|മുഹമ്മദ് ഫവാസ് അകമ്പാടം|
പ്രവാചകാനുരാഗത്തിന്റെ സ്‌നേഹദൂതുമായ് വന്നണഞ്ഞ റബീഇന്റെ മറ്റൊരു വസന്തം കൂടെ യാത്രയാവാനിരിക്കുകയാണ്.
പ്രവാചകനുരാഗികള്‍ക്ക് എപ്പോഴും ചുറ്റിനും നിറവസന്തം തന്നെയാണ്. ആ പച്ച ഖുബ്ബയും, മദീനയിലേക്കുള്ള യാത്രയും, നേര്‍ക്കാഴ്ചക്ക് ഭാഗ്യം ലഭിച്ചില്ലെങ്കിലും സ്വപ്നലോകത്തെങ്കിലും തിരുവദനം ദര്‍ശിക്കാം എന്ന അടങ്ങാത്ത മോഹവും തുടങ്ങി പ്രത്യാശകളും പ്രതീക്ഷകളും എല്ലാം നിറഞ്ഞു നില്‍ക്കുന്ന സ്‌നേഹത്തിന്റെ നിറവസന്തം. റബീഇന്റെ ശോഭയും ആഷിഖീങ്ങളുടെ സ്‌നേഹ സമര്‍പ്പണത്തിന്റെ പ്രകടനങ്ങളുമെല്ലാം റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന്റെ പ്രഭാതത്തെ പ്രശോഭിതമാക്കിയപ്പോള്‍ ലോകം ഒരു നിമിഷം സ്തംഭിച്ചു പോയിട്ടുണ്ടാവും ! നൂറ്റാണ്ടുകള്‍ക്ക് മുന്നേ ചരിത്ര പിറവിയില്‍ സ്തംഭിച്ച് പോയതുപോലെ. ഒപ്പം മുസ്ലിം നാമം അലങ്കാരമാക്കി കപട പ്രവാചക സ്‌നേഹം കൊണ്ട് നടക്കുന്ന വഹാബിയന്‍ ചിന്താഗതിക്കാരും.
കാരണം വിമര്‍ശനങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കും പ്രവര്‍ത്തിയിലൂടെ മറുപടി പറഞ്ഞ് ഭൂമിയിലെ ഓരോ മണ്‍തരികളെയും ഹര്‍ഷപുളകിതമാക്കി മുന്‍വര്‍ഷങ്ങളെക്കാള്‍ പതിന്മടങ്ങ് രാജ്യങ്ങളായ രാജ്യങ്ങളിലെല്ലാം നടന്ന മീലാദ് റാലിയും തുടര്‍ പരിപാടികളും നമ്മള്‍ മനസ്സുനിറയെ കണ്ടവരും ആസ്വദിച്ചവരുമാണ്. എന്നാല്‍ അവിടെയും സന്തോഷവും ആനന്ദവും ലഭിക്കാതെ പോയ അനവധി ഹതഭാഗ്യവാന്മാര്‍ നമ്മുക്കിടയില്‍ ജീവിച്ചു കൊണ്ടിരിക്കുന്നു എന്നത് സങ്കടകരം തന്നെ. ലോകം മുഴുവന്‍ തങ്ങളുടെ പ്രിയ നേതാവിന്റെ ജന്മദിനത്തില്‍ സന്തോഷം പങ്കുവെക്കുമ്പോഴും മനപൂര്‍വ്വം അതെല്ലാം വേണ്ടെന്നു വെച്ച് എല്ലാം വിമര്‍ശനങ്ങളിലൂടെ മാത്രം നോക്കി കാണുന്ന ഒരു വിഭാഗം പിശാചിന്റെ തൃപ്തി നേടിയെടുക്കാനാണോ ശ്രമിച്ചു കൊണ്ടിരിക്കുന്നത് എന്ന് പോലും തോന്നിപ്പോവുകയാണ്.
ഇബ്‌നു അബ്ദുല്‍ വഹാബിന്റെ പിന്മുറക്കാരാണെന്ന പ്രഖ്യാപനങ്ങളുമായ് എല്ലാത്തിനെയും കണ്ണടച്ച് ഇരുട്ടാക്കും വിധേനയുള്ള പ്രവര്‍ത്തനങ്ങള്‍ ഇനിയും ഇവിടം വിലപ്പോവില്ലെന്ന് ഓരോ വാഹാബിയന്‍ ചിന്താഗതിക്കാരും തിരിച്ചറിയേണ്ട സമയം എത്രയോ അതിക്രമിച്ചിരിക്കുന്നു. പ്രവാചക പ്രകീര്‍ത്തനങ്ങള്‍ വാഴ്ത്തിപ്പാടുന്നത് ശിര്‍ക്കാണെന്നും, ദീന്‍ വിലക്കിയതാണെന്നും പറഞ്ഞു നടക്കുന്നവര്‍ക്ക് പരിശുദ്ധ ഗ്രന്ഥത്തിലൊ മറ്റോ അതിന് പോന്ന തെളിവുകള്‍ നിരത്താന്‍ ഒരുനിലക്കും സാധ്യമല്ല, എന്നതിലുപരി എത്രത്തോളം അതിനെ എതിര്‍ത്ത് നില്‍ക്കുന്നുവോ അതിനനുസരിച്ച് സ്‌നേഹത്തിന്റെയും, സ്‌നേഹ പ്രകടനങ്ങളുടെയും ശക്തിയും ഒഴുക്കും ലോകം മുഴുവന്‍ വ്യാപിക്കുകയാണെന്നും അഭിമാനപൂര്‍വ്വം നമുക്ക് പറയാന്‍ സാധിക്കും.
പ്രവാചക സ്‌നേഹത്തിനായി സമര്‍പ്പിതജീവിതം കാഴ്ച വെച്ച്, ത്യാഗങ്ങള്‍ സഹിച്ച് മാതൃകാപരമായ ജീവിതം സമ്മാനിച്ച അബൂബക്കറോ, ഉമറോ (റ) തുടങ്ങിയ പ്രമുഖ സഹാബി വര്യരോളം എത്താന്‍ നമുക്ക് സാധ്യമല്ല, എങ്കിലും സ്‌നേഹ പ്രകടനത്തിന്റെയും സമ്പാദനത്തിന്റെയും സന്ദര്‍ഭങ്ങളും അവസരങ്ങളും നമുക്ക് ഉപയോഗപ്പെടുത്താനും അതിലൂടെ ആത്മനിര്‍വൃതിയടയാനും സാധിക്കും. അതാണ് കുറച്ചു ദിവസങ്ങള്‍ക്കു മുന്നേ ചരിത്രത്താളുകളില്‍ അടയാളപ്പെടുത്തിയതും.
തൗഹീദിന്റെ പലവിഷയങ്ങളിലും അടച്ചാക്ഷേപിക്കലുകളും വിമര്‍ശനങ്ങളും കൊണ്ട് വന്നെങ്കിലും കാലക്രമേണ അതിലെല്ലാം മാറ്റതിരുത്തലുകള്‍ കൊണ്ടുവന്ന് അംഗീകരിക്കലിലേക്ക് എത്തിച്ചേരുന്ന വിമര്‍ശനവാദികള്‍ സ്റ്റേജ് കെട്ടിയൊ, സമൂഹമാധ്യമങ്ങളിലൂടെയൊ വലിയ തോദിലുള്ള മീലാദ് വിമര്‍ശനങ്ങള്‍ക്കൊ, എതിര്‍പ്പുകള്‍ക്കൊ മുതിര്‍ന്നില്ലെന്നും അവര്‍ക്കതിന് സാധ്യമായില്ലെന്നും കാലത്തിന്റെ പ്രയാണത്തില്‍ അവര്‍ ഇതും അംഗീകരിക്കുമെന്നതിലേക്കുള്ള സൂചന കൂടിയാണ് നല്‍കുന്നത്. അല്ലാതെ അവര്‍ക്കു മുന്‍മ്പില്‍ വേറെ വഴികളൊന്നുമില്ലതാനും.
അവര്‍ ആദ്യമാദ്യം എല്ലാത്തിനെയും എതിര്‍ക്കുകയും മുന്‍ഗാമികളെ തള്ളി പറയുകയും ചെയ്യുന്നുവെങ്കിലും പതിയെ പതിയെ അതെല്ലാം അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യുമെന്നത് ഒരു അറിയപ്പെട്ട കാര്യമായതിനാല്‍ ഈ വിഷയത്തിലും അങ്ങനെതന്നെ അനുമാനിക്കാം.
സ്വയം അന്ധരായി നഷ്ടപ്പെടുത്തി കളയുന്ന ഓരോ അവസരങ്ങളെയും ഓര്‍ത്ത് ദുഃഖിതരാവാതിരിക്കാന്‍ ഹൃദയത്തിലെ കറുത്ത കെട്ടഴിച്ച് ലോകത്തെ ദര്‍ശിക്കാന്‍ വിമര്‍ശന പ്രസ്ഥാനക്കാര്‍ തയ്യാറാവുകയും, സത്യം സത്യമായി അംഗീകരിക്കുകയും ചെയ്താല്‍ ഒരുപക്ഷേ, 'സലഫി പള്ളികളില്‍ നിന്നും പ്രവാചക പ്രകീര്‍ത്തനത്തിന്റെ ഈരടികള്‍ ഉയരുന്നതിന് ' സാക്ഷികളാവാന്‍ നാം അധികം കാത്തിരിക്കേണ്ടി വരില്ല.