെ പ്രതീക്ഷിച്ച് അവന്റെ ഉമ്മറപ്പടിയിൽ നിൽക്കുകയെന്നത് എത്ര ഹൃദയവർജകം.

"നാഥാ നീ നരകമാണ് വിധിക്കുന്നതെങ്കിലും ഞാൻ തൃപ്തനാണ് സ്വർഗമാണെങ്കിലും അങ്ങനെ തന്നെ എന്നാൽ എവിടെയായിരുന്നാലും എനിക്ക് നിന്നെ കാണാനുള്ള അവസരം വേണം" .റാബിഅത്താൽ അദവിയ്യയുടെ ഈ മൊഴിമുത്തുകൾ അനുരാഗഹൃദയങ്ങൾ എന്തിന് വേണ്ടിയാണ് തീഷ്ണപ്പെടുന്നത് എന്നതിലേക്കുള്ള സാക്ഷ്യം പറച്ചിലുകളാണ്. മരണാസന്നനായി കിടക്കുന്ന ഒരു സൂഫിയുടെ വാതിലിൽ ആരോ മുട്ടി സൂഫി ആരാണത് ആഗതൻ ഞാനാണ് മരണം സൂഫി നന്ദി ഞാൻ കരുതി ഏതെങ്കിലും സന്ദർശകരാവുമെന്ന്.


ചുരുക്കത്തിൽ , ജീവിതത്തിലുട നീളം ഒരനുരാഗിയുടെ രസാനുഭൂതികളുടെ താളലയങ്ങൾ അനുഭവിക്കാൻ ഇബാദത്തുകൾ ഒരാൾ തന്റെ പ്രണയിനിക്ക് നിലാവിൽ പൊതിഞ്ഞ് നൽകുന്ന റോസാ ദളങ്ങളായി മാറാൻ, അവയിൽ ഇഖ് ലാസും, തഖ് വയും തൂ മണം പരത്താൻ , എല്ലാ അനുഗ്രഹങ്ങളും സ്നേഹത്തിൽ പൊതിഞ്ഞ കയ്യും കണക്കുമില്ലാതെ ഓശാരമായി തന്ന ആ അമൃത പ്രകാശത്തെ കുറിച്ചോർക്കുക ,നിശ്കളങ്കനായ ഒരു കുഞ്ഞിന്റെ ഹൃദയ നൈർമല്യത്തോടെ അപ്പോൾ ജീവിതം അനുഭൂതികളുടെ നവരസങ്ങളാൽ ത്രസിക്കുന്നതും വല്ലാതെ കുളിരുന്നതും നമ്മളറിഞ്ഞ് തുടങ്ങും.

ivythemes

{facebook#https://fb.com/alathoorpadidars} {twitter#https://twitter.com/alathurpadidars} {google-plus#https://plus.google.com/+ALATHURPADIDARS} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://youtube.com/alathoorpadidars} {instagram#YOUR_SOCIAL_PROFILE_URL}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget