Latest Post



|മുഹമ്മദ് ശഫീഖ് വാക്കോട്‌|
     
      കേരളത്തിന്റെ പ്രകൃതി പോലെ സുന്ദരമാണ് ഇവിടത്തെ ഇസ്‌ലാമിക ആവിഷ്‌കാരങ്ങളും. പ്രവാചക കാലഘട്ടത്തില്‍ തന്നെ ഇസ്‌ലാമിന്റെ വെളിച്ചം കേരളത്തിലെത്തിയിട്ടുണ്ട്. സ്വഹാബാക്കളിലൂടെ വന്ന പരിശുദ്ധ ഇസ്ലാം അതതുകാലത്തെ പണ്ഡിത മഹത്തുക്കളും സാദാത്തുക്കളും സംരക്ഷിച്ചുപോന്നു. പള്ളികള്‍ കേന്ദ്രീകരിച്ചുള്ള പ്രബോധന രീതിയിലൂടെയായിരുന്നു ആരംഭം. മതത്തിന്റെ തനിമയും പ്രബോധകരുടെ ജീവിത വിശുദ്ധിയുമാണ് കേരള ജനതയെ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ചത്. വിവിധ ഘട്ടങ്ങളില്‍ അനവധിപേര്‍ ഇസ്ലാമിലേക്ക് കടന്നുവരികയും ചെയ്തു. മാലിക് ബ്‌നു ദീനാര്‍(റ) വിലൂടെ കേരളത്തിലാകമാനം ഇസ്‌ലാം പ്രചാരം കൊണ്ടു. പില്‍ക്കാലത്ത് യമനില്‍ നിന്നു കേരളത്തിലേക്ക് കച്ചവടാവശ്യത്തിനും മറ്റുമായി വന്നെത്തിയ യമനീ സാദാത്തുക്കളും പണ്ഡിതന്മാരൂം ഈ വഴി പുഷ്‌ക്കലമാക്കി. മഖ്ദൂം കുടുംബത്തിന്റെ വരവോടെ മതവൈജ്ഞാനിക രംഗത്ത് കേരള ഇസ്‌ലാമിന് പുതിയ മുഖം കൈവന്നു. മഖ്ദൂമുമാര്‍ സ്ഥാപിച്ച പൊന്നാനി പള്ളിയിലെ വിളക്കത്തിരുന്ന് അറിവ് സമ്പാദിച്ചവരാണ് പില്‍ക്കാലത്തെ ബഹുഭൂരിപക്ഷം പണ്ഡിതരും. ഇസ്‌ലാമിക പൈതൃകത്തിനെതിരെവരുന്ന നവീന ചിന്താധാരകളെ ശക്തമായി നേരിടാനും മുസ്‌ലിം കൈരളിയുടെ മത സാമൂഹിക വിദ്യാഭ്യാസ സാംസ്‌കാരിക മേഖലയില്‍ ശക്തമായ ഇടപെടലുകള്‍ നടത്താനും സമസ്ത കേരള ജംഇയത്തുല്‍ ഉലമ എന്ന പണ്ഡിത സഭക്കു ഉലമാക്കള്‍ രൂപംനല്‍കി. 15 നൂറ്റാണ്ടു കാലത്തെ പൈതൃകത്തിന് വിള്ളല്‍ സൃഷ്ടിക്കാതെ സാധാരണക്കാരെ ഇസ്‌ലാമിക ആദര്‍ശത്തില്‍ നിലയുറപ്പിച്ച് സമസ്ത സ്ഥാപിത ലക്ഷ്യങ്ങള്‍ സഫലീകരിച്ചു പ്രയാണം തുടരുകയാണിന്നും.
 

ആഗമനം


കേരളത്തിലെ ഇസ്‌ലാമിക ആഗമനത്തെ സംബന്ധിച്ച് ചരിത്രകാരന്മാര്‍ക്കിടയില്‍ ഭിന്നാഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പ്രവാചക കാലഘട്ടത്തില്‍ ഇസ്‌ലാം എത്തിയിട്ടുണ്ടെന്നും ഇല്ലെന്നും മാലിക് ബിനു ദീനാറി ലൂടെയാണ് ഇസ്‌ലാം എത്തിയതെന്നും അല്ലെന്നും മാലിക് ബ്‌നു ദീനാര്‍ സഹാബി ആണെന്നും അല്ലെന്നും  അഭിപ്രായങ്ങള്‍ നിരവധിയുണ്ട്. ഇതില്‍ പ്രബലമായത് ഇങ്ങനെ: സിലോണിലെ ആദം മല കാണാന്‍ പുറപ്പെട്ട അറബ് സംഘം വഴിമധ്യേ കൊടുങ്ങല്ലൂരില്‍ ഇറങ്ങുകയും അന്നത്തെ രാജാവായിരുന്ന ചേരമാന്‍ പെരുമാളിനെ സന്ദര്‍ശിക്കുകയും ചെയ്തു. സംസാരത്തിനിടയില്‍ ഇസ്‌ലാമിനെക്കുറിച്ചും മുഹമ്മദ് എന്ന പ്രവാചകരെക്കുറിച്ചും പ്രവാചകര്‍ ശത്രുക്കളുടെ വെല്ലുവിളി സ്വീകരിച്ച് ചന്ദ്രനെ പിളര്‍ത്തിയ സംഭവത്തെ കുറിച്ചും സംഘത്തില്‍നിന്നു കേട്ടറിഞ്ഞ രാജാവ് ഇസ്‌ലാം മതത്തിലും പ്രവാചകന്‍ മുഹമ്മദ് നബിയിലും ആകൃഷ്ടനായി. തുടര്‍ന്ന് അറബ് സംഘത്തോടൊപ്പം മക്കയിലേക്ക് പോകാന്‍ രാജാവ് ആഗ്രഹം പ്രകടിപ്പിച്ചു.  സംഘം സിലോണില്‍ നിന്നു തിരിച്ചുവരുമ്പോള്‍ കൊടുങ്ങല്ലൂരില്‍ വരികയും രാജാവ് അറബ് സംഘത്തോടൊപ്പം മക്കയിലേക്ക് യാത്ര തിരിക്കുകയും ചെയ്തു. രാജാവ് മക്കയിലെത്തി പ്രവാചകനെ കണ്ടു ഇസ്‌ലാംമതം സ്വീകരിച്ചു. താജുദ്ദീന്‍ എന്ന നാമം സ്വീകരിച്ച് അല്‍പകാലത്തിന് ശേഷം സ്വരാജ്യത്തേക്കുതന്നെ മടങ്ങി. വഴിമധ്യേ  മരണപ്പെട്ടു. ഒമാനിലെ സലാലയില്‍ മറമാടുകയും ചെയ്തു. രാജാവിന്റെ  നിര്‍ദ്ദേശപ്രകാരം മാലിക് ദീനാര്‍(റ)ന്റെ നേതൃത്വത്തിലുള്ള യാത്രാസംഘം ഇസ്‌ലാമിക പ്രചാരണത്തിന് കൊടുങ്ങല്ലൂരില്‍ എത്തുകയും ചേരമാന്‍പെരുമാള്‍ ഏല്‍പ്പിച്ച കത്ത് അന്നത്തെ  രാജാവിനു നല്‍കി. രാജാവ് സംഘത്തിന് ഊഷ്മള സ്വീകരണം നല്‍കുകയും താമസസൗകര്യവും പളളി നിര്‍മിക്കാനുള്ള സ്ഥലവും അനുവദിച്ച് നല്‍കുകയും ചെയ്തു.





    പ്രസിദ്ധ ചരിത്രകാരന്‍ സുഹ്‌റവര്‍ദി തന്റെ ''രിഹ് ലത്തുല്‍ മുലൂക്ക്'' എന്ന ഗ്രന്ഥത്തില്‍ പറയുന്നു: മാലിക് ബ്‌നു ദീനാര്‍ (റ), ശറഫു ബ്‌നു മാലിക് (റ), മാലിക് ബ്‌നു ഹബീബ് അദ്ദേഹത്തിന്റെ ഭാര്യ  ഖമരിയ എന്നിവരടങ്ങുന്ന പന്ത്രണ്ടംഗ സംഘം കേരളത്തിലേക്ക് യാത്ര തിരിച്ചു. അവരോടുകൂടെ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ 20 പേരും ബസ്വറക്കാരായ മറ്റ് ചിലരും ഉണ്ടായിരുന്നു. ആകെ 44 പേരായിരുന്നു അവര്‍. ഇവര്‍ 18 പള്ളികള്‍ നിര്‍മ്മിക്കുകയും അവിടങ്ങളില്‍ ഖാളിമാരെ നിശ്ചയിക്കുകയും ചെയ്തു. കേരളത്തിനുപുറമെ തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളിലും അവര്‍ പള്ളികള്‍ നിര്‍മ്മിച്ചു.
 ഇസ്‌ലാമിന്റെ ആചാരനുഷ്ഠാനങ്ങളിലും ആരാധനാക്രമങ്ങളിലും ആകൃഷടരായി നിരവധിപേര്‍ ഇസ്ലാമിലേക്ക് കടന്നുവന്നു. മാലിക് ബ്‌നു ദീനാര്‍ (റ) മാലിക് ബിന് ഹബീബ്(റ)നെ  മലബാറിലെ വിവിധ പ്രദേശങ്ങളില്‍ പള്ളികള്‍ നിര്‍മിക്കാന്‍ ചുമതലപ്പെടുത്തി. അദ്ദേഹം കൊല്ലത്തേക്ക് യാത്രതിരിച്ചു. അവിടെ ഒരു പള്ളി നിര്‍മ്മിക്കുകയും ശേഷം ഭാര്യയേയും മക്കളേയും അവിടെ താമസിപ്പിച്ച് ഏഴിമല, മംഗലാപുരം, കാസര്‍ഗോഡ് എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും അവിടെയെല്ലാം പള്ളികള്‍ നിര്‍മ്മിക്കുകയും ചെയ്തു. പിന്നീട്  ഏഴിമലയിലേക്കു തിരിച്ചുവരുകയും മൂന്നു മാസം അവിടെ താമസിക്കുകയും ചെയ്തു. ശേഷം ശ്രീകണ്ഠപുരം, ധര്‍മ്മടം, പന്തലായനി, ചാലിയം എന്നീ പ്രദേശങ്ങളിലും അദ്ദേഹം പള്ളികള്‍ നിര്‍മ്മിച്ചു. ശേഷം കൊടുങ്ങല്ലൂരിലേക്ക് തിരിച്ചുവരികയും അമ്മാവന്‍ മാലികുബ്‌നു ദിനാര്‍ (റ)ന്റെ കൂടെ സ്ഥിരതാമസമാക്കുകയും ചെയ്തു. ഒരിടവേളയ്ക്ക് ശേഷം മലബാറിലെ വിവിധ പ്രദേശങ്ങളില്‍ അദ്ദേഹം നിര്‍മ്മിച്ച പള്ളികള്‍ സന്ദര്‍ശിക്കുകയും അവിടങ്ങളിലെല്ലാം നിസ്‌കരിക്കുകയും അവിടെയെല്ലാം ഇസ്‌ലാമിന്റെ പ്രഭ പ്രശോഭിച്ചതു കണ്ടു സന്തോഷവാനാവുകയും ചെയ്തു. പിന്നീട് മാലിക് ബ്‌നു ദീനാര്‍(റ), മാലിക് ബ്‌നു ഹബീബ്(റ) എന്നിവര്‍ തങ്ങളുടെ കൂട്ടുകാരോടും പരിചാരകരോടുമൊന്നിച്ച് കൊല്ലത്തേക്ക് യാത്രതിരിച്ചു. മാലിക് ബ്‌നു ദീനാര്‍ ഒഴിച്ച് മറ്റുള്ളവരെല്ലാം അവിടെ സ്ഥിരതാമസമാക്കി. മാലിക് ബ്‌നു ദീനാര്‍ ഷഹര്‍ അല്‍ മുകല്ലയിലേക്കു പോവുകയും അവിടെ മറവ് ചെയ്യപ്പെട്ട ചേരമാന്‍ രാജാവിന്റെ ഖബര്‍ സന്ദര്‍ശിക്കുകയും ചെയ്തു. തുടര്‍ന്നദ്ദേഹം ഖുറാസാനിലേക്ക് പോവുകയും അവിടെവച്ച് മരണപ്പെടുകയും ചെയ്തു. മാലിക് ബ്‌നു ഹബീബ്(റ) മക്കളില്‍നിന്നും ചിലര്‍ക്കു കൊല്ലത്ത് താമസ സൗകര്യം ചെയ്തുകൊടുത്ത് ഭാര്യയേയുംകൂട്ടി  കൊടുങ്ങല്ലൂരില്‍ വരികയും അവിടെവച്ച് ഇഹലോകവാസം വെടിയുകയും ചെയ്തു.
\
      പത്താം നൂറ്റാണ്ടു മുതല്‍ പതിനഞ്ചാം നൂറ്റാണ്ട് വരെയുള്ള ഇസ്‌ലാമിക ചരിത്രം ഏറെക്കുറെ പൂര്‍ണ്ണമായും അജ്ഞാതമാണ്. ഒമ്പതാം നൂറ്റാണ്ടിലെ തരിസ്സാപ്പള്ളി ശാസനവും ചില ചെമ്പേടുകളും ശാസനങ്ങളും പത്താം നൂറ്റാണ്ട് വരെയുള്ള ഇസ്ലാമിക ചരിത്രത്തിന് അല്‍പമെങ്കിലും വെളിച്ചം നല്‍കുന്നുണ്ട്. കേരള മുസ്ലിം ചരിത്രത്തെ സംബന്ധിച്ചിടത്തോളം തീര്‍ത്തും ഇരുളടഞ്ഞ നൂറ്റാണ്ടാണ് 10 മുതല്‍ 15 വരെയുള്ള നൂറ്റാണ്ട്.  അല്‍പമെങ്കിലും ഈ നൂറ്റാണ്ടുകള്‍ക്കിടയിലെ മുസ്ലിം ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത് കേരളം സന്ദര്‍ശിച്ച സഞ്ചാരികളുടെ കൃതികളാണ്. ഇബിനു ഫഖീഹ്, ഇബ്‌നു റുസ്ത, അബൂസൈദ്, മസ്ഊദി എന്നിവര്‍ പത്താം നൂറ്റാണ്ടിലെ മുസ്ലീങ്ങളെ സംബന്ധിച്ചു രേഖപ്പെടുത്തിയ സഞ്ചാര കൃതികളുടെ രചയിതാക്കളാണ്.

പന്ത്രണ്ട്, പതിമൂന്ന് നൂറ്റാണ്ടുകളിലെ അല്‍ ഇദ്‌രീസ്( 1154 )യാഖൂത്ത് (1159 1229 )എന്നിവര്‍ തീരദേശ പ്രദേശങ്ങളെ കുറിച്ചും അവിടങ്ങളിലെ ആചാരാനുഷ്ഠാനങ്ങളെ കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. ഉത്തരമലബാറിലെ കോലത്തിനെക്കുറിച്ച് വിശദമായി എഴുതിയ റഷീദുദ്ദീന്റെ ( 1247  1269) വിവരങ്ങള്‍ പതിമൂന്നാം നൂറ്റാണ്ടിലെ സ്രോതസ്സാണ്. പ്രസിദ്ധ ആഫ്രിക്കന്‍ സഞ്ചാരി  ഇബിനുബത്തൂതയുടേതൊഴിച്ച്  മറ്റു ചരിത്രകാരന്മാര്‍ മലബാറിനെ സംബന്ധിച്ചു അല്പം മാത്രമാണ് പ്രതിപാദിക്കുന്നത്. ബത്തൂത്തയുടെ സഞ്ചാരകൃതികള്‍ മലബാറിലെ മുസ്ലിങ്ങളെ സംബന്ധിച്ചു വലിയ തോതില്‍ പരാമര്‍ശിക്കുന്നുണ്ട്. പലതവണ കോഴിക്കോട് തുറമുഖം സന്ദര്‍ശിച്ച അദ്ദേഹം കോഴിക്കോടിനെ സംബന്ധിച്ചും അവിടത്തെ രാജാവിനെയും ജനങ്ങളെയും സംബന്ധിച്ചും സൂചനകള്‍ നല്‍കുന്നുണ്ട്. കൊല്ലം സന്ദര്‍ശിച്ച അദ്ദേഹം അവിടത്തെ കച്ചവട സാമൂഹിക ബന്ധങ്ങളെ കുറിച്ച് വിവരണം നല്‍കുന്നുണ്ട്. ഇബ്‌നു ബത്തൂത്തയുടെ മലബാര്‍ സന്ദര്‍ശനത്തിലൂടെ പതിനാലാം നൂറ്റാണ്ടിലെ കേരള ഇസ്‌ലാമിനെ സംബന്ധിച്ച് ഏകദേശചിത്രം ലഭ്യമായി. ബസറൂര്‍, ഫാക്കനൂര്‍, മംഗലാപുരം, ഏഴിമല, വളപട്ടണം, ധര്‍മ്മടം, പന്തലായനി, കോഴിക്കോട്, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിലെ മുസ്‌ലിം സാന്നിധ്യത്തെ സംബന്ധിച്ചും മുസ്‌ലിംകളുടെ ജീവിത രീതികളെ  സംബന്ധിച്ചും അദ്ദേഹം വിവരിക്കുന്നുണ്ട്. ശൈഖ്  ശിഹാബുദ്ദീന്‍ കാസറൂനി (കോഴിക്കോട്), ഹുസൈന്‍ സലാത്ത (ഫാക്കനൂര്‍), ബദറുദ്ദീനുല്‍ മഅ്ബറി(മംഗലാപുരം) തുടങ്ങിയ മുസ്‌ലിം നേതാക്കളെ കുറിച്ച് എല്ലാം അദ്ദേഹം പ്രതിപാദിക്കുന്നുണ്ട്. ധര്‍മ്മടം, വളപട്ടണം, ഏഴിമല,  കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലെ പള്ളികളെ കുറിച്ചും 500 അടി നീളവും 300 അടി വീതിയുമുള്ള ചെങ്കല്ലില്‍ പടുത്ത പള്ളിക്കുളത്തെ കുറിച്ചുമെല്ലാം മനോഹരമായി അദ്ദേഹം വര്‍ണിക്കുന്നുണ്ട്.

അറബി സഞ്ചാരികള്‍ക്കു പുറമേ ചൈനീസ് യൂറോപ്യന്‍ സഞ്ചാരികളും മലബാര്‍ സന്ദര്‍ശിക്കുകയും അവരുടെ സഞ്ചാരകൃതികളില്‍ കേരളത്തെ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 1330-1349 കാലയളവില്‍ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ചൈനീസ് സഞ്ചാരി വാങ് താ യുവാന്‍, പതിനഞ്ചാം നൂറ്റാണ്ടിലെ ചൈനീസ് മുസ്ലിം സഞ്ചാരി മാഹ്യാന്‍, പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ച യൂറോപ്യന്‍ സഞ്ചാരി മാര്‍ക്കോപോളോ, പതിനഞ്ചാം നൂറ്റാണ്ടിലെ പ്രമുഖ യൂറോപ്യന്‍ സഞ്ചാരികളായ നിക്കോളോ കോണ്ടി (14401441 ) അഥന്‍ഷ്യസ് നികിതിന് (1468  1474 ) ഹിറനി മോ ഡി സ്റ്റാന്റ  സ്റ്റെഫാനോ എന്നിവരെല്ലാം കേരളത്തെ സംബന്ധിച്ചും ഇവിടത്തെ മുസ്ലിംകളെ സംബന്ധിച്ചും വിവരിക്കുന്നുണ്ട്. പലരും കേരളത്തെ സംബന്ധിച്ച് ദീര്‍ഘമായി വര്‍ണിക്കുമ്പോഴും കേരള മുസ്ലിംകളെ സംബന്ധിച്ച് വിവരിക്കുന്നത് വളരെ വിരളമാണ്. ചുരുക്കത്തില്‍ 10 മുതല്‍ 15 നൂറ്റാണ്ടുവരെയുള്ള കേരള ഇസ്‌ലാമിക ചരിത്രം ഏറെക്കുറെ അജ്ഞാതമാണ്. മഖ്ദൂം കുടുംബത്തിന്റെ കേരള പ്രവേശനത്തോടെയാണ് കേരള മുസ്‌ലിം ചരിത്രത്തിനു വിലാസവും വെളിച്ചവും ഉണ്ടായത്.



മഖ്ദൂം കുടുംബം കേരളത്തില്‍


അജ്ഞാതമായിരുന്ന കേരള മുസ്‌ലിം ചരിത്രം മഖ്ദൂമികളുടെ കടന്നുവരവോടെ ചരിത്രത്തില്‍ ഇടം പിടിച്ചു. മഖ്ദൂം പണ്ഡിതന്മാരുടെ വ്യവസ്ഥാപിതമായ പ്രബോധന രീതികളും രചനകളും ഇസ്‌ലാമിക കേരളത്തിന് പുതിയ മുഖം സമ്മാനിച്ചു. കേരളത്തിലെ മതവൈജ്ഞാനിക സാംസ്‌കാരികമേഖലയില്‍ പുതിയ അധ്യായമാണ് മഖ്ദൂം   കുടുംബം സൃഷ്ടിച്ചത്. വൈജ്ഞാനിക പ്രസരണത്തിന്റെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു മഖ്ദൂം കാലഘട്ടം. കേരളത്തിന്റെ നാനാ ദിക്കുകളില്‍ നിന്നും അറേബ്യന്‍ നാടുകളില്‍ നിന്നും   വിദ്യാര്‍ത്ഥികള്‍ പൊന്നാനിയിലെ വിളക്കുമാടത്തില്‍ നിന്ന് വിജ്ഞാനം നുകര്‍ന്നിരുന്ന കാലഘട്ടമായിരുന്നു അത്.
        യമനിലെ മഅ്ബറില്‍ നിന്നാണ് മഖ്ദൂം കുടുംബം ദക്ഷിണേന്ത്യയില്‍ വന്നത്. തമിഴ്‌നാട്ടിലെ കിഴക്കന്‍ തീരദേശങ്ങളിലാണ് ആദ്യമായി എത്തിയത്. മധുര, നാഗൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഇസ്‌ലാമിക പ്രബോധനത്തിന് മഖ്ദൂം കുടുംബം വലിയ പങ്കുവഹിച്ചു.
  കേരളത്തിലെ മത വൈജ്ഞാനിക നവോത്ഥാനത്തിന് തിരികൊളുത്തിയത് സൈനുദ്ദീന്‍ മഖ്ദൂം കബീറാണ്. അബൂ യഹ്‌യ സൈനുദ്ദീന്‍ ബ്‌നു ശൈഖ് അലി ബ്‌നു ശൈഖ് അഹമ്മദ് അല്‍ മഅ്ബരി എന്നാണ് പൂര്‍ണനാമം. സൈനുദ്ദീന്‍ മഖ്ദൂമിന്റെ പിതാമഹന്‍ ശൈഖ് അഹ്മദ് മഅ്ബരി കായല്‍പട്ടണത്തില്‍നിന്നും  കൊച്ചിയിലെത്തി ഇസ്‌ലാമിക പ്രചരണവുമായി അവിടെ താമസമാക്കുകയും ചെയ്തു. ഇവര്‍ മുഖേന നിരവധിപേര്‍ ഇസ്‌ലാം സ്വീകരിക്കുകയും മുസ്ലിംകള്‍ക്കിടയില്‍ ഇവര്‍ക്ക് വലിയ  സ്വീകാര്യത ലഭ്യമാവുകയും ചെയ്തു. കൊച്ചിയിലുള്ള ഇവരുടെ വീട്ടില്‍ ആണ് ശൈഖ് സൈനുദ്ദീന്‍ ജനിക്കുന്നത്.
         അഹ്മദ് മഅ്ബരിയുടെ പുത്രന്‍ സൈനുദ്ദീന്‍ ഇബ്രാഹിം അല്‍ മഅ്ബരി കൊച്ചിയിലെ ഖാസിയായി നിയമിതനായി. തദവസരത്തില്‍ പൊന്നാനിയിലെ മുസ്‌ലിം നേതാക്കള്‍ അദ്ധേഹത്തെ സമീപിക്കുകയും പൊന്നാനിയില്‍ വരാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. നിര്‍ബന്ധത്തിനു വഴങ്ങി കൊച്ചിയില്‍നിന്ന് പൊന്നാനിയിലേക്ക് എത്തിയ അദ്ധേഹം തോട്ടുങ്ങല്‍ പള്ളി കേന്ദ്രീകരിച്ച് മത പ്രവര്‍ത്തനമാരംഭിച്ചു. സൈനുദ്ദീന്‍ മഖ്ദൂം കബീര്‍ പ്രാഥമിക പഠനം പിതാവ് അലി അല്‍ മഅ്ബരിയില്‍ നിന്ന ാണ് നേടിയത്. പതിനാലാം വയസ്സില്‍ പിതാവിന്റെ വിയോഗത്തിനുശേഷം തുടര്‍പഠനത്തിന് അദ്ദേഹം പൊന്നാനിയിലെ ഖാസിയായ പിതൃവ്യന്റെസമീപത്തേക്ക് വന്നു. ഖുര്‍ആന്‍ മനഃപാഠമാക്കി വ്യാകരണം, കര്‍മ്മശാസ്ത്രം, ആത്മീയ ശാസ്ത്രം തുടങ്ങിയവയില്‍ പ്രാവീണ്യം നേടിയതിനുശേഷം ഉന്നതപഠനത്തിനായി പ്രമുഖ കര്‍മ്മശാസ്ത്ര പണ്ഡിതനും കോഴിക്കോട് ഖാസിയുമായിരുന്ന ഫഖ്‌റുദ്ദീനു ബ്‌നു  റമദാന്‍ അശ്ശാലിയാത്തിയുടെ ശിഷ്യത്വം സ്വീകരിച്ചു.

      വിജ്ഞാനത്തോടുള്ള അടങ്ങാത്ത ദാഹത്താല്‍ അദ്ദേഹം മക്കയിലേക്ക് യാത്രയായി. അവിടെവെച്ചു അല്ലാമാ ശിഹാബുദ്ധീന് ഇബ്‌നു ഉസ്മാന്‍ അബില്‍ ഹില്ലില്‍ യമനിയില്‍ നിന്നു ഹദീസിലും ഫിഖ്ഹിലും ജ്ഞാനം സമ്പാദിച്ചു. മക്കയില്‍ നിന്ന് ഈജിപ്തിലേക്ക് യാത്രതിരിക്കുകയും അല്‍അസ്ഹരില്‍ ചേരുകയും ചെയ്തു. ആ കാലഘട്ടത്തിലെ പ്രസിദ്ധരായ ഒരുപാട് ഉലമാക്കളില്‍ നിന്ന് അദ്ദേഹം അറിവ് നുകര്‍ന്നു. ദീര്‍ഘകാല പഠനത്തിനുശേഷം അദ്ദേഹം പൊന്നാനിയില്‍ തിരിച്ചെത്തുകയും മതവൈജ്ഞാനിക പ്രബോധനരംഗത്ത് സജീവമാവുകയും ചെയ്തു. പൊന്നാനി വലിയ പള്ളി സ്ഥാപിക്കാന്‍ നേതൃത്വം വഹിച്ചത് അദ്ദേഹമാണ്.  കേരള മുസ്‌ലീങ്ങളെ ശാഫിഈ മദ്ഹബ് അടിസ്ഥാനമാക്കി വഴിനടത്തുന്നതില്‍ മുഖ്യപങ്കുവഹിച്ചത് ശൈഖ് സൈനുദ്ധീനാ(റ)ണ്. അദ്ദേഹത്തിന്റെ പ്രബോധന കാലത്ത് പറങ്കികളുമായി നിരവധി തവണ പോരാടേണ്ടി വന്നിട്ടുണ്ട്. പറങ്കികള്‍ക്കെതിരെ കവിത രചിച്ചു മഹല്ലുകളില്‍ അദ്ദേഹം വിതരണം ചെയ്തു. സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ ആദ്യമായി രചിക്കപ്പെട്ട കവിത (തഹ്‌രീള്)  ഇദ്ദേഹത്തിന്റേതാണ്. ഹിജ്‌റ 928 ഷഅ്ബാന്‍ 16 /1522 ജൂലൈ 10 വെള്ളിയാഴ്ച അദ്ദേഹം ലോകത്തോട് വിട പറഞ്ഞു.

പ്രബോധന രംഗത്തും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളില്‍ ഖാസി  മുഹമ്മദിനോട് കൂടെ ഒന്നിച്ചുണ്ടായിരുന്ന അബ്ദുല്‍ അസീസ് മഖ്ദൂം സൈനുദീന്‍ മഖ്ദൂമിന്റെ പുത്രന്മാരില്‍ ഒരാളാണ്. ഒട്ടേറെ ഗ്രന്ഥങ്ങള്‍ രചിക്കുകയും പിതാവിന്റെ ചില ഗ്രന്ഥങ്ങള്‍ക്ക് വ്യാഖ്യാനം തയ്യാറാക്കുകയും ചെയ്തു ഇദ്ദേഹം. അറബി വ്യാകരണ ശാസ്ത്ര പഠനത്തിന് പ്രധാനമായും ഉപയോഗിക്കുന്ന അല്‍ഫിയ്യയിലെ 411 ബൈത്തുകള്‍ക്കു പിതാവ്  വിവരണം നല്‍കിയിരുന്നു. അത് പൂര്‍ത്തിയാക്കിയത് ഇദ്ദേഹമാണ്.
ശൈഖ് മുഹമ്മദ് ഗസാലിയുടെ മകനാണ് അഹമ്മദ് സൈനുദ്ദീന്‍ മഖ്ദൂം. ചെറിയ സൈനുദ്ദീന്‍ മഖ്ദൂം, മഖ്ദൂം രണ്ടാമന്‍ എന്നീ പേരുകളില്‍ അദ്ദേഹം അറിയപ്പെടുന്നു. പിതാവില്‍നിന്നുള്ള പ്രാഥമിക പഠനത്തിനു ശേഷം ഉന്നത പഠനത്തിനായി പൊന്നാനിയിലെ പിതൃസഹോദരന്‍ അബ്ദുല്‍അസീസ് മഖ്ദൂമിന്റെയടുത്തെത്തി. പൊന്നാനിയിലെ പഠനകാലത്ത് ഖുര്‍ആന്‍ മനഃപാഠമാക്കി. ഏതാനും വര്‍ഷത്തെ പഠനത്തിനുശേഷം അദ്ദേഹം മക്കയിലേക്ക് യാത്ര തിരിക്കുകയും ശാഫിഈ മദ്ഹബിലെ പ്രമുഖ കര്‍മശാസ്ത്ര പണ്ഡിതനും തുഹ്ഫത്തുല്‍ മുഹ്താജ് എന്ന മഹത്തായ ഗ്രന്ഥത്തിന്റെ  രചയിതാവുമായ ഇമാം ശിഹാബുദ്ധീന്‍ അഹ്മദ് ബ്‌നു ഹജറുല്‍ ഹൈതമി പോലുള്ളവരില്‍ നിന്ന് കര്‍മ്മശാസ്ത്രത്തിലും ഹദീസിലും വ്യുല്‍പത്തി നേടുകയും ചെയ്തു.  പിന്നീട് അദ്ദേഹം പൊന്നാനിയില്‍ തിരിച്ചെത്തി. ഗുരുനാഥന്‍ അബ്ദുല്‍ അസീസ് മഖ്ദൂമിനോടൊപ്പം പൊന്നാനിയിലെ വലിയ ജുമാഅത്ത് പള്ളിയില്‍ അധ്യാപനവുമായി മുന്നോട്ടുപോയി. 36 വര്‍ഷം അധ്യാപന രംഗത്ത് സജീവമായിരുന്നു. ഇമാം ഇബ്‌നു ഹജറുല്‍ ഹൈതമി അദ്ദേഹത്തിന്റെ അധ്യാപന കാലത്ത് പൊന്നാനിയില്‍ വന്നു അല്‍പകാലം താമസിച്ചിരുന്നു.

മുസ്‌ലിം ലോകത്തിനും രാജ്യത്തിനും അനവധി സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ട് ശൈഖ് സൈനുദ്ദീന്‍ സഗീര്‍. ഫത്ഹുല്‍ മുഈനും തുഹ്ഫത്തുല്‍ മുജാഹിദീനുമെല്ലാം ഇതിനുദാഹരണമാണ്. ഇവര്‍ക്കുശേഷം ശൈഖ് ഉസ്മാന്‍, ശൈഖ് ജമാലുദ്ദീന്‍ ഖായി, ശൈഖ് അബ്ദുറഹ്മാന്‍ മഖ്ദൂം, ശൈഖ് ഉസ്മാന്‍ മഖ്ദൂം, ശൈഖ് അബ്ദുല്‍ അസീസ് മഖ്ദൂം രണ്ടാമന്‍, അബ്ദുറഹ്മാന്‍ മഖ്ദൂം രണ്ടാമന്‍, ശൈഖ് അബ്ദുല്‍ അസീസ് മൂന്നാമന്‍ തുടങ്ങി വലിയൊരു പണ്ഡിത നേതൃത്വം മുസ്‌ലിം കൈരളിയുടെ പ്രബോധന പ്രചാരണ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു.

പ്രബോധന രംഗത്തും സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെയുള്ള സമര പോരാട്ട രംഗത്തും തിളങ്ങിനിന്ന മഖ്ദൂം കുടുംബത്തെ പോലെതന്നെ മുസ്‌ലിം കൈരളിയുടെ നേതൃപദവിയില്‍ ജ്വലിച്ചിരുന്നവരാണ് കോഴിക്കോട് ഖാസിമാര്‍. മത കാര്യങ്ങളിലും സമര പോരാട്ടങ്ങളിലും ശക്തമായ ഇടപെടലുകള്‍ നടത്തി ആത്മീയനേതൃത്വമായി മാറിയ മമ്പുറം തങ്ങളും കേരള മുസ്‌ലിം ചരിത്രത്തില്‍ പ്രധാനിയാണ്. ബ്രിട്ടീഷ് ഗവണ്‍മെന്റും പോലീസും ജന്മിമാരുമെല്ലാം താഴേക്കിടയിലുള്ളവര്‍ക്കെതിരെ മനുഷ്യത്വമില്ലായ്മ കാണിക്കുകയും അതിക്രമങ്ങള്‍ അഴിച്ചുവിടുകയും ചെയ്തപ്പോള്‍ ഇവര്‍ക്കെതിരെയുള്ള ചെറുത്തു നില്‍പ്പിനു പോരാടുകയല്ലാതെ മറ്റൊരു മാര്‍ഗമില്ലെന്നു മനസ്സിലാക്കി പോരാട്ടങ്ങള്‍ക്ക് ആഹ്വാനവുമായി മമ്പുറം തങ്ങള്‍ മുന്നോട്ടുവന്നു. തിരൂരങ്ങാടിയിലൂടെ വിവിധ പ്രദേശങ്ങളിലേക്കും കലാപങ്ങള്‍ വ്യാപിച്ചു. തങ്ങളെ സന്ദര്‍ശിക്കാന്‍ വരുന്നവരോട് ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ പോരാടാന്‍ അദ്ദേഹം കല്‍പ്പിച്ചു. 1841 ല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ശക്തമായ യുദ്ധത്തിന്ന് പ്രേരിപ്പിച്ച് തങ്ങള്‍ സൈഫുല്‍ബത്താര്‍ അലാ മന്‍യുവാലില്‍ കുഫഫാര്‍›   എന്ന ഗ്രന്ഥം എഴുതി. സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെയും അവരുടെ സഹായികള്‍ക്കെതിരെയും പോരാടാനുള്ള പ്രചോദനവും ശക്തിയും ആയിരുന്നു അദ്ദേഹത്തിന്റെ ആ ഗ്രന്ഥം. 1843 ല്‍ തങ്ങളുടെ വഫാത്തിന് ശേഷം പുത്രന്‍ ഫസല്‍ പൂക്കോയതങ്ങള്‍ അറേബ്യയിലേക്ക് പോയപ്പോള്‍ ശരിക്കും സമുദായം നാഥനില്ലാത്തവരായി. ആറുവര്‍ഷത്തിനുശേഷം ഫസല്‍ തങ്ങള്‍ തിരിച്ചെത്തുകയും പിതാവിന്റെ വഴിയില്‍ തുടരുകയും ചെയ്തു. 'ഉദ്ദത്തുല്‍ ഉമറാഅ് വല്‍ ഹുക്കാം ലി ഇഹാനത്തില്‍ കഫറത്തി വല്‍ അസ്ഹാം' എന്ന ഗ്രന്ഥം അദ്ദേഹം രചിച്ചതാണ്. ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരെ ശക്തമായി നിലകൊള്ളാന്‍ പ്രചോദനമായ ആ ഗ്രന്ഥം ബ്രിട്ടീഷ് ഗവര്‍മെന്റ് നിരോധിച്ചു.

1852 ല്‍ ഫസല്‍ തങ്ങളെ ബ്രിട്ടീഷ് ഗവണ്‍മെന്റ് അറേബ്യയിലേക്ക് നാടുകടത്തി.  എങ്കിലും മമ്പുറം തങ്ങളും മകന്‍ ഫസല്‍ തങ്ങളുമെല്ലാം പകര്‍ന്ന്‌പോയ സമര വീര്യം നെഞ്ചിലേറ്റി സാമ്രാജത്വ ശക്തികള്‍ക്കെതിരെ ശക്തമായ പോരാട്ടങ്ങളുമായി മാപ്പിള മുസ്‌ലിംകള്‍ മുന്നോട്ടുപോയി. ബ്രിട്ടീഷ് ഗവര്‍ണമെന്റിനു വലിയ തലവേദന സൃഷ്ടിക്കാനും ഇന്ത്യാ രാജ്യത്തിന്റെ സ്വതന്ത്ര ലബ്ധിയില്‍ വലിയ പങ്ക് വഹിക്കാനും മാപ്പിളമാര്‍ക്ക് സാധിച്ചു.

പറങ്കികള്‍ക്കെതിരെ പോരാടിയ കുഞ്ഞാലി മരക്കാരന്മാരും നികുതി നിഷേധത്തിലൂടെ ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരെ  ശക്തമായി നിലകൊണ്ട സൂഫിയും പണ്ഡിതനുമായിരുന്ന വെളിയങ്കോട് ഉമര്‍ ഖാസിയും ഖിലാഫത്ത് പ്രസ്ഥാനത്തിന് ആത്മീയ നേതൃത്വം നല്‍കിയ നെല്ലിക്കുത്ത് ആലി മുസ്‌ലിയാരും വാരിയംകുന്നത്ത് കുഞ്ഞമ്മദ് ഹാജിയും കേരള മുസ്‌ലിം ചരിത്രത്തിലെ പ്രമുഖരാണ്. ഖിലാഫത്ത് പ്രസ്ഥാനത്തിനിടയില്‍ നാടുവിട്ടുപോയ ചിലര്‍ നവീന ചിന്താഗതികളുമായി കേരള മുസ്‌ലിംകളെ വഴിതെറ്റിക്കാന്‍ രംഗത്തിറങ്ങിയപ്പോഴാണ് കേരളത്തിലെ തലയെടുപ്പുള്ള പണ്ഡിതര്‍ സമസ്ത കേരള ജംഇയത്തുല്‍ ഉലമ എന്ന പണ്ഡിത സഭക്കു രൂപം നല്‍കുന്നത.്

സമസ്ത രൂപീകരണവും വികാസവും


         മലബാര്‍ കലാപത്തിനുശേഷം അടിച്ചമര്‍ത്തപ്പെട്ട മുസ്‌ലീങ്ങള്‍ക്ക് ഒരു നേതൃത്വത്തിന്റെ അഭാവം പ്രകടമായി. കലാപവേളയില്‍ ജീവിച്ചിരുന്ന ഏറെക്കുറെ പണ്ഡിതന്മാരെല്ലാം സമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം വഹിച്ചതിനാല്‍ പലരും കൊല്ലപ്പെടുകയോ നാടുകടത്തപ്പെടുകയോ ചെയ്തു. ഖിലാഫത്ത് പ്രസ്ഥാനത്തിലെ സജീവ സാന്നിധ്യമായിരുന്ന നെല്ലിക്കുത്ത് ആലി മുസ്‌ലിയാര്‍, പാങ്ങില്‍ അഹ്മദ് കുട്ടി മുസ്ലിയാര്‍, കെ എം മൗലവി തുടങ്ങിയവര്‍ക്കെതിരെ ലഹളകള്‍ക്ക് നേതൃത്വം നല്‍കിയ കാരണത്താല്‍ 1921 ഓഗസ്റ്റ് 16ന കലക്ടര്‍ തോമസ് അറസ്റ്റ് വാറണ്ട് പുറപ്പെടീച്ചു. നെല്ലിക്കുത്ത് ആലി മുസ്‌ലിയാര്‍ വിചാരണ നേരിട്ടു. കോയമ്പത്തൂര്‍ ജയിലില്‍ വെച്ച് മരണപ്പെടുകയും ചെയ്തു. ഒളിവില്‍ കഴിഞ്ഞ പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ പ്രക്ഷോഭകാരികളെ ശാന്തമാക്കാന്‍ കഠിന പരിശ്രമം നടത്തി. രോഗ ബാധിതനായ അദ്ധേഹത്തെ കിളിയമണ്ണില്‍ മൊയ്തു സാഹിബ് സന്ദര്‍ശിച്ച് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കി. മൊയ്തു സാഹിബിന്റെ  ശ്രമഫലമായി പാങ്ങില്‍ ഉസ്താദിന്റെ അറസ്റ്റ് വാറണ്ട്  പിന്‍വലിച്ചു.

അറസ്റ്റ് ഭയന്ന് നാടുവിട്ട കെ.എം മൗലവി കൊടുങ്ങല്ലൂരില്‍ ഒളിവില്‍ കഴിയുന്ന കാലത്ത് ഇ.കെ മൗലവിയോടും എം.സി.സി മൗലവിയോടും സമ്പര്‍ക്കം പുലര്‍ത്തി കേരളത്തില്‍ നവീന നജ്ദിയന്‍ ചിന്താഗതികള്‍ക്കു തുടക്കംകുറിച്ചു. കൊടുങ്ങല്ലൂരിലെ മുസ്‌ലിം സമ്പന്ന കുടുംബങ്ങളുടെ ഇടയിലുള്ള കലഹ പരിഹാരത്തിന് 1922 ന് (നിശ്പക്ഷ സംഘം) എന്നപേരില്‍ ഒരു വേദിയുണ്ടാക്കി. നിക്ഷ്പക്ഷ സംഘത്തെ കേരളത്തിലാകമാനം വ്യാപിപ്പിക്കാന്‍ കേരള മുസ്ലിം ഐക്യസംഘം എന്ന പേരില്‍ പുനര്‍നാമകരണം ചെയ്തു. പ്രസ്തുത സംഘടന ഉയര്‍ത്തിപ്പിടിച്ച പ്രശ്‌ന പരിഹാര ലക്ഷ്യത്തിന് ഫലമുണ്ടായിരുന്നില്ല എന്നത് ചരിത്ര യാഥാര്‍ഥ്യമാണ്. 1923 ഏറിയാട് വെച്ച് സംഘടിപ്പിച്ച ഐക്യ സംഘത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ അവതരിപ്പിക്കപ്പെട്ട പ്രമേയം ഇസ്‌ലാമിക ആചാരങ്ങള്‍ക്കെതിരെ ആയതിനാല്‍ ഐക്യസംഘത്തിന്റെ ഉള്ളിലിരുപ്പ് വെളിവാകുകയും പണ്ഡിതന്മാരില്‍ നിന്ന് എതിരഭിപ്രായം പ്രകടമാവുകയും ചെയ്തു. (മുസ്‌ലിം ഐക്യം, അല്‍ ഇര്‍ഷാദ്) തുടങ്ങി ഐക്യസംഘം പുറത്തിറക്കിയ പ്രസിദ്ധീകരണത്തില്‍ നിന്ന് ഇവരുടെ നവീന ചിന്താഗതികള്‍ പ്രകടമായി. സംഘടനക്ക് പൊതുസമൂഹത്തിലും പണ്ഡിതന്മാര്‍ക്കിടയിലും സ്വീകാര്യത ലഭ്യമാവാന്‍ പൊതു സമൂഹം അംഗീകരിക്കുന്ന ഒരു പണ്ഡിതന്റെ നേതൃത്വത്തില്‍ ഐക്യ സംഘത്തിന്റെ രണ്ടാം വാര്‍ഷിക സമ്മേളനം വിളിച്ചുകൂട്ടാന്‍ തീരുമാനിച്ചു. 1924 മെയ് 10, 11, 12 തീയതികളില്‍ ആലുവയില്‍ നടന്ന രണ്ടാം വാര്‍ഷികത്തില്‍ ഐക്യസംഘത്തിന്റെ പുത്തന്‍ വാദങ്ങള്‍ക്ക് പണ്ഡിതന്മാരുടെ പിന്തുണയുണ്ടെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്താന്‍ വേണ്ടി ഒരു ഉലമാ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു. വെല്ലൂര്‍ ബാഖിയാത്ത് മുദരിസ് മൗലാന അബ്ദുറഹീം ഹസ്‌റത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉലമാ കോണ്‍ഫ്രന്‍സില്‍ ഇ. മൊയ്തു മൗലവി ഉലമാക്കളുടെ ഒരു സംഘടന വേണമെന്ന് ആഹ്വാനം ചെയ്തുള്ള ഒരു പ്രമേയം അവതരിപ്പിച്ചുവെങ്കിലും ഏറെ നേരത്തെ ചര്‍ച്ചയ്ക്കു ശേഷം പ്രസ്തുത പ്രമേയം ഉപേക്ഷിച്ചു.

മലബാറില്‍ പുത്തന്‍ ആശയത്തിന്റെ വിഷബീജം കുത്തിവെക്കുക എന്ന ലക്ഷ്യവുമായി 1925ല്‍ ഐക്യ സംഘത്തിന്റെ മൂന്നാം വാര്‍ഷികം കോഴിക്കോട് നടത്താന്‍ തീരുമാനിച്ചു. ഇതിന്റെ അപകടം മനസ്സിലാക്കി ദീര്‍ഘവീക്ഷണമുള്ള കേരളത്തിലെ ഉലമാക്കള്‍ മൗലാന അഹ്മദ് കോയ ശാലിയാത്തിയുടെ നേതൃത്വത്തില്‍ കോഴിക്കോടുള്ള പ്രമുഖരേയും സ്വാഗതസംഘം ഭാരവാഹികളെയും സമീപിക്കുകയും സമ്മേളനത്തിലൂടെ വരാനിരിക്കുന്ന ഭവിഷ്യത്തിന്റെ കാര്യം ഗൗരവപൂര്‍വ്വം മനസ്സിലാക്കിക്കൊടുക്കുകയും ചെയ്തു. കോഴിക്കോട് ഹിമായത്തുല്‍ ഇസ്ലാം മദ്രസ ഗ്രൗണ്ടില്‍ സമ്മേളനം നടത്താന്‍ തീരുമാനിച്ചതിനാല്‍ തന്നെ ഇതിന്റെ കമ്മിറ്റി ഭാരവാഹികളെ ഉലമാക്കള്‍ സന്ദര്‍ശിക്കുകയും സമ്മേളനത്തിന്റെ കാര്യ ഗൗരവം മനസ്സിലാക്കി കൊടുക്കുകയും ചെയ്തു .ചില പണ്ഡിത വിരോധികള്‍ ഉലമാക്കളുടെ വാക്കിനു വിലകല്‍പ്പിക്കാതെ സമ്മേളനം നടത്താന്‍ തീരുമാനിച്ചു. പുത്തനാശയക്കാരെ സംഘശക്തിയിലൂടെ പ്രതിരോധിക്കാനായി 1925ല്‍ കോഴിക്കോട് വലിയ ജുമുഅത്ത് പള്ളിയില്‍ കേരളത്തിലെ പ്രമുഖ ഉലമാക്കള്‍ സംഗമിച്ചു കേരള ജംഇയ്യത്തുല്‍ ഉലമ എന്ന സംഘടനയ്ക്ക് രൂപം നല്‍കി. മുഹമ്മദ് മീറാന്‍ മുസ്ലിയാര്‍ പ്രസിഡണ്ടും പാറോല്‍ ഹുസൈന്‍ മൗലവി സെക്രട്ടറിയുമായി തിരഞ്ഞെടുക്കപ്പെട്ടു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സംസ്ഥാപനത്തിന്റെ മുന്നൊരുക്കമായിരുന്നു ഇത്. ഒരുവര്‍ഷത്തിനുള്ളില്‍ കോഴിക്കോട്, ചാലിയം, എടവണ്ണ, മഞ്ചേരി തുടങ്ങിയ പല സ്ഥലങ്ങളില്‍  സുന്നി സമ്മേളനങ്ങള്‍ നടത്തി മുസ്‌ലിം പാരമ്പര്യത്തിന് വിള്ളല്‍  സൃഷ്ടിക്കുന്ന പുത്തന്‍ ചിന്താധാരകള്‍ക്കെതിരെ പൊതുസമൂഹത്തെ ബോധവല്‍ക്കരിച്ചു. ഒരുപാട് ത്യാഗങ്ങള്‍ സഹിച്ച് ഉലമാക്കള്‍ വിവിധ പ്രദേശങ്ങളില്‍ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു.



കാര്യത്തിന്റെ  ഗൗരവം കണക്കിലെടുത്ത് പാങ്ങില്‍ അഹമ്മദ് കുട്ടി മുസ്ലിയാരുടെ നേതൃത്വത്തില്‍ ഉലമാക്കള്‍  സംഘടിതമായി. വരക്കല്‍ മുല്ലക്കോയ തങ്ങളുടെ ആശീര്‍വാദത്തോടെ പാങ്ങില്‍ ഉസ്താദിന്റെ ഗുരുവര്യര്‍ പുതുപ്പറമ്പിലെ അഹ്മദ് എന്ന കോയക്കുട്ടി മുസ്ലിയാരുടെ അനുമതിയോടെ നിതാന്ത പരിശ്രമവുമായി പണ്ഡിതര്‍ മുന്നോട്ടു ഗമിച്ചു. കോയക്കുട്ടി ഉസ്താദ് പ്രായാധിക്യം കാരണം തന്റെ മകന്‍ അബ്ദുല്‍ബാരി മുസ്ലിയാരെ പാങ്ങില്‍ ഉസ്താദിന്റെ കൂടെ അയച്ചു. സമ്പന്നനും ഔദാര്യ ശീലനുമായ അബ്ദുല്‍ബാരി ഉസ്താദിന്റെ സാന്നിധ്യം സംഘശക്തിക്ക് കരുത്തേകി. പൊതുരംഗത്ത് സജീവമല്ലാതെ ദര്‍സുമായി മുന്നോട്ടു പോകുന്ന പണ്ഡിതരെ സമീപിച്ചുകൊണ്ട് സംഘശക്തിയുടെ പ്രാധാന്യം വിവരിച്ച് ആദര്‍ശത്തില്‍ അടിയുറച്ചു നിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് ഗമിക്കാനും പണ്ഡിതന്മാര്‍ പ്രചോദനം നല്‍കി. കേരളത്തിലെ ഇസ്ലാമിക പ്രബോധന രംഗം പുതിയൊരു ചരിത്രത്തിന് 26 -06 -1926 കോഴിക്കോട് ടൗണ്‍ഹാളില്‍ സാക്ഷിയായി. പ്രസ്തുത കാലഘട്ടത്തിലെ സൂഫി വര്യന്മാരും പണ്ഡിതരും സാദാത്തീങ്ങളും  സംഗമിച്ച യോഗത്തില്‍ സയ്യിദ് വരക്കല്‍ മുല്ലക്കോയ തങ്ങളുടെ ഭക്തി നിര്‍ഭരമായ പ്രാര്‍ത്ഥനയോടുകൂടി മുല്ലക്കോയ തങ്ങളുടെ സഹോദരപുത്രന്‍ സയ്യിദ് ഹാഷിം ചെറുകുഞ്ഞിക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ എന്ന പണ്ഡിത സഭക്കു രൂപം നല്‍കി. വരക്കല്‍ മുല്ലക്കോയതങ്ങള്‍ (പ്രസിഡന്റ്) എ പി അഹ്മദുകുട്ടി മുസ്ലിയാര്‍ പാങ്ങ്, കെഎം അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍ പള്ളിപ്പുറം, കെപി മുഹമ്മദ് മുസ്ലിയാര്‍ (വൈസ് പ്രസിഡണ്ട് )പള്ളി വീട്ടില്‍ മുഹമ്മദ് മുസ്ലിയാര്‍ കോഴിക്കോട് (ജനറല്‍ സെക്രട്ടറി )വലിയ കുനേങ്ങല്‍  മുഹമ്മദ് മുസ്‌ലിയാര്‍ (പുതിയങ്ങാടി ) ജര്‍മ്മന്‍ അഹ്മദ് മുസ്‌ലിയാര്‍ (ഫറോക്ക് )എന്നിവര്‍ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.

വിദഗ്ധരായ നിയമജ്ഞരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് മുശാവറ യോഗങ്ങളില്‍ നിരന്തരം ചര്‍ച്ച ചെയ്തു ഒരു ഭരണഘടന ഉണ്ടാക്കി . 1934 നവംബര്‍ 14നാണ് സമസ്ത ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തത്. മുശാവറയാണ് സമസ്തയുടെ പരമോന്നത സമിതി. പാണ്ഡിത്വം, സൂക്ഷ്മത, വിശ്വസ്തത, അര്‍പ്പണബോധം തുടങ്ങിയ ഗുണങ്ങളെല്ലാം ഒത്തിണങ്ങിയ 40 അംഗ പണ്ഡിതരായിരിക്കും മുശാവറയംഗങ്ങള്‍. ഓരോ കാലഘട്ടത്തിലും ഇസ്‌ലാമികമായ സംശയങ്ങള്‍ക്കു മറുപടി പറയാന്‍ ഒരു ഫത്‌വാ കമ്മിറ്റിയുണ്ട്. ഭരണഘടനയിലെ ഉദ്ദേശ്യ ലക്ഷ്യങ്ങളെ അര്‍ഹിച്ച രൂപത്തില്‍ നടപ്പാക്കിയാണ് സമസ്ത ഒമ്പത് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നത്. ആദ്യത്തെ രണ്ട് പതിറ്റാണ്ട് ആദര്‍ശ സംരക്ഷണത്തിന് മാത്രം ചിലവഴിച്ചു .പ്രസ്തുത കാലഘട്ടത്തിലെ സമ്മേളനത്തിലെ പ്രമേയങ്ങളെല്ലാം ആദര്‍ശ സംബന്ധമായിരുന്നു.

പാരമ്പര്യമായി കേരള മുസ്ലിംകള്‍ അനുഷ്ഠിച്ചുപോന്ന ആചാരങ്ങള്‍ പലതും ശിര്‍ക്കും ബിദ്അത്തുമാണെന്ന് പ്രചരിപ്പിച്ചു സാധാരണക്കാര്‍ക്കിടയില്‍ സുന്നത്ത് ജമാഅത്തിനെ വളച്ചൊടിച്ചു പുത്തന്‍ ആശയങ്ങള്‍ കടത്തി കൂട്ടാന്‍ ശ്രമിച്ച വഹാബിസത്തിനെതിരെയും, ജമാഅത്തെ ഇസ്‌ലാമിക്കെതിരെയും, തബ്‌ലീഗ് ജമാഅത്തിനെതിരെയും, സുന്നത്ത് ജമാഅത്തിന് നിരക്കാത്ത വിശ്വാസങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെയും, കള്ള ത്വരീഖത്തുകള്‍ക്കെതിരെയു മെല്ലാം സമ്മേളനങ്ങളിലൂടെയും മറ്റും സാധാരണക്കാര്‍ക്കു സമസ്ത സുന്നത്തു ജമാഅത്തിന്റെ യഥാര്‍ത്ഥ വഴി കാണിച്ചു കൊടുത്തു.
        1945ലെ കാര്യവട്ടത്തെ സമ്മേളനത്തില്‍ ബാഫഖി തങ്ങള്‍ മദ്രസാ പ്രസ്ഥാനത്തിന്റെ പ്രസക്തിയെ സംബന്ധിച്ച ്‌നടത്തിയ പ്രഭാഷണം ഫലംകണ്ടു. 16 /10 /1949 ല്‍ ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ യോഗത്തില്‍ മര്‍ഹൂം കെ.പി ഉസ്മാന്‍ സാഹിബിനെയും എം.കെ. അയമു മുസ്ലിയാരെയും പ്രാഥമിക മദ്രസകളും പള്ളിദര്‍സുകളും സ്ഥാപിക്കാന്‍ നിശ്ചയിച്ചു. 1951 ല്‍ വടകരയില്‍ ചേര്‍ന്ന സമസ്ത പത്തൊമ്പതാം സമ്മേളനത്തില്‍ സമസ്ത കേരള വിദ്യാഭ്യാസ ബോര്‍ഡിന് രൂപം നല്‍കി.  പതിനായിരത്തോളം മദ്രസകളും ഒരുലക്ഷത്തോളം മുഅല്ലിമുകളും 10 ലക്ഷത്തിലേറെ വരുന്ന വിദ്യാര്‍ഥികളും അടങ്ങുന്ന വിദ്യാഭ്യാസ ബോര്‍ഡ് മത വൈജ്ഞാനിക മേഖലയില്‍ ലോക മുസ്‌ലിംകള്‍ക്ക് തന്നെ മാതൃകയായി. 1954 ല്‍ താനൂരില്‍ ചേര്‍ന്ന യോഗത്തില്‍ സുന്നി യുവജന സംഘത്തിന് രൂപംനല്‍കി. 1959 ല്‍ വടകരയില്‍ ചേര്‍ന്ന വിദ്യാഭ്യാസ ബോര്‍ഡിന്റെ പ്രഥമ സമ്മേളനത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ എന്ന സംഘടന രൂപീകൃതമായി. 1973 ല്‍ ജാമിഅ: സമ്മേളനത്തില്‍ സമസ്തയുടെ വിദ്യാര്‍ഥി പ്രസ്ഥാനമായി എസ്.എസ്.എഫ് രൂപീകൃതമായി. വിദ്യാര്‍ഥി പ്രസ്ഥാനം അല്പകാലം പിന്നിട്ടപ്പോഴേക്കും ചില തല്പര വ്യക്തികളുടെ നിയന്ത്രണത്തിലാവുകയും സമസ്ത നേതാക്കളെ  രൂക്ഷ വിമര്‍ശനങ്ങളുന്നയിച്ച് പരിഹാസരാക്കി. നേതാക്കളുടെ തീരുമാനം മാനിക്കാതെ ചില പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയ ചിലരെ പുറത്താക്കിയ  സമയത്ത് സമസ്തക്കു പ്രതിസന്ധി ഘട്ടത്തില്‍ താങ്ങും തണലുമായി എസ് .കെ .എസ്.എസ്.എഫ് എന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന് സമസ്ത രൂപംനല്‍കി. 1977 ല്‍ മലപ്പുറത്ത് നടന്ന സമസ്ത മലപ്പുറം ജില്ലാ സമ്മേളനത്തില്‍ മലപ്പുറംജില്ല എസ്.എം.എഫ് രൂപീകൃതമായി. ശേഷം 1987 കുറ്റിപ്പുറത്ത് നടന്ന സമസ്ത സമ്മളനത്തില്‍ പ്രസ്തുത സംഘടന സംസ്ഥാനതലത്തില്‍ നിലവില്‍ വന്നു. 1993 ല്‍ സുന്നി ബാലവേദി
രൂപീകരിച്ചു.

കുറഞ്ഞ വര്‍ഷങ്ങള്‍ കൊണ്ട് ഒട്ടനവധി പ്രശംസനീയമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു ഗമിക്കുന്ന ജംഇയത്തുല്‍ മുദരിസീന്‍  തുടങ്ങി ഒട്ടനവധി കീഴ്ഘടകങ്ങളുമായി നിഖില മേഖലകളിലും വിപ്ലവം സൃഷ്ടിച്ചു സമസ്ത മുന്നോട്ടു ഗമിക്കുന്നു. പള്ളി ദര്‍സുകളാലും മത ഭൗതിക സമന്വയ വിദ്യഭ്യാസ സമുച്ചയങ്ങളാലും എഞ്ചിനീയറിംഗ് കോളേജു പോലുള്ള ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളാലും സമസ്ത വിപ്ലവം സൃഷ്ടിക്കുന്നു. മത വിഷയങ്ങളില്‍ കേരള മുസ്‌ലീംകളുടെ അവസാന വാക്ക് സമസ്തയുടേതാണ്. വിശുദ്ധിയുടെ അടയാളങ്ങള്‍ കാത്തു സൂക്ഷിക്കുന്നതോടൊപ്പം വിമര്‍ശനങ്ങളെ അതിജീവിച്ച് വിമര്‍ശിക്കേണ്ടതിനെ മുഖം നോക്കാതെ വിമര്‍ശിച്ച് സമസ്ത അതിന്റെ ദൗത്യം നിര്‍വ്വഹിക്കുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും മത വൈജ്ഞാനിക സാംസ്‌കാരിക മേഖലയില്‍ കേരള മുസ്ലിംങ്ങളെ വേര്‍തിരിച്ചത് സമസ്തയാണ്. പ്രവാചക കാലഘട്ടത്തില്‍ സ്വഹാബാക്കള്‍ മുഖേനെ കേരളത്തിലെത്തിയ ഇസ്‌ലാമിന്റെ പൈതൃകം മഖ്ദൂം കുടുംബത്തിലൂടെ കൈമാറിയ പരമ്പരാഗത ഇസ്‌ലാം സമസ്തയിലൂടെ അവസാന നാളുവരെ മുന്നോട്ടു ഗമിക്കട്ടെ.




|Muhammed Jasim Athershery|

ഇതു മൊഴിയല്ല
മനുജന്റെ വ്യഥകളാണ്
മണ്ണിനു വേണ്ടൊരു വാക്കുകളാണ്
ഇതു കഥയല്ല
പൗരന്റെ രോദനമാണ്
പരശതം നിറയുന്ന തേങ്ങലാണ്
ഇതു കാവ്യമല്ല
ഭാരതത്തിന്‍ *അനഘമാണ്
ബധിരത വെടിഞ്ഞൊരു മന്ത്രമാണ്
ഇതു ഭ്രാന്തല്ല
പൂര്‍വ്വികര്‍ നേടിയ അവകാശമാണ്
തകര്‍ക്കാന്‍ കഴിയാത്ത ഐക്യമാണ്
ഇതു ഇന്ത്യയാണ്
ചുവന്ന മണ്ണില്‍ രക്തം പൊടിഞ്ഞ
ചാഞ്ചാട്ടമില്ലാത്ത പൗരരാണ്..!
ഞാന്‍ പൗരനാണ്
ഈ മണ്ണില്‍ പിറന്നൊരു മനുജനാണ്
ഓര്‍ക്കണം സകലരും സര്‍വ്വ നേരം.
ഒരു ചോദ്യം ഹൃത്തിലുണ്ട്
ഉത്തരം തരുമോ നിങ്ങള്‍ ?
'നാനാത്വത്തില്‍ ഏകത്വ 'മെന്ന
വചനമാണോ മനുഷ്യരെ...
സ്‌നേഹം വെടിയാന്‍ പ്രേരണയായത്..?


*അനഘം-മഹത്വം




   

|Alsaf Chittur|

   ഭാരത പൈതൃകത്തിന്റെ അടിവേരുറക്കാനും ഇന്നിതുവരെ രാജ്യം കാത്തു പോന്ന മൂല്യങ്ങളെ അടിച്ചമര്‍ത്താനും ശ്രമിക്കുന്ന ഫാഷിസ്റ്റ് ചിന്താധാരകള്‍ക്കെതിരെ ഇന്ന് മനുഷ്യജാലിക തീര്‍ക്കുകയാണ്. വൈവിധ്യതയിലും പാരസ്പര്യത നിലനിര്‍ത്തുന്ന പാരമ്പര്യത്തിനെതിരെ ഉയര്‍ന്നു വരുന്ന കറുത്ത കരങ്ങള്‍ക്കെതിരെ ജനാധിപത്യ രീതിയില്‍ മുന്നേറേണ്ടത് അനിവാര്യമാണ്. സമകാലിക ഇന്ത്യ അഭിമുഖീകരിക്കുന്ന ഭീതി ജനകമായ അന്തരീക്ഷത്തില്‍ നിന്ന് മുക്തി നേടേണ്ടതുണ്ട്. അതിന് ഐക്യം അനിവാര്യമാണ്.
ജാലികയില്‍ കോര്‍ക്കുന്ന ഓരോ കരങ്ങളും ഉയര്‍ത്തി പിടിക്കുന്ന രാജ്യത്തെ ഐക്യബോധമാണ്. പൗരത്വ നിയമ, പൗരത്വ രജിസ്റ്ററും. കാരണം ഇന്ന് നിലനിര്‍ത്തുന്ന കലുശിത അന്തരീക്ഷത്തെ മറിക്കടക്കാന്‍ വേണ്ടത് ഐക്യബോധമാണ്. ഇന്ത്യയുടെ   ചരിത്രം പഠിപ്പിച്ചു തരുന്നതും അതു തന്നെയാണ്. ഏതു മതങ്ങളിലും പ്രത്യക്ഷമായും പരോക്ഷമായും നിലനില്‍ക്കുന്നത് സമാധാനത്തിന്റെ മാറ്റൊലികളാണ്.
ഭാരതത്തിന്റെ തനതായ മൂല്യങ്ങളെ അംഗീകരിക്കുന്ന ആളുകള്‍ ലോകത്തിന്റെ എമ്പാടുമുണ്ട്. അതി വിശിഷ്ഠസ്വഭാവത്തെ പ്രചരിപ്പിക്കാനും, അത് പകര്‍ത്താനും തയ്യാറായ ഒരുപാട് രേഖകള്‍ നമുക്ക് മുന്നിലുണ്ട്. കാരണം, ഇന്ത്യപകര്‍ന്നു കൊടുക്കുന്ന ആശയങ്ങളെ മതേതരത്വമുള്ള ഒരോ പൗരത്വം അംഗീകരിക്കാനാവുന്നതുമായിരുന്നു. ഇന്ന് ആ പ്രവര്‍ത്തന ലക്ഷ്യം വെച്ച് അവരുടെ ഉന്നമനത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ ഭരണാധിപന്മാര്‍ തന്നെ മുന്നോട്ട് വരുന്നത് അപലഭിക്കേണ്ടത് തന്നെ.
ജനുവരി 29 - ഭരണഘടനയുടെ ചര്‍ച്ചക്ക് കൂടി വഴി തെളിയിക്കുന്നു. പ്രത്യേകിച്ച് ഭരണഘടന വിരുദ്ധ പ്രവര്‍ത്തനങ്ങളെ രാജ്യം കൃത്യമായി നോക്കിക്കാണുകയും ജനാധിപത്യ രീതിയില്‍ പ്രതികരിക്കുകയും ചെയ്യുന്നു. അത്തരം പ്രധിഷേധക്കാരെവരെ ക്രൂര മര്‍ദനങ്ങള്‍ക്കും പോലീസ് ക്രൂരതകള്‍ക്ക് ഇരയാക്കുന്നു. പക്ഷെ തളരാത്ത ഹൃദയവും ഉറപ്പുള്ള ലക്ഷ്യവും അവരെ പിന്നോട്ടടുപ്പിക്കുന്നില്ല. രാജ്യത്തെ സമാധാനത്തിനു വേണ്ടി. പാരമ്പര്യ സ്രോതസുകളുടെ നിലനില്‍പിനു വേണ്ടി ഇന്ന് ഒരുമിക്കുകയാണ്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അച്ചടക്കത്തിന്റെ പടച്ചട്ടയണിഞ്ഞ വിദ്യാര്‍ത്ഥി പടയണി എസ്. കെ. എസ്. എസ്. എഫ് രാജ്യത്തെ ഓരോ പൗരന്റെയും ശബ്ദം ഉയര്‍ത്തിപ്പിടിക്കുകയാണ്. ഇന്ത്യയുടെ തനതായ മൂല്യങ്ങളെ തിരിച്ചുപിടിക്കണം. വര്‍ഗീയ സ്വരങ്ങള്‍ക്ക് വിരാമം കുറിക്കണം. അതിന് പാരസ്പര്യ ബോധവും ഐക്യവും അത്യന്താപേക്ഷിതം നാനാത്വത്തില്‍ ഏകത്വം നിലനിര്‍ത്തണം. അതിന് രാഷ്ട്രം സംരക്ഷിക്കപ്പെടണം. ആ ഒരു ലക്ഷ്യ സാക്ഷാല്‍ക്കാരത്തിന്റെ ഭാഗമായി സൗഹാര്‍ദ്ദത്തിനന്റെ കരുതലുമായി മനുഷ്യജാലിക തീര്‍ക്കുന്നത്. 'രാഷ്ട്ര രക്ഷക്ക് സൗഹാര്‍ദത്തിന്റെ കരുതല്‍'


| ബശീർ ഫൈസി ദേശമംഗലം |

എനിക്കൊരു കഥ പറയാനുണ്ട്...
എന്റെ മണ്ണിൽ ശുഭ്ര സാഗരം പോലെ 
എന്റെ മക്കൾ വിരുന്നെത്തുകയാണ്...
ഓർമയുടെ കൂടിച്ചേരൽ..

സമ്മേളനമെന്നു പേരിട്ടു വിളിച്ചാലും,ഇതൊരു ആണ്ടറുതിയാണ്..
ഓർമകളുടെ ആണ്ടറുതി !!
എനിക്കങ്ങനെ പറയാനാണിഷ്ടം!
വിളിക്കാതെയും ഓടിയെത്താവുന്ന ഒരിടം!
അപ്പോൾ ഞാൻ ആരാണെന്നല്ലേ!?
പറയാം..,

ഞാൻ ചീനി..!!
ഏവരുടെയും പ്രിയപ്പെട്ട ചീനിമരം.
പിതൃത്വവും മേൽവിലാസവുമില്ലാതെ 
ഞാൻ തുടങ്ങട്ടെ.
പാതയോരത്തും വഴിവക്കിലും ചില്ല പടർത്തി നില്ക്കുന്ന മേത്തരം കുടുംബത്തിൽ തന്നെയാണെന്റെ ജന്മം.
ബാല്യത്തിലാണത് സംഭവിച്ചത്.
ഏതോ തൃക്കരങ്ങൾ എന്റെ അടിവേര് മാന്തി എന്നെ പറിച്ചുനട്ടു.
ചെന്നെത്തിയതോ..
അക്ഷരപ്പൂവാടിയായ ജാമിഅയുടെ 
മൂന്നുകെട്ടിനുള്ളിലും.

വല്ലാത്തൊരു നിയോഗമായിരുന്നത്.
ഓർക്കുമ്പോൾ എന്തെന്നില്ലാത്ത ആനന്ദം.
അസ്ഹാബുൽ കഹ്ഫിന്റെ 'ഖിത്തുമീർ' 
നായയുടെ സേവനസന്നദ്ധത പോലെ നിലത്ത് കാലുറപ്പിച്ച് കൈകൾ വിരിച്ചുള്ള ഈ നിർത്തം തുടങ്ങിയിട്ട് ഇപ്പോൾ 56 ആണ്ടായത്രെ.

എന്റെ മാതാവ് വീണ്ടും വാർഷിക 
മേളന നാളിലേക്കുണരുകയാണ്..
കാലം എത്ര വേഗമാണ് കഥ പറഞ്ഞ് 
കടന്നു പോകുന്നത്!?
എനിക്ക് വയസ്സായിത്തുടങ്ങി..
പക്ഷെ എന്റെ ഓർമ്മകൾക്ക് ഇന്നും 
നിറ യവ്വനമാണ്..

പാണ്ഡിത്യത്തിന്റെ രാജ പ്രതാപികളായ ജ്ഞാനസാഗരങ്ങളേ കണ്ടാണ് ഞാൻ വളർന്നത്..
പി.യം.എസ്.എ.പൂക്കോയ തങ്ങൾ,
ബാഫഖി തങ്ങൾ,
മുസ്തഫ പൂക്കോയ തങ്ങൾ,
മുത്തു തങ്ങൾ 
എന്നിവരുടെ കരതല സ്പർശ സൗഭാഗ്യം കിട്ടി എനിക്ക്.

സത്യത്തിൽ വാർധക്യദശയിലെത്തി നില്ക്കുയാണ് ഞാൻ.
കണ്ണൊക്കെ മങ്ങിത്തുടങ്ങി.
പഴയ മാതിരിയൊന്നും കാതു കേൾക്കുന്നില്ല.
ദേഹത്തിലവിടെയുമിവിടെയും മാറാത്ത മുറിപ്പാടുകൾ.
ഇലയും കായും കൊല്ലം തോറും 
മാറി മാറി വന്നു.

അരനൂറ്റാണ്ട് നീണ്ട ആയുസ്സിനിടക്ക് ആയിരമാണ്ടിന്റെ അനുഭവമുണ്ടാക്കി ഞാൻ. 
എന്തെല്ലാം കണ്ടു.
എന്തെലാം കേട്ടു.
എല്ലാം ഇന്നലെ കണ്ട സ്വപ്നം പോലെ.

കണ്ണീരണിയിച്ച,കുളിരണിയിച്ച 
എത്രയെത്ര അനർഘനിമിഷങ്ങൾ.!കാലത്തിനു പോലും കിട്ടാക്കനിയായ എത്രയോ കാര്യങ്ങൾ 
കാലഹരണപ്പെട്ട അമൂല്യ ജ്ഞാനമായി എന്റെ മടിത്തട്ടിൽ ഞാൻ കൊണ്ടുനടക്കുന്നുണ്ട്.
എന്നെത്തലോടുന്ന കുഞ്ഞിളം കാറ്റിനും എനിക്കും മാത്രം ജ്ഞാതമായവ..!!

പാണക്കാട്ടെ പൊന്നുമോൻ സയ്യിദ് ശിഹാബിന്റെ  കരുണയുടെ നോട്ടം
കണ്ടു എത്രയാണ് ഞാൻ ആത്മ ഹർഷം കൊണ്ടത്..!!

ഇക്കാലയളവിൽ പണ്ഡിത സൂര്യൻമാരെ
കണ്ടു ഞാൻ.
കോട്ടുമല ഉസ്താദിന്റെ  അമര ഓർമകൾ മാഞ്ഞിട്ടില്ല.
ജ്ഞാന സാഗരമായ
കണ്ണിയത്തുസ്താദ്,
ഇല്മിന്റെ രാജ പ്രതാപിയായ
ശംസുൽ ഉലമ,
വ്യാകരണ ശാസ്ത്രത്തിന്റെ ആഴം കണ്ട
കെ.കെ ഉസ്താദ്,
വറഇന്റെ പര്യായമായ കിടങ്ങഴി ഉസ്താദ്,
നിഷ്കളങ്കനായ എരമംഗലം ഉസ്താദ്,
തഖ് വയുടെ മാരിവില്ലഴക്
കാളമ്പാടി ഉസ്താദ്,
കർമ്മശാത്രം കലക്കിക്കുടിച്ച 
മുഹഖിഖുൽ ഉലമ,
മരിക്കാത്ത ഓർമ്മയായി എന്റെ നെഞ്ചകം വിങ്ങിത്തുടിച്ചു നിൽക്കുന്നുണ്ട്..

എനിക്ക്  പിരിയാത്ത കൂട്ടായിരുന്നു.
കറാച്ചി ബാപ്പു ഹാജിയാവട്ടെ എന്നെ ഇപ്പോഴും വാരിപ്പുണർന്നിരിക്കയാണ്.
ആ മനുഷ്യന്റെ മണ്ണടരുകളിലേക്ക് 
എന്റെ സ്നേഹത്തിന്റെ നാരായ വേരുകൾ ആഴ്ത്തി നിൽക്കുന്നു ഞാൻ..

തൃപ്പനച്ചി ഉസ്താദും മൗലയുമാണെനിക്ക് معرفةന്റെ വാതിൽ തുറന്നുതന്നത്.
സാക്ഷാൽ ഖിളറി(അ)നെ പോലും കണ്ടത് ഈ ഫൈളാബാദിൽ നിന്നല്ലേ.
ആരും കാണാത്ത ആരാലും ഗൗനിക്കപ്പെടാത്ത ആരെല്ലാം വന്നുപോയിവിടം.

അനന്തമാണെൻ ഓർമത്താളുകൾ..
മണ്ണോളം താഴ്ന്ന് വിണ്ണോളം പൊന്തിയ റഈസുൽ ഉലമയെന്ന അദ്ഭുതമനുഷ്യൻ എന്റെ തണലു പറ്റി നടന്നില്ലേ.
സങ്കടക്കണ്ണീരിൻ  എത്ര നിമിഷങ്ങൾ സമ്മാനിച്ചു അവി ടുന്ന്.
ഉസ്താദിന്റെ വിയോഗമറിഞ്ഞ് വാവിട്ടുകരഞ്ഞില്ലേ ഞാനും.
ആ മഹമനീഷിയായിരുന്നെന്നെ 
ജീവിതം പഠിപ്പിച്ചത്.

'അടിയങ്ങളോട് കൃഫ ചെയ്യണേ തമ്പുരാനേ..'
എന്ന കല്ല് പോലും അലിയുന്ന കോയകുട്ടി ഉസ്താദിന്റെ പ്രാർത്ഥന..
എല്ലാം എനിക്കിന്ന് നോവുന്ന ഓർമ്മയാണ്  
ജാമിഅയിലെ വരാന്തയിലെ ചാരുകസേരയിലിരുന്ന് എന്നെ കൺതലോടൽ നടത്തുന്ന 
പണ്ഡിതകേസരിമാരെല്ലാം ഒടുവിൽകണ്ണീരോർമ്മയായി..

മറുനാടുകളിൽ ചെന്നു ഉമ്മുൽ മദാരിസീനെ മഹത്വപ്പെടുത്തുന്ന പുഞ്ചിരിപ്പൂമുഖം ശൈഖുൽ ജാമിഅ ഇപ്പോഴും കൂടെയുണ്ട് എന്നതാണ് ആശ്വസം 
നാഥാ..
ദീർഘായുസ് നല്കണേ..

തീർന്നിട്ടില്ല,
ജാമിഅ വിശേഷങ്ങൾ.
എന്റെ തണലിൽ പിച്ച വെച്ച മക്കൾ ഫൈസികളായി ലോകമെംബാടും പ്രകാശം പരത്തുമ്പോൾ എനിക്കഭിമാനം തോന്നുന്നു.
അവർ ഓടി നടന്നത് എന്റെ വേരുകളിൽ ചവിട്ടിയാണ്.

അവർ എന്ന് എന്നെ എന്ന് മറക്കുന്നുവോ അന്ന് അവർ അനുഭവിച്ച എന്റെ തണൽ ചില്ലകൾ അവർക്ക് മഹ്ശറിൽ കടം ബാക്കിയാകും... 
സമയം ഏറെയായല്ലേ.
ഞാൻ നിർത്തിയാലോ..
ഏതായാലും ജാമിഅ നൂരിയ്യയുടെ 
അമ്പത്തി ഏഴാം വാർഷികം നടക്കല്ലേ 2020
ജനുവരി 16 മുതൽ 19 വരെ,

വരണം..
ഞാൻ ഇപ്പോഴും ഇവിടെയുണ്ട്
വഴിക്കണ്ണുമായി എന്റെ മക്കളെ കാണാൻ
എല്ലാവരും നേരത്തെ എത്തിച്ചേരണം.
മറക്കരുതേ..
സ്നേഹപൂർവം 
നിങ്ങളുടെ സ്വന്തം  ചീനി.



|Jasim Atharssery|

മൊബൈലില്‍ മുഖം പൂഴ്ത്തിയിരുന്നപ്പോഴാണ്
അമ്മ മരിച്ചത്
ആംബുലന്‍സിന്റെ ശബ്ദം കേള്‍ക്കാത്തതിനാല്‍
ഒടുവില്‍ അയല്‍ക്കാരനാണ് അവനെ
ഫോണ്‍ വിളിച്ചു വരുത്തിയത്

നാട്ടില്‍ പ്രളയം വന്നതും
പത്രക്കാരനു സൂര്യാഘാതമേറ്റതും
വാട്ട്‌സ് ആപ്പിലൂടെയാണ് ഞാന്‍ അറിഞ്ഞത്.

അജ്ഞാതമായ മിസ്‌ക്കാളുകള്‍
പ്രണയം കൊണ്ടുവരുന്നതും
നോക്കിയിരുന്നതിനാല്‍
ഉറ്റവെരെല്ലാം പിരിഞ്ഞു പോയത്
സുഹൃത്ത് പറഞ്ഞപ്പോഴാണ് അറിഞ്ഞത്

വൃക്ക നിലച്ച് പോയവര്‍ക്കും
കരള്‍ ദ്രവിച്ച് പോയവര്‍ക്കും വേണ്ടി
എന്നും ഛായ ചിത്രങ്ങള്‍ വരും
അവന്‍ മുടങ്ങാതെ ലൈക്കും ഷെയറും
ചെയ്യാറുണ്ട്

വൃക്കയോ....കരളോ....കിട്ടിയോ എന്തോ.....?
ആര്‍ക്കറിയാം
അജ്ഞാതമായ ആ വിളിയില്‍
സ്‌നേഹം ഒഴുകി വരുന്നതും കാത്ത്
പുരതിണ്ണയില്‍ അവനിരുന്നപ്പോള്‍.....പെട്ടെന്ന്
തെരുവില്‍ നിന്ന് സെറന്‍ മുഴക്കി ആമ്പുലന്‍സ്
വന്നു നില്‍ക്കവേ....

വെള്ളയില്‍ പൊതിഞ്ഞ ഉറ്റവരുടെ മരവിച്ച
ശരീരങ്ങള്‍
വരാന്തയിലേക്ക് ഇറക്കി അനുഗമിച്ചപ്പോള്‍
നെറ്റ് വര്‍ക്കില്ലാത്ത
അഞ്ചിതമാം പ്രണയം മറന്ന്
അവന്‍ തരിച്ച് നിന്നു...?



|Alsaf Chittur|
തുടക്കത്തില്‍ ഇന്ത്യയില്‍ ഒരു സംഗീത സമ്പ്രദായമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ മദ്ധ്യ കാലഘട്ടത്തില്‍ ഉത്തരേന്ത്യ ഇസ്‌ലാമിക ലോകത്തിന്റെ വ്യത്യസ്ത സംഗീത സ്വാധീനങ്ങളുടെ, വിശേഷിച്ചും പേര്‍ഷ്യന്‍ സംഗീതത്തിന്റെ പ്രഭാവത്തിലായി. അത് ഭാരതീയ സംഗീതം ഹിന്ദുസ്ഥാനി (ഉത്തരേന്ത്യന്‍) കര്‍ണ്ണാടക (ദക്ഷിണേന്ത്യന്‍) എന്നീ രണ്ടു വ്യത്യസ്ത ശാഖകളായി  വിഭജിക്കപ്പെടുന്നതിനിടയാക്കി. എങ്കിലും ഇത് സംഗീത ശാഖകളുടെയും അടിസ്ഥാന സവിശേഷതകള്‍ പൊതുവായുള്ളതായിരുന്നു.
ഭാരതീയ സംഗീതം രണ്ടു തരത്തിലുണ്ട്്. മാര്‍ഗസംഗീതവും (യാഗാത്മകം) ദേശീയ സംഗീതവും (മതേതരത്വം) ഇന്ത്യയില്‍ നാദം എന്നു വിളിക്കുന്ന ഹൃദ്യമായ ശബ്ദമാണ് സംഗീതത്തിന് നിദാനം. രാഗങ്ങള്‍ അഥവാ മേലഡി വിഭാഗങ്ങളായി ഭാരതീയ സംഗീതം വിഭജിക്കപ്പെട്ടിരിക്കുന്നു. പത്തു മുഖ്യ രാഗങ്ങള്‍ അഥവാ മെലഡി വിഭാഗം ജനഗ രാഗങ്ങള്‍ (Paret Scales) ഉണ്ട്. യമന്‍, ബിലാവന്‍, ഖമജ്, ഭൈരവാ പൂര്‍വി, മാര്‍ച കഫി, ആശാവരി, ദൈരവി, തോഡി എന്നിവയാണ് അവയില്‍ ഏറ്റവും പ്രധാനം.
മുഖ്യരാഗങ്ങള്‍ അഥവാ ജനകരാഗങ്ങള്‍ പിന്നെയും രാഗങ്ങള്‍ തഗിണികള്‍ എന്നീ ഉപ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നതിനാല്‍ നമുക്ക് ഏതാണ്ട് ഇരുന്നൂറ് തരം ആര്‍ഗ്രഗാനങ്ങളുണ്ട്. ഓരോ രാഗത്തിന് അഞ്ച് നോട്ടുകള്‍ വേണം : ഒരുപ്രധാന നോട്ടും (വാദി എന്നു വിളിക്കപ്പെടുന്നു) രണ്ടാമത്തെ നോട്ടും (സംവാദി) മറ്റുള്ളവ സഹായക നോട്ടുകളും (അനുവാദി), വ്യത്യസ്ത വേഗതയിലാണ് രാഗങ്ങള്‍ ആലപിക്കുന്നത്. ചിലര്‍ ഒരു പ്രത്യേക സ്വരത്തിന് (Pitch)  നീങ്ങുന്നു. സംഗീതത്തിന് താളം, ചയം, മാത്ര എന്നിങ്ങനെ വിഭജിക്കപ്പെട്ടിരിക്കുന്ന താളക്രമങ്ങള്‍ 
ഉണ്ട്.  'ഒരു നിശ്ചിത എണ്ണം ബീറ്റുകളാല്‍ സ്വര വിന്യാസം(com.posed)ചെയ്യപ്പെട്ട ഛന്ദ്രാബന്ദമായ പദസമുച്ചയത്തിന്റെ ഒരു  പൂര്‍ണ്ണ ചക്രമാണ് താളം' ലയം വേഗതയാണ്, സാവധാനം, ഇടത്തരം, അതിവേഗം താളത്തിന്റെ അറ്റവും ചെറിയ ഘടകമാണ് മാത്ര.
അങ്ങനെ അനേകം നോട്ടുകളുടെ പൂര്‍ണ നോട്ടുകളുടെ പൂര്‍ണ വ്യാപ്തി ഒരു സംഗീത രചനക്കായി കോര്‍ത്തിണക്കപ്പെടുന്നതിനെ രാഗം എന്നു വിളിക്കും. ഒരു ഉപകരണത്തിന്റെയും അകമ്പടിയില്ലാതെ ആലപിക്കാം. എങ്കിലും പൊതുവെ ഏതെങ്കിലും തന്ത്രിവാദത്തിനു പുറമെ തബലയും ഈ കാര്യത്തിനായ ഉപയോഗിക്കാറുണ്ട്. അവ ഓരോ കാലങ്ങളിലും പകലോ രാത്രിയോ പ്രതേക സമയങ്ങളിലും ആലപിക്കാറുണ്ട്.

ഭാരതീയ സംഗീത ശാഖകള്‍


പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കം മുതലുള്ള ദല്‍പകിസുല്‍ത്താനേറ്റിന്റെ സ്ഥാപനത്തോടെ വന്ന ഉത്തരേന്ത്യയിലെ ഇസ്‌ലാമിക മേല്‍ക്കൊയ്മയോട് ബന്ധപ്പെട്ടതാണ് ഇന്ത്യയിലെ രണ്ടു വ്യത്യസ്ത രീതികളിലുള്ള സംഗീതാഭ്യാസനം. ഉരുത്തിരിഞ്ഞു വന്നതെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു. ഉത്തരേന്ത്യയിലെ ഹിന്ദുസ്ഥാനിലും ദക്ഷിണേന്ത്യയിലെ കര്‍ണ്ണാട്ടിക്കും പേര്‍ഷ്യന്‍ തുര്‍ക്കി സവിശേഷതകള്‍ ഉള്ളതിനാല്‍ ഹിന്ദുസ്ഥാനി സംഗീതം കര്‍ണ്ണാട്ടിക്കില്‍ നിന്നും വിപിന്നമായി കരുതപ്പെടുന്നുണ്ടെങ്കിലും പേര്‍ഷ്യയിലേയും മധ്യേഷയിലേയും സംഗീതജ്ഞര്‍ കുറഞ്ഞ പക്ഷം പതിനേഴാം നൂറ്റാണ്ടിന്റെ അന്ത്യം വരെയെങ്കിലും ഉത്തരേന്ത്യയിലെ രാജസദസ്സുകളുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇന്നു ഇന്ത്യയിലെ ഈ രണ്ടു മുഖ്യ ക്ലാസിക്കല്‍ ശൈലികള്‍ ഭൂമിശാസ്ത്ര പരമായി, വടക്ക് ഇന്തോ- ആര്യന്‍ വര്‍ഗത്തില്‍പെട്ടഭാഷകളുടെയും തെക്ക് ദ്രാവിഡവര്‍ഗത്തില്‍പ്പെട്ട ഭാഷകളുടെയും ഭാഷാ മേഖലകളുമായി  അനുരൂപപ്പെട്ടിരിക്കുന്നു. അവഗ്രഥനപരമായി, അന്തര്‍ലീനമായരിക്കുന്ന ഒരേ സമ്പ്രദായത്തിന്റെ രണ്ടു വിഭിന്ന രീതികളായി രണ്ടിനെയും കരുതാമെങ്കിലും നിദ്ധാത വ്യവസ്ഥകളും ചരിത്രങ്ങളും രചനകളും ഗായകരും അടങ്ങിയ  വ്യത്യസ്ത രീതികളായാണ് ഈ രണ്ടു സമ്പ്രദായങ്ങളും ഇന്ത്യയില്‍ പരിഗണിക്കപ്പെടുന്നത്.
അടിസ്ഥാന സങ്കല്‍പങ്ങളായ പിച്ച്(സ്വരം) താളരീത(രാഗതാളം) എന്നിവ, മീറ്റര്‍ (താള,താലം) ഇരു സമ്പ്രദായങ്ങള്‍ക്കും പൊതുവായുള്ളവയാണ്് ഏകഗായകനായി ഒരു ഗായകനോ വാദ്യക്കാരനോ താളാത്മക മേളക്കാരനായി ഒരു ചെണ്ടക്കാരനോ ഒപ്പം തന്‍പുരയുടെ മുഴക്കവും അടങ്ങിയ ഒരേതരം പ്രകടന സംവിധായമാണ് ....... ഉപയോഗിക്കുന്നത്. ഒരൊറ്റ ഗായകനാണു പാടുന്നതെങ്കില്‍ ഉപകരണം വായിക്കുന്ന ഒരു പക്കമേളക്കാരനും സന്നിഹിതനായിരിക്കും.

ഹിന്ദുസ്ഥാനി സംഗീതം


ഹിന്ദുസ്ഥാനി സംഗീതം അഭ്യസിക്കുന്നവര്‍ അതിന്റെ ഉത്ഭവം ഡല്‍ഹിയിലെ സുല്‍ത്താനിന്റെ കാലത്ത് കണ്ടത്തുന്നു. ഈ കാലത്തെ അമീര്‍ ഖുസ്രു (1253-1325 എസി) ആണ് ഹിന്ദുസ്ഥാനി സംഗീതത്തിലെ ഏറ്റവും ആദ്യത്തെ ചരിത്ര പുരിഷന്മാരിലൊരാള്‍ സിത്താറും, തബലയും നിരവധി രാഗങ്ങളും മറ്റു സംഗീത ഇനങ്ങളും കണ്ടുപിടിച്ചത് അദ്ധേഹമാണെന്ന് പരമ്പരാഗതമായി കരുതപ്പെടുന്നുണ്ടെങ്കിലും ഈ നിഗമനങ്ങള്‍ക്കുള്ള യഥാര്‍ത്ഥ തെളിവുകള്‍ വ്യക്തമല്ല. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ പരമകാഷ്ഠ മുകള്‍ ചക്രവര്‍ത്തിയായ അക്ബറിന്റെ (1556-1605) സദസ്സിലെ രക്‌നങ്ങളിലൊരാളായ മഹാനായ താന്‍ സെനുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. മിക്ക ഹിന്ദുസ്ഥാനി സംഗീതജ്ഞരും ഇന്ന് തങ്ങളുടെ സംഗീത  വംശ പരമ്പര ഗായകനും വാദ്യോപകരണ വാദകനുമായിരിക്കുന്ന താന്‍ സെനില്‍ ആരംഭിക്കുന്നു. ഒരു മീറ്ററിന് അനുസരിച്ച് ചിട്ടപ്പെടുത്തിയിരിക്കുന്ന ഒരു രചനയില്‍ നിന്ന് അധിഷ്ഠിതമാണ് ഹിന്ദുസ്ഥാനി സംഗീത പരിപാടി. ഈ രചനയില്‍ നിന്ന് തയ്യാറെടുപ്പുകളില്ലാത്ത വകഭ്രദങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. സാധാരണമായി ഏതു രാഗത്തിലാണോ (താളരീതി\മെലഡി വിഭാഗം) രചിക്കപ്പെട്ടിരിക്കുന്നത് അതിന്റെ അന്തസത്ത ഉള്‍ക്കൊള്ളുന്നതായി പറയപ്പെടുന്ന താരതമ്യേന ഹൃസ്വമായ ഈ കനമാണ് (ട്യൂണ്‍) ചിട്ടപ്പെടുത്തിയ സംഗീതം.
കച്ചേരി ആരംഭിക്കുന്ന ഒരു ആലാവ് കൊണ്ടാണ് ധ്രക പദിയും (നാലു വിഭാഗങ്ങളുള്ള രചന) വാദ്യേപകരണ വിഭാഗങ്ങളിലും ആലിപ്പുലിവും മീറ്റര്‍ അനുസരിച്ചുള്ള വാദ്യമേളങ്ങളുടെ ആഭാവം സവിശേഷതയായി. 
മൂന്ന് മേജര്‍ ശൈലികളിലും നിരവധി മൈനര്‍ ശൈലികളിലും ഹിന്ദുസ്ഥാനി വായിപ്പാട്ട് ആലപിക്കപ്പെടുന്നു. ഏറ്റവും പഴയതും ഏറ്റവും കര്‍കശമായത് ധ്രുവദ് എന്നറിയപ്പെടുന്ന നാലു ഭാഗങ്ങളുമുള്ള ഒരു സംഗീത രചനയാണ് ഇന്നുള്ള മുഖ്യ ക്ലാസിക്കല്‍ ആലാപന രൂപം. വയാല്‍ (പേര്‍സ്, ഭവന) എന്നറിയപ്പെടുന്ന രണ്ടു ഭാഗങ്ങളുള്ള ഒരു കച്ചേരിയുടെ അന്ത്യത്തില്‍ ഇതേ തുടര്‍ന്ന് തുമ്രി എന്നറിയപ്പെടുന്ന ഒരു ലൈറ്റ് ആലപിക്കപ്പെടുന്നു.

കര്‍ണ്ണാടക സംഗീതം


കര്‍ണ്ണാടക സംഗീതമായി ഇന്ന് ആലപിക്കപ്പെടുന്നത് ക്രിമൂര്‍ത്തികള്‍ എന്നു പൊതുവില്‍ അറിയപ്പെടുന്ന പതിനെട്ടാം നൂറ്റാണ്ടിലെ ശ്രദ്ധേയരായ മൂന്ന് സംഗീത രചയിതാക്കിളില്‍ നിന്ന് - ത്യാഗരാജ (1759-1847),ശ്യാമ ശാസ്ത്രി(1736-1827) ഭീക്ഷിതര്‍(1775-1835) ഏറ്റവും അടുത്ത് ഉരുത്തിരിഞ്ഞു വന്നതാണ് രാജ സദസ്സുകളുടെ പരിലാളന അസര്‍തു ലഭിച്ചിരുന്നില്ലെങ്കിലും വിജയന ഗരത്തിന്റെ പതനത്തെ (1565) തുടര്‍ന്ന്. ദക്ഷിണേന്ത്യന്‍ സംഗീത പരിലാളിനത്തിന്റെ കേന്ത്ര ബിന്ദുവായിത്തീര്‍ന്ന തഞ്ചാവൂരിന്റെ ഏതാനും മൈലുകളുടെ പരിതിയിലായിരുന്നു. ത്രിമൂര്‍ത്തികള്‍ അവരുടെ ജീവിതത്തിന്റെ അതിക ഭാഗവും ചിലവഴിച്ചിരുന്നത്. പരമോന്നത കലാകാരനുമായി താഗരാജ ആദരിക്കപ്പെടുന്നു. തെക്ക് സംഗീത നൈപുണ്ണ്യ ദര്‍ശനത്തിന്റെ ഉത്തമ ദൃഷ്ടാന്തമാണ് അദ്ധേഹം. അദ്ധേഹത്തിന്റെ അടുത്ത ശിഷ്യന്മാരില്‍ പലരും തൊവില്‍ പരമായി സംഗീത ജ്ഞാനിയായിരുന്നില്ല. മറിച്ച് ഭക്തരായിരുന്നു.
കര്‍ണ്ണാടക സംഗീതത്തില്‍ മൂന്ന് പ്രധാന സംഗീത വക്ര ഭ്രദങ്ങളും ചെറിയ ചില വക്ര ഭ്രദങ്ങളും അടങ്ങിയിരിക്കുന്നു. ഒരു കച്ചേരിയുടെ ആദ്യ ഇനമായി അവതരിക്കപ്പെടുന്ന പത്ത് അടങ്ങിയ വികസിച്ച 'എയ്റ്റിയൂസ്' പ്രാസുള്ള രചനയായി വര്‍ണ്ണം മിക്കപ്പോഴും പതിനെട്ടാം ശതകത്തിലെ ത്രിമൂര്‍ത്തികളുമായി ബന്ധപ്പെട്ടിക്കുന്ന ക്ലാസിക്കല്‍ രചനാ രീതിയായി കൃതിമൂലധസ്ഥാനു സാരമായി ഭക്തിപരമാസം പല്ല വിഭാഗത്തിലെ താള വിത്യാസം സവിശേഷ മാതയായ പുതിയതോ കടമെടുത്തതോ ആയ ഒരു രചനാ രീതിക്കൊപ്പം മീറ്ററില്ലാത്ത വിപുലമായി ഭാഗങ്ങളെഉള്‍ക്കൊള്ളുന്ന കൂടുതല്‍ അഗോഹ്യമായ ഒരു തരം സംഗീത രൂപമാണ് .രാഗം-താനം-പല്ലവി പലപ്പോഴും യഥാര്‍ത്ഥത്തിലുള്ള പ്രയോഗത്തില്‍ ക്രിതി ആസ്ഥാനം വഹിക്കുമെങ്കിലും തത്വത്തില്‍ ഒരു കര്‍ണ്ണാടക സംഗീത കച്ചേരിയുടെ കേന്ദ്ര വസ്തുവാണ് രാഗം, താസം, പല്ലവി.
ഇരു സമ്പ്രദായങ്ങള്‍ക്കിടയില്‍ സമ്പര്‍ക്കങ്ങളുടെ ഒരു പരമ്പര ഉണ്ടക്കാമെങ്കിലും അവ ഘടനാ പരമായ സമാന ഘടകങ്ങള്‍ പങ്ക് വഹിക്കുന്നുണ്ട്. ഉദാഹരണമായി കര്‍ണ്ണാടക സംഘീതത്തിലെ ആലാപനം പലതരത്തിലും ഹിന്ദുസ്ഥാനി ആലാപനത്തിനോട് തുല്ല്യമാണ്. രണ്ടും ഒരു രാഗത്തിന്റെ വിശദീകരണ ഘടനമായി വേര്‍ത്തിരിക്കുന്നു.

പ്രധാന ഭാരതീയ രാഗങ്ങള്‍


ഭാരതീയ ശാസ്ത്രീയ സംഗീതത്തില്‍ ആറ് പ്രധാന രാഗങ്ങളും മുപ്പത് രാഗിണികളുമുണ്ട്. സംഗീത വര്‍ഷത്തിലെ ഋതുക്കളും ദിവസത്തിലെ മണിക്കൂറുകളും ഗായകന്റെ ഭാവവുമായി താഭാത്മ്യപ്പെട്ടിരിക്കുന്നു. ഭാരതീയ വര്‍ഷം ആറുല്ലതുക്കളായി വിപജിക്കപ്പെട്ടിരിക്കുന്നു. ഓരോ ഋതുവിനും അതിന്റെതായ രാഗവും ഉണ്ട്. ഭൈവ, ഹിന്ദോള, മേഘ, ശ്രീരാഗ, ദീപക്, മന്‍ഗാസ് എന്നിവയാണ്.മുഖ്യ രാഗങ്ങള്‍. ഭാരതീയ സംഗീത സങ്കല്‍പ്പെത്തില്‍ രാഗിണികളുമായി വിവാഹിതനായിരിക്കുന്ന ഒരു അര്‍ധ ദേവനാണ് ഓരോ രാഗവും. അങ്ങനെ ആറ് രാഗവും മുപ്പത് രാഗിണികളുമുണ്ട്. ദിവസത്തെ ആറ് ഭാഗങ്ങളായി വിപജിച്ചിരിക്കുന്നു  ഓരോ ഭാഗത്തിനും ഒരു പ്രത്യേക രാഗം നിശ്ചയിച്ച് നല്‍ക്കുകയും ചെയ്തിരിക്കുന്നു. അങ്ങനെ ഭൈരവി രാഗം സാധാരണമായി പുലര്‍ച്ചെ 4 നാലു മണിക്കും 8 എട്ടു മണിക്കുമിടയില്‍ ഹിന്ദോളം 8 മുതല്‍ 12 മണിവരെയും മേഘ ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് 4 വരെയും ശ്രീരാഗ 4 മണി മുതല്‍ 8 വരെയും ഗീപക്ക്് 8 മണി മുതല്‍ അര്‍ദ്ധ രാത്രി 12 വരെയും  മല്‍ക്കൗസ് അര്‍ദ്ധ രാത്രിമുതല്‍ പുലര്‍ച്ചെ 4 വരെയും ആലപിക്കുന്നു.

ivythemes

{facebook#https://fb.com/alathoorpadidars} {twitter#https://twitter.com/alathurpadidars} {google-plus#https://plus.google.com/+ALATHURPADIDARS} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://youtube.com/alathoorpadidars} {instagram#YOUR_SOCIAL_PROFILE_URL}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget