Latest Post



| മുഹമ്മദ് ആമിര്‍ ഒ.സി മുക്കം |

സമീപകാലങ്ങളില്‍  ഭാരതം ദര്‍ശിച്ചിട്ടില്ലാത്ത വിധത്തിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്‌ലാമോഫോബിയ ഇന്ത്യയില്‍ വളര്‍ന്നത്. വളര്‍ന്നതല്ല വളര്‍ത്തിയത് എന്ന് പറയുന്നതാവും കൂടുതല്‍ ഉചിതം. ഇതര സമുദായത്തില്‍പെട്ട ഒരു സുഹൃത്തുമായുള്ള ഫോണ്‍ സംഭാഷണത്തിനിടയില്‍ കേള്‍ക്കാനിടയായ ചില പരാമര്‍ശങ്ങളാണ് എത്രത്തോളം സമൂഹത്തില്‍ ഇസ്‌ലാമോഫോബിയ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട് എന്ന് മനസ്സിലാക്കാന്‍ കാരണമായത്. ഏതായാലും ഇന്ത്യയിലെ ഇസ്‌ലാമോഫോബിയയെ കുറിച്ച് സംസാരിക്കുമ്പോഴും, ചര്‍ച്ചയ്ക്ക് വിധേയമാക്കുമ്പോഴും നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനം മാറ്റി നിര്‍ത്താന്‍ സാധിക്കാത്ത ഒന്നാണ്. അല്ലെങ്കിലും പശുവിന്റെ പേരിലും പൗരത്വ ഭേദഗതി ബില്ല് പാസാക്കിയും മറ്റും ഒരു വിഭാഗത്തിന്റെ തലയിലേക്ക് കുതിര കയറുന്ന മനുഷ്യത്വം മരവിച്ച ചില സങ്കുചിത ചിന്താഗതിക്കാര്‍ക്ക് വീണുകിട്ടിയ കച്ചിത്തുരുമ്പായിരുന്നു നിസാമുദ്ദീന്‍ സമ്മേളനം. ഈ ആരോപണത്തിന്റെ അകത്തളങ്ങളിലേക്കൊന്ന് ഇറങ്ങിച്ചെല്ലുകയാണെങ്കില്‍, ഇതെല്ലാം മനപ്പൂര്‍വ്വം ചില വര്‍ഗീയ ചിന്താഗതിക്കാര്‍ മഹിതമായ ഭാരതത്തിന്റെ മത മൈത്രിയെ തച്ചുതകര്‍ക്കാന്‍ വേണ്ടി പടച്ചുവിട്ട ചിലവ് കുറഞ്ഞ ജുഗുപ്‌സാവഹമായ കാര്യങ്ങളാണെന്ന് മനസ്സിലാകും. ഇവിടെ നിസാമുദ്ദീന്‍ സമ്മേളനവും അതില്‍ വിദേശികളടക്കം വലിയ ജനക്കൂട്ടം തന്നെ പങ്കെടുത്തുയെന്നതുമൊക്കെ യാഥാര്‍ത്ഥ്യമാണ്. പക്ഷേ ആ ദിവസം പരിശോധിച്ചു നോക്കിയാല്‍ ആ സമ്മേളനം നടന്നത് വൈറസ് ഭീതി വലിയതോതില്‍ ഭാരതത്തെ പിടികൂടാത്ത, ഡല്‍ഹികലാപ അരോചകങ്ങള്‍ അതിനെയെല്ലാം മറ സൃഷ്ടിച്ച അവസരത്തിലായിരുന്നു. വളരെ കൃത്യമായി പറഞ്ഞാല്‍ വിദേശികള്‍ അടക്കമുള്ളവര്‍ പങ്കെടുത്ത സമ്മേളനം നടന്നത് മാര്‍ച്ച് 8 മുതല്‍ 10 വരെയുള്ള ദിവസങ്ങളിലായിരുന്നു. എന്നാല്‍ ആദ്യമായി പ്രധാനമന്ത്രി ജനത കര്‍ഫ്യു പ്രഖ്യാപിക്കുന്നത് മാര്‍ച്ച് 22 നാണ്. അന്ന് വൈകിട്ടാണ് ഡല്‍ഹിയില്‍ അവിടുത്തെ മുഖ്യമന്ത്രി ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇവിടെയാണ്, മാര്‍ച്ച് 22 ന് ശേഷം പ്രഖ്യാപിതമായ കര്‍ഫ്യൂ ലോക്ഡൗണ്‍ നിയമങ്ങള്‍ പാലിക്കാതെയാണ് വിദേശികള്‍ പങ്കെടുത്തത് എന്ന് പറയുന്നതിലെ വിരോധാഭാസം നാം മനസ്സിലാക്കേണ്ടത്. സമ്മേളനം നടക്കുമ്പോള്‍ യാതൊരു വിധത്തിലുള്ള വിലക്കോ നിരോധനമോ ഉണ്ടായിരുന്നില്ല എന്ന് വ്യക്തമാണ്. മാത്രമല്ല അധികൃതരില്‍നിന്ന് ലഭിച്ച പൂര്‍ണ്ണ അനുമതിയോടെ മാത്രമാണ് സമ്മേളനം നടന്നത്. അന്ന് അനുമതി നിഷേധിച്ചിരുന്നെങ്കില്‍ അവിടെ സമ്മേളനം നടക്കുമായിരുന്നില്ല.

ഇതില്‍ പങ്കെടുത്ത ചില വിദേശികള്‍ക്ക് പിന്നീട് രോഗം സ്ഥിതീകരിച്ചെന്ന് വാശി പിടിക്കുന്ന മന്ത്രി സ്ഥാനമലങ്കരിക്കുന്ന വര്‍ഗീയ ഫാസിസ്റ്റ് ചിന്താഗതിക്കാര്‍ മനസ്സിലാക്കേണ്ടത് ഒരിക്കലും അവരുടെ അഡ്രസ്സ് സ്വീകരിച്ചല്ല രോഗ വ്യാപനം നടന്നത് എന്നാണ്. വിദേശികള്‍ രോഗബാധിതര്‍ ആണെങ്കില്‍ എന്തുകൊണ്ട് ഇത്തരമൊരു സാഹചര്യത്തില്‍ അവരെ വിമാനത്താവളത്തില്‍ പരിശോധനകള്‍ക്ക് വിധേയമാക്കിയിട്ടില്ല. അതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണ് എന്ന ചോദ്യം ഇപ്പോഴും പ്രസക്തമാണ്.

മാര്‍ച്ച് 21 നുണ്ടായ അപ്രതീക്ഷിതമായ തീവണ്ടി റദ്ദാക്കലും,  22 ലെ ജനതാ കര്‍ഫ്യൂവും, അന്ന് വൈകിട്ട് തന്നെയുള്ള ഡല്‍ഹിയിലെ ലോക് ഡൗണും എല്ലാം വന്നപ്പോഴേക്കും അവിടെയുള്ള പ്രതിനിധികള്‍ അക്ഷരാര്‍ത്ഥത്തില്‍ കുടുങ്ങിപ്പോയി എന്നതാണ് സത്യം. പ്രതീക്ഷിക്കാതെയുള്ള ഇത്തരം തിരിച്ചടികള്‍ അവര്‍ക്ക് റോഡുമാര്‍ഗമെങ്കിലും സ്വദേശത്തേക്ക് പോകാമെന്ന അവസാന കവാടത്തിന്റെയും താഴികപ്പൂട്ടായിരുന്നു. അതുകൊണ്ടുതന്നെ മാര്‍ച്ച് 24 ന് വൈകീട്ട് നിസാമുദ്ദീന്‍ പോലീസ് സ്റ്റേഷന്‍ എസ്,എച്ച്, ഒ മര്‍കസ് ഒഴിപ്പിക്കാന്‍ നോട്ടീസ് നല്‍കിയപ്പോള്‍ ആയിരത്തോളം പേര്‍ അവിടെ അകപ്പെട്ടു പോയിരുന്നു. അപ്പൊഴെല്ലാം മര്‍ക്കസില്‍ കുടുങ്ങിപ്പോയവരെ ഒഴിപ്പിച്ചു കൊണ്ടുപോകാന്‍ സഹായിക്കണമെന്ന് രേഖാമൂലം സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനെയും പോലീസിനെയും സമീപിക്കുകയും ഇവര്‍ക്ക് വേണ്ടി ഒരുക്കിയ 17 വാഹനങ്ങളുടെയും ഡ്രൈവര്‍മാരുടെയും വിവരങ്ങള്‍ കൈമാറുകയും ചെയ്തുവെങ്കിലും അനുമതി നല്‍കാതെ കെജിരിവാള്‍ സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ഉദാസീന നിലപാടാണ് സ്വീകരിച്ചതെന്നാണ് മര്‍ക്കസ് അധികൃതരുടെ വാദം.

ഇത്തരത്തില്‍ എല്ലാ മേഖലയില്‍ നിന്നുള്ള വിമര്‍ശനങ്ങളും കൊട്ടിയടച്ചതിനുശേഷവും ഇതിനെ രാഷ്ട്രീയ കഴുകക്കണ്ണുകളോടെ വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കാന്‍, എല്ലാവരും നിസ്സഹായരായി പരസഹായം തേടുന്ന ഈ കൊറോണ കാലത്തും വര്‍ഗീയവാദികള്‍ അവസരമാക്കി എന്നതാണ് ആഗോളതലത്തില്‍ ഇത് പ്രതിഷേധത്തിനിടയാക്കാന്‍ കാരണമായത്. മാത്രമല്ല ഒരു പരിധി കഴിഞ്ഞപ്പോള്‍ ഇത്തരം കരാളഹസ്തരുടെ വര്‍ഗ്ഗീയ വിഷധൂളികള്‍ തബ്ലീഗുകാരെ വിട്ട് ഈ ഇന്ത്യ മഹാരാജ്യത്തെ 20 കോടിയിലധികം വരുന്ന മുസ്‌ലിം സമുദായത്തിനെതിരെ തിരിഞ്ഞു. മുസ്‌ലീങ്ങള്‍ രാജ്യത്ത് മനപൂര്‍വ്വം കോറോണ പരത്തി എന്ന് തുടങ്ങി, പാക് ചാരസംഘടനയായ ഐ.എസ്.ഐ തബ്ലീഗുകാരെ ഉപയോഗപ്പെടുത്തി ഇന്ത്യയില്‍ ഈ പകര്‍ച്ചവ്യാധി പകര്‍ത്തുകയായിരുന്നു എന്ന സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത തരത്തിലുള്ള അടിസ്ഥാനരഹിതമായ അസംബന്ധങ്ങള്‍ വരെ വിളിച്ചുകൂവി.അറബ് രാഷ്ട്രങ്ങളുടെ കനിവില്‍ ജീവിതോപാധി തേടിയിരുന്ന വര്‍ഗീയ വിഷം മൂര്‍ധന്യതയില്‍ എത്തിയ ചില സഘികള്‍ മുസ്ലീങ്ങള്‍ക്കെതിരെ ഉറഞ്ഞു തുള്ളുകയും സ്ഥലകാലബോധമില്ലാതെ തന്റെ അവിവേകം കാരണം ജോലി പോലും പണയപ്പെടുത്തി പാര്‍ട്ടിയുടെ കൈയ്യടി നേടി. മാന്യമായി ജോലി ചെയ്യുന്ന ഹൈന്ദവ സുഹൃത്തുക്കള്‍ക്ക് വരെ ദോഷകരമാകുന്ന തരത്തിലായിരുന്നു അവരുടെ കോപ്രായങ്ങള്‍ എന്നത് വളരെ സങ്കടകരമാണ്.                     

ഇതിന്റെ പ്രതിഫലനമെന്നോണം ഉത്തര്‍പ്രദേശിലെ ഒരു കാന്‍സര്‍ സെന്റര്‍ മുസ്‌ലിങ്ങള്‍ക്ക് ചികിത്സ വേണമെങ്കില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വരെ നിര്‍ബന്ധമാക്കി. മുസ്‌ലിമീങ്ങളെ അകറ്റി നിര്‍ത്തണമെന്ന് പല നേതാക്കളും പെരുമ്പറ കൊട്ടി. അവരില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുകയോ നല്‍കുകയോ ചെയ്യരുതെന്ന് പ്രസ്താവനയിറക്കി. ഹിറ്റ്‌ലറുടെ ജര്‍മനിയില്‍ പ്ലേഗ് പടര്‍ന്നപ്പോള്‍ യഹൂദരാണ് അതിനുത്തരവാദികള്‍ എന്ന് ഭരണകൂടം ആരോപിക്കുകയും അതോടെ പെരുവഴിയില്‍ കാണുന്ന ജൂതരെ കല്ലെറിഞ്ഞ് ഓടിച്ചത് പോലെ ഇവിടെ തബ്ലീഗുകാരെ തല്ലിക്കൊന്ന സംഭവം പോലുമുണ്ടായി.

ഇതിനായി അവര്‍ നവമാധ്യമങ്ങളെയും കോര്‍പ്പറേറ്റ് മാധ്യമങ്ങളെയും പരമാവധി ദുരുപയോഗം ചെയ്തു. ചില മാധ്യമങ്ങള്‍ മാധ്യമ ധര്‍മ്മത്തിന് തന്നെ പേരുദോശം സൃഷ്ടിച്ച് അവര്‍ക്ക് വെള്ളവും വളവും ആവോളം നല്‍കി എന്ന് പറയുന്നതാവും ശരി. രാജ്യത്ത് കൊറോണ പരത്താന്‍ മുസ്‌ലീങ്ങളോട് പണ്ഡിതന്മാര്‍ ആഹ്വാനം ചെയ്തിട്ടുണ്ട് എന്ന് വ്യാപകമായി പ്രചരിപ്പിച്ചു. മറ്റുള്ളവരുടെ ഭക്ഷണത്തില്‍ തുപ്പാനും ഹിന്ദുക്കള്‍ ഉപയോഗിക്കുന്ന സാധനങ്ങളില്‍ തുപ്പുനീര്‍ കുടയാനും ആവശ്യപ്പെടുന്നതായി ഒരു യുവ പണ്ഡിതന്റെ വീഡിയോ 'ഇന്ത്യന്‍ ടിവി' ഏപ്രില്‍ 13 ന് സംപ്രേഷണം ചെയ്തു. വ്യാജ വാര്‍ത്തകളുടെ നിജസ്ഥിതി പുറത്തു കൊണ്ടുവരുന്ന ദൗത്യം ഏറ്റെടുത്ത 'ആള്‍ട്ട്‌ന്യൂസ് ' നടത്തിയ അന്വേഷണത്തില്‍ മനസ്സിലായത് ഫെയ്‌സ് സയ്യിദ് അലി എന്ന യുവ പണ്ഡിതന്‍ 2017 ഒക്ടോബര്‍ 25 ന് യൂട്യൂബിലൂടെ നല്‍കിയ പ്രസംഗത്തിന്റെ ഭാഗമാണത്. പൈശാചിക ബാധയില്‍ നിന്ന് രക്ഷപ്പെടാന്‍ ഇടതുഭാഗത്ത് മൂന്നുതവണ തുപ്പണമെന്ന് പറഞ്ഞതാണ് കോവിഡ് പരത്താന്‍  എന്നാക്കി മാറ്റിയത്. ഭക്ഷണ പ്രാധാന്യം മനസ്സിലാക്കി കൊടുക്കാന്‍ പ്ലേറ്റിലെ ഭക്ഷണമെല്ലാം നക്കി തുടച്ചു കഴിക്കുന്ന വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു വൃദ്ധന്റെ വീഡിയോയും, തന്റെ മാതാവും സഹോദരിയും കൊണ്ടുവന്ന ഭക്ഷണം കഴിക്കാന്‍ വിലക്കിയ പോലീസുകാരന്റെ മുഖത്തേക്ക് തുപ്പുന്ന വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു കുറ്റവാളിയുടെ വീഡിയോയും എല്ലാം ഇത്തരത്തില്‍ ദുരുപയോഗം ചെയ്തു. ഇതുമായി ബന്ധപ്പെട്ട് മീഡിയ സ്‌കാനര്‍ എന്ന സ്ഥാപനം നടത്തിയ പഠനത്തില്‍ ഏപ്രില്‍ മാസത്തില്‍ മാത്രം 28 ഇസ്‌ലാമോഫോബിയ അക്രമസംഭവങ്ങളും മതസ്പര്‍ദ്ദ വളര്‍ത്തുന്ന 69 വ്യാജ വീഡിയോകളുമാണ് കണ്ടെത്തിയത്. ലോകരാഷ്ട്രങ്ങളെ നിയന്ത്രിക്കുന്ന യു.എന്‍ വരെ ഇന്ത്യക്ക് ശക്തമായ മുന്നറിയിപ്പുനല്‍കി. അമേരിക്കയിലെ മതസ്വാതന്ത്ര്യത്തിനുള്ള അന്താരാഷ്ട്ര കമ്മീഷന്‍ അതിക്രൂരമെന്ന് കുറ്റപ്പെടുത്തി. ഭാരത സര്‍ക്കാര്‍ ടെലികോം കമ്പനികള്‍ മുഖേന നല്‍കുന്ന മുന്നറിയിപ്പുകളില്‍ വരെ 'ടവ്വലുകള്‍ ഉപയോഗിക്കണമെന്ന' മുന്നറിയിപ്പിനു പകരമായി 'രോഗികള്‍ക്കടയില്‍ വിവേചനം പാടില്ല നമ്മുടെ പോരാട്ടം രോഗികളോടല്ല രോഗത്തോട് ആണ്' എന്നുള്ള മുന്നറിയിപ്പ് വരെ രാജ്യത്ത് ഒട്ടാകെയുള്ള ആളുകള്‍ ഫോണ്‍ വിളികള്‍ക്കുമുന്നേ ശ്രദ്ധിക്കാന്‍ തുടങ്ങി. അത്രയധികം ഭയങ്കരമായിരുന്നു കൊറോണ വൈറസിനേക്കാള്‍ ഭീകരമായ ഈ വിദ്വേഷ വൈറസിന്റെ വ്യാപനം.

എന്നാല്‍ ഇത്തരമൊരു പ്രതിസന്ധികള്‍ക്കിടയിലും മറ്റു പല സമ്മേളനങ്ങളും പരിപാടികളും സര്‍ക്കാര്‍ ഒത്താശയോടെ തന്നെ ഇന്ത്യയുടെ പല കോണിലും നടന്നിട്ടുണ്ട്. എന്നാല്‍ അതിലെല്ലാം കണ്ണടച്ചു ഇരുട്ടാക്കുന്ന നയമാണ് അധികൃതര്‍ സ്വീകരിച്ചത്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിച്ച് ബിജെപി അധികാരത്തില്‍ എത്തിയത്. മാര്‍ച്ച് 22 ന് പ്രഖ്യാപിച്ച ലോക് ഡൗണും ജനത കര്‍ഫ്യൂവുമെല്ലാം കാറ്റില്‍പറത്തി മാര്‍ച്ച് 23 നായിരുന്നു പ്രോട്ടോകോള്‍ പോലും ലംഘിച്ച് വലിയ ജനക്കൂട്ടം സംഘടിച്ച ശിവരാജ് സിംഗ് ചൗഹാന്റെ സത്യപ്രതിജ്ഞ. പ്രോട്ടോകോള്‍ പാലിക്കാന്‍ നിയമസഭ സമ്മേളനം ഇപ്പോള്‍ ചേരാന്‍ കഴിയില്ലെന്നകമല്‍നാഥ് സര്‍ക്കാറിന്റെ വാദം ഗവര്‍ണറും ബിജെപിയും സുപ്രീംകോടതിയും ചെവിക്കൊണ്ടില്ല. എന്നാല്‍ ഇത് കാരണം അവര്‍ നേരിടേണ്ടി വന്ന വളരെ ഭയാനകരമായ കാര്യങ്ങളായിരുന്നു പിന്നീട് രാജ്യം ദര്‍ശിച്ചത്. മന്ത്രിസഭ രൂപീകരിക്കാത്തത് കാരണം സംസ്ഥാനത്തെ ആരോഗ്യ കാര്യങ്ങള്‍ വിലയിരുത്താനും ലോക് ഡൗണ്‍ നിയ ന്തിക്കാനും ആരോഗ്യമന്ത്രിയോ ആഭ്യന്തരമന്ത്രിയോ ഇല്ലാത്ത അവസ്ഥയായിരുന്നു. ഇവരുടെ അഭാവം വലിയ ദുരന്തത്തിന് സാക്ഷ്യംവഹിക്കുന്നതിലേക്ക് അവരെ എത്തിച്ചു. രോഗബാധിതരുടെ എണ്ണം മാര്‍ച്ചില്‍ ഏറെ താഴെയായിരുന്ന മധ്യപ്രദേശ് ഇന്ന് രണ്ടായിരവും കടന്ന് മഹാരാഷ്ട്രക്കും ഡല്‍ഹിക്കും പിന്നാലെ തന്നെയുണ്ട്. രാജ്യത്തെ ഏറ്റവും താളംതെറ്റിയ കോവിഡ് പ്രവര്‍ത്തനമായിരുന്നു മധ്യപ്രദേശിലേത്. കൂടാതെ രോഗികള്‍ കൂടുതലാകലോടുകൂടെ രോഗം ഭേദമായവരുടെ എണ്ണം ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളില്‍ ഒന്നുകൂടിയാണ്. മറ്റൊരു സംസ്ഥാനത്തും സമാന സാഹചര്യം നിലവിലില്ല. രാജ്യത്തെ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ച മഹാരാഷ്ട്ര പോലും മധ്യപ്രദേശിനേക്കാള്‍ മെച്ചപ്പെട്ട പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. എങ്ങനെയാണ് രാഷ്ട്രീയക്കാരുടെ അലസത ഒരു സംസ്ഥാനത്തെ തകര്‍ക്കുക എന്നതിന്റെ നേര്‍കാഴ്ചയായിരുന്നു അവിടെ. ഇന്‍ഡോറില്‍ കോവിഡ് രോഗിയെ ചികിത്സിച്ച ഡോക്ടര്‍ രോഗം ബാധിച്ചു മരിച്ചു. നാഷണല്‍ ഹെല്‍ത്ത് മിഷനുവേണ്ടി പ്രവര്‍ത്തിച്ചിരുന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ രാജകുമാര്‍ പാണ്ഡക്ക് രോഗം സ്ഥിതീകരിച്ചു. ഇതിനുപിന്നാലെ നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഏപ്രില്‍ ആദ്യവാരത്തില്‍ തന്നെ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പല്ലവി ജെയിന്‍  ഗോവില്‍, ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ ജെ.വി ജയകുമാര്‍, ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് അഡീഷണല്‍ ഡയറക്ടര്‍ വീണ സിന്‍ഹ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. രോഗ പ്രതിരോധശേഷി കുറഞ്ഞ 1984 ലെ ഭോപ്പാല്‍ ദുരന്തത്തിലെ ഇരകളില്‍ രോഗം വ്യാപിക്കുകയും അഞ്ചിലധികം പേര്‍ മരിക്കുകയും ചെയ്തു. ഇവരില്‍ രോഗബാധ ഉണ്ടായാല്‍ നിരവധി പേര്‍ മരിക്കും എന്ന പൊതുപ്രവര്‍ത്തകന്റെ മുന്നറിയിപ്പും സര്‍ക്കാര്‍ മുഖവിലക്കെടുത്തില്ല. ഇത്രയധികം നീചമായിരുന്നു മധ്യപ്രദേശിലെ അവസ്ഥ. എന്നിട്ടും തബ്ലീഗ് സമ്മേളനത്തെ വിമര്‍ശിച്ചവര്‍ക്കിടയിലോ കോര്‍പ്പറേറ്റ് മാധ്യമങ്ങളിലോ ഇതൊന്നും വലിയതോതില്‍ കോളിളക്കം സൃഷ്ടിച്ചതായി കണ്ടില്ല. കേവലം മധ്യപ്രദേശ് മാത്രമല്ല ഇതിനുദാഹരണം എന്നതും ഏറെ ഞെട്ടിക്കുന്നതാണ്. നിയമങ്ങള്‍ കാറ്റില്‍ പറത്തി തന്നെയായിരുന്നു മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 2 വരെ അയോധ്യയില്‍ നടന്ന ആയിരത്തിലധികമാളുകള്‍ പങ്കെടുത്ത രാം നവമി ആഘോഷപരിപാടികള്‍, തബ്ലീഗുകാര്‍ രോഗം പരത്തുന്നു എന്ന് പരിശോധനകള്‍ക്ക് പോലും തയ്യാറാകാതെ ആക്ഷേപിച്ച യുപി മുഖ്യമന്ത്രി പോലും ഇതില്‍ പങ്കെടുത്തു എന്നതാണ് കൂടുതല്‍ വിമര്‍ശനീയം. പാര്‍ലമെന്റ് സമ്മേളനം മുതല്‍ കര്‍ണാടകയിലെ ഹോട്‌സ്‌പോട്ടായ കല്‍ബുര്‍ഗിയില്‍ വരെ നൂറുകണക്കിനാളുകള്‍ പങ്കെടുത്ത സിദ്ധ ലിംഗേശ്വര ക്ഷേത്ര രഥോത്സവമടക്കം അവിടുത്തെ മുഖ്യമന്ത്രി യെദ്യൂപ്പയുടെ മകളുടെ വിവാഹവും മുന്‍ മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകന്റെ വിവാഹവും വരെ പൊടിപൊടിച്ചു. നമ്മുടെ കേരളത്തില്‍ ലക്ഷക്കണക്കിന് സ്ത്രീകള്‍ പങ്കെടുത്ത ആറ്റുകാല്‍ പൊങ്കാല വരെ നടന്നു. പക്ഷേ അവിടെയെല്ലാം നിയമം നോക്കുകുത്തിയായി.

ചൈനയിലെ വുഹാനില്‍ നിന്നാണ് ഈ മഹാമാരിയുടെ ജന്മം എന്നറിയാത്ത നാലാം ക്ലാസുകാരന്‍ പോലും ഒരു പക്ഷേ ലോകത്ത് ഉണ്ടാവില്ല. മാത്രമല്ല അവിടെ നിന്ന് 27 രാജ്യങ്ങളിലേക്ക് രോഗം പടര്‍ന്നു പക്ഷേ ഇതൊരു കമ്മ്യൂണിസ്റ്റ് വൈറസാണെന്ന് തലക്ക് വെളിവുള്ള ആരും പ്രചരിപ്പിച്ചിട്ടില്ല. വത്തിക്കാനില്‍ മാര്‍പാപ്പ ഏകനായി പ്രാര്‍ത്ഥിച്ച് മാതൃക കാണിച്ചെങ്കിലും പല കാര്‍ദിനാള്‍മാരും അത് അംഗീകരിച്ചിട്ടില്ല. ഇറ്റലിയില്‍ നിന്ന് മാത്രം 46 രാജ്യങ്ങളിലേക്ക് രോഗം പടരുകയും ചെയ്തു എന്നിരുന്നാലും ഇതിനെ ഒരു ക്രിസ്ത്യന്‍ വൈറസ് എന്ന് ഒരു സമൂഹ മാധ്യമവും അറിയാതെപോലും പരാമര്‍ശിച്ചിട്ടില്ല. ലോകത്ത് രോഗം ഏറ്റവും കൂടുതല്‍ മരണം വിതച്ച അമേരിക്കയടക്കം മറ്റു രാജ്യങ്ങളൊന്നും അവിടുത്തെ ന്യൂനപക്ഷത്തിന്റെ മേല്‍ കുറ്റം ചുമത്തിയിട്ടില്ല. എന്നാല്‍ ലോകത്ത് ഒരേയോരു രാജ്യത്ത് മാത്രമാണ് കോവിഡിനെ മതവിരോധം തീര്‍ക്കാനുള്ള ആയുധമാക്കി മാറ്റിയത്. അത് ഗാന്ധിജിയെ പോലെയൊരു മനുഷ്യ സ്‌നേഹിയെ രാഷ്ട്രപിതാവായി ലഭിച്ചു എന്ന് അഹങ്കരിക്കുന്ന നമ്മുടെ ഇന്ത്യയിലായിരുന്നു. ഇത്തരത്തില്‍ വര്‍ഗീയത മനസ്സില്‍ തളം കെട്ടി നില്‍ക്കുന്ന മന്ത്രിമാരടക്കം പലരും നമ്മുടെ മഹിതമായ രാജ്യത്തിന്റെ സാംസ്‌കാരിക വൈജ്ഞാനിക സമ്പന്നത ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ പിച്ചിചീന്തി. എത്ര തന്നെയായാലും വര്‍ഗീയ വാധികളോട് ഒന്നേ പറയാനുള്ളൂ; നിങ്ങള്‍ തന്ന അതേ നാണയത്തില്‍ ഒരു യഥാര്‍ത്ഥ മുസല്‍മാന്‍ ഒരിക്കലും തിരിച്ചടിക്കില്ല. ഇവിടെ അബേദ്ക്കറും അലി സഹോദരന്‍മാരും ഗാന്ധിയും നെഹ്‌റുവുമെല്ലാം നേടിത്തന്ന, മത മൈത്രിയെ തകര്‍ത്ത് ഈ ആരോഗ്യ അടിയന്തരാവസ്ഥക്കിടയില്‍ ഒരു രാഷ്ട്രീയ അടിയന്തരാവസ്ഥ സൃഷ്ടിക്കുകയാണ് നിങ്ങളുടെ ഉദ്ദേശമെങ്കില്‍ പ്രബുദ്ധ ജനങ്ങള്‍ക്കിടയില്‍ സത്യത്തെ ഒരുപാട് കാലം മറച്ചുവെക്കാന്‍ നിങ്ങള്‍ക്കാവില്ല എന്നോര്‍ക്കുന്നത് നന്നാവും. ഇനി അതല്ല ആധുനിക കാലത്തുള്ള ക്വാറന്റീന്‍ പ്രാക്ടീസിന്റെയും ഐസലോഷന്റെയും പാഠങ്ങള്‍ 'ഒരു പ്രദേശത്ത് പകര്‍ച്ചവ്യാധി ഉണ്ടായാല്‍ നിങ്ങള്‍ അവിടെക്ക് പോകുകയോ അവിടെ നിന്ന് പുറത്ത് കടക്കുകയോ അരുത്, രോഗമുള്ള ഒട്ടകത്തെ രോഗമില്ലാത്ത ഒട്ടകങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തണം'തുടങ്ങിയ നിരവധി പ്രവാചക അധ്യാപനങ്ങളില്‍ നിന്നും ആധുനിക ശാസ്ത്രത്തിനും ഗവേഷകര്‍ക്കും ലഭിക്കുന്നുണ്ടെന്ന ന്യൂസ് വീക്ക് പോലോത്ത ലോകപ്രസ്തമായ അമേരിക്കന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളാണ് നിങ്ങളെ ആലോസരപ്പെടുത്തുന്നതെങ്കില്‍ വളരെ വിനയപൂര്‍വ്വം ഓര്‍മിപ്പിക്കാനുള്ളത്, ഇത്തരത്തില്‍ പുകമറ സൃഷ്ടിച്ചിട്ട് കാര്യമില്ല. കാരണം നാഥന്‍ അവന്റെ വെളിച്ചത്തെ പുര്‍ണ്ണമാക്കുക തന്നെ ചെയ്യും.



| സയ്യിദ് അമീറുദ്ധീന്‍ പി.എം.എസ് കാര്യാവട്ടം |

ലോക മഹാമാരിക്കിടയിലും വിശുദ്ധമായ ഈദുല്‍ ഫിത്വര്‍ നമ്മിലേക്ക് ആഗതമായിരിക്കുന്നു. പ്രാര്‍ത്ഥനാനിര്‍ഭരമായ പാതി രാവുകളും, ത്യാഗനിര്‍ഭരമായ മദ്ധ്യാഹ്നങ്ങളും, ആത്മീയ സായൂജ്യത്തിന്റെ സന്ധ്യകളും നമ്മോട് സലാം ചൊല്ലി പിരിഞ്ഞിരിക്കുന്നു. റയ്യാനെന്ന കവാടം വ്രതമനുഷ്ഠിച്ച, തഖ്വസിദ്ധിച്ച സത്യവിശ്വാസികള്‍ക്കായി ആമോദത്തോടെ കാത്തിരിക്കുന്നു. പെരുന്നാള്‍ ത്യാഗത്തിന്റെ, പരിപൂര്‍ണ്ണതയുടെ ആഹ്ലാദമാണ് അല്ലാഹുവിനുവേണ്ടി മോഹങ്ങളെ തിരസ്‌കരിച്ച ആത്മാവിന്റെ ആഘോഷമാണ്. ആത്മീയതയും സൂക്ഷ്മതയും നിറഞ്ഞുനിന്ന മനോഹരമായ ഭൂതകാല പെരുന്നാളിന്റെ ഓര്‍മ്മകള്‍ വര്‍ത്തമാനകാലത്ത് ഒരു പകലിന്റെ വിരസതയാര്‍ന്ന ആഘോഷമായി മാറിയിട്ടുണ്ടോയെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. മഹത്തായ പെരുന്നാള്‍ അതിരുവിട്ട ആഹ്ലാദങ്ങളുടെയും,ആഘോഷങ്ങളുടെയും ദിനമല്ല പ്രാര്‍ത്ഥനയോടെ ദിനമാണ്. എന്നാല്‍ ആഘോഷിക്കേണ്ട എന്നൊന്നും ഇതിനര്‍ത്ഥമില്ല. അതിരുകള്‍ ഭേദിക്കാത്ത രീതിയില്‍ ഒരു സത്യവിശ്വാസി ആഘോഷിക്കുക തന്നെ വേണം. വൈറസ് കാരണം ലോകം കരയുമ്പോള്‍, ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ മുസ്ലിം സഹോദരന്മാര്‍ പട്ടിണിയിലും ദുരിതത്തിലും അകപ്പെട്ട പ്രയാസപ്പെടുമ്പോള്‍ അവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയും ഐക്യദാര്‍ഢ്യവുമായിരിക്കണംപെരുന്നാള്‍. ഒരുമാസം നീണ്ടുനില്‍ക്കുന്ന വ്രതാനുഷ്ഠാനം രാത്രിയിലെ നീണ്ട നിസ്‌കാരം എല്ലാത്തില്‍നിന്നും വിശ്വാസി നേടിയെടുത്ത ആത്മീയമായ പരിശുദ്ധി അതിന്റെ സമര്‍പ്പണമാണ്,സന്തോഷമാണ് പെരുന്നാള്‍. ആത്മീയമായ ഏതൊരു നേട്ടം കൈവരിക്കുമ്പോഴും അതിനെ സന്തോഷത്തോടുകൂടി ആഘോഷിക്കുക എന്നതാണ്ഇതിന്റെ പിന്നില്‍

അരുത് ഇനി മടങ്ങരുത്
റജബില്‍ വിത്തുവിതച്ച് ശഅ്ബാനില്‍ അതിനെ നനച്ച് പരിപാലിച്ചു റമളാനില്‍ അതിനെ കൊയ്‌തെടുക്കണംഎന്ന ഉദ്ദേശത്തോടുകൂടി മാസങ്ങള്‍ക്ക് മുമ്പ് തന്നെ ശരീരത്തെയും, ആത്മാവിനെയും അല്ലാഹുവിലേക്ക് സമര്‍പ്പിച്ചവരാണ് നാം. പരിശുദ്ധ റമദാനിലെ ഓരോ രാപ്പകലുകളും നിസ്‌കാരത്തിലും, ഖുര്‍ആന്‍ പാരായണത്തിലും, ഇല്‍മ് സ്വീകരിക്കുന്നതിലും നാം കഴിച്ചു കൂട്ടി. ഇതു മൂലം പറഞ്ഞറിയിക്കാന്‍ സാധിക്കാത്ത രൂപത്തിലുള്ള വലിയ ആത്മീയാനന്ദം നേടാന്‍ നമുക്ക് സാധിച്ചു. നമ്മുടെ മനസ്സുകളില്‍ ആഞ്ഞുവീശിയ കാലമായിരുന്നു റമദാന്‍ അത് പ്രതീക്ഷിച്ചതു പോലെ തന്നെ നമ്മുടെ ഉള്ളുകളെ കുളിരണിയിച്ചു ദാനധര്‍മ്മങ്ങളിലും നന്മകളിലും മനസ്സ് സന്തോഷവും സംതൃപ്തിയും കണ്ടു. സ്വഭാവങ്ങളും ശീലങ്ങളും മൂല്യങ്ങളിലേക്ക് മടങ്ങിയെത്തി അങ്ങനെ മനസ്സിന്റെ മട്ടും ഭാവവും മാറി. ഏറ്റവും കുറഞ്ഞത് തിന്മകളോടുള്ള ഒരുതരം വിരക്തിയും നന്മകളോടുള്ള ആസക്തിയും റമദാനിനെ മാനിക്കുന്ന ഏതൊരാളിലും ഉണ്ടാകുന്നു. ഒരുപാട് കാലമായി തിന്മകളുടെ ഊടുവഴികളിലൂടെ കൂലം കുത്തിയൊഴുകിയ പലരുടെയും തിരിച്ചുവരവ് തിന്മകളില്‍ അഭിരമിച്ചിരുന്ന പലരുടെയും പശ്ചാത്താപം നിസ്‌കാരമടക്കം ആരാധനകളില്‍ കൃത്യനിഷ്ഠത ഇല്ലാതിരുന്ന പലര്‍ക്കും കൃത്യനിഷ്ഠത ഉണ്ടായത് തുടങ്ങി റമദാനിന്റെ സ്വാധീനത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ നിരവധിയാണ്. റമദാന്‍ എന്ന ആത്മീയ വസന്തത്തിന് മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന് തെളിയിക്കുകയാണ് ഈ അനുഭവങ്ങള്‍ ഈ രൂപത്തില്‍ റമദാന്‍ നമ്മുടെ ജീവിതത്തില്‍ സ്വഭാവത്തില്‍ മാറ്റങ്ങള്‍സംഭവിപ്പിച്ചിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും റമദാന്‍ നമുക്ക് അനുകൂലമായിരിക്കുന്നുവെന്ന് ഉറപ്പിക്കാം. കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ നമ്മുടെ വ്രതം വെറും പട്ടിണി കിടക്കല്‍ മാത്രമായിരുന്നുവെന്ന് മനസ്സിലാക്കാം. സുകൃതങ്ങള്‍ പെയ്തിറങ്ങിയ നന്മകളുടെ സുന്ദരമായ ഈ വഴികളില്‍ നിന്ന് ഇനി ഒരു മടക്കം ഉണ്ടാവരുത്. കാരണം റമദാന്‍ നമ്മെ സംസ്‌കരിച്ചത് വെറും മുപ്പത് ദിവസങ്ങള്‍ക്ക് വേണ്ടിയായിരുന്നില്ല. നോക്കൂ റമദാനിലെ കര്‍മ്മങ്ങളും സ്വഭാവങ്ങളും ശീലങ്ങളും എല്ലാം റമളാന്‍ അല്ലാത്ത കാലത്തും നാം ചെയ്യേണ്ടവയാണ്. ഫര്‍ളായ നോമ്പിനെഒഴിച്ചുനിര്‍ത്തിയാല്‍ ബാക്കിയെല്ലാം ഏതു കാലത്തേക്കുമുള്ള സ്രഷ്ടാവിന്റെ  കല്‍പ്പനകളും നിയമങ്ങളുമാണ്. അവ ഓരോന്നും നാം തുടങ്ങി കഴിഞ്ഞു ഇനി അത് തുടരുക എളുപ്പമാണ്. അതിനാല്‍ വിശുദ്ധ റമദാന്‍ നമുക്ക് നേടിത്തന്ന ആത്മീയ തണല്‍ നശിപ്പിക്കരുത് റമളാന്‍ കഴിഞ്ഞാല്‍ നന്മകളില്‍ നിന്നും തിരിഞ്ഞു നടക്കുന്നവര്‍ ഗുരുതര പാതകമാണ് ചെയ്യുന്നത്. കാരണം അത് നന്ദികേടാണ് നന്നാകുവാനുള്ള അവസരം തന്നു നന്നാക്കിയെടുത്ത സൃഷ്ടാവിനോടുള്ള നന്ദികേട്. ചെയ്യുന്ന കാര്യങ്ങള്‍ പതിവായി ചെയ്യുക എന്നത് ഇസ്‌ലാമിന്റെ സംസ്‌കാരത്തില്‍ പെട്ടതാണ്. അങ്ങനെ ചെയ്യുമ്പോഴാണ് അവ ജീവിതത്തെ സ്വാധീനിക്കുക. വേദനിക്കുന്നവരുടെ വേദന കാണാന്‍ കഴിയുന്ന ഒരു കണ്ണ്, സങ്കടപ്പെടുന്നവരുടെ നിലവിളി കേള്‍ക്കാന്‍ കഴിയുന്ന ഒരു ശ്രവണേന്ദ്രിയം, കനിവ് തേടുന്നവരുടെ  കിനാവുകള്‍ക്ക് കനവ് പകരാന്‍ കഴിയുന്ന ഒരു ഹൃദയം ഇതൊക്കെയാണ് റമദാന്‍ നമുക്ക് നേടിത്തന്നതെങ്കില്‍ പരിശുദ്ധ റമദാന്‍ നമുക്ക് സമ്മാനിച്ച ഈ ഒരു മാനസികാവസ്ഥ ഒരു പെരുന്നാളിന്റെ പകലില്‍ തീര്‍ക്കേണ്ടതല്ല. അതുകൊണ്ട് അടിച്ചുപൊളിക്കാന്‍ ഉദ്ദേശിക്കുമ്പോഴും അതിരു മറന്ന് ആവേശതിമിര്‍പ്പിലേക് അമരാന്‍ ശ്രമിക്കുമ്പോഴും നാം ഒരുപാട് ചിന്തിക്കേണ്ടതുണ്ട്. റമദാന്‍ നമുക്ക് ലഭ്യമാക്കി തന്ന ആ ഒരു വിശുദ്ധിയെ കളങ്കം ചെയ്യുന്ന ഒരു ആഘോഷവും സത്യവിശ്വാസിക് ഭൂഷണമല്ല. അല്ലാഹുവിനെ പ്രകീര്‍ത്തിക്കുകയും, അവനെ സ്മരിക്കുകയും, അവന്റെ വഹ്ദാനിയ്യത്തിനെ പ്രഖ്യാപിക്കുകയും ചെയ്യുന്നതാണ് പെരുന്നാള്‍. എത്ര സമയം പട്ടിണി കിടക്കാനും ഞാന്‍ സന്നദ്ധനാണ് എത്രസമയം നിന്ന് നിസ്‌കരിക്കാനും ഞാന്‍ തയ്യാറാണ്  അങ്ങനെയുള്ള ആ സന്നദ്ധത യില്‍ നിന്ന് ആര്‍ജ്ജിച്ചെടുത്ത മാനസികമായ കരുത്ത് ജീവിതത്തിലുടനീളം ഇനിയങ്ങോട്ട് വരുന്ന മാസങ്ങളിലും ആ വിശുദ്ധി കാത്തുസൂക്ഷിച്ചുകൊണ്ട് തികഞ്ഞ സത്യസന്ധതയോടെയും, സമര്‍പ്പണ ബോധത്തോടെയും സംതൃപ്തിയോടെയുമാണ് വിശ്വാസി ജീവിക്കേണ്ടത്.

