✍🏻ഹാഫിള് മുഹമ്മദ് സിനാന്‍ വെട്ടം
✍🏻ഹാഫിള് മുഹമ്മദ് സിനാന്‍ വെട്ടം
✍🏻ഹാഫിള് അമീന്‍ നിഷാല്‍
ലോക ചരിത്രത്തിലെ തന്നെ ഏറ്റവും ഐതിഹാസികവും മഹത്തരവുമായ സ്വാതന്ത്ര്യ സമരമാണ് നമ്മുടെ ഭാരതത്തിന്റെ സ്വാതന്ത്രസമരം.വിവിധ മത- ജാതി വര്‍ഗ്ഗക്കാരായ കോടാനക്കോടി ദേശസ്‌നേഹികളായ ഭാരതീയരുടെ ഒത്തൊരുമിച്ചു നിന്നു കൊണ്ടുള്ള ത്യാഗോജ്വലമായ പോരാട്ടങ്ങളാണ് നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന അടിമത്തത്തില്‍ നിന്നും നമ്മെ മോചിപ്പിച്ചത്.ഗാന്ധിജിയുടെ അഹിംസ സമര രീതിയും ഇന്ത്യക്കാര്‍ വെച്ചു പുലര്‍ത്തിയ ദേശീയബോധവുമാണ് ലോകത്തിലെ മറ്റു സ്വാതത്ര പോരാട്ടങ്ങളില്‍ നിന്നും വിപ്ലവങ്ങളില്‍ നിന്നും നമ്മുടെ സ്വാതന്ത്ര്യ സമരത്തെ വേര്‍തിരിക്കുന്നതും. എന്നാല്‍ ആദ്യം ബ്രിട്ടീഷുകാരും പിന്നീട് കാലങ്ങളായി രാജ്യത്തെ ഹിന്ദുത്വ ഫാസിസ്റ്റുകളും മുസ്ലിംകളുടെ സ്വാതന്ത്രസമരത്തിലെ സംഭാവനകളെ വില കുറച്ചു കാണിക്കാന്‍ തീവ്രമായി ശ്രമിച്ചിട്ടുണ്ട്.സമര ചരിത്രത്തെ വളച്ചൊടിച്ചു കൊണ്ടുള്ള നീചമായ പ്രചാരണങ്ങള്‍ വ്യാപകമായി നടന്നിട്ടുണ്ട്.ഫാസിസം അതിന്റെ എല്ലാവിധ തീവ്രതയോടു കൂടിയും കളം വായുന്ന സമകാലിക ഇന്ത്യയില്‍ മുസ്ലിംകളുടെ അസ്ഥിത്വം വരെ ചോദ്യം ചെയ്യപ്പെടുമ്പോള്‍ വിസ്മൃതിയിലാണ്ടുപോയ നമ്മുടെ പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും ചരിത്രം ചര്‍ച്ച ചെയ്യപ്പെടേണ്ടതിന്റെ ആവശ്യകത ഏറിവരികയാണ്.
ഇന്ത്യയിലേക്ക് ആദ്യമായി കടന്നുവന്ന അധിനവേശ ശക്തികളായ പറങ്കികളുടെ വൈദേശികാധിപ ത്യത്തിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് ന ടത്തിയവരാണ് കുഞ്ഞാലിമരക്കാർ മാര്‍.ജന്മ നാടിനു വേണ്ടി വീരേതിഹാസം രചിച്ച കുഞ്ഞാലിമാരില്‍ ചരിത്രത്തിലിടം പിടിച്ചത് മുഹമ്മദ് മരക്കാര്‍,കുട്ടി അലി മരക്കാര്‍,പട മരക്കാര്‍,മുഹമ്മദ് മരക്കാര്‍ എന്നി നാലുപേരാണ്.സാമൂതിരി രാജാവിന്റെ നാവികതലവന്‍മാരായിരുന്നു ഈ ധീര യോദ്ധാക്കള്‍.സര്‍വ്വവിധ സജ്ജീകരണങ്ങളോടും കൂടിയ അക്കാലത്തെ ഏറ്റവും വലിയ നാവിക ശക്തികളായിരുന്ന പറങ്കികള്‍ക്കെതിരെ ചെറു വള്ളങ്ങളും ആയുധങ്ങളുമുപയോഗിച്ച് കുഞ്ഞാലിമാരുടെ നാവികപ്പട നടത്തിയ വിരഗാഥ സ്വാതന്ത്രസമരത്തിലെ ആവേശം ജനിപ്പിക്കുന്ന ഒരധ്വായം തന്നെയാണ്.ഒരു നൂറ്റാണ്ടു കാലത്തോളം നീണ്ടുനിന്ന കുഞ്ഞാലിമാരുടെ പേ രാട്ടങ്ങള്‍ പറങ്കികളെ ശരിക്കും വെള്ളം കുടിപ്പിച്ചു.അതില്‍ ഏറ്റവും പ്രശസ്തമായതാണ് 1571 ല്‍ പറങ്കികളില്‍ നിന്നും ചാലിയം കോട്ട പിടിച്ചെടുത്തത്.ഇതിനെ തുടര്‍ന്ന് സാമൂതിരി കുഞ്ഞാലി മൂന്നാമന് പ്രതിഫലമായി ഒരു കോട്ട കെട്ടാന്‍ അനുവാദം നല്‍കി.അതാണ് 'കോട്ടക്കല്‍ മരക്കാര്‍ കോട്ട'.എന്നാല്‍ ചരിത്രത്തിലെ ദൗര്‍ഭാഗ്യകരമായ രംഗങ്ങളാണ് പിന്നീട് അരങ്ങേറിയത്.കുഞ്ഞാലിമാരെ കൊണ്ട് പൊറുതിമുട്ടിയ പറങ്കികള്‍ അവസാനം ചതിപ്രയോഗത്തിലൂടെ അവരെ കീഴ്‌പ്പെടുത്തുകയായാരുന്നു.സാമൂതിരിയെ കുതന്ത്രത്തിലൂടെ വശീകരിച്ച അവര്‍ കുഞ്ഞാലി നാലാമനെ പിടികൂടുകയും ഗോവയില്‍ കൊണ്ടുപോയി വധിക്കുകയും ചെയ്തു.എന്നിട്ടും അരിശം തീരാതെ അവര്‍ കുഞ്ഞാലിയുടെ തല ഉപ്പിലിടുകയും കണ്ണൂരില്‍ കൊണ്ടുവന്ന് പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
കച്ചവട ആവശ്യാര്‍ത്ഥം ഇന്ത്യയിലേക്ക് വന്ന ബ്രിട്ടീഷുകാരുടെ
കൊളോണിയല്‍ താല്‍പര്യങ്ങളെ ആദ്യമേ തിരിച്ചറിഞ്ഞ് തന്റെ അവസാന ശ്വാസം വരെ മാതൃരാജ്യത്തിനായി പടപൊരുതിയ ഭാരത
ത്തിന്റെ ധീരപുത്രനാണ് ശഹീദേ മില്ലത്ത് ടിപ്പുസുല്‍ത്താന്‍.മൈസൂര്‍ ഭരണാധികാരികളായിരുന്ന ടിപ്പുവും പിതാവ് ഹൈദര്‍ അലിയും ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടായിരുന്നു.അക്കാലത്തെ നാട്ടുരാജ്യങ്ങെല്ലാം ബ്രിട്ടീഷ് പാവകളായി മാറിയപ്പോഴും അസാമാന്യ ധീരതയോടെയും കറകളഞ്ഞ രാജ്യ സ്‌നേഹം കൊണ്ടും ടിപ്പു നടത്തിയ ഒറ്റയാന്‍ പോരാട്ടം സ്വാതന്ത്രസമരത്തിലെ തുല്യതയില്ലാത്ത ഒരധ്യായം തന്നെയാണ്. "ഒരു ദിവസം സിംഹത്തെ പോലെ ജീവിക്കുന്നതാണ് നൂറ്
കൊല്ലം കുറുക്കനെ പോലെ ജീവിക്കുന്നതിനേക്കാള്‍ മഹത്തരമായിട്ടുള്ളത് ' എന്ന തന്റെ തന്നെ ആപ്തവാക്യം അന്വര്‍ഥമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പോരാട്ടങ്ങള്‍.
ടിപ്പുവും പിതാവ് ഹൈദരാലിയും നാല് ആംഗ്ലോ-മൈസൂര്‍ യുദ്ധങ്ങളിലാണ് ബ്രിട്ടീഷുകാരുമായി ഏറ്റുമുട്ടിയത്.ഇതില്‍ ഒന്നും രണ്ടും യുദ്ധങ്ങളില്‍ മൈസൂർ പട ബ്രിട്ടീഷുകാരെ നിശേഷം പരാജയപ്പെടുത്തി.റോക്കറ്റ് ഉപയോഗിച്ച് യുദ്ധം നടത്തിയ ലോകത്തെ ആദ്യ ഭരണാധികാരിയാണ് ടിപ്പു സുൽത്താൻ.ടിപ്പുവിനെ ഒറ്റയ്ക്ക് നേരിടാന്‍ കഴിയാതിരുന്ന ബ്രിട്ടീഷുകാര്‍ പലപ്പോഴും അക്കാലത്തെ മറ്റു പ്രബല രാജവംശങ്ങളായ നൈസാമികളോടും മഹാരാഷ്ട്രരോടും കൂട്ടു ചേര്‍ന്നാണ് ടിപ്പുവിനെ എതിരിട്ടിരുന്നത്.എന്നിട്ടും പിടിച്ചുനില്‍ക്കാനാവാതെ വന്നപ്പോള്‍ ടിപ്പുവിന്റെ ഏറ്റവുമടുത്ത വിശ്വ സ്തരെയും മന്ത്രിമാരെയും വിലക്കുവാങ്ങി ബ്രിട്ടീഷുകാര്‍ സുല്‍ത്താനെ കെണിയില്‍ പെടുത്തുകയായിരുന്നു.അങ്ങനെ 1799 മെയ് 31ന് തന്റെ വിശ്വപ്ര സിദ്ധമായ ശ്രീരംഗപട്ടണം കോട്ടയില്‍ വെച്ച് നടന്ന നാലാം ആംഗ്ലോ മെസൂര്‍ യുദ്ധത്തില്‍ വച്ച് ടിപ്പുസുല്‍ത്താന്‍ രക്തസാക്ഷിത്വം വരിച്ചു.അപ്പോള്‍ അന്നത്തെ ബ്രിട്ടീഷ് സൈനിക തലവനായിരുന്ന ജനറല്‍ ഹാരിസണ്‍ ആനന്ദ നൃത്തം ചവിട്ടിക്കൊണ്ട് പറഞ്ഞുവത്രേ 'ഇന്ത്യ ഇന്ന് നമ്മുടേതായി'.
ബ്രിട്ടീഷുകാര്‍ക്കെതിരെ ഇന്ത്യൻ ജനത നടത്തിയ ആദ്യ ബഹുജന മുന്നേറ്റമാണ് 1857 ലെ ഒന്നാം സ്വാതന്ത്ര സമരം.ബ്രിട്ടീഷുകാരുടെ ആയുധശക്തിക്കും അടിച്ചമർത്തലിനും
മുന്നില്‍ സമരം പരാജയപ്പെട്ടുവെങ്കിലും രാജ്യത്ത് ഹിന്ദു മുസ്ലിം ഐക്യം രൂപപ്പെട്ടതും ഇന്ത്യക്കാര്‍ക്കിടയില്‍ ദേശീയബോധം വളര്‍ന്നതം സമരത്തിന്റെ ഏറ്റവും വലിയ നേട്ടം തന്നെയായിരുന്നു.ഈ ബഹുജന പ്രക്ഷോഭത്തിലും മുസ്ലിംകള്‍ സജീവമായി പങ്കെടുക്കുകയും മാതൃരാജ്യത്തിനായി അനേകം ത്യാഗങ്ങള്‍ സഹിക്കുകയും ധീര രക്തസാക്ഷിത്വം വരിക്കുകയും ചെയ്തിട്ടുണ്ട്.മീററ്റിലെ പട്ടാളക്യാമ്പില്‍ മംഗള്‍ പാണ്ഡെ തുടങ്ങിവച്ച ശിപായി ലഹള ഡല്‍ഹിയിലെത്തിയപ്പോള്‍ സമരക്കാര്‍ തങ്ങളുടെ നേതാവായി തെരഞ്ഞെടുത്തത് അന്നത്തെ മുഗള്‍ ഭരണാധികാരിയായ ബഹദൂര്‍ ഷാ സഫറിനെ ആയിരുന്നു.ജാതി ഭേദമന്യേ അവര്‍ ബഹദൂര്‍ഷയെ ഇന്ത്യയുടെ ചക്രവര്‍ത്തിയായി പ്രഖ്യാപിച്ചു.ഒരു മാസത്തിനകം കാണ്‍പൂര്‍,അവധ്, ലഖ്‌നൗ,അലഹബാദ്, ഝാന്‍സി എന്നിവിടങ്ങളിലേക്കെല്ലാം സമരം വ്യാപിച്ചു.ഇവിടങ്ങളിലെല്ലാം രക്തരൂക്ഷിതമായ കലാപങ്ങളും യുദ്ധങ്ങളും അരങ്ങേറി.എന്നാല്‍ ബ്രിട്ടീഷുകാരുടെ സൈനിക ശക്തിക്കും ആധുനിക യുദ്ധസജ്ജീകരണങ്ങള്‍ക്കും മുന്നില്‍ സമരക്കാര്‍ക്ക് അധികകാലം പിടിച്ചുനില്‍ക്കാനായില്ല.ഉത്തരേന്ത്യയെയാകെ ഏകദേശം ഒരു വര്‍ഷക്കാലം പിടിച്ചുക ലുക്കിയ കലാപത്തെ ബ്രിട്ടീഷുകാര്‍ ക്രൂരമായി അടിച്ചമര്‍ത്തി.ഡല്‍ഹി തിരിച്ചുപിടിച്ച ബ്രിട്ടീഷുകാര്‍ ബഹദൂര്‍ ഷാ രണ്ടാമനെ പിടികൂടുകയും അദ്ദേഹത്തെയും കുടുംബത്തെയും റങ്കൂണിലേക്ക് നാടുകടത്തുകയും ചെയ്തു.പോകുമ്പോള്‍ അദ്ദേഹം ഒരു പിടി ഇന്ത്യന്‍ മണ്ണും തന്റെ കൈവശം വെച്ചിരുന്നു.തന്റെ മാതൃരാജ്യത്തെ മണ്ണില്‍ തന്നെ അന്ത്യവിശ്രമം കൊള്ളണമെന്ന അദ്ദേഹത്തിന്റെ അഭിലാഷമായിരുന്നു അതിന്റെ കാരണം! ബര്‍മ്മയിലെ തടവറയില്‍ വെച്ച് നിരവധി പീഡനങ്ങളും
യാതനകളുമാണ് ബഹദൂര്‍ഷക്ക് നേരിടേണ്ടി വന്നത്.അദ്ദേഹത്തിന്റെ സ്വന്തം മക്കളുടെ തലവെട്ടി ഭക്ഷണ തളികയിലാക്കി ബ്രിട്ടീഷുകാര്‍ അദ്ദേഹത്തിന് കൊണ്ടുപോയി കൊടുത്തിരുന്നുവത്രെ.ഒടുവില്‍ അവിടെവെച്ച് തന്നെ 1862 ല്‍ അദ്ദേഹം അന്ത്യശ്വാസം വലിച്ചു.
അതുപോലെ അവധ് പ്രവിശ്യയില്‍ സമരത്തിന് നേതൃത്വം കൊടുത്തത് മൗലവി അഹമ്മദുല്ലയും ലഖ്‌നോവില്‍ ബീഗം ഹസ്രത്ത് മഹലും ആയിരുന്നു.വെള്ളക്കാര്‍ക്കെതിരെ ശക്തമായ സമരം നയിച്ച മൗലവിയെ ബ്രിട്ടീഷുകാരുടെ പാരിതോഷികം സ്വീകരിച്ച് പവനിലെ രാജാവ് ചതിച്ചു കൊലപ്പെടുത്തുകയായിരുന്നു.അവധിലെ അവസാന ഭരണാധികാരിയായ വാജിദ് അലി ഷായുടെ ഭാര്യയായിരുന്നു ബീഗംഹസ്രത്ത് മഹല്‍.1856 ല്‍ വാജിദലിയെ കൊല്‍ക്കത്തയിലേക്ക്നാടുകടത്തിയ ബ്രിട്ടീഷുകാര്‍ ഉത്തര്‍പ്രദേശിലെ നിരവധി ഭാഗങ്ങള്‍ പിടിച്ചടക്കുകയും ചെയ്തു.1857 ല്‍ ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ചപ്പോള്‍ ബീഗം ഹസ്രത്ത് മഹല്‍ അവധിനെ ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി ചേര്‍ക്കുന്ന ശ്രമങ്ങള്‍ക്കെതിരെ പോരാടി.രാജാ ജയ്‌ലാല്‍ സിംഗിന്റെ സഹായത്തോടെ ബീഗം ഹസ്രത്ത് മഹല്‍ ലക്‌നോവിന്റെ നിയന്ത്രണം പിടിച്ചെടുക്കുകയും തന്റെ മകന്‍ ബിര്‍ജിസ് ഖദ്‌റയെ അവിടുത്തെ ഗവര്‍ണറായി പ്രഖ്യാപിക്കുകയം ചെയ്തു.എന്നാല്‍ ബ്രിട്ടീഷ് സൈന്യം ലഖ്‌നോ തിരിച്ചു പിടിച്ചതോടെ ബീഗം ഹസ്രത്ത് മഹല്‍ പിന്‍വാങ്ങാന്‍ നിര്‍ബന്ധിതയായി.ശേഷം നാനാസാഹിബിന്റെ കൂടെ ചേര്‍ന്ന് പ്രവര്‍ത്തിച്ച ബീഗം ജഹാന്‍പൂര്‍ ആക്രമണത്തിന്റെ സമയത്ത് ഫൈസാബാദ് മൗലവിയുടെ കൂടെ ചേര്‍ന്നും പ്രവര്‍ത്തിച്ചു.ഒടുവില്‍ ബ്രിട്ടീഷുകാര്‍ സമരത്തെ അടിച്ചമര്‍ത്തിയപ്പോള്‍ പിടിക്കപ്പെടുമെന്നുറപ്പായ ബീഗം ഹസ്രത്ത് വെള്ളക്കാര്‍ക്ക് പിടി കൊടുക്കാതെ നേപ്പാളില്‍ അഭയം തേടുകയായിരുന്നു.അവിടെവെച്ച് തന്നെ 1872 ല്‍ ആയിരുന്നു അന്ത്യം.
ദില്ലിയിലെ വിമതശിപായിമാരുടെ മുഖ്യസൈന്യാധിപനായിരുന്നു ജനറല്‍ ബഖ്ത് ഖാന്‍.ഡെല്‍ഹിയിലെ പരാജയത്തിനുശേഷം ബഖ്ത് ഖാന്‍ അവധിലേക്ക് നീങ്ങി.അവിടെ ബീഗം ഹസ്രത് മഹലിനൊപ്പം ബ്രിട്ടീഷ് സൈനത്തിനെതിരെ പോരാടി.അവധ് ബ്രിട്ടീഷ് നിയന്ത്രണത്തിലായതോടെ ഹസ്രത് മഹലിനോടോപ്പം നേപ്പാളിലേക്ക് കടന്നു.കാണ്‍പൂരില്‍ നാനാ സാഹിബിനും താന്തിയാതോപിക്കുമൊപ്പം ധീരമായി പോരാടിയ അസീമുല്ലാ ഖാന്‍,ബറേലി, റോഹിന്‍ഗണ്ഡ് കലാപങ്ങള്‍ക്ക് നേത്യത്വം കൊടുത്ത ഖാന്‍ ബഹാദൂര്‍ ഖാന്‍,അലഹബാദില്‍ സമരത്തിന് നേതൃത്വം നല്‍കിയ ലിയാക്കത്ത് അലി,ബഹദൂര്‍ഷാ സഫറിന്റെ പത്‌നി സീനത്ത് മഹല്‍,കാണ്‍പൂരില്‍ സ്ത്രീ റെജിമെന്റ് രൂപീകരിച്ചു ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടുകയും 25 ആം വയസ്സില്‍ ബ്രീട്ടീഷുകാര്‍ വെടിവച്ച് കൊല്ലുകയും ചെയ്ത അസീസന്‍ ബീഗം തുടങ്ങി പുരുഷന്‍മാരും സ്ത്രീകളുമായി ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ വീരേതിഹാസം രചിച്ച മുസ്ലിംകള്‍ നിരവധിയാണ്.മുസ്ലിമായതിന്റെ പേരില്‍ അവരില്‍ പലരും ചരിത്രത്തിന്റെ വിസ്മൃതിയിലാണ്ട് പോയെന്ന് മാത്രം.
രാജ്യത്തിന്റെ സ്വാതന്ത്രസമരപോരാട്ടങ്ങളിലെ ഏറ്റവും നിര്‍ണായകമായ ഗാന്ധിയുഗത്തില്‍ ദേശസ്‌നേഹികളായ മുസ്ലിംകള്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്.ഈ കാലഘട്ടത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്,ഖിലാഫത്ത് പ്രസ്ഥാനം തുടങ്ങി സംഘടനകളുടെ ഭാഗമായും അല്ലാതെയും സമര മുന്നേറ്റങ്ങളുടെയും പോരാട്ടങ്ങളുടെയും ഭാഗവാക്കായ മുസ്ലിംകള്‍ അനവധിയാണ്.1885 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപീകരിക്കപ്പെട്ടപ്പോള്‍ അതിന്റെ സ്ഥാപക നേതാക്കളിലൊരാളും സംഘടനയുടെ മൂന്നാമത്തെ പ്രസിഡണ്ടുമായിരുന്നു ബദറുദ്ദീന്‍ ത്വയബ്ജി.ഹിന്ദുക്കളില്‍ നിന്നും മുസ്ലീങ്ങളില്‍ നിന്നും പിന്തുണ നേടുന്നതിനായി പ്രവര്‍ത്തിക്കുകയും കോണ്‍ഗ്രസിന്റെ ദേശീയ വ്യാപ്തി കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുകയും ചെയ്ത ത്വയബ്ജി,1887-88 കാലഘട്ടത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായി രിക്കെ,മുസ്ലീം സമുദായത്തെ ഒന്നിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു.
അദ്ദേഹത്തിന്ശേഷം,റഹ്മത്തുള്ള സായാനി,സയ്യിദ് മുഹമ്മദ് ബഹാദൂര്‍,സയ്യിദ് ഹസ്സന്‍ ഇമാം,ഹക്കീം അജ്മല്‍ ഖാന്‍,മുഹമ്മദലി ജൗഹര്‍,അബ്ദുല്‍കലാം ആസാദ് തുടങ്ങി മുസ്ലിം നേതാക്കളും സ്വാതന്ത്ര സമര കാലത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധ്യക്ഷ
പദവി അലങ്കരിച്ചിട്ടുണ്ട്.ഇതില്‍ അബ്ദുല്‍ കലാം ആസാദ് മൂന്ന് തവണ കോണ്‍ഗ്രസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.'ക്വിറ്റ് ഇന്ത്യ ' സമരമടക്കം സ്വാന്ത്ര്യലബ്ധിക്കു തൊട്ടുമുമ്പ് നിരവധി സമര പോരാട്ടങ്ങള്‍ അരങ്ങേറിയ 1941- 46 കാലഘട്ടവും ഇതില്‍പ്പെടും.ഗാന്ധിയുടെയും നെഹ്‌റുവിന്റേയും വലംകയ്യായി പ്രവര്‍ത്തിച്ച അദ്ദേഹം ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ ശക്തനായ വക്താവും ആയിരുന്നു.ഇന്ത്യ പാക്ക് വിഭജനത്തെ ശക്തമായി എതിര്‍ത്തിരുന്ന അദ്ദേഹം സ്വാതന്ത്രാനന്തരം നെഹ്‌റു മന്ത്രിസഭയില്‍ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായും തിരഞ്ഞെടുക്കപ്പെട്ടു.
മറ്റൊരു പ്രശസ്ത സ്വാതന്ത്രസമരസേനാനിയാണ് അതിര്‍ത്തി ഗാന്ധി' എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഖാന്‍ അബ്ദുല്‍ ഗഫാര്‍ ഖാന്‍.ഗാന്ധിയുടെ പ്രിയ സുഹൃത്തും തികഞ്ഞ അഹിംസാ വാദിയുമായിരുന്ന അദ്ദേഹം സ്ഥാപിച്ച 'ഖുദായ്ഖിദ്മത് ഘര്‍'(ദൈവത്തിന്റെ ദാസന്മാര്‍)ബ്രിട്ടീഷുകാര്‍ക്കെതിരായി അഹിംസയിലധിഷ്ഠിതമായ സമരങ്ങളില്‍ സുപ്രധാന പങ്കു വഹിച്ചിരുന്നു.
കോണ്‍ഗ്രസ് കഴിഞ്ഞാല്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ സംഘടനകളില്‍ പ്രധാനപ്പെട്ടതാണ് ഖിലാഫത്ത് പ്രസ്ഥാനം.തുര്‍ക്കി ഖിലാഫത്തിനെതിരായ ബ്രിട്ടന്റെ നീക്കത്തിനെതിരെ ഒരു പ്രതിഷേധം എന്ന നിലയിലാണ് ഖിലാഫത്ത് പ്രസ്ഥാനം ആരംഭം കുറിക്കപ്പെട്ടതെങ്കിലും പിന്നീട് അത് ഇന്ത്യയിലെ ബ്രിട്ടീഷ് അധിനിവേശത്തിനെതിരെയുള്ള ശക്തമായ മുന്നേറ്റമായി മാറി.1920 ല്‍ കോണ്‍ഗ്രസ് നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചപ്പോള്‍ ഇരു സമരങ്ങളും ഒന്നിച്ചുകൊണ്ടുപോകാന്‍ ഗാന്ധിജി തീരുമാനിച്ചു.രാജ്യത്ത് കോണ്‍ഗ്രസ് - ഖിലാഫത്ത് സംയുക്ത സമ്മേളനങ്ങള്‍ നടന്നു.ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുമിച്ചു നിന്നുകൊണ്ടുള്ള വലിയ സമരങ്ങള്‍ രാജ്യത്ത് അരങ്ങേറി.മൗലാനാ മുഹമ്മദലിയും ഷൗക്കത്തലിയും ആയിരുന്നു ഇന്ത്യയിലെ ഖിലാഫത്ത് പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയത്.ഏറ്റവും ശക്തമായ ഖിലാഫത് സമരങ്ങള്‍ അരങ്ങേറിയത് കേരളത്തിലായിരുന്നു.1921 ഓഗസ്റ്റ് 18 ന് ഗാന്ധിജിയും മൗലാന മുഹമ്മദലിയും കോഴിക്കോട് കടപ്പുറത്ത് വെച്ച് കോണ്‍ഗ്രസ് ഖിലാഫത് സംയുക്ത സമ്മേളനത്തെ അഭിസംബോധന് ചെയ്ത് പ്രസംഗിച്ചു.ആലി മുസ്ലിയാരുടെയും വാരിയംകുന്നത്ത് കു ഞ്ഞഹമ്മദാജിയുടെയുമൊക്കെ നേതൃത്വത്തില്‍ കേരളത്തില്‍ പ്രത്യേകിച്ച് മലബാര്‍ മേഖലകളില്‍ അതിശക്തമായ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളും പോരാട്ടങ്ങളും അരങ്ങേറി.ഒരുപക്ഷേ ഇന്ത്യയില്‍ ഒരിടത്തും ഒരുകാലത്തും ബ്രിട്ടീഷ് പട്ടാളത്തിനെതിരെ മലബാര്‍ സമരത്തോളം ശക്തമായ പ്രാദേശിക സമരം നടന്നിട്ടുണ്ടാകില്ല.ഒരുഘട്ടത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നേതൃത്വത്തില്‍ തിരൂരങ്ങാടി കേന്ദ്രമായി ' മലയാളരാജ്യം' എന്ന പേരില്‍ സ്വതന്ത്ര ഭരണകൂടം വരെ നിലവില്‍ വന്നിരുന്നു.ബ്രിട്ടീഷ് പട്ടാളത്തിനെതിരെ ഇന്ത്യയിലെ സിവിലിയന്മാര്‍ നടത്തിയ ഏക യുദ്ധമായ 'പൂക്കോട്ടൂര്‍ യുദ്ധം' ഈ സമരങ്ങളുടെ ഭാഗമായി ഉണ്ടായതാണ്.ബ്രിട്ടിഷ് പട്ടാളം വളരെ ക്രൂരമായാണ് സമരക്കാരെ നേരിട്ടത് 'വാഗണ്‍ ട്രാജഡി' പോലെയുള്ള ഒരുപാട് കൂട്ടക്കൊലകള്‍ സമരത്തിന്റെ ഭാഗമായി അരങ്ങേറി.
നിസ്സഹകരണ പ്രസ്ഥാനം,സിവില്‍ നിയമലംഘനപ്രസ്ഥാനം,ക്വിറ്റ് ഇന്ത്യാ സമരം തുടങ്ങി ഗാന്ധി യുഗത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന പ്രധാനപ്പെട്ട മൂന്ന് ബഹുജന സമരങ്ങളിലും മുസ്ലിംകള്‍ സജീവമായി പങ്കെടുത്തു.1930 ലെ ഉപ്പുസത്യാഗ്രഹത്തില്‍ ദണ്ഡി യാത്രക്കുശേഷം ഗാന്ധിജിയെ ബ്രിട്ടീഷ് പട്ടാളം അറസ്റ്റ് ചെയ്തപ്പോള്‍ സമരത്തിന്റെ നേത്യത്വം ഏറ്റെടുത്തത് അബ്ബാസ് തിയാബ്ജി ആയിരുന്നു ആ വര്‍ഷം തന്നെ ലണ്ടനില്‍ വെച്ച് നടന്ന ഒന്നാം വട്ടമേശ സമ്മേളനത്തില്‍ ഇന്ത്യയെ പ്ര തിനിധീകരിച്ചുകൊണ്ട് മൗലാന മുഹമ്മദലി ജൗഹര്‍ പങ്കെടുത്തു.ബക്കിംഗ്ഹാം കൊട്ടാരത്തില്‍ വച്ച് അന്നത്തെ ബ്രിട്ടീഷ് ചക്രവര്‍ത്തി ജോര്‍ജ് അഞ്ചാമന്റെ മുഖത്തുനോക്കി അദ്ദേഹം ഇന്ത്യയുടെ സ്വാതന്ത്ര്യം ആവശ്യപ്പെട്ടു.തുടര്‍ന്ന് അദ്ദേഹം അവിടെവെച്ച് നടത്തിയ പ്രസംഗം ചരിത്ര പ്രസിദ്ധമാണ്: "എന്റെ രാജ്യത്തിനു നിങ്ങള്‍ സ്വാതന്ത്ര്യം തരുന്നത് വരെ അവിടേക്ക് മടങ്ങിപ്പോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. സ്വതന്ത്ര്യമില്ലാത്ത ഒരു രാജ്യത്ത് ജീവിക്കുന്നതിനേക്കാളുപരി ഞാനിഷ്ടപ്പെടുന്നത് വിദേശ രാജ്യത്ത് മരിക്കാനാണ്. ഒന്നുകില്‍ നിങ്ങള്‍ എന്റെ നാടിന് സ്വാതന്ത്ര്യം നല്‍കുക, അല്ലെങ്കില്‍ എനിക്കിവിടെ ആറടി മണ്ണ് നല്‍കുക".
1942 ലെ ക്വിറ്റ് ഇന്ത്യ സമരം ഗാന്ധിജിയുടെ നേത്യത്വത്തില്‍ ആയിരുന്നെങ്കിലും ആ മുദ്രാവാക്യം ഗാന്ധിജിയുടെ സംഭാവനയായിരുന്നില്ല. കോണ്‍ഗ്രസ് നേതാവും അക്കാലത്തെ ബോംബെ മേയറുമായിരുന്ന യൂസഫ് മെഹ്രലിയാണ് യഥാര്‍ത്ഥത്തില്‍ 'ക്വിറ്റ് ഇന്ത്യ' എന്ന മുദ്രാവാക്യം മുന്നോട്ടുവച്ചത്. അതുപോലെ പ്രസിദ്ധമായ 'ഇന്‍ക്വിലാബ് സിന്ദാബാദ്' എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ് മുസ്ലിംലീഗ് നേതാവും ഉറുദു കവിയുമായിരുന്ന ഹസ്‌റത്ത് മൊഹാനി ആണ്. ഇന്ത്യയില്‍ ഇന്നും പ്രശസ്തമായ ' സാരേ ജഹാം സേ അച്ഛാ' എന്ന ഉറുദു ദേശഭക്തി ഗാനത്തിന്റെ രചയിതാവ് അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍ ആണ്.1925 ലെ പ്രസിദ്ധമായ കക്കോരി തീവണ്ടി കൊള്ളയില്‍ പ്രതിചേര്‍ക്കപ്പെട്ട് ഇരുപത്തിയഞ്ചാം വയസ്സില്‍ ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റിയ ധീര വിപ്ലവകാരിയാണ് അശ്ഫാഖുല്ലാ ഖാന്‍.സുഭാഷ് ചന്ദ്രബോസിന്റെ ഐഎന്‍എയില്‍ അംഗമാവുകയും ഇരുപത്തിയാറാം വയസ്സില്‍ തൂക്കിലേറ്റപെടുകയും ചെയ്ത വ്യക്തിയാണ് വക്കം അബ്ദുല്‍ ഖാദര്‍ തൂക്കിലേറ്റപ്പെടും മുമ്പ് അദ്ദേഹം തന്റെ കുടുംബത്തിന് അയച്ച കത്തിലെ അവസാന വരികള്‍ ഇങ്ങനെയായിരുന്നു:"വന്ദ്യനായ പി താവേ,വാത്സല്യനിധിയായ ഉമ്മ,ഏറ്റവും പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ,എനിക്കൊരു ആശ്വാസവചനവും നിങ്ങളോടു പറയാനില്ല.ഞാന്‍ നിങ്ങളെ വിട്ടുപിരിയുന്നു നമുക്ക് പരലോകത്ത് വീണ്ടും കാണാം.ഞാന്‍ എത്രത്തോളം ധൈര്യത്തോടും സമാധാനത്തോടും കുടിയാണ് മരിച്ചത് എന്ന് ദൃക്‌സാക്ഷികളില്‍നിന്ന് ഒരിക്കല്‍ അറിയുമ്പോള്‍ നിങ്ങള്‍ സന്തോഷിക്കാതിരിക്കില്ല. തീര്‍ച്ചയായം അഭിമാനിക്കുകതന്നെ ചെയ്യും. ഞാന്‍ നിര്‍ത്തട്ടെ..
✍🏻ഹാഫിള് അമീന്‍ നിഷാല്‍
നൂറ്റാണ്ടുകൾ നീണ്ടുനിന്ന കേരള മുസ്ലിങ്ങളുടെ അധിനിവേശ വിരുദ്ധ പോരാട്ടങ്ങളിലും അതിജീവന വഴിയിലും മുൻകാല മുസ്ലിം പണ്ഡിതന്മാർ നിസ്തുലമായ പങ്ക് വഹിച്ചിട്ടുണ്ട്. സമുദായത്തിന് ആത്മീയ നേതൃത്വം നൽകിയ അതേ പണ്ഡിതർ തന്നെയായിരുന്നു ഇക്കാലമത്രയും ഉമ്മത്തിന്റെ ഭൗതിക - രാഷ്ട്രീയ പ്രശ്നങ്ങൾക്ക് പരിഹാരമായതും പോരാട്ട ഭൂമികകളിൽ നേതൃത്വപരമായ പങ്ക് വഹിച്ചവരും.പറങ്കികളുടെയും ബ്രിട്ടീഷുകാരുടെയും ചൂഷണത്തിനും മർദ്ദകഭരണത്തിനുമെതിരെ ധീരമായി പ്രതികരിക്കുകയും ജനങ്ങളെ അണിനിരത്തുകയും ചെയ്തവരായിരുന്നു ഇവിടുത്തെ പണ്ഡിത നേതൃത്വം.തങ്ങളുടെ മിഹ്റാബുകളെയും തൂലികകളെയും അവർ കൊളോണിയൽ ശക്തികൾക്കെതിരെ നിരന്തരം ചലിപ്പിച്ചു.അവരിൽ നിരവധി പേർ മാതൃരാജ്യത്തിനായി ജീവൻ ബലിയർപ്പിക്കുകയും നാടുകടത്തപ്പെടുകയും വരെ ചെയ്തു.എന്നാൽ രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഈ വേളയിൽ,അതിശക്തമായ അധിനിവേശവിരുദ്ധ സമരങ്ങൾ അരങ്ങേറിയ കേരളത്തിൽ സമരത്തിന്റെ മുൻപന്തിയിൽ നിന്ന മുസ്ലിം പണ്ഡിതന്മാരുടെ പങ്ക് അധികം ചർച്ച ചെയ്യപ്പെട്ടിട്ടില്ല എന്നുള്ളത് ദുഃഖ സത്യം തന്നെയാണ്.
അധിനിവേശ ശക്തികൾക്കെതിരായ പോരാട്ടങ്ങളിൽ മുസ്ലിം പണ്ഡിതന്മാർ വലിയ പങ്കുവഹിച്ചിട്ടുണ്ട്.അതിൽ ആദ്യം പറയേണ്ടത് മഖ്ദൂമുമാരുടെ സംഭാവന തന്നെയാണ്.പറങ്കികളുടെ ആധിപത്യ ശ്രമങ്ങൾ കൊടുമ്പിരി കൊള്ളുകയും വംശീയ ഉന്മൂലനം ലക്ഷ്യങ്ങളോടെ മുസ്ലിംകളെയും ഭരണാധികാരിയായ സാമൂതിരിയും ആക്രമിച്ചു കൊണ്ടിരിക്കുകയും ചെയ്തിരുന്ന നിർണായക സന്ധ്യയിൽ സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ അറബിയിൽ രചിച്ച സമരകാവ്യമാണ് തഹ്രീളു അഹ്ലിൽ ഈമാൻ അലാ ജിഹാദി അബദത്തിസ്സുൽബാൻ . കേരളത്തിൽ അന്ന് നിലവിലുണ്ടായിരുന്ന എല്ലാ മഹല്ലുകളും നേരിട്ട് സന്ദർശിച്ച് അവിടങ്ങളിലെ ജനങ്ങളെ പോർച്ചുഗീസ് ആധിപത്യം അവസാനിപ്പിക്കേണ്ടതിന്റെ അനിവാര്യതയെ കുറിച്ച് അദ്ദേഹം ഉദ്ബോധിപ്പിച്ചു.അദ്ദേഹത്തിന്റെ സമരകാവ്യവും പ്രസംഗങ്ങളും സൃഷ്ടിച്ച തിരിച്ചറിവിലാണ് ആത്മീയ ബന്ധമുണ്ടായിരുന്ന കുഞ്ഞാലി മരക്കാർ കുടുംബം സമരസജ്ജരായി കൊച്ചിയിൽ നിന്ന് കോഴിക്കോട്ട് എത്തിയത്.
പോർച്ചുഗീസ്കാർക്കെതിരായ പോരാട്ടത്തിൽ സൈനുദ്ദീൻ മഖ്ദൂം ഒന്നാമന്റെ പുത്രൻ ഷെയ്ഖ് അബ്ദുൽ അസീസ് മഖ്ദൂമും പ്രമുഖ പങ്കു വഹിച്ചു.സംഭവബഹുലമായ ചാലിയം യുദ്ധത്തിൽ സാമൂതിരിയോടൊപ്പം നിന്നു പോരാളികളെ നയിച്ചത് കോഴിക്കോട് ഖാളി കൂടിയായിരുന്ന അബ്ദുൽ അസീസ് ആയിരുന്നു.അതുപോലെ പറങ്കികളിൽ നിന്നും ചാലിയം കോട്ട പിടിച്ചെടുത്തതിനെ പ്രകീർത്തിച്ചു കൊണ്ട് ഖാളി മുഹമ്മദ് രചിച്ച കൃതിയാണ് 'ഫതഹുൽ മുബീൻ'(വ്യക്തമായ വിജയം).
പറങ്കികൾക്കെതിരെ ശക്തമായി നിലകൊണ്ട മറ്റൊരു പണ്ഡിതനാണ് രണ്ടാം മഖ്ദൂം എന്നറിയപ്പെടുന്ന അഹമ്മദ് സൈനുദ്ദീൻ മഖ്ദൂം.പ്രസംഗത്തിലും രചനയിലും ഒരുപോലെ തിളങ്ങി നിന്നിരുന്ന മഖ്ദൂം രണ്ടാമൻ മലബാർ കീഴടക്കാൻ എത്തിയ പോർച്ചുഗീസുകാർക്കെതിരെ സാമൂതിരിയെ സഹായിക്കുകയും പറങ്കികൾക്കെതിരെ പ്രാദേശിക മുസ്ലീങ്ങളെയും ഇതര മുസ്ലിം രാജാക്കന്മാരുടെയും കൂട്ടായ്മ ഉണ്ടാക്കുവാൻ യത്നിക്കുകയും ചെയ്തു.കേരളത്തിലെ ആദ്യകാല ചരിത്ര ഗ്രന്ഥമായ തുഹ്ഫത്തുൽ മുജാഹിദീൻ (പോരാളികൾക്കുള്ള പാരിതോഷികം) എന്ന ഗ്രന്ഥത്തിന്റെ രചന മഹാനവർകളാണ് നിർവഹിച്ചത്.അക്രമികളായ പോർച്ചുഗീസുകാർക്കെതിരെ മുസ്ലിങ്ങളെ വിശുദ്ധ സമരത്തിന് (ജിഹാദ്) ആഹ്വാനം ചെയ്തു കൊണ്ടാണ് ഈ ഗ്രന്ഥം രചിക്കപ്പെട്ടത്.മാത്രമല്ല,സാമൂതിരിക്ക് വേണ്ടി ഇന്ത്യയിലെയും വിദേശത്തേയും മുസ്ലിം ഭരണാധികാരികളുമായി നയതന്ത്ര ബന്ധങ്ങൾ പുലർത്തിയിരുന്നതും മഖ്ദൂം രണ്ടാമൻ ആയിരുന്നു.
മലബാറിൽ ബ്രിട്ടീഷുകാർക്കെതിരെ ശക്തമായി ചെറുത്തുനിന്നവരിൽ മുൻപന്തിയിൽ നിൽക്കുന്നവരാണ് മമ്പുറം സയ്യിദ് ബാ അലവി തങ്ങൾ.തന്റെ ശിഷ്യരായ ഉണ്ണി മൂസ,അത്തൻ കുരുക്കൾ,ചെമ്പൻ പോക്കർ തുടങ്ങിയവർക്ക് ബ്രിട്ടീഷുകാർക്കെതിരെ പോരാട്ടവീര്യം പകർന്നത് തങ്ങൾ ആയിരുന്നു.ബ്രിട്ടീഷ് വിരുദ്ധ ഫത് വകൾ അടങ്ങിയ തങ്ങളുടെ കൃതിയാണ് സൈഫുൽ ബത്താർ.ബ്രിട്ടീഷുകാർക്കെതിരെ മുസ്ലിങ്ങൾ എല്ലാം ഒരുമിച്ച് നിൽക്കണമെന്നും ശത്രുവിൻ്റെ പക്ഷത്ത് നിൽക്കുന്നവർ ഇസ്ലാമിന്റെ പക്ഷത്ത് അല്ലെന്നും പ്രഖ്യാപിക്കുന്ന ഈ കൃതി മാപ്പിള പോരാളികളെ ശക്തിപ്പെടുത്തിയിരുന്നു.ബ്രിട്ടീഷുകാർക്കെതിരെ മുസ്ലിംകളുടെ സമീപനം വ്യക്തമാക്കുന്ന ഈ കൃതിയുടെ അപകടം മനസ്സിലാക്കിയ ബ്രിട്ടീഷുകാർ ഗ്രന്ഥം നിരോധിക്കുകയുണ്ടായി.അതുപോലെ അക്കാലത്ത് ബ്രിട്ടീഷുകാർക്കെതിരെ നടന്ന മുട്ടിച്ചിറ,ചേറൂർ കലാപങ്ങളിൽ തങ്ങളവർകൾക്ക് നേരിട്ട് പങ്കാളിത്തം ഉണ്ടായിരുന്നതായി ചില ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ നേരിട്ട് പങ്കെടുത്തിട്ടില്ല,മറിച്ച് പോരാളികൾക്ക് ആശിർവാദം നൽകുകയാണ് ചെയ്തത് എന്നാണ് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെട്ടത്.ചേറൂർ കലാപത്തിലേറ്റ മുറിവാണ് തങ്ങളുടെ മരണത്തിനിടയാക്കിയതെന്നും വിലയിരുത്തപ്പെടുന്നു.തങ്ങളെ അറസ്റ്റ് ചെയ്യാൻ ബ്രിട്ടീഷുകാർ തീരുമാനിച്ചിരുന്നെങ്കിലും തങ്ങളുടെ ജനപിന്തുണ ഭയന്ന് പിന്മാറുകയായിരുന്നു.
അതുപോലെ മമ്പുറം തങ്ങളുടെ മകനായ സയ്യിദ് ഫസൽ പൂക്കോയ തങ്ങളും അധിനിവേശത്തിനെതിരായ പോരാട്ടങ്ങളിൽ ശക്തമായി നിലകൊണ്ടു.'ഉദ്ദത്തുൽ ഉമറാ' എന്ന ബ്രിട്ടീഷ് വിരുദ്ധ കൃതിയും അദ്ദേഹം രചിച്ചിട്ടുണ്ട്.എന്നാൽ 1851ൽ അന്നത്തെ മലബാർ ജില്ലാ കളക്ടർ എച്ച്.വി കോണാലി ഈ കൃതിയെ നിരോധിച്ച് വിജ്ഞാപനമിറക്കി.അതുപോലെതന്നെ ജുമുആ പ്രഭാഷണങ്ങളിലും മറ്റും മഹാനവർകൾ ബ്രിട്ടീഷുകാർക്കെതിരെ നിലകൊള്ളാൻ ജനങ്ങളെ പ്രേരിപ്പിച്ചതും,ജന്മികൾക്കെതിരെ കുടിയാന്മാരെ സഹായിച്ചതും,ബ്രിട്ടീഷുകാർക്കെതിരെ പൊരുതാൻ ആഹ്വാനം ചെയ്തുകൊണ്ട് കയ്യെഴുത്ത് പ്രതികൾ മലബാറിലെ പള്ളികൾ കേന്ദ്രീകരിച്ചു വിതരണം ചെയ്തതും ബ്രിട്ടീഷ് സർക്കാരിനെ പ്രകോപിക്കുന്നവയായിരുന്നു.ബ്രിട്ടീഷുകാർക്കെതിരെ ഏറ്റുമുട്ടി മരണപ്പെട്ട ചേറൂർ രക്തസാക്ഷികളെ പുണ്യാളന്മാരായി ചിത്രീകരിച്ച് അവരുടെ മഖ്ബറകളിൽ തങ്ങൾ ആരംഭിച്ച ചേരൂർ നേർച്ച സർക്കാരിനെതിരെയുള്ള കലാപ മുന്നറിയിപ്പായിട്ടാണ് കളക്ടർ കനോലി വിലയിരുത്തിയത്.മദ്രാസ് ഗവൺമെൻറ് സെക്രട്ടറിക്ക് അയച്ച കത്തിൽ ജില്ലാ കളക്ടർ എച്ച്. വി കോണോലി പറയുന്നത് ഇങ്ങനെയാണ്: (ഫസൽ പൂക്കോയ തങ്ങൾ ) എല്ലാവിധത്തിലും അപകടകാരിയാണ്.പോലീസുകാർ അദ്ദേഹത്തിന് എതിരെ നിസ്സഹായരാണ്. അദ്ദേഹം സാമ്രാജ്യത്വത്തിനുള്ളിലെ സാമ്രാജ്യമാണ്". അവസാനം മമ്പുറം തങ്ങളുടെ സ്വാധീനശേഷി അറിയാവുന്ന കളക്ടർ നേരിട്ട് നടപടിയെടുക്കുന്നതിന് പകരം തങ്ങൾ അവർകളെ അനുനയിപ്പിച്ച് നാടുകടത്താനാണ് തീരുമാനിച്ചത്.ഇങ്ങനെ 1852 മാർച്ച് 19ന് തന്റെ ബന്ധുക്കളോടൊപ്പം തങ്ങൾ മക്കയിലേക്ക് യാത്ര തിരിച്ചു.മാപ്പിളമാരുടെ മനസ്സിലെ ഏറ്റവും വലിയ മുറിവ് മമ്പുറം തങ്ങളുടെ ഈ നാടുകടത്തൽ ആയിരുന്നു.അത് ബ്രിട്ടീഷുകാരുടെ ചതിയായിരുന്നുവെന്ന് മനസ്സിലാക്കിയ മാപ്പിളമാർ നാല് വർഷത്തിനുശേഷം കളക്ടർ കോണോലി സായിപ്പിനെ കോഴിക്കോട്ടുള്ള അദ്ദേഹത്തിന്റെ വസതിയിൽ കടന്നു വെട്ടിക്കൊലപ്പെടുത്തി.
മമ്പുറം തങ്ങന്മാരുടെ കാലത്ത് തന്നെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ മറ്റൊരു പണ്ഡിതനാണ് മഹാനായ വെളിയംകോട് ഉമർഖാളി.മഹാത്മാഗാന്ധി നികുതി നിഷേധസമരം തുടങ്ങുന്നതിന് ഒരു നൂറ്റാണ്ട് മുമ്പ് ബ്രിട്ടീഷുകാർക്കെതിരെ നികുതി നിഷേധ സമരം നടത്തിയ മഹാനാണവർ.ബ്രിട്ടീഷുകാർ ജനങ്ങളിൽ നിന്നും അമിതമായും,അന്യായമായും നികുതി ഈടാക്കുന്നതിനെ അദ്ദേഹം ചോദ്യം ചെയ്തു.അല്ലാഹുവിന്റെ ഭൂമിക്ക് കരം ചുമത്താൻ ബ്രിട്ടീഷുകാർക്ക് അവകാശമില്ല എന്നായിരുന്നു മഹാനവർകളുടെ വാദം.ഇതിനെ തുടർന്ന് ചാവക്കാട് കോടതിയിലേക്ക് വിളിച്ചു വരുത്തപ്പെട്ട ഉമർ ഖാസി ജഡ്ജിയായ തുക്കുടി സായിപ്പിൻറെ മുഖത്തേക്ക് കാർക്കിച്ചു തുപ്പി.തുക്കുടിയുടെ കല്പനപ്രകാരം ഉമർ ഖാളിയെ ജയിലിലടച്ചുവെങ്കിലും അദ്ദേഹം ജയിലിൽ നിന്ന് അത്ഭുതകരമാം വിധം രക്ഷപ്പെട്ടു.
മലബാറിലെ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെയും 1921 ലെ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളുടെയും അമരക്കാരനായിരുന്നു നെല്ലികുത്ത് ആലി മുസ്‌ലിയാർ.മുസ്ലിംകളുടെ ആഗോള നേതൃത്വമായിരുന്ന തുർക്കിയിലെ ഉസ്മാനി ഭരണകൂടത്തെ തകർക്കാനുള്ള ബ്രിട്ടന്റെ നീക്കത്തിനെതിരെ ഒരു പ്രതിഷേധം എന്ന നിലക്കാണ് ഖിലാഫത്ത് പ്രസ്ഥാനത്തിന് ഇന്ത്യയിൽ ആരംഭം കുറിക്കപ്പെട്ടതെങ്കിലും ഇന്ത്യയിലെ ബ്രിട്ടീഷ് അധിനിവേശത്തിനെതിരെയുള്ള ശക്തമായ മുന്നേറ്റവുമായി പ്രസ്ഥാനം മാറി.1920 ൽ കോൺഗ്രസ് നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചപ്പോൾ ഇരു സമരങ്ങളും ഒന്നിച്ചു കൊണ്ടു പോകാൻ ഗാന്ധിജി തീരുമാനിച്ചു.തുടർന്ന് ഗാന്ധിജിയുടെയും മൗലാന മുഹമ്മദലി,ഷൗക്കത്തലി തുടങ്ങി ഖിലാഫത്ത് നായകരുടെയും നേതൃത്വത്തിൽ രാജ്യത്തുടനീളം കോൺഗ്രസ് - ഖിലാഫത് സംയുക്ത സമ്മേളനങ്ങൾ നടന്നു.
ഏറ്റവും ശക്തമായ ഖിലാഫത്ത് സമരങ്ങൾ അരങ്ങേറിയത് കേരളത്തിലായിരുന്നു.ഖിലാഫത്തിനെ സംരക്ഷിക്കുന്നതിന് പുറമേ ഭൂവുടമകളായ ജന്മിമാർ ബ്രിട്ടീഷുകാരുടെ ഒത്താശയോടെ നടപ്പിലാക്കിയ ചൂഷണാത്മകമായ നികുതിനയങ്ങൾ ഉൾപ്പെടെയുള്ള സമീപനങ്ങൾക്കെതിരെ പാവപ്പെട്ട കർഷകകുടിയാന്മാർക്കിടയിൽ ഉടലെടുത്ത പ്രതിഷേധവും സമരം ആളിക്കത്താൻ ഹേതുവായിരുന്നു.കുടിയാന്മാരിൽ ഭൂരിഭാഗവും മുസ്ലിംകൾ ആയിരുന്നു. 1921 ഓഗസ്റ്റ് 18ന് ഗാന്ധിജിയും മൗലാന മുഹമ്മദലിയും കോഴിക്കോട് കടപ്പുറത്ത് വെച്ച് കോൺഗ്രസ് ഖിലാഫത്ത് സംയുക്ത സമ്മേളനത്തെ അഭിസംബോധനം ചെയ്തു പ്രസംഗിച്ചു.തുടർന്ന് ആലി മുസ്ലിയാരുടെയും വാരിയകുന്നത് കുഞ്ഞഹമ്മദാജിയുടെമൊക്കെ നേതൃത്വത്തിൽ കേരളത്തിൽ പ്രത്യേകിച്ച് മലബാർ മേഖലകളിൽ അതിശക്തമായ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളും പോരാട്ടങ്ങളും അരങ്ങേറി.ഒരുപക്ഷേ ഇന്ത്യയിൽ ഒരിടത്തും ഒരുകാലത്തും ബ്രിട്ടീഷ് പട്ടാളത്തിനെതിരെ മലബാർ സമരത്തോളം ശക്തമായ ഒരു പ്രാദേശിക സമരം നടന്നിട്ടുണ്ടാകില്ല.അന്ന് തിരൂരങ്ങാടി പള്ളിയിൽ മുദരിസ് ആയിരുന്ന ആലി മുസ്ലിയാർ സമരത്തിന്റെ മുന്നണി പോരാളിയായി മാറി.തികഞ്ഞ ദേശാഭിമാനിയായിരുന്ന ആലി മുസ്ലിയാർ വെള്ളക്കാരെയും കോളനി ഭരണത്തെയും ശക്തമായി എതിർത്തു. ഹിന്ദുക്കൾ അടക്കമുള്ള സമുദായത്തിന്റെ നാനാതുറയിലുള്ളവക്കിടയിലും ആലി മുസ്ലിയാർക്ക് സ്വീകാര്യത ഉണ്ടായിരുന്നു.ഗാന്ധിജിയുടെ അഹിംസ സമരത്തിൽ വിശ്വാസമർപ്പിച്ച മുസ്ലിയാർ നിസാഹകരണത്തിലൂന്നിയ സമരരീതിയാണ് പിന്തുടർന്നത്.ആക്രമണത്തെ ഇഷ്ടപ്പെടുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തില്ല.സംഘടനാപരമായി തിരൂരങ്ങാടിയിലെ ഖിലാഫത്ത് കമ്മിറ്റിയുടെ ഉപാധ്യക്ഷൻ ആയിരുന്നു മുസ്ലിയാർ എങ്കിലും ചെമ്പ്രശേരി തങ്ങളും വാരിയംകുന്നത്തുമടക്കമുള്ള മറ്റു പ്രദേശങ്ങളിലെ ഖിലാഫത്ത് നായകരും ആലി മുസ്ലിയാരുടെ ശിഷ്യരോ അനുയായികളോ ആയിരുന്നു.
ബ്രിട്ടീഷുകാരുടെ ഉറക്കം കെടുത്തിയ ഖിലാഫത് സമരങ്ങൾ ശക്തമായ ജനപിന്തുണയുടെ ബലത്തിൽ ഒരു ഘട്ടത്തിൽ തിരൂരങ്ങാടി ആസ്ഥാനമായി 'മലയാള രാജ്യം' എന്ന പേരിൽ സ്വതന്ത്ര ഭരണകൂടം വരെ സ്ഥാപിച്ചിരുന്നു.ബ്രിട്ടീഷ് പട്ടാളത്തിനെതിരെ ഇന്ത്യയിലെ സിവിലിയന്മാർ നടത്തിയ ഏക യുദ്ധമായ പൂക്കോട്ടൂർ യുദ്ധം ഈ സമരങ്ങളുടെ ഭാഗമായി ഉണ്ടായതാണ്.ബ്രിട്ടീഷ് പട്ടാളം വളരെ ക്രൂരമായാണ് സമരക്കാരെ നേരിട്ടത്.വാഗൺ ട്രാജഡി പോലെയുള്ള ഒരുപാട് കൂട്ടക്കൊലകൾ സമരത്തിന്റെ ഭാഗമായി അരങ്ങേറി.1921ൽ ആലി മുസ്ലിയാരെ ലക്ഷ്യമാക്കി വന്ന ഹിച്കോക്കിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് പട്ടാളം തിരൂരങ്ങാടി പള്ളി വളഞ്ഞു.പള്ളിക്കുനേരെ വെടിയുതീർക്കാൻ തുടങ്ങിയതോടെ ആലി മുസ്ലിയാരും അനുയായികളും കീഴടങ്ങി.തുടർന്ന് കോഴിക്കോട്ടുവെച്ച് കോടതിയിൽ വിചാരണ പ്രഹസനം.1922 ഫെബ്രുവരി 2 തിയ്യതി മുസ്ലിയാരെ തൂക്കിക്കൊല്ലാൻ ആയിരുന്നു കോടതി വിധിച്ചത്.എന്നാൽ ബ്രിട്ടീഷ് പൈശാചികർക്ക് അതിന് സാധിച്ചില്ല.തൂക്കിലേറ്റപ്പെടുന്നതിനു മുമ്പ് രണ്ട് റക്അത്ത് നിസ്കരിക്കാൻ സമയം ചോദിച്ച മുസ്ലിയാർ അവസാനത്തെ റക്അത്തിൽ സുജൂദിൽ കിടന്നുകൊണ്ട് തന്റെ അന്ത്യശ്വാസം വലിക്കുകയായിരുന്നു...
✍🏻അഹ്മദ് സഫ്‌വാന്‍ ചിത്താരി
''കരളുരുകുന്ന ചരിത്രമിതാ..
കഥനമേറും ചിത്രമിതാ..
കര്‍ബല തന്‍ കിസ്സയിതാ..
കണ്ണീരിലെഴുതിയ കാവ്യമിതാ.. ''
കര്‍ബലയുടെ കരളലിയിപ്പിക്കുന്ന ചരിതങ്ങള്‍ സ്മരിക്കപ്പെടുമ്പോള്‍ യേശുദാസിന്റെ കഥനമേറുന്ന പാട്ടിന്റെ വരികളാണ് ഓര്‍മ വരുന്നത്. അന്ത്യ പ്രവാചകര്‍(സ്വ)യുടെ പേരമകന്‍ സയ്യിദ് ഹുസൈന്‍(റ) കര്‍ബലയുടെ മണ്ണില്‍ വീര രക്തസാക്ഷിത്വം വഹിച്ചത് മുസ്ലീം ലോകത്തിന് എന്നും മറക്കാന്‍ കഴിയാത്ത അനുഭവമാണ്. ചരിത്ര താളുകളില്‍ വേദനാജനകമായ ദുരന്തമായി ഇത് എന്നും അവശേഷിക്കും. ഹിജ്റ 60 മുഹര്‍റം പത്തിനായിരുന്നു ഈ സംഭവം നടന്നത്.
എല്ലാ വര്‍ഷവും മുഹര്‍റം പത്ത് ശകുനമായും പ്രത്യേക ദു:ഖാചരണമായുമെല്ലാം ഇസ്ലാമില്‍ പെട്ട ചില വിഭാഗങ്ങള്‍ ആചരിക്കാറുണ്ട്. യഥാര്‍തത്തില്‍ ഇത് ഇസ്ലാമികമായി യാതൊരുവിധ ബന്ധവുമില്ലാത്തതാണെന്ന് നാം അടിവരയിട്ട് മനസ്സിലാക്കണം. ഇതിന്റെ പരിപൂര്‍ണ ഉത്തരവാദിത്വം ശിയാ ഭരണകൂടത്തിനും അത് അനുവര്‍ത്തിക്കുന്ന വിശ്വാസികള്‍ക്കുമാണ് എന്നതാണ്. അവരാണ് സ്വശരീരത്തെ വ്രണപ്പെടുത്തുന്നതും പ്രയാസപ്പെടുത്തുന്നതുമായ ഇത്തരം ചടങ്ങുകളും കോപ്രായങ്ങളും നടത്തി പരിശുദ്ധ ദീനിനെ അപകീത്തിപ്പെടുത്തുന്നത്.
സ്വഹാബി വര്യരായ മുആവിയാ(റ) വഫാത്തായതിന് ശേഷം മകന്‍ യസീദ് ഭരണമേറ്റ രീതിക്കെതിരെ ഹുസൈന്‍(റ) ഉള്‍പ്പെടെ അഞ്ച് പ്രമുഖ സ്വഹാബിമാര്‍ ശക്ത മായി രംഗത്തുവന്നിരുന്നു. ഖിലാഫത്തിനെ കുടുംസ്വത്താക്കിയെന്നായിരുന്നു അവരുടെ വാദം. മദീനയിലായിരുന്ന ഹുസൈന്‍(റ)വും കുടുംവും താമസിച്ചിരുന്നത്. പിന്നീട് കുടുംസമേതം മക്കയിലെത്തി. മക്കയിലായിരിക്കെ ഇറാഖില്‍ നിന്നും പ്രത്യേകിച്ച് കൂഫയില്‍ നിന്നുമെല്ലാം നിരവധി എഴുത്തുകള്‍ അദ്ദേഹത്തിനെ തേടിവരുകയുണ്ടായി. പെട്ടന്ന് കൂഫയിലെത്തണമെന്നും തങ്ങളുടെ ഖലീഫയാകണമെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം. അങ്ങനെ ബൈഅത്ത് ചെയ്യാമെന്ന് അവര്‍ വാഗ്ദാനം നല്‍കുകയുണ്ടായി.
നിചസ്ഥിതിയറിയാനും ആവശ്യമാണെങ്കില്‍ ജനങ്ങളെ സംഘടിപ്പിക്കാനുമായി പിതൃവ്യ പുത്രന്‍ മുസ്ലിമുബ്നു അഖീലിനെ കൂഫയിലേക്കയച്ചു. അവിടെയെത്തിയ മുസ്ലിം ഹുസൈന്‍(റ)നെ കാത്തുനില്‍കുകയാണന്ന് മനസ്സിലാക്കി. ഇക്കാര്യം അദ്ദേഹം ഹുസൈന്‍(റ)നെ അറിയിച്ചു. പക്ഷേ ഹുസൈന്‍(റ) യാത്രയെ അബ്ബാസ്(റ)വും മറ്റു പല പ്രമുഖരും എന്നല്ല, കുടുംബം പോലും എതിര്‍ത്തെങ്കിലും അത് വകവെക്കാതെ കുടുംാംഗങ്ങളും സേവകരുമടങ്ങുന്ന നൂറോളം പേരുമായി അദ്ദേഹം പുറപ്പെട്ടു.
ഇതിനിടെ കൂഫയിലെ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞിരുന്നു. ഗവര്‍ണറായിരുന്ന നുഅ്മാനെ മാറ്റി, തന്റെ വിശ്വസ്തനും കര്‍ക്കശക്കാരനുമായ ഉബൈദുബ്നു സിയാദിനെ ഉടനടി യസീദ് നിയമിച്ചു. ഇതിനിടെ യസീദ് ഹുസൈന്‍(റ)ന്റെ പ്രതിനിധിയായെത്തിയ മുസ്ലിമിനെ പിടികൂടി വധിച്ചു.
ഇതോടെ മരണ ഭീതിയിലായ ഹുസൈന്‍(റ)ന്റെ അനുകൂലികള്‍ കൂറുമാറി ഇബ്നു സിയാദിനോടൊപ്പം ചേര്‍ന്നു. ഇതൊന്നുമറിയാതെയായിരുന്നു ഹുസൈന്‍(റ) കൂഫ യാത്ര ചെയ്തിരുന്നത്.
വഴിമദ്ധ്യേ ഉമറുബ്നു സഅ്ദിന്റെ നേത്രത്തിലുള്ള ഇബ്നു സിയാദിന്റെ സൈന്യം ഹുസൈന്‍(റ) യും സംഘത്തേയും തടഞ്ഞു. തനിക്കു കത്തെഴുതിയവരെ വിളിച്ച് ഹുസൈന്‍(റ) കാര്യം ബോധ്യപ്പെടുത്തിയെങ്കിലും അവര്‍ നിശബ്ദരായി നില്‍കുക മാത്രമാണുണ്ടായത്. സൈന്യത്തിന്റെ അവിശ്വാസത്തിനു മുന്നില്‍ കീഴടങ്ങിയതിനാല്‍, മക്കയിലേക്ക് തിരിച്ചു പോകുന്നതിനോ ഡമസ്‌കസില്‍ ചെന്ന് യസീദിനെ കാണുന്നതിനോ അനുവദിക്കണമെന്ന ആവശ്യം മുന്നോട്ടു വെച്ചപ്പോള്‍ അവര്‍ ചെവി കൊണ്ടില്ല. മറിച്ച്, തന്റെ മുന്നില്‍ ഹാജരാക്കാനും യസീദിനെ ഖലീഫയായി അംഗീകരിക്കാനുമായിരുന്നു ഉത്തരവ്. എന്നാല്‍ മരണമാണ് അതിനേക്കാള്‍ നല്ലതെന്ന ദൃഢ പ്രതിജ്ഞയെടുക്കുയിരുന്നു ഹുസൈന്‍(റ). അതോടെ യുദ്ധം അനിവാര്യമായി വന്നു. സൈന്യം അവര്‍ക്ക് വെള്ളവും ഭക്ഷണവും തടയുകയുണ്ടായി. ഒടുവില്‍ ഹിജ്‌റ 60 മുഹറം പത്തിന് ഇബ്നു സിയാദിന്റെ പട്ടാളം വിവരിക്കാന്‍ കഴിയാത്ത വിധം കൊടും ക്രൂരത ആ കുടുബത്തോട് കാണിക്കുകയായിരുന്നു. ഹുസൈന്‍(റ)ന്റെ മക്കളായ അലി, ഖാസിം, അബൂക്കര്‍ എന്നിവരും അബ്ദുല്ല, ഉസ്മാന്‍, ജഅ്ഫര്‍, മുഹമ്മദ് തുടങ്ങിയവരും വധിക്കപ്പെടുകയായിരുന്നു. സ്ത്രീകളെ മക്കയിലേക്ക് പറഞ്ഞയക്കുകയും ചെയ്തു. ഹുസൈന്‍(റ)ന്റെ ഇളയ മകന്‍ സൈനുല്‍ ആബിദീന്‍ മാത്രമാണ് അന്ന് ആ പരമ്പരയില്‍ ബാക്കിയാത്.
ക്ഷണിച്ചു വരുത്തി ഹസ്രത് അലി(റ)ന്റെ വീര പുത്രനെ വഞ്ചിക്കുമ്പോള്‍, കൂടെ നിന്നവര്‍ പ്രവാചകര്‍(സ്വ) യുടെ കുടുംബത്തോടാണ് തനി ക്രൂരത കാണിക്കുന്നതെന്ന് വിസ്മരിച്ചു കളഞ്ഞു. തത്ഫലമായി കര്‍ബലാ രണാങ്കണം നിമിഷ നേരം കൊണ്ട് രക്തത്തിന്റെ കളമായി രൂപാന്തരപ്പെട്ടു . മായാത്ത ഓര്‍മ്മകളുടെയും കഥനത്തിന്റെ കരളലിയിപ്പിക്കുന്ന രോധനത്തിന്റെ ചിഹ്നമായി ഹുസൈന്‍(റ)ന്റെ രക്ത സാക്ഷിത്വവും കര്‍ബലയും ചരിത്രത്തിന്റെ ഏടുകളില്‍ തുന്നിച്ചേര്‍ക്കപെട്ടു. സര്‍വ്വ ശക്തന്‍ അവരോടൊന്നിച്ച് സ്വര്‍ഗീയ ലോകത്ത് നമ്മെ ഏവരേയും ഒരുമിച്ച് കൂട്ടി അനുഗ്രഹിക്കട്ടെ...