Latest Post


| Sayyid Munavvar Ali Shihab Thangal |

കഴിഞ്ഞയാഴ്ച്ച കണ്ണൂരിൽ കണ്ണങ്കണ്ടി ഷോറൂം ഉൽഘാടന ചടങ്ങിന്ന് പോയതായിരുന്നു.അവിടെയുള്ള ചിലരൊക്കെ എന്റെ കൂടെ സെൽഫി എടുക്കുന്നുണ്ടായിരുന്നു.കണ്ടു നിന്ന കണ്ണങ്കണ്ടി പരീത്ക്കയുടെ പാർട്ണർ സലാംക്ക കണ്ണ് നിറച്ചു കൊണ്ടു പറഞ്ഞു 'ഇത് ഉപ്പയ്ക്കുള്ളതാട്ടോ,ഇത് ഓർക്ക് കൊടുക്കണംട്ടോ'..

ഞാനുൾപ്പെടെ ഞങ്ങളെല്ലാവരും ഉറച്ച് വിശ്വസിക്കുന്നു! ഞങ്ങൾക്ക് കിട്ടിക്കൊണ്ടിരിക്കുന്ന ഈ സ്നേഹവും ആദരവും അത് ബാപ്പയെ സ്നേഹിച്ച് കൊതി തീരാത്ത ജനതയുടേതാണ് എന്ന്. അവരുടെ ഹൃദയങ്ങളിലുള്ള ബാപ്പയുടെ സ്നേഹ സ്മരണകളാണ് അവർ ഞങ്ങളോടും പ്രകടിപ്പിക്കുന്നതെന്ന്..

ബാപ്പയുടെ അഭാവം ഞങ്ങളനുഭവിക്കുന്ന പോലെ അദ്ദേഹത്തിന്റെ സ്നേഹ ജനങ്ങളും അനുഭവിക്കുന്നു. ഞങ്ങളുടെ വീടിന്റെ പൂമുഖത്ത് വന്ന് വിതുമ്പി മടങ്ങുന്നവർ നിരവധി പേരുണ്ട്. ആ വിതുമ്പൽ കാണുമ്പോൾ നിയന്ത്രിക്കാനാവാതെ ഞങ്ങളും പൊട്ടിപോവുന്നു..
ബാപ്പ മരിച്ച് കുറച്ച് മാസങ്ങൾക്ക് ശേഷം തമിഴ്നാട്ടിൽ നിന്നും ഇടക്കൊക്കെ വന്നുകൊണ്ടിരുന്ന ഭാര്യയും ഭർത്താവും വീട്ടിൽ വന്നു. ഞാൻ പുറത്തിരിക്കുന്നുണ്ടായിരുന്നു.അവർ വന്ന് എന്നെ അഭിവാദ്യം ചെയ്തിട്ട് അവിടെ വരാന്തയിൽ നിന്നു. എന്നോട് ഒന്നും സംസാരിച്ചില്ല. കുറച്ച് കഴിഞ്ഞ് ഞാൻ വീട്ടിനുള്ളിലേക്ക് വന്നപ്പോൾ അവരും പിറകെ വന്നു. അപ്പോഴും അവർ ആരെയോ തിരയുകയാണ്. വീണ്ടും ബാപ്പയുടെ റൂമിനടുത്തൊക്കെ പോയി തിരിച്ചു വന്നു എന്നോട് 'തങ്കൾ എവിടെയിറുക്കെ' എന്ന് ചോദിച്ചു '
ഞാൻ പറഞ്ഞു. തങ്ങളില്ല, തങ്ങൾ ഇറന്തു പോയി (മരണപ്പെട്ടു )എന്ന്.പെട്ടൊന്ന് അവരാകെ തകർന്നതു പോലെ, അവിടെയിരുന്ന് അവർ പൊട്ടിക്കരഞ്ഞു.കരഞ്ഞുകൊണ്ട്, തീരാത്ത സങ്കട ഭാരത്താൽ അവരെന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.ഇങ്ങനെ ബാപ്പയുടെ മരണശേഷവും പലരും വീട്ടിൽ വരുന്നു.ബാപ്പയുടെ സാന്നിദ്ധ്യം ഓർത്തെടുക്കുന്നു. ആ ഓർമ്മകളിൽ കണ്ണീർ തൂവുന്നു.മരിച്ച് വർഷങ്ങൾക്കിപ്പുറവും ഇതാവർത്തിക്കുന്നു. ഇത് കാണുമ്പോൾ,വ്യത്യസ്ത മനുഷ്യരുമായി എത്രമാത്രം ആഴത്തിലുള്ള ആത്മീയ ബന്ധമാണ് പ്രിയപിതാവ് പുലർത്തിയിരുന്നതെന്ന് പലപ്പോഴും ഓർത്ത് പോവാറുണ്ട്. ആളുകളുമായി കാര്യ കാരണങ്ങളിൽ മാത്രം ഒതുക്കപ്പെട്ടിരുന്ന ഒരു ബന്ധമായിരുന്നില്ല അത്. അതിനപ്പുറത്തെ, ആത്മീയതലം ഓരോ ബന്ധങ്ങളിലും പിതാവും ജനങ്ങളുമായി നിലനിന്നിരുന്നതാണ് അദ്ദേഹത്തിന്റെ മരിക്കാത്ത ഓർമകൾ ഇന്നും അവർ മനസ്സിൽ താലോലിക്കാനുള്ള കാരണം. അതിരുകളും ഉപാധികളുമില്ലാത്ത സ്നേഹം ജനങ്ങൾക്ക് പകർന്നു നൽകിയാണ് അദ്ദേഹം കാലത്തിന്റെ മറുതീരത്തേക്ക് യാത്രയായത്.ഈ പരിശുദ്ധ മാസത്തിലടക്കം അത്തരത്തിലുള്ള നിരുപാധികമായ സ്നേഹം പരസ്പരം പങ്കിടാൻ നമുക്ക് കഴിയുന്നുണ്ടോ എന്നത് ചിന്തിക്കണം. നിബന്ധനകളും കാപട്യങ്ങളുമില്ലാത്ത സമ്പൂർണ്ണമായ സ്നേഹത്തിന്റെ വാഗ്ദാക്കളായി ഓരോ മനുഷ്യനും മാറുമ്പോൾ മാത്രമാണ് സമാധാനപൂർണ്ണമായ ലോകം ഉണ്ടാവുന്നത്. സർവ്വശക്തൻ അതിനായി നമ്മെ അനുഗ്രഹിക്കട്ടെ..


| Usthad C.K Abdurahman Faisy Aripra |

വാനലോക വാസികളുടെ കാവല്‍ക്കാരാണ് നക്ഷത്രങ്ങള്‍. അവര്‍ നശിച്ചാല്‍ വാനലോകം നശിച്ചു. അതു പോലെ ഭൂവാസികളുടെ കാവലാളുകളാണ് എന്റെ കുടുംബം. അവര്‍ പോയാല്‍ ഈ ഭൂമിയും പോയി. (അഹ്മദ്) അഹ്‌ലുബൈത്തിന്റെ പരമ്പര അന്ത്യനാള്‍ വരെ അവശേഷിക്കുമെന്ന് തന്നെയാണ് നബി വചനങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്. നബി (സ) തങ്ങള്‍ തന്നെ പറയുന്നതായി സൈദ്ബ്‌നു അര്‍ഖം വഴി ഇമാം മുസ്‌ലിം (റ)ഉദ്ധരിക്കുന്നു: ഞാന്‍ നിങ്ങള്‍ക്ക് മഹത്തരമായ രണ്ടെണ്ണം നല്‍കി പോകുന്നു. ഒന്ന് അല്ലാഹുവിന്റെ ഗ്രന്ഥമായ ഖുര്‍ആന്‍, രണ്ട് എന്റെ സന്താനപരമ്പരയും. ജാബിര്‍ (റ) വഴി ഇമാം തുര്‍മുദി (റ) ഉദ്ധരിക്കുന്നു : അവസാനത്തെ ഹജ്ജില്‍ അറഫയില്‍ നബി (സ) തങ്ങള്‍ ഇങ്ങനെ പ്രസംഗിച്ചു :  രണ്ടു കാര്യം ഞാന്‍ നിങ്ങള്‍ക്ക് നല്‍കി പോകുന്നു. അതു രണ്ടും നിങ്ങള്‍ അടിസ്ഥാനമാക്കിയാല്‍ മതത്തില്‍ വഴി പിഴക്കില്ല. ഒന്ന് അല്ലാഹുവിന്റെ ഗ്രന്ഥം, മറ്റൊന്ന് എന്റെ പരമ്പര.
    അന്ത്യനാള്‍ വരെ മുസ്‌ലിം ലോകത്തിന് മാര്‍ഗദര്‍ശനമായി ഖുര്‍ആനും പ്രവാചക പരമ്പരയും രണ്ടും ആവശ്യമാണെന്ന് ഇവിടെ വ്യക്തമായി. എങ്കില്‍ ഖുര്‍ആന്‍ പോലെ അന്ത്യനാള്‍ വരെ ഈ പരമ്പരയും നിലനില്‍ക്കണം. അല്ലെങ്കില്‍ മതത്തില്‍ വഴി പിഴക്കാതിരിക്കാന്‍ നബി (സ) നല്‍കിയ രണ്ടു വഴികളില്‍ ഒന്ന് നഷ്ടമായെന്ന് പറയേണ്ടി വരും. ഇസ്‌ലാമിനെ അന്ത്യനാള്‍ വരെ അല്ലാഹു സംരക്ഷിക്കുമെങ്കില്‍ മതത്തില്‍ പിഴക്കാതിരിക്കാന്‍ നബി (സ) തങ്ങള്‍ നിര്‍ദേശിച്ച ഈ രണ്ട് കാര്യങ്ങളെയും അല്ലാഹു സംരക്ഷിക്കാതിരിക്കുമോ ? ഇല്ല. പക്ഷെ നബി (സ) തങ്ങളുടെ ആണ്‍ മക്കളെല്ലാം ചെറുപ്പത്തിലെ വഫാത്തായതിനാല്‍ അവരിലൂടെ പരമ്പരയില്ലെന്നുറപ്പാണ്. പെണ്‍ മക്കളുടെ സന്താനങ്ങള്‍ അവരുടെ പിതാക്കളിലേക്കാണ് സാധാരണ ചേര്‍ക്കപ്പെടാറുള്ളത്. ഇമാം ത്വബ്‌റാനി (റ) ഉദ്ദരിക്കുന്ന ഹദീസില്‍ നബി (സ) തങ്ങള്‍ ഇപ്രകാരം പറഞ്ഞതായി കാണാം. അല്ലാഹു പ്രവാചകന്മാരുടെ പരമ്പര സംരക്ഷിച്ചത് പ്രവാചകന്മാരിലൂടെ തന്നെയാണ്. എന്നാല്‍ എന്റെ പരമ്പര അലിയിലൂടെയാണ് അല്ലാഹു സംരക്ഷിക്കുന്നത്.
    ബുഖാരി മുസ്‌ലിം ഏകോപിച്ചുദ്ധരിക്കുന്ന ഒരു ഹദീസില്‍ നബി തങ്ങള്‍ അലി (റ)യോട് പറയുന്നു: ഞാനും നീയും തമ്മില്‍ മൂസാ നബി (അ) യും ഹാറൂന്‍ നബി (അ) യും തമ്മിലുള്ള ബന്ധമാണ്. പക്ഷേ എനിക്ക് ശേഷം പ്രവാചകരില്ല. തന്റെ ദൗത്യനിര്‍വഹണത്തിന് സഹായകമായി സഹോദരന്‍ ഹാറൂന്‍(അ)നെ കൂടെ അയക്കണമെന്ന് മൂസാ നബി (അ) അല്ലാഹുവിനോട് ആവശ്യപ്പെട്ടത് ഖുര്‍ആനിലുണ്ട്. ഇത് തന്നെയാണ് ഈ ഹദീസ് സൂചിപ്പിക്കുന്നതും. നബി (സ) യുടെ സ്ഥാനത്താണ് അഹ്‌ലുബൈത്ത് പ്രവര്‍ത്തിക്കുന്നതെന്ന് ഇപ്പോള്‍ നമുക്ക് വ്യക്തമായി. മുഹമ്മദ് നബി (സ)യെ തന്റെ പരമ്പരയില്‍ നിങ്ങള്‍ സൂക്ഷിക്കുക എന്ന ബുഖാരിയുടെ ഹദീസും മേല്‍പറഞ്ഞ കാര്യങ്ങളെ ബലപ്പെടുത്തുന്നു. ചുരുക്കത്തില്‍ ഇന്ന് ലോകത്ത് അഹ്‌ലുബൈത്ത് ഇല്ല, അവര്‍ കര്‍ബലയില്‍ നാമാവശേഷമായി എന്ന പുത്തന്‍വാദികളുടെ ജല്‍പനത്തില്‍ യാതൊരു കഴമ്പുമില്ലെന്ന് ഈ ഹദീസുകള്‍ മനസ്സിലാക്കിത്തരുന്നു. ചരിത്രപരമായ വിവരണത്തിലേക്ക് കടക്കുന്നതിന് മുമ്പ് അഹ്‌ലുബൈത്ത് ആരാണെന്ന് പരിശോധിക്കാം.
    അഹ്‌ലുബൈത്ത് ആരെന്ന വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. സൈദ്ബ്‌നു അര്‍ഖം (റ) വില്‍ നിന്ന് ഇമാം മുസ്‌ലിം (റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ ഇപ്രകാരം കാണാം. നബി (സ) തങ്ങളുടെ ഭാര്യമാരും സന്താനങ്ങളും അഹ്‌ലുബൈത്തില്‍ പെട്ടവരാണ്. മാത്രമല്ല, സകാത്ത് സ്വീകരിക്കല്‍ നിശിദ്ധമാക്കപ്പെട്ടവരും അഹ്‌ലുബൈത്തില്‍ പെട്ടവര്‍ തന്നെ. അലി (റ)യുടേയും ജഅ്ഫര്‍ (റ)ന്റെയും അഖീല്‍ (റ)ന്റെയും അബ്ബാസ് (റ) ന്റെയും പരമ്പരയാണവര്‍. ചുരുക്കത്തില്‍ ഹാശിം സന്തതികളില്‍ നിന്ന് ഇസ്‌ലാം സ്വീകരിച്ചവരെല്ലാം അഹ്‌ലുബൈത്താണെന്നാണ് ഹനഫീ മദ്ഹബ്. എന്നാല്‍ മുത്വലിബ് സന്തതികളും അഹ്‌ലുബൈത്താണെന്നാണ് ശാഫീ പക്ഷം. ഹാശിം, മുത്വലിബ് സന്തതികളെ അഹ്‌ലുബൈത്തില്‍ എണ്ണുന്ന പക്ഷം അഹ്‌ലുബൈത്തിന്റെ പരമ്പര അറ്റുപോയെന്ന ആരോപണം അര്‍ത്ഥശൂന്യമാണ്. ഈ വാദത്തിനാധാരമായി യാതൊരു ചരിത്ര പശ്ചാത്തലവുമില്ലാത്തതിനാല്‍ തന്നെ ആരോപണത്തില്‍ കഴമ്പില്ലെന്നും, എന്തെങ്കിലുമൊക്കെ ആരോപിക്കുക എന്ന ദുരുദ്ദേശത്തില്‍ നിന്നുത്ഭവിച്ചതാണീ അരോപണമെന്നും നമുക്ക് മനസ്സിലാക്കാം. അത്‌കൊണ്ട് തന്നെ ഇതിന് നാം മറുപടി പറയേണ്ടതില്ല. എന്നാല്‍ നബി (സ) തങ്ങളുടെ ഭാര്യമാരും സന്താനങ്ങളും, ഹസന്‍ (റ), ഹുസൈന്‍(റ), അലി (റ) എന്നിവര്‍ മാത്രമാണ് അഹ്‌ലുബൈത്തെന്നതാണ് ഇമാം റാസി (റ) യുടെ അഭിപ്രായം. ഇതുപ്രകാരം മാത്രമേ പരമ്പര ഇന്ന് നിലനില്‍ക്കുന്നുണ്ടോ അതോ, ഇല്ലേ എന്ന ചര്‍ച്ചക്ക് ചെറിയൊരു പഴുതുള്ളൂ. കാരണം കര്‍ബലയില്‍ ഇബ്‌നു സിയാദിന്റെ ആയിരക്കണക്കിന് വരുന്ന സൈന്യത്തിന് കീഴടങ്ങാതെ ഏറ്റു മുട്ടി ധീരരക്തസാക്ഷിത്വം വരിച്ചവരില്‍ നബി കുടുംബത്തില്‍ പെട്ട ധാരാളം പേരുണ്ടായിരുന്നുവെന്നത് ചരിത്രയാഥാര്‍ത്യമാണ്. അത് കൊണ്ടായിരിക്കാം കര്‍ബല യുദ്ധത്തോടെ നബി കുടുംബം അവസാനിച്ചുവെന്ന് ചില അല്‍പജ്ഞാനികള്‍ വിലയിരുത്തുന്നത്. ചരിത്രപരമായ അറിവില്ലായ്മയില്‍ നിന്നോ അഹ്‌ലുബൈത്തിനോടുള്ള അന്ധമായ വിരോധത്തില്‍ നിന്നോ ഉത്ഭവിച്ചതാണീ ആരോപണമെന്ന് അല്‍പമെങ്കിലും ചരിത്രജ്ഞാനമുള്ളവര്‍ക്ക് മനസ്സിലാകും. നബി (സ) തങ്ങളുടെ സന്താനങ്ങളില്‍ ആരുടെയൊക്കെ പരമ്പര ഇന്ന് നിലനില്‍ക്കുന്നുണ്ട് എന്നതിന് ചരിത്രപരമായ വിവരണം ആവശ്യമാണ്. നബി (സ)തങ്ങളുടെ മക്കളില്‍ ആരൊക്കെ വിവാഹിതരായി, ആര്‍ക്കൊക്കെ സന്താനങ്ങളുണ്ടായി എന്ന് നോക്കാം.
    ഖാസിം,അബ്ദുള്ള,ഇബ്‌റാഹീം എന്നിവരാണ് നബി (സ) തങ്ങളുടെ ആണ്‍ മക്കള്‍. ഇവരില്‍ ഖാസിം(റ) നുബുവ്വത്തിന് മുമ്പ് ജനിക്കുകയും മുലകുടി പ്രായത്തില്‍ തന്നെ വഫാത്താവുകയും ചെയ്തു. ഈ പുത്രനിലേക്ക് ചേര്‍ത്തിയാണ് നബി (സ) തങ്ങള്‍ അബുല്‍ ഖാസിം എന്ന് വിളിക്കപ്പെട്ടിരുന്നത്. അബ്ദുള്ള(റ) നുബുവ്വത്തിന് ശേഷമാണ് ജനിച്ചത്. അവരും മുലകുടി പ്രായത്തില്‍ വഫാത്തായി ഇവര്‍ രണ്ട് പേരും ഖദീജ ബീവി (റ) യിലുള്ള പുത്രന്‍മാരാണ്. മാരിയതുല്‍ ഖിബ്തിയ്യ(റ) എന്ന അടിമ സ്ത്രീയില്‍ നബി (സ) തങ്ങള്‍ക്ക് ജനിച്ച പുത്രനാണ് ഇബ്‌റാഹീം(റ). ഒന്നര വയസ്സ് പ്രായമുള്ളപ്പോള്‍ ഈ കുട്ടിയും മരണമടഞ്ഞു. ചുരുക്കത്തില്‍ ആണ്‍ മക്കളിലൂടെ നബി (സ) തങ്ങള്‍ക്ക് സന്താന പരമ്പരയില്ല.
    സൈനബ്(റ), റുഖിയ്യ, ഉമ്മുകുല്‍സൂം, ഫാത്തിമ എന്നിവരാണ് നബി (സ) തങ്ങളുടെ പുത്രിമാര്‍. സൈനബയെ അബുല്‍ ആസ്വ്ബ്‌നു റബീഅ് വിവാഹം ചെയ്തു. ഇവര്‍ക്ക് അലി എന്ന പുത്രനും ഉമാമ എന്ന പുത്രിയും ജനിച്ചു. അലി പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പേ മരണപ്പെട്ടു. ഉമാമയെ ഫാത്തിമ ബീവി (റ) യുടെ വഫാത്തിന് ശേഷം അലി (റ) വിവാഹം കഴിച്ചു. ഈ ദാമ്പത്യത്തില്‍ മുഹമ്മദ് ഔസത് എന്ന പുത്രന്‍ പിറന്നു. പക്ഷേ പരമ്പരയില്ല. അലി (റ)വിന്റെ വസ്വിയ്യത്ത് പ്രകാരം അദ്ദേഹത്തിന്റെ വഫാത്തിന് ശേഷം മഹതി മുഗൈറ ബിന്‍ നൗഫല്‍ ബ്‌നു ഹാരിഫ് ബിന്‍ അബ്ദുല്‍ മുത്വലിബിനെ ഭര്‍ത്താവായി സ്വീകരിച്ചു.  ഈ ദാമ്പത്യബന്ധത്തില്‍ സന്താനങ്ങളുണ്ടായിട്ടില്ല. അത്‌കൊണ്ട്തന്നെ പുത്രി സൈനബി(റ)ലൂടെയുള്ള നബി പരമ്പര നിലനില്‍ക്കുന്നില്ല.
    റുഖിയ ബീവിയെ ഉസ്മാന്‍ (റ) വിവാഹം കഴിച്ചു. അവര്‍ക്ക് അബ്ദുള്ളാ എന്ന പുത്രന്‍ പിറന്നെങ്കിലും ചെറുപ്പത്തിലേ വഫാത്തായി. ഹിജ്‌റ രണ്ടാം വര്‍ഷം റുഖിയ്യാ ബീവിയും വഫാത്തായി. ശേഷം ഉമ്മു കുല്‍സൂമിനെ ഉസ്മാന്‍(റ) വിവാഹം കഴിച്ചു. രണ്ടു നബി പുത്രിമാരെ വിവാഹം കഴിച്ചതുകൊണ്ടാണ്, രണ്ടു പ്രകാശത്തിനുടമ എന്നര്‍ത്ഥം വരുന്ന ദുന്നൂറൈന്‍ എന്ന സ്ഥാനപ്പേര് അദ്ദേഹത്തിന് ലഭിച്ചത്. പക്ഷേ ഈ ദാമ്പത്യബന്ധത്തില്‍ സന്താന സൗഭാഗ്യമുണ്ടായില്ല. ചുരുക്കത്തില്‍ സൈനബ്(റ), റുഖിയ്യ(റ), ഉമ്മുകുല്‍സൂം(റ) എന്നീ മൂന്ന് പുത്രിമാരിലൂടെയും ഒരു കുടുംബ ശൃംഖല രൂപപ്പെടുന്നില്ല.
    ഇനി ഫാത്തിമ ബീവിയുടെ പരമ്പരയിലേക്ക് കടക്കാം. ബീവിയെ അലി (റ) വിവാഹം ചെയ്തു. അലി (റ), ഫാത്തിമ (റ) ദമ്പതികളുടെ സന്താനങ്ങളിലൂടെയാണ് ഇന്ന് ലോകത്ത് നിലനില്‍ക്കുന്ന അഹ്‌ലുബൈത്ത് മുഴുവനും നബി(സ)തങ്ങളിലേക്ക് എത്തിച്ചേരുന്നത്. പുത്രന്മാരിലൂടെയാണ് പരമ്പര നിലനില്‍ക്കേണ്ടത്. എന്നാല്‍ പുത്രിയിലൂടെ പരമ്പര സംരക്ഷിക്കപ്പെടുന്നത് നബി (സ) തങ്ങളുടെ പ്രത്യേകതയാണ്.
    നബി (സ) തങ്ങളുടെ പ്രിയപ്പെട്ട പിതൃവ്യന്റെ മകനാണല്ലോ അലി (റ). നബി (സ) തങ്ങളും അലി (റ) തമ്മിലുള്ള ആത്മ ബന്ധം പ്രസിദ്ധമാണല്ലോ. അദ്ദേഹം വളര്‍ന്നത് നബി (സ) തങ്ങളുടെ വീട്ടിലാണ്. ചെറുപ്പത്തിലേ ഇസ്‌ലാം സ്വീകരിച്ചു. ഞാന്‍ ജ്ഞാനപട്ടണമാണെന്നും അതിലേക്കുള്ള കവാടം അലിയാണെന്നും നബി(സ) തങ്ങള്‍ പറഞ്ഞിട്ടുണ്ട്. മൂസാ നബിയും ഹാറൂന്‍ നബിയും തമ്മിലുള്ള ബന്ധമാണ് ഞാനും അലിയും തമ്മിലെന്ന് നബി (സ) തങ്ങള്‍ പറഞ്ഞത് മുമ്പ് വിവരിച്ചല്ലോ. മദീനയില്‍ മുഹാജിറുകള്‍ക്കിടയിലും അന്‍സാറുകള്‍ക്കിടയിലും സാഹോദര്യ ബന്ധം സ്ഥാപിച്ചപ്പോള്‍ നബി(സ) തങ്ങള്‍ അലി(റ)യെ മാറ്റി നിര്‍ത്തി. കാരണമന്വേഷിച്ചപ്പോള്‍ അലി(റ)  ഇരുലോകത്തും എന്റെ സഹോദരനാണെന്നായിരുന്നു നബി(സ) തങ്ങളുടെ മറുപടി. അലി എന്നില്‍ നിന്നും ഞാന്‍ അലിയില്‍ നിന്നുമാണെന്ന ഹദീസും ഫാത്തിമ എന്റെ ശരീരത്തിന്റെ ഭാഗമാണെന്ന ഹദീസും ഇവിടെ നാം ഓര്‍ക്കേണ്ടതാണ്. നബി (സ) തങ്ങളോടും ഫാത്തിമ ബീവിയോടുമുള്ള അഭേദ്യ ബന്ധത്താല്‍ അലി (റ) യും അഹ്‌ലുബൈത്തില്‍ പെട്ടുവെന്നാണ് ഇമാം റാസി തന്റെ തഫ്‌സീറുല്‍ കബീറില്‍ രേഖപ്പെടുത്തിയത്.
    ഒരിക്കല്‍ നബി (സ) തങ്ങള്‍ അലി (റ), ഫാത്തിമ (റ), ഹസന്‍(റ), ഹുസൈന്‍(റ) എന്നിവരെ അരികില്‍ വിളിച്ച് വരുത്തി ' പടച്ചവനെ ഇവരാണ് എന്റെ അഹ്‌ലുബൈത്ത് എന്ന് പ്രഖ്യാപിക്കുകയുണ്ടായി. ഈ സംഭവം സഅ്ദുബ്‌നു അബീ വഖാസ് (റ),ആഇശാ (റ) എന്നിവരില്‍ നിന്ന് ഇമാം മുസ്‌ലിം(റ) സ്വഹീഹില്‍ ഉദ്ധരിച്ചിട്ടുണ്ട്. ഇവര്‍ നാലുപേരുമാണ് അഹ്‌ലുബൈത്തെന്നതിന് ധാരാളം ഹദീസുകളുടെ പിന്‍ബലമുണ്ട്.
    ഇനി ഇവരുടെ സന്താനപരമ്പര നിലനില്‍ക്കുന്നുണ്ടോ അതോ കര്‍ബല യുദ്ധത്തോടെ പരമ്പര മുറിഞ്ഞ് പോയോ എന്ന് പരിശോധിക്കാം.
അലി (റ) ഫാത്തിമ (റ) ദമ്പതികള്‍ക്ക് ഹസന്‍(റ), ഹുസൈന്‍(റ), മുഹ്‌സിന്‍(റ) എന്നീ പുത്രന്മാരും സൈനബ്(റ), ഉമ്മുകുല്‍സൂം(റ), റുഖിയ്യ(റ) എന്നീ പുത്രിമാരും പിറന്നു. ഇവരില്‍ മുഹ്‌സിനും റുഖിയ്യയും ചെറുപ്പത്തില്‍ വഫാത്തായി. ഉമ്മുകുല്‍സൂമിനെ ഉമര്‍(റ) വിവാഹം ചെയ്തു. ഇവര്‍ക്ക് സൈദ് അക്ബര്‍ എന്ന പുത്രന്‍ പിറന്നു. പക്ഷേ ഇദ്ദേഹത്തിന് സന്താനപരമ്പരയില്ല. സൈനബിനെ പിതൃ സഹോദരന്‍ ജഅ്ഫര്‍ (റ) വിന്റെ പുത്രന്‍ അബ്ദുള്ളാ വിവാഹം കഴിക്കുകയും സന്താനങ്ങളുണ്ടാകുകയും ചെയ്തു. ഈ പരമ്പര ഇന്നും നിലനില്‍ക്കുന്നു. പക്ഷേ ഇത് നബി പുത്രിയുടെ പരമ്പരയല്ല. പൗത്രിയുടെതാണ്. ഹസന്‍ ഹുസൈന്‍ പരമ്പരയുടെ ശ്രേഷ്ടത ഈ പരമ്പരക്കില്ല. ഫാത്തിമ ബീവിയുടെ ആണ്‍മക്കളിലൂടെയുള്ള പരമ്പരയാണ് നബി പരമ്പരയായി എണ്ണപ്പെടുക. കാരണം പുത്രിയിലൂടെ പരമ്പര നില്‍ക്കല്‍ നബി(സ)യുടെ മാത്രം പ്രത്യേകതയാണ്. ഈ പ്രത്യേകത മഹതി ഫാത്തിമ(റ)ക്കില്ല. അതു കൊണ്ട് തന്നെ ഫാത്തിമ (റ)യുടെ മകളായ സൈനബി(റ)ന്റെ പരമ്പരക്ക് മഹതിയുടെ ആണ്‍മക്കളായ ഹസന്‍, ഹുസൈന്‍ എന്നിവര്‍ വഴിയുള്ള പരമ്പരയുടെ മഹത്വം ഉണ്ടാകില്ലെന്നുറപ്പാണ്.
    അഹ്‌ലുബൈത്തിന്റെ സുപ്രധാന പരമ്പരകള്‍ മുഴുവനും ഹസന്‍(റ) ഹുസൈന്‍(റ) വഴി നബിയിലേക്കെത്തിച്ചേരുന്നവയാണ്. ഹിജ്‌റ മൂന്നാം വര്‍ഷം റമളാന്‍ പതിനഞ്ചിനാണ് ഹസന്‍ (റ) ജനിക്കുന്നത്. ഹിജ്‌റ അമ്പതില്‍ വഫാത്താകുകയും ചെയ്തു.
    സൈദ്, ഉമ്മുല്‍ഹംസ, ഉമ്മുല്‍ ഹുസൈന്‍, ഹസന്‍ രണ്ടാമന്‍, ഉമര്‍, ഖാസിം, അബ്ദുള്ള, അബ്ദുറഹ്മാന്‍, ത്വല്‍ഹത്, ഹുസൈന്‍, ഫാത്തിമ, ഉമ്മുസലമ, റുഖിയ്യ എന്നിവരാണ് ഹസന്‍ (റ)വിന്റെ സന്താനങ്ങള്‍. ഉമര്‍, ഖാസിം, അബ്ദുല്ല എന്നിവര്‍ ഹുസൈന്‍(റ) വിന്റെ കൂടെ കര്‍ബലയില്‍ രക്തസാക്ഷികളായി. ഇവരില്‍ സൈദ്, ഹസന്‍ രണ്ടാമന്‍ എന്നിവര്‍ക്ക് മാത്രമേ പരമ്പരയുള്ളൂ. സൈദ് ഹിജ്‌റ നൂറ്റി ഇരുപതിലും ഹസന്‍ തൊണ്ണൂറ്റി ഏഴിലും വഫാത്തായി. ഹസന്‍ രണ്ടാമന് അബ്ദുള്ളാഹില്‍ മഹ്ദ്, ഹസന്‍ മൂന്നാമന്‍ എന്നീ സന്തതികള്‍ പിറന്നു. ഇതില്‍ അബ്ദുള്ളാഹില്‍ മഹ്ദിന് മുഹമ്മദു ഹഫ്‌സുസ്സമിയ്യ, ഇബ്‌റാഹീം, ഇദ്‌രീസ്, മൂസാ, സുലൈമാന്‍, എന്നീ സന്തതികള്‍ പിറന്നു. ഹസന്‍ (റ)ന്റെ മകന്‍ സൈദിന് ധാരാളം സന്താനങ്ങളുണ്ടായി. നഫീസത്ത് ബീവിയുടെ പിതാവായ ഹസന്‍ അന്‍വര്‍ അവരില്‍ പ്രധാനിയാണ്. ഇവരുടെ സന്താന പരമ്പരയാണ് ഹസനികള്‍.
    ഹിജ്‌റ നാലാം വര്‍ഷം ശഅ്ബാന്‍ അഞ്ചിനാണ്  ഹുസൈന്‍ (റ) ജനിക്കുന്നത്. ഹിജ്‌റ അറുപത്തൊന്ന് മുഹറം പത്തില്‍ കര്‍ബലയില്‍ വെച്ച് ധീര രക്തസാക്ഷിത്വം വരിച്ചു. അലി അക്ബര്‍, അലി അസ്ഹര്‍ (സൈനുല്‍ ആബിദീന്‍) അബ്ദുള്ള, സകീന, ഫാത്വിമ എന്നിവരാണ് ഹുസൈന്‍ (റ)ന്റെ സന്താനങ്ങള്‍. ഇതില്‍ അലി അക്ബറും അബ്ദുളളയും പിതാവിനോട് കൂടെ കര്‍ബലയില്‍ ശഹീദായി. സൈനുല്‍ ആബിദീന്‍ രോഗബാധിതനായതിനാല്‍ യുദ്ധത്തില്‍ പങ്കെടുത്തിരുന്നില്ല. ഇദ്ദേഹം മരണപ്പെടുന്നത് ഹിജ്‌റ തൊണ്ണൂറിന് ശേഷമാണ്. കര്‍ബല യുദ്ധം ഹിജ്‌റ അറുപത്തിഒന്നിലായിരുന്നല്ലോ. ചരിത്രത്തില്‍ നേരിയ അഭിപ്രായ ഭിന്നതകള്‍ ഉണ്ടെങ്കിലും സൈനുല്‍ ആബിദീന്‍(റ) കര്‍ബലക്ക് ശേഷവും ജീവിച്ചിട്ടുണ്ടെന്നതില്‍ അഭിപ്രായ ഭിന്നതയില്ല. ഇദ്ദേഹത്തിന് ധാരാളം സന്തതികളുണ്ട്. മുഹമ്മദുല്‍ ബാഖിര്‍ അവരില്‍ പ്രധാനിയാണ്. ഇവരുടെ പരമ്പരയാണ് ഹുസൈനികള്‍ എന്നറിയപ്പെടുന്നത്.
    ചുരുക്കത്തില്‍ അഹ്‌ലുബൈത്തിന്റെ പരമ്പര ഹസന്‍ രണ്ടാമന്‍ സൈദ് എന്നിവര്‍ വഴി ഹസ്‌റത്ത് ഹസനിലും സൈനുല്‍ ആബിദീന്‍ വഴി ഹസ്‌റത്ത് ഹുസൈനിലും എത്തിച്ചേരുന്നു. ഉദാഹരണത്തിന് മുഹ്‌യുദ്ദീന്‍ ശൈഖിന്റെ പരമ്പര എടുക്കാം. ശൈഖിന്റെ പരമ്പര പിതാവ് വഴി ഹസന്‍ (റ)വിലും മാതാവ് വഴി ഹുസൈന്‍ (റ)വിലും എത്തിച്ചേരുന്നു. പരമ്പര പിതാവ് വഴി: 1- മുഹമ്മദ് (സ), 2- സയ്യിദ ഫാത്വിമ, 3- സയ്യിദ് ഹസന്‍, 4- സയ്യിദ് ഹസന്‍ രണ്ടാമന്‍, 5- സയ്യിദ് അബ്ദുള്ളാ മഹ്‌സ്, 6- സയ്യിദ് മൂസല്‍ ജൗന്‍, 7-സയ്യിദ് അബ്ദുള്ള രണ്ടാമന്‍, 8-സയ്യിദ് മൂസാ രണ്ടാമന്‍, 9-സയ്യിദ് ദാവൂദ്, 10-സയ്യിദ് മുഹമ്മദ്, 11-സയ്യിദ് യഹ്‌യ സാഹിദ്, 12-സയ്യിദ് അബ്ദുള്ള, 13-സയ്യിദ് അബൂസ്വാലിഹ് മൂസ, 14-ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി. പരമ്പര മാതാവ് വഴി: 1- മുഹമ്മദ് (സ), 2-സയ്യിദ ഫാത്വിമ 3-സയ്യിദ് ഹുസൈന്‍ 4-സയ്യിദ് സൈനുല്‍ ആബിദീന്‍ 5-സയ്യിദ് മുഹമ്മദ് ബാഖിര്‍ 6-സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് 7-സയ്യിദ് മൂസല്‍ കാളിം 8-സയ്യിദ് അലി രിളാ 9-സയ്യിദ് മുഹമ്മദുല്‍ ജവാദ് 10-സയ്യിദ് കമാലുദ്ദീന്‍ ഈസ 11-സയ്യിദ് അബ്ദുല്‍ അതാ അബ്ദുല്ല 12-സയ്യിദ്  മഹ്മൂദ് 13- സയ്യിദ് മുഹമ്മദ് 14-സയ്യിദ് അബ്ദുല്ല സാഹിദ് 15-സയ്യിദ ഉമ്മുല്‍ ഖൈര്‍ ഫാത്വിമ 16-ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി(റ). നമ്മുടെ കേരളത്തിലും ഇപ്രകാരം കൃത്യമായ പരമ്പരയുള്ള അഹ്‌ലുബൈത്തുണ്ട്. ഉദാഹരണത്തിന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പരമ്പര ഹുസൈന്‍ (റ)വിലേക്കെത്തിച്ചേരുന്നു. പരമ്പര:  1-മുഹമ്മദ് (സ),2-സയ്യിദ ഫാത്വിമ,3- സയ്യിദ് ഹുസൈന്‍,4-സയ്യിദ് സൈനുല്‍ ആബിദീന്‍,5-സയ്യിദ് മുഹമ്മദുല്‍ ബാഖിര്‍,6-സയ്യിദ് ജഅ്ഫറുസ്വാദിഖ്,7-സയ്യിദ് അലിയ്യുല്‍ ഉറൈളി,8-സയ്യിദ് മുഹമ്മദ് (റ),9-സയ്യിദ് ഈസന്നഖീബ്,10-സയ്യിദ് അഹ്മദുല്‍ മുഹാജിര്‍,11-സയ്യിദ് ഉബൈദുല്ലാ,12-സയ്യിദ് അലവിയ്യുല്‍ മുഖ്തസിര്‍,13-സയ്യിദ് മുഹമ്മദ് സാഹിബുസ്സൗമഅ,14-സയ്യിദ് അലവി, 15-സയ്യിദ് അലിയ്യുല്‍ ഖാലിഉല്‍ ഖസം,16-സയ്യിദ് മുഹമ്മദ് സ്വാഹിബ് മിര്‍ബാത്വ്,17-സയ്യിദ് അലിയ്യ്,18-സയ്യിദ് മുഹമ്മദുല്‍ ഫഖീഹുല്‍ മുഖദ്ദം,19-സയ്യിദ് അലവി,20-സയ്യിദ് അലി,21-സയ്യിദ് മുഹമ്മദ് മൗലദ്ദവീല,22-സയ്യിദ് അബ്ദുറഹ്മാന്‍ സഖാഫ്,23-സയ്യിദ് അബൂബക്കര്‍ സക്‌റാന്‍,24-സയ്യിദ് ശൈഖ് അലി,25-സയ്യിദ് അബ്ദുറഹ്മാന്‍,26-സയ്യിദ് അഹ്മദ് ശിഹാബുദ്ധീന്‍,27-സയ്യിദ് ഉമര്‍,28- സയ്യിദ് ശിഹാബുദ്ധീന്‍,29- സയ്യിദ് മുഹമ്മദ്,30-സയ്യിദ് അലവി,31-സയ്യിദ് മുഹമ്മദ്,32-സയ്യിദ് അലി,33-സയ്യിദ് അഹ്മദ്,34- സയ്യിദ് അലി,35-സയ്യിദ് ഹുസൈന്‍ മുല്ലക്കോയ തങ്ങള്‍,36-സയ്യിദ് മുഹ്‌ളാര്‍ തങ്ങള്‍,37-സയ്യിദ് ഹുസൈന്‍ ആറ്റക്കോയ തങ്ങള്‍,38-സയ്യിദ് മുഹമ്മദ് കോയഞ്ഞിക്കോയ തങ്ങള്‍,39-സയ്യിദ് പി.എം.എസ്.എ പൂക്കോയ തങ്ങള്‍,40-സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. പിതാമഹന്മാരുടെ പേരിലേക്കോ അവര്‍ താമസിച്ചിരുന്ന സ്ഥലത്തേക്കോ ചേര്‍ത്തി പേര് വിളിക്കപ്പെടുന്ന നിരവധി ഖബീലകള്‍ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരന്ന് കിടക്കുകയാണ്. ആ പരമ്പര അന്ത്യനാള്‍ വരെ നിലനില്‍ക്കുകയും ചെയ്യും. നബി (സ) തങ്ങളുടെ പരമ്പര കര്‍ബലയില്‍ അറ്റ് പോയെന്ന് ആരോപിക്കുന്നവര്‍ക്കും അവരുടെ ഈ പൊള്ളവാദത്തിനും പരമ്പരയില്ലെന്നതാണ് യാഥാര്‍ത്ഥ്യം.


   ബി(സ) പറഞ്ഞു അന്തനാളടുക്കുമ്പോള്‍ ഭക്ഷണതളികയിലേക്ക് ചുറ്റുമുള്ളവര്‍ എപ്രകാരമാണോ കൈ നീട്ടുക അപ്രകാരം  എന്റെ സമുദായത്തിന്റെ മേല്‍ അക്രമം വ്യാപിക്കും, അപ്പോള്‍ സ്വഹാബാക്കള്‍ ചോദിച്ചു  അന്ന് മുസ്ലീംകള്‍ ലോകത്ത് അത്രമേല്‍ കുറവായിരിക്കുമോ ? (കാരണം മുസ്ലീങ്ങളുടെ അപ്പോഴുള്ള വളര്‍ച്ചാഘട്ടത്തില്‍ പോലും ശത്രുക്കള്‍ അവരെ ബഹുമാനിച്ചിരുന്നു) നബി(സ)പറഞ്ഞു ഇല്ല എണ്ണത്തിലവര്‍ കുറവായിരിക്കില്ല. പക്ഷേ അവര്‍ പുഴയിലെ ചണ്ടി പോലെയായിരിക്കും ഒഴുക്ക് എവിടെക്കാണോ അവിടെക്ക് ഒഴുകി കൊണ്ടിരിക്കും.
പരിശുദ്ധ പ്രവാചകന്റെ 1400 വര്‍ഷം പഴക്കമുള്ള ഈ വാക്കുകളെ അന്വര്‍ത്ഥമാക്കുന്ന പ്രവണതകളാണ് ഇന്ന് നവീനലോകത്ത് കണ്ടുകൊണ്ടിരിക്കുന്നത്. പുതുയുഗത്തിന്റെ അഷ്ടദിക്കുകളില്‍ മുസ്‌ലിമായി എന്ന ഒറ്റ കാരണം കൊണ്ട് കോടികണക്കിനാളുകളാണ് ദുഃഖത്തിലും ദുരിതത്തിനും അടിമപ്പെട്ടുകൊണ്ടിരിക്കുന്നത്. മനുഷ്യനെന്ന പരിഗണപോലും ഇവര്‍ക്ക്‌നല്‍കുന്നില്ല എന്നത് ദുഃഖഹേതുവായ നഗ്നസത്യമാണ്. ഇതില്‍ പുറംലോകം അറിയുന്നതും അറിയാത്തതുമുണ്ട്. പുറലോകമറിയുന്നതിനെതിരെ പ്രതിക്ഷേധങ്ങള്‍ സ്വഭാവികമായി കുറഞ്ഞസമയത്തിനു വേണ്ടിയാണങ്കിലും ഉയരാറുണ്ട്. എന്നാല്‍ പുറം ലോകമറിയാത്തത് എക്കാലവും മൗനമായി തുടരുന്നുഎന്നത് തിരസ്‌കരിക്കാന്‍ പറ്റാത്തവാസ്തവമാണ്.
അത്തരത്തില്‍ ലോകം മൂടിവെച്ചതാണ് അല്ലങ്കില്‍ ആരുടെയൊക്കെ സ്വാര്‍ത്ഥ താല്‍പര്യത്തിന് വേണ്ടിമൂടിവെക്കപ്പെട്ടതാണ് ചൈനയിലെ ഉയിഗൂര്‍ മുസ്ലീങ്ങള്‍. ചൈനഎന്നത് കമ്യൂണിസ്റ്റ് രാജ്യമാണ്. അതാണ് അവരെ ലോകത്തിന് മുന്നില്‍ വ്യതസ്ഥമാക്കുന്നത്. യഥാര്‍ത്തത്തില്‍ കമ്യൂണിസമെന്നാല്‍ മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യുന്ന സാഹചര്യമില്ലാത്ത സമത്വ വ്യവസ്ഥിതിയാണ്. എന്നാല്‍ ചൈനയിലെ മനുഷ്യസമത്വത്തിന് തെളിച്ചമുണ്ടോ എന്ന് പരിഷോദിച്ചാല്‍ ചരിത്രം മാത്രമല്ല വര്‍ത്തമാനം പരതിയാലും ഇല്ല എന്നഉത്തരമാണ് പിന്‍ബലമുണ്ടാവുക. എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന ചൈനയുടെ മുഖം, കര്‍ശന മാധ്യമനിയന്ത്രണത്തില്‍ പുറലോകമറിയാറില്ല. കമ്യണിസത്തിന് മതമില്ലാത്തത് കൊണ്ട് ചൈനയില്‍ പ്രത്യേക മതമെന്ന നിലപാട് സ്വീകരിക്കാന്‍ പറ്റില്ല. കമ്യൂണിസമാണവരുടെ മതം. അവരുടെ നേതാവായ ജീന്‍ പിങ്ങാണവരുടെ ഏറ്റവും വലിയ ആരാധ്യനും ബഹുമാന്യനുമായദൈവം. അതിനാല്‍ തന്നെ മതവിശ്വസമുള്ള ചിഹ്നങ്ങളും മറ്റും നീക്കം ചെയ്ത് അവിടെ ജീന്‍പിങ്ങിന്റെ ചിത്രം പ്രചരിപ്പിക്കണമെന്ന നിയമം മാസങ്ങള്‍ക്ക്മുമ്പാണ് ചൈനീസ് ഭരണക്കൂടം പുറപ്പെടുവിപ്പിച്ചത്. മാത്രമല്ല ഈ രഹസ്യനീക്കത്തിന്റെ വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ ആരംഭിച്ചതാണ്. അവരുടെ സ്വയംഭരണ പ്രദേശമായ ഷിന്‍ ജിയാങ്ങ്് പ്രവിശ്യയിലേ 15 കോടിയോളം വരുന്ന മുസ്ലീങ്ങളെ ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങള്‍.
പ്രത്യകം തയ്യാറാക്കിയ തടങ്കല്‍ കേന്ദ്രങ്ങളിലേക്ക് ഉഗിയൂരികളെ കൊണ്ടുപ്പോയി വിശ്വസമാറ്റത്തിനായി നിര്‍ബന്ധിക്കുന്നു. ഇത്തരം കേന്ദ്രങ്ങളേകുറിച്ച് അന്താരാഷ്ട്രമനുഷ്യവകാശസംഘടനകള്‍ അരോപണമുന്നയിച്ചപ്പോള്‍ ആദ്യഘട്ടത്തില്‍ തന്നെ ചൈന അതിനെ നിഷേധിച്ചു. എന്നാല്‍ പീഢന കേന്ദ്രങ്ങളില്‍ നിന്ന് രക്ഷപ്പെട്ടവരും അടിച്ചലുകള്‍ ഭയന്ന് രാജ്യം വിട്ടവരും തടവറയേ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടു. കൂടാതെ സാറ്റ്‌ലൈറ്റ് ദൃശ്യങ്ങളും അത് സത്യമാണെന്ന് വാദിച്ചു.   അപ്പോഴാണ് ത്രീവ്രവാദത്തില്‍ നിന്നും തെറ്റായ വിശ്വസങ്ങളില്‍ നിന്നും രക്ഷിക്കാനുള്ള തൊഴിലധിഷ്ടത കേന്ദ്രങ്ങളാണെന്നുള്ള മറസൃഷ്ടിച്ച് ഷിന്‍ ജിയാങ്ങ് അധികൃതര്‍ തടിയൂരിയതും മുഖം മിനുക്കിയതുമെല്ലാം. ഉയുഗൂര്‍ ക്യാമ്പുകളില്‍ സാധാരണ മനുഷ്യനാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നണ് us ലെ ചൈനീസ് അമ്പാസിഡറായ സിയുടിയാങ്കായി പ്രസ്ത്ഥാവിച്ചത്.
എന്നാല്‍ ഇത്തരത്തിലുള്ള പച്ച നുണകളെ കുഴിച്ചുമൂടിക്കെണ്ടാണ് ആനംസ്റ്റിയുടെ മുന്നറിപ്പ് വന്നത് 'ലോകമാഹായുദ്ധക്കാലത്തുണ്ടായിരുന്ന കോണ്‍ സണ്‍ ട്രേഷന്‍ ക്യാമ്പുകള്‍ക്കു സമാനമായ പീഢനമുറകളാണ് തടങ്ങല്‍ കേന്ദ്രങ്ങളില്‍ നടക്കുന്നത്എന്നായിരുന്നു റിപ്പോര്‍ട്ട്. un റിപ്പോര്‍ട്ട് പ്രകാരം 10 ലക്ഷത്തില്‍ കൂടുതല്‍ ഉയിഗൂര്‍ കസാഖ് ന്യൂനപക്ഷങ്ങള്‍ ഇവിടെയുണ്ടന്നാണ്. എന്നാല്‍ ഇതിനെയെല്ലാം ഞെട്ടിപ്പിക്കുന്നതായിരുന്നു ചൈനീസ് ഗവേഷകന്‍ പാട്രക്പൂന്‍ പറയുന്നത്. ആനംസ്റ്റിയുടെ ഗവേഷകനായഇദ്ദേഹത്തിന്റെ കണക്കുപ്രകാരം 30 ലക്ഷത്തോളമാളുകളിവിടെ ദുരിതമനുഭവിക്കുന്നു. മാത്രമല്ല ചൈനീസ് കമ്യൂണിസ്റ്റ് നേതാക്കളുടെ പേരില്‍ സത്യം ചെയ്യിപ്പിക്കല്‍ മദ്യവും പിന്നിയിറച്ചിയും കഴിക്കാന്‍  നിര്‍ബന്ധിക്കല്‍ തുടങ്ങിയ മത വിശ്വസ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഇവിടുത്തെ ദിനചര്യകളാണ്.
യു.എസിലെ വാഷിംങ്ങ്ടണിലെ പ്രസ്സിലിരുന്ന് തടങ്കില്‍ നിന്ന് രക്ഷപ്പെട്ട മിഹിര്‍ഗുല്‍ , ടുര്‍സന്‍, എന്ന ഉയിഗൂറുകാരി അനുഭവിച്ച ക്രൂരത അറിഞ്ഞാല്‍ കണ്ണില്‍ നിന്ന് കടലൊഴുകും എന്നത് തീര്‍ച്ചയാണ്. കാരണം, ചൈന സര്‍ക്കാരിന്റെ ലോകത്തെ ഞെട്ടിപ്പിക്കുന്ന കഥയാണവള്‍ അവിടെ വിവരിച്ചത്.
തന്നെയും തന്റെ മൂന്ന് മക്കളെയും പല തവണ അറസ്റ്റ് ചെയ്തു. തന്നെ കാണാത്ത വിധം വേറെ വേറെ സെല്ലുകളിലാണ് പാര്‍പ്പിച്ചത്. രണ്ടാം തവണ മക്കളെ തിരിച്ച് തന്നപ്പോള്‍ ഒരു കുട്ടി മരിക്കുകയും മറ്റെ കുട്ടിയുടെ തലക്ക് മാരകമായ മുറിവേല്‍ക്കുകയും രക്ത സ്രാവമുണ്ടാവുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ കണ്ണിറുകുന്ന അല്ലെങ്കില്‍ പല്ലു കടിക്കുന്ന ക്രൂരതയുടെ മുടിക്കെട്ടഴിച്ചിടുകയായിരുന്നു അവിടെ.  ആദ്യമായി അറസ്റ്റ് ചെയ്തപ്പോള്‍ ദിവസങ്ങളോളം ഉറക്കം പോലും നിഷേധിച്ച് ചോദ്യം ചെയ്തു. അനാവിശ്യ മരുന്നുകള്‍ കുടിപ്പിച്ചു. പലതവണ അറസ്റ്റ് ചെയ്തപ്പോയും പീഢനങ്ങളുടെ രൂക്ഷത വര്‍ധിച്ചുകൊണ്ടേയിരുന്നു. ചെറിയ സെല്ലില്‍ 60 സ്ത്രീകളെ വരെ പാര്‍പ്പിച്ചു. ക്യാമറക്ക് മുന്നില്‍ ശുചി മുറിഉപയോഗിക്കേണ്ടിവന്നു. അനാവിശ്യ മരുന്നുകള്‍ കുടിപ്പിച്ചതിന്റെ ഫലമായി ഒരുപാട് ആളുകളുടെ ആര്‍ത്തവം നിന്ന് രക്തം കേടായി രക്തംസ്രാവമുണ്ടായി. മൂന്നുമാസം തടങ്കലില്‍ മരിച്ച് വീണത് ഒമ്പത് സ്ത്രീകളാണ്. അക്രമങ്ങള്‍ സഹിക്കവയ്യാതെ ഒരോ തവണയും  'പ്ലീസ് ഒന്ന് കൊന്നു തരൂ'  എന്നും പോലും യാചിച്ചു പറഞ്ഞു. ഈ അക്രമപരമ്പരക്കെല്ലാം കാരണമായി  പറഞ്ഞത് നീയൊരു ഉയിഗൂര്‍ വംശജയാണ് എന്നതാണ്. ഷിന്‍ ജിയാങ്ങിന്റെ മാധ്യമ നിയന്ത്രങ്ങളുള്ളതിനാല്‍ ചൈനയില്‍ നിന്നുള്ള കൊടിയ പീഢനങ്ങളൊന്നും പുറത്തേക്ക് നിര്‍ഗളിക്കുന്ന അവസ്ഥ സംജാതമാകാറില്ല.
തടങ്കല്‍ കേന്ദ്രത്തിലെ അനുഭവങ്ങള്‍ വിദേശത്തുള്ളവരോ, ഇവിടെ നിന്ന് രക്ഷപ്പെട്ടവര്‍ പോലും മാധ്യമള്‍ക്കുമുന്നില്‍ പുങ്കവെക്കാന്‍ ധൈര്യപ്പെടാറില്ല. കാരണം വെളിപ്പെടുത്തുന്നവരുടെ ബന്ധുക്കളതിന്റെ ഫലങ്ങള്‍ അനുഭവിക്കേണ്ടിവരും. സര്‍ക്കാറിന്റെ നിരീക്ഷണത്തില്‍ ഉയിഗൂര്‍ ജാഗ്രതയിലും ഭീതിയിലുമാണെന്നും വിദേശത്തുള്ളവര്‍ ചൈനയിലെ തങ്ങളുടെ ബന്ധുക്കളെയോര്‍ത്ത് പീഢനം വെളിപ്പെടുത്താന്‍ തയ്യാറാകുന്നില്ലന്നും ചൈനയിലെ ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് ഡയരക്ടര്‍ സോഫിയ റിച്ചാര്‍ഡ് പറഞ്ഞിരിക്കുന്നു മാത്രമല്ല ഇവിടെ നോമ്പും നിസ്‌ക്കാരവും മറ്റ് ആരാധനകളെല്ലാം ജയില്‍ ശിക്ഷഅനുഭവിക്കാന്‍ മാത്രം പര്യപ്തമാണ്. ഇവിടെ ജുമുഅഃ നിസ്‌ക്കാരം നടക്കുമ്പോള്‍ വരെ പുറത്ത് വലിയ ശബ്ധത്തില്‍ ബ്ലൂ ഫിലിം ഓണാക്കലും പതിവാക്കലും  പതിവാണ്.
എന്തെക്കെയായാലും ചൈനീസ് സര്‍ക്കാറിന്റെ പീഢനം വ്യക്തമാണ്. പക്ഷേ മാധ്യമ പ്രവര്‍ത്തകര്‍ക്കോ un ന്റെ നേത്രത്തിലുള്ള മനുഷ്യവകാശപ്രതിനിതികള്‍ക്കോ ഷിന്‍ജിയാങ്ങ് പ്രാവിശ്യയിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കാരില്ല. എന്നാല്‍ ഈ വംശഹത്യ തുടമ്പോഴും മൗനം പാലിക്കുന്നത് ആര്‍ക്ക്‌വേണ്ടിയാണ് എന്ന ചോദ്യം ലോകരാഷ്ടങ്ങള്‍ വരെ കേള്‍ക്കാന്‍ആഗ്രഹിക്കാത്തതാണ് വളരെ സങ്കടകരമായ സത്യമാണ്. ഇസ്‌റാഈല്‍ പീഢനം നേരിടുന്ന ഫലസ്തീനികള്‍ക്ക് ലഭിക്കുന്ന മാധ്യമശ്രദ്ധ ഇവര്‍ക്ക് ലഭിക്കുന്നില്ലന്ന് മാത്രമല്ല രാജ്യം വിടാന്‍ പോലും ആനുവദിക്കാതെ ആ ജനതയെ മൊത്തം മാനസിക പരി പ്രവര്‍ത്തനത്തിലൂടെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്.
ഉയിഗൂര്‍ പീഢനത്തില്‍ പങ്കാളിയായ ഷിന്‍ജിയാങ്ങ് പ്രവിശ്യമേധാവിയുള്‍പടെയുള്ളവര്‍ക്കെതിരെ ഉപരോധമേര്‍പ്പെടുത്താനുള്ള നീക്കം us നടത്തിയിരുന്നു എന്നാല്‍ വ്യാപാരയുദ്ധത്തിന്റെ അലയോലികള്‍ക്കിടയില്‍ ആശബ്ദങ്ങള്‍ അപ്രത്യക്ഷമായി.
2009ല്‍ ആരംഭിച്ച നൃൂനപക്ഷ ശുദ്ധീകരണം രണ്ട് വര്‍ഷം മുമ്പാണ് ചൈന ശക്തികൂട്ടിയത്. അവരെ വിട്ടയക്കണമെന്ന uno ന്റെ ആജ്ഞക്ക് ത്രീവ്രവാധത്തെ നേരിടുന്നതിന്റെ ഭാഗമാണിതെന്ന നൊണ്ടിന്യായം പറഞ്ഞ് തലയൂരുകയാണ് ചൈന ചെയ്തത്. എന്നാല്‍ ഇതിനെതിരില്‍ uno രക്ഷസമിതി ഉപരോധമേപ്പെടുത്തിയാലും അത് വീറ്റോ ചെയ്യാനുള്ള അധികാരം ചൈനക്കുണ്ട്. കൂടാതെ റഷ്യയുടെ പിന്തുണയും ചൈനക്കുണ്ട്.
എന്നാല്‍ അതിനെല്ലാമുപരി ചൈനക്കെതിരെ ശബ്ദിക്കാത്ത അറബ് രാഷ്ട്രങ്ങളുടെ മൗനം വഞ്ചനാത്മകമാണ്. സാമ്പത്തിക നേട്ടമെന്നതിനപ്പുറം ഒരുവംശത്തെ ഉന്മലനം ചൊയ്യുന്നത് തടയാനായി അറബ് രാഷ്ട്രങ്ങള്‍ പോലും മുന്നിട്ടിറങ്ങിയിട്ടില്ലങ്ങില്‍ ഷിന്‍ ജിയാങ്ങ് പൂര്‍ണമായും ഉയിഗൂറികളില്ലാത്ത പ്രദേശമായിമാറും
2050 ആകുമ്പോയേക്കും ലോകത്ത് മുസ്ലീങ്ങളാകും കൂടുതല്‍ എന്ന് സര്‍വേകള്‍ പോലും തെളിയിക്കുന്ന ഇക്കാലത്ത് ഇതിനു വേണ്ടി ഒരാളു പോലും തുനിഞ്ഞിറങ്ങാതെ ഭൗതികനേട്ടത്തിനായി അതെല്ലാം കാണാഭാവം നടിക്കുന്നു എന്നത് വളരെ പ്രതിഷേധാര്‍ഹമാണെന്നത് മാത്രമല്ല ഇവിടെയാണ് സ്വഹാബാക്കളുടെ ചോദ്യത്തിനും നബി (സ) തങ്ങളുടെ മറുപടിക്കും പതിന്മടങ്ങ് പ്രസക്തിയാര്‍ജിക്കുന്നത്.







                                                                                                                 |Amir OC Mukkam|


  | Muhammed Masuood AP Kumarampathur|
 
        സമസ്ത വൈസ് പ്രസിഡന്റും ചെമ്പരിക്ക ഖാസിയും കാസര്‍ഗോഡ് ഉന്നത സ്ഥാനിയ പണ്ഡിതനുമായ സി.എം അബ്ദുള്ള മൗലവി ഉസ്താദ് ദാരുണമായി വധിക്കപ്പെട്ടിട്ട് ഒമ്പത് വര്‍ഷം പിന്നിട്ടിരിക്കുന്നു. ഖേദകരമെന്നോളം കൊലപാതകികളാരെന്ന് അന്വേഷിക്കേണ്ട ഉദ്യോഗസ്ഥ സംഘവും ചില തല്‍പര വൃത്തങ്ങളും ഇതൊരും ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാനുള്ള കുത്സിത ശ്രമങ്ങളിലാണ് സ്.ബി.ഐ സമര്‍പ്പിക്കുകയും കോടതി തള്ളുകയും  കഴിഞ്ഞ രണ്ട് അന്വേഷണ റിപ്പോര്‍ട്ടുകളും തീര്‍ത്തും വസ്തുത വിരുദ്ധമായി ആത്മഹത്യയാണ്  വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നത് റിപ്പോര്‍ട്ട് വായിക്കുന്ന ഏതൊരാള്‍ക്കും സുവ്യക്തമാണ്. ഉത്തര കേരളത്തിലെ മഹാ പണ്ഡിതനും സമസ്തയുടെ  വൈസ് പ്രസിഡന്റും ജാതിമത വേലികെട്ടുകള്‍ക്കപ്പുറത്ത് എല്ലാവരും സര്‍വാദരണീയരുമായിരുന്ന ഖാസി സി.എം അബ്ദുള്ള മൗലവിയുടെ ദുരൂഹമരണം ഇന്നും കാസര്‍ക്കോട് ജനതയുടെ മനസാക്ഷിക്കേറ്റ മുറിവായി തുടരുകയാണ് അതിലുപരി കേരള കരക്കേറ്റ മത പണ്ഡിതന്റെ തീരാ നഷ്ടം 2010 ഫെബ്രുവരി 15 ന് രാവിലെ ചെമ്പരിക്കയിലെ വീട്ടില്‍ നിന്ന് ഏതാണ്ട് ഒരു കിലോമീറ്റര്‍ അകലെ കടലില്‍ പൊങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ലോക്കല്‍ പോലീസ് കേസന്വേഷണം  ആരംഭിക്കുന്നിടത്ത്  തുടങ്ങിയ അനാസ്ഥയും ദുരൂഹതയും ക്രൈം ബ്രാഞ്ചും സി.ബി.ഐ യും ഏറ്റടുത്ത ശേഷവും തുടരുകയാണ്. സംഭവം നടന്ന് ഒരാഴ്ചയിലേറെ കഴിഞ്ഞാണ് സി.ഐ അഷ്‌റഫ് ഖാസിയുടെ വീട്ടിലെത്തി മൊഴിയെടുക്കുന്നത്. വൈകിയതിനെ പറ്റി കാരണം ചോദിച്ചപ്പോള്‍ നിങ്ങളുടെ ദുഃഖമെല്ലാം അടങ്ങട്ടെ എന്ന് കരുതി താമസിപ്പിച്ചതെന്ന നിരുത്തരവാദപരമായ പ്രതികരണമാണ് അവര്‍ നല്‍കിയത്. അത് പോലെ കടല്‍കരയില്‍ കടുക്കല്ലിന് മുകളില്‍ നിന്ന് കണ്ടെടുത്ത ഖാസിയുടെ ചെരുപ്പും വടിയും ടോര്‍ച്ചും ശാസ്ത്രീയമായി പരിശോധിക്കാതെ പോലീസ് അലക്ഷ്യമായി ജീപ്പിലേക്ക് വലിച്ചെറിയുകയായിരുന്നു. ഖാസിയുടെ റുമിലെ പൂട്ടും വിരലടയാള വിദഗ്ദ്ധര്‍ പരിശോധിച്ചില്ല. ഡോഗ് സ്‌കോഡ് അടക്കമുള്ള പരിശോധന മുറകള്‍ സ്വീകരിച്ചില്ല. ഖാസി ഉപയോഗിക്കാറുള്ള രണ്ട് കണ്ണടകള്‍ ഒന്ന് വീട്ടിലും മറ്റൊന്ന് കാറിലും കാണപ്പെട്ടു. അപ്പോള്‍ കണ്ണട ധരിക്കാതെയാണ് 77 വയസ് പിന്നട്ട കണ്ണട യില്ലാതെ ഒന്നും ,ചെയ്യാറില്ലാത്ത ഖാസി ആ ദുര്‍ഘടമായ കല്ലില്‍ കൂട്ടത്തിലൂടെ പാതിരാവിലൂടെ നടന്നു വെന്നത്  സാമാന്യബോധമുള്ള ആര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വാദമാണിത്. അത് പോലെ നന്നായി നീന്തല്‍ അറിയാവുന്ന ആള്‍ വെള്ളത്തില്‍ചാടി ആത്മഹത്യ ചെയ്യില്ലെന്ന ലോജിക്കും ആ വാദം നിരാകരിക്കുന്നു അന്ന് കാര്യമായ അന്വേഷണമോ പരിശോധനയോ കൂടാതെ ലോക്കല്‍ പോലീസ് തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ ചുവട് പിടിച്ചാണ്. പിന്നീട് ക്രൈംബ്രാഞ്ചും സി.ബി.ഐ യും നീങ്ങിയത് ആര്‍ക്കോ വേണ്ടി തിരക്കഥ തയ്യാറാക്കുന്ന വിധത്തിലാണ് ഓരോ റിപ്പോര്‍ട്ടും പുറത്ത് വന്നത്. ഇപ്പോള്‍ 2 വട്ടം സി.ബി.ഐ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി തള്ളുകയാണ് ചെയ്തത് . രേഖകളും സാഹചര്യ തെളിവുകളും കൊലപാതകത്തിലേക്ക് വിരല്‍ ചൂണ്ടുന്ന സംഭവം ആത്മഹത്യയാക്കി ചിത്രീകരിച്ചവര്‍ക്ക് കൃത്യമായ ഗൂഢോദ്ദേശ്യങ്ങളുണ്ടായിരുന്നു വെന്ന കാര്യം നാള്‍ക്കുനാള്‍ തെളിഞ്ഞുവരികയാണ് . ഇതൊരു ആസൂത്രിത കൊലപാതകമായിരുന്നു വെന്നും വിദഗ്ദ്ധരായ ക്വട്ടേഷന്‍ ടീം മുഖേനയാണ് നിര്‍വഹിക്കപ്പെട്ടതെന്നും പൊതുവെ വിലയരുത്തപ്പെട്ടതാണ്. അതിന് ബലമേകിയ ഒരു മൊഴിയായിരുന്നു ഓട്ടോ ഡ്രൈവറായ അശ്‌റഫിന്റെത് . തെക്കന്‍ ജില്ലയില്‍ നിന്നുള്ള ക്വട്ടേഷന്‍ സംഘമായിരുന്നു ഈ പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നീലേശ്വരത്ത് വെച്ച് നടക്കാറുണ്ടെന്നും അവിടെ വെച്ച് പണ സഞ്ചി കൈമാറിയെന്നും ഇയാള്‍ എറണാംകുളം ജില്ലാ കോടതിയില്‍ ഹാജറാക്കി മൊഴിരേഖപ്പെടുത്താന്‍ ശ്രമിച്ചങ്കിലും ചില സാങ്കേതിക കാരണത്താല്‍ അത് നടന്നില്ല. മാത്രമല്ല  അശ്‌റഫിന് എറണാംകുളത്ത് വിളിച്ചുവരുത്തി കടുത്ത ശാരീരിക മാനസിക പീഠനങ്ങള്‍ നടത്തി മൊഴി മാറ്റി പറയിച്ചതായി വന്നു, ശേഷം  ഈവിവരം പുറത്ത് പറഞ്ഞാല്‍ നീ പുറം ലോകം കാണില്ലെന്ന ഭീഷണിയെ തുടര്‍ന്ന് അയാള്‍ രംഗം വിട്ടു.

 ഉസ്താദിന്റെ ജീവിതം


      ഉസ്താദിന്റെ ജീവിതത്തെ കുറിച്ച് സമസ്ത മുശാഅറ അംഗവും മംഗലാപുരം ഖാസിയമായ ഉസ്താദ് ത്വാഖാ അഹ്മദ് അസ്ഹരി പറയുന്നത് നമുക്ക് ഇവിടെ പരാമര്‍ശിക്കാം: വളരെ ലളിതമായ  ജീവിതമായിരുന്നു ഉസ്താദിന്റെത് എല്ലാ വിഷയത്തിലും തികഞ്ഞ കരുതലുള്ള ആള്‍ അതുതന്നെയാണല്ലോ ത്വാഖാ ഉസ്താദിന്റെ കുടുംബ പാരമ്പര്യം തന്നെ മഹോന്നതമാണ് പിതാമഹത്തുകളുടെതായിട്ട് പല കറാമത്തുകളും കേട്ടിട്ടുണ്ട്. മുഴുവന്‍ സമയവും പ്രവര്‍ത്തകനായിരുന്നു. വിവിധ വിഷയങ്ങളില്‍ ഉസ്താദിനു
 പാണ്ഡിത്യമായിരുന്നു .ഏറെ ശ്രദ്ധേയം ഗോള ശാസ്ത്രത്തിലെ ഉസ്താദിന്റെ അഗാധജ്ഞാനമായിരുന്നു. കാസര്‍ഗോഡിന്റെ വൈജ്ഞാനിക വികാസത്തിലുടനീളം ശ്രദ്ധ പതിപ്പിച്ചിരുന്ന ഉസ്താദിന്റെ മരണം ആസൂത്രിതമായ കൊലപാതകമായിരുന്നു എന്നതില്‍ ഒരു സംശവുമില്ല. ഉസ്താദിന്റെ ഘാതകര്‍ ഇവിടെ പലയിടത്തുമുണ്ട്. ഉസ്താദിനെ പോലൊരു മഹാന്‍ ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കുന്നത് തന്നെ മഹാ പാതകമല്ലേ? കാസര്‍ഗോഡ് ദക്ഷിണ കന്നഡ മേഖലകളില്‍ സമസ്തക്ക് വളക്കൂറുണ്ടാകുന്നത്  ഉസ്താദിന്റെ പ്രവര്‍ത്തനങ്ങള്‍ കാരണമായാണ്. സമസ്തക്ക് ഇന്നും ഉത്തര കേരളത്തിലും ദക്ഷിണ കന്നഡയിലും ഉള്ള ജനപിന്തുണ ഉസ്താദ് കെട്ടിപടുത്തതായിരുന്നു നിറ പാണ്ഡിത്യവും അത്യപൂര്‍ണവുമായ അത്ഭുത വ്യക്തിത്വമായിരുന്നു. സിഎം ഉസ്താദിനെ പോലെ സര്‍വ്വാദരണീയരായ മനുഷ്യനെ കൊന്ന് കടലില്‍ തള്ളിയിട്ട് കുറ്റവാളികള്‍ക്ക് ഒരു പോറലുമേല്‍ക്കാതെ രക്ഷപ്പെടാന്‍ സാധിക്കുമെന്ന് വന്നാല്‍ ഇവിടെ ആര്‍ക്കുണ്ട് സുരക്ഷിതത്വം എന്ന ചോദ്യം പ്രസക്തമാണ്. പണവും അധികാരവും സ്ഥാപിത താല്‍പര്യങ്ങളെയും അന്വേഷണ ഏജന്‍സികളെയും അന്വേഷണത്തെയും വിധിയെയും സ്വാധീനിക്കുന്നു വെന്ന കാര്യം ആരെയും ഭയപ്പെടുത്തുന്നതാണ്. കാസര്‍ഗോഡ് പ്രദേശത്തെ മിക്ക സംഘടനകളും ഉസ്താദിനെ സ്‌നേഹിക്കുന്ന പരശ്ശതം ജനങ്ങളും ആശങ്കയിലാണ് ഖാസിയുടെ മകന്‍ ശാഫി കോടതിയില്‍ ഫയല്‍ ചെയ്ത കേസും ജനകീയ ആക്ഷന്‍ കമ്മറ്റിയും ഖാസി കുടുംബവും സംയുക്തമായി നടത്തുന്ന അനിശ്ചിതമായ സഹനസമരവും നീതിക്ക് വേണ്ടി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നവര്‍ക്കും ആശ്വാസം നല്‍കുന്നു. ഈ കുറിപ്പ് തയ്യാറാക്കുന്നതിനിടയിലാണ് സി.ബി.ഐ സമര്‍പ്പിച്ച രണ്ടാമത്തെ റിപ്പോര്‍ട്ടു കോടതി തള്ളിയെന്ന വാര്‍ത്ത പത്രങ്ങളില്‍ വന്നത്. ആരൊക്കെകളിച്ചാലും അന്തിമമായി നീതി തന്നെ പുലരുമെന്ന് ഉറക്കെ പറയാന്‍ നമുക്ക് സാധിക്കും. കോടതിയുടെ മേല്‍നോട്ടത്തില്‍ ഒരു സ്‌പെഷ്യല്‍ ടീം ഈ കേസ് അന്വേഷിച്ചു സത്യം കണ്ടെത്തെണമെന്ന ആവശ്യമായി ഉസ്താദ് ജനകീയ കമ്മറ്റിയും ഖാസി കുടുംബവും സഹന സമരായി മുന്നോട്ട് പോവുക തന്നെ ചെയ്യും.

കേസിന്റെ നാള്‍ വഴികള്‍

   ഒമ്പത് വര്‍ഷം മുമ്പ് 2010 ഫെബ്രുവരി 15 നാണ് മയ്യിത്ത് കടലില്‍ കാണപ്പെട്ടത്. മയ്യിത്ത് പൊങ്ങിക്കിടക്കുന്നത് പ്രദേശി വാസികളാണ്കണ്ടത്. DYSP  ഹബീബ് റഹ്മാന്‍ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഈ സമയത്ത് നടന്ന ലോക്കല്‍ പോലീസിന്റെ ഉദ്ദ്യോഗസ്ഥരും സ്ഥലത്തെത്തി പ്രധാനപ്പെട്ട പല തെളിവുകളും പോലീസിന്റെ ഇടപെലുകള്‍ മൂലം നശിപ്പിക്കപ്പെട്ടു എന്നതാണ് വസ്തുത സുപ്രധാന തെളിവുകളായി ഗണിക്കപ്പെടുന്ന വടി, ടോര്‍ച്ച്, ചെരിപ്പുകള്‍ എന്നിവയുടെ പ്രിന്റുകള്‍ എടുക്കാനോ ഡോഗ് സ്‌ക്വാഡിനെ വരുത്താനോ തയ്യാറായില്ല ഗുരുതരമായ വീഴ്ചയാണ്  പത്ത് മണിക്ക് ശേഷം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഈ കാര്യങ്ങള്‍ പരാമര്‍ശിക്കുന്നുണ്ട്. ചെമ്പരിക്ക ഉസ്താദിനെ കൊന്നവരുടെ ഗൂഡാലോചനയെ പൂട്ട് ഒന്നാമത്തെ പദ്ധതിയാണ്  അത് കൊണ്ടാണ് ഇത് നടന്നത്. സി.ഐ അശ്‌റഫ് റൂമിലേക്ക് ആദ്യം എത്തി ബാസ്‌കറ്റില്‍ പൂട്ടിന്റെ കവര്‍ ഉണ്ടോയെന്ന് ഉറപ്പ് വരുത്തി ലക്ഷങ്ങള്‍ ചെലവിട്ട് 80 ലധികം നായകളെ വളര്‍ത്തുന്ന കേരള പോലീസിന് അന്നൊരു നായയെയും അന്നവിടെക്ക് എത്തിക്കാന്‍ തോന്നയില്ല. ഇവിടുത്തെ പ്രാദേശിക പോലിസ് ഒത്തുകളിച്ചതിന്റെ തെളിവാണിതൊക്കെ. സമസ്ത കേരള ജംഈയ്യത്തുല്‍ ഉലമയുടെ സീനിയര്‍ വൈസ് പ്രസിഡന്റും നിരവധി മഹല്ലുകളുടെ ഖാളിയുമായ ഒരു വ്യക്തിയുടെ ദുരൂഹ മരണത്തില്‍ പോലീസ് നടത്തിയ ഉദാസീനത തികച്ചും തയ്യാറാക്കപ്പെട്ട പദ്ധതികള്‍ക്കനുസരിച്ചാണ്. നാട്ടുകാരുടെ ചോദ്യങ്ങള്‍ക്കെതിരെ പരുക്കന്‍ രീതിയിലാണവര്‍ പെരുമാറിയതും തെളിവുകള്‍ ധാരാളമുണ്ടായിട്ടും ശാസ്ത്രീയ അന്വേഷണങ്ങള്‍ വേണ്ടപോലെ ഉപയോഗപ്പെടുത്തിയല്ല. ശ്‌സ്ത്രീയ അന്വേഷണത്തിന്റെ സാധ്യതകള്‍ തള്ളികളയാന്‍ പോലീസ് പറയുന്ന ന്യായീകരണങ്ങള്‍ വിചിത്രമാണ്. വസ്തുതകള്‍ അന്വേഷിക്കാതെ ആത്മഹത്യയാക്കി പോലീസിന്റെ തിടുക്കം ലോക്കല്‍ പോലീസ് തെളിവ് നശിപ്പിക്കുന്നതില്‍ കൂട്ടുനിന്നു. പോസ്റ്റു മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ മുറിവുകളും കഴുതെല്ല് പൊട്ടിയതും ആത്മഹത്യയെന്ന വാദം നിരന്തരം ഉരുവിടുന്നവര്‍ നല്ലവെണ്ണം നീന്താനറിയുന്ന ഒരാള്‍ എങ്ങനെയാണ് വെള്ളത്തെ ആത്മഹത്യ മാര്‍ഗമാക്കി തെരെഞ്ഞെടുക്കുക എന്ന ചോദ്യത്തിന് മറുപടി നല്‍കണം. അന്വേഷണം ലോക്കല്‍ പോലീസിന്റെ കയ്യില്‍ നിന്ന് ക്രൈംബ്രാഞ്ച് ഏറ്റടുക്കുകയും പിന്നീട് CBI വരെ എത്തുകയും ചെയ്തു. ആദ്യമാസങ്ങള്‍ CBI അന്യേഷണം ഊര്‍ജിതമായിരുന്നു. നിരവധി പേരെ ചോദ്യം ചെയ്യുകയും പാസപോര്‍ട്ട്, ഐ.ഡി കാര്‍ഡ് മുതലായവ പിടുച്ചുവെക്കുക വരെ ചെയ്തിട്ടുണ്ട്. കേസ് ഫെബ്രുവരി 29 ന് ക്രൈം ഡിപ്പാര്‍ട്ട് മെന്റിന് വിട്ടു എങ്കിലും ലോക്കല്‍ പോലീസ് കേസ് അന്വേഷിച്ചില്ല. രണ്ട് ദിവസത്തിന് ശേഷം ക്രൈം ബ്രാഞ്ച് എത്തി കുടുംബാംഗങ്ങളുടെ അടുത്തെത്തി അന്വേഷണ പുനഃരാരംഭിച്ചു അതിനിടെ മതസംഘടനകളും രാഷ്ട്ര സംഘടനകളും കേസ് CBI ക്ക് വിടണമെന്ന് വാദിച്ചു. തത്ഫലമായി കേസ് CBI ക്ക് വിട്ടതായി മാര്‍ച്ച് 24 ന് കേരള നിയമസഭ അറിയിച്ചു. തെളിവുകള്‍ ഓരോന്ന് കണ്ടുപിടിച്ച പ്രിതികളെ പിടികൂടാനായി എന്ന സമയത്ത് ആ അന്വേഷണ തലവനെ സ്ഥലം മാറ്റി പകരക്കാരന്‍ കേസ് കളെല്ലാം തട്ടിക്കൂട്ടി തെളിവുകള്‍ നശിപ്പിച്ചു. ഈ അവസരത്തിലാണ് മലയാള മനോരമ CBI റിപ്പോര്‍ട്ട് ആത്മഹത്യ എന്ന നിലയില്‍ വാര്‍ത്ത വന്നത്. കോടതി എത്തുന്നതിന് മുമ്പെ CBI റിപ്പോര്‍ട്ട് ചോര്‍ന്നു എന്നായിരുന്നു ഈ വാര്‍ത്തക്ക് കാരണം. ഓഫീസര്‍മാരും നിയമ പാലകരും സ്വകാര്യ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി കേസ് അട്ടിമറിക്കാനുള്ള ഗൂഢ തന്ത്രങ്ങളും മെനഞ്ഞു. ഹൈക്കോടിയുടെ രൂക്ഷ വിമര്‍ശന മുണ്ടായപ്പോള്‍ CBI മരണം ആത്മഹത്യ പരം എന്ന മുദ്രവെച്ച് സമര്‍പ്പിച്ചു. ഈ കേസ് കോടതിയില്‍ 5 വര്‍ഷത്തോളം നീണ്ടു നിന്നു കമാല്‍ പാഷ അദ്യക്ഷനായ ബെഞ്ച് ട്രയല്‍ കോര്‍ട്ടിലേക്ക് വിട്ടു അവിടെ നീതി കിട്ടിയില്ലെങ്കില്‍ ഹൈകോടതിയിലേക്ക് വിടാമെന്നും ബെഞ്ച് അറിയിച്ചു. അത് ഹൈക്കോടതി തള്ളുകയും പുതിയ ടീമിനെകൊണ്ട് ശാസ്ത്രീയ അന്വേഷണം കൂടി നടത്തണമെന്ന് വിധിച്ചു. പിന്നീട് ഡാര്‍വിനും സംഘവും വന്നു. സമൂഹത്തിലെ ഉന്നത ബന്ധമുള്ളവരെ കുറിച്ച് അന്വേഷിക്കണമെന്ന് മകന്‍ പറഞ്ഞു. അപ്പോള്‍ ഞങ്ങള്‍ക്ക് പോലീസ് മുറ ഉപയോഗിക്കാന്‍ പറ്റില്ല എന്നായിരുന്നു മറുപടി . ഡാര്‍വിനും സംഘവും നല്‍കിയ റിപ്പോര്‍ട്ടിനെയാണ് കോടതി നിര്‍ദേശിച്ച പ്രകാരം അന്വേഷിച്ചില്ലെന്ന് പറഞ്ഞ് തള്ളിയത്. 
       ഒമ്പത് വര്‍ഷമായി നീണ്ട കേസിന്‍ പല തെളിവുകളും നഷ്ടപ്പെട്ടിട്ടുണ്ട്. സമഗ്രമായ അന്വേഷണമാണ് ആവശ്യപ്പെടുന്നത്. ഇപ്പോഴത്തെ സ്റ്റാറ്റസ് വട്ട പൂജ്യമാണ്. ആദ്യം മുതലെ അന്വേഷണം നടത്തേണ്ടതുണ്ട്. രണ്ട് തവണയും ആത്മഹത്യ എന്ന റിപ്പോര്‍ട്ട് കോടതി തള്ളുകയാണ് ഉണ്ടായത് എന്ന വസ്തുത ആശ്വാസം പകരുന്നു. ഖാസിയുമായി ബന്ധമുള്ള സമസ്തയും മറ്റു മത രാഷ്ട്രീയ സംഘടനകളും ശക്തമായി രംഗത്തുള്ള സ്ഥിതിക്ക് ഈ ആവശ്യം അംഗീകരിക്കപ്പെടും എന്ന് തന്നെ പ്രതീക്ഷിക്കാം. അത്തരമൊരു പോരാട്ടമാണ് കാലം ആവിശ്യപ്പെടുന്നത്. അത് വഴി സ്വാത്ഥികനും സമാദരണീയരുമായ ഒരു പണ്ഡിത പ്രമുഖന്‍ സ്വയം ജീവനൊടുക്കി എന്ന് തട്ടിവിട്ടു പരേതാത്മാവിും കുടുംബത്തിനും അദ്ദേഹം പ്രധിനിധാനം ചെയ്ത സംഘടനക്ക് മാനഹാനി ഉണ്ടാക്കിയവരും അതിനു കൂട്ടും നിന്നവരും കാണിച്ച അക്ഷന്തവുമായ അപരാധത്തിന് പകരം ചോദിക്കാനുള്ള അവസരമാണ് കൈ വരുന്നത്. 
      ഇനിയും ലാഘവ ബുദ്ധിയോടെ പുറം തിരിഞ്ഞ് നില്‍ക്കുന്നവരും ആശയ കുഴപ്പെ സൃഷ്ടിച്ച് സംഘീര്‍ണമാക്കാന്‍ ശ്രമിക്കുന്നവരും സ്വയം പരിഹാസ്യരാകുന്നതിന് മുമ്പ് നിലപാട് മാറ്റുമെന്ന് പ്രദീക്ഷിക്കാം. സി.എം ഉസ്താദ് ആക്ഷന്‍ കമ്മിറ്റിയും ഖാസി കുടുംബവും നടത്തുന്ന സമരം വിജയിക്കുമെന്ന് തന്നെ പറയാം ഇന്‍ഷാ അല്ലാഹ്. ഇന്ത്യയിലെ പരമോന്നത നീതി പീഠത്തിന്റെ വിധിയാണ് അന്തിമ വിധി. അത്‌വരെ കാത്തിരിക്കാം പോരാട്ടം തുടരാം നാഥന്‍ തുണക്കട്ടെ


                                                                                         



       
  

             ഭരണകാര്യങ്ങളില്‍ അധികാരഹീനതകള്‍ കൊണ്ട് മലീമസപ്പെടുത്താന്‍ ഒരുമ്പിട്ടിറങ്ങിയ ഫാസിസ ഭരണത്തിന് മുമ്പില്‍ ഇന്ത്യ വീണ്ടുമൊരു രണ്ടാം ബ്രട്ടീഷ് ഭരണത്തിന് അടിമപ്പെടുകയാണ്. 2014 മെയ് അധികാരത്തിലേറിയ മോദി സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങളാണ് ബ്രട്ടീഷ് ഭരണത്തോട് സാമ്യം വെക്കുന്നത്. രാജ്യത്തിന്റെ അസ്ഥിത്വം പണയപ്പെടുത്തി ഭാരതത്തിന്റെ തനതായ സംസ്‌കാരത്തെയും പൈതൃകത്തെയും തകര്‍ക്കുന്ന നവ സാഹചര്യത്തിലാണ് എസ്.കെ.എസ്.എസ്.എഫ് രാജ്യത്ത് ഉടനീളം ഭാരതത്തിന്റെ ഭാവിക്കായി ജാലിക തീര്‍ക്കുന്നത്. രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ രാജ്യത്തിന്റെ സുരക്ഷക്കായ് ജാലിക തീര്‍ക്കുന്ന ഒരേയൊരു സംഘടനയാണ് എസ്.കെ.എസ്.എസ്.എഫ്. ഇന്നത് വളരെ വിപുലമായി ഗവണ്‍മെന്റിന്റെ പൂര്‍ണ പിന്തുണയോടെയും പോലീസിന്റെ പൂര്‍ണ കാവലോടെയും നടന്ന് വരികയാണ്. 30 ല്‍ അധികം കേന്ദ്രങ്ങളിലായി കേരളത്തിന്റെ  അകത്തും പുറത്തും മനുഷ്യജാലിക കൂടുതല്‍ ജനപങ്കാളിത്തത്തോടെ ഫാസിസ ഭരണ കോമരങ്ങള്‍ക്ക് ഭീതി പരത്തുകയാണ്. ഓരോ കേന്ദ്രങ്ങളിലും വിവിധ മത നേത്രത്വങ്ങളെ മുന്‍ നിര്‍ത്തിയാണ്  എസ്.കെ.എസ്.എസ്.എഫ് ജാലിക തീര്‍ക്കുന്നത്.

    എന്നാല്‍ രാഷ്ട്രത്തിന്റെ പേരില്‍ ഒരു മത സംഘടന എന്തിന് മുന്നിട്ട് ഇറങ്ങണം എന്ന ആരോപണങ്ങള്‍ രൂക്ഷമായി ഉയര്‍ന്നിരുന്നു എന്നാല്‍ വര്‍ഷാ വര്‍ഷം വളര്‍ന്നു പന്തലിക്കുന്ന ജാലിക തന്നെ മതാദര്‍ശങ്ങള്‍ക്കും കാവല്‍ നില്‍ക്കലിലും രാജ്യ നന്മ പടുത്തുയുര്‍ത്തുന്നതിലും ക്രൂര നേത്രത്വങ്ങള്‍ക്ക് ഭീതി സൃഷ്ടിക്കലും ഇതിന്റെ ലക്ഷ്യമാണെന്നത് പറയാതെ പറയുകയാണ് വര്‍ഷവും കോര്‍ത്ത കൈകള്‍. അതോടൊപ്പം സമസ്ത  മുന്നിട്ട് ഇറങ്ങുന്നതിന്റെ പരമമായ ലക്ഷ്യം മുസല്‍മാന്റെ ദേശീയതയും രാജ്യ സ്‌നേഹവും ഉയര്‍ത്തിപ്പിടിക്കുകയാണ്. 
             
  മുസല്‍മാന്‍ രാജ്യത്തിന് പുറത്താണ് എന്ന രൂപത്തില്‍ ആനുകൂല്യങ്ങള്‍ക്കും ജീവിതാവകാശങ്ങള്‍ക്കും മതേതരത്വം വിളമ്പുന്ന രാജ്യത്ത്  ഹിന്ദു വര്‍ഗീയ ശക്തികളും സംഘടനകളും രാജ്യത്ത് ചോരക്കറയുള്ള മണ്‍ തിട്ടകള്‍ തീര്‍ക്കാന്‍ മാത്സര്യബുദ്ധി കാണിക്കുന്നു എന്നത് ഏതു മതസ്തരും ഭീതിയോടെ ഉറ്റു നോക്കികൊണ്ടിരിക്കുകയാണ്. അഖ്‌ലാക്കും പെഹ്‌ലൂഖാനും ഫൈസലും പിഞ്ചു ബാലിക ആസിഫയും എല്ലാം മടക്കയാത്ര പറഞ്ഞത് ഇത്തരം കരാളഹസ്തങ്ങളുടെ നിര്‍ബാധം മൂലമാണ്. എന്നിട്ട് ഇത്തരം ജീവനുകള്‍ക്ക് വിളിച്ച സമരങ്ങളോ ഇതര പ്രവര്‍ത്തനങ്ങളോ മറ്റോ ഫലം കാണാതെ പോയി. ഗോവധം പാടി സുപ്രീം കോടതി കയറിവരും തെരുവു നായയെ പൂമാലയിട്ട് പൂജിച്ചവരും അവഹേളിക്കുന്നത് മുസല്‍മാനേയും ന്യൂനപക്ഷ സമൂഹത്തെയും മാത്രമാണെന്നും കൊടും ക്രൂരതക്ക് കൂട്ടുനിന്നവര്‍ക്ക് തന്നാലാവുന്ന സേവനങ്ങള്‍ നല്‍കി അടുത്ത ഇരക്ക് വേണ്ടി നടു റോഡുകളില്‍ ആയുധം പിടിപ്പിച്ച് ഇതേ തെമ്മാടിത്തരങ്ങള്‍ ആവര്‍ത്തിക്കാന്‍  വെമ്പല്‍ കൊള്ളുകയാണെന്നും യഥാര്‍ത്ഥ മനുഷ്യ സ്‌നേഹി കൃത്യമായി മനസ്സിലാക്കേണ്ടിയിരിക്കുകയാണ് ഇവിടെയാണ് നിയന്ത്രണങ്ങള്‍ കല്‍പിക്കാന്‍ അവകാശം തേടി സമസ്ത കേരള ജംഈയ്യത്തുല്‍ ഉലമയുടെ ഈ എളിയ ഇടപെടലുകള്‍.
               
               ഇത്തരം സാഹചര്യങ്ങള്‍ പകല്‍ വെളിച്ചത്ത് കൂടുകൂട്ടിയിട്ടും ഉണരാത്ത ഒരു ഭരണ നേത്രത്വം മഹാ ഭാരതത്തില്‍ ഭരണ കാലത്തിരിക്കുമ്പോള്‍ വീണ്ടും കരിമ്പാറ പോലെ കൂടുതല്‍ കരുത്താര്‍ജിച്ച് ഒരു മനുഷ്യജാലിക കൂടി കടന്നു വരുമ്പോള്‍ പ്രതീക്ഷയോടെ പ്രത്യാശയോടെ അതിലേറെ നീറുന്ന നോവുകളമായി ഉറ്റു നോക്കുന്ന ജനലക്ഷങ്ങല്‍ നാനാത്വത്തില്‍ ഏകത്വം വെച്ച് പുലമ്പുന്ന മഹാ ഭാരത ഗര്‍ഭം ധരിച്ചിരിക്കുന്നു എന്നത് എത്രയോ മനുഷ്യജാലികകളെ വലിച്ചു കൊണ്ടുവരാനുള്ള സാഹചര്യമാണ് സൃഷ്ടിക്കുന്നത്. ഉദ്ദേഷ ലക്ഷ്യം പൂര്‍ത്തിയാക്കി ഭരണ കൂടത്തിന് മുമ്പില്‍ ന്യയത്തിന്റെ ഭീമന്‍ ഫണമായി മനുഷ്യജാലിക മാറണം അവിടെയാണ് മാനവികതയും ജാലികയും പൂര്‍ണത നേടുന്നത്. 

   
                  
                                                                                                  |Misbahudheen Karakkunnu|














  നമ്മുടെ ഭാരതത്തിന്റെ മണ്ണ്, ബഹു സ്വരതയേയും സഹിഷ്ണുതയേയും  വിളിച്ചുണര്‍ത്തുന്ന മണ്ണാണ്. ലേക രാജ്യങ്ങളില്‍ വെച്ച് ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഭാരതം   ഇതിന്റെ പേരില്‍ നാം ഇന്ത്യക്കാര്‍ അഭിമാനം കൊള്ളുന്നു. ദീര്‍ഘ വീക്ഷണത്തോടെ രൂപം കൊണ്ട പ്രൗഢമായ ഒരു ഭരണഘടനയുണ്ടെന്ന് തന്നെയാണ് ഇതര്‍ത്ഥമാക്കുന്നത്. ഇന്ത്യയില്‍ ജനങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്നു. ഭരണ പഥത്തിലിരിക്കുന്നവര്‍ ജനങ്ങള്‍ക്ക് വേണ്ടി ഭരിക്കുന്നു. മത-വര്‍ഗ-വര്‍ണ-ഭാഷ-ദേശമന്യേ ഏതുതരത്തിലും പൗരന്‍ അനുവര്‍ത്തിക്കാവുന്ന തരത്തില്‍ജീവിക്കാന്‍ ഇന്ത്യന്‍ ഭാരതത്തിന്റെ മണ്ണ് അനുയോജ്യമാണ്. അതു കൊണ്ട് തന്നെ രാജ്യം ഭരിക്കുന്ന ഭരണക്കുടത്തേക്കാള്‍ വലുത് ഭരണഘടനയാണ്. പക്ഷേ 1992ല്‍ ഡിസംബര്‍6ന് തകര്‍ക്കപ്പെട്ടപ്പോള്‍ അതോടെ നിലം പൊത്തിയത് ഇവിടുത്തെ ഭരണഘടനയുടെ പ്രസക്തിയും ജനാധിപത്യ ബോധവുമായിരുന്നു. അതിലുപരി ലോകത്തിനു മുമ്പില്‍ ഭരതത്തിന്റെ മതേതര സംസ്‌കാരവും ഐക്യവും കീഴ്മറിയുകയായിരുന്നു.
    സാക്ഷാല്‍ ശ്രീരാമന്‍ ജനിച്ചു വീണ ഭൂമിയാണെന്നു വാദിച്ചാണ് കര്‍സേവകര്‍ (ഹിന്ദു സന്യാസിമാര്‍) അയോധ്യയിലെ ബാബരി മസ്ജിദ് പൊളിക്കാന്‍ തുനിഞ്ഞത്. എന്നാല്‍ ശ്രീരാമന്‍ എന്ന ദൈവ സങ്കല്‍പത്തിന് തന്നെ പ്രസക്തിയുണ്ടോയെന്ന് ഈ വര്‍ഗീയ കാപാലികര്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. വിഷ്ണുവിനെയല്ലാതെ ഒരു ദൈവത്തേയും ഞാന്‍ ധ്യാനിക്കില്ല, ശിവനെയല്ലാതെ ഒരു അവതാരത്തെയും ഞാന്‍ ആരാധിക്കില്ല, എന്നെല്ലാം ഹിന്ദുസന്യാസിമാരായ ശ്രിശങ്കരാചാര്യര്‍ വിലയിരുത്തുന്നു. പിന്നെയെന്തിനാണ് ഹൈന്ദവ വിശ്വാസ പ്രമാണങ്ങള്‍ തൊട്ടു തീണ്ടിയിട്ടില്ലാത്ത ഈ മനുഷ്യ മൃഗങ്ങള്‍ വര്‍ഗീയ വിഷം ചീറ്റുന്നത്.
  മാത്രമല്ല,അങ്ങനെ ഒരു ദൈവസങ്കല്‍പം ഭൂമിയില്‍ പ്രത്യക്ഷപ്പെട്ട് അരുതെന്ന് പറഞ്ഞാലും പള്ളി പൊളിച്ച് അമ്പലം പണിയുമെന്നുള്ളപ്രഖ്യപനമായിരുന്നു സംഘപരിവാര്‍ നേതാവ്  വിനയ കത്യാര്‍ എന്നയാള്‍ അവകാശപ്പെട്ടത്. സ്വന്തം ദൈവ സങ്കല്‍പത്തെ പോലും നിഷേധിച്ചുകൊണ്ട് നടത്തിയ ഈ കൊടും ക്രൂരത ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചങ്കിനേറ്റ വെട്ടാണ്. ബി.ജെ.പിയും സംഘപരിവാറും ചേര്‍ന്ന് പള്ളി പൊളിച്ചതിന്റെ രക്തത്തിന്റെ സ്വാദ് നുണഞ്ഞ് പുളകം കൊള്ളുകയാണ് ഉണ്ടായത്. അക്രമത്തിലൂടെ അവര്‍ കൈവരിച്ചു ഈ നേട്ടം അനുഭവിക്കാന്‍ 2019ലെ പാര്‍ലമെന്റെ തിരഞ്ഞെടുപ്പ് ഹേതുവാക്കരുത്. ഇതിന് സാധിക്കുന്ന ഒരു പ്ര്തിപക്ഷ ചേരി ഉള്‍തിരിഞ്ഞുണ്ടാവല്‍ നിര്‍ബന്ധമാണ്. ഇന്ത്യയുടെ ഇപ്പോഴുള്ള രാഷ്ട്രിയ കരുക്കള്‍ വേണമെങ്കില്‍ അങ്ങനെ വ്യാഖ്യാനിക്കാം. വേര്‍ത്തിരിവാല്ലാത്ത വിധം ഈശ്വര വിശ്വാസം വിവേചിച്ച ഹൈന്ദവ ദര്‍ശനത്തിന്റെ മറവാല്‍ യഥാര്‍ത്ഥത്തില്‍ ആള്‍കൂട്ടങ്ങള്‍ക്ക് ആക്രമാകളാവാന്‍ കഴിയില്ല. മഹാത്മാഗാന്ധി, ബാലഗംഗാധര തിലകന്‍, ആചാര്യ വിനോബ ദാവെ തുടങ്ങി നേതാക്കള്‍ ഈശ്വര വിശ്വാസികളായിരുന്നു. അതുപോലെ ജവഹര്‍ലാല്‍ നെഹുറുവിനെ പ്പോലുള്ള നേതാക്കള്‍ നിരീശ്വര വിശ്വാസികളാണെങ്കിലും ഇന്ത്യയുടെ ബഹുസ്വരതയെ ഉള്‍കൊള്ളാന്‍ മനസ്സുള്ള വിശാലമനസ്‌കരായിരുന്നു.ആത്മീയത ആക്രമണമല്ലെന്ന് അവര്‍ തിരിച്ചറിഞ്ഞു ഇങ്ങനെയൊക്കെ മതേതരത്ത്വത്തെ ഗ്രഹിച്ച നേതാക്കള്‍ വിശ്വാസത്തെ മുറിവേല്‍പ്പിച്ചിട്ടില്ല.അത്തരത്തിലുള്ള ഒരു ആഹ്വാനവും നടത്തിയിട്ടില്ല. അവരൊക്കെ സ്വപ്‌നം കണ്ടത് വര്‍ഗീയ മുക്ത അക്രമ രഹിത ഭാരതമായിരുന്നു. ഇന്ന് കിട്ടാകനിയായത് ഇക്കാര്യം തന്നെ എന്നാല്‍ രാഷ്ട്ര സേവക സംഘമെന്നപേരില്‍ രൂപം കൊണ്ട ആര്‍.എസ്.എസിന്റെ തലതിരിഞ്ഞ പ്രവര്‍ത്തനം ബി.ജെ.പി എന്ന രാഷ്ട്രീയ പ്രസ്താനത്തിലേക്ക് നീങ്ങി. കോണ്‍ഗ്രസിലെ ഭരണ തകര്‍ച്ചയും അടിയന്തരാവസ്തയും ചേരി തിരിവും ഇന്ത്യന്‍ ജനതയെ മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിലേക്ക്  ചിന്തിപ്പിച്ചു. രാഷ്ട്രീയ പ്രസ്ഥാനത്തിലൂടെ തീവ്ര ഹിന്ദുത്ത്വം അടിച്ചേല്‍പ്പിക്കാന്‍ സംഘപരിവാര്‍ നേതാക്കള്‍ ഇറങ്ങി പുറപ്പെട്ടു. ഇത് ബാബരിയുടെ ദുഃഖത്തിലേക്ക് അതിവേഗം നടന്ന് നീങ്ങി. മസ്ജിദ് തകര്‍ക്കപ്പെട്ട സംഭവത്തില്‍ കോണ്‍ഗ്രസിന്റെ അന്നെത്തെ പ്രധാനമന്ത്രി പി.വി നരസിംഹ റാവുവിനും തുല്ല്യ പങ്കുണ്ട്. കേന്ദ്രഭരണകൂടം വരെ ഇതിനെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല. ഇന്ത്യന്‍ രാഷ്ട്രീയ അന്തരീക്ഷത്തെ കലുശിതമാക്കിയ സംഭവ ബാഹുല്യമായിരുന്നു അയോധ്യയിലെ ഈ കൊടും ക്രൂരത. ഫാസിസത്തിന്റെ കളിതൊട്ടിലാക്കാന്‍ ഇന്ത്യയെ നിരവധി വര്ഗീയ കൊതിയന്മാര്‍ ആഗ്രഹിക്കുമ്പോഴാണ് ഇവിടെയുള്ള മാനുഷിക ബന്ധങ്ങള്‍ തലകീഴായി മറിയുന്നത്. നിലവിലുള്ള രാഷ്ട്രീയ കലഹങ്ങള്‍ക്കോ കോടതി വിധികള്‍ക്കോ സംഘികള്‍ യാതൊരു വിധ ചുക്കും കല്‍പ്പിക്കുന്നില്ല. രാമ ക്ഷേത്രം പണിയണമെന്ന് വിശ്വ ഹിന്ദുപരിശ്വത്തും ശിവസേനയും പറഞ്ഞ് കഴിഞ്ഞിരിക്കുന്നു. കോടതിവിധികളൊന്നും ഇവരാരും കാത്ത് നില്‍ക്കുന്നല്ല.പാര്‍ലമെന്റെില്‍ നാലര വര്‍ഷകാലം മൃഗീയ ഭൂരിപക്ഷത്താല്‍ അവര്‍ തന്നെയാണ് മുന്നില്‍ അല്‍പമെങ്കിലും ആശ്വാസം രാജ്യസഭയിലാണ്. നാലര വര്‍ഷത്തില്‍ കാട്ടികൂട്ടിയ കോപ്രായങ്ങള്‍ക്ക് ഇരട്ട പ്രഹരം കിട്ടുന്നുമുണ്ട്. എങ്കിലും പുതിയൊരും പ്രതിപക്ഷ കൂട്ടായ്മ നിലവില്‍ വരുമ്പോള്‍ ചര്‍ച്ചയാവുന്നത് അയോധ്യതന്നെയാണ്. ഇവിടെ പള്ളിയാണ് പൊൡക്കപ്പെട്ടത്. അത് നിര്‍മിക്കപ്പെടുകതന്നെ വേണം എന്ന് പറയുന്നവരാണ് കോടതി ദാര്‍ശനികര്‍ അപ്പോള്‍ ക്ഷേത്രനിര്‍മാണം പാടില്ലന്നല്ല പറയുന്നത്.പള്ളിയുടെ സ്ഥാനത്ത് പള്ളി പണിയലാണ് നീതി. മറിച്ചാണെങ്കില്‍ അനീതിയാണ്. മഹാ പാപമാണ്.പ്രത്യേകിച്ച് മുസ്ലിമീങ്ങള്‍ക്ക് പരിമിതമാണെങ്കിലും അതിന്റെ പേരില്‍ മത വിശ്വാസങ്ങളെയും ചിഹ്്‌നങ്ങളെയും ക്രൂശിക്കപ്പെടാന്‍ പാടില്ല. ഇത്തരത്തില്‍ വര്‍ഗീയ വിഷം ചീറ്റുന്ന പോക്കിരികള്‍ പാവപ്പെട്ട മുസല്‍മാന്റെ മേല്‍ അധിനിവേശം നടത്തിയത് സാക്ഷാല്‍ നാം
ബഹുമാനിക്കുന്ന ഹൈന്ദവ ദര്‍ശനങ്ങളുടെ മറവിലാണെന്ന് പറയുമ്പോള്‍ ലജ്ജിച്ചു പോകുന്നു. കാത്തിരിന്നു കാണാം അയോധ്യയില്‍ എന്ത് സംഭവിക്കുമെന്ന്‌

                                                                                                   
                                                                                                                            | Suhaib Mukkam | 

ivythemes

{facebook#https://fb.com/alathoorpadidars} {twitter#https://twitter.com/alathurpadidars} {google-plus#https://plus.google.com/+ALATHURPADIDARS} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://youtube.com/alathoorpadidars} {instagram#YOUR_SOCIAL_PROFILE_URL}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget