|അബ്ദുല്‍ ബാസിത്ത് ഏലംകുളം | മറയുമീ മൂവന്തി പൊഴിയുന്നു യാമങ്ങള്‍ കനവുകള്‍ കതിരിടും പുലരി കാണാന്‍... പ്രശസ്തമായ ഈ വരികള്‍ ഇന്നിവിടെ യാതാര്‍ത്ഥ്യമാവുകയാണ്. മഹാമാരിയില്‍ ഉരുകിത്തീര്‍ന്ന ഇന്നിന്റെ യാമങ്ങള്‍ പൊഴിഞ്ഞു വീഴുമ്പോഴും ഓരോ മൂവന്തിയും തുടര്‍ന്നു വരുന്ന പുലരിക്കായി സ്വപ്നസാക്ഷാത്കാരങ്ങളുടെ പ്രതീക്ഷകളുടെ നീണ്ട കാത്തിരിപ്പിലാണ്. അതെ, പുണ്യ റമളാന്‍ ആഗതമാവാന്‍ ഇനി നിമിഷങ്ങള്‍ മാത്രം. പുണ്യങ്ങളുടെ പൂക്കാലമായ അനുഗ്രഹീത റമളാന്‍ സുഗന്ധപൂരിതമാണെങ്കിലും അതിലെ നറുമണം വമിക്കാതെ പോവുന്ന ഹതഭാഗ്യരായി നാം മാറരുത്. വര്‍ണ്ണനകളും പോരിശകളും പത്തി മടക്കുന്ന നന്മയുടെ നറുമണം പരത്തുന്ന വസന്ത കാലത്തെ പരിചയം പുതുക്കലാണിത് റമളാന്‍ അര്‍ത്ഥവും ആഴവും റമളാന്‍ എന്ന വാക്കില്‍ അഭിപ്രായ വിത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട് . ഇമാം മുജാഹിദ് (റ) പറയുന്നു : റമളാന്‍ അല്ലാഹുവിന്റെ നാമങ്ങളിലൊന്നാണ് . അത് കൊണ്ടാണ് പരിശുദ്ധ റസൂല്‍ അവിടുത്തെ അനുചരന്മാരെ ഇപ്രകാരം പഠിപ്പിച്ചത് ' റമളാന്‍ വന്ന് പോയി എന്ന് നിങ്ങള്‍ പറയരുത് എങ്കിലും റമളാന്‍ മാസം വന്നു എന്ന് നിങ്ങള്‍ പറയൂ.' മറ്റൊരു അഭിപ്രായപ്രകാരം റമളാന്‍ എന്നത് മാസത്തിന്റെ പേരാകുന്നു എന്ന വസ്തുതയാണ് . റമളാന്‍ എന്ന വാക്കിന്റെ ഉത്ഭവത്തിലും അഭിപ്രായ വിത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട് .റമളാന്‍ എന്നത് റമ'ളാ'അ എന്ന പദത്തില്‍ നിന്നും പിടിച്ചെടുത്തതാണത്രെ . റമ'ളാ'അ എന്ന പദത്തിനര്‍ത്ഥം കാലവര്‍ഷം എത്തുന്നതിന് മുമ്പുള്ള പുതുമഴ എന്നതാണ്. പുതുമഴ പെയ്താല്‍ തോടുകളും വഴികളും ശുദ്ധിയാകുന്നത് പോലെ റമളാന്‍ വന്നാല്‍ മനുഷ്യ ശരീരത്തിലെ ദോഷങ്ങള്‍ ഇല്ലാതാവുന്നു . മറ്റൊരു അഭിപ്രായപ്രകാരം 'റമള' എന്ന പദത്തില്‍ നിന്നും പിടിച്ചെടുത്തതാണ്. 'റമള' എന്ന പദത്തിനര്‍ത്ഥം സൂര്യപ്രകാശം ഏറ്റ കല്ല്' എന്നാകുന്നു. വിശപ്പിന്റെ ചൂടേറ്റ് മനുഷ്യന്‍ കരിഞ്ഞ് പോകുന്ന മാസമാണല്ലൊ റമളാന്‍ . (റാസി 5/91) വിശ്വാസിയുടെ കൊയ്ത്ത് കാലം അബൂബക്കര്‍ അല്‍ബല്‍ഹി (റ) പറഞ്ഞു: 'റജബ് മാസം കൃഷിയുടെ വിളവിറക്കല്‍ മാസമാണ്. ശഅ്ബാന്‍ വിള നനക്കാനുള്ള മാസമാണ് . വിശുദ്ധ റമളാന്‍ വിളവിന്റെ കൊയ്ത്ത് മാസവും.' ആയതിനാല്‍ ഏതൊരു വിശ്വാസിയും റജബ് മാസത്തില്‍ തന്നെ സല്‍കര്‍മങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തി സല്‍കര്‍മങ്ങളിലേക്ക് ഒരുങ്ങേണ്ടതായുണ്ട് .പിന്നീട് വിളനനക്കല്‍ മാസമായ ശക്ബാനില്‍ ഒരോ അമലിനേയും മൂര്‍ച്ച കൂട്ടി പരിപോഷിപ്പിച്ച് കൊണ്ട് റമളാന്‍ മാസത്തെ വരവേല്‍ക്കണം .വിളവെടുപ്പ് മാസമായ റമളാനില്‍ എണ്ണമറ്റ പ്രതിഫലങ്ങളാല്‍ സല്‍പ്രവര്‍ത്തിയുടെ കൂമ്പാരങ്ങള്‍ സൃഷ്ടിക്കണം . സത്യവിശ്വാസിയുടെ വിരുന്ന് കാരനാണല്ലൊ റമളാന്‍. ആയതിനാല്‍ ആതിത്യ മര്യാദകളാല്‍ ഇബാദത്തുകളെ സമ്പന്നമാക്കണം നാമെല്ലാം. പരിശീലന മാസമായ ശഅബാനില്‍ തന്നെ റമളാന്‍ മാസത്തിലേക്കുള്ള മാനസിക വളര്‍ച്ചക്കൊപ്പം ആരാധനാ കര്‍മങ്ങള്‍ക്ക് സമയക്രമങ്ങള്‍ നിശ്ചയിച്ച് ജീവിതത്തിന് തന്നെ പുതുമുഖം സമ്മാനിക്കേണ്ടതുണ്ട്. സംശുദ്ധമായ ത്വൗബ ചെയ്ത് ഈമാനികമായ തയ്യാറെടുപ്പ് നടത്തുന്നതിനോടൊപ്പം വൈജ്ഞാനികമായ മുന്നേറ്റവും ശഅബാനില്‍ സാധ്യമാക്കണം. കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ വായിച്ചും പഠിച്ചും നോമ്പിനെ സമ്പന്നമാക്കണം . പുണ്യമാസത്തെ വരവേല്‍പ്പിനായി കുടുംബങ്ങളെ സജ്ജമാക്കി പരസ്ഥിക വൃത്തി കൈവരിക്കുന്നതിനോടൊപ്പം മനസ്സില്‍ നിന്ന് അസൂയ, പക, വിദ്യേശം എന്നിവ പറിച്ച്മാറ്റി ആത്മസമരം നടത്തി ഹൃദയശുദ്ധി കൈവരിക്കുകയും വേണം. നബി(സ്വ) പറയുന്നു. റമളാന്‍ ആഗതമായാല്‍ സ്വര്‍ഗീയ കവാടങ്ങള്‍ തുറക്കപ്പെടുകയും നരക കവാടങ്ങള്‍ അടക്കപ്പെടുകയും പിശാചുക്കള്‍ ചങ്ങലക്കിടപ്പെടുകയും ചെയ്യും. (ബുഖാരി, മുസ്ലിം) നിരാശരാവേണ്ട .... കരങ്ങളുയര്‍ത്താം ..... അബൂദ്ദര്‍ദാഅ് (റ ) ഇപ്രകാരം പറയാറുണ്ടായിരുന്നു : നിങ്ങള്‍ ദുആ വര്‍ദ്ധിപ്പിക്കുക നിശ്ചയം വാതില്‍ കൂടുതല്‍ മുട്ടുന്നവര്‍ക്ക് വേണ്ടി അത് തുറക്കപ്പെടും. (മുസ്വന്നഫ്ബ്‌നു അബീശൈബ). ലോകമെമ്പാടും കോവിടെന്ന വിപത്തില്‍ ദുരിതമനുഭവിക്കുമ്പോള്‍ ലോകത്തിന്റെ കാവല്‍ ഭടന്മാരായി സ്വയം സ്ഥാനമേറ്റ് നാഥനിലേക്ക് കരങ്ങളുയര്‍ത്തി സമൂഹത്തിനായി വാതില്‍ മുട്ടുന്നവരായി നാം മാറണം. ആലയില്‍ ഊട്ടിയ ഈമാനികാവേശം കൊണ്ട് ആരാധന കര്‍മ്മങ്ങളില്‍ കൂടുതല്‍ ശ്രദ്ധചെലുത്തി റൈഹാനില്‍ സംവരണം ഉറപ്പുവരുത്തണം. സമയമില്ല എന്ന മാനവന്റെ സ്ഥിരം പല്ലവി ഇന്ന് അസ്ഥാനത്താണല്ലോ! ആയതിനാല്‍ ഒഴിവുസമയങ്ങള്‍ ഉപയോഗപ്രദമാക്കി ഖുര്‍ആനിലും സ്വലാത്തിലും ആയി കൂടുതല്‍ സമയം കണ്ടെത്താന്‍ നാം ശ്രമിക്കേണ്ടതായിട്ടുണ്ട്. ഇനിയൊരു റമളാന്‍ നമ്മിലേക്ക് സമാഗതമാകുമെന്നതില്‍ എന്ത് ഉറപ്പാണുള്ളത്...? ലോക്കിട്ട ഈ കാലത്ത് വ്യത്യസ്തമാര്‍ന്ന വിനോദങ്ങള്‍ കണ്ടെത്തുന്നതിന് പകരമായി വിവേകത്തോടെ അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കുക. നാഥന്‍ തുണക്കട്ടെ.... ആമീന്‍....
| സയ്യിദ് അമീറുദ്ധീന്‍ PMS | മനുഷ്യന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇടം പിടിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ് സ്റ്റാറ്റസ് വിപ്ലവം. അതിനുവേണ്ടി മോശമല്ലാത്ത സമയം ചെലവഴിക്കുന്നവരും ചുരുക്കമല്ല. എന്തിന് അതെക്കുറിച്ച് ഇത്ര വിശാലമായ സംസാരിക്കുന്നു, ചര്‍ച്ച ചെയ്യുന്നു എന്ന ചോദ്യം അപ്രസക്തമാണ്. കാരണം ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ എല്ലാ പ്രവര്‍ത്തനങ്ങളും സൂക്ഷ്മതയോടെ നിര്‍വ്വഹിക്കേണ്ടതുണ്ട്, അവന്റെ നഖശിഖാന്തം പ്രവര്‍ത്തനങ്ങളിലും ആത്മീയ ചലനങ്ങള്‍ പ്രസരിക്കണം. ഇസ്‌ലാമിക ശരീഅത്തിനോട് അണുമണി പോലും വിരുദ്ധത പാടില്ല. കാലചക്രം സഞ്ചരിക്കുന്നതിനോടൊപ്പം മനുഷ്യന്റെ ചിന്തകളും മുന്നോട്ട് സഞ്ചരിക്കും. സാങ്കേതിക വിദ്യയും, പുരോഗമന ചിന്തകളും യന്ത്രവല്‍ക്കരണ മേഖലയും, വിദ്യാഭ്യാസമേഖലയും, സോഷ്യല്‍ മീഡിയ, ഇന്റര്‍നെറ്റ് തുടങ്ങി എല്ലാ മേഖലകളും പുതിയ രൂപത്തിലും ഭാവത്തിലും അപ്‌ഡേറ്റ് ചെയ്യപ്പെടും. ധാരാളം സൗകര്യങ്ങള്‍ മനുഷ്യന് ലഭിക്കും. കൗതുകമുള്ള പുതിയ പല പ്രവര്‍ത്തനങ്ങളും കടന്നു വരും. അവിടെ പുറം തിരിഞ്ഞിരിക്കാതെ വിശ്വാസിയുടെ ശൈലികളിലും, ചിട്ടകളിലും മാറ്റവും, കുറവും വരാതെ അവയെല്ലാം സ്വീകരിച്ച് കാലഘട്ടത്തിന്റെ മാറ്റത്തിനനുസരിച്ച് ജീവിക്കുന്നതില്‍ യാതൊരു തെറ്റുമില്ല. എന്നാല്‍ ഒരു മുസ്ലിം ഇസ്‌ലാമികമായി പുരോഗതിയുടെ ഉത്തുംഗതയിലേക്ക് എത്തുന്നതിന്റെ ഭാഗമാണ് ആവശ്യമില്ലാത്ത കാര്യങ്ങള്‍ ഉപേക്ഷിക്കല്‍ (ഹദീസ്), മഹാനായ സയ്യിദു താബിഈന്‍ ഹസനുല്‍ ബസ്വരി(റ ) പറയുന്നു: അള്ളാഹു അവന്റെ അടിമയെ തൊട്ട് തിരിഞ്ഞു കളഞ്ഞിരിക്കുന്നു എന്നതിന്റെ അടയാളമാണ് അടിമ ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ജോലിയാവല്‍. ചുരുക്കത്തില്‍, ആത്മീയമായോ, ബൗദ്ധികമായോ ഗുണകരമായി ഒന്നും ലഭിക്കാത്ത കാര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കലാണ് ബുദ്ധി. ഇനി തിരികെ സോഷ്യല്‍ മീഡിയകളിലേക്ക് നോക്കുമ്പോള്‍ സുകൃതങ്ങള്‍ക്കുള്ള വലിയ ഒരു പ്ലാറ്റ്‌ഫോം അവിടെ കാണാന്‍ സാധിക്കുന്നു. സ്റ്റാറ്റസുകളിലൂടെ നന്മകളെയും, ഇസ്‌ലാമിക സന്ദേശങ്ങളെയും കൈമാറാനും പ്രചരിപ്പിക്കുവാനും സാധിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ആ ഒരു സാധ്യതയെയാണ് വിശ്വാസി കാണേണ്ടതും മുതലെടുക്കേണ്ടതും. അനാവശ്യം ചിന്തിക്കുന്നതുപോലും ഹൃദയത്തിന്റെ പരിശുദ്ധിയെ കളങ്കപ്പെടുത്തുന്നതാണെന്ന് പരിശുദ്ധ ഇസ്‌ലാം പഠിപ്പിക്കുന്നു. അങ്ങനെയിരിക്കെ അനാവശ്യങ്ങളെ അന്വേഷിക്കലും, പ്രചരിപ്പിക്കലും വലിയ തെറ്റ് തന്നെ. തന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നല്ല നിയ്യത്ത് കൊണ്ട് ആരാധനയുടെ പരിധിയില്‍ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളാണ് വിശ്വാസിയുടെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടത്. അലക്ഷ്യമായ അല്ലെങ്കില്‍ അനാവശ്യമായ ഒരു പ്രവര്‍ത്തനവും യഥാര്‍ത്ഥ വിശ്വാസിയുടെ ജീവിതത്തില്‍ ഉണ്ടാവുകയില്ല. ചില വിനോദങ്ങള്‍ ഇസ്‌ലാം നിഷിദ്ധമാക്കിയതിന് പിന്നിലുള്ള താല്‍പര്യവും അതുതന്നെ. അഥവാ ഗുണകരമായി ഒന്നും ലഭിക്കുന്നില്ല പകരം അമൂല്യമായ സമയങ്ങള്‍ നഷ്ടപ്പെടുന്നു. സന്തോഷങ്ങള്‍ വൈവിദ്ധ്യമെങ്കിലും വിശ്വാസിയുടെ ശാശ്വത സന്തോഷം അല്ലാഹുവിന്റെ ലിഖാഉം, സ്വര്‍ഗ്ഗ പ്രവേശനവും തന്നെയാണ്. ആ സന്തോഷം അനശ്വരമാണ്, അതിലേക്കുള്ള പ്രാര്‍ത്ഥനയും പ്രവര്‍ത്തനവുമാണ് വിശ്വാസികള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. സന്തോഷം നിറഞ്ഞു നില്‍ക്കുന്ന മനസ്സാണ് വിശ്വാസി ആരിലും ആഗ്രഹിക്കേണ്ടത്. ഏവര്‍ക്കും സന്തോഷദായകമായ ജീവിതം നയിക്കാനാകണമെന്ന് മുഅ്മിന്‍ ചിന്തിക്കുന്നു. ആരിലും നൈരാശ്യവും ദുഃഖവും വളര്‍ത്താനുതകുന്ന നോട്ടം പോലും നമ്മുടെ പക്കല്‍ നിന്നുണ്ടാവരുതെന്നാണ് ദീനിന്റെ താല്പര്യം. മറ്റുള്ളവരെ സന്തോഷവാര്‍ത്തകള്‍ അറിയിക്കാനുള്ള സന്ദര്‍ഭങ്ങളാണ് മുഅ്മിന്‍ കണ്ടെത്തേണ്ടത്. അപ്പോള്‍ പിന്നെ എന്തുകൊണ്ട് മുസ്‌ലിമിന്റെ സ്റ്റാറ്റസുകളില്‍ മറ്റു വിശ്വാസികളുടെ, നമ്മെ സ്വീകരിക്കുന്നവരുടെ മനദാരിലേക്ക് സന്തോഷവും പ്രതീക്ഷകളും ആശ്വാസവും നല്‍കുന്ന വചനങ്ങളും സന്ദേശങ്ങളും നിറഞ്ഞുനിന്നു കൂടാ. നല്ല പ്രതീക്ഷയും, പ്രത്യാശയുമാണ് മനുഷ്യനെ മുന്നോട്ടു നയിക്കുന്നത്. മുസ്‌ലിമിന്റെ ഹൃദയാന്തരങ്ങളിലേക്ക് സന്തോഷം നല്‍കുന്നതിനെ വലിയ പുണ്യകരമായ പ്രവര്‍ത്തനമായി പ്രവാചകര്‍ (സ്വ)യുടെ അധ്യാപനങ്ങളില്‍ നിന്ന് മനസ്സിലാക്കാം. എന്ത് മനോഹരമാണ് ഇസ്‌ലാമിന്റെ ഈ ദര്‍ശനങ്ങള്‍. മനം നിറയെ സന്തോഷം നിറക്കുന്ന സുവിശേഷങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ ധാരാളമുണ്ട്. അല്ലാഹു പറയുന്നു: തങ്ങളുടെ നാഥന്‍ തന്റെ പക്കല്‍ നിന്നുള്ള അനുഗ്രഹവും, പ്രീതിയും സ്വര്‍ഗ്ഗങ്ങളും കൊണ്ട് സന്തോഷ വാര്‍ത്ത അറിയിക്കുന്നു അവര്‍ക്ക് ആ സ്വര്‍ഗ്ഗങ്ങളില്‍ സ്ഥായിയായ സൗഭാഗ്യം ഉണ്ട്. (സൂറത്തു തൗബ 21)..... മറ്റൊരു ആയത്ത് ഇങ്ങനെയാണ്: എന്റെ ദാസന്മാര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക അതായത് വാക്ക് ശ്രദ്ധിച്ചു കേള്‍ക്കുകയും അതില്‍ ഏറ്റവും നല്ലത് പിന്തുടരുകയും ചെയ്യുന്നവര്‍ക്ക് (സൂറത്തു സുമര്‍ 17, 18). അബ്ദുല്ലാഹി ബ്‌നു അബൂ റൗഫ് (റ)ല്‍ നിന്ന് നിവേദനം. ഹദീസില്‍ നബി (സ്വ) ഖദീജ ബീവിക്ക് (റ) മുത്തു കൊണ്ടുള്ള ഒരു ഭവനം ഉണ്ടെന്ന് സന്തോഷം അറിയിച്ചതായി കാണാം. ഇങ്ങനെ അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ കൊണ്ടും, വാഗ്ദാനങ്ങള്‍ കൊണ്ടും പരസ്പരം സന്തോഷവും പ്രതീക്ഷയും നല്‍കുന്നതിന് വിശ്വാസിയുടെ ജീവിതത്തില്‍ വലിയ സ്ഥാനം തന്നെയാണ്. സ്റ്റാറ്റസിലൂടെ അറിവുകള്‍ പ്രചരിപ്പിക്കുന്നത് ശ്ലാഘനീയമായ മുന്നേറ്റമാണ്. നമ്മുടെ സ്റ്റാറ്റസ് കാണുന്നവര്‍ക്ക് എന്തെങ്കിലും ഒരു അറിവ് ലഭിക്കണമെന്ന സദുദ്ദേശ്യത്തോടെ മതഭൗതിക മേഖലയിലുള്ള ജ്ഞാനവിതരണം എന്തുകൊണ്ട് ഒരു മുസ്‌ലിം ചിന്തിച്ചു കൂടാ. ഏതു മാറ്റത്തെയും ആത്മീയമായി സ്വീകരിക്കാനും പ്രാവര്‍ത്തികമാക്കാനും സാധിക്കണം അപ്പോഴാണ് വിശ്വാസിയുടെ ജീവിതം ധന്യമാകുന്നത്. അറിവ് പ്രചരിപ്പിക്കുന്നതിന്റെ ശ്രേഷ്ഠതകള്‍ പറയേണ്ടതില്ലല്ലോ... ഇമാം ഇബ്‌നു ജൗസി എന്നവര്‍ പറയുന്നു ആരെങ്കിലും മരണശേഷം സല്‍കര്‍മ്മങ്ങള്‍ മുറിഞ്ഞു പോകാതിരിക്കാന്‍ ഇഷ്ടപ്പെടുന്നുവെങ്കില്‍ അവന്‍ അറിവ് പ്രചരിപ്പിക്കട്ടെ. ജനങ്ങള്‍ക്ക് അല്ലെങ്കില്‍ നമ്മേ വീക്ഷിക്കുന്നവര്‍ക്ക് ജീവിതത്തില്‍ ഉപകരിക്കുന്ന വിജ്ഞാനങ്ങള്‍, ആരോഗ്യരക്ഷാ സന്ദേശങ്ങള്‍, ജീവിച്ചിരിക്കുന്നവരോ, മരണപ്പെട്ടവരോ ആയ മഹാന്മാരുടെ ജീവിത ശൈലികളും, ഗുണകാംക്ഷകളും.. ഇത്തരം നന്മകളാവട്ടെ മുസ്‌ലിമിന്റെ സ്റ്റാറ്റസ്. ഇതിനൊന്നും താന്‍ അര്‍ഹനല്ലെന്നും, തന്റെ ജീവിതം മ്ലേച്ഛമാണെന്നും ചിന്തിക്കുന്നവര്‍ ചുരുക്കമല്ല. എന്നാല്‍ പ്രസ്തുത സുകൃതങ്ങളിലൂടെ തന്റെ നഫ്‌സിന്റെ പരിശുദ്ധിയും ഉദ്ദേശിച്ചാല്‍ മതിയല്ലോ.. പുറമെ ഭംഗിയാക്കിയ കാരണത്താല്‍ ഉള്ളും അള്ളാഹു നന്നാക്കി തരും എന്ന പ്രവാചകാധ്യാപനം ഇവിടെ പ്രസക്തമാണ്. സൈനുദ്ധീന്‍ മഖ്ദൂം (റ )ന്റെ 'അദ്കിയ' എന്ന ലോക പ്രശസ്ത ഗ്രന്ഥത്തില്‍ പറയുന്നു: ശരീഅത്തു കൊണ്ട് പുറം ഭംഗിയാക്കല്‍ നിര്‍ബന്ധമാണെന്നും അതിനെ തുടര്‍ന്ന് ഹൃദയം പ്രകാശിക്കുമെന്നും. വിശാലാര്‍ത്ഥത്തില്‍ ചിന്തിക്കുമ്പോള്‍ തനിക്ക് നല്‍കപ്പെട്ട അനുഗ്രഹങ്ങള്‍ ഇതുവരെ ലഭിക്കാത്ത ജീവിതങ്ങളും ഉണ്ടാകുമല്ലോ ഒരു പക്ഷെ അവരത് ദര്‍ശിക്കുമ്പോള്‍ വിഷമിച്ചാലോ എന്ന് ചിന്തിക്കാമെങ്കിലും അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി ചെയ്തു കൊണ്ട് ആ സന്തോഷം പങ്കു വെക്കുകയുമാവാം. ഇസ്‌ലാമികയി ഒരു തെറ്റുമില്ല. കാരണം ഒരുപക്ഷേ അതിലൂടെ വിഷമിക്കുന്ന ജീവിതങ്ങള്‍ തിരിച്ചറിയാനും സഹായിക്കാനും സാധിച്ചേക്കാം. മാത്രമല്ല അല്ലാഹുവിലുള്ള പ്രതീക്ഷകളും വര്‍ദ്ധിക്കും. ഇത്രയേറെ സാധ്യതകളുണ്ടെങ്കിലും ഇവിടെയും പരാജയപ്പെട്ടു പോകുന്നവര്‍ ചുരുക്കമല്ല. സ്റ്റാറ്റസുകളിലൂടെ സിനിമ ക്ലിപ്പുകളും, സിനിമാഗാനങ്ങളും, അന്യസ്ത്രീകളുടെ ചിത്രങ്ങളും, അശ്ലീല ചിന്തകളും കൈമാറുന്നവര്‍ ചുരുക്കമല്ല. തെറ്റുകള്‍ ചെയ്യുന്നു ഇഷ്ടപ്പെടുന്നു എന്ന് മാത്രമല്ല അത്തരം ചിന്താ വൈകല്യങ്ങളെ പരസ്യപ്പെടുത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. വലിയ ഗുരുതര പാപം തന്നെയാണ് സംഭവിക്കുന്നത് 'തെറ്റുകളെ പരസ്യമാക്കല്‍ അല്ലാഹു ഇഷ്ടപ്പെടുന്നില്ല' (സൂറത്തു നിസാഅ്). നമ്മുടെ സ്റ്റാറ്റസുകളില്‍ നിന്ന് ദീനിന് നിരക്കാത്തത് ആരൊക്കെ കാണുന്നുണ്ടോ അതിന്റെയൊക്കെ കുറ്റങ്ങളില്‍ നിന്ന് ഒരു വിഹിതം ലഭിച്ചു കൊണ്ടേയിരിക്കും, അതേസമയം നേരത്തെ സൂചിപ്പിച്ചപോലെ നന്മകളും അറിവുകളുമാണെങ്കില്‍ അത് ആരൊക്കെ അറിയുന്നുണ്ടോ വായിക്കുന്നുണ്ടോ പ്രാവര്‍ത്തികമാക്കുന്നുണ്ടോ അതിന്റെയെല്ലാം ഒരു പുണ്യം ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. സ്റ്റാറ്റസ്, വ്യക്തിത്വ അടയാളപ്പെടുത്തലുകള്‍ ഓരോ മനുഷ്യനും വ്യത്യസ്ത ചിന്തകളും, വീക്ഷണങ്ങളും, സ്വഭാവങ്ങളും വെച്ചുപുലര്‍ത്തുന്നതുകൊണ്ടുതന്നെ സ്റ്റാറ്റസുകളും വ്യത്യസ്തമായിരിക്കും. തികച്ചും സ്വാഭാവികം. ചിലയാളുകള്‍ പ്രത്യേക ഉദ്ദേശ്യലക്ഷ്യങ്ങളൊന്നും ഇല്ലാതെ വെറുതെ എന്തെങ്കിലുമൊക്കെ സ്റ്റാറ്റസ് വെക്കും, ചിലയാളുകള്‍ അവരുടെ ഓരോ ദിവസത്തെയും അനുഭവങ്ങള്‍, ഫീലിംഗ്‌സ് മറ്റുള്ളവരുമായി പങ്കു വെക്കും. മറ്റു ചിലര്‍ അവരുടെ മനസ്സിന് സന്തോഷവും സമാധാനവും ലഭിക്കുന്ന അല്ലെങ്കില്‍ തനിക്ക് ഏറെ ഇഷ്ടപ്പെടുന്ന എന്തെങ്കിലും ആയിരിക്കും. എന്നാല്‍ ചില ആളുകള്‍ സന്ദര്‍ഭത്തിനനുസരിച്ച് എന്തും അതില്‍ നിഷിദ്ധമായതും, മ്ലേച്ചമായതും കടന്നുവരും. കൂട്ടത്തില്‍ തന്റെ ജീവിതത്തില്‍ സംഭവിച്ച പരാജയങ്ങളും, വ്യസനങ്ങളും പരിഭവങ്ങളും അറിയിക്കുന്നവരും ധാരാളമാണ്. ഇവിടെ പലരും ലക്ഷ്യമാക്കുന്നത് ദുഃഖങ്ങളുടെ ഭാണ്ഡങ്ങള്‍ അഴിച്ചു വെക്കുമ്പോഴുണ്ടാകുന്ന താത്കാലിക സംതൃപ്തി, അല്ലെങ്കില്‍ തന്നെ ഉള്‍കൊള്ളുന്നവരില്‍ നിന്ന് ലഭിക്കുന്ന ആശ്വാസ വാചകങ്ങള്‍. എന്നാല്‍ അത്തരക്കാര്‍ മനസ്സിലാക്കേണ്ട ചില വലിയ യാഥാര്‍ത്ഥ്യങ്ങളുണ്ട്, ഒന്നാമതായി കഴിഞ്ഞുപോയ, ഏകാന്തതയില്‍ പോലും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത ഇത്തരം കാര്യങ്ങള്‍ പറയുകയും, പരസ്യമാക്കുകയും, ചര്‍ച്ച ചെയ്യുകയും ചെയ്യുന്നതിലൂടെ ജീവിതത്തിന്റെ പ്രതീക്ഷയും, സന്തോഷവും കെട്ടുപോവുകയും നെഗറ്റീവ് എനര്‍ജി വ്യാപിക്കുകയും ചെയ്യുന്നു മറ്റൊന്ന് പരിഭവങ്ങളും പരാതികളും സങ്കടങ്ങളും ബോധിപ്പിക്കേണ്ടത് സര്‍വ്വാധി രാജനായ അല്ലാഹുവിനോടാണ്. പ്രപഞ്ച നാഥനോടുള്ള ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയിലൂടെ ലഭിക്കുന്ന ആശ്വാസം.... ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അത് തന്നെയാണ് ഏറ്റവും വലുത്. പ്രയാസങ്ങളും ദുഃഖങ്ങളും ജീവിതത്തിന്റെ ഭാഗമായി തന്നെ മനസ്സിലാക്കണം. സന്തോഷവും ദുഃഖവും മാറിമാറി വരുന്ന ഒരു ചക്രമാണ് ജീവിതം പ്രയാസമുള്ള സമയം കടന്നു വരുമ്പോള്‍ ഓര്‍ക്കുക എളുപ്പമുള്ള സമയവും തീര്‍ച്ചയായും ഉണ്ടാകും. മനസ്സ് സങ്കടം കൊണ്ട് നിറയുമ്പോള്‍ കണ്ണുകള്‍ ദുഃഖം കൊണ്ട് നിറയുമ്പോള്‍ മൂന്ന് കാര്യങ്ങള്‍ ഓര്‍ക്കുക അള്ളാഹു കൂടെയുണ്ട്, ഇപ്പോഴും കൂടെയുണ്ട്, എപ്പോഴും കൂടെയുണ്ട്. ഒരുപാട് കാലം നീണ്ടു നില്‍ക്കുന്ന ഒരു പരീക്ഷണശാല, അല്ലെങ്കില്‍ ഒരു പരീക്ഷണഹാളാണ് ഈ നശ്വരമായ ജീവിതം. മാത്രമല്ല കടുത്ത നൈരാശ്യം ഏറെ അപകടകരമാണ് ആത്മസംയമനത്തെ അത് തുടച്ചു നീക്കുന്നു. ജീവിത പരാജയത്തിന് വരെ കാരണമാകുന്നു. ആത്മഹത്യയിലേക്ക് മനുഷ്യനെ നയിക്കുന്നത് കഠിനമായ നിരാശയാണ് ആശയറ്റ നിമിഷങ്ങള്‍ വിശ്വാസിയുടെ ജീവിതത്തില്‍ ഉണ്ടായിക്കൂടാ. കാരണം എല്ലാ ആശകളും ഒഴിവാകുന്ന സന്ദര്‍ഭം ഇസ്‌ലാമിക ദൃഷ്ട്യാ ഇല്ല തന്നെ. പ്രതീക്ഷയുടെ വിഹായസ്സില്‍ നക്ഷത്രങ്ങള്‍ ഒത്തിരി ഉണ്ടെന്ന തിരിച്ചറിവ് ഉണ്ടാവണം. ദുഃഖങ്ങളുടെ വനാന്തര്‍ഭാഗത്ത് ഒറ്റപ്പെട്ട് കഴിയേണ്ടവനല്ല താനെന്ന അവബോധം കൂടി വിശ്വാസിയുടെ ഹൃദയഭിത്തിയില്‍ അലയടിക്കണം. സന്തോഷം ഉള്ളിലുണ്ടെങ്കിലേ പുറത്ത് പ്രകടിപ്പിക്കാനാവൂ, പ്രസന്നവദനനായി മറ്റുള്ളവരെ അഭിമുഖീകരിക്കേണ്ടത് വിശ്വാസിയുടെ കടമയാണ്. തന്റെ സഹോദരന്റെ മുഖത്തു നോക്കി പുഞ്ചിരിക്കുന്നത് പോലും സ്വദഖയാണെന്ന് തിരുനബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങള്‍ പഠിപ്പിക്കുന്നു. അതുകൊണ്ട് പരിഭവങ്ങള്‍ക്കും, ദുഃഖങ്ങള്‍ക്കും സ്ഥാനം കൊടുക്കാതെ ഈ പ്രപഞ്ച മനോഹാരിതയില്‍ അല്ലാഹുവിനെ ദര്‍ശിക്കാന്‍ സാധിക്കണം. സന്തോഷത്തിന്റെ സാധ്യതകളെ തേടി പിടിക്കണം. പരീക്ഷണങ്ങള്‍ പരീക്ഷണങ്ങളായിട്ട് തന്നെ കാണണം. സ്വന്തമെന്ന് തോന്നിയ പലതും നാമറിയാതെ നഷ്ടപ്പെടുമ്പോള്‍ അതാണ് ഖൈറെന്ന് ചിന്തിക്കുന്ന ഹൃദയം ഉണ്ടാക്കിയെടുക്കണം. പ്രാര്‍ത്ഥനയാണ് എല്ലാത്തിനും പരിഹാരമെന്ന യാഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കണം. ഇനി സ്റ്റാറ്റസിലൂടെ വ്യക്തിത്വത്തെ വിലയിരുത്താനാകുമോ എന്ന ചോദ്യത്തിന് ഉത്തരം തിരയുമ്പോള്‍ ചില നിരീക്ഷണങ്ങള്‍ ആവശ്യമാണ്. പലപ്പോഴും പല രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെടുന്ന ഒരാളെ സംബന്ധിച്ചിടത്തോളം പ്രത്യേക താല്‍പര്യങ്ങളൊന്നും വച്ചു പുലര്‍ത്തുന്നില്ലയെന്ന് മനസ്സിലാക്കാം. 'നാം പുറമേ കണ്ട് വിധിക്കുന്നവരാണ് അവരുടെ ഹിസാബ് അല്ലാഹുവിങ്കലാകുന്നു' എന്ന തിരുവചനം ഇവിടെ കൂട്ടിച്ചേര്‍ക്കേണ്ടതുണ്ട്. ഇനി ഒരേ ഭാവത്തില്‍ നിരന്തരം പ്രത്യക്ഷപ്പെടുന്ന, അല്ലെങ്കില്‍ ഒരു വിഷയത്തില്‍ കൂടുതല്‍ മുന്‍തൂക്കം കൊടുക്കുന്നവന്‍ അയാള്‍ ആ വിഷയത്തില്‍ കൂടുതല്‍ തല്പരനാണെന്ന് മനസ്സിലാക്കാം. ഇതിനൊന്നും കൂടുതല്‍ ബുദ്ധി ഉപയോഗിക്കേണ്ടതായിട്ട് തോന്നുന്നില്ല. ഒരാള്‍ എന്തിനോടാണോ കൂടുതല്‍ പ്രിയം വെക്കുന്നത്, ഇഷ്ടം വെക്കുന്നത് ഏതൊന്നാണോ കൂടുതല്‍ ചിന്തിക്കുന്നത് അത് അയാള്‍ എപ്പോഴും പ്രകടിപ്പിക്കാന്‍ ശ്രമിക്കും. ഹൃദയം എന്തിലേക്കാണോ കൂടുതല്‍ ആകര്‍ശിച്ചിരിക്കുന്നത് ആ കാര്യം അയാളിലൂടെ കണ്ടുകൊണ്ടിരിക്കും. ഒരാളുടെ പ്രൊഫൈല്‍ ചിത്രത്തിലൂടെ അയാള്‍ വഹിക്കുന്ന സ്ഥാനത്തിന് എത്രത്തോളം പ്രതിബദ്ധത പുലര്‍ത്തുന്നുണ്ടെന്ന് നിഴലിച്ചു കാണാനാകും. ഉദാഹരണമായി ഒരു പണ്ഡിതന്‍ അല്ലെങ്കില്‍ ഒരു വിദ്യാര്‍ത്ഥി അവനോട് യോജിച്ച പ്രൗഡിയില്‍ തന്നെ പ്രത്യക്ഷപ്പെടണം അതിന് വിപരീതം സംഭവിക്കുമ്പോള്‍ പ്രതിബദ്ധതയെയും, ഉത്തരവാദിത്വത്തെയും അളക്കേണ്ടി വരും. നാം എങ്ങനെയാണോ സമൂഹത്തിനു മുമ്പില്‍ വന്നു നില്‍ക്കുന്നത് അല്ലെങ്കില്‍ നമ്മെ കാണിച്ചു കൊടുക്കുന്നത് അത് പോലെ തന്നെ ആയിരിക്കും സമൂഹം നമ്മെ സ്വീകരിക്കുക. ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട് സമൂഹം അത് തിരിച്ചറിഞ്ഞു കൊണ്ടുള്ള പെരുമാറ്റവും, പുരോഗമനവും പ്രായോഗികതലത്തില്‍ കൊണ്ടുവരണം. നമ്മിലുള്ള വിശ്വസ്തതയെ കളങ്കപ്പെടുത്തുന്ന ഒരു നിശ്വാസത്തെ പോലും നാം ഭയക്കണം. തെറ്റിദ്ധാരണകള്‍ ശരവേഗത്തില്‍ ജനിക്കും പക്ഷെ അവ നീങ്ങണമെങ്കില്‍ ഒച്ച് ലക്ഷ്യത്തിലെത്തുന്നതിനേക്കാള്‍ പ്രയാസമാണ്. സംഗ്രഹം ചുരുക്കത്തില്‍ സ്റ്റാറ്റസിലൂടെ 'സ്റ്റാറ്റസ്' നഷ്ടപ്പെട്ടു പോകാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കരുത്. സ്റ്റാറ്റസ് എന്ന ഇംഗ്ലീഷ് പദത്തിന്റെ അര്‍ത്ഥവ്യാപ്തി തിരിച്ചറിഞ്ഞ് വിശ്വാസികളായ നമ്മുടെ അന്തസ്സിനും അഭിമാനത്തിനും നിലവാരത്തിനും അനുയോജ്യമായ രീതിയില്‍ പുതിയ മാറ്റങ്ങള്‍ സ്വീകരിക്കാനാകണം. നാഥന്‍ അനുഗ്രഹിക്കട്ടെ...
തമസ്സില്‍ നിന്നും വെളിച്ചത്തിന്റെ വിഹായസ്സിലേക്ക് വഴി നടത്തിയ വിശുദ്ധ മതമാണ് ഇസ്‌ലാം. ആദിമ മനുഷ്യനും പ്രവാചകനുമായ ആദം നബി(അ) മുതല്‍ പ്രവാചക ശൃംഖലയിലെ അവസാന കണ്ണിയായ മുഹമ്മദ് നബി(സ്വ) വരെയുള്ള ലക്ഷത്തില്‍പരം പ്രവാചകന്മാരിലൂടെ അത് പ്രഭ പരത്തികൊണ്ടേയിരുന്നു. മനുഷ്യരാഷിയുടെ രക്ഷയും മാര്‍ഗദര്‍ശിയുമാണ് ഇസ്‌ലാം. അത് ഒരു മനുഷ്യ ജീവിതത്തിന്റെ സകല മേഖലകളിലും സന്ദര്‍ഭോചിതമായ ഇടപെടല്‍ നടത്തുന്നു. തന്റെ നഗ്‌നനേതൃങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കാത്ത ബാക്ടീരിയ, അമീബ പോലോത്ത സൂക്ഷ്മമായ ജീവികളില്‍ സസൂക്ഷ്മം ഇടപെടുന്നത് അത്ഭുതമുളവാക്കുന്ന കാര്യം തന്നെയാണ്. ഇസ്‌ലാം എന്ന വാക്കു കൊണ്ടര്‍ത്ഥമാക്കുന്നത് തന്നെ ശാന്തി, സമാധാനം എന്നിവയാണ്. സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും കരയില്ലാ സമുദ്രങ്ങളായിരുന്ന ദൈവദൂത്മാരിലൂടെ ഇസ്‌ലാമിന്റെ കൈമാറ്റം നടന്നതു കൊണ്ട് തന്നെ മനസ്സിലാക്കാം ഇസ്‌ലാം നല്‍കുന്ന സന്ദേശം എന്താണ് എന്നുള്ളത്. ഇത് ഇസ്‌ലാമിന്റെ വേരുകള്‍ പടര്‍ന്നു പന്തലിക്കാന്‍ മുഖ്യ ഹേതുവായിമാറി എന്ന് വേണം പറയാന്‍. കുറച്ച് കാലം ഇസ്‌ലാം മക്കയിലും മദീനയിലും ഒതുങ്ങിയെങ്കിലും പിന്നീട് ഭൂഖണ്ഡങ്ങളില്‍ നിന്നും ഭൂഖണ്ഡങ്ങളിലേക്കുള്ള അതിന്റെ അനന്തമായ പ്രയാണമാരംഭിച്ചു. അങ്ങനെ ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ നിന്നും തുടങ്ങിയ യാത്ര ആഫ്രിക്കയും കടന്ന് യൂറോപ്പിലെത്തുന്നത് ഉസ്മാനിയ ഖിലാഫത്ത് കാലഘട്ടത്തിലാണ്. ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം മുആവിയ(റ) ക്കായിരുന്നു. അങ്ങനെ വളരെ ഹൃസ്വമായ കാലയളവിനുള്ളില്‍ തന്നെ ഇസ്‌ലാം യൂറോപ്പില്‍ ആകമാനം വ്യാപിച്ചു. തുടക്കത്തില്‍ തന്നെ ജനങ്ങള്‍ ഇസ്‌ലാമിലേക്ക് ആകൃഷ്ട്ടരായത് ഇതിന് കൂടുതല്‍ സഹായകമായി. യൂറോപ്പില്‍ 7% മുസ്‌ലിംകള്‍ അധിവസിക്കുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. അതുകൂടാതെ ലോകത്ത് അധിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന മതം എന്ന പ്രശസ്തി കൂടി ഇസ്‌ലാം സ്വായത്തമാക്കിയിട്ടുണ്ട്. ഇസ്‌ലാമിന്റെ മന്ദമാരുതന്‍ പടിഞ്ഞാറിലേക്ക് വീശുമ്പോള്‍... ശത്രുക്കളുടെ കുതന്ത്രങ്ങളെ അതിജയിച്ചു കൊണ്ട് പ്രപഞ്ചനാഥന്റെ ഇസ്‌ലാമിന്റെ മന്ദമാരുതന്‍ പടിഞ്ഞാറിന്റെ മണ്ണിലേക്കും വീശി. അതെ, പടിഞ്ഞാറില്‍ നവോത്ഥാനത്തിന്റെ ശോഭ തെളിഞ്ഞു. പടിഞ്ഞാറിന്റെ ഇരുളടഞ്ഞ മേഘങ്ങള്‍ മായാന്‍ തുടങ്ങി. അവരുടെ അടിസ്ഥാനപരമായ കാര്യങ്ങളില്‍ നവോത്ഥാനത്തിന്റെ സൂര്യന്‍ ഉദിക്കാന്‍ തുടങ്ങി. അവര്‍ പാശ്ചാത്യ സംസ്‌കാരത്തെ ബഹിഷ്‌കരിച്ച് ഇസ്‌ലാമിന്റെ സംസ്‌കാരത്തെ ചേര്‍ത്തുപിടിച്ചു. ഇത്തരം നിലപാട് മുസല്‍മാന്റെ സംസ്‌കാരത്തിനെ സംരക്ഷിക്കുന്നതിന് ഭാഗമായി നമുക്ക് മനസ്സിലാക്കാം. പ്രമുഖ ഫ്രഞ്ച് സോഷ്യോളജിസ്റ്റ് ഗില്ലസ് കെപല്‍ (Gilles kepal) പടിഞ്ഞാറ് പ്രത്യേകിച്ചും അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാഷ്ട്രങ്ങളില്‍ ഇസ്‌ലാമിന്റെ വളര്‍ച്ച ശക്തിയാര്‍ജ്ജിക്കുന്നു എന്ന് സമര്‍ത്ഥിക്കുന്ന തന്റെ വിശ്വപ്രസിദ്ധമായ ഗ്രന്ഥത്തിന് പേര് നല്‍കിയത് തന്നെ 'Allah in the west' എന്നാണ്. വിശുദ്ധ ഇസ്‌ലാമിനെ നിരന്തരം അവഹേളിച്ച് കൊണ്ടിരിക്കുന്ന 1970 ല്‍ പ്രസിദ്ധീകരണം ആരംഭിച്ച ഫ്രഞ്ച് മാഗസിന്‍ ചാര്‍ലി ഹെബ് ഡൊ (Charlie hebdo) ഇസ്‌ലാമിനെതിരെ ദുഷ്പ്രചരണങ്ങള്‍ പ്രചരിപ്പിച്ച് വിമര്‍ശിക്കുമ്പോഴും പരിശുദ്ധ ഖുര്‍ആനിന്റെ സൂക്തത്തെ അന്വര്‍ത്ഥമാക്കും വിധം ഇസ്‌ലാമാകുന്ന പടുവൃക്ഷത്തിന്റെ വേരുകള്‍ പടര്‍ന്ന് പന്തലിച്ച് കൊണ്ടേയിരിക്കുന്നു. 'ഇസ്‌ലാമിന്റെ വിരോധികള്‍ അല്ലാഹുവിന്റെ പ്രകാശത്തെ അവരുടെ വായ കൊണ്ട് ഊതിക്കെടുത്താന്‍ ഉദ്ദേശിക്കുന്നു. സത്യനിഷേധികള്‍ക്ക് അനിഷ്ടകരമായാലും അല്ലാഹു അവന്റെ പ്രകാശം പൂര്‍ത്തിയാക്കുന്നവനാകുന്നു' (വി:ഖു 61:8). യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇസ്‌ലാം വിരുദ്ധ തീവ്ര മതേതരത്വത്തിന്റെ പറുദീസയായി അറിയപ്പെടുന്ന ഫ്രാന്‍സിലാണ് ഇന്ന് കൂടുതല്‍ ഇസ്‌ലാം ആശ്ലേഷണം നടന്ന് കൊണ്ടിരിക്കുന്നത്. 66 ദശലക്ഷമാണ് ഇവിടത്തെ ജനസംഖ്യ .യൂറോപ്പില്‍ കൂടുതല്‍ മുസ്‌ലിംകള്‍ അധിവസിക്കുന്ന രാജ്യം എന്ന പ്രശസ്തി കൂടി ഫ്രാന്‍സ് സ്വന്തമാക്കിക്കഴിഞ്ഞു. ഫ്രാന്‍സിലെ താഴേക്കിടയിലുള്ളവരല്ല ഇസ്‌ലാമിനെ വാരിപ്പുണരുന്നത് മറിച്ച് വിജ്ഞാന ലോകത്തെയും കായിക ലോകത്തെയും സംഗീത ലോകത്തെയും വലിയ വലിയ അപ്പോസ്തലന്മാരാണ് ഇസ്‌ലാമിന്റെ തീരത്ത് അഭയം തേടുന്നത്. ഒരു കാലത്ത് ഏറ്റവും ചര്‍ച്ചയുളവാക്കിയ ഇസ്‌ലാം ആശ്ലേഷണമായിരുന്നു ഫുട്‌ബോള്‍ ലോകത്തിന്റെ ഇതിഹാസം തിയറി ഹെന്റി (Thierry Henry) യുടേത്. 'ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്ന മാതാപിതാക്കളുടെയും മക്കളുടെയും ഇടയിലുള്ള ഊഷ്മളമായ ബന്ധമാണ് എന്നെ ഇസ്‌ലാമിലേക്ക് പ്രേരിപ്പിച്ച ഛേദോവികാരം' എന്ന് അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ഫ്രഞ്ച് ഫുട്‌ബോളറായിരുന്ന സിനഡിന്‍ സിഡാന്‍ (zinedine Zidane) ന്റെയും പൗള്‍ ലാബ്ല്‍ പോഗ്‌ബോ (Paul lablile Pogbo) യുടെയും അവസ്ഥയും തഥൈവ. 2018 ഫിഫ വേള്‍ഡ് കപ്പ് സ്വന്തമാക്കിയ ഫ്രാന്‍സിന്റെ പ്രമുഖ നിരയിലുള്ളത് മുസ്‌ലിം സാന്നിധ്യങ്ങളായിരുന്ന പോഗ്‌ബോയും റയാന്‍ കെന്റി (Ryan kent) യും ആദില്‍ റെമി (Adil Rami) യും നിറഞ്ഞ് നിന്ന താരങ്ങളായിരുന്നു. ഫ്രഞ്ച്കാരെ പോലെ വിശുദ്ധ ഇസ്‌ലാമിന്റെ ശാദ്ധ്വല തീരത്തേക്ക് ഇംഗ്ലീഷുകാരും വന്നണയാന്‍ തുടങ്ങി. പ്രതിവര്‍ഷം ഇസ്‌ലാം ആശ്ലേഷിക്കുന്നത് 50000 ബ്രിട്ടിഷ്‌കാരാണെന്നും അതില്‍ തന്നെ മൂന്നില്‍ രണ്ടു പേരും സ്ത്രീകളാണെന്നുമുള്ള കണക്കുകള്‍ പ്രതീക്ഷയുളവാക്കുന്നതാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലയര്‍ (Tony Blair) ന്റെ സഹോദരി ലോറന്‍ ബൂത്ത് (Louren Booth) ബ്രിട്ടീഷ് പത്രപ്രവര്‍ത്തക എവന്ന റിഡ്‌ലി (Yvonne Ridley) യും ഇവരില്‍ പ്രധാനികളാണ്. ക്രിസ്ത്യന്‍ മതവിശ്വാസിയായ ലോറന്‍ ഇസ്‌ലാമിന്റെ വിശുദ്ധി മനസ്സിലാക്കി ഇസ്‌ലാം പുല്‍കുകയും ഇസ്‌ലാമിനെ പ്രശംസിച്ച് കൊണ്ട് 'എ ബ്രിട്ടിഷ് മുസ്‌ലിം മെമ്മോയര്‍ '(A BRITISH MUSLIM MEMOIR) എന്ന വിശ്വ പ്രസിദ്ധ ഗ്രന്ഥം രചിക്കുകയുമുണ്ടായി. ഇങ്ങനെ നിരവധി വ്യക്തിത്വങ്ങള്‍ ഇസ്‌ലാമിന്റെ കീഴെ അണിനിരന്നു .ഇതെല്ലാം ഇസ്‌ലാം മനുഷ്യനിര്‍മ്മിത മതമല്ല അത് ദൈവിക മതമാണ് എന്നതിനെ ശക്തി കൂട്ടുന്നു. യൂറോപ്പില്‍ ഇസ്‌ലാമിന്റെ ആവിര്‍ഭാവം മൂന്നാം ഖലീഫ ഉസ്മാന്‍(റ) ന്റെ കാലത്ത് ഗവര്‍ണര്‍ മുആവിയ(റ) ന്റെ പരിശ്രമത്താല്‍ വിശുദ്ധ ഇസ്‌ലാം ആഫ്രിക്കയിലൂടെ യൂറോപ്യന്‍ ഭൂഖണ്ഡത്തിന്റെ ചില ഭാഗങ്ങളില്‍ എത്തിയിരുന്നു. അമവികള്‍ക്ക് ഗ്രീസിന്റെ കുറച്ച് ഭാഗത്ത് ആധിപത്യം പുലര്‍ത്താനും തദ്ദേശീയരില്‍ ഇസ്‌ലാമിന്റെ സന്ദേശം എത്തിക്കാനും സാധിച്ചു. അബ്ബാസിയ ഭരണകാലത്ത് ഭരണകൂടത്തെ ഭയന്ന് നാടുവിട്ട അമവി വംശജന്‍ അബ്ദുറഹ്മാനിദ്ദാഖില്‍ ഹി:138 ല്‍ ക്ലേശകരമായ യാത്രക്കുശേഷം ആഫ്രിക്കയിലും പിന്നീട് മെഡിറ്ററേനിയന്‍ കടല്‍ കടന്ന് സ്‌പെയിനിലെത്തി ഒരു ഭരണകൂടത്തിന് അടിത്തറ പാകി. പ്രവാചകന്‍ മുഹമ്മദ് നബി(സ) ക്ക് ശേഷം കേവലം ഒരു നൂറ്റാണ്ട് പിന്നിട്ടപ്പോഴേക്കും ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ വിസ്തൃതി പശ്ചിമ യൂറോപ്പില്‍ പിറനിസ് പര്‍വ്വതനിരയോളം എത്തിയിരുന്നു. എഡി. എട്ടാം നൂറ്റാണ്ടില്‍ അറബികള്‍ സ്‌പെയിനില്‍ ആധിപത്യം സ്ഥാപിച്ചതോടെ ജനങ്ങള്‍ ഇസ്‌ലാമിലേക്ക് ആകൃഷ്ട്ടരായിക്കൊണ്ടിരുന്നു. വളരെ ഹൃസ്വമായ കാലത്തിനുള്ളില്‍ തന്നെ ഇസ്‌ലാം സ്‌പെയിന്‍ മുഴുവന്‍ വ്യാപിച്ചു. നിരവധി നൂറ്റാണ്ടുകള്‍ ഉന്നതമായ ഒരു നാഗരികത മുസ്‌ലിംകളുടേതായി ഉയര്‍ന്നുവന്നു. ഇസ്‌ലാമിക സംസ്‌കാരത്തിന്റെ ഉജ്ജ്വല പ്രഭപരത്തി പരിലസിച്ച് നില്‍ക്കുന്ന കൊര്‍ദോവ പട്ടണവും ഭുവന പ്രശസ്തമായ ജാമിഅഃ കൊര്‍ദോവയുമൊക്കെ അക്കാലത്ത് ഉയര്‍ന്ന് വന്നതാണ്. എഡി: പതിനഞ്ചാം നൂറ്റാണ്ടുവരെ ഇസ്‌ലാമിക വ്യവസ്ഥ യൂറോപ്യന്‍ ഭൂഖണ്ഡത്തിന്റെ ഒരു ഭാഗത്ത് നിലനിന്നിരുന്നു. ഇസ്‌ലാം പടിഞ്ഞാറ് പശ്ചിമ യൂറോപ്പിലെ പിറനിസ്പര്‍വ്വതനിരകളിലെത്തുമ്പോള്‍ അതിന്റെ കിഴക്കേ അതിര്‍ത്തി ഇന്ത്യയുടെയും ചൈനയുടെയും അതിരുകള്‍ വരെ വ്യാപിച്ചുകിടന്നിരുന്നു. ലോക ചരിത്രത്തില്‍ ഇത്രയും വലിയ ഒരു സാമ്രാജ്യം വേറെ ഉണ്ടായിട്ടില്ല. എഡി: 732 ല്‍ ഫ്രാങ്കുകളുടെ നേതാവ് ചാള്‍സ് മാര്‍ട്ടണ്‍ മുസ്‌ലിം പടയോട്ടത്തിന് വിലങ്ങിട്ടു. തുടര്‍ന്ന് പിറനിസ് പര്‍വ്വതനിര കടന്ന് ഫ്രാന്‍സിന്റെ ഉള്ളിലേക്കുള്ള മുന്നേറ്റം തടയപ്പെട്ടതോടു കൂടി ഇസ്‌ലാമിന്റെ വ്യാപനനത്തിന് നേരിയ വിഘാതം നേരിട്ടു. നാല് നൂറ്റാണ്ടുകാലം സ്‌പെയിനിലെ മുസ്‌ലിം ഭരണത്തിന് ചരിത്രത്തില്‍ തുല്യതയില്ല. എന്നാന്‍ പിന്നീട് ആഭ്യന്തര സംഘടനകളുടെയും ആഗോള ക്രൈസ്തവ ഗൂഢാലോചയുടെയും ഫലമായി മുസ്‌ലിം വാഴ്ച അധ:പതനാവസ്ഥയിലേക്ക് എത്തുകയും ഒടുവില്‍ എഡി: 1452 ല്‍ ഗ്രാനഡയുടെ പതനത്തോടെ ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ വേരറുകയും ചെയ്തു. എങ്കിലും മുസ്‌ലിംകള്‍ യൂറോപിന്റെ ഒരു ഭാഗത്ത് നിര്‍ണായകമായ മുന്നേറ്റം നടത്തുകയുണ്ടായി. എഡി: 1453 ല്‍ തുര്‍ക്കികള്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കിയതാണ് പ്രസ്തുത സംഭവം. വിശുദ്ധ ഇസ്‌ലാമിന്റെ മുന്നേറ്റത്തിലും വ്യാപനത്തിനും കോണ്‍സ്റ്റാന്റിനോപ്പിള്‍ വിജയം ഏറെ സഹായിക്കുകയുണ്ടായി. ഒരു ഭാഗത്ത് സ്‌പെയിനിലും സിസിലിയിലും ഫ്രാന്‍സിന്റെ ഉള്‍പ്രദേശങ്ങളില്‍ നിന്ന് ഇസ്‌ലാം നിഷ്‌കാസിതമായപ്പോള്‍ തെക്കു കിഴക്കന്‍ യൂറോപ്പിലും ബാര്‍ഗന്‍ രാജ്യങ്ങളിലും സാമ്രാജ്യ വികസനത്തോടൊപ്പം കടന്നുകയറാനുള്ള അവസരം കൈ വരികയായിരുന്നു. ഇന്ന് നിരവധി അഭ്യസ്തവിദ്യരായ ആളുകള്‍ ഇസ്‌ലാമിനെ കുറിച്ച് പഠിച്ച് ഇസ്‌ലാമിന്റെ ശാദ്ധ്വല തീരത്തേക്ക് കടന്നു വരുന്നുണ്ട്. ആസ്ത്രിയന്‍ ജൂതപണ്ഡിതനും സഞ്ചാരിയും പത്രപ്രവര്‍ത്തകനുമായിരുന്ന മുഹമ്മദ് അസദ് (ലിയോ പോള്‍സ് വേസ്) ഫ്രഞ്ചു ദാര്‍ശനികനായ റ ജാ ഗരോഡി, പോപ്പ് സംഗീതജ്ഞനായിരുന്ന യൂസുഫുല്‍ ഇസ്‌ലാം (കാറ്റ്‌സ്‌റീവന്‍സന്‍) അവരില്‍ പ്രശസ്തരാണ്.
യൂറോപ്പിന്റെ നവോത്ഥാനത്തില്‍ മുസല്‍മാന്റെ പങ്ക് പതിനെഞ്ചാം നൂറ്റാണ്ടിലെ കോളനിവല്‍ക്കരണവും പതിനാറാം നൂറ്റാണ്ടിലെ നവോത്ഥാനവും പതിനെട്ടാം നൂറ്റാണ്ടിലെ ബോധോദയവും പത്തൊമ്പതാം നൂറ്റാണ്ടിലെ വ്യവസായ വിപ്ലവവും ഇരുപതാം നൂറ്റാണ്ടിലെ ലോക മഹായുദ്ധങ്ങളും കമ്മ്യൂണിസവും സമൂലമായ മാറ്റങ്ങള്‍ കൊണ്ടുവന്ന യൂറോപ്പ് എന്നും വൈവിധ്യങ്ങള്‍ നിറഞ്ഞതായിരുന്നു. വൈജ്ഞാനിക മുന്നേറ്റത്തിലും യൂറോപ്പ് ഒരു പടി മുന്നിലായിരുന്നു. ശാസ്ത്ര സാങ്കേതിക രംഗത്തും യൂറോപ്പിന് വ്യക്തമായൊരു പാരമ്പര്യമുണ്ട്. സോക്രട്ടീസ്, പ്ലാറ്റോ, അരിസ്റ്റോട്ടില്‍ തുടങ്ങിയ തത്വചിന്തകരും പൈഥഗോറസിനെ പോലുള്ള ഗണിത ശാസ്ത്രജ്ഞരും ആര്‍ക്കിമിഡീസിനെ പോലെയുള്ള ഭൗതിക ശാസ്ത്രജ്ഞരും യൂറോപ്പിന്റെ വൈജ്ഞാനിക പാരമ്പര്യത്തെ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഒമ്പതാം നൂറ്റാണ്ടില്‍ ക്രിസ്തീയ സഭകളും പോപ്പും യൂറോപ്പ് കീഴടക്കിയതോട് കൂടെ യൂറോപ്പില്‍ ഇരുളടഞ്ഞ മേഘങ്ങള്‍ വര്‍ഷിക്കാന്‍ തുടങ്ങി. അവര്‍ മതവിശ്വാസങ്ങളെ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പിക്കുകയും ശാസ്ത്രീയ വെളിപ്പെടുത്തലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. കോപ്പര്‍നിക്കസ്, ഗലീലിയോഗലീലി തുടങ്ങിയ ഭൗമ ശാസ്ത്രജ്ഞരുടെ ദാരുണാന്ത്യങ്ങള്‍ ഇത് വ്യക്തമാക്കുന്നുണ്ട്. പിന്നീട് ആധുനിക യൂറോപ്പിന് അടിത്തറ പാകിയത് എഡി: 700 ന് ശേഷം യൂറോപ്പിലെത്തിയ മുസ്‌ലിംകളായിരുന്നു. അന്ധകാരത്തില്‍ കഴിഞ്ഞിരുന്ന യൂറോപ്പിന്റെ മുഖഛായ മാറ്റിയത് എഡി: 711 ല്‍ സ്‌പെയ്ന്‍ കീഴടക്കിയ ത്വാരിഖ് ബിന്‍ സിയാദിന്റെ കീഴിലുള്ള മുസ്‌ലിം സൈന്യത്തിന്റെ പിന്‍ഗാമികളുടെ അറബിക് ഗ്രന്ഥങ്ങളുടെ ലാറ്റിന്‍ പരിഭാഷയുമായിരുന്നു. ടോളമി ,അരിസ്റ്റോട്ടില്‍ തുടങ്ങിയ ഗ്രീക്ക് തത്വചിന്തകരുടെയും ശാസ്ത്രജ്ഞരുടെയും ആശയങ്ങള്‍ യൂറോപ്പിന് പരിചയപ്പെടുത്തി കൊടുത്തതും മുസ്‌ലിംകളായിരുന്നു. ത്വാരിഖ് ബിന്‍ സിയാദിന്റെ സൈന്യം ആദ്യമായി എത്തിയത് സ്‌പെയിനിലായിരുന്നു. ക്രിസ്തീയ സഭകള്‍ തങ്ങളുടെ സമഗ്രാധിപത്യത്തിന് കീഴില്‍ ഭരിച്ചിരുന്ന കാലം കൂടിയായിരുന്നു അത്. അന്ധവിശ്വാസത്തെയും മതതീവ്രവാദത്തെയും എതിര്‍ത്ത് മുസ്‌ലിംകള്‍ യൂറോപ്പിന്റെ മണ്ണില്‍ വിജ്ഞാനത്തിന്റെ വിത്തിറക്കി. ഇതായിരുന്നു യൂറോപ്യര്‍ക്ക് സഖല മേഖലകളിലും വല്ലവാത്മക കണ്ടെത്തെലുകള്‍ക്ക് വഴി തെളിച്ചത്. മുസ്‌ലിം ചരിത്രത്തിലെ പ്രധാന നാഴികക്കല്ലാണ് മുസ്‌ലിംകളുടെ യൂറോപ്പ് ആക്രമണം എഡി: 711 ല്‍ ത്വാരിഖ് ബിന്‍ സിയാദിന്റ നേത്യത്വത്തില്‍ സ്പയ്ന്‍ കീഴടക്കിയ മുസ്‌ലിം സേനക്ക് മുമ്പില്‍ യൂറോപ്പ് പതറി. തുടര്‍ന്ന് നിരന്തര യുദ്ധങ്ങളിലൂടെ ക്രിസ്ത്യന്‍ സഭകളുടെ ആധിപത്യത്തെ പൂര്‍ണ്ണമായും യൂറോപ്പിന്റെ മണ്ണില്‍ നിന്നും തുടച്ച് നീക്കി. തുടര്‍ന്ന് 700 വര്‍ഷം മുസ്‌ലിംകള്‍ സ്‌പെയ്ന്‍, സിസ്ലി, ഇറ്റലി തുടങ്ങിയ പ്രദേശങ്ങള്‍ ഭരിച്ചു. ഈ 700 വര്‍ഷക്കാലത്തിനുള്ളില്‍ ഗണിത ശാസ്ത്രം, സാഹിത്യം, അച്ചടി, ബോട്ടണി, വൈദ്യശാസ്ത്രം, തത്വശാസ്ത്രം എന്നിവ യൂറോപ്പില്‍ അറബികള്‍ മുഖേന വളര്‍ന്നു കൊണ്ടിരുന്നു കൊര്‍ദോവ, ഗ്രാനഡ, സെവിന്‍, മവാഗ തുടങ്ങിയ പ്രദേശങ്ങളില്‍ ഇസ്‌ലാമിക സര്‍വ്വകലാശാലകള്‍ സ്ഥാപിച്ചു. കൊറോഡയില്‍ ജനിച്ച പ്രശസ്തനായ ഭൂമിശാസ്ത്രജ്ഞന്‍ അല്‍ ബക്രിയുടെ അല്‍ മസാലിക് - വല്‍മമാലിക് എന്ന ഭൂമി ശാസ്ത്ര ഗ്രന്ഥം ഈ ശാഖയില്‍ മധ്യകാലത്ത് രചിക്കപ്പെട്ട സുപ്രധാന ഗ്രന്ഥമായിരുന്നു. യാ കൂത്ത് അല്‍ ഹമവിയുടെ മുഅജമുല്‍ ബുല്‍ദാന്‍ തുടങ്ങിയ ഗ്രന്ഥങ്ങളുടെ ലാറ്റിന്‍ പരിഭാഷകളായിരുന്നു അക്കാലത്ത് പ്രധാനമായും അവലംബിക്കപ്പെട്ടിരുന്നത്. യൂറോപ്പിലേക്ക് വൈജ്ഞാനിക പ്രവാഹം സൃഷ്ട്ടിച്ച ബൈത്തുല്‍ ഹിക്മ എന്നറിയപ്പെടുന്ന സ്ഥാപനത്തോടനുബന്ധിച്ച് അല്‍ മഅമൂന്‍ ബഗ്ദാദില്‍ ഒരു വാനനിരീക്ഷണ കേന്ദ്രം സ്ഥാപിച്ചു. ഇവിടെ നിന്നായിരുന്നു യൂറോപ്പിലേക്ക് ജ്യോതിശാസ്ത്രത്തിന്റെ ബാലപാഠങ്ങള്‍ ഒഴുകിയത്. ഇന്ന് യൂറോപ്പില്‍ പ്രചാരണത്തിലുള്ള ഗോള ശാസ്ത്ര പട്ടികകള്‍ തയ്യാറാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചിരുന്നത് മുഹമ്മദ് ബിന്‍ മൂസാ അല്‍ ഖവാരിസ്മി, അസ്സര്‍ ഖാരി തുടങ്ങിയ മുസ്‌ലിം പണ്ഡിതന്മാരാണ്. ഇങ്ങനെ യൂറോപ്പിന്റെ നവോത്ഥാന ചരിത്രത്തില്‍ മസ്‌ലിംകളുടെ പങ്ക് വിലമതിക്കപ്പെടാനാവാത്തതും അവര്‍ണനീയവുമാണ്...
വിനയം മുഖമുദ്രയാക്കിയ മഹാവ്യക്തിത്വം ഇന്ന് സ്മരണയാണ്. ജ്ഞാനം കൊണ്ട് ജ്വലിക്കുമ്പോഴും അളന്നുതിട്ടപ്പെടുത്തിയ വാക്കുകള്‍ കൊണ്ട് അഭിസംബോധനം ചെയ്യുന്നത് വര്‍ണ്ണാഭമാണ്. സ്‌നേഹവും വിനയവും ഒത്തിണങ്ങിയ സമസ്തയുടെ കര്‍മ്മഭടന്‍. പാലക്കാടിന്റെ ഓരോ വീഥികളും അദ്ധേഹത്തെ ഓര്‍ത്ത് ഇന്ന് മിഴിനീര്‍ വാര്‍ക്കുകയാണ്. ഉസ്താദിന്റെ വിയോഗം, വാക്കുകള്‍ തോറ്റുപോകുന്നു. ആ ജീവിതത്തെ എങ്ങനെയാണ് പറഞ്ഞുതരിക? ഓരോ വിയോഗങ്ങളും നമുക്കൊരുപാട് പാഠങ്ങള്‍ നല്‍കുന്നുണ്ട്. ഒരു പണ്ഡിതന്‍ എങ്ങനെയാവണമെന്ന് ഉസ്താദ് ജീവിതം കൊണ്ട് നമുക്ക് പഠിപ്പിച്ച് തന്നു. ചെറുപ്പം തൊട്ടേ ദീനീ പ്രബോധനത്തില്‍ മികച്ചു നിന്നവരാണ് ഉസ്താദവര്‍കള്‍. പാലക്കാടിന്റെ കിഴക്കന്‍ മേഖലകളില്‍ ഇന്നും ആ നാമം മായാതെ മറയാതെ കിടക്കുന്നു. അവിടുത്തെ കാരണവന്മാര്‍ക്ക് എന്നും ഉസ്താദ് ഒരു ആവേശമാണ്, മാതൃകയാണ്. പഠനരംഗത്തും കര്‍മ്മരംഗത്തും ഒരുപോലെ തിളങ്ങാന്‍ ഉസ്താദവര്‍കള്‍ക്ക് സാധിച്ചു. സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി അഹോരാത്രം അദ്ധേഹം അധ്വാനിച്ചിരുന്നു. ഓരോ കാര്യങ്ങളേയും കൃത്യമായി പഠനവിധേയമാക്കുകയും വ്യക്തമായ രീതിയില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. 1941-ല്‍ പാലക്കാട് ജില്ലയിലെ കുമരംപുത്തൂരില്‍ സൂപ്പി-ആമിന ദമ്പതികളുടെ മകനായി ജനിച്ചു. ഖാളി കുഞ്ഞഹമ്മദ് മുസ്‌ലിയാരുടെ കീഴില്‍ മണ്ണാര്‍ക്കാട് വെച്ചാണ് മതപഠനം ആരംഭിച്ചത്. പത്തുവര്‍ഷം മണ്ണാര്‍ക്കാട് മതപഠനം നടത്തിയ ശേഷം കുമരംപുത്തൂരില്‍ താഴേക്കോട് കുഞ്ഞലവി മുസ്‌ലിയാരുടെ കീഴില്‍ രണ്ടുവര്‍ഷം മതവിദ്യ അഭ്യസിച്ചു. പിന്നീട് പരപ്പനങ്ങാടി പനയത്തില്‍ ദര്‍സില്‍ കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരുടെ ശിഷ്യത്വം സ്വീകരിച്ചു. 1968-ല്‍ പട്ടിക്കാട് ജാമിഅഃ നൂരിയ്യയിലെ നാലാം ബാച്ചില്‍ നിന്ന് ഫൈസി ബിരുദമെടുത്തു. ജാമിഅഃയില്‍ വെച്ച് ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ അടക്കമുള്ള പ്രമുഖ പണ്ഡിതരില്‍ നിന്ന് മതവിദ്യ നേടി. 1976 ലാണ് സമസ്തയുടെ കേന്ദ്ര മുശാവറ അംഗമായി തെരഞ്ഞെടുക്കപ്പെടുന്നത്. പാലക്കാട് റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റായിട്ടാണ് അദ്ദേഹം സംഘടനാ രംഗത്തെത്തുന്നത്. മദ്‌റസ മുഅല്ലിം ആയിരുന്നില്ലെങ്കിലും അദ്ദേഹത്തെ പ്രസിഡന്റാക്കുകയായിരുന്നു. പിന്നെ ജില്ലയുടെ പ്രതിനിധിയായി സംസ്ഥാന കമ്മിറ്റിയിലെത്തി. പിന്നീട് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രതിനിധിയായി വിദ്യഭ്യാസ ബോര്‍ഡിലും എത്തി. പാലക്കാട് ജില്ലയില്‍ എസ്.വൈ.എസ് കെട്ടിപ്പടുക്കാന്‍ ഇ.കെ. ഹസന്‍ മുസ്‌ലിയാരോടൊപ്പം ഓടിനടന്നത് പാലക്കാട് ജില്ലക്കാര്‍ക്ക് ഇന്നും മധുരമുളള ഓര്‍മ്മകളാണ്. സമസ്ത കേന്ദ്ര മുശാവറ അംഗം, സമസ്ത പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡന്റ്, സമസ്ത കേരള ഇസ്‌ലാം മത വിദ്യഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി അംഗം, സുന്നി മഹല്ല് ഫെഡറേഷന്‍ നിര്‍വാഹക സമിതി അംഗം, പട്ടിക്കാട് ജാമിഅഃ നൂരിയ്യ, നന്തി ദാറുസ്സലാം അറബിക് കോളേജുകളുടെ ഭരണ സമിതി അംഗം തുടങ്ങി നിരവധി പദവികള്‍ വഹിച്ചു. സമസ്ത പ്രസിദ്ധീകരണങ്ങളായ അല്‍ മുഅല്ലിം, സന്തുഷ്ട കുടുംബം, കുരുന്നുകള്‍ എന്നിവയുടെ പബ്ലിഷറുമായിരുന്നു. ഭൗതികതയേക്കാള്‍ അദ്ധേഹം പ്രാധാന്യം കല്‍പ്പിച്ചത് ദീനിനാണ്. ആലത്തൂര്‍പടി ദര്‍സിന്റെ സില്‍വര്‍ ജൂബിലി സമ്മേളനത്തില്‍ അദ്ധേഹം നിര്‍വ്വഹിച്ച അദ്ധ്യക്ഷഭാഷണം പ്രസ്താവ്യ വിശേഷണത്തെ പ്രകടമാക്കുന്നതായിരുന്നു. അതുപോലെ പ്രവാചകരെക്കുറിച്ച് വാചാലരാവുമ്പോള്‍, മഹാന്മാരെ സ്മരിക്കുമ്പോള്‍ അവിടുത്തെ അധരങ്ങള്‍ വിതുമ്പുമായിരുന്നു, നയനങ്ങള്‍ ബാഷ്പങ്ങള്‍ കൊണ്ട് അലങ്കൃതമാകുമായിരുന്നു. ആ വാക്കുകള്‍ കേള്‍ക്കുന്നവര്‍ ചിന്തിക്കാതെ പോവുക വിരളം. വാക്കുകള്‍ പരിമിതം, വിശേഷണം അപരിമിതം. പടച്ചോനെ പേടിയുള്ള പണ്ഡിതനിരയിലെ കണ്ണി ഇന്ന് ആറടിമണ്ണില്‍ നാഥന്റെ വിളിക്കുത്തരം നല്‍കി അന്ത്യവിശ്രമം കൊള്ളുന്നു. പക്ഷെ, ആ മഹാനുഭാവന്‍ കേരളത്തിലെ വിശ്വാസി ഹൃദയത്തില്‍ അസ്തമിക്കാത്ത സൂര്യനായി പ്രശോഭിക്കുകയാണ്. അല്ലാഹു ഉസാതാദവര്‍കള്‍ക്ക് മഗ്ഫിറതും മര്‍ഹമതും നല്‍കട്ടെ. മഹാനോടൊപ്പം നമ്മെയും നാഥന്‍ സ്വര്‍ഗീയ ആരാമത്തില്‍ ഒരുമിച്ചു കൂട്ടട്ടെ. ആമീന്‍.
| മുഹമ്മദ് ഇര്‍ഷാദ് തുവ്വൂര്‍ | രാത്രിയേറെ കഴിഞ്ഞിട്ടും കവിതയെഴുതാന്‍ തുനിഞ്ഞില്ല... കണ്ണിലും, മനമിലും കോവിഡിന്റെ ഭീതിയാണ്.! ഒരു തരം കറുത്തിരുണ്ട ഭയം സര്‍വ്വതിലും വൈറസ് നിറച്ച് വെച്ചിരിക്കുന്നു ഇന്നലെ വാങ്ങിയ നീല മഷിപ്പേന മേശപ്പുറത്ത് കിടന്നു വിറക്കുന്നപ്പോലെ... എഴുത്തു പുസ്തകം ശ്യൂന്യമായിക്കിടക്കുന്നു നടുവിലൊരു ഗൗളി കാഷ്ഠിച്ചിരിക്കുന്നു നീണ്ട് നിവര്‍ന്ന വടിയെടുത്ത് ഞാന്‍ തട്ടി ഒഴിവാക്കി, കത്തിച്ചിട്ടു...... കരിയുന്ന ആ ഗന്ധത്തിലും കൊറോണപ്പേടി വമിക്കുന്നു.... ശൂന്യത വരച്ചിട്ട ഡയറിയില്‍ കഫന്‍ പുടവയുടെ വര്‍ണ്ണങ്ങള്‍ ചുറ്റിവരിഞ്ഞിരിക്കുന്നു ശ്മശാന ഭൂമിയിലിരുന്ന് കവിതാശകലങ്ങള്‍ ആര്‍ത്തലക്കുന്നു മുറിക്ക് മൂലയില്‍ നിന്നും കരിഞ്ഞ വിശപ്പിന്റെ ഗന്ധം വമിക്കുന്നു.....
പുണ്യ നബി(സ്വ)യുടെ കാലത്ത് തന്നെ ഇസ്‌ലാമികാവിര്‍ഭാവം കൊണ്ട് അനുഗ്രഹീതമായ കേരളമണ്ണില്‍ മാലിക്ബ്‌നു ദീനാറും സംഘവും ജ്ഞാന സപര്യയുടെ വിശാലാര്‍ത്ഥങ്ങളിലേക്ക് ചൂണ്ടുവിരല്‍ പാകിയെങ്കിലും നാലാം നൂറ്റാണ്ടില്‍ ഇന്ത്യ കീഴടക്കാനായി കടന്ന് വന്ന മുഹമ്മദ് ഗസ്‌നിയിലൂടെയാണ് വൈജ്ഞാനിക മേഖല കേരളത്തില്‍ വേരൂന്നിത്തുടങ്ങുന്നത്. ആ ജ്ഞാന പരമ്പര ശക്തിയാര്‍ജിക്കുന്നത് ആറാം നൂറ്റാണ്ടില്‍ കടന്നു വന്ന ഗോറിയിലൂടെയാണ്. ദിശതെറ്റി ഒഴുകിയ ജ്ഞാന ലോകത്തെ വ്യക്തമായൊരു പാളയത്തില്‍ പ്രതിഷ്ഠിക്കാന്‍ അന്ന് ജീവിച്ചിരിക്കുന്ന പണ്ഡിതന്മാര്‍ ഉത്സസാഹിച്ചതോടെ മക്തബുകള്‍ കൊണ്ടും വൈജ്ഞാനിക കേന്ദ്രങ്ങള്‍ കൊണ്ടും സമ്പൂര്‍ണ്ണമായൊരു സ്ഥിതിവിശേഷമാണ് കേരളത്തില്‍ പ്രഥമ കാലയളവില്‍ തന്നെ ഉയിര്‍കൊണ്ടത്. വിളക്കത്തിരുത്തി തമസ്സകറ്റിയവര്‍ ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായ മതകീയ ചുറ്റുപാടും സാംസ്‌കാരിക വളര്‍ച്ചയും കേരളത്തില്‍ ശക്തി പ്രാപിച്ചതിന്റെ അണിയറ ശില്‍പ്പികളായി വര്‍ത്തിച്ചത് നിസ്വാര്‍ത്ഥരും നിശ്കളങ്കരുമായ പണ്ഡിതരുടെ ശക്തമായ ഇടപെടലുകളായിരുന്നുവെന്നത് പക്ഷാന്തരമില്ലാതെ സര്‍വ്വരും സമ്മതിക്കുന്നതാണ്. കേരള മുസ്‌ലിം സംസ്‌കാരം എന്നൊന്ന് അവകാശ വാദമുന്നയിക്കുകയാണെങ്കില്‍ അതിന് ബീജാവാപം നടന്നത് പൊന്നാനി മഖ്ദൂമുമാരുടെ വിളക്കിന്റെ പൊന്‍ വെളിച്ചത്തിലാണ്. കേരളീയ ഇസ്‌ലാമിന് മറ്റു പ്രദേശങ്ങളേക്കാള്‍ ധര്‍മ്മബോധവും സൗഹൃദ ഭാവമുണ്ടാകുന്നത് അങ്ങനെയാണ്. ക്രിയാത്മകമായ നിരവധി പരിഷ്‌കരണങ്ങളുടെ യവനികയില്‍ ചാലക ശക്തിയായിവര്‍ത്തിച്ചവരായിരുന്നു കേരളത്തിന്റെ മക്കയില്‍ ജീവിച്ച മഖ്ദൂമുമാര്‍. മരുഭൂമിയെ പോലും മലര്‍വാടിയാക്കാന്‍ വരുന്നവരാണ് പുണ്യാത്മാക്കള്‍ എന്ന് ജീവിതത്തിലൂടെ അടയാളപ്പെടുത്തിയവരാണവര്‍. മഖ്ദൂമുമാരില്‍ നവോത്ഥാനം സൃഷ്ടിച്ചവരില്‍ പ്രധാനി സൈനുദ്ധീന്‍ മഖ്ദൂം രണ്ടാമനായിരുന്നു. അദ്ദേഹം ആദ്യം ഏഴുകൊല്ലം കോഴിക്കോട് പഠനം നടത്തി. അനന്തരം മക്കത്തേക്കാണ് പോയത്. കുറച്ച് കാലം മക്കയില്‍ തങ്ങിയ ശേഷം ഈജിപ്തിലെ വിഖ്യാതമായ അസ്ഹര്‍ സര്‍വകലാശാലയിലെത്തി. അല്‍ അസ്ഹറില്‍ നിന്ന് മഖ്ദൂം നാട്ടിലേക്ക് പുതിയ ലക്ഷ്യത്തോടെയാണ് തിരിച്ചത്. നാട്ടില്‍ നവോത്ഥാനം സൃഷ്ടിക്കാനുളള വ്യഗ്രത അദ്ദേഹത്തിന്റെ മനസ്സില്‍ നാമ്പിട്ടിരുന്നു. ഈജിപ്തില്‍ പോയി പഠനം നടത്തി വന്ന ഈ മഹാ പ്രതിഭയെ നാട്ടുകാരും ആദരവോടെ നോക്കിക്കണ്ടു. പൊന്നാനിയില്‍ അല്‍ അസ്ഹര്‍ മാതൃകയില്‍ ഉന്നത വിദ്യാകേന്ദ്രം സ്ഥാപിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അതാകട്ടെ,തികഞ്ഞ കേരള ശൈലിയില്‍ തന്നെ വേണം. തന്റെ താമസസ്ഥലത്തുളള കൊച്ചു പളളിയിലിരുന്ന് കൊണ്ട് വലിയ പള്ളിയുടെ നിര്‍മാണത്തിന് നേതൃത്വം നല്‍കി. പള്ളി നിര്‍മാണം പൂര്‍ത്തിയായതോടെ വലിയ ദര്‍സിന് വിളക്ക് കൊളുത്തി. വിളക്കത്തിരിക്കുക എന്ന സമ്പ്രദായം മഖ്ദൂമിന് അവകാശപ്പെട്ടതാണ്. കേരളീയ ഇസ്‌ലാമിക പ്രഭാവത്തിന് രൂപ ഭാവങ്ങളുണ്ടാകുന്നതും മഖ്ദൂമിന്റെ വരവോടെ തന്നെയാണ്. കേരളീയ മത പണ്ഡിതരുടെ വേഷവും മഖ്ദൂമുമാരില്‍ നിന്നാണ്. ചാലിയം കോട്ട സാമൂതിരിയുടെ നേതൃത്വത്തില്‍ ഉപരോധിച്ച് കീഴടക്കിയ അസുലഭ മുഹൂര്‍ത്തത്തില്‍ പങ്കാളികൂടിയായിരുന്നു മഹാനവറുകള്‍. മാത്രമല്ല സാമൂതിരിയ്ക്ക് വേണ്ടി ഇന്ത്യയിലേയും വിദേശത്തേയും മുസ്ലിം ഭരണാധികാരികളുമായി നയതന്ത്ര ബന്ധങ്ങള്‍ പുലര്‍ത്തിയിരുന്നതും അദ്ദേഹമായിരുന്നു. അദ്ദേഹത്തിന്റെ വിശ്വപ്രസിദ്ധമായ തുഹ്ഫത്തുല്‍ മുജാഹിദീന്‍ എന്ന ചരിത്ര ഗ്രന്ഥം ബിജാപൂര്‍ സുല്‍ത്താനുളളതായിരുന്നു. മഹാനവറുകളുടെ കാലഘട്ടത്തിലും പില്‍ക്കാലത്തും ഈ ഗ്രന്ഥം പോരാട്ട പ്രവര്‍ത്തനങ്ങളെ നിരന്തരമായി പ്രചോദിപ്പിച്ചു കൊണ്ടിരിന്നിട്ടുണ്ട്. പറങ്കികള്‍ക്ക് മാത്രമല്ല യൂറോപ്യന്‍ അധിനിവേശ ശക്തികള്‍ക്ക് ആകമാനം ഈ ഗ്രന്ഥമുണ്ടാക്കിയ ഉപദ്രവങ്ങള്‍ ചില്ലറയല്ല. ഈ ഗ്രന്ഥത്തിന്റെ പ്രചാരണം തടയാന്‍ പറങ്കികളും ബ്രിട്ടീഷുകാരും ഒരേപോലെ പ്രയത്‌നിച്ചിരുന്നുവെങ്കില്‍ അതുളവാക്കിയ അനുരണനങ്ങള്‍ ഊഹിക്കാവുന്നതേയുള്ളൂ. കേരളീയ സാഹചര്യത്തില്‍ നിന്നു കൊണ്ട് ഇസ്‌ലാമിനെ ഉന്നമനത്തിലെത്തിക്കുകയായിരുന്നു മഖ്ദൂമുമാരുടെയും പിന്‍ഗാമികളുടെയും ഉദ്ദേശ്യം. ഇസ്ലാമിന്റെ വെളിച്ചം ധ്യാനത്തിലും ജ്ഞാനത്തിലുമാണ് കുടികൊളളുന്നതെന്ന് ആ ജ്ഞാന ഗുരുക്കള്‍ ശരിക്കും മനസിലാക്കിയിരുന്നു. അങ്ങനെ നീളുന്ന വിശേഷണങ്ങളും ഗുണമഹിമകളും ചേര്‍ന്ന് കേരള മുസ്ലിം നവോത്ഥാനത്തിന്‍ മഖ്ദൂം കുടുംബം ചുക്കാന്‍ പിടിച്ചത് വളരെ ഫലപ്രദമായി എന്ന് തന്നെ വേണം പറയാന്‍. പടവാളേന്തി പ്രതിരോധിച്ചവര്‍ മരയ്ക്കാര്‍മാരുടെ പ്രത്യാക്രമണങ്ങള്‍ ശക്തിപ്പെട്ട വിവിധ ഘട്ടങ്ങളില്‍ പോരാട്ടങ്ങള്‍ക്ക് ആവേശവും ധാര്‍മിക പിന്തുണയും പകര്‍ന്ന് വിവിധ പണ്ഡിതന്മാര്‍ രംഗത്തുണ്ടായിരുന്നു. അതിലെ പ്രധാന വ്യക്തിയാണ് ശൈഖ് അബുല്‍ വഫാ ശംസുദ്ധീന്‍ മുഹമ്മദ് എന്നവര്‍ സമര രംഗത്ത് ശക്തമായ സാന്നിദ്ധ്യമായിരുന്നു. പോര്‍ത്തുഗ്രീസുകാര്‍ക്കെതിരെ ചാലിയത്തുവെച്ച് സാമൂതിരിപ്പാട് നടത്തിയ നിര്‍ണായക സമരത്തില്‍ ആ വീര ദേശാഭിമാനി മുസ്ലിം സേനയ്ക്ക് നേതൃത്വം നല്‍കി. പറങ്കികള്‍ക്കെതിരെയുളള യുദ്ധത്തിന് ജിഹാദിന്റെ ആത്മവീര്യവും ഈമാനിന്റെ കരുത്തും പ്രദാനം ചെയ്തവരില്‍ പ്രമുഖരായിരുന്നു ഈ പണ്ഡിതന്മാര്‍. ഇവര്‍ നയിച്ച പ്രതിരോധ നീക്കങ്ങളില്‍ പലതിലും പറങ്കികള്‍ പരാജയപ്പെട്ട് പിന്മാറുന്ന കാഴ്ച്ച ചരിത്രത്തിന് സുവിദിതമാണ്. ലോകത്തെ നാവിക ശക്തി കൊണ്ട് വിറപ്പിച്ച പോര്‍ച്ചുഗ്രീസ് ശക്തിയെയാണ് അവര്‍ പ്രതിരോധിക്കുകയും അതിജീവിക്കുകയും ചെയ്തതെന്ന് തിരിച്ചറിയുമ്പോള്‍ അവര്‍ പ്രകടിപ്പിച്ച ധീരതയും ആത്മവീര്യവും നിസ്തുലമാണെന്ന് വ്യക്തമാകും. കോഴിക്കോട് ഖാളി പദവിയിലിരുന്ന പല പ്രമുഖ പണ്ഡിതരും തുടക്കം മുതലേ പറങ്കികള്‍ക്കെതിരെയുളള നാവിക, സൈനിക നീക്കങ്ങളില്‍ ഭാഗമാക്കായിട്ടുണ്ട്. ചാലിയം വിജയത്തിന്റെ ഘട്ടത്തില്‍ യുദ്ധ രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്ന ഖാളി ശൈഖ് അബ്ദുല്‍ അസീസ് സവിശേഷ പരാമര്‍ശമര്‍ഹിക്കുന്നുണ്ട്. സാമൂതിരിയുമായി അടുത്ത സൗഹൃദം ബന്ധം പുലര്‍ത്തുകയും മുസ്‌ലിംകള്‍ ആദരിക്കുകയും ചെയ്തിരുന്ന അദ്ദേഹം യുദ്ധത്തിന്റെ നിര്‍ണായക സന്ധികളിലെല്ലാം ഔചിത്യപൂര്‍ണമായ തീരുമാനങ്ങളെടുക്കുന്ന തില്‍ സാമൂതിരിയെ സഹായിച്ചിരുന്നു. ചാലിയം കോട്ടയ്‌ക്കെതിരെയുളള ഉപരോധം മൂര്‍ദ്ധന്യത പ്രാപിച്ച സന്ദര്‍ഭത്തില്‍ പറങ്കികള്‍ മുന്നോട്ടു വെച്ച കീഴടങ്ങല്‍ ഉപാധികളിലെ കുതന്ത്രം സാമൂതിരിയെ ബോധ്യപ്പെടുത്തിയിരുന്നത് ഖാളി ശൈഖ് അബ്ദുല്‍ അസീസ് ആയിരുന്നു. മുസ്‌ലിംകളുടെ സാമൂഹ്യ രാഷ്ട്രീയ ജീവിതത്തെ നിര്‍ണയിച്ചിരുന്ന ഖാളി പദവിയിലിരുന്ന് അദ്ദേഹം നിര്‍വഹിച്ച സേവനങ്ങള്‍ സ്തുത്യര്‍ഹങ്ങളാണ്. അറിയപ്പെട്ടവരും അറിയപ്പെടാത്തവരുമായ നിരവധി പണ്ഡിതന്മാര്‍ പറങ്കികള്‍ക്കെതിരെയുളള പ്രതിരോധ നീക്കങ്ങളില്‍ പലവിധേന ഭാഗഭാക്കുകളായിരുന്നിട്ടുണ്ട്. പറങ്കികളുടെ കാരാഗ്രഹങ്ങളില്‍ അതിനീചമായ ക്രൂരതകള്‍ക്ക് വിധേയരായി അവരില്‍ പലരും രക്തസാക്ഷികളായത് ചരിത്രത്തില്‍ തങ്കലിപികളാല്‍ ഉല്ലേഖനം ചെയ്തിട്ടുണ്ട്. ജീവിത നൗക 1924-ല്‍ കേരള ജംഇയ്യത്തുല്‍ ഉലമ എന്ന പേരില്‍ വക്രമായ ആശയങ്ങള്‍ പ്രചരിപ്പിക്കാനായി ഒരു പണ്ഡിത സംഘടനക്ക് രൂപം നല്‍കി. കേരളത്തില്‍ ഇസ്‌ലാം പ്രചരിച്ച ആ സന്ദര്‍ഭത്തിലൊന്നും കാണാത്ത ഒരു സംഘമാണിവര്‍ എന്ന് പണ്ഡിതര്‍ക്ക് മനസ്സിലാക്കാന്‍ ഏറെ സമയം വേണ്ടി വന്നില്ല. മാത്രവുമല്ല, അവര്‍ അന്നേ വരെ പ്രചരിപ്പിക്കാത്ത ചില ആശയങ്ങളും വാദഗതികളുമാണ് പ്രചരിപ്പിച്ചത്. അത്ര കാലം മുസ്‌ലിംകള്‍ വിശ്വസിച്ചും ആചരിച്ചും വന്നിരുന്ന കാര്യങ്ങളെയെല്ലാം ശിര്‍ക്കും ബിദ്അത്തുമാണെന്ന് അവര്‍ പ്രചരിപ്പിച്ചു. ലോക മുസ്‌ലിംകള്‍ അംഗീകരിച്ച നാല് മദ്ഹബുകളെ തളളിപ്പറയാനും ഖുര്‍ആനും സുന്നത്തും തന്നിഷ്ടം പ്രകാരം വ്യാഖ്യാനിക്കാനും അതാണ് യഥാര്‍ത്ഥ ഇസ്‌ലാമെന്ന് പ്രചരിപ്പിക്കാനും അവര്‍ മടിച്ചില്ല. അങ്ങനെ അവരുടെ ചൂഷണം കലിമത്തു തൗഹീദിന്റെ അര്‍ത്ഥം പോലും വികലമാക്കുന്ന അവസ്ഥയിലേക്ക് അധപതിച്ചു. പ്രാരംഭത്തില്‍ ചെറിയ ചെറിയ വൈകല്യങ്ങളാണ് ദൃശ്യമായതെങ്കിലും പരിണാമം മുന്‍കൂട്ടി കണ്ട ദീര്‍ഘദൃക്കുകളായ നമ്മുടെ സാത്വികരായ പണ്ഡിതര്‍ പ്രതിരോധ നിര സൃഷ്ടിക്കാന്‍ തീരുമാനിച്ചതിന്റെ ഫലമായിരുന്നു 'സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ' എന്ന സംഘടനക്ക് ബീജാവാപം നല്‍കിയത്. പിന്നീടങ്ങോട്ട് അന്ധകാരത്തിന്റെ നിബിഢവനങ്ങളില്‍ നിന്ന് പ്രവിശാലമായ വിഹായസ്സിന്റെ വെളിച്ചത്തിലേക്കെന്ന പോലെയായിരുന്നു കേരളത്തിന്റെ സഞ്ചാരം. മുസ്‌ലിംകളിലെ ഐക്യം തകര്‍ക്കുവാനും അവര്‍ക്കിടയില്‍ പരസ്പര കലഹത്തിന്റെ അവസരം സൃഷ്ടിക്കാനും ഇസ്‌ലാമിന്റെ ശത്രുക്കള്‍ എന്നും എവിടെയും ശക്തിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യാ രാജ്യത്ത് ബ്രിട്ടീഷുകാര്‍ അതിനുവേണ്ടി ഒരു കളളനബിയെ തന്നെ പടച്ചു വിട്ടു. മീര്‍സ്സാഗുലാം അഹ്മദ് ഖാദിയാനിയെയാണ് ആ വേഷം അണിയിച്ചത്. കേരളത്തിലും ആ കാറ്റ് വീശാതിരുന്നില്ല. പക്ഷെ കേരള മുസ്‌ലിംകള്‍ക്കിടയില്‍ അതിന്‍ വലിയ ചലനമൊന്നും സൃഷ്ടിക്കാന്‍ സാധിച്ചില്ല. അതിന്റെ യവനിക ശക്തികള്‍ പ്രവാചക അനന്തര ഗാമികളായ പണ്ഡിതന്മാര്‍ തന്നെയാണ് തീര്‍ച്ച. മുഹമ്മദ് നബി(സ) അന്ത്യപ്രവാചകനാണെന്ന് കേരള സമൂഹത്തിലെ സാധാരണക്കാരെ വിശ്വസിക്കാന്‍ പഠിപ്പിച്ചു. പണ്ഡിതന്മാരുടെ ഉപദേശ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ജീവിതം മുന്നോട്ട് നയിച്ചപ്പോള്‍ അവരുടെ ഇടയില്‍ അനൈക്യമോ ഛിദ്രതയോ ദര്‍ശിക്കാന്‍ സാധിച്ചിരുന്നില്ല. തൂവെളള വസ്ത്രവും തലപ്പാവും ധരിച്ച് പളളിയുടെ മൂലയിലിരുന്ന് കിതാബിന്റെ ഇബാറത്തുകള്‍ ഹല്ല് ചെയ്യുന്നതില്‍ മാത്രം വ്യാഭൃതലാവലല്ല പണ്ഡിത ധര്‍മം എന്ന് മനസിലാക്കിയവരായിരുന്നു സമസ്തയുടെ നേതാക്കള്‍. അതുകൊണ്ടാണല്ലോ രാജ്യത്ത് ഇസ്‌ലാമിനെതിരെ ശത്രുക്കള്‍ നിരന്തരം അസ്ത്രം എറിയാന്‍ അവസരം മെനഞ്ഞ് കൊണ്ടിരിക്കുമ്പോള്‍ കണ്ണടച്ച് ഇരുട്ടാക്കലല്ല പണ്ഡിത ധര്‍മം എന്ന് തിരിച്ചറിഞ്ഞ് സത്യത്തിന് വേണ്ടി ശബ്ദിക്കാന്‍, ശരീഅത്ത് വെല്ലുവിളി നേരിടുമ്പോള്‍ ഭരണകര്‍ത്താക്കള്‍ക്കെതിരെ പോരാടുന്നത് ജിഹാദിന് സമാനമാണ് എന്ന് ഗ്രഹിച്ച് അതിന്‍ സ്‌റ്റേജുകളൊരുക്കാനും തക്കതായ മറുപടിയിലൂടെ കാര്യം ബോധിപ്പിച്ച് മൗലികമായ അവകാശങ്ങള്‍ നേടിയെടുക്കല്‍ തങ്ങളുടെ ബാധ്യതയാണെന്ന് സ്വബോധ്യത്തോടെ ഇറങ്ങി തിരിക്കുന്നതില്‍ ഉലമാഅ് തന്റെ കൃത്യ നിര്‍വഹണത്തില്‍ ബദ്ധശ്രദ്ധ പുലര്‍ത്തിയവരായിരുന്നു. അക്ഷര ലോകം പണിതവര്‍ കേരളീയ മുസ്‌ലിം ജനതയുടെ വിദ്യഭ്യാസ പ്രക്രിയയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഇടപെടലുകള്‍ വിവരണാതീതമാണ്. പിന്നാക്കത്തിന്റെ കരിമ്പടം മൂടിപുതക്കാന്‍ വിധേയരായ ഒരു സമൂഹമായിരുന്നു കേരളത്തിലെ പ്രത്രേകിച്ച് മലബാറിലെ മുസ്‌ലിംകളില്‍ വിദ്യഭ്യാസ രംഗത്ത് സ്വാതന്ത്ര ലബ്ധിക്ക് മുമ്പ് ഘനാന്ധകാരത്തിന്റെ ആഴിയില്‍ മുങ്ങിപ്പോയിരുന്നുവെന്ന് ചരിത്ര രേഖകള്‍ അടിവരയിടുന്നു. സമസ്തയുടെ ക്രാന്തദര്‍ശികളായ നേതാക്കള്‍ മതപഠന വികാസത്തിന് 1949 ഒക്ടോബര്‍ 16ന് ചേര്‍ന്ന സമസ്തയുടെ യോഗത്തില്‍ ഓരോ മഹല്ലുകള്‍ കേന്ദ്രീകരിച്ച് മദ്‌റസകളും ദര്‍സ് വിദ്യാഭ്യാസവും തുടക്കം കുറിക്കണമെന്ന് തീരുമാനിച്ചു. തുടര്‍ന്ന് 1951 മാര്‍ച്ച് 23,24,25 ന് വടകരയില്‍ നടന്ന പത്തൊമ്പതാം സമ്മേളനത്തില്‍ സമസ്തയ്ക്ക് കീഴില്‍ കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡെന്ന പുതിയ ഉദ്യമത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് സമസ്തയെന്ന മഹിത പ്രസ്ഥാനത്തിന്റെ വളര്‍ച്ചയും ഉയര്‍ച്ചയും ലക്ഷീകരിച്ച് രാപ്പകലുകള്‍ ചെലവഴിച്ച അബ്ദുല്‍ ബാരി മുസ്ലിയാരുടെ നാട്ടില്‍ ബയാനുല്‍ ഇസ്‌ലാം എന്ന പേരില്‍ പ്രഥമ മദ്‌റസ സ്ഥാപിക്കുകയുണ്ടായി. മദ്രസകളെക്കുറിച്ച് പറയുമ്പോള്‍ മറക്കാത്ത ഒരു നാമമുണ്ട് മര്‍ഹൂം സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങള്‍. 1945 ലെ ബാഫഖി തങ്ങളുടെ കാര്യവട്ടം പ്രസംഗമാണ് സമസ്തയുടെ കീഴില്‍ മതവിദ്യാഭ്യാസ രംഗത്ത് മഹത്തായൊരു വിപ്ലവം സൃഷ്ടിച്ചതും സമസ്ത കേരള ഇസ്‌ലാമത വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരണത്തിന് മുഖ്യ പ്രചോദനം നല്‍കിയതും. പ്രാഥമിക മതപഠന രംഗത്ത് മതപണ്ഡിതന്മാര്‍ ശ്രദ്ധപതിപ്പിക്കണമെന്നും ആവിശ്യമായ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും തയ്യാര്‍ ചെയ്ത് ഒരു ഏകീകൃത രൂപവും ശാസ്ത്രീയഭാവവും നല്‍കണമെന്നും ബാഫഖി തങ്ങളെപ്പോലെയുളള ദീര്‍ഘദൃക്കുകള്‍ മുമ്പു തന്നെ ആവിശ്യപ്പെട്ടിരുന്നു. മദ്രസകള്‍ക്ക് സ്വന്തം സ്ഥലങ്ങളില്‍ കെട്ടിടങ്ങള്‍ സമുദായം തന്നെ നിര്‍മ്മിക്കുക എന്നതായിരുന്നു അവിടുന്ന് നിര്‍ദേശിച്ച പരിഹാര മാര്‍ഗം. അതിന് പണ്ഡിതന്മാര്‍ രംഗത്തിറങ്ങുകയും സമുദായത്തെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്തു. പിന്നീടങ്ങോട്ട് കൂണ്‍ ഇടി വെട്ടിയത് പോലെ കെട്ടിടങ്ങള്‍ ഉയരുന്ന കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച്ചയാണ് കേരളത്തിന് കാണാന്‍ സാധിച്ചത്. സമസ്ത തന്നെയാണ് മതവിദ്യാഭ്യാസ രംഗത്ത് സമുദായത്തിന് നേതൃത്വം നല്‍കേണ്ടതെന്ന ആവിശ്യം പലരുമുന്നയിച്ചു. ലക്ഷ്യസാക്ഷാല്‍ക്കാരത്തിനായി വിദ്യാഭ്യാസ ബോര്‍ഡിന്റെ ശില്‍പികളും അനുസരണയുളള പ്രവര്‍ത്തകരും നിരന്തരം പരിശ്രമിച്ചു. അഹോരാത്രം അദ്ധ്വാനിച്ചു. കാടും മേടും താണ്ടി നഗരങ്ങളും ഗ്രാമങ്ങളും സന്ദര്‍ശിച്ചു. മദ്‌റസ സ്ഥാപിക്കേണ്ടതിന്റെ അനിവാര്യത, പാഠ്യപദ്ധതിയുടെ ആവിശ്യകത,വിദ്യാഭ്യാസ ബോര്‍ഡ് ആസൂത്രണം ചെയ്തിട്ടുളള ശാസ്ത്രീയ സംവിധാനം തുടങ്ങിയ കാര്യങ്ങള്‍ സാധാരണക്കാരെ തെര്യപ്പെടുത്തി. സുന്നീ കേരളം അക്ഷരംപ്രതി അതെല്ലാം സ്വീകരിച്ചു. മദ്‌റസകള്‍ അംഗീകരിച്ചു തുടങ്ങി. ബോര്‍ഡ് തയ്യാര്‍ ചെയ്ത പാഠ്യപദ്ധതികള്‍ നടപ്പില്‍ വരുത്തി. പാഠപുസ്തകങ്ങള്‍ പഠിപ്പിച്ച് തുടങ്ങി, മദ്‌റസാ ഭാരവാഹികളോടൊപ്പം മുഅല്ലിമുകളും ബാധ്യതകള്‍ നിറവേറ്റാന്‍ തുടങ്ങിയതോടെ നിരക്ഷര കേരളത്തെ അല്‍ഭുതപ്പെടുത്തുന്ന കാഴ്ച്ചയായിരുന്നു കാണാന്‍ സാധിച്ചത്. അങ്ങനെ ആ വ്യക്ഷം കൈരളിക്ക് ഒരു തണലായി. കാലങ്ങള്‍ കഴിയും തോറും ആ വൃക്ഷത്തിന്‍ ശിഖിരങ്ങള്‍ വളര്‍ന്നു പന്തലിച്ചു. പുഷ്പത്തിലേക്ക് മധു നുകരാന്‍ പാറി വരുന്ന ശലഭത്തെ പോലെ വിദ്യാര്‍ത്ഥി കുരുന്നുകള്‍ പ്രഭാതങ്ങളില്‍ മദ്‌റസയിലേക്ക് പോകുന്ന കാഴ്ച കണ്ട് ആ സാത്വികരായ പണ്ഡിതരുടെ നയനങ്ങള്‍ നിര്‍വൃതിയണിഞ്ഞിട്ടുണ്ടാകും തീര്‍ച്ച. ആ വൃക്ഷം പന്തലിച്ച് വളര്‍ന്ന് ഇന്ന് കേരളത്തിന്റെ അന്തര്‍ ഭാഗത്തേക്ക് വരെ വ്യാപിച്ചുവെന്ന് പറയുമ്പോള്‍ പണ്ഡിതരുടെ കര്‍മഫലം അനുപമവേദ്യയായിരുന്നു. പിന്നീട് ഓത്തു പളളികളും ദര്‍സുകളും സജീവമായി. എന്നാല്‍ ഓത്തു പളളികളും ദര്‍സ് സമ്പ്രദായവും ക്രമബദ്ധമല്ലാത്ത പാഠ്യപദ്ധതിയില്‍ ബോധ്യപ്പെട്ടതോടെ നവേത്ഥാന നായകന്‍ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയും പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാരും ജ്ഞാന മേഖലയില്‍ നവീന പരിഷ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാരംഭം കുറിക്കുന്നത്. ര്‍ഷങ്ങള്‍ക്ക് മുമ്പ് 1909 വാഴക്കാട് ദാറുല്‍ ഉലൂം സ്ഥാപിക്കുമ്പോള്‍ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി പാരമ്പര്യ ദര്‍സ് സംവിധാനം വിട്ട് ആധുനിക സംവിധാനങ്ങള്‍ ഉള്‍കൊളളുന്ന പാഠ്യപദ്ധതിയുമായി രംഗത്ത് വന്നിട്ടുണ്ട്. തുടക്കത്തില്‍ വിമര്‍ശനങ്ങളുയര്‍ന്നെങ്കിലും പിന്നീട് എല്ലാവരാലും അംഗീകരിക്കപ്പെടുകയായിരുന്നു. അതിന്റെ തുടര്‍ച്ചയായിരുന്നു 1915 കണ്ണൂര്‍ തളിപറമ്പില്‍ സ്ഥാപിതമായ ഖുവ്വത്തുല്‍ ഇസ്‌ലാമും മലപ്പുറം ജില്ലയിലെ താനൂരില്‍ 1924 പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ സ്ഥാപിച്ച ഇസ്‌ലാഹുല്‍ ഉലൂമും. ദീര്‍ഘ ദൃക്കുകളായ പണ്ഡിതരായ എം.എം ബഷീര്‍ മുസ്‌ലയാര്‍, ഡാ.യു ബാപ്പുട്ടി ഹാജി തുടങ്ങിയവരൊക്കെ ഇത്തരം സമന്വയ വിദ്യാഭ്യാസത്തിന് കതക് തുറക്കുന്നതിന് അശ്രാന്ത പരിശ്രമം നടത്തിയിട്ടുണ്ട്. തുടര്‍ന്നാണ് ഇന്നീ നിലനില്‍ക്കുന്ന മത-ഭൗതിക സമന്വയ സ്ഥാപനങ്ങളായ വാഫി, ഹുദവി പോലോത്ത കാംമ്പസുകള്‍ക്ക് ജീവന്‍ വെച്ച് തുടങ്ങുന്നത്. ഇവിടെയെല്ലാം പിന്നണി പ്രവര്‍ത്തകരായ നിസ്വാര്‍ത്ഥരായ ഉലമാഇന്റെ ഉദ്ദേശ്യം വൈജ്ഞാനിക നവോത്ഥാനമായിരുന്നു. നവോത്ഥാന നൗകയിലെ കപ്പിത്താന്മാര്‍ ഇസ്‌ലാമിക ആശയങ്ങള്‍ സ്റ്റേജുകളിലും പേജുകളിലും വിടുവായിത്തം കണക്കെ വാതോരാതെ സംസാരിച്ച് ജീവിതഘടനയില്‍ അതിന്റെ ഒരു ലാജനയുമില്ലാത്തവ തീര്‍ത്തും വ്യര്‍ത്ഥമാണ് എന്നതില്‍ സന്ദേഹമില്ല. ഇവിടെയാണ് മമ്പുറം തങ്ങളുടെ ജീവിതം അര്‍ത്ഥ പുര്‍ണമാകുന്നത്. എന്താണോ വായിലൂടെ പറയുന്നത് അത് ജീവിതത്തില്‍ പ്രാക്ടിക്കലായി കാണിക്കുന്ന രീതിയില്‍ ഉലമാഇന്റെ ബാധ്യത നിറവേറ്റുകയായിരുന്നു. സമൂഹം എന്തിന്റെ ഊരാക്കുടുക്കിലാണോ പെട്ട് ഉഴലുന്നത് അവിടെ ഊരാക്കുടുക്കില്‍ നിന്ന് ഊഷ്മളതയിലേക്ക് എന്ന ഖുര്‍ആനികാധ്യാപനം സാര്‍ത്ഥകമാക്കുന്ന രീതി സമീപിക്കുകയാണ് പണ്ഡിതരുടെ ആവിശ്യം എന്ന മനസിലാക്കി പ്രവര്‍ത്തിക്കുന്നതിലൂടെ മാത്രമാണ് കേരളത്തിന്റെ നവോത്ഥാനം ഉത്ഭൂതമായത് എന്നതില്‍ ശങ്കയില്ല. ഒരു കാലത്ത് മുസ്‌ലിം സമുദായത്തിന്റെ നിലനില്‍പ്പ് ചോദ്യം ചെയ്യുന്ന ക്രിസ്ത്യന്‍ പാതിരിമാരുടെ ചോദ്യങ്ങള്‍ക്ക് പണ്ഡിതനായ ശംസുല്‍ ഉലമയുടെ അതേ നാണയത്തില്‍ തന്നെയുളള മറുപടി കേട്ട് ആ ക്രിസ്ത്യന്‍ പാതിരിമാരെ ഇസ്‌ലാമിന്റെ ശാദ്വല തീരത്തേക്ക് അണയാന്‍ പ്രേരിപ്പിച്ചിട്ടുണ്ടെങ്കില്‍ പണ്ഡിതരുടെ ഇടപെടല്‍ വാചാമഗോചരമായിരുന്നു. മഹാനായ കെ.ടി മാനു മുസ്‌ലിയാരുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ എടുത്തു പറയേണ്ടതാണ്. അദ്ദേഹം സമകാലികമായി ജ്വലിച്ചു നില്‍ക്കുന്ന വിശയങ്ങളില്‍ സമസ്തയുടെ തന്നെ നിലപാടുകള്‍ വ്യക്തമാക്കാന്‍ പര്യാപ്തമായിരുന്നു അദ്ദേഹത്തിന്റെ രചനാ പാടവം. സ്വതസിദ്ധമായ ശൈലിയില്‍ മലയാളത്തില്‍ സാഹിത്യസമ്പുഷ്ടമായി ലോകത്തിന് ആശയ കൈമാറ്റം ചെയ്യുന്നതില്‍ അനുപമ വ്യക്തിത്വമാണ്. ഇങ്ങനെയൊക്കെയാണെങ്കിലും അദ്ദേഹത്തിന്റെ ഗ്രന്ഥ രൂപത്തിലുളള ഒരു പുസ്തകവും കാണാന്‍ സാധിക്കില്ല. കാരണം അദ്ദേഹം പേരും പ്രശസ്തിയുമല്ല ആഗ്രഹിച്ചത് മറിച്ച് ലോകത്തെ സന്മാര്‍ഗത്തിന്റെ പാന്ഥാവിലേക്ക് നയിക്കലായിരുന്നു. മാത്രവുമല്ല, അദ്ദേഹം കാലോചിതമായ സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശില പാകിയതും ഇന്നും അത് പ്രോജ്ജ്വലിച്ച് നില്‍ക്കുന്നതും അക്ഷര കേരളത്തിന് കണ്ണ് കുളിര്‍ക്കെ കാണാവുന്നതാണ്. ഇന്നും അക്ഷര പറുദീസയായി കരുവാരക്കുണ്ടില്‍ ഉയര്‍ന്ന് നില്‍ക്കുന്ന നജാത്ത്, മത-ഭൗതിക വിദ്യകളുടെ പ്രസരണ കേന്ദ്രമാണ്. എന്നാല്‍ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ചിത്രം കാണാത്ത ഉല്‍കൃഷ്ടരായ പണ്ഡിതരെ വിസ്മരിക്കാന്‍ സാധ്യമല്ല. പാനൂര്‍ തങ്ങളെപ്പോലെയുളള നാമങ്ങള്‍ അവിസ്മരണീയം തന്നെ. അസ്ഹരി തങ്ങളുടെ സാന്നിധ്യം കേരളത്തെ അറബി ലോകവുമായുളള ബന്ധം ശതഗുണീഭവിക്കാന്‍ കാരണമായി. സമസ്തയുടെ പ്രസിഡന്റ് കസേരയെ ധന്യമാക്കിയപ്പോഴും അറബി ഭാഷയ്ക്ക് പ്രാധാന്യം നല്‍കാന്‍ ഭഗീരഥ പ്രയത്‌നം നടത്തിയത് ചരിത്രത്തില്‍ സുപരിചിതമാണ്. ഇങ്ങനെ തുടങ്ങുന്ന നിശ്കളങ്കരും സ്വാതികരുമായ പണ്ഡിത നാമങ്ങള്‍ കണക്കു കൂട്ടലുകള്‍ക്കതീതമാണ്. അമൃതരായി അമരത്ത് പ്രവാചകരുടെ പിന്‍മുറക്കാരാണ് പണ്ഡിതന്മാര്‍ എന്ന പ്രവാചക വചസ് വെളിച്ചം വീശുന്നതും ബനൂ ഇസ്രാഈലിലെ പ്രവാചക സമാനമാണ് എന്റെ ഉമ്മത്തിലെ പണ്ഡിതര്‍ എന്ന വചനവും ഇവ്വിഷയകമായി ഏറെ പ്രസ്താവ്യ യോജ്യമാണ്. പ്രവാചക പരമ്പര അവസാനിക്കുന്നിടത്താണ് പണ്ഡിതരുടെ ദൗത്യം ആവിശ്യമാകുന്നത്. ഉമ്മത്തിലെ രണ്ട് സംഘം ആളുകള്‍ ഉല്‍കൃഷ്ടരായാല്‍ ആ സമൂഹം പരിശുദ്ധമായി, അവര്‍ വഴികേടിലായാല്‍ സമൂഹം നശിച്ചു; ഉലമാഉം ഉമറാഉമാണവര്‍ എന്ന പ്രവാചകാധ്യാപനവും വലിയ അര്‍ത്ഥഗര്‍ഭത്തിലേക്കാണ് വെളിച്ചം വീശുന്നത്. ചുരുക്കത്തില്‍, ജീവിത കാമനകള്‍ താഴെവെച്ച് ഊണിലും ഉറക്കിലും ചിന്തയിലും തൊട്ടും തലോടിയും സംഘടനക്ക് പഥേയമൊരുക്കിയ പണ്ഡിത പൂര്‍വ്വികര്‍ നവോത്ഥാനത്തിന്റെ കപ്പിത്താന്‍മാരായിരുന്നു. സ്ഥാന-മാനത്തിനും പ്രശസ്തിക്കും പ്രവര്‍ത്തിക്കുന്നത് ജീവിത നിഘണ്ടുവില്‍ തന്നെയില്ലാത്ത നിര്‍ലോഭരായ പണ്ഡിത സൂരികളായവരാണ് ഇത്തരം നവോത്ഥാനത്തിന്റെ താക്കോലുകളായി വര്‍ത്തിച്ചത്. ഉഖ്‌റവിയായ പണ്ഡിതന്‍ വലിയ്യല്ലെങ്കില്‍ അള്ളാഹുവിന് വലിയ്യ് ഉണ്ടാവുകയില്ല എന്ന ഇമാം ഗസ്സാലി(റ) വിന്റെ ഉദ്ധരണിയെ ചേര്‍ത്ത് വായിക്കേണ്ടതാണ്. അതുകൊണ്ടാണ് അല്ലാഹുവിന്റെ പ്രകാശമായ വിജ്ഞാനത്തിന്റെ പ്രഭ പരത്താന്‍ നിയുക്തരായ വിളക്കുമാടങ്ങള്‍ ഈ സമുദായത്തിന് എക്കാലവുമുണ്ടായിട്ടുണ്ട്. ലോകത്തിന്റെ നിലനില്‍പ്പിന് അത് ആധാരവുമാണ്. മുമ്പേ നടന്നവരുടെ കുതിപ്പും കിതപ്പും വിയര്‍പ്പുമറിയാതെ ചരിത്രത്തിന്റെ വിധതാക്കളാകാന്‍ വെമ്പല്‍ കൊളളുകയാണ് നാം ഓരോരുത്തരും. കാലം ദുശിച്ച് കൊണ്ടിരിക്കെ വഴിയെ നടത്തേണ്ട പണ്ഡിത തേജസ്സുകള്‍ പൊലിഞ്ഞ് പോകുമ്പോള്‍ ലോകത്തിന്റെ നാശമാണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്. മൗത്തുല്‍ ആലിമി മൗത്തുല്‍ ആലം ശ്രേഷ്ഠ വചസ് എത്ര സാര്‍ത്ഥകം. അവലംബം 1. തെരഞ്ഞെടുത്ത ലേഖനങ്ങള്‍- കെ.ടി മാനു മുസ്ലിയാര്‍. 2. മാപ്പിള സമരങ്ങളുടെ മതവും രാഷ്ട്രീയവും-സൈനുദ്ധീന്‍ മന്ദലാംകുന്ന്. 3. തെളിച്ചം പതിനഞ്ചാം വര്‍ഷ പതിപ്പ്. 4. ഹിദായ വിദ്യാഭ്യാസത്തിന്റെ വര്‍ത്തമാനം-ദാറുല്‍ ഹിദായ 30-ാം വാര്‍ഷിക പതിപ്പ്. 5. സനാഥത്വം അറിവിലൂടെ-വളവന്നൂര്‍ സയതീംഖാന 40-ാം വാര്‍ഷിക വാഫി സനദ് ദാനോപഹാരം.