Latest Post


മുഹമ്മദ് ഫവാസ് അകമ്പാടം|


ഹിമകണങ്ങൾ പെയ്തിറങ്ങിയ താഴ്‌വര പോലെ പ്രവിശാലമായ കൊല്ലം ആശ്രാമം മൈതാനിയിൽ വിജ്ഞാനത്തിന്റെ മധു നുകരാനെത്തിയ ശുഭ്ര വസ്ത്രധാരികളെ എല്ലാ നിലയ്ക്കും മനസ്സ് നിറച്ച് തിരിച്ചയക്കാൻ സാധിച്ചതിൽ ഇന്ന് കൊല്ലം അഭിമാനിക്കുകയാണ്.

ചരിത്രം പിറക്കും എന്നതിൽ സംശയം തെല്ലും ഇല്ലായിരുന്നു. കാരണം, സമ്മേളനം വിളിച്ചതും എത്തിയതും വിജയിപ്പിച്ചതും എല്ലാം സമസ്തയുടെ മക്കളായിരുന്നു. മഹിതമായ പണ്ഡിത പാരമ്പര്യത്തിന്റെ ആശിർവാദം അറ്റു പോവാത്ത അഭിമാനമായ ഈ പ്രസ്ഥാനത്തെ അളവറ്റ് സ്നേഹിക്കാനും നെഞ്ചോട് ചേർത്ത് വെക്കാനും അന്ത്യനാൾവരെ ജീവകണികകൾ ഇവിടെ അവശേഷിക്കുമെന്നത് തീർച്ചയാണ്.
വിഖായയുടെയും ത്വലബയുടെയും മക്കൾ ഊണും ഉറക്കവും ഒഴിച്ചെന്നുള്ള കേവല ആലങ്കാരിക പ്രയോഗങ്ങൾക്കും അപ്പുറം അതിനെ പ്രാവർത്തികമാക്കി ഓടി നടന്ന് രാപ്പകലുകൾ കഷ്ടപ്പെട്ടത് ഭൗതിക നേട്ടങ്ങൾക്കൊ രാഷ്ട്രീയ താൽപര്യങ്ങൾക്കൊ വേണ്ടിയായിരുന്നില്ല. 
കെ.ടി ഉസ്താദിന്റെ ഓർമ്മകൾ അലയടിച്ചുയർന്ന് സുഗന്ധം പരത്തിയ നഗരി ആഥിതേയർക്കായ് ഒരുക്കിയ ആദിത്യ മര്യാദ അനുഭവിച്ചറിയാൻ അനേകായിരം പേർക്കാണ് ഭാഗ്യം ലഭിച്ചത്.

പ്രാഥമിക കർമ്മങ്ങൾക്കായി ഒരുക്കിയ സംവിധാനങ്ങൾ തീർത്തും സമ്മേളന വിജയത്തിന്റെ ഒരു ഭാഗമായിരുന്നു. ഭക്ഷണത്തിനും വിശ്രമത്തിനും  ഇബാദത്തിനുമെല്ലാം കാമ്പ് പ്രതിനിധികൾ യാതൊരു ബുദ്ധിമുട്ടും അറിഞ്ഞില്ല എന്നതിലുപരി സംഘാടകരും വാളണ്ടിയർമാരും
അറിയിച്ചില്ല എന്നതായിരുന്നു ശരി.
രാജ്യത്തിന്റെ കലുഷിതമായ സാഹചര്യങ്ങളിൽ വിശ്വാസ ഹൃദയങ്ങളിൽ ഈമാനും ചുണ്ടുകളിൽ ആശ്വാസത്തിന്റെ സംസവും പകർന്ന് നൽകാൻ സമസ്തയുടെ പടയണി ഇവിടെയും സജ്ജരായിരുന്നു. അബ്ദുല്ലാഹി ബ്നു മുബാറക് ,അബൂദ്ദർ രിഫാഈ, സ്വലാഹുദ്ധീൻ അയ്യൂബി തുടങ്ങിയ വിഖ്യാത മഹത്തുക്കളുടെ സ്വഭാവ മഹിമയുടെയും ഈമാനിന്റെയും
കുഞ്ഞാലി മരക്കാർമാരുടെയും ടിപ്പുവിന്റെയും പഴശ്ശിയുടെയുമെല്ലാം  മാനവ സൗഹാർദ്ദത്തിന്റെയും ചരിത്ര പാഠവങ്ങൾ സമകാലിക സാഹചര്യത്തിൽ വിശ്വാസി ഹൃദയങ്ങളിൽ അതിവേഗം ചൊരിഞ്ഞ് നൽകാൻ  നാമം പോലെ വ്യത്യസ്ഥത പുലർത്തി സമയബന്ധിതമായി മുന്നോട്ട് നീങ്ങിയ മുഅല്ലിമീൻ പഠന വേദികൾ സഹായകമായി എന്നത് തീർച്ചയാണ്.

ശീതീകരിച്ച ക്ലാസ് മുറികൾ ഒരുക്കി വിരുന്നൊരുക്കിയവർ കാമ്പവസാനം നൽകിയ സ്നേഹ സമ്മാനം ഓർമകളുടെ നിലക്കാത്ത സൂചികയായ് ഗമിക്കുമെന്നതാണ് സത്യം. ചരിത്രത്തിന്റെ അടയാളപ്പെടുത്തലിന് സാക്ഷിയായ് വാനിൽ പാറിപറന്ന ആ അറുപത് പതാകകളിൽ ആത്മാഭിമാനം കൊണ്ട് ഇനിയും ഇത്തരം അനേകായിരം ഹർഷപുളകിതമാക്കുന്ന സമസ്തയുടെ വിളിക്കുത്തരം നൽകാൻ കഴിയണേ .... എന്ന പ്രാർത്ഥനയോടെയാണ് വിശ്വാസി സമൂഹം ഈ കൊല്ലാവസാനം കൊല്ലത്തിന്റെ മണ്ണിനോട് യാത്ര പറഞ്ഞിറങ്ങിയത്...

| ശഫീഖ് വാക്കോട് |

പത്ത്‌ വർഷം മുമ്പ്,
ജന സാഗരം തീർത്ത കോഴിക്കോട് കടപ്പുറം.
ജന ലക്ഷങ്ങളെ കൺകുളിർക്കെ കണ്ട്
സമസ്തക്ക് നെടും തൂണായി നിന്ന്
ആദർശം ആരുടെ മുന്നിലും പണയം വെക്കാതെ ആർജവത്തോടെ കേരള മുസ്ലിംകളെ നയിച്ച ഒരു വലിയ പണ്ഡിത തേജസ് ആ വേദിയിൽ നിന്നും മെല്ലെ ഇറങ്ങി. തൻ്റെ അവസാനത്തെ ഇറക്കം. അദ്ദേഹം
ഈ ലോകത്തോട് വിട പറഞ്ഞു.
ജന ലക്ഷങ്ങൾ ആ കടപ്പുറത്ത് വെച്ച് തന്നെ ആ വലിയ മനുഷ്യന് വേണ്ടി ജനാസ നമസ്ക്കരിച്ചു.
അതെ,
ഉസ്താദ് കെ.ടി. മാനു മുസ്ലിയാർ.
തികഞ്ഞ പണ്ഡിതൻ, നല്ല എഴുത്തുക്കാരൻ,ഉജ്ജല വാഗ്മി, മികച്ച മാപ്പിള കവി, സുന്നത്ത് ജമാഅത്തിൻ്റെ ധീര ശബ്ദം,സംഘാടകൻ തുടങ്ങീ മത-സാമൂഹിക മേഖലയിൽ തൻ്റേതായ വ്യക്തി പ്രഭ തെളിയിച്ച വലിയ മനുഷ്യൻ.
പേനയും പീoവും എങ്ങനെ വിനിയോഗിക്കണമെന്ന് മാനു മുസ്ലിയാർ ജീവിതത്തിലൂടെ നമ്മുക്ക് കാണിച്ച് തന്നിട്ടുണ്ട്.
സമസ്തക്ക് ഒരു പ്രശ്നം വരുമ്പോൾ ഒരു പോരാളിയായി അദ്ദേഹം മുന്നിലുണ്ടാവും. അല്ലാത്ത പക്ഷം സർവ്വ മേഖലയിലും ഒരു ഉപദേശകനായി പിന്നിലുണ്ടാവും.
ഒരു കാലത്ത് സമസ്തക്കെതിരെ ചിലർ മുറവിളി കൂട്ടിയപ്പോൾ അവരെ ചെറുത്ത് നിറുത്തിയതിൽ മാനു മുസ്ലിയാരുടെ പങ്ക് വലുതാണ്. അസഭ്യങ്ങളേയും ശബ്ദ കോലാഹലങ്ങളേയും കല്ലേറിനേയും തൻ്റെ പ്രഭാഷണം കൊണ്ട് തിരിച്ചടിച്ചു.
മലയോര മേഖലയിലെ മത-സാമൂഹിക-വിദ്യഭ്യാസ മേഖലയിൽ മാനു മുസ്ലിയാർ തീർത്ത വിപ്ലവം  ചെറുതല്ല.
ലളിത ജീവിതത്തിൻ്റെ നേർരൂപമായിരുന്നു കെ.ടി.ഉസ്താദ്.

പത്ത് വർഷങ്ങൾക്കിപ്പുറം,
ആ വലിയ മനുഷ്യൻ്റെ പ്രതിഫലനമാണ് ആ നഗരി.മാനു ഉസ്താദിൻ്റെ ഓർമകൾ ആ നഗരിയിലൂടെ കേരളമാകെ കള മാടി കൊണ്ടിരിക്കുന്നു. മാനു ഉസ്താദിൻ്റെ പാഥ പിന്തുടർന്ന് സമസ്തക്കു കീഴിൽ അണി നിരക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ... ആമീൻ.


 |മുഹമ്മദ് ഫവാസ് അകമ്പാടം|
ഇന്നിവിടം
ചോര ചിന്തുകയാണ്...!
ഒപ്പം ആളിപ്പടരുന്ന
ജനരോഷവും...
കേവലം പ്രതിഷേധ 
ജ്വാലകളല്ലിത്...
യുവത്വത്തിന്‍ സിരകളില്‍ 
ആളിപ്പടരുന്ന 
പ്രതിഷേധാഗ്നിയുടെ 
നാളങ്ങളാണിത്...
ധീരതകളുറങ്ങുന്ന 
ഇന്നലകളുടെ
ഓര്‍മ്മ ക്കുറിപ്പുമായ്
ദേശ-ജാതി-മത 
ഭാഷാന്തരങ്ങളില്ലാതെ 
മുന്നിട്ടിറങ്ങയായ്
വെടിയൊച്ചകള്‍ നിലക്കാത്ത,
നിണത്തിന്‍ രൂക്ഷ ഗന്ധമുയരുന്ന,
രോഷാഗ്നിയുടെ ചൂടേല്‍ക്കുന്ന
തെരുവീഥികളില്‍...
ഇവിടം ജനിച്ച്,
ഇവിടം ജീവിച്ചിരിക്കുന്ന
ഈ രാജ്യ 'പൗരരായ്' തന്നെ
അഭിമാന പൂര്‍വ്വം...



|അല്‍സ്വഫ് ചിറ്റൂര്|
     
     ഇന്ത്യ ഒരു മതേതരത്വ രാജ്യമാണ്. ഇന്ത്യയുടെ പാരമ്പര്യ സ്രോതസ്സുകൾ അതിന്റെ ആലങ്കാരികതക്ക് മാറ്റ് കൂട്ടുന്നു. സർവ്വരും പ്രതീക്ഷിച്ച പ്രത്യാശിച്ച ഇന്ത്യ  വൈവിധ്യങ്ങളെ അംഗീകരിക്കുന്നതാണ്. തദ് മൂല്യങ്ങളെ നിഷ്കാർഷനം ചെയ്യാൻ തൽപരപ്പെടുന്നത് സ്വതാൽപര്യങ്ങളെ ജയിക്കാതെ പോയ സ്വാർത്ഥവൽക്കരികളായ ഭരണാധിപന്മാരാണെന്നതിൽ സംശയമില്ല. അത്തരം ആശകളുടെ പ്രത്യാഘാതമാണ് ഇന്ത്യ  ഇന്നനുഭവിക്കുന്നത്. രാജ്യത്ത് വർഗീയ ചേരിതിരിവ് അപകടകരം തന്നെ. വാജ്പേയും ഗോൾവാർക്കറും വിഭാവനം ചെയ്ത വർഗ്ഗീയ ആശയ പാപ്പരത്തമല്ല  ഇന്ത്യ പ്രതീക്ഷിക്കുന്നത്. ഇവിടത്തെ ഓരോ മനുഷ്യനും ഭരണഘടന നൽകുന്ന അവകാശമാണ് ചോദിക്കുന്നത്. ഒരു മതത്തെ ലക്ഷ്യം വെച്ചുള്ള ഏതും പ്രവർത്തനവും എതിർക്കപ്പെടേണ്ടതാണ്.

പൗരത്വ ബില്ല്
     കഴിഞ്ഞ രണ്ട് ദിവസമായി രാജ്യം ചർച്ച ചെയ്യുകയാണ് പൗരത്വ ഭേദഗതി ബിൽ. ഏറെ പ്രതിഷേധങ്ങൾക്കൊടുവിൽ ലോക്‌സഭയിൽ പാസായ ബിൽ ഇന്ന് രാജ്യസഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ചു. പൗരത്വ ഭേദഗതി ബിൽ ഭരണഘടനയുടെ അടിസ്ഥാന ശിലയ്‌ക്കേറ്റ ആഘാതമാണെന്നാണ് പ്രതിപക്ഷം ആരോപിച്ചത്. നാനാത്വത്തിൽ ഏകത്വം എന്ന ആശയത്തിന്മേൽ പടുത്തുയർത്തിയ, മതേതരത്വം ജീവശ്വാസമായ ഇന്ത്യാ മഹാരാജ്യത്തിൽ ഒരു മതവിഭാഗത്തിന് മാത്രം പൗരത്വം നിഷേധിക്കപ്പെടുന്ന ഈ ബില്ലിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം അലയടിക്കുകയാണ്. എന്നാൽ എന്താണ് പൗരത്വ ഭേദഗതി ബിൽ ? അറിയാം…

എന്താണ് സിഎബി (സിറ്റിസൺഷിപ്പ് അമെൻഡ്‌മെന്റ് ബിൽ) അഥവാ പൗരത്വ ഭേദഗതി ബിൽ ?
     1955 ലെ പൗരത്വ ബില്ലിലാണ് നിലവിൽ കേന്ദ്രസർക്കാർ ഭേദഗതി കൊണ്ടുവരുന്നത്. ഇന്ത്യയിൽ മതിയായ രേഖകളില്ലാതെ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് കുടിയേറിയ ഹിന്ദു, സിഖ്, ബുദ്ധ, ക്രിസ്ത്യൻ മതവിഭാഗത്തിൽ പെട്ടവർക്ക് പൗരത്വം നൽകുന്നതാണ് ബില്ല്. മുമ്പ് കുറഞ്ഞത് 11 വർഷം രാജ്യത്ത് സ്ഥിരതാമസമാക്കിയവർക്ക് മാത്രമാണ് പൗരത്വം നൽകിയിരുന്നത്. എന്നാൽ നിലവിലെ ഭേദഗതി പ്രകാരം ഇത് ആറ് വർഷമായി ചുരുക്കും.
ബിൽ മുസ്ലിംഗൾ, അമുസ്ലീംഗൾ എന്ന രീതിയിൽ രാജ്യത്തെ വിഭജിക്കുകയാണെന്ന് ഡൽഹി അഭിഭാഷകൻ ഗൗതം ഭാട്ടിയ പറയുന്നു. കാരണം മുസ്ലീംഗൾ ഒഴിച്ചുള്ള മതവിഭാഗങ്ങളിൽ പെട്ട അനധികൃത കുടിയേറ്റക്കാർക്ക് മതിയായ രേഖകൾ ഉണ്ടെങ്കിൽ പൗരത്വം നൽകുന്നതാണ് ബിൽ.
     1955ലെ പൗരത്വ ആക്ട് പ്രകാരം ഇന്ത്യയിൽ ജനിച്ച വ്യക്തിക്കോ മാതാപിതാക്കൾ ഇന്ത്യൻ സ്വദേശികളായവർക്കോ, ഒരു നിശ്ചിത കാലയളവിൽ കൂടുതൽ കാലം ഇന്ത്യയിൽ ജീവിച്ച് വളർന്ന വ്യക്തിക്കോ ആണ് ഇന്ത്യൻ പൗരത്വം ലഭിക്കുക. ആക്ട് പ്രകാരം അനധികൃത കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരനാകാൻ കഴിയില്ല. ഇതാണ് നിലവിൽ ഭേദഗതി ചെയ്യുന്നത്.
ആർക്കൊക്കെ ഭേദഗതി ബാധകമാകും ?
മതത്തിന്റെ പേരിൽ സ്വന്തം രാജ്യവിട്ട് ഇന്ത്യയിൽ അഭയം പ്രാപിച്ചവർക്ക് വേണ്ടിയാണ് ബില്ലെന്ന് കേന്ദ്രസർക്കാർ പറയുന്നു. അനധികൃത കുടിയേറ്റക്കാർക്കെതിരായ നടപടികളിൽ നിന്ന് ഇത്തരക്കാരെ രക്ഷിക്കുകയാണ് ബില്ലിന്റെ ലക്ഷ്യം. 2014 ഡിസംബർ 31ന് മുമ്പ് ഇന്ത്യയിൽ വന്നവർക്കാണ് ഈ ആനുകൂല്യം.

കേന്ദ്രസർക്കാർ പറയുന്നതെന്ത് ?
     മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങൾക്ക് തണലാണ് ഈ ബിൽ എന്ന് കേന്ദ്രസർക്കാർ അവകാശപ്പെടുന്നു. ബിൽ ദേശതാത്പര്യത്തെ മാനിക്കുന്നതാണെന്നും ബിൽ ചരിത്ര പരമാണെന്നും അമിത് ഷാ ഇന്ന് രാജ്യസഭയിൽ പറഞ്ഞു. എന്നാൽ എല്ലാ മതവിഭാഗങ്ങൾക്കും ബിൽ സംരക്ഷണം ഒരുക്കുന്നില്ല. പാകിസ്താനിൽ അഹ്മദീയ മുസ്ലിം വിഭാഗവും ഷിയാ മുസ്ലീംഗളും വിവേചനം നേരിടുന്നുണ്ട്. ബർമയിൽ രോഹിംഗ്യൻ മുസ്ലീംഗങ്ങളും ഹിന്ദുക്കളും വിവേചനം നേരിടുന്നുണ്ട്. ശ്രീലങ്കയിൽ ഹിന്ദു, ക്രിസ്ത്യൻ തമിഴ് വിഭാഗങ്ങളും വിവേചനം നേരിടുന്നുണ്ട്. മുസ്ലിംഗങ്ങൾക്ക് മറ്റ് ഇസ്ലാം രാജ്യങ്ങളിൽ അഭയം തേടാമെന്ന് കേന്ദ്രസർക്കാർ പറയുന്നു.

     ബിൽ ബാധകമല്ലാത്ത സംസ്ഥാനങ്ങൾ
ഭരണഘടനയുടെ ആറാം ഷെഡ്യൂൾ പ്രകാരമുള്ള പ്രദേശങ്ങൾക്ക് ഈ ബിൽ ബാധകമാകില്ല. അസം, മേഘാലയ, ത്രിപുര, മിസോറാം എന്നിവയാണ് ആ പ്രദേശങ്ങൾ.

     എൻആർസിയും സിഎബിയും (സിറ്റിസൺഷിപ്പ് അമൻഡ്‌മെന്റ് ബിൽ) തമ്മിലുള്ള വ്യത്യാസം
1971 മാർച്ച് 24ന് മുമ്പ് അസമിൽ എത്തിയവരാണ് തങ്ങളോ തങ്ങളുടെ പൂർവികരോ എന്ന് തെളിയിക്കുന്ന രേഖകളുണ്ടെങ്കിൽ മാത്രമേ അസം ജനതയ്ക്ക് ഇന്ത്യൻ പൗരത്വം ലഭിക്കുകയുള്ളു. അനധികൃത കുടിയേറ്റക്കാരെ പ്രതിരോധിക്കാനായിരുന്നു ഇത്. എന്നാൽ സിഎബി വ്യക്തമായും മതത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.
ആശങ്കകളില്ല...
     ഇന്ത്യൻ ജനത ഇപ്പോഴും ആത്മവിശ്വാസം മുറുകെ പിടിച്ച് ജീവിക്കുകയാണ്. നീതി നിർവ്വഹണത്തിനോടുള്ള സാമിപ്യമാണതിന് കാരണം. ഭരണഘടന ഇന്ത്യൻ ന്യൂനപക്ഷങ്ങൾക്ക് അവരുടെ അവകാശങ്ങൾ വകവെച്ചു കൊടുക്കുന്നു. ആർട്ടിക്കൾ 25 ന്യൂനപക്ഷങ്ങൾ അവരുടെ സംസ്കൃതി അതേപടി നിലനിർത്താൻ അനുവാദം നൽകുന്നു.  കാലാനുസൃതായ മാറ്റങ്ങൾ മതമൂല്യങ്ങളെ വ്രണപ്പെടുത്തിയാവരുത്. ഒരു മതവും അക്രമണേത്സുകതയെ പ്രോത്സാഹിപ്പിക്കുന്നില്ല. സമാധാനമാണ് വിഭാവനം ചെയ്യുന്നത്. പൗരത്വ ബില്ലിന്റെ പേരിൽ  ഇന്ത്യൻ ജനതയെ തകർക്കാമെന്ന വ്യമോഹം സ്വപ്നത്തിൽ മാത്രമേ നടക്കൂ. ഇത് ഇന്ത്യയാണ്. ഹിന്ദുവിന്റെയും മുസ്ലിമിന്റെയും ക്രൈസ്തവന്റെയും സിഖുകാരന്റെയും ജൈനന്റെയും തുടങ്ങി വൈവിധ്യങ്ങളുടെ നാട്. ഈ പൂന്തോട്ടത്തിൽ ഉരു പുഷ്പം മാത്രം വിടർന്നാൽ പോര. പല നിറത്തിലും വാസനയിലും നിറഞ്ഞു നിൽക്കുന്ന പൂന്തോട്ടമാവണം.




 | Usthad CK Abdurahman Faizy Aripra 

വിജ്ഞാനം അല്ലാഹുവില്‍ നിന്നുള്ള പ്രകാശമാണ്. ഇസ്‌ലാമിന്റെ ആത്മാവാണ് വിജ്ഞാനം. അറിവില്ലാത്തവന്റെ ജീവിതം അര്‍ത്ഥശൂന്യമാണ്. അറിവുള്ളവനും അറിവില്ലാത്തവനും സമന്മാരല്ലെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. ഇല്‍മുള്ളവന്റെ പ്രതാപം പതിന്മടങ്ങായിട്ട് അവശേഷിക്കും. അജ്ഞതയുള്ളവന്‍ മരണശേഷം നാശത്തിലാണ്.
ഒരാള്‍ക്ക് ജ്ഞാനം നല്‍കപ്പെട്ടാല്‍ നിശ്ചയം അവന് ധാരാളം നന്മകള്‍ നല്‍കപ്പെടുന്നതാണ്. സത്യവാശ്വാസികള്‍ക്കും അറിവ് നല്‍കപ്പെട്ടവര്‍ക്കും ധാരാളം പദവികള്‍ അല്ലാഹു നല്‍കും. നന്മയുടെ വാഹകര്‍ക്കാണ് വിജ്ഞാനം നല്‍കപ്പെടുക .തിന്മയുമായി ജോലിയാകുന്നവര്‍ക്ക് വിജ്ഞാനമെന്ന പ്രകാശത്തെ പ്രശോഭിപ്പിക്കാന്‍ സാധിക്കില്ല. ഒരു വിദ്യാര്‍ത്ഥി മത വിജ്ഞാനം നുകരാന്‍ കടന്നുവരുമ്പോള്‍ അവനെ അല്ലാഹു നന്മയുടെ കണ്ണിയാക്കാന്‍ ഉദ്ദേശിച്ചിട്ടുണ്ട് എന്നതാണ് അവന്‍ മനസ്സിലാക്കേണ്ടത്.
അല്ലാഹു വല്ലവനിലും നന്മ ഉദ്ദേശിച്ചാല്‍ അവനെ ദീനില്‍ വിജ്ഞാനം ഉള്ളവനാക്കും എന്ന ഹദീസ് ഇവനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. അല്ലാഹുവിന്റെ പ്രത്യേകമായൊരു തിരഞ്ഞെടുപ്പില്‍ നമ്മള്‍ ഉള്‍ക്കൊണ്ടിട്ടുണ്ടെങ്കില്‍ അത് ഭംഗിയായി അവസാനിപ്പിക്കേണ്ട ഉത്തരാവാദിത്വം നമുക്ക് തന്നെയാണ്.
പവിത്രമായ ഇസ്‌ലാം മഹത്തായ കരങ്ങളിലൂടെയാണ് പ്രചാരണം കൊണ്ടത്. അല്ലാഹു ഒരു ലക്ഷത്തില്‍പരം പ്രവാചകന്മാരിലൂടെ ആ ദിവ്യ വെളിച്ചം ലോകത്താകമാനം പ്രചരിപ്പിച്ചു. അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി (സ)തങ്ങള്‍ ഇസ്‌ലാമിനെ പൂര്‍ത്തീകരിച്ചു.
ഉലമാക്കള്‍ അമ്പിയാക്കളുടെ അനന്തരവകാശികളാണ് എന്ന ഹദീസിലൂടെ ഉലമാക്കളാണ് പൂര്‍ത്തീകരണം കൊണ്ട ഇസ്‌ലാമിന്റെ തനിമയെ കാത്തുസൂക്ഷിക്കേണ്ട ദൗത്യം  ഏറ്റടുക്കേണ്ടവരെന്ന് മനസ്സിലാക്കാന്‍ സാധിക്കും.
ഒരു വിദ്യര്‍ത്ഥി മറ്റു സംരംഭങ്ങളില്‍ നിന്ന് അകന്ന് നിന്ന് മത വിജ്ഞാനം നുകരാന്‍ കടന്നു വരുമ്പോള്‍ പ്രവാചകന്മാരടക്കമുള്ള മഹത്തുക്കളുടെ കണ്ണിയിലേക്ക് ചേരാനുള്ള ആദ്യ പടിയിലേക്കാണ് അവന്‍ പ്രവേശിക്കുന്നത്. വലിയൊരു അമാനത്താണ് മത വിജ്ഞാനം നുകരാനെത്തുന്ന വിദ്യാര്‍ത്ഥി ഏറ്റെടുക്കുന്നത്.  പൂര്‍വ്വീകരായ പണ്ഡിതമഹത്തുക്കള്‍ ഇവിടെ നിര്‍വ്വഹിച്ച മഹത്തായ ദൗത്യത്തിന്റെ അനന്തരം ഏറ്റെടുക്കുകയാണ്.
വിദ്യാര്‍ത്ഥി എന്നതിനപ്പുറം സമൂഹം മുതഅല്ലിമിന് വലിയ മഹത്വം നല്‍കുന്നുണ്ട്. മഹത്തായ ഒരു ദൗത്യ നിര്‍വ്വഹണത്തിനാണ് അവന് പ്രവേശിച്ചിട്ടുള്ളതെന്ന ബോധ്യം മനസ്സിലാക്കി  തന്നെയാണ് സമുദായം മുതഅല്ലിമിന്റെ സര്‍വ്വ ചെലവുകളും വഹിച്ച് അവനെ ഒരു പണ്ഡിതനാക്കി വളര്‍ത്തിയെടുക്കുന്നത്. കേവലം ഒരു പഠനം എന്നതിനപ്പുറം ഒരു സമുദായത്തിന് നന്മയുടെ വഴി കാണിക്കേണ്ട ദൗത്യം നിര്‍വ്വഹണത്തിനുള്ള തയ്യാറെടുപ്പിന്റെ പ്രാരംഭ ഘട്ടമാണെന്ന് മനസ്സിലാക്കി ആഴത്തിലുള്ള അറിവ് സമ്പാതനത്തിനു  അഹോരാത്രം പരിശ്രമിക്കുക തന്നെ ചെയ്യണം. നമുക്ക് മുമ്പില്‍ പഠിക്കുക എന്ന ഉത്തരവാദിത്വം മാത്രമേയുള്ളൂ. അതിനാവിശ്യമായ സര്‍വ്വതും സമുദായം ചെയ്തു തരുന്നുണ്ട്. പ്രവാചകന്മാരും അനുചരന്മാരും പൂര്‍വ്വ കാല പണ്ഡിത മഹത്തുക്കളും സഹിച്ച ത്യാഗങ്ങളൊന്നു കിത്താബുക്കള്‍ ആഴത്തില്‍ മനസ്സിലാക്കാന്‍ സര്‍വ്വ ത്യാഗവും സഹിച്ച്് പഠനം നിര്‍വ്വഹിക്കണമെന്ന ബോധമെങ്കിലും മുതഅല്ലിമിനുണ്ടാവണം.
മുതഅല്ലിം നന്മയുടെ  പ്രതീകമാണ്. മാതാപിതാക്കള്‍ക്കും കുടുംബത്തിനും സമൂഹത്തിനും ഐശ്വര്യമാണ്.
ഒരു നാട്ടില്‍ മത വിജ്ഞാനം നുകരുന്ന ഒരു വിദ്യാര്‍ത്ഥി ഉണ്ടാവുകയെന്നത് ആ നാടിന്റെ വലിയൊരു സൗഭാഗ്യമാണ്. അത് പോലെതന്നെ ഒരു നാട്ടില്‍ മത വിജ്ഞാനം പകര്‍ന്നു കൊടുക്കുന്ന പള്ളി ദര്‍സകളും ഇതര മത കലാലയങ്ങളും ഉണ്ടാകുക എന്നത് ആ നാടിന് വലിയ കാവലും അനുഗ്രഹവുമാണ്.
വിജ്ഞാനം നുകരുന്ന വിദ്യാര്‍ത്ഥിയുടെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തരായിട്ട് മലക്കുകള്‍ അവന് സംരക്ഷണം നല്‍കും. ആകാശ ഭൂമികള്‍ക്കിടയിലുള്ള സര്‍വ്വതും അവന് വേണ്ടി പൊറുക്കലിനെ ചോദിക്കും. കാരുണ്യത്തിന്റെ മാലാഖമാര്‍ സദാ സമയവും മുതഅല്ലിമിന്റെ സമീപമുണ്ടെങ്കില്‍ മുതഅല്ലിമിന്റെ സാന്നിധ്യം അനുഗ്രഹം തന്നെയാണ്.
പ്രവാചകന്റെ കാലഘട്ടത്തില്‍ രണ്ട് സഹോദരങ്ങള്‍ ഉണ്ടായിരുന്നു. ഒരാള്‍ നബി തങ്ങളുടെ വിജ്ഞാന സദസ്സിലേക്കും മറ്റൊരാള്‍ ജോലിക്കും പോവും. ഒരിക്കല്‍ ജോലിക്ക് പോകുന്നയാള്‍ നബി തങ്ങളോട് തന്റെ സഹോദരനെ സംബന്ധിച്ച് ആവലാതി പറഞ്ഞു. നിനക്ക് ഉപജീവന മാര്‍ഗം നല്‍കപ്പെടുന്നത് ഇവനെ കൊണ്ടാണ് എന്നായിരുന്നു.
ഒരു വിദ്യാര്‍ത്ഥി വിജ്ഞാനത്തിന്റെ വഴി തിരഞ്ഞെടുത്താല്‍ അതില്‍ നിന്നും പിന്തിരിയാത്ത കാലത്തോളം അവന്‍ നന്മയുടെ വഴിയിലാണ്. അവന്റെ  ചലനാശ്ചലനങ്ങള്‍ക്കൊക്കെ മഹത്തായ പ്രതിഫലമുണ്ട്. വിജ്ഞാനം നുകരാന്‍ പുറപ്പെടുന്ന ഒരുത്തന്‍ അതില്‍ നിന്നും മടങ്ങുന്നത് വരെ അല്ലാഹുവിന്റെ മാര്‍ഗത്തിലാണെന്ന ഹദീസ് മുതഅല്ലിമിന്റെ മഹത്വത്തെ നമുക്ക്് മനസ്സിലാക്കി തരുന്നുണ്ട്.
ഉണര്‍ന്നത് മുതല്‍ ഉറക്കം വരം മുതഅല്ലിമിന്റെ ഓരോ പ്രവര്‍ത്തനവും നന്മയുടെ വഴിയിലാണ്. എണീറ്റയുടെനെ തഹജ്ജുദ് നമസ്‌കാരത്തില്‍ തുടങ്ങി മുഴുവന്‍ ജമാഅത്തിലും പങ്കെടുത്ത് റവാത്തിബ് സുന്നത്ത് നമസ്‌കാരങ്ങളും വിത്‌റും ളുഅയും നിര്‍വ്വഹിച്ച് ഹദ്ദാദ് നിത്യമാക്കി നിശ്ചിത ദിവസത്തിനുള്ളില്‍ ഖുര്‍ആന്‍ മുഴുവനും പാരായണം ചെയ്ത് പള്ളി ദര്‍സിലാണെങ്കില്‍ സര്‍വ്വ സമയത്തും ഇഅ്ത്ക്കാഫിന്റെ നിയ്യത്തുമായി ജീവിക്കുന്ന മുതഅല്ലിമിന്റെ ജീവിതം വര്‍ണനകള്‍ക്കപ്പുറമാണ്. ഒരു മുതഅല്ലിമിന്റെ വസ്ത്രധാരണ രീതി നബി തങ്ങളുടെ സുന്നത്തിന്റെ ഭാഗമാണ്.
ഇബ്‌നു അബ്ബാസ് (റ)നെ തൊട്ട് റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ നബി തങ്ങള്‍ പറഞ്ഞു. നിങ്ങള്‍ വെള്ള വസ്ത്രം ധരിക്കുക. വസ്ത്രങ്ങളില്‍ നിന്നും  ഏറ്റവും നല്ല  വസ്ത്രം വെള്ള വസ്ത്രമാണ്.
ഇല്‍മു കൊണ്ട് ജോലിയാവല്‍ തന്നെ ഏറ്റവും ശ്രേഷ്ടമായ ആരാധനകളില്‍ പെട്ടതുമാണ്.
നിര്‍ബന്ധിത ആരാധന കര്‍മ്മങ്ങള്‍ക്ക് ശേഷം അറിവ് സമ്പാദിക്കുന്നതിനേക്കാള്‍ ഏറ്റവും ശ്രേഷ്ടമായത് മറ്റൊന്നില്ലായെന്ന് ഇമാം ശാഫിഈ (റ)പറഞ്ഞിട്ടുണ്ട്. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്യലോ എന്ന് ചോദിക്കപ്പെട്ടപ്പോഴും അതിനേക്കാള്‍ ശ്രേഷ്ടം വിജ്ഞാനം സമ്പാദിക്കല്‍ തന്നെയാണെന്നാണ് ഇമാം ശാഫിഈ (റ)മറുപടി പറഞ്ഞത്.
അല്ലാഹു നന്മ ഉദ്ദേശിച്ചവന് വിജ്ഞാനം തേടുന്നതിനേക്കാളും മനപ്പാഠമാക്കുന്നതിനേക്കാളും ശ്രേഷ്ടമായ പല ഇബാദത്തുകളും ജീവിത്തതില്‍ നിത്യമാക്കുന്ന യഥാര്‍ത്ഥ മുതഅല്ലിം അല്ലാഹുവിന്റെ വലിയ്യ് അല്ലെങ്കില്‍ പിന്നെ ആരാണ്. അല്ലാഹുവിന്റെ വലിയ്യ് എന്നൊക്കെ നമ്മുടെ മുന്‍ഗാമികളായ പണ്ഡിതന്മാര്‍ പറയാന്‍ കാരണം ഇതു തന്നെയാണ്.
വിജ്ഞാനം തേടി പ്രവേശിച്ച വഴി സ്വര്‍ഗത്തലേക്കുള്ള എളുപ്പ വഴിയാണ്. ഒരു മനുഷ്യനെ സന്മാര്‍ഗത്തിലാക്കിയാല്‍ അതിന്റെ പ്രതിഫലം മഹത്തരമാണ്. മുതഅല്ലിം തന്റെ പേരിനൊത്ത് ത്യാഗം ചെയ്ത് ബുദ്ധിമുട്ടുകളെല്ലാം സഹിച്ച് മര്യാദകളെല്ലാം പാലിച്ച് മുന്‍ഗാമികള്‍ കോര്‍ത്ത് വെച്ച നന്മയുടെ കണ്ണിയില്‍ ചേരാന്‍ പഠനവുമായി മന്നോട്ട് പോവുക.


| ശഫീഖ് ദാരിമി വെള്ളിക്കൽ |

"രാവിലെ മുതൽ ബഹുമാനപ്പെട്ട
സമസ്തക്ക് വേണ്ടി
പ്രവർത്തിച്ചതിന്റെയും പറഞ്ഞതിന്റെയും
ഹഖ്, ജാഹ്, ബറകത്ത് കൊണ്ട്......".
ഇന്നലെ നടന്ന 
SKJM അറുപതാം വാർഷിക
സന്ദേശ ജാഥാ സ്വീകരണ
സമ്മേളനത്തിലെ
സമാപന ദുആയിൽ
അഭിവന്ദ്യരായ വാക്കോട്
ഉസ്താദ് പ്രാർത്ഥിച്ച
വാക്കുകളാണിത്.
ഹൃദയത്തിൽ തട്ടിയ 
വല്ലാത്ത വാക്കുകൾ.
അകം നിറയെ 
ആലോചനയുടെ
അലകടൽ തീർക്കേണ്ടതാണ്
അഹദവനോടുള്ള
പ്രാർത്ഥനയിൽ കോർത്ത് വെച്ച
ഈ പ്രയോഗം...
...........................................
ഇരുകരമുയർത്തി
നാഥനോടുള്ള തേട്ടത്തിൽ
ആദ്യം ഓതി വെച്ച
ഖുർആൻ വചനത്തിനോടും
മുന്നേ ചൊല്ലി വെച്ച
സ്വലാത്തിന്റെ മധുരാമൃതിനോടും
ചേർത്ത് വെക്കാൻ പാകത്തിൽ 
ആദരവിന്റെ അഴക് ഇഴകിച്ചേർന്ന 
പുണ്യങ്ങളിലൊന്നായി 
സമസ്തയെ അറിഞ്ഞ
ഇഖ്ലാസിന്റെ ഇരവുകൾ.
ദീനിന്റെ നേർവഴിയായ
സമസ്തയെ അടുത്തറിഞ്ഞത് കൊണ്ട്
അകം നിറച്ച ബഹുമാനത്തിന്റെ
നിറം വരച്ച വാക് പ്രയോഗങ്ങൾ
എത്ര സുന്ദരവും സുഖവും പകരുന്നു.
......................................................
നിഷ്കപടമായ മനസ് കൊണ്ട്
ആത്മീയോന്നതിയുടെ
വഴിയും വഴിയടയാളവുമായി
സമസ്തയെ കണ്ടെത്തിയ
ഒരു മനുഷ്യന്റെ
ശുദ്ധ ഹൃദയത്തിന്റെ
തെളിയൊളിവിൽ 
നിന്നും നിർഘളിച്ചതാണ് ആ
നിഷ്കളങ്ക പ്രാർത്ഥന.
..........................................
ഭൗതിക ലാഭങ്ങൾക്കും
സ്ഥാനമാനങ്ങൾക്കും വേണ്ടിയുള്ള
'ഇട'ത്താവളമായല്ല
ആഖിറ നേട്ടങ്ങളുടെയും
പാരത്രിക വിജയങ്ങളുടെയും
അഭയസ്ഥാനമായാണ്
അവരൊക്കെ
സമസ്തയെക്കണ്ടതും
സമസ്തയെ കൊണ്ട് നടക്കുന്നതും.
അന്നന്നത്തെ
കാര്യലാഭങ്ങളുടെ
പറ്റ് ബുക്ക് നോക്കി
അരികുപറ്റിയതല്ല,
നാളെയുടെ കാര്യങ്ങളെ
നേട്ടത്തിന്റെ കണക്ക് ബുക്കിൽ
വരവ് ചേർക്കാൻ
സ്വന്തം ചേർന്ന് നിന്നതും 
മറ്റുള്ളവരെ ചേർത്ത് നിർത്തിയതുമാണ്
അവർ സമസ്തയോട്.
.............................................
സ്ഥലകാല സാഹചര്യങ്ങൾക്കനുസരിച്ച്
ഉപയോഗപ്പെടുത്താനുള്ളതല്ല
അവർക്ക് സമസ്തയോടുള്ള
മുഹബ്ബത്ത്. 
ഒന്നാമതും രണ്ടാമതും മൂന്നാമതും 
നിഷ്കാമ കർമികളായ
ധർമ്മ നായകരുടെ
അകളങ്ക മാനസങ്ങളിൽ
സമസ്തക്കാണ് എന്നും
എപ്പോഴും സ്ഥാനവും 
വലിപ്പവുമുള്ളത്.
സമസ്തക്ക് വേണ്ടിയുള്ള
പ്രവർത്തനങ്ങളും സംസാരങ്ങളും
ചിന്തകൾ പോലും
ദീനീ കർമ്മങ്ങളാണവർക്ക്.
അവർക്ക് സമസ്ത ദീനാണ്.
'ഇടം' നേടാനുള്ള ഉപകരണമല്ല,
ഇടതേടാനുള്ള  ഉപകാരമാണ്
അവർക്ക് സമസ്ത...
.
അത് കൊണ്ട് തന്നെയാണ്
ആദരവിന്റെ
അറ്റമില്ലാത്ത അഭിനിവേശം
അവരുടെ അകതാരിൽ
പൂത്തുലഞ്ഞു നിൽക്കുന്നത്.
സ്നേഹമസൃണമായ 
മനസ് കൊണ്ട് 
സമസ്തയെ അവർ അനുഭവിക്കുന്നത്.
അങ്ങനെയാണ് 
ഇലാഹിനോടുള്ള തേട്ടത്തിന്റെ
സ്വീകാര്യതക്ക് സമസ്തക്ക് വേണ്ടിയുള്ള
കർമ്മങ്ങൾ പോലും
കോർത്ത് വെക്കാനുള
തസ്ബീഹ് മണികളാവുന്നത്....

അത് അനുഭവിക്കാനും വേണം ഭാഗ്യം.

അല്ലാഹു തൗഫീഖ് നൽകട്ടെ
ആമീൻ

ivythemes

{facebook#https://fb.com/alathoorpadidars} {twitter#https://twitter.com/alathurpadidars} {google-plus#https://plus.google.com/+ALATHURPADIDARS} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://youtube.com/alathoorpadidars} {instagram#YOUR_SOCIAL_PROFILE_URL}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget