ഒരു പൂവുമായി വരുന്നവരെ അല്ലാഹു ഒരു പൂക്കാലവുമായി കാത്തിരിക്കുന്നു


ഫൈസല്‍ വാഫി കാടാമ്പുഴ

(Principal, Grace Valley Arts & Science College)


മഞ്ഞണിഞ്ഞ താഴ് വാരങ്ങളും, പച്ചപ്പണിഞ്ഞ വയലേലകളും, കുന്ന് മാമലകളും, കളകളാരവം പൊഴിക്കുന്ന കാട്ട് ചോലകളും, കളകൂജനം മുഴക്കുന്ന കിളികോകിലങ്ങളും, ആയിരം വസന്തം പൂത്ത് നിൽക്കുന്ന ഉദ്യാനങ്ങളും, കുളിര് വിതറുന്ന പുലർകാലങ്ങളും,ചിത്രകാരന്റെ ഛായാചിത്രം പോലും നിഷ്പ്രഭമാക്കുന്ന സായാഹ്നങ്ങളും, നൂറ്റാണ്ടുകളായി ഒരിറ്റ് വെളിച്ചത്തിന് വേണ്ടി തപസ്സ് ചെയ്യുന്ന കൊടിയ വനാന്തരങ്ങളും, അനു ഭൂതിയും വിസ്മയവും ഇഴചേർക്കുന്ന ഈ മോഹനമായ ലോകത്ത് എല്ലാ പൂർണ്ണ തകളോടെയും ഒരു ജന്മം പിന്നെ സുകൃതങ്ങളാൽ സുരഭിലമായ ഇസ്‌ലാമിന്റെ ധന്യത യുടെ നിറവഴിയിലൊരു ജീവിതം ഒരധ്വാനവും കൂടാതെ വന്നണഞ്ഞ നിയതിയുടെ ഈ വിജയാഘോഷത്തെ കുറിച്ച് ഓർക്കുമ്പോൾ നന്മ കളറിയാതെ കോരിത്തരിക്കുകയും കടപ്പാടുകളാൽ കണ്ണീരണിഞ്ഞ് പോവുകയും ചെയ്യുന്നു.


അല്ലാഹുവെ

പനനീർ പുലരികളുടെയും കുങ്കുമച്ചോപ്പണിഞ്ഞ സായംസന്ധ്യകളും

പ്രകൃതിയുടെ ശതകാലരാവുകൾ ചൊരിഞ്ഞ വിഷാദം നിദ്രയിലാണ്ടുകിടക്കും

സാന്ദ്ര വനങ്ങളുടെയും

ഈ ലോകത്ത്

എനിക്ക് ജന്മം നൽകിയതിന്

നിനക്ക് നന്ദി

                                                        (അല്ലാമാ ഇഖ്ബാൽ)


കാഴ്ച്ച, കേൾവി, രുചി,സംസാരശേഷി,ബുദ്ധി ശക്തി ആരോഗ്യം എന്നിങ്ങനെ നീണ്ട് പോകുന്ന വിശേഷങ്ങളെ കാശ് കൊടുത്ത് വാങ്ങുന്ന അവസ്ഥ ഒഴിഞ്ഞ മനസ്സോടെ ഒന്ന് ചിന്തിച്ച് നോക്കു. അനുഗ്രഹത്തിന്റെ സുഗന്ധപൂക്കളാൽ നമ്മുടെ ജന്മ ജന്മാനന്തര വഴികളെ പരിമളമുഖരിതമാക്കിയവനോടുള്ള അവാച്യമായ സ്നേഹോൽകർഷത്തിന്റെ ഇഷ്ടം പറച്ചിലുകളിലേക്ക് നമ്മൾ അിറയാതെ എത്തിപ്പെടുന്നത് കാണാം. ഹൃദയ ധമനികൾ ശ്രുതിമീട്ടുന്ന അനവദ്യമായ ആ അനുരാഗമഴയിൽ നനഞ്ഞ് കുതിർന്നവന് അതോടെ ആരാധനകൾ ആവേശത്തിന്റെ വർണ്ണ രാജികളാൽ അലങ്കാരം തുന്നിയവയാവും തഖ് വയും, ഇഖ് ലാസും ഒരു നിരൂഹനിലാവ് കണക്കെ കർമ്മങ്ങളിലും വിചാരങ്ങളിലും ചാലിക്കപ്പെടും


ഇമാം ഖുശൈരി പറയുന്നു

“അല്ലാഹുവിനെ അറിഞ്ഞവൻ അവന്റെ അപാരമായ സൗന്ദര്യത്തേയും അളവറ്റ ദയയേയും അറിഞ്ഞവനായിരിക്കും. ഇതറിഞ്ഞവൻ അവനെ സ്നേഹിക്കും സ്നേഹിക്കുന്നവൻ അനുസരിക്കും. എത്ര സ്നേഹിക്കുന്നുവോ അതിനനുസരിച്ച് അനുസരണത്തിന്റെ തീവ്രത കൂടും''


ധ്യാപകനെ പേടിച്ച് ഹോം വർക്ക് ചെയ്ത് വരുന്ന കുട്ടിയും അധ്യപകനെ ഇഷ്ടപ്പെട്ട് ഹോം വർക്ക് ചെയ്ത് വരുന്ന കുട്ടിയും തമ്മിലുള്ള മാനസികാന്തരം തന്നെയാണ് ദൈവത്തെ പേടിച്ച് ആരാധനകളിൽ മുഴുകുന്നവനും ഇന്നോളം ലഭിച്ച അനുഗ്രഹങ്ങളെ ഹൃദയത്തിൽ ധ്യാനിച്ച് ആ അനാദി വെളിച്ചത്തെ വല്ലാതെ ഇഷ്ടം വെച്ച് ഇബാദത്തുകളിൽ നിരതനാവുകയും ചെയ്യുന്നവർക്കിടയിലുള്ളത്. അതായത് യഥാർത്ഥ ഇഖ് ലാസും, തഖ് വയും സ്രഷ്ടാവിനോടുള്ള അടിമയുടെ ഇഷ്ടത്തിന്റെ തീവ്രതക്കനുസരിച്ചാണ് ഇബാദത്തുകളെ അലങ്കരിക്കുന്നതെന്ന് ചുരുക്കം. ഈ രസനീയത ജീവിത താളത്തെ സംക്രമിച്ചാൽ ഇബദത്തുകളിൽ നിന്ന് വഴിമാറി നടക്കാൻ വെമ്പൽ കൊണ്ടിരിക്കുന്ന മനസ്സുകൾ അതേവരെയില്ലാത്ത ആവേശത്തോടെ ചുറ്റുപാടുകളുടെ കെട്ടുപാടുകളിൽ നിന്ന് വഴിപ്പെടലുകളുടെ വികാരാനുഭൂതിയിലേക്ക് ഒളിച്ചോടുന്നത് അനുഭവിക്കാനാവും.


ജലാലുദ്ധീൻ റൂമി തന്റെ മസ്തവിയിൽ പറയുന്നു

“പ്രണയികൾക്കിടയിൽ ഒരു ഉടമ്പടിയുണ്ട്

പരസ്പരം അന്വേഷിക്കലാണത്

- എന്നാൽ

പ്രണയവുമായി അവൻ നമ്മുടെ വീട്ടുപടിക്കലെത്തിയപ്പോൾ

അവനെ തിരഞ്ഞ് നമ്മൾ വീടാന്തരം നടക്കുന്നു

സത്യം

പ്രണയമില്ലെങ്കിൽ

ആരാധനകളെല്ലാം ബാധ്യതയാവും''


ജീവിതത്തിന്റെ ഇങ്കാരങ്ങൾക്കും ആരവങ്ങൾക്കും ഇടയിൽ അല്ലാഹുവിന്റെ ഓശാരങ്ങളെ കുറിച്ച് ചിന്തിക്കാൻ അശേഷം സമയം കാണാത്തതിനാലാണ് നമുക്ക് പലപ്പോഴും ഇബാദത്തുകൾ വലിയ അസ്വസ്ഥതയും അസഹനീയതയും സൃഷ്ടിക്കുന്നത്. അത് കൊണ്ട് അധ്യപകനെ പേടിച്ച് ഹോം വർക്ക് ചെയ്യുന്ന കുട്ടിയുടേതിന് തുല്യമായി പലപ്പോഴും നമ്മുടെ കർമ്മങ്ങൾ മാറുന്നു. എന്നാൽ അറിയുക അല്ലാഹു നോക്കുന്നത് ശരീരത്തിലേക്കല്ല മറിച്ച് ഹൃദയത്തിലേക്കാണ്.


ഇമാം അഹ്മദ്(റ ) റിപ്പോർട്ട് ചെയ്ത ഒരു ഖുദ്സിയായ ഹദീസിൽ നബി (സ) ഇപ്രകാരം പറയുന്നു:

“ഹേ ആദമിന്റെ മക്കളെ നിങ്ങളുടെ സ്ഥിതി ആശ്ചര്യകരം തന്നെ ഞാനാണു നിങ്ങളെ സൃഷ്ടിച്ചത് . എന്നിട്ട് നിങ്ങൾ ഞാനല്ലാത്തവരെ ആരാധിക്കുന്നു ഞാനാണ് നിങ്ങൾക്ക് ഉപജീവനം നൽകിയത്. എന്നിട്ട് നിങ്ങൾ ഞാനല്ലാത്തവർക്ക് നന്ദി പ്രകാശിപ്പിക്കുന്നു. ഞാൻ നിങ്ങൾക്ക് നല്ലത് നൽകി ഞാൻ നിങ്ങളോടുള്ള സ്നേഹം കാണിച്ചു പാപങ്ങളിലൂടെ നിങ്ങളെന്നോട് ശത്രുത കാണിക്കുന്നു”


എന്നാൽ ഇഷ്ടങ്ങളുടെ പാരവശ്യങ്ങളിൽ ആവിഷ്കരിക്കപ്പെടുന്ന ഇബദത്തുകൾ വല്ലാത്ത അനുഭൂതിയുടെ ശില്പ ചാരുതയാണ് പകരുന്നത് . “നമസ്കാരം മുഅ്മിനിന്റെ ആകാശാരോഹണമാണ്' എന്ന നബി വചനം അനുരാഗപ്പൊയ്കയിൽ നിന്ന് ചിറക് കുടഞ്ഞ് ആകാശ നീലിമയിലേക്ക് പറന്നുയരുന്ന പക്ഷിയുടെ മനോതലത്തേയാണ് സൂചിപ്പിക്കുന്നത്. "നമസ്കാരം എനിക്ക് കൺകുളിർമയാണ്'. എന്ന പ്രവാചക ആത്മഗതവും ഇഷ്ട ഭാജനത്തിന് മുന്നിൽ മോഹങ്ങളുടെ വർണ്ണപ്പൂക്കളുമായി അണയുന്ന പ്രണയാതുരമായ ഒരു മനസ്സിന്റെ ഏറ്റ് പറച്ചിലല്ലാതെ മറ്റെന്താണ് . ഈ പാരമ്പര്യം അതിന്റെ മൂർച്ച പ്രാപിക്കുമ്പോഴാണ് "നീ നിസ്കരിക്കൂ ഇത് നിന്റെ അവസാന നമസ്കാരമെന്നപോൽ' എന്ന പ്രവാചകോപദേശം അതിന്റെ അർത്ഥ തലങ്ങളെ കണ്ടെത്തുന്നത്.


ഇഷ്ടവിചാരങ്ങളുടെ ഈ രാസക്കുളിരനുഭവിക്കാൻ അവസരം വിരുന്ന് വരുന്നതോടെയാണ് ഒരോ വിശ്വാസിയും ആത്മരാഗങ്ങളുടെ ഉറവിടം തേടിപ്പറക്കുന്ന വിശുദ്ധ പക്ഷിയായി മാറുന്നത്. അതിൽ ചിലർക്കെങ്കിലും അവതരണക്ഷമമല്ലാത്ത വിധം ഈ തീർത്ഥാടനം വിചിത്രങ്ങളായ അനുഭൂതികളുടെ അനുഭവതലങ്ങൽ സമ്മാനിക്കാറുണ്ട്.


ദുന്നൂറുൽ മിസ് രി (റ) ഒരിക്കൽ ജറൂസലമിൽ നിന്ന് ഈജിപ്തിലേക്ക് പോവുകയായിരുന്നു. അകലെ നിന്ന് ആരോ വരുന്നത് അദ്ധേഹം കണ്ടു. കമ്പിളി വസ്ത്രം ധരിച്ച ഒരു വൃദ്ധനായിരുന്നു അത്. കയ്യിൽ കേവലമൊരു ദണ്ഡ് മാത്രം പിടിച്ച് മരുസ്ഥലികൾ താണ്ടി വരുന്ന ആ മനുഷ്യനോട് ദുന്നൂർ ചോദിച്ചു: എവിടെ നിന്ന് വരുന്നു?. വൃദ്ധൻ: അല്ലാഹുവിൽ നിന്ന്. ദുന്നൂർ: എവിടേക്ക് ? വൃദ്ധൻ: അല്ലാഹുവിലേക്ക്. . തീർത്തും അപരിചിതമായ ഈ മറുപടി ദുന്നൂറിനെ ഇലാഹി പ്രേമവുമായി അലഞ്ഞ ഒരു സൂഫിയാക്കി മാറ്റി. എന്നാൽ ജീവിത കാലത്ത് ദുന്നൂറുൽ മിസ് രി വേണ്ട വിധം മനസ്സിലാക്കാൻ കഴിയാത്ത ഈജിപ്തുകാർ അദ്ധേഹത്തിന്റെ മയ്യിത്ത് ശ്മശാനത്തിലേക്ക് കൊണ്ടു പോകുമ്പോൾ പക്ഷികൾ കൂട്ടം കൂടി പറന്ന് പുണ്യദേഹത്തിന് തണലിടുന്നത് കണ്ട് തങ്ങളുടെ നഷ്ടമോർത്ത് നെടുവീർപ്പിട്ടുപോൽ.


അല്ലാഹുവിൽ നിന്ന് അല്ലാഹുവിലക്കുള്ള ഒരു യാത്രതന്നെയാണ് അടിസ്ഥാന പരമായി ഒരു വിശ്വാസിയുടെ ജീവിതം . അവനിൽ നിന്ന് വേർപ്പെട്ട് പോന്നതിന്റെ പിടച്ചിലുകളും നീറ്റലും തിരിച്ച് ആ രാജധാനിയിൽ എത്തുന്നത് വരെ വിശ്വാസിക്ക് ശമിച്ച് കിട്ടുകയില്ല. ഈ തീർത്ഥാടക ജീവിതത്തെ കുറിച്ചാണ് “നീ ദുനിയാവിൽ ഒരു പരദേശിയെ

പോലെയാവുക ,അല്ലെങ്കിൽ ഒരു വഴിയാത്രക്കാരനെ പോലെയാവുക', “വിശ്രമിക്കുകയും യാത്ര തുടരുകയും ചെയ്യുന്ന ഒരു യാത്രികന് ഒരു മരത്തിനോടുള്ളത്തിന് സമാനമാണ് ദുനിയാവുമായുള്ള എന്റെ ബന്ധം'' എന്നിങ്ങനെയുള്ള പ്രവാചക മൊഴികൾ ഓർമപ്പെടുത്തുന്നത്.


അനുരാഗത്തിന്റെ മുഗ്ദാരഗങ്ങളുമായുള്ള ഈ യാനത്തിൽ മുന്നിൽ കാണുന്നതിലെല്ലാം വിശ്വാസി അല്ലാഹുവിന്റെ മാഹാത്മ്യത്തെ വിസ്മയത്തോടെ ദർശിക്കുന്നു.മഞ് പെയ്യുന്ന നനുത്ത വെളുപ്പാൻ കാലത്ത് പാടുന്ന പക്ഷികൾ ക്കൊപ്പം നൃത്തം ചെയ്ത് വിരിയുന്ന പൂക്കളുടെ കാഴ്ച അവനെ ഇലാഹീ വിചാരങ്ങളാൽ ഉന്മത്തനാക്കുന്നു. തപിക്കുന്ന ഗ്രീഷ്മവും കുളിരുന്ന വർഷപാതവും പൂക്കൾ നറുമണം വിതറുന്ന വസന്തവും ഇലപൊഴിയും ശിശിരവും അല്ലാഹുവിനെ കുറിച്ചുള്ള സ്തുതി കീർത്തനങ്ങളാൽ അവനെ പ്രലോഭിതനാക്കുന്നു. അല്ലാഹുവിനെ കുറിച്ചുള്ള അവന്റെ അന്വേഷണങ്ങൾക്ക് മുമ്പിൽ മരങ്ങൾ പോലും പൂത്തുലഞ്ഞുപോവുന്നു.


സ്നേഹ മഴയിൽ നനഞ്ഞും, ഈറനണിഞ്ഞും തുടരുന്ന ഒരു ആശിഖിന്റെ ഈയാത്രയുടെ ഏറ്റവും ഉന്നതമായ അവസ്ഥാവിശേഷത്തെകുറിച്ച് പേർഷ്യൻ സൂഫി ബിൻ സിയാദ് പറഞ്ഞതും ജലാലുദ്ധീൻ റൂമി മസ്നവിയിൽ ഉദ്ധരിച്ചതുമായ ഒരു പ്രശസ്ത കഥയുണ്ട്.


കാലങ്ങളോളം തന്റെ കാമുകിയെ തിരഞ്ഞ് നടന്ന കാമുകൻ അവസാനം അവളുടെ കുടിലിന് മുന്നിലെത്തി വാതിലിൽ മുട്ടി കാമുകി ആരാണ് കാമുകൻ ഞാനാണ് തുടർന്ന് യാതൊരു പ്രതികരണവും കേൾക്കതെ വന്നപ്പോൾ കാമുകൻ വീണ്ടും യാത തുടർന്നു .കാലങ്ങൾക്ക് ശേഷം ആയാത്ര ഇതേ കുടിലിന് മുന്നിൽ അവസാനിച്ചു വാതിലിൽ മുട്ടുന്നത് കേട്ട കാമുകി ആരാണ് കാമുകൻ ഞാനാണ് മുമ്പത്തെ പോലെ വീണ്ടും പ്രതികരണങ്ങളൊന്നും തുടർന്ന് കേൾക്കാതെ വന്നപ്പോൾ കാമുകൻ വീണ്ടും യാത്ര തുടർന്നു. കാലങ്ങൾക്ക് ശേഷം ഒരിക്കൽ ക്കൂടി കാമുകൻ ഈ കുടിലിന് മുന്നിലെത്തി വാതിലിൽ മുട്ടി. കാമുകി ആരാണ് കാമുകൻ നീയാണ് ഈ മറുപടി കേട്ടപ്പോൾ പ്രിയനേ... ഇവിടെ രണ്ട് പേർക്ക് സ്ഥലമില്ലായിരുന്നു എന്ന പ്രതികരണവുമായി കാമുകി വാതിൽ തുറന്ന് കൊടുത്തു.


ഒരു ഖുദ്സിയ്യായ ഹദീസിൽ അല്ലാഹു പറയുന്നു എന്റെ അടിമ എന്നിലേക്ക് ഒരു ചാൺ അടുത്താൽ ഞാവനിലേക്ക് ഒരു മുഴമടുക്കും അവനെന്നിലേക്ക് നടന്ന് വന്നാൽ ഞാവനിലേക്ക് ഓടിയടുക്കും ഒരു പൂവുമായി വരുന്ന അനുരാഗിയെ സ്വീകരിക്കാൻ ഒരു പൂക്കാലവുമായി കാത്തിരിക്കുന്നു വെന്ന അല്ലാഹുവിന്റെ വാഗ്ദാനം ഇലാഹീ പ്രണയികളെ ഭ്രമാത്മകമായ വികാരാവേശത്തോടെയാണ് ആവേശിക്കുന്നത് . ഈ വാഗ്ദത്തിന്റെ മൂർത്ത, രൂപമതെ ആകാശ ഭൂമികളുടെ ആശ്ലേഷം പോലെ സംഗതമായ തിരു നബിയുടെ മിഅ്റാജ്.


അബൂയസീദിൽ ബിസ്ത്വാമി(റ) പറയുന്നു അല്ലാഹുവിൽ അനു രക്തനായവന് സ്വർഗം പോലും വലിയ കാര്യമല്ല. കാരണം സ്വർഗത്തെയല്ല അവൻ ലക്ഷ്യമാക്കുന്നത് മറിച്ച് സ്വർഗത്തിന്റെ സ്രഷ്ടാവിനെയാണ്. ആ തിരുമുൽ കാഴ്ചക്ക് വേണ്ടി ചിറക് കെട്ടി കാത്തിരിക്കുന്നവർക്ക് മരണ ശയ്യയിലെ കാത്ത് കെട്ടി കിടപ്പ് മണിയറയിൽ പ്രിയതമയെ കാത്തിരിക്കുന്ന കാമുകനെ പോലെ വികാര പാരവശ്യങ്ങളുടെ വേലിയേറ്റത്തിന്റെ തായിരിക്കും ജലാലുദ്ധീൻ റൂമി പറയുന്നു അവനെ പ്രതീക്ഷിച്ച് അവന്റെ ഉമ്മറപ്പടിയിൽ നിൽക്കുകയെന്നത് എത്ര ഹൃദയവർജകം.

"നാഥാ നീ നരകമാണ് വിധിക്കുന്നതെങ്കിലും ഞാൻ തൃപ്തനാണ് സ്വർഗമാണെങ്കിലും അങ്ങനെ തന്നെ എന്നാൽ എവിടെയായിരുന്നാലും എനിക്ക് നിന്നെ കാണാനുള്ള അവസരം വേണം" .റാബിഅത്താൽ അദവിയ്യയുടെ ഈ മൊഴിമുത്തുകൾ അനുരാഗഹൃദയങ്ങൾ എന്തിന് വേണ്ടിയാണ് തീഷ്ണപ്പെടുന്നത് എന്നതിലേക്കുള്ള സാക്ഷ്യം പറച്ചിലുകളാണ്. മരണാസന്നനായി കിടക്കുന്ന ഒരു സൂഫിയുടെ വാതിലിൽ ആരോ മുട്ടി സൂഫി ആരാണത് ആഗതൻ ഞാനാണ് മരണം സൂഫി നന്ദി ഞാൻ കരുതി ഏതെങ്കിലും സന്ദർശകരാവുമെന്ന്.


ചുരുക്കത്തിൽ , ജീവിതത്തിലുട നീളം ഒരനുരാഗിയുടെ രസാനുഭൂതികളുടെ താളലയങ്ങൾ അനുഭവിക്കാൻ ഇബാദത്തുകൾ ഒരാൾ തന്റെ പ്രണയിനിക്ക് നിലാവിൽ പൊതിഞ്ഞ് നൽകുന്ന റോസാ ദളങ്ങളായി മാറാൻ, അവയിൽ ഇഖ് ലാസും, തഖ് വയും തൂ മണം പരത്താൻ , എല്ലാ അനുഗ്രഹങ്ങളും സ്നേഹത്തിൽ പൊതിഞ്ഞ കയ്യും കണക്കുമില്ലാതെ ഓശാരമായി തന്ന ആ അമൃത പ്രകാശത്തെ കുറിച്ചോർക്കുക ,നിശ്കളങ്കനായ ഒരു കുഞ്ഞിന്റെ ഹൃദയ നൈർമല്യത്തോടെ അപ്പോൾ ജീവിതം അനുഭൂതികളുടെ നവരസങ്ങളാൽ ത്രസിക്കുന്നതും വല്ലാതെ കുളിരുന്നതും നമ്മളറിഞ്ഞ് തുടങ്ങും.

Post a Comment

Note: only a member of this blog may post a comment.

[blogger][facebook][disqus]

ivythemes

{facebook#https://fb.com/alathoorpadidars} {twitter#https://twitter.com/alathurpadidars} {google-plus#https://plus.google.com/+ALATHURPADIDARS} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://youtube.com/alathoorpadidars} {instagram#YOUR_SOCIAL_PROFILE_URL}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget