Articles by "ചരിത്രം"

 



✍🏻ഹാഫിള് മുഹമ്മദ് സിനാന്‍ വെട്ടം


    ഇന്ത്യയിലേക്ക് ആദ്യമായി കടന്നുവന്ന അധിനിവേശ ശക്തികളായ പോർച്ചുഗീസുകാരുടെ കൊളോണിയൽ താല്പര്യങ്ങൾ ആദ്യമേ തിരിച്ചറിഞ്ഞ് ശക്തമായ ചെറുത്തുനിൽപ്പ് നടത്തിയ മലബാറിലെ ധീര ദേശാഭിമാനികളാണ് കുഞ്ഞാലിമരക്കാർമാർ.കുഞ്ഞാലിമരക്കാർമാർ എന്നറിയപ്പെടുന്നവർ ധാരാളം പേരുണ്ടെങ്കിലും അവരിൽ പ്രധാനികൾ കൂട്ട്യാലി മരക്കാർ,കുട്ടി പോക്കർ,പട്ടുമരക്കാർ, മുഹമ്മദലി മരക്കാർ എന്നീ നാലു പേരാണ്.കോഴിക്കോട് സാമൂതിരിയുടെ നാവിക തലവന്മാരായിരുന്ന ഇവർ ചരിത്രത്തിൽ യഥാക്രമം കുഞ്ഞാലി ഒന്നാമൻ,രണ്ടാമൻ, മൂന്നാമൻ,നാലാമൻ എന്നറിയപ്പെടുന്നു.അക്കാലത്തെ ഏറ്റവും വലിയ നാവിക ശക്തികളായ പറങ്കിപ്പടക്കെതിരെ ചെറുവള്ളങ്ങളും ആയുധങ്ങളും ഉപയോഗിച്ച് ഒരു നൂറ്റാണ്ട് കാലത്തോളം കുഞ്ഞാലിമാർ നടത്തിയ പോരാട്ടങ്ങൾ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ആവേശം ജനിപ്പിക്കുന്ന ഒരദ്ധ്യായം തന്നെയാണ്.

 കുടുംബം


 കൊച്ചിയിലെ വ്യാപാര പ്രമുഖർ ആയിരുന്നു മരക്കാർ കുടുംബം.കൊച്ചിയിലെ രാജാക്കന്മാർ പോർച്ചുഗീസുമായി സഖ്യത്തിൽ ഏർപ്പെട്ടപ്പോൾ മരക്കാർ കുടുംബത്തിന്റെ സമുദ്ര വാണിജ്യ പ്രവർത്തനങ്ങൾ ഇല്ലാതായി.അതിനെ തുടർന്ന് മരക്കാർ കുടുംബത്തിലെ മുഹമ്മദലി മരക്കാറും മറ്റു പ്രമുഖരും തങ്ങളുടെ അനുയായികളോടൊപ്പം കൊച്ചി വിട്ട് കോഴിക്കോടത്തി.ഭരണാധികാരിയായിരുന്ന സാമൂതിരിയെ കണ്ട് പോർച്ചുഗീസുകാരുമായുള്ള യുദ്ധത്തിൽ തങ്ങളുടെ കപ്പലുകളും മറ്റു സഹായങ്ങളും വാഗ്ദാനം ചെയ്തു.തുടർന്ന് സാമൂതിരി മുഹമ്മദ് അലി മരക്കാർക്ക് 'കുഞ്ഞാലി' എന്ന സ്ഥാനപ്പേര് നൽകുകയും ഒരു നാവികസേന രൂപീകരിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.വിശ്വസ്തൻ,പ്രിയങ്കരൻ എന്നൊക്കെയാണ് 'കുഞ്ഞാലി' എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

      തുടർന്നു ഗുജറാത്ത് മുതൽ സിലോൺ വരെയുള്ള കടലോ രങ്ങളിൽ തമ്പടിച്ച് മരക്കാർ പറങ്കികളെ നിരന്തരം ശല്യപ്പെടുത്തി.ചെറിയ ചെറിയ യുദ്ധങ്ങളിൽ പറങ്കികളെ പരാജയപ്പെടുത്താൻ മുഹമ്മദ് അലി മരക്കാർക്ക് കഴിഞ്ഞെങ്കിലും ഈ യുദ്ധങ്ങൾ മരക്കാർ സംഘത്തിന് കനത്ത ആൾനാശവും ധനനഷ്ടവും ഉണ്ടാക്കി.ഒടുവിൽ സിലോണിൽ വച്ച് നടന്ന ഒരു പോരാട്ടത്തിൽ കുഞ്ഞാലിമരക്കാർ ചതിയിൽ പെടുകയും പോർച്ചുഗീസുകാരാൽ കൊല്ലപ്പെടുകയും ചെയ്തു.

 പോർച്ചുഗീസ് ക്രൂരതകൾ


 പതിനാറാം നൂറ്റാണ്ടിലെ ലോകത്തിലെ ഏറ്റവും വലിയ നാവിക ശക്തികൾ ആയിരുന്നു പറങ്കികൾ.വാസ്കോഡഗാമ കോഴിക്കോട് എത്തി ഒരു നൂറ്റാണ്ടിനകം എല്ലാ ഏഷ്യൻ- ആഫ്രിക്കൻ രാജ്യങ്ങളും പാശ്ചാത്യ ശക്തികളുടെ കീഴിലാവുകയോ മേൽക്കോയ്മ അംഗീകരിക്കുകയോ ചെയ്തു.സ്വേച്ഛാധിപതങ്ങളായ പോർച്ചുഗലുകാർക്ക് വലിയ കപ്പലുകളും ആയുധങ്ങളുമുണ്ടായിരുന്നു.നാവികശക്തിയിൽ പറങ്കികളെ  വെല്ലുവിളിക്കാൻ പോന്ന ഒരു സൈന്യം അന്നുണ്ടായിരുന്നത് തുർക്കിയിലെ ഉസ്മാനികൾക്ക് മാത്രമായിരുന്നു.മെഡിറ്ററേനിയൻ കടലിൽ തുർക്കികളുടെ ഖൈറുദ്ധീൻ ബാർബറോസയുടെ വെല്ലുവിളി കഴിഞ്ഞാൽ പറങ്കികൾക്ക് പിന്നീട് ലോകത്ത്  കടലിൽ എതിരാളികൾ  ഉണ്ടായിരുന്നത് മലബാറിലെ മരക്കാർമാർ മാത്രമായിരുന്നു.

      വിജയലഹരിയിൽ പോർച്ചുഗലുകാർ സംസ്കാര ശൂന്യരായി.കുട്ടികളെ ആട്ടുകല്ലും അമ്മിക്കല്ലുമുപയോഗിച്ച് ചതച്ചുകൊല്ലാൻ പറങ്കിക്കപ്പിത്താൻ അസ്വാഡോ അമ്മമാരെ നിർബന്ധിച്ചു.പിന്നെ കുട്ടികളുടെ തലയ റുത്തു,കുന്തമുനയിൽ കുത്തിയെടുത്ത് അവരുടെ ദയനീയ കരച്ചിൽ കേട്ട് സന്തോഷിച്ചു.കുട്ടികളുടെ കരച്ചിൽ പോർച്ചുഗലിലെ ഒരു പക്ഷിയുടെ കരച്ചിൽ പോലെ ആയതുകൊണ്ട് അതാസ്വദിക്കാനാണത്രേ ആ ക്രൂരത കാട്ടിയത്.ശ്രീലങ്കയിലെ  പാലത്തിൽനിന്ന് ആളുകളെ വെള്ളത്തിലേയ്ക്കു തള്ളിയിട്ട്,അവരെ മുതലകൾ കടിച്ചു കീറിത്തിന്നുന്നത് കണ്ട് ആഹ്ലാദിച്ചു.

   പോർച്ചുഗീസ് ക്രൂരതകളുടെ പാരമ്യതയാണ് കേരളത്തിൽ കണ്ടത്.ഇസ്ലാമിനെ ആരംഭം മുതൽ തന്നെ ശത്രുതയിലാണ് പറങ്കികൾ കണ്ടിരുന്നത്.ഹിന്ദുമതം നിന്ദ്യത അർഹിക്കുന്ന അന്ധവിശ്വാസം മാത്രമായിരുന്നു അവർക്ക്.കടൽകൊള്ളസാധാരണമായിരുന്നു.1502 ൽ ഗാമയുടെ കേരളത്തിലേക്കുള്ള   രണ്ടാം വരവ് സാമൂതിരിയെ ശിക്ഷിക്കാനും ഇന്ത്യ കീഴടക്കാനുമുള്ള പോർച്ചുഗീസ് രാജാവിന്റെ  കല്പനയോടുകൂടിയായിരുന്നു.കണ്ണൂരിനടുത്ത് മാടായിയിൽ വച്ച് ഹജ്ജ് യാത്ര ചെയ്തു തിരിച്ചു വരുന്നവരുടെ ഒരു കപ്പൽ ഗാമ പിടിച്ചെടുത്തു സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 240 യാത്രക്കാർ ഉണ്ടായിരുന്നു.ജീവനുവേണ്ടി സ്ത്രീകൾ സ്വന്തം സ്വർണാഭരണങ്ങൾ അടക്കം കയ്യിലുള്ളതെല്ലാം കൊടുക്കാൻ തയ്യാറായി.അതവഗണിച്ചു യാത്രക്കാരെ മുഴുവൻ കൂട്ടിക്കെട്ടി ഗാമയും കൂട്ടരും കപ്പലിന് തീയിട്ടു.പറങ്കീ ക്രൂരകൃത്യങ്ങളുടെ തുടക്കം മാത്രമായിരുന്നു അത്.മാത്രമല്ല കേരളത്തിലെത്തിയ  പിൽക്കാല പറങ്കി സൈന്യാധിപൻമാരെ അപേക്ഷിച്ചു ഗാമ ഭേദപ്പെട്ട മനുഷ്യമൃഗമായിരുന്നു." ഷെയ്ഖ് സൈനുദ്ദീൻ മഖ്ദൂ പോർച്ചുഗീസുകാർ മുസ്ലിംങ്ങളോട് ചെയ്ത ക്രൂരതകളെ പറ്റി തന്റെ തുഹ്ഫത്തുൽ മുജാഹിദീനിൽ പറയുന്നു:"അവർ മുസ്ലിംകളുടെ സ്വത്തുക്കൾ കൊള്ളചെയ്തു.അവരുടെ പള്ളി കളും പട്ടണങ്ങളും തീവെച്ചു നശിപ്പിച്ചു,കപ്പലുകൾ പിടിച്ചെടുത്തു.ഖുർആ നും മറ്റു വേദഗ്രന്ഥങ്ങളും ചവിട്ടി മെതിക്കുകയും തീവയ്ക്കുകയും ചെയ്തു.ഹാജിമാരെ കൊല്ലുകയും മറ്റു മുസ്ലിംകളെയും ക്രൂരപീഡനത്തിനിരയാക്കുകയും നബിയെ അവഹേളിക്കുകയും ചെയ്തു...ചിലരെ ശരീരത്തിൽ തീവച്ചു പീഡി പ്പിച്ചു.ചിലരെ അടിമകളായി വിറ്റു.ഉന്നത കുടുംബങ്ങളിൽപെട്ട എത്രയെത്ര മുസ്ലിം സ്ത്രീകളെ പിടിച്ചുകൊണ്ടുപോയി മാനഭംഗപ്പെടുത്തി.അവരിൽ ജനിക്കുന്ന കുട്ടികളെ ക്രിസ്ത്യാനികളാക്കി.എത്രയോ സയ്യിദന്മാരെയും പണ്ഡിതന്മാരെയും കുലീനരെയും പിടിച്ചു ദേഹോപദ്രവം ചെയ്തു കൊന്നു.എത്രയോ ഹീനവും ക്രൂരവുമായ കൃത്യങ്ങൾ അവർ ചെയ്തു.അതു വിവരി ക്കാൻ നാവു പൊങ്ങില്ല;പറയാൻ വെറുപ്പുള്ള സംഗതികളാണവയെല്ലാം.. "

 പടയോട്ടപ്പരമ്പരകൾ


          മുഹമ്മദലി മരക്കാരുടെ മരണശേഷം കുട്ട്യാലി മരക്കാർ  സാമൂതിരിയുടെ തലവനായി നിയമിതനായി.ഇദ്ദേഹമാണ് 'കുഞ്ഞാലിമരക്കാർ ഒന്നാമൻ' എന്ന് ചരിത്രത്തിൽ അറിയപ്പെടുന്നത്.വൻനാവികവ്യൂഹങ്ങളുള്ള പറങ്കികളോട് നേരിട്ട് യുദ്ധം ചെയ്യുന്നത് ആത്മഹത്യാപരമാണെന്ന് മനസ്സിലാക്കിയ കുട്ട്യാലി തന്റെ നാവികരെ ഗറില്ല യുദ്ധങ്ങൾ അഭ്യസിപ്പിച്ചു.'പറവകൾ' എന്നു വിളിക്കുന്ന 30 മുതൽ 40 വരെ ആളുകൾ തുഴയുന്ന ചെറു ബോട്ടുകൾ ആയിരുന്നു പറങ്കികൾക്കെതിരെ കുട്ട്യാലിയുടെ തുറുപ്പുചീട്ട്.ശത്രുക്കപ്പലുകളെ ഓർക്കാപുറത്ത് അക്രമിക്കുന്ന ഈ 'പറവകൾ' മുഖേന മരക്കാർ പറങ്കികളുടെ നിരവധി കപ്പലുകൾ തകർക്കുകയും പിടിച്ചെടുക്കുകയും ചെയ്തു.പറങ്കി ചരക്ക് കപ്പലുകൾക്ക് വലിയ സൈനിക സന്നാഹത്തോടുകൂടിയ ല്ലാതെ സമുദ്രയാത്ര നടത്താൻ പറ്റാത്ത അവസ്ഥ സംജാതമായി.ഇന്ത്യയിലെ പോർച്ചുഗീസുകാരുടെ ആസ്ഥാനമായിരുന്നു ഗോവയുമായുള്ള മലബാറിലെ പറങ്കികളുമായുള്ള ബന്ധവും വിച്ഛേദിച്ചു.കോഴിക്കോട് നിന്നും പുറങ്കടലിലേക്കുള്ള ചരക്ക് കപ്പലുകൾ  പറങ്കികളിൽ നിന്ന് കുട്ട്യാലി സംരക്ഷിക്കുകയും ചെയ്തു.പോർച്ചുഗീസ് നാവികനായിരുന്നു അൽബുക്കർക്ക് ഒരിക്കൽ "ശക്തമായ സൈന്യം കോഴിക്കോട് വേണമെന്നും അതില്ലാഞ്ഞാൽ ലോകത്ത് തനിക്കറിയാവുന്ന മറ്റാരെക്കാളും ശക്തമായ മാപ്പിളമാർ  ആക്രമിക്കുമെന്നും പറഞ്ഞു പോർച്ചുഗൽ രാജാവിന് കത്തെഴുതി.1528 ൽ പോർച്ചുഗീസുകാർ കുട്ട്യാലിയെ തടവുകാരനാക്കിയിരുന്നെങ്കിലും മകൻ കുഞ്ഞാലി അദ്ദേഹത്തെ മോചിപ്പിച്ചു.ഏകദേശം 30 വർഷത്തോളം പറങ്കികളുടെ അറബിക്കടലിലെ സ്വൈര്യവിഹാരത്തിന് തടസ്സം സൃഷ്ടിച്ച കുട്ട്യാലി 1531ൽ വധിക്കപ്പെട്ടു.

          തുടർന്ന് അദ്ദേഹത്തിന്റെ പുത്രൻ കുട്ടി പോക്കർ (കുഞ്ഞാലി രണ്ടാമൻ) സാമൂതിരിയുടെ നാവികത്തലവനായി.40 കൊല്ലത്തോളം അദ്ദേഹം പറങ്കികളെ വിറപ്പിച്ചു.ശത്രു സേനക്ക് തുല്യനാണയത്തിൽ തിരിച്ചടി നൽകിയ അദ്ദേഹം ഒരു വർഷത്തിനുള്ളിൽ പറങ്കികളുടെ 50 കപ്പൽ വരെ പിടിച്ചടക്കുകയുണ്ടായി.1538 ൽ ഒരു പോർച്ചുഗീസ് ക്യാപ്റ്റൻ രാജാവിനെ ഇങ്ങനെ അറിയിച്ചു:"ഒരു തുറമുഖത്ത് നിന്ന് പുറപ്പെട്ട 150 പേരുള്ള സംഘം കഴിയുന്നത്ര നാഷനഷ്ടങ്ങൾ വരുത്തുന്നു,ഞാൻ അവരുടെ പിറകെ പോകുമ്പോൾ മറ്റൊരു സംഘം  വേറൊരിടത്തുനിന്നും   പുറപ്പെട്ടു മറ്റേതെങ്കിലും  സ്ഥലത്ത് നാശനഷ്ടങ്ങളുണ്ടാക്കുന്നു.എങ്ങോട്ട് പോകണമെന്ന് തീരുമാനിക്കാനാവുന്നില്ല".

        മരക്കാരെ നേരിടാൻ ഗോവയിൽ നിന്ന് പോർച്ചുഗീസ് നാവികർ മാറിമാറി വന്നുകൊണ്ടിരുന്നു.സിലോണിലെ രാജാവിനെതിരെ കലാപം നടത്തിയിരുന്ന അവിടുത്തെ രാജകുമാരനെ സഹായിച്ചുകൊണ്ട് സിലോണിലെ കോട്ടയിൽ ഒരു താവളവും മരക്കാർ തരപ്പെടുത്തി.ഈ യുദ്ധങ്ങളിൽ കുഞ്ഞാലിയും കൂട്ടാളികളും പ്രദർശിപ്പിച്ച ശൂരതയും ധൈര്യവും പോർച്ചുഗീസ് ചരിത്രകാരന്മാരുടെ കൂടി പ്രശംസ പിടിച്ചു പറ്റുന്നവയായിരുന്നു.1566 ൽ പോർച്ചുഗീസുകാർക്കെതിരെ മരക്കാർ നേടിയ ഒരു വിജയത്തെ സൈനുദ്ദീൻ മഖ്ദൂം തന്റെ മുജാഹിദീനിൽ വിവരിക്കുന്നതിങ്ങനെയാണ് "17 ഓടങ്ങളിൽ നിറയെ നാവികരുമായി കുട്ട്യാലിയുടെ നേതൃത്വത്തിൽ ചാലിയത്തിനടുത്ത്   പറങ്കികളുടെ ഒരു വലിയ കപ്പൽ നശിപ്പിച്ചിരുന്നു.അതിലാകട്ടെ പടനായകന്മാരുൾപ്പെടെ ആയിരം  പേരാണ് ഉണ്ടായിരുന്നത്.പിറ്റേ വർഷം മംഗലാപുരം തുറമുഖത്ത് നങ്കൂരമിട്ടിരുന്ന മറ്റൊരു കപ്പലും കുഞ്ഞാലി തകർത്തു.അവരുടെ കോട്ടക്ക് നേരെ വെടിയുതിർക്കുകയും  ചെയ്തു.അവസാനം 1571ൽ കണ്ണൂർ തീരത്ത് വെച്ച് പോർച്ചുഗീസ് നാവികൻ മെനസിസിന്റെ 40 കപ്പലുമായി നടന്ന ഏറ്റുമുട്ടലിൽ കുഞ്ഞാലി രണ്ടാമൻ കൊല്ലപ്പെട്ടു.തുടർന്ന് പട്ടുമരക്കാർ മൂന്നാം കുഞ്ഞാലിയായി നിയമിതനായി.

 ചാലിയം വിജയവും കോട്ടക്കൽ മരക്കാർ കോട്ടയും



         ഒരു നൂറ്റാണ്ട് കാലം നിലനില് മരക്കാർമാരുടെ പോരാട്ടങ്ങളിൽ ഏറ്റവും പ്രശസ്തമായ വിജയമാണ് 1571ൽ പറങ്കികളിൽ നിന്നും ചാലിയം കോട്ട തിരിച്ചുപിടിച്ചത്. പട്ടു മരക്കാരുടെ നേതൃത്വത്തിലുള്ള സൈന്യത്തിൽ മുസ്ലിംകൾക്കു പുറമേ  ധാരാളം നായർ പടയാളികളും ഉണ്ടായിരുന്നു. നാലുമാസത്തോളം ദീർഘിച്ച കനത്ത ഉപരോധമാണ് മരക്കാരുടെ നേതൃത്വത്തിൽ നടന്നത്.കൊച്ചിയിൽ നിന്നും കണ്ണൂരിൽ നിന്നും അയച്ചിരുന്ന സാമഗ്രികൾ പിടിച്ചടക്കുകയും കോട്ടയിലേക്കുള്ള സഹായങ്ങൾ തടയുകയും ചെയ്തു.കോട്ടയിൽ ഉള്ളവർ സഹായം ലഭിക്കാതെ നായയേയും മറ്റു മൃഗങ്ങളെയും ഭക്ഷിച്ചു.1571 നവംബർ മാസത്തിൽ മരക്കാർ കോട്ട പിടിച്ചടക്കി.ഈ വിജയത്തോടെ പോർച്ചുഗീസുകാരുടെ മലബാറിലെ ആധിപത്യ ശ്രമങ്ങൾക്ക് കുഞ്ഞാലിയും കൂട്ടരും കനത്ത ആഘാതമേൽപ്പിച്ചു.ചാലിയം വിജയത്തെ പ്രകീർത്തിച്ചു കൊണ്ട് കോഴിക്കോട് ഖാളി ആയിരുന്ന ഖാളി മുഹമ്മദ് രചിച്ച കാവ്യമാണ് ഫത്ഹുൽ മുബീൻ (വ്യക്തമായ വിജയം).ചാലിയം വിജയത്തെ തുടർന്ന് സാമൂതിരി ഒരു കോട്ട കെട്ടാൻ മരക്കാർക്ക് അനുവാദവും നൽകി. അതാണ് 'കോട്ടക്കൽ മരക്കാർ കോട്ട'. മാത്രമല്ല നായർപടനായകന്മാർക്ക് അനുവദിച്ചു കൊടുത്തിരുന്ന പ്രത്യേകമായ അധികാരാവകാശങ്ങൾ കുഞ്ഞാലി മൂന്നാമനും സാമൂതിരി നൽകുകയും ചെയ്തു.

 സാമൂതിരി- പോർച്ചുഗീസ് സന്ധി 


       ഒരു നൂറ്റാണ്ട് കാലത്തോളം മലബാറിൽ നിന്നും പറങ്കികളെ  സമർത്ഥമായി പ്രതിരോധിച്ച സാമൂതിരി - മരക്കാർ  ബന്ധത്തിൽ 1580 ഓടെ വിള്ളൽ വീണു തുടങ്ങി.കോട്ടക്കലിലെ മരക്കാർ കോട്ട പറങ്കികളെ പരിഭ്രാന്തരാക്കിയിരുന്നു.സാമൂതിരിയുമായി ഏതെങ്കിലും വിധത്തിൽ സൗഹൃദം ഉണ്ടാക്കിയാൽ മാത്രമേ മരക്കാർ പടയിൽ നിന്ന് രക്ഷപ്പെടാനാവുമെന്ന് പറങ്കികൾ മനസ്സിലാക്കി.തുടർന്ന് പറങ്കികൾ സാമൂതിരിയെ കണ്ട് പൊന്നാനിയിൽ ഒരു കോട്ട കെട്ടാനുള്ള അനുവാദം ചോദിച്ചു.നിരന്തര യുദ്ധം കാരണം തളർന്ന സാമൂതിരി അത നുവദിച്ചു.ഇതു മലബാറിന് ഭീഷണിയാവുമെന്ന് കുഞ്ഞാലി സാമൂതിരിയെ താക്കീത് ചെയ്തെങ്കിലും സാമൂതിരി ചെവി കൊണ്ടില്ല.സാമൂതിരിയും മുസ്ലിങ്ങളും തമ്മിലുള്ള ബന്ധത്തിന് ഇതോടെ വിള്ളൽ വീണു.പോർച്ചുഗീസ് രാജാവ് 1582ലെ സന്ധി പ്രകാരം തടവുകാരെ ഗോവയിലേക്കോ കൊച്ചിയിലേക്കോ കൈമാറണമെന്നും പൊന്നാനിയിലെ പോർച്ചുഗീസ് കോട്ട കേന്ദ്രീകരിച്ച് മരക്കാർ മൂന്നാമന്റെ കോട്ട തകർക്കണമെന്നും ഉത്തരവിട്ടു.1591ൽ ഫാദർ ഫ്രാൻസിസ്കോ ഡ കോസ്റ്റ് എന്ന പാതിരിയുടെ സഹായത്തോടെ  സാമൂതിരിയുമായി മറ്റൊരു സന്ധിയിൽ കൂടി എത്താൻ പറങ്കികൾക്ക് സാധിച്ചു.
       പൊന്നാനിയിൽ പോർച്ചുഗീസുകാർ കെട്ടിയ കോട്ടയും ശത്രുപാളവുമായുള്ള സാമൂതിരിയുടെ ബന്ധവും മരക്കാർ നാവിക ശക്തിക്കെതിരെ ഉയർന്ന് വന്ന പുതിയ വെല്ലുവിളിയായിരുന്നു.എന്നാൽ വടകരയിലെ പുതുപ്പണത്ത് ഒരു പുതിയ കേന്ദ്രം പടുത്തുയർത്താൻ കുഞ്ഞാലിക്കു കഴിഞ്ഞു.1595 കുഞ്ഞാലി മൂന്നാമൻ മരണപ്പെട്ടു.

 നാലാമന്റെ  രക്തസാക്ഷിത്വവും പോരാട്ടങ്ങളുടെ അന്ത്യവും


 1895ൽ കോട്ടക്കൽ വച്ച് മുഹമ്മദ് അലി കുഞ്ഞാലി മരക്കാർ നാലാമനായി ചുമതലേറ്റു.സാമൂതിറിയുമായി തകർന്നു കൊണ്ടിരുന്ന ബന്ധങ്ങൾ നാലാമന്റെ കാലത്ത് അതിന്റെ പാരമ്യതയിലെത്തി.കുഞ്ഞാലിയുടെ കടലിലെ ശക്തി  വർദ്ധിച്ചതിനാൽ സാമൂതിരി കോട്ടക്കൽ കേന്ദ്രത്തെ ഒരു ഭീഷണിയായി തന്നെ പരിഗണിച്ചു.ഈ ഭിന്നത മൂർച്ഛിക്കുവാൻ പറങ്കികൾ ശ്രമിക്കുകയും ചെയ്തു.സാമൂതിരിയുടെ മേൽക്കോയ്മ കുഞ്ഞാലി അംഗീകരിക്കുന്നില്ലെന്നും രാജകീയ പദവികൾ അദ്ദേഹം സ്വീകരിച്ചു എന്നും അവർ പ്രചരിപ്പിച്ചു.അവസാനം തന്റെ നാവികത്തലവനെതിരെ പോർച്ചുഗീസുകാരുമായി സാമൂതിരി ഒരു കരാറിലെത്തി.ഉടമ്പടി പ്രകാരം  കടൽ വഴിയും കര വഴിയും കുഞ്ഞാലിയുടെ കോട്ടയെ ആക്രമിക്കാൻ ഇരു കൂട്ടരും ധാരണയിലെത്തി.
  
  1599 മാർച്ച്‌ 5 ന് വാസ്കോഡഗാമയുടെ പൗത്രനായ ലൂയി ഡി ഗാമയുടെ നേതൃത്വത്തിലുള്ള പറങ്കിപടയും സാമൂതിരിയുടെ സൈന്യവും മരക്കാർ കോട്ടക്ക് എതിരെ ആക്രമണം തുടങ്ങി. കുഞ്ഞാലി വളരെ ശക്തമായി തിരിച്ചടിച്ചു. പ്രമുഖർ അടക്കം ധാരാളം പോർച്ചുഗീസ് നാവികർ കൊല്ലപ്പെട്ടു.മരക്കാർക്കു മുന്നിൽ പിടിച്ചു നിൽക്കാനാവാതെ   ലൂയി ഗാമക്ക് കൊച്ചിയിലേക്ക് പിന്മാറേണ്ടി വന്നു.പറങ്കികൾക്ക് അപ്രതീക്ഷിതമായി  നേരിട്ട ഈ  പരാജയത്തെ പരാമർശിച്ച്  ഫെറിയ വൈ സുസ രേഖപ്പെടുത്തിയത് 'ഏഷ്യയിൽ പോർച്ചുഗീസ് ശക്തിക്ക് നേരിട്ട ഏറ്റവും വലിയ മാനഭംഗം' എന്നാണ്.

        തുടർന്ന് ക്യാപ്റ്റൻ ഫുർത്തദോവിന്റെ നേതൃത്വത്തിൽ ശക്തമായ സൈന്യവുമായി  പറങ്കികൾ തിരിച്ചുവന്നു. കടലിൽ നിന്നും കരയിൽ നിന്നും സംഘടിതവും ശക്തവുമായ ആക്രമണം തുടങ്ങി.കോട്ട നാലുഭാഗത്തുനിന്നും വളയപ്പെട്ടതിനാൽ കുഞ്ഞാലിക്ക് പിടിച്ചു നിൽക്കാനായില്ല.കോട്ടക്കകത്തുള്ളവർ അധികവും കൊല്ലപ്പെട്ടതോടെ  കീഴടങ്ങുന്നതാണ് കരണീയമെന്ന് കുഞ്ഞാലി തീരുമാനിച്ചു.അങ്ങനെ ജീവന് രക്ഷ നൽകാമെന്നുള്ള  ഉപാധിയിൽ സാമൂതിരിക്ക് മുന്നിൽ ആയുധം വെച്ച് കീഴടങ്ങാൻ കുഞ്ഞാലിയും കൂട്ടാളികളും തയ്യാറായി.അങ്ങനെ 1600 മാർച്ച് 16ആം തീയതി കുഞ്ഞാലി വാളുവെച്ച് സാമൂതിരിക്ക് മുന്നിൽ  വെച്ച് കീഴടങ്ങി. അവസരം കാത്തിരുന്ന ഫർത്താദോ ഉടനെ കുഞ്ഞാലിയെ ബലമായി പിടിച്ചു വിലങ്ങു വച്ചു.മാർച്ച്‌ 25 ന് ഫുർത്താദോ കുഞ്ഞാലിയെയും 40 തടവുകാരെയും കൊണ്ട് ഗോവയിലേക്ക് കൊണ്ട് പോയി തടവിലാക്കി. അവിടെവച്ച് പാതിരിമാർ മതം മാറിയാൽ ജീവൻ രക്ഷിക്കാമെന്ന വാഗ്ദാനങ്ങളുമായി കുഞ്ഞാലിയെയും അനുചരന്മാരെയും സമീപിച്ചു.എന്നാൽ ആ ശ്രമങ്ങളെല്ലാം പാഴായി. അവസാനം ഫ്രഞ്ച് ഗില്ലറ്റിൻ മാതൃകയിൽ ഉണ്ടാക്കിയ ഗില്ലറ്റിൽ ഒരു വലിയ ജനക്കൂട്ടത്തിനു മുമ്പാകെ കുഞ്ഞാലിയെന്ന ധീരനായകനെ  പോർച്ചുഗീസ് ഗവൺമെന്റ്  തൂക്കിലേറ്റി.എന്നിട്ടും അരിശം തീരാതെ കുഞ്ഞാലിയുടെ തലവെട്ടി ഉപ്പിട്ട് കുന്തത്തിൽ കുത്തി കണ്ണൂരിൽ കൊണ്ടുവന്ന് പൊതുസ്ഥലത്ത് പ്രദർശിപ്പിച്ചു.കുഞ്ഞാലി നാലാമന്റെ  രക്തസാക്ഷിത്വത്തോടെ ഒരു നൂറ്റാണ്ടിലധികം നീണ്ടുനിന്ന മലബാറിന്റെ ചരിത്രത്തിലെ ധീരമായ ഒരു ചെറുത്തുനിൽപ്പിനും അന്ത്യം കുറിച്ചു.

 


✍🏻അഹ്മദ് സഫ്‌വാന്‍ ചിത്താരി


''കരളുരുകുന്ന ചരിത്രമിതാ..

കഥനമേറും ചിത്രമിതാ..

കര്‍ബല തന്‍ കിസ്സയിതാ..

കണ്ണീരിലെഴുതിയ കാവ്യമിതാ.. ''


കര്‍ബലയുടെ കരളലിയിപ്പിക്കുന്ന ചരിതങ്ങള്‍ സ്മരിക്കപ്പെടുമ്പോള്‍ യേശുദാസിന്റെ കഥനമേറുന്ന പാട്ടിന്റെ വരികളാണ് ഓര്‍മ വരുന്നത്. അന്ത്യ പ്രവാചകര്‍(സ്വ)യുടെ പേരമകന്‍ സയ്യിദ് ഹുസൈന്‍(റ) കര്‍ബലയുടെ മണ്ണില്‍ വീര രക്തസാക്ഷിത്വം വഹിച്ചത് മുസ്ലീം ലോകത്തിന് എന്നും മറക്കാന്‍ കഴിയാത്ത അനുഭവമാണ്. ചരിത്ര താളുകളില്‍ വേദനാജനകമായ ദുരന്തമായി ഇത് എന്നും അവശേഷിക്കും. ഹിജ്റ 60 മുഹര്‍റം പത്തിനായിരുന്നു ഈ സംഭവം നടന്നത്.


എല്ലാ വര്‍ഷവും മുഹര്‍റം പത്ത്  ശകുനമായും പ്രത്യേക ദു:ഖാചരണമായുമെല്ലാം ഇസ്ലാമില്‍ പെട്ട ചില വിഭാഗങ്ങള്‍ ആചരിക്കാറുണ്ട്. യഥാര്‍തത്തില്‍ ഇത് ഇസ്ലാമികമായി യാതൊരുവിധ ബന്ധവുമില്ലാത്തതാണെന്ന് നാം അടിവരയിട്ട് മനസ്സിലാക്കണം. ഇതിന്റെ പരിപൂര്‍ണ ഉത്തരവാദിത്വം ശിയാ ഭരണകൂടത്തിനും അത് അനുവര്‍ത്തിക്കുന്ന വിശ്വാസികള്‍ക്കുമാണ് എന്നതാണ്. അവരാണ് സ്വശരീരത്തെ വ്രണപ്പെടുത്തുന്നതും പ്രയാസപ്പെടുത്തുന്നതുമായ ഇത്തരം ചടങ്ങുകളും കോപ്രായങ്ങളും നടത്തി പരിശുദ്ധ ദീനിനെ അപകീത്തിപ്പെടുത്തുന്നത്. 


സ്വഹാബി വര്യരായ മുആവിയാ(റ) വഫാത്തായതിന് ശേഷം മകന്‍ യസീദ് ഭരണമേറ്റ രീതിക്കെതിരെ ഹുസൈന്‍(റ) ഉള്‍പ്പെടെ അഞ്ച് പ്രമുഖ സ്വഹാബിമാര്‍ ശക്ത മായി രംഗത്തുവന്നിരുന്നു. ഖിലാഫത്തിനെ കുടുംസ്വത്താക്കിയെന്നായിരുന്നു അവരുടെ വാദം. മദീനയിലായിരുന്ന ഹുസൈന്‍(റ)വും കുടുംവും താമസിച്ചിരുന്നത്. പിന്നീട് കുടുംസമേതം മക്കയിലെത്തി. മക്കയിലായിരിക്കെ ഇറാഖില്‍ നിന്നും പ്രത്യേകിച്ച് കൂഫയില്‍ നിന്നുമെല്ലാം നിരവധി എഴുത്തുകള്‍ അദ്ദേഹത്തിനെ തേടിവരുകയുണ്ടായി. പെട്ടന്ന് കൂഫയിലെത്തണമെന്നും തങ്ങളുടെ ഖലീഫയാകണമെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം. അങ്ങനെ ബൈഅത്ത്  ചെയ്യാമെന്ന് അവര്‍ വാഗ്ദാനം നല്‍കുകയുണ്ടായി. 


നിചസ്ഥിതിയറിയാനും ആവശ്യമാണെങ്കില്‍ ജനങ്ങളെ സംഘടിപ്പിക്കാനുമായി  പിതൃവ്യ പുത്രന്‍ മുസ്ലിമുബ്നു അഖീലിനെ കൂഫയിലേക്കയച്ചു. അവിടെയെത്തിയ  മുസ്ലിം ഹുസൈന്‍(റ)നെ കാത്തുനില്‍കുകയാണന്ന് മനസ്സിലാക്കി. ഇക്കാര്യം അദ്ദേഹം ഹുസൈന്‍(റ)നെ അറിയിച്ചു. പക്ഷേ ഹുസൈന്‍(റ) യാത്രയെ അബ്ബാസ്(റ)വും മറ്റു പല പ്രമുഖരും എന്നല്ല, കുടുംബം പോലും എതിര്‍ത്തെങ്കിലും അത് വകവെക്കാതെ കുടുംാംഗങ്ങളും സേവകരുമടങ്ങുന്ന നൂറോളം പേരുമായി അദ്ദേഹം പുറപ്പെട്ടു.


ഇതിനിടെ കൂഫയിലെ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞിരുന്നു. ഗവര്‍ണറായിരുന്ന നുഅ്മാനെ മാറ്റി, തന്റെ  വിശ്വസ്തനും കര്‍ക്കശക്കാരനുമായ ഉബൈദുബ്നു സിയാദിനെ ഉടനടി യസീദ് നിയമിച്ചു. ഇതിനിടെ യസീദ് ഹുസൈന്‍(റ)ന്റെ പ്രതിനിധിയായെത്തിയ മുസ്ലിമിനെ പിടികൂടി വധിച്ചു. 

 ഇതോടെ മരണ ഭീതിയിലായ ഹുസൈന്‍(റ)ന്റെ അനുകൂലികള്‍ കൂറുമാറി ഇബ്നു സിയാദിനോടൊപ്പം ചേര്‍ന്നു. ഇതൊന്നുമറിയാതെയായിരുന്നു ഹുസൈന്‍(റ) കൂഫ യാത്ര ചെയ്തിരുന്നത്. 


വഴിമദ്ധ്യേ ഉമറുബ്നു സഅ്ദിന്റെ നേത്രത്തിലുള്ള ഇബ്നു സിയാദിന്റെ സൈന്യം ഹുസൈന്‍(റ) യും സംഘത്തേയും തടഞ്ഞു. തനിക്കു കത്തെഴുതിയവരെ വിളിച്ച് ഹുസൈന്‍(റ) കാര്യം ബോധ്യപ്പെടുത്തിയെങ്കിലും അവര്‍ നിശബ്ദരായി നില്‍കുക മാത്രമാണുണ്ടായത്. സൈന്യത്തിന്റെ അവിശ്വാസത്തിനു മുന്നില്‍ കീഴടങ്ങിയതിനാല്‍, മക്കയിലേക്ക് തിരിച്ചു പോകുന്നതിനോ ഡമസ്‌കസില്‍ ചെന്ന് യസീദിനെ കാണുന്നതിനോ അനുവദിക്കണമെന്ന ആവശ്യം മുന്നോട്ടു വെച്ചപ്പോള്‍ അവര്‍ ചെവി കൊണ്ടില്ല. മറിച്ച്, തന്റെ മുന്നില്‍ ഹാജരാക്കാനും യസീദിനെ ഖലീഫയായി അംഗീകരിക്കാനുമായിരുന്നു  ഉത്തരവ്. എന്നാല്‍ മരണമാണ് അതിനേക്കാള്‍ നല്ലതെന്ന ദൃഢ പ്രതിജ്ഞയെടുക്കുയിരുന്നു ഹുസൈന്‍(റ). അതോടെ യുദ്ധം അനിവാര്യമായി വന്നു. സൈന്യം അവര്‍ക്ക് വെള്ളവും ഭക്ഷണവും തടയുകയുണ്ടായി. ഒടുവില്‍ ഹിജ്‌റ 60 മുഹറം പത്തിന് ഇബ്നു സിയാദിന്റെ പട്ടാളം വിവരിക്കാന്‍ കഴിയാത്ത വിധം കൊടും ക്രൂരത ആ കുടുബത്തോട് കാണിക്കുകയായിരുന്നു. ഹുസൈന്‍(റ)ന്റെ മക്കളായ അലി, ഖാസിം, അബൂക്കര്‍ എന്നിവരും അബ്ദുല്ല, ഉസ്മാന്‍, ജഅ്ഫര്‍, മുഹമ്മദ് തുടങ്ങിയവരും വധിക്കപ്പെടുകയായിരുന്നു. സ്ത്രീകളെ മക്കയിലേക്ക് പറഞ്ഞയക്കുകയും ചെയ്തു. ഹുസൈന്‍(റ)ന്റെ ഇളയ മകന്‍ സൈനുല്‍ ആബിദീന്‍ മാത്രമാണ് അന്ന് ആ പരമ്പരയില്‍ ബാക്കിയാത്.   


ക്ഷണിച്ചു വരുത്തി ഹസ്രത് അലി(റ)ന്റെ വീര പുത്രനെ വഞ്ചിക്കുമ്പോള്‍, കൂടെ നിന്നവര്‍ പ്രവാചകര്‍(സ്വ) യുടെ കുടുംബത്തോടാണ് തനി ക്രൂരത കാണിക്കുന്നതെന്ന് വിസ്മരിച്ചു കളഞ്ഞു. തത്ഫലമായി കര്‍ബലാ രണാങ്കണം നിമിഷ നേരം കൊണ്ട് രക്തത്തിന്റെ കളമായി രൂപാന്തരപ്പെട്ടു . മായാത്ത ഓര്‍മ്മകളുടെയും കഥനത്തിന്റെ കരളലിയിപ്പിക്കുന്ന രോധനത്തിന്റെ ചിഹ്നമായി ഹുസൈന്‍(റ)ന്റെ രക്ത സാക്ഷിത്വവും കര്‍ബലയും ചരിത്രത്തിന്റെ ഏടുകളില്‍ തുന്നിച്ചേര്‍ക്കപെട്ടു. സര്‍വ്വ ശക്തന്‍ അവരോടൊന്നിച്ച് സ്വര്‍ഗീയ ലോകത്ത് നമ്മെ ഏവരേയും ഒരുമിച്ച് കൂട്ടി അനുഗ്രഹിക്കട്ടെ...


 





റംസാൻ ഇളയോടത്ത്

 (യുവ എഴുത്തുകാരൻ)

       ചരിത്രങ്ങളിൽ നാമങ്ങൾക്ക് വളരെയധികം പ്രാധാന്യമാണുള്ളത് .നാമങ്ങൾ ചരിത്രത്തിന്റെ അടയാളങ്ങളായി നില നിൽക്കുന്നു .ആ നാമങ്ങളിലൂടെ അതിന് പിന്നിലുള്ള ചരിത്രത്തെ പുതു തലമുറ ഓർത്തു കൊണ്ടിരിക്കുന്നു .നാമങ്ങൾ സ്ഥലനാമങ്ങളോ സംഭവ നാമങ്ങളോ ആകാം .അവ രണ്ടും ഒരുപോലെ ചരിത്രത്തെയും ഭാവി തലമുറയെയും പിടിച്ചു കുലുക്കാൻ ശേഷിയുള്ളതാണ് . ചരിത്രത്തെ മായ്ച്ചു കളഞ്ഞ് അവിടെ തങ്ങളുടെ വംശീയ ശുദ്ധിയുടെ ചരിത്രത്തെ പ്രതിഷ്ഠിക്കാൻ സ്വേച്ഛാധിപതികൾ ചെയ്തിരുന്ന പ്രക്രിയ ചരിത്രത്തിൽ തങ്ങൾക്ക് മായ്ച്ച് കളയേണ്ട സംഭവങ്ങളുടെയോ സ്ഥലങ്ങളുടെയോ നാമങ്ങൾ മായ്ച്ച് അവിടെ പുതിയത് ചേർക്കുക എന്നതായിരുന്നു .അതായിരുന്നു ജർമ്മനയിൽ ഹിറ്റ്ലർ ചെയ്തതും ഹിന്ദുത്വ ഭരണകൂടത്തിനടിയിൽ പെട്ട നമ്മുടെ രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നതും .നമ്മുടെ രാജ്യത്ത് പ്രത്യേകിച്ച് ഉത്തർപ്രദേശിൽ ഹിന്ദുത്വ ശക്തികൾ അധികാരം പിടിച്ചടക്കിയതിന് ശേഷം മുഗൾഭരണകാലത്തിന്റെ ചരിത്രങ്ങൾ പേറിയിരുന്ന ഒരുപാട് സ്ഥലങ്ങളുടെയും നിർമ്മിതികളുടെയും പേരുകൾ അവർ തിരുത്തിയിരിക്കുന്നു.അലഹാബാദിനെ പ്രയാഗ് രാജ് എന്ന് പുനർ നാമകരണം ചെയ്തത് അതിനൊരുദാഹരണമാണ് .പ്രാചീന ഇന്ത്യ ഭരിച്ചിരുന്ന രാജവംശത്തിലെ ശക്തരായ മുഗൾ ഭരണകൂടത്തിന്റെ ഓർമ്മകൾ രാജ്യത്ത് നിന്ന് തുടച്ചു നീക്കുക  വഴി അവർ ലക്ഷ്യമിടുന്നത് രാജ്യത്തെ മുസ്ലിം പൈതൃകങ്ങളെ മായ്ച്ച് കളഞ്ഞു അവരെ സാംസ്കാരിക ഷണ്ഡരാക്കുക എന്നതാണ് . ഒരു ജനതയോട് ചെയ്യാൻ കഴിയാവുന്ന ഏറ്റവും വലിയ ക്രൂരത ഒരു കൂട്ടക്കൊലയല്ല ,മറിച്ച് അവരുടെ പൈതൃകങ്ങളും ചരിത്രങ്ങളും അവരുൾക്കൊള്ളുന്ന സമൂഹത്തിൽ നിന്ന് തുടച്ചു മാറ്റുക എന്നതാണ് .ഒരു വംശീയ കൂട്ടക്കൊല കൊണ്ട് ഒരു തലമുറയെ മാത്രമേ നശിപ്പിക്കാനാവൂ .അടുത്ത തലമുറ വീണ്ടും ഉയർത്തെഴുന്നേൽക്കും .എന്നാൽ അവരുടെ ചരിത്രം ഇല്ലാതാക്കുക വഴി അവരുടെ അവകാശങ്ങളെ മേൽ വിലാസങ്ങളെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത് .അത് ഒരു തലമുറയെയല്ല ഈ ലോകം നില നിൽക്കുന്ന കാലത്തോളം ഇവിടെ എത്ര തലമുറകൾ കടന്ന് പോകുന്നുവോ അവരെയെല്ലാം പ്രതികൂലമായി ബാധിക്കും . മേൽ വിലാസമില്ലാത്തവൻ അനാഥനാണ് .ഒരു കുഞ്ഞ് അനാഥനാണെന്ന് പറയുന്നത് അവന് മേൽവിലാസമില്ലാതെയാകുമ്പോഴാണ് .നിങ്ങളിൽ ഗോത്രവും വർഗ്ഗവും നൽകിയിരിക്കുന്നത് നിങ്ങളെ പരസ്പരം തിരിച്ചറിയാൻ വേണ്ടിയാണെന്ന ഇലാഹി വചനവും മേൽ പറഞ്ഞതിന്റെ പ്രാധാന്യം വെളിവാക്കുന്നുണ്ട് . 

      ചരിത്ര വായനകളിൽ അല്ലെങ്കിൽ ചരിത്ര ക്ലാസുകളിൽ നമ്മുടെ സമുദായം തെറ്റിദ്ധരിക്കപ്പെട്ട ചില വാക്കുകളെ ഉദ്ധരിച്ചു അതിനെ തിരുത്തി എഴുതിക്കുക എന്നതാണ് ഈ ലേഖനത്തിന്റെ ആകെത്തുകയായി ഉദ്ദേശിക്കുന്നത് . ചരിത്ര വായനയുടെ അല്ലെങ്കിൽ വിശദമായി പറഞ്ഞാൽ ഇന്ത്യ ചരിത്ര വായനയിൽ നമ്മുടെ സമുദായം ആവർത്തിക്കുന്ന എതാനും ചില തെറ്റുകളുണ്ട് .അതിലൊന്നാണ് നമ്മുടെ രാജ്യത്തെ 'ഭാരതം' എന്ന് വിളിക്കുന്നത് .ഭാരതം എന്നത് ഐതിഹ്യത്തിലെ നമ്മുടെ രാജ്യത്തെ സൂചിപ്പിക്കുന്ന ഒരു വാക്ക് മാത്രമാണ് .അല്ലാതെ അതൊരു ചരിത്ര നാമമല്ല .ഭാരതത്തെ കുറിച്ച് ഐതിഹ്യത്തിൽ പറയുന്നത് നോക്കാം .അതിപുരാതന കാലത്ത് ഈ ഉപഭൂഖണ്ഡം മുഴുവൻ ഭരതൻ എന്നു പേരുള്ള ഒരു ചക്രവർത്തി ഭരിച്ചിരുന്നു എന്ന് പുരാണങ്ങൾ പറയുന്നു. മഹാഭാരതത്തിന്റെ ആദ്യപർവത്തിൽ ഭരതചക്രവർത്തിയെക്കുരിച്ചുള്ള പരാമർശമുണ്ട്. ഭരതരാജാവിന്റെ പേരിൽ നിന്നാണ് ഭാരതം എന്ന പേര് ഉടലെടുത്തത്.

ശകുന്തളയുടെ പുത്രനായിരുന്നു ഈ ഭരതൻ എന്നും പുരാണങ്ങൾ പറയുന്നു.

വിഷ്ണുപുരാണം ഭാരതവർഷത്തെ ഇപ്രകാരം വർണ്ണിക്കുന്നു:

ഉത്തരം യത് സമുദ്രസ്യ

ഹിമാദ്രൈശ്ചൈവ ദക്ഷിണം

വർഷം തദ് ഭാരതം നാമ

ഭാരതീ യത്ര സംതതിഃ

അതായത് ,സമുദ്രത്തിന്റെ ഉത്തരഭാഗത്തായും ഹിമാലയ പർവതത്തിന്റെ  ദക്ഷിണ ഭാഗത്തായുമുള്ള ഈ ഭൂവിഭാഗത്തിന്റെ നാമം ഭാരതം.

ചുരുക്കത്തിൽ ഹിന്ദു മിത്തോളജി അടിസ്ഥാനമാക്കിയുള്ള ഒരു ഐതിഹ്യ കഥാപാത്രമായ ഭരതൻ ഭരിച്ചിരുന്ന നാട് എന്നർത്ഥത്തിലാണ് 'ഭാരതം'എന്ന് വിളിച്ചു പോരുന്നതെന്നല്ലാതെ ഇതിന് പിന്നിൽ ചരിത്ര സത്യങ്ങളില്ല .ഇതൊന്നുമറിയാതെ നമ്മുടെ എഴുത്തുകാരും വാഗ്മികളും പണ്ഡിതന്മാരും  ഇന്ത്യയെ ഭാരതം എന്ന് അവരുടെ എഴുത്തുകളിലൂടെയും പ്രസംഗംങ്ങളിലൂടെയും ആവർത്തിച്ചു പോരുന്നു .സിന്ധു നദീ തീരത്ത് താമസിക്കുന്നവർ എന്നർത്ഥമാക്കി 'സിന്ധി 'എന്നും അത് പിന്നീട് പരിണമിച്ച് 'ഹിന്ദി ' എന്നും സിന്ധൂ നദീ തീരത്തെ  പ്രദേശത്തെ  'സിന്ധ് ','ഹിന്ദ് 'എന്നും അറബികൾ വിളിച്ചു പോന്നിരുന്നു എന്നത് മാത്രമേ ചരിത്രത്തിൽ കാണാനാകൂ .ഗൾഫ് രാജ്യങ്ങളിലെ ചില അറബികൾ ഇപ്പോഴും ഇന്ത്യക്കാരെ ഹിന്ദികൾ എന്നു വിളിക്കാറുണ്ട് .എന്ത് കൊണ്ട്  'ഹിന്ദ്‌ '  എന്നും 'സിന്ധി ' എന്നുമുള്ള ചരിത്ര വാക്കുകളെ മായ്ച്ച് കളഞ്ഞു 'ഭാരതം' ,'ഭാരതീയർ 'എന്ന വാക്കുകൾക്ക് ഇടം നൽകപ്പെട്ടു എന്നത് കൂടി നമ്മൾ അന്വേഷിക്കേണ്ടതുണ്ട് .ഭാരതം എന്നത് സംഘ് പരിവാർ ഐഡിയോളജി പാലും, പഴവും കൊടുത്ത് വളർത്തുന്ന ആശയമാണ് .ചരിത്ര സത്യങ്ങളെ മായ്ച്ച് പകരം ഭരതന്റെ നാട് എന്നർത്ഥമുൾക്കൊള്ളുന്ന ഭാരതം എന്ന വാക്കിനെ പ്രതിഷ്ഠിക്കുക വഴി അവർ ചെയ്യുന്നത് വൈവിധ്യമായ സംസ്കാരങ്ങളും,  മതങ്ങളും നില നിൽക്കുന്ന ഈ രാജ്യത്തെ ഒരു ഏക ശിലാത്മക സംസ്കാരത്തിലേക്കും മതത്തിലേക്കും ചേർത്തു വെക്കുകയും അത് വഴി തങ്ങളുടെ വംശീയ അജണ്ടകൾ നടപ്പിലാക്കുകയും ചെയ്യുക എന്നതുമാണ് .സംഘപരിവാറിന്റെ ലക്ഷ്യങ്ങളിലൊന്ന് 'അഖണ്ഡ ഭാരതമാ'ണ് .ആ അഖണ്ഡ ഭാരത ഭൂപടത്തിൽ ഇന്ത്യ മാത്രമല്ല ,അയൽ രാജ്യങ്ങളായ പാകിസ്ഥാനും ബംഗ്ലാദേശിനും,   നേപ്പാളിനും,  ഭൂട്ടാനുമൊക്കെ ഉൾക്കൊള്ളാവുന്ന വിശാലതയുണ്ട് .അഖണ്ഡ ഭാരതത്തിലൂടെ അവർ ലക്ഷ്യമിടുന്നത് ഇന്ത്യൻ  ഉപഭൂദണ്ഡത്തിന്റെ വംശീയപരമായ ശുദ്ധി ബ്രാഹ്മണിക്കൽ ഹിന്ദൂയിസത്തിനാണെന്ന് സ്ഥാപിച്ച് ഈ ഉപഭൂഖണ്ഡത്തിന്റെ അധികാരം തങ്ങളുടെ കാൽ കീഴിൽ കൊണ്ടു വരിക എന്നതാണ് . സംഘപരിവാറിന്റെ ഈ അഖണ്ഡ ഭാരതം എന്ന ഐഡിയോളജി നടപ്പിലാക്കാൻ അവർക്ക്  വേണ്ടിയിരുന്നത് രാജ്യത്തെ ജനങ്ങളുടെ മനസ്സിൽ ഭാരതം എന്ന ആശയത്തെ കുടിയിരുത്തുകയും അവരുടെ മനസ്സിനെ ഭാരതം എന്ന ഐഡിയോളജിയിലേക്ക് കൊണ്ടു വരികയും ചെയ്യുക എന്നതായിരുന്നു .അതിനവർ ഉപയോഗപ്പെടുത്തിയത് ചരിത്രത്തേയും സാംസ്കാരിക മേഖലെയുമാണ് .രാജ്യത്തിന്റെ ചരിത്രത്തിലും സാംസ്കാരിക രംഗങ്ങളിലും അവർ അവരുമായി ബന്ധമുള്ളവരുടെ സഹായത്തോടെ ഭാരതം എന്ന വാക്ക് കൂട്ടി ചേർത്തു.പതിയെ അത് തിരിച്ചറിയാൻ പറ്റാത്ത ഒന്നായി നമ്മുടെ സമസ്ത മേഖലകളിലും അലിഞ്ഞു ചേർന്നു .ഭാരതം എന്ന വാക്കിനു പിന്നിൽ ഇത്തരമൊരു ലക്ഷ്യമുള്ളത് തിരിച്ചറിയാതെ നമ്മുടെ നേതാക്കന്മാർ ഇപ്പോഴും ഈ രാജ്യത്തെ ആ പേരിൽ അഭിസംബോധന ചെയ്യുകയാണ് .സംഘ്പരിവാർ ആശയങ്ങളെ എതിർക്കാൻ വിളിച്ചു കൂട്ടിയ സമ്മേളനങ്ങളിലും സെമിനാറുകളിൽ പോലും ഇതാവർത്തിക്കുന്നു എന്നതാണ് വലിയ വിരോധാഭാസം . ഈയൊരു വാക്കിനു പിന്നിലെ കെട്ടുകഥകളെ അറിയാത്തത് കൊണ്ടാണ് അവർക്കിങ്ങനെ തെറ്റ് പറ്റുന്നതെങ്കിൽ ഇനിയെങ്കിലും തിരുത്താൻ അവർ തയ്യാറാകണം .അറിഞ്ഞിട്ടും അൾട്രാ സെക്യൂലറിസത്തിന്റെ പുതപ്പിട്ടു മൂടാനാണ് ലക്ഷ്യമെങ്കിൽ ആ പുതപ്പിനുള്ളിൽ കൂടുതൽ കാലം സുരക്ഷിതരല്ല എന്നേ പറയാനൊക്കൂ .  

      ഇതേ പോലെ തന്നെ നമുക്ക് തെറ്റു പറ്റിയ ഒരു മേഖലയാണ് മലബാർ സമരവും(മലബാർ കലാപം ) വാഗൺ കൂട്ടക്കൊലയും(വാഗൺ ട്രാജഡി).മാസങ്ങൾക്ക് മുൻപ്  മലയാള സിനിമയിലെ പ്രമുഖർ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിത കഥയെ ആസ്പദമാക്കി ഒരു സിനിമയുടെ പ്രഖ്യാപനം നടത്തിയത് മുതൽ നമ്മുടെ ചർച്ചാ മണ്ഡലത്തിലേക്ക് വീണ്ടും മലബാർ സമരം കടന്നു വന്നിരിക്കുകയാണ് .അത് പോലെ തന്നെ മലബാർ സമരത്തിന് അടുത്ത വർഷം ഒരു നൂറ്റാണ്ട് തികയുകയുമാണ് .മലബാർ സമരത്തിന്റെ യുദ്ധഭൂമിയായ ഏറനാടും,  പൂക്കോട്ടൂരും ജീവിക്കുന്ന നമ്മൾ ഈ വിഷയത്തിൽ ആവർത്തിച്ചു പോരുന്ന മറ്റൊരു തെറ്റാണ് ഈ പോരാട്ടത്തെ കലാപം എന്ന് വിളിച്ചു എന്നത് .മലബാർ സമരത്തെ കുറിച്ച് പ്രബലമായ രണ്ട് ചരിത്രവസ്തുതകളാണുള്ളത് .മലബാറിലെ മാപ്പിളമാർ കർഷക കുടിയാന്മാരായിരുന്നുവെന്നും ഇവർ ജന്മിമാരുടെ പീഡനങ്ങളിൽ പൊറുതിമുട്ടി ആരംഭിച്ച സമരമാണിതെന്നും  ആ സമരത്തെ അടിച്ചമർത്താൻ ജന്മിമാരെ ബ്രീട്ടീഷ് സേന സഹായിച്ചെന്നും സ്വാഭാവികമായി മാപ്പിളമാരുടെ പോരാട്ടം അവർക്കെതിരെയായി എന്നുമാണ് ഒരു വസ്തുത . മറ്റൊന്ന് , മുസ്ലിംകളുടെ ഖിലാഫത്ത് നേതാവായിരുന്ന ഓട്ടോമൻ സുൽത്താനെ ബ്രിട്ടീഷുകാർ പരാജയപ്പെടുത്തിയതിലുള്ള പ്രതിഷേധം മൂലമാണ് മാപ്പിളമാർ ബ്രിട്ടീഷുകാരോട് യുദ്ധം ചെയ്തത് എന്നുമാണ് .ഈ രണ്ട് വസ്തുതകളിൽ ഏത് സ്വീകരിച്ചാലും അതിന്റെയെല്ലാം അവസാന ലക്ഷ്യം മാപ്പിളമാർക്കുണ്ടായിരുന്നത് ബ്രിട്ടീഷുകാരുടെ നീചമായ ഭരണത്തിൽ നിന്ന് ഈ നാടിനെ രക്ഷിച്ച് ഇവിടെ ഒരു സമാധാന ജീവിതം കൊണ്ട് വരിക എന്നതായിരുന്നു . അത്തരമൊരു ലക്ഷ്യത്തോടെ മലബാറുകാർ നടത്തിയ ഈ പോരാട്ടത്തെ ചരിത്രം രേഖപ്പെടുത്തിയത്  'കലാപം' എന്ന വാക്കുപയോഗിച്ചായിരുന്നു . 'യുദ്ധം ' എന്ന വാക്കിന്റെ യഥാർത്ഥ ധ്വനിയല്ല 'കലാപം ' എന്ന വാക്കിനുള്ളത് .യുദ്ധം എന്ന വാക്ക് നന്മക്ക് വേണ്ടിയുള്ള പോരാട്ടമാണെങ്കിൽ  കലാപം എന്ന വാക്ക് തിന്മയിലധിഷ്ഠിതമായ  അക്രമത്തെയാണ് സൂചിപ്പിക്കുന്നത് .മലബാർ യുദ്ധത്തെ കലാപം എന്ന വാക്കിൽ കൂട്ടിച്ചേർത്തെഴുതിയത് പിന്നീട് വരുന്ന തലമുറയിൽ ഇതിനെ ഒരു മുസ്‌ലിം വർഗ്ഗീയ കലാപമാക്കി ചിത്രീകരിക്കാനും രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിലെ മുസ്ലിം സാന്നിധ്യത്തെ മായ്ച്ചു കളയാനുമാണ് .അത് മനഃപൂർവ്വം ചെയ്തതുമാണ് .അന്നത്തെ ചരിത്രകാരന്മാർ മുഴുവനും സവർണ ഹിന്ദുക്കളായിരുന്നു .സവർണ ഹിന്ദുക്കൾ തന്നെയായിരുന്നു കുടിയാന്മാരെ പീഡിപ്പിച്ചിരുന്ന ജന്മിമാരും .അത് കൊണ്ട് തന്നെ അവരൊരിക്കലും അവരുടെ ക്രൂരതകളുടെ കഥ വരുന്ന തലമുറയെ അറിയിക്കാൻ താല്പര്യപ്പെടില്ല .മറിച്ച് അത് തങ്ങളുടെ നേരേ നടന്ന മുസ്ലിംകളുടെ വർഗ്ഗീയ കലാപമാക്കി ചിത്രീകരിച്ച് അതിൽ നിന്നും സിംപതി നേടാനേ ശ്രമിക്കുകയുള്ളൂ .അത് പോലെത്തന്നെയാണ്  വാഗൺ ട്രാജഡി എന്ന് ചരിത്രത്തിൽ രേഖപ്പെടുത്തി വെച്ചിട്ടുള്ള വാഗൺ കൂട്ടക്കൊലയുടെ കാര്യവും . ട്രാജഡി (ദുരന്തം) എന്ന വാക്ക് അർത്ഥമാക്കുന്നത് മനഃപൂർവ്വമല്ലാതെ സംഭവിക്കുന്ന അപകടങ്ങളെയാണ് .ഇവിടെ വാഗൻ കൂട്ടക്കൊല നടന്നത് ഒരു അസ്വാഭാവിക പ്രവർത്തിയല്ല .കോയമ്പത്തൂരിലേക്ക് ഒരു ചരക്ക് തീവണ്ടിയിൽ മനുഷ്യരെ കുത്തിനിറച്ച് കൊണ്ടുപോയാൽ അവർ മരണപ്പെടും എന്ന സത്യം മനസ്സിലാക്കാൻ ബുദ്ധിയില്ലാത്തവരാവില്ല  ബ്രിട്ടീഷുകാർ .എന്നിട്ടും അവരിങ്ങനെ ചെയ്തത് മാപ്പിളമാർ കൊല്ലപ്പെടണമെന്ന ആസൂത്രിത ലക്ഷ്യത്തോടെ തന്നെയാണ് . എന്നിട്ടും ഇതിനെ ചരിത്രം രേഖപ്പെടുത്തിയത് കേവലമൊരു ദുരന്തമായിട്ടാണ് .പഞ്ചാബിൽ നടന്ന ജാലിയൻ വാലാബാഗ് വെടിവെപ്പിനെ കൂട്ടക്കൊലയായി വിളിക്കപ്പെടുമ്പോഴും നമ്മുടെ പൂർവികരെ കൂട്ടക്കൊല ചെയ്ത സംഭവത്തിനെ നാമിപ്പോഴും വിളിക്കുന്നത് ദുരന്തം എന്ന് വിശേഷിപ്പിച്ചാണ് . 

        ചരിത്രത്തിൽ നമ്മൾ ഒരുപാട് ഇടങ്ങളിൽ കെണികളിൽ വീണു പോയിട്ടുണ്ട് .ഇനിയും നമുക്ക് മുൻപിൽ ഒരുപാട് കെണികൾ ഒരുക്കിവെച്ചിട്ടുമുണ്ട് .നിരന്തരമായ ചരിത്രവായനകളിലൂടെ ഇത്തരം കെണികളെ തിരിച്ചറിഞ്ഞ് അതിനെയൊക്കെ തകർത്തെറിഞ്ഞു മുന്നോട്ട് പോവുക എന്നതാണ് ഈ സ്വത്വ പ്രതിസന്ധി കാലത്ത് നമ്മൾ ചെയ്യേണ്ടത് .



| അലി കരിപ്പൂർ |

        ഭാരതം അതിൻ്റെ  എഴുപത്തിനാലാം  സ്വാതന്ത്ര്യദിനത്തിലേക്ക്  പ്രവേശിക്കുകയാണ്. അധിനിവേശ, കോളനിവൽക്കരണ ശക്തികളുടെ കറുത്ത  കരങ്ങളിൽ നിന്നും രാജ്യം മോചനം പ്രാപിച്ചിട്ട് 73 സംവത്സരങ്ങൾ പിന്നിടുമ്പോൾ ചിലകാര്യങ്ങൾ നാം ഓർക്കേണ്ടതുണ്ട്. ഒപ്പം ഇന്ന് രാജ്യത്തിൻ്റെ സഞ്ചാരം എങ്ങോട്ടെന്ന് സവിസ്തരം ശ്രദ്ധിക്കേണ്ടതുമുണ്ട്.
വൈവിധ്യങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് ഈ നാട്. അത് മണ്ണിലും മതത്തിലും എന്നല്ല  സകലതിലും പ്രകടമാണ്. സുഗന്ധദ്രവ്യങ്ങൾ കൊണ്ട് സുന്ദരമായ നമ്മുടെ നാടിനെ നൂറ്റാണ്ടുകളോളം  ഭരിച്ച മുഗൾ ചക്രവർത്തിമാരുടെ അനുഗ്രഹീത നേതൃത്വത്തിന്റെ ഫലമായി അതിൻ്റെ യശസ്സ് വർദ്ധിച്ചുകൊണ്ടിരുന്നു. എന്നാൽ നാട്ടുരാജാക്കന്മാർ എന്ന ഒരർത്ഥത്തിലെ ശാപഭരണം വൈദേശികരുടെ ചിരിക്കുന്ന മുഖത്തിനപ്പുറത്തെ വഞ്ചനയെ പ്രകടമാക്കാൻ നന്നായി സഹായിച്ചുവെന്നത് ചരിത്രം. ഇവിടെയുള്ള സമ്പത്ത് കട്ടുമുടിച്ചും കൊള്ളയടിച്ചും ഒടുവിൽ അധികാരം തന്നെ തട്ടിയെടുത്ത് നമ്മെ അടിമകളെപ്പോലെയാക്കി ചോര ചിന്തുന്ന ഭരണത്തിന് വെള്ളക്കാരൻ ഒരുമ്പെട്ടപ്പോൾ ശക്തമായ സ്വാതന്ത്ര്യസമരങ്ങ ളിലേക്കാണ് അത് ചെന്നെത്തിയത്. ഫ്രഞ്ചും ബ്രിട്ടനും വരുന്നതിനു മുമ്പ് തന്നെ അറബികൾ ഇവിടെ കച്ചവടത്തിനായി  എത്തിയിരുന്നു. അതിമനോഹരമായിരുന്നു അതെങ്കിൽ, അക്രമത്തിന് കിരീടം ചൂടിവന്ന വെള്ളക്കാരന്റെ പ്രവർത്തി നോക്കിനിൽക്കാൻ രാജ്യസ്നേഹികളായ ഇവിടുത്തെ നല്ല മനുഷ്യർക്ക് ആയില്ല. അവരെ സ്മരിക്കലാണ് ഓരോ സ്വാതന്ത്ര്യദിനവും.

        ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് ചരിത്രത്തിൽ എഴുതപ്പെട്ട 1857 ലെ സമരത്തിനും നൂറ്റാണ്ടുകൾക്കു മുമ്പേ അധിനിവേശത്തിനെതിരെ ചോരചിന്തിയിട്ടുണ്ട് നമ്മുടെ പൂർവസൂരികൾ. പറങ്കിപ്പടയുടെ മുരടറുത്ത് അറബിക്കടലിൽ വലിച്ചെറിയാൻ ജീവൻ ത്യജിച്ചവരാണ് സാമൂതിരിയുടെ നാവിക പടയാളികളായ കുഞ്ഞാലിമരക്കാറുമാർ. നീചരായ വെള്ളക്കാരന്റെ കയ്യിൽ നിന്നും പണംപറ്റി, പാവപ്പെട്ടവനെ കൊലക്കു നൽകുന്ന ചില നാട്ടുരാജാക്കന്മാരോട് ശക്തമായി പോരാടിയും അന്ധവിശ്വാസത്തെയും ജാതിവ്യവസ്ഥയെയും കരിമ്പടത്തിൽ മൂടിക്കെട്ടി, 
മനുഷ്യനെ മൃഗമായി കണ്ടിരുന്ന വൃത്തികേടുകൾ  തുടച്ചുനീക്കിയും ഒരേസമയം  നവോത്ഥാനത്തിൻ്റെയും സ്വരാജ്യ സ്നേഹത്തിന്റെയും സ്വർണ്ണ കിരീടം ചൂടിയവരായിരുന്നു മഹാനായ ടിപ്പു സുൽത്താൻ. പാവപ്പെട്ടവൻ പശിയടക്കാൻ പെടാപ്പാട് പെടുമ്പോൾ വയറു വീർപ്പിച്ചു നടന്നിരുന്ന ഇവിടുത്തെ ജന്മി പിശാചുക്കളെ അടിച്ചമർത്താൻ സധൈര്യം മുന്നോട്ടു വന്ന ആ സിംഹക്കുട്ടിയുടെയും  ചോരയുടെ നിറമുണ്ട് ഈ സ്വാതന്ത്ര്യത്തിന്. അത് പക്ഷേ ഹിറ്റ്ലറിസം പഠിച്ചവർക്ക് ദഹിക്കണമെന്നില്ല. കാരണം, അവർ വെള്ളക്കാരന്റെ സേവകരായിരുന്നു. വർഗീയതയുടെ തേറ്റ പല്ലുകൾ ഇന്ന് സ്വതന്ത്ര ഇന്ത്യയെ കടിച്ചു കീറുമ്പോൾ , രാജ്യം മതാന്ധത യിലേക്ക് കൂപ്പുകുത്തുമ്പോൾ ന്യൂനപക്ഷം അവരുടെ ദേശസ്നേഹം തെളിയിക്കാൻ തങ്ങളുടെ ധീരരായ ഉപ്പാപ്പ മാരുടെ കഥകൾ പറഞ്ഞു കൊണ്ടിരിക്കണം എന്ന് മാധ്യമങ്ങൾ പറയാതെ പറയുമ്പോൾ ഒരു കാര്യം ചോദിക്കട്ടെ...? ഞങ്ങൾക്ക് ഓർക്കുവാൻ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബും പുലിക്കുട്ടികളായ മഹമ്മദലിജൗഹറും ഷൗക്കത്തലിയും പിന്നെ മലബാറിലെ വീരപുത്രൻ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദാജിയും മഖ്ദൂമുമാരും മമ്പുറം തങ്ങളും വില്ലാളിവീരൻ ഉമർ ഖാളിയും തുടങ്ങി പതിനായിരങ്ങളായ ധീരദേശാഭിമാനികൾ ഉണ്ട്. അവർക്കൊപ്പം മസ്ജിദുകളിൽ മഅമൂമായി നിന്നും,  പാടത്ത് പണിയെടുത്തും ജീവിച്ച വെള്ളക്കാരുടെ തീതുപ്പുന്ന തോക്കിനു മുമ്പിൽ പതറാത്ത പാദത്തോടെ നെഞ്ചുവിരിച്ചു നിന്ന കള്ളിമുണ്ടും ബനിയനും കഥ പറയുന്ന ഞങ്ങളുടെ വല്ല്യുപ്പമാരുണ്ട്. അങ്ങനെ ഒരാളുടെ കഥ പറയാൻ നിങ്ങൾക്ക് കഴിയുമോ?

        ജാലിയൻവാലാബാഗിനൊപ്പം വാഗൺ ട്രാജഡിയും പൂക്കോട്ടൂരിലെ മണ്ണും മലബാറും  ഇന്നും ബ്രിട്ടന്റെ പഴയക്കാല പട്ടാളത്തിന്റെ ശവക്കല്ലറകൾ വരെ വിറപ്പിക്കുന്നുണ്ടാകും. പണത്തിന്റെയും യന്ത്രത്തിന്റെയും ഹുങ്കിൽ പാവപ്പെട്ടവരെ പിഴിയാൻ വന്നവരെ ഈമാനിന്റെ ഉരുക് ശക്തികൊണ്ട് നിലംപരിശാക്കിയ നമ്മുടെ വല്യൂപ്പമാർ പലരും ഇന്ന് ബംഗ്ലാദേശിലും ശ്രീലങ്കയിലും  ദ്വീപിലും അന്തിയുറങ്ങുന്നുണ്ട് . പലരും ജന്മദേശത്തിൽ നിന്നും ആയിരക്കണക്കിന് മൈലുകൾ അപ്പുറവും. ഇന്ന് മാനവികതയുട മായാത്ത മുദ്രയായി ശോഭിക്കുന്ന പാണക്കാട് കുടുംബത്തിൻ്റെ കാരണവർ ഹുസൈൻ ആറ്റക്കോയ തങ്ങൾ വരെ മറുനാട്ടിൽ എത്തിയത് സ്വാതന്ത്ര്യത്തിനു വേണ്ടി മാത്രമാണ്.

        ദേശസ്നേഹം വിശ്വാസത്തിൻ്റെ ഭാഗമായി പുലർത്തിയവരാണ് മുസ്ലിമീങ്ങൾ.  നിസ്കാരശേഷം ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ മഖ്ദൂം തങ്ങൾ ലഘുലേഖകൾ വിതരണം ചെയ്തതും തുഹ്ഫത്തുൽ മുജാഹിദീൻ പിറന്നതും സൈഫുൽ ബത്താർ വളർന്നതും അതുകൊണ്ടാണ്. കണക്കറ്റ വൃദ്ധ, യുവജനങ്ങളെ കൊന്നൊടുക്കിയും സ്ത്രീകളെ വിധവകളാക്കിയും മസ്ജിദുകൾ ചുട്ടെരിച്ചും നരനായാട്ടു നടത്തിയ ബ്രിട്ടീഷ് പട്ടാളത്തിന്റെ അക്രമത്തെ ചെറുത്തുനിൽക്കാൻ അവരെ വീണ്ടും വീണ്ടും പ്രേരിപ്പിച്ചത് ആ വിശ്വാസപരമായ രാജ്യസ്നേഹം തന്നെ ആയിരുന്നു. നിഷ്കളങ്കരായ ഹൈന്ദവരും മനുഷ്യസ്നേഹികളും അവരെ കെട്ടുകെട്ടിക്കാൻ ഒരുമിച്ച് നിന്നതിന്റെ അനന്തരഫലമാണ് 1947 ആഗസ്റ്റ് 15-ന്റെ പുലരിയിൽ  ചെങ്കോട്ടയിൽ ത്രിവർണ്ണപതാക പാറിയത്.
        ഗുജറാത്തിലെ സോമനാഥ് ക്ഷേത്രം പുതുക്കിപ്പണിത ശേഷം ഉദ്ഘാടനത്തിന് ക്ഷണിക്കപ്പെട്ടപ്പോൾ മതേതര ഇന്ത്യയുടെ രാഷ്ട്രപതി എന്ന നിലക്ക് അങ്ങേക്ക് അത് യോജിച്ചതല്ല എന്ന് രാഷ്ട്രപതിയോട് പറഞ്ഞ നെഹ്റുവും രാജ്യം സ്വാതന്ത്ര്യത്തിന് മധുരം പങ്കുവെക്കുമ്പോൾ വർഗീയതയുടെ അഗ്നി ആളിപ്പടർന്ന ഡൽഹിയിലെ ഗ്രാമത്തിൽ അത് അവസാനിക്കാതെ ഒരിറ്റു വെള്ളം കുടിക്കില്ല  എന്ന ശപഥം ചെയ്ത ഗാന്ധിജിയും സ്വപ്നംകണ്ട  മതേതര ഇന്ത്യക്ക് മരണമണി മുഴങ്ങുന്നത് കൂടി നാം ഓർക്കേണ്ടതുണ്ട്.

        ലോകം കണ്ട കൊലയാളി ഹിറ്റ്ലറിൽ നിന്നും വംശീയതയുടെ അധ്യായം പഠിച്ച്,ഗുജറാത്ത് വംശഹത്യ പോലെ നികൃഷ്ടവും നീചവുമായ മുദ്ര മാത്രമുള്ളവർ ഇന്ന് ഇന്ദ്രപ്രസ്ഥത്തിൽ ഇരിപ്പുറപ്പിക്കാൻ ധീരദേശാഭിമാനികളുടെ പേര മക്കളോട് പുറത്തുപോകാൻ ആവശ്യപ്പെടുമ്പോൾ ഈ മണ്ണിന് അവരുടെ രക്തത്തിന്റെ വർണ്ണവും മണവും ഉണ്ടെന്ന് ഓർമ്മപ്പെടുത്തുകയാണ്. ഒപ്പം ഒരു കാര്യം കൂടി ,സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തോട് സന്ധിയില്ലാസമരപോരാട്ടങ്ങൾ നടത്തി കരാളഹസ്തങ്ങളിൽ നിന്നും സ്വാതന്ത്ര്യം നേടിയെടുത്തെങ്കിൽ അവരുടെ ദീപ്ത സ്മരണകൾ അയവിറക്കുന്ന ഈ മണ്ണിൽ നിന്നും ഫാസിസത്തിന്റെ അടി വേരറുക്കാൻ മതേതര ഇന്ത്യ ഇനിയും ഒരുക്കമാണ്. അത്തരം ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ സ്വാതന്ത്ര്യ ദിനം..........


മുഹമ്മദ് ശരീഫ് ഫൈസി കുളത്തൂർ

1299 മുതൽ 1923 വരെ ഉസ്മാനിയ്യ ഖിലാഫത്തിന്റെ കേന്ദ്രമായിരുന്നു തുർക്കി. ഒന്നാം ലോക മഹായുദ്ധത്തോടെ ഉസ്മാനിയ്യ സാമ്രാജ്യം തകര്‍ന്നു. 1923 ഒക്ടോബർ 29 ന് റിപ്പബ്ലിക് ഓഫ് ടർക്കി രൂപംകൊണ്ടു. പിന്നീട് മുസ്ത്വഫ കമാൽ പാഷയുടെ യുഗമായിരുന്നു. തുർക്കിയുടെ പിതാവ് എന്നർത്ഥമുള്ള അത്താതുർക്ക് എന്ന പേരിലാണ് അദ്ദേഹം പ്രശസ്തനായത്. 

ഒരു മുസ്ലിം രാഷ്ട്രമായിരുന്ന തുർക്കിയിൽ ശരീഅത്ത് നിയമമായിരുന്നു പ്രാബല്യത്തിലുണ്ടായിരുന്നത്. ഇതിന് മാറ്റം വരുത്തിയായിരുന്നു കമാൽ പാഷയുടെ തുടക്കം. തുർക്കിയുടെ ഇസ്ലാമിക പാരമ്പര്യം തുടച്ചു മാറ്റുകയും ശരീഅത്തിന് പകരം യൂറോപ്യൻ മോഡൽ സിവിൽ നിയമം പ്രാബല്യത്തിൽ കൊണ്ടു വരികയും ചെയ്തു. ഒട്ടേറെ പള്ളികൾ മ്യൂസിയമാക്കി മാറ്റി. ലോകശക്തികൾക്കിടയിൽ മതേതരവാദിയായി അറിയപ്പെടുന്ന ഇദ്ദേഹം യഥാര്‍ത്ഥത്തിൽ ഇസ്ലാമിക വിരുദ്ധ ചേരിയിലായിരുന്നു. 

കമാൽ പാഷയുടെ മരണത്തോടെ ചരിത്രം വഴിമാറി. തുടര്‍ന്ന് അധികാരത്തിലെത്തിയവർ കാലക്രമേണ കമാൽ പാഷയുടെ ആശയത്തിൽ നിന്ന് തുർക്കിക്ക് മോചനം നൽകി. 
ഏറ്റവുമൊടുവിൽ, റജബ് ത്വയ്യിബ് ഉർദുഗാനിലൂടെ തുർക്കി പഴയകാല പ്രൗഢിയിലേക്കുള്ള തിരിച്ചു വരവിലാണ്. 

1954 ൽ ജനിച്ച ഉർദുഗാൻ ധനതത്വ ശാസ്ത്രത്തിൽ ബിരുദം നേടി. തന്റെ പതിനെട്ടാം വയസ്സിൽ രാഷ്ട്രീയ പ്രവേശനം നേടിയ അദ്ദേഹം നഖ്ശബന്ദി സരണിയിലൂടെ ജീവിതം ചിട്ടപ്പെടുത്തി. ഇസ്താംബൂൾ നഗരസഭാ മേയറായിട്ടായിരുന്നു അധികാരജീവിതത്തിന്റെ തുടക്കം. 
1997 ൽ കുർദിശ് മേഖലയിൽ വർഗ്ഗീയ പ്രസംഗം നടത്തി എന്നാരോപിച്ച് പത്ത് മാസം ജയിലിലടക്കുകയും തിരഞ്ഞെടുപ്പ് മത്സരത്തിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. 
2001 ആഗസ്റ്റിൽ പാര്‍ട്ടി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന് കീഴിൽ എ.കെ പാര്‍ട്ടി മികച്ച പ്രകടനം കാഴ്ചവെച്ചു. തുടര്‍ന്ന് നടന്ന പൊതുതെരഞ്ഞെടുപ്പിൽ 550 ൽ 364 സീറ്റിൽ വിജയിച്ചു എ.കെ പാര്‍ട്ടി അധികാരത്തിലേറി. മത്സരത്തിന് വിലക്കുണ്ടായിരുന്ന ഉർദുഗാന് പകരം അബ്ദുല്ല ഗുൽ പ്രധാന മന്ത്രിയായി. തുടര്‍ന്ന്,ഉർദുഗാന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള വിലക്ക് നീക്കി. തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ 84 ശതമാനം വോട്ട് നേടി വിജയിച്ചു. ആദ്യം പ്രധാനമന്ത്രിയാവുകയും പിന്നീട് പ്രസിഡന്റ് ആവുകയും ചെയ്തു. 
തുർക്കിയിലെ ജനകീയ നേതാവായി മാറിയ ഇദ്ദേഹത്തിലൂടെ ഒട്ടേറെ ഇസ്ലാമിക ശൈലികൾ തിരിച്ചു വന്നു. ജാതി മത വർഗ്ഗ വർണ്ണ ഭേദമന്യേ തുർക്കി ജനതയുടെ ഹൃദയത്തിലാണ് ഉർദുഗാന്റെ ജീവിതം എന്ന് മനസ്സിലാക്കാൻ കൂടുതൽ പ്രയാസപ്പെടേണ്ടതില്ല. ഏറ്റവുമൊടുവിൽ, കമാൽ പാഷ മ്യൂസിയമാക്കി മാറ്റിയ അയാ സോഫിയയെ വീണ്ടും പള്ളിയാക്കി മാറ്റി...

https://m.facebook.com/story.php?story_fbid=3005645922880146&id=100003043043112



| അലി പി കരിപ്പൂര്‍ |

അല്ലാഹുവിന്റെ പക്കല്‍ സ്വീകാര്യമായ മതമാണ് ഇസ്‌ലാം. പരിശുദ്ധ മതത്തെ ചെറുക്കാന്‍ ആള്‍ബലം കൊണ്ട് കഴിയുമെന്ന് മന:കോട്ട കെട്ടിയ കുഫ്‌റിന്റെ കോട്ടയെ അത്മീയതയുടെ ഉരുക്കുകോട്ട കെട്ടി തടുത്തുനിര്‍ത്തിയ മഹിതമായ ചരിത്രമാണ് ബദ്‌റില്‍ നടന്ന പോരാട്ടം. ഹിജ്‌റ രണ്ടാം വര്‍ഷം റമളാന്‍ 17 വെള്ളിയാഴ്ചയായിരുന്നു അത്. വാള്‍മുനകൊണ്ട് പ്രചരിച്ച മതമല്ല ഇസ്‌ലാം പക്ഷെ, അക്രമിക്കാനായി ഇറങ്ങി പുറപ്പെട്ടവര്‍ക്കു മുമ്പില്‍ മുട്ട് മടക്കാന്‍ തങ്ങള്‍ ഒരുക്കമല്ലെന്ന് തെളിയിച്ചിട്ടുണ്ട്. അതായിരുന്നു ബദ്ര്‍. യുദ്ധത്തിന്റെ കഥയല്ല, അതിജീവനത്തിന്റെയും ഈമാനിക ശക്തിയുടെയും ഒപ്പം അതിരറ്റ പ്രവാചക സ്‌നേഹത്തിന്റെയും സംഘശക്തിയുടേയും പാഠങ്ങളാണ് ബദ്ര്‍ നല്‍കുന്നത്.

പുണ്യനബി(സ്വ)യുടെ പ്രവാചകത്വം മുതല്‍ ഉഗ്രശത്രുക്കളായി മാറിയ ഖുറൈശികളുടെ മര്‍ദ്ദനങ്ങള്‍ സഹിക്കവയ്യാതെയാണ് മദീനയിലേക്ക് ഹിജ്‌റ പോയത്. അബ്ദുറഹ്മാന്‍ ബിന്‍ ഔഫ്(റ)നെ പോലോത്ത പ്രമുഖര്‍ പോലും പ്രതികാരത്തിന് അനുമതി തേടിയപ്പോഴും ക്ഷമകൊണ്ട് കല്‍പിക്കുകയായിരുന്നു പുണ്യ നബി(സ്വ).

ഒടുവില്‍ മദീനയിലേക്ക് ഹിജ്‌റ പോയി. അവിടെ ഇസ്‌ലാം അതിവേഗം വളരുന്നുവെന്നറിഞ്ഞ മക്കാ മുശ്‌രിക്കുകള്‍ അക്രമിക്കാനായി അങ്ങോട്ട് പുറപ്പെട്ടു. ഇനിയും മൗനമായാല്‍ നിലനില്‍പ്പിനെ ബാധിക്കും എന്ന ഘട്ടമെത്തി. തദവസരത്തിലാണ് യുദ്ധത്തിന് അനുമതി നല്‍കപ്പെടുന്നത്.

പോരാട്ടത്തിന്റെ പശ്ചാത്തലവും മുസ്‌ലിമീങ്ങളുടെ അവസ്ഥയും പരിശോധിക്കുമ്പോള്‍ ബദ്‌റിന്റെ മഹാത്മ്യം വര്‍ദ്ധിക്കുകയും ഇസ്‌ലാം യുദ്ധം കൊണ്ട് പ്രചരിച്ചതോ അതിനെ പ്രത്സാഹിപ്പിക്കുന്ന മതമോ അല്ലെന്ന് വ്യക്തമാവും.

യുദ്ധത്തിന്റെ പശ്ചാത്തലം 

മദീനയിലേക്ക് ഹിജ്‌റ പോയ നബി(സ്വ)യും സ്വഹാബത്തും മക്കയില്‍ ബാക്കിവച്ച സമ്പത്ത് കൊള്ളയടിച്ച് ശാമിലേക്ക് കച്ചവടത്തിന് പുറപ്പെട്ടിരിക്കുകയാണ് അബൂസുഫ്‌യാനും കൂട്ടരും. ഇതു തടയാനാണ് നബി(സ്വ)യും സ്വഹാബത്തും പുറപ്പെട്ടത്. തങ്ങളുടെ സമ്പത്ത് കൊള്ളയടിച്ചുവെന്നതിനാലും കച്ചവടം മുഖേന ലഭിക്കുന്ന വന്‍ലാഭം ഉപയോഗിച്ച് ശത്രുക്കള്‍ മര്‍ദ്ധന മുറകള്‍ മദീനയിലേക്ക് അഴിച്ചുവിടുമെന്നതിനാലും ഈ സംഘത്തെ തടയല്‍ ന്യായമായ ആവശ്യമായിരുന്നു. അല്ലാതെ ഒരു വിഭാഗത്തെ ദ്രോഹിക്കുക എന്ന ലക്ഷ്യമേ ഈ വരവിനില്ല. എന്നാല്‍ നബി(സ്വ)യുടെ വരവ് അറിഞ്ഞ സുഫ്‌യാനും കൂട്ടരും റൂട്ട് മാറ്റി കടല്‍ തീരം വഴി പോവുകയും മക്കക്കാരെ അറിയിക്കാനായി ളംളം എന്നയാളെ അയക്കുകയും ചെയ്തു. കച്ചവട സംഘത്തെ അക്രമിക്കാന്‍ നബി(സ്വ)യും സ്വഹാബത്തും വരുന്നുവെന്നാണ് അറിയിച്ചത്. ഇതറിഞ്ഞപ്പോള്‍ അബൂജഹലിന്റെ നേതൃത്വത്തില്‍ വന്‍ യദ്ധസന്നാഹമായി. പക്ഷെ യുദ്ധ സാഹചര്യം ഇല്ലാത്ത പക്ഷം പോവണ്ട എന്നതായിരുന്നു ചിലരുടെ നിലപാട്. അഹങ്കാരിയും യുദ്ധക്കൊതിയനുമായ അബൂജഹലിന്റെ നിര്‍ബന്ധമാണ് യുദ്ധത്തിലേക്ക് എത്തിച്ചത്. ഇന്നേരം നബി(സ്വ)യും സ്വഹാബത്തും ചര്‍ച്ചയിലായി. കച്ചവട സംഘത്തെ തടയാന്‍ പുറപ്പെട്ടത് യുദ്ധത്തെ അഭിമുഖീകരിക്കേണ്ട അവസ്ഥ വന്നിരിക്കുന്നു. ഇതില്‍ നിന്നും നമുക്ക് മനസ്സിലാക്കാം യുദ്ധത്തെ എത്രമാത്രം നബി(സ്വ) വെറുത്തിരുന്നുവെന്ന്. വേഗത്തില്‍ സിദ്ധീഖ്(റ) ഉമര്‍(റ) തുടങ്ങിയവര്‍ ഒരുക്കമാണെന്നറിയിച്ചു. വീണ്ടും നബി(സ്വ)യുടെ ചോദ്യം വന്നപ്പോള്‍ തങ്ങളെ ഉദ്ദേശിച്ചാണെന്ന് മനസ്സിലാക്കിയ സഅദ്ബ്‌നു മുആദ്(റ)(അന്‍സ്വാരികളുടെ നേതാവ്)'അല്ലാഹുവാണേ സത്യം അവിടുന്ന് ഒരു സമുദ്രം താണ്ടാന്‍ പറഞ്ഞാല്‍ അതിനും ഒരുക്കമാണ് ഞങ്ങള്‍' എന്ന തികഞ്ഞ സ്‌നേഹത്തിന്റെ മറുപടി നല്‍കുകയായിരുന്നു.

ഏറെ ക്ലേശകരമായിരുന്ന യാത്ര. രണ്ടും മൂന്നും പേര്‍ ഒരേ ഒട്ടകത്തിനു മുകളില്‍; അകെയുള്ളത് രണ്ട് കുതിര ഏറെ പേരും നഗ്നപാദരാണ്. ചിലര്‍ അര്‍ദ്ധനഗ്നര്‍ എഴുപത് ഒട്ടകങ്ങള്‍ മതിയായ വാളും പരിചയും ഇല്ല. മുന്നൂറ്റിപതിമൂന്ന് പേരാണുള്ളത് (മുന്നൂറ്റി അമ്പത് ആണെന്നും മൂന്നൂറ്റി പതിനാറാണെന്നും മറ്റും അഭിപ്രായമുണ്ട്). ഏറെ പേരും ഭക്ഷണം കിട്ടാതെ ക്ഷീണിതരാണ്. ശത്രപക്ഷം ആയിരത്തോളം വരുന്ന സംഘം അറുന്നൂറ് പടയങ്കി, നൂറ് കുതിര, കണക്കറ്റ ഒട്ടകങ്ങള്‍ തിളങ്ങുന്ന വാളുകളും നുരയുന്ന മദ്യങ്ങളും പാട്ടുപാടുന്ന നര്‍ത്തകികളുമടക്കം ആര്‍ഭാടത്തോടെയാണ് വരവ്. ഈ രണ്ടു കണക്കുകള്‍ മതി ആരാണ് യുദ്ധത്തിനൊരുമ്പട്ടതെന്ന് പഠിക്കാന്‍. 


പുണ്യ നബി(സ്വ)യുടെ പ്രാര്‍ത്ഥനയും വമ്പിച്ച വിജയവും

'എത്ര എത്ര ചെറിയ സംഘങ്ങളാണ് വലിയ സംഘങ്ങളെ പരാജയപ്പെടുത്തിയതെന്ന' ഖുര്‍ആനിക വചനം പോലെ ബദ്‌റ് ചരിത്രത്തില്‍ പുതിയ മുദ്ര പതിപ്പിച്ചു. ആള്‍ബലം കൊണ്ട് അഹങ്കരിച്ച മുശിരിക്കുകള്‍ക്ക് കനത്ത പരാജയം സമ്മാനിക്കുകയായിരുന്നു ബദ്ര്‍. ആദ്യം നടന്നത് ദ്വന്ദയുദ്ധവാണ്.

അന്‍സാറുകളില്‍പ്പെട്ട മൂന്ന് സ്വഹാബികള്‍ വീറോടെ എഴുന്നേള്‍ക്കവെ ഞങ്ങള്‍ മുഹാജിറുകളോടാണ് പോരാടുന്നത് എന്ന് പറഞ്ഞപ്പോള്‍ അലി(റ), ഹംസ(റ), അബൂ ഉബൈദ(റ) എന്നീ വില്ലാളി വീരന്മാരെ നബി(സ്വ) തന്നെ വിളിക്കുകയായിരുന്നു. ഇത്ബ, ശൈബാ, വലീദ് എന്നിവര്‍ ശത്രുക്കളില്‍ നിന്നും അവരാണ് ആദ്യം ഇറങ്ങിയത്.

ശത്രുക്കളോട് മുഖാമുഖം നില്‍ക്കുമ്പോള്‍ പോലും നബിയുടെ നിര്‍ദ്ദേശം ' നിങ്ങള്‍ നിങ്ങളുടെ ശത്രുക്കളെ കാണാന്‍ കൊതിക്കരുത്'എന്നായിരുന്നു.

ഞൊടിയിടയില്‍ തന്നെ അലി(റ) വലീദിനെയും ഹംസ(റ) ശൈബയെയും വകവരുത്തി. ചതിയിലൂടെ ഉബൈദ(റ)വിന്റെ കാലിന് വെട്ടിയ ഉത്ബയെ രണ്ടു പേരും കൂടി വകവരുത്തുകയും അബൂഉബൈദ(റ)വിനെ തിരുസന്നിധിയില്‍ എത്തിക്കുകയും ചെയ്തു.

പിന്നീട് പരസ്പരം കാണാന്‍ കഴിയാത്ത വിധം പൊടിപാറുന്ന, വാളുകള്‍ കൂട്ടി മുട്ടി, തീപാറുന്ന ചിത്രവും ശബ്ദവുമായിരുന്നു അന്തരീക്ഷത്തില്‍. ഈമാനിന്റെ വജ്ര തിളക്കമുള്ള ആയുധമണിഞ്ഞ മുഅ്മിനുകള്‍ തങ്ങളേക്കാള്‍ മൂന്നിരട്ടിയുള്ള എതിരാളികളെ ശക്തമായി നേരിട്ടു കൊണ്ടിരുന്നു. ആയുധം പോയിട്ട് ശരിയായി വസ്ത്രം പോലുമില്ലാത്ത സ്വഹാബത്തിന്റെ ഖല്‍ബില്‍ തിളച്ച് പൊന്തിയ ഈമാനികാവേഷം കുഫ്‌റിന്റെ കറുപ്പുകളെ തകര്‍ത്തെറിഞ്ഞു. ശത്രുക്കള്‍ ചിതറിയോടി. പ്രമുഖര്‍ നിലം പൊത്തി.

ഇന്നേരത്തൊക്കെയും മുത്ത്‌നബി(സ്വ) പ്രാര്‍ത്ഥനയില്‍ മുഴുകി സമീപത്തെ ടെന്റില്‍ നില്‍ക്കുകയാണ്. കാവലായി അവിടുത്തെ നിഴല്‍ സിദ്ധീഖ്(റ)വും. സുജൂദില്‍ വീണ് കരഞ്ഞ് കരഞ്ഞ് മണല്‍ തരികള്‍ പോലും കുതിര്‍ന്നുപോയി. കൈകളുയര്‍ത്തി നബി(സ്വ) ദുആ ചെയ്തു. 
اللهم إن تهلك هذه العصابة من أهل الإسلام لا تعبد في الأرض
നാഥാ ഈ സംഘമെങ്ങാനും പരാജയപ്പെട്ടാല്‍ പിന്നെ ഭൂമിയില്‍ നീ ആരാധിക്കപ്പെടുകയില്ല.

കണ്ണുനീര്‍ തടം കെട്ടി നിന്ന പ്രാര്‍ത്ഥനക്ക് അല്ലാഹു ഉത്തരം നല്‍കി. സിദ്ധീഖ്(റ)വാണ് അവിടത്തെ പ്രാര്‍ത്ഥന അവസാനിപ്പിക്കാന്‍ പറഞ്ഞത്. കാരണം ആ കരച്ചില്‍ കാണാവുന്നതിലുമപ്പുറമായിരുന്നു. കയ്യിലുണ്ടായിരുന്ന കാരക്ക കഴിച്ചുതീര്‍ക്കുന്നത് എന്നെ സ്വര്‍ഗ്ഗത്തിലെത്താന്‍ വൈകിപ്പിക്കുമെന്ന് പറഞ്ഞ് അത്യാവേശത്തോടെ പോര്‍ക്കളത്തിലേക്ക് എടുത്തുചാടാന്‍ ഉമൈറു ബ്ന്‍ ഹമ്മാം(റ)നെ പോലെ യുള്ളവരെ പ്രേരിപ്പിച്ചത് തിരുദൂതരുടെ പ്രോത്സാഹനമാണ്. 

മലക്കുകളെ ഇറക്കി അല്ലാഹുവന്റെ സഹായം

( ولقد نصركم لله ببدر وأنتم أذلّة فاتّقوا لله لعلّكم تشكرون (آل عمران 123
നിങ്ങള്‍ തീരെ ദുര്‍ബലരായിരുന്നിട്ടും ബദ്‌റില്‍ അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിനെ ഭയപ്പെടുക. നിങ്ങള്‍ നന്ദിയുള്ളവരായേക്കാം. 
പല തവണകളിലായി 5000 ല്‍ പരം മലക്കുകള്‍ ഇറങ്ങിയിട്ടുണ്ട്. ജിബരീല്‍(അ) തന്നെയായിരുന്നു ഹെഡ്. സുറാഖയെന്ന മുശ്‌രിക്കുകളുടെ നേതാവിന്റെ കോലം സ്വീകരിച്ചെത്തിയ ഇബ്‌ലീസ് മലക്കുകളുടെ വരവ് കണ്ട് അബൂജഹലിന്റെ കയ്യില്‍ നിന്ന് കുതറി ഓടുകയായിരുന്നു. യുദ്ധത്തിന് മുമ്പ് പോര്‍ക്കളത്തില്‍ ആഭരണങ്ങളണിഞ്ഞ് അഹങ്കാരത്തോടെ ഒട്ടകപ്പുറത്ത് വട്ടംചുറ്റിയിരുന്ന അബൂജഹലിനെ നിലം പരിശാക്കിയത് ചെറിയ പ്രായമുള്ള രണ്ടു കുട്ടികളാണെന്ന് അബ്ദുറഹ്മാനു ബ്‌നു ഔഫ്(റ) സാക്ഷ്യപ്പെടുത്തുന്നു. സഅദ് ബിന്‍ അബീ വഖാസ് അവന്റെ തലയറുത്തു. ശാരീരികമായും സാമ്പത്തികമായും നിസ്സാരരായിരുന്ന മനുഷ്യരുടെ കൈകൊണ്ടാണ് ഈ അഹങ്കാരികള്‍ കൊല്ലപ്പെടുന്നത്. 70 ശത്രുക്കള്‍ കൊല്ലപ്പെട്ടു. മുസ്‌ലിംകളില്‍ നിന്ന് പതിനാല് പേരാണ് ശഹീദായത്.

ബദ്‌റിലെ പാഠങ്ങള്‍

ബദ്ര്‍ അനവധി പാഠങ്ങള്‍ നല്‍കുന്നുണ്ട്. മുത്ത് നബി(സ്വ)യോടുള്ള അനുസരണയും അടങ്ങാത്ത പ്രേമവുമാണ് അതില്‍ പ്രഥമം. കച്ചവട സംഘത്തെ തടയാന്‍ ഇറങ്ങിയവര്‍ യുദ്ധത്തെ അഭിമുഖീകരിക്കേണ്ടി വന്നപ്പോഴും അവിടുത്തെ അങ്ങേയറ്റം അനുസരിക്കുകയായിരുന്നു.ജ്വലിക്കുന്ന ഈമാനികാവേശമാണ് രണ്ടാമത്തേത്. 
وأنتم الأعلون إن كنتم مؤمنين
നിങ്ങള്‍ തന്നെ ഉന്നതര്‍ നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ എന്ന ഖുര്‍ആന്‍ വചനത്തെ അര്‍ത്ഥ പൂര്‍ണ്ണമാക്കിയവരാണ് ബദ്‌രീങ്ങള്‍. വിശക്കുന്ന വയറും നഗ്ന പാദവുമായി നിരായുധരായി തങ്ങളേക്കാള്‍ മൂന്നിരട്ടിയുള്ള, സര്‍വ്വായുധ സജ്ജരായ ശത്രു നിരയെ നേരിടാനും പരാജയപ്പെടുത്താനും അവരുടെ പക്കലുണ്ടായിരുന്നത് തിളങ്ങുന്ന വാളിനേക്കാള്‍ വെട്ടിത്തിളങ്ങുന്ന ഈമാനായിരുന്നു. ശത്രു പക്ഷത്തെ ചാരന്‍ തലേന്ന് മുസ്‌ലിം സേനയെ നിരീക്ഷിച്ച നേരം പറഞ്ഞത്, 'അവര്‍ ദുര്‍ബലരും ക്ഷീണിതരുമാണ്. പക്ഷെ അവരുടെ കണ്ണിലേക്ക് നോക്കുമ്പോള്‍ കാണുന്ന തിളക്കം എന്നെ വല്ലാതെ ഭയപ്പെടുത്തി' എന്നായിരുന്നു. അഥവാ ഈമാനിന്റെ പ്രകാശമായിരുന്നു അത്. 21-ാം നൂറ്റാണ്ടിലെ മുസ്‌ലിം ഉമ്മത്തിനും ഇതില്‍ പാഠമുണ്ട്.

എതിരാളികള്‍ എത്ര ശക്തരാണെങ്കിലും ഒരുമിച്ചുനിന്നാല്‍ കീഴിപ്പെടുത്താമെന്നും അതിന് എന്തും ത്യജിക്കാന്‍ തയ്യാറാവണമെന്നും ബദ്‌രീങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. വിശ്വാസത്തിന് കുടുംബ ബന്ധത്തേക്കാള്‍ വിലയുണ്ടെന്ന് ബദ്ര്‍ വിളിച്ചോതുന്നുണ്ട്.

ബദ്‌രീങ്ങളുടെ മഹത്വം

അതുല്യമായ ആത്മ സമര്‍പ്പണത്തിലൂടെ വിശുദ്ധ ദീനിന്റെ വിജയക്കൊടി മിന്നിച്ച ബദ്‌രീങ്ങള്‍ മുസ്‌ലിംകളിലെ ഏറ്റവും ശ്രേഷ്ഠരാണ്. ഒരിക്കല്‍ ജിബ്‌രീല്‍(അ) നബി(സ്വ)യുടെ അടുക്കല്‍ വന്നുകൊണ്ട് ഇങ്ങനെ ചോദിച്ചു. 
'എന്താണ് നിങ്ങളില്‍ നിന്ന് ബദ്‌റില്‍ പങ്കെടുത്തവരെ കുറിച്ചുള്ള അഭിപ്രായം?' നബി(സ്വ) പറഞ്ഞു: മുസ്‌ലിംകളിലെ ഏറ്റവും ശ്രേഷ്ഠര്‍(ഇതു പോലോത്ത മറ്റേതെങ്കിലും വാക്ക്) ഉടന്‍ ജിബ്‌രീല്‍(അ) പറഞ്ഞു. ഇപ്രകാരം ബദ്‌റില്‍ പങ്കെടുത്ത മലക്കുകള്‍ അവരിലെ ഉന്നതരാകുന്നു. (സ്വഹീഹുല്‍ ബുഖാരി-3692)
മറ്റൊരു ഹദീസില്‍ നബി(സ്വ)പറയുന്നു. 'തീര്‍ച്ചയായും ബദ്‌റില്‍ പങ്കെടുത്ത ഒരാളും നരകത്തില്‍ പ്രവേശിക്കുകയില്ല.  സ്വഹീഹുല്‍ ബുഖാരി ഉദ്ദരിക്കുന്ന ഹദീസ് നോക്കൂ. റബീഅ ബിന്‍ത് മുഅവിദ്(റ) എന്നവര്‍ പറയുന്നു: നബി(സ്വ) ഞങ്ങളിലേക്ക് കടന്നു വന്ന നേരം ഒരുപറ്റം(പെണ്‍കുട്ടികള്‍)ദഫ് മുട്ടി ബദ്‌റില്‍ ശഹീദായ അവരുടെ പിതാക്കളെ സ്മരിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് അവര്‍ വിഷയം മാറ്റി. ഭാവിയറിയുന്ന പ്രവാചകര്‍ ഞങ്ങള്‍ക്കുണ്ടെന്നര്‍ത്ഥം വരുന്ന വരി പാടി. ഉടനെ നബി(സ്വ) നിങ്ങള്‍ നേരത്തെ പറഞ്ഞിരുന്നത് തന്നെ പറയുവീന്‍ എന്ന് നിര്‍ദ്ദേശിച്ചു.

ബദ്‌രീങ്ങളെ സ്മരിക്കല്‍ പുണ്യകരമല്ലെന്ന ബാലിശമായ വാദത്തെ വമ്പിച്ച വിഢിത്തമായി കണക്കാക്കാമെന്ന് ഈ ഹദീസ് പഠിപ്പിക്കുന്നു. അഥവാ നാം ആചരിക്കുന്നത് അഹ്‌ലുസ്സുന്നയുടെ വഴി തന്നെയാണെന്ന് ചുരുക്കം. അല്‍ഹംദുലില്ലാഹ്.

ഹാത്വിബ്‌നു അബീ ബല്‍തഅ(റ) എന്നവരില്‍ നിന്നും ഉണ്ടായ സംഭവം ഉമര്‍(റ) അടക്കമുള്ള ഉന്നതരെ വരെ അങ്ങേയറ്റം വേദനിപ്പിച്ചപ്പോള്‍ പോലും ' അവര്‍ ബദ്‌റില്‍ പങ്കെടുത്തവരെന്നായിരുന്നു അവിടുത്തെ മറുപടി.  അത്രയും പവിത്രരാണ് അസ്വഹാബു ബദ്ര്‍. തൗഹീദിന്റെ അമരധ്വനികളുയര്‍ത്താന്‍ രക്തം നല്‍കിയ അവരുടെ നാമം പ്രപഞ്ചത്തിലാകെ പതിനാല് സംവത്സരങ്ങള്‍ക്കിപ്പുറവും മുഴങ്ങി കൊണ്ടിരിക്കുകയാണ്. ഇനിയും മുഴങ്ങും.

വര്‍ഗ്ഗീയതയുടെ വൈറസും കൊറോണ വൈറസും പ്രതിസന്ധിയുടെ മുള്‍കിരീടം വെച്ചുനീട്ടുമ്പോള്‍ അസ്വ്ഹാബു ബദ്‌റിനെ കാവലിരുത്തി നമുക്ക് ദുആ ചെയ്യാം. ബദ്‌രിയ്യത്തുല്‍ മന്‍ഖൂസിയ്യ എന്ന മജലിസുന്നൂര്‍ ആത്മീയ സദസ്സ് പാണക്കാട്ടെ ആറ്റപ്പൂ തങ്ങളിലൂടെ മലയാളക്കര വെളിച്ചം വിതറിക്കൊണ്ടിരിക്കുകയാണ്. അല്ലാഹു അസ്വ്ഹാബു ബദ്‌റിനെ ആദരിച്ച് നാളെ സ്വര്‍ഗ്ഗം കരസ്ഥമാക്കുന്നവരില്‍ നമ്മെ ഉള്‍പ്പെടുത്തട്ടെ...ആമീന്‍.


| മുഹമ്മദ് അബൂബക്കര്‍ വി.പി വള്ളിക്കാപ്പറ്റ |

'അല്ലാഹുവേ.. എന്നോടുള്ള നിന്റെ കരാര്‍ നീ വീട്ടുക. ഈ ചെറു സംഘം ഇവിടെ പരാജയപ്പെട്ടു പോയാല്‍ പിന്നീട് നിന്നെ ആരാധിക്കുന്ന ഒരു മനുഷ്യനും ഈ ഭൂലോകത്ത് ഉണ്ടാവുകയില്ല' എന്ന റസൂലിന്റെ പ്രാര്‍ത്ഥനയുടെ വിജയമാണ് ബദ്ര്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.

ഇസ്‌ലാം സമാധാനത്തിന്റെ മതമാണ്. ഇസ്‌ലാം മര്‍ദ്ദിക്കാനോ ആക്ഷേപിക്കാനോ സ്വത്ത് കവരാനോ അല്ല പഠിപ്പിക്കുന്നത്. 'പിന്നെയെങ്ങനെയാണ് ബദ്ര്‍ യുദ്ധക്കളമായത്? 'മക്കയിലെ പതിമൂന്ന് വര്‍ഷത്തെ ഇസ്ലാമിക പ്രബോധന കാലയളവില്‍ പീഡനങ്ങളും യാതനകളുമെല്ലാം ഏറ്റുവാങ്ങിയെന്നല്ലാതെ പ്രതിരോധിക്കാന്‍ നബിയും സ്വഹാബത്തും അല്‍പം പോലും തുനിഞ്ഞില്ല. എല്ലാം ക്ഷമിച്ചും സഹിച്ചും അല്ലാഹുവിലേക്ക് സ്വയം അര്‍പ്പിച്ചും അവര്‍ അവനില്‍ അളവറ്റ പ്രതീക്ഷയിലായിരുന്നു. സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ അവര്‍ മദീനയിലേക്ക് നാഥന്റെ അനുമതി പ്രകാരം പലായനം ചെയ്തു. കുറച്ചു കാലങ്ങള്‍ക്കു ശേഷം പീഡനങ്ങളും ഭക്ഷണ, കച്ചവട ഉപരോധവുമായി അവിടെയും സ്ഥിതി കാഠിന്യമായപ്പോള്‍ അവര്‍ അല്ലാഹുവിനോട് സഹായം തേടുകയായിരുന്നു.

ഉപരോധമാവാം എന്നുള്ള അല്ലാഹുവിന്റെ കല്പനപ്രകാരം ചില ഉപരോധങ്ങള്‍ ബദറിന്റെ മുമ്പ് അരങ്ങേറി. എട്ട് സൈനിക നീക്കങ്ങള്‍ നടന്നു. അതില്‍ നാലെണ്ണത്തില്‍ നബി (സ്വ) നേതൃത്വം നല്‍കി. മറ്റുള്ളവയ്ക്ക് മുഹാജിറുകളായ സൈനിക തലവന്മാരും നേതൃത്വം നല്‍കി. മക്കയില്‍നിന്ന് മദീനയിലേക്ക് എത്തിയെങ്കിലും ഖുറൈശികള്‍ പീഡനങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. ദുര്‍ബലരായ വൈദികരെയും ഖുറൈശികള്‍ പീഡിപ്പിച്ചു. ഇതിനെല്ലാം ഒരു അറുതി വരുത്താന്‍ ഇടയ്ക്കിടെ ഉണ്ടായ സൈനിക നീക്കങ്ങള്‍ക്ക് സാധിച്ചു.

സ്വത്തും നാടും സമ്പാദ്യവും ഉപേക്ഷിച്ച് നാടുവിട്ട നബി (സ്വ) ക്കും സ്വഹാബത്തിനും പട്ടിണിയും ദാരിദ്ര്യവും അതി കാഠിന്യമായ അവസരത്തിലാണ് തങ്ങളുടെ സ്വത്ത് കൈവരിച്ച് കച്ചവടം ചെയ്ത് വന്‍ ലാഭവുമായി അബൂസുഫിയാനും എഴുപതില്‍ പരം വരുന്ന ഖുറൈശികളും ബദ്‌റില്‍ സംഘടിച്ചിട്ടുണ്ട് എന്ന വിവരം ലഭിക്കുന്നത്. അവരെ തടയുക എന്ന ലക്ഷ്യമൊഴികെ മറിച്ചൊന്നും റസൂല്‍ ചിന്തിച്ചിട്ടുപോലുമില്ലായിരുന്നു. ഈ വിവരം അറിഞ്ഞ അബൂസുഫിയാനും സംഘവും ഒരു ദൂതനെ മക്കയിലേക്ക് അയക്കുകയും മുഹമ്മദും സംഘവും നമ്മുടെ സ്വത്ത് കൈവരിക്കാന്‍ വരുന്നുണ്ടെന്നും അവരെ തടയുവാന്‍ വേണ്ടി നാം എത്രയും പെട്ടെന്ന് പുറപ്പെടണം എന്നും അറിയിച്ചു. ഖുറൈശി തലവനായ അബൂജഹലും ആയിരം വരുന്ന ഖുറൈശി പടയണിയും ബദറിലേക്ക് പുറപ്പെട്ടു.  ഞങ്ങള്‍ കടല്‍മാര്‍ഗ്ഗം മക്കയില്‍ പ്രവേശിച്ചിരിക്കുന്നു, നിങ്ങള്‍ തിരിച്ചു വരിക എന്ന് അബൂജഹലിന് അബൂസുഫിയാന്‍ സന്ദേശം നല്‍കി. പക്ഷേ അഹങ്കാരിയായ അബൂജഹല്‍ ഞങ്ങള്‍ ബദ്‌റില്‍ എത്തിയതിനുശേഷം മാത്രമേ മടങ്ങുകയുള്ളൂ എന്ന് അറിയിക്കുകയായിരുന്നു. അങ്ങനെ നബിയും സ്വഹാബത്തും ബദ്ര്‍ മലയുടെ താഴ്വരയിലും ഖുറൈശികള്‍ പുറത്തുമായി തമ്പടിച്ചു. ഹക്കീം എന്ന ഗോത്രം ആദ്യമായി നബി സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളോട് യുദ്ധം ചെയ്യാന്‍ മുന്നോട്ടുവന്നു. എല്ലാം അല്ലാഹുവില്‍ അര്‍പ്പിച്ച് സ്വഹാബത്ത് യുദ്ധക്കളത്തിലേക്ക് ചാടി വീണു. തദവസരം നബി അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു 'ഈ ചെറു സഖ്യത്തെ സഹായിച്ചില്ലെങ്കില്‍ പിന്നെ നിന്നെ ആരാധിക്കാന്‍ ഈ ഭൂമിയില്‍ ആരും ഉണ്ടാവുകയില്ല.' അങ്ങനെ അല്ലാഹുവിന്റെ സഹായത്തോടെ മുസ്‌ലിം പക്ഷം വന്‍ വിജയം കൈവരിക്കുകയായിരുന്നു. ഈ യുദ്ധത്തില്‍ ഖുറൈശി സമുദായിക നേതാക്കളായ അബൂജഹലും ഉത്ത്ബത്തും ശൈബത്തും തുടങ്ങിയ കൊമ്പന്മാര്‍ ഉള്‍പ്പെടെ എഴുപതില്‍ പരം ഖുറൈശികള്‍ വധിക്കപ്പെടുകയും അത്ര തന്നെ പേര്‍ ബന്ധിയാക്കപ്പെടുകയും ചെയ്തു. ഒരുപാട് ഗനീമത് സ്വത്തുകള്‍ കൈവരിക്കാന്‍ സാധിച്ചു. മുസ്‌ലിം പക്ഷത്തുനിന്ന് പതിനാല് പേര്‍ ധീര രക്തസാക്ഷിത്വം വരിച്ചു.

അല്ലാഹു ഒരിക്കല്‍ പറയുകയുണ്ടായി 'ബദ്‌രീങ്ങള്‍ ചെയ്തതും ചെയ്യാന്‍ പോകുന്നതുമായ തെറ്റുകള്‍ അവര്‍ക്ക്  പൊറുക്കപ്പെട്ട് കൊടുത്തിരിക്കുന്നു.' ഇതില്‍ നിന്ന് തന്നെ നമുക്ക് മനസ്സിലാക്കാം ബദ്‌രീങ്ങളുടെ മഹത്വം എത്രയാണെന്ന്. ബദ്‌രീങ്ങള്‍ക്ക് അല്ലാഹുവിന്റെ അടുത്ത് ഉന്നത സ്ഥാനമാണ് നല്‍കിയിട്ടുള്ളത്. മുസ്‌ലിം ലോകം ഇന്നും അവരെ ആദരിച്ചു വരികയും അവരെ തവസ്സുല്‍ ചെയ്ത് പ്രാര്‍ത്ഥന നടത്തുകയും ചെയ്യുന്നു. അത് പുണ്യമാണെന്ന് നിരവധി ഹദീസുകളില്‍ കാണാം. ഒരിക്കല്‍ നബി സല്ലല്ലാഹു അലൈഹി വസല്ലമ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ അവിടെ കുറെ പെണ്‍കുട്ടികള്‍ ബദ്ര്‍ രക്തസാക്ഷികളുടെ അപദാനം വാഴ്ത്തിപ്പാടുന്നത് ശ്രദ്ധിച്ചു. നബിയെ കണ്ടപ്പോള്‍ കുട്ടികള്‍ നബിയെ പ്രകീര്‍ത്തിക്കാന്‍ തുടങ്ങി. ആ അവസരം നബി പറഞ്ഞു 'ഇത് നിര്‍ത്തൂ... നിങ്ങള്‍ മുമ്പ് പാടിയത് തന്നെ പാടുവിന്‍' (സ്വഹീഹുല്‍ ബുഖാരി).

ബദ്‌റില്‍ പോരാടിയ ഈ 313 പേരെയും അല്ലാഹുവും അവന്റെ റസൂലും തൃപ്തിപ്പെടുകയും മുഹമ്മദ് നബിയുടെ സമുദായത്തിലെ അതുല്ല്യരായി അവരെ വാഴ്ത്തപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു എന്നുള്ളത് പകല്‍ പോലെ സത്യമാണ്. ഇതവരുടെ ഖ്യാതിയെയാണ് നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്.

  ഇന്ന് ഈ മുസ്‌ലിം സമുദായത്തിന് ബദ്ര്‍ നല്‍കുന്നത് വലിയൊരു സന്ദേശമാണ്. കേവലം 313 വരുന്ന ന്യൂനപക്ഷം ആയിരം വരുന്ന ഖുറൈശി സൈന്യത്തെ പരാജയപ്പെടുത്തിയത് അവരുടെ ഈമാനിക ആവേശവും അല്ലാഹുവില്‍ അവര്‍ അര്‍പ്പിച്ച അചഞ്ചലമായ വിശ്വാസവുമാണ്. ഇന്ന് നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഭൂരിപക്ഷ  അക്രമണത്തിന് കാരണവും വിശ്വാസത്തില്‍ അപാകത വന്നു എന്നത് തന്നെയാണ്. ഈമാനിക ആവേശം ഉന്നതി പ്രാപിച്ചാല്‍ ഒരു ഭൂരിപക്ഷത്തിനും മുസ്‌ലിം സമുദായത്തെ പരാജയപ്പെടുത്താന്‍ സാധിക്കുകയില്ല എന്നതാണ് ഓരോ റമദാന്‍ പതിനേഴും ബദ്‌രീങ്ങളിലൂടെ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്.



| Usthad Abdurahman Faizy Aripra |

 'സത്യ വിശ്വാസികള്‍ക്ക് സ്വന്തത്തെക്കാള്‍ ഏറ്റവും സമീപസ്ഥരാണ് നബി(സ), പ്രവാചകപത്‌നിമാര്‍ അവരുടെ ഉമ്മമാരുമെത്ര' (ഖു:33:6). അന്ത്യനാള്‍ വരെയുള്ള മുഴുവന്‍ ജനതയുടെയും മാര്‍ഗ്ഗദര്‍ശിയായ അന്ത്യപ്രവാചകര്‍ മുഹമ്മദ് നബി(സ)യുടെ വൈവാഹിക ജീവിതത്തിലെ മാതൃക മനസ്സിലാക്കാന്‍ വിവാഹ പശ്ചാത്തലവും ഭാര്യമാരോടൊന്നിച്ചുള്ള കുടുംബ ജീവിതവും അറിയല്‍ അനിവാര്യമാണ്. സ്രഷ്ടാവില്‍ നിന്നുള്ള സന്ദേശങ്ങള്‍ സ്വന്തം ജീവിതത്തില്‍ പകര്‍ത്തിയാണ് നബി(സ) വഴികാട്ടിയത്. അല്ലാഹു പറഞ്ഞു: 'നിശ്ചയം നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതരില്‍ ഉത്തമ മാതൃകയുണ്ട്' (ഖു:33:21). നബി(സ)യുടെ ജീവിതം ഖുര്‍ആനായിരുന്നുവെന്ന് പത്‌നി ആയിശ(റ) പറഞ്ഞിട്ടുണ്ട്.

നബി(സ)യുടെ കാലത്ത് അറേബ്യയില്‍ മാത്രമല്ല ലോകത്താകെ അനിയന്ത്രിത ബഹുഭാര്യത്വവും ചില നാടുകളില്‍ ബഹുഭര്‍തൃത്വവും നിലനിന്നിരുന്നു. ഇസ്്‌ലാമിക  ശരീഅത്ത് ബഹുഭാര്യത്വത്തിന് പരിധി നിശ്ചയിക്കുകയും ബഹുഭര്‍തൃത്വം നിരോധിക്കുകയും ചെയ്തു. നബി(സ)ക്ക് നാലിലധികം ഭാര്യമാരെ വിവിധ കാരണങ്ങളാല്‍ അല്ലാഹു അനുവദിച്ചു. ഇത് നബി(സ)യുടെ പ്രത്യേകതകളില്‍ പെട്ടതാണ്. തന്റെ സമുദായത്തിലെ ഒരാള്‍ക്കും ഒരേ സമയം നാലു ഭാര്യമാരേക്കാള്‍ കൂടുതല്‍ അനുവദനീയമല്ല.

 ഇസ്‌ലാമിന്റെ ശത്രുക്കള്‍ നബി(സ)യുടെ വിവാഹത്തെ കുറിച്ച് വസ്തുതകള്‍ മറച്ചു വെച്ച് വിമര്‍ശിക്കാറുണ്ട്. ബഹുഭാര്യത്വം മുന്‍ പ്രവാചകരിലുമുണ്ടായിരുന്നു. ദാവൂദ് നബി(അ)ന്് നൂറും സുലൈമാന്‍ നബി(അ)ന് എഴുനൂറും  ഭാര്യമാരുമുണ്ടായിരുന്നു. ഇതെല്ലാം അംഗീകരിക്കുന്നവരാണ് നബി(സ)ക്ക് അനുവദിക്കപ്പെട്ട ബഹു ഭാര്യത്വത്തെ വിമര്‍ശിക്കുന്നത്! സത്യത്തില്‍ നബി(സ)യുടെ വിവാഹം ഇരുപത്തഞ്ചാം വയസ്സില്‍ വിധവയായ നാല്‍പതുകാരി ഖദീജബീവി(റ)യുമായിട്ടായിരുന്നു. അവരുടെ ഇരുപത്തഞ്ച് വര്‍ഷത്തെ മാതൃകാപരമായ കുടുംബ ജീവിതത്തില്‍ മറ്റൊരു സ്ത്രീയെ നബി(സ) വിവാഹം ചെയ്തിട്ടില്ല. മാരിയത്തുല്‍ ഖിബ്ത്വിയ എന്ന അടിമസ്ത്രീയിലുണ്ടായ ഇബ്‌റാഹീം ഒഴികെ മറ്റെല്ലാ സന്താനങ്ങളും ഖദീജാബീവി(റ)യില്‍ നിന്നാണല്ലൊ.

നബി(സ) വിവാഹം ചെയ്ത പതിനൊന്നില്‍ ആയിശ(റ) ഒഴികെ എല്ലാവരും വിധവകളായിരുന്നു. ഖദീജ ബീവി(റ)യുടെ വേര്‍പാടിനു ശേഷം മക്കയില്‍ വെച്ച് സൗദാബീവി(റ)യെ വിവാഹം ചെയ്തു. ആയിശ(റ)യെ വിവാഹം ചെയ്‌തെങ്കിലും മധുവിധു ആഘോഷിച്ചത് മദീനയില്‍ നിന്നാണ്. ബാക്കി എല്ലാവരെയും 54 ാം വയസ്സില്‍ മദീനയിലേക്ക് പാലായനം ചെയ്ത ശേഷമാണ് നബി(സ) വിവാഹം ചെയ്തത്. ഖദീജ, സൈനബ(റ) എന്നിവര്‍ അവിടുത്തെ ജീവിത കാലത്തു തന്നെ പരലോകം പ്രാപിച്ചു. ബാക്കിയുള്ള 9 പേരെ വിവാഹ മോചനം നടത്താനോ വേറെ വിവാഹം ചെയ്യാനോ പിന്നീട് അനുവദിക്കപ്പെട്ടിട്ടില്ല. അല്ലാഹു പറഞ്ഞു: 'ശേഷം വേറെ വിവാഹം ചെയ്യാനോ ഇവര്‍ക്ക് പകരം വേറെ പത്‌നിമാരെ  അവരുടെ സൗന്ദര്യം ആകര്‍ഷിച്ചാലും സ്വീകരിക്കാനോ താങ്കള്‍ക്ക് അനുവാദമില്ല' (ഖു:33:52).

        മുസ്‌ലിം സ്ത്രീകള്‍ക്ക് ഇസ്‌ലാമിക നിയമങ്ങള്‍ പഠിപ്പിച്ചുകൊടുക്കാന്‍ മാതൃകാ വനിതകളെ വാര്‍ത്തെടുക്കല്‍, വിവിധ ഗോത്രങ്ങളുമായി ബന്ധം ദൃഡമാക്കി പ്രബോധന മേഖല വിപുലമാക്കല്‍, പുതിയ നിയമം പ്രാവര്‍ത്തികമാക്കല്‍, അഗതി സംരക്ഷണം, വിധവാ സംരക്ഷണം, അടുത്ത അനുയായികളുമായി ബന്ധം ശക്തിപ്പെടുത്തല്‍ എന്നീ കാര്യങ്ങള്‍ നബി(സ)യുടെ വിവാഹങ്ങളില്‍ കണ്ടെത്താന്‍ കഴിയും.

ഖദീജ ബിന്‍തു ഖുവൈലിദ്(റ), സൗദ ബിന്‍തു സംഅ(റ), ആഇശ ബിന്‍തു അബീബക്ര്‍(റ), ഹഫ്‌സ ബിന്‍തു ഉമര്‍(റ), സൈനബ് ബിന്‍തു ഖുസൈമ(റ), ഉമ്മുസലമ ബിന്‍തു അബീഉമയ്യ (ഹിന്ദ്)(റ), സൈനബ് ബിന്‍തു ജഹ്ശ്(റ), ജുവൈരിയ്യ ബിന്‍തുല്‍ ഹാരിസ്(റ), സ്വഫിയ്യ ബിന്‍ത് ഹുയയ്യ്(റ), ഉമ്മു ഹബീബ ബിന്‍തു അബീസുഫ്‌യാന്‍(റംല)(റ), മൈമൂന ബിന്‍ത് ഹാരിസ്(റ) എന്നിവരാണ് വിശ്വാസികളുടെ ഉമ്മമാര്‍. ഇവര്‍ക്കെല്ലാം അല്ലാഹു ഉന്നത സ്ഥാനം നല്‍കിയിട്ടുണ്ട്. സ്ത്രീകളെ സംബന്ധിച്ച അധിക നിയമങ്ങളും പ്രവാചക പത്‌നിമാര്‍ മുഖേനയാണ് ലോകത്ത് പ്രചരിച്ചത്.

            സ്വന്തം ജീവിതത്തില്‍ ശരീഅത്ത് നടപ്പാക്കി മറ്റുള്ളവര്‍ക്ക് മാതൃക കാണിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. അല്ലാഹു പറഞ്ഞു:  '(നബിയേ) താങ്കള്‍ ഭാര്യമാരോട് പറയുക: നിങ്ങള്‍ ഐഹിക ജീവിതത്തെയും അതിന്റെ അലങ്കാരത്തെയും ഉദ്ദേശിക്കുകയാണെങ്കില്‍ വരിക. ഞാന്‍ നിങ്ങള്‍ക്ക് മുത്അത്ത്(മോചനവിഭവം) നല്‍കുകയും മാന്യമായ നിലയില്‍ ബന്ധം വിടര്‍ത്തിത്തരികയും ചെയ്യാം. നിങ്ങള്‍ അല്ലാഹുവിനെയും അവന്റെ റസൂലിനെയും പരലോകത്തെയുമാണുദ്ദേശിക്കുന്നതെങ്കില്‍ നിശ്ചയമായും നിങ്ങളില്‍ പുണ്യവതികള്‍ക്ക് അല്ലാഹു മഹത്തായ പ്രതിഫലം ഒരുക്കിവെച്ചിട്ടുï്. നബിയുടെ ഭാര്യമാരേ, നിങ്ങളില്‍ ആരെങ്കിലും ഒരു വ്യക്തമായ ദുര്‍വൃത്തി ചെയ്യുന്നതായാല്‍ അവര്‍ക്ക് ഇരട്ടിശിക്ഷ നല്‍കപ്പെടുന്നതാണ്. അത് അല്ലാഹുവിന് വളരെ ലഘുവായ ഒരു കാര്യമാകുന്നു. ആരെങ്കിലും അല്ലാഹുവിനും അവന്റെ റസൂലിനും വഴിപ്പെടുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്താല്‍ അവളുടെ പ്രതിഫലം ഇരട്ടിയായി നാം നല്‍കുന്നതാണ്. വളരെ മാന്യമായ ഉപജീവനം അവള്‍ക്ക് നാം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.  നബിയുടെ ഭാര്യമാരേ, നിങ്ങള്‍ മറ്റുസ്ത്രീകളില്‍പെട്ട ആരെപോലെയുമല്ല, നിങ്ങള്‍ ഭയഭക്തി(സൂക്ഷ്മത) കാണിക്കുന്ന പക്ഷം. അതുകൊï് നിങ്ങള്‍ (അന്യപുരുഷന്മാരുമായി സംസാരിക്കുമ്പോള്‍) സംസാരത്തില്‍ താഴ്മ(സൗമ്യത) കാണിക്കരുത്. കാരണം അപ്പോള്‍ ഹൃദയത്തില്‍ രോഗമുള്ളവന് മോഹം തോന്നിയേക്കും. നിങ്ങള്‍ (അവരോട്) മര്യാദയുള്ള വാക്ക് പറഞ്ഞേക്കുക. സ്വഗൃഹങ്ങളില്‍ നിങ്ങള്‍ അടങ്ങിയിരിക്കുക. പഴയ അജ്ഞാനകാലത്തെ സൗന്ദര്യപ്രദര്‍ശനം പോലെ നിങ്ങള്‍ സൗന്ദര്യം പ്രദര്‍ശിപ്പിക്കരുത്. നിങ്ങള്‍ നമസ്‌കാരം മുറപ്രകാരം അനുഷ്ഠിക്കുകയും സക്കാത്ത് കൊടുക്കുകയും അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കുകയും ചെയ്യുക. നബിയുടെ വീട്ടുകാരേ, നിങ്ങളില്‍ നിന്ന് മാലിന്യം നീക്കിക്കളയുവാനും നിങ്ങളെ നല്ലവണ്ണം ശുദ്ധീകരിക്കുവാനും മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങളുടെ വീടുകളില്‍ ഓതപ്പെടുന്ന അല്ലാഹുവിന്റെ വാക്യങ്ങളെയും വിജ്ഞാനങ്ങളെയും നിങ്ങള്‍ ഓര്‍ക്കുക. നിശ്ചയമായും അല്ലാഹു നിഗൂഢ ജ്ഞാനമുള്ളവനും സൂക്ഷ്മമായ അറിവുള്ളവനുമാകുന്നു'. (അഹ്‌സാബ് 2834 )

1. ഹസ്രത്ത് ഖദീജ (റ)


പിതാവ് : ഖുവൈലിദു ബ്‌നു അസദ്

മാതാവ് :ഫാത്വിമ ബിന്‍തു സായിദ

കുടുംബം : ഖുറൈശ് ഗോത്രത്തിലെ അസദ് വംശം

സ്ഥാനപ്പേര്  :ത്വാഹിറ

പ്രായം : നബി(സ്വ) യെക്കാള്‍ 15 വയസ്സ് കൂടുതല്‍

ആദ്യ ഭര്‍ത്താക്കന്മാര്‍ : അബൂ ഹാലാ, അതീഖുബ്‌നു ആബിദ്

മഹര്‍        : 500 ദിര്‍ഹം (ഇരുപത് ഒട്ടകങ്ങളാണെന്നും അഭിപ്രായമുണ്ട്)

വഫാത് : ഹിജ്‌റയുടെ മൂന്ന് വര്‍ഷം മുമ്പ് 65 ാം വയസ്സില്‍

മക്കള്‍ : ഖാസിം, സൈനബ്, റുഖിയ്യ, ഫാത്വിമ, ഉമ്മുകുല്‍സും, അബ്ദുള്ള (നബി (സ)യില്‍  നിന്ന്)     

അന്ത്യ വിശ്രമം : അല്‍മുഅല്ലാ, മക്ക

ഒരു ഹദീസ് നിവേദനം ചെയ്തു.

 പശ്ചാത്തലം 

   അന്ത്യ പ്രവാചകര്‍(സ)യുടെ പ്രഥമ പത്‌നിയാകാന്‍ ഭാഗ്യം ലഭിച്ച ഹസ്രത്ത് ഖദീജ(റ) മക്കയിലെ കുലീനയും ധനികയുമായിരുന്നു. അക്കാലത്തെ പ്രധാന ജീവിതോപാധി കച്ചവടമായിരുന്നു. ശാം, യമന്‍ തുടങ്ങിയ വിദൂര നാടുകളില്‍ നിന്ന് കച്ചവടച്ചരക്കുകള്‍ വാങ്ങി വില്‍പ്പന നടത്തുന്ന കച്ചവട സംഘങ്ങള്‍ മഹതിക്കുണ്ടായിരുന്നു.

           മക്കക്കാര്‍ക്കിടയില്‍ അല്‍ അമീന്‍(വിശ്വസ്ഥന്‍) എന്നറിയപ്പെട്ട സര്‍വ്വ നന്മകളുടെയും വിളനിലമായ മുഹമ്മദ്(സ) എന്ന യുവാവിനോട് തന്റെ കച്ചവടച്ചരക്കുമായി ശാമിലേക്ക് പോകാന്‍ മഹതി ആവശ്യപ്പെട്ടു. സാധാരണ നല്‍കുന്ന ലാഭത്തേക്കാള്‍ കൂടതല്‍ നല്‍കാമെന്ന വ്യവസ്ഥയില്‍ നബി(സ) കച്ചവടം ഏറ്റെടുത്തു. കൂടെ മൈസറത് എന്ന അടിമയെയും അയച്ചു കൊടുത്തു.

  ആ യാത്ര അത്ഭുതങ്ങല്‍ നിറഞ്ഞതായിരുന്നു. ചുട്ടുപഴുത്ത മണലാരണ്യത്തിലൂടെ കത്തി ജ്വലിക്കുന്ന സൂര്യന് താഴെ സഞ്ചരിക്കുമ്പോള്‍ നബി(സ)ക്ക് മേഘം തണല്‍ നല്‍കിക്കൊണ്ട് കൂടെ സഞ്ചരിക്കുന്നത് മൈസറത് കണ്ടു. ശാമിനെ ലക്ഷ്യം വെച്ച് നീങ്ങുമ്പോള്‍ നെസ്‌തോറ എന്ന ക്രൈസ്തവ പുരോഹിതന്‍ മൈസറതിനോട് കൂടെയുള്ള യുവാവിനെകുറിച്ച് ചോദിച്ചു. മക്കയിലെ ഖുറൈശികളില്‍പെട്ട ഒരാളാണെന്ന് മറുപടി പറഞ്ഞപ്പോള്‍ 'നിശ്ചയം അദ്ദേഹം വരാനിരിക്കുന്ന പ്രവാചകനാണ്'  എന്നുപറഞ്ഞു. ഈ സംഭവം മഹതിയെ അത്ഭുതപ്പെടുത്തി. മാത്രമല്ല കച്ചവടത്തില്‍ ലഭിച്ച വമ്പിച്ച ലാഭം മഹതിയെ ആശ്ചര്യപ്പെടുത്തുകയും ചെയ്തു.

   അനേകം ഉന്നതരായ ധനാഢ്യര്‍ വിവാഹാഭ്യാര്‍ത്ഥന നടത്തിയിട്ടും സ്വീകരിക്കാതിരുന്ന ഖദീജ ബീവിക്ക് ലോകത്തിന്റെ വിമോചകനായിമാറുന്ന അത്ഭുത വ്യക്തിത്വത്തിന്റെ ഉടമയെ ജീവിത പങ്കാളിയായി ലഭിക്കാന്‍ അത്യധികം ആഗ്രഹിച്ചു. ഇക്കാര്യം തന്റെ ദാസി നഫീസ ബിന്‍ത് ഉമയ്യയെ ധരിപ്പിച്ചു. നബി(സ)ക്ക് തങ്ങളുടെ ദൗത്യനിര്‍വഹണത്തിന് മനസ്സാ വാചാ കര്‍മണാ സഹായിക്കുന്ന ഒരു ഇണയെ അല്ലാഹു എത്തിക്കുകയായിരുന്നു. അങ്ങിനെ നഫീസ തന്റെ ആഗമനോദ്ദേശം നബി(സ)യെ അറിയിച്ചുകൊണ്ട് പറഞ്ഞു സാമ്പത്തിക പ്രശ്‌നം പരിഹരിച്ചു തരുന്ന, സമ്പത്തും സൗന്ദര്യവും താങ്കള്‍ക്ക് യോജിപ്പുമുള്ള ഒരു വിവാഹ ബന്ധത്തിന് താങ്കള്‍ തയ്യാറാണോ? ആരാണെന്ന് ആരാഞ്ഞ നബി(സ) ഖദീജയെന്ന് കേട്ടപ്പോള്‍ സമ്മതമറിയിച്ചു.

          നബി(സ) തന്റെ പിതൃവ്യരുമൊത്ത് ഖദീജ ബീവി(റ)യുടെ പിതാമഹനായ അംറുബ്‌നു അസദിന്റെ വീട്ടിലെത്തി. അബൂത്വാലിബിന്റെ നേതൃത്വത്തില്‍ വിവാഹ കര്‍മ്മം നടന്നു. അബൂത്വാലിബ് നടത്തിയ പ്രസംഗത്തില്‍ മഹാനായ ഇബ്‌റാഹീം നബി(അ)ന്റെ ശ്രേഷ്ടമായ സന്താനപരമ്പരയില്‍ പെടുത്തിയതിന്ന് അല്ലാഹുവിനെ സ്തുതിച്ചുകൊണ്ട് ഇങ്ങനെപറഞ്ഞു: 'എന്റെ ഈ സഹോദര പുത്രന്‍ മുഹമ്മദു ബ്‌നു അബ്ദുല്ല സാമ്പത്തികം കുറവാണെങ്കിലും മഹത്വം, ബുദ്ധി, ശ്രേഷ്ടത എന്നിവയില്‍ അതുല്യനാണ്. സമ്പത്ത് നീങ്ങിപ്പോകുന്ന നിഴല്‍ മാത്രമാണ്. നിശ്ചയം ഇദ്ദേഹത്തിന് ഉജ്ജ്വലമായ അവസ്ഥയും ഭാസുരമായ ഭാവിയുമുണ്ട്'.

കുടുംബ ജീവിതം 


  മാനവരാശിക്ക് മുഴുവന്‍ മാതൃകയായ അവരുടെ കുടുംബ ജീവിതം 25 വര്‍ഷത്തിനു ശേഷം ഖദീജ(റ) ഇഹലോകവാസം വെടിയുന്നതുവരെ നീണ്ടു നിന്നു. പരസ്പര സ്‌നേഹത്തിന്റെയും അര്‍പ്പണത്തിന്റെയും പ്രതീകമായിരുന്നു ആ ബന്ധം. ഒരിക്കലും തന്റെ സഹധര്‍മ്മണിക്ക് പ്രയാസമാകാതെ സഹകരണത്തോടെ ജീവിക്കാന്‍ പുണ്യ നബിയും തങ്ങളുടെ താല്‍പര്യങ്ങളറിഞ്ഞ് അവിടുത്തെ തൃപ്തനാക്കാന്‍ ഖദീജ(റ)വും ശ്രമിച്ചു. നബി(സ)ക്ക് വേണ്ടി തന്റെ സമ്പത്തും സമയവും ചെലവഴിച്ചു.

  നബി(സ)യുടെ ഇബ്‌റാഹീം(റ) അല്ലാത്ത മറ്റെല്ലാ സന്താനങ്ങളും ഖദീജ(റ)യില്‍ നിന്നായിരുന്നല്ലോ. അവരുടെ ദാമ്പത്യ ജീവിതം തുടങ്ങി ഒന്നര ദശാബ്ദം പൂര്‍ത്തിയായപ്പോള്‍ നബി(സ)യുടെ 40 ാം വയസ്സില്‍ മക്കയുടെ സമീപത്തുള്ള ഹിറാ ഗുഹയുടെ ഏകാന്തതയില്‍ സ്രഷ്ടാവിനെ ആരാധിച്ചിരിക്കുക പതിവായിരുന്നു. അതിനു വേണ്ട ഭക്ഷണവും മറ്റു സൗകര്യങ്ങളും ഖദീജ(റ) ചെയ്തു കൊടുത്തു. ഭക്ഷണം കഴിഞ്ഞാല്‍ സഹധര്‍മ്മിണിയെ സമീപിച്ച് ആവശ്യമായവ ശേഖരിച്ച് വീണ്ടും ഹിറായിലെത്തി.

  ഒരു റമളാനില്‍ ഹിറാഗുഹയില്‍ സ്രഷ്ടാവിന്റെ ദിവ്യ സന്ദേശവുമായി മലക്ക് ജിബ്‌രീല്‍(അ) പ്രത്യക്ഷപ്പെട്ടു 'ഇഖ്‌റഅ്' (വായിക്കുക) എന്നാജ്ഞാപിച്ചു. 'ഞാന്‍ വായനക്കാരനല്ല' എന്ന് പരിഭ്രമത്തോടെ നബി(സ) പ്രതികരിച്ചു. മൂന്നാം പ്രാവശ്യം നബി(സ) യെ കൂട്ടിപ്പിടിച്ച് വിട്ടശേഷം 'വായിക്കുക, സ്രഷ്ടാവായ രക്ഷിതാവിന്റെ നാമത്തില്‍, അവന്‍ മനുഷ്യനെ രക്ത പിണ്ഡത്തില്‍ നിന്ന് സൃഷ്ടിച്ചു. വായിക്കുക പേനകൊണ്ട് പഠിപ്പിച്ച നിന്റെ രക്ഷിതാവ് അത്യുതാരനത്രെ' എന്നര്‍ത്ഥം വരുന്ന അഞ്ച് സൂക്തങ്ങള്‍ ഓതിക്കേള്‍പ്പിച്ചു.

അപ്രതീക്ഷിതമായി ദിവ്യസന്ദേശം ലഭിച്ച നബി(സ) പരിഭ്രമിച്ച് തന്റെ സഹധര്‍മണി ഖദീജ(റ) യുടെ അടുത്തെത്തി 'എന്നെ പുതപ്പിട്ടുമൂടൂ' എന്ന ആവശ്യവുമായി ഭയന്നു വിറച്ചെത്തിയ പ്രിയധമനെ ആശ്വസിപ്പിച്ചുകൊണ്ട് ഹിറാ ഗുഹയിലെ സംഭവങ്ങള്‍ ആദ്യന്തം കേട്ടുമനസ്സിലാക്കി. അസാധാരാണ ധൈര്യവും സാമര്‍ത്ഥ്യവും പ്രകടിപ്പിച്ചുകൊണ്ട് ഖദീജ(റ) ഇങ്ങനെ പ്രതികരിച്ചു 'താങ്കളെ അല്ലാഹു ഒരിക്കലും നിന്ദിക്കില്ല. താങ്കള്‍ കുടുംബ ബന്ധം ചേര്‍ക്കുന്നു; സത്യം മാത്രം പറയുന്നു; ദരിദ്രരെ സഹായിക്കുന്നു; അതിഥികളെ സല്‍കരിക്കുന്നു;  സഹധര്‍മണിയുടെ ഈ വാക്കുകള്‍ നബി(സ) ക്ക് ശാന്തിയും സമാധാനവും നല്‍കുന്നതായിരുന്നു.

എന്നാല്‍ ഖദീജ(റ) സംഭവത്തിന്റെ രഹസ്യമറിയാന്‍ അക്കാലത്തെ പ്രഗത്ഭ പണ്ഡിതനും തന്റെ പിതൃവ്യപുത്രനുമായ വറഖത് ബ്‌നു നൗഫലിന്റെ അടുത്തേക്ക് നബി(സ) യെ കൊണ്ടു പോയി. വേദ ഗ്രന്ഥങ്ങളില്‍ അവഗാഹമുള്ള വറഖയോട് നബി(സ) തന്റെ അനുഭവങ്ങള്‍ വിശദീകരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: 'അത് മൂസാ നബിയുടെ അടുത്ത് വരാറുണ്ടായിരുന്ന നാമൂസ് (ജിബ്‌രീല്‍) ആണ്. അന്ന് ഞാന്‍ ആരോഗ്യ ദൃഢഗാത്രനായ യുവാവായിരുന്നെങ്കില്‍! നിങ്ങളുടെ ജനത നിങ്ങളെ നാട്ടില്‍ നിന്ന് പുറത്താക്കുന്ന സന്ദര്‍ഭം!' തന്നെ സ്‌നേഹാദരവോടെ അല്‍ അമീന്‍ എന്ന് വിൡിരുന്നവര്‍ പുറത്താക്കുമെന്ന് കേട്ടപ്പോള്‍ നബി(സ)ക്ക് അവിശ്വസനീയമായി തോന്നി . നബി(സ) ചോദിച്ചു 'അവരെന്നെ പുറത്താക്കുമോ? വറഖ പറഞ്ഞു: അതെ, താങ്കള്‍ കൊണ്ടു വന്നതുപോലുള്ള കാര്യം ആരു കൊïുവന്നാലും ശത്രുത വെക്കപ്പെടാതിരിക്കില്ല'. (ബുഖാരി)

  അങ്ങനെ അന്ധകാരത്തില്‍ നിന്ന് ദിവ്യ സന്ദേശത്തിന്റെ വെളിച്ചത്തിലേക്ക് ലോക ജനതയെ നയിക്കാന്‍ നിയുക്തരായ ഭര്‍ത്താവിന് താങ്ങും തണലുമായി ശിഷ്ടജീവിതം നയിക്കാന്‍ ആ മഹതിക്ക് മഹാഭാഗ്യം ലഭിച്ചു. ഒരു ഭര്‍ത്താവ് എന്നതിലുപരി പ്രവാചകത്വ പദവിയിലെത്തിയ വിശ്വവിമോചകന് തന്റെ ദൗത്യനിര്‍വ്വഹണത്തിന് സംരക്ഷണവും പിന്തുണയും നല്‍കി ഖദീജ(റ) ത്യാഗ പൂര്‍ണമായ പുതിയ ജീവിതം ആരംഭിച്ചു. ആദ്യം രഹസ്യമായും പിന്നീട് പരസ്യപ്രബോധനവുമാരംഭിച്ചു.

നബി(സ)യെ ഇസ്‌ലാമില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ഖുറൈശികള്‍ ആദ്യം പ്രലോഭനവും പിന്നീട് പ്രകോപനവുമായി രംഗത്തെത്തി. ഇസ്‌ലാമില്‍ വിശ്വസിച്ചവരെ ക്രൂരമര്‍ദ്ദനത്തിന് വിധേയമാക്കി പിന്തിരിപ്പിക്കാനുള്ള എല്ലാ കുതന്ത്രങ്ങളും വിഫലമായപ്പോള്‍ നബി(സ)യെയും കുടുംബത്തെയും സഹായികളായ ബനൂ ഹാശിം, ബനൂ മുത്ത്വലിബ് എന്നീ ഗോത്രങ്ങളെയും ബഹിഷ്‌കരിക്കാന്‍ അവര്‍ തീരുമാനിച്ചു. ഈതീരുമാനം കഅ്ബയില്‍ കെട്ടിത്തൂക്കി.

ശിഅ്ബു അബീത്വാലിബില്‍ നബിയും കുടുംബവും അനുയായികളും ഒറ്റപ്പെട്ടു. അവരെ സഹായിക്കാന്‍ ആരുമുïായിരുന്നില്ല. സമൃദ്ധിയില്‍ ജീവച്ചിരുന്ന തന്റെ പ്രിയതമ ആദര്‍ശ സംരക്ഷണത്തിനു വേïി എല്ലാം സഹിച്ചു. ഭക്ഷ്യ വസ്തുക്കള്‍ ലഭിക്കാതെ വൃക്ഷത്തിന്റെ ഇല വരെ തിന്ന് വിശപ്പ് മാറ്റാന്‍ അവര്‍ നിര്‍ബന്ധിതരായി. മൂന്ന് വര്‍ഷം പീഡനം നീïുനിന്നു. ഈ കാലയളവില്‍ നബി(സ)ക്ക് സമ്പൂര്‍ണ്ണ പിന്തുണനല്‍കി  സംരക്ഷിക്കാന്‍ മഹതി ഒരുപാട് ത്യാഗം സഹിച്ചു.

 ദുഃഖ വര്‍ഷം 

ബഹിഷ്‌കരണത്തിന്റെ ദുരിത പൂര്‍ണ്ണമായ നാളുകള്‍ അവസാനിച്ചു അധികം കഴിയുന്നതിനുമുമ്പ്, ഹിജ്‌റയുടെ മൂന്ന് വര്‍ഷം മുമ്പ് ഖദീജ(റ) ഇഹലോകവാസം വെടിഞ്ഞു. നബി(സ)ക്ക് ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ തണല്‍ അതോടെ നഷ്ടപ്പെട്ടു. മഹതിയുടെ വിയോഗം കഴിഞ്ഞ് ഒരു മാസത്തിനു ശേഷം താങ്ങും തണലുമായിരുന്ന പിതൃവ്യന്‍ അബൂത്വാലിബും മരിച്ചു. ഖദീജ ബീവി(റ)യുടെയും അബൂത്വാലിബിന്റെയും വിയോഗത്തിന് ശേഷമാണ് നബി(സ)യെ ദേഹോപദ്രവങ്ങളേല്‍പ്പിക്കാന്‍ ശത്രുക്കള്‍ക്ക് ധൈര്യം വന്നത്. ഈ വര്‍ഷം ദുഃഖ വര്‍ഷമായി നബി(സ) വിശേഷിപ്പിച്ചു.

മരിക്കാത്ത ഓര്‍മ്മകള്‍


           പരസ്പര സ്‌നേഹവും ആത്മാര്‍ത്ഥതയും ത്യാഗസമ്പന്നതയും സഹകരണവും നിറഞ്ഞുനിന്നിരുന്ന ജീവിതം നബി(സ) അനുസ്മരിക്കാറുïായിരുന്നു. മൃഗങ്ങളെ അറുത്ത് ഖദീജ(റ)യുടെ കൂട്ടുകാരികള്‍ക്ക് കൊടുത്തയക്കാറുïായിരുന്നു. പലപ്പോഴും അവരുടെ മഹത്വങ്ങള്‍ എടുത്തു പറയാറുïായിരുന്നു. മരിച്ചു പോയ ഭാര്യമാരെയും മറ്റും അനുസ്മരിക്കുന്നതും അവരുടെ മഹത്വം വാഴ്ത്തുകയും അവര്‍ക്ക് വേïി മാംസവും മറ്റും ധര്‍മ്മം ചെയ്യുന്നതും പുണ്യകരമാണെന്ന് നബി(സ) തങ്ങളുടെ ഈ പ്രവര്‍ത്തിയില്‍നിന്ന് വ്യക്തമാണ്.

   നിരന്തരമായ അനുസ്മരണങ്ങളും പ്രകീര്‍ത്തനങ്ങളും കേട്ട് ഒരിക്കല്‍ ആയിശ(റ) നബി(സ)യോട് ചോദിച്ചു; അതൊരു വൃദ്ധയായിരുന്നില്ലേ ? അവര്‍ക്ക് പകരം നിങ്ങള്‍ക്ക്  അല്ലാഹു ഉന്നതരായ ഭാര്യമാരെ നല്‍കിയില്ലേ? ഇതു കേട്ട് നബി(സ) ദേഷ്യപ്പെട്ട് വിവര്‍ണ്ണമായ മുഖത്തോടെ ഇപ്രകാരം പ്രതികരിച്ചു. 'അല്ലാഹുവാണ് സത്യം അവരെക്കാള്‍ ഉത്തമരായ ഭാര്യമാരെ അല്ലാഹു എനിക്ക് പകരം തന്നിട്ടില്ല. ജനങ്ങള്‍ ഒന്നടങ്കം എന്നെ അവിശ്വസിച്ചപ്പോള്‍ മഹതി എന്നില്‍ വിശ്വസിച്ചു അവര്‍ ഒന്നടങ്കം എന്നെ കളവാക്കിയപ്പോള്‍ മഹതിയെന്നെ സത്യമാക്കി. അവര്‍ എന്നെ തടഞ്ഞപ്പോള്‍ അവര്‍ സമ്പത്ത് കൊïെന്നെ സഹായിച്ചു. ഇതര പത്‌നിമാരില്‍ നിന്ന് ഭിന്നമായി അവരില്‍നിന്ന് എനിക്ക് സന്താന സൗഭാഗ്യം നല്‍കി'. ഇതു  കേട്ട് ആയിശ(റ) ഇനി ഒരിക്കലും മഹതിയെ മോശമായിക്കി സംസാരിക്കുകയില്ലെന്ന് മനസ്സിലുറപ്പിച്ചു.

 മഹത്വം 

    നബി(സ) പറഞ്ഞു: പുരുഷന്‍മാരില്‍നിന്ന് പലരും പൂര്‍ണ്ണത നേടിയിട്ടുï്. എന്നാല്‍ സ്ത്രീകളില്‍ നിന്ന് മൂന്ന് പേരല്ലാതെ പൂര്‍ണ്ണത നേടിയിട്ടില്ല. ഇംറാന്റെ പുത്രി മറിയം, ഫിര്‍ഔന്റെ ഭാര്യ ആസ്യ, ഖുവൈലിദിന്റെ മകള്‍ ഖദീജ(റ) എന്നിവരാണവര്‍. ആദ്യമായി നബി(സ)യെ പ്രവാചകനായി അംഗീകരിച്ചത് മഹതിയാണ്. ഒരിക്കല്‍ ജിബ്‌രീല്‍(അ) വന്ന് ഖദീജ(റ)യോട് റബ്ബിന്റെ സലാം പറയാന്‍ ആവശ്യപ്പെട്ടു. നബി(സ) പറഞ്ഞു: ഖദീജാ! ഇതാ ജിബ്‌രീല്‍ നിന്റെ റബ്ബില്‍ നിന്ന് സലാം പറയുന്നു. അപ്പോള്‍ ഖദീജ(റ) പറഞ്ഞു: 'അല്ലാഹു സലാമാണ് അവനില്‍ നിന്നാണ് സലാം ജിബ്‌രീലിന്റെ മേല്‍ സലാമുïാകട്ടെ'. സ്വര്‍ഗ്ഗത്തില്‍ സമുന്നതമായ ഒരു ഭവനം മഹതിക്ക് അല്ലാഹു ഒരുക്കി വെച്ചതായി നബി(സ) സന്തോഷവാര്‍ത്ത അറിയിച്ചിരുന്നു.

2. ഹസ്രത്ത് സൗദ (റ)


പിതാവ് : ഖൈസിന്റെ മകന്‍ സംഅ

മാതാവ് : ശമൂസ്

ഗോത്രം : ഖുറൈശി ഗോത്രത്തിലെ ബനൂ ആമിര്‍ വംശം

ആദ്യ ഭര്‍ത്താവ് : സക്‌റാനു ബിന്‍ അംറ്(റ)

മഹര്‍ : 400 ദിര്‍ഹം

വിവാഹം : നുബുവ്വത്തിന്റെ പത്താം വര്‍ഷം

അന്ത്യ വിശ്രമം : ബഖീഅ്

പശ്ചാത്തലം 

   ഖദീജ(റ)ന്റെ വിയോഗാനന്തരം നബി(സ) സൗദ ബിന്‍ത് സംഅയെ വിവാഹം ചെയ്തു. അബൂഹുറൈറ(റ), യഹ്‌യ(റ) എന്നിവരില്‍ നിന്ന് ഇമാം അഹ്്മദ്(റ) നിവേദനം ചെയ്യുന്നു. ഖദീജ(റ) വഫാത്തായപ്പോള്‍ ഖൗല ബിന്‍ത് ഹകീം നബിയുടെ അടുത്ത് വന്നു, അല്ലാഹുവിന്റെ പ്രവാചകരെ, നിങ്ങള്‍ വിവാഹം കഴിക്കുന്നില്ലെ എന്ന് ചോദിച്ചു. നബി(സ) ആരെ എന്ന് അന്വേഷിച്ചപ്പോള്‍ 'താങ്കള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ കന്യകയെ അല്ലെങ്കില്‍ വിധവയെ.' ഖൗല മറുപടി പറഞ്ഞു. അല്ലാഹുവിന്റെ സൃഷ്ടികളില്‍ അങ്ങേക്ക് ഏറ്റവും ഇഷ്ടപ്പെട്ട അബൂബക്കര്‍(റ)ന്റെ മകള്‍ ആഇശ(റ) അങ്ങയില്‍ വിശ്വസിക്കുകയും അങ്ങയില്‍ പിന്‍പറ്റുകയും ചെയ്ത സൗദ ബിന്‍ത് സംഅ, ഖൗല വിശദീകരിച്ചു. നബി(സ) അന്വേഷിച്ചു വരാന്‍ സമ്മതം നല്‍കി. ഖൗല(റ) സൗദ(റ) വിന്റെ അടുത്ത് ചെന്ന് നബി(സ) യുമായി വിവാഹ ബന്ധത്തിലേര്‍പ്പെടുന്നതിനെക്കുറിച്ച് സംസാരിച്ചു. സൗദ(റ)യുടെ ആവശ്യപ്രകാരം ഇക്കാര്യം കുടുംബത്തിലെ കാരണവരായ അബൂബക്കറിനെ അറിയിച്ചു. മാന്യവും ഉചിതവുമായ ബന്ധമെന്ന് പറഞ്ഞ് വിവാഹം നടത്തിക്കൊടുത്തു. ആദ്യം ആഇശ(റ)യെ അല്ല സൗദ(റ)യെ ആണ് നബി(സ)വിവാഹം ചെയ്തതെന്നാണ് പ്രബലാഭിപ്രായം. ഖദീജ(റ) വഫാത്തായ അതേ മാസത്തില്‍ തന്നെയാണ് സൗദ(റ)യെ നബി(സ) വിവാഹം ചെയ്തത്.

  ആദ്യ ഘട്ടത്തില്‍ തന്നെ ഇസ്്‌ലാമിലേക്ക് കടന്നു വന്ന ഹസ്രത്ത് സൗദ(റ) ആദര്‍ശ സംരക്ഷണത്തിന് ഏറെ പീഢനങ്ങള്‍ സഹിച്ചു. ഭര്‍ത്താവ് സക്‌റാനു ബ്‌നു അംറും(റ) ആദ്യ കാലത്ത് ഇസ്്‌ലാം ആശ്ലേഷിച്ചിരുന്നു. ശത്രുക്കളുടെ ഉപരോധത്തെ തുടര്‍ന്ന് നബി(സ)യും സഹായികളും ശിഅ്ബു അബീഥാലിബില്‍ പ്രവേശിച്ചപ്പോള്‍ നബി(സ)യുടെ നിര്‍ദേശമനുസരിച്ച് 101 പേര്‍ എത്യോപ്യയിലേക്ക് പാലായനം ചെയ്തു. അക്കൂട്ടത്തില്‍ സൗദ(റ), ഭര്‍ത്താവ് സക്‌റാന്‍(റ)വും ഉണ്ടായിരുന്നു.

എത്യോപ്യയിലെ പ്രതികൂല കാലാവസ്ഥ തരണം ചെയ്യാന്‍ കഴിയാതെ മഹതിയും ഭര്‍ത്താവും അധികം താമസിക്കാതെ മക്കയിലേക്ക് തന്നെ മടങ്ങി. രോഗശയ്യയിലായ സക്‌റാന്‍(റ)  തന്റെ സഹധര്‍മ്മിണിയെ വിധവയാക്കിക്കൊണ്ട് വഫാത്തായി. വിധവയും അബലയുമായ സൗദ(റ)യെ ഇസ്്‌ലാമിന്റെ കഠിന ശത്രുക്കളായ ആമിര്‍ ഗോത്രത്തിന് ഏല്‍പിച്ചു കൊടുത്താല്‍ ആദര്‍ശം സംരക്ഷിക്കപ്പെടുകയില്ല. കുലീനയായ സൗദ(റ)യെ ഏതെങ്കിലും താഴ്ന്ന ഗോത്രക്കാര്‍ക്ക് വിവാഹം ചെയ്തു കൊടുക്കലും ശരിയല്ല. അബലയായ വിധവയെ അനുയോജ്യമായ രീതിയില്‍ സംരക്ഷിക്കാന്‍ ഉദ്ദേശിച്ചായിരുന്നു നബി(സ) വിവാഹം ചെയ്തത്.

നബി(സ) മദീനയിലെത്തിയപ്പോള്‍ അവിടെ നിര്‍മിച്ച പള്ളിയോടനുബന്ധിച്ച് കുടുംബത്തിന് താമസിക്കാന്‍ വീടു പണിതിരുന്നു. മദീനയിലെത്തിയ സൗദ(റ)യെ അവര്‍ക്ക് വേണ്ടി പണിത വീട്ടില്‍ താമസിപ്പിച്ചു. മഹതിയെ സംബന്ധിച്ചിടത്തോളം ഇത് രണ്ടാമത്തെ ഹിജ്‌റയാണ്. ഖദീജ ബീവി(റ)ക്ക് ശേഷം കൂടുതല്‍ കാലം പ്രവാചക പത്‌നി പദവിയിലിരിക്കാന്‍ സൗഭാഗ്യം ലഭിച്ചത് സൗദ(റ), ആഇശ(റ) എന്നിവര്‍ക്കാണ്.

നബി(സ)യുടെ ഭാര്യമാരുമായി മഹതി മാതൃകായോഗ്യമായ നല്ല ബന്ധം പുലര്‍ത്തി ആഇശ(റ) പറയുന്നു: സൗദ(റ) പ്രായമായപ്പോള്‍ അവര്‍ക്ക് വേണ്ടി നബി(സ) നിശ്ചയിച്ച ദിവസങ്ങള്‍ എനിക്ക് വിട്ടുതരാറുണ്ടായിരുന്നു. അവ എനിക്കും മറ്റു ഭാര്യമാര്‍ക്കുമായി റസൂല്‍ വീതിച്ചു തരുമായിരുന്നു.

നബി(സ)ക്ക് ഭാര്യമാര്‍ക്കിടയില്‍ വിഹിതം നല്‍കല്‍ നിര്‍ബന്ധമില്ലെങ്കിലും ഉത്കൃഷ്ട ധാമ്മിക മൂല്യങ്ങളെ പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി നിയുക്തരായ നബി(സ) ഭാര്യമാര്‍ക്കിടയില്‍ വിഹിതം നല്‍കുന്നതില്‍ ശ്രദ്ധിച്ചിരുന്നു. പ്രായം കുറഞ്ഞവര്‍ക്കിടയില്‍ സൗദ(റ)ക്ക് മാനസിക വിഷമമുണ്ടാകുമെന്ന് സംശയിച്ച് ആവശ്യമെങ്കില്‍ വിവാഹമോചനം നല്‍കാമെന്ന് അറിയിച്ചു. അപ്പോള്‍ മഹതി പറഞ്ഞു: ഞാനത് ആഗ്രഹിക്കുന്നില്ല. ഞാന്‍ അവിടുത്തെ കീഴില്‍ കഴിയട്ടെ. അല്ലാഹുവാണെ സത്യം ഇത് ഭര്‍ത്താക്കന്‍മാരുടെ കാര്യത്തില്‍ ആവശ്യം ഉണ്ടായത് കൊണ്ട് പറയുകയല്ല. മറിച്ച് അല്ലാഹു എന്നെ  അങ്ങയുടെ ഭാര്യയായി പുനര്‍ ജീവിപ്പിക്കട്ടെ എന്ന് ആഗ്രഹിച്ചുകൊണ്ടാണ്. അസൂയ തീരെയില്ലാത്ത സ്ത്രീയെന്നാണ് ആയിശ(റ) മഹതിയെ വിശേഷിപ്പിച്ചത്.

 തന്റെ പിതാവിന്റെ അടിമസ്ത്രീയില്‍ ജനിച്ചതിനാല്‍ എന്റെ സഹോദരനാണെന്ന് സംഅയുടെ മകനും മറ്റൊരാളും തമ്മില്‍ തര്‍ക്കിച്ചപ്പോള്‍ നബി(സ) സംഅയുടെ മകനോട് അവനെ ചേര്‍ക്കാന്‍ പറഞ്ഞുകൊണ്ട് പ്രസിദ്ധമായ നിയമം പ്രഖ്യാപിച്ചു.

 'കുട്ടി ഉടമസ്ഥനും വ്യഭിചാരിക്ക് കല്ലുമാണ്.' ഒരാള്‍ ലൈംഗിക ബന്ധം പുലര്‍ത്തുന്ന അടിമസ്ത്രീയെ മറ്റൊരാള്‍ വ്യഭിചരിച്ചാലും ആ അടിമസ്ത്രീയില്‍ ജനിക്കുന്ന കുട്ടി ഉടമസ്ഥനിലേക്കാണ് ചേര്‍ക്കപ്പെടുക. എന്നാല്‍ സാദൃശ്യം കാരണത്താല്‍ സഹോദരനാണെന്ന് പ്രഖ്യാപിക്കപ്പെട്ട ശേഷവും സൗദ(റ)യോട് അവനില്‍ നിന്ന് അന്യ പുരുഷനെപ്പോലെ മറയണമെന്ന് നബി(സ) കല്‍പിച്ചു. ഇഹലോകവാസം വെടിയും വരെ സൂക്ഷ്മത പാലിച്ചു കൊണ്ട് ആ സഹോദരനെ കാണാതെ മഹതി ജീവിച്ചു. വിശ്വാസികളുടെ ഉമ്മമാര്‍ ജീവിതത്തില്‍ പുലര്‍ത്തിയ സൂക്ഷ്മതയിലേക്ക് ഈ സംഭവം വിരല്‍ ചൂണ്ടുന്നു.

ഖലീഫ ഉമര്‍(റ)ന്റെ ഭരണത്തിന്റെ അവസാന കാലത്ത് മഹതി വഫാത്തായി ജന്നതുല്‍ ബഖീഇല്‍ മറവു ചെയ്യപ്പെട്ടു.

3. ഹസ്രത്ത് ആഇശ (റ)


പിതാവ് : അബൂബക്കര്‍ സിദ്ദീഖ്(റ)

മാതാവ് : ഉമ്മു റുമാന്‍

കുടുംബം : ഖുറൈശി ഗോത്രത്തിലെ തൈം

ജനനം : നുബുവ്വത്തിന്റെ നാലാം വര്‍ഷം

വിളിപ്പേര് : ഉമ്മു അബ്ദില്ല

വിവാഹം : നുബുവ്വത്തിന്റെ പത്താം വര്‍ഷം

മഹര്‍        : 500 ദിര്‍ഹം )400 എന്നും അഭിപ്രായമുണ്ട്(

വഫാത്ത് : ഹിജ്‌റ 58 റമളാന്‍ 17 തിങ്കളാഴ്ച്ച

അന്ത്യവിശ്രമം : ബഖീഅ്

2210 ഹദീസ് നിവേദനം ചെയ്തു

 പശ്ചാത്തലം 

  നബി(സ) യുടെ ഭാര്യമാരില്‍ ഏക കന്യക ആയിശ(റ) ആയിരുന്നു. മറ്റുള്ളവരെല്ലാം വിധവകളായിരുന്നു. ഖദീജ(റ)യുടെ വിയോഗ ശേഷം ഏകാന്തത അനുഭവിക്കുന്ന നബി(സ)യോട് ഖൗല(റ) ആയിശ(റ)യെയും സൗദ(റ)യെയും വിവാഹം ചെയ്യുന്നതിനെക്കുറിച്ച് അന്വേഷിച്ച സംഭവം മുമ്പ് വിവരിച്ചിട്ടുണ്ട്.

ഒരിക്കല്‍ നബി(സ) ഒരു സ്വപ്‌നം കണ്ടു. മലക്ക് തന്റെ സമീപത്ത് ഒരു പട്ടുവസ്ത്രത്തില്‍ പൊതിഞ്ഞ് ഒരു വസ്തു കൊണ്ട് വന്നു എന്താണെന്നന്വേഷിച്ചപ്പോള്‍ നിങ്ങളുടെ പത്‌നിയാണെന്ന് പറഞ്ഞു. നബി(സ) ആ പൊതി തുറന്നു നോക്കിയപ്പോള്‍ അതിനുള്ളില്‍ ആയിശ(റ)യായിരുന്നു. ഈ സ്വപ്‌നം നുബുവ്വത്തിന്റെ പത്താം വര്‍ഷം പുലര്‍ന്നു.

 6ാം വയസ്സില്‍ വിവാഹവും 9ാം വയസ്സില്‍ മധുവിധു ആഘോഷവും നടന്നു. രണ്ടും ശവ്വാല്‍ മാസത്തിലായിരുന്നു. ശവ്വാലിലെ വിവാഹം ബന്ധത്തെ ദുര്‍ബലമാക്കുമെന്ന അന്ധവിശ്വാസത്തെ ദൂരീകരിച്ച് കൊണ്ട് ആയിശാ(റ)പറഞ്ഞു; 'റസൂല്‍(സ) എന്നെ വിവാഹം ചെയ്തതും വീട്ടില്‍കൂടിയതും ശവ്വാലിലായിരുന്നു. നബിയുടെ പത്‌നിമാരില്‍ എന്നേക്കാള്‍ ഭാഗ്യവതി ആരാണ്്.?'

  നബി(സ) യുടെ ഏറ്റവും അടുത്ത അനുയായി അബൂബക്കര്‍ സിദ്ദീഖി(റ)ന്റെ മകളുമായുള്ള വിവാഹം ആത്മമിത്രവുമായുള്ള ബന്ധം ദൃഢമാക്കുന്നതായിരുന്നു. മാത്രമല്ല അസാധാരണമായ സാമര്‍ത്ഥ്യവും ബുദ്ധിവൈഭവവുമുള്ള ചെറുപ്പക്കാരിയായ ആയിശ(റ)യില്‍ നിന്നാണ് നബി(സ)യുടെ സ്വകാര്യജീവിതവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ സമൂഹത്തിന് ലഭിച്ചത്.

 നബി(സ) ആയിശ(റ)യെ വിവാഹം ചെയ്തതിന്റെ ഏറ്റവും വലിയ ഗുണഫലം വൈജ്ഞാനികമായിരുന്നു. 2210 ഹദീസുകള്‍ നിവേദനം ചെയ്ത ആയിശ(റ) സര്‍വ്വവിഷയങ്ങളിലും വലിയ അവലംബമായിരുന്നു.

        വിവാഹം മക്കയില്‍ വെച്ചായിരുന്നുവെങ്കിലും വീടുകൂടിയത് മദീനയിലേക്ക് ഹിജ്‌റ പോയ ശേഷമായിരുന്നു. മസ്ജിദുന്നബവിയുടെ തൊട്ടടുത്തുള്ള തന്റെ റൂമിലിരുന്ന് ആയിശ(റ) എല്ലാം നിരീക്ഷിച്ച് മനസ്സിലാക്കി. തികച്ചും നബി(സ)യുടെ ശിക്ഷണത്തില്‍ വളര്‍ന്നതിനാലും പിതാവ് നബി(സ)യുടെ ഏറ്റവും അടുത്ത അനുയായി ആയിരുന്നതിനാലും വിശുദ്ധ ഖുര്‍ആന്‍ കൃത്യമായി വ്യാഖ്യാനിക്കാനും പ്രവാചക ചര്യ, വിശിഷ്യ സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പ്രചരിപ്പിക്കാനും മഹതിക്ക് കഴിഞ്ഞു.

        നബി(സ) പള്ളിയില്‍ ഇഅ്തികാഫ് ഇരിക്കുമ്പോള്‍ ആയിശ(റ)ന്റെ റൂമിലേക്ക് ശിരസ്സ്് നീട്ടിക്കൊടുക്കുകയും ആയിശ(റ) അവിടുത്തെ തലമുടി ചീകിക്കൊടുക്കുകയും ചെയ്യാറുണ്ടായിരുന്നു എന്ന് ഇമാം ബുഖാരി നിവേദനം ചെയ്തിട്ടുണ്ട്. നബി(സ)വഫാത്തായത് ആയിശാ(റ)യുടെ റൂമില്‍ വെച്ചായിരുന്നു. അതേ സ്ഥലത്താണ് നബി(സ)യെ മറവ്‌ചെയ്തത്. തന്റെ വീട്ടില്‍ മൂന്ന് ചന്ദ്രന്‍ പൊട്ടി വീണതായി മഹതി സ്വപ്‌നം കണ്ടു. അതിന്റെ സാക്ഷാത്കാരമായി നബി(സ), അബൂബക്കര്‍(റ), ഉമര്‍(റ) എന്നിവര്‍ അവിടെ മറവ് ചെയ്യപ്പെട്ടു.

       ഹിജ്‌റ 11 ാം വര്‍ഷം റബീഉല്‍അവ്വല്‍ 12ന് തിങ്കളാഴ്ച ആഇശ(റ)യുടെ മാറിടത്തോട് ചാരിയിരുന്ന്  തന്റെ സഹോദരന്‍ അബ്ദുറഹ്്മാന്റെ കയ്യില്‍ നിന്ന് മിസ്‌വാക് വാങ്ങി കടിച്ച് പാകപ്പെടുത്തി നബി(സ)ക്ക് നല്‍കി. നബി(സ) അത്‌കൊണ്ട് മിസ്‌വാക് ചെയ്തു. പിന്നെ താമസിച്ചില്ല. നബി(സ) ഈ ലോകത്തോട് വിടപറഞ്ഞു. അപ്പോള്‍ ആയിശ(റ)യുടെ വയസ്സ് 18 ആയിരുന്നു.

 അപവാദം, തയമ്മും


വ്യഭിചാരാരോപണത്തിന്ന് 80 അടി നല്‍കണമെന്ന നിയമം ആയിശ(റ)യുമായി ബന്ധപ്പെട്ടാണ് ഇറങ്ങിയത്, അത് പോലെ ആയിശ(റ) കാരണമായി യാത്രയില്‍ വെള്ളമില്ലാതെ ബുദ്ധിമുട്ടിയപ്പോഴാണ് തയമ്മും നിയമമാക്കപ്പെട്ടത്.

ഔദാര്യം


         ഏറ്റവും ലളിതമായ ജീവിതമാണ് മഹതി നയിച്ചിരുന്നത്. സ്വയം പട്ടിണി കിടന്നു. അന്യര്‍ക്ക് ദാനം ചെയ്യാന്‍ ശ്രദ്ധിച്ചിരുന്നു. ഒരിക്കല്‍ മുആവിയ(റ) ഒരു ലക്ഷം ദിര്‍ഹം മഹതിക്ക് അയച്ചു കൊടുത്തു. അന്നുതന്നെ അത് മുഴുവന്‍ ദാനം ചെയ്തു. അന്ന് നോമ്പ് തുറക്കാന്‍ പോലും അതില്‍ നിന്ന് ഒന്നും ബാക്കിവെച്ചില്ല. അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ) കൊടുത്തയച്ച ഒരു ലക്ഷം ദിര്‍ഹമും ആളുകള്‍ക്ക് വീതിച്ചുകൊടുത്തു.

വിമര്‍ശനം 

നബി(സ) ചെറുപ്പക്കാരിയായ  ആയിശ(റ) വിനെ വിവാഹം ചെയ്തതിനെ ഇസ്്‌ലാമിന്റെ ശത്രുക്കള്‍ വിമര്‍ശിക്കുന്നുണ്ട്. നബി(സ)യെ കുറിച്ച്  പഠിക്കാത്തതുകൊണ്ടാണ് എല്ലാ വിമര്‍ശനവും. ആറാം വയസ്സില്‍ ആയിശ(റ)യെ നബി(സ)ക്ക് വേണ്ടി വിവാഹാലോചന നടത്തിയ ഖൗല(റ)യോട് ആയിശ(റ)യുടെ മാതാവ് പറഞ്ഞത്: മുത്ഇമ് ബ്‌നു അദിയ്യ് തന്റെ പുത്രന് വേണ്ടി ആയിശ(റ)യെ അന്വേഷിച്ചിരുന്നു എന്നാണ്. അവര്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറിയെന്ന് ഉറപ്പ് നല്‍കിയ ശേഷമാണ് അബൂബക്കര്‍(റ) നബി(സ)തങ്ങള്‍ക്ക് തന്റെ മകള്‍ ആയിശ(റ)യെ വിവാഹം ചെയ്തുകൊടുത്തത്. ആ കാലത്തെ പതിവനുസരിച്ച് ശൈശവ വിവാഹം സാര്‍വത്രികമായിരുന്നു.

നബി(സ) തങ്ങള്‍ക്ക് ഒറ്റ രാത്രികൊണ്ട് എല്ലാ ഭാര്യമാരേയും തൃപ്തിപ്പെടുത്താനുള്ള ആരോഗ്യം അല്ലാഹു നല്‍കിയിരുന്നു. അനസ്(റ)ല്‍ നിന്ന് നിവേദനം, നിശ്ചയം നബി(സ)ക്ക് മുപ്പതാളുകളുടെ ശക്തി നല്‍കപ്പെട്ടതായി ഞങ്ങള്‍ സംസാരിക്കാറുണ്ടായിരുന്നു (ബുഖാരി).

 പ്രസ്തുത വിവാഹത്തില്‍ എല്ലാവര്‍ക്കും പരിപൂര്‍ണ്ണ സംതൃപ്തിയുണ്ടായിരുന്നു. നബിയുടെ ഭാര്യമാരില്‍ ഏറ്റവും ഭാഗ്യവതി താനാണെന്ന് ആയിശ(റ) തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പതിനെട്ട് വയസ്സിന് മുമ്പ് സ്ത്രീകള്‍ക്ക് വിവാഹം തടയുന്നത് മതപരമായും ബുദ്ധിപരമായും അനുയോജ്യമല്ല.

നബി(സ) ഭാര്യമാരോട് എങ്ങിനെ പെരുമാറിയെന്ന് ആയിശ(റ)യുടെ ജീവചരിത്രം നമ്മെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ആയിശ(റ)ല്‍ നിന്ന് തുര്‍മുദി(റ) നിവേദനം ചെയ്യുന്നു: നബി(സ) പറഞ്ഞു: നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ തന്റെ ഭാര്യയോട് ഉത്തമമായി പെരുമാറുന്നവരാണ്. ഞാന്‍ എന്റെ ഭാര്യമാരോട് ഏറ്റവും നന്മ ചെയ്യുന്നവരാണ്. ആയിശ(റ) പറഞ്ഞു: ഭാര്യമാരെ മുഴുവന്‍ നബി(സ) സന്ദര്‍ശിക്കാത്ത ദിവസങ്ങള്‍ കുറവാണ്. എല്ലാവരോടും ക്ഷേമാന്വേഷണങ്ങള്‍ നടത്തി അന്ന് താമസിക്കാന്‍ നിശ്ചയിക്കപ്പെട്ട ഭാര്യയുടെ സമീപത്ത് രാത്രി താമസിക്കുമായിരുന്നു. (അബൂ ദാവൂദ്)

സ്‌നേഹപ്രകടനം

  ഉര്‍വ്വ(റ) നിവേദനം ചെയ്യുന്നു, ആയിശ(റ) പറഞ്ഞു: നബി(സ) തന്റെ ചില ഭാര്യമാരെ ചുംബിച്ച ശേഷം വുളൂഅ് ചെയ്യാതെ നിസ്‌ക്കാരത്തിന് പുറപ്പെട്ടു. ഞാന്‍ ചോദിച്ചു അത് നിങ്ങളായിരുന്നില്ലെ. അപ്പോള്‍ മഹതി ചിരിച്ചു (തുര്‍മുദി). ആയിശ(റ) പറഞ്ഞു: നബി(സ) നോമ്പുകാരനായിരിക്കെ ചുംബിക്കാറുണ്ട്. തന്റെ ആവശ്യം ഏറ്റവും അടക്കിനിര്‍ത്തുന്നവരായിരുന്നു (ബുഖാരി). മറ്റൊരിക്കല്‍ മഹതി പറഞ്ഞു: ഞാന്‍ ആര്‍ത്തവകാരിയായിരിക്കെ വെള്ളം കുടിച്ച ശേഷം നബി(സ)ക്ക് നല്‍കിയപ്പോള്‍ ഞാന്‍ വായ വെച്ച അതെ സ്ഥലത്ത് വായ ചേര്‍ത്ത് വെച്ച് കുടിക്കുമായിരുന്നു (മുസ്്‌ലിം). മഹതി പറഞ്ഞു: എനിക്ക് നബി(സ) വഫാത്ത് സമയത്ത് എന്റെയും നബി(സ)യുടെയും ഉമിനീര്‍ അല്ലാഹു ഒരുമിച്ചു കൂട്ടിയത് അല്ലാഹു നല്‍കിയ വലിയ അനുഗ്രഹത്തില്‍ പെട്ടതാണ്.

വിളിയും കളിയും

          ആയിശ(റ)പറഞ്ഞു: ഒരു ദിവസം നബി(സ): 'ആയിശ! ഇതാ ജിബ്‌രീല്‍ നിന്നോട് സലാം പറയുന്നുണ്ട്' എന്ന് പറഞ്ഞു. ആയിശത് എന്നതിലെ അവസാന അക്ഷരം ഒഴിവാക്കിയാണ് അപ്പോള്‍ വിളിച്ചത്. ഇത് സ്‌നേഹപ്രകടനമാണ്. മറ്റൊരിക്കല്‍ എത്യോപ്യയില്‍ നിന്നുള്ള സംഘം പള്ളിയില്‍ ആയുധ പരിശീലനത്തിന്റെ ഭാഗമായി അഭ്യാസപ്രകടനം നടത്തിയപ്പോള്‍ നബി(സ) മഹതിയെ വിളിച്ചു. യാ ഹുമൈറാ! നിനക്ക് കാണണോ? (ചുവപ്പ് കലര്‍ന്ന വെളുപ്പു നിറമുള്ള ചെറിയവള്‍ എന്നര്‍ത്ഥം) ഭാര്യമാരെ എങ്ങനെ വിളിക്കണമെന്നുപോലും അവിടുത്തെ ജീവിതത്തിലൂടെ ലോകത്തിന് കാണിച്ചുതന്നു മുത്ത് നബി(സ).

സദ്യകളിലേക്ക് കൊണ്ടുപോകല്‍ 

         അയല്‍വാസിയായ നല്ല വിഭവങ്ങളുണ്ടാക്കാനറിയുന്ന പേര്‍ഷ്യക്കാരന്‍ നബി(സ)യെ മാത്രം ക്ഷണിച്ചപ്പോള്‍ നബി(സ) ക്ഷണം സ്വീകരിച്ചില്ല. ആയിശ(റ)യെ കൂടി ക്ഷണിച്ചപ്പോള്‍ മാത്രമാണ് ക്ഷണം സ്വീകരിച്ചത്(മുസ്‌ലിം). ഇമാം നവവി(റ) പറഞ്ഞു: ഇത് നബി(സ) യുടെ നല്ല സഹവാസത്തിന്റെ ഭാഗമാണ്. ഭക്ഷണം കൊണ്ട് പ്രത്യേകമാക്കപ്പെടാന്‍ അവിടുന്ന് ഇഷ്ടപ്പെട്ടില്ല (ശറഹു മുസ്‌ലിം).

വികാരം മാനിക്കല്‍

          ഭാര്യമാരുടെ വികാരങ്ങളെ മാനിച്ചുകൊണ്ടാണ് നബി(സ) ഇടപഴകിയിരുന്നത്. അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ വായിച്ചെടുക്കാന്‍ നബി(സ) സമയം കണ്ടെത്തി. ഒരിക്കല്‍ നബി(സ) ആയിശ(റ)യോട് പറഞ്ഞു: നീ കോപിച്ചാലും ഇഷ്ടപ്പെട്ടാലും ഞാന്‍ അറിയും. നീ ഇഷ്ടപ്പെട്ടാല്‍ 'വറബ്ബി മുഹമ്മദ്' എന്നും കോപിച്ചാല്‍ 'വറബ്ബി ഇബ്‌റാഹീം' എന്നുമാണ് പറയുക. അതെ, ഞാന്‍ അങ്ങയുടെ നാമത്തെ മാത്രമെ വെടിയുന്നുള്ളൂ(ബുഖാരി).

ഒന്നിച്ചുള്ള കുളി

         ആയിശ(റ) പറഞ്ഞു: ഞാനും അല്ലാഹുവിന്റെ റസൂലും ഒരേ പാത്രത്തില്‍ നിന്ന് കുളിക്കുമായിരുന്നു. ഞങ്ങള്‍ മത്സരിച്ചുകൊണ്ട് വേഗത്തില്‍ വെള്ളം മുക്കിയെടുക്കുമ്പോള്‍ എനിക്കും വേണമെന്ന് പരസ്പരം പറയുമായിരുന്നു(ബുഖാരി).

സാന്ത്വനം

          ഹജ്ജ് വേളയില്‍ ആയിശബീവി(റ)ക്ക് ആര്‍ത്തവമുണ്ടായി. നബി(സ) പ്രവേശിച്ചപ്പോള്‍ കരഞ്ഞിരിക്കുന്നത് കണ്ടു. എന്തേ ആര്‍ത്തവമുണ്ടായോ? നബി(സ) ചോദിച്ചു. അതെ എന്നു പറഞ്ഞപ്പോള്‍ ഇത് നിശ്ചയം അല്ലാഹു മനുഷ്യസ്ത്രീകള്‍ക്ക് നിശ്ചയിച്ചതാണ്. കഅ്ബ പ്രദിക്ഷണമല്ലാത്തതെല്ലാം നീ ചെയ്യുക, എന്ന് പറഞ്ഞ് മഹതിയെ സാന്ത്വനപ്പെടുത്തി. രോഗം വന്നാലും നബി(സ) ശരീരത്തില്‍ തടവിയും മന്ത്രിച്ചും ആശ്വാസമേകിയിരുന്നതായി ആയിശ(റ) നിവേദനം ചെയ്തിട്ടുണ്ട്.

 സഹനം 

        ഒരിക്കല്‍ അബൂബകര്‍(റ) നബി(സ)യെ വീട്ടിലേക്ക് സമ്മതം ചോദിച്ചപ്പോള്‍ ആയിശ(റ)യുടെ ശബ്ദം ഉയര്‍ന്നതായി കേട്ടു. ഉടനെ അതിന്റെ പേരില്‍ മകളെ ശകാരിച്ചു. അപ്പോള്‍ നബി(സ) ആയിശ(റ)ക്ക് അനുകൂലമായി സംസാരിച്ചു. അബൂബക്ര്‍(റ) പുറത്ത് പോയപ്പോള്‍ നബി(സ) പറഞ്ഞു: 'നിന്നെ ഞാന്‍ അയാളില്‍ നിന്ന് രക്ഷപ്പെടുത്തിയത് നീ കണ്ടില്ലെ' ശേഷം അവര്‍ സന്തോഷത്തോടെ ചിരിക്കുമ്പോള്‍ കയറിവന്ന അബൂബകര്‍(റ) പറഞ്ഞു: നിങ്ങളുടെ യുദ്ധത്തില്‍ എന്നെ പങ്കെടുപ്പിച്ചപോലെ  സമാധാനത്തിലും പങ്കാളിയാക്കൂ(അഹ്മദ്)

വീട്ടുജോലികളില്‍ സഹായം 


        നബി(സ) വീട്ടിലെത്തിയാല്‍ തന്റെ  ഭാര്യമാരെ സഹായിക്കുന്നവരായിരുന്നു എന്ന് ആയിശ(റ) പറഞ്ഞിട്ടുണ്ട.് അസ്‌വദ്(റ)ല്‍ നിന്ന് നിവേദനം: ആയിശ(റ)യോട് ചോദിച്ചു. നബി(സ) വീട്ടില്‍ എന്താണ് ചെയ്യാറുള്ളത്? മഹതി പറഞ്ഞു: തന്റെ വീട്ടുകാര്‍ക്ക് വേണ്ടി ജോലിചെയ്യുമായിരുന്നു. നിസ്‌കാരസമയമായാല്‍ അതിലേക്ക് പുറപ്പെടും(ബുഖാരി).

വൃത്തി, സുഗന്ധം, ഭംഗിയാവല്‍


ഭാര്യ ഭര്‍ത്താവിനു വേണ്ടി അണിഞ്ഞൊരുങ്ങുന്നത് പോലെ ഭര്‍ത്താവ് ഭാര്യക്കുവേണ്ടി വൃത്തിയായി, സുഗന്ധമുപയോഗിച്ച് ഒരുങ്ങല്‍ സുന്നത്താണ്. നബി(സ) വീട്ടിലെത്തിയാല്‍ ആദ്യം മിസ്‌വാക് കൊണ്ടാണ് ആരംഭിക്കുകയെന്ന് ആയിശ(റ) പറയുന്നു. സുഗന്ധം നബി(സ)ക്ക് ഏറെ ഇഷ്ടമായിരുന്നു. ദുര്‍ഗന്ധമുള്ളതൊന്നും നബി(സ) ഭക്ഷിക്കുമായിരുന്നില്ല. പള്ളിയില്‍ ഇ്തികാഫിലായിരിക്കുമ്പോള്‍ ആയിശ(റ)ന്റെ മുറിയിലേക്ക് തല അടുപ്പിച്ച് കൊടുത്ത് മുടി ചീകാന്‍ ആവശ്യപ്പെടുമായിരുന്നു(ബുഖാരി).

ആഘോഷനാളിലെ വിനോദം

       പെരുന്നാളിനോടനുബന്ധിച്ച് പാട്ടു പാടി ആഘോഷിക്കാനും അത് ആസ്വദിക്കാനും നബി(സ) അനുവദിച്ചിരുന്നു. ദഫ് മുട്ടാനും പാട്ടുപാടാനും അവര്‍ ആയിശ(റ)യുടെ വീട്ടില്‍ ഒരുമിച്ചു കൂടിയിരുന്നു. ആയിശ(റ) പറയുന്നു: എന്റെ സമീപം രണ്ടു പെണ്‍കുട്ടികള്‍ പാട്ടുപാടികൊണ്ടിരിക്കെ നബി(സ) വന്നു. നബി(സ) വിരിപ്പില്‍ മുഖംതിരിച്ച് കിടന്നു. ഉടനെ അബൂബകറ്(റ) കടന്നുവന്ന് അവരെ പാട്ടില്‍ നിന്ന് വിലക്കി. അപ്പോള്‍ നബി(സ)പറഞ്ഞു'അവരെ വിടൂ'. ഇബ്‌നുഹജറുല്‍ അസ്ഖലാനി(റ) പറയുന്നു: കുടുംബത്തിന് ആഘോഷവേളകളില്‍ മാനസികോല്ലാസമുണ്ടാകുന്ന കാര്യങ്ങള്‍കൊണ്ട് വിശാലത ചെയ്യണമെന്ന് ഈ ഹദീസില്‍ നിന്ന് മനസ്സിലാക്കാം.(ഫത്ഹുല്‍ ബാരി)

ഓട്ട മത്സരം

         മാനസികോല്ലാസമുണ്ടാകുന്ന പ്രവര്‍ത്തികള്‍ ഭാര്യമാരെ സന്തോഷിപ്പിക്കുമെന്നതില്‍ തര്‍ക്കമില്ല. തിരക്കുപിടിച്ച ജോലിക്കിടയിലും നബി(സ) ഓട്ട മത്സരത്തിനുവരെ സമയം കണ്ടെത്തിയതായി ആയിശ(റ) നിവേദനം ചെയ്തിട്ടുണ്ട്. ഒരു യാത്രയില്‍ അനുയായികളോട് മുമ്പില്‍ പോകാന്‍ ആവശ്യപ്പെട്ട് നബി(സ) ആയിശ(റ)യുമായി ഓട്ടമത്സരം നടത്തി. മെലിഞ്ഞ ശരീര പ്രകൃതിയുള്ള ആരോഗ്യവതിയായ ആയിശ(റ) വിജയിച്ചു. പിന്നീട് തടിച്ച ശേഷം മറ്റൊരു യാത്രയില്‍ ഇതുപോലെ മത്സരം നടത്തിയപ്പോള്‍ നബി(സ) വിജയിച്ചു. ചിരിച്ചുകൊണ്ട് ഇത് അതിനുള്ള പകരമാണെന്ന് നബി(സ) എന്നോട് പറഞ്ഞു.(അഹ്മദ്)

ആരാധനകള്‍ക്ക് പ്രചോദനം

        ആയിശ(റ) പറയുന്നു: നബി(സ) രാത്രി നിസ്‌കരിക്കാറുണ്ടായിരുന്നു. വിത്ര്‍ കഴിഞ്ഞാല്‍' 'എഴുന്നേല്‍ക്കൂ വിത്ര്‍ നിസ്‌കരിക്കൂ ആയിശ' എന്ന് പറയുമായിരുന്നു(ബുഖാരി). ആയിശ(റ)പറഞ്ഞു: ഞാന്‍ കഅ്ബയില്‍ കടന്ന് നിസ്‌കരിക്കാന്‍ ആഗ്രഹിച്ചു. അപ്പോള്‍ നബി(സ) തന്റെ കൈപിടിച്ച് ഹിജറില്‍ പ്രവേശിപ്പിച്ചു.  നീ കഅ്ബയില്‍ നിസ്‌കരിക്കാനുദ്ദേശിച്ചാല്‍ ഹിജ്‌റില്‍ നിസ്‌കരിക്കുക. കാരണം, അത് കഅ്ബാലയത്തിന്റെ ഭാഗമാണ്(തുര്‍മുദി). ഒരിക്കല്‍ അവിടുന്ന് പറഞ്ഞു: 'ആയിശ നീ ഒരു കാരക്കയുടെ ചീള്‌കൊണ്ടാണെങ്കിലും നരകത്തില്‍ നിന്ന് മറതേടുക.(അഹ്്മദ്)

വിയോഗം

       ഹിജ്‌റ:58 റമളാന്‍17 തിങ്കളാഴ്ച്ച വിത്ര്‍ നിസ്‌കാരാനന്തരം 67 ാമത്തെ വയസ്സില്‍ ഈലോകത്തോട് വിടപറഞ്ഞു. മദീനയിലെ അന്നത്തെ ഗവര്‍ണര്‍ അബൂഹുറൈറ(റ) ജനാസ നിസ്‌കാരത്തിന് നേതൃത്വം നല്‍കി. ജന്നതുല്‍ ബഖീഇല്‍ മറവു ചെയ്യപ്പെട്ടു.

4. ഹസ്രത്ത് ഹഫ്‌സ (റ)


പിതാവ് : ഉമര്‍ ബ്‌നുല്‍ ഖത്വാബ്(റ)

മാതാവ് : ൈസന ബിന്‍ത് മളുഗൂന്‍

ജനനം : നുബുവത്തിന്റെ 5 വര്‍ഷം മുമ്പ്

കുടുബം : ഖുറൈശി ഗോത്രത്തിലെ അദിയ് വംശം

മുന്‍ ഭര്‍ത്താവ് : ഖുൈനസു ബ്‌നു ഹുദാഫ(റ)

വിവാഹം : ഹിജ്‌റ കഴിഞ്ഞ് 2 വര്‍ഷവും ആറ് മാസവുമായപ്പേള്‍

മഹര്‍        : 400 ദിര്‍ഹം

60 ഹദീസ് നിവേദനം ചെയ്തു

വഫാത്ത് : ഹിജ്‌റ 45 ശഅബാന്‍

അന്ത്യവിശ്രമം : ജന്നത്തുല്‍ ബഖീഅ്


        വിശ്വാസികളുടെ മാതാവാകാന്‍ അല്ലാഹു തെരഞ്ഞെടുത്തവരില്‍ പ്രമുഖ വനിതയാണ് ഉമര്‍(റ)വിന്റെ പുത്രി ഹഫ്‌സ(റ). ആദ്യ ഭര്‍ത്താവ് ഖുൈനസ്(റ) എത്യോപ്യയിലേക്ക് പാലായനം ചെയ്ത ആദ്യകാല അനുയായികളില്‍ ഒരാളായിരുന്നു. ഉഹ്ദു യുദ്ധത്തില്‍ മുറിവേറ്റ അദ്ദേഹം താമസിയാതെ പരലോകം പ്രാപിച്ചു. അന്ന് ഹഫ്‌സ(റ) വിന് 18 വയസ്സ് പ്രായം.

       തന്റെ മകള്‍ക്ക് ജീവിതം നല്‍കാന്‍ അനിയോജ്യനായ വരനെ കണ്ടുപിടിക്കാന്‍ ഉമര്‍(റ) അന്വേഷണമാരംഭിച്ചു. ഉസ്മാന്‍ ബ്‌നു അഫ്ഫാന്‍(റ), അബൂബക്കര്‍(റ) എന്നിവരെ സമീപിച്ചു. അവരില്‍ നിന്നും അനുകൂലമായ മറുപടി ലഭിക്കാത്തത് അദ്ദേഹത്തിന് കൂടുതല്‍ അസ്വസ്ഥതയുണ്ടാക്കി. നബി(സ) അദ്ദേഹത്തെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു: ഹഫ്‌സയെ ഉസ്മാനെക്കാള്‍ ശ്രേഷ്ഠനായ ഒരാള്‍ വിവാഹം ചെയ്യും. ഉസ്മാന്‍ ഹഫ്‌സയെക്കാള്‍ ശ്രേഷ്ഠയായ ഒരാളേയും വിവാഹം ചെയ്യും.

        നബി(സ)യുടെ പ്രവചനം പുലര്‍ന്നു. ഹഫ്‌സ(റ)നെ നബി(സ) വിവാഹം ചെയ്തു. ഉസ്മാന്‍(റ) പ്രവാചക പുത്രി ഉമ്മുകുല്‍സൂം(റ)നെയും. അബൂബക്കര്‍(റ)ന് ശേഷം ഏറ്റവും അടുത്ത അനുയായി ഉമര്‍(റ)ന്റെ പുത്രിയെ വിവാഹംചെയ്തതിലൂടെ വിധവ സംരക്ഷണം മാത്രമല്ല കൂട്ടുകാരനുമായുള്ള ബന്ധം ദൃഢമാക്കാനും ഖുറൈശികളിലെ അദ്യ്യ് വംശവുമായി കൂടുതല്‍ അടുക്കാനും കഴിഞ്ഞു.

         ഹഫ്‌സ(റ), ആയിശ(റ) എന്നിവരുമായി ബന്ധപ്പെട്ടാണ് സൂറത്തുത്തഹ്‌രീമിലെ പ്രഥമ സൂക്തങ്ങള്‍ അവതരിച്ചത്. ബുഖാരി ഇമാം(റ) ആയിശ(റ) യില്‍ നിന്ന് നവേദനം ചെയ്യുന്നു: നബി(സ) സൈനബ് ബിന്‍തു ജഹ്ശിന്റെയടുത്ത് വരികയും അവിടെ നിന്ന് തേന്‍ കുടിക്കുകയും ചെയ്യുമായിരുന്നു. അപ്പോള്‍ ഞാനും ഹഫ്‌സയും കൂടി ഒരു തീരുമാനമെടുത്തു. അവിടുന്ന് ഞങ്ങളില്‍ ആരുടെയടുത്ത് കടന്നുവന്നാലും അങ്ങ് എന്തോ വാസനയുള്ള വസ്തു ഭക്ഷിച്ചുവെന്ന് പറയുക. അങ്ങനെ നബി(സ) കടന്നുവന്നപാടെ അപ്രകാരം പറഞ്ഞു. അവിടുന്ന് പറഞ്ഞു: ഇല്ല, പക്ഷേ ഞാന്‍ സൈനബ് ബിന്‍ത് ജഹ്ശിന്റെ അടുത്ത് നിന്ന് തേന്‍ കുടിച്ചിരിക്കുന്നു. ഇനി ഞാന്‍ അപ്രകാരം ചെയ്യില്ല. തദവസരത്തില്‍ 'നബിയേ തങ്ങള്‍ക്ക് അനുവദിക്കപ്പെട്ടത് എന്തിന് നിഷിദ്ധമാക്കുന്നു' വെന്ന് തുടങ്ങിയ ഖുര്‍ആന്‍ സൂക്തം അവതരിച്ചു.(ബുഖാരി)

പ്രവാചക പത്‌നിമാരില്‍ ആയിശ(റ), ഹഫ്‌സ(റ) എന്നിവര്‍ക്കിടയില്‍ ശക്തമായ ബന്ധമുണ്ടായിരുന്നുവെന്ന് മേല്‍ സംഭവം വ്യക്തമാക്കുന്നു. എന്നാല്‍ വിശ്വാസികള്‍ക്ക് മാതൃകയാകുംവിധം അവരെ നബി(സ) സംസ്‌കരിച്ചെടുക്കുകയായിരുന്നു. പണ്ഡിതയും ഭക്തയുമായിരുന്ന ഹഫ്‌സ(റ) ഹിജ്‌റ 45 ശഅബാനില്‍ 63-ാം വയസ്സില്‍ വഫാത്തായി. ജന്നതുല്‍ ബഖീഇലാണ് ആന്ത്യവിശ്രമം.

5. ഹസ്രത്ത് സൈനബ (റ)


പിതാവ് : ഖുസൈമത്ത് ബ്‌നു ഹാരിസ്

മാതാവ് : ഔഫിന്റെ പുത്രി ഹിന്ദ്

കുടുംബം : ഹിലാല്‍ ഗോത്രം

ജനനം : നുബുവ്വത്തിന്റെ 14 വര്‍ഷം മുമ്പ്

സ്ഥാനപ്പേര്  : ഉമ്മുല്‍ മസാക്കിന്‍(ദരിദ്രരുടെ മാതാവ്)

മുന്‍ഭര്‍ത്താക്കന്മാര്‍ : ത്വുഫൈലു ബ്‌നു ഹാരിസ്, ഉബൈദ് ബ്‌നു ഹാരിസ്(റ), അബ്ദുല്ലാഹ ബ്‌നു ജഹ്ശ്(റ)

വിവാഹം : ഹിജ്‌റ മൂന്നാം വര്‍ഷം റമളാനില്‍

മഹ്ര്‍  : 500 ദിര്‍ഹം

വിയോഗം : ഹിജ്‌റ 3

           ദാരിദ്ര്യമനുഭവിക്കുന്ന വിഭാഗങ്ങളോട് നന്മയും കാരുണ്യവും വര്‍ദ്ധിപ്പിച്ചതിനാല്‍ ഉമ്മുല്‍ മസാകീന്‍ (ദിരദ്രരുടെ മാതാവ്) എന്ന അപര നാമത്തില്‍ അറിയപ്പെട്ട സൈനബ്(റ)ന് തന്റെ ജീവിതസായാഹ്‌നത്തില്‍ വിശ്വാസികളുടെ മാതാവാകാന്‍ അല്ലാഹു അനുഗ്രഹിച്ചു.

           ആദ്യ ഭര്‍ത്താവ് ത്വുഫൈല്‍ വിവാഹമോചനം നടത്തി. ശേഷം ഉബൈദുബ്‌നു ഹാരിസ്(റ) വിവാഹം ചെയ്തു. അവര്‍ ബദ്‌റില്‍ രക്തസാക്ഷിയായി. ശേഷം അബ്ദുല്ലാഹിബ്‌നു ജഹ്ശ്(റ) വിവാഹം ചെയ്തു. അദ്ദേഹം ഉഹ്ദ് യുദ്ധത്തില്‍ ശഹീദായി. ശേഷം മഹതിക്ക് അവലംബമായത് നബി(സ)യാണ്. ഹിജ്‌റയുടെ മൂന്നാം വര്‍ഷം റമളാനില്‍ ആയിരുന്നു വിവാഹം. മൂന്ന് മാസങ്ങള്‍ക്ക് ശേഷം മുപ്പതാം വയസ്സില്‍ മഹതി വഫാത്തായി. നബി(സ) ജനാസ നിസ്‌കരിച്ച ഏക പത്‌നി സൈനബ് (റ) ആണ്. നബി(സ)യുടെ ഭാര്യമാരില്‍ നിന്ന് ജന്നതുല്‍ ബഖീഇല്‍ ആദ്യമായി മറവ് ചെയ്യപ്പെട്ടത് മഹതിയെയാണ്. നബി(സ)യുടെ മാതൃക പിന്തുടര്‍ന്ന് യുദ്ധത്തില്‍ ഭര്‍ത്താക്കന്മാര്‍ നഷ്ടപ്പെട്ട് വിധവകളായ സ്ത്രീകളെ വിവാഹം ചെയ്യാന്‍ സ്വഹാബികള്‍ രംഗത്തു വന്നു എന്നത് ഈ വിവാഹത്തിന്റെ വലിയ ഗുണഫലമാണ്.

6. ഹസ്രത്ത് ഉമ്മുസല്‍മ(ഹിന്ദ്) (റ)

പിതാവ് : മുഗീറയുടെ പുത്രന്‍ അബൂ ഉമയ്യ

മാതാവ് : ആമിന്റെ പുത്രി ആതിഖ

കുടുംബം : ഖുറൈശി ഗോത്രത്തിലെ ബനൂ മഖ്‌സൂം വംശം

ജനനം : ഹിജ്‌റയുടെ 23 വര്‍ഷം മുമ്പ്

മുന്‍ഭര്‍ത്താക്കന്മാര്‍ : അബ്ദുല്ലാഹിബ്‌നു അബ്ദില്‍ അസദ്(റ) (അബൂ സലമ)

മക്കള്‍ : സലമ, ഉമര്‍, ദുര്‍റ, സൈനബ്.

328 ഹദീസുകള്‍ നിവേദനം ചെയ്തു.

വഫാത്ത് : ഹിജ്‌റ 61-ല്‍ (84 വയസ്സ്)

അന്ത്യവിശ്രമം : ജന്നത്തുല്‍ ബഖീഅ്

   ആദ്യ കാലത്ത് ഭര്‍ത്താവ് അബൂസലമ(റ)യുടെ കൂടെ എത്യോപ്യയിലേക്ക് ഹിജ്‌റ പോയ ഉമ്മുസലമ(റ), പിന്നീട് ഭര്‍ത്താവിന്റെ കൂടെ മദീനയിലേക്ക് ഹിജ്‌റ പോകുമ്പോള്‍ ശത്രുക്കള്‍ പിടിച്ച് വെച്ചു. എന്നാല്‍ തന്റെ പിഞ്ചു മകനെയുമെടുത്ത് ആത്മധൈര്യത്തോടെ മഹതി തനിച്ച് ഹിജ്‌റ പോയി. മദീനയിലേക്ക് ഹിജ്‌റ പോയ പ്രഥമ വനിതയാണ് മഹതി. അല്ലാഹുവിന്റെ വഴിയില്‍ എന്തു ത്യാഗം സഹിക്കാനും മഹതി തയ്യാറായിരുന്നു.

         അബൂസലമ(റ)യോടൊന്നിച്ചുള്ള ദാമ്പത്യ ജീവിതം അധികം നീണ്ടുനിന്നില്ല. ഒരിക്കല്‍ അബൂസലമ(റ) പറഞ്ഞു. ഞാന്‍ ആദ്യം മരിക്കുകയായിരുന്നുവെങ്കില്‍ നീ പുതിയ വിവാഹം ചെയ്യണം. അദ്ദേഹം പ്രാര്‍ത്ഥിച്ചു: 'അല്ലാഹുവേ എനിക്ക് ശേഷം ഉമ്മുസലമക്ക് എന്നേക്കാള്‍ ശ്രേഷ്ടനായ, അവളെ ഉപദ്രവിക്കുകയോ ദു:ഖിപ്പിക്കുകയോ ചെയ്യാത്ത ഒരു ഭര്‍ത്താവിനെ നല്‍കേണമേ'.

          ഉഹ്ദ് യുദ്ധത്തില്‍ സാരമായ പരുക്ക് പറ്റിയ അബൂസലമ(റ) ഏതാനും മാസങ്ങള്‍ക്കകം ഈ ലോകത്തോട് വിടപറഞ്ഞു. അല്ലാഹു തആലാ അബൂസലമ(റ)യുടെ പ്രാര്‍ത്ഥനക്ക് ഉത്തരം നല്‍കി. അബൂസലമയേക്കാള്‍ ശ്രേഷ്ടനായ ഒരാളെ എനിക്കെവിടെ നിന്ന് കിട്ടുമെന്ന വ്യാകുലത അതോടെ അവസാനിച്ചു.

           മഹതിയുടെ ഇദ്ദ കഴിഞ്ഞ ശേഷം ഒരുദിവസം നബി(സ) കടന്നുവന്നു.  എന്നോട് വിവാഹാഭ്യര്‍ത്ഥന നടത്തി. ഉമ്മുസലമ(റ) പറഞ്ഞു: അല്ലാഹുവിന്റെ റസൂലെ ഞാന്‍ എങ്ങനെയാണ് അങ്ങയെ ആഗ്രഹിക്കാതിരിക്കുക? പക്ഷേ ഞാന്‍ ഈര്‍ഷ്യതയുള്ള സ്ത്രീയാണ്. അങ്ങയ്ക്ക് ഇഷ്ടമില്ലാത്ത വല്ലതും എന്നില്‍ നിന്ന് സംഭവിക്കുമോയെന്ന് ഞാന്‍ ഭയപ്പെടുന്നു. മാത്രമല്ല ഞാന്‍ പ്രായമായ സ്ത്രീയാണ്, എനിക്ക് സന്താനങ്ങളുമുണ്ട്.

          അപ്പോള്‍ നബി(സ)പറഞ്ഞു: നീ പറഞ്ഞ ഈര്‍ഷ്യത അല്ലാഹു നീക്കിക്കളയുന്നതാണ്. പ്രായത്തിന്റെ കാര്യമാണെങ്കില്‍ എനിക്കും പ്രായമായിട്ടുണ്ട്. നിന്റെ സന്താനങ്ങള്‍ എന്റെയും സന്താനങ്ങളാണ്. ഉമ്മുസലമ(റ) പറഞ്ഞു: ഞാന്‍ അല്ലാഹുവിന്റെ റസൂലിന് സമ്മതം നല്‍കിയിരിക്കുന്നു. അതോടെ എനിക്ക് അല്ലാഹു അബൂസലമയെക്കാള്‍ ശ്രേഷ്ടനായ റസൂലിനെ പകരം തന്നു. മഹതിയുടെ മകനാണ് നബി(സ) യുടെ നിര്‍ദേശപ്രകാരം നബി(സ)ക്ക് വിവാഹം ചെയ്തുകൊടുത്തത്.

          അനാഥ സംരക്ഷണം, വിധവാ സംരക്ഷണം, ബനൂ മഖ്‌സൂം ഗോത്രവുമായുള്ള ബന്ധം ദൃഢമാക്കല്‍, ബുദ്ധിയും കാര്യശേഷിയുമുള്ള ഉത്തമ വനിതയെ വിശ്വാസികള്‍ക്ക് മാതൃകയാക്കി സംസ്‌കരിച്ചെടുക്കല്‍ എന്നിവയെല്ലാം മഹതിയുമായുള്ള വിവാഹത്തിന്റെ സവിശേഷഗുണങ്ങളാണ്. പല നിര്‍ണായക ഘട്ടങ്ങളിലും ഉമ്മുസലമ(റ) യുടെ അഭിപ്രായം നബി(സ) സ്വീകരിച്ചിരുന്നു. ഹുദൈബിയ്യ സന്ധിയെ തുടര്‍ന്ന് ബലിയറുക്കാനും മുടി കളയാനും നബി(സ) നിര്‍ദ്ദേശിച്ചപ്പോള്‍ സ്വഹാബികള്‍ നിശബ്ദരായി സ്തംഭിച്ചുനിന്നു. വളരെ ആവേശത്തോടെ ത്വവാഫും മറ്റു കര്‍മങ്ങളും ചെയ്യാന്‍ മക്കയില്‍ പ്രവേശിക്കാനുള്ള ആഗ്രഹം ഹുദൈബിയ്യാ സന്ധിയോടെ വിഫലമായി. നബി(സ) ഉമ്മുസലമ(റ)യുടെ അടുത്തെത്തിയപ്പോള്‍ മുഖത്ത് പ്രകടമായ മനഃപ്രയാസം കണ്ട് കാര്യമന്വേഷിച്ചു. സംഭവം ഉള്‍കൊണ്ട ഉമ്മുസലമ(റ) പറഞ്ഞു: നബിയേ, അങ്ങ് പുറത്തിറങ്ങി സ്വന്തം ബലിമൃഗത്തെ അറുക്കുകയും ആളെ വിളിച്ച് സ്വന്തം മുടി കളയുകയും ചെയ്യുക. ആരോടും ഒന്നും പറയേണ്ടതില്ല. നബി(സ)യുടെ പ്രവര്‍ത്തി കണ്ട സ്വഹാബികള്‍ ഉടനെ നബി(സ)യെ പിന്തുടര്‍ന്ന് ബലിയറുക്കാനും മുടി കളയാനും മത്സരിച്ചു. സംശയ നിവാരണത്തിന് സ്വഹാബാക്കളും മറ്റും മഹതിയെ സമീപിക്കാറുണ്ടായിരുന്നു.

           പ്രവാചക പത്‌നിമാരില്‍ ഏറ്റവും അവസാനം വിടപറഞ്ഞത് ഉമ്മുസലമ(റ)യാണ്. 84 വയസ്സായപ്പോള്‍ ഹിജ്‌റ 61 ല്‍ ജന്നതുല്‍ ബഖീഇല്‍ മറവു ചെയ്യപ്പെട്ടു.

7. ഹസ്രത്ത് സൈനബ് ബിന്‍തു ജഹശ് (റ)


പിതാവ് : റിആബിന്റെ പുത്രന്‍ ജഹ്ശ്

മാതാവ് : ഉമൈമ ബിന്‍തു അബ്ദില്‍ മുത്വലിബ്

കുടുംബം : ബനൂ അസദ് ഗോത്രം

മുന്‍ ഭര്‍ത്താവ് : സൈദു ബ്‌നു ഹാരിസ്

മഹ്ര്‍        : 400 ദിര്‍ഹം

വഫാത്ത്  : ഹിജ്‌റ 20-ാം വര്‍ഷം, 53-ാം വയസ്സില്‍

10 ഹദീസ് നിവേദനം ചെയ്തു.

അന്ത്യവിശ്രമം : ജന്നതുല്‍ ബഖീഅ്


  വിശുദ്ധ ഖുര്‍ആന്‍ നേരില്‍ നടത്തിയ വിവാഹത്തിന് ഭാഗ്യം ലഭിച്ച മഹതിയാണ് സൈനബ് ബിന്‍തു ജഹ്ശ്(റ). പ്രവാചക പത്‌നിമാരോട് അഭിമാനം പ്രകടിപ്പിച്ചുകൊണ്ട് മഹതി ഇപ്രകാരം പറയാറുണ്ടായിരുന്നു; 'നിങ്ങളെയെല്ലാം വിവാഹം ചെയ്തുകൊടുത്തത് നിങ്ങളുടെ കുടുംബക്കാരാണ് എന്നെ വിവാഹം ചെയ്തുകൊടുത്താതാകട്ടെ ഏഴ് ആകാശങ്ങളുടെ ഉപരിഭാഗത്ത് നിന്ന് അല്ലാഹുവാണ്(ബുഖാരി).

          ഖുര്‍ആനില്‍ പേര് പറയപ്പെട്ട ഏക സ്വഹാബി സൈദ്(റ) ആണ്. സൈദ്(റ)ന് സൈനബ്(റ)യെ വിവാഹം ചെയ്തു കൊടുക്കുന്നതില്‍ സഹോദരന്‍ അബ്ദുല്ലാഹി ബ്‌നു ജഹ്ശ്(റ) അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തന്റെ വളര്‍ത്തു പുത്രനായ സൈദ്(റ)വിന് മഹതിയെ വിവാഹം ചെയ്തുകൊടുത്തുവെങ്കിലും വൈയക്തികമായ കാരണത്താല്‍ ആ ദാമ്പത്യജീവിതം വിജയിച്ചില്ല. അങ്ങനെ സൈദ്(റ) സൈനബ്(റ)യെ വിവാഹ മോചനം ചെയ്തു.

          ദത്തുപുത്രന്മാരെ സ്വന്തം മക്കളായി കണക്കാക്കിയിരുന്ന ആറാം നൂറ്റാണ്ടിലെ അറബികള്‍ ദത്തുപുത്രന്‍ വിവാഹ മോചനം നടത്തിയ സ്ത്രീയെ വിവാഹം ചെയ്തിരുന്നില്ല. വിവാഹ ബന്ധം നിഷിദ്ധമായവരുടെ പട്ടികയിലാണവളെ അവര്‍ ഉള്‍പ്പെടുത്തിയത്. ഈ അനാചാരത്തിന് അറുതി വരുത്തിക്കൊണ്ട് ഖുര്‍ആന്‍ പ്രഖ്യാപിച്ച പോലെ നബി(സ) ദത്തുപുത്രനായ സൈദ്(റ) വിവാഹമോചനം നടത്തിയ സൈനബ്(റ)യെ വിവാഹം ചെയ്തു.

          ഖുര്‍ആന്‍ പറഞ്ഞു: 'അല്ലാഹുവും അങ്ങയും അനുഗ്രഹം ചെയ്ത്‌കൊടുത്ത വ്യക്തിയോട് അങ്ങ് നിന്റെ ഭാര്യയെ നീ നിലനിര്‍ത്തുകയും അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുകയെന്ന് പറഞ്ഞ സന്ദര്‍ഭം! അല്ലാഹു പരസ്യപ്പെടുത്താന്‍ പോകുന്ന കാര്യം നിങ്ങള്‍ ഹൃദയത്തില്‍ മറച്ചുവെക്കുന്നു. നിങ്ങള്‍ ജനങ്ങളെ ഭയപ്പെടുന്നു. ഭയപ്പെടേണ്ടത് അല്ലാഹുവിനെയാണ്. സൈദ് അവളില്‍ നിന്ന് ആവശ്യം നിര്‍വഹിച്ചുകഴിഞ്ഞപ്പോള്‍ നാം തന്നെ അവളെ വിവാഹം ചെയ്തുതന്നു. സ്വന്തം ദത്ത്പുത്രന്മാര്‍ അവരെ ഭാര്യമാരില്‍  നിന്ന് ആവശ്യം നിര്‍വഹിച്ച ശേഷം സത്യവിശ്വാസികള്‍ക്ക് അവരില്‍ തടസ്സം ഉണ്ടാകാതിരിക്കാന്‍ വേണ്ടി.'

   'മുഹമ്മദ് നബി(സ) നിങ്ങളുടെ പുരുഷന്മാരില്‍ ആരുടെയും പിതാവല്ല. പ്രത്യുത അല്ലാഹുവിന്റെ ദൂതരും പ്രവാചകരുടെ പരിസമാപ്തിയുമാണ്. അല്ലാഹു എല്ലാ കാര്യങ്ങളെ കുറിച്ചും അറിയുന്നവനാണ്' (അഹ്‌സാബ് 37-40).
       
           നബി (സ) ഏറ്റവും വിപുലമായ വിവാഹ സദ്യ നടത്തിയത് സൈനബ(റ)ക്ക് വേണ്ടിയായിരുന്നു. ഉല്‍കൃഷ്ട സ്വഭാവ ഗുണങ്ങളുടെ ഉടമയായിരുന്നു സൈനബ(റ). ദരിദ്രരുടെ അവലംബമായിരുന്നു. ' നിങ്ങളുടെ കൂട്ടത്തില്‍ കൈ കൂടുതല്‍ നീളമുള്ളവള്‍ ആദ്യം എന്നോട് ചേരുമെന്ന് നബി (സ)  പറഞ്ഞപ്പോള്‍ അവര്‍ പരസ്പ്പരം കൈ ഒപ്പിച്ചു നോക്കാറുണ്ടായിരുന്നു. എന്നാല്‍ സൈനബ് (റ)ആണ് ആ കൈ നീളമുള്ളവള്‍. കാരണം അവര്‍ സ്വന്തം കൈകൊണ്ട് ആധ്വാനിക്കുകയും ഉദാരമായി ദാനം ചെയ്യുകയും ചെയ്യുമായിരുന്നു' (മുസ്്‌ലിം). പ്രവാചക പത്‌നിമാരില്‍ സൈനബ(റ) ആണ് അവിടുത്തെ വിയോഗത്തിന് ശേഷം ആദ്യം വഫാത്തായത്. ഹിജ്‌റ 20-ാം വര്‍ഷം 53ാം വയസ്സില്‍. ജന്നതുല്‍ ബഖീഇല്‍ അന്ത്യവിശ്രമം കൊള്ളുന്നു.

8. ഹസ്രത്ത് ജുവൈരിയ്യ ബിന്‍തുല്‍ ഹാരിസ് (റ)

പിതാവ്        : ഹാരിസ് ബ്‌നു ളിറാര്‍

കുടുംബം      : ഖുസാഅത്ത് ഗോത്രത്തിലെ മുസ്ഥലഖ് വംശം

മുന്‍ ഭര്‍ത്താവ്  : സ്വഫ്‌വാന്‍

വിവാഹം        : ഹിജ്്‌റ 5 ാം വര്‍ഷം

മഹ്ര്‍              :  400 ദിര്‍ഹം

വഫാത്ത്          : ഹിജ്‌റ 56 , 70 ാം വയസ്സില്‍

7 ഹദീസുകള്‍ നിവേദനം ചെയ്തു.


          ബനുല്‍ മുസ്ഥലഖ് ഗോത്രത്തില്‍ യുദ്ധതടവുകാരായി പിടിക്കപ്പെട്ട ജുവൈരിയ്യ(റ) ഗോത്ര തലവന്‍ ഹാരിസിന്റെ മകളാണ്. നബി(സ) മഹതിയെ മോചിപ്പിച്ച് വിവാഹം ചെയ്തപ്പോള്‍ നബി(സ) യുടെ ബന്ധുക്കള്‍ എന്ന നിലയില്‍ മറ്റുള്ളവരെ സ്വഹാബത്ത് മോചിപ്പിച്ചു. അങ്ങനെ ആ ഗോത്രത്തിന്റെ ശാരീരികവും ആത്മീയവുമായ മോചനത്തിന് ജുവൈരിയ്യ(റ) കാരണമായി. മകളെ ആവശ്യപ്പെട്ട് മദീനയിലെത്തിയ പിതാവ് ഹാരിസ്(റ)ന്റെ കൂടെ പോകാനും തന്റെ കൂടെ ജീവിക്കാനും നബി(സ) ജുവൈരിയ്യ(റ)ക്ക് സ്വാതന്ത്ര്യം നല്‍കി. മഹതി നബി(സ)യോട് കൂടെ ജീവിക്കാനാണ് തീരുമാനിച്ചത്. ഇതറിഞ്ഞ പിതാവും മുസ്്‌ലിമായി. സത്യത്തില്‍ ഈ പദവി ജുവൈരിയ്യ(റ) മുമ്പ് കണ്ട സ്വപ്‌നത്തിന്റെ സാക്ഷാല്‍ക്കാരമായിരുന്നു. യസ്‌രിബിന്റെ ഭാഗത്ത് നിന്ന് ചന്ദ്രന്‍ സഞ്ചരിച്ച് വന്ന് എന്റെ മടിയില്‍ വന്ന് വീണതായിട്ട് ബനുല്‍ മുസ്ഥലഖ് യുദ്ധത്തിന്റെ മൂന്ന്  ദിവസം മുമ്പ് മഹതി സ്വപ്‌നം കണ്ടിരുന്നു. ഹിജ്‌റ 56 ാം വര്‍ഷം 70 ാം വയസ്സില്‍ വഫാത്തായി. ജന്നതുല്‍ ബഖീഇല്‍ മറവ്‌ചെയ്യപ്പെട്ടു.

9. ഹസ്രത്ത് സ്വഫിയ്യ ബിന്‍തു ഹുയയ്യ് (റ)


പിതാവ് : ഹുയയ്യ് ബ്‌നു അഖ്തബ്

മാതാവ് : ബര്‍റ

കുടുംബം : ബനൂ നളീര്‍

വിവാഹം : ഹിജ്‌റ 7 ാം വര്‍ഷം 17 ാം വയസ്സില്‍

മുന്‍ ഭര്‍ത്താക്കന്മാര്‍ : സലാം, കിനാന

വഫാത്ത് : ഹിജ്‌റ 50 ല്‍ 60 ാം വയസ്സില്‍

10 ഹദീസുകള്‍ നിവേദനം ചെയ്തു



  ഖൈബര്‍ യുദ്ധത്തില്‍ ബന്ധിയാക്കപ്പെട്ട  സ്വഫിയ്യ(റ) പ്രസിദ്ധ ജൂത കുടുംബമായ ബനൂനളീര്‍ ഗോത്രത്തലവന്‍ ഹുയയ്യിന്റെ മകളാണ്. നബി(സ) അവരെ സ്വതന്ത്രരാക്കി വിവാഹം ചെയ്തു. അറബികളുടേതല്ലാത്ത ഗോത്രത്തില്‍ നിന്നുള്ള ആദ്യ വിവാഹമാണിത്. ഉന്നത തറവാടുകാരിയും ഗോത്രത്തലവന്റെ മകളുമായ സ്വഫിയ്യ(റ)യെ അടിമ സ്ത്രീയാക്കി വെക്കുന്നത് ഉചിതമല്ലെന്ന് മനസ്സിലാക്കയ നബി(സ)  മഹതിക്ക് അര്‍ഹിക്കുന്ന പദവി നല്‍കി അവരെ സ്വതന്ത്രയാക്കി.

         സ്വഫിയ്യ(റ)യുടെ സമ്മത പ്രകാരം നബി(സ) മഹതിയെ വിവാഹം ചെയ്തു. പൂര്‍ണ്ണ ചന്ദ്രന്‍ തന്റെ മടിയില്‍ വീണതായി മഹതി സ്വപ്‌നം കണ്ട സംഭവം ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍ വ്യാഖ്യാനം മനസ്സിലാക്കിയ ഭര്‍ത്താവ് മുഖത്തടിച്ച കാര്യം മഹതി അനുസ്മരിക്കാറുണ്ടായിരുന്നു. സ്വപ്‌ന സാക്ഷാല്‍കാരം കൂടിയായിരുന്നു വിശ്വാസികളുടെ മാതാവെന്ന പദവി.

  ഒരിക്കല്‍ മറ്റു ഭാര്യമാര്‍ താമാശക്ക് നബി(സ) യുമായുള്ള അവരുടെ കുടുംബ ബന്ധം പറഞ്ഞു മഹതിയെ കളിയാക്കി. നബി(സ) കടന്നുവന്നപ്പോള്‍ സ്വഫിയ്യ(റ) കരയുകയായിരുന്നു. മഹതി സംഭവം വിശദീകരിച്ചു. അപ്പോള്‍ നബി(സ) പറഞ്ഞു: 'ഇതിന് നീ കരയണോ എന്റെ പിതാവ് ഹാറൂനും പിതൃവ്യന്‍ മൂസയും ഭര്‍ത്താവ് മുഹമ്മദ്(സ)യും ആണെന്ന് നിനക്ക് പറഞ്ഞുകൂടായിരുന്നോ?'   ഹിജ്‌റ 50 ല്‍ 60 ാം വയസ്സില്‍ വഫാത്തായി. ജന്നതുല്‍ ബഖീഇല്‍ അന്ത്യവിശ്രമം കൊള്ളുന്നു.

10. ഉമ്മു ഹബീബ(റംല) ബിന്‍തു അബീ സുഫിയാന്‍ (റ)


പിതാവ് : അബൂ സുഫ്‌യാന്‍(റ)

മാതാവ് : സ്വഫിയ്യ

കുടുംബം : ഖുറൈശി ഗോത്രത്തിലെ ഉമയ്യ

ജനനം :  നുബുവ്വത്തിന്റെ 17 വര്‍ഷം മുമ്പ്

ആദ്യ ഭര്‍ത്താവ്: ഉബൈദുല്ലാഹി ബ്‌നു ജഹ്ശ്

മകള്‍  : ഹബീബ

മഹര്‍  : 400 ദീനാര്‍

വഫാത്ത് : ഹിജ്‌റ 44 ല്‍ 73 ാം വയസ്സില്‍

 ഇസ്്‌ലാമിന്റെ കഠിന ശത്രുവായിരുന്ന, ഖുറൈശികളുടെ നേതാവ് അബൂ സുഫ്‌യാന്റെ പുത്രി ഉമ്മുഹബീബ ആദ്യകാലത്ത് ഇസ്്‌ലാമിലേക്ക് കടന്നുവന്ന മഹതിയാണ്. ആദര്‍ശ സംരക്ഷണത്തിന് ഭര്‍ത്താവ് ഉബൈദുല്ലായുടെ കൂടെ എത്യോപ്യയിലേക്ക് ഹിജ്‌റ പോയി. പക്ഷെ ഭര്‍ത്താവ് അവിടെ നിന്ന് ക്രിസ്തു മതം സ്വീകരിച്ചു. അവിടെ പിറന്ന ഹബീബയെന്ന പെണ്‍കുട്ടിയും മഹതിയും ഭര്‍ത്താവില്‍ നിന്നും ഒറ്റപ്പെട്ട വിവരം നബി(സ)യെ വേദനിപ്പിച്ചു. ഉമ്മു ഹബീബ(റ)  തുടക്കം മുതല്‍ പ്രകടിപ്പിച്ച ആത്മ ധൈര്യത്തിനും ത്യാഗ സന്നദ്ധതക്കും അനുയോജ്യമായ രീതിയില്‍ നബി(സ) മഹതിയെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചു. ഇക്കാര്യം അംറുബ്‌നു ഉമയ്യ മുഖേന നജാശിയെ അറിയിച്ചു.

          400 ദീനാര്‍ മഹര്‍ നല്‍കിയതും വിവാഹ സദ്യ ഒരുക്കിയതും നാജാശി രാജാവ് തന്നെയായിരുന്നു. മാത്രമല്ല മദീനയിലേക്ക് പോകുന്നതിന്് ആവശ്യമായ യാത്ര സജ്ജീകരണങ്ങളും നജാശി ചെയ്തു കൊടുത്തു. ഈ സംഭവം കഠിന ശത്രുവായ അബൂ സുഫ്‌യാന് മാനസാന്തരമുണ്ടാക്കി. താമസിയാതെ മക്കാവിജയത്തോടെ തന്റെ മകള്‍ തിരഞ്ഞെടുത്ത സത്യസരണി അബൂസുഫ്‌യാന്‍(റ)വും തെരഞ്ഞെടുത്തു.

11. ഹസ്രത്ത് മൈമൂന ബിന്‍ത്തു ഹാരിസ് (റ)


പിതാവ് : ഹാരിസ്

മാതാവ് : ഹിന്ദ്

കുടുംബം : ഹിലാല്‍ ഗോത്രം

മുന്‍ ഭര്‍ത്താവ് : മസ്ഊദ് ബ്‌നു അംറ്, അസൂറഹ്്മ്

മഹ്ര്‍ : 400 ദിര്‍ഹം

വഫാത്ത് : ഹിജ്‌റ 50, 80ാം വയസ്സില്‍

അന്ത്യവിശ്രമം : സരിഫ്

76 ഹദീസുകള്‍ നിവേദനം ചെയ്തു.

   പ്രവാചക പത്‌നിമാരില്‍ ഏറ്റവും അവസാനം ആ പദവി ലഭിച്ചത് മൈമൂന(റ)ക്കായിരുന്നു. ഹിജ്‌റ 7 ാം വര്‍ഷം ഉംറ നിര്‍വ്വഹിക്കാന്‍ നബിയും സ്വഹാബികളും മക്കയിലേക്ക് പുറപ്പെട്ടു.  മക്കയില്‍ നിന്നുള്ള മടക്കയാത്രയില്‍ സരിഫ് എന്ന സ്ഥലത്തു നിന്നാണ് മധുവിധു ആഘോഷിച്ചത്. ഖുറൈശികളെ ഇസ്്‌ലാമിലേക്കാകര്‍ഷിക്കാന്‍ ഈ വിവാഹം കാരണമായി. ഇതിന് ശേഷമാണ് മഹാനായ ഖാലിദുബ്‌നുല്‍ വലീദ്(റ) മുസ്്‌ലിമായി മദീനയിലെത്തിയത്. ഹിജ്‌റ അമ്പതാം വര്‍ഷം സരിഫില്‍ വെച്ച് വഫാതായി സരിഫില്‍ അന്ത്യവിശ്രമം കൊള്ളുന്നു.

അവലംബം

 സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്്‌ലിം
 സീറതു ഇബ്‌നി ഹിശാം
 അല്‍ഹിദായതു വന്നിഹായ
 നൂറുല്‍ യഖീന്‍
 നൂറുല്‍ അബ്‌സ്വാര്‍




ivythemes

{facebook#https://fb.com/alathoorpadidars} {twitter#https://twitter.com/alathurpadidars} {google-plus#https://plus.google.com/+ALATHURPADIDARS} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://youtube.com/alathoorpadidars} {instagram#YOUR_SOCIAL_PROFILE_URL}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget