✍️മുഹമ്മദ് ഇർഷാദ് തുവ്വൂർ
പൂങ്കാവനം പോലെ വർണ്ണ - സ്വർണ്ണ -
സുന്ദരിയാണെൻ ഭാരതം
നീരൊലിക്കുന്ന നീല നദികൾ ..
ഉയിരായ് നിൽക്കുന്ന ഹിമപഥങ്ങൾ
നീണ്ട് നിവർന്ന ഭാഷാ-ജാതികൾ
വർണ്ണനിറവാർന്ന സംസ്കാരങ്ങൾ
തൊപ്പിയും കുറിയും മാലയും
നിറഞ്ഞ ഗ്രാമവീഥികൾ
ഓല മേഞ്ഞ സന്ധ്യാ ജീവിതങ്ങൾ
ദാരിദ്ര്യം പിടിച്ച മൺറോഡുകൾ
കണ്ണടയും ഷൂസുമിട്ട നഗര ജീവിതങ്ങൾ
എല്ലാമൊരു ഭസ്മ ഗന്ധം നിറയുന്നു
ഒപ്പം നിലാവിന്റെ നിറവും സംഗീതവും
പക്ഷേ..!
ഘോഷിച്ചെതെല്ലാം ആവിയാവുന്ന പോൽ
നീതിയുടെ ചന്ദനത്തിരിയും സ്നേഹം -
നിറച്ച കർപ്പൂരങ്ങളുമിന്ന് ഗന്ധിക്കുന്നില്ല
നിലവിളക്കുകളിൽ രക്തം കത്തിച്ച്
അക്രമ ഗന്ധം വമിക്കുന്നു
ആക്റ്റുകളും അസഹിഷ്ണുതയും
ഭക്ഷണ തളികയിലെത്തുന്നു
ഹൃദയാക്ഷരങ്ങൾ കാവി -
മഷിയിൽ വാളേന്തുന്നു
ഗാന്ധിയും നെഹ്റുവും അയോധ്യയിൽ
രാമനൊപ്പം നിലവിളിക്കുന്നു
ഭാരത മണ്ണ് മഞ്ഞ് പോലെ ഉരുകുന്നു
അപര ബോധം നാടുനീളെ ,
ബാങ്കൊലി തീർക്കുന്നു ,.... !
എന്നാലും
എവിടെയോ എന്റെ ഭാരതം
ഹൃദയസ്പൃക്കായി നീതി - സ്നേഹത്തിന്റ
നിശാഗന്ധി പൊഴിക്കുന്നുണ്ട്..
അമ്മ ഭാരതത്തിലെ വിടെയോ ..
വന്ദേ മാതരത്തിന്റെ സംഗീത മീട്ടുന്നുമുണ്ട്.....!