Articles by "socialmedia"


| ബശീർ ഫൈസി ദേശമംഗലം |

എനിക്കൊരു കഥ പറയാനുണ്ട്...
എന്റെ മണ്ണിൽ ശുഭ്ര സാഗരം പോലെ 
എന്റെ മക്കൾ വിരുന്നെത്തുകയാണ്...
ഓർമയുടെ കൂടിച്ചേരൽ..

സമ്മേളനമെന്നു പേരിട്ടു വിളിച്ചാലും,ഇതൊരു ആണ്ടറുതിയാണ്..
ഓർമകളുടെ ആണ്ടറുതി !!
എനിക്കങ്ങനെ പറയാനാണിഷ്ടം!
വിളിക്കാതെയും ഓടിയെത്താവുന്ന ഒരിടം!
അപ്പോൾ ഞാൻ ആരാണെന്നല്ലേ!?
പറയാം..,

ഞാൻ ചീനി..!!
ഏവരുടെയും പ്രിയപ്പെട്ട ചീനിമരം.
പിതൃത്വവും മേൽവിലാസവുമില്ലാതെ 
ഞാൻ തുടങ്ങട്ടെ.
പാതയോരത്തും വഴിവക്കിലും ചില്ല പടർത്തി നില്ക്കുന്ന മേത്തരം കുടുംബത്തിൽ തന്നെയാണെന്റെ ജന്മം.
ബാല്യത്തിലാണത് സംഭവിച്ചത്.
ഏതോ തൃക്കരങ്ങൾ എന്റെ അടിവേര് മാന്തി എന്നെ പറിച്ചുനട്ടു.
ചെന്നെത്തിയതോ..
അക്ഷരപ്പൂവാടിയായ ജാമിഅയുടെ 
മൂന്നുകെട്ടിനുള്ളിലും.

വല്ലാത്തൊരു നിയോഗമായിരുന്നത്.
ഓർക്കുമ്പോൾ എന്തെന്നില്ലാത്ത ആനന്ദം.
അസ്ഹാബുൽ കഹ്ഫിന്റെ 'ഖിത്തുമീർ' 
നായയുടെ സേവനസന്നദ്ധത പോലെ നിലത്ത് കാലുറപ്പിച്ച് കൈകൾ വിരിച്ചുള്ള ഈ നിർത്തം തുടങ്ങിയിട്ട് ഇപ്പോൾ 56 ആണ്ടായത്രെ.

എന്റെ മാതാവ് വീണ്ടും വാർഷിക 
മേളന നാളിലേക്കുണരുകയാണ്..
കാലം എത്ര വേഗമാണ് കഥ പറഞ്ഞ് 
കടന്നു പോകുന്നത്!?
എനിക്ക് വയസ്സായിത്തുടങ്ങി..
പക്ഷെ എന്റെ ഓർമ്മകൾക്ക് ഇന്നും 
നിറ യവ്വനമാണ്..

പാണ്ഡിത്യത്തിന്റെ രാജ പ്രതാപികളായ ജ്ഞാനസാഗരങ്ങളേ കണ്ടാണ് ഞാൻ വളർന്നത്..
പി.യം.എസ്.എ.പൂക്കോയ തങ്ങൾ,
ബാഫഖി തങ്ങൾ,
മുസ്തഫ പൂക്കോയ തങ്ങൾ,
മുത്തു തങ്ങൾ 
എന്നിവരുടെ കരതല സ്പർശ സൗഭാഗ്യം കിട്ടി എനിക്ക്.

സത്യത്തിൽ വാർധക്യദശയിലെത്തി നില്ക്കുയാണ് ഞാൻ.
കണ്ണൊക്കെ മങ്ങിത്തുടങ്ങി.
പഴയ മാതിരിയൊന്നും കാതു കേൾക്കുന്നില്ല.
ദേഹത്തിലവിടെയുമിവിടെയും മാറാത്ത മുറിപ്പാടുകൾ.
ഇലയും കായും കൊല്ലം തോറും 
മാറി മാറി വന്നു.

അരനൂറ്റാണ്ട് നീണ്ട ആയുസ്സിനിടക്ക് ആയിരമാണ്ടിന്റെ അനുഭവമുണ്ടാക്കി ഞാൻ. 
എന്തെല്ലാം കണ്ടു.
എന്തെലാം കേട്ടു.
എല്ലാം ഇന്നലെ കണ്ട സ്വപ്നം പോലെ.

കണ്ണീരണിയിച്ച,കുളിരണിയിച്ച 
എത്രയെത്ര അനർഘനിമിഷങ്ങൾ.!കാലത്തിനു പോലും കിട്ടാക്കനിയായ എത്രയോ കാര്യങ്ങൾ 
കാലഹരണപ്പെട്ട അമൂല്യ ജ്ഞാനമായി എന്റെ മടിത്തട്ടിൽ ഞാൻ കൊണ്ടുനടക്കുന്നുണ്ട്.
എന്നെത്തലോടുന്ന കുഞ്ഞിളം കാറ്റിനും എനിക്കും മാത്രം ജ്ഞാതമായവ..!!

പാണക്കാട്ടെ പൊന്നുമോൻ സയ്യിദ് ശിഹാബിന്റെ  കരുണയുടെ നോട്ടം
കണ്ടു എത്രയാണ് ഞാൻ ആത്മ ഹർഷം കൊണ്ടത്..!!

ഇക്കാലയളവിൽ പണ്ഡിത സൂര്യൻമാരെ
കണ്ടു ഞാൻ.
കോട്ടുമല ഉസ്താദിന്റെ  അമര ഓർമകൾ മാഞ്ഞിട്ടില്ല.
ജ്ഞാന സാഗരമായ
കണ്ണിയത്തുസ്താദ്,
ഇല്മിന്റെ രാജ പ്രതാപിയായ
ശംസുൽ ഉലമ,
വ്യാകരണ ശാസ്ത്രത്തിന്റെ ആഴം കണ്ട
കെ.കെ ഉസ്താദ്,
വറഇന്റെ പര്യായമായ കിടങ്ങഴി ഉസ്താദ്,
നിഷ്കളങ്കനായ എരമംഗലം ഉസ്താദ്,
തഖ് വയുടെ മാരിവില്ലഴക്
കാളമ്പാടി ഉസ്താദ്,
കർമ്മശാത്രം കലക്കിക്കുടിച്ച 
മുഹഖിഖുൽ ഉലമ,
മരിക്കാത്ത ഓർമ്മയായി എന്റെ നെഞ്ചകം വിങ്ങിത്തുടിച്ചു നിൽക്കുന്നുണ്ട്..

എനിക്ക്  പിരിയാത്ത കൂട്ടായിരുന്നു.
കറാച്ചി ബാപ്പു ഹാജിയാവട്ടെ എന്നെ ഇപ്പോഴും വാരിപ്പുണർന്നിരിക്കയാണ്.
ആ മനുഷ്യന്റെ മണ്ണടരുകളിലേക്ക് 
എന്റെ സ്നേഹത്തിന്റെ നാരായ വേരുകൾ ആഴ്ത്തി നിൽക്കുന്നു ഞാൻ..

തൃപ്പനച്ചി ഉസ്താദും മൗലയുമാണെനിക്ക് معرفةന്റെ വാതിൽ തുറന്നുതന്നത്.
സാക്ഷാൽ ഖിളറി(അ)നെ പോലും കണ്ടത് ഈ ഫൈളാബാദിൽ നിന്നല്ലേ.
ആരും കാണാത്ത ആരാലും ഗൗനിക്കപ്പെടാത്ത ആരെല്ലാം വന്നുപോയിവിടം.

അനന്തമാണെൻ ഓർമത്താളുകൾ..
മണ്ണോളം താഴ്ന്ന് വിണ്ണോളം പൊന്തിയ റഈസുൽ ഉലമയെന്ന അദ്ഭുതമനുഷ്യൻ എന്റെ തണലു പറ്റി നടന്നില്ലേ.
സങ്കടക്കണ്ണീരിൻ  എത്ര നിമിഷങ്ങൾ സമ്മാനിച്ചു അവി ടുന്ന്.
ഉസ്താദിന്റെ വിയോഗമറിഞ്ഞ് വാവിട്ടുകരഞ്ഞില്ലേ ഞാനും.
ആ മഹമനീഷിയായിരുന്നെന്നെ 
ജീവിതം പഠിപ്പിച്ചത്.

'അടിയങ്ങളോട് കൃഫ ചെയ്യണേ തമ്പുരാനേ..'
എന്ന കല്ല് പോലും അലിയുന്ന കോയകുട്ടി ഉസ്താദിന്റെ പ്രാർത്ഥന..
എല്ലാം എനിക്കിന്ന് നോവുന്ന ഓർമ്മയാണ്  
ജാമിഅയിലെ വരാന്തയിലെ ചാരുകസേരയിലിരുന്ന് എന്നെ കൺതലോടൽ നടത്തുന്ന 
പണ്ഡിതകേസരിമാരെല്ലാം ഒടുവിൽകണ്ണീരോർമ്മയായി..

മറുനാടുകളിൽ ചെന്നു ഉമ്മുൽ മദാരിസീനെ മഹത്വപ്പെടുത്തുന്ന പുഞ്ചിരിപ്പൂമുഖം ശൈഖുൽ ജാമിഅ ഇപ്പോഴും കൂടെയുണ്ട് എന്നതാണ് ആശ്വസം 
നാഥാ..
ദീർഘായുസ് നല്കണേ..

തീർന്നിട്ടില്ല,
ജാമിഅ വിശേഷങ്ങൾ.
എന്റെ തണലിൽ പിച്ച വെച്ച മക്കൾ ഫൈസികളായി ലോകമെംബാടും പ്രകാശം പരത്തുമ്പോൾ എനിക്കഭിമാനം തോന്നുന്നു.
അവർ ഓടി നടന്നത് എന്റെ വേരുകളിൽ ചവിട്ടിയാണ്.

അവർ എന്ന് എന്നെ എന്ന് മറക്കുന്നുവോ അന്ന് അവർ അനുഭവിച്ച എന്റെ തണൽ ചില്ലകൾ അവർക്ക് മഹ്ശറിൽ കടം ബാക്കിയാകും... 
സമയം ഏറെയായല്ലേ.
ഞാൻ നിർത്തിയാലോ..
ഏതായാലും ജാമിഅ നൂരിയ്യയുടെ 
അമ്പത്തി ഏഴാം വാർഷികം നടക്കല്ലേ 2020
ജനുവരി 16 മുതൽ 19 വരെ,

വരണം..
ഞാൻ ഇപ്പോഴും ഇവിടെയുണ്ട്
വഴിക്കണ്ണുമായി എന്റെ മക്കളെ കാണാൻ
എല്ലാവരും നേരത്തെ എത്തിച്ചേരണം.
മറക്കരുതേ..
സ്നേഹപൂർവം 
നിങ്ങളുടെ സ്വന്തം  ചീനി.
|Sayyid Ilyas|

കുറച്ചു കാലമായി സമസ്തയുടെയോ കീഴ് ഘടകങ്ങളുടെയോ സമ്മേളനം നടക്കുകയാണെങ്കിൽ ഇയാൾക്ക് ഒരേ ഡ്യൂട്ടിയാണ് ഉണ്ടാവാറ്.അത് സ്റ്റേജിലോ പേജിലോ നിറഞ്ഞു നിൽക്കുന്നതല്ല.നിവർന്ന് നിൽക്കാൻ നേരമില്ലാതെ ഊണും ഉറക്കവുമൊഴിച്ച് ദിവസങ്ങളോളം വലിയൊരു ടീമിനെയും കൂടെ നിർത്തി സമ്മേളനങ്ങളെ കുറ്റമറ്റതാക്കലും വിജയിപ്പിച്ചെടുക്കലുമാണ്.ആലപ്പുഴ സമ്മേളനത്തിൽ നിന്നും വ്യത്യസ്തമായി ഒന്നുകൂടി അടുത്തു നിൽക്കാൻ കൊല്ലത്ത് വെച്ച് അവസരമൊത്തപ്പോഴാണ് ആ സൗമ്യ സ്വഭാവത്തിന്റെയും നിസ്വാർത്ഥ സേവനത്തിന്റെയും അകത്തെയറിയാൻ കഴിഞ്ഞത് , ചെയ്യുന്ന സേവനത്തിന് കൂലി നൽകയാണെങ്കിൽ കണക്കാക്കാൻ സാധ്യമല്ല.തീർത്തും നാഥന്റെ പ്രീതിക്കായ് ചെയ്ത പ്രവർത്തനങ്ങൾക്ക്   സ്വർഗം പാരിതോഷികമായി സ്രഷ്ടാവ് നൽകട്ടെയെന്ന് പ്രാർത്ഥിക്കാം.
അണികൾക്ക് നൽകുന്ന  ആർക്കും മാതൃകയാക്കാൻ പറ്റുന്ന പലവുരി ആവർത്തിച്ച് പറഞ്ഞ മനസ്സിൽ എന്നും ഓർത്തെടുക്കാവുന്ന ഉസ്താദിന്റെ നിർദ്ദേശം
(നിങ്ങൾ മറ്റൊരാളെയൊ പരസ്പരമൊ ചീത്ത പറയരുത് ആർക്കു വേണമെങ്കിലും എന്നെ ചീത്ത പറയാം )
കൊല്ലം സമ്മേളനം സന്തോഷത്തോടെ സമാപിച്ചപ്പോഴും പാതിരാവിൽ  ചിരിച്ചും തമാശകൾ പറഞ്ഞും ആ നഗരിയും അതുമായി ബന്ധപ്പെട്ടവയും പഴയ രീതിയിൽ തിരിച്ചേൽപ്പിക്കാനുളള ഉത്തരവാദിത്ത നിർവ്വഹണത്തിലായിരുന്നു.

ഉസ്താദ് റഷീദ് ഫൈസി വെള്ളായിക്കോടിനെ കുറിച്ച് ഒരു കുറിപ്പ്

- കടപ്പാട -

ഇന്നലെ ജംഇയ്യത്തുൽ മുഅല്ലിമീന്റെ അറുപതാം വാർഷിക സമ്മേളനത്തിൽ നമ്മൾ 36 പേർ ഒരു ബസ്സിൽ എത്തിയിരുന്നു. രാത്രി ഭക്ഷണം ഒരു ഹോട്ടലിൽ ബുക്ക് ചെയ്തതിനാൽ അതു വാങാനായി നഗരിക്കു പുറത്തു കണ്ട ആദ്യ ഓട്ടോയിൽ കയറി ...
കയറി ഉടനെ അദ്ദേഹത്തിന്റെ കമെന്റ് 
ഈ മൈതാനം ഫുൾ ആയത് ഞാൻ ആദ്യായിട്ടാ കാണുന്നത്. ഇത്ര വലിയ സമ്മേളനമായിട്ടും ഒരു ബ്ലാക്കുമാവാതെ പോലീസുകാർക്ക് ഒരു പണിയും ഇല്ലാതെ മുഴുവൻ കൃത്യമയി നിയന്ത്രിക്കുന്ന വളണ്ടിയർ വിങിനെ കുറിച്ചും വാ തോരാതെ അദ്ദേഹം സംസാരിച്ചു. ഒരു ചെറിയ യോഗം ഉണ്ടായാൽ പോലും ബ്ലോക്കായി ഓട്ടോ പോവാൻ കഴിയാറില്ല എന്നദ്ദേഹം പറഞ്ഞു.
ഞാൻ അദ്ദേഹത്തിന്റെ പേരു ചോദിച്ചു: പേര് സജി എന്നാണെന്നും ആശ്രമം മൈതിനിയുടെ അടുത്തായിട്ടു തന്നെയാണ് താമസമെന്നും പറഞ്ഞപ്പോ??? ആ നാട്ടുകാരനായ ഒരു അമുസ്ലിം സഹോദരന്റെ സമ്മേളനത്തെ കുറിച്ചുള്ള സംസാരം കേട്ട് ശരിക്കും കോരിത്തരിച്ചു ... സന്തോഷം കൊണ്ട് മനസ്സ് നിറഞ്ഞു ... അദ്ദേഹം ഹോട്ടലിൽ നിർത്തി വൈകുമെന്ന് പറഞ്ഞപ്പോ സാരമില്ല ഞാൻ തിരിച്ചു വിട്ടു തരാം എന്നു പറഞ്ഞു ഒരു മുശിപ്പും കാട്ടാതെ ഞാങളെ കാത്തിരുന്നു ... ടൗണിലെ കുറച്ചൊക്കെ അറിയപ്പെടുന്ന സിററി ഹോട്ടലിൽ നിന്നും ഭക്ഷണം ഓട്ടോയിൽ വെച്ചു തിരികെ വിട്ടു. ഒന്നു രണ്ടു കിലോ മീറ്റർ പിന്നിട്ടപ്പോൾ   ഹോട്ടലിൽ നിന്നും വിളി ... നിങ്ങളുടെ ഭക്ഷണത്തിനു കൂടെയുളള ഒരു ഐറ്റം തരാൻ വിട്ടു പോയി അവിടെ കാത്തിരിക്കുമോ എന്ന ചോദ്യവും ... അപ്പോഴും സജി ഏട്ടൻ ഓട്ടോ സൈഡാക്കി ഞങളോട് സഹകരിച്ചു. 5 മിനുട്ട് ശേഷം ഹോട്ടലിൽ നി്നനും ആ ഐറ്റവും കൊണ്ടു ആളെത്തി. ഞങളെ തിരികെ വിട്ടു മാന്യമായ ഒരു തുകയും വാങി ഓട്ടോ ഡ്രൈവർ മടങ്ങി.
ഞാൻ കന്തൂറയും തലൈക്കെട്ടുമാ വേഷം കൂടെയുള്ള ഇംറാന് തലയിൽ തൊപ്പിയുമുണ്ട് വേഷം നോക്കി ജാതിതിരിക്കുന്ന ഇന്ത്യയല്ല എന്റെ ഇന്ത്യ ... കൊല്ലം ജില്ലയുടെ സത്യസന്ധതയും കണ്ടു. തീർത്തും വലിയ പ്രാധാന്യമില്ലാത്ത ഒരു ഐറ്റം ഞങൾക്കായി മാത്രം മാറ്റി വെച്ചത് വിളിച്ചു പറഞ്ഞു, കൊണ്ടു തരാൻ കാണിച്ച സത്യസന്ധതയും വലിയ അനുഭൂതിയായി ....
രണ്ടും വലിയ സന്തോഷദായകം തന്നെയാണ്. മനുഷ്യത്വം വറ്റാത്ത ജാതിയുടേയും മതത്തിന്റെയും പേരിൽ കടിച്ചു കീറാത്ത നല്ല മനുഷ്യർ പച്ച മനുഷ്യരായി ജീവിക്കുന്ന ഈ ഇന്ത്യ എന്ന മാതൃരാജ്യത്തെ കീറിമുറിക്കാൻ അനുവദിച്ചു കൂടാ...

#NO CAA#
#Reject NRC#
Samastha sammelanam
Kollam.


Suhail Wafy |

വാഫി വിദ്യാര്‍ത്ഥി കാലത്തെ ഫെസ്റ്റോര്‍മ്മകളില്‍ ഗൃഹാതുരഭാണ്ഡവും പേറി വിധികര്‍ത്താവിന്റെ കസേരയിലിരുന്ന് കലാസ്വാദനത്തിന്റെ തീരത്തായിരുന്നു കഴിഞ്ഞ ഒരു ദിനം മുഴുവന്‍ കഴിച്ചുകൂട്ടിയത്.

അതും കഴിവുറ്റ ഒത്തിരി പണ്ഠിതശ്രേഷ്ഠര്‍ക്ക് ജന്‍മം നല്‍കിയ ആലത്തൂര്‍പടി ദര്‍സില്‍.

കഴിഞ്ഞ കുറച്ച് കാലങ്ങളായി ദര്‍സ് വിദ്യാര്‍ത്ഥി യൂണിയന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ചേര്‍ന്നു നില്‍ക്കുന്ന വ്യക്തി എന്ന നിലയില്‍ തന്നെ ഇത്തവണത്തെ ഫെസ്റ്റ് സംഘാടനം ഏറെ ആകര്‍ഷണീയത നിറഞ്ഞതായി അനുഭവപ്പെട്ടു.

ടെക്‌നിക്കല്‍ സംവിധാനങ്ങള്‍ ഏറെ ഉപയോഗപ്പെടുത്തി ഒത്തിരി പുതുമകള്‍ തീര്‍ക്കാന്‍ സംഘാടകര്‍ക്കായി എന്നതാണ് ഏറെ ശ്രദ്ദേയം.

വ്യത്യസ്ത കലാമാമാങ്കളില്‍ ടെക്- സ്റ്റേജുകളും സംവിധാനങ്ങളും കണ്ടുവരാറുണ്ടെങ്കിലും ഒരു ദര്‍സീ പരിസരത്തുനിന്നും ഇത്തരം പുതുമകള്‍ തീര്‍ക്കാന്‍ സാധിച്ചതില്‍ ഏറെ പ്രതീക്ഷയുണ്ട്.

സംഘാടകര്‍ക്ക് ഹൃദ്യാഭിനന്ദനങ്ങള്‍,,,

കിതാബ്പഠനത്തിലെ മികവിനൊപ്പം തന്നെ കാലത്തെ വായിച്ചറിഞ്ഞ് ടെക്‌നിക്കല്‍ സംവിധാനങ്ങളിലും പ്രാഗല്‍ഭ്യം തെളിയിക്കുന്ന അനേകം വിദ്യാര്‍ത്ഥികളെ കാണാനിടയായി.

വര്‍ഷാവര്‍ഷം വിദ്യാര്‍ത്ഥി യൂണിയന്‍ തയ്യാറാക്കി പബ്ലിഷ് ചെയ്യുന്ന പുസ്തകങ്ങളുടെ ഡിജിറ്റല്‍ ഡിസൈനിംഗ്,കവര്‍ മോഡലിംഗ് ,ടൈപ്പിംഗ് എന്നിവയെല്ലാം അതിമനോഹരമായി ചെയ്തിരിക്കുന്നു ഈ തലപ്പാവുധാരികള്‍ ,,

ഒരുപക്ഷെ കേരളത്തിലെ തലയെടുപ്പുള്ള മതകലാലയങ്ങളില്‍ പോലും കണ്ടുശീലിക്കാത്ത പല നൂതനരീതികള്‍ക്കും സാക്ഷ്യമാവുകയാണ് ഈ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ ഇടപെടലുകള്‍ എന്ന് ചുരുക്കം.

ഭാഷാ മല്‍സരങ്ങളും ഡിജിറ്റല്‍ മല്‍സരങ്ങളും ഏറെ മികവ് പുലര്‍ത്തുന്നവയായിരുന്നു.

അവസാനമല്‍സര ഇനം അറബി കാവ്യകേളിയില്‍ മല്‍സരിച്ചത് മല്‍സരാര്‍ത്ഥികള്‍ മാത്രമായിരുന്നില്ല എന്ന പ്രതീതി......

അവര്‍ക്കൊപ്പം ശ്രോതാക്കളും അദ്ധ്യാപകരും 
പങ്ക് ചേരുന്നതിലെ ആവേശം ,,,

മൊത്തം മനോരകാഴ്ചകള്‍,,,

പ്രിയ അനിയന്‍മാരുടെ പരിപാടികള്‍ പലതും വീക്ഷിക്കുമ്പോള്‍ പ്രതീക്ഷയായിരുന്നു അകം നിറയെ.

പാട്ടും പറച്ചിലും വിഷയാധിഷ്ഠിതമായി അവതരിപ്പിക്കുന്നത് കാണാന്‍ ഏറെ കൗതുകം.

പ്രത്യാശയുടെ പുതുവെളിച്ചങ്ങള്‍ പിറവിയെടുക്കുന്നതിലെ സൗന്ദര്യം നേരിട്ടാസ്വദിക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷം.

കാതുകള്‍ കൂര്‍പ്പിച്ച് ,
മനസ്സിന്റെ വാതിലുകള്‍ തുറന്നിട്ട് ,കണ്ണു ചിമ്മാതെ കണ്ടിരുന്നു മിക്കതും.

സുന്ദരം!

മനോഹരം!

സംഘാടകര്‍ക്ക് അഭിനന്ദനങ്ങള്‍!
 

നാളെ ഒരു വീട്ടിൽ ഒരു കല്യാണം നടക്കുന്നുണ്ട്..
വീട്ടുകാർ അവസാനവട്ട ഒരുക്കത്തിലാവും.
ദൂരെയുള്ള ബന്ധുക്കളൊക്കെ വന്നുത്തുടങ്ങിക്കാണും..!
വന്നവർ ആദ്യം ചോദിക്കുക കല്യാണചെക്കൻ
എവിടെയെന്നാകും..
അവൻ ചെളിയിൽ ആണെന്ന് പറഞ്ഞാൽ കേട്ടവർ എന്ത് കരുതും..!?
അവനു വട്ടാണ്..!
അതെ,
നാളെ ഷാജഹാൻറെ കല്യാണമാണ്.
ഷാജഹാൻ തിരക്കിലുമാണ്
തൻറെ കല്യാണവുമായി ബന്ധപ്പെട്ട തിരക്കിലല്ലാ
ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ മണ്ണിലും,വെള്ളത്തിലും ചെളിയിലും,
എല്ലാം മാറ്റിവച്ച് അവൻ ഓടി നടക്കുകയാണ്.
നാളെ അത്തറിന്റെ മണമുള്ള പുതിയപ്പിളക്കുപ്പായം ഇട്ടു നിക്കാഹിനിരിക്കേണ്ടവൻ..
സേവനം സാധനയാക്കിയ ഒരു കർമ്മ സംഘത്തിലെ പോരാളിയാണവൻ..
'വിഖായ' അവനെ പോലെ ഇരുപാട് പേരെ പ്രചോദിപ്പിക്കുകയാണ്..
മലപ്പുറം ജില്ലയിലെ ചാപ്പനങ്ങാടി മേഖലയിലെ പടപ്പറമ്പ് യൂണിറ്റിലെ വിഖായയുടെ കരുത്തുറ്റ പ്രവർത്തകൻ...
ആ മണവാട്ടി ഭാഗ്യമുള്ളവളാണ്..
അവൾ പുണ്യം ചെയ്തവളാണ്‌.. അത്കൊണ്ടാണ് അവൾ ഷാജഹാന്റെ കയ്യിലെത്തുന്നത്...!
💜🧡💙💛💚❤️
അള്ളാഹു അവന് റാഹത്തുള്ള
കുടുംബ ജീവിതം നൽകി അനുഗ്രഹിക്കട്ടെ....
എല്ലാവരുംടെയും സ്നേഹവും പ്രാർത്ഥനയും
ഉണ്ടാകട്ടെ..
 ബശീർ ഫൈസി ദേശമംഗലം സാമൂഹ്യ മാധ്യമങ്ങളിൽ നിറയെ ബ്രോഡ് വേയിലെ ആ 'തെരുവ്' കച്ചവടക്കാരനാണ്..
എന്ത് കൊണ്ടായിരിക്കാം ഇത്രമാത്രം അദ്ദേഹം കൊണ്ടാടപെട്ടത്..
എന്ത് കൊടുക്കുന്നു എന്നതിനേക്കാൾ ആര് കൊടുക്കുന്നു എന്നത് ചിലപ്പോഴെങ്കിലും പ്രസക്തമാകുന്നുണ്ട്.
അദ്ദേഹം ഉണ്ടായിട്ട് കൊടുത്തയാളല്ല.
ഇല്ലായ്മയുടെ വറുതിയിൽ,ദിനം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന തെരുവ് കച്ചവടക്കാരനാണ്.
എറണാംകുളം ബ്രോഡ്‌വേയിലെ ഫുട്പാത്തിലെ ആൾ തിരക്കിൽ തുച്ഛ ലാഭത്തിനു വസ്ത്രം വിൽക്കുന്ന ആൾക്ക് രാവിളുമ്പോൾ കിട്ടുന്ന ലാഭം നമുക്കൂഹിക്കാനാവും.
വലിയ വസ്ത്ര വ്യാപാര ശാലകൾ നടത്തുന്ന കച്ചവടം പോലെ അല്ല അത്.
ഇന്ന് വിറ്റാൽ നാളെ കഴിയാം എന്ന പരിമിതമായ ജീവിതം,
ജീവിച്ചു തീർക്കുന്ന ആ മനുഷ്യൻ നമ്മെ തോല്പിച്ചിരിക്കുന്നു.
ചോദ്യങ്ങൾക്കു മുന്നിൽ അയാൾ എത്ര നിസ്സംഗമായാണ് മറുപടി പറയുന്നത്..!?
മിഡീയകൾ ക്കു മുന്നിൽ അയാൾക്കു വേണമെങ്കിൽ കുറച്ചു അഭിനയിക്കാമായിരുന്നു.
പക്ഷെ,
വിദൂരത്തെവിടയോ ഒരാൾ ഒരു തുണിക്കഷ്ണത്തിനു കാത്തിരിക്കുന്നു എന്ന ചിന്തകൾ അയാളെ ധൃതി പിടിപ്പിച്ച പോലെയായിരുന്നു വാരി വാരി ചാക്കിൽ നിറക്കുന്ന ആ ആവേശം..
അതുകൊണ്ടു ഞാൻ
ഈ വരികളിൽ എവിടെയും താങ്കളുടെ പേര് ബോധപൂർവ്വം പറയുന്നില്ല..
കാരണം താങ്കൾക്കു ഒരൊറ്റ പേരെ പറയാനാവൂ
മനുഷ്യൻ..!!!!
താങ്കളേക്കാൾ വലിയ സംഭാവനകൾ ഒരുപക്ഷെ ഇനിയും പ്രഖ്യാപിക്കപ്പെടും,
അല്ലങ്കിൽ നമ്മുടെ നാട്ടിലെ നന്മ വറ്റാത്ത സമ്പന്നരായവർ ലക്ഷങ്ങൾ ദുരി താശ്വാസത്തിനു നൽകുകയും ചെയ്യും.
പക്ഷെ അപ്പോഴും താങ്കളുടേത് വിലമതിക്കാനാവാത്തതാണ്.
അതെ,
ഉണ്ടായിട്ട് കൊടുത്ത ഔദാര്യമല്ല താങ്കൾ..
ഇല്ലാതെ കൊടുത്ത കാരുണ്യമാണ്..
ഒരിക്കൽ പോലും കാണാത്ത മനുഷ്യ..
എന്നങ്കികും നേരിൽ കാണുകയാണെങ്കിൽ എനിക്ക് താങ്കളെ ഒന്ന് ചേർത്തു പിടിച്ചു ആ കവിളിൽ ഒരുമ്മ വെക്കണം..
💜🧡💙💛💚
അല്ലാതെ ഈ സ്നേഹത്തിനു പകരം താരാൻ കഴിയില്ല.
വരും ബ്രോഡ്വേയിൽ നിങ്ങളെ കാണാൻ ഞാനും സുഹൃത്തുക്കളും,
എന്നല്ല ഒരുപക്ഷെ ആ വീഡിയോ കണ്ടവർ പലരും..
പകരം തരാനല്ല.
ഫുട്പാത്തിലെ ദൈവത്തെ കാണാൻ..!!
'മരിച്ചു പോകുമ്പോൾ ഒന്നും കൊണ്ട് പോകില്ലല്ലോ..'
എന്ന ആ മറുപടിയുണ്ടല്ലോ,
എവിടയൊക്കെയോ ആയിരം പ്രഹര ശേഷിയോടെ പതിക്കുന്നുണ്ടത്...!!
ഒട്ടും ഫേബ്രിക്കേറ്റഡ് അല്ലാതെ മനസ്സു കൊണ്ടാണ് താങ്കൾ അത് പറയുന്നത് എന്ന് ആ ശരീര ഭാഷ മനസ്സിലാക്കിത്തരുന്നുണ്ട്.
ഇന്ന് താങ്കളുടെ ജീവിതത്തിലെ മറക്കാനാവാത്ത പെരുന്നാളാകും എന്നറിയാം..
അങ്ങിനെ താങ്കൾ ആഘോഷം പോലും ആരാധനയാക്കി മാറ്റിക്കളഞ്ഞു...
ബ്രോഡ്വേയിലേ മനുഷ്യാ,
മലയാളത്തിന്റെ നന്ദി!
ആവർത്തനം കൊണ്ട് അർത്ഥം നഷ്ടപ്പെട്ട
'നന്ദി'
എന്ന രണ്ടക്ഷരം പകരമാവില്ലന്നറിയാം
പ്രാർത്ഥന പകരം തരുന്നു.
കാലം നിങ്ങള്ക് വേണ്ടി നന്മകൾ കാത്തു വെക്കട്ടെ..!!
കടപ്പാട്: ഉസ്താദ് ബഷീർ ഫൈസി ദേശമംഗലം  
*******************

|Shafeeque Vakkod|

ഞാൻ കണ്ടു.
പാതാർ എന്ന ഗ്രാമം.
ഹോ...!
ഭയാനകരം.
ആശ്ചര്യത്തോടെ കുറേ സമയം ഞാൻ നോക്കി നിന്നു.
പാതാറെന്ന ഗ്രാമം ഞാൻ മുമ്പ് കണ്ടിട്ടില്ല.
എങ്കിലും ഒരു ഗ്രാമത്തെ ഞാൻ സങ്കൽപ്പിച്ചപ്പോൾ അതിനു ആവിശ്യമായതൊന്നും ഇപ്പോൾ പാതാറിലില്ല.
വീടുകളെല്ലാം ഉരുൾ പൊട്ടലിൽ തകർന്നടിഞ്ഞിരിക്കുന്നു.
വീടുകൾ സ്ഥിതി ചെയ്ത തൽസ്ഥാനത്ത് വലിയ പാറകളും  മരത്തടികളും അടിഞ്ഞ് കൂടിയിരിക്കുന്നു.
അപകടസ്ഥലത്തിലേക്കു പോകുന്ന വഴിക്ക് ഉരുൾ പൊട്ടുന്ന ഭീകര കാഴ്ച കണ്ട ഒരു വ്യക്തിയെ സന്ദർഷിച്ചു.
അദ്ധേഹത്തിൻ്റെ മകൻ കാറിൽ കളിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ കാർ അൽപം പിറകോട്ട് നീങ്ങി.കാർ മുമ്പോട്ട് തള്ളി നീക്കുന്നതിനിടയിൽ ക്ഷീണത്താൽ ഒന്ന് എണീറ്റു നോക്കുമ്പോഴാണ് ഉരുൾ പൊട്ടുന്ന ഭീകര കാഴ്ച ഇദ്ധേഹം കാണുന്നത്.റബ്ബറുകൾ കടപുഴകി ഒഴുകി വരുന്നു. വലിയ പാറകൾ വരുന്നു.ജീവൻ കൊണ്ട് ഓടുന്നതിനിടക്ക് മക്കളെ ഓർമ വന്ന് തിരിച്ച് വീട്ടിൽ എത്തിയപ്പോഴേക്കും സ്ഥിതിഗതിയാകെ മാറി. വീട്ടിൽ നിന്ന് പുറത്തിറങ്ങാനാവാതെ സ്തംഭിച്ചു നിന്ന്.വീടിൻ്റെ പിറക്കു വശം നശിച്ചെങ്കിലും ജീവൻ തിരിച്ചു കിട്ടില്ലെന്നുറപ്പിച്ച സന്ദർഭത്തിൽ അള്ളാഹുവിൻ്റെ അനുഗ്രഹം കൊണ്ട് രക്ഷപ്പെട്ടു.മനോഹരമായ വീട് നശിച്ചു.പുതുതായി നിർമിക്കുന്ന അദ്ധേഹത്തിൻ്റെ കെട്ടിടം പൂർണമായി നശിച്ചു.ഇദ്ധേഹത്തിനു തന്നെ ഒരു കോടിയുടെ മുകളിൽ നഷ്ടം.
ഒരു ചെറു തോട് മാത്രമുള്ള പാതാർ ആ കുത്തിയൊഴുക്കിൽ വീടുകളും കെട്ടിടങ്ങളും നികത്തിയെടുത്ത് ഒരു പുഴയായി മാറിയിരിക്കുന്നു.
പാതാർ പള്ളിയുടെ പിറക് ഭാഗം നശിച്ചിരിക്കുന്നു.
ഒരു നിമിഷം കൊണ്ട് സർവ്വതും നശിച്ചവർ.ഇന്ന് പാതാറില്ല.പുതിയൊരു പാതാറിനെ വാർത്തെടുക്കേണ്ടതുണ്ട്.
പ്രതീക്ഷകൾ നഷ്ടപ്പെട്ട ഈ ഗ്രാമ വാസികൾക്ക്‌ നല്ലൊരു മാർഗം നാഥൻ കാണിച്ച് കൊടുക്കട്ടെ... ആമീൻ.കാസര്‍കോട്: സമസ്ത കേന്ദ്ര മുശാവറ അംഗവും വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയും സമസ്ത കാസര്‍കോട് ജില്ല സെക്രട്ടറിയുമായ ശൈഖുനാ ഖാസിം മുസ്‌ലിയാര്‍ വഫാത്തായി. അല്‍പ്പം മുമ്പായിരുന്നു അന്ത്യം.
ഉപ്പള മൂസോഡി തൈവളപ്പ് നിരവധി വീടുകളും പള്ളിയും കടലെടുത്ത സ്ഥലം സന്ദര്‍ശിച്ച് സമസ്ത ഉപാധ്യക്ഷന്‍ യു.എം അബ്ദുറഹിമാന്‍ മുസ്ലിയാര്‍ക്കൊപ്പം മടങ്ങുന്നതിനിടെ ക്ഷീണം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഫാത്തിബി. മക്കള്‍: ഹന്‍സാര്‍, അല്‍ത്താഫ്, നസീഫ, നസീല.

വഫാത്തിന്റെ അൽപ സമയം മുമ്പ് ശൈഖുനാ സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ |

പഴമയുടെ തനിമ നിലനിർത്തിക്കൊണ്ട് ഏകീകൃത സിലബസും പൊതു പരീക്ഷയുമായി  സമസ്ത കേരള ജംഇയ്യത്തുൽ മുദരിസീന്റെ കീഴിൽ കേരളത്തിലെ പള്ളി ദർസുകൾ മുന്നേറുകയാണ്. ശവ്വാൽ രണ്ടാം വാരം തുടങ്ങുന്ന അടുത്ത അധ്യയന വർഷത്തിൽ ആയിരക്കണക്കിന് പുതിയ വിദ്യാർത്ഥികൾ ദർസിൽ പഠിക്കാനെത്തും. പല ദർസുകളിലും റമാളാനിനു മുമ്പെ അഡ്മിഷൻ പൂർത്തിയായതായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചിട്ടുണ്ട്. വിവിധ കാരണങ്ങളാൽ കൂടുതൽ വിദ്യർത്ഥികളെ സ്വീകരിക്കാൻ മഹല്ലുസാരഥികൾ അനുവദിക്കാത്ത ദർസുകളുമുണ്ട്.
ആവശ്യമായ ഭൗതിക പഠനങ്ങൾ ഉൾപെടുത്തി കാലോചിതമായ മാറ്റങ്ങളോടെയാണ് പള്ളി ദർസുകൾ പ്രവർത്തിക്കുന്നത്്. മുൻവർഷത്തെക്കാൾ ഇൗ അധ്യയന വർഷം കൂടുതൽ പഠിതാക്കൾ ദർസുകളിലെത്തിയിട്ടുണ്ട്. അടുത്ത വർഷം ഇനിയും കൂടാനാണ് സാധ്യത. ജംഇയ്യത്തുൽ മുദരിസ്സീൻ സ്റ്റേറ്റ് കമ്മറ്റി കഴിഞ്ഞ ശഅ്ബാനിൽ നടത്തിയ പൊതു പരീക്ഷയിൽ മുന്നൂറോളം ദർസുകളിൽ നിന്നായി ഏഴായിരത്തിൽപരം വിദ്യാർത്ഥികൾ പരീക്ഷയെഴുതി.

സമന്വയ സ്ഥാപനങ്ങളിൽ നൽകപ്പെടുന്ന എല്ലാ വിദ്യാഭ്യാസവും നമ്മുടെ അനേകം ദർസുകളിൽ സംവിധാനിച്ചിട്ടുണ്ട്. കാര്യക്ഷമമായ മതപഠനവും ദിശാബോധത്തോടെയുള്ള ഭൗതിക പഠനവും നൽകുന്നതോടൊപ്പം ദർസുകളിൽ ഉസ്താദുമാരുടെ പ്രത്യേക ശ്രദ്ധയും ശിക്ഷണവും ലഭിക്കുന്നതിനാൽ കൂടുതൽ ആത്മ സംസ്കരണത്തോടെ ദർസ് വിദ്യാർത്ഥി വളർന്നുവരുന്നു. ഇൗ യാഥാർത്ഥ്യം തിരിച്ചറിഞ്ഞ രക്ഷിതാക്കൾ മക്കളെ പള്ളി ദർസിലേക്കയച്ച് പഠിപ്പിക്കാൻ താൽപര്യപ്പെടുന്നവരാണ്. മത ബിരുദം നൽകപ്പെടുന്ന പ്രമുഖ സ്ഥാപനങ്ങളിലെ റാങ്ക് ജേതാക്കളിലധികവും പള്ളി ദർസിൽ നിന്നു വന്നവരാണ്. അവരിൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദമോ ബിരുദാനന്തര ബിരുദമോ നേടിയവരുമുണ്ട്. 
ഹിജ്റ ഒന്നാം നൂറ്റാണ്ടിൽ കേരളത്തിലെ ആദ്യത്തെ പള്ളി കൊടുങ്ങല്ലൂരിൽ സ്ഥാപിതമായതുമുതൽ നമ്മുടെ പളളിദർസിന്റെ ചരിത്രമാരംഭിച്ചു. പതിനാലുനൂറ്റാണ്ട് കാലമായി മതവിജ്ഞാനത്തിന്റെ വിളക്കുമാടമായി, ഇസ്ലാമിക സംസ്കാരത്തിന്റെ ഉരുക്കു കോട്ടയായി, അറബിഭാഷയുടെയും സാഹിത്യത്തിന്റെയും അഭയസ്ഥാനമായി പള്ളിദർസുകൾ അന്തസ്സോടെ ജൈത്രയാത്ര തുടരുകയാണ്. അല്ലാഹു തആല തന്റെ പ്രകാശം ഉൗതികെടുത്താൻ ശ്രമിക്കുന്നവരിൽ നിന്ന് എക്കാലവും അതിനെ സംരക്ഷിച്ചുകൊണ്ടിരിക്കും.

പള്ളിദർസ് നബി(സ്വ)യുടെയും ഖുലഫാഉറാശിദിന്റെയും ചര്യയാണ്. പള്ളിയിൽ താമസവും ചുറ്റുമുള്ള വീടുകളിൽ നിന്ന് ഭക്ഷണവും ഒരുക്കുന്ന ദർസ് സമ്പ്രദായത്തിന്റെ ആദ്യമാതൃക കാണിച്ചു തന്നത് നബി(സ്വ)യാണ്. ദർസില്ലാത്ത പള്ളികളിൽ ശ്മശാനമൂകത അനുഭവപ്പെടുമ്പോൾ ദർസുള്ളവ ഇൽമും ഇബാദത്തും കൊണ്ട് സദാസജീവമായിരിക്കും. ശ്രേഷ്ഠമായ മതവിജ്ഞാനം പഠിക്കാനും പഠിപ്പിക്കാനും ഏറ്റവും അനുയോജ്യമായ സ്ഥലം അല്ലാഹുവിന്റെ ഭവനമായ പള്ളിയാണ്. പള്ളി താമസത്തിനും ചുറ്റുമുള്ള വീടുകൾ ഭക്ഷണത്തിനും ഉപയോഗപ്പെടുത്തുമ്പോൾ വിദ്യാർത്ഥികളുടെ സൗകര്യങ്ങൾക്ക് വേണ്ടിയുള്ള ഭാരിച്ച ചെലവുകൾ കുറഞ്ഞുകിട്ടും. പള്ളിയുടെ ആത്മീയാന്തരീക്ഷം മതപഠനത്തിന് കൂടുതൽ അനുയോജ്യമാണ്. ജനസമ്പർക്കത്തിനും പ്രായോഗിക പരിശീലനത്തിനും ദർസിൽ ധാരാളം അവസരങ്ങളുണ്ട്.

ദർസ് സുന്നത്ത് ജമാഅത്തിന്റെ ഉരുക്കുക്കോട്ടയാണ്. പുത്തൻ പ്രസ്ഥാനക്കാർ ഇൗ രൂപത്തിൽ ദർസ് നടത്തുന്നില്ലെന്ന് മാത്രമല്ല ദർസിനേയും അതിന്റെ ആളുകളെയും ലോകം തിരിയാത്തവരായി ചിത്രീകരിക്കുന്നവരും പരിഹസിക്കുന്നവരുമാണ്. പാരമ്പര്യ നടപടി ക്രമങ്ങൾ മുറപോലെ നിലനിർത്താൻ ദർസ് മുഖ്യ പങ്ക് വഹിക്കുന്നു. അക്കാരണത്താലാണ് നവീനവാദികൾ ദർസ് സമ്പ്രദായത്തെ നശിപ്പിക്കാൻ ഒളിഞ്ഞും തെളിഞ്ഞും ശ്രമിക്കുന്നത്. കഥയറിയാതെ ചിലർ അവരുടെ ശൈലി സ്വീകരിച്ച് ദർസിനെ പരോക്ഷമായി നിരുത്സാഹപ്പെടുത്താറുണ്ട്. പള്ളിയിൽ ഒരുമിച്ച് കൂടി ഖുർആൻ പാരായണവും പഠനവും നടത്തുന്നവരെ കുറിച്ച് നബി(സ) അരുൾ ചെയ്തു. ‘അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്യുന്നവരായും അത് അവർക്കിടയിൽ പഠനം നടത്തുന്നവരായും പള്ളിയിൽ ഒരുമിച്ച് കൂടിയ ജനതയുടെ മേൽ സമാധാനം ഇറങ്ങുകയും കാരുണ്യം പൊതിയുകയും മലക്കുകൾ അവരെ വലയം ചെയ്യുകയും അവരെ കുറിച്ച് സമീപസ്ഥരോട് പറയുകയും ചെയ്യാതിരിക്കില്ല’. (മുസ്ലിം)

ഗാഢവും ആത്മാർത്ഥവുമായ ഗുരു ശിഷ്യ ബന്ധം, ധാർമിക ബോധം, അച്ചടക്കം, പക്വത, ജനസമ്പർക്കം എന്നിവയെല്ലാം കൂടുതൽ ലഭ്യമാക്കുന്നത് ദർസുകളിൽ നിന്നാണ്. മറ്റൊരു സംവിധാനവും ദർസിന് പകരമാവില്ല. ദർസിന് പകരം ദർസ് മാത്രം.

മഖ്ദൂമുമാർ, കോഴിക്കോട് ഖാസിമാർ, യമൻ, ബുഖാറ എന്നിവിടങ്ങളിൽ നിന്നെത്തിയ സയ്യിദന്മാർ, ഉമർ ഖാസി, ഒൗക്കോയ മുസ്ലിയാർ, ഖുതുബി, കണ്ണിയത്ത് ഉസ്താദ്, ശംസുൽ ഉലമ(റ) തുടങ്ങി മൺമറഞ്ഞ ആയിരക്കണക്കിന് മഹാപണ്ഡിതന്മാർ ദർസിലൂടെ വളർന്നുവന്നവരും ദർസ് പ്രസ്ഥാനത്തെ വളർത്തിയവരുമാണ്. പരമ്പരാഗതമായി ദർസ് നടത്തപ്പെട്ടിരുന്ന ചില പള്ളികളിൽ ദർസിന്റെ പ്രതാപം അസ്തമിച്ചെങ്കിലും മറ്റുചില പള്ളികളിൽ പൂർവ്വോപരി ദർസ് പ്രസ്ഥാനം ശക്തിപ്പെടുകയും പുതിയ നിരവധി ദർസുകൾ സ്ഥാപിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. 1991 ലെ കണക്കനനുസരിച്ച് കേരളത്തിൽ 1074 ദർസുകളിലായി 1099 മുദരിസുമാരുടെ കീഴിൽ 31471 പേർ പഠനം നടത്തിയിരുന്നു (അവലംബം കേരള മുസ്ലിം ഡയറക്ടറി). എന്നാൽ 2007 ലെ കണക്ക് പ്രകാരം ദർസുകളുടെ എണ്ണം 356, മുദരിസുമാർ 371, വിദ്യാർത്ഥികൾ 12245 (ചന്ദ്രിക 2008 ആഗസ്റ്റ് 26). ഇടക്കാലത്ത് വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവുവന്നെങ്കിലും ഇപ്പോൾ പതിന്മടങ്ങ് വർദ്ധിച്ചിട്ടുണ്ട്.

പ്രവാചകരുടെ അനന്തരാവകാശികളായ ആത്മീയ പണ്ഡിതന്മാരെ വാർത്തെടുക്കലാണ് പള്ളി ദർസിന്റെ മുഖ്യലക്ഷ്യം. അതോടൊപ്പം ദർസ് നടത്തപ്പെടുന്ന മഹല്ലിലെ മുഴുവനാളുകൾക്കും മുസ്ലിമായി ജീവിക്കാനാവശ്യമായ മതപഠനത്തിന് ദർസ് അവസരമൊരുക്കുന്നു. നാട്ടുകാരായ വിദ്യാർത്ഥികൾ പ്രായഭേദമന്യേ വിവിധ സമയങ്ങളിൽ ദർസിലെത്തി മതവിജ്ഞാനം കരസ്ഥമാക്കുന്നു. അതുപോലെ ഫിഖ്്ഹ്, തസ്വവ്വുഫ്, ഹദീസ്, തഫ്സീർ തുടങ്ങിയ വിഷയങ്ങളിൽ നാട്ടുകാരായ കാരണവന്മാരും മറ്റ് മുതിർന്ന വ്യക്തികളും പള്ളിയിൽ വന്ന് സബ്ഖ് ശ്രദ്ധിക്കാറുണ്ട്. തൽഫലമായി ദർസ് നടന്നുവരുന്ന പള്ളി മഹല്ലുകളിൽ ഇസ്ലാമിക ചരിത്രം, അനന്തരാവകാശ മസ്അലകൾ, മയ്യിത്ത് പരിപാലന മുറകൾ എന്നിങ്ങനെ വ്യക്തിപരവും സാമൂഹികവുമായ വിഷയങ്ങളിൽ പരിജ്ഞാനം നേടിയ "ദർസി’കളായ അനേകം സാധാരണക്കാർ വളർന്നുവന്നു. ജീവിതം മുഴുവൻ മുതഅല്ലിമായി മരിക്കാനാഗ്രഹിച്ച മതവിദ്യാർത്ഥികൾ പൊന്നാനിയിലും മറ്റ് വലിയ ദർസുകളിലുമുണ്ടായിരുന്നതായി ചരിത്രത്തിൽ കാണാം.

ആദ്യകാലത്ത് വാമൊഴിയായിട്ടാണ് മത വിജ്ഞാനങ്ങളെല്ലാം കൈമാറ്റം ചെയ്യപ്പെട്ടിരുന്നത്. പിന്നീട് ഗ്രന്ഥരചനയാരംഭിച്ചപ്പോൾ അവ അടിസ്ഥാനപ്പെടുത്തിയുള്ള അധ്യാപനമാരംഭിച്ചു. ഫഖ്രിയ്യ, നിളാമിയ്യ സിലബസ്സുകളാണ് ഇന്ന് ദർസുകളിൽ അവലംബിക്കുന്നത്. ദീനീ വിഷയങ്ങളും അതിന്റെ സഹായക വിഷയങ്ങളും സ്വായത്തമാക്കാൻ ആവശ്യമായതെല്ലാം അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻകാല പണ്ഡിതന്മാർ എല്ലാ വിഷയങ്ങളിലും കഴിവുള്ളവരായതിനാൽ ഒാരോ വിഷയങ്ങളിലും അവർ പഠിച്ച ആധികാരിക ഗ്രന്ഥങ്ങളെത്തന്നെയാണ് അവലംബിക്കേണ്ടത്. ഭാഷാപഠനം, ചരിത്രം എന്നിവയിൽ പുതിയ ഗ്രന്ഥങ്ങൾ സിലബസുകളിൽ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. 

കേരള മുസ്ലിംകളിൽ ഇന്ന് കാണുന്ന എല്ലാ മത സാംസ്കാരിക പുരോഗതിയുടെയും അടിസ്ഥാനം പള്ളി ദർസുകളാണ്. കേരളത്തിലെ വിവിധ ജനങ്ങൾക്കിടയിൽ സൗഹൃദവും എെക്യവും നിലനിർത്തുന്നതിലും ദിശാബോധത്തോടെ മുസ്ലിംകളെ സംഘടിപ്പിക്കുന്നതിലും നിസ്സീമമായ പങ്ക് വഹിച്ച സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ സ്ഥാപിച്ചത് പ ള്ളി ദർസിലൂടെ വളർന്ന് വന്ന പണ്ഡിത മഹത്തുക്കളാണ്. കേരളത്തിൽ മതവിധി നൽകുന്നവരെല്ലാം ദർസിന്റെ സന്തതികളാണ്. മാത്രമല്ല ദർസ്, ഖുതുബ, ഖളാഅ് എന്നിവ നിർവ്വഹിക്കുന്നതിൽ ഭൂരിഭാഗവും ഇപ്പോഴും പ ള്ളിദർസിന്റെ സന്തതികളാണ്. ദർസിലൂടെ വളർന്ന് വന്നവരാണ് സമന്വയ സ്ഥാപനങ്ങളുടെ ഉപജ്ഞാതാക്കൾ ഇപ്പോഴും അവരുടെ മുഖ്യ സാരഥികൾ ദർസിന്റെ സന്തതികളാണ്. ദർസിലൂടെ വളർന്ന് വന്നവർ ദർസീ പ്രസ്ഥാനത്തെ ആക്ഷേപിക്കുന്നതും നിരുത്സാഹപ്പെടുത്തുന്നതും ശരിയല്ല. ഇന്നത്തെ സംവിധാനങ്ങളെല്ലാം സ്ഥാപിക്കപ്പെടും മുമ്പ് എഴുത്തിലൂടെയും പ്രസംഗത്തിലൂടെയും മറ്റും ഇസ്ലാമിക പ്രബോധന പ്രവർത്തനങ്ങൾ നടത്തിയവരെല്ലാം പള്ളി ദർസിൽ പഠിച്ചവരായിരുന്നു. വാദപ്രതിവാദങ്ങളിലൂടെ ദീനിന്റെ ശത്രുക്കളെ ആശയപരമായി പ്രതിരോധിച്ചതും മാസങ്ങൾ നീണ്ടുനിൽക്കുന്ന വയള് പരമ്പരയിലൂടെ സാധാരണക്കാർക്ക് വിജ്ഞാനം പകർന്നതും അവരായിരുന്നു.

ഭാഷാ പഠനത്തിന്റെ അഭാവത്തിൽ പഴയകാല ദർസുകളെ ആക്ഷേപിക്കരുത് ഏതാനും മാസങ്ങൾ കൊണ്ട് ഏതു ഭാഷയും സ്വായത്തമാക്കാൻ ബുദ്ധിയുള്ളവർക്ക് പ്രശ്നമില്ല. എന്നാൽ വിഷയാധിഷ്ടിതമായി പഠനം നടത്തിയിരുന്ന മുൻഗാമികൾ ഭാഷാ പഠനത്തിന് വേണ്ടി കൂടുതൽ സമയം നഷ്ടപ്പെടുത്തിയിരുന്നില്ല. കിതാബുകളിലുള്ള ആഴമേറിയ പഠനമാണവർ നേടിയത്. അതിനിടയിലും നൈസർഗികമായി ഭാഷാ നൈപുണ്യം നേടിയ നിരവധി പണ്ഡിതന്മാർ കേരളത്തിൽ ഉണ്ടായിട്ടുണ്ട്.

ഗുരുവും ശിഷ്യന്മാരും പള്ളിയിൽ ഒരുമിച്ച് താമസിച്ച് പഠിക്കുന്നതിനാൽ പ്രാചീനകാലംമുതൽ നിലവിലുള്ള ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായമാണ് ദർസ്. വിവിധ നിലവാരത്തിലുള്ള വിദ്യാർത്ഥികളെ ചേർത്ത് അവരുടെ കഴിവുകൾ പരമാവധി വളർത്തിയെടുത്ത് ഇസ്ലാമിക സേവനത്തിന് ദർസിലൂടെ സജ്ജരാക്കുകയാണ് മുദരിസ്. വ്യക്തിത്വ വികാസമാണതിന്റെ കാതൽ. വെറും മാർക്കിന്റെ അടിസ്ഥാനത്തിൽ യോഗ്യത നിർണയിക്കാതെ വിദ്യാർത്ഥിയുടെ കഴിവുകൾ വളർത്തിയെടുക്കാൻ സഹായിക്കലാണ് ദർസിലെ ശിക്ഷണം. വിദ്യാഭ്യാസ പരിഷ്കരണത്തിന്റെ ഭാഗമായി ഭൗതിക കലാലയങ്ങൾ നടപ്പാക്കിയ എസ്. എസ്. എ (സർവ ശിക്ഷാ അഭിയാൻ) സംവിധാനം പോലെ. മുദരിസ് ഒരു വിദ്യാർത്ഥി ദർസിൽ ചേർന്നതുമുതൽ സദാ നിരീക്ഷിച്ച് അവന്റെ കഴിവുകൾ വളർത്തിയെടുക്കുകയും പോരായ്മകൾ പരിഹരിക്കുകയും ചെയ്യുന്നു. ദർസിൽ നിന്ന് പുറത്ത് വരുന്നവരിൽ ഒന്നിനും കൊള്ളാത്തവരായി ആരുമുണ്ടാവില്ല. മാത്രമല്ല ഏത് മന്ദബുദ്ധിക്കും ഗ്രഹിക്കാൻ കഴിയുന്ന വിധം വിശദീകരണങ്ങളോടെ ആവർത്തിച്ച് പഠിപ്പിക്കുന്ന രീതിയാണ് ദർസ് പാരമ്പര്യത്തിൽ അവലംബിച്ചു വരുന്നത്. ചെറിയ വിദ്യാർത്ഥികൾക്ക് ദർസ് നടത്താൻ ഏൽപിച്ചും വായിച്ചോതിക്കൊടുത്തും വലിയ വിദ്യാർത്ഥികൾക്ക് ദർസിൽ നിന്നു തന്നെ ഭാവിയിൽ ദർസു നടത്താനുള്ള പരിശീലനവും സാധ്യമാണ്. മുഇൗദ് എന്ന ഒരു തസ്തിക തന്നെ കിതാബുകളിൽ പരിചയപ്പെടുത്തിയിട്ടുണ്ട്. അഥവാ വായിച്ചോതിക്കൊടുക്കുന്നവൻ.
അങ്ങിനെ മുദരിസ്, മുഫ്തി, ഖാസി, വാഇള്, കാതിബ്, ഖതീബ്, മുഅല്ലിം, മുഅദ്ദിൻ എന്നീ സേവനങ്ങൾക്ക്് പറ്റുന്നവരെല്ലാം ദർസിലൂടെ വളർന്നുവരേണ്ടതുണ്ട്. കാലികമായ പരിഷ്കാരങ്ങൾ നടപ്പാക്കി പള്ളിദർസിനെ കൂടുതൽ സജീവമാക്കാൻ മുദരിസുമാരും മഹല്ല് ഭാരവാഹികളും ശ്രമിക്കുന്നതോടൊപ്പം രക്ഷിതാക്കൾ മക്കളെ മതസേവകരാക്കാനുദ്ദേശിക്കുന്നുവെങ്കിൽ മതവിദ്യയും പ്രയോഗികജ്ഞാനവും ആത്മസംസ്കരണവും കൂടുതൽ സാധ്യമാകുന്ന പള്ളിദർസുകളിലെത്തിക്കണം. കേരളത്തിൽ സ്തുത്യർഹമായ നിലയിൽ നടന്നു വരുന്ന നമ്മുടെ ശരീഅത്ത് കോളേജുകളും മറ്റ് സ്ഥാപനങ്ങളും പ്രോത്സാഹിപ്പിക്കപ്പെടുന്നത് പോലെ പള്ളിദർസുകളെ പ്രോത്സാഹിപ്പിക്കാൻ നാം ബാധ്യസ്ഥരാണ്. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലുള്ളവർ ഇക്കാര്യം ശ്രദ്ധിക്കേണ്ടതാണ്.

