മദീന; അനുരാഗത്തിന്റെ സൗഗന്ധിക ഭൂമിക



✍️കെ ടി അജ്മല്‍ പാണ്ടിക്കാട്
(യുവ എഴുത്തുകാരന്‍)

മദീന; ഈ മുന്ന് അക്ഷരങ്ങളെ മനസ്സില്‍ ധ്യാനിക്കാത്ത വിശ്വാസിയുണ്ടോ? വിശ്വാസിയുടെ ഹൃദയത്തില്‍ സഹസ്ര സൂര്യശോഭയോടെ തിളങ്ങി നില്‍ക്കുന്ന ഭൂമിയാണ് മദീനത്തുന്നബി.അതെ, പുണ്യ പ്രവാചകന്റെ പട്ടണം. ആശീഖീങ്ങളുടെ ഹൃദയത്തിനകത്ത് സ്‌നേഹത്തിന്റെ പൂക്കള്‍ വിരിയിച്ച വിശുദ്ധ മണ്ണ്. സ്‌നേഹത്തിന്റെ പരിമളക്കാറ്റേറ്റ് ഖുബ്ബത്തുല്‍ ഖള്‌റാഇന്റെ ചുവട്ടില്‍ അന്തിയുറങ്ങുന്ന പ്രവാചകരുടെ മണ്ണാണ് മദീന. വിണ്ണ് പടക്കാന്‍ തന്നെ കാരണം മദീന മണ്ണിലെ മുത്താണ്. ആ മണ്ണിലാണ് പ്രേമത്തിന്റെ സൗന്ദര്യം തീര്‍ത്ത ബിലാലോരും അനുരാഗത്തിന്റെ വസന്തം തീര്‍ത്ത സ്വിദ്ദീഖോരും പ്രേമസാപല്യത്തിന്റെ പ്രകാശപ്പൊട്ടുകള്‍ തീര്‍ത്ത ഉമറോരും ജീവിച്ച് പോയത്. ആ മണ്ണാണ് അല്ലഫല്‍ അലിഫിലൂടെ പെയ്തിറങ്ങിയത്.ആ മണ്ണാണ് അല്ലാമ ഇഖ്ബാലിലൂടെ ഇറങ്ങി വന്നത്.ആ ഭൂമികയാണ് ഖസ്വീദത്തുല്‍ ബുര്‍ദയില്‍ നിത്യവസന്തം തീര്‍ത്തത്.
അതെ, പതിനാല് നൂറ്റാണ്ടുകള്‍ക്ക് ശേഷവും മദീന വിശ്വാസിയെ ആകര്‍ഷിച്ചു കൊണ്ടിരിക്കുകയാണ്. അതങ്ങനെ അനുസ്യൂതമായി തുടര്‍ന്നുകൊണ്ടേയിരിക്കും.

മദീന മഹത്വങ്ങള്‍

ഇതര നാടുകളില്‍ നിന്നും മദീനയെ വ്യത്യസ്തമാക്കുന്ന നിരവധി ഘടകങ്ങളുണ്ട് .അവയില്‍ ചിലത് നമുക്കിവിടെ പരിചയപ്പെടാം.

ഒന്ന്: ദാറുല്‍ ഹിജ്‌റ:
പുണ്യ പ്രവാചകരുടെയും സ്വഹാബത്തിന്റെയും പാലായന ഭൂമികയാണ് മദീന. സ്വന്തം നാടും വീടും വിട്ടു മദീനയിലെത്തിയ നബിയെയും സ്വഹാബത്തിനെയും ഇരുകരങ്ങളും നീട്ടി സ്വീകരിച്ചവരാണ് മദീന നിവാസികള്‍. നബിതങ്ങള്‍ക്ക് സുരക്ഷയൊരുക്കാന്‍ മദീനയും മദീനക്കാരും പ്രത്യേക താല്പര്യം തന്നെ കാണിച്ചിട്ടുണ്ട് .നബിതങ്ങള്‍ക്ക് മദീനയോട് പ്രത്യേകം സ്‌നേഹം തന്നെ ഉണ്ടായിരുന്നു. നബി തങ്ങള്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു: അല്ലാഹുവേ ഞങ്ങള്‍ക്ക് മക്കയെ നീഇഷ്ടപ്പെട്ടമാക്കിയത് പോലെ  മദീനയെയും ഞങ്ങള്‍ക്കിഷ്ടമാക്കി തരണേ.
അബൂഹുറൈറ(റ) നിവേദനം: നബി(സ) പറയുന്നു: എല്ലാ നാടുകളേയും തിന്നുന്ന (വിജയിക്കുന്ന) ഒരു നാട്ടിലേക്ക് പോകാന്‍ എനിക്ക് കല്‍പ്പന കിട്ടി. ആളുകള്‍ അതിനെ യസ് രിബ് എന്നു വിളിക്കുന്നു. അതു മദീനയാണ്. ഉല ഇരുമ്പിന്റെ കീടത്തെ പുറത്തു കളയുംപോലെ മദീന അതിലെ ദുര്‍ജ്ജനങ്ങളെ പുറത്തുകളയും. (ബുഖാരി)

രണ്ട്: മദീനയെ ഹറാമാക്കിയ ഭൂമിയാക്കല്‍:
മക്കയില്‍ യുദ്ധം ചെയ്യലും മറ്റൊരാളെ കൊല്ലലും മരങ്ങള്‍ മുറിക്കലും ഹറാമായതുപോലെതന്നെ മദീനയിലും അത് ഹറാം തന്നെയാണ്. നബി(സ്വ) പറയുന്നു:
''അല്ലാഹുവേ ഇബ്റാഹീം നബിയിലൂടെ മക്കാ പ്രദേശത്തെ നീ ഹറമാക്കി. ഞാനിതാ മദീനയെ ഹറമായി പ്രഖ്യാപിക്കുന്നു. അതില്‍ വേട്ട മൃഗങ്ങളും വൃക്ഷങ്ങളും നശിപ്പിക്കപ്പെടരുത്.''
മദീനയുടെ കിഴക്കും പടിഞ്ഞാറുമുള്ള കറുത്ത ചരല്‍ ഭൂമിക്കു തെക്കും വടക്കുമുള്ള ഗാര്‍-സൗര്‍ മലകള്‍ക്കുമിടയിലുള്ള സ്ഥലങ്ങള്‍ തിരുദൂതരുടെ പ്രഖ്യാപനം മുതല്‍ നിശിദ്ധഭൂമിയാണ്.

മൂന്ന്: സ്വര്‍ഗീയ ഭൂമി:     
നബി(സ്വ) പറഞ്ഞു. എന്റെ ഖബറിന്റെയും എന്റെ മിമ്പറിന്റെയും ഇടയിലുള്ള സ്ഥലം സ്വര്‍ഗ്ഗത്തോപ്പുകളില്‍ നിന്നുള്ള ഒരു തോപ്പാകുന്നു. ഈ ഹദീസിനെ വിശദീകരിച്ചുകൊണ്ട് മഹാനായ ഇബ്നു ഹജര്‍ (റ) മൂന്ന് വിശദീകരണങ്ങള്‍ നല്‍കുന്നത് കാണുക.
ഒന്ന്:- ഈ സ്ഥലത്ത് നിസ്‌കരിച്ചവന് സ്വര്‍ഗ്ഗമുണ്ട്. 
രണ്ട്‌:- ഈ സ്ഥലം സ്വര്‍ഗ്ഗത്തില്‍ ഉണ്ടായിരിക്കുന്നതാണ്. ഭൂമിയിലെ ഒരു കഷ്ണം സ്വര്‍ഗ്ഗത്തിലുണ്ടെങ്കില്‍ അത് മദീനയിലെ റൗള എന്ന സ്ഥലമാണ്. ഇങ്ങനെ ഒരു വിശേഷണമുള്ള ഒരു സ്ഥലം മദീനയല്ലാതെയില്ല.
മൂന്ന്:- ഈ സ്ഥലം ഇപ്പോള്‍ തന്നെ സ്വര്‍ഗ്ഗത്തിനു നേരെ സ്ഥിതി ചെയ്യുന്നു.
ഈ സ്ഥലത്തിന് ഇത്രമാത്രം മഹത്വമുണ്ടാകാനുള്ള കാരണം വിശദീകരിച്ചു കൊണ്ട് ഇമാം യൂസുഫുന്നബ്ഹാനി (റ) പറഞ്ഞു. ''റസൂലുല്ലാഹിവ യുടെ കാല്‍പാദം ഇത്രയും പെരുമാറിയ ഒരു സ്ഥലമില്ല എന്നതാണ്.'' പ്രത്യേക അനുഗ്രഹങ്ങളും ബറകത്തുകളും ലഭിക്കുകയാണ് സ്വര്‍ഗ്ഗീയ ഭൂമി എന്നതിന്റെ അര്‍ത്ഥം എന്ന് പറഞ്ഞ പണ്ഡിതന്മാരും ഉണ്ട്.

നാല്: ഇമാനിന്റെ മടക്കസ്ഥലം:
വിശ്വാസിത്തിന്റെ പ്രഭവകേന്ദ്രം മദീനയായത് പോലെതന്നെ അഭയസ്ഥാനവും മദീന തന്നെയാണ്.
നബി തങ്ങള്‍ പറയുന്നു :പാമ്പ് അതിന്റെ മടങ്ങുന്നത് പോലെ ഈമാന്‍ മദീനയിലേക്ക് മടങ്ങും.

അഞ്ച്: ശ്രേഷ്ടമായ താമസസ്ഥലം: 
അബൂഹുമൈദ്(റ) പറയുന്നു: നബി(സ)യുടെ കൂടെ തബുക്കില്‍ നിന്നും ഞങ്ങള്‍ മടങ്ങുമ്പോള്‍ മദീന ഞങ്ങളുടെ ദൃഷ്ടിയില്‍പ്പെട്ടപ്പോള്‍ നബി(സ) അരുളി: ഇതു ത്വയിബ (പവിത്ര ഭൂമി)യാണ്. (ബുഖാരി). മദീന താമസസ്ഥലമാക്കുന്നതിന്റെ ശ്രേഷ്ഠതയിലേക്ക് വിരല്‍ ചൂണ്ടുന്ന മറ്റൊരു ഹദീസ് സുഫ് യാന്‍(റ) പറയുന്നു: നബി(സ) അരുളുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. യമന്‍ ജയിച്ചടക്കപ്പെടും. അന്നേരം ഒരു വിഭാഗം ആളുകള്‍ വാഹനങ്ങളെ വേഗത്തിലോടിച്ചുകൊണ്ടുവരും. അവര്‍ സ്വകുടുംബക്കാരേയും അവര്‍ക്ക് കീഴ്‌പ്പെടുന്നവരേയും കൂട്ടി മദീന വിട്ട് പോകും. അവര്‍ അറിയുന്നവരാണെങ്കില്‍ മദീന തന്നെയാണ് അവര്‍ക്ക് ഏറ്റവും ഉത്തമം. സിറിയ:യും ജയിച്ചടക്കപ്പെടും. അപ്പോള്‍ വാഹനങ്ങളെ വേഗത്തിലോടിച്ചുകൊണ്ട് ഒരു കൂട്ടം ജനങ്ങള്‍ വരും. അവര്‍ അവരുടെ കുടുംബക്കാരെയും അവരെ അനുസരിക്കുന്നവരേയും കൂട്ടി മദീന വിട്ടു പോകും. അവര്‍ ജ്ഞാനികളായിരുന്നുവെങ്കില്‍ മദീന തന്നെയായിരിക്കും അവര്‍ക്കുത്തമം. ഇറാഖും ജയിച്ചടക്കപ്പെടും. അപ്പോഴും ഒരു വിഭാഗം മനുഷ്യര്‍ വാഹനങ്ങളെ വേഗത്തിലോടിച്ചുകൊണ്ടുവരും. അവര്‍ അവരുടെ കുടുംബക്കാരേയും അവരെ അനുസരിക്കുന്നവരേയും കൂട്ടി മദീന ഉപേക്ഷിക്കും. മദീനയാണ് അവര്‍ അറിവുള്ളവരായിരുന്നുവെങ്കില്‍ അവര്‍ക്ക് ഏറ്റവും ഉത്തമം. (ബുഖാരി)

ആറ്: ബര്‍ക്കത്താക്കപ്പെട സ്ഥലം:
മദീന രാജ്യം പ്രവാചകരുടെ പ്രാര്‍ത്ഥനയില്‍ ഇടം പിടിച്ചിരുന്നു.അനസ്(റ) പറയുന്നു: നബി(സ) പ്രാര്‍ത്ഥിച്ചു. അല്ലാഹുവേ, നീ മക്കാരാജ്യത്തിന് ചെയ്തതിന്റെ ഇരട്ടി നന്മ മദീനക്ക് ചെയ്യേണമേ. (ബുഖാരി)

ഏഴ്: പ്ലേഗ് ദജ്ജാല്‍ എന്നിവയെ തൊട് സംരക്ഷണം:
ഈ മഹത്വത്തിലേക്ക് വിരല്‍ ചൂണ്ടുന്ന നിരവധി ഹദീസുകള്‍ നമുക്ക് കാണാം . അബൂബക്കറത്ത്(റ) നിന്ന് നിവേദനം: നബി(സ) അരുളി: ലോകത്തെ ചുറ്റി സഞ്ചരിക്കുന്ന ദജ്ജാലിനെ സംബന്ധിച്ച ഭയം മദീനക്കാരെ ബാധിക്കുകയില്ല. അന്ന് മദീനയ്ക്ക് ഏഴ് കവാടങ്ങളുണ്ടായിരിക്കും. ഓരോ കവാടത്തിലും ഈരണ്ട് മലക്കുകള്‍ കാവല്‍ക്കാരായി ഉണ്ടായിരിക്കും. (ബുഖാരി). മറ്റൊരു ഹദീസ് ഇങ്ങനെ വായിക്കാം.
അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: മദീനയുടെ പ്രവേശന കവാടങ്ങളില്‍ മലക്കുകള്‍ നില്‍ക്കും. പ്‌ളേഗോ ദജ്ജാലോ അതില്‍ പ്രവേശിക്കുകയില്ല. (ബുഖാരി).
അനസ്(റ) നിവേദനം: നബി(സ) അരുളി: ദജ്ജാല്‍ കാല്‍ വെക്കാത്ത ഒരു രാജ്യവും ഇല്ല. മക്കയും മദീനയും ഒഴികെ. ആ രണ്ടു രാജ്യങ്ങളുടെയും സര്‍വ്വ പ്രവേശന ദ്വാരങ്ങളിലും മലക്കുകള്‍ അണിയണിയായി കാവല്‍ നില്‍ക്കും. ശേഷം മദീന അതിന്റെ നിവാസികളോട് കൂടി മൂന്ന് പ്രാവശ്യം കമ്പനം കൊള്ളും. അതിലുള്ള സര്‍വ്വ സത്യനിഷേധികളേയും കപട വിശ്വാസികളേയും അല്ലാഹു പുറത്തു കൊണ്ടുവരും. (ബുഖാരി. )

എട്ട്: നബി തങ്ങളുടെ അന്ത്യവിശ്യമകേന്ദ്രം നിലകൊള്ളുന്നു:
നബി തങ്ങളുടെ പുണ്യ ശരീരം മദീനയിലാണ് നിലകൊള്ളുന്നത്.ലോകത്തുള്ള എല്ലാ സ്ഥലങ്ങളെക്കാളും സ്ഥാനമുള്ളത് മക്കയും മദീനയുമാണെന്നതില്‍ പക്ഷാന്തരമില്ല. ഇവ രണ്ടില്‍ നിന്നും മദീനക്കാണ് പദവി കൂടുതലുള്ളത് എന്ന് ഉമര്‍(റ)
ബ്നു ഖത്താബ്(റ), അബ്ദുല്ലാഹി ബ്നു ഉമര്‍(റ), മാലിക് ബ്നു അനസ്(റ) എന്നവരുടെ അഭിപ്രായം. നബി(സ്വ)യുടെ ഹുജ്റത്തു-ശരീഫ അല്ലാത്ത മദീനയിലെ മറ്റു സ്ഥലങ്ങളെക്കാള്‍ മക്കക്കാണ് പോരിശയുള്ളത് എന്ന കാര്യത്തിലും പണ്ഡിതലോകം ഏകാഭിപ്രായക്കാരാണ്. നബി(സ്വ) തങ്ങള്‍ കിടക്കുന്ന സ്ഥാനത്തിനാണ് കഅബയെക്കാള്‍ പദവി എന്നതില്‍ ഇജ്മാഅ് ഉണ്ടെന്ന് ഖാളി ഇയാള് (റ)ന്റെ 'അഭിപ്രായമുണ്ട്.ണ്ട്. അര്‍ശിനേക്കാള്‍ പോരിശ നബി(സ്വ)തങ്ങളുടെ കിടപ്പുസ്ഥാനത്തിനുണ്ടെന്ന് താജുദ്ധീനുസ്സുബ്കി (റ)വും കഅബാലയത്തോടുകൂടിയുള്ള മക്ക മഹത്വമുള്ളതാണെന്നതില്‍ തര്‍ക്കമില്ലെന്നും പുന്നാരനബി(സ്വ)യും അവിടുത്തെ ഖബര്‍ ശരീഫും നിലകൊള്ളുന്ന മദീന കഅ്ബയടങ്ങുന്ന മക്കയെക്കാളും ബൈത്തുല്‍ മഅ്മൂറിനേക്കാളും മറ്റ് പ്രപഞ്ചത്തിലുള്ള സര്‍വ്വ വസ്തുക്കളെക്കാളും മഹത്തായതാണ് മദീന: എന്നതില്‍ ഇജ്മാഅ് ആണെന്നുംഇബ്നു ഹജര (റ) വ്യക്തമാക്കിയതായും നമുക്ക് കാണാനാകും.

ഒമ്പത്: ഭൂമിയിലെ ഏറ്റവും ശ്രേഷ്ടമായ മണ്ണ് മദീനയിലാണ്
നബി(സ്വ)യുടെ പുണ്യപൂമേനി തൊട്ടുരുമ്മി നില്‍ക്കുന്ന പുണ്യമണ്ണിനാണ് ലോകങ്ങളിലെ സകല വസ്തുക്കളെക്കാളും സ്ഥാനം.
ഏതൊരാളെയും മറമാടപ്പെട്ട സ്ഥലത്തുനിന്നാണ് ആ മനുഷ്യനെ സൃഷ്ടിക്കാനുള്ള മണ്ണെടുത്തിട്ടുള്ളത് എന്ന് നബി തങ്ങള്‍ പറഞ്ഞിട്ടുണ്ട്. അപ്പോള്‍
തിരുനബി(സ്വ)യെ പടക്കപ്പെട്ട മണ്ണിലാണ് അവിടുന്ന് കിടക്കുന്നത്. അതിനാല്‍ തന്നെ ആ മണ്ണിന്റെ മഹത്വം കൂടുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ .
ഇബ്നുല്‍ ജൗസി തന്റെ 'വഫാഇല്‍' കഅ്ബുല്‍ അഹ്ബാര്‍(റ)നിന്ന് നിവേദനം ചെയ്യുന്നു. നബി(സ്വ)യെ സൃഷ്ടിക്കാന്‍ തീരുമാനിച്ചപ്പോള്‍ ജിബ്രീല്‍നോട് തിരുനബി(സ്വ) കിടക്കുന്ന സ്ഥാനത്ത് (ഹുജ്റ ശരീഫില്‍) നിന്ന് ഒരു പിടി വെളുത്ത മണ്ണ് കൊണ്ടുവരാന്‍ അല്ലാഹു കല്‍പ്പിച്ചു. പിന്നെ അതിനെ തസ്നീം ജലം കൊണ്ട് കഴുകപ്പെട്ടു. സ്വര്‍ഗ്ഗത്തിലൂടെ ഒഴുകുന്ന അരുവികളില്‍ മുക്കിയെടുത്തു. ആകാശ ഭുമികളിലെല്ലാം അതുമായി ചുറ്റി സഞ്ചരിക്കാന്‍ കല്‍പ്പിക്കപ്പെട്ടു. അന്നേരം തന്നെ പുന്നാരനബി(സ്വ)തങ്ങളെയും അവിടുത്തെ മഹത്വവും മലക്കുകള്‍ക്ക് മനസ്സിലായി.
നബി(സ്വ)യെ മദീനയില്‍ തന്നെ മറമാടനുള്ള കാരണവുംമഹാന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അവര്‍ പറയുന്നു: മക്കയില്‍ നിന്നും ഏറെ ദൂരെയുള്ള മദീനയില്‍ നബിയെ മറവ് ചെയ്യപ്പെട്ടതിനുള്ള കാരണം അവിടുത്തെ മഹത്വം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടിയാണ്. കാരണം നബി തബിഅ (പിന്തുടരുന്നവര്‍)ല്ല .മത്ബൂ (പിന്തുടരപ്പെടുന്നവര്‍)ആണ്.അഥവാ മറ്റൊന്നിന്റെതുടര്‍ച്ചയായി അല്ല നബിയെ സിയാറത്ത്‌ചെയ്യേണ്ടത് .മറിച്ച് സ്വയം തന്നെ ലക്ഷ്യം വെച്ച് പിന്തുടരപ്പെടേണ്ടവരാണ് (മത്ബൂആണ് )മക്കയിലാണ് നബിയെ മറവ് ചെയ്യപ്പെട്ടിരുന്നത് എങ്കില്‍ ഹജ്ജ് ലക്ഷ്യംവെച്ച് വന്ന ഒരാള്‍ അതിന്റെ തുടര്‍ച്ചയായി നബി(സ്വ)യുടെ ഖബര്‍ സിയാറത്ത് ചെയ്യുകയാണ് ചെയ്യുക. അത് നബിയുടെ മഹത്വത്തിന് യോജിച്ചതല്ല. അതേസമയം മദീനയില്‍ മറവ് ചെയ്യപ്പെട്ടതുകൊണ്ട് പ്രത്യേക ലക്ഷ്യം വെച്ച് തന്നെ മദീനയില്‍പോകേണ്ടി വരുന്നു. അതിനാല്‍ നബി മത്ബൂ (പിന്തുടരപ്പെടുന്നവര്‍)ആയി തീരുന്നു.(ജവാഹിറുല്‍ ബിഹാര്‍)

പത്ത്: മദീനയുടെ മണ്ണ് രോഗശമനത്തിനു പറ്റിയ മണ്ണാണ്:
രോഗശമനത്തിന്റെ മണ്ണാണ് മദീനയിലെ മണ്ണ്.പക്ഷെ രോഗശമനത്തിനായി മണ്ണ് പുറത്ത് കൊണ്ടുപോവുന്നതില്‍ പണ്ഡിതന്മാര്‍ ഭിന്നാഭിപ്രായമുണ്ടെങ്കിലും കൊണ്ടുപൊകാന്‍ പാടില്ലെന്നാണ് പ്രബലം.
ഇനിയും നിരവധി മഹത്വങ്ങള്‍ മദീനക്കുണ്ട് ദൈര്‍ഘ്യം ഭയന്ന് നിര്‍ത്തുന്നു.

ചരിത്രം പറയുന്ന മദീന

ഇസ്ലാമിന്റെ ആദ്യ ആസ്ഥാവും വിശ്വാസി സാംസ്‌കാരികകേന്ദ്രവുമാണ് മദീന.മക്കയില്‍ നിന്ന് ഏതാണ്ട് 447 കിലോമീറ്ററും സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ നിന്ന് 900 കിലോമീറ്ററും അകലെയാണ് മദീന നിലകൊള്ളുന്നത്. 39 ഡിഗ്രി രേഖാംശത്തിലും 24 ഡിഗ്രി അക്ഷാംശത്തിലും നിലകൊള്ളുന്ന മദീനയുടെ വിസ്തീര്‍ണ്ണം അമ്പത് കിലോമീറ്ററാണ്. 
സൗദി അറേബ്യയുടെ വടക്ക്-പടിഞ്ഞാറ് ഭാഗത്തെ ചെങ്കടല്‍ തീരത്ത് നിന്നും 150 കിലോമീറ്റര്‍ അകലെയാണ് മദീന സ്ഥിതി ചെയ്യുന്നത്. അഥവാ  സമുദ്രനിരപ്പില്‍ നിന്ന് 625 മീറ്റര്‍ (2050 അടി) ഉയരത്തിലാണ് മദീനാ പട്ടണത്തിന്റെ നിലനില്‍പ്പ്.ഉഷ്ണകാലത്ത് അത്യുഷ്ണവും ശൈത്യകാലത്ത് അതിശൈത്യവുമാണ് മദീനയിലെ കാലാവസ്ഥ. അല്‍ഹര്‍റശ്ശര്‍ഖിയ്യ, അല്‍ഹര്‍റല്‍ ഗര്‍ബിയ്യ എന്നീ പേരുകളില്‍ അറിയപ്പെടുന്ന മദീനയുടെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങള്‍ കറുത്ത കല്ലുകളാല്‍ നിബിഡമാണ്. വിശാലമായ മണല്‍പ്പരപ്പും മൊട്ടക്കുന്നുകളും നിറഞ്ഞ ജലശൂന്യമായ വരണ്ട പ്രദേശമായിരുന്നു പഴയ മദീനക്ക് വികസനങ്ങള്‍ കൊണ്ട് വളരെയധികം മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്.

ആദ്യകാലത്ത് യസ് രിബ് എന്നാണ് മദീന അറിയപ്പെട്ടിരുന്നത്.നൂഹ് നബിയുടെ സന്താന പരമ്പരയില്‍ പെട്ട യസ് രിബ് എന്ന വ്യക്തിയാണ് ഈ നഗരത്തിനടിത്തറ പാകിയത് എന്നതിനാലാണത്രെ യസ് രിബ് എന്ന പേരിലറിയപ്പെട്ടിരുന്നത്.പിന്നീട് പ്രവാചകര്‍ (സ്വ)യാണ് ഈ പ്രദേശത്തിന് മദീന എന്ന പേര് നല്‍കിയത്.
നൂഹ് നബിയുടെ നാലാം തലമുറയായ അമാലിയ വിഭാഗക്കാരാണ് മദീനയിലെ ആദിമ സമൂഹം എന്നും ചരിത്രകാരന്മാര്‍ക്ക് അഭിപ്രായമുണ്ട്.

മദീന പേരുകളും താഴ് വരകളും

നിരവധി നാമങ്ങള്‍ കൊണ്ട് ലോകത്ത് പ്രശോഭിച്ച് നില്‍ക്കുന്ന നാടാണ് മദീന.
  അല്ലാമാ അലി സംഹൂദി തന്റെ ഏറ്റവും  വഫാഉല്‍ വഫാ എന്ന ഗ്രന്ഥത്തില്‍ മദീനയുടെ തൊണ്ണൂറ്റി നാലോളം പേരുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 
ഇമാം ശീറാസി(റ) രേഖപ്പെടുത്തിയ മദീനയുടെപേരുകളില്‍ നിന്ന് അല്‍പ്പം വിവരിക്കാം.
യസ്രിബ്, അര്‍ളുല്ലാഹി,ജസീറത്തുല്‍ അറബ്,  ബൈത്തുര്‍റസൂല്‍,അര്‍ളുല്‍ ഹിജ്റ, ദാറുല്‍ അബ്റാര്‍, ദാറുല്‍ ഈമാന്‍, ദാറുസ്സുന്ന, ദാറുസ്സലാമ, ദാറുല്‍ ഫത്ഹ്, ദാറുല്‍ ഹിജ്റ, ദാതുല്‍ ഹജ്ര്, ദാതുല്‍ ഹിറാല്‍,ആസ്വിമ, അല്‍ അദ്റാഅ്, അല്‍ അര്‍റാഅ്, അല്‍ അറൂള്, അകാലത്തുല്‍ ബുല്‍ദാന്‍, അകാലത്തുല്‍ ഖുറ, ഹറമുറസൂലില്ലാഹ്, അല്‍ ഈമാന്‍, അല്‍ ബാര്‍റ, അല്‍ ബുഹൈറ, അല്‍ ബഹീറ, അല്‍ ബലാത്വ്, അല്‍ ബലദ്, , അല്‍ ജന്നത്തുല്‍ ഹസ്വീന, അല്‍ ഹബീബ, അല്‍ ഹറം, അല്‍ ജാബിറ, ജാബാരി, ജബ്ബാറ, ഹസന, അല്‍ ഖൈറ, അദ്ദാര്‍,  ശിഫ, ത്വാഹാ, തൈ്വബ, അല്‍ ഗര്‍റാള്, ഗലബ, അല്‍ ഫാളിഅ, അല്‍ ഖാസിമ, ത്വാഈ ശബ്ഉബാബ്,
അല്‍ മദീന, അല്‍ മകീന, അല്‍ മജ്ബൂറ, അല്‍ മുഫിയ, അന്നാഹിയ, അബ്ലാള്, അന്നഹ്റ്, അല്‍ ഹദ്റഅ്, ഖുബ്ബത്തുല്‍ ഇസ്ലാം, ഖര്‍യത്തുല്‍ അന്‍സാര്‍, അല്‍ മുബാറക, ഖല്‍ബുല്‍ ഈമാന്‍, അല്‍ മുഅ്മിന, അല്‍ മഹബ്ബ, അല്‍ മുഹബ്ബ, അല്‍ മഹബൂബ എന്നിവ അതില്‍ ചില താണ്.ഈ പേരുകള്‍ മദീനക്ക് കൈവന്നതിന്റെ കാരണങ്ങളും പശ്ചാതലങ്ങളും  ഇമാം സുംഹൂദി (റ)തന്റെ വഫാഉല്‍ വഫാഇല്‍ പറഞ്ഞിട്ടുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും മദീനയുടെ പഴയ നാമമായ യസ്രിബ് എന്ന  പേര് വിളിക്കല്‍ കറാഹത്താണെന്ന് ഫുഖഹാക്കള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.കാരണം ഒരു ഹദീസില്‍ ഇങ്ങനെ കാണാം:  ''മദീനയെ ആരെങ്കിലും യസ്രിബ് എന്ന് വിളിച്ചാല്‍ അവന്‍ പാപമോചനം തേടിക്കൊള്ളട്ടെ.'' യസ് രിബ് എന്ന പദത്തിന് 'നശീകരണം' എന്ന അര്‍ത്ഥമുള്ളത് കൊണ്ടാണ് ആ പേര് വിളിക്കല്‍ കറാഹത്താകാന്‍ കാരണമെന്ന് പറയപ്പെടുന്നു..
ഡോ. മുഹമ്മദ് ഇല്യാസ് അബ്ദുല്‍ ഖനി തന്റെ ഹിസ്റ്ററി ഓഫ് മദീന മുനവ്വറ എന്ന ഗ്രന്ഥത്തില്‍ മദീനയുടെ 64 പേരുകള്‍ പരിചയപ്പെടുത്തിയിട്ടുന്നുണ്ട്.നൂറോളം പേരുണ്ടെങ്കിലും പ്രവാചക പട്ടണം എന്നര്‍ഥം വരുന്ന മദീനത്തുറസൂല്‍ എന്ന പേരാണ് പ്രസിദ്ധം
മദീന എന്നപദത്തിന്റെ അര്‍ത്ഥം പട്ടണം എന്നാണ് . നബി തങ്ങളുടെ ആഗമനത്തോടെയാണ് ഈ നാമം കൈവന്നത്. ഇപ്പോള്‍ പ്രശോഭിത നഗരം എന്നര്‍ഥം വരുന്ന മദീന മുനവ്വറ എന്നാണ് മദീന അറിയപ്പെടുന്നത്.

അപ്രകാരം തന്നെ നിരവധി പര്‍വ്വതങ്ങളും താഴ് വരകളും നിറഞ്ഞതാണ് മദീന.
അല്‍-അഖ്അല്‍, അല്‍-അഖീഖ (ഹിജാസിലെ ഏറ്റവും വലിയതാഴ്വരയാണിത്.), അല്‍-ഹിമ്ദ് എന്നീ മൂന്നു താഴ്വരകളുടെ സന്ധിസ്ഥാനത്ത് പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ട് കൊണ്ടാണ് മദീന നഗരം നിലകൊള്ളുന്നത് തന്നെ.
മദീനയുടെ പടിഞ്ഞാറ് ഭാഗത്ത് അല്‍-ഹുജൂജും (തീര്‍ഥാടക പര്‍വതം), വടക്കു പടിഞ്ഞാറ് ഭാഗത്ത് സലാ പര്‍വതവും, തെക്ക് ഭാഗത്ത് അല്‍-ഈറും (സഞ്ചാരികളുടെ പര്‍വതം), വടക്ക് ഭാഗത്ത് ഉഹ്ദ് പര്‍വതവുമാണ് നിലകൊള്ളുന്നത് .ഇവയാണ് മദീനയുടെ അതിര്‍ത്തികളും.

മദീനാ മുനവ്വറയിലെ മസ്ജിദുകള്‍

ഒട്ടനവധി പള്ളികളുള്ള നാടാണ് മദീന. മഹത്വത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ള മസ്ജിദുന്നബവിയടക്കമുള്ള പള്ളികള്‍ മദീനയിലാണ് സ്ഥി ചെയ്യുന്നത്.
തിരുനബി(സ) ഹിജ്റയായി വരുന്നതിനു മുമ്പ് തന്നെ മദീനയില്‍ ഒമ്പത് പള്ളികളുണ്ടായിരുന്നു.
അവയുടെ പേരുകള്‍ താഴെ ചേര്‍ക്കുന്നു:ബനൂ അംറ് ബ്നു മബ്ദൂല്‍ ഗോത്രക്കാരുടെ പള്ളി,ബനൂ ഉബൈദ് പള്ളി,ബനൂ സാഇദ പള്ളി,ബനൂ സലമ പള്ളി,ബനൂ റാതിജ് പള്ളി,ബനൂ സുറൈഖ് പള്ളി, ബനൂ ഗിഫാര്‍ പള്ളി,ബനൂ അസ്ലം പള്ളി,ബനൂ ജുഹൈന പള്ളി.
ഹിജ്റക്ക് ശേഷം മദീനയില്‍ നിര്‍മ്മിക്കപ്പെട്ട പള്ളികളില്‍ പ്രധാനപ്പെട്ടതാണ് മസ്ജിദുന്നബവി.ഹിജ്റക്ക് ശേഷം  നിര്‍മ്മിക്കപ്പെട്ട ഇതര മസ്ജിദുകള്‍ താഴെചേര്‍ക്കുന്നു:മസ്ജിദുഖുബാഅ്,
മസ്ജിദുല്‍ ഖിബ്ലതൈനി (മസ്ജിദ് ബനീ സലമ),മസ്ജിദുല്‍ ഇജാബ,മസ്ജിദുല്‍ ഗമാമ,മസ്ജിദുല്‍ ജുമുഅ, മസ്ജിദു അബീബക്ര് സിദ്ധീഖ്(റ),മസ്ജിദു ഉമര്‍(റ),
മസ്ജിദു അലി(റ), മസ്ജിദുല്‍ ഫത്ഹ്,
മസ്ജിദു സല്‍മാനില്‍ ഫാരിസി(റ),
മസ്ജിദു സഅ്ദുബ്നു മുആദ്(റ),മസ്ജിദു ബനീ ഹറാം, ബനൂ ഖുറൈള മസ്ജിദ്, മശ്റബതു ഉമ്മി ഇബ്റാഹീം പള്ളി,മസ്ജിദുസ്സുഖ്യ,മസ്ജിദുറായത്ത് (മസ്ജിദുദ്ദുബാബ്),മസ്ജിദു ബനീ ഹാരിസ,മസ്ജിദുല്‍ ഫളീഖ് (മസ്ജിദുശ്ശംസ്),മസ്ജിദു സജ്ദത് (മസ്ജിദ് അബീദര്‍റ് (റ)),മസ്ജിദു സയ്യിദുശ്ശുഹദാഅ്(റ),മസ്ജിദുത്തൗബ (മസ്ജിദു ഉസ്വ്ബത്),മസ്ജിദു ശൈഖൈനി, മസ്ജിദ് ഉത്ബാനുബ്നു മാലിക്(റ),മസ്ജിദു ബനീ ഹുനൈഫ്,മസ്ജിദു ദാരി സഅ്ദിബ്നി ഖൈസമ(റ),മസ്ജിദു ബനീ ഹറാം,മസ്ജിദു ബനീ ളഫ്ര്, മസ്ജിദു ഫസ്ഹ്,മസ്ജിദുസ്സബ്ഖ്, മസ്ജിദുല്‍ മനാറതൈനി, മസ്ജിദുശ്ശജറത് എന്നിവയാണവ.

മദീന; മഹബ്ബത്തിന്റെ മണ്ണ്

വിശ്വാസിയുടെ മാനാസാന്തരങ്ങളില്‍ വസന്തത്തിന്റെ ഉറവ നല്‍കുന്ന തേനരുവിയാണ് മദീനത്തുല്‍ മുനവ്വറ: എന്ന പ്രശോഭിത നഗരം.മദീനയെന്ന നാമം പോലും സത്യവിശ്വാസിയുടെ മനസ്സിനെ ആലിംഗനം ചെയ്യുന്ന ഹൃദയഹാരിയായ വചന പ്രസാദമാണ് . വിശ്വ ലോകത്തെ വിശ്വാസിയുടെയും മനസ്സ് എന്നും മദീനയിലാണ്. വിശ്വാസിയുടെ ഹൃദയതാളം റൗളാ ശരീഫുമായി കെട്ടുപിണഞ്ഞുകിടക്കുകയാണ്. വിശ്വാസിയുടെ ഹൃദയം സ്പന്ദിക്കുന്നത് വിശുദ്ധ മദീനയില്‍ എത്താനുള്ള അനിതരസാധാരണമായ അഭിനിവേശത്തോടെയാണ്.
ആ മണ്ണില്‍ കാലു കുത്താന്‍ ആഗ്രഹിക്കുന്നവരാണ് ഏതൊരു വിശ്വാസിയും.ഓരോ വിശ്വാസിയുടെ മനസ്സിലും മദീനയെന്ന ആനന്ദലോകം അഭിരമിച്ചു കൊണ്ടേയിരിക്കുകയാണ്.കേട്ടതിനേക്കാളും അറിഞ്ഞതിനേക്കാളും ആഗ്രഹിച്ചതിനേക്കാളും അപ്പുറത്താണ് മദീനയുടെ മണ്ണും വിണ്ണും. അതെ,മദീനക്കു പകരം മദീന മാത്രം. മറ്റെല്ലാ നാടുകളും മദീനക്കു മുന്നില്‍ നിഷ്പ്രഭമാണ്.
സുഹൃത്തേ, പ്രേമം മദീനയോടവാണം.ഖല്‍ബകം മദീനയിലെ ഖുബ്ബത്തുല്‍ ഖള്‌റാഇന് കൊടുക്കണം. അതോടെ  മദീനതുല്‍ മുനവ്വറഃ അനുരാഗത്തിന്റെ അനശ്വരതയിലേക്ക് നമ്മെ കൂട്ടികൊണ്ടുപോകും. സ്നേഹത്തിന്റെ കുളിരു കൊണ്ട് മദീന നമ്മെ കോരിത്തരിപ്പിക്കും. സ്‌നേഹം കൊടുത്താല്‍ തിരിച്ചുകിട്ടുന്നയിമാണ് മദീന . മദീനതുല്‍ മുനവ്വറഃ സാന്ത്വനത്തിന്റെ ശാന്തസമുദ്രമാണ്. ആശ്വാസത്തിന്റെ തലോടലാണ്. അനുഗ്രഹത്തിന്റെ ആലിംഗനമാണ്. 
സഹോദരാ......
നിന്റെ മനസ്സില്‍ നിറഞ്ഞു തുളുമ്പുന്ന ഇശ്ഖിന്റെ വേലിയേറ്റത്തില്‍ നിന്ന് ആശ്വാസത്തിന്റെ കരക്കണിയാന്‍  തിരുസന്നിധിയിലേക്ക് സ്വലാത്ത് തന്നെയാണ് മാര്‍ഗ്ഗം. അതല്ലാതെ മറ്റെന്ത് വഴിയുണ്ട് നമുക്ക് മുമ്പില്‍.ഇശ്ഖിന്റെ കാണാചുഴികളില്‍ ഉഴലുമ്പോഴൊക്കെ വിങ്ങിപ്പൊട്ടുന്ന ഹൃദയത്തെ തലോടാന്‍ അവിന്റെ സൃഷ്ടിജാലങ്ങളില്‍ തിരുറൗളയല്ലാതെ മറ്റെന്തുണ്ട്.?
  ഒരു പറവയായി ജനിക്കണം. പറന്ന് പറന്ന് മദീന മുനവ്വറയില്‍ ചെന്നണയണം. അവസാന കാഴ്ച നമ്മുടെ മുത്ത് ഹബീബിന്റെ പച്ചഖുബ്ബ മാത്രമാവണം.
        ഓ മദീനാ.... നിന്നെ കുറിച്ചുള്ള വര്‍ണകള്‍ക്ക് ഒരു അവസാനം ഇല്ലല്ലോ.....എങ്ങനെ അവസാനം ഉണ്ടാവും ?  ഹബീബുള്ളത് നിന്നിലല്ലേ മദീനാനഗരിയേ........
ഓ മദീനാ ....പാടാന്‍ അറിയുന്ന ആഷിഖീങ്ങള്‍ പാടി തളര്‍ന്നാലും എഴുതാന്‍ അറിയുന്ന ആഷിഖീങ്ങള്‍ എഴുതി കൈ തളര്‍ന്നാലും നിന്നോട് ഉള്ള ഇശ്ഖ് കൂടി കൊണ്ടിരിക്കുകയാണ്. നിന്നിലെ ആ പച്ചഖുബ്ബ മനസ്സില്‍ വല്ലാതെ മായാജാലങ്ങള്‍ സൃഷ്ടിക്കുന്നുവല്ലോ .....
      മനതാരില്‍ ഇശ്ഖിന്റെ കണങ്ങള്‍ വീ ണുടഞ്ഞത് ഒരുരു സാഗരത്തിനു സമാനമായിരിക്കുന്നു.അതില്‍ നിന്നും അലയടിച്ചുയരുന്ന തിരമാലകള്‍ 'മദീന'യെന്ന നാദം മുഴക്കുന്നു.മനസ്സെന്ന മാണിക്യ കൊട്ടാരത്തില്‍ പടര്‍ന്നു പിടിച്ച വികാരമേ മദീന.....ചാലിട്ടോഴുകിയ മിഴി നീരിനും ഹൃദയം പേറിയ നോവിനും എന്നും മദീനത്തെ കഥകള്‍ മാത്രമേ പറയാന്‍ ഉള്ളു... മദീന...... മദീന വിശുദ്ധ നാമം ചാര്‍ത്തിയ സ്വര്‍ഗ്ഗമെ...ലോകാഭയം നിന്നിലല്ലെ...? നീ തന്നെ ഭാഗ്യം .നീ തന്നെ അഭയം .നോവും ഹൃദയത്തിന്റെ പ്രതീക്ഷയും നീ തന്നെ ..
   സ്‌നേഹ സായൂജ്യത്തിന്റെ സ്വര്‍ഗ്ഗീയ പരിമളം വിതറുന്ന നൂറേ...
എന്റെ പ്രതീക്ഷകളെന്റെ വേദനകളാവുമ്പോള്‍ ഒന്ന് മാടി വിളിക്കണേ... അകത്തളത്തില്‍ കത്തും ജ്വാലക്ക് ശമനം തരണേ... ചാലിട്ടോഴുകും സ്‌നേഹ സ്മരണക്ക് ജീവന്‍ തരണേ...
മദീന നമ്മെ വല്ലാതെ  മോഹിപ്പിക്കുന്നു. ഇടയ്ക്കിടെ തിങ്കള്‍ നിലാവിലേക്ക്  മദീന നമ്മെ മാടിവിളിക്കും പോലെ.
മദീനാ മലര്‍വാടിയിലേക്ക് പലരും നടന്നടുക്കുമ്പോള്‍ വിശ്വാസി ഹൃദയത്തിന് വല്ലാത്ത നൊമ്പരമാണ്.റബ്ബേ ഞങ്ങളെ ന്നാണ് ആ ഭൂമിയിലെത്തുക.?
നാഥാ മണ്ണ് വിളിക്കും മുമ്പ് മദീനയിലേക്ക് വിളിക്കണേ... ആമീന്‍.

Post a Comment

Note: only a member of this blog may post a comment.

[blogger][facebook][disqus]

ivythemes

{facebook#https://fb.com/alathoorpadidars} {twitter#https://twitter.com/alathurpadidars} {google-plus#https://plus.google.com/+ALATHURPADIDARS} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://youtube.com/alathoorpadidars} {instagram#YOUR_SOCIAL_PROFILE_URL}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget