| മുഹമ്മദ് മസ്ഊദ്. എ പി കുമരംപുത്തൂർ |
"ഇനി വരുന്നൊരു തലമുറക്ക് ഇവിടെ വാസം സാധ്യമോ..." മലീമസപ്പെട്ടുകൊണ്ടിരിക്കുന്ന ജലാശയങ്ങളെയും മരിച്ചു കൊണ്ടിരിക്കുന്ന മലകളെയുമൊക്കെ നോക്കി ഒരു കവിയെഴുതിയ വ്യാകുലതകളാണ് ഈ വരികൾ. കവിതയിലെ ഓരോ വരികളും അക്ഷരംപ്രതി പുലർന്നുകൊണ്ടിരിക്കും വിധം പ്രകൃതി താളം തെറ്റിക്കൊണ്ടിരിക്കുന്നു. പ്രകൃതിദുരന്തങ്ങളും അശാസ്ത്രീയമായ പദ്ധതികളുമെല്ലാം ഇതിന് നിമിത്തമായി.
കേന്ദ്ര പരിസ്ഥിതി വന കലാവസ്ഥ മന്ത്രാലയം ഈ കഴിഞ്ഞ മാർച്ച് 12ന് പുറത്തിറക്കിയ EIA കരട് വിജ്ഞാപനമാണ് ഇപ്പോൾ ചർച്ചയേറിക്കൊണ്ടിരിക്കുന്നത്. പുതിയ വിജ്ഞാപനത്തെക്കുറിച്ചുള്ള പൊതു ജനാഭിപ്രായം രേഖപ്പെടുത്താനുള്ള അവസരം ഈ ആഗസ്റ്റ് 11 ന് അവസാനിച്ചെന്നിരിക്കെ ശക്തമായ പ്രതിഷേധമാണ് ഇതിനെതിരെ ഉയർന്ന് വരുന്നത്.1970 കളിൽ തന്നെ ആസൂത്രണ കമ്മീഷൻ പരിസ്ഥിതി നിയമം കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും 1984 ഭോപ്പാൽ ദുരന്തത്തിൻ്റെ ആഘാതം വിലയിരുത്തിയപ്പോൾ മാത്രമാണ് 1986ൽ ഇന്ത്യയിൽ പരിസ്ഥിതി സംരക്ഷണ നിയമം നടപ്പിൽ വരുന്നത്.പിന്നീട് 1994 ൽ ElA (Environment Assessment Impact) നടപ്പിൽ വരികയും 2006ൽ ഇതിൽ ഭേദഗതി വരുത്തുകയും ചെയ്തു.2020 മാർച്ചിലെ പുതിയ വിജ്ഞാപനം ഖനി ജലസേചന പദ്ധതി, വ്യവസായ യൂണിറ്റുകൾ, കെട്ടിട സമുച്ചയങ്ങൾ, മാലിന്യ സംസ്കരണ പ്ലാൻ്റുകൾ തുടങ്ങിയവ നിർമിക്കുന്നതിന് മുമ്പുള്ള പരിസ്ഥിതി ആഘാത പഠനത്തിനും പൊതുജനാഭിപ്രായത്തിനും കടിഞ്ഞാണിടുന്നതാണ്.നിലവിൽ ഒരു വ്യവസായശാലയോ വൈദ്യുത പദ്ധതിയോ തുടങ്ങണമെങ്കിൽ ഇതു മൂലം പരിസ്ഥിതിക്കും പ്രദേശവാസികൾക്കുമുണ്ടാകുന്ന ആരോഗ്യ പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് ഒരു വിദഗ്ധ സമിതി പഠനം നടത്തി എൻവിറോൺമെൻ്റ് ക്ലിയറൻസ് നൽകിയാലേ തുടങ്ങാവൂ.എന്നാൽ അങ്കലാപ്പുണർത്തുന്ന പുതിയ പുകമറകൾ വിശാഖപട്ടണത്തെ വിഷവാതക ദുരന്തത്തെ സ്മരിപ്പിക്കുന്നു. എൽജി പോളിമറിന് ക്ലിയറൻസ് ലഭിച്ചിരുന്നില്ലെന്ന റിപ്പോർട്ട് ഞെട്ടിപ്പിക്കുന്നതാണ്.വ്യവസായശാലകൾ കുന്നുകൂടിയാലുള്ള ആഗോള പരിസ്ഥിതി പ്രശ്നങ്ങൾ പുനരാലോചിക്കേണ്ടതുണ്ട്.അന്തരീക്ഷത്തിലേക്ക് കാർബൺ ഡയോക്സൈഡ് ബഹിര്ഗമിപ്പിക്കുന്നു. കൂടാതെ, വന നശീകരണത്തിന്റെ ഫലമായി
വൃക്ഷങ്ങൾ നടത്തുന്ന കാർബൺ സംസ്കരണ പ്രക്രിയയും ഇല്ലാതാക്കുന്നു.
പുതിയ നിയമത്തിലെ പുകമറകൾ
___________
നാൽപ്പതോളം പദ്ധതികൾക്കാണ് പുതിയ കരടിലെ B2 പദ്ധതി പ്രകാരം ക്ലിയറൻസിൻ്റെ ആവശ്യമില്ലാതാവുന്നത്. അനുമതി തേടാതെ തന്നെ ഇഷ്ടാനുസരണം സമുച്ചയങ്ങളും ഖനികളും ഉയർന്നാലുള്ള ഭവിഷത്ത് ഭീമമാണ്. തന്ത്ര പ്രധാനമെന്ന് കേന്ദ്രം പറഞ്ഞാൽ പിന്നെ പ്രതികരിക്കാനും അവകാശമില്ല.പരിസ്ഥിതിയോടൊപ്പം മൗലികാവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണിത്. പബ്ലിക് ഹിയറിങ്ങിൻ്റെ കാലാവധി 30 ദിവസത്തിൽ നിന്ന് 20 ദിവസമായി വെട്ടിക്കുറക്കുമ്പോൾ സാധാരണക്കാരായ ജനങ്ങൾക്ക് ചുരുങ്ങിയ ദിനങ്ങളിൽ വിശദമായി പഠിച്ച് പ്രതികരിക്കാൻ കഴിയില്ലെന്ന് മുൻകൂട്ടി കണ്ടാണ് മുതലാളിത്ത താളത്തിൽ ഒരു ഭേദഗതി.അപ്രകാരം
ഒരു പദ്ധതി തുടങ്ങാൻ അനുമതി തേടി 15 ദിവസങ്ങൾക്കുള്ളിൽ സമിതിയിൽ നിന്ന് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെങ്കിൽ അത് അനുവാദമായിക്കണ്ട് പ്രാരംഭം കുറിക്കാമെന്നാകുമ്പോൾ അസമിൽ 13000 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടിവന്ന 15 വർഷമായി പ്രവൃത്തിച്ചുകൊണ്ടിരുന്ന Oil India Ltd plant യിലെ തീപ്പിടത്തവും കമ്പനി പ്രവൃത്തിച്ചിരുന്നത് ക്ലിയറൻസ് ഇല്ലാതെ ആയിരുന്നെന്ന വസ്തുതയും ഇത്തരം ദുരന്തങ്ങൾ ഇനിയും ആവർത്തിച്ചേക്കാമെന്നതിലേക്ക് ചൂണ്ടുപലകയിടുന്നു.
ഒരു പ്രദേശത്ത് ഒരു പദ്ധതി നടപ്പിൽ വരുമ്പോൾ അതിലെ നേട്ടങ്ങൾ അനുഭവിക്കാനായാലും ഇല്ലെങ്കിലും കോട്ടങ്ങൾ അനുഭവിക്കാനുള്ളത് പ്രദേശവാസികൾ തന്നെയാണ്.അനുഭവ സാക്ഷ്യങ്ങളിൽ നിന്നുള്ള അഭിപ്രായ പ്രകടനങ്ങൾക്ക് വിലങ്ങിടുന്നതോടെ കടുത്ത അരക്ഷിതാവസ്ഥയാണ് അവരെ വലയം ചെയ്യുന്നത്. ഇനി പദ്ധതിയിൽ ഒരു പാകപ്പിഴവോ വാതകച്ചോർച്ചയോ മറ്റു വല്ലതുമോ കാരണം എത്ര വലിയ പ്രത്യാഘാതങ്ങളാൽ പ്രദേശം ഇളകിമറിഞ്ഞാലും ശെരി, കമ്പനിയുടമക്ക് തന്നിഷ്ടം പ്രവർത്തിക്കാം. പ്രദേശവാസികൾക്ക് നഷ്ടപരിഹാരം കൊടുക്കണമെന്ന നിർബന്ധവുമില്ല. മൗനമായി പ്രകൃതി വിങ്ങി നുറുങ്ങുന്നത് കണ്ട് നിൽക്കുക മാത്രം.നിലവിൽ 20000 ചതുരശ്ര മീറ്റർ പരിധിക്കപ്പുറം വരുന്നതിന് അനുമതി തേടണമെന്നിരിക്കെ 1.5 ചതുരശ്ര മീറ്റർ പരിധി വരെ അനുമതി തേടേണ്ടതില്ലെന്ന പുതിയ നിയമമനുസരിച്ച് ഒരു വിമാനത്താവളത്തോളം പോന്നതാണെങ്കിലും അനുമതി തേടേണ്ടതില്ലെന്ന് സാരം.പണത്തിനു മീതെ പരുന്തും പറക്കില്ലെങ്കിലും പരുന്തിന് ജീവിക്കാനും വായു വേണമെന്ന് മറക്കരുത്. ഇഞ്ചിഞ്ചായി പ്രകൃതി വിഭവങ്ങൾ ചൂഷണം ചെയ്യപ്പെടുമ്പോൾ ശ്വസിക്കാൻ വരെ വായു വാങ്ങേണ്ടി വരുമെന്ന ഭയാനകരമായ കാലത്തിലേക്കാണ് കാൽ വെക്കപ്പെടുന്നത്.
മാലിന്യ സംസ്കരണ പ്ലാൻ്റുകൾ പൊതു ജന വാസസ്ഥലങ്ങളിൽ നിന്നും 5 കി.മീറ്ററോളം കുറവാണെങ്കിൽ അനുമതി തേടണമെന്ന EIA യുടെ അനുശാസനം നിരാകരിക്കുന്നതോടൊപ്പം പുതിയ നയം 25-100 കി.മീ ഇടയുള്ള ദേശീയപാത വികസനത്തിന് അനുമതിയാവശ്യമില്ലെന്നും വ്യക്തമാക്കുന്നു. ഇവിടെ പ്രത്യക്ഷമായ വസ്തുത,ഇന്ത്യയിലെ ഹൈവേകളെല്ലാം തന്നെ 60 കിലോമീറ്ററിൽ താഴെയുള്ളതാണ്.
അചിന്തനീയമായ ഇത്തരം തീരുമാനങ്ങൾ പ്രകൃതിക്കും ജീവ ജാലങ്ങൾങ്ങൾക്കും വരുത്തുന്ന ദോഷങ്ങളുടെ തോത് വിവരണാധീതമാണ്.
പ്രത്യാഘതങ്ങൾ
_______
വ്യവസായശാലകളും മറ്റും കുന്നുകൂടിയാലുള്ള പ്രത്യാഘാതങ്ങൾ വളരെ വലുതാണ്.വ്യവസായശാലകളിൽ നിന്നുള്ള പുക വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.ഘനമൂലകങ്ങളും നൈട്രേറ്റുകളും അതിൻ്റെ തീവ്രത വർധിപ്പിക്കുന്നു. വിഷ വാതകങ്ങളും രാസ വസ്തുക്കളും ഫോസിൽ ഇന്ധന ഉപയോഗങ്ങൾക്കുമെല്ലാം അനുമതി തേടേണ്ടാത്തതിനാൽ അധികരിക്കുന്നതോടെ കാർബൺ വായു മലിനമാക്കുന്നു. ആഗോള താപനത്തിന് ഇത് വഴിയൊരുക്കുകയും മഞ്ഞുരുകലും വെള്ളപ്പൊക്കവും വരൾച്ചയും എല്ലാം ഉണ്ടാവുകയും ചെയ്യും. വനങ്ങൾ നശീകരിക്കപ്പെട്ട് കഴിഞ്ഞാൽ വൻ വിപത്ത് തന്നെയാണുണ്ടാവുക.കാർബൺണ്ടൈ ഓക്സൈഡിൻ്റെ അളവ് വർധിക്കുകയും താപനില താളം തെറ്റുകയും ചെയ്യും. ഓസോൺ പാളിയുടെ സാന്ദ്രത കുറയുകയും രാസ വസ്തുക്കളും ഫോസിൽ ഇന്ധനങ്ങളും കത്തിക്കുന്നത് വഴിയും അമ്ലമഴക്ക് ഹേതുവാകുകയും ചെയ്യുന്നു. വായു മലിനീകരണം, ജല മലിനീകരണം തുടങ്ങിയവ അനിയന്ത്രിതമായാലുള്ള അപകടങ്ങൾ അതിതീവ്രമാണ്.അധികാരക്കൊഴുപ്പിൻ്റെ പിൻബലത്തിൽ അനർത്ഥങ്ങൾ ചെയ്തുകൂട്ടുമ്പോൾ അതുമൂലമുണ്ടാകുന്ന ആഘാതങ്ങൾ ആലോചിക്കുക. ജീവവായുവിന് വേണ്ടി വലയുന്ന കാലം വിദൂരമല്ല !!!
✍️അൽസിഫ് ചിറ്റൂർ
ഒത്തു പിടിച്ചാൽ മലയുംപോരും' എന്നൊരു ചൊല്ല് പണ്ടുമുതലേ കേൾക്കാറുള്ളതാണ്. ഇന്ന് വളരെയധികം യാഥാർത്ഥ്യമായികൊണ്ടിരിക്കുന്നതും ആ ഒരുമയാണ്. കൈരളിയെ വേദനിപ്പിച്ച കരിപ്പൂർ വിമാന അപകടം. സംഭവമറിഞ്ഞ് ഓടിക്കൂടിയർ അവിടെ ചിത്രം പകർത്താനോ, തൊപ്പിയാണോ,കുറിയാണോ, കുരിശാണോ എന്നൊന്നും നോക്കിയില്ല. അവർ കണ്ടത് മനുഷ്യത്വമാണ്. കോരിച്ചൊരിയുന്ന മഴയെ വകഞ്ഞുമാറ്റി രക്ഷാപ്രവർത്തനത്തിലേർപ്പെട്ടവർ. ഏതു വാക്കുകൊണ്ടാണ് അവരെ വിശേഷിപ്പിക്കുക.
പൈലറ്റിന്റെ മനസ്സാനിദ്ധ്യം വലിയ ദുരന്തം ഒഴിവാക്കിയെങ്കിൽ നാട്ടുകരുടെ കൃതായമായ ഇടപെടലിലൂടെ അതിലകപ്പെട്ടവരെ വളരെ വേഗത്തിൽ ആശുപത്രികളിലെത്തിക്കാനും വേണ്ട പരിചരണങ്ങൾ നൽകാനും സാധിച്ചു. ദീർഘകാലത്തെ പരിചയസമ്പത്ത് ക്യാപ്റ്റൻ വിക്രം ദീപക് സാത്തേക്ക് വൻ ദുരന്തം ഒഴിവാക്കാൻ ഊർജ്ജമായി. ജീവൻ നൽകി സംരക്ഷിക്കുകയായിരുന്നു അദ്ധേഹം. എൻജിൻ ഓഫ് ചെയ്തില്ലായിരുന്നെങ്കിൽ വലിയൊരു വിമാന ദുരന്തത്തിന് മലപ്പുറവും കേരളവും സാക്ഷ്യം വഹിച്ചേനെ.
വ്യത്യസ്തതകൾ ഏറെയുണ്ടെങ്കിലും നാം ഒന്നാണ് എന്ന ബോധം ഏറ്റവും കൂടുതൽ ദർശിക്കാൻ പറ്റുന്ന സുന്ദരമായ നാട്. അവസരവാദികളും, വക്രീകരണ തൊഴിലാളികളും, ആർ.എസ്.എസും തകർക്കാൻ ശ്രമിച്ചിട്ട് നടക്കാത്തത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിന് ഉത്തരമായിട്ട് ഈ പ്രവർത്തനങ്ങൾ തന്നെ ധാരാളം. കഴിവതും മലപ്പുറത്തിന്റെ മേൽ ചളിവാരിത്തേക്കാൻ ശ്രമിക്കുന്ന അൽപ്പന്മാർക്കു മുമ്പിൽ മനുഷ്യത്വവും മതേതരത്വവും കൊണ്ട് മാതൃക പ്രസരിപ്പിക്കാൻ മലപ്പുറത്തിന് സാധിച്ചു. പാലക്കാട് ആന ചരിഞ്ഞാലും പഴി മലപ്പുറത്തിന് ഇട്ടുകൊടുത്ത പരിവാരങ്ങൾക്ക് വായടപ്പൻ മറുപടിയാണ് മലപ്പുറം നൽകി കൊണ്ടിരിക്കുന്നത്. പക്ഷെ അത് വാക്കുകളിലൂടെയല്ല പ്രവർത്തനങ്ങളിലൂടെയാണ്. അതെന്നും മലപ്പുറത്തിന്റെ പ്രത്യേകതയാണ്. മലപ്പുറത്തേയും അവിടുത്തെ ജനങ്ങളേയും മനസ്സിലാക്കിയവർ വളരെ സന്തോഷത്തോടുകൂടെ ഈ പ്രതിസന്ധി ഘട്ടത്തിലെ നാട്ടുകാരുടേയും സന്നദ്ധ സേവകരുടേയും പ്രവർത്തനങ്ങളെക്കുറിച്ച് വാചാലരാകുമ്പോൾ ഇങ്ങനെയൊരു നാടിനെക്കുറിച്ചോർത്ത് അഭിമാനം കൊള്ളുകയാണ്.
കോവിഡ്-19 പടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വന്ദേഭാരത് മിഷന്റെ ഭാഗമായി നാട്ടിലേക്കെത്തിയവരുടെ കൂട്ടമാണ് വിമാനത്തിൽ. അതിൽ പോസിറ്റീവ് ആയവരുണ്ടാകും പകരാനുള്ള സാഹചര്യങ്ങളേറെ. പക്ഷെ മലപ്പുറത്തെ മനുഷ്യർ അതൊന്നും വകവെക്കാതെ തങ്ങളുടെ കൈകുമ്പിളിൽ അവരെ കോരിയെടുക്കുമ്പോൾ അവിടെ മനുഷ്യത്ത്വത്തിന്റെ പുതിയൊരു കവാടം തുറന്നിടുകയാണ് ചെയ്തത്. റോഡുകളിലെ നിയന്ത്രണവും, ആവശ്യമുള്ളവർക്ക് ബ്ലഡ് എത്തിക്കാനുള്ള നീണ്ടവരിയും, എല്ലാം കൊണ്ടും നിറഞ്ഞ് നിൽക്കുകയായിരുന്നു മലപ്പുറത്തെ മനുഷ്യർ
പോലീസുകാർ, നാട്ടുകാർ, ആതുരസേവകർ, സന്നദ്ധ സേവകർ തുടങ്ങി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട മുഴുവനാളുകൾക്കും നന്ദി പ്രകിശിപ്പിക്കുകയാണ്. സാഹചര്യത്തിന്റെ സമ്മർദ്ദത്തിലും തോരാതെ പെയ്യുന്ന മഴയിലും തന്റെ സഹോദരന് തണലാകാൻ ഇവർക്ക് സാധിച്ചു. നമുക്ക് മാതൃകയാണ് ഇവർ. ഉള്ളിൽ പൂഴ്ത്തിവെച്ച വർഗ്ഗീയതയുടെ മാറാപ്പുകൾ ഇറക്കിവെച്ച് നല്ല നാളേക്കുവേണ്ടി ഒരു ചങ്ങലെ പോലെ ഒരുമിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മതങ്ങളേയും, മതാചാരങ്ങളേയും, ഐക്യത്തോടു കൂടി സഞ്ചാരം നടത്തുന്ന നാടുകളേയും അവിടെ താമസിക്കുന്ന ജനങ്ങളെയുമൊക്കെ ഇല്ലാതാക്കാനും അടച്ചാക്ഷേപിക്കാനും സമയം കണ്ടെത്തുന്ന വ്യക്തികൾ അതിൽ നിന്ന് പിന്മാറി നാനാത്വത്തിൽ ഏകത്വമെന്ന ആശയത്തിലൂടെ മുന്നോട്ട് പോകണം. അതിന് മലപ്പുറം നമുക്കൊരു പാഠമാകട്ടെ.
| മുഹമ്മദ് ശഫീഖ് ഫൈസി വാക്കോട് |
ചെറുപ്പത്തിലേ വായന ശീലമാക്കി.സഹപാഠിയുടെ വീട്ടിൽ നിരവധി പുസ്തകങ്ങൾ ഉണ്ടായിരുന്നു. ആ വീട്ടിലെ നിത്യസന്ദർശകനായിരുന്നു.മാമ്പുഴ ദർസിലായിരുന്നു പ്രഥമ ദർസ് പഠനം.ചെലവ് വീട് ഈ പറയപ്പെട്ട വീട് തന്നെയായതിനാൽ നിരവധി പുസ്തകങ്ങൾ വായിക്കാൻ സൗകര്യമായി.പുന്നക്കാടിലേയും, തരിശിലേയും ലൈബ്രറിയിൽ അംഗത്വം എടുത്തതിനാൽ ചെറുപ്പത്തിലേ നിരവധി പുസ്തകങ്ങൾ വായിക്കാൻ സാധിച്ചു.ഇന്നും ഒഴിവു സമയം വായനക്കു വേണ്ടി ചിലവഴിക്കുന്നു. പത്രം മുഴുവനായിട്ട് വായിക്കാതെ ഉറങ്ങൽ പതിവില്ല. യാത്രകളിലെല്ലാം പത്രമോ പുസ്തകമോ വായിക്കൽ പതിവാണ്.വീട്ടിലുള്ള ലൈബ്രററി കണ്ടാൽ അറിയാം പുസ്തകങ്ങൾക്കും കിതാബിനും വേണ്ടി എത്രമാത്രം തുക ചിലവഴിച്ചിട്ടുണ്ടെന്ന്. എഴുത്തിൻ്റെ മേഖലയിൽ തൻ്റേതായ വ്യക്തി മുദ്ര പതിപ്പിച്ച മാനു മുസ്ലിയാരുടെ ദർസിൽ പഠിച്ചതോടെ വാക്കോട് ഉസ്താദ് എന്ന പണ്ഡിത എഴുത്തുകാരന് പുതിയ വാതിലുകൾ തുറക്കപ്പെട്ടു.
വാക്കോട് മദ്രസയിലെ പ്രഥമ വിദ്യാർത്ഥി.ശേഷം മാമ്പുഴ അമാനത്ത് ഉസ്താദിൻ്റെ ദർസിൽ ചേർന്നു.ഇരിങ്ങാട്ടിരിയും കരുവാരക്കുണ്ടും പണത്തുമേലുമൊക്കെ വലിയ ദർസുകൾ അക്കാലത്തുണ്ടായിരുന്നു.പുന്നക്കാട് ചന്ത നടക്കുന്ന സമയത്ത് ഇവിടെ നിന്നൊക്കെ വിദ്യാർത്ഥികൾ പുന്നക്കാടിലേക്ക് വരും.ഇരിങ്ങാട്ടിരിയിലെ കെ.ടി ഉസ്താദിൻ്റെ ദർസിലെ വിദ്യാർത്ഥികൾക്ക് മറ്റുള്ളവരിൽ നിന്ന് ഒരു വ്യത്യസ്തത ശ്രദ്ധയിൽപെട്ടപ്പോൾ കെ.ടി ഉസ്താദിൻ്റെ ദർസിലേക്ക് മാറാൻ ആഗ്രഹിച്ചു.തൻ്റെ ആഗ്രഹം അമാനത്ത് ഉസ്താദിനെ അറിയിച്ചു.തൻ്റെ ദർസിൽ നിന്ന് മറ്റൊരു ദർസിലേക്ക് പോവുന്നത് ഉസ്താദിനിഷ്ടമില്ലാത്തതിനാൽ അത് ഉസ്താദ് പ്രകടിപ്പിച്ചു.എങ്കിലും "നീ ഇരിങ്ങാട്ടിരിയിൽ പോയാലും വേണ്ടിയില്ല കോഴിക്കോട് പോയാലും വേണ്ടിയില്ല നീ നല്ലവെണ്ണം പഠിക്കണം" എന്ന ഉപദേശത്തോടുകൂടെ കെ.ടി ഉസ്താദിൻ്റെ ദർസിലേക്ക് പോവാൻ സമ്മതം നൽകി.
കെ.ടി ഉസ്താദിൻ്റെ ദർസ് ഒരു മാതൃകാ ദർസായിരുന്നു.എഴുത്ത് പരീക്ഷയും, സമാജവും കയ്യെഴുത്ത് മാസികകളും തുടങ്ങീ ആധുനിക ശൈലിയിലുള്ള ഒരു ദർസായിരുന്നു.വായനാശീലമാക്കിയതിനാൽ എഴുത്തിൻ്റെ മേഖല വികസിപ്പിക്കാൻ ആ ദർസ് ധാരാളമായിരുന്നു.സുന്നി യുവജന സംഘത്തിൻ്റെ മുഖപത്രമായിരുന്ന സുന്നീ ടൈംസിലാണ് ആദ്യ ലേഖനം പ്രസിദ്ധീകരിച്ചത്.ഒരു ലേഖനം എഴുതി കെ.ടി ഉസ്താദിനെ കാണിച്ചു കൊടുത്തു.അതിനു വേണ്ട മാറ്റതിരുത്തുകൾ വരുത്തി മറ്റൊരു പേപ്പറിൽ വൃത്തിയായി എഴുതാൻ ആവശ്യപ്പെടുകയും ആ ലേഖനം സുന്നീ ടൈംസിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.
കെ.ടി ഉസ്താദിൻ്റെ ദർസിൽ ചേർന്ന് കുറച്ച് കാലങ്ങൾക്ക് ശേഷം അമാനത്ത് ഉസ്താദിനെ തൻ്റെ ലേഖനം കാണിക്കാൻ പോയി.ലേഖനം വായിച്ചതിന് ശേഷം നിനക്ക് നല്ലവെണ്ണം എഴുതാൻ കഴിയും എന്ന് പറഞ്ഞു അടുത്ത കടയിൽ നിന്നും അവിൽ കുഴച്ചത് ഒരാളോട് വാങ്ങി കൊണ്ട് വരാൻ പറയുകയും പ്രോത്സാഹനമായി അത് നൽകുകയും ചെയ്തു.ഇതൊക്കെയാണ് എഴുത്തിൻ്റെ വഴിയിൽ പുതിയ അധ്യായങ്ങൾ സൃഷ്ടിക്കാൻ ഉസ്താദിന് സാധിച്ചത്.
കെ.ടി ഉസ്താദ് ഹജ്ജിന് പോയ വർഷം ഉസ്താദിൻ്റെ നിർദ്ദേശ പ്രകാരം കെ.സി ഉസ്താദിൻ്റെ പൊടിയാട് ദർസിൽ ചേർന്നു.മാനു മുസ്ലിയാരുടെ ദർസിൽ നിന്ന് വന്നതിനാൽ അവിടെയുള്ളവർ "മാനു" എന്നായിരുന്നു വിളിച്ചിരുന്നത്. ഒരു വർഷം അവിടെ പഠിച്ചു.മാനു ഉസ്താദ് തിരിച്ചു വന്നപ്പോൾ തിരിച്ച് ഇരിങ്ങാട്ടിരി ദർസിലേക്കു തന്നെ തിരിച്ചുപോയി.
ഉപരി പഠനത്തിനായി 1971-ൽ ജാമിഅഃയിൽ എത്തി.ജാമിഅ:യിൽ ശംസുൽ ഉലമയും കോട്ടുമല ഉസ്താദും മുദരിസുമാരായി ഉണ്ടായിരുന്ന കാലഘട്ടമായിരുന്നു അത്.ജാമിഅ:യുടെ ഒരു സുവർണ കാലഘട്ടമായിരുന്നത്.അന്നത്തെ വിദ്യാർത്ഥികൾ ഇന്നത്തെ സമസ്തയുടെ തലപ്പത്തുള്ള നേതാക്കളാണ്.മുതവ്വലിലും മുഖ്തസ്വറിലും അതിൻ്റെ താഴെയുള്ള ക്ലാസുകളിലായി ഇന്നത്തെ നിരവധി നേതാക്കളുണ്ടായിരുന്നു.ഹൈദറലി ശിഹാബ് തങ്ങൾ, എം.ടി ഉസ്താദ്,ഉസ്താദ് ബഹാഉദ്ദീൻ നദ് വി, പി.പി മുസ്തഫൽ ഫൈളി, ചെറുവാളൂർ ഹൈദ്രോസ് മുസ്ലിയാർ,മുക്കം ഉമർ ഫൈസി, കെ.എം റഹ്മാൻ ഫൈസി,ഏലംകുളം ബാപ്പു മുസ്ലിയാർ തുടങ്ങിയ നേതാക്കൾ ജാമിഅ:യിലെ സഹപാഠികളാ.പിൽകാലത്ത് സമസ്തക്ക് വേണ്ടി അഹോരാത്രം പരിശ്രമിച്ചവരാണിവർ.1973 അവസാനത്തിൽ ഫൈസി ബിരുദം കരസ്ഥമാക്കി.
ജാമിഅ:യിൽ നിന്നും ഫൈസി ബിരുദമെടുത്ത് ദർസീ മേഖലയിൽ രംഗപ്രവേശനം ചെയ്തു.നാൽപത്തിയാറു വർഷമായിട്ട് ഇത് തുടർന്നു കൊണ്ടിരിക്കുകയാണ്.കെ.കെ ഉസ്താദിൻ്റെ രണ്ടാം മുദരിസായി നാലു വർഷം സേവനമനുഷ്ടിച്ചിട്ടുണ്ട്.ഭാവി അധ്യാപന രംഗത്ത് അത് വലിയ മുതൽ കൂട്ടായി. എഴുത്ത് മേഖലയിലെ തൻ്റെ കയ്യൊപ്പ് തൻ്റെ ശിഷ്യന്മാർക്കും ചാർത്തിക്കൊടുത്തു.നല്ല നിലവാരമുള്ള എഴുത്തുക്കാരെ തൻ്റെ ദർസിലൂടെ സമർപ്പിച്ചു. നമ്മുടെ അറിവ് ജനങ്ങൾക്ക് എത്തിച്ചു കൊടുക്കാനുള്ള നല്ലൊരു മാർഗമാണ് എഴുത്ത്.അതിൽ മടി കാണിക്കരുതെന്ന് ശിഷ്യന്മാർക്ക് ഉപദേശം നൽകാറുണ്ട് .മികച്ച മുദരിസിനുള്ള അവാർഡിന് ഉസ്താദ് അർഹനായിട്ടുണ്ട്.
അൽമുനീർ രണ്ടു വർഷത്തെ ചീഫ് എഡിറ്ററിൽ തുടങ്ങി സമസ്ത തൊണ്ണൂറാം വാർഷിക സമ്മേളന സുവനീറിൻ്റേയും എസ്.വൈ.എസ് അമ്പതാം വാർഷികത്തിൻ്റേയും ചീഫ് എഡിറ്ററായും ജംഇയ്യത്തുൽ മുഅല്ലിമിൻ്റെ അറുപതാം വാർഷിക സുവനീറിൻ്റെ പത്രാധിപ സമിതി ചെയർമാനായും സ്ഥാനമേറ്റിട്ടുണ്ട്.നിലവിൽ അൽ മുഅല്ലിം മാസിക എഡിറ്ററാണ്.അൽ സനാഉൽ അലി ഫീ മനാഖിബിൽ ശൈഖ് അലി ഹസനിൽ വലി(അറബി),കെ ടി മാനു മുസ്ലിയാർ- നിയോഗം പോലെ ഒരു ജീവിതം,ബലിപെരുന്നാൾ,അമ്മായി അമ്മയും മരുമകളും,ഉമ്മയും മക്കളും,മാതൃക ദമ്പതികൾ,സമസ്തയിലെ പ്രശ്നങ്ങൾ(ഉസ്താദും ഹമീദ് ഫൈസിയും സംയുക്തമായി എഴുതിയത്),സുന്നിവിദ്യാര്ത്ഥികള്ക്ക് ഒരു സംഘടന(SKSSF)(ഉസ്താദും ഹമീദ് ഫൈസി യും സംയുക്തമായി എഴുതിയത്),വീടും പരിസരവും,സ്നേഹത്തിന്റെ മുഖങ്ങൾ,ജിന്നുകളുടെ ലോകം,കണ്ണിയത്തിന്റെ പ്രാർത്ഥന,പ്രകാശധാര,വിസ്മയ കാഴ്ചകൾ,വെളിച്ചം വിതറിയ വിസ്മയങ്ങൾ,ചരിത്രത്തിന്റെ ചിറകുകളിൽ,ഇസ്ലാമിക് ഫാമിലി,തൗഹീദ് ഒരു താത്വിക പഠനം( ഇ. ടി. എം ബാഖവിയും സംയുക്തമായി എഴുതിയത്),സമസ്തയും നൂരിഷ ത്വരീഖത്തും തുടങ്ങീ ഇരുപതോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
സംഘടനാ രംഗത്തെ സജീവ സാന്നിധ്യമാണ്.കെ.ടി ഉസ്താദിൻ്റെ സംഘടനാ പാഠവങ്ങൾ ജീവിതത്തിൽ പകർത്തി. എസ്.എസ്.എഫ് രൂപികരിച്ചപ്പോൾ അതിൻ്റെ സമിതിയംഗമായിരുന്നു. സുന്നീ യുവജന സംഘത്തിലും എസ്.എം.എഫിലും പഞ്ചായത്ത് തലം തൊട്ട് സംസ്ഥാന തലത്തക്ക് വരേ തിരഞ്ഞെടുക്കപ്പെട്ടു. ജംഇയ്യത്തുൽ മുഅല്ലിമിലേക്കും വിദ്യാഭ്യാസ ബോർഡിലേക്കും തിരഞ്ഞെടുത്തു.ജംഇയ്യത്തുൽ മുദരിസിൻ്റേ സംസ്ഥാന സമിതിയിൽ വർക്കിംങ് സെക്രട്ടറിയായി. സമസ്ത കേന്ദ്ര മുശാവറയംഗമായി. അടുത്ത കാലത്ത് സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമിൻ്റെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.കെ.ടി ഉസ്താദിൻ്റെ പിൻഗാമിയായി മലയോര മേഖലയിലെ സമസ്തയുടെ സജീവ സാന്നിധ്യമാണ്. ആരോഗ്യം വകവെക്കാതെയുള്ള യാത്രകളും ഉറക്കമൊഴിച്ചുള്ള എഴുത്തുമെല്ലാം നാഥനിൽ നിന്നുള്ള പ്രതിഫലത്തിന് കാരണമാവുമെന്ന് ഉറച്ച് വിശ്വസിച്ചു.
സമസ്ത കേന്ദ്ര മുശാവറ അംഗം,സമസ്ത കേരള വിദ്യാഭ്യാസ ബോർഡ് പ്രവർത്തക സമിതി അംഗം,ജംഇയ്യത്തുൽ മുദരിസീൻ സംസ്ഥാന വർക്കിംഗ് സെക്രട്ടറി,എസ്സ്.എം.ഏഫ് മലപ്പുറം ജില്ലാ പ്രവർത്ത സമിതി അംഗം, എസ്.വൈ.എസ് സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി,സുന്നി അഫ്കാർ പത്രാധിപ സമിതി അംഗം,വിദ്യാഭ്യാസ ബോർഡ് അക്കാദമിക് കൗൺസിൽ അംഗം,വിദ്യാഭ്യാസ ബോർഡ് ബുക്ക് ഡിപ്പോ കമ്മിറ്റി മെമ്പർ,അൽ മുഅല്ലിം മാസിക എഡിറ്റർ,ഇപ്പോൾ ലക്ഷക്കണക്കിന് വരുന്ന മുഅല്ലിംകളുടെ അമരക്കാരനായി നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.
കെ.ടി ഉസ്താദാണ് സംഘടനാ പ്രവർത്തനങ്ങൾക്ക് പ്രചോധിതനാക്കിയത്.ഒരു പിതാവ് തൻ്റെ കുട്ടിയെ കൈ പിടിച്ച് നടത്തം പഠിപ്പിക്കുന്നത് പോലെ തൻ്റെ ശിഷ്യനെ കൂടെ നിറുത്തി സംഘടനാ പാഠവം പഠിപ്പിച്ച് കൊടുത്തിട്ടുണ്ട് കെ.ടി ഉസ്താദ് .സത്യ സന്ധതയും ആത്മാർത്തതയും സംഘടനക്ക് വേണ്ടിയുള്ള ജീവൻ ത്യജിക്കലുമൊക്കെ കെ.ടി ഉസ്താദിൽ നിർഗളിച്ച് കണ്ട കാരണത്താൽ ശിഷ്യനും ആ പാഥ പിന്തുടർന്നിട്ടുണ്ട്..ഇന്ന് എന്ത് കാര്യം തീരുമാനിക്കുമ്പോഴും ഉസ്താദ് ഇങ്ങനെയായിരുന്നു ഈ സന്ദർഭത്തിൽ ചെയ്തിരുന്നത് എന്ന് പറയും.എന്തിനും ഒരു തീരുമാനം എടുക്കുന്നതിൻ്റെ മുമ്പേ ഉസ്താദിൻ്റെ ഖബർ ഒന്ന് സിയാറത്ത് ചെയ്യും.ഉസ്താദിൻ്റെ പിൻഗാമിയായി നമ്മുടെ സംഘടനാ തലപ്പത്തിലേക്ക് ഇന്ന് എത്തിയിരിക്കുന്നു. എല്ലാവരേയും തൃപ്തിപ്പെടുത്തും വിധം പ്രത്യേകിച്ച് ബഹു: സമസ്തയുടെ ഉന്നമനത്തിനായി പ്രവർത്തിക്കാൻ ദീർഘായുസും ആഫിയത്തും അള്ളാഹു നൽകട്ടെ .....ആമീൻ