✍🏻 അമീന്‍ നിഷാല്‍

കഴിഞ്ഞ ജനുവരി ഇരുപത്തിയാറോടെ നമ്മുടെ ഇന്ത്യ മഹാരാജ്യം ഒരു പരമാധികാര റിപ്പബ്ലിക്കായിട്ട്  എഴുപത്തിഒന്ന്് വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. അടുത്ത വര്‍ഷത്തോടെ രാജ്യം അതിന്റെ മഹത്തായ സ്വാതന്ത്രത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തിലേക്കും കടക്കുകയാണ്. എന്നാല്‍ 2014 ല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റെടുത്തത് മുതല്‍ ഓരോ വര്‍ഷം കഴിയുംതോറും ഈ ദിവസങ്ങളുടെ ഇനിയുള്ള 'ആയുസ്' കൂടിയാണ് രാജ്യം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. ഫാസിസം കളം വാഴുന്ന സമകാലിക ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വെല്ലുവിളി നേരിടുന്നത് രാജ്യത്തിന്റെ മതേതരത്വം തന്നെയാണ്. നാനാത്വത്തില്‍ ഏകത്വമെന്ന മഹത്തായ ആദര്‍ശം ഉയര്‍ത്തിപ്പിടിച്ച് ലോകത്തിന് മുന്നില്‍ തലയെടുപ്പോടെ ഉയര്‍ന്നു നിന്നിരുന്ന രാജ്യത്തിന് മതത്തിന്റെ പേരില്‍ മനുഷ്യനെ അറുംകൊല ചെയ്യുന്ന കാഴ്ചയാണ് നാം കാണുന്നത്. 

ഗോമാംസം കഴിച്ചതിന്റെ പേരില്‍ മനുഷ്യനെ തല്ലികൊല്ലുന്ന രാജ്യത്ത് മനുഷ്യന് മൃഗത്തിന്റെ വിലപോലും ലഭിക്കാതായി. ജയ്ശ്രീറാം വിളിക്കാത്തവരും വന്ദേമാതരം പാടാത്തവരും രാജ്യദ്രോഹികളായി ചാപ്പക്കുത്തപ്പെടുന്നു. നൂറുകണക്കിന് ജാതികളും മതങ്ങളുമടങ്ങിയ കോടിക്കണക്കിന് ജനങ്ങള്‍ അധീവസിക്കുന്ന ഒരു രാജ്യത്ത് പൂരിപക്ഷ വര്‍ഗീയതയെ എങ്ങനെ ഫലപ്രദമായി ദുരുപയോഗം ചെയ്യാമെന്ന് ബി.ജെ.പി കാണിച്ചുതന്നു. സവര്‍ക്കര്‍ ഗോള്‍വാള്‍ക്കറും തുടക്കം കുറിച്ച ഹിന്ദുരാഷ്ട്രമെന്ന സംഘപരിവാര്‍ സ്വപ്‌നത്തിലേക്ക് രാജ്യം ദിനം പ്രതി അടുത്തുകൊണ്ടിരിക്കുകയാണ്. 'ഹൈന്ദവതയും ഇസ്‌ലാമും വിഭിന്നങ്ങളായ രണ്ട് സംസ്‌കാരങ്ങളാണെന്നും അതിനാല്‍ തന്നെ ഇരു വിഭാഗങ്ങളുമടങ്ങിയ ഒരൊറ്റ രാജ്യമായി ഇന്ത്യക്ക് നിലനില്‍ക്കാനാവില്ലെന്നും ' പ്രഖ്യാപിച്ച വി.ഡി സവര്‍ക്കര്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ ശത്രുവായി മുസ്‌ലിംകളെയാണ് 'വിചാരധാര ' യിലൂടെ പരിചയപ്പെടുത്തുന്നത്. ആര്‍.എസ്.എസിലൂടെയും ഹിന്ദുമഹാസഭയിലൂടെയും സംഘടിത രൂപം കൈവരിച്ച ഈ ഒരാശയം ആദ്യം ജനസംഘത്തിലൂടെയും പിന്നീട് ബി.ജെ.പി യിലൂടെയുമാണ് രാഷ്ട്രീയ ശക്തിയാര്‍ജ്ജിച്ചത്. കാശ്മീറിന് പ്രത്യേക പദവി നല്‍കുന്ന മുപ്പത്തി ഏഴാം വകുപ്പ് റദ്ദാക്കുക, അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുക,രാജ്യത്ത് ഏകസിവില്‍കോഡ് നടപ്പാക്കുക തുടങ്ങിയ അജണ്ടകള്‍ പ്രഖ്യാപിത ലക്ഷ്യമാക്കിയായിരുന്നു ബി.ജെ.പി ഭാരതത്തിന്റെ രാഷ്ട്രീയ ഭൂമികയിലേക്ക് കടന്ന് വന്നത് തന്നെ. എല്ലാത്തിനുമുപരിയായി ഹിന്ദു രാഷ്ട്രമെന്ന ആത്യന്തിക ലക്ഷ്യവും. തുടക്കം മുതല്‍ തന്നെ വളരെ നിഗൂഢവും തന്ത്രപരവമായ നീക്കങ്ങളാണ് തങ്ങളുടെ ലക്ഷ്യപ്രാപ്തിക്കായി ബി.ജെ.പി നടത്തിയത്. കപടദേശീയതയും ഭൂരിപക്ഷവര്‍ഗ്ഗീയതയും പരമാവധി ചൂഷണം ചെയ്ത് രാജ്യത്തുടനീളം പൈശാചികവും രക്തരൂക്ഷിതവുമായ കലാപങ്ങള്‍ നടത്തി. ഡല്‍ഹിയും കൊല്‍ക്കത്തയും മുംബൈയും ബീഹാറും ലക്‌നൗവുമെല്ലാം പലതവണ കലാപഭൂമിയായി മാറി. മുസ്ലിം ഭൂരിപക്ഷ ആസൂത്രിത കലാപങ്ങള്‍ പലതവണ അരങ്ങേറി. കലാപത്തില്‍ കൊല്ലപ്പെട്ടവരിലും ഇരയായവരിലും ഭൂരിഭാഗവും മുസ്ലിംകള്‍ തന്നെയായിരുന്നു. രണ്ടായിരത്തി രണ്ടില്‍ നരേന്ദ്ര മോദി മുഖ്യ മന്ത്രയായിരുന്ന ഗുജറാത്തില്‍ നടന്ന കലാപത്തില്‍ രണ്ടായിരത്തിലേറെ മുസ്ലിംകളാണ് കൂട്ടക്കൊല ചെയ്യപ്പെട്ടത്. കലാപാനന്തരം ഹിന്ദുവോട്ടുകളുടെ ഏകീകരണം കൂടിയപ്പോള്‍ സംഘ്പരിവാറിന് ആഗ്രഹിച്ചത് നേടിയെടുക്കാനും സാധിച്ചു. ബി.ജെ.പി യുടെ ഇത് വരെയുള്ള വളര്‍ച്ചയില്‍ പ്രത്യേകിച്ചും ഹിന്ദിഹൃദയഭൂമിയിലെ പാര്‍ട്ടിയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചയില്‍ ഈ കലാപങ്ങള്‍ വലിയ പങ്കു വഹിച്ചു. അതേ സമയം തന്നെ വിഭജനമേല്‍പ്പിച്ച ആഘാതത്തില്‍ നിന്നും കരകയറുംമുന്നേയുണ്ടായ തുടരെത്തുടരെയുള്ള കലാപങ്ങള്‍ മുസ്ലിംകളെ സാമ്പത്തികമായും സാമൂഹികമായും പിന്നോട്ടടുപ്പിച്ചു. മതേതരപാര്‍ട്ടികളാവട്ടെ മുസ്ലിംകളെ കേവലം വോട്ട്ബാങ്ക് മാത്രമായി കണ്ടു. തെരഞ്ഞെടുപ്പില്‍ മുസ്ലിം സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ അവര്‍ വിമുഖത കാണിച്ചതും സ്വന്തമായൊരു രാഷ്ട്രീയ സംഘടിതശക്തിയില്ലാത്തതും മുസ്ലിംകളെ രാഷ്ട്രീയമായും ദുര്‍ഭലപ്പെടുത്തി. അങ്ങനെ എണ്ണൂറ് വര്‍ഷം രാജ്യം ഭരിച്ചവരുടെ പിന്‍ഗാമികള്‍ റിക്ഷ വലിക്കുന്നവരും തൂപ്പുകാരികളുമായി പരിണമിച്ചു. 


    കലാപങ്ങളെ പോലെത്തന്നെ ബി.ജെ.പി ഏറ്റവും കൂടുതല്‍ വര്‍ഗ്ഗീയ മുതലെടുപ്പ് നടത്തിയ വിഷയമാണ് അയോധ്യയിലെ രാമക്ഷേത്ര സംഭവം. ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തിലെത്തുന്നതില്‍ മുഖ്യ പങ്ക് വഹിച്ചത് രാമക്ഷേത്രത്തിന്റെ പേര് പറഞ്ഞ് അവര്‍ നടത്തിയ വര്‍ഗ്ഗീയ പ്രചാരമാണെന്നതില്‍ യാതൊരു സംശയവുമില്ല. യഥാര്‍ത്ഥത്തില്‍ സംഘ്പരിവാറിന് യഥാര്‍ത്ഥ ശ്രീരാമനുമായി യാതൊരു ബന്ധമോ സ്‌നേഹമോ ഇല്ല. മഹാത്മാഗാന്ധി ജീവിതാന്ത്യം വരെ പിന്തുടര്‍ന്ന ആ രാമനെ ഒരു തരി പോലും അവര്‍ അംഗീകരിക്കുന്നുമില്ല. സ്വാതന്ത്ര്യസമര കാലത്ത് മഹാത്മാഗാന്ധി ഒരിക്കല്‍ ആര്‍.എസ്.എസ്സിന്റെ ഒരു കാര്യാലയം സന്ദര്‍ശിക്കുകയുണ്ടായി. അവിടത്തെ ചുമരില്‍ റാണാപ്രതാപ് സിംഗിന്റെയും ശിവജിയുടെയുമെല്ലാം പടം കണ്ട ഗാന്ധിജി അവിടുത്തെ ഒരു ജീവനക്കാരനോട് ചോദിച്ചു:  രാമനെവിടെ? അപ്പോള്‍ 'രാമന്‍ ഇവരെപോലെ വീരശൂരപരാക്രമി ആയിരുന്നില്ല, സമാധാന പ്രേമിയായിരുന്നു. അദ്ദേഹം ഞങ്ങളുടെ ഹീറോയല്ല' എന്നായിരുന്നു ആ ജീവനക്കാരന്‍ ഗാന്ധിജിക്ക് മറുപടി കൊടുത്തത്. ഈസംഭവത്തില്‍ നിന്ന് തന്നെ സംഘ് പരിവാറിന്റെ രാമഭക്തി വ്യക്തമാണല്ലോ. പക്ഷെ കപട രാഷ്ട്രീയത്തിന്റെ വാക്താക്കളായ ബി.ജെ.പി ഈ വിഷയത്തെ വര്‍ഗ്ഗീയമായി ചൂഷണം ചെയ്യുന്നതില്‍ വ്യക്തമായ വിജയം നേടി. ബാബരി മസ്ജിദ് പൊളിച്ച് രാമക്ഷേത്രം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തുടനീളം പ്രക്ഷോപങ്ങള്‍ നടത്തി. അധ്വാനിയുടെ നേതൃത്വത്തില്‍ രഥയാത്ര നടന്നു. സ്വാധി ഋതംബരയും വിനയ്കത്യാറുമെല്ലാം വര്‍ഗ്ഗീയ വിഷം ചീറ്റുന്ന പ്രസംഗങ്ങളിലൂടെ ഹൈന്ദവ വികാരം ആളിക്കത്തിച്ചു. 1984 ലെ തെരഞ്ഞെടുപ്പില്‍ കേവലം രണ്ട് സീറ്റ് മാത്രമുണ്ടായിരുന്ന ബി.ജെ.പി 89 ല്‍ എണ്‍പത് സീറ്റിലും 1991 ല്‍ നൂറ്റി ഇരുപത്തിരണ്ട് സീറ്റിലുമെത്തി. ഒടുവില്‍ 1992 ഡിസംബര്‍ ആറിന് ലോകം നോക്കിനില്‍ക്കേ ബാബരി മസ്ജിദ് തച്ചു തകര്‍ത്ത സംഘ് ഭീകരര്‍ മതേതര ഇന്ത്യയുടെ ആത്മാവിന് മറക്കാനാവാത്ത മുറിവുമേല്‍പ്പിച്ചു. പിന്നീട് നടന്ന ഏഴ് പൊതു തെരഞ്ഞെടുപ്പുകളിലും മസ്ജിദ് തകര്‍ത്തിടത്ത് രാമക്ഷേത്രം നിര്‍മ്മിക്കുമെന്നായിരുന്നു ബി.ജെ.പി യുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗദാനം. ബി.ജെ.പി യുടെയും ആര്‍.എസ്.എസ്സിന്റെയും നേതൃത്വത്തില്‍ രാജ്യ വ്യാപകമായി ക്ഷേത്രനിര്‍മ്മാണ കളക്ഷന്‍ നടന്നു.രാമക്ഷേത്രം നിര്‍മ്മിക്കാതെ അയോധ്യയില്‍ കാലുകുത്തില്ലെന്നും പറഞ്ഞാണ് 2014 ല്‍ ആദമായി മോദി അധികാരത്തിലേറിയത്.ഒടുവില്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ രാമക്ഷേത്രത്തിന് അനുകൂലമായി സുപ്രീംകോടതി വിധിയും ഈ വര്‍ഷം ഓഗസറ്റ് അഞ്ചിന് ക്ഷേത്രനിര്‍മ്മാണത്തിന് മോദി തന്നെ തറക്കല്ലിടുകയും ചെയ്തതോടെ സംഘ്പരിവാര്‍ പൂര്‍ണ്ണ വിജയം  കൈവരിച്ചു. അതിനു കൃത്യം ഒരുവര്‍ഷം മുമ്പായിരുന്നു (2019 ഓഗസ്റ്റ് അഞ്ച്)തങ്ങളുടെ മറ്റൊരുപ്രധാന അജണ്ഡയായ കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370-ാം വകുപ്പ് കേന്ദ്ര ഗവണ്‍മെന്റ് റദ്ദ് ചെയ്തത്. അടുത്തതായി രാജ്യത്ത് ഏകസിവില്‍കോഡ് നടപ്പിലാക്കാനുള്ള നീക്കത്തിലാണ് ബി.ജെ.പി ഗവണ്‍മെന്റ്. അതിന് മുന്നോടിയായിട്ടാണിപ്പോള്‍ രാജ്യ വ്യാപകമായി പൗരത്വനിയമം നടപ്പിലാക്കാനിരിക്കുന്നത്. തീര്‍ത്തും വിവേചനാത്മകവും രാജ്യത്തെ രണ്ടായി വിഭജിക്കുന്നതുമായ ഈ ബില്‍ 'മുസ്ലിം മുക്ത ഭാരത' ത്തിലേക്കുള്ള ആദ്യ ചവിട്ടുപടിയാണെന്നതില്‍ യാതൈാരു സംശയവുമില്ല.

 

          ഇങ്ങനെയൊക്കെ നടക്കുമ്പോഴും രാജ്യത്തെ മതേതര സമൂഹത്തെ ഏറെ ആശങ്കപ്പെടുത്തുന്ന കാര്യമെന്തെന്ന് വെച്ചാല്‍,രാജ്യത്തിന്റെ മതേതരത്വത്തിനും ജനാധിപത്യത്തിനും കാവലാളാകേണ്ട ഭരണഘടനാസ്ഥാപനങ്ങളുടെ ഇന്നത്തെ ദുരവസ്ഥയാണ്. ബി.ജെ.പിക്ക് മൃഗീയ ഭൂരിപക്ഷം ഉള്ളത് കൊണ്ട് തന്നെ ചൂടപ്പം പോലെയാണ് പാര്‍ലമെന്റില്‍ ഓരോ ബില്ലുകളും പാസാകുന്നത്. മഹത്തായ ദര്‍ശനങ്ങളും തത്വങ്ങളും ഉള്‍കൊള്ളുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ലിഖിത ഭരണഘടനയുടെ മരണമണി പാര്‍ലമെന്റില്‍ മുഴങ്ങികൊണ്ടിരിക്കുന്നതാണ് നാം കാണുന്നത്. ഭരണഘടനാസ്ഥപനങ്ങള്‍ ഏതാണ്ടെല്ലാം ബി.ജെ.പി യുടെ റിമോട്ട് കണ്‍ട്രോളിലാണ്. ഗവര്‍ണര്‍ പഥവി അലങ്കരിക്കുന്നവരെല്ലാം നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്ത് നിന്ന് കെട്ടിയിറക്കുന്ന സംഘ് ചാലക്മാരാണ്. എന്തിനേറെ പറയണം രാഷ്ട്രപതി രാംനാഥ് കോവിന്ദ് വരെ തനി ആര്‍.എസ്.എസ് കാരനാണ്. പുതിയ രാമക്ഷേത്ര നിര്‍മ്മാണത്തിന് തന്റെ വക വെളളി ഇഷ്ടികകള്‍ നല്‍കിക്കൊണ്ടായിരുന്നു പ്രഥമ പൗരന്‍ തന്റെ ഭക്തി തെളിയിച്ചത്.

           ഇനി നീതിന്യായ ന്യായ വ്യവസ്ഥയുടെ കാര്യമെടുത്താല്‍ രാജ്യത്തെ കോടതികളില്‍നിന്ന് നീതിയും സത്യവും അന്യവല്‍കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ബാബരി കേസിലെ വിധിയില്‍ പളളി പൊളിച്ചതും പള്ളിക്കുള്ളില്‍ വിഗ്രഹം സ്ഥാപിച്ചതും തെറ്റാണെന്ന് നിരീക്ഷിച്ച പരമോന്നത നീതിപീഠം അതേ വിതിയില്‍ തന്നെയായിരുന്നു പള്ളി തകര്‍ത്തിടത്ത് രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ഉത്തരവിട്ടതും. സുപ്രീംകോടതിയില്‍ ബാഹ്യ ഇടപെടല്‍ നടക്കുന്നുണ്ടെന്ന് സുപ്രീം കോടതിയിലെ ജഡ്ജിയായിരുന്ന ജ:കുര്യന്‍ ജോസഫ് സ്ഥാനം ഒഴിഞ്ഞ ശേഷം വെളിപ്പെടുത്തിയതും ഇതിനോട് നാം ചേര്‍ത്ത് വായിക്കണം. അതേപോലെ ബി.ജെ.പി നേതാക്കളുടെ കേസുകള്‍ക്ക് കൂട്ടത്തോടെ ക്ലീന്‍ചീറ്റ് നല്‍കിയതും സര്‍ക്കാറിനെ വിമര്‍ശിക്കുന്നവര്‍ക്ക് നേരെ കളളക്കേസുകള്‍ കെട്ടിച്ചമച്ചതും സി.ബി.ഐയും ഇ.ഡിയും അടക്കമുള്ള ദേശീയ അന്വേഷണ ഏജന്‍സികളും 'നാഗ്പൂര്‍' ആജ്ഞകള്‍ കൃത്യമായി പാലിക്കുന്നുണ്ട്. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളുടെ കാര്യവും തഥൈവ. സര്‍ക്കാറിന്റെ വീഴ്ച്ചകളെ മറച്ചുവെച്ചും മോദിയെ 'ഊതിവീര്‍പ്പിച്ചും' മാധ്യമങ്ങള്‍ ബി.ജെ.പി യുടെ 'മുഖ്യപ്രചാരകരായി' മാറി. ഇക്കണക്കിന് പോയാല്‍ രണ്ടായിരത്തി ഇരുപത്തിനാലിലെ പൊതു തെരഞ്ഞടുപ്പില്‍ ബി.ജെ.പി 'ഹിന്ദുരാഷ്ട്രം' പ്രകടനപത്രികയില്‍ മുഖ്യ വാഗ്ധാനമായി പ്രഖ്യാപിച്ചാലും അത്ഭുതപ്പെടാനില്ല. അതിനാദ്യം തെരഞ്ഞെടുപ്പ് നടക്കുമോ ആവോ?