Latest Post


       അഹ്‌ലുബൈത്ത് കൊണ്ട് വിവക്ഷിക്കപ്പെടുന്നത് നബി കുടുംബമാണ്. അഹ്‌ലുല്‍ ബൈത്ത്, ആലുമുഹമ്മദ് ഈ അര്‍ത്ഥത്തിന്‍ ഉപയോകിക്കപ്പെടുന്നു. പ്രവാചക കുടുംബത്തിന്റെ പവിത്രത അടയാളപ്പെടുന്നതാണ് ഉദ്ദേഷിക്കപ്പെടുന്നത.് പ്രസ്തുത സൂക്തം അവതരിച്ചപ്പോള്‍ അലി (റ),ഫാത്തിമ (റ), അസന്‍ (റ), ഹുസൈന്‍(റ) എന്നിവരെ നബി (സ) ഒരു വസ്ത്രം കൊണ്ട് മൂടി ഇപ്രകാരം പ്രാര്‍ത്ഥിച്ചു 'ഇവര്‍ എന്റെ അഹ്‌ലുബൈത്ത് ആകുന്നു ഇവരില്‍ നിന്ന് അഴുക്കുകള്‍ നീക്കുകയും ഇവരെ പരിശുദ്ധമാക്കുകയും ചെയ്യേണമെ' (അഹമദ്) മറ്റൊരു ഹദീസില്‍ ഇപ്രകാരം കാണാം നബി(സ) സുബഹി നിസ്‌കാരത്തിന് പള്ളിയില്‍ പോകുമ്പോള്‍ ഫാത്തിമ (റ) യുടെ വീടിനരികില്‍ എത്തിയാല്‍ ഇങ്ങനെ പറയുമായിരുന്നു. 'അഹ്‌ലുല്‍ ബൈത്ത് നിസ്‌കാരം നിര്‍വഹിക്കുക . നബികുടുംബംായ നിങ്ങളില്‍ നിന്ന് മാലിന്യം ശുദ്ധീകരിക്കാനും നിങ്ങളെ സമ്പൂര്‍ണമായി ശുദ്ധീകരിക്കാനുമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. 'സൈദ്ബ്‌നു അര്‍ഖം (റ) വില്‍ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു. നബി(സ)ഒരു ദിവസം ഞങ്ങളോട് ഉപദേശിക്കാന്‍ എഴുനേറ്റു നിന്നു.ശേഷം  ഇപ്രകാരം പറഞ്ഞു. ഞാന്‍ നിങ്ങള്‍ക്ക് രണ്ട് ഭാരമുള്ള രണ്ടുസംഗതികളെ ഉപേക്ഷിപ്പിച്ചുപോകുന്നു. അവയില്‍ ഒന്ന് അല്ലാഹുവിന്റെ ഗ്രന്ഥമായ ഖുര്‍ആന്‍ ആണ്.  അതില്‍ സന്മാര്‍ഗവും പ്രകാശവുമുണ്ട് മറ്റൊന്ന് എന്റെ അഹ്‌ലുബൈത്താണ്' എന്നുവച്ചാല്‍ അന്ത്യനാള്‍വരെ അഹ്‌ലുബൈത്തും നിലനില്‍ക്കും എന്നും നമുക്ക് ഇതിലൂടെ മനസ്സിലാക്കാം .
       മുസ്ലിം റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ ഇങ്ങനെ വായിക്കാം 'അല്ലാഹു ഇസ്മാഈല്‍ സന്തതികളില്‍ നിന്നും കിനാനഃ ഗോത്രത്തേയും കിനാനയില്‍ നിന്ന് ഖുറൈശ് ഗോത്രത്തേയും ഖുറൈശ് ഗോത്രത്തില്‍ നിന്ന് ബനൂഹാശിമിനേയും ബനുഹാശിമില്‍ നിന്ന് എന്നെയും തിരഞ്ഞെടുത്തു'.(മുസ്ലിം ,തുര്‍മുദി) നബികുടുംബത്തിന് ഇസ്ലാം ചില പ്രത്യേക സവിശേഷ സ്ഥാനം നല്‍കിയിട്ടുണ്ട്. അവരുടെ മഹനീയ പതിവിക്ക് ചേരാത്തതിനാല്‍ സമ്പന്നരെ ശുദ്ദീകരിച്ച പദാര്‍ത്ഥമായ സകാത്തിന്റെ മുതല്‍. അവര്‍ക്ക് നിശിദ്ധമാക്കിയിട്ടുണ്ട് ഇത് ബോധിപ്പിക്കുന്ന ചില തിരുവചനങ്ങള്‍ നമുക്ക് വിശകലനം ചെയ്യാം . 'സ്വദഖ (നിര്‍ബന്ധ ദാനം ) മുഹമ്മദിന്റെ കുടുംബത്തിന് പറ്റിയതല്ല. അത് ജനങ്ങളുടെ അഴുക്കുകളാണ്.(മുസ്ലിം) ഒരിക്കല്‍ അലി(റ) ന്റെ മകന്‍ ഹസന്‍ (റ) സകാത്ത് വകയിലുള്ള കാരക്കയില്‍ നിന്ന് ഒരു കാരക്ക എടുത്ത് കഴിക്കാന്‍ നിന്നപ്പോള്‍ അവിട്ന്ന് നബി(സ)പറഞ്ഞു. ആ കാരക്ക നീ അത് വലിച്ചെറിയുക നാം സകാത്ത് ഭക്ഷിക്കുകയില്ല എന്ന് നിനക്കറിയില്ലെ ? (ബുഖാരി മുസ്ലിം) എന്നാല്‍ അഹ്‌ലുബൈത്തിന് ഹദിയയും ഭഹീമത്ത് സ്വത്തും സ്വീകരിക്കാം. സന്മാര്‍ഗ സമ്പത്തിന്റെ ഒരു വിഹിതം അവര്‍ക്ക് അവകാശപ്പെട്ടതാണ്. നിങ്ങള്‍ യുദ്ധത്തില്‍ നേടിയെടുത്ത ഏതൊരു വസ്തുവില്‍ നിന്ന് അതിന്റെ അഞ്ചില്‍ ഒന്ന് അല്ലാഹുവിനും റസൂലിനും അടുത്തബന്ധുകള്‍ക്കും അനാഥകള്‍ക്കും പാവപ്പെട്ടവര്‍ക്കും വഴിവോക്കര്‍ക്കുമുള്ളതാണ് നിങ്ങള്‍ മനസ്സിലാക്കുവിന്‍(അന്‍ഫാല്‍ 41).
         നിസ്‌കാരത്തില്‍ നബി (സ) യുടെ കുടുംബത്തിന് വേണ്ടി സ്വലാത്ത് ചൊല്ലുന്നത് സുന്നത്തായി നിശ്ചയിക്കപ്പെട്ടതില്‍ നിന്നും ഇസ്ലാം അവര്‍ക്ക് നല്‍കിയ മഹത്ത്വം സുതാര്യസ്പഷ്ടമാണ്. നബി(സ)കാലത്തും തുടര്‍ന്നും സ്വഹാബികള്‍ നബി(സ)യുടെ കുടുംബത്തിന് സ്‌നേഹാദരവോടെയാണ് പെരുമാറിയിരുന്നത്. അബൂബക്കര്‍ (റ) പറയുന്നു. അഹ്‌ലുല്‍ ബൈത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ മുഹമ്മദ് നബി(സ) സൂക്ഷിക്കുക. (ബുഖാരി) മറ്റൊരിക്കല്‍ അദ്ദേഹം അലി (റ)യോട് പറഞ്ഞു. എന്റെ കുടുംബത്തേക്കാള്‍ നബി(സ) യുടെ കുടുംബത്തോട് ബന്ധം പുലര്‍ത്താനാണെനിക്കിഷടം .അഹ്‌ലുബൈത്തിനെ സ്‌നേഹിക്കല്‍ മുസ്ലിം സമൂഹത്തിന്റെ ബാധ്യതയാണ് അത് കൊണ്ട് തന്നെ നബി തങ്ങളുടെ കാലം മുതല്‍ ഇന്നുവരേയും അവരോടുള്ള സ്‌നേഹാദരവുകള്‍ മുസ്ലിം സമൂഹം കാലങ്ങളായി സംരക്ഷിച്ചു പോന്നു. വിശുദ്ധ ഖുര്‍ആനിന്റെ ആഹ്വാനം ശ്രദ്ധിക്കുക 'നബിയെ താങ്കള്‍ പറയുക ; അതിന്റെ പ്രബോധനത്തിന്റെ പേരില്‍ ഞാന്‍ നിങ്ങളോട് ഒരു പ്രതിഫലവും ആവിശ്യപ്പെടുന്നില്ല. എന്റെ കുടുംബത്തെ സ്‌നേഹിക്കലല്ലാതെ'. (വി.ഖു. 42;23) ഈ സൂക്തത്തിന്റെ വ്യഖ്യാനത്തില്‍ ഇബ്‌നു അബ്ബാസ് (റ) വിശദീകരിക്കുന്നതിങ്ങനെ ഈ സൂക്തം അവതരിപ്പിച്ചപ്പോള്‍ സ്വഹാബികള്‍ നബി(സ)യോട് ചോദിച്ചു . പ്രവാചകനെ നങ്ങള്‍ സ്‌നേഹിക്കണം അങ്ങയുടെ കുടുംബമേതാണ് എന്ന് ചോദിച്ചപ്പോള്‍ നബി തങ്ങള്‍ പറഞ്ഞു. അലി, ഫാത്വിമ അവരുടെ സന്തതികള്‍ അവരില്‍ സ്‌നേഹം വെക്കുക എന്നാല്‍ ഞാന്‍ അവരേയും സ്‌നേഹിക്കും .
      മുസ്ലിം(റ) അബൂ ഹുറാറയില്‍ നിന്നും ഉദ്ദരിക്കുന്ന ഹദീസ് ഇതിനോട് ചേര്‍ത്ത് വായിക്കാം . നബി(സ) ഇപ്രകാരം പ്രാര്‍ത്ഥിച്ചു. അല്ലാഹുവെ ഈ രണ്ടുകുട്ടികളെയും ഞാന്‍ സ്‌നേഹിക്കുന്നു അതിനാല്‍ ഇവരെയും ഇവരെ സ്‌നേഹിക്കുന്നവരെയും നീ സ്‌നേഹിക്കേണമെ (മുസ്ലിം)
 അഹ്‌ലുല്‍ ബൈത്തിന്റെ അനുഗ്രഹീത തണലില്‍ നമുക്ക് ജീവിത യാത്ര തുടരാം.......


                                                                           Vahab Karuvarakkund




കാല ചക്രത്തിന്റെ അവിശ്രമ കറക്കം ഒരു പുതുവര്‍ഷത്തിനു കൂടി ജന്മം നല്‍കാനിരിക്കുകയാണ്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ നിശ്ചയിക്കപ്പെട്ട ഐഹിക ജീവിതായുസ്സില്‍ നിന്ന് ഒരു വര്‍ഷം കൂടി തീര്‍ന്നിരിക്കുന്നു. അതെ നാം പുതുവര്‍ഷത്തിലേക്ക് കടക്കുകയാണ്.
 ന്യൂ ഇയര്‍ എന്ന് കേള്‍ക്കുമ്പോഴേക്ക് ഡിസംബര്‍ 31 ന് രാത്രി പന്ത്രണ്ട് മണിക്ക് ലോകത്തിന്റെ അഖില ദിക്കുകളില്‍ ഉണര്‍ന്നിരിക്കുന്ന പരിഷ്‌കൃതരെന്നവകാശപ്പെടുന്ന ബുദ്ധി ശൂന്യരുടെ നിരര്‍ത്ഥകമായ ആഘോഷ കോപ്രായങ്ങളും പടക്കം പൊട്ടിക്കലും മറ്റും ഓര്‍മ വരുന്ന ആധുനികതയുടെ മധ്യത്തില്‍ സത്യ വിശ്വാസിയുടെ ന്യൂ ഇയര്‍ മുഹറമിന്റെ ആരംഭത്തോടെയാണെന്ന് അവതരിപ്പിക്കപ്പെട്ടാല്‍ പുതു തലമുറ അതുള്‍ കൊള്ളാന്‍ പ്രാപ്തരാണോ എന്നത് സംശയാവഹമാണ്. ആര് ഉള്‍കൊണ്ടാലും തള്ളിയാലും ഒരു സത്യവിശ്വാസിയുടെ വര്‍ഷാരംഭം ദുല്‍ഹിജ്ജയുടെ സൂര്യാസ്തമയത്തോട് കൂടിയാണെന്നതാണ് വാസ്തവം.
ചില ദിവസങ്ങള്‍ക്കും മാസങ്ങള്‍ക്കും പല കാരണങ്ങളാല്‍ മറ്റുള്ളവയേക്കാള്‍ മഹത്വം കല്‍പിക്കുന്ന രീതി ഇസ് ലാമിലും ഇതര ഇസങ്ങളിലുമുണ്ട്. അത്തരം മഹനീയ ദിന രാത്രങ്ങളില്‍ ആരാധനകള്‍ വര്‍ധിപ്പിക്കുന്നത് പ്രത്യേകം പുണ്ണ്യവുമായിരിക്കും. ഇസ് ലാം വളരെയധികം മഹത്വം കല്‍പിക്കുന്ന മാസമാണ് മുഹറം. യുദ്ധം നിശിദ്ധമാക്കപ്പെട്ട നാലു മാസങ്ങളില്‍ ഒന്നാമത്തേതാണ് മുഹറം മാസം. അല്ലാഹു (സു) പറയുന്നു, ആകാശ ഭൂമികള്‍ സൃഷ്ടിച്ച നാള്‍ മുതല്‍ അല്ലാഹുവിന്റെ വിധിയനുസരിച്ച് മാസങ്ങളുടെ എണ്ണം പന്ത്രണ്ടാണ്. അതിനാല്‍ നാലെണ്ണം ശുദ്ധങ്ങളുമാണ്. അതാണ് ഋജുവായ മതം. അതിനാല്‍ അതിനാല്‍ അവയില്‍ നിങ്ങള്‍ സ്വയം അക്രമികളാകരുത് (തൗബ 36). ലോകത്തുള്ള എല്ലാ കലണ്ടറുകളിലും മാസങ്ങളുടെ എണ്ണം പന്ത്രണ്ടാണെന്ന വസ്തുത ഈ വിശുദ്ധ വചനത്തെ അന്വര്‍ത്ഥമാക്കുന്നു.
അല്ലാഹുവിന്റെ മാസമെന്ന് വിശേഷിക്കപ്പെടുന്നുവെന്നതാണ് മുഹറമിന്റെ ഏറ്റവും വലിയ സ്രേഷ്ടത. അബൂ ദര്‍ (റ) വില്‍ നിന്ന് ഇമാം നസാഈ റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ ഇപ്രകാരം കാണാം. ഒരു സ്വഹാബി ചോദിച്ചു, നബിയെ ഏത് മാസമാണ് ശ്രേഷ്ടം അപ്പോള്‍ നബി (സ) തങ്ങള്‍ പറഞ്ഞു നിങ്ങള്‍ മുഹറമെന്ന പേരില്‍ വിളിക്കുന്ന അല്ലാഹുവിന്റെ മാസമാണ് ശ്രേഷ്ടമായ മാസം. ഖുര്‍ആന്‍ അവതീര്‍ണ്ണമായ റമളാനാണ് ഏറ്റവും ശ്രേഷ്ടമായ മാസമെന്നതില്‍ തര്‍ക്കമില്ല. അപ്പോള്‍ മുഹറം ശ്രേഷ്ടമാസമെന്ന് പറഞ്ഞത് തെറ്റാണോ ? ഒരിക്കലുമല്ല, രണ്ടും ശ്രേഷ്ട മാസങ്ങളാണെന്നും ഇതും മറ്റുള്ള എല്ലാ മാസങ്ങളും അല്ലാഹുവിന്റേത് തന്നെയാണെന്നും നമുക്കറിയാം. എങ്കിലും മറ്റുള്ള മാസങ്ങള്‍ക്കില്ലാത്ത ചില പ്രത്യേകതകള്‍ മുഹറത്തിനുണ്ട്. പത്തു മക്കളുള്ള ഒരാള്‍ കൂട്ടത്തില്‍ ഒരുത്തനെ ചൂണ്ടി ഇവനെന്റെ കുട്ടിയാണെന്ന് പറഞ്ഞാല്‍ മറ്റുള്ളവര്‍ അയാളുടേതല്ലെന്ന അര്‍ത്ഥമില്ലല്ലോ. മറിച്ച് ഇവനോട് പ്രത്യേക സ്‌നേഹമുണ്ടെന്ന് മനസ്സിലാക്കാം. അതിന് പല കാരണങ്ങളുമുണ്ടാകാം.
 റജബ് മാസത്തേയും അല്ലാഹുവിന്റെ മാസമെന്ന് വിശേഷിപ്പിക്കപ്പെട്ടതായി കാണാം. ചുരുക്കത്തില്‍ ഈ രൂപത്തില്‍ വിശേഷിപ്പിക്കപ്പെട്ട മാസങ്ങള്‍ക്ക് പ്രത്യേക ഹേതുവുണ്ട് എന്നാണ് ഹദീസുകള്‍ മനസ്സിലാക്കിത്തരുന്നത്. അവയില്‍ തന്നെ മഹത്വത്തില്‍ ഏറ്റ വ്യത്യാസങ്ങളുണ്ടാകാം. പക്ഷെ രണ്ടിനും മഹത്വമുണ്ടെന്ന കാര്യം അവിതര്‍ക്കമാണ്.
ഇസ് ലാമിക ചരിത്രത്തില്‍ സംഭവ ബഹുലമായ അധ്യായങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മാസമാണ് മുഹറം. വിശിഷ്യാ മുഹറം പത്ത്. ആശൂറാഅ് എന്നാണ് ഈ ദിവസം അറിയപ്പെടുന്നത്. മഹാനായ മൂസാ (അ) യെ ഫിര്‍അൗനില്‍ നിന്നും രക്ഷപ്പെടുത്തി ഫിര്‍അൗനെയും കൂട്ടാളികളെയും ചെങ്കടലില്‍ മുക്കി നശിപ്പിച്ചത് മുഹറം പത്തിനായിരുന്നു. ഇതിന്റെ സ്മരണാര്‍ത്ഥം ജൂതന്മാര്‍ അന്ന് നോമ്പനുഷ്ടിക്കാറുണ്ടായിരുന്നു. ഇതറിഞ്ഞ നബി (സ) തങ്ങള്‍ മൂസാ നബിയെ സ്മരിക്കാന്‍ ഏറ്റവും കടപ്പെട്ടവര്‍ മുസ്‌ലിംകളാണെന്ന് പറയുകയും അന്നേ ദിവസം നോമ്പനുഷ്ടിക്കാന്‍ കല്‍പിക്കുകയും ചെയ്തു. കഴിഞ്ഞ ഒരു വര്‍ഷത്തെ പാപ മോചനം ഈ സുന്നത്ത് നോമ്പിന് വാഗ്ദാനം നല്‍കപ്പെട്ടിരിക്കുന്നു. അടുത്ത വര്‍ഷം ഞാന്‍ ജീവിക്കുമെങ്കില്‍ ഒമ്പതിന് കൂടി നോമ്പനുഷ്ടിക്കുമായിരുന്നുവെന്ന് നബി (സ) തങ്ങള്‍ പറഞ്ഞതായി ഹദീസില്‍ കാണാം. ഒമ്പതിന് നോമ്പനുഷ്ടിക്കുന്നതിന്റെ കാരണത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. പത്തിന് മാത്രം നോമ്പനുഷ്ടിക്കുന്ന ജൂതരുടെ അനുഷ്ടാനത്തോട് എതിരാകാന്‍ വേണ്ടിയാണെന്നാണ് പ്രബലാഭിപ്രായം. മാസം തുടങ്ങിയത് നമ്മുടെ കണക്കില്‍ പിഴച്ചിട്ടുണ്ടെങ്കില്‍ ഒമ്പത് പത്തും പത്ത് പതിനൊന്നുമായിരിക്കും. ഒമ്പതിന് കൂടി നോമ്പനുഷ്ടിച്ചാല്‍ ആശൂറാഅ് നോമ്പ് ലഭിച്ചു എന്ന് നമുക്കുറപ്പിക്കാം. എന്ന് പറഞ്ഞവരുമുണ്ട്.
പ്രവാചക ചരിത്രങ്ങളിലെ നാഴികക്കല്ലുകളുടെ സ്മരണയാണ് ഓരോ മുഹറം പത്തും. ഇബ്‌ലീസിന് സ്വര്‍ഗം നിശിദ്ധമാക്കപ്പെട്ടതും ആദം നബി (അ) യുടെ തൗബ സ്വീകരിക്കപ്പെട്ടതും ഇദ്‌രീസ് നബി (അ) നാലാനാകാശത്തേക്ക് ഉയര്‍ത്തപ്പെട്ടതും ഇബ്‌റാഹീം നബി (അ) യെ നംറൂദിന്റെ തീ കുണ്ഡാരത്തില്‍ നിന്ന് രക്ഷപ്പെടുത്തിയതും സുലൈമാന്‍ നബി (അ) ക്ക് രാജാധികാരം നല്‍കപ്പെട്ടതും ഈസാ നബി (അ)യെ ആകാശത്തേക്കുയര്‍ത്തിയതും നബി (സ) തങ്ങള്‍ക്ക് പാപ സുരക്ഷിതത്വം നല്‍കപ്പെട്ടതും പ്രവാചക പൗത്രന്‍ ഹുസൈന്‍ (റ) കര്‍ബലയുടെ മണ്ണില്‍ രക്ത സാക്ഷിത്വം വരിച്ചതും മുഹറം പത്തിനായിരുന്നു. ഹുസൈന്‍ (റ) വിന്റെ രക്ത സാക്ഷിത്വമൊഴിച്ചാല്‍ ബാക്കിയൊക്കെയും സത്യവിശ്വാസികള്‍ക്ക് അനുഗ്രഹങ്ങളുടെ കേദാരമാണ്. പാരത്രിക ലോകത്തെ ഉന്നതമായ സ്ഥാനത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ ആ രക്തസാക്ഷിത്വവും വിശ്വാസിക്ക് മഹത്തരം തന്നെ. എന്നാല്‍ ഹുസൈന്‍ (റ) രക്തസാക്ഷിയായ ദിവസമായത് കൊണ്ട് അന്നേ ദിവസം ദുഃഖാചരണം നടത്തുകയും ശരീരം മുറിപ്പെടുത്തി രക്തമൊലിപ്പിക്കുകയും സ്ത്രീകളും കുട്ടികളുമെല്ലാം തെരുവോരങ്ങളിലൂടെ ആര്‍ത്തനാദം മുഴക്കി, ആറാം നൂറ്റാണ്ടിലെ കാട്ടാള വര്‍ഗത്തിന്റെ അപരിഷ്‌കൃത ചെയ്തികളെ അനുസ്മരിപ്പിക്കും വിധം ശിയാക്കള്‍ നടത്തുന്ന പേക്കൂത്തുകള്‍ക്ക് ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ല.
അതുപോലെ തന്നെ ഈ ദിവസത്തെ മഹത്വപ്പെടുത്താന്‍ നിരവധി ഹദീസുകള്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ട്. മുഹറം പത്തിന് സുറുമയിട്ടാല്‍ ആ വര്‍ഷം രോഗം സാധിക്കില്ലെന്നും അന്ന് കുടുംബങ്ങളുടെ മേല്‍ വിശാലത ചെയ്യല്‍ പ്രത്യേകം പുണ്ണ്യമാണെന്നുമൊക്കെ ഹദീസുകള്‍ കാണാം. ഇവയൊക്കെയും ശിയാക്കളുടെ നിര്‍മിതിയാണ്. പ്രത്യേകിച്ച് അവരില്‍ പെട്ട റാഫിളീങ്ങളുടെ. ഇവ അംഗീകരിക്കാന്‍ കഴിയില്ലെന്നും പച്ച കള്ളമാണെന്നും പണ്ഡിത ലോകം വിധിയെഴുതിയിട്ടുണ്ട്.
പുതു വര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ പോയ കാലത്തെ തന്റെ പ്രവര്‍ത്തികളെ നിരൂപിക്കുന്നതും ആത്മ വിചിന്തനം നടത്തുന്നതുംവിശ്വാസിക്ക് ഗുണകരമായിരിക്കും. പോരായ്മകളും പിഴവുകളും തിരുത്തുമെന്ന നിശ്ചയ ദാര്‍ഢ്യത്തോടെയായിരിക്കണം നാം പുതു പുലരിയെ വരവേല്‍ക്കേണ്ടത്.


                                                                Hafiz Muhammed Basheer 





പരിശുദ്ധിയുടെ പരിമളം തുളുമ്പുന്ന വിശുദ്ധ ഹജ്ജിനായി ലോകത്തിന്റെ അഷ്ടദിക്കുകളില്‍ നിന്നും മാനവിക സംഗമ ഭൂമിയായ മക്കയിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് നാം നിലകൊള്ളുന്നത്. ഇസ്‌ലാമിന്റെ പഞ്ചസതംഭങ്ങളില്‍ പരമപ്രധാനമായ ഹജ്ജ് കര്‍മ്മം പണവും ശാരീരിക ശേഷിയുമുള്ള ഏതൊരു വിശ്വാസിയും ജീവിതത്തിലൊരിക്കലെങ്കിലും നിര്‍വഹിക്കല്‍ നിര്‍ബന്ധമാണെന്ന് ശറഅ് പഠിപ്പിക്കുന്നു. ജനിച്ച നാടിനോടും ഉടയവരോടും ഉറ്റവരോടും ഭൗതികമായ സര്‍വ്വ സുഖങ്ങളെയും ത്യജിച്ച് ഇലാഹിലേക്ക് ഹിജിറ പോവുകയാണ് ഓരോ വിശ്വാസിയും ഹജ്ജിലൂടെ ചെയ്യുന്നത്. ഹൃദയാന്തരങ്ങളില്‍ ഇലാഹീ ചിന്തയും പ്രണയവും കോറിയിടുന്ന ആത്മസാഫല്യത്തിന്റെ കഥ പറയുന്ന ഹജ്ജ് ഖലീലുല്ലാഹി ഇബ്‌റാഹീം(അ)ന്റെയും ബീവി ഹാജറ(റ)യുടെയും പുത്രന്‍ ഇസ്മാഈല്‍(അ)ന്റെയും ത്യാഗോജ്ജ്വലമായ ജീവിതത്തന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. ഹജ്ജിന്റെ തുടക്കം മുതല്‍ ഒടുക്കംവരെയുള്ള ഓരോ കര്‍മ്മങ്ങളിലും ബീവി ഹാജറ(റ)യുടെ പ്രവര്‍ത്തനങ്ങളെ ഓര്‍മ്മപ്പെടുത്തുന്നത് നമുക്ക് വ്യക്തമായി കാണാന്‍ കഴിയും. എല്ലാത്തിലും ഉപരി ദേശ,ഭാഷ,വര്‍ഗ്ഗ,വര്‍ണ്ണ വൈജിത്യങ്ങള്‍ക്കപ്പുറം മനുഷ്യര്‍ ഒന്നാണെന്ന ഇസ്‌ലാമിന്റെ മാനവ ഐക്യമെന്ന മഹിത സന്ദേശം കൂടിയാണ് ഓരോ ഹജ്ജും. കഅ്ബയും അറഫയും മിനയും മുസ്ദലിഫയും പിന്നെ സഫ-മര്‍വ്വയും പരിശുദ്ധ ഹജറുല്‍ അസ്‌വദും വിശ്വാസിയുടെ ഹൃത്തടത്തെ ആത്മീയ വെണ്മകൊണ്ട് പ്രഭപരത്തുമ്പോള്‍ അവ ഓരോന്നിന്റെയും ചരിത്രത്തിലേക്ക് ഒരെത്തിനോട്ടമാണ് ഇവിടെ.


കഅ്ബയും മക്കാദേശവും 

ഭൂമിയുടെ ഒത്തമദ്ധ്യത്തിലായി നിലകൊള്ളുന്നതും ആദ്യത്തേതുമായ ഈ പരിശുദ്ധ ഭവനത്തെ അല്ലാഹുവിന്റെ കല്‍പനപ്രകാരം മലക്കുകളാണ് നിര്‍മ്മിച്ചത്. എഴുപതിനായിരം മലക്കുകള്‍ ദിനംപ്രതി പ്രദിക്ഷണം ചെയ്യുന്ന വാനലോകത്തെ ബൈത്തുല്‍ മഅ്മൂറിന് നേരെ താഴെ ഭൂമിയില്‍ ഇവിടെയുള്ളവര്‍ക്ക് പ്രദിക്ഷണം ചെയ്യാന്‍ വേണ്ടിയാണ് അല്ലാഹു കഅ്ബയെ പണിയിച്ചത്. വിശുദ്ധ ഖുര്‍ആനില്‍ അല്‍ബൈത്ത്, ബൈത്ത്, ഖിബ് ല തുടങ്ങി വിവിധ പേരുകളില്‍ പരിചയപ്പെടുത്തിയ ഇതിന്റെ പുനര്‍ നിര്‍മ്മാണം അബുല്‍ ബശര്‍ ആദം(അ)മും ശേഷം കാര്യമായ മാറ്റങ്ങളോടെ ഇബ്‌റാഹീം(അ)ഉം മകന്‍ ഇസ്മാഈല്‍(അ)ഉം ചേര്‍ന്ന് നിര്‍വ്വഹിച്ചു. ചതുരാകൃതിയില്‍ നിര്‍മ്മിക്കപ്പെട്ട ഭവനത്തില്‍ ജനങ്ങള്‍ക്ക് ത്വവാഫിന് അടയാളമായിട്ട് സ്വര്‍ഗ്ഗത്തിലെ കല്ലായ ഹജറുല്‍ അസ് വദാണ്. ഒമ്പത് മുഴത്തില്‍ പണിത കഅ്ബ ഖറൈശികളുടെ കാലത്ത് പതിനെട്ട് മുഴമാക്കി. ഇസ്മാഈല്‍ നബി(അ) മുതല്‍ നിരവധി മഹാത്മാക്കള്‍ ആ പുണ്യ കഅ്ബ നിര്‍മ്മിച്ചു. ഇബ്‌റാഹീം നബി(അ)യുടെ കാലത്ത് വിജനമായ മക്കയില്‍ എന്റെ നാഥാ.. ഇതിനെ ഒരു സുരക്ഷിത രാജ്യമാക്കേണമേ. അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിച്ചവര്‍ക്ക് കായ്കനികളെക്കൊണ്ട് ആഹാരം നല്‍കേണമേ എന്ന ദുആക്ക് അല്ലാഹു ഉത്തരം നല്‍കിയതിന്റെ അടയാളമാണ് ഇന്ന് കാണുന്ന നാഗരിക മക്ക.


ഹജറുല്‍ അസ് വദ്

കഅ്ബയുടെ തെക്ക്കിഴക്കില്‍ സ്ഥിതിചെയ്യുന്ന ഹജറുല്‍ അസ് വദിനെ ചുംബിച്ചുകൊണ്ടാണ് മുത്ത് നബി(സ്വ) തങ്ങള്‍ ത്വവാഫ് തുടങ്ങിയിരുന്നത്. മഞ്ഞുകണത്തേക്കാള്‍ തിളക്കമുണ്ടായിരുന്ന ഹജറുല്‍ അസ് വദ് പാപത്താല്‍ കറുത്തതാണത്രേ. ചുവപ്പു കലര്‍ന്ന കറുപ്പ് നിറത്തില്‍ ഇരുപത് സെന്റീമീറ്റര്‍ നീളമുള്ള ഇത് സ്വര്‍ഗത്തിലേതാണ്. ജനകോടികള്‍ സഹസ്രാബ്ദങ്ങളായി വിശുദ്ധിയോടെ ചുണ്ടുകള്‍ ചേര്‍ത്ത ഈ കല്ല് നഗ്നനേത്രം കൊണ്ട് കാണാനാവുന്നത് ഹൃദയഭേദകം തന്നെയാണ്.


സ്വഫ-മര്‍വ്വ 

നിശ്ചയം സ്വഫയും മര്‍വ്വയും അല്ലാഹുവിന്റെ ചിഹ്നങ്ങളില്‍ പെട്ടതാണ്. (അല്‍ബഖറ-158) ഹജ്ജിന്റെ പ്രധാന കര്‍മ്മങ്ങളിലൊന്നായ സഅ്‌യ് മിനുസമേറിയ കല്ല് എന്നര്‍ത്ഥമുള്ള സ്വഫക്കും ചെറിയ കല്ലുകളുടേത് എന്നര്‍ത്ഥമുള്ള മര്‍വക്കുമിടയിലാണ്. മനുഷ്യപിതാവ് ആദം(അ), ബീവി ഹവ്വാഅ് (റ) ഇരുവരുടെയും തുടങ്ങി പൊള്ളുന്ന മക്കയുടെ ആ മണലില്‍ കുഞ്ഞിന് വേണ്ടി നഗ്ന പാദവുമായി ഓടിയ മഹതി ഹാജറ(റ)യുടെ പാദം പതിഞ്ഞ മണ്ണാണിത്. തീക്ഷണമായ ആ പരീക്ഷണത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് സഹസ്രാബ്ദങ്ങള്‍ക്കിപ്പുറവും ജനലക്ഷങ്ങള്‍ ഈ മണ്ണില്‍ സഅ്‌യ് ചെയ്യുന്നത്. കുഞ്ഞിന് വേണ്ടി ഒരുമ്മ ഓടിയത് പിന്നീട് വിശ്വാസിടുടെ വിശുദ്ധ കര്‍മ്മത്തിലെ ഒന്നായി റബ്ബ് നിശ്ചയിച്ചുവെന്നത് ഒരു സ്ത്രീയുടെ ത്യാഗത്തെ റബ്ബ് എത്രമാത്രം പ്രാധാന്യം നല്‍കുന്നുണ്ടെന്നതിനെ സൂചിപ്പിക്കുന്നു. പുണ്യം തേടി പരകോടി ജനത ഇന്നുംം എന്നും ആ മണ്ണില്‍ പാദം പതിക്കുകയാണ്. ആത്മീയത തളം കെട്ടിനില്‍ക്കുന്ന ഈ മണ്ണില്‍ പ്രാര്‍ത്ഥനകള്‍കൊണ്ട് ഭക്തി നിര്‍ഭരമാക്കാന്‍ ഹജ്ജിനായ് എത്തുന്നവര്‍ ശ്രദ്ധിക്കണം.

അറഫ

   ഹറമിന്റെ പരിധിയില്‍ തെക്കുകിഴക്കായി 20സാ അകലെയാണ് അറഫ. പ്രവിശാലമായ ഈമൈതാനത്താണ് ആദം(അ)ഉം ഹവ്വാഅ്(റ)യും കണ്ടുമുട്ടിയത്. അറഫ(തിരിച്ചറിഞ്ഞു)എന്ന പേരുവന്നതിങ്ങനെയാണ്. പുണ്യനബിയുടെ ചരിത്ര പ്രസിദ്ധമായ ഹജ്ജതുല്‍വിദാഇന് സാക്ഷിയായ ഈ മണ്ണില്‍ തൂവെളളയില്‍ പാല്‍ക്കടല്‍ തീര്‍ത്ത വിശ്വാസികള്‍ സംഘമിക്കുന്നു. ഹജ്ജിന്റെ മര്‍മപ്രധാനമായ ഒന്നാണ് അറഫയില്‍ രാപാര്‍ക്കല്‍ الحج العرفة അറഫയാവുന്നു എന്ന വചനം ഇതിന്റെ فضل നെ വ്യക്തമാക്കുന്നു. പകലില്‍ വെച്ച് ഏറ്റവും ശ്രേഷ്ടമായ ദിനം ഹാജിമാര്‍ ഈ മണ്ണില്‍ പാര്‍ക്കുന്ന അറഫാദിനത്തിലാണ്. മുത്ത് നബിയുടെ തുടക്കം നിരവധിപ്രവാചകരുടെ പാദംപതിഞ്ഞ ഈ മണ്ണിന്الله പ്രാര്‍ത്ഥനക്ക് ഉത്തരമുള്ള സ്ഥലമെന്ന സ്രേഷ്ടതനല്‍കിയിട്ടുണ്ട്. ആരും നിര്‍വൃതിയില്‍ ഒരോ ഹാജിയും ഈ മണ്ണില്‍ നിലകൊള്ളുമ്പോള്‍ അറിയാതെ കണ്‍തടം നിറഞ്ഞ് പോവും.


മിന മുസ്ദലിഫ

  ഉമ്മയുടെ ഗര്‍ഭപാത്രം പോലെ മിന വികസിക്കുമെന്ന ഇബ്‌നു അബ്ബാസ്(റ)ന്റെ വചനത്തിന്റെ പൊരുള്‍ ഓരോവര്‍ഷവും കൂടിവരുന്ന
ഹാജിമാരെ ഒരുപോലെ സ്വീകരിക്കുന്ന മ്‌ന താഴ്‌വര തെളിയിക്കപുന്നത്.
  അയ്യാമുത്തശ്‌രീഫിന്റെ രാത്രിതളിലധികവും ഇവിടെ രാപാര്‍ക്കല്‍ ഹജ്ജിന്റെ വാജിബാത്തില്‍ പെട്ടതാണ്. (ഫ:മുഈ)
  ഹജ്ജിന്റെ ഓരോ കര്‍മങ്ങളിലും ബീവി ഹാജറ(റ)യുടെ കഥകള്‍
സ്മരിക്കുന്നുണ്ട്. പിശാചിനെ ആട്ടിയോടിച്ചതിന്റെ ഓര്‍മ്മപ്പെടുത്തലാ
ണ് മിനയിലെ കല്ലേറ്.ഇങ്ങനെ തുടങ്ങി ഹജ്ജിന്റെ  മുഴുവന്‍ ചലനവും ആത്മാവിനെ സ്ഫുടം ചെയ്യുന്നു.
   ഇസ്മാഈല്‍(അ) ന്റെ പാദം കൊണ്ടിടത്ത് ജിബ്‌രീല്‍(അ) ചിറകിട്ടടിച്ചപ്പോള്‍ ഉറവ കൊണ്ട് ഇന്നും വറ്റാത്ത ജലപ്രവാഹമായ  സംസം
ആത്മീയ ജലമാണ്.ഭൂമിയിലെ മറ്റൊരു വള്ളത്തിലുമില്ലാത്ത പോഷകം അതിലടങ്ങിയിട്ടുണ്ട്.ഹജ്ജിനെത്തുന്നവരുടെ എണ്ണം ഓരോ വര്‍ഷവും  വര്‍ദ്ധിക്കുമ്പോള്‍ സംസമിന്റെ ഉറവ ഒരിറ്റു പോലും കുറഞ്ഞില്ല എന്നത് എത്ര അത്ഭുതകരമാണ്.ഒരു പ്രത്യേക കാരണത്തിന്
1 മിനുട്ടില്‍ 8000 ലിറ്റര്‍ മോട്ടോര്‍ വെച്ച് 24 മണിക്കൂര്‍ പമ്പ് ചെയ്തിട്ടും
വറ്റാതെ കിടന്ന ആ കിണറ്റിലെ ജലം നേരിട്ട് പാനീയം ചെയ്യുന്നതിനെ ഏത് ഭാഷയിലാണ് നിര്‍വചിക്കാനാവുക.

ഹജിന്റെ സന്ദേശം 

ജനങ്ങളെ നാം നിങ്ങളെ ഒരു പരുഷ്യനില്‍ നിന്നും സ്ത്രിയില്‍ നിന്നും സൃഷ്ട്ടിച്ചു. നിങ്ങള്‍ ഗോത്രങ്ങളും ശാഖകളുമാക്കിയത് പരസ്പരം തിരിച്ചറിയാന്‍ വേണ്ടിയാണ്. നിങ്ങളില്‍ അല്ലാഹവിന്റെ അടുത്ത് ഉത്തമന്‍ തഖ്‌വയുള്ളവനാണ് (സൂറത്തുല്‍ ഹുജറാത്ത്) വ:ഖുര്‍ആന്റെ ഈ വചനത്തെ ലോകത്തിന് മുമ്പല്‍ സാക്ഷ്യപ്പെടുത്തുകയാണ് ഹജ്ജ് സംഗമങ്ങള്‍ പഞ്ചനേരങ്ങളില്‍  പള്ളിയില്‍  ഒരു മിച്ചുകുടുന്ന വിശ്വസികള്‍ ആഴ്ച്ചയില്‍  അല്‍പം കൂടി ബൃഹത്തായി ജുമുഅ സംഗമം നടത്തുന്നു. വര്‍ഷത്തിലൊരിക്കെ ലക്ഷങ്ങള്‍ ഒരുമിച്ചുകൂടി തിരുപ്പിറവികൊണ്ട പുണ്യനാട്ടില്‍ മാനവ സംഗമം നടത്തുന്നു. പണ്ഡിതനും പാമരനും പണക്കാരനും പണിക്കാരനും മുതലാളിയും തൊഴിലാളിയും കറുത്തവനും വെളുത്തവനും അറബിയും അനറബിയും ഉന്നതനും സാധാരണക്കാരനും ഒരേ വേഷത്തില്‍ ഒരേ മന്ത്രത്തില്‍ പരിശുദ്ധ കഅ്ബ വലയം ചെയ്യുന്നു. അവിടെ മിനയിലും അറഫയിലും സംഗമിക്കുന്നു. കൊട്ടാരത്തില്‍ നിന്ന് വന്നവനും കുടിലില്‍ നിന്നെത്തിയവനും ആ മണ്ണില്‍ ഒരുമയുടെ സാഹോദര്യത്തിന്റെ കഥ പറയുന്ന എങ്ങും തല്‍ബിയത്തിന്റെയും പ്രാര്‍ത്ഥനയുടെയും ധ്വനികള്‍ മാത്രം. കണ്‍തടങ്ങളില്‍ ആത്മീയതയുടെ അശ്രുകണങ്ങള്‍ മാത്രം. കറുത്തവന്റെ പാദം പതിഞ്ഞിടത്താണ് വെളുത്തവന്‍ നെറ്റി വെക്കുന്നു. പരസ്പരം പുഞ്ചിരി സലാം പറഞ്ഞും സ്‌നേഹ സൗഹൃദത്തിന്റെ ഇത്രയും വലിയ സംഗമം നടക്കുന്ന മറ്റേതാണുള്ളത്. അമേരിക്കയിലെ ചീഞ്ഞുനാറുന്ന വര്‍ണവെറിക്ക് നടുവില്‍ വെന്തുരുകി പിന്നീട് ഹിദായത്തിന്റെ വെളിച്ചംകൊണ്ട മാലിക് അശ്ശഹബാസ്സ്(മാല്‍കം എക്‌സ്) എന്ന അമേരിക്കയുടെ വംശീയ വിമോചകന്‍ അറഫാ മണ്ണില്‍ ഹജ്ജ് കര്‍മ്മത്തിനിടയില്‍ ഇരിക്കവെ മറ്റുള്ളവര്‍ ചോദിച്ചു താങ്കളെ ഇവിടെ ഏറ്റവും അത്ഭുതപ്പെടുത്തുന്നത് എന്താണ്? അപ്പോള്‍ മാലിക് അശ്ശഹബാസ്സ് പറഞ്ഞു. സാഹോദര്യം എന്നതായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
കഫം പുടക്ക് തതുല്ല്യമായ വെളുത്ത വസ്ത്രത്തില്‍ ഉറ്റവരോടും ഉടയവരോടും താല്‍കാലികമായി ബന്ധം വിഛേദിച്ച് സാമ്പത്തിക ബാധ്യതകള്‍ കൊടുത്തുവീട്ടി ബന്ധപ്പെട്ടവരോടൊക്കെ ക്ഷമാപണങ്ങള്‍ നടത്തി അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കി ജനിച്ച മണ്ണിനോടും നാടുനോടും താല്‍കാലികമായി വിടപറയുന്ന ഈ യാത്ര മരണത്തിന്റെ ബാഹ്യരൂപം കൂടിയാണ്. മരണം എന്ന സത്യത്തെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നു.
നിങ്ങളില്‍ ഏറ്റവും ഉത്തമര്‍ തഖ് വയുള്ളവരാണ് എന്ന ഖുര്‍ആനിക സന്ദേശത്തെ സാക്ഷാല്‍കരിക്കുകയാണ് ഹജ്ജിന്റെ അത്യന്തിക ലക്ഷ്യം.
സ്വീകാര്യമായ ഹജ്ജിന് സ്വര്‍ഗമല്ലാതെ മറ്റൊരുപ്രതിഫലമില്ലെന്നാണ് തിരുനബി(സ) തങ്ങള്‍ അരുള്‍ ചെയ്യുന്നത്. അരുതായ്മകളില്ലാതെ നിര്‍വഹിക്കപ്പെടുന്ന ഹജ്ജിന് ഒരുമ്മ പ്രസവിച്ച  പിഞ്ചുകുഞ്ഞിന്റെ ഹ്യദയമായിരിക്കും എന്നും അവിടുന്ന് അരുള്‍ ചെയ്യുകയുണ്ടായി.
വര്‍ത്തമാനക്കാലത്തിന്റെ നെറികേടായ,സെല്‍ഫി,യെ പരിശുദ്ധമണ്ണില്‍ പോലും ഉപയോഗിക്കുന്നവരും പ്രശസ്തിക്കോ മറ്റോ പടച്ചവന്റെ വജ്ഹില്ലാതെ പുണ്ണ്യകര്‍മം മേന്മയുടെ മുദ്രയായ്കാണുന്നവരും ഈ പ്രതിഫലത്തിന്നന്യമാണ്. ഇവ രണ്ടും ഇന്നും കാണുന്ന വേദന നിറഞ്ഞ സത്യമാണ്.
സ്വീകാര്യകരമായ മര്‍ഗത്തില്‍ ഹജ്ജും തിരുനബിയുടെ ചാരത്തുനിന്ന്  റൗള ദര്‍ശിക്കാനും അതിലൂടെ ഇലാഹിലേക്ക് ലയിച്ചു ചേരുവാനും നമിക്ക്  തൗഫീഖ് നല്‍കട്ടെ.


                                                                                                                                Ali Karippur








ശമനമില്ലാ ദാഹവും പേറിയൊരു

വഴിപോക്കനായ്....

കൂടണഞ്ഞു ഞാനീ വേരുറച്ചൊരു

മരച്ചുവട്ടില്‍


ഈ പടിക്കല്‍ കടന്നു പോകും

വെള്ളരിപ്രാവുകളിതെത്ര

മനോഹരം

ഇത്തിരിക്കാലമീ വിളക്കുമാട

പടവിങ്കല്‍ തപസ്സിരിപ്പു

ഞാന്‍......

ജ്വാലയായ് ഉയരും ജ്ഞാന

സിന്തുരമില്‍

ദാഹിയായ് അലയുന്ന

സഞ്ചാരിയോ...

തിരിവചന പൊരുള്‍ നുകരും

അഹ്‌ലുസ്സുഫ്ഫയുടെ പിന്നിലായ്

ആത്മീയ മേറും താരഗന്ധി

കള്‍ക്കുതണലിലായ്

അണയരുതൊരിക്കലുമീ ജ്ഞാന

മേകും ശരറാന്തലായ് പൃതിയില്‍

പകരണം പര്യാവസാനം വരെ

അനന്തമേറിപ്പറക്കണം മദീന

യുടെ മരതക കീഴില്‍

ആത്മഹര്‍ശം ചൊരിഞ്ഞൊരാ

പൈതൃകത്തെ


                                                                                   |Suhail Alappuzha|


   |Hafiz Muhammed Basheer|

 പരസ്പര സ്‌നേഹവും സൗഹൃദങ്ങളുമെല്ലാം കേവലം അഭിനയത്തിലേക്ക് വഴിമാറുന്ന ഖേദകരമായ കാഴ്ച ഇന്ന് സമൂഹത്തില്‍ സംജാതമായിരിക്കുന്നു. സാമൂഹ്യ ജീവിയായ മനുഷ്യരിലെ ഭൂരിപക്ഷവും സ്വന്തത്തിലേക്ക് ചുരുങ്ങിയ ചിന്തകളും പ്രവര്‍ത്തികളുമായി ജീവിക്കുന്നവരാണ്. തന്റെ പ്രശ്‌നങ്ങളിലും ബുദ്ധിമുട്ടുകളിലും ഇടപ്പെട്ട് തന്നാല്‍ സഹായങ്ങള്‍ നല്‍കാനോ.... സന്തോഷഘട്ടത്തില്‍ ആഹ്ലാദം പങ്കുവെക്കാനോ പ്രോത്സാഹിപ്പിക്കാനോ മനപ്പൂര്‍വ്വമോ ആധുനിക തലമുറ മറക്കുന്നു.
      ലോകം വിരല്‍ തുമ്പില്‍ നില്‍ക്കുന്ന കാലമെന്നാണ് ആധുനിക  ഇന്റര്‍നെറ്റ് യുഗത്തെ പലപ്പോഴും നാം വിശേഷിപ്പിക്കാറുള്ളത്.  എന്നാല്‍ മിനിസ്‌ക്രീനില്‍ വിരല്‍ തുമ്പ് കൊണ്ട് ടച്ച് ചെയ്യുമ്പോള്‍ നാം കാണുന്ന വാര്‍ത്തകളും വീഡിയോകളുമല്ല യഥാര്‍ത്ഥ ലോകമെന്ന വാസ്തവം എന്നാണിനി പുതുതലമുറ മനസ്സിലാക്കുക. പുത്തന്‍ സൗഹാര്‍ദ്ദങ്ങള്‍ക്കുമുണ്ട് വിശേഷങ്ങളേറെ . 
 ഇരുത്തഞ്ചും മുപ്പത്തഞ്ചും ഗ്രൂപ്പുകളില്‍ അംഗത്തമുള്ള നാലായിരവും അയ്യായിരവും ഫേസ്ബുക്ക് ഫ്രന്‍സ് ഉള്ള ഒരു വ്യക്തിക്ക് ഒരപകടം വന്നിരിക്കട്ടെ എന്നാല്‍ കൂടെ നിന്ന് എല്ലാവിധ സഹായ സഹകരണങ്ങള്‍ ചെയ്ത് തരാന്‍ ന്യൂജന്‍ ഭാഷയില്‍ പറഞ്ഞാല്‍ കട്ട സപ്പോട്ട് ചെയ്യാന്‍ അയല്‍ പക്കത്തെ മമ്മദാക്കയോ നാസറാക്കയോ മറ്റു കുടുംബക്കാരോ ഒക്കെയായിരിക്കും അങ്ങോട്ട് വരിക ഇവരാകട്ടെ ഫേസ്ബുക്കും മറ്റും കണ്ടിട്ട് പോലും ഉണ്ടാവില്ല!
 എന്നാല്‍ ഈ വിവരം ഫേസ്ബുക്കില്‍ പോസ്റ്റിയാലോ ആശംസപെരുമഴ കൊണ്ട് കമന്റബോക്‌സ് നിറഞ്ഞ് കവിയും ചങ്ക് ബ്രോ..... പൊളിക്ക് ബ്രോ.... സാരമില്ല നുമ്മ കൂടെയുണ്ട്.... കട്ട സപ്പോട്ട്.... ഒരു കമെന്റെിടാന്‍ പ്രതേകിച്ച് ചിലവൊന്നും ഇല്ലല്ലോ.... ഇതെല്ലാം വായിച്ച് അവന്‍ ആത്മനിര്‍വൃതി അടയും ഹൊ... എനിക്ക് പിന്തുണയായി ഇത്രയും പേര്‍ ഉണ്ടല്ലോ....
| പിന്നെ ഓരോരുത്തര്‍ക്കായി സപ്രൈറ്റ് ഓരോ താങ്ക്‌സും. പോര.... താങ്ക്‌സ് ഓള്‍... തീര്‍ന്നില്ല വീണ്ടും താങ്ക്‌സ് എവിരിബഡി... ഇങ്ങനെ ആയിരക്കണക്കിന് ലൈക്കും കമന്റും പിന്തുണയും..... ഹൊ എന്തൊരു സംതൃപ്തി!?|
      ദുഃഖത്തില്‍ പങ്ക് ചേര്‍ന്ന് സമാശ്വസിപ്പിക്കലും സന്തോഷത്തില്‍ പങ്ക് ചേര്‍ന്ന് പ്രോത്സാഹിപ്പിക്കലുമെല്ലാം ഇത്തരം മീഡിയകളിലൂടെ തന്നെ. എന്നാല്‍ ഈ വരുന്ന ഓരോ കമന്റുകള്‍ക്കും പ്രത്യേക നന്ദി പറഞ്ഞ് അവന്‍ തനിക്ക് വേണ്ടി ആശുപത്രി വരാന്തയിലൂടെ ഓടി നടന്ന മമ്മദാകാക്കും നാസറാകാക്കും മറ്റു കുടുംബക്കാര്‍ക്കും ഒരു നന്ദി പോലും പറഞ്ഞിട്ടുണ്ടാവില്ല എന്നതാണ് അതിശയകരമായ വാസ്തവം .വാട്‌സപ്പ് ഗ്രൂപ്പുകളില്‍ ഏറെ നേരം സംസാരിക്കുകയും സൗഹൃദം പങ്കിടുകയും നേരിട്ട് കാണുമ്പോള്‍ കണ്ടഭാവം പോലും നടിക്കാതെ വിരല്‍ തുമ്പിലുള്ള ലോകത്തേക്ക് കയറുകയും ചെയ്യുന്ന ഖേദകരമായ അവസ്ഥയും  ആധുനികതയുടെ സംഭാവനയാണ്.
ആത്മാര്‍ത്ഥ സ്‌നേഹ ബന്ധങ്ങളും മതവിശ്വാസം ഊട്ടിയുറപ്പിക്കുന്ന സൗഹാര്‍ദ്ദങ്ങളും ഇന്നത്തെ തലമുറയില്‍ കണ്ടെത്താന്‍ ഒരു സൂക്ഷ്മ പരിശോധന തന്നെ വേണ്ടിവരും. ഉള്ള കൂട്ടുകെട്ടുകളുടെ അവസ്തയെന്താണ് ? ഒന്നുങ്കില്‍ അനുകരണം. അതായത് സിനിമകളിലും മറ്റ്  ഷോര്‍ട്ട് ഫിലിമുകളിലും ഉള്ള നായകന്മാരും അവരുടെ ഗ്യാങ്ങുകളും കാട്ടികൂട്ടുന്ന പേ കൂത്തുകളും ഉല്ലാസങ്ങളും എങ്ങനെയെങ്കിലും തന്റെ ജീവിതത്തിലും കൊണ്ട് വരണം. അതിന് പറ്റിയ കൂട്ടുകാര്‍ വേണം പൂരിഭാഗം ആളുകളുടെ ഉള്ളിലിരിപ്പ് ഇങ്ങനെ തന്നെ ആയതിനാല്‍ അധികം ബുദ്ധിമുട്ടാതെ തന്നെ അവന്‍ വിചാരിച്ച രീതിയിലുള്ള കൂട്ടുകാരെ ലഭിച്ചിരിക്കും പിന്നെ അഭിനയമാണ്. സനേഹസംഭാഷണങ്ങളും സൗഹൃദങ്ങളും പൊളിച്ച അഭിനയം തന്നെ. 

|ഞങ്ങള്‍ തമ്മില്‍ ഭയങ്കര ഫ്രന്‍ഷിപ്പ് ആണെന്ന് എല്ലാവരും മനസ്സിലാക്കണമെന്ന നിര്‍ബന്ധ ബുദ്ധിയോടെയായിരിക്കും എല്ലാവരുടെയും അഭിനയം. കൂട്ടത്തിലെ സിനിമയിലെ നായകന്മാര്‍ ഉപയോഗിച്ച ഡയലോഗുകളും ആശയങ്ങളും സംസാരത്തില്‍ പരമാവധി ഫിറ്റ് ചെയ്യാന്‍ നോക്കും. അപ്പോഴേ ഒരു റിലാക്‌സേഷന്‍ ഉണ്ടാകൂ....|
        സിനമയില്‍ കാണുന്നത്മു        ഴുവന്‍ജീവിതത്തിലേക്ക് കൊണ്ട് വരല്‍ ട്രന്റായ നവയുഗത്തില്‍ അഭിനയിച്ചു തീര്‍ക്കുന്ന ഇത്തരത്തിലുള്ള സൗഹാര്‍ദ്ദങ്ങള്‍ മാത്രമാണ് ഒട്ടുമിക്ക മനുഷ്യരിലും അവശേഷിക്കുന്നത്.

     ചില ജീവിതങ്ങളും കഥകളും സിനിമയാക്കാന്‍ പ്രൊഡ്യൂസര്‍മാര്‍ മത്സരിക്കുമ്പോള്‍, സിനിമ ജീവിതമാക്കാനും ,ജീവിതം തന്നെ അഭിനയമാക്കാനുമുള്ള ന്യൂ ജനറേഷന്‍ ആ അനുകരണത്തിനും ഫാഷന്‍ ഭ്രമത്തിനും മുന്നില്‍ പണമോ, മതമോ ഒന്നും തന്നെ അവര്‍ക്ക് പ്രശ്‌നമല്ല. പണം എങ്ങനെയെങ്കിലും സമ്പാദിക്കും.... മത നിയമങ്ങളെ ഇഷ്ടാനുസരണം കാറ്റില്‍ പറത്തും.... ഇങ്ങനെ പലത്യാഗങ്ങള്‍ സഹിച്ചാണ് ചിലര്‍ ഫാഷന്‍ സ്റ്റൈലുകള്‍ നിലനിര്‍ത്തുന്നത്. അധ്വാനിച്ച് തന്റെ വീട്ടിലേക്ക് അഞ്ച് പൈസ ചിലവിന് കൊടുക്കണമെന്ന ചിന്ത ന്യൂ ജനറേഷന് ഇല്ലെന്ന് പ്രത്യേകം എടുത്ത് പറയേണ്ടതില്ലല്ലോ....
     |മനുഷ്യ ജീവിതത്തിന് ഗതി നിര്‍ണയിക്കുന്നത് സഹവാസങ്ങളും കൂട്ടുകെട്ടുകളുമാണ്. ഔലിയാക്കളോട് സഹവസിച്ച് അവരെ പിന്തുടര്‍ന്നവര്‍ പിന്നീട് ഔലിയാക്കളായിത്തീരുന്നു. പണ്ഡിതന്മാരോട് സഹവാസം പുലര്‍ത്തി അറിവ് സമ്പാദിച്ചവര്‍ പണ്ഡിതന്മാരായിത്തീരുന്നു. അധര്‍മത്തോടും അജ്ഞതയോടും കൂട്ട് കൂടിയാലും ഫലം തഥൈവ |
   ഭൗതിക കലാലയങ്ങളില്‍ നിലനില്‍ക്കുന്ന ഒരു ട്രന്റാണ് ബോയ് ഫ്രണ്ടും ഗേള്‍ ഫ്രണ്ടും. മതത്തിന്റെ മതില്‍ കെട്ടുകള്‍ തകര്‍ത്തായിരിക്കും ഈ മഹാസൗഹൃദവലയം. മതേതരത്ത്വം പൂത്തുലയുന്നത് കണ്ട് അധ്യാപകരും കുടുംബക്കാരും അഭിമാനം കൊള്ളുന്നു. എന്നാല്‍ സൗഹൃദം മാസങ്ങള്‍ കൊണ്ട് ചങ്കും ഖല്‍ബുമൊക്കെയായി പിന്നീട് എട്ടിന്റെ പണി തരുന്നു.
  |ചാണകം ചാരിയാല്‍ ചാണകം മണക്കും ചന്ദനം ചാരിയാല്‍ ചന്ദനം മണക്കുമെന്നത് പ്രശസ്തമായ പഴമൊഴിയാണല്ലോ...... ചിലര്‍ക്ക് പ്രിയം ചന്ദനം തന്നെയാണ്. പക്ഷെ അവരും ചാരുന്നത് ചാണകത്തെ തന്നെ! പിന്നെ ചാണകം മണക്കാതിരിക്കുമോ  ? ഞാന്‍ ചന്ദന ഗന്ധം ഇഷ്ടപ്പെടുന്ന പക്ഷക്കാരനെന്ന് പറഞ്ഞിട്ടെന്തു കാര്യം....?|
        ഇങ്ങനെ തീര്‍ത്താല്‍ തീരാത്ത വിശേഷങ്ങള്‍ ഇന്നിന്റെ സൗഹൃദത്തെ പറ്റി പറയാനുണ്ട്. ചില കൂട്ടുകെട്ടുകളെയോര്‍ത്ത് നാളെ വിചാരണ വേളയില്‍ വിലപിക്കേണ്ടിവരുമന്ന് ഖുര്‍ആന്‍ മുന്നറിയിപ്പ് നല്‍കിയുട്ടുണ്ട്. അത്തരം കൂട്ടുകെട്ടുകളില്‍ പെടാതിരുന്നാല്‍ ഇരു വീട്ടിലും മാന്യമായി ജീവിക്കാം. മറിച്ചായാല്‍ ഇരു വീട്ടിലും നാണക്കേടു തന്നെ! ബുദ്ധിയുള്ളവര്‍ക്ക് കാര്യം ഗ്രഹിക്കാന്‍ സമയമായിട്ടുണ്ട്.
        നാം നന്നാകണം. ഒപ്പം കൂടെയുള്ളവരം നന്നാക്കുകതയും വേണം കൂട്ടുകെട്ടുകള്‍ കേവലം അഭിനയങ്ങളും വാചകമടികളും മാത്രമാക്കരുത്. ആത്മാര്‍ത്ഥമായിരിക്കണം. നന്മയില്‍ തുടങ്ങി നന്മയില്‍ പര്യാവസാനം കുറിക്കുന്നതായിരിക്കണം. തിന്മ കണ്ടാല്‍ ചങ്കാണെങ്കിലും ഖല്‍ബാണെങ്കിലും തടഞ്ഞേ മതിയാകൂ.... മത വിരുദ്ധകാര്യങ്ങള്‍ കൂട്ടുകാരന്റെ പക്കല്‍ നിന്നുണ്ടായാല്‍സ്‌നേഹ ബുദ്ധ്യാ തിരുത്താനുള്ള ചങ്കൂറ്റം നാം കാണിക്കണം.


                                                                         


   അങ്ങാടിയില്‍ നിന്നും പ്രവാസിയായ ഒരു ചെറുപ്പക്കാരന്‍ തന്റെ കൂടെയുള്ളവരോടായി പറയുകയാണ്. സൗദി തോറ്റു. ഇനി സമാധാനത്തോടെ നടക്കാം. ലോകകപ്പ് ഫുട്‌ബോള്‍ മത്സരം നടക്കുന്ന സമയമായതിനാല്‍ പറഞ്ഞെതെന്തെന്ന് മനസ്സിലായി. പക്ഷെ ദീനി ചിട്ടയുള്ള ആ യുവാവും ഇതിന്റെ ഭ്രാന്തന്‍ ആയി പ്പോയോ എന്ന് സംശയിക്കവെ അയാള്‍ എന്നോട് പറഞ്ഞു. അവര്‍ ജയിച്ചാല്‍ പിന്നെ നമുക്ക് സൈ്വര്യം നഷ്ടപ്പെടും. അര്‍ദ്ധരാത്രിയില്‍ പോലും ആണും പെണ്ണും അങ്ങാടിയിലിറങ്ങി ചാടിക്കളിക്കുമത്ര. വഴിയിലൂടെ പോവുന്നവരെ പോലും വെറുതെ വിടില്ല. മൂത്രം കവറിലൊഴിച്ച് വഴിയില്‍ വരുന്ന വരെയൊക്കെ എറിഞ്ഞ് അവര്‍ ആഹ്ലാദം പ്രകടിപ്പിക്കും. ഭാഗ്യത്തിന് ഇന്നവര്‍ തോറ്റിരിക്കുന്നു. ലോകത്തെ ഏറ്റവും ഉല്‍കൃഷ്ടര്‍ എന്ന് മുത്ത് നബി(സ) വിശേഷിപ്പിച്ച സ്വഹാബത്തും തിരുദൂതരും ജന്മം കൊണ്ട പുണ്യ ഭൂമിയിലെ പിന്‍ മുറക്കാരാവുന്ന അറബികളുടെ ഇന്നത്തെ അവസ്ഥയാണിത്. എങ്കിലും അവരുടെ രാജ്യത്തിന്റെ കാര്യം എന്ന മുടന്തന്‍ ന്യായമെങ്കിലുമുണ്ട്. അതു പോലുമില്ലാത്ത നമ്മുടെ നാട്ടുകാരാണ് ലോകത്തിലെ നമ്പര്‍ വണ്‍ വിഢികള്‍. ഇത്രയും പറയുമ്പോള്‍ എന്തിനിത്ര വിമര്‍ഷിക്കണം എന്ന ചോദ്യം സ്വാഭാവികമാണ്. ഇവിടെയാണ് കളി നമ്മെ കളിയില്‍ തളച്ചിട്ട കോര്‍പറേറ്റിനെ നാം തിരിച്ചറിയേണ്ടത്.
പ്രധാന അറബ് രാഷ്ട്രങ്ങളിലൊന്നായ ഇറാഖിന്റെ നായകന്‍ സദ്ദാം കൊല്ലപ്പെട്ട നേരം പടിഞ്ഞാറുകാരന്‍ വിളിച്ച് പറഞ്ഞത് ഞങ്ങള്‍ക്കിനി അറബികളില്‍ നിന്നും ഭയപ്പെടാനാരുമില്ല. മറ്റുള്ളവര്‍ക്ക് ഞങ്ങള്‍ കളി പന്ത് എറിഞ്ഞ് കൊടുത്തു. അവര്‍ കളിയിലാണ് എന്നതായിരുന്നു. അതെ എണ്ണപ്പണത്തിന്റെ പളപളപ്പില്‍ മേനി മിനുക്കി നടക്കുന്ന അറബിക്കുട്ടികള്‍ ജൂത-സയണിസ്റ്റ് ലോബിയുടെ കാല്‍ പന്തില്‍ തട്ടി ഉരുണ്ട് മറിഞ്ഞ്                  നട്ടെല്ലൊടിഞ്ഞിരിക്കുകയാണ്. പടിഞ്ഞാറുകാരന്റെ നെറി കെട്ട നിലപാടുകള്‍ക്കെതിരെ ചെറു വിരല്‍ അനക്കാന്‍ പോലും സദ്ദാമിനു ശേഷം അറബ് നാട്ടില്‍ ഒരാളും ഉയര്‍ന്നിട്ടില്ല.
ഇനി മലബാറിലേക്ക് വരാം. ബുള്ളറ്റ് പ്രൂഫിനേക്കാള്‍ കരുത്തും ഉള്‍ബലവുമുള്ള ഈമാനിന്റെ ഉരുക്കുറപ്പിനെ വെടിയുണ്ടകള്‍ കൊണ്ട് തോല്‍പിക്കാനാവില്ലെന്നത് നൂറ്റാണ്ടിനു മുമ്പ് സ്വാതന്ത്ര്യ ഭാരതത്തിന് വേണ്ടി തുല്യതയില്ലാത്ത സമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വാരിയന്‍ കുന്നരും മമ്പുറത്തെ തങ്ങള്‍ തുടങ്ങിയ പുലിക്കുട്ടികള്‍ തെളിയിച്ചതാണ്. നാം നമ്മുടെ ആദര്‍ഷത്തിന്റെ പാതയില്‍ നിന്ന് തെന്നി നില്‍ക്കാത്ത കാലത്തോളം സമുദായത്തെ തൊട്ടുകളിക്കാന്‍ ഒരുത്തനും കഴിയില്ല. ലോകത്തിന്റെ ഇരു ദിക്കിലും അവസ്ഥയിതു തന്നെയാണ്. അവിടെയാണ് ജൂതനും പടിഞ്ഞാറുകാരനും കൂടി പന്തുതട്ടി വന്നത്. പത്രമാധ്യമങ്ങള്‍, മീഡിയകള്‍ വഴി അതിനു വേണ്ട സര്‍വ്വ പ്രോത്സാഹനങ്ങളും നല്‍കി കളിക്കുന്നവനും അവന്റെ രാജ്യത്തിനും പണം എമ്പാടും കിട്ടും. എന്നാല്‍  അതിനു വേണ്ടി സമയവും വാക്കും നാക്കും ചിലവഴിക്കുന്നവന് മിച്ചം സമയ നഷ്ടം മാത്രം. അല്‍പം വിനോദം ഉണ്ടെന്നത് ശരി. മുസ്ലിമിന്നു ജീവിതം വിനോദത്തിനുള്ളതാണോ. നരകവാസികളോട് സ്വര്‍ഗക്കാര്‍ നിങ്ങളെ സഖര്‍(നരകം)ല്‍ പ്രവേശപ്പിച്ചതെന്തെന്ന ചോദ്യത്തിന് മൂന്ന് കാരണങ്ങളിലൊന്ന് ഞങ്ങള്‍ വിനോദക്കാര്‍ക്കൊപ്പം വിനോദിക്കുന്നവരായിരുന്നുവെന്ന മറുപടി ഖുര്‍ആന്‍ പറയുന്നുണ്ട്. നെഞ്ചകത്ത്  അല്‍പമെങ്കിലും ഈമാനിന്റെ അംശമുള്ളവന്‍ എങ്ങിനെയാണ് ഇരു ലോകത്തിനും ഗുണമില്ലാത്തതില്‍ ഏര്‍പ്പെടുക?
മലബാറിലെ മുസ്ലിം ചെറുപ്പക്കാര്‍ കളിയുമായി ഇത്രയും അടുപ്പത്തിലായതിന്റെ പിന്നില്‍ ക്യത്യമായ കോര്‍പറേറ്റ് അജണ്ടയുണ്ട്. തോക്കുകൊണ്ട് തോല്‍പ്പിക്കാനാവാത്ത നമ്മുടെ ഈമാനിന്റെ ഇഷ്ടപ്രവര്‍ത്തിയായ വിനോദത്തിലേര്‍പ്പെടുത്തി നമ്മെ തകര്‍ക്കുകയാണ്. ധാര്‍മികമായും ഭൗതികമായും മുസ്ലിം തകരണം. എങ്കിലേ ഇസ്ലാമിന്റെ ശത്രുക്കള്‍ക്ക് വളരാനാവൂ. ക്രിസ്ത്യന്‍ ഭൂരിപക്ഷ ദേശങ്ങളില്‍ വിദ്യാഭ്യാസ പ്രവര്‍ത്തികള്‍ക്ക് പ്രാത്സാഹനം നല്‍കുന്ന മുത്തശ്ശി പത്രങ്ങള്‍ മലബാറിലെത്തുമ്പോള്‍ കളിക്ക് മുഖ്യ പങ്ക് നല്‍കുന്നതെന്തിനാണ്? അറബിക് സര്‍വകലാശാല മുളയിലേ നുള്ളി ക്കളഞ്ഞും മലപ്പുറത്തുകാര്‍ക്ക് റാങ്ക് വരുമ്പോള്‍ കണ്ണടച്ചും മലബാറിനേയും മുസ്ലിമിനെയും  തൂലിക കൊണ്ട് കൊല്ലാന്‍ മാധ്യമങ്ങളുടേയും മീഡിയകളുടേയും ചതിക്കുഴിയില്‍ വീണ് തമ്മില്‍ തല്ലി സമയത്തെകൊല്ലാന്‍ തലച്ചോറുള്ള മുസ്ലിം ഒരുമ്പെടരുത്. നമ്മുടെ സമയത്തെ കളിയില്‍ മുക്കി ജഡ്ജി കസേരയിലും കലക്ടര്‍ കസേരയിലും തുടങ്ങി ഭൗതിക മേഖലയില്‍ മുസ്ലിം അഭാവം കണ്ട് ഉള്ള് നിറഞ്ഞ് ചിരിക്കുന്നവരാണ് ഇതിനു പിന്നിലുള്ളത്. 14 കോടിയാണത്രേ മലബാറിലെ ഫ്‌ളക്‌സിനും കൊടിക്കും ചെലവഴിച്ചത്. നെഞ്ചൂക്കുള്ള പൂര്‍വ്വികര്‍ വൈദേശികരെ ഈ മണ്ണില്‍ നിന്ന് ആട്ടിയതും ചോരകൊടുത്ത് അവര്‍ സ്വാതന്ത്ര്യം വാങ്ങിയതും നമുക്ക് വേണ്ടിയാണ്. എന്നിട്ടും അവരുടെ കൊടി നാട്ടി അര്‍ദ്ധരാത്രിയില്‍ കുറുക്കനെ പോലും ലജ്ജിപ്പിക്കുന്ന, കൂക്കു വിളികളും രാഷ്ട്രീയക്കാരെ വെല്ലുന്ന കൊടി തോരണങ്ങളും നാട്ടുന്നവന്റെ തൊലിക്കട്ടി എത്രയാണ്.
രാഷ്ട്രീയമായ സമുദായത്തിന്റെ ചൊവ്വായ വഴി നടത്താന്‍ ശിഹാബ് തങ്ങളും സി.എച്ച് മുഹമ്മദ് കോയയും വരച്ച് കാട്ടിയ വഴി തന്നെയാണ് ശരി. ആ വഴിയിലാണ് സംസ്‌കാരവും വിവേകവും സംഗമിച്ചിരിക്കുന്നത്. ഇനി ഒരിക്കലും തലച്ചോറുകള്‍ തല തിരിഞ്ഞ് കോര്‍പറേറ്റീവിന്റെ ഗോള്‍ വലയിലെത്തരുത്.


                                                                                                                    |Ali Karippur|  

ivythemes

{facebook#https://fb.com/alathoorpadidars} {twitter#https://twitter.com/alathurpadidars} {google-plus#https://plus.google.com/+ALATHURPADIDARS} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://youtube.com/alathoorpadidars} {instagram#YOUR_SOCIAL_PROFILE_URL}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget