Latest Post





 |Abdul Basith Elamkulam|

ആട്ട്....
കുത്ത്....
തൊഴി....
ഭാണ്ഡത്തിന്‍ ഭാരം പേറിയവര്‍,
കരുണ....
സ്‌നേഹം....
അഭയം....
തൊട്ടു തീണ്ടാത്ത ജീവശവം,
ഇവരുടെ പേരെത്ര അഭയാര്‍ത്ഥി.
ഉള്‍ വരതയിലുണര്‍ന്നവര്‍,
അതിരിന്‍ അലകിലാണ്ടവര്‍,
ഗര്‍ഭ പാത്രത്തില്‍ നീറി,
തീറെഴുതിയെടുത്ത തലമുറ
ഓരോ തളിരിലും
അണുപാത കേറി വിലസി
ജീവിതം ഒരു അടയാളമായ്
മാറുന്നു.
ജന്മനാട്ടില്‍ പോലും
ഇവര്‍ കേവലം
ഇത്തിക്കണ്ണികള്‍ മാത്രം
സഹായം തീര്‍ത്തിടേണ്ട
നിയമവും
അധികാരിയും
ഇവര്‍ക്ക് മുന്നില്‍
തലതിരിച്ച് മാറുന്നു.
വറ്റി വരളും മണ്ണില്‍
അടിവേരിളകുമ്പോള്‍
വീണ്ടും തളിര്‍ക്കുവാന്‍
മഴ മണം പടര്‍ന്നെങ്കില്‍........!


|Irshad Tuvvur|


 അദ്ധ്യാത്മിക മേഖലയിലെ മികച്ച ഏടാണ് സൂഫിസം. അല്ലാഹുവിന്റെ സാമീപ്യത്തെ കാംക്ഷിച്ച് ഇഹലോകത്തോടുള്ള അത്യാഗ്രഹങ്ങളെ അടിച്ചൊതുക്കി നിറ സമൃതിയോടെ ഇലാഹീ ചിന്തകളാല്‍ സമ്പുഷ്ടമാക്കുന്ന ഒരു ജീവിത ശൈലിയാണ് സൂഫിസം. ഇഹലോകത്തെ പാടെ വിപാടനം എന്നല്ല മറിച്ച് മാതൃക പരമായ ജീവിതശൈലിയെ സുകൃത സ്മരണിയിലൂടെ ഇലാഹീ സ്മരണയിലേക്ക് എത്തിക്കുക എന്നതാണ് സൂഫിസം അര്‍ത്ഥമാക്കുന്നത്.
    ആധുനിക ലോകത്തെ മാനവിക മനങ്ങളിലെ ദുര്‍മേദസ്സുകളെ ഉഛാടനം ചെയ്ത് തികഞ്ഞ ഒരു മുസ്ലിം എന്ന സവാക്യമാകും സൂഫിസത്തിന് ശരിയാവുക. സൂഫിസത്തിന്റെ സരണിതലങ്ങളെ എഴുത്തുകള്‍ കൊണ്ടും ആശയങ്ങള്‍ കൊണ്ടും തിട്ടപ്പെടുത്തി സ്‌കെയില്‍ ചെയ്യല്‍ അസാധ്യമാണെന്നിരിക്കെ സൂഫിസത്തിന്റെ ഉപരിപ്ലവമായ ആശയലോകത്തെ എടുത്ത് കാണിക്കുകയാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

സൂഫിസത്തിന്റെ അര്‍ത്ഥ വ്യാപ്തി


    സൂഫിസത്തിന്റെ അര്‍ത്ഥ വ്യാപ്തി വിശകലനം ചെയ്യുമ്പോള്‍ വിവിധ പദ നിഷ്പത്തികള്‍ ചൂണ്ടിക്കാണിക്കാനാവും. സൂഫി എന്നത് കര്‍ത്താവിനെയും സൂഫിസം എന്നത് കര്‍മത്തേയും സൂചിപ്പിക്കുന്നു. ഭാഷാ പണ്ഡിതര്‍ തന്നെ വിവിധ ഉറവിടങ്ങള്‍ എടുത്തുദ്ധരിക്കുന്നുണ്ടെങ്കിലും മുഖ്യമായി ഗണിക്കാനുള്ളത് അഹ്‌ലുസുഫയെയാണ്. നബി (സ) ക്ക് മുമ്പ് തന്നെ സൂഫിസം ഉണ്ടായിരുന്നു എന്ന വാദവും കുറവല്ല. ജാഹിലിയ്യാ കാലത്ത് കഅ്ബാലയം പരിചരിക്കുന്ന സുഫ് എന്ന വിഭാഗം ഉണ്ടായിരുന്നു. ഗൗസ് ബ്‌നു മുറ എന്നവര്‍ക്ക് മക്കളുണ്ടാകാന്‍, കഅ്ബാലയത്തില്‍ അവരുടെ മാതാവ് ഗൗസിന്റെ തലയില്‍ ഒരു രോമ തുണികെട്ടിയിരുന്നു. അവരില്‍ നിന്ന് ലോപിച്ച് വന്നതാണ്. പക്ഷെ അതിലേക്കാള്‍ മുന്‍ഗണന സുഫ എന്ന പദനിഷ്പത്തിയിലേക്ക് തന്നെയാണ് ഭാഷാ ഭണ്ഡിതര്‍ നല്‍കാറുള്ളത്. നബിയുടെ കാലത്തെ മസ്ജിദുന്നബവിയുടെ ഓരം ചേര്‍ന്ന് ജീവിച്ച സ്വഹാബികളിലേക്ക് ചേര്‍ത്തിയാണത്.
    മറ്റൊരിഭിപ്രായം സ്വഫ് എന്നതാണ്. നിസ്‌കാരത്തില്‍ അടങ്ങിയൊതുങ്ങി ചിട്ടക്കെട്ടുന്നവരാണ് സൂഫികള്‍ എന്ന് അര്‍ത്ഥം സങ്കല്‍പിച്ചവരും കുറവല്ല.
    സ്വഫാഅ്, സ്വഫ്‌വത് എന്ന മൂലധാതുവില്‍ നിന്നാണ് സൂഫി എന്നതും ഇമാം ഖുറൈശി അഭിപ്രായപ്പെടുന്നു. ശുദ്ധത, തെളിമ, പെണ്‍മ എന്നഅര്‍ത്ഥത്തില്‍ ഹൃദയം ശുദ്ധിയും ഭക്തിയും നിറഞ്ഞവരാണവര്‍ എന്നതാണവരുടെ അഭിപ്രായം.
    രോമ വസ്ത്രം എന്നര്‍ത്ഥത്തിലുള്ള 'സ്വൂഫ്'  എന്നതാണ് പദനിശ്പത്തി എന്നഭിപ്രായപ്പെട്ടവരമുണ്ട്. ഇമാം അബ്ന്നസര്‍ സറാജ്, ഇബ്‌നുവല്‍ദൂന്‍ തുടങ്ങിയ പ്രമുഖര്‍ ആ വാദക്കാരാണ്. സൂഫികള്‍ രോമവസ്ത്രം ധരിച്ച് നടക്കുകയും നാഥന്റെ സവിധം തേടിയുള്ള യാത്രകളിലൊക്കെ രോമക്കുപ്പായം അവരുടെ കൂടെപ്പിറപ്പാവുന്നതു കൊണ്ടുമാണ് സൂഫി എന്ന് വിളിക്കുന്നതെന്നാണ് അവരുടെ അഭിപ്രായം.
    രോമ വസ്ത്രം എന്നര്‍ത്ഥത്തിലുള്ള സ്വൂഫ് പദനിഷ്പത്തി എന്നഭിപ്രായപ്പെട്ടവരുമുണ്ട്. ഇമാം അബ്ന്നസര്‍  സറാജ്, ഇബ്‌നുല്‍ ഖല്‍ദൂന്‍ തുടങ്ങിയ പ്രമുഖര്‍ ആവാദക്കാരാണ്.  സൂഫികള്‍ രോമ വസ്ത്രം ധരിച്ച് നടക്കുകയും നാഥന്റെ സവിധം തേടിയുള്ള യാത്രകളിലൊക്കെ രോമക്കുപ്പായം അവരുടെ കൂടെപ്പിറപ്പാവുന്നത് കൊണ്ടുമാണ് സൂഫി എന്ന് വിളിക്കുന്നെത് എന്നതാണ്  അവരുടെ അഭിപ്രായം.
    അര്‍ത്ഥവും സാരാംശവും പദനിശ്പത്തിയും പലതാണെങ്കിലും ഉദ്ദേശശുദ്ധി പരമായ ലക്ഷ്യം മാത്രമായിരുന്നു എന്ന് അബ്ദുല്‍ ഖാദര്‍ ഈസ (റ) വിവരിക്കുന്നുണ്ട്. സ്വാഭാവത്തിന്റെയോ ഇഹ്‌സാനിന്റെയോ  ഇസ്ലാമിന്റെയോ ഏത് ഭാഗത്ത് കൂടെ  വീക്ഷിക്കുകയാണെങ്കിലും അത്യാന്തിക ലക്ഷ്യം അല്ലാഹുവിലേക്കുള്ള സമീപ്യമായിരുന്നു.


സൂഫിസത്തിന്റെ വളര്‍ച്ച


    ഇസ്‌ലാമിന്റെ ആദ്യ കാലങ്ങളില്‍ തന്നെ സൂഫികള്‍ ഉണ്ടായിരുന്നു എന്നാണ് അബ്ദുല്‍ ഖാദര്‍ ഈസ തന്റെ ഹഖാഇഖു അനി തസ്വവ്വുഫ് എന്ന് ഗ്രന്ഥത്തില്‍ പറയുന്നത്. പക്ഷേ അവര്‍ സൂഫി എന്ന ലേഭലില്‍ അറിയപ്പെട്ടിരുന്നില്ല. കാരണം അത്തരമൊരു നാമകരണത്തിന്റെ ആവിശ്യമില്ല എന്നതിലുപരി അവരെല്ലാം വറഇന്റെയും തഖ്‌വയുടെയും സുഹ്ദിന്റെയും ജീവിതാത്മാക്കളായിരുന്നു അവര്‍.
    അത് പോലെ തന്നെയായിരുന്നു സ്വഹാബിമാരും, നബി ജീവിതമായിരുന്നു അവരുടെ കേന്ദ്രം. അവരുടെ പര്‍ണ്ണ ശാലയും ശൈഖുല്‍ മാശാഇഖും എല്ലാം നബി ജീവതമായിരുന്നു. പക്ഷേ അവരാരും അത്തരമൊരു നാമകരണത്തില്‍ അറിയപ്പെട്ടില്ല. അവര്‍ ശുദ്ധീകരിക്കപ്പെട്ടവരായിരുന്നു. അവരുടെ പ്രവര്‍ത്തനങ്ങളും ചുറ്റുപ്പാടും അത്തരമൊരു ആശയത്താല്‍ സമ്പുഷ്ടമായിരുന്നു.
    മുഹമ്മദ് ബ്‌നു ഇസ്ഹാഖ് ബ്‌നു യാസര്‍ തന്റെ മക്കാ ചരിത്രത്തില്‍ മക്കയില്‍ ആരോരുമില്ല ആ കഅ്ബയില്‍ ഒരു ത്വവാഫ് ചെയ്യുന്ന ചരിത്രം ഉദ്ധരിക്കുന്നുണ്ട്. ഇതിനെ ആധാരമാക്കി അബുന്നസര്‍ സറാജ് ത്വൂസി നബി ആഗമനത്തിന് മുമ്പ് തന്നെ സൂഫിസം ഉണ്ടായിരുന്നു എന്ന് ഉദ്ധരിക്കുന്നുണ്ട്.
    ചുരുക്കത്തില്‍ സ്വഹാബികള്‍ തന്നെയാണ് സൂഫിസത്തിന്റെ മൂര്‍ത്തിരൂപങ്ങള്‍ എന്നാണ് അബ്ദുല്‍ ഖാദര്‍ ഈസ ഉദ്ധരിക്കുന്നത്. പ്രകടമായ സൂഫി ചിന്തകളും അദ്ധ്യാത്മിക രൂപങ്ങളും അവരില്‍ പ്രകടമായില്ല. പക്ഷെ ഹൃദയ ശുദ്ധിയും ജീവിത വിശുദ്ധിയും അവര്‍ തന്നെയായിരുന്നു തസ്വവ്വുഫിന്റെ ആചാര്യന്മാര്‍.
    സ്വഹാബത്തിന്റെ കാലഘട്ടത്തിന് ശേഷം ആദ്യമായി സൂഫി എന്ന നാമത്തിന് അര്‍ഹരായത് അബൂഹാശിമും(റ),ജാബിര്‍ ബ്‌നു ഹയ്യാന്‍ (റ) വുമാണെന്നാണ് മഅ്മൂന്‍ രാജാവിന്റെ സന്നിധിയിലെത്തിയ അഭൂ ഹാശിം സൂഫി ജീവിതത്തിന്റെ വക്താവ് എന്ന് മഅ്മൂന്‍ സന്നിധിയില്‍ വെച്ച് പ്രസ്താവിക്കുന്നത് ഇബ്‌നുല്‍ ഖല്‍ദൂന്‍ ഉദ്ധരിക്കുന്നുണ്ട്.

സൂഫിസത്തിന്റെ നിര്‍വജനങ്ങള്‍


    മഹത്തുക്കള്‍ ഒരുപാട് നിര്‍വജനങ്ങള്‍ സൂഫിസത്തിന് നല്‍കിയിട്ടുണ്ട്. ശൈഖുല്‍ ഇസ്ലാം സകരിയ്യല്‍ അന്‍സ്വാരി പറയുന്നു. ശാശ്വത വിജയത്തിന് വേണ്ടിയുള്ള സ്വഭാവ ശാരീരിക ശുദ്ധീകരത്തെ കുറിച്ചറിയലാണ് തസ്വവ്വുഫ്.
    ശൈഖ് അഹ്മദ് സറൂഖി പറയുന്നു ഹൃദയ ശുദ്ധീകരണവും അല്ലാഹു എന്ന ചിന്തയില്‍ തനിപ്പിക്കലുമാണ് എന്ന് തന്റെ ഖവാഇദുതസവ്വുഫ് എന്ന കിത്താബില്‍ പരാമര്‍ശിക്കുന്നു. ഇമാം ജുനൈദ് തിരുസുന്നത്തിന്റെ പ്രയോഗികതയും ദുസ്വഭാവങ്ങളെ വിപാടനം ചെയ്യലുമാണ്  എന്ന് തസ്വവ്വുഫിനെ വ്യാഖ്യാനിച്ചിട്ടുണ്ട്. ജുനൈദ് (റ) വിന്റെ ഭാഷയില്‍ തിരുസുന്നത്തിന്റെ പ്രയോഗിക ജീവിതത്തിന്റെ നിലനിര്‍ത്തലാണ് എന്ന് മനസ്സിലാക്കാന്‍ കഴിയുന്നു.
    ഇമാം അബൂ ഹസന്‍ ശാദുലി (റ) ഹൃദയ ശുദ്ധീകരണവും സാരീരിക ചിട്ടപ്പെടുത്തലും വിര്‍ദുകളും അല്ലാഹുവിന്റെ വിധിന്യായങ്ങളാണ് എന്ന് തന്റെ നൂറുതഹ്ഖീഖ് എന്ന കിതാബില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
    പണ്ഡിതരില്‍ ചിലര്‍ രേഖപ്പെടുത്തുന്നു. സ്വഭാവമാണ് തസ്വവ്വുഫ്. സല്‍സ്വഭാവ ശാക്തീകരണത്തിലൂടെയാണ് തസ്വവ്വുഫ് കരസ്ഥമാക്കാന്‍ സാധിക്കുന്നത്.
    പണ്ടിതര്‍ രേഖപ്പെടുത്തിയ തസ്വവ്വുഫിന്റെ നിര്‍വജനങ്ങള്‍ മുഴുവനും ഐഹിക ജീവിതത്തില്‍ നിന്നും പാരത്രിക ജീവതത്തിലേക്കുള്ള ഒളിച്ചോട്ടവും നാഥന്റെ സംപ്രീതിയെ അന്യേഷിക്കലുമാണെന്ന് കാണിക്കാന്‍ കഴിയുന്നു.
    സ്വബ്‌റ്, തവക്കുല്‍, ഇഖ്‌ലാസ്, ഭയം, ഭക്തി, സ്‌നേഹം തുടങ്ങിയവ യെല്ലാം നാഥന്റെ മുമ്പില്‍ സമര്‍പ്പിക്കുന്ന സംജ്ഞ വിട്ട് വേണം തസ്വവ്വുഫിനെ വായിക്കാന്‍.
    തൃപ്തി, സഹനം, സൂചന, ഗുര്‍ബത്ത് (അന്യത), രോമ വസ്ത്ര ധാരണം, യാത്ര, ദാരിദ്രം എന്നീ എട്ട് സ്വഭാവങ്ങളാണ് ജുനൈദുല്‍ ബഗ്ദാദി (റ) തന്റെ കശ്ഫുല്‍ മഹ്ശൂബില്‍ രേഖപ്പെടുത്തുന്നത്.
    ആന്തരിക ജ്ഞാനം (മഅ്‌രിഫത്തുന്നഫ്‌സ്) ആത്മ സംസ്‌കരണം എന്നിവയിലൂടെയല്ലാതെ സൂഫിസത്തിലേക്ക് എത്താന്‍ കഴിയുകയില്ലെന്നും പണ്ഡിതര്‍ രേഖപ്പെടുത്തുന്നുണ്ട്.
    മഅ്‌രഫത്തുന്നഫ്‌സിന് വേണ്ടിയുള്ള ത്വരയും  അന്യേഷണവുമാണ് സൂഫിസമെന്ന് ഇമാം ഗസ്സാലി (റ) നിര്‍വചിക്കുന്നുണ്ട്. ഇതേ ആശയക്കാരാണ് ഇബ്‌നു അറബിയ്യഅബ്ദുല്‍ അന്‍സാരിയ്യ (റ) യും.
    ലോകത്ത് ഇത്തരമൊരു ആശയത്തിന്റെ മേല്‍ കെട്ടിപ്പടുത്ത ഒരു സ്വതസിദ്ധ ശൈലിയാണ് സൂഫിസം അര്‍ത്ഥമാക്കുന്നത്. കോലം കെട്ടല്‍ എന്ന പ്രതിഷ്ഠം സൂഫിസത്തിന് അന്യമാണ്.

ചരിത്രത്തിലെ സൂഫി ലോകം


    മുഹമ്മദ് നബി (സ)ക്ക് മുമ്പ് തന്നെ സൂഫിസം എന്ന ആശയതലങ്ങള്‍ ഉണ്ടായിരുന്നു എന്നഅഭിപ്രായം മാറ്റിവെച്ചാല്‍ പരമപ്രധാനമായും സൂഫിസത്തെ അടയാളപ്പെടുത്തിയത് നബി ജീവിതത്തിലൂടെയായിരുന്നു. ആ ജീവിതം പകര്‍ത്തിയ സ്വഹാബത്ത് അവിടുത്തെ സൂഫി ജീവിതം അതുപോലെ അനുധാവനം ചെയ്തു. സൂഫിസത്തിന്റെ മുഖ്യധാര നാമങ്ങളും ശൈലികളും അവരില്‍ അന്തര്‍ഹനീയമായിരുന്നു. നാല് ഖലിഫമാര്‍ തന്നെയായിരുന്നുസ്വഹാബിമാരില്‍ പ്രമുഖര്‍. എണ്ണമറ്റ ത്വരീഖത്തുക്കാര്‍ മുഴുവന്‍ അലി (റ)ലൂടെയാണ്  വ്യാപിച്ചത്. നബ്ശബന്തി ത്വരീഖത്ത് അബൂബക്കര്‍ (റ) യിലൂടെയുമാണ്.
    സഅ്ദുബ്‌നു അബീ വഖാസ് (റ), സല്‍മാനുല്‍ ഫാരിസ് (റ), അമ്മാര്‍ ബ്‌നു യാസര്‍ (റ), അബൂ ഹുറൈറ (റ), അഭൂദ്ദര്‍റാഅ്, ബ്‌നു അബ്ബാസ് (റ) ഇവരൊക്കെ വിവിധമേഖലകളില്‍ സ്ഥാനമലങ്കരിച്ചപ്പോഴും സൂഫിസത്തിന്റെ അത്യുന്നത പദവികള്‍ താണ്ടിയവരായിരുന്നു. പ്രവാചക ജീവിതവും സ്വഹാബി കാലഘട്ടം കഴിഞ്ഞ ശേഷം താബിഈങ്ങള്‍ക്കിടയില്‍ ഒരു വന്‍ പ്രകാശനം തന്നെ സൂഫി മേഖലയില്‍ കാഴ്ചവെച്ചു.
    അനുചരന്‍ കാണിച്ച വഴിയെ ആ സൂഫി പാത പിന്തുടര്‍ന്നവരായിരുന്നു താബിഈങ്ങള്‍. ക്രിസ്താപ്തം എട്ടാം നൂറ്റാണ്ടില്‍ കൂഫയം ബസ്വറയും ഖുറാസാനുമായിരുന്നു സൂഫിചിന്തയുടെ പ്രഭവ കേന്ദ്രങ്ങള്‍. ഇമാം ഹസനുല്‍ ബസരി(ഹി-101), മാലിക് ബ്‌നു ദീനാര്‍(ഹി-140), ഹബീബ് ഹജ്മി(ഹി-134), ഇബ്‌റാഹീമുബ്‌നു അദ്ഹം(ഹി-159),സുഫ്‌യാനു സൗരി (ഹി-161),അബ്ദുല്ലാഹി ബ്‌നു മുബാറക്ക്(ഹി-85), റാബിഅത്തുല്‍ അദവിയ്യ അല്‍ ബസരിയ്യ(ഹി-184) തുടങ്ങിയ പ്രമുഖരായിരുന്നു അന്നത്തെ സൂഫികള്‍. അവരൊക്കെ ജീവിതത്തില്‍ കാണിച്ച ശുദ്ധതയും തെളിമയും കാത്ത് സൂക്ഷിച്ചവരായിരുന്നു. ഇവരില്‍ പ്രമുഖരായിരുന്നു ഹസനുല്‍ ബസരി (റ), അലി (റ) ന്റെ ശിഷ്യന്‍ കൂടിയായിരുന്നു. നൂറോളം പരം ആത്മീയാചാര്യരോടൊപ്പം ജീവിക്കുകയും സ്വഹാബത്തിന്റെ ജീവിത ശുദ്ധത ജീവിതത്തില്‍ പച്ച കുത്തിയവരായിരുന്നുഅവര്‍. തനിക്ക് രോഗം വന്നപ്പോള്‍ വൈദ്യ സഹായം തേടുന്നതിലുപരി നബി കാവ്യമെഴുതി ജീവിതം തവക്കുലാക്കിയ ഒരു പ്രമുഖ സൂഫിയായിരുന്നു ഇമാം ബൂസൂരി (റ).
    കൊട്ടാരിത്തിലെ സുഖ സൗകര്യ വശ്യാഢംഭരങ്ങളെല്ലാം നിരസിച്ച് ഏകാന്ത ജീവിതത്തില്‍ കഴിഞ്ഞ് കൂടിയ ഇബ്രാഹിം ബ്‌നു അദ്ഹം (റ)ലും നമുക്ക് കാണാനാകുന്നത് ഐഹിക ജീവിതത്തില്‍ നിന്നും ഒളിച്ചോടി നാഥനിലേക്ക് ഒരുങ്ങിതയ്യാറാക്കുകയായിരുന്നു. കൂലിപ്പണി ചെയ്ത് ജീവിക്കുകയും  ഖനാഇന് ഉത്തമ ഉദാഹരണമായി ജീവിക്കുകയും ചെയ്തു.
    സുഫ്‌യാനു ബ്‌നു സൗരി (റ), ബൂസൂരി (റ)നെപോലെ അഗാധജ്ഞാനമുള്ളവരായിരുന്നു. അബ്ബാസി ഭരണകൂടത്തിന്റെ ,സ്ഥാനമാനങ്ങള്‍ വേണ്ടന്ന വെച്ച് സുഫിയാന്‍ (റ) ഒരുപാട് പ്രതിസന്ധികള്‍ ജീവിതത്തില്‍ തരണം ചെയ്തു.
    അവരൊക്കെ താബിഈങ്ങളില്‍ പ്രമുഖരായിരുന്നു. അവരൊക്കെ കാഴ്ച വെച്ച തസവ്വുഫിന്റെ സമുന്നതമായ സ്ഥാനങ്ങള്‍ നമുക്ക് ഉദാത്ത മുതൃകയാണ്. അവരൊക്കെ വെട്ടിതെളിച്ച സൂഫി പാത ഇന്നും പ്രശോഭിച്ച് നില്‍ക്കുന്നു എന്ന് പരമമായ സത്യമാണ്.
    ഒമ്പതാം നൂറ്റാണ്ടില്‍ ജീവിച്ച ശഫീഖ് ബല്‍ഖി (റ) ന്റെ തവക്കുല്‍ സമ്പന്ധിച്ചചരിത്രങ്ങള്‍ സൂഫി ജ്ഞാനത്തിന് എന്നും മുതല്‍കൂട്ടാണ്. അബൂ യസീദ് ബിസ്താമിയുടെ  ഫനാഅ് (റ) വും സൂഫി ചരിത്രത്തിലെ മികച്ച ഏടുകളായി എണ്ണുന്നു. ഹാരിസ് മുഹാസബി ദാര്‍ശനിക സൂഫിസത്തിന്റെ പ്രോദ്ഘാടകനായിട്ടാണ് അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ രിയാഉല്‍ ലി ഹുഖൂലില്ലാഹ് എന്ന ഗ്രന്ഥം സൂഫി മേഖലക്ക് മികച്ച സംഭാവനയാണ് അര്‍പിച്ചത്. ക്രിസ്താബ്ദും പത്താം നൂറ്റാണ്ടിലെ പ്രമുഖ സൂഫി വര്യനായിരുന്നു ജുനൈദുല്‍ ബഗ്ദാദി (റ)(ഹി-298). വഴിയെ വരുന്ന എല്ലാ സൂഫിയാക്കള്‍ക്കും ഗുരുവായിരുന്നു മഹാനവറുകള്‍. തത്വ ജ്ഞാനത്തിലും, കര്‍മ്മ ശാസ്ത്രത്തിലും മറ്റു വിവിധ ഫന്നുകളിലും അഗാധ ജ്ഞാനമായിരുന്നു ശൈഖ് ജുനൈദ്(റ).
     ഉന്മാദവസ്ഥയേക്കാള്‍ (സക്‌റ്) സുബോധാവസ്ഥ (സഹ്‌വ്) അദ്ദേഹം പ്രാധാന്യം നല്‍കിയത്. ഉന്മാദാവസ്ഥ ആത്മനിയന്ത്രണവും ആത്മബോധവും നഷ്ടപ്പെടുത്തുമെന്ന് അവര്‍ വാധിച്ചു. ഈ വിഷയത്തനെതിരായിരുന്നു ഹല്ലാജിന്റെ സൂഫിസം. പണ്ഡിതവേശധാരിയായി തന്നെ ജീവിക്കാന്‍ ജുനൈദുല്‍ ബാഗ്ദാദി തയ്യാറായി. ഖുര്‍ആനിക ജീവിതത്തിലൂടെ പ്രവാചക ജീവിതം കൈമുതലാക്കിയ മഅ്‌രിഫത്തിന്റെ ഉന്നിദ്ര ഭാഗമായിരുന്നു അവരുടേത്. ഇബ്‌റാഹിം അല്‍ ഖവ്വാസ് (ഹി-291), അബുല്‍ ഹസന്‍ അസൂരി(ഹി-298), ഉമര്‍ ബ്‌നു ഉസ്മാന്‍(ഹി-298), അബുന്നസര്‍ സറാജ് എന്നിവരും പത്താംനൂറ്റാണ്ടിലെ വജ്രശോഭിത സൂഫി താരങ്ങളായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങള്‍ സൂഫിസത്തിന്റെ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ഇവരുടെ കാലത്ത് സാധിച്ചു. വിശ്വ വ്യഖ്യാത സൂഫിഗ്രന്ഥങ്ങള്‍ തന്നെ ഇവരൊക്കെ രചിച്ച സമര്‍പ്പിച്ചതും സൂഫി മേഖലക്ക് ഉന്നത സ്ഥാനമാണ് നല്‍കിയത്.
    പന്ത്രണ്ടാം നൂറ്റാണ്ടില്‍ സൂഫി ഉത്ഥാനത്തിന് പുതിയ ഒരു ഏടാണ് ഇമാം ഗസ്സാലി (റ), എന്നിവര്‍ നല്‍കിയത്. പാണ്ഡിത്യത്തിന്റെ അനുപമ വ്യക്തി കൂടിയായിരുന്നു ഗസ്സാലി (റ). നൂറ് കണക്കിന് കിത്താബുകള്‍ അദ്ദേഹം രചിച്ചുണ്ട്. തന്റെ സത്യാന്യേഷണ സംഭവങ്ങളുടെ ബ്യഹത്ത് ഗ്യന്ഥമാണ്.
     ഇഹ്യാ ഉലൂമദ്ദീന്‍ എന്ന വിശ്വ വിഖ്യാതമായ ക്ലാസിക്കല്‍ ഗ്രന്ഥം സൂഫി ചിന്തകള്‍ക്ക് എന്നും മുതല്‍ കൂട്ടാണ്. ഖുര്‍ആനിക നബി ജീവിതത്തിന്റെ പിന്‍ബലത്തില്‍ രചിച്ച തന്റെ ഗ്രന്ഥങ്ങളെല്ലാം തസവ്വുഫ് ചരിത്രത്തിലെ മികച്ച ഏടുകളായി ഗണിക്കാന്‍ കഴിയും.
    അതിലുപരി സൂഫി എന്ന സംജ്ഞതക്ക് ജനമദ്ധ്യേകൂടുതല്‍ ജനശ്രദ്ധ നേടി കൊടുക്കുന്നതില്‍ അദ്ദേഹത്തിന്റെ ജീവിതത്തിന് കഴിഞ്ഞു  എന്നുള്ളതും ശ്രദ്ധേയമാണ്.
    എന്നാല്‍ ശൈഖ് ജീലാനി (റ)(ഹി-561) കാര്‍മ്മിക രംഗത്ത് സൂഫിസത്തെ കൊണ്ട് വന്ന പ്രതിഭ കൂടിയായിരുന്നു. ഖന്‍ഖാന്‍ ജീവിതങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജസ്വലത കൈവന്നതും അവിടുത്തെ ആത്മീയ നിറ പകിട്ടുകള്‍ കൊണ്ടായിരുന്നു. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ അനുയായികളുള്ള ത്വരീഖത്തിലൊന്ന് ശൈഖ് ജീലാനിയുടെ ഖാദിരി ത്വരീകത്താണ്. സൂഫി ലോകത്തെ ഔനിത്യ നാമങ്ങളുടെ ഉടമ കൂടിയായിരുന്നു അവര്‍. ഖുത്ബുല്‍ അക്താബ്, ഗൗസ് തുടങ്ങി നാമങ്ങളുടെ രാജകീയരുമാടിരുന്നു അവര്‍.
    തുടങ്ങി വിഖ്യാത സൂഫി വിരചിക ഗ്രന്ഥങ്ങള്‍ സൂഫി ലോകത്തോടുള്ള സംഭാവന കൂടിയാണ്. പ്രഭാശണ മാര്‍ഗമായിരുന്നു തസ്വവ്വഫിന്റെ തുടര്‍ മന്നോട്ടുള്ള ഗമനങ്ങള്‍ക്ക് അധികവും ഉപയോഗിച്ചിരുന്നത്. 
    12-13 സൂഫി ലോകത്തിന്റെ സുവര്‍ണ കാലഘട്ടം എന്ന് പറയുവാനുള്ള കാരണം തലയെടുപ്പുള്ള തസവ്വുഫിന്റെ ആചാര്യന്മാര്‍ തന്നെയാണ്. മാത്രമല്ല ഖാദിരിയ്യ, നഖ്ശബന്തിയ്യ, യസ്സാവിയ്യ, ഖസാനിയ്യ, സുഹ്‌റ വര്‍ദീയ്യ, രിഫാഇയ്യ തുടങ്ങി ത്വരീഖത്തിന്റെ ആഭിര്‍ഭാവം കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ സുവര്‍ണ ചരിതം കൂടുതല്‍ പ്രയോഗിതമാണത്.
    13-ാം നൂറ്റാണ്ടിലെ പ്രമുഖ തസ്വവ്വുഫിന്റെ പ്രഭവ കേന്ദ്രങ്ങള്‍ ഇന്ത്യയില്‍ സ്ഥാനമലങ്കരിച്ചു. ഖാജാ മുഈനുദ്ദീന്‍ ചിശ്തി (റ) ന്റെ അധ്യാത്മീക മേഖലകള്‍ കൂടുതല്‍ നിറം നല്‍കിയത് ഭാരതീയര്‍ക്കായിരുന്നു. തസ്വവ്വുഫിന്റെ അഭിവാജ്യ അധ്യായങ്ങള്‍ അധ്യായങ്ങള്‍ ഇന്ത്യക്കാര്‍ക്ക് പഠിപ്പിച്ച് കൊടുക്കുന്നതില്‍ വിജയഗാഥ രചിച്ചവരാണവര്‍. ഇന്ത്യയിലെ സുല്‍ത്താനായി ഇന്നും വാഴ്ത്തുന്നതും  ഇന്ത്യയില്‍ സംസ്‌കാരത്തിലെ  സര്‍വ്വാഗീകൃത ആശ്രമ കേന്ദ്രമായി മാറിയതും സൂഫി ജീവിതത്തിലെ പ്രകാശ ധാരകളകള്‍ കൊണ്ടായിരുന്നു.
    അതേക്കാലക്കാരായിരുന്നു ജലാലുദ്ദീന്‍ റൂമി(ഹി-671) യും ഇബ്‌നു അറബിയും(ഹി-637) സൂഫി ലോകത്തെ ക്ലാസിക്കല്‍ കൃതികള്‍ക്കിരുവരും പിറവി കൊടുത്തു എന്നതും ശ്രദ്ധേയമാണ്. റൂമിയുടെ മസ്‌നവിയും ഇബ്‌നു അറബിയുടെ സൂഫി പ്രായണത്തിന്റെ സമസ്യങ്ങളെ തകര്‍ത്തെറിഞ്ഞ് തസവ്വുഫിന്റെ കാതലായ ഭാഗങ്ങള്‍ സമൂഹസമഷ്യം അവതരിപ്പിച്ച മസ്‌നവിയുടെ ആത്മീയ ധാര ഇന്നും ലോകത്ത്  വിശ്വ വിഖ്യാതമായ കൃതിയായി എണ്ണുന്നു ഇബ്‌നു ഫരീദ്(632)ഫഖ്‌റുദ്ദീന്‍.
    ഇമാം ബൂസ്വൂരി (603) തുടങ്ങിയവരും അക്കാലത്തെ പ്രമുഖരായിരുന്നു. അവിടുന്നങ്ങോട്ട് പതിനെട്ടാം നൂറ്റാണ്ട് വരെ വിരചിതമായ സൂഫികള്‍ ധാരാളമുണ്ടായിരുന്നു. അവനില്‍ പ്രധാനിയായിരുന്നു ശൈഖ് അഹമ്മദ്(ഹി-971). അവരൊക്കെയും സൂഫിസത്തിന്റെ പാതയില്‍ അതുല്യമായ സംഭാവന അര്‍പിച്ചവരായിരുന്നു.


കേരളീയ പരിസരത്തിലെ സൂഫിസത്തിന്റെ വില


    സൂഫി പ്രസ്ഥാനത്തിന് ഏറ്റവും കൂടുതല്‍ ജീവിത സത്യങ്ങളെ കാണിച്ചു തന്ന ഒരു വലിയ സമൂഹം തന്നെ കേരളീയ സൂഫിസത്തിന്റെ പരിസരത്തിലുണ്ട്. കേരളത്തില്‍ എത്തിയ ആദ്യ സ്വഹാബിമാരാണ് സൂഫിസത്തിന് ശില പാകിയത്. കേരളീയ സാഹചര്യത്തില്‍ ഒട്ടുമിക്ക ചരിത്രങ്ങളിലും സൂഫി പങ്ക് ഏറെയാണ്. കെട്ടും മട്ടും ചമഞ്ഞ് ദൂരങ്ങള്‍ ചുറ്റുന്ന സൂഫികള്‍ എന്നതിലുപരി സാമൂഹിക പരിസരത്ത് നിന്ന് സാംസ്‌കാരിക ഇടപ്പെടലില്‍ കൂടി സൂഫിസം പ്രചരിപ്പിച്ചവരായിരുന്നു. വിവിധ ത്വരീഖത്തുകളുടെ പ്രചരണം ഇവിടെ സൂഫി സാന്നിധ്യം കൂടുതല്‍ ഊര്‍ജസ്വലമാക്കി. സൈനുദ്ദീന്‍ മഖ്ദൂം, മമ്പുറം തങ്ങള്‍, ഉമര്‍ ഖാസി, ആലി മുസ്ലിയാര്‍, വരക്കല്‍ മുല്ല കോയ തങ്ങള്‍, ഖാസി മുഹമ്മദ്, കണ്ണിയത്ത് അഹമ്മദ് മുസ്ലിയാര്‍, ശംസുല്‍ ഉലമ തുടങ്ങയ ഒട്ടനവധി വഹത്തുക്കള്‍ സൂഫിസത്തിന് മുന്‍ പന്തിയില്‍ നിന്നു. ഒരു സൂഫി ലേബല്‍ ചമഞ്ഞ് നടത്തുക എന്നതിലുപരി, സാമൂഹിക മത സാംസ്‌കാരിക ഇടങ്ങളില്‍ വ്യക്തി മുദ്രപതിപ്പിച്ചു. തസ്വവ്വുഫിന്റെ ആധികാരികത വെളിപ്പെടുത്തുക കൂടി ചെയ്യുകയുമായിരുന്നു. കേരളത്തില്‍ അവരുടെയൊക്കെ അദ്ധ്യാത്മിക ചലനം കൊണ്ടാണ് ഇത്രത്തോളം ബഹുമുഖ ചരിത്രം സൂഫിസത്തിന് നേടി കൊടുക്കാന്‍ സാധിച്ചത്. ധാരാളം മഹത്തുക്കള്‍ ഇന്നു മുണ്ട്. അവരില്‍ പ്രധാനികളാണ് മുകളില്‍ ചേര്‍ത്തുവച്ചത്. സൂഫിസം ഒരു പ്രസ്ഥാനം എന്നതിലുപരി ജീവിത വൈവിധ്യങ്ങളിലെ സൂഫിസമാണ് കേരളത്തിലെ സൂഫിസം.
    ആത്മീയ സദസ്സുകള്‍, പ്രഭാഷണ പരമ്പരകള്‍, ഉറുദികള്‍, ദിക്‌റ് ഹല്‍ഖകള്‍ തുടങ്ങിയവയൊക്കെയും കേരളിത്തിലെ സൂഫിസത്തിന്റെ മുഖ ചിത്രങ്ങളായി എണ്ണാനായി കഴിയും. വെറുമൊരു കൊട്ടിഘോഷം എന്നതല്ല ആദ്ധ്യാത്മികത്വത്തിന്റെ മികച്ച ഏടുകള്‍ തന്നെ കൂട്ടിച്ചേര്‍ക്കാന്‍ കേരളീയ പരിസരത്തില്‍ സൂഫിസത്തിന് കഴിഞ്ഞു. മമ്പുറം തങ്ങളും ഇതിനൊരു ഉദാത്ത മാതൃകരായിയെന്ന് കാണാന്‍ കഴിയും. തന്റെ ജീവിത വഴികള്‍ തന്നെ സൂഫി ചിന്തകളാല്‍ സമ്പുഷ്ടമായിരുന്നു. മാഹാന്‍ ഒരിക്കലും ജനമധ്യ വിപാടനം ഒഴിവാക്കിയല്ല സൂഫിസം ജീവിതത്തില്‍ സന്നി വേഷിപ്പിച്ചത്. ഈ സമൂഹിക ചുറ്റുപാടില്‍ നിന്ന് തന്നെയായിരുന്നു തന്റെ വീഥി. ബ്രിട്ടീഷ് കാരോടുള്ള വൈഥികത വിശ്വാസികളുടെ മനസ്സില്‍ ഊട്ടിയുറപ്പിച്ചും മത സൗഹാര്‍ദത്തിന്റെ കാരണം സൂഫിസത്തിന്റെ യഥാര്‍ത്ഥ സത്ത ആവോളം ജീവിതത്തില്‍ ഗ്രഹിച്ചുയെന്ന് തന്നെയാണ്. അത്തരമൊരു. വായനില്‍  സൂഫിസം ജന സാമൂഹികതയില്‍ അരികുവല്‍ക്കരിക്കുന്നത് കേദകരം തന്നെ. ശൈഖ് ജീലാനി(റ),ചിശ്തി (റ)യുടെ ഉദാത്ത സാന്നിധ്യം എടുത്തു കാണിച്ചത് സൂഫി ജീവിതത്തിന്റെ അടിവരയലാണ്. മക്കസാമൂഹിക ചുറ്റുപാടില്‍ അത്തരമൊരു വ്യാഖ്യാനം നല്‍കാന്‍ മടിക്കുന്നവര്‍ ഉപരിതല ഇസ്‌ലാമിനെ നോക്കി പഠിച്ചതുകൊണ്ടാണ്. ഇസ്‌ലാമിക പ്രഭാവത്തിന്റെ മുഖ്യ കാര്യ ദര്‍ശികള്‍ പ്രവാചകര്‍ക്ക് ശേഷം സൂഫികളാണ് എന്ന പരമാര്‍ത്ഥത്തിലേക്കാണ് വെളിച്ചം വീശുന്നത്. തമസ്സിന്റെ കരിമ്പടകള്‍ മാറ്റി തസ്വവ്വുഫിന്റെ തല്ലജങ്ങള്‍ കത്തിച്ചുവെച്ചപ്പോള്‍ പ്രശോഭിതമായത് ഇസ്ലാമിന്റെ പ്രൗഡിയുടെ ഗോപുരങ്ങളായിരുന്നു.
    മഖ്ദൂമിയന്‍ പരമ്പരവും മികച്ച ഏടുകളാണ് സൂഫി പാരമ്പര്യത്തില്‍ തുന്നി ചേര്‍ത്തത്. വൈജ്ഞാനിക തലത്തില്‍ തന്നെ സൂഫി നിര്‍ദേശങ്ങള്‍ കൊണ്ട് മികച്ച മാതൃക സൃഷ്ടിച്ചവരാണ് മഖ്ദൂമിയര്‍. സമസ്ത കേരള ജംഈയ്യത്തുല്‍ ഉലമയുടെ മഴുവന്‍ പണ്ഡിതന്മാരും സൂഫിസത്തിന്റെ മികച്ച അദ്ധ്യായങ്ങളായിരുന്നു. 
    കേരളീയ സാഹചര്യത്തിലെ സാമൂഹികമായ ഈ ഐക്യവും അച്ചടക്കവും പണിത് വെക്കുന്നതില്‍ സൂഫിസത്തിന്റെ പങ്ക് വ്യക്തമാണ്. സൂഫിസം അരികവല്‍കരിച്ച് ആക്ഷേപിക്കുന്നവര്‍ക്ക് മമ്പുറവും പൊന്നാനിയും വരക്കലും തുടങ്ങിയ ഒട്ടനവധി മസാറുകളും നേരിന്റെ സൂഫി അടയാളമായി ഉന്തി നില്‍ക്കുന്നത് അവര്‍ക്ക് തലവേദനയാണ്. കേരളിത്തലെന്നല്ല ഭാരതീയ സംസ്‌കാരത്തിലും സൂഫി സാന്നിദ്ധ്യമാണ് മത സൗഹാര്‍ദത്തിന്റെയും അച്ചടക്ക മനോഭാവത്തിന്റയും വിത്തിറക്കിയെന്നതില്‍ പക്ഷാന്തരമില്ല.


                      



ശൈഖുനാ സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ |

പഴമയുടെ തനിമ നിലനിർത്തിക്കൊണ്ട് ഏകീകൃത സിലബസും പൊതു പരീക്ഷയുമായി  സമസ്ത കേരള ജംഇയ്യത്തുൽ മുദരിസീന്റെ കീഴിൽ കേരളത്തിലെ പള്ളി ദർസുകൾ മുന്നേറുകയാണ്. ശവ്വാൽ രണ്ടാം വാരം തുടങ്ങുന്ന അടുത്ത അധ്യയന വർഷത്തിൽ ആയിരക്കണക്കിന് പുതിയ വിദ്യാർത്ഥികൾ ദർസിൽ പഠിക്കാനെത്തും. പല ദർസുകളിലും റമാളാനിനു മുമ്പെ അഡ്മിഷൻ പൂർത്തിയായതായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചിട്ടുണ്ട്. വിവിധ കാരണങ്ങളാൽ കൂടുതൽ വിദ്യർത്ഥികളെ സ്വീകരിക്കാൻ മഹല്ലുസാരഥികൾ അനുവദിക്കാത്ത ദർസുകളുമുണ്ട്.
ആവശ്യമായ ഭൗതിക പഠനങ്ങൾ ഉൾപെടുത്തി കാലോചിതമായ മാറ്റങ്ങളോടെയാണ് പള്ളി ദർസുകൾ പ്രവർത്തിക്കുന്നത്്. മുൻവർഷത്തെക്കാൾ ഇൗ അധ്യയന വർഷം കൂടുതൽ പഠിതാക്കൾ ദർസുകളിലെത്തിയിട്ടുണ്ട്. അടുത്ത വർഷം ഇനിയും കൂടാനാണ് സാധ്യത. ജംഇയ്യത്തുൽ മുദരിസ്സീൻ സ്റ്റേറ്റ് കമ്മറ്റി കഴിഞ്ഞ ശഅ്ബാനിൽ നടത്തിയ പൊതു പരീക്ഷയിൽ മുന്നൂറോളം ദർസുകളിൽ നിന്നായി ഏഴായിരത്തിൽപരം വിദ്യാർത്ഥികൾ പരീക്ഷയെഴുതി.

സമന്വയ സ്ഥാപനങ്ങളിൽ നൽകപ്പെടുന്ന എല്ലാ വിദ്യാഭ്യാസവും നമ്മുടെ അനേകം ദർസുകളിൽ സംവിധാനിച്ചിട്ടുണ്ട്. കാര്യക്ഷമമായ മതപഠനവും ദിശാബോധത്തോടെയുള്ള ഭൗതിക പഠനവും നൽകുന്നതോടൊപ്പം ദർസുകളിൽ ഉസ്താദുമാരുടെ പ്രത്യേക ശ്രദ്ധയും ശിക്ഷണവും ലഭിക്കുന്നതിനാൽ കൂടുതൽ ആത്മ സംസ്കരണത്തോടെ ദർസ് വിദ്യാർത്ഥി വളർന്നുവരുന്നു. ഇൗ യാഥാർത്ഥ്യം തിരിച്ചറിഞ്ഞ രക്ഷിതാക്കൾ മക്കളെ പള്ളി ദർസിലേക്കയച്ച് പഠിപ്പിക്കാൻ താൽപര്യപ്പെടുന്നവരാണ്. മത ബിരുദം നൽകപ്പെടുന്ന പ്രമുഖ സ്ഥാപനങ്ങളിലെ റാങ്ക് ജേതാക്കളിലധികവും പള്ളി ദർസിൽ നിന്നു വന്നവരാണ്. അവരിൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദമോ ബിരുദാനന്തര ബിരുദമോ നേടിയവരുമുണ്ട്. 




ഹിജ്റ ഒന്നാം നൂറ്റാണ്ടിൽ കേരളത്തിലെ ആദ്യത്തെ പള്ളി കൊടുങ്ങല്ലൂരിൽ സ്ഥാപിതമായതുമുതൽ നമ്മുടെ പളളിദർസിന്റെ ചരിത്രമാരംഭിച്ചു. പതിനാലുനൂറ്റാണ്ട് കാലമായി മതവിജ്ഞാനത്തിന്റെ വിളക്കുമാടമായി, ഇസ്ലാമിക സംസ്കാരത്തിന്റെ ഉരുക്കു കോട്ടയായി, അറബിഭാഷയുടെയും സാഹിത്യത്തിന്റെയും അഭയസ്ഥാനമായി പള്ളിദർസുകൾ അന്തസ്സോടെ ജൈത്രയാത്ര തുടരുകയാണ്. അല്ലാഹു തആല തന്റെ പ്രകാശം ഉൗതികെടുത്താൻ ശ്രമിക്കുന്നവരിൽ നിന്ന് എക്കാലവും അതിനെ സംരക്ഷിച്ചുകൊണ്ടിരിക്കും.

പള്ളിദർസ് നബി(സ്വ)യുടെയും ഖുലഫാഉറാശിദിന്റെയും ചര്യയാണ്. പള്ളിയിൽ താമസവും ചുറ്റുമുള്ള വീടുകളിൽ നിന്ന് ഭക്ഷണവും ഒരുക്കുന്ന ദർസ് സമ്പ്രദായത്തിന്റെ ആദ്യമാതൃക കാണിച്ചു തന്നത് നബി(സ്വ)യാണ്. ദർസില്ലാത്ത പള്ളികളിൽ ശ്മശാനമൂകത അനുഭവപ്പെടുമ്പോൾ ദർസുള്ളവ ഇൽമും ഇബാദത്തും കൊണ്ട് സദാസജീവമായിരിക്കും. ശ്രേഷ്ഠമായ മതവിജ്ഞാനം പഠിക്കാനും പഠിപ്പിക്കാനും ഏറ്റവും അനുയോജ്യമായ സ്ഥലം അല്ലാഹുവിന്റെ ഭവനമായ പള്ളിയാണ്. പള്ളി താമസത്തിനും ചുറ്റുമുള്ള വീടുകൾ ഭക്ഷണത്തിനും ഉപയോഗപ്പെടുത്തുമ്പോൾ വിദ്യാർത്ഥികളുടെ സൗകര്യങ്ങൾക്ക് വേണ്ടിയുള്ള ഭാരിച്ച ചെലവുകൾ കുറഞ്ഞുകിട്ടും. പള്ളിയുടെ ആത്മീയാന്തരീക്ഷം മതപഠനത്തിന് കൂടുതൽ അനുയോജ്യമാണ്. ജനസമ്പർക്കത്തിനും പ്രായോഗിക പരിശീലനത്തിനും ദർസിൽ ധാരാളം അവസരങ്ങളുണ്ട്.

ദർസ് സുന്നത്ത് ജമാഅത്തിന്റെ ഉരുക്കുക്കോട്ടയാണ്. പുത്തൻ പ്രസ്ഥാനക്കാർ ഇൗ രൂപത്തിൽ ദർസ് നടത്തുന്നില്ലെന്ന് മാത്രമല്ല ദർസിനേയും അതിന്റെ ആളുകളെയും ലോകം തിരിയാത്തവരായി ചിത്രീകരിക്കുന്നവരും പരിഹസിക്കുന്നവരുമാണ്. പാരമ്പര്യ നടപടി ക്രമങ്ങൾ മുറപോലെ നിലനിർത്താൻ ദർസ് മുഖ്യ പങ്ക് വഹിക്കുന്നു. അക്കാരണത്താലാണ് നവീനവാദികൾ ദർസ് സമ്പ്രദായത്തെ നശിപ്പിക്കാൻ ഒളിഞ്ഞും തെളിഞ്ഞും ശ്രമിക്കുന്നത്. കഥയറിയാതെ ചിലർ അവരുടെ ശൈലി സ്വീകരിച്ച് ദർസിനെ പരോക്ഷമായി നിരുത്സാഹപ്പെടുത്താറുണ്ട്. പള്ളിയിൽ ഒരുമിച്ച് കൂടി ഖുർആൻ പാരായണവും പഠനവും നടത്തുന്നവരെ കുറിച്ച് നബി(സ) അരുൾ ചെയ്തു. ‘അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്യുന്നവരായും അത് അവർക്കിടയിൽ പഠനം നടത്തുന്നവരായും പള്ളിയിൽ ഒരുമിച്ച് കൂടിയ ജനതയുടെ മേൽ സമാധാനം ഇറങ്ങുകയും കാരുണ്യം പൊതിയുകയും മലക്കുകൾ അവരെ വലയം ചെയ്യുകയും അവരെ കുറിച്ച് സമീപസ്ഥരോട് പറയുകയും ചെയ്യാതിരിക്കില്ല’. (മുസ്ലിം)

ഗാഢവും ആത്മാർത്ഥവുമായ ഗുരു ശിഷ്യ ബന്ധം, ധാർമിക ബോധം, അച്ചടക്കം, പക്വത, ജനസമ്പർക്കം എന്നിവയെല്ലാം കൂടുതൽ ലഭ്യമാക്കുന്നത് ദർസുകളിൽ നിന്നാണ്. മറ്റൊരു സംവിധാനവും ദർസിന് പകരമാവില്ല. ദർസിന് പകരം ദർസ് മാത്രം.

മഖ്ദൂമുമാർ, കോഴിക്കോട് ഖാസിമാർ, യമൻ, ബുഖാറ എന്നിവിടങ്ങളിൽ നിന്നെത്തിയ സയ്യിദന്മാർ, ഉമർ ഖാസി, ഒൗക്കോയ മുസ്ലിയാർ, ഖുതുബി, കണ്ണിയത്ത് ഉസ്താദ്, ശംസുൽ ഉലമ(റ) തുടങ്ങി മൺമറഞ്ഞ ആയിരക്കണക്കിന് മഹാപണ്ഡിതന്മാർ ദർസിലൂടെ വളർന്നുവന്നവരും ദർസ് പ്രസ്ഥാനത്തെ വളർത്തിയവരുമാണ്. പരമ്പരാഗതമായി ദർസ് നടത്തപ്പെട്ടിരുന്ന ചില പള്ളികളിൽ ദർസിന്റെ പ്രതാപം അസ്തമിച്ചെങ്കിലും മറ്റുചില പള്ളികളിൽ പൂർവ്വോപരി ദർസ് പ്രസ്ഥാനം ശക്തിപ്പെടുകയും പുതിയ നിരവധി ദർസുകൾ സ്ഥാപിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. 1991 ലെ കണക്കനനുസരിച്ച് കേരളത്തിൽ 1074 ദർസുകളിലായി 1099 മുദരിസുമാരുടെ കീഴിൽ 31471 പേർ പഠനം നടത്തിയിരുന്നു (അവലംബം കേരള മുസ്ലിം ഡയറക്ടറി). എന്നാൽ 2007 ലെ കണക്ക് പ്രകാരം ദർസുകളുടെ എണ്ണം 356, മുദരിസുമാർ 371, വിദ്യാർത്ഥികൾ 12245 (ചന്ദ്രിക 2008 ആഗസ്റ്റ് 26). ഇടക്കാലത്ത് വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവുവന്നെങ്കിലും ഇപ്പോൾ പതിന്മടങ്ങ് വർദ്ധിച്ചിട്ടുണ്ട്.

പ്രവാചകരുടെ അനന്തരാവകാശികളായ ആത്മീയ പണ്ഡിതന്മാരെ വാർത്തെടുക്കലാണ് പള്ളി ദർസിന്റെ മുഖ്യലക്ഷ്യം. അതോടൊപ്പം ദർസ് നടത്തപ്പെടുന്ന മഹല്ലിലെ മുഴുവനാളുകൾക്കും മുസ്ലിമായി ജീവിക്കാനാവശ്യമായ മതപഠനത്തിന് ദർസ് അവസരമൊരുക്കുന്നു. നാട്ടുകാരായ വിദ്യാർത്ഥികൾ പ്രായഭേദമന്യേ വിവിധ സമയങ്ങളിൽ ദർസിലെത്തി മതവിജ്ഞാനം കരസ്ഥമാക്കുന്നു. അതുപോലെ ഫിഖ്്ഹ്, തസ്വവ്വുഫ്, ഹദീസ്, തഫ്സീർ തുടങ്ങിയ വിഷയങ്ങളിൽ നാട്ടുകാരായ കാരണവന്മാരും മറ്റ് മുതിർന്ന വ്യക്തികളും പള്ളിയിൽ വന്ന് സബ്ഖ് ശ്രദ്ധിക്കാറുണ്ട്. തൽഫലമായി ദർസ് നടന്നുവരുന്ന പള്ളി മഹല്ലുകളിൽ ഇസ്ലാമിക ചരിത്രം, അനന്തരാവകാശ മസ്അലകൾ, മയ്യിത്ത് പരിപാലന മുറകൾ എന്നിങ്ങനെ വ്യക്തിപരവും സാമൂഹികവുമായ വിഷയങ്ങളിൽ പരിജ്ഞാനം നേടിയ "ദർസി’കളായ അനേകം സാധാരണക്കാർ വളർന്നുവന്നു. ജീവിതം മുഴുവൻ മുതഅല്ലിമായി മരിക്കാനാഗ്രഹിച്ച മതവിദ്യാർത്ഥികൾ പൊന്നാനിയിലും മറ്റ് വലിയ ദർസുകളിലുമുണ്ടായിരുന്നതായി ചരിത്രത്തിൽ കാണാം.

ആദ്യകാലത്ത് വാമൊഴിയായിട്ടാണ് മത വിജ്ഞാനങ്ങളെല്ലാം കൈമാറ്റം ചെയ്യപ്പെട്ടിരുന്നത്. പിന്നീട് ഗ്രന്ഥരചനയാരംഭിച്ചപ്പോൾ അവ അടിസ്ഥാനപ്പെടുത്തിയുള്ള അധ്യാപനമാരംഭിച്ചു. ഫഖ്രിയ്യ, നിളാമിയ്യ സിലബസ്സുകളാണ് ഇന്ന് ദർസുകളിൽ അവലംബിക്കുന്നത്. ദീനീ വിഷയങ്ങളും അതിന്റെ സഹായക വിഷയങ്ങളും സ്വായത്തമാക്കാൻ ആവശ്യമായതെല്ലാം അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻകാല പണ്ഡിതന്മാർ എല്ലാ വിഷയങ്ങളിലും കഴിവുള്ളവരായതിനാൽ ഒാരോ വിഷയങ്ങളിലും അവർ പഠിച്ച ആധികാരിക ഗ്രന്ഥങ്ങളെത്തന്നെയാണ് അവലംബിക്കേണ്ടത്. ഭാഷാപഠനം, ചരിത്രം എന്നിവയിൽ പുതിയ ഗ്രന്ഥങ്ങൾ സിലബസുകളിൽ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. 

കേരള മുസ്ലിംകളിൽ ഇന്ന് കാണുന്ന എല്ലാ മത സാംസ്കാരിക പുരോഗതിയുടെയും അടിസ്ഥാനം പള്ളി ദർസുകളാണ്. കേരളത്തിലെ വിവിധ ജനങ്ങൾക്കിടയിൽ സൗഹൃദവും എെക്യവും നിലനിർത്തുന്നതിലും ദിശാബോധത്തോടെ മുസ്ലിംകളെ സംഘടിപ്പിക്കുന്നതിലും നിസ്സീമമായ പങ്ക് വഹിച്ച സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ സ്ഥാപിച്ചത് പ ള്ളി ദർസിലൂടെ വളർന്ന് വന്ന പണ്ഡിത മഹത്തുക്കളാണ്. കേരളത്തിൽ മതവിധി നൽകുന്നവരെല്ലാം ദർസിന്റെ സന്തതികളാണ്. മാത്രമല്ല ദർസ്, ഖുതുബ, ഖളാഅ് എന്നിവ നിർവ്വഹിക്കുന്നതിൽ ഭൂരിഭാഗവും ഇപ്പോഴും പ ള്ളിദർസിന്റെ സന്തതികളാണ്. ദർസിലൂടെ വളർന്ന് വന്നവരാണ് സമന്വയ സ്ഥാപനങ്ങളുടെ ഉപജ്ഞാതാക്കൾ ഇപ്പോഴും അവരുടെ മുഖ്യ സാരഥികൾ ദർസിന്റെ സന്തതികളാണ്. ദർസിലൂടെ വളർന്ന് വന്നവർ ദർസീ പ്രസ്ഥാനത്തെ ആക്ഷേപിക്കുന്നതും നിരുത്സാഹപ്പെടുത്തുന്നതും ശരിയല്ല. ഇന്നത്തെ സംവിധാനങ്ങളെല്ലാം സ്ഥാപിക്കപ്പെടും മുമ്പ് എഴുത്തിലൂടെയും പ്രസംഗത്തിലൂടെയും മറ്റും ഇസ്ലാമിക പ്രബോധന പ്രവർത്തനങ്ങൾ നടത്തിയവരെല്ലാം പള്ളി ദർസിൽ പഠിച്ചവരായിരുന്നു. വാദപ്രതിവാദങ്ങളിലൂടെ ദീനിന്റെ ശത്രുക്കളെ ആശയപരമായി പ്രതിരോധിച്ചതും മാസങ്ങൾ നീണ്ടുനിൽക്കുന്ന വയള് പരമ്പരയിലൂടെ സാധാരണക്കാർക്ക് വിജ്ഞാനം പകർന്നതും അവരായിരുന്നു.

ഭാഷാ പഠനത്തിന്റെ അഭാവത്തിൽ പഴയകാല ദർസുകളെ ആക്ഷേപിക്കരുത് ഏതാനും മാസങ്ങൾ കൊണ്ട് ഏതു ഭാഷയും സ്വായത്തമാക്കാൻ ബുദ്ധിയുള്ളവർക്ക് പ്രശ്നമില്ല. എന്നാൽ വിഷയാധിഷ്ടിതമായി പഠനം നടത്തിയിരുന്ന മുൻഗാമികൾ ഭാഷാ പഠനത്തിന് വേണ്ടി കൂടുതൽ സമയം നഷ്ടപ്പെടുത്തിയിരുന്നില്ല. കിതാബുകളിലുള്ള ആഴമേറിയ പഠനമാണവർ നേടിയത്. അതിനിടയിലും നൈസർഗികമായി ഭാഷാ നൈപുണ്യം നേടിയ നിരവധി പണ്ഡിതന്മാർ കേരളത്തിൽ ഉണ്ടായിട്ടുണ്ട്.

ഗുരുവും ശിഷ്യന്മാരും പള്ളിയിൽ ഒരുമിച്ച് താമസിച്ച് പഠിക്കുന്നതിനാൽ പ്രാചീനകാലംമുതൽ നിലവിലുള്ള ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായമാണ് ദർസ്. വിവിധ നിലവാരത്തിലുള്ള വിദ്യാർത്ഥികളെ ചേർത്ത് അവരുടെ കഴിവുകൾ പരമാവധി വളർത്തിയെടുത്ത് ഇസ്ലാമിക സേവനത്തിന് ദർസിലൂടെ സജ്ജരാക്കുകയാണ് മുദരിസ്. വ്യക്തിത്വ വികാസമാണതിന്റെ കാതൽ. വെറും മാർക്കിന്റെ അടിസ്ഥാനത്തിൽ യോഗ്യത നിർണയിക്കാതെ വിദ്യാർത്ഥിയുടെ കഴിവുകൾ വളർത്തിയെടുക്കാൻ സഹായിക്കലാണ് ദർസിലെ ശിക്ഷണം. വിദ്യാഭ്യാസ പരിഷ്കരണത്തിന്റെ ഭാഗമായി ഭൗതിക കലാലയങ്ങൾ നടപ്പാക്കിയ എസ്. എസ്. എ (സർവ ശിക്ഷാ അഭിയാൻ) സംവിധാനം പോലെ. മുദരിസ് ഒരു വിദ്യാർത്ഥി ദർസിൽ ചേർന്നതുമുതൽ സദാ നിരീക്ഷിച്ച് അവന്റെ കഴിവുകൾ വളർത്തിയെടുക്കുകയും പോരായ്മകൾ പരിഹരിക്കുകയും ചെയ്യുന്നു. ദർസിൽ നിന്ന് പുറത്ത് വരുന്നവരിൽ ഒന്നിനും കൊള്ളാത്തവരായി ആരുമുണ്ടാവില്ല. മാത്രമല്ല ഏത് മന്ദബുദ്ധിക്കും ഗ്രഹിക്കാൻ കഴിയുന്ന വിധം വിശദീകരണങ്ങളോടെ ആവർത്തിച്ച് പഠിപ്പിക്കുന്ന രീതിയാണ് ദർസ് പാരമ്പര്യത്തിൽ അവലംബിച്ചു വരുന്നത്. ചെറിയ വിദ്യാർത്ഥികൾക്ക് ദർസ് നടത്താൻ ഏൽപിച്ചും വായിച്ചോതിക്കൊടുത്തും വലിയ വിദ്യാർത്ഥികൾക്ക് ദർസിൽ നിന്നു തന്നെ ഭാവിയിൽ ദർസു നടത്താനുള്ള പരിശീലനവും സാധ്യമാണ്. മുഇൗദ് എന്ന ഒരു തസ്തിക തന്നെ കിതാബുകളിൽ പരിചയപ്പെടുത്തിയിട്ടുണ്ട്. അഥവാ വായിച്ചോതിക്കൊടുക്കുന്നവൻ.
അങ്ങിനെ മുദരിസ്, മുഫ്തി, ഖാസി, വാഇള്, കാതിബ്, ഖതീബ്, മുഅല്ലിം, മുഅദ്ദിൻ എന്നീ സേവനങ്ങൾക്ക്് പറ്റുന്നവരെല്ലാം ദർസിലൂടെ വളർന്നുവരേണ്ടതുണ്ട്. കാലികമായ പരിഷ്കാരങ്ങൾ നടപ്പാക്കി പള്ളിദർസിനെ കൂടുതൽ സജീവമാക്കാൻ മുദരിസുമാരും മഹല്ല് ഭാരവാഹികളും ശ്രമിക്കുന്നതോടൊപ്പം രക്ഷിതാക്കൾ മക്കളെ മതസേവകരാക്കാനുദ്ദേശിക്കുന്നുവെങ്കിൽ മതവിദ്യയും പ്രയോഗികജ്ഞാനവും ആത്മസംസ്കരണവും കൂടുതൽ സാധ്യമാകുന്ന പള്ളിദർസുകളിലെത്തിക്കണം. കേരളത്തിൽ സ്തുത്യർഹമായ നിലയിൽ നടന്നു വരുന്ന നമ്മുടെ ശരീഅത്ത് കോളേജുകളും മറ്റ് സ്ഥാപനങ്ങളും പ്രോത്സാഹിപ്പിക്കപ്പെടുന്നത് പോലെ പള്ളിദർസുകളെ പ്രോത്സാഹിപ്പിക്കാൻ നാം ബാധ്യസ്ഥരാണ്. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലുള്ളവർ ഇക്കാര്യം ശ്രദ്ധിക്കേണ്ടതാണ്.

Courtesy: Suprabhaatham Daily


| Sayyid Munavvar Ali Shihab Thangal |

കഴിഞ്ഞയാഴ്ച്ച കണ്ണൂരിൽ കണ്ണങ്കണ്ടി ഷോറൂം ഉൽഘാടന ചടങ്ങിന്ന് പോയതായിരുന്നു.അവിടെയുള്ള ചിലരൊക്കെ എന്റെ കൂടെ സെൽഫി എടുക്കുന്നുണ്ടായിരുന്നു.കണ്ടു നിന്ന കണ്ണങ്കണ്ടി പരീത്ക്കയുടെ പാർട്ണർ സലാംക്ക കണ്ണ് നിറച്ചു കൊണ്ടു പറഞ്ഞു 'ഇത് ഉപ്പയ്ക്കുള്ളതാട്ടോ,ഇത് ഓർക്ക് കൊടുക്കണംട്ടോ'..

ഞാനുൾപ്പെടെ ഞങ്ങളെല്ലാവരും ഉറച്ച് വിശ്വസിക്കുന്നു! ഞങ്ങൾക്ക് കിട്ടിക്കൊണ്ടിരിക്കുന്ന ഈ സ്നേഹവും ആദരവും അത് ബാപ്പയെ സ്നേഹിച്ച് കൊതി തീരാത്ത ജനതയുടേതാണ് എന്ന്. അവരുടെ ഹൃദയങ്ങളിലുള്ള ബാപ്പയുടെ സ്നേഹ സ്മരണകളാണ് അവർ ഞങ്ങളോടും പ്രകടിപ്പിക്കുന്നതെന്ന്..

ബാപ്പയുടെ അഭാവം ഞങ്ങളനുഭവിക്കുന്ന പോലെ അദ്ദേഹത്തിന്റെ സ്നേഹ ജനങ്ങളും അനുഭവിക്കുന്നു. ഞങ്ങളുടെ വീടിന്റെ പൂമുഖത്ത് വന്ന് വിതുമ്പി മടങ്ങുന്നവർ നിരവധി പേരുണ്ട്. ആ വിതുമ്പൽ കാണുമ്പോൾ നിയന്ത്രിക്കാനാവാതെ ഞങ്ങളും പൊട്ടിപോവുന്നു..
ബാപ്പ മരിച്ച് കുറച്ച് മാസങ്ങൾക്ക് ശേഷം തമിഴ്നാട്ടിൽ നിന്നും ഇടക്കൊക്കെ വന്നുകൊണ്ടിരുന്ന ഭാര്യയും ഭർത്താവും വീട്ടിൽ വന്നു. ഞാൻ പുറത്തിരിക്കുന്നുണ്ടായിരുന്നു.അവർ വന്ന് എന്നെ അഭിവാദ്യം ചെയ്തിട്ട് അവിടെ വരാന്തയിൽ നിന്നു. എന്നോട് ഒന്നും സംസാരിച്ചില്ല. കുറച്ച് കഴിഞ്ഞ് ഞാൻ വീട്ടിനുള്ളിലേക്ക് വന്നപ്പോൾ അവരും പിറകെ വന്നു. അപ്പോഴും അവർ ആരെയോ തിരയുകയാണ്. വീണ്ടും ബാപ്പയുടെ റൂമിനടുത്തൊക്കെ പോയി തിരിച്ചു വന്നു എന്നോട് 'തങ്കൾ എവിടെയിറുക്കെ' എന്ന് ചോദിച്ചു '
ഞാൻ പറഞ്ഞു. തങ്ങളില്ല, തങ്ങൾ ഇറന്തു പോയി (മരണപ്പെട്ടു )എന്ന്.പെട്ടൊന്ന് അവരാകെ തകർന്നതു പോലെ, അവിടെയിരുന്ന് അവർ പൊട്ടിക്കരഞ്ഞു.കരഞ്ഞുകൊണ്ട്, തീരാത്ത സങ്കട ഭാരത്താൽ അവരെന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.ഇങ്ങനെ ബാപ്പയുടെ മരണശേഷവും പലരും വീട്ടിൽ വരുന്നു.ബാപ്പയുടെ സാന്നിദ്ധ്യം ഓർത്തെടുക്കുന്നു. ആ ഓർമ്മകളിൽ കണ്ണീർ തൂവുന്നു.മരിച്ച് വർഷങ്ങൾക്കിപ്പുറവും ഇതാവർത്തിക്കുന്നു. ഇത് കാണുമ്പോൾ,വ്യത്യസ്ത മനുഷ്യരുമായി എത്രമാത്രം ആഴത്തിലുള്ള ആത്മീയ ബന്ധമാണ് പ്രിയപിതാവ് പുലർത്തിയിരുന്നതെന്ന് പലപ്പോഴും ഓർത്ത് പോവാറുണ്ട്. ആളുകളുമായി കാര്യ കാരണങ്ങളിൽ മാത്രം ഒതുക്കപ്പെട്ടിരുന്ന ഒരു ബന്ധമായിരുന്നില്ല അത്. അതിനപ്പുറത്തെ, ആത്മീയതലം ഓരോ ബന്ധങ്ങളിലും പിതാവും ജനങ്ങളുമായി നിലനിന്നിരുന്നതാണ് അദ്ദേഹത്തിന്റെ മരിക്കാത്ത ഓർമകൾ ഇന്നും അവർ മനസ്സിൽ താലോലിക്കാനുള്ള കാരണം. അതിരുകളും ഉപാധികളുമില്ലാത്ത സ്നേഹം ജനങ്ങൾക്ക് പകർന്നു നൽകിയാണ് അദ്ദേഹം കാലത്തിന്റെ മറുതീരത്തേക്ക് യാത്രയായത്.ഈ പരിശുദ്ധ മാസത്തിലടക്കം അത്തരത്തിലുള്ള നിരുപാധികമായ സ്നേഹം പരസ്പരം പങ്കിടാൻ നമുക്ക് കഴിയുന്നുണ്ടോ എന്നത് ചിന്തിക്കണം. നിബന്ധനകളും കാപട്യങ്ങളുമില്ലാത്ത സമ്പൂർണ്ണമായ സ്നേഹത്തിന്റെ വാഗ്ദാക്കളായി ഓരോ മനുഷ്യനും മാറുമ്പോൾ മാത്രമാണ് സമാധാനപൂർണ്ണമായ ലോകം ഉണ്ടാവുന്നത്. സർവ്വശക്തൻ അതിനായി നമ്മെ അനുഗ്രഹിക്കട്ടെ..


| Usthad C.K Abdurahman Faisy Aripra |

വാനലോക വാസികളുടെ കാവല്‍ക്കാരാണ് നക്ഷത്രങ്ങള്‍. അവര്‍ നശിച്ചാല്‍ വാനലോകം നശിച്ചു. അതു പോലെ ഭൂവാസികളുടെ കാവലാളുകളാണ് എന്റെ കുടുംബം. അവര്‍ പോയാല്‍ ഈ ഭൂമിയും പോയി. (അഹ്മദ്) അഹ്‌ലുബൈത്തിന്റെ പരമ്പര അന്ത്യനാള്‍ വരെ അവശേഷിക്കുമെന്ന് തന്നെയാണ് നബി വചനങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്. നബി (സ) തങ്ങള്‍ തന്നെ പറയുന്നതായി സൈദ്ബ്‌നു അര്‍ഖം വഴി ഇമാം മുസ്‌ലിം (റ)ഉദ്ധരിക്കുന്നു: ഞാന്‍ നിങ്ങള്‍ക്ക് മഹത്തരമായ രണ്ടെണ്ണം നല്‍കി പോകുന്നു. ഒന്ന് അല്ലാഹുവിന്റെ ഗ്രന്ഥമായ ഖുര്‍ആന്‍, രണ്ട് എന്റെ സന്താനപരമ്പരയും. ജാബിര്‍ (റ) വഴി ഇമാം തുര്‍മുദി (റ) ഉദ്ധരിക്കുന്നു : അവസാനത്തെ ഹജ്ജില്‍ അറഫയില്‍ നബി (സ) തങ്ങള്‍ ഇങ്ങനെ പ്രസംഗിച്ചു :  രണ്ടു കാര്യം ഞാന്‍ നിങ്ങള്‍ക്ക് നല്‍കി പോകുന്നു. അതു രണ്ടും നിങ്ങള്‍ അടിസ്ഥാനമാക്കിയാല്‍ മതത്തില്‍ വഴി പിഴക്കില്ല. ഒന്ന് അല്ലാഹുവിന്റെ ഗ്രന്ഥം, മറ്റൊന്ന് എന്റെ പരമ്പര.
    അന്ത്യനാള്‍ വരെ മുസ്‌ലിം ലോകത്തിന് മാര്‍ഗദര്‍ശനമായി ഖുര്‍ആനും പ്രവാചക പരമ്പരയും രണ്ടും ആവശ്യമാണെന്ന് ഇവിടെ വ്യക്തമായി. എങ്കില്‍ ഖുര്‍ആന്‍ പോലെ അന്ത്യനാള്‍ വരെ ഈ പരമ്പരയും നിലനില്‍ക്കണം. അല്ലെങ്കില്‍ മതത്തില്‍ വഴി പിഴക്കാതിരിക്കാന്‍ നബി (സ) നല്‍കിയ രണ്ടു വഴികളില്‍ ഒന്ന് നഷ്ടമായെന്ന് പറയേണ്ടി വരും. ഇസ്‌ലാമിനെ അന്ത്യനാള്‍ വരെ അല്ലാഹു സംരക്ഷിക്കുമെങ്കില്‍ മതത്തില്‍ പിഴക്കാതിരിക്കാന്‍ നബി (സ) തങ്ങള്‍ നിര്‍ദേശിച്ച ഈ രണ്ട് കാര്യങ്ങളെയും അല്ലാഹു സംരക്ഷിക്കാതിരിക്കുമോ ? ഇല്ല. പക്ഷെ നബി (സ) തങ്ങളുടെ ആണ്‍ മക്കളെല്ലാം ചെറുപ്പത്തിലെ വഫാത്തായതിനാല്‍ അവരിലൂടെ പരമ്പരയില്ലെന്നുറപ്പാണ്. പെണ്‍ മക്കളുടെ സന്താനങ്ങള്‍ അവരുടെ പിതാക്കളിലേക്കാണ് സാധാരണ ചേര്‍ക്കപ്പെടാറുള്ളത്. ഇമാം ത്വബ്‌റാനി (റ) ഉദ്ദരിക്കുന്ന ഹദീസില്‍ നബി (സ) തങ്ങള്‍ ഇപ്രകാരം പറഞ്ഞതായി കാണാം. അല്ലാഹു പ്രവാചകന്മാരുടെ പരമ്പര സംരക്ഷിച്ചത് പ്രവാചകന്മാരിലൂടെ തന്നെയാണ്. എന്നാല്‍ എന്റെ പരമ്പര അലിയിലൂടെയാണ് അല്ലാഹു സംരക്ഷിക്കുന്നത്.
    ബുഖാരി മുസ്‌ലിം ഏകോപിച്ചുദ്ധരിക്കുന്ന ഒരു ഹദീസില്‍ നബി തങ്ങള്‍ അലി (റ)യോട് പറയുന്നു: ഞാനും നീയും തമ്മില്‍ മൂസാ നബി (അ) യും ഹാറൂന്‍ നബി (അ) യും തമ്മിലുള്ള ബന്ധമാണ്. പക്ഷേ എനിക്ക് ശേഷം പ്രവാചകരില്ല. തന്റെ ദൗത്യനിര്‍വഹണത്തിന് സഹായകമായി സഹോദരന്‍ ഹാറൂന്‍(അ)നെ കൂടെ അയക്കണമെന്ന് മൂസാ നബി (അ) അല്ലാഹുവിനോട് ആവശ്യപ്പെട്ടത് ഖുര്‍ആനിലുണ്ട്. ഇത് തന്നെയാണ് ഈ ഹദീസ് സൂചിപ്പിക്കുന്നതും. നബി (സ) യുടെ സ്ഥാനത്താണ് അഹ്‌ലുബൈത്ത് പ്രവര്‍ത്തിക്കുന്നതെന്ന് ഇപ്പോള്‍ നമുക്ക് വ്യക്തമായി. മുഹമ്മദ് നബി (സ)യെ തന്റെ പരമ്പരയില്‍ നിങ്ങള്‍ സൂക്ഷിക്കുക എന്ന ബുഖാരിയുടെ ഹദീസും മേല്‍പറഞ്ഞ കാര്യങ്ങളെ ബലപ്പെടുത്തുന്നു. ചുരുക്കത്തില്‍ ഇന്ന് ലോകത്ത് അഹ്‌ലുബൈത്ത് ഇല്ല, അവര്‍ കര്‍ബലയില്‍ നാമാവശേഷമായി എന്ന പുത്തന്‍വാദികളുടെ ജല്‍പനത്തില്‍ യാതൊരു കഴമ്പുമില്ലെന്ന് ഈ ഹദീസുകള്‍ മനസ്സിലാക്കിത്തരുന്നു. ചരിത്രപരമായ വിവരണത്തിലേക്ക് കടക്കുന്നതിന് മുമ്പ് അഹ്‌ലുബൈത്ത് ആരാണെന്ന് പരിശോധിക്കാം.
    അഹ്‌ലുബൈത്ത് ആരെന്ന വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. സൈദ്ബ്‌നു അര്‍ഖം (റ) വില്‍ നിന്ന് ഇമാം മുസ്‌ലിം (റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ ഇപ്രകാരം കാണാം. നബി (സ) തങ്ങളുടെ ഭാര്യമാരും സന്താനങ്ങളും അഹ്‌ലുബൈത്തില്‍ പെട്ടവരാണ്. മാത്രമല്ല, സകാത്ത് സ്വീകരിക്കല്‍ നിശിദ്ധമാക്കപ്പെട്ടവരും അഹ്‌ലുബൈത്തില്‍ പെട്ടവര്‍ തന്നെ. അലി (റ)യുടേയും ജഅ്ഫര്‍ (റ)ന്റെയും അഖീല്‍ (റ)ന്റെയും അബ്ബാസ് (റ) ന്റെയും പരമ്പരയാണവര്‍. ചുരുക്കത്തില്‍ ഹാശിം സന്തതികളില്‍ നിന്ന് ഇസ്‌ലാം സ്വീകരിച്ചവരെല്ലാം അഹ്‌ലുബൈത്താണെന്നാണ് ഹനഫീ മദ്ഹബ്. എന്നാല്‍ മുത്വലിബ് സന്തതികളും അഹ്‌ലുബൈത്താണെന്നാണ് ശാഫീ പക്ഷം. ഹാശിം, മുത്വലിബ് സന്തതികളെ അഹ്‌ലുബൈത്തില്‍ എണ്ണുന്ന പക്ഷം അഹ്‌ലുബൈത്തിന്റെ പരമ്പര അറ്റുപോയെന്ന ആരോപണം അര്‍ത്ഥശൂന്യമാണ്. ഈ വാദത്തിനാധാരമായി യാതൊരു ചരിത്ര പശ്ചാത്തലവുമില്ലാത്തതിനാല്‍ തന്നെ ആരോപണത്തില്‍ കഴമ്പില്ലെന്നും, എന്തെങ്കിലുമൊക്കെ ആരോപിക്കുക എന്ന ദുരുദ്ദേശത്തില്‍ നിന്നുത്ഭവിച്ചതാണീ അരോപണമെന്നും നമുക്ക് മനസ്സിലാക്കാം. അത്‌കൊണ്ട് തന്നെ ഇതിന് നാം മറുപടി പറയേണ്ടതില്ല. എന്നാല്‍ നബി (സ) തങ്ങളുടെ ഭാര്യമാരും സന്താനങ്ങളും, ഹസന്‍ (റ), ഹുസൈന്‍(റ), അലി (റ) എന്നിവര്‍ മാത്രമാണ് അഹ്‌ലുബൈത്തെന്നതാണ് ഇമാം റാസി (റ) യുടെ അഭിപ്രായം. ഇതുപ്രകാരം മാത്രമേ പരമ്പര ഇന്ന് നിലനില്‍ക്കുന്നുണ്ടോ അതോ, ഇല്ലേ എന്ന ചര്‍ച്ചക്ക് ചെറിയൊരു പഴുതുള്ളൂ. കാരണം കര്‍ബലയില്‍ ഇബ്‌നു സിയാദിന്റെ ആയിരക്കണക്കിന് വരുന്ന സൈന്യത്തിന് കീഴടങ്ങാതെ ഏറ്റു മുട്ടി ധീരരക്തസാക്ഷിത്വം വരിച്ചവരില്‍ നബി കുടുംബത്തില്‍ പെട്ട ധാരാളം പേരുണ്ടായിരുന്നുവെന്നത് ചരിത്രയാഥാര്‍ത്യമാണ്. അത് കൊണ്ടായിരിക്കാം കര്‍ബല യുദ്ധത്തോടെ നബി കുടുംബം അവസാനിച്ചുവെന്ന് ചില അല്‍പജ്ഞാനികള്‍ വിലയിരുത്തുന്നത്. ചരിത്രപരമായ അറിവില്ലായ്മയില്‍ നിന്നോ അഹ്‌ലുബൈത്തിനോടുള്ള അന്ധമായ വിരോധത്തില്‍ നിന്നോ ഉത്ഭവിച്ചതാണീ ആരോപണമെന്ന് അല്‍പമെങ്കിലും ചരിത്രജ്ഞാനമുള്ളവര്‍ക്ക് മനസ്സിലാകും. നബി (സ) തങ്ങളുടെ സന്താനങ്ങളില്‍ ആരുടെയൊക്കെ പരമ്പര ഇന്ന് നിലനില്‍ക്കുന്നുണ്ട് എന്നതിന് ചരിത്രപരമായ വിവരണം ആവശ്യമാണ്. നബി (സ)തങ്ങളുടെ മക്കളില്‍ ആരൊക്കെ വിവാഹിതരായി, ആര്‍ക്കൊക്കെ സന്താനങ്ങളുണ്ടായി എന്ന് നോക്കാം.
    ഖാസിം,അബ്ദുള്ള,ഇബ്‌റാഹീം എന്നിവരാണ് നബി (സ) തങ്ങളുടെ ആണ്‍ മക്കള്‍. ഇവരില്‍ ഖാസിം(റ) നുബുവ്വത്തിന് മുമ്പ് ജനിക്കുകയും മുലകുടി പ്രായത്തില്‍ തന്നെ വഫാത്താവുകയും ചെയ്തു. ഈ പുത്രനിലേക്ക് ചേര്‍ത്തിയാണ് നബി (സ) തങ്ങള്‍ അബുല്‍ ഖാസിം എന്ന് വിളിക്കപ്പെട്ടിരുന്നത്. അബ്ദുള്ള(റ) നുബുവ്വത്തിന് ശേഷമാണ് ജനിച്ചത്. അവരും മുലകുടി പ്രായത്തില്‍ വഫാത്തായി ഇവര്‍ രണ്ട് പേരും ഖദീജ ബീവി (റ) യിലുള്ള പുത്രന്‍മാരാണ്. മാരിയതുല്‍ ഖിബ്തിയ്യ(റ) എന്ന അടിമ സ്ത്രീയില്‍ നബി (സ) തങ്ങള്‍ക്ക് ജനിച്ച പുത്രനാണ് ഇബ്‌റാഹീം(റ). ഒന്നര വയസ്സ് പ്രായമുള്ളപ്പോള്‍ ഈ കുട്ടിയും മരണമടഞ്ഞു. ചുരുക്കത്തില്‍ ആണ്‍ മക്കളിലൂടെ നബി (സ) തങ്ങള്‍ക്ക് സന്താന പരമ്പരയില്ല.
    സൈനബ്(റ), റുഖിയ്യ, ഉമ്മുകുല്‍സൂം, ഫാത്തിമ എന്നിവരാണ് നബി (സ) തങ്ങളുടെ പുത്രിമാര്‍. സൈനബയെ അബുല്‍ ആസ്വ്ബ്‌നു റബീഅ് വിവാഹം ചെയ്തു. ഇവര്‍ക്ക് അലി എന്ന പുത്രനും ഉമാമ എന്ന പുത്രിയും ജനിച്ചു. അലി പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പേ മരണപ്പെട്ടു. ഉമാമയെ ഫാത്തിമ ബീവി (റ) യുടെ വഫാത്തിന് ശേഷം അലി (റ) വിവാഹം കഴിച്ചു. ഈ ദാമ്പത്യത്തില്‍ മുഹമ്മദ് ഔസത് എന്ന പുത്രന്‍ പിറന്നു. പക്ഷേ പരമ്പരയില്ല. അലി (റ)വിന്റെ വസ്വിയ്യത്ത് പ്രകാരം അദ്ദേഹത്തിന്റെ വഫാത്തിന് ശേഷം മഹതി മുഗൈറ ബിന്‍ നൗഫല്‍ ബ്‌നു ഹാരിഫ് ബിന്‍ അബ്ദുല്‍ മുത്വലിബിനെ ഭര്‍ത്താവായി സ്വീകരിച്ചു.  ഈ ദാമ്പത്യബന്ധത്തില്‍ സന്താനങ്ങളുണ്ടായിട്ടില്ല. അത്‌കൊണ്ട്തന്നെ പുത്രി സൈനബി(റ)ലൂടെയുള്ള നബി പരമ്പര നിലനില്‍ക്കുന്നില്ല.
    റുഖിയ ബീവിയെ ഉസ്മാന്‍ (റ) വിവാഹം കഴിച്ചു. അവര്‍ക്ക് അബ്ദുള്ളാ എന്ന പുത്രന്‍ പിറന്നെങ്കിലും ചെറുപ്പത്തിലേ വഫാത്തായി. ഹിജ്‌റ രണ്ടാം വര്‍ഷം റുഖിയ്യാ ബീവിയും വഫാത്തായി. ശേഷം ഉമ്മു കുല്‍സൂമിനെ ഉസ്മാന്‍(റ) വിവാഹം കഴിച്ചു. രണ്ടു നബി പുത്രിമാരെ വിവാഹം കഴിച്ചതുകൊണ്ടാണ്, രണ്ടു പ്രകാശത്തിനുടമ എന്നര്‍ത്ഥം വരുന്ന ദുന്നൂറൈന്‍ എന്ന സ്ഥാനപ്പേര് അദ്ദേഹത്തിന് ലഭിച്ചത്. പക്ഷേ ഈ ദാമ്പത്യബന്ധത്തില്‍ സന്താന സൗഭാഗ്യമുണ്ടായില്ല. ചുരുക്കത്തില്‍ സൈനബ്(റ), റുഖിയ്യ(റ), ഉമ്മുകുല്‍സൂം(റ) എന്നീ മൂന്ന് പുത്രിമാരിലൂടെയും ഒരു കുടുംബ ശൃംഖല രൂപപ്പെടുന്നില്ല.
    ഇനി ഫാത്തിമ ബീവിയുടെ പരമ്പരയിലേക്ക് കടക്കാം. ബീവിയെ അലി (റ) വിവാഹം ചെയ്തു. അലി (റ), ഫാത്തിമ (റ) ദമ്പതികളുടെ സന്താനങ്ങളിലൂടെയാണ് ഇന്ന് ലോകത്ത് നിലനില്‍ക്കുന്ന അഹ്‌ലുബൈത്ത് മുഴുവനും നബി(സ)തങ്ങളിലേക്ക് എത്തിച്ചേരുന്നത്. പുത്രന്മാരിലൂടെയാണ് പരമ്പര നിലനില്‍ക്കേണ്ടത്. എന്നാല്‍ പുത്രിയിലൂടെ പരമ്പര സംരക്ഷിക്കപ്പെടുന്നത് നബി (സ) തങ്ങളുടെ പ്രത്യേകതയാണ്.
    നബി (സ) തങ്ങളുടെ പ്രിയപ്പെട്ട പിതൃവ്യന്റെ മകനാണല്ലോ അലി (റ). നബി (സ) തങ്ങളും അലി (റ) തമ്മിലുള്ള ആത്മ ബന്ധം പ്രസിദ്ധമാണല്ലോ. അദ്ദേഹം വളര്‍ന്നത് നബി (സ) തങ്ങളുടെ വീട്ടിലാണ്. ചെറുപ്പത്തിലേ ഇസ്‌ലാം സ്വീകരിച്ചു. ഞാന്‍ ജ്ഞാനപട്ടണമാണെന്നും അതിലേക്കുള്ള കവാടം അലിയാണെന്നും നബി(സ) തങ്ങള്‍ പറഞ്ഞിട്ടുണ്ട്. മൂസാ നബിയും ഹാറൂന്‍ നബിയും തമ്മിലുള്ള ബന്ധമാണ് ഞാനും അലിയും തമ്മിലെന്ന് നബി (സ) തങ്ങള്‍ പറഞ്ഞത് മുമ്പ് വിവരിച്ചല്ലോ. മദീനയില്‍ മുഹാജിറുകള്‍ക്കിടയിലും അന്‍സാറുകള്‍ക്കിടയിലും സാഹോദര്യ ബന്ധം സ്ഥാപിച്ചപ്പോള്‍ നബി(സ) തങ്ങള്‍ അലി(റ)യെ മാറ്റി നിര്‍ത്തി. കാരണമന്വേഷിച്ചപ്പോള്‍ അലി(റ)  ഇരുലോകത്തും എന്റെ സഹോദരനാണെന്നായിരുന്നു നബി(സ) തങ്ങളുടെ മറുപടി. അലി എന്നില്‍ നിന്നും ഞാന്‍ അലിയില്‍ നിന്നുമാണെന്ന ഹദീസും ഫാത്തിമ എന്റെ ശരീരത്തിന്റെ ഭാഗമാണെന്ന ഹദീസും ഇവിടെ നാം ഓര്‍ക്കേണ്ടതാണ്. നബി (സ) തങ്ങളോടും ഫാത്തിമ ബീവിയോടുമുള്ള അഭേദ്യ ബന്ധത്താല്‍ അലി (റ) യും അഹ്‌ലുബൈത്തില്‍ പെട്ടുവെന്നാണ് ഇമാം റാസി തന്റെ തഫ്‌സീറുല്‍ കബീറില്‍ രേഖപ്പെടുത്തിയത്.
    ഒരിക്കല്‍ നബി (സ) തങ്ങള്‍ അലി (റ), ഫാത്തിമ (റ), ഹസന്‍(റ), ഹുസൈന്‍(റ) എന്നിവരെ അരികില്‍ വിളിച്ച് വരുത്തി ' പടച്ചവനെ ഇവരാണ് എന്റെ അഹ്‌ലുബൈത്ത് എന്ന് പ്രഖ്യാപിക്കുകയുണ്ടായി. ഈ സംഭവം സഅ്ദുബ്‌നു അബീ വഖാസ് (റ),ആഇശാ (റ) എന്നിവരില്‍ നിന്ന് ഇമാം മുസ്‌ലിം(റ) സ്വഹീഹില്‍ ഉദ്ധരിച്ചിട്ടുണ്ട്. ഇവര്‍ നാലുപേരുമാണ് അഹ്‌ലുബൈത്തെന്നതിന് ധാരാളം ഹദീസുകളുടെ പിന്‍ബലമുണ്ട്.
    ഇനി ഇവരുടെ സന്താനപരമ്പര നിലനില്‍ക്കുന്നുണ്ടോ അതോ കര്‍ബല യുദ്ധത്തോടെ പരമ്പര മുറിഞ്ഞ് പോയോ എന്ന് പരിശോധിക്കാം.
അലി (റ) ഫാത്തിമ (റ) ദമ്പതികള്‍ക്ക് ഹസന്‍(റ), ഹുസൈന്‍(റ), മുഹ്‌സിന്‍(റ) എന്നീ പുത്രന്മാരും സൈനബ്(റ), ഉമ്മുകുല്‍സൂം(റ), റുഖിയ്യ(റ) എന്നീ പുത്രിമാരും പിറന്നു. ഇവരില്‍ മുഹ്‌സിനും റുഖിയ്യയും ചെറുപ്പത്തില്‍ വഫാത്തായി. ഉമ്മുകുല്‍സൂമിനെ ഉമര്‍(റ) വിവാഹം ചെയ്തു. ഇവര്‍ക്ക് സൈദ് അക്ബര്‍ എന്ന പുത്രന്‍ പിറന്നു. പക്ഷേ ഇദ്ദേഹത്തിന് സന്താനപരമ്പരയില്ല. സൈനബിനെ പിതൃ സഹോദരന്‍ ജഅ്ഫര്‍ (റ) വിന്റെ പുത്രന്‍ അബ്ദുള്ളാ വിവാഹം കഴിക്കുകയും സന്താനങ്ങളുണ്ടാകുകയും ചെയ്തു. ഈ പരമ്പര ഇന്നും നിലനില്‍ക്കുന്നു. പക്ഷേ ഇത് നബി പുത്രിയുടെ പരമ്പരയല്ല. പൗത്രിയുടെതാണ്. ഹസന്‍ ഹുസൈന്‍ പരമ്പരയുടെ ശ്രേഷ്ടത ഈ പരമ്പരക്കില്ല. ഫാത്തിമ ബീവിയുടെ ആണ്‍മക്കളിലൂടെയുള്ള പരമ്പരയാണ് നബി പരമ്പരയായി എണ്ണപ്പെടുക. കാരണം പുത്രിയിലൂടെ പരമ്പര നില്‍ക്കല്‍ നബി(സ)യുടെ മാത്രം പ്രത്യേകതയാണ്. ഈ പ്രത്യേകത മഹതി ഫാത്തിമ(റ)ക്കില്ല. അതു കൊണ്ട് തന്നെ ഫാത്തിമ (റ)യുടെ മകളായ സൈനബി(റ)ന്റെ പരമ്പരക്ക് മഹതിയുടെ ആണ്‍മക്കളായ ഹസന്‍, ഹുസൈന്‍ എന്നിവര്‍ വഴിയുള്ള പരമ്പരയുടെ മഹത്വം ഉണ്ടാകില്ലെന്നുറപ്പാണ്.
    അഹ്‌ലുബൈത്തിന്റെ സുപ്രധാന പരമ്പരകള്‍ മുഴുവനും ഹസന്‍(റ) ഹുസൈന്‍(റ) വഴി നബിയിലേക്കെത്തിച്ചേരുന്നവയാണ്. ഹിജ്‌റ മൂന്നാം വര്‍ഷം റമളാന്‍ പതിനഞ്ചിനാണ് ഹസന്‍ (റ) ജനിക്കുന്നത്. ഹിജ്‌റ അമ്പതില്‍ വഫാത്താകുകയും ചെയ്തു.
    സൈദ്, ഉമ്മുല്‍ഹംസ, ഉമ്മുല്‍ ഹുസൈന്‍, ഹസന്‍ രണ്ടാമന്‍, ഉമര്‍, ഖാസിം, അബ്ദുള്ള, അബ്ദുറഹ്മാന്‍, ത്വല്‍ഹത്, ഹുസൈന്‍, ഫാത്തിമ, ഉമ്മുസലമ, റുഖിയ്യ എന്നിവരാണ് ഹസന്‍ (റ)വിന്റെ സന്താനങ്ങള്‍. ഉമര്‍, ഖാസിം, അബ്ദുല്ല എന്നിവര്‍ ഹുസൈന്‍(റ) വിന്റെ കൂടെ കര്‍ബലയില്‍ രക്തസാക്ഷികളായി. ഇവരില്‍ സൈദ്, ഹസന്‍ രണ്ടാമന്‍ എന്നിവര്‍ക്ക് മാത്രമേ പരമ്പരയുള്ളൂ. സൈദ് ഹിജ്‌റ നൂറ്റി ഇരുപതിലും ഹസന്‍ തൊണ്ണൂറ്റി ഏഴിലും വഫാത്തായി. ഹസന്‍ രണ്ടാമന് അബ്ദുള്ളാഹില്‍ മഹ്ദ്, ഹസന്‍ മൂന്നാമന്‍ എന്നീ സന്തതികള്‍ പിറന്നു. ഇതില്‍ അബ്ദുള്ളാഹില്‍ മഹ്ദിന് മുഹമ്മദു ഹഫ്‌സുസ്സമിയ്യ, ഇബ്‌റാഹീം, ഇദ്‌രീസ്, മൂസാ, സുലൈമാന്‍, എന്നീ സന്തതികള്‍ പിറന്നു. ഹസന്‍ (റ)ന്റെ മകന്‍ സൈദിന് ധാരാളം സന്താനങ്ങളുണ്ടായി. നഫീസത്ത് ബീവിയുടെ പിതാവായ ഹസന്‍ അന്‍വര്‍ അവരില്‍ പ്രധാനിയാണ്. ഇവരുടെ സന്താന പരമ്പരയാണ് ഹസനികള്‍.
    ഹിജ്‌റ നാലാം വര്‍ഷം ശഅ്ബാന്‍ അഞ്ചിനാണ്  ഹുസൈന്‍ (റ) ജനിക്കുന്നത്. ഹിജ്‌റ അറുപത്തൊന്ന് മുഹറം പത്തില്‍ കര്‍ബലയില്‍ വെച്ച് ധീര രക്തസാക്ഷിത്വം വരിച്ചു. അലി അക്ബര്‍, അലി അസ്ഹര്‍ (സൈനുല്‍ ആബിദീന്‍) അബ്ദുള്ള, സകീന, ഫാത്വിമ എന്നിവരാണ് ഹുസൈന്‍ (റ)ന്റെ സന്താനങ്ങള്‍. ഇതില്‍ അലി അക്ബറും അബ്ദുളളയും പിതാവിനോട് കൂടെ കര്‍ബലയില്‍ ശഹീദായി. സൈനുല്‍ ആബിദീന്‍ രോഗബാധിതനായതിനാല്‍ യുദ്ധത്തില്‍ പങ്കെടുത്തിരുന്നില്ല. ഇദ്ദേഹം മരണപ്പെടുന്നത് ഹിജ്‌റ തൊണ്ണൂറിന് ശേഷമാണ്. കര്‍ബല യുദ്ധം ഹിജ്‌റ അറുപത്തിഒന്നിലായിരുന്നല്ലോ. ചരിത്രത്തില്‍ നേരിയ അഭിപ്രായ ഭിന്നതകള്‍ ഉണ്ടെങ്കിലും സൈനുല്‍ ആബിദീന്‍(റ) കര്‍ബലക്ക് ശേഷവും ജീവിച്ചിട്ടുണ്ടെന്നതില്‍ അഭിപ്രായ ഭിന്നതയില്ല. ഇദ്ദേഹത്തിന് ധാരാളം സന്തതികളുണ്ട്. മുഹമ്മദുല്‍ ബാഖിര്‍ അവരില്‍ പ്രധാനിയാണ്. ഇവരുടെ പരമ്പരയാണ് ഹുസൈനികള്‍ എന്നറിയപ്പെടുന്നത്.
    ചുരുക്കത്തില്‍ അഹ്‌ലുബൈത്തിന്റെ പരമ്പര ഹസന്‍ രണ്ടാമന്‍ സൈദ് എന്നിവര്‍ വഴി ഹസ്‌റത്ത് ഹസനിലും സൈനുല്‍ ആബിദീന്‍ വഴി ഹസ്‌റത്ത് ഹുസൈനിലും എത്തിച്ചേരുന്നു. ഉദാഹരണത്തിന് മുഹ്‌യുദ്ദീന്‍ ശൈഖിന്റെ പരമ്പര എടുക്കാം. ശൈഖിന്റെ പരമ്പര പിതാവ് വഴി ഹസന്‍ (റ)വിലും മാതാവ് വഴി ഹുസൈന്‍ (റ)വിലും എത്തിച്ചേരുന്നു. പരമ്പര പിതാവ് വഴി: 1- മുഹമ്മദ് (സ), 2- സയ്യിദ ഫാത്വിമ, 3- സയ്യിദ് ഹസന്‍, 4- സയ്യിദ് ഹസന്‍ രണ്ടാമന്‍, 5- സയ്യിദ് അബ്ദുള്ളാ മഹ്‌സ്, 6- സയ്യിദ് മൂസല്‍ ജൗന്‍, 7-സയ്യിദ് അബ്ദുള്ള രണ്ടാമന്‍, 8-സയ്യിദ് മൂസാ രണ്ടാമന്‍, 9-സയ്യിദ് ദാവൂദ്, 10-സയ്യിദ് മുഹമ്മദ്, 11-സയ്യിദ് യഹ്‌യ സാഹിദ്, 12-സയ്യിദ് അബ്ദുള്ള, 13-സയ്യിദ് അബൂസ്വാലിഹ് മൂസ, 14-ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി. പരമ്പര മാതാവ് വഴി: 1- മുഹമ്മദ് (സ), 2-സയ്യിദ ഫാത്വിമ 3-സയ്യിദ് ഹുസൈന്‍ 4-സയ്യിദ് സൈനുല്‍ ആബിദീന്‍ 5-സയ്യിദ് മുഹമ്മദ് ബാഖിര്‍ 6-സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് 7-സയ്യിദ് മൂസല്‍ കാളിം 8-സയ്യിദ് അലി രിളാ 9-സയ്യിദ് മുഹമ്മദുല്‍ ജവാദ് 10-സയ്യിദ് കമാലുദ്ദീന്‍ ഈസ 11-സയ്യിദ് അബ്ദുല്‍ അതാ അബ്ദുല്ല 12-സയ്യിദ്  മഹ്മൂദ് 13- സയ്യിദ് മുഹമ്മദ് 14-സയ്യിദ് അബ്ദുല്ല സാഹിദ് 15-സയ്യിദ ഉമ്മുല്‍ ഖൈര്‍ ഫാത്വിമ 16-ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി(റ). നമ്മുടെ കേരളത്തിലും ഇപ്രകാരം കൃത്യമായ പരമ്പരയുള്ള അഹ്‌ലുബൈത്തുണ്ട്. ഉദാഹരണത്തിന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പരമ്പര ഹുസൈന്‍ (റ)വിലേക്കെത്തിച്ചേരുന്നു. പരമ്പര:  1-മുഹമ്മദ് (സ),2-സയ്യിദ ഫാത്വിമ,3- സയ്യിദ് ഹുസൈന്‍,4-സയ്യിദ് സൈനുല്‍ ആബിദീന്‍,5-സയ്യിദ് മുഹമ്മദുല്‍ ബാഖിര്‍,6-സയ്യിദ് ജഅ്ഫറുസ്വാദിഖ്,7-സയ്യിദ് അലിയ്യുല്‍ ഉറൈളി,8-സയ്യിദ് മുഹമ്മദ് (റ),9-സയ്യിദ് ഈസന്നഖീബ്,10-സയ്യിദ് അഹ്മദുല്‍ മുഹാജിര്‍,11-സയ്യിദ് ഉബൈദുല്ലാ,12-സയ്യിദ് അലവിയ്യുല്‍ മുഖ്തസിര്‍,13-സയ്യിദ് മുഹമ്മദ് സാഹിബുസ്സൗമഅ,14-സയ്യിദ് അലവി, 15-സയ്യിദ് അലിയ്യുല്‍ ഖാലിഉല്‍ ഖസം,16-സയ്യിദ് മുഹമ്മദ് സ്വാഹിബ് മിര്‍ബാത്വ്,17-സയ്യിദ് അലിയ്യ്,18-സയ്യിദ് മുഹമ്മദുല്‍ ഫഖീഹുല്‍ മുഖദ്ദം,19-സയ്യിദ് അലവി,20-സയ്യിദ് അലി,21-സയ്യിദ് മുഹമ്മദ് മൗലദ്ദവീല,22-സയ്യിദ് അബ്ദുറഹ്മാന്‍ സഖാഫ്,23-സയ്യിദ് അബൂബക്കര്‍ സക്‌റാന്‍,24-സയ്യിദ് ശൈഖ് അലി,25-സയ്യിദ് അബ്ദുറഹ്മാന്‍,26-സയ്യിദ് അഹ്മദ് ശിഹാബുദ്ധീന്‍,27-സയ്യിദ് ഉമര്‍,28- സയ്യിദ് ശിഹാബുദ്ധീന്‍,29- സയ്യിദ് മുഹമ്മദ്,30-സയ്യിദ് അലവി,31-സയ്യിദ് മുഹമ്മദ്,32-സയ്യിദ് അലി,33-സയ്യിദ് അഹ്മദ്,34- സയ്യിദ് അലി,35-സയ്യിദ് ഹുസൈന്‍ മുല്ലക്കോയ തങ്ങള്‍,36-സയ്യിദ് മുഹ്‌ളാര്‍ തങ്ങള്‍,37-സയ്യിദ് ഹുസൈന്‍ ആറ്റക്കോയ തങ്ങള്‍,38-സയ്യിദ് മുഹമ്മദ് കോയഞ്ഞിക്കോയ തങ്ങള്‍,39-സയ്യിദ് പി.എം.എസ്.എ പൂക്കോയ തങ്ങള്‍,40-സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. പിതാമഹന്മാരുടെ പേരിലേക്കോ അവര്‍ താമസിച്ചിരുന്ന സ്ഥലത്തേക്കോ ചേര്‍ത്തി പേര് വിളിക്കപ്പെടുന്ന നിരവധി ഖബീലകള്‍ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരന്ന് കിടക്കുകയാണ്. ആ പരമ്പര അന്ത്യനാള്‍ വരെ നിലനില്‍ക്കുകയും ചെയ്യും. നബി (സ) തങ്ങളുടെ പരമ്പര കര്‍ബലയില്‍ അറ്റ് പോയെന്ന് ആരോപിക്കുന്നവര്‍ക്കും അവരുടെ ഈ പൊള്ളവാദത്തിനും പരമ്പരയില്ലെന്നതാണ് യാഥാര്‍ത്ഥ്യം.


   ബി(സ) പറഞ്ഞു അന്തനാളടുക്കുമ്പോള്‍ ഭക്ഷണതളികയിലേക്ക് ചുറ്റുമുള്ളവര്‍ എപ്രകാരമാണോ കൈ നീട്ടുക അപ്രകാരം  എന്റെ സമുദായത്തിന്റെ മേല്‍ അക്രമം വ്യാപിക്കും, അപ്പോള്‍ സ്വഹാബാക്കള്‍ ചോദിച്ചു  അന്ന് മുസ്ലീംകള്‍ ലോകത്ത് അത്രമേല്‍ കുറവായിരിക്കുമോ ? (കാരണം മുസ്ലീങ്ങളുടെ അപ്പോഴുള്ള വളര്‍ച്ചാഘട്ടത്തില്‍ പോലും ശത്രുക്കള്‍ അവരെ ബഹുമാനിച്ചിരുന്നു) നബി(സ)പറഞ്ഞു ഇല്ല എണ്ണത്തിലവര്‍ കുറവായിരിക്കില്ല. പക്ഷേ അവര്‍ പുഴയിലെ ചണ്ടി പോലെയായിരിക്കും ഒഴുക്ക് എവിടെക്കാണോ അവിടെക്ക് ഒഴുകി കൊണ്ടിരിക്കും.
പരിശുദ്ധ പ്രവാചകന്റെ 1400 വര്‍ഷം പഴക്കമുള്ള ഈ വാക്കുകളെ അന്വര്‍ത്ഥമാക്കുന്ന പ്രവണതകളാണ് ഇന്ന് നവീനലോകത്ത് കണ്ടുകൊണ്ടിരിക്കുന്നത്. പുതുയുഗത്തിന്റെ അഷ്ടദിക്കുകളില്‍ മുസ്‌ലിമായി എന്ന ഒറ്റ കാരണം കൊണ്ട് കോടികണക്കിനാളുകളാണ് ദുഃഖത്തിലും ദുരിതത്തിനും അടിമപ്പെട്ടുകൊണ്ടിരിക്കുന്നത്. മനുഷ്യനെന്ന പരിഗണപോലും ഇവര്‍ക്ക്‌നല്‍കുന്നില്ല എന്നത് ദുഃഖഹേതുവായ നഗ്നസത്യമാണ്. ഇതില്‍ പുറംലോകം അറിയുന്നതും അറിയാത്തതുമുണ്ട്. പുറലോകമറിയുന്നതിനെതിരെ പ്രതിക്ഷേധങ്ങള്‍ സ്വഭാവികമായി കുറഞ്ഞസമയത്തിനു വേണ്ടിയാണങ്കിലും ഉയരാറുണ്ട്. എന്നാല്‍ പുറം ലോകമറിയാത്തത് എക്കാലവും മൗനമായി തുടരുന്നുഎന്നത് തിരസ്‌കരിക്കാന്‍ പറ്റാത്തവാസ്തവമാണ്.
അത്തരത്തില്‍ ലോകം മൂടിവെച്ചതാണ് അല്ലങ്കില്‍ ആരുടെയൊക്കെ സ്വാര്‍ത്ഥ താല്‍പര്യത്തിന് വേണ്ടിമൂടിവെക്കപ്പെട്ടതാണ് ചൈനയിലെ ഉയിഗൂര്‍ മുസ്ലീങ്ങള്‍. ചൈനഎന്നത് കമ്യൂണിസ്റ്റ് രാജ്യമാണ്. അതാണ് അവരെ ലോകത്തിന് മുന്നില്‍ വ്യതസ്ഥമാക്കുന്നത്. യഥാര്‍ത്തത്തില്‍ കമ്യൂണിസമെന്നാല്‍ മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യുന്ന സാഹചര്യമില്ലാത്ത സമത്വ വ്യവസ്ഥിതിയാണ്. എന്നാല്‍ ചൈനയിലെ മനുഷ്യസമത്വത്തിന് തെളിച്ചമുണ്ടോ എന്ന് പരിഷോദിച്ചാല്‍ ചരിത്രം മാത്രമല്ല വര്‍ത്തമാനം പരതിയാലും ഇല്ല എന്നഉത്തരമാണ് പിന്‍ബലമുണ്ടാവുക. എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന ചൈനയുടെ മുഖം, കര്‍ശന മാധ്യമനിയന്ത്രണത്തില്‍ പുറലോകമറിയാറില്ല. കമ്യണിസത്തിന് മതമില്ലാത്തത് കൊണ്ട് ചൈനയില്‍ പ്രത്യേക മതമെന്ന നിലപാട് സ്വീകരിക്കാന്‍ പറ്റില്ല. കമ്യൂണിസമാണവരുടെ മതം. അവരുടെ നേതാവായ ജീന്‍ പിങ്ങാണവരുടെ ഏറ്റവും വലിയ ആരാധ്യനും ബഹുമാന്യനുമായദൈവം. അതിനാല്‍ തന്നെ മതവിശ്വസമുള്ള ചിഹ്നങ്ങളും മറ്റും നീക്കം ചെയ്ത് അവിടെ ജീന്‍പിങ്ങിന്റെ ചിത്രം പ്രചരിപ്പിക്കണമെന്ന നിയമം മാസങ്ങള്‍ക്ക്മുമ്പാണ് ചൈനീസ് ഭരണക്കൂടം പുറപ്പെടുവിപ്പിച്ചത്. മാത്രമല്ല ഈ രഹസ്യനീക്കത്തിന്റെ വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ ആരംഭിച്ചതാണ്. അവരുടെ സ്വയംഭരണ പ്രദേശമായ ഷിന്‍ ജിയാങ്ങ്് പ്രവിശ്യയിലേ 15 കോടിയോളം വരുന്ന മുസ്ലീങ്ങളെ ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങള്‍.
പ്രത്യകം തയ്യാറാക്കിയ തടങ്കല്‍ കേന്ദ്രങ്ങളിലേക്ക് ഉഗിയൂരികളെ കൊണ്ടുപ്പോയി വിശ്വസമാറ്റത്തിനായി നിര്‍ബന്ധിക്കുന്നു. ഇത്തരം കേന്ദ്രങ്ങളേകുറിച്ച് അന്താരാഷ്ട്രമനുഷ്യവകാശസംഘടനകള്‍ അരോപണമുന്നയിച്ചപ്പോള്‍ ആദ്യഘട്ടത്തില്‍ തന്നെ ചൈന അതിനെ നിഷേധിച്ചു. എന്നാല്‍ പീഢന കേന്ദ്രങ്ങളില്‍ നിന്ന് രക്ഷപ്പെട്ടവരും അടിച്ചലുകള്‍ ഭയന്ന് രാജ്യം വിട്ടവരും തടവറയേ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടു. കൂടാതെ സാറ്റ്‌ലൈറ്റ് ദൃശ്യങ്ങളും അത് സത്യമാണെന്ന് വാദിച്ചു.   അപ്പോഴാണ് ത്രീവ്രവാദത്തില്‍ നിന്നും തെറ്റായ വിശ്വസങ്ങളില്‍ നിന്നും രക്ഷിക്കാനുള്ള തൊഴിലധിഷ്ടത കേന്ദ്രങ്ങളാണെന്നുള്ള മറസൃഷ്ടിച്ച് ഷിന്‍ ജിയാങ്ങ് അധികൃതര്‍ തടിയൂരിയതും മുഖം മിനുക്കിയതുമെല്ലാം. ഉയുഗൂര്‍ ക്യാമ്പുകളില്‍ സാധാരണ മനുഷ്യനാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നണ് us ലെ ചൈനീസ് അമ്പാസിഡറായ സിയുടിയാങ്കായി പ്രസ്ത്ഥാവിച്ചത്.
എന്നാല്‍ ഇത്തരത്തിലുള്ള പച്ച നുണകളെ കുഴിച്ചുമൂടിക്കെണ്ടാണ് ആനംസ്റ്റിയുടെ മുന്നറിപ്പ് വന്നത് 'ലോകമാഹായുദ്ധക്കാലത്തുണ്ടായിരുന്ന കോണ്‍ സണ്‍ ട്രേഷന്‍ ക്യാമ്പുകള്‍ക്കു സമാനമായ പീഢനമുറകളാണ് തടങ്ങല്‍ കേന്ദ്രങ്ങളില്‍ നടക്കുന്നത്എന്നായിരുന്നു റിപ്പോര്‍ട്ട്. un റിപ്പോര്‍ട്ട് പ്രകാരം 10 ലക്ഷത്തില്‍ കൂടുതല്‍ ഉയിഗൂര്‍ കസാഖ് ന്യൂനപക്ഷങ്ങള്‍ ഇവിടെയുണ്ടന്നാണ്. എന്നാല്‍ ഇതിനെയെല്ലാം ഞെട്ടിപ്പിക്കുന്നതായിരുന്നു ചൈനീസ് ഗവേഷകന്‍ പാട്രക്പൂന്‍ പറയുന്നത്. ആനംസ്റ്റിയുടെ ഗവേഷകനായഇദ്ദേഹത്തിന്റെ കണക്കുപ്രകാരം 30 ലക്ഷത്തോളമാളുകളിവിടെ ദുരിതമനുഭവിക്കുന്നു. മാത്രമല്ല ചൈനീസ് കമ്യൂണിസ്റ്റ് നേതാക്കളുടെ പേരില്‍ സത്യം ചെയ്യിപ്പിക്കല്‍ മദ്യവും പിന്നിയിറച്ചിയും കഴിക്കാന്‍  നിര്‍ബന്ധിക്കല്‍ തുടങ്ങിയ മത വിശ്വസ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഇവിടുത്തെ ദിനചര്യകളാണ്.
യു.എസിലെ വാഷിംങ്ങ്ടണിലെ പ്രസ്സിലിരുന്ന് തടങ്കില്‍ നിന്ന് രക്ഷപ്പെട്ട മിഹിര്‍ഗുല്‍ , ടുര്‍സന്‍, എന്ന ഉയിഗൂറുകാരി അനുഭവിച്ച ക്രൂരത അറിഞ്ഞാല്‍ കണ്ണില്‍ നിന്ന് കടലൊഴുകും എന്നത് തീര്‍ച്ചയാണ്. കാരണം, ചൈന സര്‍ക്കാരിന്റെ ലോകത്തെ ഞെട്ടിപ്പിക്കുന്ന കഥയാണവള്‍ അവിടെ വിവരിച്ചത്.
തന്നെയും തന്റെ മൂന്ന് മക്കളെയും പല തവണ അറസ്റ്റ് ചെയ്തു. തന്നെ കാണാത്ത വിധം വേറെ വേറെ സെല്ലുകളിലാണ് പാര്‍പ്പിച്ചത്. രണ്ടാം തവണ മക്കളെ തിരിച്ച് തന്നപ്പോള്‍ ഒരു കുട്ടി മരിക്കുകയും മറ്റെ കുട്ടിയുടെ തലക്ക് മാരകമായ മുറിവേല്‍ക്കുകയും രക്ത സ്രാവമുണ്ടാവുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ കണ്ണിറുകുന്ന അല്ലെങ്കില്‍ പല്ലു കടിക്കുന്ന ക്രൂരതയുടെ മുടിക്കെട്ടഴിച്ചിടുകയായിരുന്നു അവിടെ.  ആദ്യമായി അറസ്റ്റ് ചെയ്തപ്പോള്‍ ദിവസങ്ങളോളം ഉറക്കം പോലും നിഷേധിച്ച് ചോദ്യം ചെയ്തു. അനാവിശ്യ മരുന്നുകള്‍ കുടിപ്പിച്ചു. പലതവണ അറസ്റ്റ് ചെയ്തപ്പോയും പീഢനങ്ങളുടെ രൂക്ഷത വര്‍ധിച്ചുകൊണ്ടേയിരുന്നു. ചെറിയ സെല്ലില്‍ 60 സ്ത്രീകളെ വരെ പാര്‍പ്പിച്ചു. ക്യാമറക്ക് മുന്നില്‍ ശുചി മുറിഉപയോഗിക്കേണ്ടിവന്നു. അനാവിശ്യ മരുന്നുകള്‍ കുടിപ്പിച്ചതിന്റെ ഫലമായി ഒരുപാട് ആളുകളുടെ ആര്‍ത്തവം നിന്ന് രക്തം കേടായി രക്തംസ്രാവമുണ്ടായി. മൂന്നുമാസം തടങ്കലില്‍ മരിച്ച് വീണത് ഒമ്പത് സ്ത്രീകളാണ്. അക്രമങ്ങള്‍ സഹിക്കവയ്യാതെ ഒരോ തവണയും  'പ്ലീസ് ഒന്ന് കൊന്നു തരൂ'  എന്നും പോലും യാചിച്ചു പറഞ്ഞു. ഈ അക്രമപരമ്പരക്കെല്ലാം കാരണമായി  പറഞ്ഞത് നീയൊരു ഉയിഗൂര്‍ വംശജയാണ് എന്നതാണ്. ഷിന്‍ ജിയാങ്ങിന്റെ മാധ്യമ നിയന്ത്രങ്ങളുള്ളതിനാല്‍ ചൈനയില്‍ നിന്നുള്ള കൊടിയ പീഢനങ്ങളൊന്നും പുറത്തേക്ക് നിര്‍ഗളിക്കുന്ന അവസ്ഥ സംജാതമാകാറില്ല.
തടങ്കല്‍ കേന്ദ്രത്തിലെ അനുഭവങ്ങള്‍ വിദേശത്തുള്ളവരോ, ഇവിടെ നിന്ന് രക്ഷപ്പെട്ടവര്‍ പോലും മാധ്യമള്‍ക്കുമുന്നില്‍ പുങ്കവെക്കാന്‍ ധൈര്യപ്പെടാറില്ല. കാരണം വെളിപ്പെടുത്തുന്നവരുടെ ബന്ധുക്കളതിന്റെ ഫലങ്ങള്‍ അനുഭവിക്കേണ്ടിവരും. സര്‍ക്കാറിന്റെ നിരീക്ഷണത്തില്‍ ഉയിഗൂര്‍ ജാഗ്രതയിലും ഭീതിയിലുമാണെന്നും വിദേശത്തുള്ളവര്‍ ചൈനയിലെ തങ്ങളുടെ ബന്ധുക്കളെയോര്‍ത്ത് പീഢനം വെളിപ്പെടുത്താന്‍ തയ്യാറാകുന്നില്ലന്നും ചൈനയിലെ ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് ഡയരക്ടര്‍ സോഫിയ റിച്ചാര്‍ഡ് പറഞ്ഞിരിക്കുന്നു മാത്രമല്ല ഇവിടെ നോമ്പും നിസ്‌ക്കാരവും മറ്റ് ആരാധനകളെല്ലാം ജയില്‍ ശിക്ഷഅനുഭവിക്കാന്‍ മാത്രം പര്യപ്തമാണ്. ഇവിടെ ജുമുഅഃ നിസ്‌ക്കാരം നടക്കുമ്പോള്‍ വരെ പുറത്ത് വലിയ ശബ്ധത്തില്‍ ബ്ലൂ ഫിലിം ഓണാക്കലും പതിവാക്കലും  പതിവാണ്.
എന്തെക്കെയായാലും ചൈനീസ് സര്‍ക്കാറിന്റെ പീഢനം വ്യക്തമാണ്. പക്ഷേ മാധ്യമ പ്രവര്‍ത്തകര്‍ക്കോ un ന്റെ നേത്രത്തിലുള്ള മനുഷ്യവകാശപ്രതിനിതികള്‍ക്കോ ഷിന്‍ജിയാങ്ങ് പ്രാവിശ്യയിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കാരില്ല. എന്നാല്‍ ഈ വംശഹത്യ തുടമ്പോഴും മൗനം പാലിക്കുന്നത് ആര്‍ക്ക്‌വേണ്ടിയാണ് എന്ന ചോദ്യം ലോകരാഷ്ടങ്ങള്‍ വരെ കേള്‍ക്കാന്‍ആഗ്രഹിക്കാത്തതാണ് വളരെ സങ്കടകരമായ സത്യമാണ്. ഇസ്‌റാഈല്‍ പീഢനം നേരിടുന്ന ഫലസ്തീനികള്‍ക്ക് ലഭിക്കുന്ന മാധ്യമശ്രദ്ധ ഇവര്‍ക്ക് ലഭിക്കുന്നില്ലന്ന് മാത്രമല്ല രാജ്യം വിടാന്‍ പോലും ആനുവദിക്കാതെ ആ ജനതയെ മൊത്തം മാനസിക പരി പ്രവര്‍ത്തനത്തിലൂടെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്.
ഉയിഗൂര്‍ പീഢനത്തില്‍ പങ്കാളിയായ ഷിന്‍ജിയാങ്ങ് പ്രവിശ്യമേധാവിയുള്‍പടെയുള്ളവര്‍ക്കെതിരെ ഉപരോധമേര്‍പ്പെടുത്താനുള്ള നീക്കം us നടത്തിയിരുന്നു എന്നാല്‍ വ്യാപാരയുദ്ധത്തിന്റെ അലയോലികള്‍ക്കിടയില്‍ ആശബ്ദങ്ങള്‍ അപ്രത്യക്ഷമായി.
2009ല്‍ ആരംഭിച്ച നൃൂനപക്ഷ ശുദ്ധീകരണം രണ്ട് വര്‍ഷം മുമ്പാണ് ചൈന ശക്തികൂട്ടിയത്. അവരെ വിട്ടയക്കണമെന്ന uno ന്റെ ആജ്ഞക്ക് ത്രീവ്രവാധത്തെ നേരിടുന്നതിന്റെ ഭാഗമാണിതെന്ന നൊണ്ടിന്യായം പറഞ്ഞ് തലയൂരുകയാണ് ചൈന ചെയ്തത്. എന്നാല്‍ ഇതിനെതിരില്‍ uno രക്ഷസമിതി ഉപരോധമേപ്പെടുത്തിയാലും അത് വീറ്റോ ചെയ്യാനുള്ള അധികാരം ചൈനക്കുണ്ട്. കൂടാതെ റഷ്യയുടെ പിന്തുണയും ചൈനക്കുണ്ട്.
എന്നാല്‍ അതിനെല്ലാമുപരി ചൈനക്കെതിരെ ശബ്ദിക്കാത്ത അറബ് രാഷ്ട്രങ്ങളുടെ മൗനം വഞ്ചനാത്മകമാണ്. സാമ്പത്തിക നേട്ടമെന്നതിനപ്പുറം ഒരുവംശത്തെ ഉന്മലനം ചൊയ്യുന്നത് തടയാനായി അറബ് രാഷ്ട്രങ്ങള്‍ പോലും മുന്നിട്ടിറങ്ങിയിട്ടില്ലങ്ങില്‍ ഷിന്‍ ജിയാങ്ങ് പൂര്‍ണമായും ഉയിഗൂറികളില്ലാത്ത പ്രദേശമായിമാറും
2050 ആകുമ്പോയേക്കും ലോകത്ത് മുസ്ലീങ്ങളാകും കൂടുതല്‍ എന്ന് സര്‍വേകള്‍ പോലും തെളിയിക്കുന്ന ഇക്കാലത്ത് ഇതിനു വേണ്ടി ഒരാളു പോലും തുനിഞ്ഞിറങ്ങാതെ ഭൗതികനേട്ടത്തിനായി അതെല്ലാം കാണാഭാവം നടിക്കുന്നു എന്നത് വളരെ പ്രതിഷേധാര്‍ഹമാണെന്നത് മാത്രമല്ല ഇവിടെയാണ് സ്വഹാബാക്കളുടെ ചോദ്യത്തിനും നബി (സ) തങ്ങളുടെ മറുപടിക്കും പതിന്മടങ്ങ് പ്രസക്തിയാര്‍ജിക്കുന്നത്.







                                                                                                                 |Amir OC Mukkam|

ivythemes

{facebook#https://fb.com/alathoorpadidars} {twitter#https://twitter.com/alathurpadidars} {google-plus#https://plus.google.com/+ALATHURPADIDARS} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://youtube.com/alathoorpadidars} {instagram#YOUR_SOCIAL_PROFILE_URL}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget