സ്വാതന്ത്ര്യ സമരവും കേരളമുസ്ലിം പണ്ഡിതരും

 ✍🏻ഹാഫിള് അമീന്‍ നിഷാല്‍

    നൂറ്റാണ്ടുകൾ നീണ്ടുനിന്ന കേരള മുസ്ലിങ്ങളുടെ അധിനിവേശ വിരുദ്ധ പോരാട്ടങ്ങളിലും അതിജീവന വഴിയിലും മുൻകാല മുസ്ലിം പണ്ഡിതന്മാർ  നിസ്തുലമായ പങ്ക് വഹിച്ചിട്ടുണ്ട്. സമുദായത്തിന് ആത്മീയ നേതൃത്വം നൽകിയ അതേ പണ്ഡിതർ തന്നെയായിരുന്നു ഇക്കാലമത്രയും ഉമ്മത്തിന്റെ ഭൗതിക -  രാഷ്ട്രീയ പ്രശ്നങ്ങൾക്ക് പരിഹാരമായതും പോരാട്ട ഭൂമികകളിൽ നേതൃത്വപരമായ പങ്ക് വഹിച്ചവരും.പറങ്കികളുടെയും ബ്രിട്ടീഷുകാരുടെയും ചൂഷണത്തിനും മർദ്ദകഭരണത്തിനുമെതിരെ ധീരമായി പ്രതികരിക്കുകയും ജനങ്ങളെ അണിനിരത്തുകയും ചെയ്തവരായിരുന്നു ഇവിടുത്തെ പണ്ഡിത നേതൃത്വം.തങ്ങളുടെ മിഹ്റാബുകളെയും തൂലികകളെയും അവർ കൊളോണിയൽ   ശക്തികൾക്കെതിരെ നിരന്തരം ചലിപ്പിച്ചു.അവരിൽ നിരവധി പേർ മാതൃരാജ്യത്തിനായി ജീവൻ ബലിയർപ്പിക്കുകയും നാടുകടത്തപ്പെടുകയും വരെ ചെയ്തു.എന്നാൽ രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഈ വേളയിൽ,അതിശക്തമായ  അധിനിവേശവിരുദ്ധ സമരങ്ങൾ അരങ്ങേറിയ കേരളത്തിൽ സമരത്തിന്റെ മുൻപന്തിയിൽ നിന്ന  മുസ്ലിം പണ്ഡിതന്മാരുടെ പങ്ക് അധികം ചർച്ച ചെയ്യപ്പെട്ടിട്ടില്ല എന്നുള്ളത് ദുഃഖ സത്യം തന്നെയാണ്.


 പറങ്കികളും മഖ്ദൂമി പണ്ഡിതന്മാരും

  

അധിനിവേശ ശക്തികൾക്കെതിരായ പോരാട്ടങ്ങളിൽ മുസ്ലിം പണ്ഡിതന്മാർ വലിയ പങ്കുവഹിച്ചിട്ടുണ്ട്.അതിൽ ആദ്യം പറയേണ്ടത് മഖ്ദൂമുമാരുടെ സംഭാവന തന്നെയാണ്.പറങ്കികളുടെ ആധിപത്യ  ശ്രമങ്ങൾ കൊടുമ്പിരി കൊള്ളുകയും വംശീയ ഉന്മൂലനം ലക്ഷ്യങ്ങളോടെ മുസ്ലിംകളെയും ഭരണാധികാരിയായ സാമൂതിരിയും ആക്രമിച്ചു കൊണ്ടിരിക്കുകയും ചെയ്തിരുന്ന നിർണായക സന്ധ്യയിൽ സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ അറബിയിൽ രചിച്ച സമരകാവ്യമാണ് തഹ്രീളു അഹ്ലിൽ ഈമാൻ അലാ ജിഹാദി അബദത്തിസ്സുൽബാൻ . കേരളത്തിൽ അന്ന് നിലവിലുണ്ടായിരുന്ന എല്ലാ മഹല്ലുകളും നേരിട്ട് സന്ദർശിച്ച് അവിടങ്ങളിലെ ജനങ്ങളെ പോർച്ചുഗീസ് ആധിപത്യം അവസാനിപ്പിക്കേണ്ടതിന്റെ അനിവാര്യതയെ കുറിച്ച് അദ്ദേഹം ഉദ്ബോധിപ്പിച്ചു.അദ്ദേഹത്തിന്റെ സമരകാവ്യവും പ്രസംഗങ്ങളും സൃഷ്ടിച്ച തിരിച്ചറിവിലാണ് ആത്മീയ ബന്ധമുണ്ടായിരുന്ന കുഞ്ഞാലി മരക്കാർ കുടുംബം സമരസജ്ജരായി കൊച്ചിയിൽ നിന്ന് കോഴിക്കോട്ട് എത്തിയത്.

       പോർച്ചുഗീസ്കാർക്കെതിരായ പോരാട്ടത്തിൽ സൈനുദ്ദീൻ മഖ്ദൂം ഒന്നാമന്റെ പുത്രൻ ഷെയ്ഖ് അബ്ദുൽ അസീസ് മഖ്ദൂമും പ്രമുഖ പങ്കു വഹിച്ചു.സംഭവബഹുലമായ ചാലിയം യുദ്ധത്തിൽ സാമൂതിരിയോടൊപ്പം നിന്നു പോരാളികളെ നയിച്ചത് കോഴിക്കോട് ഖാളി കൂടിയായിരുന്ന അബ്ദുൽ അസീസ് ആയിരുന്നു.അതുപോലെ പറങ്കികളിൽ നിന്നും ചാലിയം കോട്ട പിടിച്ചെടുത്തതിനെ പ്രകീർത്തിച്ചു കൊണ്ട് ഖാളി മുഹമ്മദ് രചിച്ച കൃതിയാണ് 'ഫതഹുൽ മുബീൻ'(വ്യക്തമായ വിജയം).

    

      പറങ്കികൾക്കെതിരെ ശക്തമായി നിലകൊണ്ട മറ്റൊരു പണ്ഡിതനാണ് രണ്ടാം മഖ്ദൂം എന്നറിയപ്പെടുന്ന അഹമ്മദ് സൈനുദ്ദീൻ മഖ്ദൂം.പ്രസംഗത്തിലും രചനയിലും ഒരുപോലെ തിളങ്ങി നിന്നിരുന്ന മഖ്ദൂം രണ്ടാമൻ മലബാർ കീഴടക്കാൻ എത്തിയ പോർച്ചുഗീസുകാർക്കെതിരെ സാമൂതിരിയെ സഹായിക്കുകയും പറങ്കികൾക്കെതിരെ പ്രാദേശിക മുസ്ലീങ്ങളെയും ഇതര മുസ്ലിം രാജാക്കന്മാരുടെയും കൂട്ടായ്മ ഉണ്ടാക്കുവാൻ യത്നിക്കുകയും ചെയ്തു.കേരളത്തിലെ ആദ്യകാല ചരിത്ര ഗ്രന്ഥമായ തുഹ്ഫത്തുൽ മുജാഹിദീൻ (പോരാളികൾക്കുള്ള പാരിതോഷികം) എന്ന ഗ്രന്ഥത്തിന്റെ രചന മഹാനവർകളാണ് നിർവഹിച്ചത്.അക്രമികളായ പോർച്ചുഗീസുകാർക്കെതിരെ മുസ്ലിങ്ങളെ വിശുദ്ധ സമരത്തിന് (ജിഹാദ്) ആഹ്വാനം ചെയ്തു കൊണ്ടാണ് ഈ ഗ്രന്ഥം രചിക്കപ്പെട്ടത്.മാത്രമല്ല,സാമൂതിരിക്ക് വേണ്ടി ഇന്ത്യയിലെയും വിദേശത്തേയും മുസ്ലിം ഭരണാധികാരികളുമായി നയതന്ത്ര ബന്ധങ്ങൾ പുലർത്തിയിരുന്നതും മഖ്ദൂം രണ്ടാമൻ ആയിരുന്നു.


 ബ്രിട്ടീഷുകാരെ വിറപ്പിച്ച മമ്പുറം തങ്ങന്മാർ 


മലബാറിൽ ബ്രിട്ടീഷുകാർക്കെതിരെ ശക്തമായി ചെറുത്തുനിന്നവരിൽ മുൻപന്തിയിൽ നിൽക്കുന്നവരാണ് മമ്പുറം സയ്യിദ് ബാ അലവി തങ്ങൾ.തന്റെ ശിഷ്യരായ ഉണ്ണി മൂസ,അത്തൻ കുരുക്കൾ,ചെമ്പൻ പോക്കർ തുടങ്ങിയവർക്ക് ബ്രിട്ടീഷുകാർക്കെതിരെ പോരാട്ടവീര്യം പകർന്നത് തങ്ങൾ ആയിരുന്നു.ബ്രിട്ടീഷ് വിരുദ്ധ ഫത് വകൾ അടങ്ങിയ തങ്ങളുടെ കൃതിയാണ് സൈഫുൽ ബത്താർ.ബ്രിട്ടീഷുകാർക്കെതിരെ മുസ്ലിങ്ങൾ എല്ലാം ഒരുമിച്ച് നിൽക്കണമെന്നും ശത്രുവിൻ്റെ പക്ഷത്ത് നിൽക്കുന്നവർ ഇസ്ലാമിന്റെ പക്ഷത്ത് അല്ലെന്നും പ്രഖ്യാപിക്കുന്ന ഈ കൃതി മാപ്പിള പോരാളികളെ ശക്തിപ്പെടുത്തിയിരുന്നു.ബ്രിട്ടീഷുകാർക്കെതിരെ മുസ്ലിംകളുടെ സമീപനം വ്യക്തമാക്കുന്ന ഈ കൃതിയുടെ അപകടം മനസ്സിലാക്കിയ ബ്രിട്ടീഷുകാർ ഗ്രന്ഥം നിരോധിക്കുകയുണ്ടായി.അതുപോലെ അക്കാലത്ത് ബ്രിട്ടീഷുകാർക്കെതിരെ നടന്ന മുട്ടിച്ചിറ,ചേറൂർ കലാപങ്ങളിൽ തങ്ങളവർകൾക്ക് നേരിട്ട് പങ്കാളിത്തം ഉണ്ടായിരുന്നതായി ചില ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ നേരിട്ട് പങ്കെടുത്തിട്ടില്ല,മറിച്ച് പോരാളികൾക്ക് ആശിർവാദം നൽകുകയാണ് ചെയ്തത് എന്നാണ് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെട്ടത്.ചേറൂർ കലാപത്തിലേറ്റ മുറിവാണ് തങ്ങളുടെ മരണത്തിനിടയാക്കിയതെന്നും വിലയിരുത്തപ്പെടുന്നു.തങ്ങളെ അറസ്റ്റ് ചെയ്യാൻ ബ്രിട്ടീഷുകാർ തീരുമാനിച്ചിരുന്നെങ്കിലും തങ്ങളുടെ ജനപിന്തുണ ഭയന്ന് പിന്മാറുകയായിരുന്നു.


       അതുപോലെ മമ്പുറം തങ്ങളുടെ മകനായ സയ്യിദ് ഫസൽ പൂക്കോയ തങ്ങളും അധിനിവേശത്തിനെതിരായ പോരാട്ടങ്ങളിൽ ശക്തമായി നിലകൊണ്ടു.'ഉദ്ദത്തുൽ ഉമറാ' എന്ന ബ്രിട്ടീഷ് വിരുദ്ധ കൃതിയും അദ്ദേഹം രചിച്ചിട്ടുണ്ട്.എന്നാൽ 1851ൽ അന്നത്തെ മലബാർ ജില്ലാ കളക്ടർ എച്ച്.വി കോണാലി ഈ കൃതിയെ നിരോധിച്ച് വിജ്ഞാപനമിറക്കി.അതുപോലെതന്നെ ജുമുആ പ്രഭാഷണങ്ങളിലും മറ്റും മഹാനവർകൾ ബ്രിട്ടീഷുകാർക്കെതിരെ നിലകൊള്ളാൻ ജനങ്ങളെ പ്രേരിപ്പിച്ചതും,ജന്മികൾക്കെതിരെ കുടിയാന്മാരെ സഹായിച്ചതും,ബ്രിട്ടീഷുകാർക്കെതിരെ പൊരുതാൻ ആഹ്വാനം ചെയ്തുകൊണ്ട് കയ്യെഴുത്ത് പ്രതികൾ മലബാറിലെ പള്ളികൾ കേന്ദ്രീകരിച്ചു വിതരണം ചെയ്തതും ബ്രിട്ടീഷ് സർക്കാരിനെ പ്രകോപിക്കുന്നവയായിരുന്നു.ബ്രിട്ടീഷുകാർക്കെതിരെ ഏറ്റുമുട്ടി മരണപ്പെട്ട ചേറൂർ രക്തസാക്ഷികളെ പുണ്യാളന്മാരായി ചിത്രീകരിച്ച് അവരുടെ മഖ്ബറകളിൽ തങ്ങൾ ആരംഭിച്ച ചേരൂർ നേർച്ച സർക്കാരിനെതിരെയുള്ള കലാപ മുന്നറിയിപ്പായിട്ടാണ് കളക്ടർ കനോലി വിലയിരുത്തിയത്.മദ്രാസ് ഗവൺമെൻറ് സെക്രട്ടറിക്ക് അയച്ച കത്തിൽ ജില്ലാ കളക്ടർ എച്ച്. വി കോണോലി പറയുന്നത് ഇങ്ങനെയാണ്: (ഫസൽ പൂക്കോയ തങ്ങൾ ) എല്ലാവിധത്തിലും അപകടകാരിയാണ്.പോലീസുകാർ അദ്ദേഹത്തിന് എതിരെ നിസ്സഹായരാണ്. അദ്ദേഹം സാമ്രാജ്യത്വത്തിനുള്ളിലെ സാമ്രാജ്യമാണ്". അവസാനം മമ്പുറം തങ്ങളുടെ സ്വാധീനശേഷി അറിയാവുന്ന കളക്ടർ നേരിട്ട് നടപടിയെടുക്കുന്നതിന് പകരം തങ്ങൾ അവർകളെ അനുനയിപ്പിച്ച് നാടുകടത്താനാണ് തീരുമാനിച്ചത്.ഇങ്ങനെ 1852 മാർച്ച്  19ന് തന്റെ ബന്ധുക്കളോടൊപ്പം തങ്ങൾ മക്കയിലേക്ക് യാത്ര തിരിച്ചു.മാപ്പിളമാരുടെ മനസ്സിലെ ഏറ്റവും വലിയ മുറിവ് മമ്പുറം തങ്ങളുടെ  ഈ നാടുകടത്തൽ ആയിരുന്നു.അത് ബ്രിട്ടീഷുകാരുടെ ചതിയായിരുന്നുവെന്ന് മനസ്സിലാക്കിയ മാപ്പിളമാർ നാല് വർഷത്തിനുശേഷം കളക്ടർ കോണോലി സായിപ്പിനെ കോഴിക്കോട്ടുള്ള അദ്ദേഹത്തിന്റെ വസതിയിൽ കടന്നു വെട്ടിക്കൊലപ്പെടുത്തി.


 നികുതിനിഷേധം നടത്തിയ ഉമർഖാളി 


മമ്പുറം തങ്ങന്മാരുടെ കാലത്ത് തന്നെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ മറ്റൊരു പണ്ഡിതനാണ് മഹാനായ വെളിയംകോട് ഉമർഖാളി.മഹാത്മാഗാന്ധി നികുതി നിഷേധസമരം തുടങ്ങുന്നതിന് ഒരു നൂറ്റാണ്ട് മുമ്പ് ബ്രിട്ടീഷുകാർക്കെതിരെ നികുതി നിഷേധ സമരം നടത്തിയ  മഹാനാണവർ.ബ്രിട്ടീഷുകാർ ജനങ്ങളിൽ നിന്നും അമിതമായും,അന്യായമായും നികുതി ഈടാക്കുന്നതിനെ അദ്ദേഹം ചോദ്യം ചെയ്തു.അല്ലാഹുവിന്റെ ഭൂമിക്ക് കരം ചുമത്താൻ ബ്രിട്ടീഷുകാർക്ക് അവകാശമില്ല എന്നായിരുന്നു മഹാനവർകളുടെ വാദം.ഇതിനെ തുടർന്ന് ചാവക്കാട് കോടതിയിലേക്ക് വിളിച്ചു വരുത്തപ്പെട്ട ഉമർ ഖാസി ജഡ്ജിയായ തുക്കുടി സായിപ്പിൻറെ മുഖത്തേക്ക് കാർക്കിച്ചു തുപ്പി.തുക്കുടിയുടെ കല്പനപ്രകാരം ഉമർ ഖാളിയെ ജയിലിലടച്ചുവെങ്കിലും അദ്ദേഹം ജയിലിൽ നിന്ന് അത്ഭുതകരമാം വിധം രക്ഷപ്പെട്ടു.


 ഖിലാഫത്ത് സമരനായകൻ  ആലി മുസ്ലിയാർ 


മലബാറിലെ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെയും 1921 ലെ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളുടെയും  അമരക്കാരനായിരുന്നു നെല്ലികുത്ത് ആലി മുസ്‌ലിയാർ.മുസ്ലിംകളുടെ ആഗോള നേതൃത്വമായിരുന്ന തുർക്കിയിലെ ഉസ്മാനി ഭരണകൂടത്തെ തകർക്കാനുള്ള ബ്രിട്ടന്റെ നീക്കത്തിനെതിരെ ഒരു പ്രതിഷേധം എന്ന നിലക്കാണ് ഖിലാഫത്ത് പ്രസ്ഥാനത്തിന് ഇന്ത്യയിൽ ആരംഭം കുറിക്കപ്പെട്ടതെങ്കിലും ഇന്ത്യയിലെ ബ്രിട്ടീഷ് അധിനിവേശത്തിനെതിരെയുള്ള ശക്തമായ മുന്നേറ്റവുമായി പ്രസ്ഥാനം മാറി.1920 ൽ കോൺഗ്രസ് നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചപ്പോൾ ഇരു സമരങ്ങളും ഒന്നിച്ചു കൊണ്ടു പോകാൻ ഗാന്ധിജി തീരുമാനിച്ചു.തുടർന്ന് ഗാന്ധിജിയുടെയും മൗലാന മുഹമ്മദലി,ഷൗക്കത്തലി തുടങ്ങി ഖിലാഫത്ത് നായകരുടെയും നേതൃത്വത്തിൽ  രാജ്യത്തുടനീളം കോൺഗ്രസ് - ഖിലാഫത് സംയുക്ത സമ്മേളനങ്ങൾ നടന്നു.


       ഏറ്റവും ശക്തമായ ഖിലാഫത്ത് സമരങ്ങൾ അരങ്ങേറിയത് കേരളത്തിലായിരുന്നു.ഖിലാഫത്തിനെ സംരക്ഷിക്കുന്നതിന് പുറമേ ഭൂവുടമകളായ ജന്മിമാർ ബ്രിട്ടീഷുകാരുടെ ഒത്താശയോടെ നടപ്പിലാക്കിയ ചൂഷണാത്മകമായ നികുതിനയങ്ങൾ ഉൾപ്പെടെയുള്ള സമീപനങ്ങൾക്കെതിരെ പാവപ്പെട്ട കർഷകകുടിയാന്മാർക്കിടയിൽ ഉടലെടുത്ത പ്രതിഷേധവും സമരം ആളിക്കത്താൻ ഹേതുവായിരുന്നു.കുടിയാന്മാരിൽ ഭൂരിഭാഗവും മുസ്ലിംകൾ ആയിരുന്നു. 1921 ഓഗസ്റ്റ് 18ന് ഗാന്ധിജിയും മൗലാന മുഹമ്മദലിയും കോഴിക്കോട് കടപ്പുറത്ത് വെച്ച് കോൺഗ്രസ് ഖിലാഫത്ത് സംയുക്ത സമ്മേളനത്തെ അഭിസംബോധനം ചെയ്തു പ്രസംഗിച്ചു.തുടർന്ന് ആലി മുസ്ലിയാരുടെയും വാരിയകുന്നത് കുഞ്ഞഹമ്മദാജിയുടെമൊക്കെ നേതൃത്വത്തിൽ കേരളത്തിൽ പ്രത്യേകിച്ച് മലബാർ മേഖലകളിൽ അതിശക്തമായ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളും പോരാട്ടങ്ങളും അരങ്ങേറി.ഒരുപക്ഷേ ഇന്ത്യയിൽ ഒരിടത്തും ഒരുകാലത്തും ബ്രിട്ടീഷ് പട്ടാളത്തിനെതിരെ മലബാർ സമരത്തോളം ശക്തമായ ഒരു പ്രാദേശിക സമരം നടന്നിട്ടുണ്ടാകില്ല.അന്ന് തിരൂരങ്ങാടി പള്ളിയിൽ മുദരിസ് ആയിരുന്ന ആലി മുസ്ലിയാർ സമരത്തിന്റെ മുന്നണി പോരാളിയായി മാറി.തികഞ്ഞ ദേശാഭിമാനിയായിരുന്ന ആലി മുസ്ലിയാർ വെള്ളക്കാരെയും കോളനി ഭരണത്തെയും    ശക്തമായി എതിർത്തു. ഹിന്ദുക്കൾ അടക്കമുള്ള സമുദായത്തിന്റെ നാനാതുറയിലുള്ളവക്കിടയിലും ആലി മുസ്ലിയാർക്ക് സ്വീകാര്യത ഉണ്ടായിരുന്നു.ഗാന്ധിജിയുടെ അഹിംസ സമരത്തിൽ വിശ്വാസമർപ്പിച്ച മുസ്ലിയാർ നിസാഹകരണത്തിലൂന്നിയ സമരരീതിയാണ് പിന്തുടർന്നത്.ആക്രമണത്തെ ഇഷ്ടപ്പെടുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തില്ല.സംഘടനാപരമായി തിരൂരങ്ങാടിയിലെ ഖിലാഫത്ത് കമ്മിറ്റിയുടെ ഉപാധ്യക്ഷൻ ആയിരുന്നു മുസ്ലിയാർ എങ്കിലും ചെമ്പ്രശേരി തങ്ങളും വാരിയംകുന്നത്തുമടക്കമുള്ള മറ്റു പ്രദേശങ്ങളിലെ ഖിലാഫത്ത് നായകരും  ആലി മുസ്ലിയാരുടെ ശിഷ്യരോ അനുയായികളോ ആയിരുന്നു.


     ബ്രിട്ടീഷുകാരുടെ ഉറക്കം കെടുത്തിയ  ഖിലാഫത് സമരങ്ങൾ ശക്തമായ  ജനപിന്തുണയുടെ ബലത്തിൽ  ഒരു ഘട്ടത്തിൽ തിരൂരങ്ങാടി ആസ്ഥാനമായി 'മലയാള രാജ്യം' എന്ന പേരിൽ സ്വതന്ത്ര ഭരണകൂടം വരെ സ്ഥാപിച്ചിരുന്നു.ബ്രിട്ടീഷ് പട്ടാളത്തിനെതിരെ ഇന്ത്യയിലെ സിവിലിയന്മാർ നടത്തിയ ഏക യുദ്ധമായ പൂക്കോട്ടൂർ യുദ്ധം ഈ സമരങ്ങളുടെ ഭാഗമായി ഉണ്ടായതാണ്.ബ്രിട്ടീഷ് പട്ടാളം വളരെ ക്രൂരമായാണ് സമരക്കാരെ നേരിട്ടത്.വാഗൺ ട്രാജഡി പോലെയുള്ള ഒരുപാട് കൂട്ടക്കൊലകൾ സമരത്തിന്റെ ഭാഗമായി അരങ്ങേറി.1921ൽ ആലി മുസ്ലിയാരെ ലക്ഷ്യമാക്കി വന്ന ഹിച്കോക്കിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് പട്ടാളം തിരൂരങ്ങാടി പള്ളി വളഞ്ഞു.പള്ളിക്കുനേരെ വെടിയുതീർക്കാൻ തുടങ്ങിയതോടെ    ആലി മുസ്ലിയാരും  അനുയായികളും കീഴടങ്ങി.തുടർന്ന് കോഴിക്കോട്ടുവെച്ച് കോടതിയിൽ വിചാരണ പ്രഹസനം.1922 ഫെബ്രുവരി 2 തിയ്യതി മുസ്ലിയാരെ തൂക്കിക്കൊല്ലാൻ ആയിരുന്നു കോടതി വിധിച്ചത്.എന്നാൽ ബ്രിട്ടീഷ് പൈശാചികർക്ക് അതിന് സാധിച്ചില്ല.തൂക്കിലേറ്റപ്പെടുന്നതിനു മുമ്പ് രണ്ട് റക്അത്ത് നിസ്കരിക്കാൻ സമയം ചോദിച്ച മുസ്ലിയാർ അവസാനത്തെ റക്അത്തിൽ സുജൂദിൽ കിടന്നുകൊണ്ട് തന്റെ അന്ത്യശ്വാസം വലിക്കുകയായിരുന്നു...

Post a Comment

Note: only a member of this blog may post a comment.

[blogger][facebook][disqus]

ivythemes

{facebook#https://fb.com/alathoorpadidars} {twitter#https://twitter.com/alathurpadidars} {google-plus#https://plus.google.com/+ALATHURPADIDARS} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://youtube.com/alathoorpadidars} {instagram#YOUR_SOCIAL_PROFILE_URL}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget