Latest Post

 



✍🏻ഹാഫിള് അമീന്‍ നിഷാല്‍

    നൂറ്റാണ്ടുകൾ നീണ്ടുനിന്ന കേരള മുസ്ലിങ്ങളുടെ അധിനിവേശ വിരുദ്ധ പോരാട്ടങ്ങളിലും അതിജീവന വഴിയിലും മുൻകാല മുസ്ലിം പണ്ഡിതന്മാർ  നിസ്തുലമായ പങ്ക് വഹിച്ചിട്ടുണ്ട്. സമുദായത്തിന് ആത്മീയ നേതൃത്വം നൽകിയ അതേ പണ്ഡിതർ തന്നെയായിരുന്നു ഇക്കാലമത്രയും ഉമ്മത്തിന്റെ ഭൗതിക -  രാഷ്ട്രീയ പ്രശ്നങ്ങൾക്ക് പരിഹാരമായതും പോരാട്ട ഭൂമികകളിൽ നേതൃത്വപരമായ പങ്ക് വഹിച്ചവരും.പറങ്കികളുടെയും ബ്രിട്ടീഷുകാരുടെയും ചൂഷണത്തിനും മർദ്ദകഭരണത്തിനുമെതിരെ ധീരമായി പ്രതികരിക്കുകയും ജനങ്ങളെ അണിനിരത്തുകയും ചെയ്തവരായിരുന്നു ഇവിടുത്തെ പണ്ഡിത നേതൃത്വം.തങ്ങളുടെ മിഹ്റാബുകളെയും തൂലികകളെയും അവർ കൊളോണിയൽ   ശക്തികൾക്കെതിരെ നിരന്തരം ചലിപ്പിച്ചു.അവരിൽ നിരവധി പേർ മാതൃരാജ്യത്തിനായി ജീവൻ ബലിയർപ്പിക്കുകയും നാടുകടത്തപ്പെടുകയും വരെ ചെയ്തു.എന്നാൽ രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഈ വേളയിൽ,അതിശക്തമായ  അധിനിവേശവിരുദ്ധ സമരങ്ങൾ അരങ്ങേറിയ കേരളത്തിൽ സമരത്തിന്റെ മുൻപന്തിയിൽ നിന്ന  മുസ്ലിം പണ്ഡിതന്മാരുടെ പങ്ക് അധികം ചർച്ച ചെയ്യപ്പെട്ടിട്ടില്ല എന്നുള്ളത് ദുഃഖ സത്യം തന്നെയാണ്.


 പറങ്കികളും മഖ്ദൂമി പണ്ഡിതന്മാരും

  

അധിനിവേശ ശക്തികൾക്കെതിരായ പോരാട്ടങ്ങളിൽ മുസ്ലിം പണ്ഡിതന്മാർ വലിയ പങ്കുവഹിച്ചിട്ടുണ്ട്.അതിൽ ആദ്യം പറയേണ്ടത് മഖ്ദൂമുമാരുടെ സംഭാവന തന്നെയാണ്.പറങ്കികളുടെ ആധിപത്യ  ശ്രമങ്ങൾ കൊടുമ്പിരി കൊള്ളുകയും വംശീയ ഉന്മൂലനം ലക്ഷ്യങ്ങളോടെ മുസ്ലിംകളെയും ഭരണാധികാരിയായ സാമൂതിരിയും ആക്രമിച്ചു കൊണ്ടിരിക്കുകയും ചെയ്തിരുന്ന നിർണായക സന്ധ്യയിൽ സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ അറബിയിൽ രചിച്ച സമരകാവ്യമാണ് തഹ്രീളു അഹ്ലിൽ ഈമാൻ അലാ ജിഹാദി അബദത്തിസ്സുൽബാൻ . കേരളത്തിൽ അന്ന് നിലവിലുണ്ടായിരുന്ന എല്ലാ മഹല്ലുകളും നേരിട്ട് സന്ദർശിച്ച് അവിടങ്ങളിലെ ജനങ്ങളെ പോർച്ചുഗീസ് ആധിപത്യം അവസാനിപ്പിക്കേണ്ടതിന്റെ അനിവാര്യതയെ കുറിച്ച് അദ്ദേഹം ഉദ്ബോധിപ്പിച്ചു.അദ്ദേഹത്തിന്റെ സമരകാവ്യവും പ്രസംഗങ്ങളും സൃഷ്ടിച്ച തിരിച്ചറിവിലാണ് ആത്മീയ ബന്ധമുണ്ടായിരുന്ന കുഞ്ഞാലി മരക്കാർ കുടുംബം സമരസജ്ജരായി കൊച്ചിയിൽ നിന്ന് കോഴിക്കോട്ട് എത്തിയത്.

       പോർച്ചുഗീസ്കാർക്കെതിരായ പോരാട്ടത്തിൽ സൈനുദ്ദീൻ മഖ്ദൂം ഒന്നാമന്റെ പുത്രൻ ഷെയ്ഖ് അബ്ദുൽ അസീസ് മഖ്ദൂമും പ്രമുഖ പങ്കു വഹിച്ചു.സംഭവബഹുലമായ ചാലിയം യുദ്ധത്തിൽ സാമൂതിരിയോടൊപ്പം നിന്നു പോരാളികളെ നയിച്ചത് കോഴിക്കോട് ഖാളി കൂടിയായിരുന്ന അബ്ദുൽ അസീസ് ആയിരുന്നു.അതുപോലെ പറങ്കികളിൽ നിന്നും ചാലിയം കോട്ട പിടിച്ചെടുത്തതിനെ പ്രകീർത്തിച്ചു കൊണ്ട് ഖാളി മുഹമ്മദ് രചിച്ച കൃതിയാണ് 'ഫതഹുൽ മുബീൻ'(വ്യക്തമായ വിജയം).

    

      പറങ്കികൾക്കെതിരെ ശക്തമായി നിലകൊണ്ട മറ്റൊരു പണ്ഡിതനാണ് രണ്ടാം മഖ്ദൂം എന്നറിയപ്പെടുന്ന അഹമ്മദ് സൈനുദ്ദീൻ മഖ്ദൂം.പ്രസംഗത്തിലും രചനയിലും ഒരുപോലെ തിളങ്ങി നിന്നിരുന്ന മഖ്ദൂം രണ്ടാമൻ മലബാർ കീഴടക്കാൻ എത്തിയ പോർച്ചുഗീസുകാർക്കെതിരെ സാമൂതിരിയെ സഹായിക്കുകയും പറങ്കികൾക്കെതിരെ പ്രാദേശിക മുസ്ലീങ്ങളെയും ഇതര മുസ്ലിം രാജാക്കന്മാരുടെയും കൂട്ടായ്മ ഉണ്ടാക്കുവാൻ യത്നിക്കുകയും ചെയ്തു.കേരളത്തിലെ ആദ്യകാല ചരിത്ര ഗ്രന്ഥമായ തുഹ്ഫത്തുൽ മുജാഹിദീൻ (പോരാളികൾക്കുള്ള പാരിതോഷികം) എന്ന ഗ്രന്ഥത്തിന്റെ രചന മഹാനവർകളാണ് നിർവഹിച്ചത്.അക്രമികളായ പോർച്ചുഗീസുകാർക്കെതിരെ മുസ്ലിങ്ങളെ വിശുദ്ധ സമരത്തിന് (ജിഹാദ്) ആഹ്വാനം ചെയ്തു കൊണ്ടാണ് ഈ ഗ്രന്ഥം രചിക്കപ്പെട്ടത്.മാത്രമല്ല,സാമൂതിരിക്ക് വേണ്ടി ഇന്ത്യയിലെയും വിദേശത്തേയും മുസ്ലിം ഭരണാധികാരികളുമായി നയതന്ത്ര ബന്ധങ്ങൾ പുലർത്തിയിരുന്നതും മഖ്ദൂം രണ്ടാമൻ ആയിരുന്നു.


 ബ്രിട്ടീഷുകാരെ വിറപ്പിച്ച മമ്പുറം തങ്ങന്മാർ 


മലബാറിൽ ബ്രിട്ടീഷുകാർക്കെതിരെ ശക്തമായി ചെറുത്തുനിന്നവരിൽ മുൻപന്തിയിൽ നിൽക്കുന്നവരാണ് മമ്പുറം സയ്യിദ് ബാ അലവി തങ്ങൾ.തന്റെ ശിഷ്യരായ ഉണ്ണി മൂസ,അത്തൻ കുരുക്കൾ,ചെമ്പൻ പോക്കർ തുടങ്ങിയവർക്ക് ബ്രിട്ടീഷുകാർക്കെതിരെ പോരാട്ടവീര്യം പകർന്നത് തങ്ങൾ ആയിരുന്നു.ബ്രിട്ടീഷ് വിരുദ്ധ ഫത് വകൾ അടങ്ങിയ തങ്ങളുടെ കൃതിയാണ് സൈഫുൽ ബത്താർ.ബ്രിട്ടീഷുകാർക്കെതിരെ മുസ്ലിങ്ങൾ എല്ലാം ഒരുമിച്ച് നിൽക്കണമെന്നും ശത്രുവിൻ്റെ പക്ഷത്ത് നിൽക്കുന്നവർ ഇസ്ലാമിന്റെ പക്ഷത്ത് അല്ലെന്നും പ്രഖ്യാപിക്കുന്ന ഈ കൃതി മാപ്പിള പോരാളികളെ ശക്തിപ്പെടുത്തിയിരുന്നു.ബ്രിട്ടീഷുകാർക്കെതിരെ മുസ്ലിംകളുടെ സമീപനം വ്യക്തമാക്കുന്ന ഈ കൃതിയുടെ അപകടം മനസ്സിലാക്കിയ ബ്രിട്ടീഷുകാർ ഗ്രന്ഥം നിരോധിക്കുകയുണ്ടായി.അതുപോലെ അക്കാലത്ത് ബ്രിട്ടീഷുകാർക്കെതിരെ നടന്ന മുട്ടിച്ചിറ,ചേറൂർ കലാപങ്ങളിൽ തങ്ങളവർകൾക്ക് നേരിട്ട് പങ്കാളിത്തം ഉണ്ടായിരുന്നതായി ചില ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ നേരിട്ട് പങ്കെടുത്തിട്ടില്ല,മറിച്ച് പോരാളികൾക്ക് ആശിർവാദം നൽകുകയാണ് ചെയ്തത് എന്നാണ് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെട്ടത്.ചേറൂർ കലാപത്തിലേറ്റ മുറിവാണ് തങ്ങളുടെ മരണത്തിനിടയാക്കിയതെന്നും വിലയിരുത്തപ്പെടുന്നു.തങ്ങളെ അറസ്റ്റ് ചെയ്യാൻ ബ്രിട്ടീഷുകാർ തീരുമാനിച്ചിരുന്നെങ്കിലും തങ്ങളുടെ ജനപിന്തുണ ഭയന്ന് പിന്മാറുകയായിരുന്നു.


       അതുപോലെ മമ്പുറം തങ്ങളുടെ മകനായ സയ്യിദ് ഫസൽ പൂക്കോയ തങ്ങളും അധിനിവേശത്തിനെതിരായ പോരാട്ടങ്ങളിൽ ശക്തമായി നിലകൊണ്ടു.'ഉദ്ദത്തുൽ ഉമറാ' എന്ന ബ്രിട്ടീഷ് വിരുദ്ധ കൃതിയും അദ്ദേഹം രചിച്ചിട്ടുണ്ട്.എന്നാൽ 1851ൽ അന്നത്തെ മലബാർ ജില്ലാ കളക്ടർ എച്ച്.വി കോണാലി ഈ കൃതിയെ നിരോധിച്ച് വിജ്ഞാപനമിറക്കി.അതുപോലെതന്നെ ജുമുആ പ്രഭാഷണങ്ങളിലും മറ്റും മഹാനവർകൾ ബ്രിട്ടീഷുകാർക്കെതിരെ നിലകൊള്ളാൻ ജനങ്ങളെ പ്രേരിപ്പിച്ചതും,ജന്മികൾക്കെതിരെ കുടിയാന്മാരെ സഹായിച്ചതും,ബ്രിട്ടീഷുകാർക്കെതിരെ പൊരുതാൻ ആഹ്വാനം ചെയ്തുകൊണ്ട് കയ്യെഴുത്ത് പ്രതികൾ മലബാറിലെ പള്ളികൾ കേന്ദ്രീകരിച്ചു വിതരണം ചെയ്തതും ബ്രിട്ടീഷ് സർക്കാരിനെ പ്രകോപിക്കുന്നവയായിരുന്നു.ബ്രിട്ടീഷുകാർക്കെതിരെ ഏറ്റുമുട്ടി മരണപ്പെട്ട ചേറൂർ രക്തസാക്ഷികളെ പുണ്യാളന്മാരായി ചിത്രീകരിച്ച് അവരുടെ മഖ്ബറകളിൽ തങ്ങൾ ആരംഭിച്ച ചേരൂർ നേർച്ച സർക്കാരിനെതിരെയുള്ള കലാപ മുന്നറിയിപ്പായിട്ടാണ് കളക്ടർ കനോലി വിലയിരുത്തിയത്.മദ്രാസ് ഗവൺമെൻറ് സെക്രട്ടറിക്ക് അയച്ച കത്തിൽ ജില്ലാ കളക്ടർ എച്ച്. വി കോണോലി പറയുന്നത് ഇങ്ങനെയാണ്: (ഫസൽ പൂക്കോയ തങ്ങൾ ) എല്ലാവിധത്തിലും അപകടകാരിയാണ്.പോലീസുകാർ അദ്ദേഹത്തിന് എതിരെ നിസ്സഹായരാണ്. അദ്ദേഹം സാമ്രാജ്യത്വത്തിനുള്ളിലെ സാമ്രാജ്യമാണ്". അവസാനം മമ്പുറം തങ്ങളുടെ സ്വാധീനശേഷി അറിയാവുന്ന കളക്ടർ നേരിട്ട് നടപടിയെടുക്കുന്നതിന് പകരം തങ്ങൾ അവർകളെ അനുനയിപ്പിച്ച് നാടുകടത്താനാണ് തീരുമാനിച്ചത്.ഇങ്ങനെ 1852 മാർച്ച്  19ന് തന്റെ ബന്ധുക്കളോടൊപ്പം തങ്ങൾ മക്കയിലേക്ക് യാത്ര തിരിച്ചു.മാപ്പിളമാരുടെ മനസ്സിലെ ഏറ്റവും വലിയ മുറിവ് മമ്പുറം തങ്ങളുടെ  ഈ നാടുകടത്തൽ ആയിരുന്നു.അത് ബ്രിട്ടീഷുകാരുടെ ചതിയായിരുന്നുവെന്ന് മനസ്സിലാക്കിയ മാപ്പിളമാർ നാല് വർഷത്തിനുശേഷം കളക്ടർ കോണോലി സായിപ്പിനെ കോഴിക്കോട്ടുള്ള അദ്ദേഹത്തിന്റെ വസതിയിൽ കടന്നു വെട്ടിക്കൊലപ്പെടുത്തി.


 നികുതിനിഷേധം നടത്തിയ ഉമർഖാളി 


മമ്പുറം തങ്ങന്മാരുടെ കാലത്ത് തന്നെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ മറ്റൊരു പണ്ഡിതനാണ് മഹാനായ വെളിയംകോട് ഉമർഖാളി.മഹാത്മാഗാന്ധി നികുതി നിഷേധസമരം തുടങ്ങുന്നതിന് ഒരു നൂറ്റാണ്ട് മുമ്പ് ബ്രിട്ടീഷുകാർക്കെതിരെ നികുതി നിഷേധ സമരം നടത്തിയ  മഹാനാണവർ.ബ്രിട്ടീഷുകാർ ജനങ്ങളിൽ നിന്നും അമിതമായും,അന്യായമായും നികുതി ഈടാക്കുന്നതിനെ അദ്ദേഹം ചോദ്യം ചെയ്തു.അല്ലാഹുവിന്റെ ഭൂമിക്ക് കരം ചുമത്താൻ ബ്രിട്ടീഷുകാർക്ക് അവകാശമില്ല എന്നായിരുന്നു മഹാനവർകളുടെ വാദം.ഇതിനെ തുടർന്ന് ചാവക്കാട് കോടതിയിലേക്ക് വിളിച്ചു വരുത്തപ്പെട്ട ഉമർ ഖാസി ജഡ്ജിയായ തുക്കുടി സായിപ്പിൻറെ മുഖത്തേക്ക് കാർക്കിച്ചു തുപ്പി.തുക്കുടിയുടെ കല്പനപ്രകാരം ഉമർ ഖാളിയെ ജയിലിലടച്ചുവെങ്കിലും അദ്ദേഹം ജയിലിൽ നിന്ന് അത്ഭുതകരമാം വിധം രക്ഷപ്പെട്ടു.


 ഖിലാഫത്ത് സമരനായകൻ  ആലി മുസ്ലിയാർ 


മലബാറിലെ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെയും 1921 ലെ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളുടെയും  അമരക്കാരനായിരുന്നു നെല്ലികുത്ത് ആലി മുസ്‌ലിയാർ.മുസ്ലിംകളുടെ ആഗോള നേതൃത്വമായിരുന്ന തുർക്കിയിലെ ഉസ്മാനി ഭരണകൂടത്തെ തകർക്കാനുള്ള ബ്രിട്ടന്റെ നീക്കത്തിനെതിരെ ഒരു പ്രതിഷേധം എന്ന നിലക്കാണ് ഖിലാഫത്ത് പ്രസ്ഥാനത്തിന് ഇന്ത്യയിൽ ആരംഭം കുറിക്കപ്പെട്ടതെങ്കിലും ഇന്ത്യയിലെ ബ്രിട്ടീഷ് അധിനിവേശത്തിനെതിരെയുള്ള ശക്തമായ മുന്നേറ്റവുമായി പ്രസ്ഥാനം മാറി.1920 ൽ കോൺഗ്രസ് നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചപ്പോൾ ഇരു സമരങ്ങളും ഒന്നിച്ചു കൊണ്ടു പോകാൻ ഗാന്ധിജി തീരുമാനിച്ചു.തുടർന്ന് ഗാന്ധിജിയുടെയും മൗലാന മുഹമ്മദലി,ഷൗക്കത്തലി തുടങ്ങി ഖിലാഫത്ത് നായകരുടെയും നേതൃത്വത്തിൽ  രാജ്യത്തുടനീളം കോൺഗ്രസ് - ഖിലാഫത് സംയുക്ത സമ്മേളനങ്ങൾ നടന്നു.


       ഏറ്റവും ശക്തമായ ഖിലാഫത്ത് സമരങ്ങൾ അരങ്ങേറിയത് കേരളത്തിലായിരുന്നു.ഖിലാഫത്തിനെ സംരക്ഷിക്കുന്നതിന് പുറമേ ഭൂവുടമകളായ ജന്മിമാർ ബ്രിട്ടീഷുകാരുടെ ഒത്താശയോടെ നടപ്പിലാക്കിയ ചൂഷണാത്മകമായ നികുതിനയങ്ങൾ ഉൾപ്പെടെയുള്ള സമീപനങ്ങൾക്കെതിരെ പാവപ്പെട്ട കർഷകകുടിയാന്മാർക്കിടയിൽ ഉടലെടുത്ത പ്രതിഷേധവും സമരം ആളിക്കത്താൻ ഹേതുവായിരുന്നു.കുടിയാന്മാരിൽ ഭൂരിഭാഗവും മുസ്ലിംകൾ ആയിരുന്നു. 1921 ഓഗസ്റ്റ് 18ന് ഗാന്ധിജിയും മൗലാന മുഹമ്മദലിയും കോഴിക്കോട് കടപ്പുറത്ത് വെച്ച് കോൺഗ്രസ് ഖിലാഫത്ത് സംയുക്ത സമ്മേളനത്തെ അഭിസംബോധനം ചെയ്തു പ്രസംഗിച്ചു.തുടർന്ന് ആലി മുസ്ലിയാരുടെയും വാരിയകുന്നത് കുഞ്ഞഹമ്മദാജിയുടെമൊക്കെ നേതൃത്വത്തിൽ കേരളത്തിൽ പ്രത്യേകിച്ച് മലബാർ മേഖലകളിൽ അതിശക്തമായ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളും പോരാട്ടങ്ങളും അരങ്ങേറി.ഒരുപക്ഷേ ഇന്ത്യയിൽ ഒരിടത്തും ഒരുകാലത്തും ബ്രിട്ടീഷ് പട്ടാളത്തിനെതിരെ മലബാർ സമരത്തോളം ശക്തമായ ഒരു പ്രാദേശിക സമരം നടന്നിട്ടുണ്ടാകില്ല.അന്ന് തിരൂരങ്ങാടി പള്ളിയിൽ മുദരിസ് ആയിരുന്ന ആലി മുസ്ലിയാർ സമരത്തിന്റെ മുന്നണി പോരാളിയായി മാറി.തികഞ്ഞ ദേശാഭിമാനിയായിരുന്ന ആലി മുസ്ലിയാർ വെള്ളക്കാരെയും കോളനി ഭരണത്തെയും    ശക്തമായി എതിർത്തു. ഹിന്ദുക്കൾ അടക്കമുള്ള സമുദായത്തിന്റെ നാനാതുറയിലുള്ളവക്കിടയിലും ആലി മുസ്ലിയാർക്ക് സ്വീകാര്യത ഉണ്ടായിരുന്നു.ഗാന്ധിജിയുടെ അഹിംസ സമരത്തിൽ വിശ്വാസമർപ്പിച്ച മുസ്ലിയാർ നിസാഹകരണത്തിലൂന്നിയ സമരരീതിയാണ് പിന്തുടർന്നത്.ആക്രമണത്തെ ഇഷ്ടപ്പെടുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തില്ല.സംഘടനാപരമായി തിരൂരങ്ങാടിയിലെ ഖിലാഫത്ത് കമ്മിറ്റിയുടെ ഉപാധ്യക്ഷൻ ആയിരുന്നു മുസ്ലിയാർ എങ്കിലും ചെമ്പ്രശേരി തങ്ങളും വാരിയംകുന്നത്തുമടക്കമുള്ള മറ്റു പ്രദേശങ്ങളിലെ ഖിലാഫത്ത് നായകരും  ആലി മുസ്ലിയാരുടെ ശിഷ്യരോ അനുയായികളോ ആയിരുന്നു.


     ബ്രിട്ടീഷുകാരുടെ ഉറക്കം കെടുത്തിയ  ഖിലാഫത് സമരങ്ങൾ ശക്തമായ  ജനപിന്തുണയുടെ ബലത്തിൽ  ഒരു ഘട്ടത്തിൽ തിരൂരങ്ങാടി ആസ്ഥാനമായി 'മലയാള രാജ്യം' എന്ന പേരിൽ സ്വതന്ത്ര ഭരണകൂടം വരെ സ്ഥാപിച്ചിരുന്നു.ബ്രിട്ടീഷ് പട്ടാളത്തിനെതിരെ ഇന്ത്യയിലെ സിവിലിയന്മാർ നടത്തിയ ഏക യുദ്ധമായ പൂക്കോട്ടൂർ യുദ്ധം ഈ സമരങ്ങളുടെ ഭാഗമായി ഉണ്ടായതാണ്.ബ്രിട്ടീഷ് പട്ടാളം വളരെ ക്രൂരമായാണ് സമരക്കാരെ നേരിട്ടത്.വാഗൺ ട്രാജഡി പോലെയുള്ള ഒരുപാട് കൂട്ടക്കൊലകൾ സമരത്തിന്റെ ഭാഗമായി അരങ്ങേറി.1921ൽ ആലി മുസ്ലിയാരെ ലക്ഷ്യമാക്കി വന്ന ഹിച്കോക്കിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് പട്ടാളം തിരൂരങ്ങാടി പള്ളി വളഞ്ഞു.പള്ളിക്കുനേരെ വെടിയുതീർക്കാൻ തുടങ്ങിയതോടെ    ആലി മുസ്ലിയാരും  അനുയായികളും കീഴടങ്ങി.തുടർന്ന് കോഴിക്കോട്ടുവെച്ച് കോടതിയിൽ വിചാരണ പ്രഹസനം.1922 ഫെബ്രുവരി 2 തിയ്യതി മുസ്ലിയാരെ തൂക്കിക്കൊല്ലാൻ ആയിരുന്നു കോടതി വിധിച്ചത്.എന്നാൽ ബ്രിട്ടീഷ് പൈശാചികർക്ക് അതിന് സാധിച്ചില്ല.തൂക്കിലേറ്റപ്പെടുന്നതിനു മുമ്പ് രണ്ട് റക്അത്ത് നിസ്കരിക്കാൻ സമയം ചോദിച്ച മുസ്ലിയാർ അവസാനത്തെ റക്അത്തിൽ സുജൂദിൽ കിടന്നുകൊണ്ട് തന്റെ അന്ത്യശ്വാസം വലിക്കുകയായിരുന്നു...

 


✍🏻അഹ്മദ് സഫ്‌വാന്‍ ചിത്താരി


''കരളുരുകുന്ന ചരിത്രമിതാ..

കഥനമേറും ചിത്രമിതാ..

കര്‍ബല തന്‍ കിസ്സയിതാ..

കണ്ണീരിലെഴുതിയ കാവ്യമിതാ.. ''


കര്‍ബലയുടെ കരളലിയിപ്പിക്കുന്ന ചരിതങ്ങള്‍ സ്മരിക്കപ്പെടുമ്പോള്‍ യേശുദാസിന്റെ കഥനമേറുന്ന പാട്ടിന്റെ വരികളാണ് ഓര്‍മ വരുന്നത്. അന്ത്യ പ്രവാചകര്‍(സ്വ)യുടെ പേരമകന്‍ സയ്യിദ് ഹുസൈന്‍(റ) കര്‍ബലയുടെ മണ്ണില്‍ വീര രക്തസാക്ഷിത്വം വഹിച്ചത് മുസ്ലീം ലോകത്തിന് എന്നും മറക്കാന്‍ കഴിയാത്ത അനുഭവമാണ്. ചരിത്ര താളുകളില്‍ വേദനാജനകമായ ദുരന്തമായി ഇത് എന്നും അവശേഷിക്കും. ഹിജ്റ 60 മുഹര്‍റം പത്തിനായിരുന്നു ഈ സംഭവം നടന്നത്.


എല്ലാ വര്‍ഷവും മുഹര്‍റം പത്ത്  ശകുനമായും പ്രത്യേക ദു:ഖാചരണമായുമെല്ലാം ഇസ്ലാമില്‍ പെട്ട ചില വിഭാഗങ്ങള്‍ ആചരിക്കാറുണ്ട്. യഥാര്‍തത്തില്‍ ഇത് ഇസ്ലാമികമായി യാതൊരുവിധ ബന്ധവുമില്ലാത്തതാണെന്ന് നാം അടിവരയിട്ട് മനസ്സിലാക്കണം. ഇതിന്റെ പരിപൂര്‍ണ ഉത്തരവാദിത്വം ശിയാ ഭരണകൂടത്തിനും അത് അനുവര്‍ത്തിക്കുന്ന വിശ്വാസികള്‍ക്കുമാണ് എന്നതാണ്. അവരാണ് സ്വശരീരത്തെ വ്രണപ്പെടുത്തുന്നതും പ്രയാസപ്പെടുത്തുന്നതുമായ ഇത്തരം ചടങ്ങുകളും കോപ്രായങ്ങളും നടത്തി പരിശുദ്ധ ദീനിനെ അപകീത്തിപ്പെടുത്തുന്നത്. 


സ്വഹാബി വര്യരായ മുആവിയാ(റ) വഫാത്തായതിന് ശേഷം മകന്‍ യസീദ് ഭരണമേറ്റ രീതിക്കെതിരെ ഹുസൈന്‍(റ) ഉള്‍പ്പെടെ അഞ്ച് പ്രമുഖ സ്വഹാബിമാര്‍ ശക്ത മായി രംഗത്തുവന്നിരുന്നു. ഖിലാഫത്തിനെ കുടുംസ്വത്താക്കിയെന്നായിരുന്നു അവരുടെ വാദം. മദീനയിലായിരുന്ന ഹുസൈന്‍(റ)വും കുടുംവും താമസിച്ചിരുന്നത്. പിന്നീട് കുടുംസമേതം മക്കയിലെത്തി. മക്കയിലായിരിക്കെ ഇറാഖില്‍ നിന്നും പ്രത്യേകിച്ച് കൂഫയില്‍ നിന്നുമെല്ലാം നിരവധി എഴുത്തുകള്‍ അദ്ദേഹത്തിനെ തേടിവരുകയുണ്ടായി. പെട്ടന്ന് കൂഫയിലെത്തണമെന്നും തങ്ങളുടെ ഖലീഫയാകണമെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം. അങ്ങനെ ബൈഅത്ത്  ചെയ്യാമെന്ന് അവര്‍ വാഗ്ദാനം നല്‍കുകയുണ്ടായി. 


നിചസ്ഥിതിയറിയാനും ആവശ്യമാണെങ്കില്‍ ജനങ്ങളെ സംഘടിപ്പിക്കാനുമായി  പിതൃവ്യ പുത്രന്‍ മുസ്ലിമുബ്നു അഖീലിനെ കൂഫയിലേക്കയച്ചു. അവിടെയെത്തിയ  മുസ്ലിം ഹുസൈന്‍(റ)നെ കാത്തുനില്‍കുകയാണന്ന് മനസ്സിലാക്കി. ഇക്കാര്യം അദ്ദേഹം ഹുസൈന്‍(റ)നെ അറിയിച്ചു. പക്ഷേ ഹുസൈന്‍(റ) യാത്രയെ അബ്ബാസ്(റ)വും മറ്റു പല പ്രമുഖരും എന്നല്ല, കുടുംബം പോലും എതിര്‍ത്തെങ്കിലും അത് വകവെക്കാതെ കുടുംാംഗങ്ങളും സേവകരുമടങ്ങുന്ന നൂറോളം പേരുമായി അദ്ദേഹം പുറപ്പെട്ടു.


ഇതിനിടെ കൂഫയിലെ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞിരുന്നു. ഗവര്‍ണറായിരുന്ന നുഅ്മാനെ മാറ്റി, തന്റെ  വിശ്വസ്തനും കര്‍ക്കശക്കാരനുമായ ഉബൈദുബ്നു സിയാദിനെ ഉടനടി യസീദ് നിയമിച്ചു. ഇതിനിടെ യസീദ് ഹുസൈന്‍(റ)ന്റെ പ്രതിനിധിയായെത്തിയ മുസ്ലിമിനെ പിടികൂടി വധിച്ചു. 

 ഇതോടെ മരണ ഭീതിയിലായ ഹുസൈന്‍(റ)ന്റെ അനുകൂലികള്‍ കൂറുമാറി ഇബ്നു സിയാദിനോടൊപ്പം ചേര്‍ന്നു. ഇതൊന്നുമറിയാതെയായിരുന്നു ഹുസൈന്‍(റ) കൂഫ യാത്ര ചെയ്തിരുന്നത്. 


വഴിമദ്ധ്യേ ഉമറുബ്നു സഅ്ദിന്റെ നേത്രത്തിലുള്ള ഇബ്നു സിയാദിന്റെ സൈന്യം ഹുസൈന്‍(റ) യും സംഘത്തേയും തടഞ്ഞു. തനിക്കു കത്തെഴുതിയവരെ വിളിച്ച് ഹുസൈന്‍(റ) കാര്യം ബോധ്യപ്പെടുത്തിയെങ്കിലും അവര്‍ നിശബ്ദരായി നില്‍കുക മാത്രമാണുണ്ടായത്. സൈന്യത്തിന്റെ അവിശ്വാസത്തിനു മുന്നില്‍ കീഴടങ്ങിയതിനാല്‍, മക്കയിലേക്ക് തിരിച്ചു പോകുന്നതിനോ ഡമസ്‌കസില്‍ ചെന്ന് യസീദിനെ കാണുന്നതിനോ അനുവദിക്കണമെന്ന ആവശ്യം മുന്നോട്ടു വെച്ചപ്പോള്‍ അവര്‍ ചെവി കൊണ്ടില്ല. മറിച്ച്, തന്റെ മുന്നില്‍ ഹാജരാക്കാനും യസീദിനെ ഖലീഫയായി അംഗീകരിക്കാനുമായിരുന്നു  ഉത്തരവ്. എന്നാല്‍ മരണമാണ് അതിനേക്കാള്‍ നല്ലതെന്ന ദൃഢ പ്രതിജ്ഞയെടുക്കുയിരുന്നു ഹുസൈന്‍(റ). അതോടെ യുദ്ധം അനിവാര്യമായി വന്നു. സൈന്യം അവര്‍ക്ക് വെള്ളവും ഭക്ഷണവും തടയുകയുണ്ടായി. ഒടുവില്‍ ഹിജ്‌റ 60 മുഹറം പത്തിന് ഇബ്നു സിയാദിന്റെ പട്ടാളം വിവരിക്കാന്‍ കഴിയാത്ത വിധം കൊടും ക്രൂരത ആ കുടുബത്തോട് കാണിക്കുകയായിരുന്നു. ഹുസൈന്‍(റ)ന്റെ മക്കളായ അലി, ഖാസിം, അബൂക്കര്‍ എന്നിവരും അബ്ദുല്ല, ഉസ്മാന്‍, ജഅ്ഫര്‍, മുഹമ്മദ് തുടങ്ങിയവരും വധിക്കപ്പെടുകയായിരുന്നു. സ്ത്രീകളെ മക്കയിലേക്ക് പറഞ്ഞയക്കുകയും ചെയ്തു. ഹുസൈന്‍(റ)ന്റെ ഇളയ മകന്‍ സൈനുല്‍ ആബിദീന്‍ മാത്രമാണ് അന്ന് ആ പരമ്പരയില്‍ ബാക്കിയാത്.   


ക്ഷണിച്ചു വരുത്തി ഹസ്രത് അലി(റ)ന്റെ വീര പുത്രനെ വഞ്ചിക്കുമ്പോള്‍, കൂടെ നിന്നവര്‍ പ്രവാചകര്‍(സ്വ) യുടെ കുടുംബത്തോടാണ് തനി ക്രൂരത കാണിക്കുന്നതെന്ന് വിസ്മരിച്ചു കളഞ്ഞു. തത്ഫലമായി കര്‍ബലാ രണാങ്കണം നിമിഷ നേരം കൊണ്ട് രക്തത്തിന്റെ കളമായി രൂപാന്തരപ്പെട്ടു . മായാത്ത ഓര്‍മ്മകളുടെയും കഥനത്തിന്റെ കരളലിയിപ്പിക്കുന്ന രോധനത്തിന്റെ ചിഹ്നമായി ഹുസൈന്‍(റ)ന്റെ രക്ത സാക്ഷിത്വവും കര്‍ബലയും ചരിത്രത്തിന്റെ ഏടുകളില്‍ തുന്നിച്ചേര്‍ക്കപെട്ടു. സര്‍വ്വ ശക്തന്‍ അവരോടൊന്നിച്ച് സ്വര്‍ഗീയ ലോകത്ത് നമ്മെ ഏവരേയും ഒരുമിച്ച് കൂട്ടി അനുഗ്രഹിക്കട്ടെ...


 പതിനഞ്ചു- പതിനാറ് നൂറ്റാണ്ടുകളിൽ കേരളത്തിൽ ജീവിച്ചിരുന്ന ഇസ്ലാമിക പണ്ഡിതനും, ഖാദിരിയ്യ ധാരയിലെ ആധ്യാത്മിക ജ്ഞാനിയുമായ ശൈഖ് സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ രചിച്ച മുഹമ്മദീയ മൗലിദ് (പ്രവാചക പ്രകീർത്തന കാവ്യം ) ആണ് മൻഖൂസ് മൗലിദ്۔പൊന്നാനിയിലും പരിസരത്തും വബാഅ് (പ്ലേഗ്) രോഗം വ്യാപിക്കുകയും അതുമൂലം നിരവധി പേര് മരണപ്പെടുകയും ചെയ്തപ്പോൾ ശൈഖ് മഖ്ദൂം അതിനു പരിഹാരമായി ഔഷധമായി രചിച്ചതാണ് മന്ഖൂസ് മൗലിദ്. അതു പാരായണം ചെയ്യാൻ ജനങ്ങളോട് മഖ്ദൂം ആവശ്യപ്പെട്ടു. ജനം അതു സ്വീകരിച്ചു. രോഗം അപ്രത്യക്ഷമായി. എന്നാൽ  ഇതിലെ ഓരോ വരികളും  ശിർക്കുകൾ കൊണ്ട് പൊതിഞ്ഞതാണെന്ന് പൊതുസമൂഹത്തിനു മുന്നിൽ പ്രസംഗിച്ചു കൊണ്ടിരിക്കുകയാണ് വിമർഷകർ. വാസ്തവത്തിൽ  ശിർക്ക് എന്താണെന്ന്  ഈ കൂട്ടർക്ക് മനസ്സിലായിട്ടില്ല. ഇവർ ഉന്നയിക്കുന്ന വരികൾ ശിർക്കാണെന്ന്    പറയുന്നതിനെ നമുക്ക് ചർച്ച ചെയ്യാം അള്ളാഹു തൗഫീഖ് നൽകട്ടെ. ആമീൻ

1- ﺇﺭﺗﻛﺒﺖ ﻋﻠﻰ اﻟﺨﻄﺎ ﻏﻴﺮ ﺣﺼﺮ ﻭ ﻋﺪﺩ ؛ ﻟﻚ ﺃﺷﻜﻮ ﻓﻴﻪ ﻳﺎ ﺳﻴﺪﻱ ﺧﻴﺮ ﺍﻟﻨﺒﻲ

‘ഞാൻ എണ്ണവും കണക്കുമ്മില്ലാതെ ധാരാളം തെറ്റുകൾ ചെയ്തുപോയി നബിയേ...  , ആ വിശകത്തിൽ അങ്ങയോട് മാത്രമാണ് ഞാൻ ആവലാദി ബോധിപ്പിക്കുന്നത്

ഈ വരിയിൽ  വിമർഷകർ ഉന്നയിക്കുന്നത് ഇത് ദോഷങ്ങൾ പൊറുക്കാൻ നബിയോട് ആവശ്യപ്പെടുന്നു  അപ്പോൾ  അല്ലാഹുവിനോട് തുല്യമാക്കി റസൂലിനെ എന്നുള്ളതാണ്. അതിനാൽ  മങ്കൂസ് മൗലൂദ് ശിർക്കാണെന്ന് വാദിക്കുന്നു. എന്നാൽ നമ്മൾ മനസ്സിലാക്കേണ്ടത് ഈവരിയിൽ  എവിടെയാണ്  പാപമോചനം തേടുന്നത്..?  അല്ലെങ്കിൽ ഇസ്തിഗ്ഫാർ ചെയ്യുന്നത്...?  ഇത്തരത്തിൽ പറ്റുമോ, ഇല്ലയോ എന്ന ചർച്ച നമ്മൾക്ക് വിശദീകരിക്കാം. ഇൻഷാ അള്ളാഹ്. അതിനുമുമ്പ് ഈ വരിയുടെ പൊരുൾ നമുക്കാദ്യം മനസ്സിലാക്കാം.

മുകളിൽ പറഞ്ഞ വരികളിൽ,  പാപമോചനത്തിന് ഉപയോഗിച്ചിട്ടില്ല അവിടെ ഉന്നയിച്ചത് أشكو എന്നതാണ് .എന്നാൽ  ഈ വാക്കും പാപമോചനത്തിൻ്റെ വാക്കും(أستغفر) ഒന്നാണോ...? അത് ആദ്യം നിങ്ങൾ മനസ്സിലാക്കുക. പിന്നെ أشكو ഈ വാക്ക് ഉപയോഗിക്കാൻ പറ്റുമോ..? അടുത്ത ചോദ്യം  എന്നാൽ  ഇതിന് മറുപടിയായി തന്നെ നമുക്ക് സ്വഹാബത്ത് കാണിച്ചു തന്നിട്ടുണ്ട്. ആ തെളിവുകളിലേക്ക് നമുക്ക് കടക്കാം.  മഹാനായ ഇമാം ത്വബ്റാനി അവിടത്തെ ഗ്രന്ഥത്തിൽ പറയുന്നു

عن عثمان بن بشر.قال سمعت عثمان بن أبي العاص.يقول شكوت إلى رسول الله صلى الله عليه وسلم نسيان القرآن.فضرب صدري بيده فقال يا شيطان اخرج من صدر عثمان قال عثمان فما نسيت منه شيئا بعد أحببت (المعجم الكبير. ٨٢٦٨)

ഇവിടെ മഹാനായ സ്വഹാബി ശിർക്ക് ചെയ്തോ..?

عن جرير بن عبد الله البجلي .قال ما حجبني رسول الله صلى الله عليه وسلم منذ أسلمت.ولارآني إلا تبسم في وجهي.ولقد شكوت إليه أني لاأثبت على الخيل .فضرب بيده في صدري وقال اللهم ثبته واجعله هاديا مهديا(ابن ماجة ١٥٩)

ഇവിടെയും  സ്വഹാബി  റസൂലിനോട് വേവലാതി പറഞ്ഞു ഇക്കാരണത്താൽ സ്വഹാബി മുശ്രിക്ക് ആയോ..?

عن ابي هريرة قال شكوت إلى  رسول الله صلى الله عليه وسلم سوء الحفظ قال افتح كساءك قال ففتحه قال ضمه قال نسيت بعد شيئا. (صحيح البخاري ١١٩)

ഇവിടെയും സ്വഹാബി റസൂലിനോട് വേവലാതി പറഞ്ഞു ഇക്കാരണത്താൽ സ്വഹാബി മുശ്രിക്ക് ആകുമോ..?

ഈ സന്ദർഭങ്ങളിലെല്ലാം നബി തങ്ങൾ  നിരോധിച്ചിട്ടില്ല. മറിച്ച് അതിനുള്ള പരിഹാരം പറഞ്ഞു കൊടുക്കുകയാണ് ചെയ്തത്. ഇതിൽ നിന്നും മനസ്സിലായി  ഇത്തരത്തിലുള്ള പ്രവർത്തനം  അനുവദനീയമാണെന്ന്. ഒരാൾക്ക്  വല്ല ബുദ്ധിമുട്ടും സംഭവിച്ചാൽ  അവൻ നാട്ടിലെ കാര്യപ്പെട്ട വ്യക്തിയോട് വേവലാതി പറയുന്നതുപോലെ നമ്മുടെ  നേതാവാണ് നബി തങ്ങൾ അപ്പോൾ നമ്മൾ നബിയോടാണ് പറയേണ്ടത് നബിതങ്ങൾ നമ്മുടെ നേതാവാണെന്ന് ഹദീസിൽ നിന്ന് തന്നെ നമ്മൾക്ക് വ്യക്തമാക്കാം

حدثني  أبو هريرة قال قال رسول الله صلى الله عليه أنا سيد  ولد آدم يوم القيامة وأول من ينشق عنه القبر وأول شافع وأول مشفع (صحيح المسلم ٦٠٧٩)

മുകളിൽ പറഞ്ഞ ഹദീസിൽ يوم القيامة ഈ പ്രയോഗം കൊണ്ട് ദുന്യാവിൽ നേതാവല്ല  എന്ന് കിട്ടുകയില്ല കാരണം ഇമാം നവവി തങ്ങൾ  വിശദീകരിച്ചിട്ടുണ്ട് ഇവിടെ ഉദ്ദേശം  ദുന്യാവും ആഖിറവും ആണന്ന് വ്യക്തമാക്കിയിട്ടുണ്ട്.

മുകളിൽ പറഞ്ഞ ഹദീസുകളിൽ നിന്നും മനസ്സിലായി ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ പ്രശ്നമില്ല എന്ന്  അല്ലാഹു റസൂലും ഒരുപോലെയാണ് എന്നും പറയാൻ പറ്റുകയില്ല എന്ന്. അതുകൊണ്ടാണ് ഈ വാക്കുകൾ സ്വഹാബത്ത് ഉപയോഗിച്ചത്. അതുതന്നെയല്ലേ നമ്മളും മൗലിദിൽ ഉന്നയിച്ചത്. അതുപോലെതന്നെ    "റ ഊഫ്" "റഹീം" എന്നത് അല്ലാഹുവിന്റെ വിശേഷണങ്ങളാണ്. എന്നാൽ ഖുർആനിൽ ഈ പ്രയോഗം  നബി തങ്ങൾക്ക് വേണ്ടി ഉപയോഗിച്ചിട്ടുണ്ട്. അതുകൊണ്ട് റസൂലും അല്ലാഹു ഒരുപോലെയാണെന്ന് പറയാൻ പറ്റുമോ...?

(لَقَدۡ جَاۤءَكُمۡ رَسُولࣱ مِّنۡ أَنفُسِكُمۡ عَزِیزٌ عَلَیۡهِ مَا عَنِتُّمۡ حَرِیصٌ عَلَیۡكُم بِٱلۡمُؤۡمِنِینَ رَءُوفࣱ رَّحِیمࣱ)(سورة التوبة ١٢٨)

എന്നാൽ സ്വഹാബത്തിൻ്റെ കാലത്ത്  شكوت എന്നതിനേക്കാൾ ഗൗരവമുള്ള വാക്കുകൾ ഉപയോഗിച്ചിട്ടുണ്ട്.

അവതാ "أتوب"أعوذ" ഇവകളെല്ലാം റസൂലിലേക്കും ചേർത്തുകൊണ്ട്  സ്വഹാബത്ത് പറഞ്ഞതായി ഹദീസിന്റെ ഗ്രന്ഥങ്ങളിൽ കാണാം

عن أبي مسعود أنه كان يضرب علامه فجعل يقول أغوذ باالله قال فجعل يضربه فقال أغوذ بارسو الله فتركه فقال رسول الله صلى الله عليه وسلم والله الله أقدر عليك منك عليه (صحيح المسلم ٤٣٩٩)


حدثنا عبد الله بن مسلمة عن مالك عن نافع عن القاسم بن محمد عن عائشة رضي الله عنها زوج النبي صلى الله عليه وسلم أنها أخبرته أنها اشترت نمرقة فيها تصاوير فلما رآها رسول الله صلى الله عليه وسلم قام على الباب فلم يدخل فعرفت في وجهه الكراهية قالت يا رسول الله أتوب إلى الله وإلى رسوله ماذا أذنبت قال ما بال هذه النمرقة فقالت اشتريتها لتقعد عليها وتوسدها فقال رسول الله صلى الله عليه وسلم إن أصحاب هذه الصور يعذبون يوم القيامة ويقال لهم أحيوا ما خلقتم وقال إن البيت الذي فيه الصور لا تدخله الملائكة(صحيح البخاري ٥٦١٦ )

ഈ പറയപ്പെട്ട രണ്ടു ഹദീസുകളിലും  ഉപയോഗിച്ച വാക്കുകൾ നോക്കുക  ഇക്കാരണത്താൽ  സ്വഹാബികൾ മുശ്രിക്ക് ആണെന്ന് പറയാൻ പറ്റുമോ..?

ധാരാളം തെളിവുകൾ നമ്മൾ കൊണ്ടുവന്നു  മുകളിൽനിന്ന് മനസ്സിലാകുന്നത്  എല്ലാം അല്ലാഹുവിന്റെ പക്കൽ നിന്നാണെങ്കിലും  റസൂലിനോട് തേടി ചോദിക്കൽ പ്രശ്നമില്ല എന്നുള്ളതാണ്. അതുപോലെ തന്നെയാണ് മൗലിദിൽ നമ്മൾ കൊണ്ടുവന്ന വരിയും ഒരു പ്രശ്നവും ഇല്ലാത്തതാണ് . കാരണം  ഇതെല്ലാം സ്വഹാബികളുടെ മാതൃകയാണ്. സുന്നികളെ മുശ്രികാക്കുന്നവർ സ്വഹാബത്തിനെയും മുശ്രികാക്കേണ്ടി വരും അള്ളാഹു കാത്തുരക്ഷിക്കട്ടെ.

ഇത്തരത്തിലുള്ള തെളിവുകൾ  ഇനിയും ധാരാളം  പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്

ഇനി  നബിയോട് പൊറുക്കലിനെ ചോദിക്കാൻ പറ്റുമോ? മഹാന്മാർ എന്തു പറഞ്ഞു എന്ന് നോക്കാം

ولو انهم اذظلموا أنفسهم جاءوك فاستعفروا الله واستغفرلهم الرسول لوجدوا الله توابارحيما

ഇതിൻ്റെ  തഫ്സീർ പരിശോധിക്കാം 

يرشد تعالى العصاة والمذنبين إذا وقع منهم الخطأ والعصيان أن يأتوا إلى الرسول صلى الله عليه وسلم فاستعفروا الله عنده ويسألوه أن يستعفر لهم فإنهم إذا فعلوا ذلك تاب الله عليهم ورحمهم وغفرلهم (ابن كثير.الرازي)

ഖുർആനിലും പറയുന്നത്  നബി തങ്ങളിലേക്ക് പാപമോചനത്തിനു അർപ്പിക്കാനാണ്  അതിന്റെ തഫ്സീറുകളിലും വ്യക്തമായി പറഞ്ഞിട്ടുണ്ട്  ഇത്തരത്തിലുള്ള വിഷയങ്ങൾ  മുൻനിർത്തി  മുസ്ലിമിനെ മുശ്രിക്ക് ആകുന്നവർ ഖുർആനിനെ മുക്തകണ്ഠം വിമർശിക്കാനാണ് അല്ലാഹു കാത്തു രക്ഷിക്കട്ടെ....

ഇതിൽ എല്ലാം പറയുന്നത്  അല്ലാഹുവിന്റെ റസൂലിലേക്ക്  ഖേദിച്ചുമടങ്ങുക  അള്ളാഹു നിങ്ങൾക്ക് പൊറുറത്തു തരുന്നതാണ്. ഇതിൽ നിന്നും മനസ്സിലായി അല്ലാഹുവിന്റെ റസൂലിലേക്കും ഖേദിച്ചു മടങ്ങാം

ധാരാളം തെളിവുകൾ  നമ്മൾ പരാമർശിച്ചു സത്യം മനസ്സിലാക്കി ഖേദിച്ചുമടങ്ങുക. മൗലിദ് ഓതണം എന്ന് നിർബന്ധമില്ല  പക്ഷേ ചെല്ലുന്നവരെ മുശ്രിക് ആക്കാൻ  പാടില്ല,  അങ്ങനെ മുശ്രിക്ക് ആക്കിയാൽ സ്വഹാബത്തിലേക്ക്  ശിർക്കിനെ ചേർക്കേണ്ടിവരും അല്ലാഹു കാത്തു രക്ഷിക്കട്ടെ

ഇതിൽ പരാമർശിച്ച തെളിവുകൾ കിതാബുകളുടെ പേജ് നമ്പറിൽ വ്യത്യാസം സംഭവിക്കാം ബാബുകൾ അന്വേഷിച്ചാൽ ലഭിക്കുന്നതാണ്.

"തുടരും ഇൻഷാ അള്ളാ"





മധുവൂറും ഓര്‍മ്മകള്‍ സമ്മാനിച്ച

കലാലയ മുറ്റവും,

ത്രിവര്‍ണ പതാകയാല്‍ നിറഞ്ഞ ക്ലാസ് മുറികളും,

സ്വതന്ത്രരായി ഈണത്തില്‍ 

പാടിയ ദേശീയ ഗാനവും,

ഒരിലകുമ്പിളില്‍ കുഞ്ഞികൈകളാല്‍ 

പങ്കിട്ടെടുത്ത പാല്‍പായസവും

പുതു നന്മയാല്‍ വെണ്മയേകിയ

തൂവെള്ള കുപ്പായവും,

വയല്‍ വരമ്പിലൂടെ പതാകയാല്‍

തിമിര്‍ത്തോടിയ ബാല്യങ്ങളും,

മഹാമാരിയുടെ അന്ധകാരത്താല്‍

പ്രഹസനത്തില്‍ ചേര്‍ത്ത്

ബന്ധനസ്ഥരായി...

ആധുനികതയുടെ ഓണ്‍ലൈന്‍ അഴികളില്‍.!!


മുഹമ്മദ് ജാസിം ആദൃശ്ശേരി


     
      ✍🏻  സയ്യിദ് അമീറുദ്ധീൻ നിസാമി
    
                20/03/2019 വ്യഴാഴ്ച്ച... സമയം 11:30 AM ഹൈദരാബാദ് ജാമിഅ നിസാമിയ്യയിലെ ഓഡിറ്റോറിയത്തിന്റെ  താഴ്ഭാഗത്ത് പരീക്ഷാഹാളിൽ ബുഖാരി ശരീഫ് പരീക്ഷ നടന്നു കൊണ്ടിരിക്കുന്നു. പെട്ടെന്നായിരുന്നു പരീക്ഷ ചുമതലയുള്ള ഉസ്താദ് ഇംതിയാസ്‌ സാഹിബിന്റെ വരവ്. പരീക്ഷാഹാളിൽ എത്തിയ അദ്ദേഹം ഉർദുവിൽ എന്തൊക്കെയോ പറയുന്നു. ശ്രദ്ധിച്ചപ്പോൾ ഇരുപത്തിരണ്ടാം തീയതി നടക്കാനിരിക്കുന്ന പരീക്ഷയും കൂട്ടി ശനിയാഴ്ച രണ്ട് പരീക്ഷ ഉണ്ടായിരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. കേട്ടപ്പോൾ എന്തോ ഒരു പന്തികേട് തോന്നിയെങ്കിലും കൂടുതൽ ആലോചിച്ച് സമയം കളയാതെ പരീക്ഷ പേപ്പറിലേക്ക് തന്നെ ശ്രദ്ധ തിരിച്ചു. പിന്നീട് 21/03/2020 ന് പരീക്ഷ കഴിഞ്ഞ് വൈകുന്നേരം അഞ്ചു മണിക്ക് റൂമിൽ എത്തിയപ്പോഴാണ് അറിയുന്നത് ബാക്കിയുള്ള പരീക്ഷകൾ മാറ്റി വച്ചിട്ടുണ്ട് എല്ലാവരും നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്. അഞ്ചുമണിക്ക് റൂമിലെത്തിയ അവസാനവർഷക്കാരായ ഞാനും എന്റെ സുഹൃത്തുക്കളും മടക്കയാത്രയ്ക്ക് ഒരുങ്ങിയിട്ടില്ലയിരുന്നു. മാത്രമല്ല ഞങ്ങൾ മുമ്പേ എടുത്തുവെച്ച റിട്ടേൺ ടിക്കറ്റ് ക്യാൻസൽ ചെയ്യുകയും വേണമായിരുന്നു. അതിനാൽ  ഞങ്ങൾ നാളെ കഴിഞ്ഞ് തിങ്കളാഴ്ച നാട്ടിലേക്ക് പോകാൻ തീരുമാനിച്ചു. യഥാർത്ഥത്തിൽ കോവിഡ് '19 എന്ന മഹാ വൈറസിന്റെ  വ്യാപനത്തിന്റെ  ഗൗരവം ഞങ്ങൾ പൂർണ്ണമായി തിരിച്ചറിഞ്ഞിരുന്നില്ല. അന്ന് രാത്രി 9:30 നുള്ള ട്രെയിനിൽ ഭൂരിഭാഗം വിദ്യാർത്ഥികളും നാട്ടിലേക്ക് തിരിച്ചു. റൂം ശൂന്യമായി... ഞങ്ങൾ പതിനെട്ട് മലയാളി വിദ്യാർത്ഥികൾ മാത്രം.
പിന്നീട് സംഭവിച്ചത് ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളായിരുന്നു.
                     ഒറ്റദിവസംകൊണ്ട് കാര്യങ്ങൾ ആകെ തകിടം മറിഞ്ഞു കർഫ്യൂ  പ്രഖ്യാപിക്കൽ, ലോക്ക് ടൗൺ,  ഗതാഗത മാർഗ്ഗങ്ങളെല്ലാം റദ്ദ് ചെയ്തു. ഞങ്ങൾ ശരിക്കും ലോക്കായി. പക്ഷേ വലിയ മാനസിക പ്രയാസം ഒന്നും ഞങ്ങൾക്ക് അനുഭവപ്പെട്ടില്ല. ആദ്യഘട്ട ലോക്ക് ടൗൺ  പ്രഖ്യാപിച്ചപ്പോൾ വലിയ നിരാശയൊന്നും  ഞങ്ങളിൽ പലർക്കും ഉണ്ടായിരുന്നില്ല. പക്ഷേ ഒരു അറ്റമില്ലാതെ നീണ്ടു  പോയപ്പോൾ വിരസമായി തുടങ്ങിയിരുന്നു. നാട്ടിലേക്ക് പോകാൻ പല മാർഗങ്ങളും അന്വേഷിച്ചു ഒന്നും പ്രായോഗികമല്ലെന്ന്  തിരിച്ചറിയലോടു കൂടി എല്ലാ ശ്രമങ്ങളും ഉപേക്ഷിച്ച് ഹൈദരാബാദിൽ തന്നെ നിൽക്കാൻ ഞങ്ങൾ നിർബന്ധിതരായി.നാട്ടിലെ ജനപ്രതിനിധികളെയും ഉത്തരവാദിത്തപ്പെട്ട പല ഉദ്യോഗസ്ഥരെയും നിരന്തരം വിളിച്ചു കൊണ്ടിരുന്നു, അവരിൽ നിന്ന് കാര്യമായ പ്രതികരണങ്ങളൊന്നും ലഭിച്ചില്ല. എല്ലാം ശാന്തമാകുന്നത് വരെ നിങ്ങൾ അവിടെ തന്നെ നിന്നോളൂ അതാണ് സുരക്ഷിതത്വം എന്ന് ചിലർ പറഞ്ഞു. നാട്ടിലേക്ക് പോകാനുള്ള എല്ലാ ആലോചനകളും അതോടെ എടുത്തു വെച്ചു.ഏതായാലും ഓരോ ദിവസവും ശരവേഗത്തിൽ കടന്ന് പോയിക്കൊണ്ടിരുന്നു. സ്മാർട്ട്ഫോണിന്റെ  സാന്നിധ്യം വിരസമായി തുടങ്ങിയ ദിവസങ്ങളെ തള്ളി നീക്കാൻ ഞങ്ങളെ ഏറെ സഹായിച്ചു . ഉറങ്ങിയും ഫോണിൽ ചെലവഴിച്ചും ആദ്യദിനങ്ങൾ മുന്നോട്ടുപോയി സമയം വെറുതെ ഉറങ്ങി തീർക്കണ്ടായെന്ന് തോന്നിയപ്പോൾ ഞങ്ങൾ എന്നും രാവിലെ ക്രിക്കറ്റ് കളിക്കാൻ തുടങ്ങി. കോളേജിലെ റെഗുലർ വിദ്യാർഥികളായ ഉറുദു കുട്ടികളുടെ ബാറ്റും ബോളും ചോദിച്ചുവാങ്ങി എന്നും കളി തന്നെ. ഇതുവരെ ബാറ്റും ബോളും തൊട്ടു നോക്കാത്തവരും വലിയ താൽപര്യം കാണിച്ചത് എല്ലാവർക്കും പ്രചോദനമായി. എല്ലാവർക്കും  ഹരമായി മാറി. ഇടയ്ക്കിടെ കോളേജിലെ വലിയ വിദ്യാർത്ഥികൾ ഞങ്ങളോട് മത്സരത്തിന് വരികയും കളിക്കുകയും ചെയ്തു. എല്ലാ കളിയിലും ഞങ്ങളുടെ ടീമിന്  തന്നെയായിരുന്നു വിജയം.കേരളം തെലങ്കാനയെ തോൽപ്പിച്ചു എന്നമട്ടിൽ വലിയ സന്തോഷത്തോടെയായിരുന്നു എന്നും കളിക്കളത്തിൽ നിന്ന് മടങ്ങാറ് .കളി മാത്രമല്ല പഠനങ്ങളിലും പലരും ഏർപ്പെട്ടു, ഉന്മേഷം ലഭിക്കാൻ ചർച്ചകളും മത്സരങ്ങളും സമാജങ്ങളും സംഘടിപ്പിക്കൽ പതിവായിരുന്നു.രാത്രി, പാട്ടും പറച്ചിലുമായി സമയം ഒരുപാട് നീളുമായിരുന്നു. ആത്മീയാനന്ദത്തിന് വേണ്ടി  ഹദ്ദാദ് റാത്തീബും മങ്കൂസ് മൗലിദും ബുർധ ബൈത്തുകളും ഇടംപിടിച്ചിരുന്നു. എല്ലാം കൊണ്ടും മനോഹരമായ ദിനരാത്രങ്ങൾ ഞങ്ങൾ അനുഭവിച്ചു കൊണ്ടിരുന്നു.
             പിന്നീടങ്ങോട്ട് മനസ്സും ശരീരവും ഹൈദരാബാദിലെ വിശാലമായ നിസാമിയ്യ ക്യാമ്പസിൽ ഇറക്കി വെക്കുകയായിരുന്നു. സാധാരണ എക്സാമിന് ഒരാഴ്ച മുമ്പ് വന്ന് എക്സാം കഴിഞ്ഞ ഉടനെ തിരിച്ചു പോകാറായിരുന്നു പതിവ്. ഇപ്പോൾ ഒരുപാട് ദിവസങ്ങൾ ലഭിക്കുകയായിരുന്നു. ക്യാമ്പസിലെ ഓരോ, മുക്കും,  മൂലയും ജീവനക്കാരെയും,  ജീവിത ശൈലികളെയും എല്ലാം മനസ്സിലാക്കാൻ അത് ഞങ്ങളെ സഹായിച്ചു. പുറത്തു കടകളെല്ലാം അടച്ചിട്ടിരിക്കുന്നു, നിറയെ പോലീസ്, ഇതൊന്നുമറിയാതെ സന്തോഷവും കളിയും ചിരിയുമായി ക്യാമ്പസിനുള്ളിൽ ഞങ്ങൾ കഴിഞ്ഞുകൂടി ഹൈദരാബാദിലെ ഭക്ഷണരീതി മടുപ്പ് പിടിപ്പിച്ചിരുന്നു, ഞങ്ങൾ റൂമിൽ ചില ചെറിയ ഭക്ഷണവിഭവങ്ങളൊക്കെ  ഉണ്ടാക്കുമായിരുന്നു മറ്റാരുമറിയാതെ ഗ്രില്ലഡ് ചിക്കൻ  ഉണ്ടാക്കിയത്  ഒരു വല്ലാത്ത രസകരമായ അനുഭവമായിരുന്നു. അതിനിടെ പ്രതീക്ഷിക്കാതെയായിരുന്നു റമദാനിന്റെ  കടന്നുവരവ്. നാട്ടിലെ പോലെയുള്ള ആത്മീയ നിർവൃതിയൊന്നുമില്ലായിരുന്നു. എങ്കിലും എല്ലാവിധ ബഹുമാനത്തോടും കൂടി റമദാനിനെ  ഞങ്ങൾ വരവേറ്റു. ഓരോ ദിവസവും ഞങ്ങൾ വ്യത്യസ്ത പലഹാരങ്ങൾ റൂമിൽ ഉണ്ടാക്കിയിരുന്നു. കാന്റീനിൽ നിന്ന് ഈത്തപ്പഴം, തണ്ണിമത്തൻ, ഹൈദരാബാദ് സ്പെഷ്യൽ  പരിപ്പ് വേവിച്ചത് തുടങ്ങിയ വിഭവങ്ങൾ കൊണ്ട് നോമ്പ് തുറന്ന ഉടനെ റൂമിൽ വച്ച് ഒരു വിശാലമായ നോമ്പു തുറ ഉണ്ടാകുമായിരുന്നു. നിഷ്കളങ്കമായ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും  മധുരം ഞങ്ങൾ ആസ്വദിക്കുമായിരുന്നു.എല്ലാ ദിവസവും ഒരുമിച്ച് തന്നെ രാത്രി നിസ്കാരങ്ങൾ നിർവഹിക്കും. ഇതിനെല്ലാം ഇടയിൽ വീട്ടുകാരുടെ ദുഃഖത്തോടെയുള്ള ഫോൺകോളുകൾ കൈകാര്യം ചെയ്യാനായിരുന്നു വലിയ പ്രയാസം. ഇവിടെ നോമ്പ് തുറയുടെയും, അത്താഴത്തിന്റെയും സമയമായാൽ വലിയ സൈറൺ മുഴങ്ങാറാണ് പതിവ് കൗതുകത്തോടെ ഞങ്ങളത്  കേൾക്കുമായിരുന്നു.ചിലർ ഫോണിൽ റെക്കോർഡ് ചെയ്തു വെക്കുകയും ചെയ്തിരുന്നു. 
            എല്ലാം കഴിഞ്ഞ് അവസാനം നാട്ടിലേക്ക് പോകാനുള്ളതെല്ലാം ശെരിയാവുമ്പോൾ ഞങ്ങൾ നല്ല ഒരു ക്രിക്കറ്റ് ടീം ആയി മാറിയിരുന്നു. പലരും നല്ല പാചകവും പഠിച്ചിരുന്നു. മാത്രമല്ല ഒരുപാട് അനുഭവജ്ഞാനവും, ഏത് പ്രതിസന്ധിയെയും തരണം ചെയ്യാനും, സാഹചര്യത്തിനനുസരിച്ച് മനസ്സിനെയും ശരീരത്തെയും പാകപ്പെടുത്താനുമുള്ള പരിശീലനവും ഞങ്ങൾ നേടി കഴിഞ്ഞിരുന്നു. കെഎംസിസിയുടെ സഹായത്തോടെ ബസ്സ് മാർഗ്ഗമായിരുന്നു  നാട്ടിലേക്കുള്ള ഞങ്ങളുടെ യാത്ര. യാത്ര ദിവസം രാവിലെ തന്നെ ഞങ്ങൾ എല്ലാ ഒരുക്കങ്ങളും നടത്തി മാസ്ക്കും സാനിറ്റൈസറും ഗ്ലൗസും ഭക്ഷണവും തുടങ്ങി യാത്രക്ക് വേണ്ട എല്ലാം ഒരുക്കി വെച്ചു. അധികം വൈകാതെ ഞങ്ങൾ ക്കുള്ള ബസ് ക്യാമ്പസിന്റെ അടുത്ത് എത്തിച്ചേർന്നു. മധുരമുള്ള ഒരുപാട് അനുഭവങ്ങൾ നൽകി ഞങ്ങളെ മാറോടു ചേർത്തു പിടിച്ച് സ്നേഹിച്ച ക്യാമ്പസി നോട് അവസാനമായി വിട പറഞ്ഞു... നാട്ടിലേക്ക് പോകുന്ന സന്തോഷമുണ്ടെങ്കിലും എവിടെയൊക്കെയോ ചില മൂകതകൾ കെട്ടി നിൽക്കുന്നുണ്ടായിരുന്നു. ഞങ്ങൾ ബസ്സിനടുത്തേക്ക് നടന്നു നീങ്ങി നിസാമിയ്യ അധികൃതരും വാഹനത്തിനടുത്തെത്തി  ഞങ്ങളുടെ യാത്രയുടെ വിശദാംശങ്ങളെല്ലാം ചോദിച്ചറിഞ്ഞു. അങ്ങനെ ഹൈദരാബാദിനോട്‌ വിടപറഞ് ഞങ്ങളുടെ യാത്ര ആരംഭിച്ചു... ബസ് മുഖേന ഇത്ര ദീർഘമായ യാത്ര ആദ്യമായിട്ടായിരുന്നു ഞങ്ങളിൽ പലർക്കും.  വൈകാതെ സുരക്ഷിതമായി നാട്ടിൽ തിരിച്ചെത്തി ഇപ്പോഴിതാ റൂം ക്വറന്റൈൻ.... ജനൽ പാളികളിലൂടെ പുറത്തേക്ക് നോക്കുമ്പോൾ ആ മനോഹരമായ ഓർമ്മകൾ ഒരുപാട് സന്തോഷങ്ങൾ നൽകുന്നു.....




✍🏻 മുഹമ്മദ് ഫവാസ് അകമ്പാടം


                               ചില  വാര്‍ത്തകള്‍ അങ്ങനെയാണ്. മനസ്സിനെ എത്ര പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചാലും ഉള്ളിലെവിടെയോ ഉള്‍ക്കൊള്ളാന്‍ ഒരു പ്രയാസമാണ്. കഴിഞ്ഞ ചൊവ്വ ( ജൂണ്‍ 1 ) രാത്രി ഏകദേശം രണ്ടുമണിയോടടുത്ത സമയത്താണ് നബീലിന്റെ ( ഹുദൈഫയുടെ സഹപാഠി സുഹൃത്ത് ) ഫോണ്‍കോള്‍ വരുന്നത് ആദ്യം റിങ് ചെയ്ത് കട്ടായി. പിന്നീട് വീണ്ടും അവന്റെ കോള്‍ വന്നപ്പോള്‍ തന്നെ മനസ്സില്‍ ഒരു അപകടസൂചന തെളിഞ്ഞതാണ്. ഫോണെടുത്ത ഉടനെ കേള്‍ക്കുന്നത്. ' എടാ നീ അറിഞ്ഞോ? നമ്മുടെ ഹുദൈഫ മരിച്ചെടാ ' എന്ന തീര്‍ത്തും അപ്രതീക്ഷിതമായ വാര്‍ത്തയാണ്.

                          പാതി ഉറക്കില്‍ നിന്നും ഒരു ഞെട്ടലോടെ ഞാന്‍ പൂര്‍ണ്ണമായ ഉണര്‍വിലേക്ക് എത്തിയപ്പോഴേക്കും സങ്കടത്താല്‍ കണ്ണുനീര് കവിള്‍ത്തടം നയിച്ചിരുന്നു. പിന്നീട് കുറച്ചു നേരം മൗനമായി ചിന്തിച്ചിരുന്നു. ചിന്തയിലുടനീളം പ്രിയപ്പെട്ട സഹോദരന്‍ കുറഞ്ഞ കാലയളവില്‍ സമ്മാനിച്ച ഓര്‍മ്മകള്‍ ഒരു കടല്‍പോലെ മനസ്സില്‍ പരന്നു കിടക്കുകയായിരുന്നു. അപ്പോള്‍ തന്നെ രണ്ടുമൂന്ന് ആളുകള്‍ക്ക് ഫോണ്‍ ചെയ്തു വിവരം പറഞ്ഞു. യഥാര്‍ത്ഥത്തില്‍ അവരാരും ഈ വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ തയ്യാറായിരുന്നില്ല. അതിനപ്പുറം അവര്‍ക്കത് ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നില്ല എന്നുവേണം പറയാന്‍.

                         മരണവാര്‍ത്ത വരുന്നതിന് ഏതാനും മണിക്കൂറുകള്‍ മുമ്പ് കുടുംബത്തോടൊപ്പം യാസീന്‍ പാരായണവും മറ്റു കളിചിരികളും എല്ലാം കഴിഞ്ഞ് വീട്ടിനകത്തെ എക്സ്റ്റന്‍ഷന്‍ ബോര്‍ഡ് നന്നാക്കുന്നതിനിടയില്‍ പെട്ടെന്ന് ഷോക്കേല്‍ക്കുകയും ഉടനെ ബോധരഹിതനായി വീഴുകയും ആയിരുന്നു. ഉടനെതന്നെ ഹോസ്പിറ്റലിലേക്ക് എത്തിച്ചെങ്കിലും നാഥന്റെ വിധിക്കു മുമ്പില്‍ കീഴടങ്ങി അവന്‍ ഈ ലോകത്തോട് യാത്ര പറഞ്ഞിരുന്നു.

                          യതീമായിട്ടാണ് ഹുദൈഫ വളര്‍ന്നതെങ്കിലും ഉപ്പയില്ലാത്ത സങ്കടം ഉമ്മയും സഹോദരങ്ങളും അവനെ അറിയിച്ചിരുന്നില്ല. അവരുടെയെല്ലാം തണലില്‍ ആ സുന്ദരമായ ദേശത്ത് കുറഞ്ഞ കാലത്തെ പഠനത്തിനുശേഷം കേരളത്തിലേക്ക് വരികയും തിരൂര്‍ക്കാട് യത്തീംഖാനയില്‍ പഠനം ആരംഭിക്കുകയും ചെയ്തു. ശേഷം മാട്ടൂല്‍, പാലേക്കോട്, ഉടുമ്പുന്തല എന്നിവിടങ്ങളിലും അവസാനമായി മഹിതമായ ദര്‍സീ പാരമ്പര്യം നിലകൊള്ളുന്നു ആലത്തൂര്‍പടി ദര്‍സിലും പഠനത്തിനായി എത്തുകയായിരുന്നു. അതോടൊപ്പം  കഴിഞ്ഞവര്‍ഷം മുതല്‍ ഹൈദരാബാദ് ജാമിഅ നിസാമിയ്യ യൂണിവേഴ്‌സിറ്റിയില്‍ ആദ്യവര്‍ഷ ഡിസ്റ്റന്‍സ് പഠനവും ആരംഭിച്ചിരിന്നു.

                       ഇക്കാലയളവില്‍ അവന്‍ പിന്നിട്ട വഴികളിലെല്ലാം ശോഭനമായ സൗഹൃദത്തിന്റെ വിത്തുകള്‍ പാകിയിരുന്നു. അവന്‍ അങ്ങനെയാണ് എവിടെയും ഏവരോടും പെട്ടെന്നുതന്നെ ബന്ധം സ്ഥാപിക്കുകയും അതു നിലനിര്‍ത്തിക്കൊണ്ടു പോവാന്‍ ശ്രദ്ധിക്കുകയും ചെയ്യുമായിരുന്നു.

                       അതുകൊണ്ടുതന്നെയാവാം അവന്റെ മരണവാര്‍ത്ത അറിഞ്ഞയുടനെ നിരവധി തഹ്ലീലുകളും ഖത്മുകളും മറ്റു സല്‍കര്‍മ്മങ്ങളും അവനിലേക്ക് ഒഴുകിയെത്തിയത്.

                      പ്രിയപ്പെട്ട ഇര്‍ഷാദിന്റെ വിയോഗാനന്തരം പലപ്പോഴും ഹുദൈഫയും അതുപോലെ മരിക്കാന്‍ ആഗ്രഹിച്ചിരുന്നു എന്ന് പല സന്ദര്‍ഭങ്ങളിലും അവന്‍ തന്നെ പറഞ്ഞതായി സഹപാഠികള്‍ വഴി അറിയാന്‍ സാധിച്ചു. അവന്റെ ആഗ്രഹം പോലെ തന്നെ ഒരുപാട് പണ്ഡിത മഹത്തുക്കളുടെ പ്രാര്‍ത്ഥനയാലും നന്മയാര്‍ന്ന വാക്കുകളാലും അവന്‍  ആഗ്രഹിച്ചതുപോലെ നാഥന്‍ അവനെ തിരിച്ചു വിളിച്ചു.

                     സൗഹൃദത്തിന് വല്ലാതെ വില കല്‍പ്പിച്ചിരുന്ന ഹുദൈഫ ഒരു ചെറുപുഞ്ചിരി നല്‍കിക്കൊണ്ട് എല്ലാവരെയും സന്തോഷിപ്പിക്കാനും ഏവരുടെയും വിഷമത്തില്‍ പങ്കുചേരാനും മുന്നില്‍ തന്നെ ഉണ്ടായിരുന്നു. 

                     സമസ്തയെയും അതിന്റെ കീഴ്ഘടകങ്ങളെയും നെഞ്ചോട് ചേര്‍ത്തുവെച്ച് 'വിനയം വിജ്ഞാനം സേവനം' എന്ന വിദ്യാര്‍ത്ഥി പടയണിയുടെ മഹിതമായ ആശയത്തെ ജീവിതത്തില്‍ ഉള്‍ക്കൊണ്ടുകൊണ്ട് നീ ജീവിച്ചു തീര്‍ത്തപ്പോള്‍ അത് എല്ലാവര്‍ക്കും പകര്‍ത്തിയെടുക്കാന്‍ പോന്ന  ഒരു അധ്യായമായിരുന്നു.

                      പ്രിയപ്പെട്ട സഹോദരാ... നീ എത്രയോ ഭാഗ്യവാനാണ് മുതഅല്ലിമായി ജീവിച്ച് മരിക്കുക എന്നതിനപ്പുറം ഉസ്താദുമാരുടെയും കുടുംബത്തിന്റെയും മറ്റു നിന്റെ കൂട്ടുക്കാര്‍, ഗുണകാംക്ഷികള്‍ തുടങ്ങി എത്ര ആളുകളുടെ പ്രാര്‍ത്ഥനകളുമായാണ് നീ പറന്നകന്നത്.

                       നിന്റെ വിയോഗത്തില്‍ വേദനിക്കുന്ന ഒരുപാട് നല്ല നല്ല സൗഹൃദങ്ങളും ഉസ്താദുമാരും ബന്ധുക്കളും  എന്നും നിനക്കായി കഴിയും വിധം സല്‍കര്‍മ്മങ്ങള്‍ ചെയ്തുകൊണ്ടേയിരിക്കും.അതെല്ലാം കണ്ടുകൊണ്ട്  തിരമാലകള്‍ക്കപ്പുറം അങ്ങ് അഗത്തിയിലെ പള്ളിക്കാട്ടില്‍ നീ സന്തോഷവാനായിരിക്കും എന്ന പ്രതീക്ഷയോടെ...


ivythemes

{facebook#https://fb.com/alathoorpadidars} {twitter#https://twitter.com/alathurpadidars} {google-plus#https://plus.google.com/+ALATHURPADIDARS} {pinterest#YOUR_SOCIAL_PROFILE_URL} {youtube#https://youtube.com/alathoorpadidars} {instagram#YOUR_SOCIAL_PROFILE_URL}

Contact Form

Name

Email *

Message *

Powered by Blogger.
Javascript DisablePlease Enable Javascript To See All Widget