ഹാഫിള്


അമീന്‍ നിഷാല്‍

✍🏻ഹാഫിള് അമീന്‍ നിഷാല്‍

    ഭാരതത്തിൻ്റെ പ്രഥമ പ്രധാന മന്ത്രിയും രാഷ്ട്ര ശില്പിയുമാണ് പണ്ഡിറ്റ് ജവഹർലാൽ നെഹ്റു. മഹാത്മാഗാന്ധിയുടെ വലംകൈയായി നിലകൊണ്ട, രാജ്യത്തിൻ്റെ  സ്വാതന്ത്ര്യത്തിനായി അഹോരാത്രം പോരാടിയ നെഹ്റു സ്വാതന്ത്ര്യാനന്തരം ഉറച്ച നിലപാടുകളുടെയും ധീരമായ നടപടികളിലൂടെയും ദീർഘവീക്ഷണത്തോടെ രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ചു. മതേതരവാദി,ജനാധിപത്യ വാദി,രാഷ്ട്രതന്ത്രജ്ഞൻ, ശാസ്ത്രജ്ഞൻ, എഴുത്തുകാരൻ തുടങ്ങിയ മേഖലകളിലെല്ലാം അറിയപ്പെട്ട നെഹ്റുവിൻ്റെ ജന്മദിനം കുട്ടികളെ ഏറെ സ്നേഹിച്ചതിനാൽ രാജ്യം ശിശുദിനം ആയി കൊണ്ടാടുന്നു.എന്നാൽ രാജ്യം ഭരിക്കുന്ന സംഘപരിവാർ ശക്തികൾ നെഹ്റുവിനെ  ഇകഴ്ത്താനും അദ്ദേഹത്തിൻ്റെ സംഭാവനകളെ വിലകുറച്ചു കാണിക്കാനുമാണ് ശ്രമിക്കുന്നത്.തങ്ങളുടെ ലക്ഷ്യങ്ങൾക്കായി ചരിത്രത്തെ വളച്ചൊടിച്ചും മാറ്റിഴെഴുതിയും  സംഘപരിവാർ അക്ഷീണം പ്രയത്നിക്കുമ്പോൾ മോദി ഇന്ത്യയിൽ നെഹ്റു വിസ്മരിപ്പിക്കപ്പെട്… ഭാരതത്തിൻ്റെ പ്രഥമ പ്രധാന മന്ത്രിയും രാഷ്ട്രശില്പിയുമാണ് പണ്ഡിറ്റ് ജവഹർലാൽ നെഹ്റു.മഹാത്മാഗാന്ധിയുടെ വലംകൈയായി നിലകൊണ്ട് രാജ്യത്തിൻ്റെ  സ്വാതന്ത്ര്യത്തിനായി അഹോരാത്രം പോരാടിയ നെഹ്റു, സ്വാതന്ത്ര്യാനന്തരം ഉറച്ച നിലപാടുകളിലൂടെയും ധീരമായ നടപടികളിലൂടെയും ദീർഘവീക്ഷണത്തോടെയും രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ചു.മതേതരവാദി,ജനാധിപത്യ വാദി,രാഷ്ട്രതന്ത്രജ്ഞൻ,ശാസ്ത്രജ്ഞൻ,എഴുത്തുകാരൻ,വാഗ്മി തുടങ്ങിയ മേഖലകളിലെല്ലാം അറിയപ്പെട്ട നെഹ്റുവിൻ്റെ ജന്മദിനം കുട്ടികളെ ഏറെ സ്നേഹിച്ചതിനാൽ രാജ്യം ശിശുദിനം ആയി കൊണ്ടാടുന്നു.എന്നാൽ രാജ്യം ഭരിക്കുന്ന സംഘപരിവാർ ശക്തികൾ നെഹ്റുവിനെ  ഇകഴ്ത്താനും അദ്ദേഹത്തിൻ്റെ സംഭാവനകളെ വിലകുറച്ചു കാണിക്കാനുമാണ് ഇന്ന് ശ്രമിചുകൊണ്ടിരിക്കുന്നത്.തങ്ങളുടെ ലക്ഷ്യങ്ങൾക്കായി ചരിത്രത്തെ വളച്ചൊടിച്ചും മാറ്റിഴെഴുതിയും  സംഘപരിവാർ അക്ഷീണം പ്രയത്നിക്കുമ്പോൾ മോദി ഇന്ത്യയിൽ നെഹ്റു വിസ്മരിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. എങ്കിലും ജനാധിപത്യ മൂല്യങ്ങൾക്കും സാമ്പത്തിക,തൊഴിൽ മേഖലകൾക്കുമെല്ലാം വലിയ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന സമകാലിക രാഷ്ട്രീയ സാഹചര്യത്തിൽ രാജ്യം ഏറ്റവും കൂടുതൽ തേടുന്നത് നെഹ്റുവിനെയാണ്.


പ്രഥമ പ്രധാനമന്ത്രി


ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോൾ ജവഹർലാൽ നെഹ്റു രാജ്യത്തിൻ്റെ പ്രഥമ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.1947 ഓഗസ്റ്റ് 14 ൻ്റെ അർദ്ധരാത്രിയിൽ പാർലമെൻറിൻ്റെ ദർബാർ ഹാളിൽ നെഹ്റു രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ചരിത്രപ്രസിദ്ധമായ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി. "വർഷങ്ങൾക്കു മുമ്പ് വിധിയുമായി നാം ഒരു കരാറിൽ ഏർപ്പെട്ടിരുന്നു.അത് നിറവേറ്റാനുള്ള സമയം എത്തിയിരിക്കുന്നു.ഈ അർദ്ധരാത്രിയിൽ ലോകം മുഴുവൻ ഉറങ്ങുന്ന സമയത്ത് ഇന്ത്യ പുതു ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരുകയാണ്.." എന്ന് തുടങ്ങുന്ന ആ പ്രസംഗം 'വിധിയുമായുള്ള കൂടിക്കാഴ്ച' എന്ന പേരിൽ ചരിത്രത്തിലിടം നേടി.പിറ്റേന്ന് കാലത്ത് എട്ടര മണിക്ക് നെഹ്റു രാജ്യത്തിൻ്റെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയും ചെയ്തു.യഥാർത്ഥത്തിൽ കോൺഗ്രസ് പ്രവർത്തക സമിതിയിലെ മിക്ക അംഗങ്ങളും നെഹ്റുവിനെക്കാൾ മുതിർന്ന സർദാർ പട്ടേലിനെയാണ് പ്രധാനമന്ത്രിയായി തീരുമാനിച്ചിരുന്നത്.എന്നാൽ ഗാന്ധിജി നെഹ്റുവിൻ്റെ പേര് നിർദ്ദേശിക്കുകയും എല്ലാവരും അത് അംഗീകരിക്കുകയുമായിരുന്നു.നൂറ്റാണ്ടുകൾ നീണ്ട അടിമത്വം സമ്മാനിച്ച കെടുതികളിൽ നിന്നും വിഭജനത്തെ തുടർന്നുണ്ടായ  രക്തരൂക്ഷിതവും സങ്കീർണവുമായ സാഹചര്യങ്ങളിൽ നിന്നും രാജ്യത്തെ രക്ഷിക്കാൻ നെഹ്റുവിനെ പോലെ അടിയുറച്ച മതേതര ജനാധിപത്യ വീക്ഷണമുള്ള ഒരാൾക്കെ കഴിയൂ എന്ന ഉറച്ച ബോധ്യം ഗാന്ധിക്കുണ്ടായിരുന്നു.


മതേതര വീക്ഷണം

        1949 നവംബർ 7 ന്  അന്നത്തെ ആർ.എസ്.എസ് സർസംഘ് ചാലകായിരുന്ന എം.എസ് ഗോൾവാർക്കർ മുംബൈയിൽ തൻ്റെ ഒരു ലക്ഷം അനുയായികളെ  സംഘടിപ്പിച്ചുകൊണ്ട് ഹിന്ദു സംസ്കാരത്തിൻ്റെ നന്മയും മേന്മയും ഉയർത്തിക്കാട്ടി,രാജ്യം ആ ഒരു സംസ്കാരം സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെയും അനിവാര്യതയെയും ചൂണ്ടിക്കാട്ടിക്കൊണ്ട് പ്രസംഗിച്ചു.കൃത്യം ഒരാഴ്ച കഴിഞ്ഞ് നവംബർ 14 ന് തന്റെ അറുപതാം ജന്മദിനത്തിൽ നെഹ്റു അതേ മൈതാനത്ത് അതേ മൈക്രോഫോണിലൂടെ ആറു ലക്ഷം പേരെ സാക്ഷിനിർത്തി  'മതമൗലികവാദത്തിനെതിരെ മതേതരത്വവും ഏകാധിപത്യത്തിനെതിരെ ജനാധിപത്യവുമാണ് നമ്മുടെ ആയുധം' എന്ന് ഉറക്കെ പ്രഖ്യാപിച്ചു.അതായിരുന്നു ജവഹർലാൽ നെഹ്റുവിൻ്റെ മതേതര നിലപാട്.തികഞ്ഞ മതേതരവാദിയായിരുന്നു അദ്ദേഹം വർഗീയതയോട് ഒരിക്കലും രാജിയായില്ല.അത്തരം വർഗീയ പ്രവണതകൾ രാജ്യത്തിൻ്റെ സമൂല നാശത്തിന് ഇടയാക്കുമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു.തന്റെ മതേതര നിലപാടുകളിൽ നിന്ന് അദ്ദേഹം ഒരിഞ്ചു പോലും പുറകോട്ട് പോയില്ല.സ്വാതന്ത്ര്യസമരകാലത്ത് ഗാന്ധിജി ഒരിക്കൽ ആർ.എസ്.എസ് ആസ്ഥാനം സന്ദർശിച്ചിരുന്നുവെങ്കിൽ നെഹ്റു ഒരിക്കലും വഴിതെറ്റി പോലും അവിടെ പോയില്ല.സ്വാതന്ത്ര്യ സമരകാലത്ത് തന്നെ കോൺഗ്രസിനുള്ളിലെ തിലകൻ - പട്ടേൽ ഹിന്ദുത്വ ലൈനിനെ സമർത്ഥമായി പ്രതിരോധിക്കാൻ നെഹ്റുവിനായി.ആർ.എസ്.എസുകാർ ആയുധം ഉപേക്ഷിച്ചാൽ അവർക്ക് കോൺഗ്രസിൽ അംഗത്വം നൽകണമെന്ന് ചിലർ വാദിച്ചപ്പോൾ അന്ന് അതിനെ എതിർത്തത് നെഹ്റുവിനെയും സുഭാഷ് ചന്ദ്രബോസിനെയും പോലെയുള്ള കോൺഗ്രസിലെ യുവനിരയായിരുന്നു. 


       പിന്നീട് സ്വാതന്ത്രരാനന്തരം അഭയാർത്ഥി പ്രവാഹത്തെ തുടർന്നുണ്ടായ പ്രതിസന്ധിഘട്ടത്തിൽ മന്ത്രിസഭയിലെ ചില അംഗങ്ങൾ മതാടിസ്ഥാനത്തിൽ അഭയാർത്ഥികളെ പരസ്പരം കൈമാറണമെന്ന് വാദിച്ചപ്പോൾ 'ഹിന്ദു അല്ലാത്തതിന്റെ പേരിൽ ഒരാളെയും രാജ്യത്തുനിന്ന് പുറത്താക്കില്ലെന്നും അങ്ങനെ സംഭവിക്കുന്ന പക്ഷം അത് രാജ്യത്തിൻ്റെ സർവ്വനാശത്തിനിടയാക്കുമെന്നും'  പ്രഖ്യാപിച്ച നെഹ്റു അത്തരം നീക്കങ്ങൾക്കെതിരെ അകത്തുനിന്നും പുറത്തുനിന്നും താൻ പോരാടുമെന്നും യാതൊരു അർത്ഥശങ്കകൾക്കുമിട നൽകാതെ വ്യക്തമാക്കി.പിന്നീട് രാജ്യത്തിൻ്റെ ഭരണഘടന രൂപീകരണത്തിലും നെഹ്റുവിയൻ ചിന്തകൾ വലിയ പങ്കു വഹിച്ചു.1931 ലെ കറാച്ചി കോൺഗ്രസ് സമ്മേളനത്തിൽ അവകാശങ്ങളെയും മൗലികാവകാശങ്ങളെയും കടമകളെയും കുറിച്ച് നെഹ്റു അവതരിപ്പിച്ച 14 ഇന പദ്ധതികളാണ് പിന്നീട് ഭരണഘടനയിലെ മൗലികാവകാശങ്ങളായി ഇടംപിടിച്ചത്.ഇന്ത്യൻ മതേതരത്വത്തിന്റെ പ്രതീകമായിരുന്ന ബാബരി മസ്ജിദിന്റെ അസ്തിത്വത്തിനെതിരെ സ്വാതന്ത്രരാനന്തരം ആദ്യമായി അപശബ്ദം ഉയർന്നത് നെഹ്റുവിൻ്റെ കാലത്തായിരുന്നു.അന്ന് രാത്രിയുടെ മറവിൽ ചില വർഗീയ കോമരങ്ങൾ പള്ളിക്കുള്ളിൽ വിഗ്രഹം കൊണ്ടുപോയിട്ടപ്പോൾ ആ വിഗ്രഹമെടുത്ത് യമുനനദിയിലെറിയാനായിരുന്നു അന്നത്തെ ഫൈസാബാദ് കളക്ടറോട് നെഹ്റു ആവശ്യപ്പെട്ടത്.വർഷങ്ങൾക്ക് ശേഷമിന്ന് രാജ്യത്തിൻ്റെ അധികാര കസേരയിലിരിക്കുന്ന അതേ വർഗ്ഗീയ ശക്തികൾ പള്ളി പൊളിക്കുകയും പകരം അമ്പലം പണിയാനിരിക്കുകയും ചെയ്യുന്ന വേളയിൽ നെഹ്റുവിൻ്റെ പിൻഗാമികൾ എന്നവകാശപ്പെടുന്നവർ വരെ അതിനെ മത്സരിച്ചു പ്രകീർത്തിക്കുകയും ഐക്യത്തിന്റെ പ്രതീകമായി വാഴ്ത്തുകയും ചെയ്യുമ്പോൾ മതേതര ബോധമുള്ള രാജ്യതെ ഏതൊരു പൗരനും ഏറ്റവും കൂടുതൽ നഷ്ടത്തോടെ ഓർത്തിരിക്കുക ജവഹർലാൽ നെഹ്റുവിനെ ആയിരിക്കും.


ജനാധിപത്യ വീക്ഷണം

        1947 ൽ ഇന്ത്യസ്വാതന്ത്രമാ കുമ്പോൾ ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയെ കുറിച്ച്  ധാരാളം ആശങ്കകൾ ഉണ്ടായിരുന്നു.ആയിരക്കണക്കിന് ജാതികളും മതങ്ങളുമടങ്ങിയ നൂറു കണക്കിന് നാടുരാജ്യങ്ങളിലായി നിലകൊള്ളുന്ന കോടിക്കണക്കിന് ജനങ്ങളടങ്ങിയ ഒരു രാജ്യത്തെ ജനാധിപത്യ പ്രക്രിയയിലേക്ക് മാറ്റുക എന്നത് വളരെ ശ്രമകരമായ ഒരു ദൗത്യം തന്നെയായിരുന്നു.എന്നാൽ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ഇന്ത്യ മാറുന്നതാണ് ലോകം പിന്നെ കണ്ടത്.ഇന്ത്യ ക്കൊപ്പം സ്വാതന്ത്ര്യം നേടിയ മിക്ക രാജ്യങ്ങളും ഏകാധിപത്യത്തിനും പട്ടാള അട്ടിമറികൾക്കും വിധേയമായപ്പോഴും ഇന്ത്യ സുസ്ഥിരമായൊരു ഭരണക്രമത്തിലൂടെ ലോകത്തെ അത്ഭുതപ്പെടുത്തി.ഏറ്റവും നല്ലൊരു  പാർലമെന്റ് ഭരണരീതി ഇന്ത്യയിൽ തുടക്കം കുറിക്കപ്പെട്ടു.ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിച്ച് ഫെഡറലിസം കാത്തുസൂക്ഷിച്ചു.വിമർശകരുടെ വായ അടിപ്പിച്ചുകൊണ്ട് വളരെ നീതിപൂർവ്വമായ തെരഞ്ഞെടുപ്പുകൾ രാജ്യത് നടന്നു. അതുപോലെ ലോകനിലവാരത്തിലുള്ള പ്രധാന ജനാധിപത്യ രാജ്യങ്ങളിലെ നീതിന്യായ വ്യവസ്ഥകളോടും  മാധ്യമലോകത്തോടും കിടപിടിക്കാവുന്ന നീതി ന്യായവ്യവസ്ഥയും മാധ്യമ ലോകവും ഇന്ത്യയിൽ നിലനിന്നു.അഭിമാനകരമായ ഈ ജനാധിപത്യം മുന്നേറ്റത്തിനും വ്യവസ്ഥക്കും രാജ്യം ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനോടാണ്.

        

          ഒരു അടിയുറച്ച ജനാധിപത്യ വിശ്വാസിയായിരുന്ന ജവഹർലാൽ നെഹ്റു ജനാധിപത്യത്തിന്റെ മഹത്തായ മൂല്യങ്ങൾ ഉയർത്തി പിടിച്ചു ക്കൊണ്ട് തന്നെയായിരുന്നു രാജ്യത്തെ മുന്നോട്ട് നയിച്ചത്.അതുകൊണ്ട് തന്നെയാണ് അദ്ദേഹം രാഷ്ട്ര ശില്പിയായി  മാറിയതും. വിമർശനങ്ങളെയും പ്രതിഷേധങ്ങളെയും ഉൾക്കൊള്ളാനും പ്രതിപക്ഷത്തെ ബഹുമാനിക്കാനു മുള്ളൊരു വിശാല മനസ്സ് നെഹ്റുവിന് ഉണ്ടായിരുന്നു.പ്രതിപക്ഷം ഇല്ലാതെ ജനാധിപത്യമില്ലെന്ന്  അദ്ദേഹം ഉറച്ചു വിശ്വസിച്ചു. പാർലമെൻറിൽ കോൺഗ്രസിന് മൃഗീയ ഭൂരിപക്ഷം ഉണ്ടായിട്ടും തന്റെ എതിരാളികളായ പ്രതിപക്ഷ നേതാക്കളെ വളരെ അദ്ദേഹം മന്ത്രിസഭയിൽ ഉൾപ്പെടുത്തി.കോൺഗ്രസ് പിന്നോകക്കാരെ പരിഗണിക്കുന്നില്ല എന്നും പറഞ്ഞ് പാർട്ടി വിട്ട അംബേദ്കർ ആയിരുന്നു നെഹ്റു മന്ത്രിസഭയിലെ നിയമ മന്ത്രി.മാത്രമല്ല ഭരണഘടന രൂപീകരണസമിതിയിലെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയർമാനായും അംബേദ്കറെ നെഹ്റു നിയമിച്ചു.എന്തിനേറെ പറയുന്നു നെഹ്റുവിന്റെ ബദ്ധ ശത്രു അന്നത്തെ ഹിന്ദുമഹാസഭ നേതാവ് ശ്യാമപ്രസാദ് മുഖർജി വരെ വ്യവസായ മന്ത്രിയായി  മന്ത്രിസഭയിൽ ഉണ്ടായിരുന്നു.ഇന്ന് രാജ്യം ഭരിക്കുന്ന മോദി സർക്കാർ പ്രതിപക്ഷത്തിന് പുല്ലുവില പോലും കൽപ്പിക്കാതെ ചൂടപ്പം പോലെ ബില്ലുകൾ പാസാക്കുകയും ഇതേ കോൺഗ്രസിന് രണ്ട് സീറ്റ് കുറഞ്ഞതിന്റെ പേരിൽ പ്രതിപക്ഷ പാർട്ടി പദവി ചോദിച്ചിട്ടും നൽകാതിരിക്കുകയും ചെയ്യുമ്പോൾ ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ ഒരു  വിരോധഭാസമായെ നമുക്കതിനെ കാണാനാകൂ.


വിദേശനയം

     വിദേശരംഗത്ത് ചേരിചേരാ നയമമായിരുന്നു നെഹ്റു സ്വീകരി ചിരുന്നത്.ലോകരാജ്യങ്ങൾ ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യക്കെന്നും പ്രത്യേക സ്ഥാനവും സ്വീകാര്യതയും നേടിത്തന്നത്  നെഹ്റുവിന്റെ ഈ നയങ്ങൾ കൊണ്ടാണ്.വ്യക്തിപരമായി ലോക നേതാക്കൾക്കിടയിൽ ഉയർന്ന സ്ഥാനം നേടാനും നെഹ്റുവിന് കഴിഞ്ഞിരുന്നു.സ്വാതന്ത്ര്യസമരകാലത്ത് തന്നെ പല ലോകരാജ്യങ്ങളും സന്ദർശിച്ചിരുന്ന നെഹ്റു ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് അവരോടെല്ലാം പിന്തുണയും ഐക്യവും സഹകരണവും ആവശ്യപ്പെടുകയും  ചെയ്തിരുന്നു.അടിയുറച്ച ജനാധിപത്യവാദിയും സോഷ്യലിസ്റ്റ് ആയിരുന്ന നെഹ്റു നാസിസത്തെയും ഫാസിസത്തെയും അങ്ങേയറ്റം വെറുത്തു.അവരുമായി യാതൊരുവിധത്തിലുള്ള സഹകരണം അദ്ദേഹം പുലർത്തിയില്ല. ലോകരാജ്യങ്ങൾ  സന്ദർശിക്കുന്നതിനിടയിൽ 1939-ൽ നെഹ്റുവിനെ ബെനിറ്റോ മുസ്സോളിനി ഇറ്റലിയിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും നെഹ്റു ആ ക്ഷണം നിരസിക്കുകയാണണ്ടായത്.അതുപോലെ ഫലസ്തീന്റെ മണ്ണ് കയ്യേറാനുള്ള  സാമ്രാജ്യ നീക്കങ്ങൾക്കെതിരെ നെഹ്റു  ശക്തമായി പ്രതികരിച്ചിരുന്നു.ഫലസ്തീന്റെ  മണ്ണ്  അറബികൾക്ക് അവകാശപ്പെട്ടതാണെന്ന് 1938 ൽ തന്നെ പ്രഖ്യാപിച്ച മഹാത്മാഗാന്ധിയും നെഹ്റുവും ആ വിഷയത്തിലെ ഇന്ത്യൻ നിലപാട് തുടക്കത്തിലെ വ്യക്തമാക്കിയിരുന്നു.


       എന്നാൽ ഇന്ന് ഈ നിലപാടുകളിൽ  നിന്നെല്ലാം വ്യതിചലിച് അമേരിക്കക്കും ഇസ്രായേലിനുമൊപ്പം കൂട്ടുകൂടാൻ വല്ലാത്ത ആവേശം കാണിക്കുന്ന മോദി ഇക്കാലമത്രയും പീഡിതർക്കൊപ്പം നിലകൊണ്ട ഇന്ത്യയുടെ വിദേശനയത്തിനും മഹത്തായ പാരമ്പര്യങ്ങൾക്കുമാണ് തുരങ്കം വെക്കുന്നത് എന്നത് ഏറെ ദുഃഖകരമാണ്.നിഗൂഢമായ താല്പര്യങ്ങൾ മുൻനിർത്തിയുള്ള ഇത്തരം നീക്കങ്ങൾ ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സൽ പേരിന് കളങ്കം ചാര്‍ത്തുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.ലോകം മുഴുവൻ ചുറ്റിക്കറങ്ങുന്ന മോദിക്ക് ഇന്ത്യയുടെ അയൽപക്ക രാജ്യങ്ങളുമായി പോലും നല്ല ബന്ധമില്ല.ചൈനയുമായും പാക്കിസ്ഥാനുമായുള്ള ബന്ധമെല്ലാം മുമ്പൊന്നുമില്ലാത്ത വിധം വഷളായി.അറബ് രാജ്യങ്ങളുമായി ഉണ്ടായിരുന്ന സൗഹൃദങ്ങളിലും വിള്ളൽ വീണുകൊണ്ടിരിക്കുന്നു.ഇവിടെയാണ് ജവഹർലാൽ നെഹ്റു പിന്തുടർന്ന വിദേശ നയത്തെ നാമറിഞ്ഞിരിക്കേണ്ടത്.അമേരിക്ക നേതൃത്വം കൊടുത്ത മുതലാളിത്ത ചേരിയിലേക്കും സോവിയറ്റ് യൂണിയൻ നേതൃത്വം കൊടുത്ത സോഷ്യലിസ്റ്റ് ചേരിയിലേക്കും ഇന്ത്യക്ക് ക്ഷണം ലഭിച്ചിരുന്നു.എന്നാൽ യുദ്ധവും സംഘർഷവും ഇല്ലാത്ത ലോകത്ത് മാത്രമേ ശാന്തിയും സമാധാനവും ഉണ്ടാകൂ എന്ന് ഉറച്ചു വിശ്വസിച്ച ജവഹർലാൽ നെഹ്റു രണ്ടു പേരോടും ബൈ പറഞ്ഞു.തുടർന്ന് യൂഗോസ്ലോവിയയുടെ മാർഷൽ ടിറ്റോ,ഈജിപ്തിന്റെ ഗമാൽ അബ്ദുൽ നാസർ,ഇന്ത്യാനേഷ്യയുടെ അഹമ്മദ് സുകാർണോ തുടങ്ങിയവരോടൊപ്പം ചേർന്ന് ചേരിചേരാ പ്രസ്ഥാനത്തിന് രൂപം നൽകി.അങ്ങനെ മൂന്നാംകിട രാജ്യങ്ങളുടെ ഒരു വലിയ സഖ്യം തന്നെ രൂപീകരിക്കാനും ലോകരാജ്യങ്ങളുമായി എന്നും സമാധാനപരമായ സഹവർത്തിത്വം കാത്തുസൂക്ഷിക്കാനും ഇന്ത്യക്കായി.സാമ്രാജ്യത്വവും കോളനിവൽക്കരണവും അവസാനിപ്പിക്കലും എല്ലാവിധത്തിലുമുള്ള വർണ്ണ വംശീയ വിവേചനങ്ങൾ ഇല്ലായ്മ ചെയ്യലുമാണ് ചേരിചേരാ പ്രസ്ഥാനത്തിൻ്റെ മുഖ്യലക്ഷം."ചേരിചേരാ പ്രസ്ഥാനം ലോകരാജ്യങ്ങളിൽ നിന്ന് വിട്ടുനിൽക്കലല്ല; മറിച്ച് സജീവമായി ഇടപെടലാണെന്ന നെഹൃവിയൻ  വീക്ഷണം പ്രസ്ഥാനത്തിൻ്റെ നിലപാട് വ്യക്തമാക്കുന്നതാണ്.


സംഘ്പരിവാറിന് അനഭിമിതൻ


    നെഹ്റുവിൻ്റെ മതേതര വീക്ഷണമാണ് ഇന്ത്യയെ മറ്റൊരു 'സംഘിസ്ഥാൻ' ആയി മാറ്റാതിരുന്നത് എന്നും, നെഹ്റുവിൻ്റെ ജനാധിപത്യ ബോധം കൊണ്ടാണ് ഇന്ത്യക്കൊപ്പം സ്വാതന്ത്ര്യം നേടിയ പല രാജ്യങ്ങളും ഏകാധിപത്യത്തിനും സൈനിക അട്ടിമറികൾക്കും വിധേയമായപ്പോഴും ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി നിലകൊണ്ടത് എന്നും, നെഹ്റുവിൻ്റെ സാമ്പത്തിക നയങ്ങളാണ് ഇന്ത്യയെ മറ്റൊരു ആഫ്രിക്കയായി മാറ്റാതിരുന്നത് എന്നും,നെഹ്റു സ്വീകരിച്ച വിദേശനയം ആണ് ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യക്ക് എന്നും സവിശേഷമായ ഒരു സ്ഥാനം നേടിക്കൊടുത്തത് എന്നും നിസ്തർക്കമായ കാര്യമാണ്.ഇതുകൊണ്ടൊക്കെ തന്നെയാണ് ഇന്ന് രാജ്യം ഭരിക്കുന്ന ഫാസിസ്റ്റ് ശക്തികൾക്ക് നെഹ്റു അനഭിമിതനായതും. ഇന്ന് രാജ്യം അകപ്പെട്ടിരിക്കുന്ന  സാമ്പത്തികതകർച്ചക്കും തൊഴിലില്ലായ്മക്കും വരെ നെഹ്റുവിനെയാണ് ബിജെപി കുറ്റപ്പെടുത്തുന്നത്. കാശ്മീർ പ്രശ്നത്തിന്റെ പേരിലും ചൈന -  പാക്കിസ്ഥാൻ ബന്ധങ്ങളിൽ വിള്ളൽ വീഴുമ്പോഴുമെല്ലാം നിരന്തരം പഴി കേൾക്കുന്നതിന് നെഹ്രുവിന് തന്നെ.


      യഥാർത്ഥത്തിൽ സംഘപരിവാർ സ്വപ്നം കണ്ട ഇന്ത്യയുടെ നേർവിപരീതമായിരുന്നു നെഹ്റു പടുത്തുയർത്തിയ ഇന്ത്യ.നെഹ്റുവിൻ്റെ ജനാധിപത്യ മതേതര വീക്ഷണങ്ങളോടൊ സാമ്പത്തിക,വിദേശ നയങ്ങളോടോ ഒട്ടും തന്നെ അവർക്ക് യോജിപ്പില്ല.നെഹ്റു പ്രഥമ പ്രധാനമന്ത്രിയായതുകൊണ്ടാണ് ഇന്ത്യയിൽ മതേതരത്വം നിലനിന്നത് എന്നും,അഞ്ച് പതിറ്റാണ്ട് കാലത്തോളം തങ്ങൾ ഇന്ത്യൻ ജനാധിപത്യത്തിൻ്റെയും ഭരണസിരാ കേന്ദ്രങ്ങളുടെയും  പടിക്ക് പുറത്തായതെന്നും സംഘപരിവാറിന് നന്നായിയറിയാം.അതിനാൽ തന്നെ ഇപ്പോൾ പഠിക്കകത്ത്  കയറിയ അവർ നെഹ്റുവിനെ തള്ളിപ്പറയുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നതിൽ ഒട്ടും തന്നെ അതിശയോക്തി കാണേണ്ടതില്ല.