Courtesy: Suprabhaatham Daily


| Sayyid Munavvar Ali Shihab Thangal |

കഴിഞ്ഞയാഴ്ച്ച കണ്ണൂരിൽ കണ്ണങ്കണ്ടി ഷോറൂം ഉൽഘാടന ചടങ്ങിന്ന് പോയതായിരുന്നു.അവിടെയുള്ള ചിലരൊക്കെ എന്റെ കൂടെ സെൽഫി എടുക്കുന്നുണ്ടായിരുന്നു.കണ്ടു നിന്ന കണ്ണങ്കണ്ടി പരീത്ക്കയുടെ പാർട്ണർ സലാംക്ക കണ്ണ് നിറച്ചു കൊണ്ടു പറഞ്ഞു 'ഇത് ഉപ്പയ്ക്കുള്ളതാട്ടോ,ഇത് ഓർക്ക് കൊടുക്കണംട്ടോ'..

ഞാനുൾപ്പെടെ ഞങ്ങളെല്ലാവരും ഉറച്ച് വിശ്വസിക്കുന്നു! ഞങ്ങൾക്ക് കിട്ടിക്കൊണ്ടിരിക്കുന്ന ഈ സ്നേഹവും ആദരവും അത് ബാപ്പയെ സ്നേഹിച്ച് കൊതി തീരാത്ത ജനതയുടേതാണ് എന്ന്. അവരുടെ ഹൃദയങ്ങളിലുള്ള ബാപ്പയുടെ സ്നേഹ സ്മരണകളാണ് അവർ ഞങ്ങളോടും പ്രകടിപ്പിക്കുന്നതെന്ന്..

ബാപ്പയുടെ അഭാവം ഞങ്ങളനുഭവിക്കുന്ന പോലെ അദ്ദേഹത്തിന്റെ സ്നേഹ ജനങ്ങളും അനുഭവിക്കുന്നു. ഞങ്ങളുടെ വീടിന്റെ പൂമുഖത്ത് വന്ന് വിതുമ്പി മടങ്ങുന്നവർ നിരവധി പേരുണ്ട്. ആ വിതുമ്പൽ കാണുമ്പോൾ നിയന്ത്രിക്കാനാവാതെ ഞങ്ങളും പൊട്ടിപോവുന്നു..
ബാപ്പ മരിച്ച് കുറച്ച് മാസങ്ങൾക്ക് ശേഷം തമിഴ്നാട്ടിൽ നിന്നും ഇടക്കൊക്കെ വന്നുകൊണ്ടിരുന്ന ഭാര്യയും ഭർത്താവും വീട്ടിൽ വന്നു. ഞാൻ പുറത്തിരിക്കുന്നുണ്ടായിരുന്നു.അവർ വന്ന് എന്നെ അഭിവാദ്യം ചെയ്തിട്ട് അവിടെ വരാന്തയിൽ നിന്നു. എന്നോട് ഒന്നും സംസാരിച്ചില്ല. കുറച്ച് കഴിഞ്ഞ് ഞാൻ വീട്ടിനുള്ളിലേക്ക് വന്നപ്പോൾ അവരും പിറകെ വന്നു. അപ്പോഴും അവർ ആരെയോ തിരയുകയാണ്. വീണ്ടും ബാപ്പയുടെ റൂമിനടുത്തൊക്കെ പോയി തിരിച്ചു വന്നു എന്നോട് 'തങ്കൾ എവിടെയിറുക്കെ' എന്ന് ചോദിച്ചു '
ഞാൻ പറഞ്ഞു. തങ്ങളില്ല, തങ്ങൾ ഇറന്തു പോയി (മരണപ്പെട്ടു )എന്ന്.പെട്ടൊന്ന് അവരാകെ തകർന്നതു പോലെ, അവിടെയിരുന്ന് അവർ പൊട്ടിക്കരഞ്ഞു.കരഞ്ഞുകൊണ്ട്, തീരാത്ത സങ്കട ഭാരത്താൽ അവരെന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.ഇങ്ങനെ ബാപ്പയുടെ മരണശേഷവും പലരും വീട്ടിൽ വരുന്നു.ബാപ്പയുടെ സാന്നിദ്ധ്യം ഓർത്തെടുക്കുന്നു. ആ ഓർമ്മകളിൽ കണ്ണീർ തൂവുന്നു.മരിച്ച് വർഷങ്ങൾക്കിപ്പുറവും ഇതാവർത്തിക്കുന്നു. ഇത് കാണുമ്പോൾ,വ്യത്യസ്ത മനുഷ്യരുമായി എത്രമാത്രം ആഴത്തിലുള്ള ആത്മീയ ബന്ധമാണ് പ്രിയപിതാവ് പുലർത്തിയിരുന്നതെന്ന് പലപ്പോഴും ഓർത്ത് പോവാറുണ്ട്. ആളുകളുമായി കാര്യ കാരണങ്ങളിൽ മാത്രം ഒതുക്കപ്പെട്ടിരുന്ന ഒരു ബന്ധമായിരുന്നില്ല അത്. അതിനപ്പുറത്തെ, ആത്മീയതലം ഓരോ ബന്ധങ്ങളിലും പിതാവും ജനങ്ങളുമായി നിലനിന്നിരുന്നതാണ് അദ്ദേഹത്തിന്റെ മരിക്കാത്ത ഓർമകൾ ഇന്നും അവർ മനസ്സിൽ താലോലിക്കാനുള്ള കാരണം. അതിരുകളും ഉപാധികളുമില്ലാത്ത സ്നേഹം ജനങ്ങൾക്ക് പകർന്നു നൽകിയാണ് അദ്ദേഹം കാലത്തിന്റെ മറുതീരത്തേക്ക് യാത്രയായത്.ഈ പരിശുദ്ധ മാസത്തിലടക്കം അത്തരത്തിലുള്ള നിരുപാധികമായ സ്നേഹം പരസ്പരം പങ്കിടാൻ നമുക്ക് കഴിയുന്നുണ്ടോ എന്നത് ചിന്തിക്കണം. നിബന്ധനകളും കാപട്യങ്ങളുമില്ലാത്ത സമ്പൂർണ്ണമായ സ്നേഹത്തിന്റെ വാഗ്ദാക്കളായി ഓരോ മനുഷ്യനും മാറുമ്പോൾ മാത്രമാണ് സമാധാനപൂർണ്ണമായ ലോകം ഉണ്ടാവുന്നത്. സർവ്വശക്തൻ അതിനായി നമ്മെ അനുഗ്രഹിക്കട്ടെ..

ivythemes

{facebook#https://fb.com/alathoorpadidars} {twitter#https://twitter.com/alathurpadidars} {google-plus#https://plus.google.com/+ALATHURPADIDARS} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://youtube.com/alathoorpadidars} {instagram#YOUR_SOCIAL_PROFILE_URL}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget