Latest Post




മധുവൂറും ഓര്‍മ്മകള്‍ സമ്മാനിച്ച

കലാലയ മുറ്റവും,

ത്രിവര്‍ണ പതാകയാല്‍ നിറഞ്ഞ ക്ലാസ് മുറികളും,

സ്വതന്ത്രരായി ഈണത്തില്‍ 

പാടിയ ദേശീയ ഗാനവും,

ഒരിലകുമ്പിളില്‍ കുഞ്ഞികൈകളാല്‍ 

പങ്കിട്ടെടുത്ത പാല്‍പായസവും

പുതു നന്മയാല്‍ വെണ്മയേകിയ

തൂവെള്ള കുപ്പായവും,

വയല്‍ വരമ്പിലൂടെ പതാകയാല്‍

തിമിര്‍ത്തോടിയ ബാല്യങ്ങളും,

മഹാമാരിയുടെ അന്ധകാരത്താല്‍

പ്രഹസനത്തില്‍ ചേര്‍ത്ത്

ബന്ധനസ്ഥരായി...

ആധുനികതയുടെ ഓണ്‍ലൈന്‍ അഴികളില്‍.!!


മുഹമ്മദ് ജാസിം ആദൃശ്ശേരി


     
      ✍🏻  സയ്യിദ് അമീറുദ്ധീൻ നിസാമി
    
                20/03/2019 വ്യഴാഴ്ച്ച... സമയം 11:30 AM ഹൈദരാബാദ് ജാമിഅ നിസാമിയ്യയിലെ ഓഡിറ്റോറിയത്തിന്റെ  താഴ്ഭാഗത്ത് പരീക്ഷാഹാളിൽ ബുഖാരി ശരീഫ് പരീക്ഷ നടന്നു കൊണ്ടിരിക്കുന്നു. പെട്ടെന്നായിരുന്നു പരീക്ഷ ചുമതലയുള്ള ഉസ്താദ് ഇംതിയാസ്‌ സാഹിബിന്റെ വരവ്. പരീക്ഷാഹാളിൽ എത്തിയ അദ്ദേഹം ഉർദുവിൽ എന്തൊക്കെയോ പറയുന്നു. ശ്രദ്ധിച്ചപ്പോൾ ഇരുപത്തിരണ്ടാം തീയതി നടക്കാനിരിക്കുന്ന പരീക്ഷയും കൂട്ടി ശനിയാഴ്ച രണ്ട് പരീക്ഷ ഉണ്ടായിരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. കേട്ടപ്പോൾ എന്തോ ഒരു പന്തികേട് തോന്നിയെങ്കിലും കൂടുതൽ ആലോചിച്ച് സമയം കളയാതെ പരീക്ഷ പേപ്പറിലേക്ക് തന്നെ ശ്രദ്ധ തിരിച്ചു. പിന്നീട് 21/03/2020 ന് പരീക്ഷ കഴിഞ്ഞ് വൈകുന്നേരം അഞ്ചു മണിക്ക് റൂമിൽ എത്തിയപ്പോഴാണ് അറിയുന്നത് ബാക്കിയുള്ള പരീക്ഷകൾ മാറ്റി വച്ചിട്ടുണ്ട് എല്ലാവരും നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്. അഞ്ചുമണിക്ക് റൂമിലെത്തിയ അവസാനവർഷക്കാരായ ഞാനും എന്റെ സുഹൃത്തുക്കളും മടക്കയാത്രയ്ക്ക് ഒരുങ്ങിയിട്ടില്ലയിരുന്നു. മാത്രമല്ല ഞങ്ങൾ മുമ്പേ എടുത്തുവെച്ച റിട്ടേൺ ടിക്കറ്റ് ക്യാൻസൽ ചെയ്യുകയും വേണമായിരുന്നു. അതിനാൽ  ഞങ്ങൾ നാളെ കഴിഞ്ഞ് തിങ്കളാഴ്ച നാട്ടിലേക്ക് പോകാൻ തീരുമാനിച്ചു. യഥാർത്ഥത്തിൽ കോവിഡ് '19 എന്ന മഹാ വൈറസിന്റെ  വ്യാപനത്തിന്റെ  ഗൗരവം ഞങ്ങൾ പൂർണ്ണമായി തിരിച്ചറിഞ്ഞിരുന്നില്ല. അന്ന് രാത്രി 9:30 നുള്ള ട്രെയിനിൽ ഭൂരിഭാഗം വിദ്യാർത്ഥികളും നാട്ടിലേക്ക് തിരിച്ചു. റൂം ശൂന്യമായി... ഞങ്ങൾ പതിനെട്ട് മലയാളി വിദ്യാർത്ഥികൾ മാത്രം.
പിന്നീട് സംഭവിച്ചത് ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളായിരുന്നു.
                     ഒറ്റദിവസംകൊണ്ട് കാര്യങ്ങൾ ആകെ തകിടം മറിഞ്ഞു കർഫ്യൂ  പ്രഖ്യാപിക്കൽ, ലോക്ക് ടൗൺ,  ഗതാഗത മാർഗ്ഗങ്ങളെല്ലാം റദ്ദ് ചെയ്തു. ഞങ്ങൾ ശരിക്കും ലോക്കായി. പക്ഷേ വലിയ മാനസിക പ്രയാസം ഒന്നും ഞങ്ങൾക്ക് അനുഭവപ്പെട്ടില്ല. ആദ്യഘട്ട ലോക്ക് ടൗൺ  പ്രഖ്യാപിച്ചപ്പോൾ വലിയ നിരാശയൊന്നും  ഞങ്ങളിൽ പലർക്കും ഉണ്ടായിരുന്നില്ല. പക്ഷേ ഒരു അറ്റമില്ലാതെ നീണ്ടു  പോയപ്പോൾ വിരസമായി തുടങ്ങിയിരുന്നു. നാട്ടിലേക്ക് പോകാൻ പല മാർഗങ്ങളും അന്വേഷിച്ചു ഒന്നും പ്രായോഗികമല്ലെന്ന്  തിരിച്ചറിയലോടു കൂടി എല്ലാ ശ്രമങ്ങളും ഉപേക്ഷിച്ച് ഹൈദരാബാദിൽ തന്നെ നിൽക്കാൻ ഞങ്ങൾ നിർബന്ധിതരായി.നാട്ടിലെ ജനപ്രതിനിധികളെയും ഉത്തരവാദിത്തപ്പെട്ട പല ഉദ്യോഗസ്ഥരെയും നിരന്തരം വിളിച്ചു കൊണ്ടിരുന്നു, അവരിൽ നിന്ന് കാര്യമായ പ്രതികരണങ്ങളൊന്നും ലഭിച്ചില്ല. എല്ലാം ശാന്തമാകുന്നത് വരെ നിങ്ങൾ അവിടെ തന്നെ നിന്നോളൂ അതാണ് സുരക്ഷിതത്വം എന്ന് ചിലർ പറഞ്ഞു. നാട്ടിലേക്ക് പോകാനുള്ള എല്ലാ ആലോചനകളും അതോടെ എടുത്തു വെച്ചു.ഏതായാലും ഓരോ ദിവസവും ശരവേഗത്തിൽ കടന്ന് പോയിക്കൊണ്ടിരുന്നു. സ്മാർട്ട്ഫോണിന്റെ  സാന്നിധ്യം വിരസമായി തുടങ്ങിയ ദിവസങ്ങളെ തള്ളി നീക്കാൻ ഞങ്ങളെ ഏറെ സഹായിച്ചു . ഉറങ്ങിയും ഫോണിൽ ചെലവഴിച്ചും ആദ്യദിനങ്ങൾ മുന്നോട്ടുപോയി സമയം വെറുതെ ഉറങ്ങി തീർക്കണ്ടായെന്ന് തോന്നിയപ്പോൾ ഞങ്ങൾ എന്നും രാവിലെ ക്രിക്കറ്റ് കളിക്കാൻ തുടങ്ങി. കോളേജിലെ റെഗുലർ വിദ്യാർഥികളായ ഉറുദു കുട്ടികളുടെ ബാറ്റും ബോളും ചോദിച്ചുവാങ്ങി എന്നും കളി തന്നെ. ഇതുവരെ ബാറ്റും ബോളും തൊട്ടു നോക്കാത്തവരും വലിയ താൽപര്യം കാണിച്ചത് എല്ലാവർക്കും പ്രചോദനമായി. എല്ലാവർക്കും  ഹരമായി മാറി. ഇടയ്ക്കിടെ കോളേജിലെ വലിയ വിദ്യാർത്ഥികൾ ഞങ്ങളോട് മത്സരത്തിന് വരികയും കളിക്കുകയും ചെയ്തു. എല്ലാ കളിയിലും ഞങ്ങളുടെ ടീമിന്  തന്നെയായിരുന്നു വിജയം.കേരളം തെലങ്കാനയെ തോൽപ്പിച്ചു എന്നമട്ടിൽ വലിയ സന്തോഷത്തോടെയായിരുന്നു എന്നും കളിക്കളത്തിൽ നിന്ന് മടങ്ങാറ് .കളി മാത്രമല്ല പഠനങ്ങളിലും പലരും ഏർപ്പെട്ടു, ഉന്മേഷം ലഭിക്കാൻ ചർച്ചകളും മത്സരങ്ങളും സമാജങ്ങളും സംഘടിപ്പിക്കൽ പതിവായിരുന്നു.രാത്രി, പാട്ടും പറച്ചിലുമായി സമയം ഒരുപാട് നീളുമായിരുന്നു. ആത്മീയാനന്ദത്തിന് വേണ്ടി  ഹദ്ദാദ് റാത്തീബും മങ്കൂസ് മൗലിദും ബുർധ ബൈത്തുകളും ഇടംപിടിച്ചിരുന്നു. എല്ലാം കൊണ്ടും മനോഹരമായ ദിനരാത്രങ്ങൾ ഞങ്ങൾ അനുഭവിച്ചു കൊണ്ടിരുന്നു.
             പിന്നീടങ്ങോട്ട് മനസ്സും ശരീരവും ഹൈദരാബാദിലെ വിശാലമായ നിസാമിയ്യ ക്യാമ്പസിൽ ഇറക്കി വെക്കുകയായിരുന്നു. സാധാരണ എക്സാമിന് ഒരാഴ്ച മുമ്പ് വന്ന് എക്സാം കഴിഞ്ഞ ഉടനെ തിരിച്ചു പോകാറായിരുന്നു പതിവ്. ഇപ്പോൾ ഒരുപാട് ദിവസങ്ങൾ ലഭിക്കുകയായിരുന്നു. ക്യാമ്പസിലെ ഓരോ, മുക്കും,  മൂലയും ജീവനക്കാരെയും,  ജീവിത ശൈലികളെയും എല്ലാം മനസ്സിലാക്കാൻ അത് ഞങ്ങളെ സഹായിച്ചു. പുറത്തു കടകളെല്ലാം അടച്ചിട്ടിരിക്കുന്നു, നിറയെ പോലീസ്, ഇതൊന്നുമറിയാതെ സന്തോഷവും കളിയും ചിരിയുമായി ക്യാമ്പസിനുള്ളിൽ ഞങ്ങൾ കഴിഞ്ഞുകൂടി ഹൈദരാബാദിലെ ഭക്ഷണരീതി മടുപ്പ് പിടിപ്പിച്ചിരുന്നു, ഞങ്ങൾ റൂമിൽ ചില ചെറിയ ഭക്ഷണവിഭവങ്ങളൊക്കെ  ഉണ്ടാക്കുമായിരുന്നു മറ്റാരുമറിയാതെ ഗ്രില്ലഡ് ചിക്കൻ  ഉണ്ടാക്കിയത്  ഒരു വല്ലാത്ത രസകരമായ അനുഭവമായിരുന്നു. അതിനിടെ പ്രതീക്ഷിക്കാതെയായിരുന്നു റമദാനിന്റെ  കടന്നുവരവ്. നാട്ടിലെ പോലെയുള്ള ആത്മീയ നിർവൃതിയൊന്നുമില്ലായിരുന്നു. എങ്കിലും എല്ലാവിധ ബഹുമാനത്തോടും കൂടി റമദാനിനെ  ഞങ്ങൾ വരവേറ്റു. ഓരോ ദിവസവും ഞങ്ങൾ വ്യത്യസ്ത പലഹാരങ്ങൾ റൂമിൽ ഉണ്ടാക്കിയിരുന്നു. കാന്റീനിൽ നിന്ന് ഈത്തപ്പഴം, തണ്ണിമത്തൻ, ഹൈദരാബാദ് സ്പെഷ്യൽ  പരിപ്പ് വേവിച്ചത് തുടങ്ങിയ വിഭവങ്ങൾ കൊണ്ട് നോമ്പ് തുറന്ന ഉടനെ റൂമിൽ വച്ച് ഒരു വിശാലമായ നോമ്പു തുറ ഉണ്ടാകുമായിരുന്നു. നിഷ്കളങ്കമായ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും  മധുരം ഞങ്ങൾ ആസ്വദിക്കുമായിരുന്നു.എല്ലാ ദിവസവും ഒരുമിച്ച് തന്നെ രാത്രി നിസ്കാരങ്ങൾ നിർവഹിക്കും. ഇതിനെല്ലാം ഇടയിൽ വീട്ടുകാരുടെ ദുഃഖത്തോടെയുള്ള ഫോൺകോളുകൾ കൈകാര്യം ചെയ്യാനായിരുന്നു വലിയ പ്രയാസം. ഇവിടെ നോമ്പ് തുറയുടെയും, അത്താഴത്തിന്റെയും സമയമായാൽ വലിയ സൈറൺ മുഴങ്ങാറാണ് പതിവ് കൗതുകത്തോടെ ഞങ്ങളത്  കേൾക്കുമായിരുന്നു.ചിലർ ഫോണിൽ റെക്കോർഡ് ചെയ്തു വെക്കുകയും ചെയ്തിരുന്നു. 
            എല്ലാം കഴിഞ്ഞ് അവസാനം നാട്ടിലേക്ക് പോകാനുള്ളതെല്ലാം ശെരിയാവുമ്പോൾ ഞങ്ങൾ നല്ല ഒരു ക്രിക്കറ്റ് ടീം ആയി മാറിയിരുന്നു. പലരും നല്ല പാചകവും പഠിച്ചിരുന്നു. മാത്രമല്ല ഒരുപാട് അനുഭവജ്ഞാനവും, ഏത് പ്രതിസന്ധിയെയും തരണം ചെയ്യാനും, സാഹചര്യത്തിനനുസരിച്ച് മനസ്സിനെയും ശരീരത്തെയും പാകപ്പെടുത്താനുമുള്ള പരിശീലനവും ഞങ്ങൾ നേടി കഴിഞ്ഞിരുന്നു. കെഎംസിസിയുടെ സഹായത്തോടെ ബസ്സ് മാർഗ്ഗമായിരുന്നു  നാട്ടിലേക്കുള്ള ഞങ്ങളുടെ യാത്ര. യാത്ര ദിവസം രാവിലെ തന്നെ ഞങ്ങൾ എല്ലാ ഒരുക്കങ്ങളും നടത്തി മാസ്ക്കും സാനിറ്റൈസറും ഗ്ലൗസും ഭക്ഷണവും തുടങ്ങി യാത്രക്ക് വേണ്ട എല്ലാം ഒരുക്കി വെച്ചു. അധികം വൈകാതെ ഞങ്ങൾ ക്കുള്ള ബസ് ക്യാമ്പസിന്റെ അടുത്ത് എത്തിച്ചേർന്നു. മധുരമുള്ള ഒരുപാട് അനുഭവങ്ങൾ നൽകി ഞങ്ങളെ മാറോടു ചേർത്തു പിടിച്ച് സ്നേഹിച്ച ക്യാമ്പസി നോട് അവസാനമായി വിട പറഞ്ഞു... നാട്ടിലേക്ക് പോകുന്ന സന്തോഷമുണ്ടെങ്കിലും എവിടെയൊക്കെയോ ചില മൂകതകൾ കെട്ടി നിൽക്കുന്നുണ്ടായിരുന്നു. ഞങ്ങൾ ബസ്സിനടുത്തേക്ക് നടന്നു നീങ്ങി നിസാമിയ്യ അധികൃതരും വാഹനത്തിനടുത്തെത്തി  ഞങ്ങളുടെ യാത്രയുടെ വിശദാംശങ്ങളെല്ലാം ചോദിച്ചറിഞ്ഞു. അങ്ങനെ ഹൈദരാബാദിനോട്‌ വിടപറഞ് ഞങ്ങളുടെ യാത്ര ആരംഭിച്ചു... ബസ് മുഖേന ഇത്ര ദീർഘമായ യാത്ര ആദ്യമായിട്ടായിരുന്നു ഞങ്ങളിൽ പലർക്കും.  വൈകാതെ സുരക്ഷിതമായി നാട്ടിൽ തിരിച്ചെത്തി ഇപ്പോഴിതാ റൂം ക്വറന്റൈൻ.... ജനൽ പാളികളിലൂടെ പുറത്തേക്ക് നോക്കുമ്പോൾ ആ മനോഹരമായ ഓർമ്മകൾ ഒരുപാട് സന്തോഷങ്ങൾ നൽകുന്നു.....




✍🏻 മുഹമ്മദ് ഫവാസ് അകമ്പാടം


                               ചില  വാര്‍ത്തകള്‍ അങ്ങനെയാണ്. മനസ്സിനെ എത്ര പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചാലും ഉള്ളിലെവിടെയോ ഉള്‍ക്കൊള്ളാന്‍ ഒരു പ്രയാസമാണ്. കഴിഞ്ഞ ചൊവ്വ ( ജൂണ്‍ 1 ) രാത്രി ഏകദേശം രണ്ടുമണിയോടടുത്ത സമയത്താണ് നബീലിന്റെ ( ഹുദൈഫയുടെ സഹപാഠി സുഹൃത്ത് ) ഫോണ്‍കോള്‍ വരുന്നത് ആദ്യം റിങ് ചെയ്ത് കട്ടായി. പിന്നീട് വീണ്ടും അവന്റെ കോള്‍ വന്നപ്പോള്‍ തന്നെ മനസ്സില്‍ ഒരു അപകടസൂചന തെളിഞ്ഞതാണ്. ഫോണെടുത്ത ഉടനെ കേള്‍ക്കുന്നത്. ' എടാ നീ അറിഞ്ഞോ? നമ്മുടെ ഹുദൈഫ മരിച്ചെടാ ' എന്ന തീര്‍ത്തും അപ്രതീക്ഷിതമായ വാര്‍ത്തയാണ്.

                          പാതി ഉറക്കില്‍ നിന്നും ഒരു ഞെട്ടലോടെ ഞാന്‍ പൂര്‍ണ്ണമായ ഉണര്‍വിലേക്ക് എത്തിയപ്പോഴേക്കും സങ്കടത്താല്‍ കണ്ണുനീര് കവിള്‍ത്തടം നയിച്ചിരുന്നു. പിന്നീട് കുറച്ചു നേരം മൗനമായി ചിന്തിച്ചിരുന്നു. ചിന്തയിലുടനീളം പ്രിയപ്പെട്ട സഹോദരന്‍ കുറഞ്ഞ കാലയളവില്‍ സമ്മാനിച്ച ഓര്‍മ്മകള്‍ ഒരു കടല്‍പോലെ മനസ്സില്‍ പരന്നു കിടക്കുകയായിരുന്നു. അപ്പോള്‍ തന്നെ രണ്ടുമൂന്ന് ആളുകള്‍ക്ക് ഫോണ്‍ ചെയ്തു വിവരം പറഞ്ഞു. യഥാര്‍ത്ഥത്തില്‍ അവരാരും ഈ വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ തയ്യാറായിരുന്നില്ല. അതിനപ്പുറം അവര്‍ക്കത് ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നില്ല എന്നുവേണം പറയാന്‍.

                         മരണവാര്‍ത്ത വരുന്നതിന് ഏതാനും മണിക്കൂറുകള്‍ മുമ്പ് കുടുംബത്തോടൊപ്പം യാസീന്‍ പാരായണവും മറ്റു കളിചിരികളും എല്ലാം കഴിഞ്ഞ് വീട്ടിനകത്തെ എക്സ്റ്റന്‍ഷന്‍ ബോര്‍ഡ് നന്നാക്കുന്നതിനിടയില്‍ പെട്ടെന്ന് ഷോക്കേല്‍ക്കുകയും ഉടനെ ബോധരഹിതനായി വീഴുകയും ആയിരുന്നു. ഉടനെതന്നെ ഹോസ്പിറ്റലിലേക്ക് എത്തിച്ചെങ്കിലും നാഥന്റെ വിധിക്കു മുമ്പില്‍ കീഴടങ്ങി അവന്‍ ഈ ലോകത്തോട് യാത്ര പറഞ്ഞിരുന്നു.

                          യതീമായിട്ടാണ് ഹുദൈഫ വളര്‍ന്നതെങ്കിലും ഉപ്പയില്ലാത്ത സങ്കടം ഉമ്മയും സഹോദരങ്ങളും അവനെ അറിയിച്ചിരുന്നില്ല. അവരുടെയെല്ലാം തണലില്‍ ആ സുന്ദരമായ ദേശത്ത് കുറഞ്ഞ കാലത്തെ പഠനത്തിനുശേഷം കേരളത്തിലേക്ക് വരികയും തിരൂര്‍ക്കാട് യത്തീംഖാനയില്‍ പഠനം ആരംഭിക്കുകയും ചെയ്തു. ശേഷം മാട്ടൂല്‍, പാലേക്കോട്, ഉടുമ്പുന്തല എന്നിവിടങ്ങളിലും അവസാനമായി മഹിതമായ ദര്‍സീ പാരമ്പര്യം നിലകൊള്ളുന്നു ആലത്തൂര്‍പടി ദര്‍സിലും പഠനത്തിനായി എത്തുകയായിരുന്നു. അതോടൊപ്പം  കഴിഞ്ഞവര്‍ഷം മുതല്‍ ഹൈദരാബാദ് ജാമിഅ നിസാമിയ്യ യൂണിവേഴ്‌സിറ്റിയില്‍ ആദ്യവര്‍ഷ ഡിസ്റ്റന്‍സ് പഠനവും ആരംഭിച്ചിരിന്നു.

                       ഇക്കാലയളവില്‍ അവന്‍ പിന്നിട്ട വഴികളിലെല്ലാം ശോഭനമായ സൗഹൃദത്തിന്റെ വിത്തുകള്‍ പാകിയിരുന്നു. അവന്‍ അങ്ങനെയാണ് എവിടെയും ഏവരോടും പെട്ടെന്നുതന്നെ ബന്ധം സ്ഥാപിക്കുകയും അതു നിലനിര്‍ത്തിക്കൊണ്ടു പോവാന്‍ ശ്രദ്ധിക്കുകയും ചെയ്യുമായിരുന്നു.

                       അതുകൊണ്ടുതന്നെയാവാം അവന്റെ മരണവാര്‍ത്ത അറിഞ്ഞയുടനെ നിരവധി തഹ്ലീലുകളും ഖത്മുകളും മറ്റു സല്‍കര്‍മ്മങ്ങളും അവനിലേക്ക് ഒഴുകിയെത്തിയത്.

                      പ്രിയപ്പെട്ട ഇര്‍ഷാദിന്റെ വിയോഗാനന്തരം പലപ്പോഴും ഹുദൈഫയും അതുപോലെ മരിക്കാന്‍ ആഗ്രഹിച്ചിരുന്നു എന്ന് പല സന്ദര്‍ഭങ്ങളിലും അവന്‍ തന്നെ പറഞ്ഞതായി സഹപാഠികള്‍ വഴി അറിയാന്‍ സാധിച്ചു. അവന്റെ ആഗ്രഹം പോലെ തന്നെ ഒരുപാട് പണ്ഡിത മഹത്തുക്കളുടെ പ്രാര്‍ത്ഥനയാലും നന്മയാര്‍ന്ന വാക്കുകളാലും അവന്‍  ആഗ്രഹിച്ചതുപോലെ നാഥന്‍ അവനെ തിരിച്ചു വിളിച്ചു.

                     സൗഹൃദത്തിന് വല്ലാതെ വില കല്‍പ്പിച്ചിരുന്ന ഹുദൈഫ ഒരു ചെറുപുഞ്ചിരി നല്‍കിക്കൊണ്ട് എല്ലാവരെയും സന്തോഷിപ്പിക്കാനും ഏവരുടെയും വിഷമത്തില്‍ പങ്കുചേരാനും മുന്നില്‍ തന്നെ ഉണ്ടായിരുന്നു. 

                     സമസ്തയെയും അതിന്റെ കീഴ്ഘടകങ്ങളെയും നെഞ്ചോട് ചേര്‍ത്തുവെച്ച് 'വിനയം വിജ്ഞാനം സേവനം' എന്ന വിദ്യാര്‍ത്ഥി പടയണിയുടെ മഹിതമായ ആശയത്തെ ജീവിതത്തില്‍ ഉള്‍ക്കൊണ്ടുകൊണ്ട് നീ ജീവിച്ചു തീര്‍ത്തപ്പോള്‍ അത് എല്ലാവര്‍ക്കും പകര്‍ത്തിയെടുക്കാന്‍ പോന്ന  ഒരു അധ്യായമായിരുന്നു.

                      പ്രിയപ്പെട്ട സഹോദരാ... നീ എത്രയോ ഭാഗ്യവാനാണ് മുതഅല്ലിമായി ജീവിച്ച് മരിക്കുക എന്നതിനപ്പുറം ഉസ്താദുമാരുടെയും കുടുംബത്തിന്റെയും മറ്റു നിന്റെ കൂട്ടുക്കാര്‍, ഗുണകാംക്ഷികള്‍ തുടങ്ങി എത്ര ആളുകളുടെ പ്രാര്‍ത്ഥനകളുമായാണ് നീ പറന്നകന്നത്.

                       നിന്റെ വിയോഗത്തില്‍ വേദനിക്കുന്ന ഒരുപാട് നല്ല നല്ല സൗഹൃദങ്ങളും ഉസ്താദുമാരും ബന്ധുക്കളും  എന്നും നിനക്കായി കഴിയും വിധം സല്‍കര്‍മ്മങ്ങള്‍ ചെയ്തുകൊണ്ടേയിരിക്കും.അതെല്ലാം കണ്ടുകൊണ്ട്  തിരമാലകള്‍ക്കപ്പുറം അങ്ങ് അഗത്തിയിലെ പള്ളിക്കാട്ടില്‍ നീ സന്തോഷവാനായിരിക്കും എന്ന പ്രതീക്ഷയോടെ...





✍️ ഇർഫാൻ അബൂബക്കർ


                ഇന്ന് ലക്ഷദ്വീപിലെ പ്രിയ സുഹൃത്തിന് വിളിച്ചിരുന്നു ,നാട്ടിലെ സ്ഥിതിഗതികളെ കുറിച്ച് അന്വേഷിച്ചു  "നാട് വലിയൊരു പ്രതിസന്ധി യിലേക്ക് പോയി കൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ സ്വത്വവും,സംസ്കാരവും ഫാഷിസം ചോദ്യം ചെയ്ത്കൊണ്ടിരിക്കുകയാണ്."


            അടുത്തകാലം വരെ സമാധാന ജീവിതം നയിച്ചിരുന്ന ദ്വീപ്,2020 ഡിസംബറിൽ ഫാസിസ്റ്റ് അജണ്ടയുമായി കേന്ദ്രം നിയോഗിച്ച  അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ വരവോടെയാണ്  അശാന്തമാവുന്നത്.മദ്യരഹിത പ്രദേശമായിരുന്ന ദ്വീപിൽ ടൂറിസത്തിന്റെ പേരുപറഞ്ഞ് മദ്യശാലകൾക് അനുമതി കൊടുത്തു,ബീഫ് നിരോധനം നടത്തി തീൻമേശയിലും കൈകടത്തി.,രണ്ട് മക്കളിൽ കൂടുതലുള്ളവർക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്ക്, തുടങ്ങി സാധാരണക്കാരുടെ മത്സ്യബന്ധന സംവിധാനങ്ങളെ തകർക്കുന്ന നിയമങ്ങൾ വരെ വന്നുകൊണ്ടിരിക്കുന്നു.  ജനാധിപത്യ സംവിധാനത്തിലൂടെ നിലവിൽവരുന്ന ദ്വീപ് ജില്ലാ പഞ്ചായത്തിന്റെ അധികാരങ്ങൾ വെട്ടിക്കുറച്ചു. എല്ലാം അഡ്മിനിസ്ട്രേറ്ററുടെ ഏകാധിപത്യത്തിന് കീഴിലാക്കി, കൂടാതെസർക്കാർ സർവ്വീസിൽ കരാർ അടിസ്ഥാനത്തിൽ ജോലിചെയ്തുകൊണ്ടിരിക്കുന്ന ആയിരക്കണക്കിന് പേരെയാണ് പിരിച്ച് വിട്ട്കൊണ്ടിരിക്കുന്നത്. തങ്ങളുടെ സ്വന്തം വീടിനു പോലും മൂന്ന് വർഷത്തെ പെർമിറ്റ് മാത്രം നൽകി അവരെ തുരത്താനുള്ള തയ്യാറെടുപ്പിലാണ് സംഘ്പരിവാർ. എഴുപതിനായിരത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള ദ്വീപിൽ സർക്കാർ സർവ്വീസും, മത്സ്യബന്ധനവുമാണ് അവരുടെ പ്രധാന ജീവിതോപാധികൾ. നമ്മളെപോലെ  കൂടുതൽ അവസരങ്ങൾ അവർക് അന്യമാണ് അറിയാലോ...?!


              ഈ നെറികേടുകൾക്കെതിരെ ശബ്ദമുയർത്തുന്നവരെ ജയിലിലടക്കാൻ   "ഗുണ്ടാ ആക്ട് "എന്ന കരി നിയമം,തുടങ്ങി എല്ലാ അർത്ഥത്തിലും പ്രഫുൽ പട്ടേലും സംഘവും ദ്വീപ് ജനതയെ ദ്രോഹിച്ചുകൊണ്ടിരിക്കുകയാണ്. ഈ അവസരത്തിൽ നമ്മോട് ചേർന്ന് നിൽക്കുന്ന,മലയാളികൾകൂടിയായ , സ്നേഹിക്കാൻ മാത്രമറിയുന്ന ആ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കേരളത്തിനും ബാധ്യതയുണ്ട്. 


            ദ്വീപിന്റെ എല്ലാമെല്ലാമായിരുന്ന , ആ ജനതയുടെ അവകാശങ്ങൾ സ്ഥാപിച്ച് നൽകിയ പി എം സയീദിനെപ്പോലെ ഒരു നേതാവ് ഇന്നവർക്കില്ല...!കേരളത്തിലെ MP മാർ ഈ വിഷയം   ദേശീയ ശ്രദ്ധയിൽ  കൊണ്ടുവരികയും, പാർലമെന്റിൽ ഉന്നയിക്കുകയും വേണമെന്ന് അഭ്യർത്ഥിക്കുന്നു!!!


#savelakshadweep




  ✍️  ഹാഫിള് അമീന്‍ നിഷാല്‍ അരീക്കോട്

"അവസാന ആകാശവും കഴിഞ്ഞാൽ ഈ പറവകൾ എങ്ങോട്ട് പോവും"


കഴിഞ്ഞ 7 പതിറ്റാണ്ട് കാലമായി ഫലസ്തീൻ ജനത അനുഭവിക്കുന്ന നീതിനിഷേധത്തിന്റെയും ദൈന്യതയുടെയും ആഴമാണ്  ഈ വാക്കുകളിലൂടെ വിഖ്യാത ഫലസ്തീൻ കവി ദാർവിശ് പ്രകടിപ്പിക്കുന്നത്.കാലമിത്ര  കഴിഞ്ഞിട്ടും ഇന്നും ലോകത്ത് അനിശ്ചിതമായി തുടരുന്ന ഏറ്റവും രൂക്ഷമായ അന്താരാഷ്ട്ര പ്രശ്നമേതെന്ന് ചോദിച്ചാൽ അതിനോരറ്റയുത്തരമേ ഒള്ളൂ ;ഫലസ്തീൻ ഇസ്രയേൽ പ്രശ്നം.പിഞ്ചുകുട്ടികളെയും നിരായുധരായ സാധാരക്കാരെയും വരെ കൊന്നൊടുക്കി മനുഷ്യത്വത്തിന്റെ സകല സീമകളും ലംഘിക്കുന്ന ഇസ്രായേലിന്റെ ക്രൂരതയുടെയും ഫലസ്തീനികളുടെ  ചെറുത്തുനിൽപ്പിന്റെയും രക്തസാക്ഷിത്വത്തിന്റെയും  ഒട്ടനവധി സംഭവങ്ങളാണ് ലോകം കണ്ടും കേട്ടും കഴിഞ്ഞത്.ഏറ്റവും ഒടുവിലായി കഴിഞ്ഞ റമദാനിലെ അവസാന വെള്ളിയാഴ്ച വിശുദ്ധമായ മസ്ജിദ് അൽ അഖ്സയിൽ പ്രാർത്ഥനക്കെത്തിയ വിശ്വാസികൾക്കെതിരെ ഇസ്രായേൽ പട്ടാളം അക്രമണം അഴിച്ചുവിട്ടതിനെതുടർന്നാരംഭിച്ച സംഘർഷം ഇതിനോടകം നൂറുകണക്കിന്   നിരപരാധികളുടെ ജീവൻ അപഹരിച്ചിരിക്കുകയാണ്. ന്യായീകരിക്കാൻ നീതിയുടെ ഒരു കണിക പോലുമില്ലാഞ്ഞിട്ടും അമേരിക്കയുടെ തണലിൽ (വിഷയത്തിൽ  അന്താരാഷ്ട്ര സമൂഹവും  ശക്തമായി ഇടപെടുന്നില്ല )തങ്ങളുടെ സൈനിക ശക്തി ഉപയോഗിച്ചുകൊണ്ട് ഇസ്രായേൽ  പൈശാചികത്വം തുടരുമ്പോൾ  ഫലസ്തീൻ ലോകസമൂഹത്തിന് മുന്നിൽ  ഒരു നോവായി, വികാരമായി അവശേഷിക്കുകയാണ്.


1.ചരിത്രം ചർച്ചയാക്കപ്പെടുമ്പോൾ..


1881ലെ ജൂതരുടെ ഫലസ്തീനിലേക്കുള്ള സംഘടിത പാലായനത്തോടു കൂടിയാണ് ഇന്നത്തെ പലസ്തീൻ ഇസ്രായേൽ പ്രശ്നം ആരംഭിക്കുന്നത്. ചരിത്രാതീതകാലം തൊട്ടേ ഫലസ്തീനിൽ ഒട്ടനേകം അധിനിവേശങ്ങളും മതത്തിന്റെ പേരിലുള്ള ആക്രമണങ്ങളും  കൂട്ടക്കൊലകളുമൊക്കെ  അരങ്ങേറിയിട്ടുണ്ടങ്കിലും അതിന് ഇന്നത്തെ  ഇസ്രായേൽ  ഫലസ്തീൻ പ്രശ്നവുമായി യാതൊരു ബന്ധവുമില്ല എന്നതാണ് യാഥാർത്ഥ്യം.കാരണം ഇവിടെ കൊലയാളികൾ ജൂതരും ഇരയാക്കപ്പെടുന്നത് മുസ്ലിംകളുമാണല്ലോ.. എന്നാൽ ചരിത്രത്തിലെവിടെയും മുസ്ലിംകൾ ജൂതരെ അവരുടെ പുണ്യഭൂമിയായ ജെറുസലേമിൽ നിന്ന് നാടുകടത്തിയതായോ അവരുടെ ദേവാലയങ്ങൾ നശിപ്പിച്ചതായോ കാണാൻ കഴിയില്ല.ജറുസലേമിനു നേരെ ആദ്യമായി വൈദേശികധിക്രമണം നടത്തിയത് BC 722 ൽ അസീറിയൻ രാജവംശത്തിലെ സൈറൺ രണ്ടാമൻ ചക്രവർത്തിയാണ്.പിന്നീട് ബാബിലോണിയക്കാരും അലക്സാണ്ടറും ടോളമിയും സെലൂക്കസ് സാമ്രാജ്യത്തിലെ അന്ത്യോക്യസുമെല്ലാം ഫലസ്തീൻ അധീനപ്പെടുത്തിതുകയും ജൂതരെ കൂട്ടക്കൊല ചെയ്യുകയും ചെയ്തിട്ടുണ്ട്. ജൂതർക്കു നേരെ ഏറ്റവും കൂടുതൽ ക്രൂരതകൾ നടത്തിയത്  റോമാസാമ്രാജ്യത്തിലെ ഭരണാധികാരിയായ  ടൈറ്റസ് സീസറാണ്.AD 70 ൽ ജൂതരുടെ വിശുദ്ധ ദേവാലയമായാ 'Solaman 's Temple' ന് തീയിടുകയും ആയിരക്കണക്കിന് പുരോഹിതന്മാരെ കൊലപ്പെടുത്തുകയും ചെയ്ത ടൈറ്റസ് ജൂതരെ കൂട്ടക്കൊല ചെയ്തു. അവരുടെ ദേവാലയങ്ങളും ഭവനങ്ങളുമെല്ലാം തകർത്തു.ജെറുസലേമിൽ നിന്ന് അവരെ ആട്ടി പുറത്താക്കുകയും ചെയ്തു. AD 637 ൽ ഉമർ (റ) വിന്റെ നേതൃത്വത്തിൽ ഫലസ്തീനിൽ ഇസ്ലാമിക ഭരണം വന്നത് മുതൽ മാത്രമാണ് ഇതിനെല്ലാം ഒരറുതിയായതും ജൂതർക്ക് തങ്ങളുടെ വിശുദ്ധ ഭൂമിയിൽ പുനരധിവസിക്കാൻ കഴിഞ്ഞത് എന്നതും നിഷേധിക്കാനാവാത്ത ചരിത്രസത്യമാണ്.ഒന്നാം കുരിശുയുദ്ധനന്തരം കുരിശുയൊദ്ധക്കൾ ജെറുസലേം കീഴടക്കിയപ്പോഴും ജൂതർ വംശീയമായി വേട്ടയാടപെട്ടിരുന്നു.പിന്നീട് ഖുദ്സിന്റെ വിമോചകൻ സ്വലാഹുദ്ദീൻ അയ്യൂബിയാണ്  ജെറുസലേമിൽ ജൂതരുടെയും വിമോചകനായത്.മാത്രമല്ല കഴിഞ്ഞ നൂറ്റാണ്ടുകളിൽ ക്രിസ്തുവിന്റെ ഘാതകർ എന്ന നിലക്ക്  യൂറോപ്പിന്റെ പല ഭാഗങ്ങളിലും വംശീയാക്രമണങ്ങൾക്കും വിവേചനത്തിനും ഇരയായ ജൂതർ അഭയംതേടി വന്നിരുന്നത് ഉസ്മാനിയ്യ ഖിലാഫത്തിന്റെ പ്രദേശങ്ങളിലേക്കയിരുന്നു ആയിരുന്നു എന്നതും വിസ്മരിക്കാവതല്ല. അതിനാൽ തന്നെ ഇന്ന് ഇസ്രായേൽ ഫലസ്തീനിലെ അറബ് സമൂഹത്തിന് നേരെ നടത്തുന്ന ആക്രമണങ്ങളെ  യാതൊരു തരത്തിലും ന്യായീകരിക്കാനോ അംഗീകരിക്കാനോ നമുക്ക് സാധ്യമല്ല.ഇത് ജൂതന്റെ മധുരപ്രതികാരമല്ല മറിച്ച് ചരിത്രം കണ്ട ഏറ്റവും മൃഗീയമായ വഞ്ചനയാണ്, നന്ദികേടാണ്.


2.സിയോണിസം; ജൂതന്റെ അജണ്ട ഭീകരമാണ്


1881 ലാണ് ഫലസ്തീനിലെക്കുള്ള ഇസ്രായേലിന്റെ സംഘടിത കുടിയേറ്റം(ഏലിയ)ആരംഭിക്കുന്നത്.അതൊരു കേവല കുടിയേറ്റമായിരുന്നില്ല; മറിച്ച് ഫലസ്തീനികളുടെ കയ്യിൽ നിന്നും പണം കൊടുത്തു ഭൂമി വിലക്കുവാങ്ങി സ്ഥിരതാമസവും അധികാരവും ഉറപ്പിക്കുന്ന രീതിയിലുള്ള ഒരു 'കൊളോണിയൽ അധിനിവേഷം'ആയിരുന്നു അത്.വേലികെട്ടി അതിരിടുന്ന  തങ്ങളുടെ അതിർത്തിയിലേക്ക് അറബികളെ പ്രവേശിക്കാൻ ജൂതർ അനുവദിച്ചിരുന്നില്ല.തുടർന്ന് 1897 ൽ സ്വീറ്റ്സർ ലൻഡിലെ ബേസിൽ വച്ച്  സയണിസ്റ്റ് പ്രസ്ഥാനത്തിന് തുടക്കം കുറിക്കപ്പെട്ടു.ജൂതമതം ഉടലെടുത്ത പാലസ്ഥീൻ പ്രദേശത്ത് ഇസ്രയേൽ എന്ന രാഷ്ട്രം രൂപവൽക്കരിക്കുക എന്നായിരുന്നു സയണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രഖ്യാപിത ലക്ഷ്യം.ഹങ്കേറിയൻ മാധ്യമപ്രവർത്തകനായ തിയോഡർ ഹെർഷൽ  ആണ്  The 'Jewish State'എന്ന തന്റെ പുസ്തകത്തിലൂടെ ഈ ആശയത്തിന് തുടക്കം കുറിച്ചത്.'ഭൂമിയില്ലാത്ത ജനതക്ക് (ജൂതർ)ജനത ഇല്ലാത്ത ഭൂമി (ഫലസ്തീൻ)നൽകുക' എന്നായിരുന്നു ഫലസ്തീനിലേക്കുള്ള ജൂത കുടിയേറ്റത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട്  സയണിസ്റ്റുകൾ ഉയർത്തിയ മുദ്രാവാക്യം. അന്ന് പത്തുലക്ഷത്തോളം അറബികൾ താമസിക്കുന്ന ഫലസ്തീനെയാണവർ ' ജനതയില്ലാത്ത ഭൂമി ' യായി യായി ചിത്രീകരിച്ചത്. പിന്നീട് ഇസ്രായേൽ രാഷ്ട്ര രൂപീകരണത്തിന് പ്രധാന പങ്കുവഹിച്ചത്  സയണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളാണ്.


എന്നാൽ ഇവിടെ നാം   പ്രത്യേകം പരാമർശിക്കേണ്ട ഒരു കാര്യം സയണിസത്തിന്റെ അജണ്ട ഫലസ്തീൻ കൊണ്ടും അവസാനിക്കുന്നതല്ല എന്നതാണ്.അവരുടെ സ്വപ്നവും പദ്ധതിയും 'ഗ്രേറ്റർ ഇസ്രായേൽ'ആണ്. അവരുടെ വിശ്വാസപ്രകാരം എബ്രഹാം (ഇബ്രാഹിം നബി) ഭൂമിയിലൂടെ സഞ്ചരിച്ച മുഴുവൻ സ്ഥലങ്ങളും  ദൈവമായ യഹോവ  ജൂതർക്ക് നൽകിയിട്ടുണ്ട് എന്നതാണ്.ലോകഭൂപടത്തിൽ  ഈ പ്രദേശങ്ങളെയൊക്കെയും അടയാളപ്പെടുത്തുന്ന പാമ്പ് ചുറ്റിയ നിലയിലുള്ള വൃത്തത്തിന് 'Zionist Snake' എന്നാണ് പറയപ്പെടുന്നത്. അങ്ങനെ വരുമ്പോൾ സയണിസ്റ്റ് സങ്കല്പത്തിൽ മുഴുവൻ ഫലസ്തീൻ മാത്രമല്ല  ഇന്നത്തെ മക്കയും മദീനയും ഉൾക്കൊള്ളുന്ന ഹിജാസും, മുഴുവൻ സിറിയയും ലബനാനും ഈജിപ്തിലെ കൈറോയുമെല്ലാം ജൂതന് അവകാശപ്പെട്ടതാണ്. അതിനാൽ തന്നെ ഈ പ്രദേശങ്ങളിൽ നിന്നെല്ലാം അറബികളെ ഉന്മൂലനം ചെയ്തുകൊണ്ട് ജൂതരെ കുടിയിരുത്തുക എന്നതാണ് സയണിസത്തിന്റെ ആത്യന്തികവും കുടിലവുമായ ലക്ഷ്യം. ഈയൊരു ചതി മനസ്സിലാക്കാൻ അറബ് രാജ്യങ്ങൾക്കോ ഈജിപ്തിനോ ഇതുവരെ  കഴിഞ്ഞിട്ടില്ല എന്നത് തീർത്തും  ദൗർഭാഗ്യകരമാണ്. തങ്ങളുടെ സ്വാർത്ഥ ലാഭങ്ങൾക്ക് വേണ്ടി  ഇസ്രായേലിന്റെ ചെയ്തികൾക്കെതിരെ പലപ്പോഴും കുറ്റകരമായ മൗനം ദീക്ഷിക്കുകയാണ് അറബ് രാജ്യങ്ങൾ ചെയ്തത്. പ്രതിഷേധങ്ങളാകട്ടെ കേവലം വാക്കുകളിലും 'സമാധാന സന്ദേശത്തി'ലും ഒതുങ്ങി.ഈജിപ്താകട്ടെ, അമേരിക്ക കഴിഞ്ഞാൽ ഇസ്രായേലിന്റെ ഏറ്റവും പ്രിയപ്പെട്ട  സുഹൃത്തുക്കളായിരുന്നു അവിടുത്തെ പല ഭരണാധികാരികളും.മാറിയ സാഹചര്യത്തിലും അമേരിക്കയുമായും ഇസ്രായേലുമായും പുതിയ ആയുധക്കരാറുകൾ ഒപ്പിടാൻ മത്സരിക്കുന്ന അറബ് രാജ്യങ്ങളും ഈജിപ്തിലെ 'രണ്ടാം ഹുസ്നി മുബാറക്ക്' ആകാൻ ഒരുങ്ങുന്ന ഫത്താഹ് അൽ സീസിയുമെല്ലാം സ്വന്തം കുഴി തന്നെയാണ് തോണ്ടുന്നത് എന്നതിൽ യാതൊരു സംശയവുമില്ല. ഇനിയും ബോധോധയമുണ്ടായില്ലങ്കിൽ 'ക്ഷണിച്ചുവരുത്തിയ വിപത്ത്' വൈകാതെതന്നെ  അവരെയും പിടികൂടും...


3.ബാൽഫർ പ്രഖ്യാപനം; ബ്രിട്ടന്റെ കുബുദ്ധി


ഒന്നാം ലോകമഹായുദ്ധ സമയത്ത് ഫലസ്തീൻ ജനതയുടെ 90 ശതമാനവും അറബികളായിരുന്നു. എന്നാൽ യുദ്ധത്തിൽ ജൂത ലോബിയുടെ പണവും പിന്തുണയും ഉറപ്പാക്കുന്നതിന് ബ്രിട്ടനടക്കമുള്ള സാമ്രാജ്യത്വശക്തികൾ ജൂത കുടിയേറ്റത്തെ പ്രോത്സാഹിപ്പിച്ചു.1917 ൽ അന്നത്തെ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി  ജെയിംസ് ബാൽഫർ(ക്രിസ്ത്യൻ സയണിസ്റ്റ്) 'Balfer Decleration' (ബാൽഫർ പ്രഖ്യാപനം) നടത്തി. ഫലസ്തീൻറെ മണ്ണിൽ ജൂതരാഷ്ട്രം സ്ഥാപിക്കാനുള്ള സയണിസ്റ്റുകളുടെ ആഗ്രഹത്തെ ബ്രിട്ടൻ അംഗീകരിക്കുന്നു എന്നായിരുന്നു ബാൽഫർ അന്നത്തെ സയണിസ്റ്റ് നേതാവായ വാൽട്ടർ റോത്‍സ് ചയിൽഡിന് അയച്ച കത്തിൽ വ്യക്തമാക്കിയിരുന്നത്.ഒരാളുടെ(അറബികളുടെ)ഭൂമി മറ്റൊരാൾക്ക് (ജൂതർക്ക്) മൂന്നാമതൊരാൾ(ബ്രിട്ടൻ) നൽകുന്ന  ലോകചരിത്രത്തിലെ തന്നെ ഏറ്റവും വിരോധാഭാസവും വിചിത്രവുമായ നീക്കമായിരുന്നു അത്.യുദ്ധം അവസാനിച്ചപ്പോൾ   ഉസ്മാനിയ ഖിലാഫത്ത് തകരുകയും യുദ്ധത്തിൽ വിജയിച്ച ബ്രിട്ടന്റെ കോളനിയായി ഫലസ്തീൻ മാറുകയും ചെയ്തു.


4.അധിനിവേശവും ഇസ്രായേൽ രൂപീകരണവും


ബാൽഫർ പ്രഖ്യാപനത്തോടെ  ഫലസ്തീനിലേക്കുള്ള ജൂതകുടിയേറ്റം വലിയ തോതിൽ വർദ്ധിച്ചു.1929 മുതൽ 39 വരെയുള്ള അഞ്ചാം ആലിയ (സംഘടിത കുടിയേറ്റം) ക്കാലത്ത് രണ്ടര ലക്ഷം ജൂതന്മാർ ഫലസ്തീനിലേക്ക് കുടിയേറി.തുടർന്ന് ജർമ്മനിയിൽ ജൂതർക്കെതിരെ ഹിറ്റ്ലർ നടത്തിയ കൂട്ടക്കുരുതികൾ   ജൂതർക്ക് സ്വന്തമായൊരു രാഷ്ട്രം വേണമെന്ന ആവശ്യത്തിന് ശക്തികൂട്ടി. ഈ സമയത്ത് തന്നെ ജർമ്മനിയിൽ നിന്നും മറ്റു യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും ഫലസ്തീനിലേക്ക്  കുടിയേറിയ ജൂതർ ഫലസ്തീൻ ഭൂമി കൈക്കലാക്കാൻ തുടങ്ങിയിരുന്നു.രണ്ടാം ലോകമഹായുദ്ധത്തിനുശേഷം അഭയാർത്ഥി പ്രവാഹം രൂക്ഷമായി. ഇതിനെതുടർന്ന് ഫലസ്തീനിലെ അറബ് സമൂഹവും ജൂതരും തമ്മിൽ നിരന്തരം സംഘർഷങ്ങളും അരങ്ങേറി.ഇതോടെ വിഷയം യുഎൻ പൊതുസഭ ചർച്ചചെയ്തു.1947 നവുംബർ 29 ന് ചേർന്ന യു.എൻ ജനറൽ അസംബ്ലി പലസ്തീൻ ജൂതർക്കും അറബികൾക്കുമായി വിഭജിക്കുവാൻ തീരുമാനിച്ചു.ബ്രിട്ടനും അമേരിക്കയുമൊക്കെ ചേർന്നെടുത്ത ഈ തീരുമാനത്തെ അറബ് ലീഗ് രാജ്യങ്ങൾ എതിർത്തെങ്കിലും ഫലമുണ്ടായില്ല.അങ്ങനെ 1948 മെയ് 14-ന് അർദ്ധരാത്രി കൊടിയ വഞ്ചനയിലൂടെ ഇസ്രയേൽ എന്ന പുതിയ രാജ്യം പിറവികൊണ്ടു. ഇന്ത്യ-പാക്ക് വിഭജനത്തിന് ശേഷം സാമ്രാജ്യത്വം ലോകത്തിനു സമ്മാനിച്ച മറ്റൊരു ദുരന്തമായിരുന്നു ഫലസ്തീൻ വിഭജനം. ഏഴര ലക്ഷത്തോളം ജനങ്ങളാണ് വിഭജനത്തെ തുടർന്ന് സ്വന്തം വീടും നാടും വിട്ട് അഭയാർത്ഥികളായിതീർന്നത്.


5.നീതി നിഷേധത്തിന്റെ ഏഴു പതിറ്റാണ്ട്


കൊടുംവഞ്ചനയിലൂടെ രൂപീകരിക്കപ്പെട്ട ഇസ്രായേൽ അതിലും വലിയ ചതിയാണ് രൂപീകരണ ശേഷം ഫലസ്തീനികളോട് ചെയ്തത്. ഇസ്രായേൽ, ഫലസ്തീൻ എന്നീ രണ്ട് രാഷ്ട്രങ്ങൾ രൂപീകരിക്കാനായിരുന്നല്ലോ യുഎൻ പൊതുസഭ ആവശ്യപ്പെട്ടത്. ഇതനുസരിച്ച് ഇസ്രായേലിനോടൊപ്പം തന്നെ വെസ്റ്റ്ബാങ്കും ഗസ്സയും ചേർന്ന്  ഫലസ്തീൻ രാഷ്ട്രവും രൂപീകൃതമാകേണ്ടതാണ്. എന്നാൽ ഇസ്രായേൽ രൂപീകരിക്കപ്പെട്ട് ഏഴ് പതിറ്റാണ്ട് കഴിഞ്ഞിട്ടും ഇന്നും സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കപ്പെട്ടില്ല. മാത്രമല്ല 1948 ലെയും 1967 ലെയും അറബ് യുദ്ധങ്ങളിലൂടെയും തുടർന്നും  അനധികൃതമായി ഫലസ്റ്റീൻ ഭൂമി കൈയേറി ഇസ്രായേൽ തങ്ങളുടെ അതിനിവേശ പ്രദേശത്തിന്റെ വ്യാപ്തി വർധിപ്പിക്കുകയും ചെയ്തു.ഇപ്പോഴുമതു തുടർന്നുകൊണ്ടിരിക്കുന്നു. മാത്രമല്ല ജീവിക്കാനുള്ള പലസ്തീനികളുടെ അവകാശത്തെ വരെ ചോദ്യം ചെയ്തുകൊണ്ട് വളരെ ക്രൂരമായ ആക്രമണങ്ങളാണ് ഇസ്രായേൽ പട്ടാളം വർഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്നത്.1987 മുതൽ  ഗസയിലെയും ഇസ്രായിലെയും ജൂത ഇടപെടലിനെതിരെ ഫലസ്തീൻ ജനത 'ഇൻതിഫാദ' എന്നപേരിൽ ജനകീയ മുന്നേറ്റം ആരംഭിച്ചു.ഇതിനെയൊക്കെ വളരെ ക്രൂരമായാണ് ഇസ്രയേൽ പട്ടാളം അടിച്ചമർത്തിയത്. 1987 മുതൽ 93 വരെ നീണ്ടുനിന്ന ഒന്നാം ഇൻതിഫാദക്കാലത്ത് രണ്ടായിരത്തിലേറെ ഫലസ്തീനികളാണ് കൊലചെയ്യപ്പെട്ടത്.


ഇസ്രായേലിന്റെ വഞ്ചന പരമ്പരയിലെ മറ്റൊരു ക്രൂര അധ്യായമാണ് 1993 ലെ ഓസ്ലോ കരാർ.ഒന്നാം ഇൻതിഫാദക്ക് അന്ത്യം കുറിച്ചുകൊണ്ട് യു എസിന്റെ മധ്യസ്ഥതയിൽ നോർവേയിലെ ഓസ്ലോയിൽ വച്ച് ഇസ്രായേൽ പ്രധാനമന്ത്രി യിശാഖ് റബീനും പലസ്തീൻ ലിബറേഷൻ അതോറിറ്റിയുടെ നേതാവ് യാസർ അറഫാത്തും തമ്മിൽ ഒപ്പിട്ട ഈ കരാറനുസരിച്ച് അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 1967-ലെ യുദ്ധത്തിൽ ഇസ്രയേൽ കൈയേറിയ പ്രദേശങ്ങളിൽ  നിന്ന്‌ പിന്മാറി ഗാസയും വെസ്റ്റ് ബാങ്കും ചേർത്ത് സ്വയംഭരണ സർക്കാരുണ്ടാക്കാൻ പലസ്തീന് അനുമതി നൽകുമെന്ന് ഉറപ്പുനൽകിയിരുന്നു. എന്നാൽ ഇസ്രായേൽ വീണ്ടും തങ്ങളുടെ തനിനിറം വീണ്ടും കാട്ടി.27 വർഷങ്ങൾ കഴിഞ്ഞിട്ടും  കരാർ വ്യവസ്ഥകൾ പാലിക്കാൻ ഇസ്രായേൽ തയ്യാറായില്ല എന്ന് മാത്രമല്ല 'Wailing wall' ( ടൈറ്റസ് തകർത്ത Solaman's Temple ന്റെ അവശിഷ്ടം) ഉയർത്തിക്കാട്ടി, ഫലസ്തീനികൾ തങ്ങളുടെ  പലസ്തീൻ രാജ്യത്തിന്റെ തലസ്ഥാനമായി കണക്കാക്കുന്ന മസ്ജിദുൽ അഖ്സ ഉൾക്കൊള്ളുന്ന  'കിഴക്കൻ ജറുസലേമിനു' നേരെ വരെ അവകാശം ഉന്നയിക്കുന്നതാണ് ലോകം കണ്ടത് !. 2000 ത്തിൽ Wailing Wall ഉൾകൊള്ളുന്ന 'Temple Mount'  തീവ്ര സയണിസ്റ്റ് ആയ അന്നത്തെ ഇസ്രായേൽ പ്രധാനമന്ത്രി ഏരിയൽ ഷാരോൺ സന്ദർശിച്ചതിനെതുടർന്നാരംഭിച്ച രണ്ടാം ഇന്തിഫാദ ആറായിരത്തോളം പലസ്തീനികളുടെ ജീവൻ അപഹരിക്കുകയും ചെയ്തു.ഓസ്ലോ കരാറിന്റെ ഭാഗമായി 1993 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം  യിഷാക് റബീനും യാസർ അറഫാത്തിനുമായിരുന്നു ലഭിച്ചിരുന്നത് എന്നും നാം ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്.


ഇസ്രായേൽ രാഷ്ട്രം രൂപീകരിക്കപ്പെട്ടപ്പോൾ അഭയാർഥികളായിതീർന്ന ഫലസ്തീനികൾ എന്നെങ്കിലുമൊരിക്കൽ തങ്ങൾക്ക് തങ്ങളുടെ ജന്മ ഭൂമിയിലേക്ക് മടങ്ങി പോകാം എന്ന് ആശിച്ചിരുന്നു.എന്നാലിന്ന് തങ്ങൾക്ക്  ഐക്യരാഷ്ട്രസഭ  അനുവദിച്ചു തന്ന സ്ഥലത്ത് തന്നെ  സ്വതന്ത്രമായൊരു  രാഷ്ട്രത്തിനായി കാത്തിരിക്കുകയാണവർ. അതിനായവർ അന്താരാഷ്ട്ര സമൂഹത്തിന്റെ അവഗണനകൾക്കിടയിലും  തങ്ങളോടാവും വിധം പോരാടുന്നു.പടക്കം പൊട്ടും പോലെ ബോംബുകളും മിസൈലുകളും പൊട്ടുന്ന നാട്ടിൽ  കവണയും കല്ലുമായി ഫലസ്തീനിലെ പിഞ്ചുകുഞ്ഞുങ്ങൾ വരെ നടത്തുന്ന പോരാട്ടം  ലോകത്തെ നൊമ്പരക്കാഴ്ചയാണ്.ഒരു കാര്യം ഉറപ്പാണ് ചരിത്രം അവരോട് നീതി കാണിക്കുക തന്നെ ചെയ്യും.ഫലസ്തീൻമക്കൾ ചിരിച്ചല്ലാതെ, അവരോട് ചെയ്തതിനെല്ലാം ജൂത സയണിസ്റ്റുകൾ കണക്കു പറയാതെ ലോകം അവസാനിക്കുകയില്ല... തീർച്ച.


 

  ✍️  സല്‍മാന്‍ വി.ടി വേങ്ങര


                 ഹിജ്‌റ രണ്ടാം വര്‍ഷമാണ് ഫിത്വര്‍ സകാത്ത് നിര്‍ബന്ധമാക്കപ്പെട്ടത്. ഇത് ഓരോ മനുഷ്യന്റയും ശരീരത്തിന്റെ സകാത്താണ്. മനുഷ്യ ശാരീരിക ശുദ്ധീകരണമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ശരീരത്തിന്റെ സക്കാത്ത് ആയതിനാല്‍ തന്നെ ധനികന്‍ എന്നോ, ധനം എന്നോ ഒന്നും ഇതില്‍ പരിഗണനീയമല്ല. ചില നിബന്ധനകള്‍ക്ക് വിധേയമായി എല്ലാ ശരീരത്തിനും ഇത് കൊടുക്കല്‍ നിര്‍ബന്ധമാണ്. ഫിത്തര്‍ സക്കാത്ത് വാങ്ങിയവര്‍ തന്നെ കൊടുക്കാന്‍ അര്‍ഹതപ്പെട്ടവര്‍ ആവാം. ശാഫി ഇമാമിന്റെ ഗുരുവര്യന്‍ വകീഅ്(റ) പറയുന്ന ഒരു മൊഴിയുണ്ട്


قال وكيع (ر) زكوة الفطر لشهر رمضان كسجدة السهو لصلاة تجبر نقص الصوم كما يجبر السجود نقص الصلوة(فتح المعين)

 

 

             (നിസ്‌കാരത്തില്‍ വരുന്ന ന്യൂനതകള്‍ക്ക് സഹ്വിന്റെ സുജൂദ് പരിഹാരമാകുന്നത് പോലെ റമദാന്‍ നോമ്പില്‍ സംഭവിക്കുന്ന ന്യൂനതകള്‍ക്ക് പരിഹാരമാണ് ഫിത്വ്ര്‍ സകാത്ത്.)


? ആര്‍ക്കാണ് സകാത്ത് നിര്‍ബന്ധം


                തന്റെയും തന്റെ ആശ്രിതരുടെയും അതവാ ഭാര്യ, മക്കള്‍, ഇവരുടെ ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും കഴിച്ച് സമ്പത്തു മിച്ചമുള്ളവര്‍ സകാത്ത് നല്‍കണം. പാവപെട്ടവര്‍ക്ക് ധാരാളം സ്വദഖയും മറ്റു ആനുകൂല്യങ്ങളും  ലഭിച്ചവരാണ് എങ്കില്‍ അവര്‍ക്കും ഈ ഘട്ടത്തില്‍ സകാത്ത് കൊടുക്കല്‍ നിര്‍ബന്ധമാണ്. ഇത് തന്നെ പെരുന്നാളിന്റെ പകലും അന്നത്തെ രാത്രിയും ഉള്ള ചിലവുകളാണ് ആണ് പരിഗണിക്കുക


 ? എപ്പോഴാണ് സകാത്ത് നല്‍കേണ്ടത്


             നോമ്പ് അവസാനിച്ച ആ രാത്രി മുതല്‍ കെടുക്കാം. പെരുന്നാള്‍ നിസ്‌കാരത്തിന്റെ മുമ്പായി കൊടുക്കലാണ് ഏറ്റവും നല്ല സമയം. കാരണം കൂടാതെ  നിസ്‌കാരത്തിന് ശേഷം കൊടുക്കല്‍ കറാഹത്താണ്. അന്ന് സൂര്യന്‍ അസ്തമിക്കുന്നതിന്റെ മുമ്പ് എന്തായാലും കൊടുക്കണം. അതിനുശേഷം കൊടുക്കല്‍ ഹറാമാണ്. എങ്കിലും അതിനെ വീട്ടല്‍ നിര്‍ബന്ധമാണ്

 

? ആര്‍ക്കാണ് കൊടുക്കേണ്ടത്


(۞ إِنَّمَا ٱلصَّدَقَـٰتُ لِلۡفُقَرَاۤءِ وَٱلۡمَسَـٰكِینِ وَٱلۡعَـٰمِلِینَ عَلَیۡهَا وَٱلۡمُؤَلَّفَةِ قُلُوبُهُمۡ وَفِی ٱلرِّقَابِ وَٱلۡغَـٰرِمِینَ وَفِی سَبِیلِ ٱللَّهِ وَٱبۡنِ ٱلسَّبِیلِۖ فَرِیضَةࣰ مِّنَ ٱللَّهِۗ وَٱللَّهُ عَلِیمٌ حَكِیمࣱ)


               ഫഖീര്‍, മിസ്‌കീന്‍, നവമുസ്ലിംകള്‍, കട ബാധ്യതയുള്ളവര്‍, മോചന പത്രം എഴുതപ്പെട്ട അടിമ, ഹലാലായ യാത്ര ചെയ്യുന്നവര്‍ , സകാത്ത് സംബന്ധമായ ജോലിക്കാര്‍, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധംചെയ്യുന്നവര്‍  എന്നിവരാണ് സകാത്തിന്റെ അവകാശികള്‍.


? എവിടെയാണ് നല്‍കേണ്ടത്


               സക്കാത്ത് നിര്‍ബന്ധമാകുന്ന സമയത്ത് എവിടെ യാണോ നാം ഉള്ളത്  ആ നാട്ടില്‍ കെടുക്കണം . ഇനി ഒരാള്‍ സക്കാത്ത്  നിര്‍ബന്ധമാവുന്ന സമയത്ത് പാലക്കാട് ആണങ്കില്‍ അവിടെയാണ് കൊടുക്കേണ്ടത്


 ? എത്രയാണ് നല്‍കേണ്ടത്


                 ഒരാള്‍ക്ക് 1 സ്വാഹ് നല്‍കണം. അതവാ 4 മുദ്ദ്  .1 മുദ്ദ് എന്ന് പറഞ്ഞാല്‍800 ലിറ്ററാണ്. ഇത് അളവാണ് ഇതിനെ ലിറ്ററിലേക്ക് നോക്കിയാല്‍ 300 ലിറ്ററും 200 മില്ലി ലിറ്ററും വേണം. ഇതിനെ കിലോ ആയി കൃത്യമായി കണക്കാക്കാന്‍ സാധിക്കുകയില്ല. ചില ആളുകള്‍ പറയും 2.500 kg 2.700kg ,2.800 kg വാസ്തവത്തില്‍ ഇതെല്ലാം ശരിയാണ്  ഈ അളവില്‍ വ്യത്യാസം വന്നത്  അരിയുടെ വലിപ്പത്തിലും തൂക്കത്തിലും ആണ്. അതിനാല്‍ സൂക്ഷ്മത പാലിച്ച് 3 kg കെടുകലാണ് ഉത്തമം


? എന്ത് വസ്തുവാണ് നല്‍കേണ്ടത്


                നാട്ടിലെ മുഖ്യാഹാരമായ ധാന്യമാണ് നല്‍കേണ്ടത്.  വിവിധ തരം ധാന്യങ്ങള്‍ ഉണ്ടെങ്കിലും മുന്തിയത് കൊടുക്കലാണ് നല്ലത് .ധാന്യത്തിന് പകരം അതിന്റെ വിലയോ പൊടിച്ച പൊടിയോ വേവിച്ചതോ കൊടുക്കാവുന്നതല്ല. ധാന്യമായിത്തന്നെ നല്‍കണം. (തുഹ്ഫ 3/324)

 

പൊതുവായ ചോദ്യവും ഉത്തരം 


1 നീയ്യത്തിന്റെ രൂപം ഒന്ന് വിശദീകരിക്കുമോ ?


 Ans :സക്കാത്ത് വിതരണത്തിന് രണ്ട് നിബന്ധനകളുണ്ട്. ഒന്ന് നിയ്യത്ത്.''ഇത് എന്റെ ഫിത്വര്‍ സക്കാത്ത് ആകുന്നു'' ''നിര്‍ബന്ധമായ സക്കാത്താകുന്നു.'' എന്നെല്ലാം നിയ്യത്ത് ചെയ്യാവുന്നതാണ്. അവകാശികള്‍ക്ക് നല്‍കുന്ന സമയത്തോ, സകാത്ത് നല്‍കാനുള്ള വിഹിതം മാറ്റിവെക്കുന്ന സമയത്തോ മാറ്റിവെച്ചതിന് ശേഷം അവകാശികള്‍ക്ക് നല്‍കുന്നതിന് മുമ്പോ നിയ്യത്ത് ചെയ്താല്‍ മതിയാകുന്നതാണ്.


2 സക്കാത്ത്  അവകാശികളില്‍ ഒരാള്‍ക്ക് മാത്രം  മുഴുവനും നല്‍കാന്‍ പറ്റുമോ ?


Ans : അനുവദനീയമാണ്


3 സകാത്ത് കെടുകാന്‍ വക്കാലത്ത് ഏല്‍പ്പിക്കാന്‍ പറ്റുമോ.?


Ans :നിയ്യത്ത് ഏല്‍പ്പിക്കപ്പെടുന്നയാല്‍ ബുദ്ധിയും പ്രായപൂര്‍ത്തിയു ഉള്ളവനും മുസ്ലിമുമായിരിക്കണമെന്ന നിബന്ധനയുണ്ട്. സകാത്തിനെ കൊടുക്കാന്‍  വേറൊരാളെ  ഏല്‍പ്പിച്ചത് കൊണ്ട്  വീടുകയില്ല കിട്ടി എന്ന് ഉറപ്പുവരുത്തണം. സക്കാത്തിന്റെ അവകാശികള്‍ക്  നേരിട്ട് കൊടുക്കലാണ് ഉത്തമം


4 സ്ത്രീയുടെ സക്കാത്ത് ആരുടെ മേലില്‍ ആണ് നിര്‍ബന്ധം ?


Ans : ഭാര്യയുടെ ഫിത്വര്‍ സക്കാത്ത് നിര്‍ബന്ധമാകുന്നത് ഭര്‍ത്താവിനാണ്. ഭര്‍തതാവിന് സാമ്പത്തിക ശേഷിയില്ലെങ്കില്‍ -ഭാര്യക്ക് സാമ്പത്തിക ശേഷിയുണ്ടെങ്കില്‍ പോലും- ഭാര്യ നല്‍കല്‍ നിര്‍ബന്ധമില്ല. സുന്നത്ത് ഉണ്ട്


5 കടം ഉള്ളവന്‍ സകാത്ത് നല്‍കണോ ?

 

Ans : സകാത്ത് നല്‍കേണ്ടതില്ല . മിച്ചമുള്ള വസ്തുവില്‍ നിന്ന് കടം വീട്ടിയാല്‍ തികയാത്തവര്‍ക്കാണ് സകാത്ത് നല്‍കേണ്ടതില്ലാത്തത് . ഇനി കടം വീട്ടിയാലും പണം ബാക്കിയുണ്ടെങ്കില്‍ ഉള്ളത് കൊണ്ട് സകാത്ത് കെടുക്കണം


6 നമ്മുടെ സക്കാത്ത് അത് നാട്ടില്‍ കൊടുക്കണമെന്ന് പറഞ്ഞു. ഇവിടെ  നാട് എന്നത് കൊണ്ട് ഉദ്ദേശം എന്ത് ?


Ans :ഇവിടെ നാട് എന്നതിന്റെ വിവക്ഷ സാധാരണ ഗതിയില്‍ ഒരു നാടായി എണ്ണപ്പെടുന്ന പ്രദേശം എന്നാണ്. അതുപോലെ  ഒരു യാത്രക്ക് ഇറങ്ങിയാല്‍ ജം ഉം ഖസ്വറും  ആക്കി നിസ്‌കരിക്കാന്‍  പറ്റിയ സ്ഥലം വരെയാണ്


7 റമളാന്‍ ഒന്നു മുതല്‍ കെടുക്കാന്‍ പറ്റുമോ ?


Ans : പറ്റും !എന്നാല്‍ ചില   മാനദണ്ഡങ്ങളുണ്ട്. അതായത്  ശവ്വാല്‍ മാസത്തിലെ ആദ്യ നിമിഷത്തില്‍ വാങ്ങിയവന്‍ വാങ്ങാനും  നല്‍കിയവന്‍ നല്‍കാനും അര്‍ഹരായിരിക്കണം എന്നനിബന്ധനയുണ്ട്. റമദാന്‍ മാസത്തില്‍ ഫിത്തര്‍സക്കാത്ത് വാങ്ങിയവന്‍ ശവ്വാല്‍ മാസം ആകുമ്പോഴേക്ക് മരിക്കുകയോ മുര്‍ത്തദ്ദാവുകയോ ചെയ്താല്‍ സക്കാത്ത് ബാതിലാകുന്നതാണ്. അതുപോലെ  സക്കാത്തായി ലഭിച്ച സ്വത്ത് കൊണ്ടല്ലാതെ ധനികന്‍ ആവുകയും ചെയ്താല്‍ നേരത്തെ പറഞ്ഞതുപോലെ സക്കാത്ത് ബാക്കിയാകും


ivythemes

{facebook#https://fb.com/alathoorpadidars} {twitter#https://twitter.com/alathurpadidars} {google-plus#https://plus.google.com/+ALATHURPADIDARS} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://youtube.com/alathoorpadidars} {instagram#YOUR_SOCIAL_PROFILE_URL}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget