ഉസ്താദ് മൊയ്തീൻ കുട്ടി ഫൈസി വാക്കോട്
കെ.ടി.മാനു മുസ്ലിയാരുടെ വിയോഗത്തിന് ഒരു ദശകം പിന്നിട്ടിരിക്കുകയാണ്.പണ്ഡിതൻ,
സംഘാടകൻ,വാഗ്മി,എഴുത്തുകാരൻ, പത്രാധിപർ, മാപ്പിളകവി,വിദ്യാഭ്യാസ പ്രവർത്തകൻ,സ്ഥാപനസാരഥി എന്നീ നിലകളിലെല്ലാം സ്വതസിദ്ധമായ ഇടം അടയാളപ്പെടുത്തിയാണ് അദ്ദേഹം ചരിത്രത്തിന്റെ ഭാഗമായത്.
മലബാർ കലാപത്തിന്റെ കനലെരിയും കാലത്താണ് (1932) മാനു മുസ്ലിയാരുടെ ജനനം.കണക്കുതീർക്കാനാവാത്ത വിധം കലാപവിധേയമായിരുന്നു അദ്ദേഹത്തിന്റെ കുടുംബവും ദേശവും. ബാല്യത്തിലേ പിതാവ് നഷ്ടപ്പെട്ട അദ്ദേഹം ഉമ്മയുടെ കരുത്തിലും കരുതലിലുമാണ് വളർന്നത്.
കണ്ണത്ത് ബോർഡ് മാപ്പിള സ്കൂളിലാണ് പ്രാഥമിക മത-ഭൗതിക പഠനം പൂർത്തീകരിച്ചത്.കാട്ടുകണ്ടൻ കുഞ്ഞമ്മദ് മുസ്ലിയാരിൽ നിന്ന് ദർസ് പഠനം ആരംഭിച്ചു.അദ്ദേഹം കരുവാരക്കുണ്ട് വിട്ടപ്പോൾ തൽസ്ഥാനത്ത് അരിപ്ര സി.കെ.മൊയ്തീൻ ഹാജി നിയമിതനായി. ജ്ഞാനാന്വേഷണ സഞ്ചാരിയായ മൊയ്തീൻ ഹാജി മക്കയിലും മദീനയിലുമെല്ലാം പഠനം നടത്തിയിട്ടുണ്ട്. ഭുവനപ്രശസ്ത പണ്ഡിതരിൽ നിന്നും ആർജിച്ച അറിവ നുഭവ സമന്വിതമായിരുന്നു അദ്ദേഹത്തിന്റെ ദർസ്. മാനു മുസ്ലിയാർ ദർസ് പഠനകാലം പൂർത്തീകരിക്കുന്നത് അദ്ദേഹത്തിന്റെ ശിക്ഷണത്തിലാണ്. മാനു മുസ്ലിയാരിലെ പണ്ഡിതമികവിന്റെയും സംഘടനാപാടവത്തിന്റെയും പിന്നിലെ ചാലകശക്തി പ്രസ്തുത ദർസ് ആയിരുന്നു.
1955-ൽ ഉപരിപഠനത്തിന് വെല്ലൂർ ബാഖിയാത്തിൽ ചേർന്നു.
ശൈഖ് ആദം ഹസ്രത്ത്,അബൂബക്ർ ഹസ്രത്ത്, ശൈഖ് ഹസൻ ഹസ്രത്ത്, മംഗലം അബ്ദുൽ അസീസ് ഹസ്രത്ത്, മീറാൻ ഹസ്രത്ത് എന്നിവരായിരുന്നു ബാഖിയാത്തിലെ ഗുരുനാഥൻമാർ.
ദർസ് പഠനത്തോടൊപ്പം കണ്ണത്ത് ബോർഡ് മാപ്പിള സ്കൂളിൽ 'മാനുമൊല്ലാക്ക'യായി ചെറിയ കാലം അധ്യാപനം നടത്തിയിട്ടുണ്ട്. കണ്ണത്ത് ലിവാഉൽ ഹുദ മദ്റസയിൽ മുഅല്ലിമായും സേവനം ചെയ്തു.ഉപരിപഠന ശേഷം ദർസ് മേഖലയിലേക്ക് തിരിഞ്ഞു. 1957-ൽ ഇരിങ്ങാട്ടിരി ജുമുഅത്തു പള്ളിയിൽ അധ്യാപനം ആരംഭിച്ചു. തനിമ ചോരാതെ പുതുമയെ ഉൾകൊണ്ടായിരുന്നു ഇരിങ്ങാട്ടിരി ദർസ്. ശുദ്ധമലയാളത്തിൽ അധ്യാപനം,പാഠ്യപദ്ധതിക്കു പുറമെ യുള്ള അധികപഠനം,നിശ്ചിത സമയങ്ങളിലെ മൂല്യനിർണയം, അദ്കിയ,ബുർദ,ബാനത്ത് സുആദ, ഹംസിയ്യ തുടങ്ങിയ കാവ്യങ്ങൾക്ക് സ്വന്തമായി എഴുതിയ വ്യാഖ്യാനക്കുറിപ്പുകളെ ആധാരമാക്കിയുള്ള ക്ലാസുകൾ, കൈയെഴുത്ത് മാസിക തുടങ്ങിയവയെല്ലാം കെ.ടി.ഉസ്താദിന്റെ ദർസിനെ ആകർഷകമാക്കി.
ഇല്ലായ്മയുടെ നെരിപ്പോടിലിരുന്നാണ് കെ.ടി.ഉസ്താദ് സമുദായത്തിന്റെ ശോഭനമായ ഭാവിയെ സ്വപ്നം കാണുന്നത്.പ്രതികൂല സാഹചര്യങ്ങളിലും പ്രതീക്ഷയുടെ പ്രഭാ കിരണങ്ങളെ അദ്ദേഹം തുന്നിച്ചേർത്തു.പ്രാന്തവത്കൃതമായ ഒരു പ്രദേശത്തിന്റെയും ജനതയുടെയും ഉയർച്ച അദ്ദേഹത്തിന്റെ ലക്ഷ്യമായിരുന്നു. അതിജീവനത്തിന് വിദ്യയും സംഘബോധവുമാണ് ഫലപ്രദമെന്ന പാഠമാണ് കെ.ടി.ഉസ്താദ് പകർന്നു തന്നത്.പത്രവായന പതിവാക്കാൻ ചെറുപ്രായത്തിൽ കുഞ്ഞിമരക്കാർ മാസ്റ്റർ ഉസ്താദിനെ ഉപദേശിച്ചു. .ഭാഷ ശുദ്ധിയും ലോക പരിജ്ഞാനവും പരിപോഷിപ്പിക്കാൻ അത് സഹായകമായി. ചായ മക്കാനിയിലെ പത്രവായനാ കൂട്ടായ്മയിൽ നിന്നാണ് രണ്ടാം ലോകമഹായുദ്ധ വൃത്താന്തങ്ങൾ അദ്ദേഹം കേട്ടു ഗ്രഹിക്കുന്നത്.സാക്ഷരർക്ക് വോട്ടവകാശമുള്ള കാലത്ത് മലപ്പുറം ദ്വയാംഗ നിയോജക മണ്ഡലത്തിൽ സീതി സാഹിബിനും കൊയപ്പത്തൊടി അഹ്മദ് കുട്ടി ഹാജിക്കും അദ്ദേഹം വോട്ടു ചെയ്തിട്ടുണ്ട്. അന്നു പ്രായം പതിമൂന്ന് വയസ്സ് മാത്രം.
1952-ൽ കണ്ണത്തെ ഏതാനും ചെറുപ്പക്കാർ കെ.ടി.ഉസ്താദിന്റെ നേതൃത്വത്തിൽ സംഘടിച്ചു. ഒരു യുവ കൂട്ടായ്മക്ക് രൂപം നൽകി. അദ്ദേഹം തന്നെയായിരുന്നു പ്രസിഡണ്ട്.
ഉസ്താദ് മൊയ്തീൻ ഹാജിയാണ് പ്രസ്തുത കൂട്ടായ്മക്ക് ഹയാത്തുൽ ഇസ്ലാം എന്ന് പേരിട്ടത്. ഒരു വർഷം പിന്നിട്ടപ്പോൾ കൂട്ടായ്മയുടെ ഒന്നാം വാർഷികം ആഘോഷിക്കാൻ തീരുമാനിച്ചു.മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പ്രഭാഷണ പരമ്പരക്കാണ് രൂപം നൽകിയത്.പ്രഭാഷകരെ ക്ഷണിക്കാൻ ഒരു പാട് കിലോമീറ്റർ സൈക്കിളിലാണ് കെ.ടി.ഉസ്താദ് സഞ്ചരിച്ചത്. ഉച്ച ഭാഷിണി കൊണ്ടുവരാൻ
കോഴിക്കോടുപോയതും അദ്ദേഹം തന്നെ.ഹയാത്തുൽ ഇസ്‌ലാം ഒന്നാം വാർഷിക ഉപോത്പന്നമാണ് കണ്ണത്ത് ലിവാഉൽ ഹുദ മദ്റസ.പ്രാസ്ഥാനിക സംവിധാനങ്ങൾ പരിമിതമായിരുന്ന കാലത്ത് കരുവാരകുണ്ട് കേന്ദ്രീകരിച്ച് 1960-ൽ നിളാമുൽ ഉലമ എന്ന പണ്ഡിത കൂട്ടായ്മ രൂപീകരിച്ചു. ദർസുകളിൽ ഏകീകൃത പരീക്ഷ നടപ്പിലാക്കുക, നികാഹ്, ത്വലാഖ്, അനന്തരാവകാശം തുടങ്ങിയ വിഷയങ്ങളിലുണ്ടാകാവുന്ന പ്രശ്നങ്ങളിൽ യുക്തമായ തീരുമാനങ്ങളെടുക്കുക തുടങ്ങിയവയായിരുന്നു കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം.
മതരംഗത്തെന്ന പോലെ രാഷ്ട്രീയത്തിലും കെ.ടി.ഉസ്താദിന് വ്യക്തമായ വീക്ഷണമുണ്ടായിരുന്നു.
മുഖ്യധാരാ മുസ്ലിം രാഷ്ട്രീയ പ്രസ്ഥാനത്തോടായിരുന്നു അദ്ദേഹത്തിനു ആഭിമുഖ്യം. സയ്യിദൻമാരും പണ്ഡിതൻമാരും അണിനിരന്ന പ്രസ്ഥാനം എന്ന നിലയിലായിരുന്നു അത്.വണ്ടുരിൽ സംഘടിപ്പിക്കപ്പെട്ട രാഷ്ട്രീയ സമ്മേളനത്തിൽ സംബന്ധിക്കാൻ കാൽനടറാലിയിൽ പങ്കുചേർന്നതും ശൈഖ് ആദം ഹസ്രത്തിന്റെയും മറ്റും പ്രഭാഷണങ്ങൾ കേട്ട് പാതിരനേരത്ത് കരുവാരകുണ്ടിലേക്ക് മടങ്ങിയതുമെല്ലാം സാഭിമാനം അദ്ദേഹം ഓർക്കുന്നുണ്ട്; തന്റെ ആത്മകഥയിൽ. മുസ്ലിം രാഷ്ട്രീയ പ്രസ്ഥാനം യുവജന ഘടകത്തെ കുറിച്ച് ചിന്തിക്കും മുമ്പ് കരുവാരകുണ്ടിൽ മാനു മുസ്ലിയാർ യുവജന ലീഗ് രുപീകരിച്ച് മാതൃക തീർത്തിരുന്നു. യുവാക്കളെ സംഘടിപ്പിച്ചും വേദികെട്ടിയും പ്രസംഗിച്ചും പ്രയത്നിച്ച കെ.ടി.ഉസ്താദ് മൂല്യാധിഷ്ഠിത രാഷ്ട്രീയമാണ് ഉയർത്തിപ്പിടിച്ചത്. അതു കൊണ്ടു തന്നെ രാഷ്ട്രീയത്തിലെ മൂല്യ നിരാസത്തോട് വിസമ്മതിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
പാണ്ഡിത്യവും സംഘാടകമികവും പ്രഭാഷണ ചാരുതയും കെ.ടി.ഉസ്താദിന്റെ സമസ്തയിലെ വളർച്ചക്ക് വേഗത കൂട്ടി. 1967-ൽ വിദ്യാഭ്യാ ബോർഡ് ജനറൽ ബോഡി അംഗമായി.1970-ൽ മുശാവറയിൽ അംഗമാവുമ്പോൾ ഉസ്താദിന്റെ വയസ്സ് മുപ്പത്തിഎട്ടായിരുന്നു.1987-ൽ വിദ്യാഭ്യാ ബോർഡ് ജനറൽ സെക്രട്ടറിയായി ഉസ്താദിനെ നിർദേശിച്ചത് ശംസുൽ ഉലമയാണ്.
മത വിദ്യാഭ്യാരംഗത്ത് കെ.ടി.ഉസ്താദിന്റെ ഇടപെടലുകൾ സക്രിയവും കാലികവുമായിരുന്നു.
'സമുദായത്തിന്റെ വിദ്യാഭ്യാസ മന്ത്രി' എന്നാണ് ഒരു പ്രതിപക്ഷ പത്രം കെ.ടി.ഉസ്താദിന്റെ ഓർമക്കുറിപ്പിന് തലവാചകം നൽകിയത്.
എഴുപതുകളിൽ നൂരിശാ ത്വരീഖത്തും എൺപതുകളിൽ ശരീഅത്ത് വിവാദവും വിമത നീക്കവും പ്രാസ്ഥാനികരംഗത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. കെ.ടി.ഉസ്താദിന്റെ പ്രസംഗവും തൂലികയും അക്കാലത്ത് അതിജീവനത്തിന്റെ ആത്മബലം നൽകി.
ശരീഅത്തിന്റെ പ്രസക്തിയും മുസ്ലിംകൾക്ക് ഭരണഘടന നൽകുന്ന മൗലിക അവകാശവുമെല്ലാം പ്രാമാണികമായി അദ്ദേഹം വിശദീകരിച്ചു. അഭ്യസ്ത വിദ്യരെയും നിയമജ്ഞരെയും അതിശയിപ്പിക്കുന്ന ജ്ഞാന പ്രവാഹമായിരുന്നു ശരീഅ അത്ത് വിശദീകരണങ്ങൾ. ശരീഅത്ത് വിരോധികളെയും പ്രശ്നാധിഷ്ഠിത മുസ്ലിം ഐക്യ വിരോധികളെയും ഒരു പോലെ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ അസ്വസ്ഥമാക്കി. മാനു മുസ്ലിയാരെ കേൾക്കാൻ അന്ന് സമൂഹം കാതോർത്തു.മലപ്പുറം ശരീഅത്ത് വിശദീകരണ സമ്മേളനത്തിൽ കോട്ടുമല ഉസ്താദ് ; "മാനു മുസ്ലിയാരേ, ഞാൻ പ്രസംഗിക്കുന്നില്ല. നിങ്ങൾ പ്രസംഗിക്കുക" എന്നു പറഞ്ഞ് ഉസ്താദിനെ കേൾക്കുവാൻ ജനങ്ങൾക്ക് കൂടുതൽ അവസരം നൽകി . 'എനിക്ക് ഏറ്റവും പ്രചോദനമേകിയ വാക്കുകളായിരുന്നു അത് ' എന്ന് ഉന്നതാദ് പറഞ്ഞത് ഓർത്തു പോകുന്നു ... ആലുവ ത്വരീഖത്ത് പ്രശ്നം സമസ്തയിൽ വന്നപ്പോൾ പഠിച്ചു റിപ്പോർട്ട് ചെയ്യാൻ നിശ്ചയിക്കപ്പെട്ട സമിതിയിലെ പ്രധാന അംഗമായിരുന്നു, ഉസ്താദ് .ശൈഖിനെ നേരിട്ട് കണ്ട് സംസാരിച്ച കൂട്ടത്തിൽ ഉസ്താദും ഉണ്ടായിരുന്നു.
വിദ്യാഭ്യാസ പ്രവർത്തകൻ എന്നത് കെ.ടി.ഉസ്താദിനോട് കൂടുതൽ ചേരുന്ന വിശേഷണമാണ്. അദ്ദേഹത്തിന്റെ വിദ്യാഭ്യാസ വിപ്ലവത്തിന്റെ നിദർശനമാണ് ദാറുന്നജാത്ത് ഇസ്‌ലാമിക് സെന്റർ.അവഗണിക്കപ്പെട്ടവരെ വിദ്യയിലൂടെ മുഖ്യധാരയിലെത്തിക്കുക ഉസ്താദിന്റെ സ്വപ്നമായിരുന്നു. ആ അഭിലാഷവുമായി നടക്കുമ്പോഴാണ് സമസ്ത മലപ്പുറം ജില്ലാ ഘടകം കിഴക്കനേറനാട്ടിൽ അനാഥശാല സ്ഥാപിക്കുക എന്ന ആശയം മുന്നോട്ട് വെക്കുന്നത്. ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാരും കെ.സി.ജമാലുദ്ദീൻ മുസ്ലിയാരുമായിരുന്നു ജില്ല കമ്മിറ്റിയുടെ പ്രധാന ഭാരവാഹികൾ.1976 ൽ ദാറുന്നജാത്ത് മുസ്‌ലിം ഓർഫനേജ് കമ്മിറ്റി നിലവിൽ വന്നപ്പോൾ പ്രഥമ പ്രധാന ഭാരവാഹികളും ഇവർ തന്നെയായിരുന്നു.കെ.ടി ഉസ്താദ് ,ഓർഫനേജ് കമ്മിറ്റി സഹകാര്യദർശിയായിട്ടാണ് തുടങ്ങിയത്.പിന്നീട് അദ്ദേഹത്തിന്റെ മുഴുസമയ പ്രവർത്തന കളരിയായി ദാറുന്നജാത്ത്.തന്റെ കാഴ്ച്ചപ്പാടുകൾക്കനുസൃതം ദാറുന്നജാത്തും വളർച്ച പ്രാപിച്ചു. അനാഥശാലയിൽ നിന്ന് ഒരു വൈജ്ഞാനിക സമുച്ചയത്തിലേക്ക് ദാറുന്നജാത്തിനെ വളർത്തിയ മാനു മുസ്ലിയാർ സഹിച്ച ത്യാഗങ്ങൾ അവർണനീയമായിരുന്നു.ശരീഅത്തിന്റെ വൃത്തത്തിൽ നിന്ന് സ്ത്രീ വിദ്യാഭ്യാസവും ശാക്തീകരണവും സാക്ഷാത്കരിക്കാമെന്നതിന്റെ സാക്ഷ്യമാണ് ദാറുന്നജാത്ത്. കാലത്തോടൊപ്പം ദാറുന്നജാത്ത് നടക്കാൻ പ്രാപ്തമാവണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിലാഷം. ദാറുന്നജാത്ത് മുപ്പത്തിമൂന്നാം വാർഷിക സുവനീറിൽ ;'ഇനിയുമുണ്ടേറെ സ്വപ്നങ്ങൾ' എന്ന ശുഭപ്രതീക്ഷ പങ്കുവെച്ചാണ് അദ്ദേഹം വിടവാങ്ങിയത്.
വേറിട്ട ഒരു കവനസിദ്ധി കെ.ടി.ഉസ്താദിലുണ്ടായിരുന്നു.പാണ്ഡിത്യത്തിന്റെ വജ്രശോഭയിൽ ആ സർഗശേഷി ഒളിമങ്ങിക്കിടന്നു. മാപ്പിളപ്പാട്ടുകളെ ജീവിതത്തോട് ചേർത്തുപിടിച്ച കിഴക്കനേറനാടൻ സാംസ്കാരികത്തനിമയിൽ സ്വാംശീകരിക്കപ്പെട്ടതായിരുന്നു ആ ജൻമ
സിദ്ധി. മാപ്പിളപ്പാട്ടുകളിലെ കമ്പി, കഴുത്ത്, വാൽക്കമ്പി, വാലിൻമേൽക്കമ്പി തുടങ്ങിയ സാങ്കേതിക സംജ്ഞകൾ
അക്കാദമികമായി നിർദ്ധാരണം ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.മാപ്പിളകലാ കുലപതികളെ നിരൂപിക്കാൻ മാത്രം ഉന്നതമായിരുന്നു ഈ ഏറനാടൻ 'മോല്യേരു'ടെ കാവ്യാവബോധം. .ആലാപനത്തോടൊപ്പം പാട്ടുകെട്ടാൻ പരിശീലിച്ചതും അങ്ങനെയാണ്. ആദ്യം അനുകരണ രചനയാണ് നടത്തിയിരുന്നതെങ്കിലും പിന്നീട് പ്രാസനിയമങ്ങളെല്ലാം അഭ്യസിച്ചു.പ്രാർഥന,സാരോപദേശം, നബി കീർത്തനം തുടങ്ങി ഭക്തി പ്രചോദിതമായ നിരവധി സ്വതന്ത്രരചനകൾ നടത്തി. ഉസ്താദിന്റെ പാട്ടുകെട്ടു വൈഭവത്തിന്റെയും കാവ്യപരിജ്ഞാനത്തിന്റെയും അമരസ്മാരകമാണ് 'ഹജ്ജ് യാത്ര'.
എം.കെ.ബാപ്പുട്ടി എന്ന ആത്മസുഹൃത്ത് നാലു ഇശലുകളിൽ മനോജ്ഞമായ ഒരു കത്തുപാട്ട് ഉസ്താദിനയച്ചു. പാട്ടിലൂടെ ഒരു ഹജ്ജ് യാത്രാവിവരണം എന്നതായിരുന്നു കത്തിലെ അപേക്ഷ.
നാല്പത്തി ഏഴ് ഇശലുകളിലാണ് ഉസ്താദ് മറുപടി കുറിച്ചത്. ആശയാലങ്കാരങ്ങളാലും അമൃതനിഷ്യന്ദങ്ങളായ പദങ്ങളാലും അദ്ധ്യാത്മ പ്രചുരിമയാൽ പ്രശോഭിതമാണ് ഈ കാവ്യ തല്ലജം.
മൂല്യ നിരാസങ്ങൾക്കെതിരെ ഹൃദയവിങ്ങലോടെ ഉസ്താദ് എഴുതിയ ഗുണകാംക്ഷ ഗാനങ്ങൾ നിത്യ സാംഗത്യമുള്ളതായിരുന്നു.
ഏഴു പതിറ്റാണ്ടിലധികം ദീനിന് ,സമൂഹത്തിന്, സമുദായത്തിന്, സമസ്തക്ക് സമർപ്പിതമായിരുന്ന ആ ജീവിതത്തിന് വിരാമം കുറിക്കുന്നത് 2009 ഫെബ്രുവരി ഒന്നിനാണ്.
കോഴിക്കോട് കടപ്പുറം ....
സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ അൻപതാം വാർഷിക സമാപന മഹാ സമ്മേളന വേദി...
പകലന്ത്യത്തിൽ തുടങ്ങിയ ശാരീരിക അസ്വസ്ഥത വർദ്ധിക്കുന്നു ...
താൻ സ്നേഹിക്കുന്ന, തന്നെ സ്നേഹിക്കുന്ന ജനലക്ഷങ്ങളെ കൺനിറയെ കണ്ട് ആത്മസംതൃപ്തിയോടെ വേദിയോടു വിടപറയുന്നു ...
ആംബുലൻസിൽ വെച്ച് സ്വന്തം കൈ കൊണ്ട് വെള്ളം വാങ്ങിക്കുടിച്ച്, അല്ലാ.. ലാ ഇലാഹ ഇല്ലല്ലാ... എന്നുറക്കെ ആവർത്തിച്ച് ഉച്ചരിച്ചു കൊണ്ട് ഈ ലോകത്തോടു വിട വാങ്ങുന്നു...
Courtesy: Suprabhaatham