ഇസ്‌ലാമിലെ ആഘോഷങ്ങള്‍

എല്ലാ മതങ്ങള്‍ക്കും അവരുടെ വിശ്വാസാചാരങ്ങള്‍ പരിഗണിച്ചുകൊണ്ട് ഒരുപാട് ആഘോഷങ്ങള്‍ ഉണ്ട്. ഏറ്റവും ഉന്നതവും സത്യമതവുമായ പരിശുദ്ധ ഇസ്ലാമിലും ആഘോഷങ്ങളുണ്ട്. എന്നാല്‍ ചില പ്രത്യേക ഇബാദത്തുകള്‍ നിര്‍ണയിച്ചു കൊണ്ടുള്ള ആഘോഷങ്ങള്‍ ഇസ്ലാമില്‍ രണ്ടെണ്ണം മാത്രമേയൊള്ളു. അത് ചെറിയ പെരുന്നാളും, ബലി പെരുന്നാളുമാണ്. ഇസ്ലാമിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളും ഇവ തന്നെയാണ്. അനസ് (റ) ല്‍ നിന്ന് നിവേദനം ചെയ്യുന്ന ഹദീസില്‍ കാണാം ഇസ്ലാമിന്റെ ഉദയ കാലത്ത് നബി (സ്വ) മദീനയിലേക്ക് വന്നപ്പോള്‍ ജനുവരി ഒന്നിന്  നൈറൂസ് എന്ന പേരിലും തുലാം ഒന്നിന് മഹര്‍ജാന്‍ എന്ന പേരിലും ജനങ്ങള്‍ ആഘോഷങ്ങള്‍ കൊണ്ടാടുന്നതായി കാണാന്‍ സാധിച്ചു. കേവലം,  തീറ്റയും കുടിയും കൂത്താട്ടവും മാത്രമായി ചുരുങ്ങിയ അവരുടെ ആഘോഷങ്ങള്‍ കണ്ട നബി (സ്വ) തങ്ങള്‍ അതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞു:' ഞങ്ങള്‍ വിനോദത്തിനു വേണ്ടി നീക്കിവെച്ച രണ്ടു ദിവസങ്ങളാണവ'.. അപ്പോള്‍ നബി (സ്വ) തങ്ങള്‍ പറഞ്ഞു: ഈ രണ്ടു ദിവസങ്ങള്‍ക്ക് പകരമായി അല്ലാഹു നിങ്ങള്‍ക്ക് മറ്റ് രണ്ട് ദിവസങ്ങള്‍ നിശ്ചയിച്ചു തന്നിരിക്കുന്നു. ഈദുല്‍ ഫിത്വറും, ഈദുല്‍ അള്ഹയുമാണ് ആ രണ്ട് ദിനങ്ങള്‍ (അബൂദാവൂദ്).

എന്നാല്‍ ഏതു വിഷയങ്ങളിലുമുള്ളത് പോലെ തന്നെ നിയമ വലയങ്ങള്‍ക്കുളിലുള്ള ആഘോഷ വിനോദങ്ങളെയാണ് ഇസ്‌ലാം അംഗീകരിക്കുന്നത്. അതിരുകടന്ന ആഘോഷങ്ങള്‍ ആഭാസകരമാണ്. ശരീഅത്തിനോട് വിരുദ്ധമായ രൂപത്തിലല്ലാത്ത പ്രോത്സാഹനര്‍ഹമായ,  കായികവിനോദങ്ങളും, പാട്ടുകളും, പെരുന്നാള്‍ ദിനത്തില്‍ അനുവദിക്കപ്പെട്ടതാണ്. പെരുന്നാളിന്റെ പേരില്‍ സര്‍വ്വ സ്വാതന്ത്ര്യവും നല്‍കുന്ന കുത്തഴിഞ്ഞ പ്രവണത ഇസ്ലാമിലില്ല. മറിച്ച് ഇസ്ലാമിലെ നിയമങ്ങള്‍ പാലിച്ചുകൊണ്ട് പരിധി ലംഘിക്കാതെയുള്ള  ആഘോഷങ്ങളാണ് ഇസ്‌ലാം  പ്രോത്സാഹിപ്പിക്കുന്നത് ഭക്തിയും, സമൂഹ കെട്ടുറപ്പും, കുടുംബ ബന്ധം പുലര്‍ത്തലും ദൈവമഹത്വം പ്രഘോഷിക്കലും സമസ്ത  സൃഷ്ടികളുടെയും നന്മക്ക് വേണ്ടി യത്‌നിക്കലും പരിധി ലംഘിക്കാത്ത ആഘോഷങ്ങളില്‍ പെട്ടതാണ്.

ഒരുപാട് ആഘോഷിച്ചു പരസ്പരം സന്തോഷങ്ങള്‍ കൈമാറി വെറുമൊരു ആഘോഷദിനമാക്കി മാറ്റുക എന്നതിലപ്പുറം സഹകരണത്തിന്റെയും സഹായത്തിന്റെയും ഒരു വലിയ സന്ദേശം ഉള്‍ക്കൊള്ളുന്നുണ്ട് രണ്ട് പെരുന്നാളുകളിലും. ഉള്ളവന്‍ ഇല്ലാത്തവന് നല്‍കി ഈ പെരുന്നാളിന്റെ പകലില്‍ ആരും പട്ടിണി കിടക്കരുതെന്ന തീരുമാനം അടങ്ങിയിട്ടുള്ളതാണ് ഇസ്ലാമിന്റെ ഫിത്വര്‍ സകാത്ത്. ബലിപെരുന്നാളിന്റെ മാംസ വിതരണത്തില്‍ പങ്കുവെക്കല്‍ എന്നതും കടന്നുവരുന്നു. കൊടുത്തും വാങ്ങിയും ഒരു സമൂഹത്തിന്റെ പരസ്പര ബന്ധത്തിന് ഭദ്രത ഊട്ടിയുറപ്പിക്കാനും പരസ്പര സ്‌നേഹ കൈമാറ്റങ്ങളും പെരുന്നാളിലൂടെ കടന്നുവരുന്നു. സമൂഹത്തില്‍ ഒരുപാട് നിര്‍ധനരായ രോഗികളുണ്ട് അവരെ സഹായിച്ചു കൊണ്ടായിരിക്കണം നാം ആഘോഷിക്കേണ്ടത്, തങ്ങളുടെ ദുഃഖങ്ങള്‍ പറയാന്‍ പോലും ആരും ഇല്ലാതെ മരിച്ചു ജീവിക്കുന്ന ചിലരെ നമുക്ക് കാണാന്‍ സാധിക്കും അവര്‍ക്ക് സാന്ത്വനമേകി കൊണ്ടായിരിക്കണം നാം ആഘോഷിക്കേണ്ടത്, കോവിഡ് പശ്ചാത്തലത്തില്‍ ഗവണ്മെന്റിന്റെയും, ആരോഗ്യവകുപ്പിന്റെയും എല്ലാ നിര്‍ദ്ദേശങ്ങളും, നിയമങ്ങളും പാലിച്ചുകൊണ്ട് നമ്മുടെ ബന്ധുമിത്രാദികളെ സന്ദര്‍ശിച്ചുകൊണ്ട് കുടുംബ ബന്ധം പുലര്‍ത്തി കൊണ്ടുമായിരിക്കണം നാം ആഘോഷിക്കേണ്ടത്, ജീവിച്ചിരിക്കുന്ന നമ്മുടെ മാതാപിതാക്കള്‍ക്ക് സന്തോഷവും സ്‌നേഹവും കൈമാറണം.  വൈറസിന്റെ ഭീകര പിടിയില്‍ അകപെട്ടവര്‍ക്കും, മരണപ്പെട്ടുപോയ ബന്ധുക്കള്‍ക്കും സ്‌നേഹ ജനങ്ങള്‍ക്കും പ്രാര്‍ത്ഥിക്കലും, ലോകത്തിന്റെ നാനാഭാഗങ്ങളില്‍ മുസ്‌ലിമായതിന്റെ പേരില്‍ പീഡനവും മര്‍ദ്ദനവും ഏറ്റുവാങ്ങി കൊണ്ടിരിക്കുന്ന നമ്മുടെ മുസ്‌ലിം സഹോദരന്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കലും,ആഘോഷത്തിന്റെ ഭാഗമാക്കണം. 

എന്നാല്‍ ഖേദകരമെന്നു പറയട്ടെ ഇസ്ലാമിന്റെ പവിത്രമായ ഈ രണ്ട് ആഘോഷങ്ങളും വഴിമാറി സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ് പെരുന്നാളിന് പൊന്നമ്പിളി മാനത്ത് പ്രത്യക്ഷപ്പെടുന്നതോടെ സകല ആഭാസങ്ങള്‍ക്കും തിരികൊളുത്തുന്ന അവസ്ഥ. നിസ്‌കാരം പോലും ഒഴിവാക്കി വിനോദയാത്രകള്‍ സംഘടിപ്പിച്, മദ്യവും മയക്കുമരുന്നുകളുമായി കുത്തഴിഞ്ഞ  ആഹ്ലാദഘോഷങ്ങളാണ് ഇന്ന് യുവതലമുറയുടെ ശീലം. ഈദ്ഫെയറും നൃത്തച്ചുവടുകളും തുടങ്ങി ഇതര മതങ്ങളില്‍ നിന്ന് കടമെടുത്ത ഇത്തരം നീച പ്രവണതകള്‍ ദീര്‍ഘ തപസ്സിലൂടെ നാം  നേടിയെടുത്ത ആത്മീയ ചൈതന്യം ഒരു നിമിഷം കൊണ്ട് നശിപ്പിച്ചു കളയലാണ്. എന്നാല്‍ അനുഭൂതികളെ പാടെ തിരസ്‌കരിക്കുന്ന പരുക്കന്‍ ശൈലി ഇസ്‌ലാമിലില്ല. പെരുന്നാള്‍ ദിനത്തില്‍ ആയുധങ്ങള്‍ ഉപയോഗിച്ച് ഒരു വിഭാഗം നടത്തിയ കളി നബി (സ്വ) ങ്ങള്‍ നോക്കിനില്‍ക്കുകയും ആയിഷ (റ) ക്ക്  കാണാന്‍ സൗകര്യം ഒരുക്കിക്കൊടുക്കുകയും ചെയ്തു. മറ്റൊരു പെരുന്നാള്‍ ദിവസത്തില്‍ നബി(സ്വ)തങ്ങളുടെ സാന്നിധ്യത്തില്‍ വെച്ച് ദഫ് മുട്ടി പാട്ട് പാടിയതിന്റെ പേരില്‍ അവരെ സിദ്ദിഖ് (റ) ശകാരിച്ചപ്പോള്‍ നബി (സ്വ) തങ്ങള്‍ പറഞ്ഞു ഇന്ന് പെരുന്നാള്‍ അല്ലേ അവര്‍ പാട്ടുപാടി കൊള്ളട്ടെ. അതുകൊണ്ട് ഇതൊക്കെ ഇസ്ലാമിന്റെ പരിധിക്കുള്ളിലുള്ള  ആഘോഷങ്ങളാണെന്ന് മനസ്സിലാക്കാം. ഇസ്ലാമിക ശരീഅത് അംഗീകരിക്കാത്ത വൃത്തികെട്ട ആഘോഷരീതികള്‍ ഇരു പെരുന്നാളിന്റെയും പവിത്രത നഷ്ടപ്പെടുത്തുന്നതും അല്ലാഹുവിന്റെ കോപത്തിന് കാരണമായിത്തീരുന്നതുമാണ്

അവരുടെ പെരുന്നാളുകള്‍

ഇസ്‌ലാമിലെ പവിത്രമായ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് അടിച്ചുപൊളി എന്ന ഒരര്‍ത്ഥം മാത്രം മനസ്സിലാക്കിയ സഹോദരന്മാര്‍ അറിയണം നമ്മുടെ മുന്‍ഗാമികളുടെ പെരുന്നാള്‍ ആഘോഷങ്ങള്‍ എങ്ങനെയായിരുന്നെന്ന്.സച്ചരിതരായ ഖലീഫ ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ് (റ) ന്റെ കാര്യാലയം അന്നൊരു പെരുന്നാള്‍ ദിവസമായിരുന്നു. പ്രജകളില്‍ പ്രമുഖര്‍ പലരും പെരുന്നാളിന്റെ ആശംസകള്‍ കൈമാറുവാന്‍ ഖലീഫയെ കാണാനെത്തി അവരില്‍ ചിലരുടെ കൂടെ അവരുടെ മക്കളും ഉണ്ടായിരുന്നു. പട്ടുടയാടകളെടുത്ത കുഞ്ഞുങ്ങള്‍ പെരുന്നാള്‍ പുളത്തില്‍ എല്ലാ നിറവും തിളക്കവും ഉള്ള കുട്ടികള്‍ എല്ലാവരുടെയും ആശംസകള്‍ സ്വീകരിച്ചു... എല്ലാവര്‍ക്കും തന്റെ പ്രാര്‍ത്ഥന കൈ മാറി. ഖലീഫയുടെ അടുത്ത് സ്വന്തം മകന്‍ ഉണ്ടായിരുന്നു ആഘോഷത്തിന്റെ ഒരു മോഡിയുമില്ലാത്ത ഒരു കുട്ടി പഴയ വസ്ത്രങ്ങളാണ് പെരുന്നാള്‍ ദിനത്തിലും അണിഞ്ഞിരിക്കുന്നത്. വസ്ത്രങ്ങളില്‍ ഒരു പുതുമയുമില്ല ഖലീഫ ഇടയ്ക്കിടെ കണ്ണുവെട്ടിച്ച് മകനെ നോക്കുന്നുണ്ട് തന്റെമുമ്പിലൂടെ നടന്നു പോകുന്ന കുട്ടികളുടെ അലങ്കാരങ്ങള്‍ അവനില്‍ ഒരുനിശ്വാസമായി രൂപാന്തരപ്പെടുന്നുണ്ടോ എന്നാണ്അദ്ദേഹം നോക്കുന്നത് പുത്രവാത്സല്യം കാരണം ഖലീഫയുടെ കണ്ണുകള്‍ നനഞ്ഞു.. മകന്‍അത്  കണ്ടുപിടിച്ചു. എന്താണ് പിതാവേ... അങ്ങയുടെ ദുഃഖം മകന്‍ ആരാഞ്ഞു പുതുവസ്ത്രങ്ങളണിഞ്ഞ കുഞ്ഞുങ്ങളെ കാണുമ്പോള്‍ നിന്റെ മനസ്സ് നോവുന്നു ണ്ടാവുമോ എന്ന് ഞാന്‍ ആശങ്കപ്പെടുന്നു തുടര്‍ന്ന് അദ്ദേഹം പറഞ്ഞു മോനെ പുതു വസ്ത്രങ്ങള്‍ ധരിച്ചവര്‍ക്കല്ല.. സത്യത്തില്‍ പെരുന്നാള്‍ പരലോകത്തെ കുറിച്ച് ഓര്‍ക്കുന്നവര്‍ക്കാണ് പരലോകത്തെയും അല്ലാഹുവിനെയും കുറിച്ച് ഓര്‍ക്കുന്നവരാണ് യഥാര്‍ത്ഥ അടിമകള്‍ അവര്‍ക്കെ അല്ലാഹു നിശ്ചയിച്ചു തന്ന പെരുന്നാള്‍ ആഘോഷിക്കാന്‍ അര്‍ഹതയുള്ളൂ

ഇസ്‌ലാമിലെ പെരുന്നാളിന്റെ സവിശേഷതകള്‍

ഇതര മത ആഘോഷങ്ങള്‍ താരതമ്യം ചെയ്തുനോക്കുമ്പോള്‍ ഇസ്‌ലാമിലെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് പ്രത്യേകതകളുണ്ട്. കഴിഞ്ഞുപോയ ഏതൊരു സമുദായവും അവരുടെ തീരുമാനപ്രകാരം തിരഞ്ഞെടുത്തതായിരുന്നു അവരുടെ ആഘോഷ ദിനങ്ങള്‍. സാമൂഹികമായോ, സാമുദായികമായോ തങ്ങള്‍ക്കു കൈവന്ന നേട്ടങ്ങളെയോ, അല്ലെങ്കില്‍ ചരിത്രസംഭവങ്ങളെയൊ, ആചാര്യന്മാരുടെ പിറന്നാളുകളെയൊആധാരമാക്കി ഒരു സമുദായം തിരഞ്ഞെടുത്ത ആഘോഷദിനങ്ങള്‍ തലമുറകളിലൂടെ അവരുടെ ആഘോഷ ദിനങ്ങളായി മാറുകയായിരുന്നു. ഇതില്‍നിന്ന് വ്യത്യസ്തമായി അല്ലാഹു നമുക്ക് നിശ്ചയിച്ചു തന്നതാണ് നമ്മുടെ പെരുന്നാളുകള്‍ അവന്‍ നിശ്ചയിച്ച രൂപത്തില്‍ ആഘോഷിക്കുമ്പോള്‍ ആഘോഷവും ഒരു ഇബാദത്തായി മാറുകയാണ്. നമ്മുടെ പെരുന്നാളിന്റെ സവിശേഷതകളാണിത്. മഹത്വവും അതിവിശിഷ്ടവുമായ സല്‍കര്‍മ്മങ്ങളെ കൊണ്ട് ആഹ്ലാദിക്കുകയും ആഘോഷിക്കുകയാണ് വിശ്വാസി ചെയ്യേണ്ടത്

പെരുന്നാള്‍ ദിനത്തില്‍ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പെരുന്നാള്‍ ദിനത്തില്‍ പ്രത്യേകം സുന്നത്തുള്ള കാര്യമാണ് തക്ബീര്‍ ചൊല്ലല്‍. നബി (സ്വ) പറഞ്ഞു പെരുന്നാള്‍ ദിനത്തെ നിങ്ങള്‍ തക്ബീര്‍ ധ്വനികള്‍ കൊണ്ട് അലംകൃതമാക്കുക (ത്വബ്‌റാനി) തക്ബീറുകള്‍ പ്രധാനമായും രണ്ട് രൂപത്തിലാണ്. ഒന്ന് മുര്‍സലായ തക്ബീര്‍ പെരുന്നാള്‍ രാവ് മഗ്രിബ് മുതല്‍ പെരുന്നാള്‍ ദിനം ഇമാം നിസ്‌കാരത്തിലേക്ക് ഇഹ്‌റാം കെട്ടുന്നത് വരെയാണ് ഇതിന്റെ സമയം. മുത്വലക്കായ  തക്ബീര്‍ എന്നും ഇതിന് പറയപ്പെടുന്നു.  പെരുന്നാള്‍ നിസ്‌കാരം . പ്രത്യേക ഉപാധികളൊന്നും  കൂടാതെ എപ്പോഴും എവിടെവെച്ചും ചൊല്ലാവുന്ന ഈ തക്ബീര്‍ നിസ്‌കാരശേഷം കൊണ്ടുവരികയാണെങ്കില്‍ നിസ്‌കാരത്തിന്റെ പ്രത്യേക ദുആകളും ദിക്‌റുകളും കഴിഞ്ഞതിനുശേഷമാണ് ചൊല്ലേണ്ടത്. തക്ബീറിന്റെ രണ്ടാമത്തെ രൂപം മുഖയ്യതായ തക്ബീര്‍ ആണ്. ബലിപേരുന്നാളില്‍ മാത്രമുള്ള തക്ബീറാണിത്. ദുല്‍ഹിജ്ജ ഒമ്പതിന് സുബ്ഹ് മുതല്‍ ദുല്‍ഹിജ്ജ പതിമൂന്നിന്റെ അസര്‍ വരെയാണ് ഇതിന്റെ സമയം. നിസ്‌കാരങ്ങള്‍ക്ക് ശേഷം എന്ന ഉപാധി ഉള്ള ഈ തക്ബീര്‍ ഫര്‍ള് നിസ്‌കാരങ്ങള്‍ക്ക് ശേഷം മറ്റു എല്ലാ നിസ്‌കാരങ്ങള്‍ക്ക് ശേഷവും സുന്നത്താണ്. ഖളാ വീട്ടുന്ന നിസ്‌കാരമാണെങ്കിലും സുന്നത്ത് നിസ്‌കാരങ്ങളാണെങ്കിലും ജനാസ നിസ്‌കാരമാണെങ്കിലും ശരി. നിസ്‌കാരശേഷം കൊണ്ടുവരുമ്പോള്‍ സലാം വീട്ടിയ ഉടനെയാണ് ചൊല്ലേണ്ടത്. ചെറിയ പെരുന്നാള്‍ ദിനത്തില്‍ മുര്‍സലായ തക്ബീര്‍ മാത്രമേയുള്ളൂ. ദുല്‍ഹിജ്ജ ഒന്ന് മുതല്‍ പത്തു വരെ ആട് മാട് ഒട്ടകം തുടങ്ങിയവയെ കാണുകയും,  ശബ്ദം കേള്‍ക്കുകയും ചെയ്യുമ്പോള്‍ തക്ബീര്‍ ചൊല്ലല്‍ പ്രത്യേകം സുന്നത്താണ്. ശബ്ദമുയര്‍ത്തിയാണ് തക്ബീറുകള്‍ ചൊല്ലേണ്ടത് എന്നാല്‍ അന്യ പുരുഷന്മാര്‍ ഉള്ളിടത്ത് സ്ത്രീകള്‍ ശബ്ദമുയര്‍ത്താന്‍ പാടില്ല. പെരുന്നാള്‍ ദിവസം കുളിക്കലും സുഗന്ധം ഉപയോഗിക്കലും പുതുവസ്ത്രം ധരിക്കലും പ്രത്യേകം സുന്നത്താണ്. കുളിക്കുമ്പോള്‍ പെരുന്നാളിന്റെ  സുന്നത്ത് കുളി എന്ന് കരുതല്‍ ശ്രദ്ധിക്കേണ്ടതാണ്. പെരുന്നാള്‍ രാവ് അര്‍ദ്ധരാത്രി മുതല്‍ പെരുന്നാള്‍ ദിനത്തിലെ സൂര്യാസ്തമയം വരെയാണ് കുളിയുടെ സമയം സുബഹിക്ക് ശേഷം കുളിക്കലാണ് ഉത്തമം ആര്‍ത്തവകാരിക്കും നിഫാസ് കരിക്കും പ്രസ്തുത കുളി സുന്നത്തുണ്ട്, വകതിരിവ് എത്താത്ത കുട്ടിയെ കുളിപ്പിക്കല്‍ രക്ഷിതാവിന് സുന്നത്താണ്. മാത്രമല്ല കൈകാലുകളിലെ നഖം വെട്ടിയും, കക്ഷത്തിലെയും ഗുഹ്യത്തിലേയും രോമങ്ങള്‍ നീക്കം ചെയ്തും, മീശ വെട്ടിയും പെരുന്നാള്‍ ദിനം പ്രത്യേകം ഭംഗിയാകല്‍ സുന്നത്തുണ്ട്. നിസ്‌കാരത്തിനു വേണ്ടി പള്ളിയിലേക്ക് പോകുമ്പോള്‍ ദൂരം ഉള്ള വഴിയും മടങ്ങുമ്പോള്‍ ദൂരം കുറഞ്ഞ വഴിയുമാണ് തിരഞ്ഞെടുക്കേണ്ടത്. ചെറിയ പെരുന്നാള്‍ ദിനമാണെങ്കില്‍ എന്തെങ്കിലും ഭക്ഷണം കഴിച്ചിട്ടു പോകലും ബലി പെരുന്നാള്‍ ദിനമാണെങ്കില്‍ ഒന്നും കഴിക്കാതെ പോകലുമാണ് സുന്നത്ത്. മരണപ്പെട്ടവരുടെ കബര്‍ സിയാറത്ത് ചെയ്യാനും മറക്കരുത്.

മൈലാഞ്ചി ഇടല്‍

പെരുന്നാള്‍ പ്രമാണിച്ചോ അല്ലാതെയോ വിവാഹിതകളായ സ്ത്രീകള്‍ക്ക് മൈലാഞ്ചിയിടല്‍ സുന്നത്താണ്. അവിവാഹിതകളായ സ്ത്രീകള്‍ക്ക് സുന്നത്തില്ല.  കാരണം മൈലാഞ്ചി അണിയല്‍ സ്ത്രീകള്‍ക്ക് ഭംഗിയും, ആഡംബരവുമാണ്. എന്നാല്‍ സ്ത്രീ അവളുടെ ഭര്‍ത്താവിന്റെ മുന്‍പില്‍ മാത്രമാണ് ഭംഗിയാകേണ്ടത്. അതുകൊണ്ടാണ് വിവാഹിതകളായ സ്ത്രീകള്‍ക്ക് മൈലാഞ്ചിയിടല്‍ സുന്നത്തുള്ളത്. ഇദ്ദയില്‍ ഇരിക്കുന്ന സ്ത്രീകള്‍ക്കും,  പുരുഷന്മാര്‍ക്കും മൈലാഞ്ചി അണിയല്‍ ഹറാമാണ്. മൈലാഞ്ചി സ്ത്രീകള്‍ക്ക് മാത്രം പ്രത്യേകമാക്കപ്പെട്ടതാണ്. അതിനാല്‍ സ്ത്രീകളോട് സാദൃശ്യമാകുന്നു എന്നതിനാലാണ് പുരുഷന്മാര്‍ക്ക് ഹറാമാകുന്നത്. അതേസമയം പുരുഷന്മാര്‍ക്ക് ചികിത്സയ്ക്ക് വേണ്ടി അനുവദനീയമാണ്. കാലിലുണ്ടാകുന്ന വ്രണങ്ങളിലും, നരച്ച താടിയിലും മുടിയിലും മൈലാഞ്ചിയിടല്‍ പുരുഷന്മാര്‍ക്ക് സുന്നത്താണ്. നര മാറ്റി കളയാനുള്ള ഏറ്റവും നല്ല ഉപാധി മൈലാഞ്ചി ആണെന്ന് നബിതങ്ങള്‍ പറയുന്നതായിഇമാം തുര്‍മുദി റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ കാണാവുന്നതാണ്. വിവാഹിതയായ സ്ത്രീകലാണെങ്കില്‍  തന്നെ ഭര്‍ത്താവിന്റെ  സമ്മതമുണ്ടെങ്കില്‍ മാത്രമേ മൈലാഞ്ചി ഇടാന്‍ പാടുള്ളൂ.

ട്യൂബ് മൈലാഞ്ചിയും ശര്‍ക്കര മൈലാഞ്ചിയും

സാധാരണയില്‍ മൈലാഞ്ചി ചെടിയില്‍നിന്ന് അതിന്റെ ഇലകള്‍ അരച്ചുണ്ടാക്കുന്നതിനാണ് മൈലാഞ്ചി എന്ന് പറയുക. ഈ രൂപത്തില്‍ മൈലാഞ്ചി ഇട്ടാല്‍ മാത്രമേ സുന്നത്ത് ലഭിക്കുകയുള്ളൂ. സാധാരണ മൈലാഞ്ചി ഇട്ടു കഴിഞ്ഞാല്‍ അത് തേഞ്ഞുമാഞ്ഞു പോവുകയാണ് പതിവ്, അപ്പോള്‍ അവിടെ വുളൂഇന്റെ വെള്ളം ചേരുന്നതിനെ തടയുന്ന തടിയില്ലായെന്ന് മനസ്സിലാക്കാം. എന്നാല്‍ മാര്‍ക്കറ്റുകളില്‍ നിന്ന് ലഭിക്കുന്ന രാസപദാര്‍ഥങ്ങള്‍ ചേര്‍ത്ത ആധുനിക മൈലാഞ്ചികള്‍ ഉപയോഗിച്ച് കഴിഞ്ഞാല്‍ ദിവസങ്ങള്‍ക്കു ശേഷം അത് പൊളിഞ്ഞു പോകുന്നതായി കാണാറുണ്ട് അപ്പോള്‍ അവിടെ വുളൂഇന്റെ വെള്ളത്തെ തടയുന്ന തടിയുണ്ടെന്ന് മനസ്സിലാക്കാം ഈ സന്ദര്‍ഭത്തില്‍ എടുക്കുന്ന വുളൂകള്‍ സ്വഹീഹാവുകയില്ല. അതുപോലെ തന്നെ  കൃത്രിമ മൈലാഞ്ചി കളില്‍ പെട്ട ഒരിനം തന്നെയാണ് ശര്‍ക്കര മൈലാഞ്ചിയും. ഒരു പ്രത്യേക രൂപത്തില്‍ ഉണ്ടാക്കിയെടുക്കുന്ന ശര്‍ക്കര ലായനിയില്‍ ചായപ്പൊടിയും,  മൈദയും ചേര്‍ത്ത് ഉണ്ടാക്കിയെടുക്കുന്ന ഒരു മിശ്രിതമാണിത്. യഥാര്‍ത്ഥ മൈലാഞ്ചിയുടെ ഒരു കണികപോലും ഇതില്‍ ചേര്‍ക്കുന്നില്ല. ഇടുന്ന സമയത്ത് മഞ്ഞനിറവും പിന്നീട് കട്ടിയുള്ള ചുവപ്പുനിറവുമായി മാറുന്നു, ഇത് ഉപയോഗിച്ച കഴിഞ്ഞാല്‍ സുന്നത്തു ലഭിക്കുകയില്ലായെന്ന്  മാത്രമല്ല  വുളൂഉകളും ജനാബത്ത് കുളിയും സ്വഹീഹാവുകയില്ല. കാരണം ഇതില്‍ മൈദയും ചായപ്പൊടിയും ചേര്‍ത്തതിനാല്‍ അവ ചുരണ്ടിയാല്‍ പോകുന്നതായി കാണാന്‍ സാധിക്കുന്നു.  അത് വുളൂഇന്റെ വെള്ളത്തെ തടയുന്ന തടിയായി പ്രവര്‍ത്തിക്കുന്നു . ചുരുക്കത്തില്‍ അനുവദനീയമായതും സുന്നത്ത് ലഭിക്കുന്നതും മൈലാഞ്ചി ചെടിയുടെ ഇലകള്‍ അരച്ചുണ്ടാക്കുന്ന മൈലാഞ്ചി യാണ്.

പെരുന്നാള്‍ ആശംസ കൈമാറല്‍

പെരുന്നാള്‍ ദിവസം പരസ്പരം ആശംസകള്‍ നേരുന്നത് പുണ്യമുള്ളകാര്യമാണ് ഇതിനെക്കുറിച്ച് ഹദീസിന്റെ കിതാബുകളില്‍ പ്രത്യേക അധ്യായം തന്നെ കൊടുത്തിട്ടുണ്ട്. മഹാനായ നബി (സ്വ) യില്‍ നിന്നും സ്വഹാബത്തില്‍ നിന്നും ഉദ്ധരിക്കപ്പെട്ട ഹദീസുകളില്‍ നിന്ന് നബി തങ്ങളും,  സ്വഹാബത്തും ആശംസ നേര്‍ന്നതായി കാണാം. ശവ്വാല്‍ പിറവിയോടെ ചെറിയ പെരുന്നാള്‍ ആശംസകളുടെ സമയവും അറഫാദിനം ദുല്‍ഹജ്ജ് ഒമ്പത് സുബ്ഹ് മുതല്‍ ബലി പെരുന്നാളാശംസകളുടെ സമയവും പ്രവേശിക്കും. ചെറിയപെരുന്നാളില്‍ അത് മഗ്രിബ് വരെയും,  ബലി പെരുന്നാളില്‍ ദുല്‍ഹിജ്ജ് പതിമൂന്ന് വരെയും ആശംസകള്‍ അര്‍പ്പിക്കാവുന്നതാണ്. മഹാന്‍മാരായ പണ്ഡിതന്‍മാര്‍ അവരുടെ കിതാബുകളില്‍ രേഖപ്പെടുത്തി വെച്ച വാചകവും, നബി തങ്ങളും സ്വഹാബത്തുമടക്കം മഹാന്മാരായ ആളുകള്‍ ആശംസ അറിയിക്കാന്‍ വേണ്ടി ഉപയോഗിച്ച വാചകവും തഖബ്ബലല്ലാഹു മിന്നാ വമിന്‍കും എന്നാണ്. ഖാലിദ് (റ) എന്നിവരില്‍ നിന്നും നിവേദനം ചെയ്യുന്ന ഹദീസില്‍ കാണാം  ഞാന്‍ വാസിലത്തു ബ്‌നു അസ്‌ഖൈ എന്നവരെ പെരുന്നാള്‍ ദിനത്തില്‍ കണ്ടുമുട്ടിയപ്പോള്‍ തഖബ്ബലല്ലാഹു മിന്നാ വമിന്‍കും എന്ന് പറഞ്ഞു. ഉമര്‍ (റ) പറയുന്നു ഞാന്‍ വാസില്‍ (റ) പെരുന്നാള്‍ ദിനത്തില്‍ കണ്ടുമുട്ടിയപ്പോള്‍ തഖബ്ബലല്ലാഹു മിന്നാ വമിന്‍കും എന്ന് ആശംസിച്ചു. അദ്ദേഹം ഇങ്ങോട്ടും ആശംസിച്ചു. ജുബൈര്‍ ബ്‌നു നുഫൈര്‍ (റ) പറയുന്നു നബിയുടെ (സ്വ) സ്വഹാബത്ത് പെരുന്നാള്‍ ദിവസം തഖബ്ബലല്ലാഹു മിന്നാ വ മിന്‍കും എന്ന് ആശംസ അര്‍പ്പിച്ചിരുന്നു. എന്നാല്‍ തഖബ്ബലല്ലാഹു മിന്നാ വമിന്‍കും എന്ന പദം മാത്രമേ ആശംസ വാചകമായി ഉപയോഗിക്കാന്‍ പറ്റുകയുള്ളു എന്നൊന്നുമില്ല. ഇമാം ശര്‍വാനി (റ) പറയുന്നു, ഒരു നാട്ടില്‍ പതിവായി ഉപയോഗിച്ച് വരുന്ന വാചകവും ഇതിനുവേണ്ടി ഉപയോഗിക്കാം. അപ്പോള്‍ നമ്മുടെ നാടുകളിലൊക്കെ സാധാരണ ഉപയോഗിക്കാറുള്ള 'ഈദ് മുബാറക്ക്' എന്ന പദം ഉപയോഗിച്ച് ആശംസയര്‍പ്പിച്ചാലും സുന്നത്ത് ലഭിക്കും എന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു. എന്നാല്‍ നബിയും സ്വഹാബത്തും, മഹാന്മാരായ ആളുകളും ആശംസ അര്‍പ്പിക്കുന്നതിനു വേണ്ടി ഉപയോഗിച്ച പദം തന്നെ ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമവും, ആധികാരികതയും. കൂടുതല്‍ ബര്‍ക്കത്ത് ഉള്ളതും ആ പദത്തിനു തന്നെയാണ്. ഈദ് മുബാറക്ക് എന്ന പദം മഹാന്‍മാരായ പണ്ഡിത മഹത്തുക്കള്‍ കിതാബുകളില്‍ രേഖപ്പെടുത്തിയതായി കാണുന്നില്ല. മുന്‍ഗാമികളായ ആരും തന്നെ ഇത് ഉപയോഗിച്ചതായി കാണാന്‍ സാധിക്കുകയില്ല.

ആലിംഗനം വേണ്ട

സാധാരണയായി നമ്മുടെ നാടുകളില്‍ പെരുന്നാള്‍ ദിവസം പരസ്പരം കെട്ടിപ്പിടിച്ച് ആലിംഗനം ചെയ്തു സന്തോഷം കൈമാറുന്നതായി കാണാന്‍ സാധിക്കുന്നു. എന്നാല്‍ പെരുന്നാള്‍ ആശംസ യോടൊപ്പം കെട്ടിപ്പിടിച്ച് ആലിംഗനം ചെയ്യല്‍ നമ്മുടെ മദ്ഹബില്‍ സുന്നത്തില്ല. മാത്രമല്ല കറാഹത്ത് കൂടിയാണ്. ദീര്‍ഘദൂര യാത്ര കഴിഞ്ഞു വരുന്നവരയൊ, ദീര്‍ഘ കാലത്തിനു ശേഷം കാണുന്നവരോ,  മാത്രമാണ് ആലിംഗനം  ചെയ്യല്‍ സുന്നത്തുള്ളത് (തുഹ്ഫ) എന്നാല്‍ ഹസ്തദാനം സുന്നത്തുണ്ട് ഹസ്തദാനത്തിന് ശേഷം സ്വന്തം കൈ ചുംബിക്കല്‍ സുന്നത്താണെന്ന് ഇമാം ഇബ്‌നുഹജര്‍ (റ) പ്രസ്താവിച്ചിട്ടുണ്ട്. മഹാന്മാരുടെ കൈപിടിച്ച് ചുംബിക്കല്‍ സുന്നത്താണ് മുന്‍ഗാമികള്‍ കാണിച്ചുതന്ന മാതൃകയാണ്.

വിനോദയാത്രയും ഇസ്‌ലാമിക കാഴ്ചപ്പാടും

പെരുന്നാള്‍ ദിനത്തില്‍ ആഘോഷത്തിന്റെ ഭാഗമായും അല്ലാത്ത സമയങ്ങളില്‍ പ്രത്യേക കാരണങ്ങളില്ലാതെയും മുസ്ലിം സഹോദരി സഹോദരന്മാര്‍ വിനോദയാത്രകള്‍ നടത്തുന്നത് പതിവ് കാഴ്ചയാണ്. എന്നാല്‍ നമ്മുടെ യാത്രകള്‍ അധാര്‍ ര്‍മികതയും, അശ്ലീലതയും നിറഞ്ഞതും,  അല്ലാഹുവിനു ഇഷ്ടമില്ലാത്തതും ആണോയെന്ന് ചിന്തിക്കേണ്ടതുണ്ട്. വിനോദ യാത്ര വിരോധിക്കപ്പെട്ട കാര്യമൊന്നുമല്ല. പക്ഷേ വിനോദത്തിനു വേണ്ടി മാത്രമാകരുത്, അല്ലാഹുവിന് ഇഷ്ടമില്ലാത്ത രൂപത്തില്‍ ആടിയും പാടിയും ആണും പെണ്ണും കൂടി കലര്‍ന്ന ഇസ്ലാമിനെ വിധിവിലക്കുകളെ കാറ്റില്‍പറത്തി വെറും ആസ്വാദനത്തിന് വേണ്ടിയുള്ള യാത്രയുമാവരുത്. യാത്ര പോകണം  ആ യാത്രകള്‍ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ കണ്ടുകൊണ്ട് ഭൂമിയുടെ മനോഹാരിത ആസ്വദിച്ചുകൊണ്ട് ഈമാനിക ശക്തി വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി ആയിരിക്കണം. അല്ലാതെ ആണും പെണ്ണും കൂടി കലരുന്ന ഹറാം സംഭവിക്കുന്ന ശൈത്താന്‍ വിളയാട്ടം നടത്തുന്ന ഇടങ്ങളിലേക്കാവരുത്.  അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളും അല്ലാഹു ഭൂമിയില്‍ സൃഷ്ടിച്ചു വെച്ച അത്ഭുതകാഴ്ചകളും, ഭൂമിയുടെ മനോഹാരിതയും കണ്ടുകൊണ്ട് അല്ലാഹുവിന്റെ കരുണയെയും, കഴിവിനെയും തിരിച്ചറിഞ്ഞുകൊണ്ട് വിശ്വാസം വര്‍ദ്ധിപ്പിക്കാനാണ് ഓരോ വിശ്വാസിയും ശ്രമിക്കേണ്ടത്.

പെരുന്നാള്‍ രാത്രി

രണ്ട് പെരുന്നാള്‍ രാത്രികളെയും ഇബാദത്തുകള്‍ കൊണ്ട് ധന്യമാക്കണം. ഹദീസില്‍ കാണാം: രണ്ടു പെരുന്നാള്‍ രാത്രികളെ ഇബാദത്തുകളെ കൊണ്ട് സജീവമാക്കിയാല്‍ ഹൃദയങ്ങള്‍ മരിക്കുന്ന ദിവസം അവന്റെ ഹൃദയം മരിക്കുകയില്ല. ഈ ഹദീസിന്റെ വ്യാഖ്യാനത്തില്‍ ഹദീസ് പണ്ഡിതന്മാര്‍ പറയുന്നു, പരലോകത്തെ കുറിച്ചുള്ള ചിന്ത നഷ്ടപ്പെടുക, ഈമാന്‍ നഷ്ടപ്പെടുക, അന്ത്യനാളിലുള്ള ഭീകരത കൊണ്ട് ആരും ആരെയും തിരിച്ചറിയാത്ത അവസ്ഥ ഉണ്ടാവുക എന്നിങ്ങനെ മൂന്ന് വ്യാഖ്യാനങ്ങള്‍ പണ്ഡിതര്‍ ഇതിനു നല്‍കിയിട്ടുണ്ട്. രണ്ട് പെരുന്നാള്‍ രാത്രി ഇബാദത്തുകള്‍ കൊണ്ട് ധന്യമാക്കിയവന് ഇത്തരം അപകടങ്ങള്‍ ഉണ്ടാവില്ല അതിനാല്‍ രണ്ട് പെരുന്നാള്‍ രാത്രികളിലും പകുതിയിലധികവും നിസ്‌കാരം, പ്രത്യേകിച്ച് തസ്ബീഹ് നിസ്‌കാരം, ഖുര്‍ആന്‍ പാരായണം, ദിക്‌റ് തുടങ്ങിയവയില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കുക.

ശവ്വാലിലെ ആറ് നോമ്പ്

ശവ്വാല്‍ രണ്ടു മുതല്‍ ആറു ദിവസം നോമ്പനുഷ്ഠിക്കല്‍ പ്രത്യേകം സുന്നത്തുണ്ട്. തുടരെ ആറുദിവസം അനുഷ്ഠിക്കലാണ് ഏറ്റവും ഉത്തമം. എങ്കിലും ശവ്വാലിലെ ഏതെങ്കിലും ആറു ദിവസങ്ങളില്‍ നോമ്പനുഷ്ഠിച്ചാല്‍ തന്നെ സുന്നത്ത് ലഭിക്കുന്നതാണ്. നബി (സ്വ) തങ്ങള്‍ പറഞ്ഞു റമദാനില്‍ നോമ്പ് അനുഷ്ഠിക്കുകയും തുടര്‍ന്ന് ശവ്വാലിന്‍ ഉള്ള ആറുനോമ്പ് അനുഷ്ഠിക്കുകയും ചെയ്താല്‍ അവന്‍ ഒരു വര്‍ഷം നോമ്പ് അനുഷ്ടിച്ചവനെ പോലെയാണ് (മുസ്ലിം).

സംഗ്രഹം

ലോകം മുഴുവന്‍ പിടിപെട്ടിട്ടുള്ള വൈറസ് കാരണം ലോക ജനത മുഴുവന്‍ പ്രയാസപെടുന്ന ഈ സാഹചര്യത്തില്‍ ആരോഗ്യമുള്ള പുതിയ ലോകത്തിന്റെ ഉയര്‍ത്തെഴുനേല്‍പ്പിന് വേണ്ടിയുള്ള പ്രാര്‍ത്ഥനയോടുകൂടെ നിയന്ത്രണങ്ങളൂം, നിയമങ്ങളും, നിര്‍ദ്ദേശങ്ങളും പാലിച്ചുകൊണ്ടുള്ള ജാഗ്രത നിറഞ്ഞ ആഘോഷങ്ങള്‍ക്കാണിന്ന് പ്രസക്തിയുള്ളത്. ഇസ്ലാമിന്റെ അധ്യാപനങ്ങളും ഈ രൂപത്തില്‍തന്നെയാണ്. ഇതെല്ലാം ഉള്‍കൊണ്ടും, ശ്രദ്ധിച്ചുകൊണ്ടും ആഘോഷിക്കാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.  
പെരുന്നാള്‍ പോലെയുള്ള ഒരു ആഘോഷം നന്മകളുടെയും പുണ്യങ്ങളുടെയും വലയത്തിനുള്ളില്‍ നിര്‍ത്തപ്പെട്ടിരിക്കുന്നത് ആഭാസമാവാതെ ആഘോഷിക്കാനുള്ള പരിശീലനം നല്‍കുവാനായിരിക്കാമെന്ന് നമുക്ക് ഗ്രഹിക്കാം. അത്തരത്തില്‍ പെരുന്നാളിനെ' അല്ലാഹു അക്ബര്‍' എന്ന സന്ദേശത്തിന്റെ പുളകത്തിലായി നമുക്ക് ഗൗരവത്തോടെയും സന്തോഷത്തോടെയും ആഘോഷിക്കാം.... അല്ലാഹു അക്ബര്‍.



| മുഹമ്മദ് ഫാഇസ് കെ. വള്ളിക്കാപ്പറ്റ |

'ഫിത്ര്‍ സകാത്ത് നോമ്പുകാരനെ റമളാനില്‍ വന്നു ചേര്‍ന്ന എല്ലാവിധ ന്യൂനതയില്‍ നിന്നും വീഴ്ചയില്‍ നിന്നും ശുദ്ധീകരിക്കുന്നതാണ്' (അബൂ ദാവൂദ്)
   
ഫിത്ര്‍ സകാതിന്റെ പ്രധാന്യത്തെ  അറിയിക്കുന്ന നബി വചനമാണ് മുകളില്‍ ഉദ്ധരിച്ചത്. നിസ്‌കാരത്തില്‍ മറവി സംഭവിച്ചതിനുള്ള സഹ്വിന്റെ സുജൂദ് പോലെതന്നെയാണ് നോമ്പില്‍ ഫിത്ര്‍ സകാത്. അവ നോമ്പിന്റെ കുറവുകളും പോരായ്മകളും പരിഹരിക്കുമെന്ന് ഇമാം ശാഫി (റ)ന്റെ ഗുരുവായ ഇമാം വഖിഹ് (റ) പറഞ്ഞിട്ടുണ്ട്. റമദാനിലെ ഏറ്റവും അവസാനത്തെയും ശവ്വാലിലെ ഏറ്റവും ആദ്യത്തെയും നിമിഷങ്ങളില്‍ ജീവിച്ചിരിപ്പുള്ള വ്യക്തിയില്‍ നിര്‍ബന്ധമാവുന്നതാണ് ഫിത്വര്‍ സകാത്. അതിനാല്‍ റമളാന്‍ അവസാനത്തോടെ ജനിച്ച കുഞ്ഞിനും ശവ്വാല്‍ ആദ്യത്തോടെ മരണപ്പെട്ട വ്യക്തിക്കും ഫിത്വ്ര്‍ നല്‍കപ്പെടണം.

ഒരാള്‍ക്ക് സ്വന്തം ശരീരത്തിനും, താന്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായവര്‍ക്ക് വേണ്ടിയും ഫിത്ര്‍ സകാത് നല്‍കല്‍ നിര്‍ബന്ധമാവും. പെരുന്നാള്‍ ദിവസത്തിലെ രാത്രിയിലേയും പകലിലേയും ഭക്ഷണം വസ്ത്രം, പാര്‍പ്പിടം, സ്വന്തം കടം എന്നിവ കഴിച്ച് ബാക്കിയുണ്ടെങ്കില്‍ ഫിത്ര്‍ സക്കാത്ത് എല്ലാവരുടെയും മേല്‍ നിര്‍ബന്ധമാവും. അനുയോജ്യമായ തൊഴില്‍ ചെയ്‌തെങ്കിലും പണം സമ്പാദിക്കാന്‍ കഴിയുന്ന ഒരാള്‍ ഭാര്യക്ക് (ഒന്നിലധികമുണ്ടെങ്കിലും) അതാത് ദിവസത്തേക്ക് ആവശ്യമായ ഭക്ഷണത്തിനും വസ്ത്രങ്ങള്‍ക്കും ചെലവ് ചെയ്യല്‍ നിര്‍ബന്ധമാണ്. ശേഷം മിച്ചമുണ്ടെങ്കില്‍ മാതാപിതാക്കള്‍, മക്കള്‍, പേരമക്കള്‍ എന്നിവര്‍ക്കെല്ലാം (അവര്‍ക്ക് സാധിക്കില്ലെങ്കില്‍) ചെലവ് കൊടുക്കല്‍ നിര്‍ബന്ധമാണ്. പ്രായപൂര്‍ത്തിയായ മക്കള്‍ക്ക് അനുയോജ്യമായ ജോലി ഉണ്ടായിട്ടും ആ ജോലി ചെയ്യാതിരിക്കുകയാണെങ്കില്‍ അവര്‍ക്ക് ചെലവ് കൊടുക്കേണ്ടതില്ല. പിന്നെ മാതാവിന്റേയോ മകന്റേയോ കല്യാണം കഴിഞ്ഞാല്‍ അവര്‍ക്കും ചെലവ് കൊടുക്കേണ്ടതില്ല. പ്രായപൂര്‍ത്തിയായ മക്കളുടെ ഫിത്ര്‍ സകാത് പിതാവ് നല്‍കേണ്ടതില്ല. മറിച്ച് അവരുടെ സമ്മതം ഉണ്ടെങ്കില്‍ പിതാവ് നല്‍കിയാല്‍ സ്വീകാര്യമാവും. അപ്രകാരം തന്നെ സാമ്പത്തികശേഷിയുള്ള ചെറിയ കുട്ടിയുടെ ഫിത്വ്ര്‍ സകത്തും പിതാവ് നല്‍കേണ്ടതില്ല. നല്‍കിയാല്‍ ശരിയാകും. പിതാവിന്റെയോ, പിതാവിന്റെ പിതാവിന്റെയോ സമ്പത്തില്‍ നിന്നാണ് ആ കുട്ടിയുടെ ഫിത്ര്‍ സകാത്ത് നല്‍കുന്നെതെങ്കില്‍ ആ കുട്ടിയുടെ പേരില്‍ കൊടുക്കുമ്പോള്‍ കുട്ടിയുടെ സമ്പത്തില്‍ നിന്ന് എടുക്കും എന്ന് കരുതിയാല്‍ പിന്നെ അവന്റെ സമ്പത്തില്‍ നിന്ന് എടുക്കാവുന്നതാണ്. കരുതല്‍  നിര്‍ബന്ധം ഇല്ല. കരുതിയിട്ടില്ലെങ്കില്‍ കുട്ടിയുടെ സമ്പത്തില്‍ നിന്ന് എടുക്കാന്‍ പാടില്ലെന്ന് മാത്രം. ഭാര്യ എത്ര സമ്പന്ന ആണെങ്കിലും അവളുടെ ഫിത്വ്ര്‍ സകാത് ഭര്‍ത്താവ് നല്‍കണം. എന്നാല്‍ അത്തരം ഭാര്യമാരുടെ ഭര്‍ത്താക്കന്മാര്‍ക്ക് സമ്പത്തില്ലെങ്കില്‍ അവളുടെ ഫിത്ര്‍ സകാത്ത് അവള്‍ തന്നെ കൊടുക്കല്‍ സുന്നത്താണ്. മാത്രമല്ല, അമുസ്ലിമായ മാതാപിതാക്കളുടെ ഫിത്ര്‍ സക്കാത്ത് മക്കള്‍ നല്‍കേണ്ടതില്ല .എന്നാല്‍ ജാരസന്തതികള്‍ക്ക് ഫിത്വര്‍ സകാത് കൊടുക്കണം.അത് അവരുടെ മാതാവാണ് നല്‍കേണ്ടത്.

നല്‍കേണ്ട സമയം

റമളാന്‍ ഒന്നു മുതല്‍ തന്നെ ഫിത്ര്‍ സകാത് നല്‍കല്‍ അനുവദനീയമാണ്. ശവ്വാല്‍ പിറവി കണ്ടതുമുതല്‍ പെരുന്നാള്‍ നിസ്‌കാരത്തിന് പോവുന്നത് വരെയാണ് ഏറ്റവും ശ്രേഷ്ഠമായ (അഫ്‌ളല്‍) സമയം. അത്യാവശ്യമായ കുടുംബക്കാര്‍ വരാനുണ്ടെങ്കില്‍ അവരെ പ്രതീക്ഷിക്കുന്നതില്‍ കുഴപ്പമില്ല. അകാരണമായി പെരുന്നാള്‍ നിസ്‌കാരത്തിന് ശേഷം ഫിത്ര്‍ സകാത് പിന്തിപ്പിക്കല്‍ കറാഹത്താണ്. പെരുന്നാള്‍ ദിവസത്തെ സൂര്യാസ്തമയത്തിനു ശേഷം അതിനെ അല്‍പം പോലും കാരണം കൂടാതെ പിന്തിപ്പിക്കല്‍ ഹറാമാണ്. പെട്ടെന്ന് ഖളാ വീട്ടല്‍ നിര്‍ബന്ധമാവും. ഷാഫിഈ മദ്ഹബ് അനുസരിച്ചാണിത് (ഫത്ഹുല്‍ മുഈന്‍ -171-172). 

ഫിത്ര്‍ സകാതില്‍ പരിഗണനീയ വസ്തു

ആ നാട്ടിലുള്ള സര്‍വ്വസാധാരണയായി ഉപയോഗിക്കുന്ന മുഖ്യഭക്ഷ്യ ധാന്യമാണ് നല്‍കേണ്ടത്. സകാത് നിര്‍ബന്ധമാവുന്ന സമയത്ത് അവന്‍ നിലകൊള്ളുന്ന സ്ഥലത്താണ് സകാത് നല്‍കേണ്ടത്. ഓരോരുത്തര്‍ക്കും ഓരോ صاع (നാലുമുദ്ദുകള്‍) അഥവാ 3.200 ലിറ്റര്‍ തോതിലാണ് നല്‍കേണ്ടത്. അരിയില്‍ തൂക്കവും അളവും വിത്യാസം ഉണ്ടാകും. അത് ശ്രദ്ധിക്കണം. ധാന്യങ്ങളില്‍ അളവ് വ്യത്യാസപ്പെടുന്നതിനാല്‍ സൂക്ഷ്മത മാനിച്ച് മൂന്നു കിലോ കൊടുക്കലാണ് നല്ലത് (ഫത്ഹുല്‍ മുഈന്‍ -172).

ഫിത്ര്‍ സകാതിന്റെ ഫര്‍ളുകള്‍ രണ്ട്:

1) നിയ്യത്ത്

ഈ ധാന്യം എന്റെ ഫിത്ര്‍ സകാതാകുന്നു എന്ന് അതിനെ മാറ്റി വെക്കുന്ന സമയത്തോ അവകാശികള്‍ക്ക് നല്‍കുന്ന സമയത്തോ നിയ്യത് കരുതുക. ഫിത്ര്‍ സകാത് വീട്ടിയ ശേഷം നാഥാ 'ഞങ്ങളില്‍ നിന്നും സ്വീകരിക്കേണമേ... നിശ്ചയം നീ കേള്‍ക്കുന്നവനും കാണുന്നവനും അറിയുന്നവനുമാണ്' എന്ന് ദുആ ചെയ്യല്‍ സുന്നത്താണ്.

2) അവകാശികള്‍ക്ക് നല്‍കല്‍

ഫിത്ര്‍ സകാതും നല്‍കേണ്ടത് ഖുര്‍ആനില്‍ പറയപ്പെട്ട സകാതിന്റെ എട്ട് അവകാശികള്‍ക്ക് തന്നെയാണ്. 
1. ഫക്കീര്‍ (വരുമാന ചെലവിന് പകുതിയില്‍ എത്താത്തവര്‍)

2. മിസ്‌കിന്‍ (വരുമാന ചെലവിന് പകുതിയില്‍ ഉള്ളവന്‍)

3. സകാതിന്റെ ഉദ്യോഗസ്ഥര്‍ (ഇസ്‌ലാമിക ഭരണം ആണെങ്കില്‍) സകാത് പിരിച്ചെടുക്കുന്നവര്‍,  കണക്ക് എഴുതുന്നവര്‍, പിരിച്ചെടുത്തത്  സംഭരിക്കുന്നവര്‍, അത് വീതിച്ച് വിതരണം ചെയ്യുന്നവര്‍...

4. പുതു വിശ്വാസി - ഇസ്‌ലാമില്‍ ആകൃഷ്ടരായ അമുസ്‌ലിമീങ്ങള്‍ക്ക് അവര്‍ മുസ്‌ലിം ആവുന്നതിനു മുമ്പ് സകാത്ത് നല്‍കാന്‍ പാടില്ല. മുസ്‌ലിം  ആയി കഴിഞ്ഞാല്‍ അവര്‍ ആ സകാത്തിന് അര്‍ഹരാണ്. അവരുടെ ഇസ്‌ലാം മെച്ചപ്പെടുമെന്നോ അല്ലെങ്കില്‍ അവരെ പോലെയുള്ളവര്‍ ഇസ്‌ലാം സ്വീകരിക്കുമെന്നോ പ്രതീക്ഷിക്കപ്പെടും എന്നതിനാലാണ് ഇവര്‍ അവകാശികളായത്.

5. മോചനപ്പത്രം എഴുതപ്പെട്ട അടിമ

6. കടം കൊണ്ട് വലഞ്ഞവന്‍

7. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നവന്‍ - അല്ലാഹുവിന്റെ തൃപ്തി കാംക്ഷിച്ചുകൊണ്ട് യുദ്ധത്തിന് സദാ സന്നദ്ധനായി പ്രവര്‍ത്തിക്കുന്നവര്‍. അവര്‍ ധനികരായാലും ശരി.

8. യാത്രക്കാരന്‍
(തൗബ -60)

ഈ എട്ടു വിഭാഗത്തെയും ഉള്‍പ്പെടുത്തി നല്‍കുന്നതാണ് നല്ലത്. ഇവരില്‍ ചിലര്‍ക്ക് നല്‍കിയാല്‍ മതിയാവും എന്ന് അഭിപ്രായമുണ്ട്. അവകാശികള്‍ ഏതെങ്കിലും ഒരു വിഭാഗത്തില്‍ നിന്ന് മൂന്ന് വ്യക്തികള്‍ക്ക് കൊടുത്താല്‍ മതിയാകും എന്നാണ് ശാഫി മദ്ഹബിലെ പ്രമുഖ പണ്ഡിതന്മാരുടെ അഭിപ്രായം. 

നല്‍കേണ്ട സ്ഥലം

പെരുന്നാള്‍ രാവിന്റെ സൂര്യന്‍ അസ്തമിക്കുന്ന സമയത്ത് ഒരു വ്യക്തി ഏത് നാട്ടിലാണോ അവിടെയാണ് അവന്റെ ഫിത്ര്‍ സകാത്ത്  കൊടുക്കേണ്ടത് എന്നതാണ് പ്രബലമായ അഭിപ്രായം. സകാതിന് അര്‍ഹരായ ആളുകള്‍ ഇല്ലെങ്കില്‍ തൊട്ടടുത്ത പ്രദേശത്തെ അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കണം.

ഫിത്ര്‍ സകാത്ത് വിതരണത്തിന് പ്രവാചകര്‍ സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങള്‍ പഠിപ്പിച്ച മൂന്ന് മാര്‍ഗ്ഗങ്ങളുണ്ട്.

1. ദാതാവ് അവകാശികള്‍ക്ക് നേരിട്ട് കൊടുക്കുക
2. ഇസ്‌ലാമിക ഭരണാധികാരിയെ (ഇമാമിനെ) ഏല്‍പ്പിക്കുക
3. മറ്റൊരു വ്യക്തിയെ വക്കാലത്ത് ആക്കുക. 

സക്കാത് വാങ്ങാന്‍ അര്‍ഹരായവര്‍ വരെ ഒരു പക്ഷേ നല്‍കാനും നിര്‍ബന്ധമായവര്‍ ആയേക്കാം. അവര്‍ക്കും ഫിത്ര്‍ സകാത് വാങ്ങാം. ദരിദ്രരാണെങ്കില്‍ തന്നെയും റമദാനില്‍ സ്വദഖയും സകാതുമായി ലഭിച്ച് സാമ്പത്തികം ഉണ്ടെങ്കില്‍ അവര്‍ക്കും ഫിത്വ്ര്‍ സകാത് നിര്‍ബന്ധമാകുന്നതാണ്.
അടിസ്ഥാന കര്‍മ്മങ്ങളെ അതിന്റെ മൂല്യവും, മഹത്വവും മനസിലാക്കി മുറപോലെ നിറവേറ്റാന്‍ നാഥന്‍ തൗഫീഖ് നല്‍കട്ടെ
             
മുഖ്യഅവലംബം :ഫത്ഹുല്‍ മുഈന്‍



| സയ്യിദ് തസ്ഹീല്‍ എന്‍.വി.എസ് താഴെക്കോട് |

ധിക്കാരിയും അഹങ്കാരിയുമായ മനുഷ്യന്റെ അവസ്ഥ വിചിത്രം തന്നെ! താനാണ് എല്ലാം നിയന്ത്രിക്കുന്നതെന്നും തനിക്ക് മുകളില്‍ ആരുമില്ലെന്നും, ശാസ്ത്രീയജ്ഞാനങ്ങള്‍ക്കപ്പുറം ഒന്നുമില്ലായെന്നും കൊട്ടിഘോഷത്തോടെ പറയുന്ന മനുഷ്യന് രോഗങ്ങള്‍ മാത്രം നല്‍കുന്ന ഏറ്റവും ചെറിയ സന്ദേശം... മനുഷ്യാ നീ എത്ര ബലഹീനന്‍ എന്നാണ്.  എന്നിട്ടും അവന്‍ തന്റെ ദുര്‍ബലതയെ  മനസ്സിലാക്കാത്തതെന്ത്? എല്ലാം തന്റെയും ടെക്നോളജിയുടെയും നിയന്ത്രണത്തിലാണെന്നുള്ള  അഹങ്കാര ഭാഷ്യം കാണിക്കുന്ന മനുഷ്യന് എന്താണിവിടെ നിയന്ത്രണത്തിലുള്ളത്? തന്റെ  ശരീരത്തിലുള്ള ഏതെങ്കിലും വ്യവസ്ഥയില്‍ അവനു സ്വാധീനമുണ്ടോ?  നിയന്ത്രണമുണ്ടോ?.. ഇല്ല 
മനുഷ്യര്‍ ഇത്രമാത്രം ദുര്‍ബലരാണെന്നുള്ള സത്യം ഒരിക്കല്‍കൂടി ബോധ്യപ്പെടുത്തിക്കൊണ്ട് കൊറോണ വൈറസ് അതിന്റെ സംഹാരതാണ്ഡവം തുടരുകയാണ്.

ശാസ്ത്രം പുരോഗതിയുടെ അത്യുന്നതയിലേക്ക് കുതിക്കുകയാണെന്നത് ശരിയാണ്. എന്നാല്‍ എല്ലാം മനുഷ്യ യുക്തിയുടെയും ശക്തിയുടെയും നിയന്ത്രണത്തിലാണെന്ന ചിന്ത അതിരുവിട്ട അഹങ്കാരമാണ്. നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാനാകാത്ത ഈ വൈറസ് എങ്ങനെ ഉത്ഭവിച്ചു എന്ന കാര്യം ഇപ്പോഴും അവ്യക്തമാണ്.
ഏതായിരുന്നാലും വല്ലാത്തൊരനുഭവമാണിത്! അങ്ങാടിയില്‍ ജനങ്ങളെ കാണാനില്ല! എല്ലാവരും വീടുകളില്‍ അടങ്ങിയിരിക്കുന്നു, ആരാധനാലയങ്ങള്‍ക്ക് താഴിട്ടിരിക്കുന്നു. വാഹനങ്ങളില്ല, എല്ലാ ഗതാഗത മാര്‍ഗങ്ങളും  നിര്‍ത്തിവചിരിക്കുന്നു. 130 കോടി ജനങ്ങളുള്ള  രാജ്യം വിജനമായതു പോലെ. പതിനായിരങ്ങള്‍ ത്വവാഫ് ചെയ്തിരുന്ന മസ്ജിദുല്‍ ഹറാം ശൂന്യം! ജുമുഅക്ക് പകരമായി ളുഹര്‍ നമസ്‌കരിക്കുന്നു. അങ്ങനെ ജീവിതത്തിലെ അത്യപൂര്‍വ അനുഭവങ്ങള്‍...

ഇത്തരമൊരു സന്ദര്‍ഭത്തില്‍ വിശ്വാസി അവന്റെ ജീവിതത്തെ വളരെ സൂക്ഷ്മമായി ചിട്ടപ്പെടുത്തേണ്ടതുണ്ട്. 

ക്ഷമയിലൂടെ പരീക്ഷണങ്ങളില്‍ പ്രതിഫലം നേടാം

പരീക്ഷണങ്ങളിലൂടെയാണ് മനുഷ്യജീവിതം മുന്നോട്ട് പോകുന്നത്. വിശ്വാസവും ഭയഭക്തിയും ഉണ്ടായി എന്ന കാരണം കൊണ്ട്  പരീക്ഷണങ്ങള്‍ക്ക് വിധേയരാവില്ലായെന്ന ധാരണ തെറ്റാണ്. മറിച്ച് ഒരാളുടെ വിശ്വാസ ദാര്‍ഢ്യത അവന്റെ പരീക്ഷണങ്ങളെ വര്‍ദ്ധിപ്പിക്കുകയും, ദീനീ പ്രതിബദ്ധതയിലും വിശ്വാസത്തിലുമുള്ള കുറവ് പരീക്ഷണങ്ങളിലൂടെ ലഘൂകരിക്കുകയുമാണ് ചെയ്യുന്നത്. ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളില്‍, ക്ഷമ കൈക്കൊള്ളാനാണ് വിശ്വാസിയോട് അല്ലാഹു കല്‍പ്പിച്ചിരിക്കുന്നത്. ക്ഷമ പ്രതിസന്ധികളില്‍ നിന്നും പരീക്ഷണങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള താക്കോലാണ്.

ക്ഷമയുടെ പ്രാധാന്യവും, അത്യുന്നത സ്ഥാനവും മുന്‍നിര്‍ത്തി ഖുര്‍ആനില്‍ തൊണ്ണൂറോളം സ്ഥലങ്ങളില്‍ പരാമര്‍ശമുണ്ട്. സൂറത്തുല്‍ ബഖറയില്‍ പറയുന്നതിങ്ങനെയാണ് ''സത്യവിശ്വാസികളെ, നിങ്ങള്‍ ക്ഷമയും നിസ്‌കാരവും കൈമുതലാക്കി അല്ലാഹുവിനോട് സഹായം തേടുക. തീര്‍ച്ചയായും അല്ലാഹു ക്ഷമിക്കുന്നവരോട് കൂടെയാകുന്നു.'

ദു:ഖവേളകളിലും പരീക്ഷണ സന്ദര്‍ഭങ്ങളിലും ക്ഷമ മുറുകെ പിടിച്ച് അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിക്കുന്നവര്‍ക്കേ ആ സൗഭാഗ്യം ലഭിക്കുകയുള്ളു. ഖുര്‍ആന്‍ പറഞ്ഞു തരുന്നതും അതാണ്. 'ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും, അത്തരം സന്ദര്‍ഭങ്ങളില്‍ ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക. തങ്ങള്‍ക്ക് വല്ല ആപത്തും സംഭവിച്ചാല്‍ അവര്‍ പറയുന്നത്, 'ഞങ്ങള്‍ അല്ലാഹുവിന്റെ അധീനത്തിലാണ് അവനിലേക്ക് തന്നെ മടങ്ങേണ്ടവരുമാണ് എന്നായിരിക്കും'. അവര്‍ക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്,  അവരത്രെ സന്മാര്‍ഗം പ്രാപിച്ചവര്‍' (അല്‍ബഖറ 155).

ഉറച്ച മനസ്സോടെയും സ്ഥൈര്യത്തോടെയും ജീവിത സാഹചര്യങ്ങളെ നേരിടാന്‍ വിശ്വാസികള്‍ക്ക് സാധിക്കേണ്ടതുണ്ട്. അല്ലാഹുവില്‍ ഭരമേല്‍പ്പിച്ചും, അവനെ മുറുകെ പിടിച്ചും അവനിലുള്ള വിശ്വാസം സുദൃഢമാക്കിയും കരുത്തുറ്റവനായി നിലകൊള്ളണം വിശ്വാസി. രാത്രിക്ക് ശേഷം പകലും, പ്രയാസത്തോടൊപ്പം എളുപ്പവുമുണ്ട്.

അല്ലാഹുവിന്റെ തിരുദൂതന്‍ (സ്വ) ഇപ്രകാരം പറയുകയുണ്ടായി: 'വിശ്വാസിയുടെ കാര്യം അത്ഭുതം തന്നെ അവന്റെ എല്ലാ കാര്യങ്ങളും അവന് ഗുണം ചെയ്യുന്നു. ഒരു സത്യവിശ്വാസിക്കല്ലാതെ മറ്റൊരാള്‍ക്കും ഇത് ലഭിക്കുന്നില്ല . സുഖത്തിലും ദുഃഖത്തിലും ക്ഷമിക്കുകയും, നന്ദി ചെയ്യുകയും ചെയ്താല്‍  ഇഹലോകത്ത് മനസ്സമാധാനവും പരലോകത്ത് പുണ്യവുമാണ് വിശ്വാസിക്ക് ലഭിക്കുന്നത്.
എല്ലാത്തരം രോഗങ്ങളും ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം പരീക്ഷണങ്ങളാണ്. അത് ക്ഷമയോടെ നേരിട്ടാല്‍ വലിയ പ്രതിഫലമാണ് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നത്.

ഒരു അസുഖം വന്നത് കൊണ്ട് മാത്രം ആരും  മരിക്കണമെന്നില്ല. അല്ലാഹു നിശ്ചയിച്ച അവധി വരുമ്പോള്‍ മാത്രമേ മരണം സംഭവിക്കുകയുള്ളൂ എന്ന ഉറപ്പ് നമ്മുക്ക് ഉണ്ടാകണം. ഒരു അസുഖവും ഇല്ലാതെ ഒരു നിമിഷ നേരം കൊണ്ട് മരണത്തെ പുല്‍കിയ എത്രയോ സംഭവങ്ങള്‍  നാം കേട്ടിട്ടുണ്ട്. മരിച്ചുവെന്നു ഉറപ്പിച്ചടത്ത് നിന്നു ജീവിതത്തലേക്ക് തിരിച്ചു വന്നവരെയും നമുക്കറിയാം. 
അത് കൊണ്ട് തന്നെ രോഗത്തില്‍ പരിഭ്രാന്തരാവാതെ അതിനെ ക്ഷമയോടെ നേരിടുക. രോഗങ്ങള്‍ വിശ്വാസിയുടെ പാപങ്ങള്‍ പൊറുക്കുന്നതിനും അവന് പാരത്രിക ജീവിതത്തില്‍ ഉയര്‍ന്ന സ്ഥാനങ്ങള്‍ ലഭിക്കുന്നതിനും വഴി തുറക്കുമെന്ന് ഒട്ടേറെ ഹദീസുകളുമുണ്ട്. 'ഒരു വിശ്വാസിക്കുണ്ടാകുന്ന അസ്വസ്ഥത, രോഗം, ഉത്കണ്ഠ, ദുഃഖം, ആശങ്ക, വിഷമം തുടങ്ങി അവനേല്‍ക്കുന്നഒരു മുള്ളിന് പോലും പ്രതിഫലമായി അല്ലാഹു അവന്റെ പാപങ്ങള്‍ പൊറുത്തുകൊടുക്കും.'
(ബുഖാരി).

ക്ഷമയും ദൈവഭയവുമാണ് വിജയത്തിന്റെ താക്കോല്‍. തീര്‍ച്ചയായും അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ പ്രഭാതം പുലരും, എന്നാല്‍ ഇരുട്ട് നിറഞ്ഞ ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം മാത്രമാണ് പ്രഭാതോദയം ഉണ്ടാകുക. ക്ഷമയോടെ ജീവിതത്തെ നേരിടുന്നവനെ അല്ലാഹു അനുഗ്രഹിക്കുകയും അവന്റെ പാദങ്ങളെ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്യുന്നതാണ്.

പ്രാര്‍ത്ഥനയാണ് വിശ്വാസിയുടെ ആയുധം

ദുആ വിശ്വാസിയുടെ ആയുധമാണ്. ഐഹികവും പാരത്രികവുമായ വിഷമങ്ങളുടെ ദൂരീകരണത്തിന് വിശ്വസിയെ സംബന്ധിച്ചിടത്തോളം അല്ലാഹു കനിഞ്ഞു  നല്‍കിയ ആയുധമാണ് പ്രാര്‍ത്ഥന. പ്രാര്‍ത്ഥന ആരാധനയുടെ മജ്ജയാണ്. പ്രാര്‍ത്ഥന തന്നെയാണ് ആരാധനയെന്ന് പ്രവാചകാധ്യാപനങ്ങളില്‍ നിന്ന് മനസ്സിലാക്കാം. മനുഷ്യന്‍ അല്ലാഹു അല്ലാത്തവരില്‍ നിന്ന് എല്ലാ പ്രതീക്ഷകളും വെടിഞ്ഞ്, അവനെ മാത്രം വിളിക്കുന്ന പ്രവര്‍ത്തനമാണ് പ്രാര്‍ത്ഥന. അതുകൊണ്ടു തന്നെ സത്യവിശ്വാസിയുടെ മനസ്സ് എപ്പോഴും പ്രാര്‍ത്ഥനാ നിര്‍ഭരമായിരിക്കണം. പ്രാര്‍ത്ഥനകള്‍ അവന്റെ  അധരങ്ങളിലൂടെ ഒഴുകണം. അത് അവന്റെ ജീവിതത്തെ  ധന്യമാക്കുന്നു. എത്ര വലിയ ധനികനും ആരോഗ്യവാനും പ്രതാപിയുമായാലും താന്‍ സ്വയംപര്യാപ്തനല്ലെന്നും താന്‍ കാണാത്ത ഒരു കേന്ദ്രത്തില്‍ നിന്ന് തനിക്ക് സഹായം ലഭിച്ചുകൊണ്ടിരിക്കുന്നു വെന്നും മനുഷ്യന്‍ ചിന്തിക്കണം.

അല്ലാഹുവില്‍ എന്നും ആശ്രയം പ്രതീക്ഷിച്ച് ജീവിക്കുന്ന ഒരാളില്‍, അവനില്‍ ഭരമേല്‍പിക്കാനുള്ള മനഃസ്ഥിതിയുണ്ടാക്കുന്നത് പ്രാര്‍ത്ഥനയാണ്. അല്ലാഹുവില്‍ മാത്രം അവലംബിക്കാനുള്ള ഹൃദയത്തിന്റെ ആശ്രിതഭാവമാണ് തവക്കുലിന്റെ രഹസ്യം. അത് ഏറെ പ്രകടമാകുന്നത് പ്രാര്‍ത്ഥനയിലൂടെയാണ്. എന്തുകൊണ്ടെന്നാല്‍, ഒരാള്‍ പ്രാര്‍ത്ഥനാവേളയില്‍ അല്ലാഹുവില്‍ നിന്നു സകല സഹായങ്ങളും തേടുകയാണ്. തന്റെ സര്‍വ പ്രശ്നങ്ങളും മറ്റൊരാളെയും ആശ്രയിക്കാതെ അവനില്‍ മാത്രം ഏല്‍പിക്കുകയാണ്. തന്റെ ആവശ്യങ്ങളും ആവലാതികളും റബ്ബിന്റെ മുന്നിലവതരിപ്പിക്കുമ്പോള്‍ അവയൊന്നുംതന്നെ പരിഗണിക്കപ്പെടാതെ പോകുന്നില്ലെന്ന ബോധം അവരിലുണ്ടാക്കുന്നത് പ്രതീക്ഷ മാത്രമാണ്. പ്രാര്‍ത്ഥനകള്‍ക്കുള്ള ഫലം അല്ലാഹുവിന്റെ അനുഗ്രഹമായി ഐഹിക ലോകത്തോ പാരത്രിക ലോകത്തോ ലഭിക്കുന്നതാണെന്ന പ്രവാചക വചനങ്ങള്‍ അല്ലാഹുവുമായുള്ള നിരന്തരബന്ധത്തിന് പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്.

പ്രവാചകന്‍ (സല്ലല്ലാഹുഅലൈഹി വസ്സല്ലം) ഇങ്ങനെ  പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു: 'അള്ളാഹുവേ, വെള്ളപ്പാണ്ട്, കുഷ്ഠം, ഭ്രാന്ത് മറ്റു മോശമായ രോഗങ്ങളില്‍ നിന്നു ഞാന്‍ നിന്നില്‍ അഭയം തേടുന്നു.' (അബൂദാവൂദ്).
'പ്രാര്‍ത്ഥനയല്ലാതെ മറ്റൊന്നും ദൈവിക വിധിയില്‍ മാറ്റം വരുത്തുകയില്ല.' (തിര്‍മിദി) എന്ന പ്രവാചക വചനവും ഇവിടെ പ്രസക്തമാണ്. 
ഒരു വിശ്വാസിയെ എപ്പോഴും നയിക്കുന്നത് ഇബ്രാഹിം നബിയുടെ വാക്കുകളാകട്ടെ, 
'അവന്‍ എന്നെ സൃഷ്ടിക്കുകയും എന്നിട്ട് എന്നെ നേര്‍വഴിയിലാക്കുകയും ചെയ്തിരിക്കുന്നു. അവന്‍ എനിക്ക് ആഹാരവും പാനീയവും നല്‍കുകയും, രോഗം ബാധിച്ചാല്‍ സുഖപ്പെടുത്തുകയും, എന്നെ മരണപ്പെടുത്തുകയും അനന്തരം ജീവിപ്പിക്കുകയും ചെയ്യുന്നു. 

സത്യവിശ്വാസികള്‍ എല്ലായ്‌പ്പോഴും എല്ലാ കാര്യങ്ങളും അല്ലാഹുവിനോട് ചോദിച്ചു കൊണ്ടേയിരിക്കണം. തന്റെ അടിമ കൈകള്‍ ഉയര്‍ത്തി വിനയാന്വിതനായി വിളിച്ച് തേടുന്നത് അല്ലാഹുവിന് ഏറെ ഇഷ്ടമുള്ള കാര്യമാണ്. അത്കൊണ്ട്തന്നെ 
നമുക്ക് ഒരു ആവശ്യമോ പ്രയാസമോ വന്നാല്‍ ആദ്യം അത് അല്ലാഹുവിനോട് പറഞ്ഞ് പരിഹാരം അര്‍ത്ഥിക്കുന്ന ഒരു സ്വഭാവം നാം നേടിയെടുക്കേണ്ടതുണ്ട്. അള്ളാഹു തൗഫീഖ് നല്‍കട്ടെ.....

അഹങ്കാരവും ധിക്കാരവും ദൂരെയെറിഞ്ഞ് സ്രഷ്ടാവിന്റെ മുമ്പില്‍ നമ്രശിരസ്‌കരാവുക മാത്രമേ പരിഹാരമുള്ളൂ. പാപങ്ങള്‍ക്ക് പശ്ചാത്തപിക്കുക. സല്‍കര്‍മങ്ങള്‍ കൂടുതലായി ചെയ്യുക. ആരാധനാകര്‍മങ്ങളില്‍ കൂടുതല്‍ ആത്മാര്‍ഥത കാണിക്കുക. പ്രവാചകന്‍ പഠിപ്പിച്ച പ്രാര്‍ഥനകളും ദിക്റുകളും ധാരാളമായി ആവര്‍ത്തിക്കുക. ബന്ധങ്ങള്‍ നന്നാക്കുക. അയല്‍പക്കബന്ധം, സുഹൃദ്ബന്ധം, കുടുംബബന്ധം എല്ലാം നന്നാക്കുവാന്‍ ആത്മാര്‍ഥമായി പരിശ്രമിക്കുക. ദാനധര്‍മങ്ങള്‍ വര്‍ധിപ്പിക്കുക.

മൂല്യങ്ങളിലേക്ക് മടങ്ങിയെത്താനും, പ്രപഞ്ച നാഥനെ ഉള്‍ക്കൊള്ളാനും, മനസ്സിലാക്കാനും നാഥന്‍ തൗഫീഖ് നല്‍കട്ടെ...



| അലി പി കരിപ്പൂര്‍ |

അല്ലാഹുവിന്റെ പക്കല്‍ സ്വീകാര്യമായ മതമാണ് ഇസ്‌ലാം. പരിശുദ്ധ മതത്തെ ചെറുക്കാന്‍ ആള്‍ബലം കൊണ്ട് കഴിയുമെന്ന് മന:കോട്ട കെട്ടിയ കുഫ്‌റിന്റെ കോട്ടയെ അത്മീയതയുടെ ഉരുക്കുകോട്ട കെട്ടി തടുത്തുനിര്‍ത്തിയ മഹിതമായ ചരിത്രമാണ് ബദ്‌റില്‍ നടന്ന പോരാട്ടം. ഹിജ്‌റ രണ്ടാം വര്‍ഷം റമളാന്‍ 17 വെള്ളിയാഴ്ചയായിരുന്നു അത്. വാള്‍മുനകൊണ്ട് പ്രചരിച്ച മതമല്ല ഇസ്‌ലാം പക്ഷെ, അക്രമിക്കാനായി ഇറങ്ങി പുറപ്പെട്ടവര്‍ക്കു മുമ്പില്‍ മുട്ട് മടക്കാന്‍ തങ്ങള്‍ ഒരുക്കമല്ലെന്ന് തെളിയിച്ചിട്ടുണ്ട്. അതായിരുന്നു ബദ്ര്‍. യുദ്ധത്തിന്റെ കഥയല്ല, അതിജീവനത്തിന്റെയും ഈമാനിക ശക്തിയുടെയും ഒപ്പം അതിരറ്റ പ്രവാചക സ്‌നേഹത്തിന്റെയും സംഘശക്തിയുടേയും പാഠങ്ങളാണ് ബദ്ര്‍ നല്‍കുന്നത്.

പുണ്യനബി(സ്വ)യുടെ പ്രവാചകത്വം മുതല്‍ ഉഗ്രശത്രുക്കളായി മാറിയ ഖുറൈശികളുടെ മര്‍ദ്ദനങ്ങള്‍ സഹിക്കവയ്യാതെയാണ് മദീനയിലേക്ക് ഹിജ്‌റ പോയത്. അബ്ദുറഹ്മാന്‍ ബിന്‍ ഔഫ്(റ)നെ പോലോത്ത പ്രമുഖര്‍ പോലും പ്രതികാരത്തിന് അനുമതി തേടിയപ്പോഴും ക്ഷമകൊണ്ട് കല്‍പിക്കുകയായിരുന്നു പുണ്യ നബി(സ്വ).

ഒടുവില്‍ മദീനയിലേക്ക് ഹിജ്‌റ പോയി. അവിടെ ഇസ്‌ലാം അതിവേഗം വളരുന്നുവെന്നറിഞ്ഞ മക്കാ മുശ്‌രിക്കുകള്‍ അക്രമിക്കാനായി അങ്ങോട്ട് പുറപ്പെട്ടു. ഇനിയും മൗനമായാല്‍ നിലനില്‍പ്പിനെ ബാധിക്കും എന്ന ഘട്ടമെത്തി. തദവസരത്തിലാണ് യുദ്ധത്തിന് അനുമതി നല്‍കപ്പെടുന്നത്.

പോരാട്ടത്തിന്റെ പശ്ചാത്തലവും മുസ്‌ലിമീങ്ങളുടെ അവസ്ഥയും പരിശോധിക്കുമ്പോള്‍ ബദ്‌റിന്റെ മഹാത്മ്യം വര്‍ദ്ധിക്കുകയും ഇസ്‌ലാം യുദ്ധം കൊണ്ട് പ്രചരിച്ചതോ അതിനെ പ്രത്സാഹിപ്പിക്കുന്ന മതമോ അല്ലെന്ന് വ്യക്തമാവും.

യുദ്ധത്തിന്റെ പശ്ചാത്തലം 

മദീനയിലേക്ക് ഹിജ്‌റ പോയ നബി(സ്വ)യും സ്വഹാബത്തും മക്കയില്‍ ബാക്കിവച്ച സമ്പത്ത് കൊള്ളയടിച്ച് ശാമിലേക്ക് കച്ചവടത്തിന് പുറപ്പെട്ടിരിക്കുകയാണ് അബൂസുഫ്‌യാനും കൂട്ടരും. ഇതു തടയാനാണ് നബി(സ്വ)യും സ്വഹാബത്തും പുറപ്പെട്ടത്. തങ്ങളുടെ സമ്പത്ത് കൊള്ളയടിച്ചുവെന്നതിനാലും കച്ചവടം മുഖേന ലഭിക്കുന്ന വന്‍ലാഭം ഉപയോഗിച്ച് ശത്രുക്കള്‍ മര്‍ദ്ധന മുറകള്‍ മദീനയിലേക്ക് അഴിച്ചുവിടുമെന്നതിനാലും ഈ സംഘത്തെ തടയല്‍ ന്യായമായ ആവശ്യമായിരുന്നു. അല്ലാതെ ഒരു വിഭാഗത്തെ ദ്രോഹിക്കുക എന്ന ലക്ഷ്യമേ ഈ വരവിനില്ല. എന്നാല്‍ നബി(സ്വ)യുടെ വരവ് അറിഞ്ഞ സുഫ്‌യാനും കൂട്ടരും റൂട്ട് മാറ്റി കടല്‍ തീരം വഴി പോവുകയും മക്കക്കാരെ അറിയിക്കാനായി ളംളം എന്നയാളെ അയക്കുകയും ചെയ്തു. കച്ചവട സംഘത്തെ അക്രമിക്കാന്‍ നബി(സ്വ)യും സ്വഹാബത്തും വരുന്നുവെന്നാണ് അറിയിച്ചത്. ഇതറിഞ്ഞപ്പോള്‍ അബൂജഹലിന്റെ നേതൃത്വത്തില്‍ വന്‍ യദ്ധസന്നാഹമായി. പക്ഷെ യുദ്ധ സാഹചര്യം ഇല്ലാത്ത പക്ഷം പോവണ്ട എന്നതായിരുന്നു ചിലരുടെ നിലപാട്. അഹങ്കാരിയും യുദ്ധക്കൊതിയനുമായ അബൂജഹലിന്റെ നിര്‍ബന്ധമാണ് യുദ്ധത്തിലേക്ക് എത്തിച്ചത്. ഇന്നേരം നബി(സ്വ)യും സ്വഹാബത്തും ചര്‍ച്ചയിലായി. കച്ചവട സംഘത്തെ തടയാന്‍ പുറപ്പെട്ടത് യുദ്ധത്തെ അഭിമുഖീകരിക്കേണ്ട അവസ്ഥ വന്നിരിക്കുന്നു. ഇതില്‍ നിന്നും നമുക്ക് മനസ്സിലാക്കാം യുദ്ധത്തെ എത്രമാത്രം നബി(സ്വ) വെറുത്തിരുന്നുവെന്ന്. വേഗത്തില്‍ സിദ്ധീഖ്(റ) ഉമര്‍(റ) തുടങ്ങിയവര്‍ ഒരുക്കമാണെന്നറിയിച്ചു. വീണ്ടും നബി(സ്വ)യുടെ ചോദ്യം വന്നപ്പോള്‍ തങ്ങളെ ഉദ്ദേശിച്ചാണെന്ന് മനസ്സിലാക്കിയ സഅദ്ബ്‌നു മുആദ്(റ)(അന്‍സ്വാരികളുടെ നേതാവ്)'അല്ലാഹുവാണേ സത്യം അവിടുന്ന് ഒരു സമുദ്രം താണ്ടാന്‍ പറഞ്ഞാല്‍ അതിനും ഒരുക്കമാണ് ഞങ്ങള്‍' എന്ന തികഞ്ഞ സ്‌നേഹത്തിന്റെ മറുപടി നല്‍കുകയായിരുന്നു.

ഏറെ ക്ലേശകരമായിരുന്ന യാത്ര. രണ്ടും മൂന്നും പേര്‍ ഒരേ ഒട്ടകത്തിനു മുകളില്‍; അകെയുള്ളത് രണ്ട് കുതിര ഏറെ പേരും നഗ്നപാദരാണ്. ചിലര്‍ അര്‍ദ്ധനഗ്നര്‍ എഴുപത് ഒട്ടകങ്ങള്‍ മതിയായ വാളും പരിചയും ഇല്ല. മുന്നൂറ്റിപതിമൂന്ന് പേരാണുള്ളത് (മുന്നൂറ്റി അമ്പത് ആണെന്നും മൂന്നൂറ്റി പതിനാറാണെന്നും മറ്റും അഭിപ്രായമുണ്ട്). ഏറെ പേരും ഭക്ഷണം കിട്ടാതെ ക്ഷീണിതരാണ്. ശത്രപക്ഷം ആയിരത്തോളം വരുന്ന സംഘം അറുന്നൂറ് പടയങ്കി, നൂറ് കുതിര, കണക്കറ്റ ഒട്ടകങ്ങള്‍ തിളങ്ങുന്ന വാളുകളും നുരയുന്ന മദ്യങ്ങളും പാട്ടുപാടുന്ന നര്‍ത്തകികളുമടക്കം ആര്‍ഭാടത്തോടെയാണ് വരവ്. ഈ രണ്ടു കണക്കുകള്‍ മതി ആരാണ് യുദ്ധത്തിനൊരുമ്പട്ടതെന്ന് പഠിക്കാന്‍. 


പുണ്യ നബി(സ്വ)യുടെ പ്രാര്‍ത്ഥനയും വമ്പിച്ച വിജയവും

'എത്ര എത്ര ചെറിയ സംഘങ്ങളാണ് വലിയ സംഘങ്ങളെ പരാജയപ്പെടുത്തിയതെന്ന' ഖുര്‍ആനിക വചനം പോലെ ബദ്‌റ് ചരിത്രത്തില്‍ പുതിയ മുദ്ര പതിപ്പിച്ചു. ആള്‍ബലം കൊണ്ട് അഹങ്കരിച്ച മുശിരിക്കുകള്‍ക്ക് കനത്ത പരാജയം സമ്മാനിക്കുകയായിരുന്നു ബദ്ര്‍. ആദ്യം നടന്നത് ദ്വന്ദയുദ്ധവാണ്.

അന്‍സാറുകളില്‍പ്പെട്ട മൂന്ന് സ്വഹാബികള്‍ വീറോടെ എഴുന്നേള്‍ക്കവെ ഞങ്ങള്‍ മുഹാജിറുകളോടാണ് പോരാടുന്നത് എന്ന് പറഞ്ഞപ്പോള്‍ അലി(റ), ഹംസ(റ), അബൂ ഉബൈദ(റ) എന്നീ വില്ലാളി വീരന്മാരെ നബി(സ്വ) തന്നെ വിളിക്കുകയായിരുന്നു. ഇത്ബ, ശൈബാ, വലീദ് എന്നിവര്‍ ശത്രുക്കളില്‍ നിന്നും അവരാണ് ആദ്യം ഇറങ്ങിയത്.

ശത്രുക്കളോട് മുഖാമുഖം നില്‍ക്കുമ്പോള്‍ പോലും നബിയുടെ നിര്‍ദ്ദേശം ' നിങ്ങള്‍ നിങ്ങളുടെ ശത്രുക്കളെ കാണാന്‍ കൊതിക്കരുത്'എന്നായിരുന്നു.

ഞൊടിയിടയില്‍ തന്നെ അലി(റ) വലീദിനെയും ഹംസ(റ) ശൈബയെയും വകവരുത്തി. ചതിയിലൂടെ ഉബൈദ(റ)വിന്റെ കാലിന് വെട്ടിയ ഉത്ബയെ രണ്ടു പേരും കൂടി വകവരുത്തുകയും അബൂഉബൈദ(റ)വിനെ തിരുസന്നിധിയില്‍ എത്തിക്കുകയും ചെയ്തു.

പിന്നീട് പരസ്പരം കാണാന്‍ കഴിയാത്ത വിധം പൊടിപാറുന്ന, വാളുകള്‍ കൂട്ടി മുട്ടി, തീപാറുന്ന ചിത്രവും ശബ്ദവുമായിരുന്നു അന്തരീക്ഷത്തില്‍. ഈമാനിന്റെ വജ്ര തിളക്കമുള്ള ആയുധമണിഞ്ഞ മുഅ്മിനുകള്‍ തങ്ങളേക്കാള്‍ മൂന്നിരട്ടിയുള്ള എതിരാളികളെ ശക്തമായി നേരിട്ടു കൊണ്ടിരുന്നു. ആയുധം പോയിട്ട് ശരിയായി വസ്ത്രം പോലുമില്ലാത്ത സ്വഹാബത്തിന്റെ ഖല്‍ബില്‍ തിളച്ച് പൊന്തിയ ഈമാനികാവേഷം കുഫ്‌റിന്റെ കറുപ്പുകളെ തകര്‍ത്തെറിഞ്ഞു. ശത്രുക്കള്‍ ചിതറിയോടി. പ്രമുഖര്‍ നിലം പൊത്തി.

ഇന്നേരത്തൊക്കെയും മുത്ത്‌നബി(സ്വ) പ്രാര്‍ത്ഥനയില്‍ മുഴുകി സമീപത്തെ ടെന്റില്‍ നില്‍ക്കുകയാണ്. കാവലായി അവിടുത്തെ നിഴല്‍ സിദ്ധീഖ്(റ)വും. സുജൂദില്‍ വീണ് കരഞ്ഞ് കരഞ്ഞ് മണല്‍ തരികള്‍ പോലും കുതിര്‍ന്നുപോയി. കൈകളുയര്‍ത്തി നബി(സ്വ) ദുആ ചെയ്തു. 
اللهم إن تهلك هذه العصابة من أهل الإسلام لا تعبد في الأرض
നാഥാ ഈ സംഘമെങ്ങാനും പരാജയപ്പെട്ടാല്‍ പിന്നെ ഭൂമിയില്‍ നീ ആരാധിക്കപ്പെടുകയില്ല.

കണ്ണുനീര്‍ തടം കെട്ടി നിന്ന പ്രാര്‍ത്ഥനക്ക് അല്ലാഹു ഉത്തരം നല്‍കി. സിദ്ധീഖ്(റ)വാണ് അവിടത്തെ പ്രാര്‍ത്ഥന അവസാനിപ്പിക്കാന്‍ പറഞ്ഞത്. കാരണം ആ കരച്ചില്‍ കാണാവുന്നതിലുമപ്പുറമായിരുന്നു. കയ്യിലുണ്ടായിരുന്ന കാരക്ക കഴിച്ചുതീര്‍ക്കുന്നത് എന്നെ സ്വര്‍ഗ്ഗത്തിലെത്താന്‍ വൈകിപ്പിക്കുമെന്ന് പറഞ്ഞ് അത്യാവേശത്തോടെ പോര്‍ക്കളത്തിലേക്ക് എടുത്തുചാടാന്‍ ഉമൈറു ബ്ന്‍ ഹമ്മാം(റ)നെ പോലെ യുള്ളവരെ പ്രേരിപ്പിച്ചത് തിരുദൂതരുടെ പ്രോത്സാഹനമാണ്. 

മലക്കുകളെ ഇറക്കി അല്ലാഹുവന്റെ സഹായം

( ولقد نصركم لله ببدر وأنتم أذلّة فاتّقوا لله لعلّكم تشكرون (آل عمران 123
നിങ്ങള്‍ തീരെ ദുര്‍ബലരായിരുന്നിട്ടും ബദ്‌റില്‍ അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിനെ ഭയപ്പെടുക. നിങ്ങള്‍ നന്ദിയുള്ളവരായേക്കാം. 
പല തവണകളിലായി 5000 ല്‍ പരം മലക്കുകള്‍ ഇറങ്ങിയിട്ടുണ്ട്. ജിബരീല്‍(അ) തന്നെയായിരുന്നു ഹെഡ്. സുറാഖയെന്ന മുശ്‌രിക്കുകളുടെ നേതാവിന്റെ കോലം സ്വീകരിച്ചെത്തിയ ഇബ്‌ലീസ് മലക്കുകളുടെ വരവ് കണ്ട് അബൂജഹലിന്റെ കയ്യില്‍ നിന്ന് കുതറി ഓടുകയായിരുന്നു. യുദ്ധത്തിന് മുമ്പ് പോര്‍ക്കളത്തില്‍ ആഭരണങ്ങളണിഞ്ഞ് അഹങ്കാരത്തോടെ ഒട്ടകപ്പുറത്ത് വട്ടംചുറ്റിയിരുന്ന അബൂജഹലിനെ നിലം പരിശാക്കിയത് ചെറിയ പ്രായമുള്ള രണ്ടു കുട്ടികളാണെന്ന് അബ്ദുറഹ്മാനു ബ്‌നു ഔഫ്(റ) സാക്ഷ്യപ്പെടുത്തുന്നു. സഅദ് ബിന്‍ അബീ വഖാസ് അവന്റെ തലയറുത്തു. ശാരീരികമായും സാമ്പത്തികമായും നിസ്സാരരായിരുന്ന മനുഷ്യരുടെ കൈകൊണ്ടാണ് ഈ അഹങ്കാരികള്‍ കൊല്ലപ്പെടുന്നത്. 70 ശത്രുക്കള്‍ കൊല്ലപ്പെട്ടു. മുസ്‌ലിംകളില്‍ നിന്ന് പതിനാല് പേരാണ് ശഹീദായത്.

ബദ്‌റിലെ പാഠങ്ങള്‍

ബദ്ര്‍ അനവധി പാഠങ്ങള്‍ നല്‍കുന്നുണ്ട്. മുത്ത് നബി(സ്വ)യോടുള്ള അനുസരണയും അടങ്ങാത്ത പ്രേമവുമാണ് അതില്‍ പ്രഥമം. കച്ചവട സംഘത്തെ തടയാന്‍ ഇറങ്ങിയവര്‍ യുദ്ധത്തെ അഭിമുഖീകരിക്കേണ്ടി വന്നപ്പോഴും അവിടുത്തെ അങ്ങേയറ്റം അനുസരിക്കുകയായിരുന്നു.ജ്വലിക്കുന്ന ഈമാനികാവേശമാണ് രണ്ടാമത്തേത്. 
وأنتم الأعلون إن كنتم مؤمنين
നിങ്ങള്‍ തന്നെ ഉന്നതര്‍ നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ എന്ന ഖുര്‍ആന്‍ വചനത്തെ അര്‍ത്ഥ പൂര്‍ണ്ണമാക്കിയവരാണ് ബദ്‌രീങ്ങള്‍. വിശക്കുന്ന വയറും നഗ്ന പാദവുമായി നിരായുധരായി തങ്ങളേക്കാള്‍ മൂന്നിരട്ടിയുള്ള, സര്‍വ്വായുധ സജ്ജരായ ശത്രു നിരയെ നേരിടാനും പരാജയപ്പെടുത്താനും അവരുടെ പക്കലുണ്ടായിരുന്നത് തിളങ്ങുന്ന വാളിനേക്കാള്‍ വെട്ടിത്തിളങ്ങുന്ന ഈമാനായിരുന്നു. ശത്രു പക്ഷത്തെ ചാരന്‍ തലേന്ന് മുസ്‌ലിം സേനയെ നിരീക്ഷിച്ച നേരം പറഞ്ഞത്, 'അവര്‍ ദുര്‍ബലരും ക്ഷീണിതരുമാണ്. പക്ഷെ അവരുടെ കണ്ണിലേക്ക് നോക്കുമ്പോള്‍ കാണുന്ന തിളക്കം എന്നെ വല്ലാതെ ഭയപ്പെടുത്തി' എന്നായിരുന്നു. അഥവാ ഈമാനിന്റെ പ്രകാശമായിരുന്നു അത്. 21-ാം നൂറ്റാണ്ടിലെ മുസ്‌ലിം ഉമ്മത്തിനും ഇതില്‍ പാഠമുണ്ട്.

എതിരാളികള്‍ എത്ര ശക്തരാണെങ്കിലും ഒരുമിച്ചുനിന്നാല്‍ കീഴിപ്പെടുത്താമെന്നും അതിന് എന്തും ത്യജിക്കാന്‍ തയ്യാറാവണമെന്നും ബദ്‌രീങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. വിശ്വാസത്തിന് കുടുംബ ബന്ധത്തേക്കാള്‍ വിലയുണ്ടെന്ന് ബദ്ര്‍ വിളിച്ചോതുന്നുണ്ട്.

ബദ്‌രീങ്ങളുടെ മഹത്വം

അതുല്യമായ ആത്മ സമര്‍പ്പണത്തിലൂടെ വിശുദ്ധ ദീനിന്റെ വിജയക്കൊടി മിന്നിച്ച ബദ്‌രീങ്ങള്‍ മുസ്‌ലിംകളിലെ ഏറ്റവും ശ്രേഷ്ഠരാണ്. ഒരിക്കല്‍ ജിബ്‌രീല്‍(അ) നബി(സ്വ)യുടെ അടുക്കല്‍ വന്നുകൊണ്ട് ഇങ്ങനെ ചോദിച്ചു. 
'എന്താണ് നിങ്ങളില്‍ നിന്ന് ബദ്‌റില്‍ പങ്കെടുത്തവരെ കുറിച്ചുള്ള അഭിപ്രായം?' നബി(സ്വ) പറഞ്ഞു: മുസ്‌ലിംകളിലെ ഏറ്റവും ശ്രേഷ്ഠര്‍(ഇതു പോലോത്ത മറ്റേതെങ്കിലും വാക്ക്) ഉടന്‍ ജിബ്‌രീല്‍(അ) പറഞ്ഞു. ഇപ്രകാരം ബദ്‌റില്‍ പങ്കെടുത്ത മലക്കുകള്‍ അവരിലെ ഉന്നതരാകുന്നു. (സ്വഹീഹുല്‍ ബുഖാരി-3692)
മറ്റൊരു ഹദീസില്‍ നബി(സ്വ)പറയുന്നു. 'തീര്‍ച്ചയായും ബദ്‌റില്‍ പങ്കെടുത്ത ഒരാളും നരകത്തില്‍ പ്രവേശിക്കുകയില്ല.  സ്വഹീഹുല്‍ ബുഖാരി ഉദ്ദരിക്കുന്ന ഹദീസ് നോക്കൂ. റബീഅ ബിന്‍ത് മുഅവിദ്(റ) എന്നവര്‍ പറയുന്നു: നബി(സ്വ) ഞങ്ങളിലേക്ക് കടന്നു വന്ന നേരം ഒരുപറ്റം(പെണ്‍കുട്ടികള്‍)ദഫ് മുട്ടി ബദ്‌റില്‍ ശഹീദായ അവരുടെ പിതാക്കളെ സ്മരിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് അവര്‍ വിഷയം മാറ്റി. ഭാവിയറിയുന്ന പ്രവാചകര്‍ ഞങ്ങള്‍ക്കുണ്ടെന്നര്‍ത്ഥം വരുന്ന വരി പാടി. ഉടനെ നബി(സ്വ) നിങ്ങള്‍ നേരത്തെ പറഞ്ഞിരുന്നത് തന്നെ പറയുവീന്‍ എന്ന് നിര്‍ദ്ദേശിച്ചു.

ബദ്‌രീങ്ങളെ സ്മരിക്കല്‍ പുണ്യകരമല്ലെന്ന ബാലിശമായ വാദത്തെ വമ്പിച്ച വിഢിത്തമായി കണക്കാക്കാമെന്ന് ഈ ഹദീസ് പഠിപ്പിക്കുന്നു. അഥവാ നാം ആചരിക്കുന്നത് അഹ്‌ലുസ്സുന്നയുടെ വഴി തന്നെയാണെന്ന് ചുരുക്കം. അല്‍ഹംദുലില്ലാഹ്.

ഹാത്വിബ്‌നു അബീ ബല്‍തഅ(റ) എന്നവരില്‍ നിന്നും ഉണ്ടായ സംഭവം ഉമര്‍(റ) അടക്കമുള്ള ഉന്നതരെ വരെ അങ്ങേയറ്റം വേദനിപ്പിച്ചപ്പോള്‍ പോലും ' അവര്‍ ബദ്‌റില്‍ പങ്കെടുത്തവരെന്നായിരുന്നു അവിടുത്തെ മറുപടി.  അത്രയും പവിത്രരാണ് അസ്വഹാബു ബദ്ര്‍. തൗഹീദിന്റെ അമരധ്വനികളുയര്‍ത്താന്‍ രക്തം നല്‍കിയ അവരുടെ നാമം പ്രപഞ്ചത്തിലാകെ പതിനാല് സംവത്സരങ്ങള്‍ക്കിപ്പുറവും മുഴങ്ങി കൊണ്ടിരിക്കുകയാണ്. ഇനിയും മുഴങ്ങും.

വര്‍ഗ്ഗീയതയുടെ വൈറസും കൊറോണ വൈറസും പ്രതിസന്ധിയുടെ മുള്‍കിരീടം വെച്ചുനീട്ടുമ്പോള്‍ അസ്വ്ഹാബു ബദ്‌റിനെ കാവലിരുത്തി നമുക്ക് ദുആ ചെയ്യാം. ബദ്‌രിയ്യത്തുല്‍ മന്‍ഖൂസിയ്യ എന്ന മജലിസുന്നൂര്‍ ആത്മീയ സദസ്സ് പാണക്കാട്ടെ ആറ്റപ്പൂ തങ്ങളിലൂടെ മലയാളക്കര വെളിച്ചം വിതറിക്കൊണ്ടിരിക്കുകയാണ്. അല്ലാഹു അസ്വ്ഹാബു ബദ്‌റിനെ ആദരിച്ച് നാളെ സ്വര്‍ഗ്ഗം കരസ്ഥമാക്കുന്നവരില്‍ നമ്മെ ഉള്‍പ്പെടുത്തട്ടെ...ആമീന്‍.


| മുഹമ്മദ് അബൂബക്കര്‍ വി.പി വള്ളിക്കാപ്പറ്റ |

'അല്ലാഹുവേ.. എന്നോടുള്ള നിന്റെ കരാര്‍ നീ വീട്ടുക. ഈ ചെറു സംഘം ഇവിടെ പരാജയപ്പെട്ടു പോയാല്‍ പിന്നീട് നിന്നെ ആരാധിക്കുന്ന ഒരു മനുഷ്യനും ഈ ഭൂലോകത്ത് ഉണ്ടാവുകയില്ല' എന്ന റസൂലിന്റെ പ്രാര്‍ത്ഥനയുടെ വിജയമാണ് ബദ്ര്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.

ഇസ്‌ലാം സമാധാനത്തിന്റെ മതമാണ്. ഇസ്‌ലാം മര്‍ദ്ദിക്കാനോ ആക്ഷേപിക്കാനോ സ്വത്ത് കവരാനോ അല്ല പഠിപ്പിക്കുന്നത്. 'പിന്നെയെങ്ങനെയാണ് ബദ്ര്‍ യുദ്ധക്കളമായത്? 'മക്കയിലെ പതിമൂന്ന് വര്‍ഷത്തെ ഇസ്ലാമിക പ്രബോധന കാലയളവില്‍ പീഡനങ്ങളും യാതനകളുമെല്ലാം ഏറ്റുവാങ്ങിയെന്നല്ലാതെ പ്രതിരോധിക്കാന്‍ നബിയും സ്വഹാബത്തും അല്‍പം പോലും തുനിഞ്ഞില്ല. എല്ലാം ക്ഷമിച്ചും സഹിച്ചും അല്ലാഹുവിലേക്ക് സ്വയം അര്‍പ്പിച്ചും അവര്‍ അവനില്‍ അളവറ്റ പ്രതീക്ഷയിലായിരുന്നു. സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ അവര്‍ മദീനയിലേക്ക് നാഥന്റെ അനുമതി പ്രകാരം പലായനം ചെയ്തു. കുറച്ചു കാലങ്ങള്‍ക്കു ശേഷം പീഡനങ്ങളും ഭക്ഷണ, കച്ചവട ഉപരോധവുമായി അവിടെയും സ്ഥിതി കാഠിന്യമായപ്പോള്‍ അവര്‍ അല്ലാഹുവിനോട് സഹായം തേടുകയായിരുന്നു.

ഉപരോധമാവാം എന്നുള്ള അല്ലാഹുവിന്റെ കല്പനപ്രകാരം ചില ഉപരോധങ്ങള്‍ ബദറിന്റെ മുമ്പ് അരങ്ങേറി. എട്ട് സൈനിക നീക്കങ്ങള്‍ നടന്നു. അതില്‍ നാലെണ്ണത്തില്‍ നബി (സ്വ) നേതൃത്വം നല്‍കി. മറ്റുള്ളവയ്ക്ക് മുഹാജിറുകളായ സൈനിക തലവന്മാരും നേതൃത്വം നല്‍കി. മക്കയില്‍നിന്ന് മദീനയിലേക്ക് എത്തിയെങ്കിലും ഖുറൈശികള്‍ പീഡനങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. ദുര്‍ബലരായ വൈദികരെയും ഖുറൈശികള്‍ പീഡിപ്പിച്ചു. ഇതിനെല്ലാം ഒരു അറുതി വരുത്താന്‍ ഇടയ്ക്കിടെ ഉണ്ടായ സൈനിക നീക്കങ്ങള്‍ക്ക് സാധിച്ചു.

സ്വത്തും നാടും സമ്പാദ്യവും ഉപേക്ഷിച്ച് നാടുവിട്ട നബി (സ്വ) ക്കും സ്വഹാബത്തിനും പട്ടിണിയും ദാരിദ്ര്യവും അതി കാഠിന്യമായ അവസരത്തിലാണ് തങ്ങളുടെ സ്വത്ത് കൈവരിച്ച് കച്ചവടം ചെയ്ത് വന്‍ ലാഭവുമായി അബൂസുഫിയാനും എഴുപതില്‍ പരം വരുന്ന ഖുറൈശികളും ബദ്‌റില്‍ സംഘടിച്ചിട്ടുണ്ട് എന്ന വിവരം ലഭിക്കുന്നത്. അവരെ തടയുക എന്ന ലക്ഷ്യമൊഴികെ മറിച്ചൊന്നും റസൂല്‍ ചിന്തിച്ചിട്ടുപോലുമില്ലായിരുന്നു. ഈ വിവരം അറിഞ്ഞ അബൂസുഫിയാനും സംഘവും ഒരു ദൂതനെ മക്കയിലേക്ക് അയക്കുകയും മുഹമ്മദും സംഘവും നമ്മുടെ സ്വത്ത് കൈവരിക്കാന്‍ വരുന്നുണ്ടെന്നും അവരെ തടയുവാന്‍ വേണ്ടി നാം എത്രയും പെട്ടെന്ന് പുറപ്പെടണം എന്നും അറിയിച്ചു. ഖുറൈശി തലവനായ അബൂജഹലും ആയിരം വരുന്ന ഖുറൈശി പടയണിയും ബദറിലേക്ക് പുറപ്പെട്ടു.  ഞങ്ങള്‍ കടല്‍മാര്‍ഗ്ഗം മക്കയില്‍ പ്രവേശിച്ചിരിക്കുന്നു, നിങ്ങള്‍ തിരിച്ചു വരിക എന്ന് അബൂജഹലിന് അബൂസുഫിയാന്‍ സന്ദേശം നല്‍കി. പക്ഷേ അഹങ്കാരിയായ അബൂജഹല്‍ ഞങ്ങള്‍ ബദ്‌റില്‍ എത്തിയതിനുശേഷം മാത്രമേ മടങ്ങുകയുള്ളൂ എന്ന് അറിയിക്കുകയായിരുന്നു. അങ്ങനെ നബിയും സ്വഹാബത്തും ബദ്ര്‍ മലയുടെ താഴ്വരയിലും ഖുറൈശികള്‍ പുറത്തുമായി തമ്പടിച്ചു. ഹക്കീം എന്ന ഗോത്രം ആദ്യമായി നബി സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളോട് യുദ്ധം ചെയ്യാന്‍ മുന്നോട്ടുവന്നു. എല്ലാം അല്ലാഹുവില്‍ അര്‍പ്പിച്ച് സ്വഹാബത്ത് യുദ്ധക്കളത്തിലേക്ക് ചാടി വീണു. തദവസരം നബി അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു 'ഈ ചെറു സഖ്യത്തെ സഹായിച്ചില്ലെങ്കില്‍ പിന്നെ നിന്നെ ആരാധിക്കാന്‍ ഈ ഭൂമിയില്‍ ആരും ഉണ്ടാവുകയില്ല.' അങ്ങനെ അല്ലാഹുവിന്റെ സഹായത്തോടെ മുസ്‌ലിം പക്ഷം വന്‍ വിജയം കൈവരിക്കുകയായിരുന്നു. ഈ യുദ്ധത്തില്‍ ഖുറൈശി സമുദായിക നേതാക്കളായ അബൂജഹലും ഉത്ത്ബത്തും ശൈബത്തും തുടങ്ങിയ കൊമ്പന്മാര്‍ ഉള്‍പ്പെടെ എഴുപതില്‍ പരം ഖുറൈശികള്‍ വധിക്കപ്പെടുകയും അത്ര തന്നെ പേര്‍ ബന്ധിയാക്കപ്പെടുകയും ചെയ്തു. ഒരുപാട് ഗനീമത് സ്വത്തുകള്‍ കൈവരിക്കാന്‍ സാധിച്ചു. മുസ്‌ലിം പക്ഷത്തുനിന്ന് പതിനാല് പേര്‍ ധീര രക്തസാക്ഷിത്വം വരിച്ചു.

അല്ലാഹു ഒരിക്കല്‍ പറയുകയുണ്ടായി 'ബദ്‌രീങ്ങള്‍ ചെയ്തതും ചെയ്യാന്‍ പോകുന്നതുമായ തെറ്റുകള്‍ അവര്‍ക്ക്  പൊറുക്കപ്പെട്ട് കൊടുത്തിരിക്കുന്നു.' ഇതില്‍ നിന്ന് തന്നെ നമുക്ക് മനസ്സിലാക്കാം ബദ്‌രീങ്ങളുടെ മഹത്വം എത്രയാണെന്ന്. ബദ്‌രീങ്ങള്‍ക്ക് അല്ലാഹുവിന്റെ അടുത്ത് ഉന്നത സ്ഥാനമാണ് നല്‍കിയിട്ടുള്ളത്. മുസ്‌ലിം ലോകം ഇന്നും അവരെ ആദരിച്ചു വരികയും അവരെ തവസ്സുല്‍ ചെയ്ത് പ്രാര്‍ത്ഥന നടത്തുകയും ചെയ്യുന്നു. അത് പുണ്യമാണെന്ന് നിരവധി ഹദീസുകളില്‍ കാണാം. ഒരിക്കല്‍ നബി സല്ലല്ലാഹു അലൈഹി വസല്ലമ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ അവിടെ കുറെ പെണ്‍കുട്ടികള്‍ ബദ്ര്‍ രക്തസാക്ഷികളുടെ അപദാനം വാഴ്ത്തിപ്പാടുന്നത് ശ്രദ്ധിച്ചു. നബിയെ കണ്ടപ്പോള്‍ കുട്ടികള്‍ നബിയെ പ്രകീര്‍ത്തിക്കാന്‍ തുടങ്ങി. ആ അവസരം നബി പറഞ്ഞു 'ഇത് നിര്‍ത്തൂ... നിങ്ങള്‍ മുമ്പ് പാടിയത് തന്നെ പാടുവിന്‍' (സ്വഹീഹുല്‍ ബുഖാരി).

ബദ്‌റില്‍ പോരാടിയ ഈ 313 പേരെയും അല്ലാഹുവും അവന്റെ റസൂലും തൃപ്തിപ്പെടുകയും മുഹമ്മദ് നബിയുടെ സമുദായത്തിലെ അതുല്ല്യരായി അവരെ വാഴ്ത്തപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു എന്നുള്ളത് പകല്‍ പോലെ സത്യമാണ്. ഇതവരുടെ ഖ്യാതിയെയാണ് നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്.

  ഇന്ന് ഈ മുസ്‌ലിം സമുദായത്തിന് ബദ്ര്‍ നല്‍കുന്നത് വലിയൊരു സന്ദേശമാണ്. കേവലം 313 വരുന്ന ന്യൂനപക്ഷം ആയിരം വരുന്ന ഖുറൈശി സൈന്യത്തെ പരാജയപ്പെടുത്തിയത് അവരുടെ ഈമാനിക ആവേശവും അല്ലാഹുവില്‍ അവര്‍ അര്‍പ്പിച്ച അചഞ്ചലമായ വിശ്വാസവുമാണ്. ഇന്ന് നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഭൂരിപക്ഷ  അക്രമണത്തിന് കാരണവും വിശ്വാസത്തില്‍ അപാകത വന്നു എന്നത് തന്നെയാണ്. ഈമാനിക ആവേശം ഉന്നതി പ്രാപിച്ചാല്‍ ഒരു ഭൂരിപക്ഷത്തിനും മുസ്‌ലിം സമുദായത്തെ പരാജയപ്പെടുത്താന്‍ സാധിക്കുകയില്ല എന്നതാണ് ഓരോ റമദാന്‍ പതിനേഴും ബദ്‌രീങ്ങളിലൂടെ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്.

ivythemes

{facebook#https://fb.com/alathoorpadidars} {twitter#https://twitter.com/alathurpadidars} {google-plus#https://plus.google.com/+ALATHURPADIDARS} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://youtube.com/alathoorpadidars} {instagram#YOUR_SOCIAL_PROFILE_URL}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget